അസ്വ്ഹാബുല്‍ വുജൂഹും ഇതര ധാരകളും
ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരെ അഞ്ച് പടവുകളിലായി ചരിത്രകാരന്മാര്‍ വിന്യസിച്ചിരിക്കുന്നു: 1) മുജ്തഹിദ് മുത്വ്‌ലഖ് 2) മുജ്തഹിദ് മുന്‍തസിബ് 3) മുജ്തഹിദുല്‍ മദ്ഹബ് 4) മുജ്തഹിദുല്‍ ഫത്‌വാ വത്തര്‍ജീഹ് 5) അല്‍ഹാഫിളു ലില്‍ മദ്ഹബി വല്‍ മുഫ്തീ ബിഹി.
മദ്ഹബിലെ പണ്ഡിതശ്രേണിയില്‍ ഏറ്റവും മുകളിലാണ് മുജ്തഹിദ് മുത്വ്‌ലഖ് അഥവാ സ്വതന്ത്ര മുജ്തഹിദ്. സ്വന്തം ഇജ്തിഹാദിലൂടെ മദ്ഹബിന്റെ നിദാന തത്ത്വങ്ങള്‍ (ഉസ്വൂല്‍) ആവിഷ്‌കരിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രമാണങ്ങളില്‍നിന്ന് കര്‍മശാസ്ത്ര വിധികള്‍ നിര്‍ധാരണം ചെയ്യുകയും ചെയ്ത പണ്ഡിതനാണിത്. മദ്ഹബിന്റെ ഇമാമുമാര്‍ ഈ ഗണത്തില്‍പെടുന്നു. ശാഫിഈ മദ്ഹബിനെ സംബന്ധിച്ചേടത്തോളം ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈയാണ് ഈ പദവിയിലുള്ളത്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും സ്വതന്ത്രമായി നിയമവിധികള്‍ നിര്‍ധാരണം ചെയ്യാന്‍ കഴിവാര്‍ജിക്കുകയും എന്നാല്‍ തന്റേതായ നിദാന തത്ത്വങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത പണ്ഡിതന്മാരാണ് രണ്ടാം ശ്രേണിയിലുള്ളത്. നിദാന തത്വങ്ങളുടെ കാര്യത്തില്‍ ഒരു സ്വതന്ത്ര മുജ്തഹിദിനെ ആശ്രയിക്കുന്നവരായതിനാല്‍ ഇവര്‍ക്ക് മുജ്തഹിദ് മുന്‍തസിബ് അഥവാ മദ്ഹബുമായി ബന്ധമുള്ള സ്വതന്ത്ര മുജ്തഹിദ് എന്നു പറയുന്നു. താഴെ പറയുന്നവര്‍ ഇമാം ശാഫിഈയുമായി ബന്ധമുള്ള സ്വതന്ത്ര മുജ്തഹിദുകളാകുന്നു:
1. ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി (ഹി.161-238).
2. ഇമാം അബൂസൗര്‍ ഇബ്‌റാഹീമുബ്‌നു ഖാലിദില്‍ ബഗ്ദാദി (മരണം. ഹി.240).
3. മുഹമ്മദുബ്‌നു നസ്വ്‌റില്‍ മര്‍വസി (ഹി.202-294).
4. ഇമാം അബൂജഅ്ഫര്‍ മുഹമ്മദുബ്‌നു ജരീറിത്ത്വബരി (ഹി.224-310).
5. ഇമാം ഇബ്‌നു ഖുസൈമ എന്നറിയപ്പെടുന്ന അബൂബക്ര്‍ മുഹമ്മദുബ്‌നു ഇസ്ഹാഖന്നൈസാബൂരി (ഹി.223-331).
6. ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍, അബൂബക്ര്‍ മുഹമ്മദുബ്‌നു ഇബ്‌റാഹീമന്നൈസാബൂരി (മരണം. ഹി.318).
സ്വതന്ത്ര മുജ്തഹിദിന്റെയോ മുജ്തഹിദ് മുന്‍തസിബിന്റെയോ പദവി ആര്‍ജിക്കാനാകാത്തവരും മദ്ഹബിന്റെ വൃത്തത്തില്‍ നിന്നുകൊണ്ട് ഇജ്തിഹാദ് ചെയ്യാന്‍ കഴിവു നേടിയവരുമായ പണ്ഡിതന്മാരാണ് മൂന്നാം ശ്രേണിയിലുള്ള മുജ്തഹിദുല്‍ മദ്ഹബ്. ഇമാമിന്റെ വിധിപ്രസ്താവങ്ങളും (നുസ്വൂസ്വ്) അവയുടെ ന്യായങ്ങളും (ഇല്ലത്ത്) നിജഃസ്ഥിതിയും ഗ്രഹിച്ച ശേഷം തദടിസ്ഥാനത്തില്‍ പുതിയ പ്രശ്‌നങ്ങളുടെ വിധി നിര്‍ധാരണം ചെയ്യുന്നവരാണിവര്‍. ഇമാം വിധി പ്രസ്താവിച്ചിട്ടില്ലാത്ത പ്രശ്‌നങ്ങളെ വിധി പ്രസ്താവിച്ച പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടോ ഇമാം ആവിഷ്‌കരിച്ച പൊതു തത്ത്വത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയോ ആണ് ഇത് സാധിക്കുന്നത്. ചിലപ്പോള്‍ ഇമാമിന്റെ നിദാന തത്ത്വങ്ങളിലൂന്നി പ്രമാണങ്ങളില്‍ (ഖുര്‍ആന്‍, സുന്നത്ത്)നിന്ന് നേരിട്ടുതന്നെ നിയമ വിധികള്‍ നിര്‍ധാരണം ചെയ്‌തെന്നും വരും. ഇത്തരക്കാര്‍ മദ്ഹബിന്റെ സാങ്കേതിക ഭാഷയില്‍ അസ്വ്ഹാബുല്‍ വുജൂഹ് (വീക്ഷണകര്‍ത്താക്കള്‍) എന്നും അറിയപ്പെടുന്നു. ഇവര്‍ അവതരിപ്പിക്കുന്ന വീക്ഷണങ്ങള്‍ക്കു വുജൂഹ് എന്നും പറയുന്നു. മുജ്തഹിദുല്‍ മദ്ഹബി (അസ്വ്ഹാബുല്‍ വുജൂഹ്)ന്റെ മുന്‍നിരയിലുള്ളവര്‍ ഇമാം ശാഫിഈയുടെ കീഴില്‍ പഠനം നടത്തിയ പണ്ഡിതന്മാരാണ്. ഹുമൈദി (മരണം ഹി.219), ബുവൈത്വി (മരണം ഹി.231), ഹര്‍മല (മരണം ഹി.243), അല്‍ കറാബീസി (മരണം ഹി.248), അര്‍ബീഉല്‍ ജീസി (മരണം ഹി.256), അസ്സഅ്ഫറാനി (മരണം ഹി.260), അല്‍മുസനി (മരണം ഹി.264), യൂനുസുബ്‌നു അബ്ദില്‍ അഅ്‌ലാ (മരണം ഹി.264),, അര്‍റബീഉല്‍ മുറാദി (മരണം ഹി.270), ഇബ്‌നു അബില്‍ ജാറൂദ് എന്നിവരാണിവര്‍. അസ്വ്ഹാബുശ്ശാഫിഈ (ശാഫിഈയുടെ അനുചരന്മാര്‍) എന്നും ഇവര്‍ അറിയപ്പെടുന്നു.
ശിഷ്യന്മാര്‍ക്കു ശേഷം മുജ്തഹിദുല്‍ മദ്ഹബ് പദവി ആര്‍ജിച്ചവര്‍ ഒട്ടേറെ പേരുണ്ട്. ഇബ്‌നു സുറൈജ് (മരണം ഹി.306), ഇസ്വ്ത്വഖ്‌രി (മരണം ഹി.328), സൈ്വറഫി (മരണം ഹി.330), അബൂ ഇസ്ഹാഖല്‍ മര്‍വസി (മരണം ഹി.340), ഇബ്‌നു അബീ ഹുറയ്‌റ (മരണം ഹി.345), അബുഅലിയ്യിത്ത്വബരി (മരണം ഹി.350), അബൂ ഹാമിദില്‍ മര്‍വസി (മരണം ഹി.362), അല്‍ ഖഫ്ഫാലുല്‍ കബീര്‍ (മരണം ഹി.365), ഇബ്‌നുല്‍ ഖഫ്ഫാല്‍ അശ്ശാഫി (മരണം ഹി.400), അല്‍ ഹലീമി (മരണം ഹി.403), അബൂഹാമിദില്‍ ഇസ്ഫറായീനി (മരണം ഹി.406), അസ്സിയാദി (മരണം ഹി.410), അല്‍ഖഫ്ഫാലുസ്സ്വഗീര്‍ (മരണം ഹി.417), അബൂഇസ്ഹാഖല്‍ ഇസ്ഫറായീനി (മരണം ഹി.418), അബൂമുഹാമദില്‍ ജുവൈനി (മരണം ഹി.438), അല്‍മാവര്‍ദി (മരണം ഹി.450), അബുത്ത്വയ്യിബിത്ത്വബരി (മരണം ഹി.450), അബൂആസ്വിമില്‍ അബ്ബാദി (മരണം ഹി.458), അല്‍ഖാദി ഹുസൈന്‍ (മരണം ഹി.462) എന്നിവര്‍ അവരില്‍ ചിലരാണ്.
ഇവരുടെ താഴെ തട്ടിലായി നാലാം വിഭാഗമായ മുജ്തഹിദൂല്‍ ഫത്‌വാ വത്തര്‍ജീഹ് നിലകൊള്ളുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള ശാഫിഈ മദ്ഹബുകാരായ കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ പലരും ഈ ശ്രേണിയിലുള്ളവരാണ്. നിയമ നിര്‍ധാരണത്തില്‍ മേല്‍ ശ്രേണിയിലുള്ളവരുടെ നിലവാരത്തിലെത്തിയവരല്ല ഇവര്‍. എന്നാല്‍ മദ്ഹബില്‍ നല്ല അവഗാഹമുള്ളവരും അതിന്റെ തെളിവുകളും നിദാന തത്ത്വങ്ങളും സമര്‍ഥന രീതികളും നന്നായി ഗ്രഹിച്ചവരുമാണ്. മദ്ഹബിനെ സംശോധന ചെയ്യാനും ശരിതെറ്റുകള്‍ വേര്‍തിരിക്കാനും വീക്ഷണങ്ങളുടെ ബലാബലം നിര്‍ണയിക്കാന്‍ കഴിവുള്ളവരുമാണ്. പില്‍ക്കാല പണ്ഡിതന്മാരില്‍ ഇമാം റാഫിഈയും ഇമാം നവവിയും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.
ശാഫിഈ മദ്ഹബനുസരിച്ച് ഫത്‌വ നല്‍കുന്നവരും മദ്ഹബിന്റെ നിയമവിധികള്‍ ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്തവരുമാണ് ശ്രേണിയുടെ അവസാനം വരുന്നത്. തെളിവുകളുടെ സ്ഥിരീകരണത്തിലും ന്യായാധികരണ (ഖിയാസ്)ങ്ങളുടെ വിശകലനത്തിലും മുന്‍നിരയിലുള്ളവരുടെ പദവിയിലെത്തിയിട്ടില്ലാത്തവരാണ് ഇവര്‍. എന്നാല്‍ മദ്ഹബില്‍ അഗാധമായ പരിജ്ഞാനം നേടിയവരും ആവശ്യാനുസരണം അവതരിപ്പിക്കാന്‍ സാധിക്കുമാറ് ശാഖാ നിയമങ്ങള്‍ മനഃപാഠമുള്ളവരുമാണ്. നിയമവിധികള്‍ക്കിടയിലെ സാദൃശ്യങ്ങളും വൈജാത്യങ്ങളും തിരിച്ചറിയുന്നവരാണ്. മദ്ഹബിന്റെ സംരക്ഷണത്തിലും നിലനില്‍പ്പിലും അതിന്റെ നൈരന്തര്യത്തിലും ഇവരുടെ സേവനം വലിയ പങ്കു വഹിക്കുന്നു.
Comments