Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഉപജ്ഞാതാവ്

ഹഫീസ് നദ്‌വി കൊച്ചി

ഖുര്‍ആന്‍, സുന്നത്ത് എന്നീ മൗലിക സ്രോതസ്സുകളില്‍നിന്ന് ഉരുവം കൊണ്ടിട്ടുള്ളതാണ് കര്‍മശാസ്ത്രം -ഫിഖ്ഹ്. ഉസ്വൂലുല്‍ ഫിഖ്ഹ് എന്നറിയപ്പെടുന്ന നിദാന തത്ത്വങ്ങളിലധിഷ്ഠിതമായിട്ടാണ് ഫിഖ്ഹ് കെട്ടിപ്പടുക്കപ്പെടുന്നത്. ആലങ്കാരികമായി പറഞ്ഞാല്‍ ഫിഖ്ഹ് (കര്‍മശാസ്ത്രം) ഒരു മഹാ സമുദ്രമാണ്. നല്ല കായികക്ഷമതയുള്ളവര്‍ക്കേ അതില്‍ നീന്താന്‍ സാധിക്കൂ. നിദാനശാസ്ത്രങ്ങള്‍ മനസ്സിലാകുമ്പോഴേ ഫിഖ്ഹിന്റെ മര്‍മം തിരിച്ചറിയാനാകൂ. അതിനാവശ്യമായ നുറുങ്ങുവെട്ടം നല്‍കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഉസ്വൂലുല്‍ ഫിഖ്ഹ്

അസ്വ്‌ലിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, ഉത്ഭവം, മൂലകാരണം എന്നെല്ലാം അര്‍ഥമുള്ള ഈ പദം ഫിഖ്ഹ് എന്ന സംജ്ഞയിലേക്ക് ചേരുമ്പോള്‍ 'കര്‍മശാസ്ത്രത്തിന്റെ നിദാനങ്ങള്‍' എന്നാവും അര്‍ഥം. ജ്ഞാനം, തിരിച്ചറിവ്, അവഗാഹം എന്നിവയെല്ലാം ഫിഖ്ഹിന്റെ ആശയങ്ങളാണ്. കര്‍മശാസ്ത്രപരമായ മതവിധികളെ അവയുടെ വിശദമായ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്യുന്നതിനുള്ള ഉപാധികളാണ് ഉസ്വൂലുല്‍ ഫിഖ്ഹ്.

 

ഉത്ഭവവും വികാസവും

നബി(സ) ജീവിച്ചിരിക്കുമ്പോള്‍ സ്വഹാബത്തിന്റെ അവലംബം നബി തന്നെയായിരുന്നു. എന്നാല്‍ പ്രവാചകന്റെ വിയോഗാനന്തരം ഉണ്ടായ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ അവലംബിച്ച രീതികള്‍ ഉസ്വൂലുല്‍ ഫിഖ്ഹിന്റെ പ്രാഥമിക മാതൃകകളാണ്. ഉദാഹരണത്തിന്, മദ്യപാനിയുടെ ശിക്ഷയെക്കുറിച്ച് അലി(റ)യുടെ നിരീക്ഷണം ശ്രദ്ധിക്കുക:

''ഒരാള്‍ മദ്യപിച്ചാല്‍ ഉന്മത്തനാവും; തുടര്‍ന്ന് പിച്ചുംപേയും പറയും, വ്യഭിചാരാരോപണങ്ങള്‍ വരെ നടത്തും. അപ്പോള്‍ വ്യഭിചാരാരോപണത്തിന്റെ ശിക്ഷയാണ് മദ്യപാനിക്ക് നല്‍കേണ്ടത്'' (അല്‍ ഇസ്തിദ്കാര്‍, പേജ് 265).

ഈയൊരു നിയമനിര്‍ധാരണ രീതി ഒന്നാം തലമുറ മുതല്‍ മൂന്നാം തലമുറ വരെ ഇസ്‌ലാമിക സമൂഹത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇവ ആദ്യമായി ക്രോഡീകരിച്ച് എഴുതിവെച്ചത് ഇമാം ശാഫിഈ ആയിരുന്നു. പ്രമാണങ്ങള്‍ വെച്ചുള്ള ഈ നിയമനിര്‍ധാരണ ശൈലിയുടെ ലിഖിത രൂപം ആദ്യമായി നമുക്ക് ലഭ്യമാവുന്നത് ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളിലാണെന്നാണ് ഡോ. അബ്ദുസ്സലാം ബല്ലാജിയുടെ പഠനം പറയുന്നത് (മൊറോക്കോയിലെ പണ്ഡിതനും എം.പിയുമാണ് ബല്ലാജി). 

 

അടിസ്ഥാന ഗ്രന്ഥങ്ങള്‍

ഇമാം ശാഫിഈയുടെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കാവുന്ന അര്‍രിസാല എന്ന ഗ്രന്ഥത്തിലാണ് കര്‍മശാസ്ത്രത്തിന്റെ നിദാന തത്ത്വങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. ഉസ്വൂലുല്‍ ഫിഖ്ഹിന്റെ എക്കാലത്തെയും മുഖ്യ അവലംബം അര്‍രിസാലയാണെന്ന് പറയാം.

ഇമാം ശാഫിഈ രണ്ടു അവസരത്തിലായാണ് ഈ ഗ്രന്ഥരചന പൂര്‍ത്തീകരിച്ചത് എന്നാണ് അനുമാനം. ആദ്യരചന ഒരു കത്തിന്റെ രൂപത്തിലായിരുന്നു. തന്റെ ഗുരുവായിരുന്ന അലിയ്യുബ്‌നുല്‍ മദീനിയുടെ ആവശ്യപ്രകാരം വിജ്ഞാന കുതുകിയായ അബ്ദുര്‍റഹ്മാനിബ്‌നു മഹ്ദിയുടെ പേരിലെഴുതിയതാണ് 'രിസാല ഖദീമ' എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നീട് ഇമാം ശാഫിഈ തന്നെ എഡിറ്റ് ചെയ്ത് ക്രോഡീകരിക്കുകയായിരുന്നു.

ശൈഖ് അഹ്മദ് ശാകിര്‍, ഡോ. രിഫ്അത് ഫൗസി എന്നിവരുടെ നിരീക്ഷണമാണ് മുകളില്‍ കൊടുത്തത്. ഈ ഗ്രന്ഥം ക്ലിഷ്ടതയുള്ള ഭാഗങ്ങള്‍ പണ്ഡിതോചിതമായി വിശദീകരിച്ചുകൊണ്ട് ശൈഖ് ശാകിര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പ്രസാധനം: ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്).

പരമ്പരാഗത കര്‍മശാസ്ത്ര ചര്‍ച്ചകളെ കൃത്യമായ തെളിവുകളുടെയും ഉസ്വൂലുകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിച്ച്, ഖദീമും ജദീദുമായ (പഴയതും പുതിയതുമായ) അഭിപ്രായങ്ങളില്‍ കൂടുതല്‍ സ്വീകാര്യമായതിന് നിദാനശാസ്ത്രപരമായ ന്യായീകരണത്തിലൂടെ തര്‍ജീഹ് (മുന്‍ഗണന) നല്‍കി വിരചിതമായ ഒരു അപൂര്‍വ ഗ്രന്ഥമാണ് അല്‍ ഉമ്മ്. ആദ്യാവസാനം പ്രഭാഷണ ശൈലിയിലായതുകൊണ്ട് ഇത് ഇമാം നേര്‍ക്കുനേരെ എഴുതിയതല്ലെന്നും തന്റെ ശിഷ്യന്‍ റബീഉബ്‌നു സുലൈമാന്‍ മുറാദി ഗുരുമുഖത്തുനിന്ന് കേട്ടെഴുതിയതാവുമെന്നുമാണ് പണ്ഡിതമതം. ശാഫിഈയുടെ മറ്റൊരു ശിഷ്യനായ ഇമാം ബുവൈത്വിയുടെ സാക്ഷ്യവും ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നു. അല്‍ഉമ്മിന്റെ ഇന്ന് ലഭ്യമായിട്ടുള്ള പ്രതി ഡോ. രിഫ്അത്ത് ഫൗസിയുടെ വിശദീകരണ സഹിതം ഈജിപ്തിലെ ദാറുല്‍ വഫാ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

 

ഇമാം ശാഫിഈയും ഇസ്തിഹ്‌സാനും

ഖുര്‍ആന്‍, ഹദീസ് എന്നിവ പ്രാഥമിക സ്രോതസ്സ് എന്ന നിലക്കും ഖിയാസ് ദ്വിതീയ സ്രോതസ്സ് എന്ന നിലക്കും മുസ്‌ലിം ലോകം പൊതുവെ അംഗീകരിക്കുന്നു. ഖിയാസിനെ തെളിവായി അംഗീകരിക്കാത്തവര്‍ പോലും ഇജ്തിഹാദ് എന്ന പേരില്‍ നടത്തുന്നതും പ്രമാണങ്ങളില്‍നിന്നുള്ള സമീകരണ-സാധൂകരണ - പഠന-മനനങ്ങളൊക്കെ തന്നെയാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു സമ്മതിയുള്ള (ഇജ്മാഅ്) വിഷയങ്ങളും  എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ശര്‍ഈ തെളിവുകളിലെ മറ്റു ഇനങ്ങളായ ഇസ്തിഹ്‌സാന്‍ (നന്മ കണ്ടെത്തല്‍), മസ്വ്‌ലഹ മുര്‍സല (പൊതു താല്‍പര്യം), ഉര്‍ഫ് (നാട്ടുനടപ്പ്), ഇസ്തിസ്വ്ഹാബ് (സ്റ്റാറ്റസ്‌കോ), ശര്‍ഉ മന്‍ ഖബ്‌ലഹാ (മുന്‍കാലക്കാരുടെ ശരീഅത്തുകള്‍), മദ്ഹബുസ്സ്വഹാബി (സ്വഹാബത്തിന്റെ അഭിപ്രായം) എന്നിവയെ നിയമനിര്‍ധാരണത്തിന് അവലംബമാക്കാമോ എന്ന കാര്യത്തില്‍ അഭിപ്രായാന്തരങ്ങളുണ്ട്.

ഉപരിസൂചിത നിദാനങ്ങളില്‍ ഇമാം ശാഫിഈ നഖശിഖാന്തം എതിര്‍ത്തിട്ടുള്ള തത്ത്വമാണ് ഇസ്തിഹ്‌സാന്‍. തത്സംബന്ധിയായി ഒരു സ്വതന്ത്ര ഗ്രന്ഥം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇസ്തിഹ്‌സാനെ അസാധ്യമാക്കല്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുള്ള രണ്ട് വാചകങ്ങള്‍ താഴെ കൊടുക്കുന്നു:

1. ഇസ്തിഹ്‌സാന്‍ നടത്തിയവന്‍ സ്വയം നിയമമുണ്ടാക്കി.

2. വെറും വിനോദമാണ് ഇസ്തിഹ്‌സാന്‍.

ശാഫിഈ മദ്ഹബിലും ഇസ്തിഹ്‌സാന്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും ഖിയാസ് ഖഫിയ്യ് എന്ന പേരില്‍ അറിയപ്പെടുന്ന നിരീക്ഷണങ്ങളെല്ലാം വാസ്തവത്തില്‍ മറ്റു മദ്ഹബുകള്‍ ഇസ്തിഹ്‌സാന്‍ എന്നു വിളിക്കുന്ന തത്ത്വം തന്നെയാണെന്നുമാണ് ശാഫിഈയേതര ഉസ്വൂലികളുടെ വാദം. ഖുര്‍ആന്‍ തൊട്ടുള്ള ശപഥം, ഹജ്ജ് മാസങ്ങളിലെ ഉംറ, ബാങ്കിന്റെ സമയത്ത് മുഅദ്ദിന്‍ ചെവികളില്‍ കൈവിരല്‍ വെക്കല്‍, ഫിത്വ്ര്‍ സകാത്ത് പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് കൊടുക്കല്‍ എന്നിങ്ങനെ മറ്റു മദ്ഹബുകളില്‍ ഇസ്തിഹ്‌സാനില്‍ വരവുവെച്ച സംഗതികളെല്ലാം ശാഫിഈ മദ്ഹബില്‍ ഖിയാസ് ഖഫിയ്യ എന്ന കണക്കില്‍ കാണാം എന്ന് അവര്‍ വിമര്‍ശിക്കുന്നു.

 

അനിവാര്യത

പ്രമാണങ്ങളുടെ വായന ദ്വിമുഖമാണ്. ഒന്ന്, ബുദ്ധിപരം. രണ്ട്, പ്രമാണപരം. ഇതു സാധ്യമാവാന്‍ ഭാഷാ സിദ്ധിയോ പരാവര്‍ത്തന മികവോ പോരാ; അക്ഷര വായനക്ക് അതിന്റേതായ പരിമിതികളുണ്ട്. പ്രമാണങ്ങളുടെ വരികള്‍ക്കിടയിലുള്ള വായനയാണ് ഉസ്വൂല്‍ പഠനം. പ്രതിസന്ധികളില്‍ പതറാതിരിക്കാനുള്ള കരുത്തും കഴിവും പഠിതാവിന് നല്‍കുന്നതും അയാളെ ശരിയായ വിധി കണ്ടെത്താന്‍ പ്രാപ്തനാക്കുന്നതും ഉസ്വൂലുകളിലുള്ള അവബോധമാണ്.  ഈ മനനശേഷിയാണ് ഇജ്തിഹാദിന്റെ ഗതിവേഗം നിര്‍ണയിക്കുന്നതെന്ന് ചുരുക്കി പറയാം.

 

ചില ഫിഖ്ഹീ തത്ത്വങ്ങള്‍

ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ ഒഴുക്കുള്ള വായന സാധ്യമാക്കുന്ന മുന്നറിവുകളാണ് ഖവാഇദ് ഫിഖ്ഹിയ്യ (ഫിഖ്ഹീ മൗലിക തത്ത്വങ്ങള്‍). ശാഫിഈ മദ്ഹബില്‍ ഈ തത്ത്വങ്ങളെ ആസ്പദിച്ച് നവവി, സുയൂത്വി, സുബുകി, ഫാറാബി തുടങ്ങിയ മുപ്പതോളം ഇമാമുമാരുടെ ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇതുപോലൊരു ലേഖനത്തില്‍ അവയെല്ലാം പരിചയപ്പെടുത്താന്‍ സാധ്യമല്ല. ഇമാം ശാഫിഈ ആവിഷ്‌കരിച്ച നൂറോളം തത്ത്വങ്ങളില്‍ മറ്റു മദ്ഹബുകളുമായി താദാത്മ്യപ്പെടുന്ന ഏതാനും തത്ത്വങ്ങള്‍ മാത്രം കുറിക്കട്ടെ:

 

1. അല്‍ ഉമൂറു ബി മഖാസ്വിദിഹാ

കാര്യങ്ങളില്‍ അടിസ്ഥാന ലക്ഷ്യമാണ് പരിഗണിക്കപ്പെടേണ്ടതെന്നു സാരം. 'ഉദ്ദേശ്യാടിസ്ഥാനത്തിലാണ് കര്‍മങ്ങള്‍ തീരുമാനിക്കപ്പെടുന്നത്' എന്ന ഹദീസിന്റെ ഒരു ഫിഖ്ഹീ വായനയാണിത്. വാസ്തവത്തില്‍ ഈ തത്ത്വം മഖാസ്വിദുശ്ശരീഅ എന്ന ഒരു വിജ്ഞാന ശാഖയായി വളര്‍ന്നിരിക്കുന്നു. ശൈഖ് ഇസ്സുബ്‌നു അബ്ദിസ്സലാം (മരണം ഹി. 660) ഈ വിജ്ഞാന ശാഖ വളര്‍ത്തിയെടുത്ത ശാഫിഈ പണ്ഡിതനാണ്.

 

2. അല്‍യഖീനു ലാ യസൂലു ബിശ്ശക്

സംശയം കൊണ്ട് മാത്രം ദൃഢബോധ്യമുള്ള സംഗതികള്‍ മാറില്ലാ  എന്നര്‍ഥം. കേവലം സംശയത്തിന്റെ പേരില്‍ നോമ്പ്/വുദൂ/നമസ്‌കാരം എന്നിവ മുറിയുകയില്ലായെന്നത് ഈ തത്ത്വത്തെ ലളിതമായി മനസ്സിലാക്കാനുള്ള ഉദാഹരണം.

 

3. അല്‍മശഖതു തജ്‌ലിബുത്തൈസീര്‍

ക്ലിഷ്ഠത ലളിതവത്കരണത്തെ തേടുന്നുവെന്ന് സാരം. മതം എളുപ്പമാണെന്നും അതില്‍ യാതൊരു പ്രയാസവും അല്ലാഹു നിശ്ചയിച്ചിട്ടില്ലെന്നും എന്തെങ്കിലും തരത്തിലുള്ള  ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനാധ്യാപനമല്ലെന്നുമാണ് ഈ തത്ത്വം പ്രഘോഷിക്കുന്നത്. യാത്രക്കാരന്റെ നോമ്പ്/ നമസ്‌കാരം ഉദാഹരണം. എല്ലാ ഫിഖ്ഹീ ചര്‍ച്ചകളിലും ദീക്ഷിക്കപ്പെടേണ്ട നിര്‍ദേശമാണിത്. 'അദ്ദററു യുസാല്‍' (പീഡകള്‍ അകറ്റപ്പെടുക)എന്ന തത്ത്വവും ഇതേ അര്‍ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ഈയൊറ്റ തത്ത്വം മതി സ്ത്രീധനം അനിസ്‌ലാമികമാണെന്ന് മനസ്സിലാക്കാന്‍.

 

4. അല്‍ആദതു മുഹക്കമ

പ്രമാണങ്ങളുമായി ഏറ്റുമുട്ടാത്ത ഉര്‍ഫുകള്‍ (നാട്ടാചാരങ്ങള്‍) സ്വീകരിക്കാമെന്നതാണ് ഈ തത്ത്വം. വേഷം, ഭാഷാ, ഭക്ഷണ രീതികള്‍ തുടങ്ങിയ വ്യക്തിപരവും സാമാജികവുമായ പല വിഷയങ്ങളിലും ഈ തത്ത്വം വെളിച്ചം വീശുന്നു. വിശദപഠനത്തിന് സുയൂത്വി, സുബുകി ഇമാമുമാരുടെ അല്‍ അശ്ബാഹ് വന്നളാഇര്‍ പോലെയുള്ള ഗ്രന്ഥങ്ങള്‍ കാണുക.

 

മറ്റു ചില സവിശേഷതകള്‍

ഒരു ഫഖീഹിന് പഠന മനനങ്ങള്‍ക്ക് വഴിവെളിച്ചം നല്‍കുന്നതും അയാളുടെ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്ക് ശാസ്ത്രീയമായ ചട്ടക്കൂട് നിര്‍ണയിച്ചുകൊടുക്കുന്നതും നാമിതുവരെ ചര്‍ച്ച ചെയ്ത ഉസ്വൂലുകളും ഖവാഇദുകളുമാണ്. പ്രമാണങ്ങളില്‍നിന്ന് നിഷ്പന്നമാവുന്ന വിധി നിര്‍ധാരണം ചെയ്യുന്ന ന്യായം (ഇല്ലത്ത്), യുക്തി (ഹിക്മത്ത്), ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ (മഖാസ്വിദ്), പ്രയോജനം (ഫാഇദ) എന്നിവ പരിഗണിക്കാതെ കര്‍മശാസ്ത്ര നിയമങ്ങളോ വിധികളോ പൂര്‍ണമാകുന്നതല്ല എന്ന് മാത്രമല്ല ഫിഖ്ഹ് പലപ്പോഴും സാധാരണക്കാര്‍ക്ക് വരണ്ട ചര്‍ച്ചയായി അനുഭവപ്പെടുകയും ചെയ്യും. ഇസ്‌ലാമിക ശരീഅത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നത് ഉസ്വൂലുകളുടെ വികാസക്ഷമത മൂലമാണ്. നവംനവങ്ങളായ കാക്കത്തൊള്ളായിരം 'മസ്അല'കള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഫഖീഹിനെ  പ്രാപ്തനാക്കുന്ന ഈ അവബോധമാണ് 'മലക്ക ഫിഖ്ഹിയ്യ.' ഹനഫീ ഫിഖ്ഹ് പൊതുവെ മസാഇല്‍ ഇഫ്തിറാദിയ്യ (സാങ്കല്‍പിക) പ്രശ്‌നങ്ങളിലൂടെയാണ് ഇത്തരം വൈതരണികള്‍ മറികടക്കുന്നതെങ്കില്‍ സമൂര്‍ത്തമായ തത്ത്വങ്ങളുടെയും പ്രാമാണികമായ ഗവേഷണങ്ങളുടെയും വെളിച്ചത്തിലാണ് ശാഫിഈ ഫുഖഹാഅ് അവയെ മറികടക്കുന്നത്. ഇസ്തിസ്വ്ഹാബ്, ഉര്‍ഫ്, ഖിയാസ് ഖഫിയ്യ് എന്നീ സങ്കേതങ്ങളാണ് അവക്ക് ബലമേകുന്ന ഘടകങ്ങള്‍.

 

ഗ്രന്ഥങ്ങള്‍, രചയിതാക്കള്‍

ഇമാം ശാഫിഈയുടെ അര്‍രിസാല കഴിഞ്ഞാല്‍ ഇസ്‌ലാമിക ലോകത്ത് ആദരവോടെ വായിക്കപ്പെടുന്ന ചില ശാഫിഈ ഉസ്വൂല്‍ ഗ്രന്ഥങ്ങള്‍ ചുവടെ:

1. അല്‍ മുഅ്തമദ്- ശൈഖ് അബുല്‍ ഹുസൈന്‍ ബസ്വരി (മരണം ഹി. 423) എഴുതിയത്.  ഇതിപ്പോള്‍ ലഭ്യമല്ല. ഗ്രന്ഥകാരന്‍  പിന്നീട് മദ്ഹബ് മാറിയത് കൊണ്ടാവണം ഇതിന്റെ ഹാശിയ (വ്യാഖ്യാനങ്ങള്‍)ക്കൊന്നും മദ്ഹബിന്റെ പണ്ഡിതര്‍ മുതിരാതിരുന്നത്.

2. അല്‍ ബുര്‍ഹാന്‍- ഇമാം ഗസാലിയുടെ ഗുരുവര്യനായിരുന്ന ഇമാം ജുവൈനി(മരണം ഹി. 470)യുടെ മാസ്റ്റര്‍ പീസാണ് ബുര്‍ഹാന്‍. ഈയിടെ നിര്യാതനായ പ്രിയ ഗുരു ഡോ. അബ്ദുല്‍ അളീം ദീബ് ഈ ഗ്രന്ഥത്തിന് തയാറാക്കിയ വിശദീകരണം ഇന്ന് ലഭ്യമാണ്. വായനാക്ഷമതയുള്ളതാണ് ഈ ശാഫിഈ ഉസ്വൂല്‍ ഗ്രന്ഥം. മഖാസ്വിദുശ്ശരീഅ എന്ന വിജ്ഞാന ശാഖയിലേക്കും ഇസ്‌ലാമിക വിധികളുടെ ബൗദ്ധികമാനങ്ങളിലേക്കുമുള്ള ആദ്യ ചുവടുവെപ്പ്  എന്ന നിലക്ക് ബുര്‍ഹാന് ഏറെ പ്രസക്തിയുണ്ട്. മക്തബ ശാമിലയിലും ഗസാലി ഡോട്ട് ഓര്‍ഗ് എന്ന സൈറ്റിലുമെല്ലാം ഈ ഗ്രന്ഥം വായിക്കാം.

3. അല്‍ മുസ്ത്വസ്വ്ഫാ- ഗസാലിയിലെ ഉസ്വൂലിയെ (നിദാന പണ്ഡിതനെ) നമുക്ക് അനുഭവവേദ്യമാക്കുന്ന ഒരുദാത്ത ഗ്രന്ഥമാണിത്. ഇല്ലത്തുകള്‍ (കാരണങ്ങള്‍)പരിഗണിക്കുന്നതോ മഖാസ്വിദുകള്‍ ദീക്ഷിക്കുന്നതോ പ്രമാണവിരുദ്ധമല്ലായെന്ന് സ്ഥാപിക്കുന്നുണ്ട് മുസ്ത്വസ്ഫായില്‍ ഇമാം ഗസാലി. മക്തബശാമിലയിലും മക്തബ വഖ്ഫിയ്യയിലും ഗ്രന്ഥം ലഭ്യമാണ്.

4. അല്‍ മഹ്‌സ്വൂല്‍-ഇമാം റാസി (മരണം ഹി. 606)യുടെ തഫ്‌സീര്‍ പോലെ തന്നെ അനിതരസാധാരണമായ വിജ്ഞാന ഖനിയാണ് മഹ്‌സ്വൂലും. ഒരു പതിറ്റാണ്ടത്തെ സപര്യയുടെ ആകത്തുകയാണ് മഹ്‌സ്വൂല്‍. 

5. അല്‍ മിന്‍ഹാജ്-ഇമാം ബൈദാവി(മരണം ഹി. 685)യുടെ തഫ്‌സീര്‍ പോലെ തന്നെ പല പൂര്‍വിക ഇസ്‌ലാമിക കലാലയങ്ങളിലും ഉസ്വൂലുല്‍ ഫിഖ്ഹിന്റെ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട രചനാ വ്യതിരിക്തതയുള്ള ഗ്രന്ഥമാണ് മിന്‍ഹാജ്. 

ഇവ കൂടാതെ ഇമാം ശീറാസിയുടെ (മരണം ഹി. 476) അല്ലുമഉം  ശൈഖ് ഇസ്സിന്റെ (മരണം ഹി. ) ഖവാഇദും ഇമാം സുബുകിയുടെ (മരണം ഹിജ. 771) ജംഉല്‍ ജവാമിഉം ഈ വിജ്ഞാനശാഖയിലെ ആധികാരിക ഗ്രന്ഥങ്ങള്‍ തന്നെ.

അബ്ദുല്‍ വഹാബ് ഖല്ലാഫിന്റെയും അബൂ സഹ്‌റയുടെയും ഉസ്വൂല്‍ ഗ്രന്ഥങ്ങളാണ് അര നൂറ്റാണ്ടായി കേരളീയ പരിസരത്ത് കൂടുതല്‍ വായിക്കപ്പെടുന്ന ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍. എന്നാല്‍ ഈയിടെ പ്രസിദ്ധീകൃതമായ 'തൈസീറു ഇല്‍മി ഉസ്വൂലില്‍ ഫിഖ്ഹ്' നല്ല ഒരു വായനാനുഭവം നല്‍കുന്ന ഗ്രന്ഥമാണ്. ശൈഖ് അബ്ദുല്ലാഹ് യൂസുഫ് ജുദൈഅ് എന്ന സമകാലീന ഇറാഖീ പണ്ഡിതനാണ് ഗ്രന്ഥകര്‍ത്താവ്.  ശാഫിഈ മദ്ഹബിന്റെ ഉസ്വൂലുകള്‍ അനുസരിച്ച് വളരെ ശാസ്ത്രീയമായി ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം എന്ന പ്രത്യേകതയും തൈസീറിനുണ്ട്.  

 

റഫറന്‍സ്

1. ഖല്ലാഫ്, അബൂസഹ്‌റ, സൈദാന്‍ എന്നിവരുടെ ഉസ്വൂല്‍ ഗ്രന്ഥങ്ങള്‍

2. ഇമാം ശൗകാനിയുടെ ഇര്‍ശാദുല്‍ ഫുഹൂല്‍

3. ഡോ. വഹ്ബ സുഹൈലിയുടെ മബാഹിസുല്‍ ഹുക്മിശ്ശര്‍ഈ

4. മക്തബ ശാമില

5. മക്തബ വഖ്ഫിയ്യ

6. മുല്‍തഖാ അഹ്‌ലില്‍ ഹദീസ്

7. അല്‍ഖവാഇദ്, ഇമാം ഫാറാബി

8. അല്‍അശ്ബാഹു വന്നളാഇര്‍,-ഇമാം സുബുകി

9. തൈസീറു ഇല്‍മി ഉസ്വൂലില്‍ ഫിഖ്ഹ്,ശൈഖ് ജുദൈഅ്

 

 

ഹഫീസ് നദ്‌വി: എറണാകുളം കാക്കനാട് സ്വദേശി. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമ, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ ലക്ച്വറര്‍. തദാമുന്‍ അറബിക് മാഗസിന്റെയും ഇസ്‌ലാം പാഠശാലയുടെയും എഡിറ്റര്‍. ഫോണ്‍: 7736135055. 

ഇമെയില്‍: [email protected]

Comments

Other Post