സ്വലാഹുദ്ദീന്‍ അയ്യൂബിയും മദ്ഹബിന്റെ വ്യാപനവും
തിക്‌രീത്തില്‍ ജനിച്ച സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (532-589) ഈജിപ്തിലും ശാമിലും ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി. ഹിജ്‌റ 572-ല്‍ അദ്ദേഹം കൈറോയില്‍ 'മദ്‌റസ സ്വലാഹിയ്യ' സ്ഥാപിച്ചു. അവിടെ ശാഫിഈ അധ്യാപകരെ നിയമിച്ചു. ഹിജ്‌റ 577-ല്‍ സ്വലാഹുദ്ദീന്‍ അലക്‌സാണ്ട്രിയയിലും ശാഫിഈ മദ്‌റസ സ്ഥാപിച്ചു. അതിന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനും അധ്യാപകര്‍ക്ക് വേതനം നല്‍കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനും വഖ്ഫ് സ്വത്ത് ഏര്‍പ്പെടുത്തി. ഹി. 588 ല്‍ ഖുദ്‌സ് നഗരത്തിലും സ്വലാഹുദ്ദീന്‍ അയ്യൂബി സ്വലാഹിയ മദ്‌റസ സ്ഥാപിച്ചു. സ്വലാഹുദ്ദീന്റെ സഹോദരി സിത്തുശാം ദമസ്‌കസില്‍ ശാഫിഈ മദ്‌റസ സ്ഥാപിക്കുകയുണ്ടായി. സ്വലാഹുദ്ദീന്റെ പുത്രന്‍ ദാഹിര്‍ ഗാസി ഹലബില്‍ ശാഫിഈകള്‍ക്കും ഹനഫികള്‍ക്കും പ്രത്യേകം പ്രത്യേകം മദ്‌റസകള്‍ സ്ഥാപിച്ചു. ആ കാലഘട്ടത്തില്‍ ദമസ്‌കസില്‍ മാത്രം 92 മദ്‌റസകള്‍ വിവിധ മദ്ഹബുകളുടെ പഠനത്തിനായി സ്ഥാപിക്കപ്പെട്ടിരുന്നു. ദാഹിര്‍ ഗാസി നിശ്ചയിച്ച ഖാദി ബഹാവുദ്ദീനു ബ്‌നു ശദാദ് ഹലബില്‍ ശാഫിഈ മദ്ഹബ് പഠിപ്പിക്കാന്‍ 'മദ്‌റസത്തുസ്സ്വാഹിബിയ്യ' എന്ന പേരില്‍ മദ്‌റസകള്‍ സ്ഥാപിക്കുകയുണ്ടായി. സുല്‍ത്വാന്‍ സ്വലാഹുദ്ദീന്റെ സഹോദരപുത്രനായ തഖിയ്യുദ്ദീന്‍ ഉമര്‍ വിവിധ സ്ഥലങ്ങളില്‍ ശാഫിഈ മദ്‌റസകള്‍ സ്ഥാപിച്ചു. സ്വലാഹുദ്ദീന്റെ കാലത്തെ ഔദ്യോഗിക ശാഫിഈ പണ്ഡിതരായിരുന്ന ഖാദി അല്‍ ഫാദിലും അല്‍ ഇമാദുല്‍ ഇസ്ഫഹാനിയും ബഹാവുദ്ദീന്‍ ഇബ്‌നു ശദാദും ശാഫിഈ മദ്‌റസകള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി (സ്വലാഹുദ്ദീന്‍ അയ്യൂബി, ഡോ. മുഹമ്മദ് അലി സ്വല്ലാബി).
Comments