Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

മഹാരാഷ്ട്രയിലെ ഫിഖ്ഹ് സെമിനാര്‍

ശാഫിഈ ഫിഖ്ഹും ഇന്ത്യയിലെ ശാഫിഈ പണ്ഡിതരുടെ സേവനങ്ങളും എന്ന തലക്കെട്ടില്‍, 2013 ജനുവരി 6,7 തീയതികളില്‍ മഹാരാഷ്ട്രയിലെ ജാമിഅ ഹുസൈനിയ്യയില്‍ നടന്ന സെമിനാര്‍, ഇവ്വിഷയകമായി ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രഥമ വൈജ്ഞാനിക സംരംഭമായിരുന്നു. ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നും ശ്രീലങ്കയില്‍നിന്നുമുള്ള നിരവധി ശാഫിഈ, ഹനഫീ പണ്ഡിതര്‍ പങ്കെടുക്കുകയുണ്ടായി.

50-ലേറെ തലക്കെട്ടുകളില്‍ ശാഫിഈ മദ്ഹബിന്റെ ഉല്‍ഭവം, വളര്‍ച്ച, വ്യാപ്തി, അടിസ്ഥാനതത്ത്വങ്ങള്‍, ഗ്രന്ഥങ്ങള്‍, പണ്ഡിതര്‍ തുടങ്ങിയവയെ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇത്തരം സെമിനാറുകള്‍ സമ്പന്നമായ ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തെ ഗവേഷണാത്മകമായി സമീപിക്കാനും പുതിയ കാലത്തിന്റെ ദീനീ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകുംവിധം ഫിഖ്ഹിനെ വികസിപ്പിക്കാനും അവസരമൊരുക്കും. സെമിനാറില്‍ ചര്‍ച്ചചെയ്യപ്പെട്ട തലക്കെട്ടുകള്‍ അതിന്റെ വൈജ്ഞാനിക തലങ്ങളെ അടയാളപ്പെടുത്തുന്നതാണ്. ശാഫിഈ ഫിഖ്ഹിന്റെ അടിസ്ഥാന അവലംബങ്ങള്‍ (മുഹമ്മദ് ഇബ്‌റാഹിമുബ്‌നു അലിയ്യുല്‍ ഖത്വീബ്), കിതാബുര്‍ രിസാലയുടെ പ്രാധാന്യം (ഉമറുബ്‌നു യൂസൂഫ് ഫലാഹി),  കിതാബുല്‍ ഉമ്മ് (പ്രഫ. യാസീന്‍ മള്ഹര്‍ സിദ്ദീഖി), ഇമാം ശാഫിഈ: ജീവിതവും ചിന്തയും (മുശ്താഖ് അഹ്മദ് യലൂകര്‍), ശാഫിഈ മദ്ഹബിന്റെ സവിശേഷതകള്‍ (മുഹമ്മദ് ഉസാമത് ബ്‌നു മുഹമ്മദ് സറൂഖ് ഹുമൈറി), ഉസ്വൂലുല്‍ ഹദീസ്; ശാഫിഈയുടെ സ്ഥാനം (ത്വാരീഖ് അന്‍വര്‍), ശാഫിഈ ഫിഖ്ഹിന്റെ മുന്‍ഗണനാക്രമങ്ങളുടെ സവിശേഷതകള്‍ (മുഫ്തി ഫരീദ് അഹ്മദുബ്ന്‍ ഹുസൈന്‍), ഇമാം ശാഫിഈയുടെ നവോത്ഥാന പരിശ്രമങ്ങള്‍ (ഡോ. ഗത്‌രീഫ് ശഹ്ബാസ് നദ്‌വി), ശാഫിഈ പണ്ഡിതന്മാരും ഗ്രന്ഥങ്ങളും (മുഫ്തി ഉമറുബ്‌നു യൂസുഫ് ഫലാഹി), ഇമാം ശാഫിഈയുടെ മുസ്‌നദ് (അബ്ദുല്ല മഅ്‌റൂഫി), ഇന്ത്യയില്‍ രചിക്കപ്പെട്ട ശാഫിഈ ഫിഖ്ഹിലെ അറബി ഗ്രന്ഥങ്ങള്‍ (ഫൈസല്‍ അഹ്മദ് ബഡ്കലി നദ്‌വി), ശാഫിഈ ഫിഖ്ഹും ദയൂബന്ദി പണ്ഡിതന്മാരും (ആരിഫ് ജമീല്‍ ഖാസിമി മദനി-ദയൂബന്ദ്), കേരളത്തിലെ ശാഫിഈ ഫിഖ്ഹ് കേന്ദ്രങ്ങള്‍ (ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി), സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ സംഭാവനകള്‍ (അബ്ദുല്‍ ഹഫീത് നദ്‌വി), ഇമാം ശാഫിഈ (സയ്യിദ് അബ്ദുല്‍ മുന്‍ഇം നളീര്‍-മര്‍കസു ഹിന്‍ദന്‍ ഇസ്‌ലാമി, ലണ്ടന്‍), ശാഫിഈ ഫിഖ്ഹിന്റെ വളര്‍ച്ചയില്‍ നദ്‌വത്തുല്‍ ഉലമായുടെ പങ്ക് (അബ്ദുസ്സലാം നദ്‌വി ബഡ്കലി), ശാഫിഈ ഫിഖ്ഹില്‍ ഇന്ത്യയില്‍ രചിക്കപ്പെട്ട പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ (ഫൈസല്‍ അഹ്മദ് നദ്‌വി ബഡ്കലി-ലഖ്‌നോ), ഇമാം ശാഫിഈയും ഇന്ത്യയിലെ ശാഫിഈ പണ്ഡിതരും (അബ്ദുല്ല ബതില്‍ മളാഹിരി-ഗുജറാത്ത്), അഹ്കാമുല്‍ ഖുര്‍ആന്‍-ഇമാം ശാഫിഈ (അബ്ദുസ്സലാം നദ്‌വി ബഡ്കലി), മുസ്‌നദുല്‍ ഇമാം ശാഫിഈ (മുഹമ്മദ് ഉബൈദുല്ല അസ്അരി), ഇന്ത്യയിലെ പ്രധാന ശാഫിഈ ഫത്‌വ കേന്ദ്രങ്ങള്‍ (ഡോ. ബഹാഉദ്ദീന്‍ നദ്‌വി), ഉസ്വൂലുല്‍ ഫിഖ്ഹില്‍ ശാഫിഈ പണ്ഡിതരുടെ സേവനങ്ങള്‍ (മുഹമ്മദ് ഹുസൈന്‍ ഖമറുദ്ദീന്‍ ഫലാഹി-ശ്രീവര്‍ധന്‍), ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങള്‍ (നദീര്‍ അഹ്മദ് കര്‍ജീകര്‍-ശ്രീവര്‍ധന്‍), കര്‍ണാടകയിലെ ശാഫിഈ ഫിഖ്ഹിന്റെ വഴി (ദമീര്‍ അഹ്മദ് ഖലീഫ റശാദി), മുഹദ്ദിസ് എന്ന നിലയില്‍ ഇമാം ശാഫിഈ (ഉബൈദുല്ല അബൂബക്ര്‍ നദ്‌വി), കൊങ്കണ്‍ മേഖലയിലെ ശാഫിഈ പണ്ഡിതര്‍ (അള്ഹര്‍ അബ്ദുര്‍റാസിഖ് നളീര്‍) തുടങ്ങിയവയായിരുന്നു തലക്കെട്ടുകളില്‍ ചിലത്. 

സെമിനാറിന്റെ ഭാഗമായി രണ്ട് വിശേഷാല്‍ പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി; ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ഇമാം മുഹമ്മദ് ബ്‌നു ഇദ്‌രീസ് അശ്ശാഫിഈ-ജീവിതവും സേവനവും, ശ്രീവര്‍ധന്‍ ജാമിഅ ഹുസൈനിയ്യയുടെ അല്‍ഹാമി മാസികയുടെ വിശേഷാല്‍പതിപ്പും. ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും-വിശേഷിച്ചും ഇന്ത്യയിലെ ശാഫിഈ മദ്ഹിബിന്റെ അവസ്ഥയെയും-സംബന്ധിച്ച വൈജ്ഞാനിക മുതല്‍ക്കൂട്ടായിരുന്നു ഈ രണ്ട് വിശേഷാല്‍ പതിപ്പുകളും. ഇമാം ശാഫിഈ ജീവിതവും സന്ദേശവും, ഇമാമിന്റെ രചനകള്‍, ഇന്ത്യയിലെ ശാഫിഈ കര്‍മശാസ്ത്രം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കിത്തിരിച്ച ഫിഖ്ഹ് അക്കാദമിയുടെ സുവനീറില്‍, സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടതുള്‍പ്പെടെ 23 പണ്ഡിതരുടെ പ്രൗഢ രചനകളുണ്ട്. 240 ഓളം പേജുള്ള അല്‍ഹാദീ വിശേഷാല്‍ പതിപ്പില്‍ 24 ലേഖനങ്ങളാണുള്ളത്. ഇന്ത്യയിലെ ശാഫിഈ മദ്ഹബിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഈ സെമിനാറും വിശേഷാല്‍ പതിപ്പുകളും സവിശേഷം പരിഗണിക്കപ്പെടേണ്ടതുണ്ട്. 

Comments

Other Post