Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സ്ത്രീകളുടെ പള്ളിപ്രവേശം ഈദ്ഗാഹ്, ഇഅ്തികാഫ്

ശമീര്‍ കെ.വടകര

കേരള മുസ്‌ലിംകളില്‍ ഒരു വിഭാഗം കര്‍മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബ് പൂര്‍ണമായി പിന്തുടരുന്നവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നു. എന്നാല്‍ യഥാര്‍ഥ ശാഫിഈ മദ്ഹബും കേരള ശാഫിഈകളും തമ്മില്‍ പല വിഷയങ്ങളിലും വൈരുധ്യമോ അന്തരമോ ഉണ്ട്. സ്ത്രീകളുടെ പള്ളിപ്രവേശം, ഈദ്ഗാഹ്, സ്ത്രീകളുടെ ഇഅ്തികാഫ് തുടങ്ങിയ വിഷയങ്ങളില്‍ ശാഫിഈ മദ്ഹബിന്റെ അധ്യാപനങ്ങള്‍ക്ക് യോജിക്കുന്നതല്ല കേരളത്തിലെ ശാഫിഈകളുടെ നിലപാട്. 

സ്ത്രീകളുടെ പള്ളിപ്രവേശത്തെ നിശിതമായി വിമര്‍ശിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്നവരാണ് കേരളത്തിലെ ശാഫിഈധാരയില്‍ പെട്ട ചില സംഘടനകള്‍. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശം നല്‍കുന്നവര്‍ മുബ്തദിഉകളാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും ഖുര്‍ആനോ സുന്നത്തോ വിലക്കിയിട്ടില്ല; അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് തടയരുതെന്ന് നബി (സ) സംശയമില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  ഈദ്ഗാഹില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ നബി (സ) പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്.  

ശാഫിഈ മദ്ഹബ് പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്ക് സ്ത്രീകളെ പള്ളിയില്‍ നിന്ന് വിലക്കാന്‍ സ്വന്തം മദ്ഹബിന്റെ പിന്‍ബലം പോലുമില്ല. സ്ത്രീകള്‍ പള്ളിയില്‍ നമസ്‌കരിക്കുന്നതും ഈദ് ഗാഹില്‍ പങ്കെടുക്കുന്നതും അനുവദനീയമെന്ന് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ സംശയരഹിതമായി വ്യക്തമാക്കിയിരിക്കെ, അത് തടയുന്ന സംഘടനകളുടെ നിലപാട് ശാഫിഈ മദ്ഹബിന് തന്നെ എതിരായിത്തീരുന്നു. ഈ പഠനത്തില്‍ പരിശോധിക്കപ്പെടുന്ന പ്രധാന വിഷയവും അതുതന്നെ. 

 

സ്ത്രീകളും ജുമുഅയും 

കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകളൊന്നും സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമാണെന്ന് വാദിക്കുന്നില്ല. എന്നാല്‍, ശാഫിഈ മദ്ഹബ്കാരെന്ന് അവകാശപ്പെടുന്ന ചില സംഘടനകളിലെ പണ്ഡിതര്‍ സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്നും പങ്കെടുപ്പിക്കുന്നവര്‍ പുത്തന്‍വാദികളാണെന്നും പ്രചാരണം നടത്തുന്നു. സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതിന് വിരോധമില്ലെന്നും പ്രതിഫലം ലഭിക്കുമെന്നും അവര്‍ ജുമുഅ നമസ്‌കരിച്ചാല്‍ ളുഹ്ര്‍ നമസ്‌കാരത്തിന് പകരമാവുമെന്നും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പ്രാമാണികമായി അവകാശപ്പെടുന്നു. ഇതില്‍ ഏതാണ് ശാഫിഈ മദ്ഹബ് പ്രകാരം ശരിയെന്നും ആരുടെ പക്ഷത്താണ് ഇമാം ശാഫിഈ (റ)യുടെ അഭിപ്രായമെന്നും വ്യക്തമാണ്. 

ആദ്യമായി ഇമാം ശാഫിഈയെത്തന്നെ ഉദ്ധരിക്കാം: ''ഞാന്‍ ജുമുഅ നിര്‍ബന്ധമില്ലെന്ന് പറഞ്ഞ തടവുകാര്‍, സ്ത്രീകള്‍, അടിമകള്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പോലുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുകയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും, അല്ലെങ്കില്‍ ഒരു റക്അത്ത് ലഭിച്ച ശേഷം രണ്ടാമത്തേത് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ അവര്‍ക്ക് അത് മതിയാകുന്നതാണ്'' (കിതാബുല്‍ ഉമ്മ്, വാ 1, പേ 327). 

ഇവിടെ 'സ്ത്രീകള്‍ക്ക് പള്ളിയിലെ ജുമുഅ മതിയാകുമെന്ന്' ഇമാം ശാഫിഈ പറയുമ്പോള്‍ പ്രതിഫലത്തെ കുറിച്ച് പറയുന്നില്ലല്ലോ എന്നാണ് ചിലരുടെ സംശയം. അതിന് ഇമാം മറുപടി പറയുന്നു: 

''വാഹനമോ യാത്രാ വിഭവങ്ങളോ ഇല്ലാത്ത ഒരു ദരിദ്രന്‍ വഴിയില്‍ ജോലി ചെയ്തും യാചിച്ചും പണമുണ്ടാക്കിയോ നടന്നോ യാത്ര ചെയ്ത് ഹജ്ജ് നിര്‍വഹിക്കുന്നതുപോലെ, വൃദ്ധനായ ഒരാള്‍ യാത്ര ചെയ്യാന്‍ കഴിയാതെ വാഹനത്തില്‍ ബന്ധിക്കപ്പെട്ട നിലയില്‍ ഹജ്ജ് ചെയ്യുന്നതു പോലെ, അതുമല്ലെങ്കില്‍ നോമ്പ് നിര്‍ബന്ധമില്ലാത്ത യാത്രക്കാരനും രോഗിയും നോമ്പനുഷ്ഠിക്കുന്നതു പോലെ, ജുമുഅ നിര്‍ബന്ധമല്ലാത്തവരും അത് നിര്‍വഹിച്ചാല്‍ അവര്‍ക്കത് മതിയാകുന്നതാണ്. ഒഴിവാക്കിയാല്‍ കുറ്റമില്ലാത്ത ഇവരില്‍ ഓരോരുത്തര്‍ക്കും ആ കാര്യം ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതാണ് -ലഹു അജ്‌റുന്‍'' (കിതാബുല്‍ ഉമ്മ്, വാള്യം 1, പേജ് 327). 

ജുമുഅ ലഭിക്കാന്‍ അവസരമുണ്ടാകാന്‍ വേണ്ടി ഇളവുള്ളവരോട് ജുമുഅയുടെ സമയം കഴിയുന്നതു വരെ ളുഹ്ര്‍ പിന്തിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. ''ജുമുഅ ഒഴിവാക്കാന്‍ ഇളവു ലഭിച്ച കാരണമുള്ള സ്വതന്ത്രര്‍, കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവര്‍, ഇമാം ജുമുഅ നമസ്‌കാരത്തില്‍ നിന്ന് പിന്തിരിയുന്നത് വരെ ളുഹ്ര്‍ നമസ്‌കരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജുമുഅ പിരിയുന്നത് നിരീക്ഷിച്ചിരിക്കണം. കാരണം ഇളവ് ലഭിക്കപ്പെട്ടവര്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കാം. അതില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് ഗുണകരവുമാണ്'' (കിതാബുല്‍ ഉമ്മ് 1/327). 

സ്ത്രീക്ക് സ്ത്രീത്വം, അടിമക്ക് അടിമത്തം, രോഗിക്ക് രോഗം, കുട്ടിക്ക് കുട്ടിത്തം, യാത്രക്കാരന് യാത്ര എന്നീ കാരണങ്ങള്‍ (ഉദ്ര്‍) നീങ്ങിയാല്‍ ജുമുഅ ഗുണകരം (ഖൈര്‍) ആണെന്നാണ് ഇമാം ഉദ്ദേശിച്ചതെന്നാണ് ചിലരുടെ വാദം. അഥവാ സ്ത്രീക്ക് ജുമുഅയില്‍ പങ്കെടുക്കണമെങ്കില്‍ സ്ത്രീത്വ(ഉനൂസിയ്യത്)മെന്ന ഉദ്ര്‍ ഒഴിവാകണമത്രെ! സ്ത്രീത്വം പോയി പുരുഷനായാല്‍ പിന്നെ ജുമുഅ നിര്‍ബന്ധമാവുകയല്ലേ ചെയ്യുകയെന്ന മറുചോദ്യത്തിന് 'ഖൈര്‍' എന്ന പദം നിര്‍ബന്ധമെന്ന അര്‍ഥത്തിലാണ് ഇമാം ശാഫിഈ ഉപയോഗിച്ചതെന്നാണ് അവരുടെ  മറുപടി! 

ഇവിടെ ശാഫിഈ മദ്ഹബിലെ രണ്ട് തത്ത്വങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. 

ഒന്ന്: ജുമുഅ നിര്‍ബന്ധമല്ലാത്തവര്‍ ളുഹ്‌റിന്റെ സമയം ആയ ശേഷം ളുഹ്ര്‍ നമസ്‌കാരം നിര്‍വഹിക്കുകയും പിന്നീട് അവരുടെ ഇളവിനുണ്ടായ കാരണം നീങ്ങുകയും ചെയ്താല്‍ പിന്നെ അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല, കുട്ടിയുടെ കാര്യത്തിലൊഴികെ. അപ്പോള്‍ ഇമാം ശാഫിഈ 'ഖൈര്‍' എന്ന് പറഞ്ഞത് 'ഉത്തമം' എന്ന അര്‍ഥത്തില്‍ തന്നെയാണെന്ന് സ്പഷ്ടമാകുന്നു. 

രണ്ട്: സ്ത്രീയുടെ സ്ത്രീത്വമെന്ന കാരണം നീങ്ങുകയില്ല എന്ന് എല്ലാ ശാഫിഈ ഗ്രന്ഥങ്ങളും വിശദീകരിക്കുന്നു. 

ഇമാം ശാഫിഈ പറയുന്നു: ''ഇമാം ജുമുഅയില്‍ നിന്നും വിവരിക്കുന്നതിന്റെ മുമ്പായി ഇളവ് ലഭിച്ചവരുടെ (മഅ്ദൂറൂന്‍) കാരണം നീങ്ങുകയും ളുഹ്ര്‍ നമസ്‌കാരം ഒറ്റക്കോ കൂട്ടായോ നിര്‍വഹിക്കുകയും ചെയ്താല്‍ പിന്നീട് വീണ്ടും നമസ്‌കരിക്കേണ്ടതില്ല. കൂട്ടായോ, ഒറ്റക്കോ ളുഹ്ര്‍ നമസ്‌കരിക്കുകയും പിന്നെ ജുമുഅ ലഭിക്കുകയും ചെയ്താല്‍ ജുമുഅ ഐഛികമായി (നാഫിലത്) കണക്കാക്കപ്പെടും'' (കിതാബുല്‍ ഉമ്മ്, വാള്യം 1, പേജ് 327). 

ഇമാം ഇംറാനി പറയുന്നു: ''ജുമുഅ നിര്‍ബന്ധമില്ലാത്ത സ്ത്രീയും അടിമയും യാത്രക്കാരനും ജുമുഅക്ക് ഹാജറാവുകയും അത് നിര്‍വഹിക്കുകയും ചെയ്താല്‍ ളുഹ്‌റിന്റെ ഫര്‍ദ് അവര്‍ക്കൊഴിവാകുന്നതാണ്. ഇനി ളുഹ്ര്‍ തന്നെ നമസ്‌കരിച്ചാലോ അതും മതിയാവും. അതവരുടെ ഫര്‍ദ് തന്നെയാണല്ലോ. ളുഹ്‌റും പിന്നീട് ജുമുഅയും നമസ്‌കരിച്ചാല്‍ ജുമുഅ ഐഛികമായിരിക്കും -നാഫിലത്'' (അല്‍ ബയാന്‍, വാള്യം 2, പേജ് 532).

സ്ത്രീയുടെ ഉദ്ര്‍ നീങ്ങുമോ? ശാഫിഈ മദ്ഹബില്‍ എഴുതപ്പെട്ട ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളും സ്ത്രീയുടെ സ്ത്രീത്വമെന്ന, ജുമുഅ നിര്‍ബന്ധമല്ലാതാകുന്ന കാരണം നീങ്ങുകയില്ല എന്ന് പറയുന്നു. ഇമാം നവവി തന്റെ മജ്മൂഉശറഹില്‍ മുഹദ്ദബില്‍ എഴുതുന്നു; 

''നമ്മുടെ മദ്ഹബുകാര്‍ പറയുന്നു: ജുമുഅ ഒഴിവാക്കാന്‍ കാരണമുള്ളവര്‍ രണ്ട് തരക്കാരാണ്. ഒന്ന്, കാരണം നീങ്ങുമെന്ന് പ്രതീക്ഷയുള്ള അടിമ, രോഗി, യാത്രക്കാരന്‍ എന്നിവര്‍.  രണ്ട്, സ്ത്രീ പോലെ ജുമുഅ നിര്‍ബന്ധമല്ലാതാക്കുന്ന കാരണം നീങ്ങുമെന്ന് പ്രതീക്ഷയില്ലാത്തവര്‍'' (ശറഹുല്‍ മുഹദ്ദബ്, വാള്യം 4, പേജ് 251). 

അപ്പോള്‍ ഇമാം ശാഫിഈ (റ) സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് ജുമുഅക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കാമെന്ന് പറഞ്ഞത് സ്ത്രീത്വം നീങ്ങിയ ശേഷമല്ലെന്ന് സ്ഥിരപ്പെട്ടു. 

സ്ത്രീയുടെ ജുമുഅ നമസ്‌കാരത്തെ സംബന്ധിച്ച് ഇമാം നവവി കൂടുതല്‍ വിശദീകരിക്കുന്നു. 

''നാം പറഞ്ഞിട്ടുണ്ട്. ജുമുഅ നിര്‍ബന്ധമല്ലാത്തവര്‍ക്ക്-കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവര്‍ക്ക്-ളുഹ്‌റാണല്ലോ ഫര്‍ദ്. അത് ശരിയാണ്. ഇനി ളുഹ്ര്‍ ഉപേക്ഷിച്ച് ജുമുഅ നമസ്‌കരിച്ചാല്‍ 'ഇജ്മാഇ'ന്റെ അടിസ്ഥാനത്തില്‍ അത് മതിയാകും. ഇമാമുല്‍ ഹറമൈനി, ഇമാം ഇബ്‌നു മുന്‍ദിര്‍ പോലുളളവര്‍ ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. അവരുടെ ഫര്‍ദ് നാല് റക്അത്തുള്ള ളുഹ്ര്‍ ആയിരിക്കെ എങ്ങനെയാണ് രണ്ട് റക്അത്തുള്ള ജുമുഅ നിര്‍വഹിച്ചാല്‍ ളുഹ്‌റെന്ന ഫര്‍ദില്‍ നിന്നും ഒഴിവാകുകയെന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്. തീര്‍ച്ചയായും ജുമുഅ രണ്ട് റക്അത്താണെങ്കിലും ജുമുഅയാണ് നിസ്സംശയം ളുഹ്‌റിനേക്കാള്‍ ഏറ്റവും പൂര്‍ണമായിട്ടുള്ളത്. അതിനാലാണല്ലോ പൂര്‍ണര്‍ക്ക് അത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. പങ്കെടുക്കാന്‍ കഴിയാത്തവരെ അതില്‍ നിന്നും ഒഴിവാക്കിയത് ആശ്വാസത്തിനാണല്ലോ. ജുമുഅ ഒഴിവാക്കാന്‍ കാരണമുണ്ടായിരിക്കെ തന്നെ അതില്‍ പങ്കെടുത്താല്‍ അതാണ് ഏറ്റവും ഉത്തമം. ഇരുന്ന് നമസ്‌കരിക്കാന്‍ അനുവാദമുള്ളവന്‍ നിന്ന് തന്നെ നമസ്‌കരിക്കുന്നതുപോലെ'' (മജ്മൂഉ ശറഹില്‍ മുഹദ്ദബ്, വാള്യം 4, പേജ് 252, 253). 

കേരളത്തില്‍ ചിലര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം സ്ത്രീകളും പുരുഷന്‍മാരുമായുള്ള കൂടിക്കലരലിലെ കുഴപ്പമാണ്. 'അല്‍ മുഹദ്ദബി'ലെ ഇമാം ശീറാസിയുടെ 'അവര്‍ പുരുഷന്മാരുമായി കൂടിക്കലരാം. അതിനാല്‍ അനുവദനീയമല്ല' എന്ന വാചകത്തിന് ഇമാം നവവി (റ) വിശദീകരണമെഴുതിയത് കാണാം. 

''എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുമായി കൂടിക്കലരുന്നതിനാല്‍ അനുവദനീയമല്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ആ രീതിയിലല്ല. കാരണം കൂടിക്കലര്‍ന്നാലേ അത് നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂവെന്നില്ല. സ്ത്രീകള്‍ പിന്നിലാണ് നമസ്‌കരിക്കുന്നത്. ഇബ്‌നു മുന്‍ദിറും മറ്റും സ്ത്രീ ജുമുഅയില്‍ പങ്കെടുക്കുകയും നമസ്‌കരിക്കുകയും ചെയ്താല്‍ ശരിയാകുമെന്ന് ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകളില്‍ സ്ത്രീകള്‍ നബി (സ)ക്ക് പിന്നില്‍ നിന്ന് കൊണ്ട് അവിടുത്തെ പള്ളിയില്‍ നമസ്‌കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സ്ത്രീയും പുരുഷനും ഒറ്റയ്ക്കായാല്‍ മാത്രമേ കൂടിക്കലരല്‍ ഹറാമാവുകയുള്ളൂ'' (ശറഹുല്‍ മുഹദ്ദബ്, വാള്യം 4, പേജ് 254). 

ജുമുഅ നിര്‍ബന്ധമാണെന്ന വിശ്വാസത്തില്‍ പള്ളിയില്‍ പങ്കെടുത്ത സ്ത്രീകളെ അബ്ദുല്ലാഹിബ്‌നു മസ്ഈദ് (റ) ഇറക്കിവിട്ടത് ഉയര്‍ത്തിപ്പിടിച്ച് ജുമുഅയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് പാടില്ലെന്ന് വാദിക്കുന്നവരോട് ഇമാം ബൈഹഖി (റ) പറയുന്നു:  

അബ്ദുര്‍റഹ്മാന്‍ അബിസ്സിനദിന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു. ''ഞാന്‍ മദീനയിലെ ഏറ്റവും പ്രമുഖരായ ഏഴ് താബിഈ ഫുഖഹാക്കളെ കണ്ടിട്ടുണ്ട്. അവസാന വാക്കുകളായിരുന്നു അവര്‍. അവരോട് ചില കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഭിന്നിച്ചിട്ടുണ്ടായിരിക്കാം. അപ്പോള്‍ നാം അവരിലെ ഭൂരിപക്ഷത്തിന്റെയും ശ്രേഷ്ഠന്മാരുടെയും വാക്കുകള്‍ സ്വീകരിക്കും. എന്നാല്‍ അവര്‍ പറയുമായിരുന്നു; ഒരു സ്ത്രീ ജുമുഅയിലോ പെരുന്നാളിനോ പങ്കെടുത്താല്‍ അത് അവള്‍ക്ക് മതിയാകുന്നതാണ്'' (സുനനുല്‍ കുബ്‌റാ 2/187). ഇബ്‌നു മസ്ഊദിന്റെ നടപടി ഒറ്റപ്പെട്ടതും മദീനാ പണ്ഡിതന്മാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടില്ലാത്തതും ആണെന്നാണ് ഇതിനര്‍ഥം. 


സ്ത്രീകളുടെ ഇഅ്തികാഫ്

സ്ത്രീകള്‍ക്ക് പള്ളിയില്‍ (മസ്ജിദില്‍ തന്നെ) ഇഅ്തികാഫ് ഇരിക്കാമോ? ഈ വിഷയത്തില്‍ കേരള ശാഫിഈകളുടെ നിലപാട് ഇമാം ശാഫിഈയുടെ അഭിപ്രായത്തിന് അനുകൂലമാണോ? 

''സ്ത്രീ, അടിമ, യാത്രക്കാരന്‍ എന്നിവര്‍ക്ക് അവര്‍ എവിടെ ഉദ്ദേശിക്കുന്നുവോ (ഹൈസു ശാഊ) അവിടെ ഇഅ്തികാഫ് ചെയ്യാവുന്നതാണ്.'' (അല്‍ഉമ്മ്  2/149).

സ്ത്രീയും പുരുഷനും ഇഅ്തികാഫ് അനുഷ്ഠിക്കവെ പള്ളിയില്‍ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് ഇമാം ശാഫിഈ വിവരിക്കുന്നു.

''പള്ളിയില്‍ ഇഅ്തികാഫിലായിരിക്കെ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനോ, ഭക്ഷണം കഴിക്കുന്നതിനോ, സുഗന്ധം പൂശുന്നതിനോ ഒരു കുഴപ്പവുമില്ല. പള്ളിയില്‍ ഉറങ്ങുന്നതിനോ, ഭക്ഷണ പാത്രങ്ങള്‍ അവിടെ ഉപയോഗിക്കുന്നതിനോ, പള്ളിയില്‍ ആയിരിക്കെ കോളാമ്പിയില്‍ കൈ കഴുകുന്നതിനോ കുഴപ്പമില്ല'' (അല്‍ഉമ്മ് 2/149).

ഇവിടെ ഇമാം ശാഫിഈ, 'അവര്‍ ഉദ്ദേശിക്കുന്ന ഇടത്തില്‍' (ഹൈസു ശാഊ) സ്ത്രീകള്‍ക്ക് ഇഅ്തികാഫ് അനുഷ്ഠിക്കാം എന്ന് പറഞ്ഞതിനെക്കുറിച്ച് കേരള ശാഫിഈകളുടെ വാദം 'ഹൈസു ശാഊ' എന്നതിന്റെ ഉദ്ദേശ്യം 'വീട്ടിലെ പള്ളിയാണ്' സ്ത്രീകള്‍ക്ക് ഉത്തമം എന്നാണ്. എന്നാല്‍, കിതാബുല്‍ ഉമ്മിലെ ഓരോ വാചകവും വിശദമായി വിവരിക്കുന്ന ഇമാം അബുല്‍ ഹസന്‍ അല്‍ മാവര്‍ദി (മരണം ഹി 480) അല്‍ഹാവീ അല്‍ കബീര്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു:

''ഹൈസു ശാഊ എന്നാല്‍ സ്തീകള്‍ ഉദ്ദേശിക്കുന്ന ഏത് മസ്ജിദുകളിലായാലും എന്നാണ്. കാരണം അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല. അതിനാല്‍ ജുമുഅ ഉള്ളതോ ഇല്ലാത്തതോ ആയ ഏത് മസ്ജിദും തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍, പുരുഷന്മാര്‍ ജുമുഅയുള്ള പള്ളികളില്‍ തന്നെ ഇഅ്തികാഫ് അന്വേഷിക്കേണ്ടതാണ്. കാരണം, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെ ഇഅ്തികാഫില്‍ ചേരുമല്ലോ-പളളി വിട്ട് പുറത്ത് പോകേണ്ടതില്ല എന്നര്‍ഥം'' (അല്‍ ഹാവി അല്‍കബീര്‍ 3/383).

'ഹൈസു ശാഊ' എന്നതിന്റെ ഉദ്ദേശ്യം ജുമുഅയുള്ളതോ ഇല്ലാത്തതോ ആയ മസ്ജിദുകളാണെന്ന ഇമാം മാവര്‍ദിയുടെ വിശദീകരണത്തോടെ വീട്ടിലെ പള്ളിയാണെന്ന വാദത്തിന് നിലനില്‍പ്പ് ഇല്ലാതാകുന്നു.  

ശാഫിഈ മദ്ഹബിലെ ഉന്നത പണ്ഡിതനാണ് ഇമാം മാവര്‍ദി. ഇമാം താജുദ്ദീന്‍ സുബ്കി (റ) ത്വബഖാതുശ്ശാഫിഇയ്യയില്‍ മാവര്‍ദിയെ കുറിച്ചെഴുതുന്നു.

''മഹാനായ ഇമാം മാവര്‍ദിക്ക് മദ്ഹബില്‍ വിശാല വിജ്ഞാനമുണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും അദ്ദേഹം ഫത്‌വ കൊടുത്തിരുന്നു. ഖതീബുല്‍ ബഗ്ദാദി പറയുകയുണ്ടായി: ശാഫിഈ ഫുഖഹാക്കളില്‍ പ്രമുഖനാണ് മാവര്‍ദി. ധാരാളം രാജ്യങ്ങളുടെ നീതിന്യായ വ്യവസ്ഥ അദ്ദേഹത്തിലാണ് ഏല്‍പ്പിക്കപ്പെട്ടത്'' (ത്വബഖാതുശ്ശാഫിഇയ്യ, 5/268). 

ശാഫിഈ മദ്ഹബ് പ്രകാരം, സുന്നത്തായ ഇഅ്തികാഫില്‍ സ്ത്രീ ഭര്‍ത്താവിന്റെ സമ്മതത്തോടെ പ്രവേശിച്ചാല്‍ ഇഅ്തികാഫ് പൂര്‍ത്തിയാകുന്നതിന്റെ മുമ്പ് അവളെ അതില്‍ നിന്ന് മുക്തയാക്കാവുന്നതാണ്. എന്നാല്‍ ഇഅ്തികാഫ് നേര്‍ച്ചയാക്കുകയും അതിന് ദിവസങ്ങള്‍ നിശ്ചയിക്കുകയും (ആ നേര്‍ച്ച ഭര്‍ത്താവിന്റെ സമ്മതത്തോടെയാവുകയും ചെയ്താല്‍) നിശ്ചിത ദിവസങ്ങളില്‍ ഇഅ്തികാഫില്‍ പ്രവേശിക്കുന്നതിന് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. അങ്ങനെ പ്രവേശിച്ചാല്‍ പിന്നീട് അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഭര്‍ത്താവിന് അനുവാദമില്ല. 

സുന്നത്തായ ഇഅ്തികാഫില്‍ മറ്റു ഇമാമുമാരുടെ അഭിപ്രായം ഉദ്ധരിച്ച ശേഷം ഇമാം ഇംറാനി നിര്‍ബന്ധമായ ഇഅ്തികാഫിനെ കുറിച്ചുള്ള ശാഫിഈ മദ്ഹബിന്റെ വീക്ഷണം വിവരിക്കുന്നു; 

''ഭര്‍ത്താവ് തന്റെ ഭാര്യക്ക് ഇഅ്തികാഫ് നേര്‍ച്ചയാക്കാന്‍ അനുവാദം കൊടുത്താല്‍ അയാളുടെ അനുവാദമില്ലാത തന്നെ അവള്‍ക്ക് ഇഅ്തികാഫില്‍ പ്രവേശിക്കാവുന്നതാണ്. കാരണം നേര്‍ച്ചക്കുള്ള സമ്മതം ഇഅ്തികാഫിനുള്ള സമ്മതം തന്നെയായി'' (അല്‍ബയാന്‍ 3/568). 

സ്ത്രീക്ക് 'വീട്ടിലെ പള്ളിയിലെ' പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഇഅ്തികാഫ് ശരിയാകുമോ? ഇമാം ഇംറാനി തന്നെ പറയട്ടെ: 

''സ്ത്രീക്ക് പള്ളിയിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ല. വീട്ടില്‍ നമസ്‌കാരത്തിനായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണെങ്കില്‍, രണ്ട് അഭിപ്രായമുണ്ട്. ഒന്നാമത്തേത്, അത് ശരിയാവുകയില്ലായെന്ന ജദീദായ (പുതിയ) അഭിപ്രായമാണ്. രണ്ടാമത്തേത് ശരിയാകുമെന്ന ഖദീമായ (പഴയ) അഭിപ്രായവും. അതാണ് അബൂഹനീഫയുടെ പക്ഷം'' (അല്‍ബയാന്‍ 3/569). ആരാണ് ഇമാം ഇംറാനി? ഇമാം താജുദ്ദീന്‍ സുബ്കി പരിചയപ്പെടുത്തുന്നു. 

''യഹ്‌യബ്‌നു അബുല്‍ ഖൈര്‍ അല്‍ ഇംറാനി, മഹാനായ ശൈഖ്, യമന്‍ ദേശത്തെ ശാഫിഈ ശൈഖ്, അല്‍ ബയാന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. യമനികളുടെ ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു സമുറ അദ്ദേഹത്തിന്റെ വംശപരമ്പര ആദമില്‍ എത്തിച്ചിരിക്കുന്നു'' (ത്വബഖാതുശ്ശാഫിഇയ്യ 7/336).

ഈ ശാഫിഈ പണ്ഡിതര്‍ ഇന്ന് കേരളത്തില്‍ ജീവിക്കുകയാണെങ്കില്‍ ശാഫിഈ മദ്ഹബുകാരെന്ന് അവകാശപ്പെടുന്നവര്‍ ഇവരെ ഏത് ഗണത്തിലായിരിക്കും ഉള്‍പ്പെടുത്തുക!  

മസ്ജിദുകളല്ലാത്ത സ്ഥലത്ത് ഫര്‍ദ് നമസ്‌കാരങ്ങള്‍ പുരുഷന്മാര്‍ക്കുപോലും ശരിയാകുമെങ്കില്‍, സ്ത്രീകള്‍ക്ക് എന്തുകൊണ്ട് സുന്നത്തായ ഇഅ്തികാഫ് വീട്ടില്‍ ശരിയാവുകയില്ല എന്നാണ് ചിലരുടെ ചോദ്യം. അതിന് ഇമാം മാവര്‍ദി മറുപടി പറയുന്നു:

''ഇഅ്തികാഫ് പള്ളിയിലല്ലാതെ ശരിയാവുകയില്ല. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. എന്നാല്‍ അബൂ ഹനീഫ ഹദീസ് ഉദ്ധരിച്ച് പറയുന്നു, സ്ത്രീക്ക് അവളുടെ വീട്ടിലെ പള്ളിയില്‍ അനുവദനീയമാണ്. കാരണം നബി(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു. 'അവളുടെ നമസ്‌കാരം വീട്ടിലാണ്. പള്ളിയേക്കാള്‍ ഉത്തമം ഫര്‍ദായ നമസ്‌കാരത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് മസ്ജിദ് കറാഹത്താണെങ്കില്‍ ഇഅ്തികാഫാണ് വീട്ടില്‍ അനുഷ്ഠിക്കാന്‍ ഏറ്റവും അര്‍ഹമായിട്ടുള്ളത്.' എന്നാല്‍ നമ്മുടെ (ശാഫിഈ മദ്ഹബിന്റെ) തെളിവ് ഇതാണ്; ഇഅ്തികാഫ് ഇബാദത്താണ്. അത് പള്ളിയില്ലാത്ത സ്ഥലത്ത് ചെയ്യുന്നത് അനുവദനീയമല്ല. ത്വവാഫ് പോലെ. സ്ത്രീക്കും അത് അവിടെയല്ലാതെ ശരിയാവുകയില്ല. പിന്നെ ഉദ്ധരിച്ച ഹദീസിന്റെയും ഖിയാസിന്റെയും അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ ഒരിക്കലും നമസ്‌കാരം പോലെയല്ല ഇഅ്തികാഫ്. കാരണം നമസ്‌കാരം വഴിയില്‍ വെച്ചും നടത്താം. ഇഅ്തികാഫ് പ്രത്യേക സ്ഥലത്തേ പാടുള്ളൂ'' (അല്‍ഹാവീ അല്‍കബീര്‍ 3/357). 

ശാഫിഈ മദ്ഹബിലെ മറ്റൊരു പമുഖ പണ്ഡിതന്‍ ഇമാം ശീറാസി പറയുന്നു: ''പുരുഷന്റെ ഇഅ്തികാഫ് പള്ളിയിലല്ലാതെ ശരിയാവുകയില്ല. അല്ലാഹു പറഞ്ഞു. 'നിങ്ങള്‍ അവരെ പള്ളിയില്‍ ഭജനത്തിലായിരിക്കെ സമീപിക്കരുത്.' ഈ സൂക്തം പള്ളിയിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ലായെന്ന് വ്യക്തമാക്കുന്നു'' (അല്‍ മുഹദ്ദബ് 2/637). 

നേരത്തെ ഇമാം ഇംറാനി(റ)യുടേതായി വന്ന അഭിപ്രായങ്ങള്‍ ഇമാം ശീറാസിയും വിവരിക്കുന്നു. ഇഅ്തികാഫിലായിരിക്കെ സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ എന്താണ് വിധിയെന്ന് പിന്നീടദ്ദേഹം പറയുന്നു. 

''ഇഅ്തികാഫിലായിരിക്കെ സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ പിന്നെ അവള്‍ പള്ളിയില്‍നിന്ന് പുറത്തിറങ്ങണം. കാരണം ആര്‍ത്തവകാരി അവിടെ തങ്ങുന്നത് ശരിയല്ല. എന്നാല്‍ അവളുടെ ഇഅ്തികാഫ് നിഷ്ഫലമാകുമോ? 

ആര്‍ത്തവത്താല്‍ വീണ്ടും തുടരുന്നത് അസാധ്യമായ ദൈര്‍ഘ്യമുള്ള ഇഅ്തികാഫാണ് കഴിഞ്ഞുപോയതെങ്കില്‍ അത് നിഷ്ഫലമാവുകയില്ല. എന്നാല്‍ ശുദ്ധിയായാല്‍ അവശേഷിക്കുന്ന എണ്ണം പൂര്‍ത്തിയാക്കാം. തുടര്‍ച്ചയായി രണ്ട് മാസം വ്രതമനുഷ്ഠിക്കുമ്പോള്‍ ആര്‍ത്തവമുണ്ടാവുന്നത് പോലെ. എന്നാല്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ഇഅ്തികാഫും ആര്‍ത്തവ കാരണം വീണ്ടും തുടരാന്‍ സാധ്യമാകുന്നതുമാണെങ്കില്‍ ഇഅ്തികാഫ് നിഷ്ഫലമാകും. മൂന്ന് ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുമ്പോള്‍ ആര്‍ത്തവമുണ്ടായാലെന്ന പോലെ'' (ശറഹുല്‍ മുഹദ്ദബ് 6/326). 

സ്ത്രീകളുടെ ഇഅ്തികാഫിനെ കുറിച്ച രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി (റ) എന്ത് പറയുന്നു? അല്‍ മുഹദ്ദബിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം പറഞ്ഞു:

''സ്ത്രീയുടെയും പുരുഷന്റെയും ഇഅ്തികാഫ് പള്ളിയിലല്ലാതെ ശരിയാവുകയില്ല, സ്ത്രീയുടെ വീട്ടിലെ പള്ളിയിലോ, പുരുഷന്റെ വീട്ടിലെ പള്ളിയിലോ ആകാവതല്ല. ഇതാണ് ശാഫിഈ മദ്ഹബും ഗ്രന്ഥകാരനും (അല്‍ മുഹദ്ദബിന്റെ കര്‍ത്താവ്) പറഞ്ഞിട്ടുള്ളത്. അതാണ് ഇറാഖികളായ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.'' (ശറഹുല്‍ മുഹദ്ദബ്  6/326).

ശാഫിഈ മദ്ഹബിലെ ഇരട്ട ഇമാമുകളാണ് ഇമാം നവവിയും ഇമാം റാഫിഈയും. ഇവര്‍ രണ്ടാളും ഒരു വിഷയത്തില്‍ ഏകോപിച്ചാല്‍ മദ്ഹബിലെ പ്രബലമായ അഭിപ്രായമായിരിക്കുമത്. 

ഇമാം റാഫിഈ (മരണം ഹി. 623) അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ അല്‍ മുഹര്‍റര്‍ ഫീ ഫിഖ്ഹില്‍ ഇമാമിശ്ശാഫിഈയില്‍ പറയുന്നു. 

''ഇഅ്തികാഫ് മസ്ജിദില്‍ മാത്രമേ ശരിയാകൂ. ജുമുഅത്തു പള്ളികളാണ് ഉത്തമം. ഇമാം ശാഫിഈയുടെ പുതിയ അഭിപ്രായമനുസരിച്ച് സ്ത്രീകള്‍ക്ക് അവരുടെ വീട്ടിലെ പള്ളിയില്‍ അനുവദനീയമല്ല. വീട്ടില്‍ നമസ്‌കാരത്തിനായി പ്രത്യേകമായി സജ്ജമാക്കി ഉയര്‍ത്തപ്പെട്ട സ്ഥലമായാലും ശരി'' (അല്‍ മുഹര്‍റര്‍ 1/391). 

കേരളത്തിലെ ചില ശാഫിഈ പണ്ഡിതര്‍ സ്ത്രീകളുടെ ഇഅ്തികാഫ് പള്ളിയില്‍ ഹറാമാണെന്ന പക്ഷക്കാരാണ്. എന്നാല്‍ ഇമാം ശാഫിഈയും മദ്ഹബിലെ ഉന്നത പണ്ഡിതരും സ്ത്രീകള്‍ക്ക് പ്രതിഫലാര്‍ഹമാകുന്ന ഇബാദത്തിന്റെ ഗണത്തിലാണ് അത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇമാം റാഫിഈയെ കുറിച്ച് ഇമാം സുബ്കി എഴുതി: ''ഇമാം നവവി പറയുന്നു. റാഫിഈ സ്വാലിഹുകളില്‍ പെട്ട മഹാന്‍. ധാരാളം കറാമത്തുകളുടെ ഉടമ. ഇസ്ഫറാഈനി പറയുന്നു, കാലഘട്ടത്തിന്റെ മുജ്തഹിദ്'' (ത്വബഖാതുശ്ശാഫിഇയ്യ 8/284). 

സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളിലും ഇഅ്തികാഫിലും പങ്കെടുക്കുന്നത് ഹറാമാണെങ്കില്‍ പിന്നെ എന്തിനാണ് അതില്‍ പങ്കെടുക്കുന്നതിന്റെ വിധി പൂര്‍വികരായ ശാഫിഈ പണ്ഡിതര്‍ പറഞ്ഞത്? ഇതേക്കുറിച്ച് കേരളത്തിലെ ശാഫിഈകളോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി കൗതുകകരമാണ്. വ്യഭിചരിച്ചാല്‍ കുളി നിര്‍ബന്ധമാണെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം വ്യഭിചാരം ഹലാലാണെന്നാണോ? 

കിതാബുല്‍ ഉമ്മിലെ 'ഇഅ്തികാഫിന്റെ' അധ്യായത്തിലെ അവസാന വാചകം ഇതിനുള്ള വ്യക്തമായ മറുപടിയാണ്. ഇമാം ശാഫിഈ പറയുന്നു: ''ഇഅ്തികാഫ് അനുഷ്ഠിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. അങ്ങനെ അവരുടെ ഇദ്ദ കാലാവധി പൂര്‍ത്തായായാല്‍ പള്ളിയില്‍ തിരിച്ച് വരികയും ബാക്കിയുള്ളത് പൂര്‍ത്തീകരിക്കുകയും വേണം. എന്നാല്‍ ഇങ്ങനെ പറയുന്നവരുണ്ട്; അവള്‍ക്ക് പുറത്ത് പോകാന്‍ പാടുള്ളതല്ല. പോയാല്‍ പിന്നെ ആദ്യം മുതലേ വീണ്ടും തുടങ്ങണം'' (കിതാബുല്‍ ഉമ്മ് 2/149).

ഹറാമായ കാര്യത്തിലേക്ക് തിരിച്ച് പോകാനാണോ ഇവിടെ ഇമാം ശാഫിഈ വിധി പറഞ്ഞിരിക്കുന്നത്?

 

ഈദ് ഗാഹ്

പെരുന്നാള്‍ നമസ്‌കാരം പള്ളികളിലല്ല നിര്‍വഹിക്കപ്പെടേണ്ടത്, മുസ്വല്ല(മൈതാനം)യിലാണെന്നാണ് എല്ലാ സ്വഹീഹായ ഹദീസുകളും പഠിപ്പിക്കുന്നത്. അവിടെ പള്ളിയുടെ വിശാലതയോ ഇടുക്കമോ കാരണമായി പരാമര്‍ശിക്കുന്നേയില്ല. ശാഫിഈ മദ്ഹബ് പ്രകാരം ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ പള്ളിയില്‍ നിര്‍വഹിക്കുന്നത് ഏറ്റവും ഉത്തമമാണെന്നും, എന്നാല്‍ മൈതാനത്ത് നിര്‍വഹിക്കുന്നത് കറാഹത്തല്ലെന്നും പഠിപ്പിക്കുന്നു. ഇനി പള്ളി വിശാലമല്ലെങ്കില്‍ മൈതാനത്ത് നമസ്‌കരിക്കുന്നത് ഏറ്റവും ഉത്തമവും പള്ളിയില്‍ നമസ്‌കരിക്കുന്നത് കറാഹത്തുമാണ്. അഥവാ വിശാലത കണക്കിലെടുക്കുമ്പോള്‍ പള്ളിയില്‍ കറാഹത്താകുന്ന സന്ദര്‍ഭമുണ്ട്. എന്നാല്‍ ഏതവസ്ഥയിലും മൈതാനത്ത് കറാഹത്താകുന്ന സന്ദര്‍ഭമില്ല. 

ഇമാം ശാഫിഈ തന്നെ പറയട്ടെ: ''നമുക്ക് ലഭിച്ചിരിക്കുന്നത് ഇതാണ്. നബി(സ) ഇരു പെരുന്നാളുകള്‍ക്കും മദീനയിലെ മുസ്വല്ലയിലേക്കായിരുന്നു പുറപ്പെടാറുള്ളത്. അങ്ങനെ തന്നെയായിരുന്നു നബിക്ക് ശേഷം എല്ലാ രാജ്യക്കാരും ചെയ്ത് പോന്നിരുന്നത്. എന്നാല്‍ മക്കക്കാര്‍ ഒഴികെ. നമുക്ക് ലഭിച്ചത് പ്രകാരം സ്വലഫുകളില്‍ ആരും മക്കയില്‍ അവരുടെ പള്ളിയിലല്ലാതെ പെരുന്നാള്‍ നമസ്‌കരിച്ചിട്ടില്ല. അതിനുള്ള കാരണം മസ്ജിദുല്‍ ഹറാം ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമാണ് എന്നതാണ്. അതിലെ സൗകര്യം കണക്കിലെടുത്ത് അതില്‍ നിന്ന് പുറത്ത് പോകാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ ഇത് പറയാന്‍ മറ്റൊരു കാരണം, മക്കയിലെ ഒരു വീടിന്റെ ഭാഗത്തും ഇത്ര വിശാലതയില്ലായിരുന്നു. മഴയെ തേടുന്ന നമസ്‌കാരമോ പെരുന്നാളോ അവര്‍ അവിടെയല്ലാതെ നമസ്‌കരിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല'' (കിതാബുല്‍ ഉമ്മ് 1/389). 

ഈ ഉദ്ധരണിയുടെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് കേരളത്തിലെ ചില വിഭാഗങ്ങള്‍ പള്ളികളിലാണ് ഈദ് നമസ്‌കാരം ഉത്തമമെന്ന് സ്ഥാപിക്കാന്‍ വിഫലശ്രമം നടത്താറുളളത്. എന്നാല്‍ ഇമാം ശാഫിഈ (റ) തുടര്‍ന്ന് പറയുന്നു. 

''ഒരു നാട് സ്ഥാപിതമാവുകയും, അവിടുത്തെ പള്ളിക്ക് ആ നാട്ടുകാരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലതയുണ്ടാവുകയും ചെയ്താല്‍ പിന്നെ അവര്‍ പള്ളിക്ക് പുറത്തേക്ക് പോകേണ്ടതില്ല. എന്നിട്ടും അവര്‍ പുറത്ത് നിന്ന് നമസ്‌കരിച്ചാല്‍ ഒരു കുഴപ്പവും ഇല്ലതാനും. എന്നാല്‍, പള്ളി നാട്ടുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നാല്‍ അവിടെ നമസ്‌കരിക്കുന്നത് ഞാന്‍ വെറുക്കുന്നു. എന്നാല്‍ ആ അവസ്ഥയില്‍ പള്ളിയില്‍ നമസ്‌കരിച്ചാല്‍ മൈതാനത്ത് പോയി വീണ്ടും മടക്കേണ്ടതില്ല'' (കിതാബുല്‍ ഉമ്മ് 1/389).

രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസി(റ)നെ ഉദ്ധരിച്ച് ഇമാം ശാഫിഈ പറയുന്നു: ''ഉമറുബ്‌നു അബ്ദില്‍ അസീസ് മദീനയിലെ ഗവര്‍ണറായ തന്റെ മകന് കത്തെഴുതി. 'പെരുന്നാള്‍ ദിനം സൂര്യനുദിച്ചാല്‍ നീ മുസ്വല്ലയിലേക്ക് പുറപ്പെടുക'' (കിതാബുല്‍ ഉമ്മ് 1/381). 

നബി(സ)യുടെ പള്ളിയായിരുന്നിട്ടും, മറ്റു പള്ളികളേക്കാള്‍ അനേകമിരട്ടി പ്രതിഫലമുണ്ടായിട്ടും ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) തന്റെ മകനോട് കസീറുബ്‌നു സ്വല്‍തി(റ)ന്റെ വീട്ടിന്റെ അടുത്തുള്ള മരുഭൂമിയിലേക്ക് പുറപ്പെടാനാണ് കത്തെഴുതിയിരിക്കുന്നത്. മാത്രമല്ല ആയിരക്കണക്കിന് താബിഉകള്‍ പങ്കെടുത്ത മസ്ജിദുന്നബവിയുടെ മിമ്പറില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് വെള്ളിയാഴ്ചത്തെ ഖുത്വ്ബയില്‍ ശനിയാഴ്ചയിലെ ഈദുല്‍ ഫിത്വ്‌റിന് മൈതാനത്ത് പോകാന്‍ കല്‍പ്പിക്കുന്നു. 

ഇമാം ഇബ്‌നു ഖുദാമ (മരണം ഹി: 620) എഴുതുന്നു: ''അബ്ദുല്ലാഹിബ്‌നു അലാഇല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: വെള്ളിയാഴ്ച മിമ്പറില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് പറയുന്നത് ഞാന്‍ കേട്ടു: നാളെ ഈദുല്‍ ഫിത്വ്‌റാണ്. അതിനാല്‍ നിങ്ങള്‍ മുസ്വല്ലയിലേക്ക് നടന്നു പോവുക. അതാണ് ചര്യ. എന്നാല്‍ വിദൂര ദേശത്തുള്ളവര്‍ മദീന വരെ വാഹനത്തില്‍ വരാം. ഇവിടെയെത്തിയാല്‍ മുസ്വല്ലവരെ നടക്കുക'' (അല്‍മുഗ്‌നി 3/262). 

സ്വഹാബത്തും ത്വാബിഉകളും ഫജ്ര്‍ നമസ്‌കരിച്ച് ഈദ് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. ഇബ്‌നു അബീ ശൈബ (മരണം ഹി. 235) തന്റെ പ്രസിദ്ധമായ അല്‍ മുസ്വന്നഫ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 

മസ്അല 5653, 5654: ''നാഫിഅ് പറയുന്നു: ഫജ്ര്‍ മസ്ജിദുന്നബവിയില്‍ നിന്ന് നിര്‍വഹിച്ച ശേഷം ഇബ്‌നു ഉമര്‍ സാധാരണ ചെയ്യാറുള്ള പോലെ മുസ്വല്ലയിലേക്ക് പുറപ്പെടും... ഇബ്‌നു ഹര്‍മലയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു. അദ്ദേഹവും സഈദുബ്‌നു മുസ്വയ്യിബും മസ്ജിദുന്നബവിയില്‍ നിന്ന് സ്വുബ്ഹ് നമസ്‌കരിച്ച ശേഷം കസീറുബ്‌നു സ്വില്‍തിന്റെ വീട്ടിന്റെ മുന്നിലെ മുസ്വല്ലയിലേക്ക് പോകും'' (അല്‍ മുസ്വന്നഫ് 3/10). 

താബിഉകളുടെ സയ്യിദെന്ന് അറിയപ്പെടുന്ന സഈദുബ്‌നു മുസ്വയ്യിബ് (റ), ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് ഇവരാണ് താബിഉകളിലെ ഏറ്റവും പ്രമുഖര്‍. മദീന പള്ളിയിലെ മിമ്പറിലും മകനുള്ള എഴുത്തിലും, ജനങ്ങളെ ഇവര്‍ മുസ്വല്ലയിലേക്ക് പോകാന്‍ ഉദ്‌ബോധിപ്പിക്കുന്നു. മറ്റു പള്ളികളില്‍ നിന്ന് ഭിന്നമായി ധാരാളം ശ്രേഷ്ഠതകള്‍ ഉണ്ടായിരിക്കെത്തന്നെ അവിടെ നിന്ന് ഈദ് ഗാഹുകളിലേക്ക് പോകുന്നു. 

ഈദ്ഗാഹ് സംബന്ധിച്ച് കേരളത്തിലെ ശാഫിഈ പ്രഭാഷകന്‍   എഴുതുന്നത് കാണുക. ''ആരാധനകളിലൂടെ ആദര്‍ശ വ്യതിയാനത്തിലേക്ക് നയിക്കുന്ന ബിദ്ഈ ശ്രമങ്ങളിലൊന്നാണ് ഈദ് ഗാഹുകള്‍. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്നോളമുള്ള സജ്ജനങ്ങളെല്ലാം പള്ളികളില്‍ വെച്ചായിരുന്നു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നതെന്നത് അവിതര്‍ക്കിതമാണ്. ഈ പൈതൃക വിശുദ്ധിക്ക് കളങ്കം ചാര്‍ത്തുകയാണ് ഈദ് ഗാഹുകള്‍'' (പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുന്നീവോയ്‌സ് 2006 ഒക്‌ടോബര്‍ 1-15). 

മൈതാനത്ത് നിര്‍വഹിക്കുന്ന പെരുന്നാള്‍ നമസ്‌കാരം കടുത്ത അക്രമമാണെന്നും നാല് മദ്ഹബുകളോടുള്ള ധിക്കാരമാണെന്നും അദ്ദേഹം പറയുന്നു. 

''പുണ്യദിനങ്ങളിലും പുണ്യസ്ഥലങ്ങളിലും മരണവീട്ടില്‍പോലും മുസ്‌ലിംകളെ ഭിന്നിപ്പിക്കാന്‍ പുതിയ ആശയങ്ങളും ആചാരങ്ങളും മെനഞ്ഞുണ്ടാക്കി ഉള്ളതിന് മാറ്റം വരുത്തി നാല് മദ്ഹബുകളെയും ധിക്കരിച്ച് സ്വയം മദ്ഹബ് ഉണ്ടാക്കുന്നവരുടെ കുത്സിത ശ്രമങ്ങളില്‍ ഭാഗവാക്കാകുന്നത് ദീനിനോട് ചെയ്യുന്ന കടുത്ത അക്രമമാണെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കണം'' (സുന്നീവോയ്‌സ് 2006 ഒക്‌ടോബര്‍ 1-15, പേജ് 7). 

ഇവര്‍ 'ഗൗസുല്‍ അഅ്‌ളമെ'ന്ന് വിശേഷിപ്പിക്കുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (മരണം ഹി. 561) അല്‍ ഗുന്‍യഃയില്‍ പറയുന്നു: ''പെരുന്നാള്‍ നമസ്‌കാരം മൈതാനത്താണ് ഏറ്റവും ഉത്തമം. കാരണമില്ലാതെ പള്ളിയില്‍ നിര്‍വഹിക്കുന്നത് കറാഹത്താണ്. സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല'' (അല്‍ഗുന്‍യ 2/127). 

ഇമാം ഇബ്‌നു ഖുദാമ (റ) 'അല്‍ മുഗ്‌നിയില്‍' പറയുന്നു: ''മുസ്വല്ലയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കരിക്കലാണ് നബിചര്യ. അങ്ങനെ ചെയ്യാനാണ് അലി (റ) കല്‍പ്പിച്ചത്. ഇമാം ഔസാഇയും അഹ്‌ലുര്‍റഅ്‌യും അതാണ് ഇഷ്ടപ്പെട്ടത്. അതാണ് ഇബ്‌നു മുന്‍ദിറിന്റെയും അഭിപ്രായം. എന്നാല്‍ ഇമാം ശാഫിഈയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നത് ഒരു ദേശത്തെ പള്ളി വിശാലമാണെങ്കില്‍ അവിടെ നിര്‍വഹിക്കലാണ് ഉത്തമമെന്നാണ്. കാരണം അതാണ് ഏറ്റവും വൃത്തിയും ഉത്തമവുമായ സ്ഥലം. മക്കക്കാര്‍ അതിനാലാണ് ഹറമില്‍ അത് നിര്‍വഹിക്കുന്നത്. എന്നാല്‍ ഇതിന് നമുക്ക് പറയാനുള്ളത് ഇതാണ്. നബി (സ) അവിടുത്തെ പള്ളി തന്നെ ഒഴിവാക്കിക്കൊണ്ട് മുസ്വല്ലയിലേക്ക് പോകുമായിരുന്നു. അവിടുത്തെ ഖലീഫമാരും അതു തുടര്‍ന്നു. അടുത്ത് നില്‍ക്കുന്നതും ഏറ്റവും നല്ലതും ഉപേക്ഷിച്ച് ദൂരത്തുള്ളതും നന്മ കുറഞ്ഞതും നബി (സ) ചെയ്യുകയെന്നത് അസംഭവ്യമാണ്. അതാണ് ഉമ്മത്തിന് കല്‍പ്പിക്കപ്പെട്ടത്. കല്‍പ്പിക്കപ്പെട്ടത് ന്യൂനവും വിരോധിക്കപ്പെട്ടത് അന്യൂനവുമെന്നത് അസംഭവ്യമാണ്. ഇത് ഇജ്മാആണ്. ഒരു കാരണവുമില്ലാതെ നബി (സ) പളളിയില്‍ നമസ്‌കരിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഏത് ദേശത്തും, ഏത് കാലത്തും പള്ളി ഇടുങ്ങിയതോ വിശാലമോ ആവട്ടെ ജനങ്ങള്‍ മുസ്വല്ലയിലായിരുന്നു അത് നിര്‍വഹിച്ചു പോന്നത്'' (അല്‍ മുഗ്‌നി, വാള്യം 3, പേജ് 260, മസ്അല 301). 

അപ്പോള്‍ 'എല്ലാ മദ്ഹബിലും പെരുന്നാള്‍ നമസ്‌കാരം പള്ളിയിലാണെ'ന്ന് വാദിക്കുന്നത് കളവാണെന്ന്  വ്യക്തമായി. 

'കാലികള്‍ മേയുന്ന സ്ഥലമെന്ന' വിമര്‍ശനത്തിന് ഇമാം ശാഫിഈ മറുപടി പറയുന്നു; ''ഇമാം നിലത്ത് നിന്ന് കൊണ്ട് ഖുത്വ്ബ പറയുന്നതില്‍ വിരോധമില്ല. അബൂസഈദുല്‍ ഖുദ്‌രിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു; ഇമാം വാഹനത്തില്‍ ആയിരിക്കെ ഖുത്വ്ബ നിര്‍വഹിച്ചാലും കുഴപ്പമില്ല. ഇബ്‌നു സീരീനില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു. 'നബി (സ) ഈദുല്‍ അദ്ഹാ, ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാര ശേഷം വാഹനത്തില്‍ ഇരുന്ന് ഖുത്വ്ബ നിര്‍വഹിച്ചു'' (കിതാബുല്‍ ഉമ്മ് 1/394). 

ഇവിടെ സൂചിപ്പിക്കുന്ന 'വാഹനം' കാറും ബസ്സുമൊന്നുമല്ലല്ലോ. കന്നുകാലി വിഭാഗത്തില്‍ പെട്ട ഒട്ടകവും കഴുതയും കുതിരയുമൊക്കെയാണ്. അവ ഈദ്ഗാഹുകളില്‍ പ്രവേശിക്കാം എന്നും അവയെ പ്രവേശിപ്പിക്കുകയും അവയുടെ പുറത്തിരുന്ന് ഈദ് ഖുത്വ്ബ നടത്തുകയും ചെയ്യാമെന്നുമാണ് ഇമാം ശാഫിഈ (റ) പറയുന്നത്. കന്നുകാലി വിഭാഗത്തില്‍ പെട്ടത്, അതും ഖുത്വ്ബ നിര്‍വഹിക്കുന്ന സ്ഥലത്ത്. ഒട്ടകം ആ സമയം അതിന്റെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാം. അതിന് അറിയില്ലല്ലോ ഈദ് ഖുത്വ്ബയുടെ സന്ദര്‍ഭമാണെന്ന്. 

ഇമാം ബൈഹഖി (മരണം ഹി. 458) സുനനുല്‍ കുബ്‌റാ എന്ന ഗ്രന്ഥത്തിലെഴുതി: ''നബി (സ), ഉസ്മാന്‍ (റ), അലി (റ), മുഗീറ (റ) എന്നിവര്‍ ഒട്ടകത്തില്‍ ഇരുന്ന് കൊണ്ട് ഖുത്വ്ബ നടത്തി'' (സുനനുല്‍ കുബ്‌റാ 3/419). 

ഇമാം ഗസാലി (മരണം ഹി. 505) തന്റെ പ്രസിദ്ധമായ 'അല്‍ വജീസി'ല്‍ പറയുന്നു: ''പെരുന്നാളില്‍ നടന്ന് കൊണ്ട് മൈതാനത്തില്‍ പോകണം. അതാണ് പള്ളിയേക്കാള്‍ ഉത്തമം, മക്കയിലൊഴികെ'' (അല്‍വജീസ് 1/70).

ഇമാം അര്‍റുഖ്‌യാനി ഈ വിഷയത്തിന്റെ രത്‌നച്ചുരുക്കം പറയുന്നത് കാണുക. ''ചുരുക്കത്തില്‍, ഏതവസ്ഥയിലായാലും പെരുന്നാള്‍ നമസ്‌കാരം പള്ളിയിലും മൈതാനത്തും അനുവദനീയം തന്നെ. പള്ളി വിശാലവും, മഴ പോലുള്ള കാരണങ്ങളുമുണ്ടെങ്കില്‍ പള്ളിയാണ് ഉത്തമം. അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്തപോലെ.... ഈ അവസ്ഥയിലും മൈതാനത്ത് പോയാല്‍ കറാഹത്തോ, കുഴപ്പമോ ഇല്ല. എന്നാല്‍ പള്ളി ഇടുങ്ങിയതാണെങ്കില്‍ മൈതാനത്ത് തന്നെയാണ് ഉത്തമം. ഈയവസ്ഥയിലും ഒരാള്‍ പള്ളിയില്‍ പോകുന്നുവെങ്കില്‍ അത് കറാഹത്താണ്'' (ബഹ്‌റുല്‍ മദ്ഹബ് 3/216). 

ഈ കാര്യങ്ങള്‍ തന്നെയാണ് ഇമാം നവവി (റ), ഇമാം ശീറാസി (റ), ഇമാം ഇംറാനി, ഇമാമുല്‍ ഹറമൈനി (റ), ഇമാം റാഫിഈ(റ) ഒക്കെ വിശദീകരിക്കുന്നത്. ഈദ്ഗാഹിലെ പെരുന്നാള്‍ നമസ്‌കാരം, സ്ത്രീകളുടെ പള്ളിപ്രവേശം, ജുമുഅ, ഇഅ്തികാഫ് എന്നിവയില്‍ ശാഫിഈ മദ്ഹബിന്റെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവര്‍ എങ്ങനെ ശാഫിഈ മദ്ഹബിനെ പിന്തുടരുന്നവരാകും? ശാഫിഈ മദ്ഹബല്ല, സ്വന്തം ഇജ്തിഹാദിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു പ്രത്യേക മദ്ഹബാണ് കേരളത്തില്‍ ഇവര്‍ പിന്തുടരുന്നതെന്ന് പറയേണ്ടിവരും. 

ശമീര്‍ കെ. വടകര: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി. ദുബൈയില്‍ പ്രോപര്‍ട്ടി മാനേജറായി ജോലി ചെയ്യുന്നു. ഇബ്‌നു തൈമിയ്യയെക്കുറിച്ച് പ്രത്യേക പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍:0097508822148. 

ഇമെയില്‍: [email protected]


Comments

Other Post