Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഈടുറ്റ രചനകള്‍ വിഷയ വൈവിധ്യങ്ങള്‍

കെ.എ ഖാദര്‍ ഫൈസി

ഗ്രന്ഥരചന ഊര്‍ജസ്വലമായ ഒരു കാലത്തായിരുന്നു ഇമാം ശാഫിഈ ജീവിച്ചത്. കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഖുര്‍ആന്‍വ്യാഖ്യാനം, അറബി സാഹിത്യം, ഹദീസ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇമാം രചന നടത്തിയിട്ടുണ്ട്. നീണ്ട പഠനനിരീക്ഷണങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു ഈ രചനകളെല്ലാം. ഓരോ പ്രശ്‌നവും വിശകലനങ്ങള്‍ക്ക് വിധേയമാക്കി പ്രമാണങ്ങളുമായി താരതമ്യം ചെയ്ത് വിഷയക്രമത്തിലവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. ബാല്യയൗവനങ്ങളിലെല്ലാം പഠന സഞ്ചാരങ്ങളില്‍ മുഴുകിയ ഇമാം അവസാനത്തെ എണ്ണപ്പെട്ട വര്‍ഷങ്ങളായിരുന്നു രചനക്ക് നീക്കിവെച്ചത്. രാത്രിയെ മൂന്നായി ഭാഗിച്ച് ആദ്യഭാഗം ഗ്രന്ഥരചനക്കായി നീക്കിവെച്ചു. അക്കാലത്തും പഠനത്തിനും അധ്യാപനത്തിനും ചര്‍ച്ചക്കുമെല്ലാം സമയം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം രചിച്ച കൃതികളുടെ എണ്ണം നൂറില്‍ കവിഞ്ഞിരുന്നുവെന്നത് അത്ഭുതാവഹം തന്നെ. 

ഹി. 184-ല്‍ ബഗ്ദാദ് സന്ദര്‍ശിച്ചപ്പോള്‍ മുഹമ്മദു ബ്‌നു ഹസന്‍ ശൈബാനിയുടെ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ കഠിനാധ്വാനം തന്നെ നടത്തി. അവയിലെ ഓരോ വിഷയത്തോടൊപ്പവും അനുബന്ധമായ ഒരോ ഹദീസ് ചേര്‍ത്തുകൊണ്ടായിരുന്നു ക്രോഡീകരണം. ഇതായിരിക്കാം രചനയുടെ തുടക്കം. 

ഈജിപ്തിലായിരിക്കെ, ഒരേ സദസ്സില്‍ ഗ്രന്ഥരചനയും അധ്യാപനവും ഇംലാഉം(എഴുതിയെടുക്കാന്‍ പറഞ്ഞുകൊടുക്കുക) നടത്തിയിരുന്ന ഇമാം രചനാരംഗത്ത് അദ്വിതീയനായിരുന്നു. മുമ്പില്‍ കിതാബ്. ചുറ്റും ശിഷ്യര്‍. അവര്‍ പകര്‍പ്പെഴുത്തുകാരെന്നേ തോന്നുകയുള്ളു. പക്ഷേ, അവര്‍ ഉസ്താദുമായി ചര്‍ച്ചയിലാണ്. അദ്ദേഹം പറഞ്ഞുകൊടുക്കും. അവരെഴുതിയെടുക്കും. ചിലപ്പോള്‍ ക്ലാസ്സിന്നിടയില്‍ അദ്ദേഹം തന്നെ രചനയും നടത്തും. ഒരു രചന പൂര്‍ത്തിയായാല്‍ ഇബ്‌നു ഹരീം എന്ന സ്‌നേഹിതന്‍ അതെഴുതും. ഇത് ബുവൈത്വി അദ്ദേഹത്തിനു വായിച്ചു കേള്‍പ്പിക്കും. സന്നിഹിതരായ ശിഷ്യന്മാര്‍ അത് ശ്രദ്ധിക്കുകയും പകര്‍ത്തുകയും ചെയ്യും. ഇമാം പറഞ്ഞുകൊടുത്ത് ശിഷ്യന്മാര്‍ എഴുതിയെടുക്കുന്നതും (ഇംലാഅ്), ക്ലാസ്സില്‍ വെച്ചോ അതിനു ശേഷമോ, സ്വന്തം നിലയില്‍ അവര്‍ എഴുതിയെടുക്കുന്നതും വ്യത്യാസമുണ്ട്. ആദ്യത്തേത് ഉസ്താദിന്റെ രചനയായിരിക്കും. ശിഷ്യന്മാരുടെ തൂലികകളിലൂടെ പുറത്തുവരുന്നുവെന്ന് മാത്രം. രണ്ടാമത്തേതാകട്ടെ, വാക്യങ്ങള്‍ ഉസ്താദിന്റേതാണെങ്കിലും, ശിഷ്യന്മാരുടെ രചനയാണ്. സംപോഷണം, സംശോധന, ക്രമീകരണം എന്നിവയിലൂടെ അവരുടെ വ്യക്തിത്വം ഈ സമാഹാരങ്ങളില്‍ മികച്ചുനില്‍ക്കും. അദ്ദേഹത്തിന്റെ മരണശേഷമാണത് നടന്നതെങ്കില്‍ പ്രത്യേകിച്ചും. ഇമാം പറഞ്ഞുകൊടുത്തെഴുതിച്ചതില്‍ അക്കാര്യം വ്യക്തമാക്കിയത് കാണാം. കിതാബുല്‍ ഉമ്മിലെ 'സ്വുല്‍ഹി'ന്റെ തുടക്കം ഉദാഹരണം. അവിടെ ഇങ്ങനെ കാണാം. 'ശാഫിഈ ഞങ്ങള്‍ക്ക് പറഞ്ഞുതന്നെഴുതിച്ചു.......'

ഉസ്വൂലിലും(കര്‍മശാസ്ത്ര നിദാനങ്ങള്‍) ഫുറൂഇലും (നിദാനങ്ങളില്‍നിന്ന് ഉരുവം കൊള്ളുന്നവ) സ്വന്തം വീക്ഷണങ്ങളവതരിപ്പിച്ചുകൊണ്ടുള്ള രചനയാരംഭിച്ചത് രണ്ടാം ബഗ്ദാദ് സന്ദര്‍ശനത്തോടെ(ഹി. 195)യത്രെ. സംവാദ രീതിയാണിതില്‍ സ്വീകരിച്ചത്. 

 

നഷ്ടപ്പെട്ട കൃതികള്‍

ഫിഖ്ഹ്, ഉസ്വൂല്‍ സംബന്ധമായ ശാഫിഈ കൃതികള്‍ നിരവധിയാണെങ്കിലും മുഴുവന്‍ ഇന്ന് ലഭ്യമല്ല. അദ്ദേഹം എഴുതുകയോ പറഞ്ഞുകൊടുത്തെഴുതിക്കുകയോ ചെയ്യാത്ത പല കൃതികളും അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടുമുണ്ട്. നൂറിലധികം കൃതികളാണ് അദ്ദേഹത്തിന്റേതായി ഇബ്‌നുന്നദീം തന്റെ 'അല്‍ ഫിഹ്‌റസ്തി'ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

ചരിത്രകാരന്മാര്‍ ശാഫിഈ കൃതികളെ രണ്ടായി വിഭജിച്ചിട്ടുണ്ട്: 

1. ഇറാഖീ കൃതികള്‍. ഹി. 195 മുതല്‍ 199 വരെയാണ് ഇവയുടെ രചനാകാലം. അല്‍ കുതുബുല്‍ ഖദീമ (പഴയ കൃതികള്‍) എന്നും ഇതറിയപ്പെടുന്നു. ഇമാമിന്റെ പഴയ അഭിപ്രായങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. 

2. ഈജിപ്ഷ്യന്‍ കൃതികള്‍. ഹി. 200 മുതല്‍ 204 വരെയാണ് ഇവയുടെ രചനാകാലം. അല്‍ കുതുബുല്‍ ജദീദ (പുതിയ കൃതികള്‍) എന്നും ഇതറിയപ്പെടുന്നു. ഇമാമിന്റെ പുതിയ അഭിപ്രായങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. ഇമാമിന്റെ ഇറാഖീ ജീവിതത്തില്‍ എഴുതിവെച്ചതും പിന്നീട് സംപോഷണത്തിലൂടെയും സംശോധനയിലൂടെയും പുതുക്കപ്പെട്ട കൃതികളും ഇറാഖീ ജീവിതത്തിനു ശേഷം എഴുതിവെച്ച കൃതികളും ഈ വിഭാഗത്തില്‍പെടുന്നു. കിതാബുല്‍ ഉമ്മ്, അര്‍രിസാലതുല്‍ മിസ്‌രിയ്യ എന്നിവ ഉദാഹരണം. ഇറാഖീ കൃതികളായ 'കിതാബുല്‍ ഹുജ്ജ', 'അര്‍രിസാലതുല്‍ ഖദീമ' എന്നീ കൃതികളുടെ പരിഷ്‌കൃത രൂപങ്ങളാണിവ.

ഇമാം തന്റെ കൃതികള്‍ക്കൊന്നും നാമകരണം ചെയ്തിരുന്നില്ല. ഉദാഹരണമായി, 'കിതാബുല്‍ ഹുജ്ജ'യെ 'അല്‍ കിതാബുല്‍ ബഗ്ദാദി' എന്നും 'കിതാബുര്‍രിസാല'യെ 'കിതാബുനാ' എന്നുമായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. നിവേദകരായ സഅ്ഫറാനി, റബീഉല്‍ മുറാദി തുടങ്ങിയ ശിഷ്യന്മാരാണ് നിലവിലുള്ള നാമകരണം നടത്തിയത്. അക്കാരണത്താല്‍തന്നെ, ഒരേ കൃതി തന്നെ വ്യത്യസ്ത നാമങ്ങളില്‍ അറിയപ്പെടാനിടയാവുകയും വ്യത്യസ്ത ഗ്രന്ഥങ്ങളാണെന്ന ധാരണയുണ്ടാവുകയും ചെയ്തു. 

ശിഷ്യന്മാര്‍ ഗുരുവിന്റെ കൃതികള്‍ നിവേദനം ചെയ്തത് മൂന്ന് രീതിയിലാണ്: 1) ഇമാം എഴുതിയതും പറഞ്ഞുകൊടുത്തതും ഏറ്റക്കുറച്ചിലില്ലാതെ അപ്പടി ഉദ്ധരിക്കുക. 2) അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിശ്ചിത സ്ഥലങ്ങളില്‍ അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിച്ച തെളിവുകളും നിവേദനം ചെയ്യുക. 3) അദ്ദേഹം എഴുതിയതും പറഞ്ഞുകൊടുത്ത് എഴുതിച്ചതുമായ കൃതികളില്‍നിന്ന് അദ്ദേഹത്തിന്റെ ഫിഖ്ഹ് സമാഹരിച്ച് അവതരിപ്പിക്കുക.

ഇറാഖീ ഗ്രന്ഥങ്ങളില്‍ താന്‍ അവതരിപ്പിച്ച അഭിപ്രായങ്ങളില്‍നിന്ന് ഈജിപ്തില്‍ വെച്ച് അദ്ദേഹം പിന്മാറുകയും അവയൊന്നും തന്റെ അഭിപ്രായങ്ങളായെടുക്കരുതെന്ന് ശിഷ്യരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നതിനാല്‍ അവയൊന്നും ഇപ്പോള്‍ ലഭ്യമല്ല (നോ. ഡോ. മുഹമ്മദ് ഇബ്‌റാഹീം അഹ്മദ് അലി: അല്‍ മദ്ഹബ് ഇന്‍ദശ്ശാഫിഇയ്യ. പേ. 5). ഹസനുബ്‌നു മുഹമ്മദു ബ്‌നു സ്വബാഹ് നിവേദനം ചെയ്ത കൃതികളെല്ലാം പഴയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ രചിച്ചതാണ്. ഈ അഭിപ്രായങ്ങളാണ് 'ഖദീമാ'(പഴയ)യ അഭിപ്രായങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈജിപ്തിലെത്തിയപ്പോള്‍ അവയെല്ലാം മാറ്റിയെഴുതുകയായിരുന്നു. എണ്ണപ്പെട്ട ചിലത് മാത്രമായിരുന്നു അപവാദം (ബൈഹഖി. മനാഖിബുശ്ശാഫി 1: 256). മറിച്ച്, റബീഉല്‍ മുറാദി നിവേദനം ചെയ്ത ഈജിപ്ഷ്യന്‍ കൃതികളിലെ അഭിപ്രായങ്ങളില്‍ മരണം വരെ ഇമാം ഉറച്ചുനില്‍ക്കുകയും തന്റെ അഭിപ്രായങ്ങളായി സ്വീകരിക്കുകയും ചെയ്തിരുന്നതിനാല്‍ അവ ഇന്നും നിലനില്‍ക്കുന്നു. ഈ അഭിപ്രായങ്ങളാണ് 'ജദീദ്'(പുതിയ) ആയ അഭിപ്രായങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 

ഇറാഖീ കൃതികളും ചില ഈജിപ്ഷ്യന്‍ കൃതികളും ഇപ്പോള്‍ ലഭ്യമല്ല എങ്കിലും അവയെ ലഘുവായി പരിചയപ്പെടുത്താം.

 

1. കിതാബുല്‍ ഹുജ്ജ

സഅ്ഫറാനി 'അല്‍ ഹുജ്ജ'  എന്ന് നാമകരണം ചെയ്ത ഈ കൃതി, ഫിഖ്ഹി അധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടതാണ്. ഇറാഖിലെ ഹനഫികളും മറ്റു കര്‍മശാസ്ത്രജ്ഞന്മാരും തങ്ങളുടെ ഇജ്തിഹാദിലും നിര്‍ധാരണ രീതിയിലും സ്വീകരിച്ച നിലപാടുകളെ ഇമാം ഇതില്‍ തെളിവുകള്‍ സഹിതം ഖണ്ഡിക്കുന്നു. 

2. അര്‍രിസാലതുല്‍ ഇറാഖിയ്യ

ഉസ്വൂലുല്‍ ഫിഖ്ഹാണ് വിഷയം. തന്റെ രണ്ടാം ബഗ്ദാദ് സന്ദര്‍ശനവേളയില്‍ (ഹി. 195) ബസ്വറയിലെ അബ്ദുര്‍റഹ്മാനു ബ്‌നു മഹ്ദിയുടെ അപേക്ഷ പ്രകാരം രചിച്ചത്. ഈജിപ്തില്‍ വെച്ച് ഇമാം ഇത് പുനഃക്രമീകരിക്കുകയുണ്ടായി. അര്‍രിസാലതുല്‍ മിസ്‌രിയ്യ എന്നോ അര്‍രിസാലതുല്‍ ജദീദ എന്നോ ആണ് പിന്നെ ഇതറിയപ്പെട്ടത്. റബീഅ് നിവേദനം ചെയ്ത പാഠമാണ് നിലവിലുള്ളത്.

 

3. അല്‍ മബ്‌സ്വൂത്വ്

ഇതൊരു പ്രത്യേക കൃതിയല്ല. കര്‍മശാസ്ത്രത്തില്‍ ഇമാം രചിച്ചതും ഹസന്‍ സഅ്ഫറാനി നിവേദനം ചെയ്തതുമായ 'അല്‍ഹുജ്ജ'യുടെയും, റബീഉല്‍ മുറാദി നിവേദനം ചെയ്ത 'അല്‍ ഉമ്മി'ന്റെയും മറ്റൊരു പേരാണ് 'അല്‍ മബ്‌സുത്വ്' എന്നാണ് അബൂ സുഹ്‌റ, ഡോ. അഹ്മദ് നഹ്‌റാവി അബ്ദുസ്സലാം തുടങ്ങിയ ആധുനിക ഗവേഷകരുടെ അഭിപ്രായം. എന്നാല്‍, ബൈഹഖി, ഇമാമിന്റെ ഇറാഖീ ഈജിപ്ഷ്യന്‍ കൃതികളുടെ ഒരു സമാഹാരം 'അല്‍ മബ്‌സ്വൂത്വ്' എന്ന പേരില്‍ രചിച്ചിട്ടുണ്ട്. 'അല്‍ മബ്‌സ്വൂത്വുല്‍ മര്‍ദൂദ് ഇലാ തര്‍തീബില്‍ മുഖ്തസ്വര്‍' എന്നാണിതിന്റെ പൂര്‍ണ നാമം. പക്ഷേ, ഇത് ഇന്ന് ലഭ്യമല്ല.

 

4. അസ്സുനന്‍ (ഹര്‍മല)

റബീഉല്‍ മുറാദി കിതാബുല്‍ ഉമ്മിലും മറ്റും നിവേദനം ചെയ്തതിനേക്കാള്‍ ബൃഹത്താണ് ഇമാമിന്റെ ഈജിപ്ഷ്യന്‍ ശിഷ്യന്‍ ഹര്‍മല ബ്‌നു യഹ്‌യാ നിവേദനം ചെയ്ത ഈ കൃതി. മറ്റുള്ളവര്‍ നിവേദനം ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും ഇതിലുണ്ട്. കൈയെഴുത്തു പ്രതി പോലും ഇപ്പോള്‍ ലഭ്യമല്ല.

 

ഇമാമിന്റെ ലഭ്യമായ കൃതികള്‍

ഇമാമിന്റെ ലഭ്യമായ കൃതികളെല്ലാം 'ഫിഖ്ഹ് മുഖാരിന്‍' ചര്‍ച്ച ഉള്‍ക്കൊള്ളുന്നതാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും അഭേദ്യമായി ബന്ധപ്പെട്ട രണ്ടു വിജ്ഞാന ശാഖകളത്രെ. അതിനാല്‍, ഏറ്റവും മികച്ചുനില്‍ക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ കൃതികളെ മൂന്നായി ഭാഗിക്കാവുന്നതാണ്: 1) ഫിഖ്ഹ് ആം 2) ഫിഖ്ഹ് മുഖാരിന്‍ 3) ഉസ്വൂലുല്‍ ഫിഖ്ഹ്.

 

ഫിഖ്ഹ് ആം

കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇമാമിന്റെ ചിന്താധാര തെളിവുകള്‍ സഹിതം കൈകാര്യം ചെയ്യുന്ന  താഴെ പറയുന്ന കൃതികളാണ് വിവക്ഷ.

 

ഫിഖ്ഹ് മുഖാരിന്‍

തര്‍ക്കവിഷയങ്ങളില്‍ പണ്ഡിതാഭിപ്രായങ്ങളും അവരുടെ തെളിവുകളും അവതരിപ്പിച്ച ശേഷം നിരൂപണം നടത്തുകയും ശരിയായത് അംഗീകരിക്കുകയും ചെയ്യുന്നതിന്ന് 'അല്‍ ഫിഖ്ഹുല്‍ മുഖാരിന്‍' എന്ന് പറയുന്നു. പഴയകാല പണ്ഡിതന്മാര്‍ 'ഇല്‍മുല്‍ ഖിലാഫ്' എന്നോ,  'ഇല്‍മുല്‍ ഖിലാഫിയ്യാത്ത്' എന്നോ ആയിരുന്നു ഈ വിജ്ഞാനശാഖയെ വിളിച്ചിരുന്നത്. ഈ വിഷയത്തില്‍ ഇമാം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. വിഷയത്തിലെ വീക്ഷണങ്ങളും തെളിവുകളും ഉദ്ധരിച്ച് നിരൂപണം നടത്തുകയും അനന്തരം സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയുമാണ് ഈ കൃതികളില്‍ ഇമാം ചെയ്തത്. ഇവയില്‍ ചിലത് നിര്‍ണിത വിഷയങ്ങളിലും മറ്റു ചിലത് ചില കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ വീക്ഷണങ്ങളെ നിരൂപണം നടത്തുന്നതിലും പരിമിതമാണ്. ഉദാഹരണമായി, 'സിയറുല്‍ ഔസാഈ' ജിഹാദിലും,  'ഇഖ്തിലാഫു മാലിക് വശ്ശാഫിഈ' ഇമാം മാലികിന്റെ വീക്ഷണങ്ങളെ നിരൂപണം ചെയ്യുന്നതിലും പരിമിതമാണ്. റബീഉല്‍ മുറാദി നിവേദനം ചെയ്ത ഈജിപ്ഷ്യന്‍ കൃതികളാണിവ. ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലുമുള്ള ഇമാമിന്റെ പുതിയ അഭിപ്രായങ്ങ(അല്‍ ഖൗലുല്‍ ജദീദ്)ളെയാണിവ പ്രതിനിധാനം ചെയ്യുന്നത്. ഫിഖ്ഹ് മുഖാരിന്റെ രീതിയിലാണിവയില്‍ 5 എണ്ണം വിരചിതമായത്.  എന്നാല്‍ ഉസ്വൂലുല്‍ ഫിഖ്ഹ് വിഭാഗത്തിലാണ് ബൈഹഖി ഇവ എണ്ണിയിരിക്കുന്നത്. 

ഫിഖ്ഹ് മുഖാരിനിലെ ഏറ്റവും പഴക്കമുള്ള കൃതികള്‍:

1. ഇഖ്തിലാഫു അബീഹനീഫ വബ്‌നി അബീലൈലാ.

'ഇഖ്തിലാഫുല്‍ ഇറാഖിയ്യീന്‍' എന്നും ഇതറിയപ്പെടുന്നു. ഇമാം അബൂഹനീഫയും മുഹമ്മദു ബ്‌നു അബ്ദിര്‍റഹ്മാന്‍ അബീലൈലയും തമ്മിലുള്ള വിവാദം സംബന്ധിച്ച് ഖാദി അബൂയൂസുഫ് എഴുതിയ കൃതിയാണ് അടിസ്ഥാനം. ഈ വിഷയങ്ങളില്‍ അബൂയൂസുഫിന്റെ ഗവേഷണവുമായി ബന്ധപ്പെട്ടതാണ് വിവാദം. അനന്തരം ഇമാം ശാഫിഈ, ഭിന്നാഭിപ്രായങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടവയെ കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടോ സ്വന്തമായ അഭിപ്രായങ്ങള്‍ തെളിവുകളോടെ അവതരിപ്പിച്ചുകൊണ്ടോ പുനര്‍രചന നടത്തുകയായിരുന്നു. ഇരുനൂറ്റി മുപ്പതോളം പേജുള്ള ഈ കൃതി, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ മിക്ക വിഷയങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്.

 

2. ഇഖ്തിലാഫു അലിയ്യിന്‍ വ അബ്ദില്ലാഹി ബ്‌നു മസ്ഊദ്.

'മാ ഖാലഫല്‍ ഇറാഖിയ്യൂന അലിയ്യന്‍ വ അബ്ദല്ലാഹ്' എന്ന പേരിലാണ് ഇബ്‌നു നദീം 'അല്‍ ഫിഹ്‌രിസ്തി' ല്‍ ഈ കൃതിയെ പരിചയപ്പെടുത്തുന്നത്. ഇറാഖീ പണ്ഡിതന്മാരോട് പൊതുവെയും ഹനഫീ കര്‍മശാസ്ത്രകാരന്മാരോട് പ്രത്യേകിച്ചും തനിക്കുള്ള വിയോജിപ്പുകള്‍ക്കൊപ്പം, അലിക്കും ഇബ്‌നു മസ്ഊദിന്നുമിടയിലെ തര്‍ക്കങ്ങളും ഇമം ഈ കൃതിയില്‍ ക്രോഡീകരിച്ചിരിക്കുന്നു. നൂറോളം പേജുകളുള്ള കൃതി 20 അധ്യായങ്ങളുള്‍ക്കൊള്ളുന്നു. 

 

3. ഇഖ്തിലാഫു മാലിക് വശ്ശാഫിഈ

ഹദീസ് പ്രമാണമായി സ്വീകരിക്കുന്ന കാര്യത്തില്‍  ഇമാം മാലികിന്റെ ആശങ്കയാണ് പ്രമേയം. 'ഈജിപ്തില്‍ ഞാന്‍ വരുമ്പോള്‍, 16 ഹദീസുകളില്‍ മാത്രമാണ് മാലികിന് വിയോജിപ്പുള്ളതെന്നായിരുന്നു എന്റെ അറിവ്. പരിശോധനയില്‍, പലതിലും അദ്ദേഹം അസ്വ്ല്‍(അടിസ്ഥാനം) ഒഴിവാക്കി ഫര്‍അ്(അസ്വ്‌ലില്‍ നിന്ന് ഉരുവം കൊള്ളുന്നത്) സ്വീകരിക്കുകയോ, ഫര്‍അ് ഒഴിവാക്കി അടിസ്ഥാനം സ്വീകരിക്കുകയോ ചെയ്യുന്നതാണ് കണ്ടത്' എന്ന് അദ്ദേഹം പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു. ഇതത്രെ ഈ കൃതിയുടെ രചനക്ക് പ്രചോദനം (മനാഖിബുശ്ശാഫിഈ 1: 509). 250 പേജുള്ള കൃതിയില്‍ 97 അധ്യായങ്ങളുണ്ട്. 

 

4. അര്‍റദ്ദു അലാ മുഹമ്മദു ബ്‌നില്‍ ഹസന്‍.

ഖിസ്വാസ്വ്, ദിയഃ എന്നീ കാര്യങ്ങളില്‍ ഹനഫികളോടും ഗുരുവായ മുഹമ്മദു ബ്‌നു ഹസന്‍ ശൈബാനിയോടുമുള്ള വിയോജിപ്പുകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെ നിരൂപണം നടത്തുന്ന ഇമാം തന്റെ അഭിപ്രായം സമര്‍ഥിക്കുകയും ചെയ്യുന്നു. ബഗ്ദാദില്‍ (ഹി. 195 199) വെച്ചെഴുതിയ കൃതി, പിന്നീട് കുറേ ഭേദഗതികളോടെ ഈജിപ്തില്‍ വെച്ച് പുനര്‍രചന നടത്തുകയായിരുന്നു. അങ്ങനെ, തന്റെ പഴയ അഭിപ്രായങ്ങളുടെയടിസ്ഥാനത്തിലെഴുതിയ കൃതി പുതിയ ചിന്താധാരക്കനുസൃതമായി പരിഷ്‌കരിച്ചു. റബീഉല്‍ മുറാദി നിവേദനം ചെയ്ത ഈ കൃതിയില്‍, 'ഖാല അഹ്‌ലുല്‍ മദീന' (മദീനക്കാര്‍ പറയുന്നു) എന്ന് ഇടക്കിടെ കാണാം. ഇമാം മാലികിന്റെ വീക്ഷണമാണ് വിവക്ഷ. പഴയ അഭിപ്രായങ്ങളെ ഇമാം മാലികിന്റെ വീക്ഷണം കാര്യമായി സ്വാധീനിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഖിയാസ്, ദിയഃ എന്നീ വിഷയങ്ങളില്‍ 20 അധ്യായങ്ങളുള്‍ക്കൊള്ളുന്ന കൃതി 94 പേജുണ്ട്. 

 

5. സിയറുല്‍ ഔസാഈ

ഇമാം ശാഫിഈയുടെ കാലത്ത്, നാലു മദ്ഹബുകള്‍ക്കിടയില്‍ നടന്ന ജിഹാദീ ചര്‍ച്ചയില്‍  അവസാന കൃതിയാണിത്. ഇമാം അബൂഹനീഫ ജിഹാദില്‍ ഒരു കൃതി രചിക്കുന്നു. അനന്തരം, തദ്വിഷയകമായി ഇമാം ഔസാഈ രചിച്ച മറ്റൊരു കൃതിയില്‍ അബൂഹനീഫയുടെ പല വീക്ഷണങ്ങളെയും തിരുത്തുന്നു. പിന്നെ, അബൂഹനീഫയുടെ ശിഷ്യന്‍ അബൂയൂസുഫ് രചിച്ച 'അര്‍റദ്ദു അലാ സിയറില്‍ ഔസാഈ' എന്ന കൃതിയില്‍ ഔസാഈയുടെ വീക്ഷണങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഗുരുവിനെ ന്യായീകരിക്കുന്നു. പിന്നീടാണ് ഇമാം ശാഫിഈ വരുന്നത്. ജിഹാദില്‍ പ്രസ്തുത മൂന്ന് ഇമാമുകളെയും ഖണ്ഡിച്ച് ഔസാഈയുടെ വീക്ഷണങ്ങളെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട്  അദ്ദേഹം ഈ കൃതി രചിക്കുന്നു. 114 പേജു വരുന്ന ഇതില്‍ ജിഹാദ് സംബന്ധമായ 33 കാര്യങ്ങളുണ്ട്. പ്രായപൂര്‍ത്തിയുടെ പരിധിയും പ്രായപൂര്‍ത്തിവന്നവരുടെ ജിഹാദിന്റെ വിധിയും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 

ഇമാമിന്റെ കൃതികളുടെ കൂട്ടത്തില്‍ 'സിയറുല്‍ വാഖിദീ' എന്നൊരു രചന ബൈഹഖി എണ്ണിയിട്ടുണ്ട്.  കേവലം രണ്ടര പേജുമാത്രം വരുന്ന ഈ കൃതിയിലും പ്രായപൂര്‍ത്തിയുടെ പരിധിയും പ്രായപൂര്‍ത്തിവന്നവരുടെ ജിഹാദിന്റെ വിധിയും ചര്‍ച്ചചെയ്യുന്നു. ഈജിപ്തില്‍ വെച്ച് വിരചിതമായ ഇത് ഇന്ന് ലഭ്യമല്ല.

ഉസ്വൂലുല്‍ ഫിഖ്ഹ്(കര്‍മശാസ്ത്ര നിദാനങ്ങള്‍)

വിവിധ പ്രദേശങ്ങളില്‍നിന്നായി ഹദീസുകളുടെ പ്രവാഹം തന്നെ നടന്നുകൊണ്ടിരുന്ന കാലത്തായിരുന്നു ഇമാമിന്റെ ജീവിതം. ഈ പ്രവാഹം കാരണം കര്‍മശാസ്ത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളും ഉടലെടുത്തു. ഇവയില്‍ ഏത് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ സാധാരണക്കാര്‍ കുഴങ്ങി. അതിനാല്‍, കര്‍മശാസ്ത്ര വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിനാവശ്യമായ ചില അടിസ്ഥാന തത്ത്വങ്ങള്‍ (ഉസ്വൂല്‍) സ്വീകരിക്കുക അനിവാര്യമായിത്തീര്‍ന്നു. തദ്വിഷയകമായി പ്രഥമ രചന നടത്തിയത് ഇമാം ശാഫിഈയായിരുന്നു. അദ്ദേഹം ഈ വിഷയത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. അവയില്‍ ലഭ്യമായതില്‍ ഏറ്റവും പ്രശസ്തം അര്‍രിസാലയാണ്.

1. കിതാബുര്‍രിസാല

ഇമാമിന്റെ കൃതികളില്‍ തന്നെ ഏറ്റവും പ്രധാനം ഈ കൃതിയാണ്. സമകാലികരായ ഹനഫികള്‍ക്കും അഹ്‌ലുല്‍ ഹദീസിന്നുമിടയില്‍ കടുത്ത തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ, ഹദീസ് പണ്ഡിതനായ അബ്ദുര്‍റഹ്മാനു ബ്‌നു മഹ്ദി എന്നയാളുടെ ആവശ്യപ്രകാരമാണ് ഈ കൃതി രചിച്ചത്. ബഗ്ദാദീ പതിപ്പിന്റെ കോപ്പികള്‍ ഇന്ന് ലഭ്യമല്ല. പിന്നീട്, ഈജിപ്തില്‍ താമസിക്കവെ(ഹി. 300-304) ഇത് പുനഃക്രമീകരിക്കുകയും പരിഷ്‌കരിക്കുകയുമുണ്ടായി. അര്‍രിസാലതുല്‍ മിസ്‌രിയ്യ, അര്‍രിസാലതുല്‍ ജദീദ എന്നീ പേരുകളിലാണിത് പ്രശസ്തമായത്. ഇത് പൂര്‍ണമായും, ഇമാം പറഞ്ഞുകൊടുത്ത് റബീഉല്‍ മുറാദി എഴുതിയെടുത്തതാണ്. ബൈഹഖി, ഇബ്‌നു ഹജര്‍ അസ്ഖലാനി പോലുള്ളവര്‍, ബഗ്ദാദീ പതിപ്പിനെയും ഈജിപ്ഷ്യന്‍ പതിപ്പിനെയും രണ്ടായാണ് എണ്ണിയത്.

പില്‍ക്കാലത്ത് വിരചിതമായ ഉസ്വൂലുല്‍ ഫിഖ്ഹ് കൃതികളിലെ ക്രമമോ പൂര്‍ണമായ വിഷയങ്ങളോ ഇതിലില്ലെങ്കിലും, ഇതിന്റെ പ്രാധാന്യം കുറയുന്നില്ല. താന്‍ ഈ കൃതി 500 തവണ വായിച്ചിട്ടുണ്ടെന്നും ഓരോ വായനയിലും മുമ്പ് ലഭിച്ചിട്ടില്ലാത്ത ഓരോ അറിവ് ലഭിച്ചിട്ടുണ്ടെന്നും ശിഷ്യന്‍ മുസനി പറയുന്നു (ബൈഹഖി, മനാഖിബുശ്ശാഫീഈ, 1: 236). അര്‍രിസാലയുടെ 5 വ്യാഖ്യാനങ്ങള്‍ താന്‍ കണ്ടതായി ഡോ. അഹ്മദ് ശാകിര്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

2. ഇബ്ത്വാലുല്‍ ഇസ്തിഹ്‌സാന്‍

നല്ലതാണെന്നു കാണുന്ന ഒരു കാര്യം അംഗീകരിക്കുകയാണ് ഇസ്തിഹ്‌സാന്‍. ഹനഫികള്‍ ഇതൊരു അടിസ്ഥാന പ്രമാണമായി ഗണിച്ചിരുന്നു. ഇമാം ശാഫിഈ ഇതിന്റെ പ്രാമാണികത ചോദ്യം ചെയ്യുകയാണുണ്ടായത്. തദ്വിഷയകമായി  രചിച്ച കൃതിയാണ് ഇബ്ത്വാലുല്‍ ഇസ്തിഹ്‌സാന്‍.  ഇതിന്റെ പ്രാമാണികതയെ ഖണ്ഡിച്ചുകൊണ്ട് അര്‍രിസാലയില്‍ അറുപതോളം പേജുകള്‍ ശാഫിഈ എഴുതിയിട്ടുണ്ട്. അതിന്റെ ഒരു പൂരണമായാണ് ഈ കൃതി ഗണിക്കപ്പെടുന്നത്. കേവലം 31 പേജുകളുള്ള ഈ ഗ്രന്ഥം ചെറുതെങ്കിലും അമൂല്യമത്രെ. 

3. ജിമാഉല്‍ ഇല്‍മ്

അര്‍രിസാലയുമായി വളരെയധികം ബന്ധമുള്ള ഒരു കൃതിയാണിത്. അര്‍രിസാലയില്‍ ഹ്രസ്വമായി പറഞ്ഞ പല കാര്യങ്ങളും ഇതില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ വിശദീകരിച്ച പലതും ഇതില്‍ സംഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ഏക റാവീ ഹദീസുകളുടെ പ്രാമാണികത, തിരുസുന്നത്തും ഖുര്‍ആനുമായി അതിന്നുള്ള ബന്ധം, പ്രാമാണികതയുള്ള ശരിയായ ഇജ്മാഅ്, കര്‍മശാസ്ത്ര ഭിന്നതകള്‍ എന്നിവയാണ് പ്രധാന പ്രമേയങ്ങള്‍. ഒരു സാങ്കല്‍പിക പ്രതിയോഗിയെ മുമ്പില്‍ കണ്ടുകൊണ്ടാണ് ഇതിന്റെ അവതരണം. അയാളില്‍നിന്ന് വന്നേക്കാവുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. നിദാനശാസ്ത്രത്തില്‍ വിരചിതമായ ഈ ചര്‍ച്ചാഗ്രന്ഥത്തിന്ന് 70 പേജുകളുണ്ട്. 

4. ബയാനു ഫറാഇദില്ലാഹ്

നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ നാല് നിര്‍ബന്ധാനുഷ്ഠാനങ്ങളെ സൂക്ഷ്മമായി താരതമ്യം ചെയ്തുകൊണ്ട് തുടങ്ങുന്ന ഈ കൃതിയില്‍, അവക്കിടയിലെ സദൃശവും ഭിന്നവുമായ വിധികള്‍ പ്രതിപാദിക്കുന്നു. ഖുര്‍ആന്‍ ചുരുക്കിപ്പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കുന്നു. സുന്നത്ത് വിശദീകരണത്തിന് പ്രത്യേകം സ്ഥലം നീക്കിവെച്ചിരിക്കുന്നു. തിരുസുന്നത്തിന്റെ പ്രാമാണികത പൊതുവെയും ഏകസാക്ഷി ഹദീസുകളുടേതിന് പ്രത്യേകമായും സ്ഥാനം നല്‍കിയിരിക്കുന്നു. 14 പേജ് വരുന്നതാണ് ഈ കൃതി.

5. സ്വിഫതു നഹ്‌യിന്നബിയ്യി(സ)

ശര്‍ഇല്‍ വ്യക്തമായി വന്ന നിരോധം, കറാഹത്താണെന്നതിന് തെളിവില്ലെങ്കില്‍, തഹ്‌രീമി(നിഷിദ്ധം)നെ കുറിക്കുന്നുവെന്ന സുപ്രധാനമായൊരു തത്ത്വമാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. മുഹര്‍റം ലിദാതിഹി(സ്വയമേവ നിഷിദ്ധം), മുഹര്‍റം ലി ഗൈരിഹി(സ്വയമേവ അനുവദനീയമെങ്കിലും മറ്റു ഹേതുക്കളാല്‍ നിഷിദ്ധം) എന്നിങ്ങനെ മുഹര്‍റം(നിഷിദ്ധം) രണ്ടുതരമുണ്ട്. നിഷിദ്ധമായ വ്യഭിചാരം, മോഷണം എന്നിവ ആദ്യത്തേതിനു ഉദാഹരണമാണ്. സ്വന്തം നിലയില്‍ അനുവദനീയമെങ്കിലും മറ്റു ഹേതുക്കളാല്‍ നിഷിദ്ധമായവയില്‍പെട്ടതാണ് ജുമുഅക്കുള്ള ബാങ്കു വിളിച്ചതിനു ശേഷമുള്ള കച്ചവടം, ചടങ്ങു വിവാഹം, കൊള്ള ചെയ്ത വസ്ത്രം ധരിച്ചുള്ള നമസ്‌കാരം എന്നിവ. 'സ്വിഫതു നഹ്‌യില്ലാഹി വറസൂലിഹി' എന്ന തലക്കെട്ടില്‍ അര്‍രിസാലയില്‍ പ്രതിപാദിച്ച പ്രമേയത്തിന്റെ സംഗ്രഹമാണിത്. ഏഴ് പേജുകള്‍ മാത്രമുള്ള കൃതിയാണിത്. 

6. ഇഖ്തിലാഫുല്‍ ഹദീസ്

പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളെന്നു തോന്നുന്ന ഹദീസുകള്‍ വിശകലനത്തിലൂടെ സമരസപ്പെടുത്തുന്ന വിജ്ഞാനശാഖയാണ് 'മുഖ്തലഫുല്‍ ഹദീസ്'. 'മുശ്കിലുല്‍ ഹദീസ്', 'ഇഖ്തിലാഫുല്‍ ഹദീസ്', 'തഅ്‌വീലുല്‍ ഹദീസ്' എന്നിങ്ങനെ വിവിധ പേരുകളില്‍ ഇതറിയപ്പെടുന്നു. ഇമാം ആദ്യമായി രചിച്ച 'ഉസ്വൂലുല്‍ ഫിഖ്ഹി'ലെ ഏറ്റവും മുഖ്യവും സൂക്ഷ്മവുമായ ശാഖയായി ഇത് പരിഗണിക്കപ്പെടുന്നു. പരസ്പരവിരുദ്ധങ്ങളായി  തോന്നുന്ന ഹദീസുകള്‍ക്ക് നേരെ സമകാലിക പണ്ഡിതന്മാര്‍ അനുവര്‍ത്തിച്ചുപോന്ന സമീപനമാണ് സ്വതന്ത്രമായൊരു കൃതി തന്നെ രചിക്കാന്‍ ഇമാമിനെ നിര്‍ബന്ധിച്ചതെന്ന് ഡോ. ഖലീല്‍ ഇബ്‌റാഹീം മുല്ല ഖാത്വിര്‍ അഭിപ്രായപ്പെടുന്നു. ശാഫിഈക്കു മുമ്പ് ഇങ്ങനെ ഒരു വിഷയം തന്നെ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നു വരെ ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. 

സുദീര്‍ഘമായ മുഖവുരയില്‍ പരസ്പരവിരുദ്ധങ്ങളെന്നു തോന്നുന്ന ഹദീസുകള്‍ കൈകാര്യം ചെയ്യേണ്ട വിധം അവതരിപ്പിക്കുന്നുണ്ട്. അനന്തരം 276 ഹദീസുകള്‍ പരമ്പര സഹിതം ഉദ്ധരിക്കുന്നു. കര്‍മശാസ്ത്രപരമായ 79 കാര്യങ്ങള്‍ അടങ്ങിയ പ്രസ്തുത ഹദീസുകള്‍ മിക്കതും ഇബാദത്ത് സംബന്ധമാണ്. 

മുകളില്‍ പറഞ്ഞ നാലു കൃതികള്‍ കാരണമായിരിക്കണം ബഗ്ദാദുകാര്‍ക്കിടയില്‍ അദ്ദേഹം 'നാസ്വിറുസ്സുന്ന' (തിരുചര്യയുടെ സഹായി) എന്നറിയപ്പെട്ടത്. 

 

ഇമാമിന്റെ മരണശേഷം സമാഹരിക്കപ്പെട്ട കൃതികളും കര്‍തൃത്വം അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട ഗ്രന്ഥങ്ങളും

ശാഫിഈ ശിഷ്യന്മാര്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഏറ്റവും സേവനം ചെയ്ത ഒരു പണ്ഡിതനാണ് ഹാഫിള് അബൂബക്ര്‍ ബൈഹഖി. 'എല്ലാ ശാഫിഈ പണ്ഡിതര്‍ക്കും ഇമാം ശാഫിഈയോട് കടപ്പാടുണ്ട്. അബൂബക്ര്‍ ബൈഹഖി മാത്രമാണ് അപവാദം. തന്റെ മദ്ഹബിനു സഹായകമായി രചന നടത്തിയ അദ്ദേഹത്തോട് ശാഫിഈക്കാണ് കടപ്പാട്' എന്ന് പ്രമുഖ ശാഫിഈ ശിഷ്യനായ ഇമാമുല്‍ ഹറമൈനില്‍ ജുവൈനി പ്രസ്താവിച്ചിട്ടുണ്ട്. ഇമാമിന്റെ വാക്യങ്ങള്‍ സമാഹരിക്കപ്പെട്ട പ്രധാന കൃതികള്‍ ഇവയാണ്:

1. മഅ്‌രിഫതുസ്സുനനി വല്‍ ആസാര്‍

ഇമാം തെളിവുകളായി സ്വീകരിച്ച ഹദീസുകളെയും സഹാബി വചനങ്ങളെയും ഉദ്ധരിച്ച് അവയുടെ പരമ്പരയും സാക്ഷ്യങ്ങളും വ്യാഖ്യാനങ്ങളും നല്‍കുകയാണ് ബൈഹഖി ഇതില്‍ ചെയ്തിരിക്കുന്നത്. കിതാബുല്‍ ഉമ്മിന്റേതിനോട് ഏകദേശം സാദൃശ്യമുള്ള ഈ ക്രമീകരണത്തില്‍ മുസനിയുടെ 'മുഖ്തസ്വറി'നെയാണ് അദ്ദേഹം അവലംബിച്ചത്. സുദീര്‍ഘമായ മുഖവുരയില്‍ ഇമാമിന്റെ ഉസ്വൂലുല്‍ ഫിഖ്ഹും ചരിത്രവും പറയുന്നുണ്ട്. 'മബ്‌സൂത്വി'നു ശേഷമാണിതിന്റെ രചന നടന്നതെന്ന് ചിലര്‍ പറയുന്നു. ഇതും കൂടി ചേര്‍ത്തു പഠിക്കുന്ന പക്ഷം വളരെ പ്രയോജനം ലഭിക്കുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഇമാമിന്റെ ജദീദായ അഭിപ്രായങ്ങളെ തെളിവു സഹിതം അടുത്ത ശിഷ്യന്‍ റബീഉല്‍ മുറാദി അവതരിപ്പിക്കുകയാണ് ഉമ്മില്‍. ഇതിലാകട്ടെ, ബൈഹഖി അദ്ദേഹത്തിന്റെ തെളിവുകളായ ഹദീസുകളെയും സഹാബി വാക്യങ്ങളെയും ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായ 'തഖ്‌രീജു അഹാദീസില്‍ ഉമ്മില്‍നിന്നും വ്യത്യസ്തമാണ് ഈ കൃതി.

2. അഹ്കാമുല്‍ ഖുര്‍ആന്‍

ബൈഹഖിയുടെ ഈ കൃതിയില്‍, ചില ഖുര്‍ആന്‍ സൂക്തങ്ങളെ കുറിച്ച ഇമാമിന്റെ അഭിപ്രായങ്ങള്‍ പരിശോധിക്കുകയും കര്‍മശാസ്ത്ര ക്രമത്തില്‍ ക്രോഡീകരിക്കുകയും ചെയ്തിരിക്കുന്നു. മുസ്വ്ഹഫിലെ അധ്യായങ്ങളില്‍നിന്നും സൂക്തങ്ങളില്‍ നിന്നും ഭിന്നമായി, വിഷയാധിഷ്ഠിത ക്രമമാണിതില്‍ സ്വീകരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഉസ്വൂലുല്‍ ഫിഖ്ഹ്, കര്‍മശാസ്ത്ര നിര്‍ധാരണം എന്നിവയില്‍ ഇമാമിനുള്ള അവഗാഹവും നൈപുണ്യവും സ്വതന്ത്രമായ വൈജ്ഞാനിക വ്യക്തിത്വവും വിളിച്ചോതുന്നതാണ് ഈ കൃതി. ഇതേ പേരില്‍ ഇമാം തന്നെ ഒരു കൃതി എഴുതിയിട്ടുണ്ടെന്നത് സ്മരണീയമാണ്. ഒരു കൈയെഴുത്തു കോപ്പി പോലും ലഭ്യമല്ലാത്ത വിധം അത് നഷ്ടപ്പെട്ടുപോയിരിക്കുന്നു. 

3. മുസ്‌നദുല്‍ ഇമാം ശാഫിഈ

ഹദീസ് പണ്ഡിതന്‍ അബുല്‍ അബ്ബാസ് അസ്വമ്മാ(മ. ഹി. 346)ണ് സമാഹര്‍ത്താവ്. ബുവൈത്വിയില്‍നിന്നുദ്ധരിച്ച നാലെണ്ണമൊഴിച്ചാല്‍, ഇമാമില്‍നിന്ന് റബീഅ് ഉദ്ധരിച്ച ഹദീസുകളും സ്വഹാബി വാക്യങ്ങളുമാണിതിലുള്ളത്. പരമ്പരയോ വ്യാഖ്യാനമോ സ്പര്‍ശിക്കുന്നില്ലെന്നു മാത്രമല്ല, കര്‍മശാസ്ത്രത്തിന്റെയോ സ്വഹാബികളുടെ മുസ്‌നദുകളുടെയോ ക്രമം ഇതില്‍ സ്വീകരിച്ചിട്ടുമില്ല. അതിനാല്‍, പല ഹദീസുകളും ആവര്‍ത്തിച്ചുവന്നിട്ടുണ്ട്. പിന്നീട്, ഹദീസ് പണ്ഡിതനായ മുഹമ്മദ് ആബിദ് സിന്ധി (മരണം ഹി. 1257) വിഷയക്രമത്തില്‍ ക്രോഡീകരിച്ച മുസ്‌നദാണ് ഇന്ന് പ്രചാരത്തിലുള്ളത്.

4. അസ്സുനന്‍

'അസ്സുനനുല്‍ മഅ്‌സൂറ' എന്നാണ് പൂര്‍ണമായ പേര്. ഹദീസ് പണ്ഡിതനും ഹനഫി കര്‍മശാസ്ത്രകാരനുമായ അബൂ ജഅ്ഫര്‍ ത്വഹാവി(മ. ഹി. 321)യുടെ ഈ കൃതിയില്‍ ഇമാം തെളിവുകളായി ഉദ്ധരിച്ച ഹദീസുകളും സ്വഹാബി വാക്യങ്ങളും, അമ്മാവന്‍ അബൂ ഇബ്‌റാഹീം മുസനി, ഇമാമില്‍നിന്ന് ഉദ്ധരിച്ച പരമ്പരസഹിതം, വിഷയക്രമത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. ഈ കൃതിയും അസ്വമ്മിന്റെ  കൃതിയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലാത്തതിനാല്‍, സാആതി എന്ന പേരില്‍ അറിയപ്പെടുന്ന ശൈഖ് അഹ്മദു ബ്‌നു അബ്ദിര്‍റഹ്മാനു ബ്‌നു മുഹമ്മദ് ബന്നാ, 'ബദാഇഉല്‍മിനന്‍  ഫീ ജംഇ വതര്‍തീബി മുസ്‌നദിശ്ശാഫിഈ' എന്ന പേരില്‍ ഇരുകൃതികളും വിഷയക്രമത്തില്‍ ക്രോഡീകരിച്ചിരിക്കുന്നു. പിന്നീട് 'അല്‍ ഖൗലുല്‍ ഹസന്‍ ഫീ ശര്‍ഹി ബദാഇഉല്‍ മിനന്‍' എന്ന പേരില്‍ അദ്ദേഹം തന്നെ ഇതിനൊരു വ്യാഖ്യാനവുമെഴുതിയിട്ടുണ്ട്. മുസ്‌നദിലുള്ള പല ഹദീസുകളും സുനനിലില്ല; സുനനിലുള്ള പല ഹദീസുകളും മുസ്‌നദിലുമില്ല. അതിനാല്‍, കൂടുതല്‍ ഫലവത്തായിത്തീരുന്നതിനു വേണ്ടിയാണ് ഇവ രണ്ടും താന്‍ സമാഹരിച്ചതെന്ന് ഇതിന്റെ മുഖവുരയില്‍ അദ്ദേഹം പറയുന്നുണ്ട്. 

 

ഇമാമില്‍ ആരോപിക്കപ്പെട്ട കൃതികള്‍

ഡോ. കാറല്‍ ബ്രൂക്കല്‍മാന്‍ പോലുള്ള ആധുനിക ഗവേഷകരില്‍ പലരും ചില കൃതികള്‍ ഇമാമില്‍ ആരോപിച്ചിട്ടുണ്ട്. കിതാബുല്‍ ഫിഖ്ഹില്‍ അക്ബര്‍, കിതാബുല്‍ അഖീദതില്‍ മുഖ്തസ്വറ, കിതാബുത്തംഹീദ് ഫീ ഉസ്വൂലില്‍ ഫിഖ്ഹ്, കിതാബു അദബില്‍ ഖാദി, കിതാബുസ്സബ്ഖി വര്‍റംയ്, അല്‍ ഫവാഇദ് വല്‍ ഹികായാത് വല്‍ അഖ്ബാര്‍, ഹിജാബ്, മുനാജാത് തുടങ്ങിയവ ഇതില്‍പെടുന്നു. കവിതയിലും ലക്ഷണ ശാസ്ത്രത്തിലും ഓരോ കൃതികള്‍ അദ്ദേഹത്തിന്റേതായി പറയപ്പെടുന്നുണ്ട്. 

 

റഫറന്‍സ്

1. അബൂബക്ര്‍ അഹ്മദു ബ്‌നുല്‍ ഹസൈന്‍ ബൈഹഖി. മനാഖിബുശ്ശാഫിഈ

2. ഇബ്‌നുല്‍ അസീര്‍ ജസരി. മനാഖിബുല്‍ ഇമാം ശാഫിഈ

3. ഇബ്‌നു ഹജര്‍ അസ്ഖലാനി. തവാലിത്തഅ്‌സീസ് ലിമആലി മുഹമ്മദു ബ്‌നി ഇദ്‌രീസ്

4. അബ്ദുല്‍ ഗനി ദഖര്‍. അല്‍ ഇമാമുശ്ശാഫിഈ ഫഖീഹുസ്സുന്ന അല്‍ അക്ബര്‍

5. അബ്ദുല്‍ വഹാബുബ്‌നു അഹ്മദ് ഖലീലുബ്‌നി അബ്ദില്‍ ഹമീദ്, അല്‍ ഖവാഇദു വള്ളവാബിത്വുല്‍ ഫിഖ്ഹിയ്യ ഫീ കിതാബില്‍ ഉമ്മ്

6. ദഹബി, സിയറു അഅ്‌ലാമിന്നുബലാ

7. ഫഹ്ദ് അബ്ദുല്ലാ ഹബീശി, അല്‍ മദ്ഖല്‍ ഇലല്‍ മദ്ഹബില്‍ ഇമാമിശ്ശാഫീഈ

8. ഡോ. അക്‌റം യൂസുഫ് ഉമര്‍ ഖവാസിമി, അല്‍ മദ്ഖല്‍ ഇലല്‍ മദ്ഹബില്‍ ഇമാമിശ്ശാഫിഈ

9. മുഹമ്മദ് നബീല്‍ മുഹമ്മദ് ബഹി, അത്തഅ്‌ലീഫുല്‍ ഇബ്ദാഈ ഇന്‍ദല്‍ മുസ്‌ലിമീന്‍, രിസാലതുശ്ശാഫി നുമൂദജന്‍ (www.alukah.com)

10. ഡോ. സ്വബാഹ് ഖാസിം ശാഫീ, മിന്‍ സീറതില്‍ ഇമാമിശ്ശാഫിഈ (www.saaid.net)

11. ഇമാം ശാഫിഈ, കിതാബുല്‍ ഉമ്മ്

12. ഇമാം ശാഫിഈ അഹ്കാമുല്‍ ഖുര്‍ആന്‍

13. ഇമാം ശാഫിഈ, കിതാബുര്‍രിസാല

14. ഇമാം ശാഫിഈ, മുസ്‌നദുശ്ശാഫിഈ

15. ഇമാം ശാഫിഈ, ഇബ്ത്വാലുല്‍ ഇസ്തിഹ്‌സാന്‍

16. ഇമാം ശാഫിഈ, കിതാബു ജിമാഇല്‍ ഇല്‍മ്

17. ഇമാം ശാഫിഈ(റ), മുഹമ്മദ് ഫൈസി കക്കാട്

 

 

കെ.എ ഖാദര്‍ ഫൈസി: മലപ്പുറം എ.ആര്‍ നഗര്‍ സ്വദേശി. ദാറുല്‍ ഹുദാ അറബിക് കോളേജ് വാണിമേല്‍, ഇലാഹിയ്യ കോളേജ് തിരൂര്‍ക്കാട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 

ഇമാം അഹ്മദുബ്‌നു ഹമ്പല്‍, സൂഫിസത്തിന്റെ വേരുകള്‍, ഇസ്‌ലാം ആഗോള സമാധാന പ്രസ്ഥാനം, ഇഹ്‌യാ ഉലൂമിദ്ദീന്‍ ഒന്നാം ഭാഗം (പരിഭാഷ), മുഹമ്മദ് നബി ബൈബിളില്‍ (പരിഭാഷ), തൈസീറുസ്സ്വര്‍ഫ് (അറബി) തുടങ്ങി 28 ഓളം പുസ്തകങ്ങള്‍. ഫോണ്‍: 9847656700. ഇമെയില്‍: [email protected]

Comments

Other Post