ഇന്ത്യയിലെ പണ്ഡിതന്മാര്‍ കലാലയങ്ങള്‍
അറബികള്‍ക്ക് നേരത്തേ വ്യാപാര ബന്ധമുണ്ടായിരുന്ന ഇന്ത്യയിലേക്ക് സ്വഹാബികളുടെ കാലം മുതല്‍തന്നെ ഇസ്‌ലാമിക പ്രബോധനാര്‍ഥം മുസ്‌ലിംകള്‍ വന്നുതുടങ്ങിയിരുന്നു. മുഹമ്മദ് നബി(സ)യുടെ കാലം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കകം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബിന്റെ കാലത്താണ് ഇസ്‌ലാം ഇന്ത്യയില്‍ എത്തിയതെന്ന് മൗലാനാ ഖാദി അത്വാഉര്‍റഹ്മാന്‍ മുബാറക്പൂരി, തന്റെ അറബ് വ ഹിന്ദ് അഹ്‌ദേ രിസാലത്ത് മേം എന്ന കൃതിയില്‍ (പേജ്-187) വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ മേഖലകളില്‍ ഉമറുബ്‌നുല്‍ ഖത്വാബിന്റെ കാലത്ത് ഇസ്‌ലാം എത്തിച്ചേര്‍ന്നതായി അല്ലാമാ ബലാദുരിയും (ഫുതൂഹുല്‍ ബുല്‍ദാന്‍-402) രേഖപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍നിന്നുള്ള മരങ്ങള്‍ അക്കാലത്ത് അറേബ്യയില്‍ എത്തിയിരുന്നുവത്രെ (അറബ് വ ഹിന്ദ് അഹ്‌ദേ രിസാലത്ത് മേം-51).
ഇന്ത്യന്‍ മുസ്‌ലിംകളില്‍ കൂടുതല്‍ സ്വാധീനമുള്ളത് ഹനഫീ മദ്ഹബിനാണ്. ഉത്തരേന്ത്യയില്‍ പൊതുവിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും ഹനഫീ മദ്ഹബാണ് മുസ്‌ലിംകള്‍ പിന്തുടരുന്നത്. മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും കര്‍ണാടകയിലെ ബട്കല്‍, തമിഴ്‌നാട്ടിലെ ചില ഭാഗങ്ങള്‍, കേരളത്തിലെ മലബാര്‍ പ്രദേശങ്ങളിലുമാണ് ഇന്ത്യയില്‍ ശാഫിഈ മദ്ഹബിന് കൂടുതല്‍ പ്രചാരമുള്ളത്. കൂഫ, ബഗ്ദാദ്, ഈജിപ്ത്, യമന്‍, മദീന മുനവ്വറ, ഹളറമൗത് തുടങ്ങിയ അറബ് നാടുകളില്‍നിന്നാണ് ഇന്ത്യയില്‍ ആദ്യകാലത്ത് മുസ്‌ലിംകള്‍ വന്നിട്ടുള്ളത്. ഈ നാടുകളില്‍ ചിലതില്‍ ശാഫിഈ മദ്ഹബിന് സ്വാധീനമുണ്ടായിരുന്നു. സ്വാഭാവികമായും അവിടങ്ങളില്‍നിന്ന് വന്നവര്‍ ഫിഖ്ഹില്‍ ശാഫിഈ സരണിയാണല്ലോ പിന്തുടരുക. അവര്‍ മുഖേനയാണ് ഇന്ത്യയില്‍ ഇപ്പോള്‍ ശാഫിഈ മദ്ഹബിന് പ്രചാരമുള്ള മേഖലകളില്‍, അതിന് സ്വാധീനം നേടാന്‍ കഴിഞ്ഞത്. കടല്‍യാത്രകളിലൂടെയാണ് അറബ് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വന്നത് എന്നതുകൊണ്ടുതന്നെ, തീരപ്രദേശങ്ങളാണ് അവരുടെ ആദ്യഘട്ട താവളങ്ങളും പ്രവര്‍ത്തനകേന്ദ്രങ്ങളുമായത്. തീരദേശ മേഖലകളില്‍ പലതിലും ശാഫിഈ മദ്ഹബിന് സ്വാധീനമുണ്ടായതും അതുകൊണ്ടാകണം. കേരളത്തിലെ പൊന്നാനി മേഖല കേന്ദ്രീകരിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ ശാഫിഈ ഫിഖ്ഹിനുണ്ടായ പ്രചാരം ഇതിന്റെ ഭാഗമാണ്. പള്ളികള്‍, ദീനീ വിദ്യാലയങ്ങള്‍, പണ്ഡിതര്‍, ഗ്രന്ഥങ്ങള്‍ എന്നിവയിലൂടെയാണ് ഇന്ത്യയില്‍ ശാഫിഈ മദ്ഹബ് വളര്‍ച്ച പ്രാപിച്ചത്. അത്തരം ചില പണ്ഡിതരെയും മതവിദ്യാലയങ്ങളെയും കുറിച്ച ലഘു വിവരണമാണ് ഈ ലേഖനത്തില്‍.
ഖാദി സൈനുദ്ദീന്‍ ഇബ്‌റാഹീം, ഇമാം മുഹമ്മദുബ്‌നു അബ്ദുര്‍റഹീമിബ്‌നു സ്വഫിയ്യുദ്ദീന്‍, അല്ലാമാ മഖ്ദൂം അലി അല്‍ മുഹാമി (ഹി. 835 മരണം), ശൈഖ് റശീദ് മുഹമ്മദ് സഈദ് അല്‍ കോക്‌നി, ഖാദി സൈനുദ്ദീനുബ്‌നു റമദാനുബ്‌നുല്‍ ഖാദി, മൂസബ്‌നു ഇബ്‌റാഹീമുബ്‌നു ശാലിയാതി, ഖാദി ഫഖ്‌റുദ്ദീന്‍ അബൂബക്‌റുബ്‌നു ശൈഖ് സൈനുദ്ദീന്‍, ശൈഖ് അബൂ യഹ്‌യ സൈനുദ്ദീനു ബ്‌നു അലിയ്യുബ്‌നു അഹ്മദ്, ഖാദി ശിഹാബുദ്ദീന്‍ അഹ്മദുബ്‌നു ശൈഖ് അബൂബക്ര്‍ ഫഖ്‌റുദ്ദീന്‍ ശാലിയാതി, സയ്യിദ് അഹ്മദ് ജലാലുദ്ദീനു ബ്‌നു സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി അല്‍ ജലാലി, ശൈഖ് അബ്ദുല്ലാഹിബ്‌നു ശൈഖ് ഇബ്‌നു അബ്ദുല്ല ഐദറൂസി അല്‍ യമനി (അഹ്മദാബാദ്) തുടങ്ങിയവര്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന പ്രമുഖ ശാഫിഈ പണ്ഡിതന്മാരാണ്.
ഇന്ത്യയിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതനായിരുന്ന ഇമാം മുഹമ്മദുബ്‌നു അബ്ദുര്‍റഹീം സ്വഫിയ്യുദ്ദീന്‍, ഹി 644 റബീഉല്‍ ആഖറില്‍ ദല്‍ഹിയിലാണ് ജനിച്ചത്. അര്‍മീനിയയില്‍ ജീവിച്ചിരുന്ന ശാഫിഈ പണ്ഡിതന്‍ സിറാജുദ്ദീനോടൊപ്പം കുറച്ചുകാലം അദ്ദേഹം സഹവസിച്ചിരുന്നു. ഇതുകാരണം 'ഇമാം സ്വഫിയ്യുദ്ദീന്‍ അര്‍മവി' എന്നും അറിയപ്പെടുകയുണ്ടായി. ഹിജ്‌റ 667-ല്‍ ദല്‍ഹി വിട്ട സ്വഫിയ്യുദ്ദീന്‍ യമന്‍, മക്ക, ഈജിപ്ത്, റോം തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഹിജ്‌റ 675 ല്‍ ദമസ്‌കസിലെത്തിയ അദ്ദേഹം ശിഷ്ടകാലം അവിടെ ജീവിക്കാന്‍ തീരുമാനിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുമായി അദ്ദേഹം സംവാദത്തില്‍ ഏര്‍പ്പെടുകയുണ്ടായി. നിഹായത്തുല്‍ മൂസൂല്‍ ഫീ ദിറായത്തില്‍ ഉസ്വൂല്‍, അസ്സബ്ദ, അല്‍ഫാഇഖ്, അര്‍രിസാലത്തുത്തിസ്ഈനിയ്യ ഫില്‍ ഉസ്വൂലിദ്ദീനിയ്യ, അര്‍രിസാല അസ്സൈഫിയ്യ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ഹിജ്‌റ 715 സ്വഫറില്‍ ദമസ്‌കസില്‍ മരണപ്പെട്ടു.
ഹിജ്‌റ 776 ല്‍ പഴയ ഗുജറാത്തില്‍-ഇന്നത്തെ മഹാരാഷ്ട്രയിലെ കൊങ്കണിലുള്ള മഹാഇമില്‍ ജനിച്ച ശാഫിഈ പണ്ഡിതനാണ് ശൈഖ് മഖ്ദൂം അലി മഹാഇമി. തബ്‌സ്വീറുര്‍റഹ്മാന്‍ വതയ്‌സീറുല്‍ മന്നാന്‍, -തഫ്‌സീര്‍ മഹാഇമി-, തന്‍വീറുല്‍ ജിനാന്‍, രിസാല അജീബ്, ഇന്‍ആമുല്‍ മലികില്‍ അലാം ബി ഇഹ്കാമി ഹുക്മില്‍ അഹ്കാം, അജില്ലത്തു ത്തഅ്‌യീദ് ഫീ ശര്‍ഹി അദില്ലത്തിത്തൗഹീദ്, അദ്ദൗഉല്‍ അത്വ്ഹര്‍ ഫീ ശറഹിന്നൂറില്‍ അസ്ഗര്‍, ഖുസ്വൂസുന്നിഅം ഫീ ശറഹി ഫൂസ്വൂസില്‍ ഹുകും, അര്‍റുത്ത്ബത്തുര്‍റഫീഅ ഫില്‍ ജംഇ വത്തൗഫീഖി ബൈന അസ്‌റാറില്‍ ഹഖീഖ വ അന്‍വാരിശ്ശരീഅ, സവാരിഖുലത്ത്വാഇഫ് ഫീ ശറഹി അവാരിഫില്‍ മആരിഫ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഹിജ്‌റ 835-ലാണ് മരണം.
ശാഫിഈ മദ്ഹബിന്റെ യമന്‍-ഇന്ത്യ ബന്ധത്തിലെ ഒരു കണ്ണിയായിരുന്നു ശൈഖ് അബ്ദുല്ലാഹിബ്‌നു അബ്ദുല്ല ഐദറൂസി. ഹിജ്‌റ 919-ല്‍ (ക്രി. 1514) യമനിലെ തരീമില്‍ ജനിച്ച അദ്ദേഹം ഇന്ത്യയില്‍ വരികയും 32 വര്‍ഷം അഹ്മദാബാദില്‍ ജീവിച്ചശേഷം മരണപ്പെടുകയും ചെയ്തു. അല്ലാമാ ഇബ്‌നു ഹജറുല്‍ ഹൈതമി, ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദുബ്‌നു അബ്ദിര്‍റഹ്മാന്‍, ശൈഖ് അബൂബക്‌റുബ്‌നു ബിന്‍ അബ്ദുല്ല അല്‍ ഐദറുസി, അല്ലാമാ അബ്ദുല്ലാഹിബ്‌നു അഹ്മദ് ബാഖശീര്‍ അല്‍ഹള്‌റമി തുടങ്ങിയവരില്‍നിന്ന് ഇദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്. അല്‍ അഖ്ദുന്നബവി വസ്സിര്‍റുല്‍ മുസ്വ്ത്വഫവി, അല്‍ഫൗസു വല്‍ ബുശ്‌റാ, ഖസ്വീദ തുഹ്ഫത്തുല്‍ മുരീദ് ഫീ ഇല്‍മിത്തൗഹീദ്, രിസാലത്തുന്‍ ഫില്‍ അദ്ല്‍, നഫഹാത്തുല്‍ ഹികം അലാ ലാമിയത്തില്‍ അജം, ദീവാനെ ശിഅ്ര്‍ എന്നിവയാണ് രചനകള്‍.
ഈ പണ്ഡിതന്മാരുടെ വൈജ്ഞാനിക പരിശ്രമങ്ങളും ദീനീ വിദ്യാലയങ്ങളുടെ സേവനങ്ങളുമാണ് ഈ മേഖലകളില്‍ ശാഫിഈ മദ്ഹബിന്റെ പ്രചാരത്തിന് സഹായകമായി വര്‍ത്തിച്ചത്. കേരളം കഴിഞ്ഞാല്‍ ഇത്തരം സ്ഥാപനങ്ങള്‍ മഹാരാഷ്ട്രയിലാണ് കൂടുതലുള്ളത്.
ശാഫിഈ മദ്ഹബിന്റെ പഠനത്തിനും പ്രചാരണത്തിനും സഹായകമായി നിലകൊള്ളുന്ന മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഏതാനും ദീനീ വിദ്യാലയങ്ങളെ കൂടി പരിചയപ്പെടുത്താം.
ജാമിഅ ഹുസൈനിയ്യ, ശ്രീവര്‍ധന്‍
മഹാരാഷ്ട്രയിലെ കൊങ്കണ്‍ ഭാഗത്തെ ഉന്നത ഇസ്‌ലാമിക കലാലയമായ ജാമിഅ ഹുസൈനിയ്യ ഇന്ത്യയിലെ പ്രധാന ശാഫിഈ കേന്ദ്രമാണ്. ഹാജി അബ്ദുര്‍ റഹീം, ഹസ്‌റത്ത് മൗലാനാ സയ്യിദ് ശൗകത്തലി, മൗലാനാ അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തില്‍ 1964-ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ പാഠ്യപദ്ധതി രൂപീകരണത്തിന് അബുല്‍ ഹസന്‍ അലി നദ്‌വിയാണ് നേതൃത്വം നല്‍കിയത്.
പ്രൈമറി മുതല്‍ ബിരുദാനന്തരം വരെയുള്ള കോഴ്‌സുകളും മുഫ്തിമാരെയും ഖാദിമാരെയും മതവിധി നല്‍കാന്‍ പ്രാപ്തരായ പണ്ഡിതരെയും വാര്‍ത്തെടുക്കുന്ന ദാറുല്‍ ഖദായും ദാറുല്‍ ഇഫ്തായും, പ്രസിദ്ധമായ പത്ത് ശൈലികളിലുള്ള ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്ന ഖുര്‍ആന്‍ കോളജും ഹിഫള് കോളജുമുള്‍പ്പെടുന്ന ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയമാണ് ജാമിഅ ഹുസൈനിയ്യ.
ഖുവ്വതുല്‍ ഇസ്‌ലാം
അറബിക് കോളേജ്, മുംബൈ
മുംബൈയില്‍ 1942-ല്‍ മലയാളികളാല്‍ സ്ഥാപിതമായ ഈ കോളേജ് ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദായുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഹനഫികളാണ് ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ കൂടുതല്‍. മദ്‌റസ തഹ്ഫീളുല്‍ ഖുര്‍ആന്‍ -മഹാദ്, മദ്‌റസ റഹ്മാനിയ്യ-മാന്‍ജറൂന, ജാമിഅ ദാറുല്‍ ഉലൂം ഫൈദുല്‍ ഖുര്‍ആന്‍-കാലസ്ത, മദ്‌റസ ദാറുല്‍ ഖുര്‍ആന്‍-ഗോല്‍കോട്ട് തുടങ്ങി ശാഫിഈ മദ്ഹബനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നിരവധി വിദ്യാലയങ്ങള്‍ ഉണ്ട്.
മൗലാനാ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ റായ്ഘട്ട് ജില്ലയിലെ പനവേലിനടുത്ത തലൂജയിലുള്ള മദ്‌റസ ഇസ്‌ലാമിയ്യ 1981-ല്‍ സ്ഥാപിതമായതാണ്. പ്രൈമറി തലം മുതല്‍ ബിരുദ തലം വരെയുള്ള കോഴ്‌സുകള്‍ക്ക് പുറമെ ഹിഫ്‌ള് കോഴ്‌സും ഇവിടെയുണ്ട്. മഹാരാഷ്ട്രയിലെ റായ്ഘട്ട് ജില്ലയിലെ മഹാട്ടിനടുത്തുള്ള തട്ടേല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന മദ്‌റസ അശ്‌റഫിയ്യയില്‍ അറബിക്കോേളജും ഹിഫ്‌ള് കോഴ്‌സുമാണുള്ളത്. 1990-ല്‍ മൗലാനാ ദാവൂദ് ഉമര്‍ ആണ് ഇത് ആരംഭിച്ചത്. റായ്ഘട്ട് ജില്ലയിലെ അലിബാഗില്‍ 1999-ല്‍ മൗലാനാ നാസര്‍ ഹസന്‍ സ്ഥാപിച്ച മദ്‌റസ ഫൈദുല്‍ ഉലൂമില്‍ അറബിക്കോളേജും ഹിഫ്‌ള് കോളജുകളുമുണ്ട്. ശ്രീവര്‍ധനിലെ ജാമിഅ ഹുസൈനിയ്യയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. റായ്ഘട്ട് ജില്ലയില്‍ തന്നെയുള്ള കര്‍ജത്തിലെ നേഗല്‍ പ്രദേശത്ത് 1992 ലാണ് മൗലാനാ അബ്ദുസ്സലാം പ്രിന്‍സിപ്പലായി മദ്‌റസ ഫൈദുല്‍ ഉലൂം ആരംഭിക്കുന്നത്. പ്രൈമറി മുതല്‍ ഇസ്‌ലാമിക പണ്ഡിത ബിരുദ കോഴ്‌സ് വരെയും ഹിഫ്‌ള് കോഴ്‌സും ഇവിടെ നടക്കുന്നുണ്ട്. കൂടാതെ ഭൗതിക സ്‌കൂള്‍-കോളേജ്, ഐ.ടി തലങ്ങളിലുള്ള വിദ്യാഭ്യാസത്തിനും ഇവിടെ സൗകര്യമുണ്ട്.
റായ്ഘട്ട് ജില്ലയിലെ മഗോഡിനടുത്ത മുജഗാവില്‍ 2004-ല്‍ മൗലാനാ അതാഉര്‍റഹ്മാന്റെ നേതൃത്വത്തിലാണ് മദ്‌റസ അറബിയ്യ സ്ഥാപിതമായത്. മതപഠനം, ഹിഫ്‌ള് കോഴ്‌സുകളാണ് ഇവിടുള്ളത്. റാഇഘട്ടിലെ ഗോണ്ഡഗറില്‍ 2005-ല്‍ സ്ഥാപിതമായ മുഫ്തി ഇര്‍യാദിന്റെ നേതൃത്വത്തില്‍ നടക്കുന്ന മദ്‌റസ ദാറുല്‍ ഫലാഹ് ശ്രീദര്‍ശനിലെ ജാമിഅ ഹുസൈനിയയുടെ ശാഖയാണ്. മതപഠനം, ഹിഫ്‌ള്, സ്‌കൂള്‍ തലങ്ങളിലുള്ള വിദ്യാഭ്യാസമാണ് ഇവിടെ നല്‍കപ്പെടുന്നത്. റായ്ഘട്ടിലെ പനവേല്‍ കുചിയിലെ മൗലാനാ മുഹമ്മദ് അയ്യൂബ് മസാഹിരിയുടെ നേതൃത്വത്തില്‍ 1995-ല്‍ സ്ഥാപിതമായതാണ് ജാമിഅത്തുല്‍ ഫലാഹ്.
രത്‌നഗിരി ജില്ലയില്‍ 1964 ല്‍ തുടങ്ങിയ സ്ഥാപനമാണ് ജാമിഅ അറബിയ്യ. ആലിമിയ്യ, ഹിഫ്‌ള് കോഴ്‌സുകള്‍, ഇംഗ്ലീഷ്, ഹിന്ദി, മറാഠി ഭാഷാ പഠനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നല്‍കുന്നു. റായ്ഘട്ട് ജില്ലയിലെ മാങ്കോവില്‍ 1992-ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഹലീമ വിമന്‍സ് കോളജ്, മോര്‍ബ. പെണ്‍കുട്ടികള്‍ക്കുള്ള ആലിമിയ്യ കോഴ്‌സാണ് ഇവിടെ നിലവിലുള്ളത്. റായ്ഘട്ട് ജില്ലയില്‍ 2008-ല്‍ സ്ഥാപിതമായ ശാഹിദ് വിമന്‍സ് കോളജില്‍ ആലിമിയ്യ കോഴ്‌സ് നടത്തപ്പെടുന്നു. രത്‌നഗിരി ജില്ലയില്‍ 2007-ല്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത മത വിദ്യാഭ്യാസം നല്‍കാന്‍ സ്ഥാപിച്ചതാണ് ജാമിഅതുല്‍ ഹസനാത്ത് ലില്‍ബനാത്ത്-കൊണ്ടവേല്‍. രത്‌നഗിരി ജില്ലയില്‍ 1992-ല്‍ ആരംഭിച്ച മദ്‌റസ തര്‍ബിയതുല്‍ ബനാതില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പണ്ഡിത കോഴ്‌സാണ് നടത്തപ്പെടുന്നത്. മുംബൈയിലെ പ്രശസ്തവും പ്രാചീനവുമായ ജാമിഅ മസ്ജിദ് ശാഫിഈ ഫിഖ്ഹിന്റെ ഒരു പ്രധാന കേന്ദ്രമാണ് ദാറുല്‍ ഇഫ്താ ജാമിഅ മസ്ജിദ് . 1775-ല്‍ സ്ഥാപിതമായ ഇവിടെ ശ്രീവര്‍ധന്‍ ജാമിഅ ഹുസൈനിയ്യയുടെ കീഴില്‍ ദാറുല്‍ ഇഫ്താ പ്രവര്‍ത്തിക്കുന്നുണ്ട്.
ബാഖിയാതുസ്സ്വാലിഹാത് വെല്ലൂര്‍
തമിഴ്‌നാട്ടിലെ അതിപ്രശസ്തവും പുരാതനവുമായ ഇസ്‌ലാമിക കലാലയമാണ് വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത്. 1883-ല്‍ സ്ഥാപിതമായ ഈ ഉന്നത മതപഠന കേന്ദ്രം ശാഫിഈ ഫിഖ്ഹിന്റെ പ്രചാരണത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ഈയടുത്ത കാലം വരെ കേരളീയ പണ്ഡിതര്‍ ബിരുദം നേടാന്‍ ആശ്രയിച്ചിരുന്ന ഉന്നത പഠനകേന്ദ്രമായിരുന്നു. കേരളീയരായ ശൈഖ് അബ്ദുര്‍റഹ്മാന്‍ ഫള്ഫരി, ശൈഖ് ഹസന്‍ ഹസ്‌റത്ത് എന്നിവര്‍ ബാഖിയാത്തിന്റെ പ്രിന്‍സിപ്പില്‍ പദം അലങ്കരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മറ്റൊരു പുരാതന ശാഫിഈ കലാലയമാണ് ഉത്തരാപട്ടണത്ത് സ്ഥിതിചെയ്യുന്ന റഹ്മാനിയ്യാ കോളജ്.
ജാമിഅ ദിയാഉല്‍ ഉലൂം, കണ്ടലൂര്‍
കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപം കണ്ടലൂരില്‍ 1994-ല്‍ സ്ഥാപിതമായ ശാഫിഈ കലാലയമാണ് ജാമിഅ ദിയാഉല്‍ ഉലും. അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിനു കീഴില്‍ വിവിധ വിദ്യാഭ്യാസ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൈമറി മുതല്‍ ബിരുദ കോഴ്‌സ് വരെയുള്ള ശരീഅത്ത് കോളേജ്, ഖാദിമാരെയും മുഫ്തിമാരെയും വാര്‍ത്തെടുക്കുന്ന ബിരുദാനന്തര കോഴ്‌സ്, പെണ്‍കുട്ടികള്‍ക്കായുള്ള ഹാഫിള-ആലിമ കോഴ്‌സ് നല്‍കുന്ന ജാമിഅത്തു ആഇശ എന്നിവ സ്ഥാപനത്തിലുണ്ട്.
കര്‍ണാടകയിലെ പ്രസിദ്ധ ഇസ്‌ലാമിക കലാലയമായ ജാമിഅ ഇസ്‌ലാമിയ്യ, ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായുടെ സിലബസാണ് പിന്തുടരുന്നത്. നദ്‌വത്തുല്‍ ഉലമാ ഫിഖ്ഹില്‍ ഹനഫീ മദ്ഹബ് പഠിപ്പിക്കുമ്പോള്‍ ഇവിടെ ശാഫിഈ ഫിഖ്ഹാണ് പഠിപ്പിക്കുന്നത്. ബിരുദ കോഴ്‌സിന് പുറമെ ഒരു വര്‍ഷത്തെ ഫത്‌വാ കോഴ്‌സും ഇവിടെ നടത്തപ്പെടുന്നുണ്ട്. ഇവിടന്ന് ബിരുദമെടുക്കുന്നവര്‍ ലഖ്‌നോ നദ്‌വയില്‍നിന്നാണ് ബിരുദാനന്തര ബിരുദം നേടുന്നത്.
ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി: വയനാട് ജില്ലയിലെ മേപ്പാടി സ്വദേശി. ആരോഗ്യ ശാസ്ത്രം ഖുര്‍ആനിലും ഹദീസിലും എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. അന്താരാഷ്ട്ര പണ്ഡിത സഭാംഗം. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി. പ്രഫസര്‍. സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി: ജീവിതവും ദര്‍ശനവും, പ്രവാചകന്റെ പ്രഭാഷണങ്ങള്‍, പ്രാര്‍ഥനകള്‍ ഖുര്‍ആനിലും ഹദീസിലും, ഇല്‍മുത്വിബ്ബ് ഫില്‍ ഖുര്‍ആനി വല്‍ ഹദീസ്, ഇല്‍മുസ്സ്വിഹ ഫി ദൗഇല്‍ ഇസ്‌ലാം തുടങ്ങിയ കൃതികള്‍. ഫോണ്‍: 9387806050.
ഇമെയില്‍: [email protected]
Comments