ഇസ്സുബ്‌നു അബ്ദിസ്സലാമും ശാഫിഈ മദ്ഹബും
ഇസ്സുബ്‌നു അബ്ദിസ്സലാഹി 577-ലാണ് ജനിച്ചത്. അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസുബ്‌നു അബ്ദിസ്സലാമുബ്‌നു അബില്‍ ഖാസിമിബ്‌നില്‍ ഹസനിബ്‌നി മുഹമ്മദിബ്‌നില്‍ മുഹദ്ദിബുസ്സുലമി എന്നാണ് മുഴുവന്‍ പേര്. ദമസ്‌കസിലും ഈജിപ്തിലുമായി രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളില്‍ ഇടപെട്ട പണ്ഡിതനാണ് ഇസ്സുബ്‌നു അബ്ദിസ്സലാം. ഹമ്പലീ പണ്ഡിതര്‍ക്ക് പോലും അദ്ദേഹത്തിന്റെ ഫത്‌വകള്‍ സ്വീകാര്യമായിരുന്നു. പരിഷ്‌കര്‍ത്താവും അശ്അരീ മുതകല്ലിമുമായ ഇദ്ദേഹം ശാഫിഈ മദ്ഹബിലെ പണ്ഡിതനായാണ് അറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇസ്സുബ്‌നു അബ്ദിസ്സലാം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം ശാഫിഈ(റ)യുടെ മദ്ഹബില്‍ ആകൃഷ്ടനാവുന്നത് തന്റെ ഗുരുനാഥന്മാരിലൂടെയാണ്. കഠിനമായ ദാരിദ്ര്യം കാരണം മുതിര്‍ന്ന ശേഷമാണ് ഇസ്സുബ്‌നു അബ്ദിസ്സലാം പഠനമാരംഭിക്കുന്നത്. ഇമാം ഫഖ്‌റുദ്ദീനിബ്‌നുല്‍ അസാകീറില്‍ നിന്നാണ് ഇസ്സുബ്‌നു അബ്ദിസ്സലാം കര്‍മശാസ്ത്രം പഠിക്കുന്നത്. അദ്ദേഹമാകട്ടെ ഇമാം ശാഫിഈ(റ)യുടെ ശിഷ്യത്വം സ്വീകരിച്ച പണ്ഡിതനും. ഇബ്‌നു കസീര്‍ പറയുന്നു: ശാഫിഈ മദ്ഹബിന്റെ അവസാന കണ്ണി എത്തിച്ചേരുത് ഇസ്സുബ്‌നു അബ്ദിസ്സലാമിലേക്കാണ്. പിന്നീട് ഇസ്സുബ്‌നു അബ്ദിസ്സലാം ഗസാലിയുടെ ആശയത്തിലേക്ക് മാറുകയാണുണ്ടായത്. എന്നാല്‍ ഗസാലിയുടെ വൈജ്ഞാനിക അടിത്തറ ഫഖ്‌റുദ്ദീനില്‍ അസാകീറില്‍നിന്ന് വ്യത്യസ്തമല്ല. ശാഫിഈ മദ്ഹബിന് ഏറെ പ്രചാരം നേടിക്കൊടുത്ത ബഗ്ദാദിലെ നിസാമിയ്യ മദ്‌റസയുടെ ഉന്നതാധികാരിയായിരുന്നു ഇമാം ഗസാലി(റ). ഇസ്സുബ്‌നു അബ്ദിസ്സലാമിന്റെ വൈജ്ഞാനിക സ്രോതസ് എല്ലായ്‌പ്പോഴും ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരായിരുന്നു.
Comments