Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സകാത്ത് : ശാഫിഈ-ഹനഫീ മദ്ഹബുകളില്‍

ടി.കെ ഉബൈദ്

ശര്‍ഈ വിഷയങ്ങളില്‍ ആദികാല ഇസ്‌ലാമിക പണ്ഡിതന്മാര്‍ പുലര്‍ത്തിയ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളെ അധികരിച്ച് രൂപം കൊണ്ട കര്‍മശാസ്ത്ര സരണികളാണ് മദ്ഹബുകള്‍. ആ മദ്ഹബുകള്‍ തമ്മില്‍ വൈവിധ്യവും വൈരുധ്യവുമുണ്ടാവുക സ്വാഭാവികം. ആദ്യകാലത്ത് മദ്ഹബുകള്‍ ഏറെയുണ്ടായിരുന്നു. അവയില്‍ നാലെണ്ണമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ. ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളാണവ. ദാവൂദുള്ളാഹിരി, ഔസാഇ തുടങ്ങിയ ഒട്ടേറെ ഇമാമുകളുടെ മദ്ഹബുകള്‍ മാഞ്ഞുപോവുകയോ നിലനില്‍ക്കുന്ന മദ്ഹബുകളില്‍ ലയിക്കുകയോ ചെയ്തിരിക്കുന്നു. മാഞ്ഞുപോയവയാവട്ടെ, നിലനില്‍ക്കുന്നവയാവട്ടെ മദ്ഹബുകള്‍ തമ്മിലുള്ള അന്തരം മൗലിക വിഷയങ്ങളിലല്ല. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ എല്ലാ മദ്ഹബുകളും യോജിക്കുന്നു. നമസ്‌കാരത്തിന്റെ വഖ്തുകള്‍, ഓരോ നമസ്‌കാരത്തിന്റെയും റക്അത്തുകള്‍ തുടങ്ങിയ കാര്യങ്ങളിലുമില്ല അന്തരം. അനുഷ്ഠാനങ്ങളുടെയും വ്യവഹാരങ്ങളുടെയും നിര്‍വഹണ രൂപങ്ങളുടെ വിശദാംശങ്ങളിലാണ് അന്തരം. നമസ്‌കാരത്തില്‍ കൈകെട്ടേണ്ടതെവിടെ, വുദൂവില്‍ തല തടവേണ്ടതെത്ര തവണ എന്നിവ പോലുള്ള വിഷയങ്ങളില്‍.

മദ്ഹബുകള്‍ തമ്മിലുള്ള ചെറുതും വലുതുമായ ഭിന്നതകള്‍ മദ്ഹബിന്റെ ഇമാമുകള്‍ സ്വേഛയാ ആവിഷ്‌കരിച്ചതല്ല. എല്ലാവര്‍ക്കും അവരുടേതായ പ്രമാണങ്ങളും ന്യായങ്ങളുമുണ്ട്. ഉദാഹരണമായി, നമസ്‌കരിക്കുന്നവന്‍ ഏത് സാഹചര്യത്തിലും സൂറത്തുല്‍ ഫാത്തിഹ പാരായണം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ശാഫിഈ മദ്ഹബ് അനുശാസിക്കുന്നു. ഇല്ലെങ്കില്‍ നമസ്‌കാരം അസാധുവാകും. 'ഫാത്തിഹ ഓതാത്തവന് നമസ്‌കാരമില്ല' എന്ന പ്രബലമായ നബിവചനമാണ് പ്രമാണം. ജമാഅത്ത് നമസ്‌കാരങ്ങളില്‍ ഇമാമിനെ തുടര്‍ന്നു നമസ്‌കരിക്കുന്ന മഅ്മൂം ഫാത്തിഹ പാരായണം ചെയ്തുകൂടാ എന്നാണ് ഹനഫീ നിലപാട്. ഇമാമിന്റെ പിന്നില്‍ ഫാത്തിഹ പാരായണം വിലക്കിക്കൊണ്ടുള്ള നബിവചനമാണവരുടെ പ്രമാണം. കൂടാതെ ഇമാമിന്റെ പാരായണം മഅ്മൂമിന്റെയും പാരായണമാണെന്ന നബിവചനവും പ്രബലമാണ്. പരസ്പരവിരുദ്ധമാണെങ്കിലും ഇരു കക്ഷികളും നിലകൊള്ളുന്നത് ആധികാരികമായ പ്രമാണത്തിന്മേലാണ്. എന്നുവെച്ച് രണ്ടും ഒരുപോലെ ശരിയാകുന്നില്ല. ഒന്ന് തീര്‍ച്ചയായും പിശകാണ്. മുകളില്‍ സൂചിപ്പിച്ച മൂന്ന് നബിവചനങ്ങളും സൂക്ഷ്മമായി പഠിച്ചാല്‍ കൂടുതല്‍ യുക്തിസഹവും സ്വീകാര്യവുമായ ഒരു വിധി കണ്ടെത്താന്‍ കഴിഞ്ഞേക്കാം. അത്തരമൊരു വിശകലനത്തിന് ഇവിടെ മുതിരുന്നില്ല. മദ്ഹബുകളുടെ അന്തരങ്ങള്‍ സ്വേഛാനുസാരം സൃഷ്ടിക്കപ്പെട്ടതോ, അടിസ്ഥാനമില്ലാത്തതോ അല്ല എന്നു മാത്രം വ്യക്തമാക്കുകയായിരുന്നു. ഈ വിരുദ്ധാഭിപ്രായങ്ങളില്‍ ഏത് സ്വീകരിച്ചവനും കുറ്റവാളിയാകുന്നില്ല. അവന്റെ നമസ്‌കാരം അസാധുവാകുന്നുമില്ല. കാരണം പ്രബലമായ പ്രമാണത്തെ അവലംബിച്ചാണ് അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ പ്രമാണങ്ങളിലും വൈരുധ്യമില്ല. പ്രമാണങ്ങളെ സമീപിക്കുന്ന രീതിയിലുണ്ടാകുന്ന വൈജാത്യം ഭിന്നമായ തീര്‍പ്പുകളിലെത്തിക്കുകയാണ്. എന്നാല്‍ സൂക്ഷ്മമായ പഠനത്തിലൂടെ ശരി ഏതെന്ന് ബോധ്യപ്പെട്ട ശേഷം ശരിയല്ലെന്നു മനസ്സിലായതില്‍ തുടരുന്നത് അക്ഷന്തവ്യമാകുന്നു. പണ്ഡിതന്മാരോടുള്ള സ്‌നേഹാദരവുകളോ, അവരുടെ പാണ്ഡിത്യത്തിലുള്ള മതിപ്പോ അന്ധമായ അനുസരണ ഭ്രമമോ ആ നടപടിയെ ന്യായീകരിക്കുകയില്ല. അല്ലാഹുവിന്റെ റസൂലല്ലാതെ ആരും തെറ്റുകള്‍ക്കതീതരായിട്ടില്ല. മറ്റെല്ലാ മനുഷ്യരിലും തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടായിരിക്കും. ഏത് മഹാ പണ്ഡിതന്റെയും ഏതെങ്കിലും വീക്ഷണത്തോട് ചിലര്‍ വിയോജിക്കുക മനുഷ്യസഹജമാണ്. അത് അദ്ദേഹത്തിന്റെ മഹത്വത്തെ നിഷേധിക്കലോ പാണ്ഡിത്യത്തെ അവമതിക്കലോ ആകുന്നില്ല. വിയോജിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ മഹത്തരവും അനുകരണീയവുമായ വിജ്ഞാന രത്‌നങ്ങള്‍ സമുദായത്തിനു സംഭാവന ചെയ്തിട്ടുള്ള യുഗപ്രഭാവരും സമാദരണീയരുമായ മഹാന്മാരാണ് മദ്ഹബുകളുടെ ഇമാമുകള്‍.

 

സകാത്ത് ശാഫിഈ മദ്ഹബില്‍

സകാത്ത് വിഷയകമായി മാലിക്, ശാഫിഈ, അഹ്മദ് എന്നീ ഇമാമുകള്‍ക്കിടയിലുള്ള ഭിന്നതകള്‍ താരതമ്യേന ലഘുവാണ്. എന്നാല്‍ ഈ മൂന്ന് ഇമാമുകളുടെ മദ്ഹബുകളും ഹനഫീ മദ്ഹബും തമ്മിലുള്ള അന്തരം ഗുരുതരമാണ്. ആദ്യത്തെ മൂന്ന് ഇമാമുകളും സമ്പത്തിന്റെ ഏതാനും ഇനങ്ങളില്‍ സകാത്തിനെ പരിമിതപ്പെടുത്തുന്നു. കുറേ ഹദീസുകള്‍ അവരതിനു പ്രമാണമായി ഉന്നയിക്കുകയും ചെയ്യുന്നു. ഈ ഇമാമുകള്‍ സാമൂഹികനീതിയിലോ സാമ്പത്തിക ശാസ്ത്രത്തിലോ വൈഭവമുള്ളവരായിരിക്കണമെന്നില്ല. ഹദീസ് പഠനവും കര്‍മശാസ്ത്ര ക്രോഡീകരണവുമാണ് അവര്‍ മുഖ്യശ്രദ്ധയൂന്നിയ വിഷയങ്ങള്‍. അതിനാല്‍ സകാത്തിന്റെ പരിമിതീകരണം മൂലം സകാത്ത് എന്ന ഇസ്‌ലാമിക സാമ്പത്തിക വിതരണ ക്രമത്തിന്റെ നെടുംതൂണിന് വന്നുചേരുന്ന ബലക്ഷയവും പാവങ്ങളുടെ താല്‍പര്യങ്ങള്‍ക്കുണ്ടാകുന്ന ഹാനിയും അവരുടെ ചിന്തയില്‍ വന്നിരിക്കണമെന്നില്ല.

ഇമാം അബൂഹനീഫ ഈ പരിമിതീകരണത്തെ നിരാകരിച്ചു. സാമ്പത്തിക വിഷയങ്ങളില്‍ അവഗാഹമുള്ള വ്യാപാരിയായിരുന്നു അദ്ദേഹം. വികാസക്ഷമമായ മുതല്‍ എന്നു വിളിക്കാവുന്ന എല്ലാ സമ്പത്തിനും സകാത്ത് നിര്‍ബന്ധമാണെന്നു സിദ്ധാന്തിച്ചു. കാരണം ഏതെങ്കിലും പ്രത്യേക വിഭവങ്ങളില്‍നിന്ന് സകാത്ത് കൊടുക്കാനല്ല ഖുര്‍ആന്‍ കല്‍പിച്ചിട്ടുള്ളത് 'മുതലുകളില്‍ (അംവാല്‍)നിന്ന് സകാത്ത് കൊടുക്കാനാണ്.'

ഇമാം ശാഫിഈ തന്റെ അല്‍ ഉമ്മില്‍ സകാത്ത് വിസ്തരിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. സകാത്തിന്റെ അധ്യായത്തിന്റെ തുടക്കത്തില്‍ അദ്ദേഹം അവതരിപ്പിച്ച അടിസ്ഥാന പ്രമാണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ഖുര്‍ആന്‍ സൂക്തങ്ങള്‍: ''നേരത്തെ വേദം ലഭിച്ചവര്‍ ഭിന്നിച്ചത് സ്പഷ്ടമായ സന്മാര്‍ഗ ദര്‍ശനം കിട്ടിയ ശേഷം തന്നെയായിരുന്നു. ദീന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവന് ഇബാദത്ത് ചെയ്യാനും മുറപ്രകാരം നമസ്‌കരിക്കാനും സകാത്ത് നല്‍കാനുമല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റം ശരിയും സാധുവുമായ ദീന്‍'' (98:4,5). ദീന്‍ അല്ലാഹുവിനു മാത്രം ആക്കിക്കൊണ്ട് ഇബാദത്ത് ചെയ്യുന്നതും നമസ്‌കരിക്കുന്നതും സകാത്ത് നല്‍കുന്നതും ജനങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നുവെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ''സ്വര്‍ണവും വെള്ളിയും ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിധിയായി സൂക്ഷിച്ചുവെക്കുന്നവരെ നോവേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. അവ നരകാഗ്നിയില്‍ കാച്ചിയെടുത്ത് അതുകൊണ്ട് അവരുടെ നെറ്റികളിലും വശങ്ങളിലും മുതുകുകളിലും ചൂടുവെക്കുമ്പോള്‍ പറയപ്പെടും: ഇതാ നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി സൂക്ഷിച്ചുവെച്ച നിധി. നിങ്ങള്‍ സൂക്ഷിച്ചുവെച്ച നിധി ആസ്വദിച്ചുകൊള്ളുവിന്‍'' (9:35). ''അല്ലാഹു അരുളിയ അനുഗ്രഹങ്ങള്‍ കൊണ്ട് ലുബ്ധ് കാട്ടുന്നവര്‍ അത് തങ്ങള്‍ക്ക് ഗുണകരമാണെന്നു വിചാരിക്കേണ്ടതില്ല. അല്ല, അതവര്‍ക്ക് ദോഷകരം തന്നെയാകുന്നു. അവര്‍ പിശുക്കി ശേഖരിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവരുടെ കണ്ഠങ്ങളില്‍ അണിയിക്കപ്പെടും'' (3:180). സകാത്ത് നിര്‍ബന്ധമായി കൊടുത്തുവീട്ടണമെന്നും വിസമ്മതിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും സ്വര്‍ണത്തിനും വെള്ളിക്കും സകാത്തുണ്ടെന്നും ഈ സൂക്തങ്ങള്‍ വെളിവാക്കുന്നു. ''അവരുടെ മുതലുകളില്‍നിന്ന് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്വദഖ (സകാത്ത്) വസൂല്‍ ചെയ്യണം'' (9:103). അവര്‍ക്ക് നിര്‍ബന്ധമാക്കിയതു മാത്രമാണ് അവരില്‍ നിന്ന് വസൂല്‍ ചെയ്യാന്‍ നബിയോട് കല്‍പിച്ചിട്ടുള്ളത്. ഇങ്ങനെ അല്ലാഹു ഖുര്‍ആനിലൂടെ സകാത്ത് നിയമം വെളിപ്പെടുത്തി. അനന്തരം പ്രവാചകന്റെ നാവിലൂടെ സകാത്ത് ബാധകമായ മുതലുകളേതൊക്കെ, ബാധകമാകാത്തത് ഏതൊക്കെ, ഏതൊക്കെ മുതല്‍ എത്രയളവുണ്ടായാല്‍ ഏതു തോതില്‍ സകാത്ത് നല്‍കണം എന്നെല്ലാം വ്യക്തമാക്കി. ഒപ്പം ദൈവിക ദീനിലും വേദത്തിലും ദൈവദൂതന്റെ പ്രാധാന്യവും  പ്രാമാണികതയും വ്യക്തമാക്കി. റസൂലിന്റെ സുന്നത്ത് അക്കാര്യത്തില്‍ അല്ലാഹുവിന്റെ വിധി ഉണ്ടെന്നതിന്റെയും അല്ലാഹുവിന്റെ വിധി പരിമിതമായ അര്‍ഥത്തിലുള്ളതാണോ പൊതുവായ അര്‍ഥത്തിലുള്ളതാണോ എന്നതിന്റെയും, ആ വിധിയുടെ പരിധി ഏതാണെന്നതിന്റെയും തെളിവു കൂടി അവന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു വിഷയത്തില്‍ റസൂലിന്റെ അവസ്ഥ ഇതാകുമ്പോള്‍ എല്ലാ വിഷയത്തിലും അത് അപ്രകാരം തന്നെയാണ്. അല്ലാഹുവിന്റെ വെളിപ്പെടുത്തല്‍ കൊണ്ടും അവന്റെ കല്‍പനയുടെ അനുസരണം കൊണ്ടുമല്ലാതെ റസൂലിന്റെ ചര്യ ഉണ്ടാകുന്നില്ല'' (കിതാബുല്‍ ഉമ്മ്, ഭാഗം 2, പേജ് 3,4).

ഈ അടിത്തറയില്‍നിന്നുകൊണ്ടാണ് ഇമാം ശാഫിഈ സകാത്ത് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്നത്. ശാഫിഈ മദ്ഹബിന്റെ സിദ്ധാന്ത പ്രകാരം ഖുര്‍ആന്‍ 'സകാത്ത് കൊടുക്കുവിന്‍' (ആതുസ്സകാത്ത) എന്നു കല്‍പിച്ചിട്ടുള്ളതിനര്‍ഥം നാട്ടിലെ മുഖ്യാഹാരമായ ധാന്യങ്ങള്‍ക്കും കാരക്കക്കും മുന്തിരിക്കും പിന്നെ കച്ചവടത്തിനും സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുവിന്‍ എന്നാണെന്നും, കൊടുക്കേണ്ട അളവും തോതും എത്രയാണെന്നും നബി(സ) വ്യക്തമാക്കിയിരിക്കുന്നു. നബി സകാത്ത് വസൂല്‍ ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ക്ക് സകാത്ത് നല്‍കാന്‍ മുസ്‌ലിമിന് ബാധ്യതയില്ല. നബി(സ) സകാത്ത് വസൂല്‍ ചെയ്ത കാര്‍ഷിക വിഭവങ്ങള്‍ ഗോതമ്പ്, ബാര്‍ലി, ചോളം എന്നീ ധാന്യങ്ങളും കാരക്ക, മുന്തിരി എന്നീ ഫലങ്ങളുമാണ്. ഈ വിളവുകള്‍ക്ക് സകാത്ത് ചുമത്തിയതിന് അവര്‍ ചില ന്യായങ്ങള്‍ (ഇല്ലത്ത്) കണ്ടെത്തിയിരിക്കുന്നു. ഇവയെല്ലാം കൃഷി ചെയ്തുണ്ടാക്കുന്ന ആഹാര വസ്തുക്കളും ഉണക്കി സൂക്ഷിച്ച് ഇഷ്ടാനുസാരം ഉപഭോഗം  ചെയ്യാവുന്നതുമാകുന്നു. ധാന്യങ്ങള്‍ ജനങ്ങളുടെ മുഖ്യാഹാരമാണ്. ആകയാല്‍ മുഖ്യ ആഹാരമായതും ഉണക്കി സൂക്ഷിക്കാവുന്നതുമായ നെല്ലു പോലുള്ള ഇതര ധാന്യങ്ങള്‍ക്ക് സകാത്തുണ്ട്. എന്നാല്‍ കാരക്കയും മുന്തിരിയും പോലെ ഉണക്കി സൂക്ഷിക്കാവുന്നതും ഭക്ഷ്യയോഗ്യവുമായ ബദാം, അക്രോട്ടണ്ടി, പിസ്ത തുടങ്ങിയവക്കൊന്നും സകാത്തില്ല. ഉണക്കി സൂക്ഷിക്കാത്ത പച്ചക്കറികളും ആപ്പിള്‍, അനാര്‍ തുടങ്ങിയ പഴവര്‍ഗങ്ങളും അക്കാരണത്താല്‍ തന്നെ സകാത്തില്‍നിന്ന് മുക്തമാകുന്നു.

ഒട്ടകം, ഗോവര്‍ഗം, ആട് എന്നിവയാണ് സകാത്ത് ചുമത്തപ്പെടുന്ന കാലികള്‍. കുതിര, കോവര്‍ കഴുത, യാക്ക് തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്ക് സകാത്തില്ല. സ്വര്‍ണത്തിനും വെള്ളിക്കും സകാത്തുണ്ട്. സ്വര്‍ണവും വെള്ളിയും കറന്‍സി രൂപത്തിലാണെങ്കില്‍ സകാത്ത് കൊടുക്കണമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു. ഇപ്പോള്‍ ആ സന്ദേഹം ഉയര്‍ന്നുകേള്‍ക്കാറില്ല. പണത്തിന് സകാത്ത് കൊടുക്കണമെന്നു തന്നെയാണ് പൊതു നിലപാട്. എന്നാല്‍ മറ്റു ലോഹങ്ങളും ഖനിജങ്ങളും സകാത്തില്‍നിന്നൊഴിവാകുന്നു. ഇന്ന് ലോകത്ത് ഏറ്റവും വലിയ സമ്പത്തായി എണ്ണപ്പെടുന്ന പെട്രോളിയവും അതില്‍പെടുന്നു. ഖനിജങ്ങള്‍ക്ക് സകാത്തില്ലെങ്കിലും മണ്ണില്‍നിന്ന് ലഭിക്കുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും രൂപത്തിലുള്ള നിധികള്‍ക്ക് സകാത്തുണ്ട്; 20 ശതമാനം. കച്ചവടച്ചരക്കും ലാഭവും ചേര്‍ത്ത് നിസ്വാബ് (വിഭവങ്ങള്‍ക്ക് സകാത്ത് ബാധകമാകാന്‍ നിശ്ചയിക്കപ്പെട്ട കുറഞ്ഞ അളവ്) തികയുമെങ്കില്‍ 2.5 ശതമാനം സകാത്ത് നല്‍കണം.

ശാഫിഈ മദ്ഹബ് പ്രകാരം കേരളത്തിലെ സകാത്തിനെക്കുറിച്ച് ആലോചിക്കുന്നത് കൗതുകകരമാണ്. നാട്ടിലെ മുഖ്യാഹാരമെന്ന നിലയില്‍ നെല്ലായിരുന്നു ഇവിടെ സകാത്ത് ബാധകമാകുന്ന കാര്‍ഷിക വിള. ഭൂപരിഷ്‌കരണ നിയമം വന്നതോടെ വന്‍കിട കൃഷിക്കാരുടെ പാടശേഖരങ്ങള്‍ ഭൂരഹിതര്‍ക്കും കുടിയാന്മാര്‍ക്കും വീതിക്കപ്പെട്ടു. സകാത്ത് ബാധകമാകുന്നത്ര നെല്ല് വിളയിക്കാന്‍ കഴിയുന്ന കര്‍ഷകര്‍ അക്കൂട്ടത്തില്‍ വിരളമാണ്. കാര്‍ഷിക ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ ചെറുകിട കര്‍ഷകരും നെല്‍കൃഷിയില്‍നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്. ടണ്‍കണക്കില്‍ നാളികേരവും കുരുമുളകും ഏലവും ജാതിക്കയും കാപ്പിയും തേയിലയും റബറുമൊക്കെ  വിളയിച്ച് ദശലക്ഷക്കണക്കിന് വരുമാനമുണ്ടാക്കുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. ഇവര്‍ക്കൊന്നും പക്ഷേ, ശാഫിഈ മദ്ഹബില്‍ സകാത്തില്ല. ചുരുക്കത്തില്‍, കേരളത്തില്‍ സകാത്ത് ബാധകമാകുന്ന കാര്‍ഷിക വിളകളേ ഇല്ലാതായിരിക്കുന്നു. നാണ്യവിളകള്‍ വിറ്റ് ആ പണം ഒരു വര്‍ഷം കൈവശം സൂക്ഷിച്ചാലേ പണത്തിന്റെ സകാത്ത് 2.5 ശതമാനം കൊടുക്കേണ്ടതുള്ളൂ. കാര്‍ഷിക വിളകള്‍ കൊയ്‌തെടുക്കുമ്പോള്‍ തന്നെ സകാത്ത് നല്‍കേണ്ടതാണ്. അതും പ്രകൃത്യാ ജലസേചനം ചെയ്യുന്നതാണെങ്കില്‍ പത്തു ശതമാനവും മനുഷ്യാധ്വാനത്തിലൂടെ ജലസേചനം ചെയ്യുന്നതാണെങ്കില്‍ അഞ്ചു ശതമാനവും. നാളികേരമുള്‍പ്പെടെയുള്ള നാണ്യവിളകളില്‍ മിക്കതും വിളവെടുത്ത ശേഷം കൊല്ലങ്ങളോളം ഉണക്കി സൂക്ഷിക്കാവുന്നതാണ്. അങ്ങനെ വില്‍പന നീട്ടിവെക്കുമ്പോള്‍, വില്‍പന നടക്കുന്നതുവരെയുള്ള കാലത്തും. വില്‍പന നടന്ന് ഒരു കൊല്ലക്കാലവും അതിന്റെ ഉടമകള്‍ പണത്തിന്റെ സകാത്തില്‍നിന്നും ഒഴിവാകുന്നു. പണ രൂപത്തിലുള്ള വരുമാനം എത്ര വര്‍ധിച്ചതായാലും കൊല്ലം തികയുന്നതിന് മുമ്പ് അത് ഭൂസ്വത്തോ കെട്ടിടമോ വാഹനമോ മറ്റോ ആക്കി മാറ്റിയാല്‍ ശാഫിഈ മദ്ഹബ് അനുസരിച്ച് സകാത്ത് കൊടുക്കേണ്ടിവരുന്നില്ല. കെട്ടിട വാടക, ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും മറ്റു സാങ്കേതിക വിദഗ്ധന്മാരുടെയും സേവനത്തിനുള്ള ഫീസ്, കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും റോയല്‍റ്റി തുടങ്ങിയ വരുമാനങ്ങള്‍ക്കും ശാഫിഈ മദ്ഹബ് പ്രകാരം സകാത്ത് വേണ്ട.

 

സകാത്ത് ഹനഫീ മദ്ഹബില്‍

ഹനഫീ മദ്ഹബും സകാത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും തന്നെയാണ്. രണ്ടു പേരും പ്രമാണങ്ങളെ സമീപിച്ച രീതിയിലാണ് വ്യത്യാസം. ഹനഫീ മദ്ഹബ് പ്രമാണമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍: 1) ''പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായി വിവിധയിനം തോട്ടങ്ങളും ഈത്തപ്പനകളും ഉണ്ടാക്കിയത് അവന്‍ തന്നെയാകുന്നു. പലതരം ഭോജ്യങ്ങള്‍ ലഭിക്കുന്ന ധാന്യവിളകളുണ്ടാക്കിയതും. പരസ്പരം സാദൃശ്യമുള്ളതും അല്ലാത്തതുമായ അനാര്‍, ഒലീവ് തുടങ്ങിയവ വളര്‍ത്തിയതും അവന്‍ തന്നെ. അവ കായ്ക്കുമ്പോള്‍ ആ ഫലങ്ങള്‍ ഭുജിച്ചുകൊള്ളുവിന്‍. വിളവെടുപ്പു നാളില്‍ അതിന്റെ അവകാശം കൊടുക്കുകയും ചെയ്യുവിന്‍. ധൂര്‍ത്ത് പാടില്ല. എന്തെന്നാല്‍ ധൂര്‍ത്തന്മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല'' (6:141). ഈ സൂക്തത്തില്‍ അതിന്റെ അവകാശം (ഹഖഹു) എന്നതിന് വിളകളില്‍ അത് നല്‍കിയ അല്ലാഹുവിനുള്ള അവകാശമെന്നും, വിളകള്‍ അതിന്റെ ഉടമസ്ഥരില്‍ ചുമത്തുന്ന ബാധ്യതയെന്നും വ്യത്യസ്ത വ്യാഖ്യാനമുണ്ട്. രണ്ടായാലും അതിന്റെ യഥാര്‍ഥ ഉദ്ദേശ്യം സകാത്ത് ആണെന്ന് ഹനഫികള്‍ കരുതുന്നു. വിളവെടുക്കുമ്പോള്‍ തന്നെ സകാത്ത് നല്‍കേണ്ട വിളകള്‍ക്ക് ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളില്‍ ഉണക്കി സൂക്ഷിക്കുന്നതും അല്ലാത്തതുമായ എല്ലാ കാര്‍ഷിക വിഭവങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിഭവങ്ങളാണ്. കൊയ്‌തെടുക്കുന്ന നാളില്‍തന്നെ സകാത്ത് നല്‍കാന്‍ ഏറ്റവും അര്‍ഹമായ വിളകള്‍ പച്ചക്കറികളാണ്. ഉണക്കി സൂക്ഷിക്കപ്പെടുന്ന വിഭവങ്ങളുടെ സകാത്ത് താമസിച്ചാല്‍ കേടാവുകയില്ല. പച്ചക്കറികളും അതുപോലുള്ള പഴങ്ങളും വിളവെടുത്ത ഉടനെ വിതരണം ചെയ്തില്ലെങ്കില്‍ നശിച്ചുപോകും.

2). ''അവരുടെ മുതലുകളില്‍നിന്ന്, അവരെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ദാനം വസൂല്‍ ചെയ്യുക'' (9:103). 'സമൂഹത്തിലെ സമ്പന്നരില്‍നിന്ന് വസൂല്‍ ചെയ്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത്' എന്ന് നബി(സ) സകാത്തിനെ വിശേഷിപ്പിച്ചിരിക്കുന്നു.

3). ''അവരുടെ സമ്പത്തില്‍ ആവശ്യക്കാര്‍ക്കും ഉപജീവനം മുട്ടിയവര്‍ക്കും ഒരവകാശമുണ്ട്'' (51:19). 'സകാത്ത് കൊടുക്കുവിന്‍' എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചുകല്‍പിക്കുന്നുണ്ട്. സകാത്ത് സമ്പത്തുള്ള എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയും ദരിദ്രരുടെ അവകാശവുമാണെന്നും അത് ശേഖരിച്ച് വിതരണം ചെയ്യേണ്ടത് പ്രവാചകന്റെ- ഇമാമിന്റെ- ഇസ്‌ലാമിക നേതൃത്വത്തിന്റെ നിര്‍ബന്ധ കര്‍ത്തവ്യമാണെന്നും ഈ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. 'ധനം' ആയി കണക്കാക്കപ്പെടുന്നതെന്താണോ അതിനാണ് സകാത്ത് ഈടാക്കേണ്ടത്. ഇന്നയിന്ന വിഭവങ്ങള്‍ മാത്രമേ 'ധനം' ആകൂ എന്നോ ഇന്നയിന്ന വിഭവങ്ങള്‍ക്കേ സകാത്ത് വാങ്ങാവൂ എന്നോ അല്ലാഹു പറഞ്ഞിട്ടില്ല.

4). ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചിട്ടുള്ള നല്ലതില്‍നിന്നും ഭൂമിയില്‍ നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതന്നിട്ടുള്ളതില്‍നിന്നും ചെലവഴിക്കുവിന്‍.'' ഈ സൂക്തം ഭൂമിയില്‍ വിളയുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും സകാത്ത് ചുമത്തിയിരിക്കുന്നു. വിളകള്‍ക്കിടയില്‍ യാതൊരു വ്യത്യാസവും കല്‍പിച്ചിട്ടില്ല.

5). 'ആകാശം നനച്ചതിന് പത്തിലൊന്നും തേവി നനച്ചതിന് ഇരുപതിലൊന്നും സകാത്ത് നല്‍കണം' എന്ന നബിവചനവും, മുഖ്യ ആഹാരമായതും അല്ലാത്തതുമായ വിളകളെ തമ്മിലും തിന്നപ്പെടുന്നതും അല്ലാത്തതുമായ വിളകളെ തമ്മിലും, ഉണക്കി സൂക്ഷിക്കാവുന്നതും വേഗം കേടാകുന്നതും തമ്മിലും വേര്‍തിരിക്കുന്നില്ല.

അല്ലാഹുവിന്റെ കല്‍പനയുടെ- ഖുര്‍ആന്റെ വിശദീകരണവും പ്രയോഗവത്കരണവുമാണ് സുന്നത്ത് എന്ന കാര്യത്തില്‍ ഹനഫികള്‍ക്ക് തര്‍ക്കമില്ല. സുന്നത്തിന്റെ വിധിയും അല്ലാഹുവിന്റെ വിധി തന്നെ. കാലികള്‍ക്കും കാര്‍ഷികവിളകള്‍ക്കും സ്വര്‍ണത്തിനും വെള്ളിക്കും നബി(സ) നിശ്ചയിച്ച സകാത്ത് വിഹിതം അല്ലാഹു നിശ്ചയിച്ചതായി അനുസരിക്കപ്പെടണം. ഭൂമി, കെട്ടിടം, അടിമകള്‍ തുടങ്ങിയ ഉല്‍പാദന മാധ്യമങ്ങള്‍ക്കും സൈനികാവശ്യത്തിനും സഞ്ചാരാവശ്യത്തിനുമുള്ള കുതിരകള്‍ പോലുള്ള ഉപാധികള്‍ക്കും സകാത്ത് വാങ്ങാതിരുന്നതും അപ്രകാരം തന്നെ. എന്നാല്‍ നബി(സ) ചില വിഭവങ്ങള്‍ക്ക് മാത്രം സകാത്ത് ചുമത്തിയത് സകാത്ത് ബാധകമാകുന്ന മുതലുകള്‍ (അംവാല്‍) അവ മാത്രമാണ് എന്ന് അല്ലാഹു വിധിച്ചതുകൊണ്ടല്ല. അക്കാലത്ത് പ്രവാചകന്റെ സമൂഹത്തിലുണ്ടായിരുന്ന ഗണ്യമായ സമ്പത്ത് അവയായിരുന്നതുകൊണ്ടാണ്. അറേബ്യയിലോ പുറത്തോ സമ്പത്തിന്റെ (അംവാലിന്റെ) മറ്റിനങ്ങളുണ്ടാകുമ്പോള്‍ അവയും സകാത്തിനര്‍ഹമാകുന്നു. ചില വസ്തുക്കള്‍ക്ക് നബി(സ) സകാത്ത് വാങ്ങാതിരുന്നത് അത് വികാസക്ഷമമല്ലാത്തതുകൊണ്ടോ ഉല്‍പാദന മാധ്യമങ്ങളായതുകൊണ്ടോ ഉടമയുടെ ഉപഭോഗവസ്തുവായതുകൊണ്ടോ ആകുന്നു. ഇതേ വിഭവങ്ങള്‍ തന്നെ വികാസക്ഷമമായ സമ്പത്തായി മാറുമ്പോള്‍ സകാത്തിനര്‍ഹമാകും. ഭൂമിയും കുതിരയും കച്ചവട ചരക്കുകളാകുമ്പോള്‍ സകാത്ത് നല്‍കണം. അത്തരം കുതിരകള്‍ക്ക് ഉമര്‍(റ) സകാത്ത് ഈടാക്കിയിട്ടുണ്ട്.

 

ഹനഫീ മദ്ഹബിന് പുറത്തുള്ള പണ്ഡിതന്മാരുടെ നിലപാട്

ഹനഫീ വീക്ഷണത്തില്‍ വികാസക്ഷമമായ എല്ലാ മുതലുകള്‍ക്കും സകാത്തുണ്ട്. ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും നാണ്യവിളകളും ആടുമാടുകളും മറ്റു മൃഗങ്ങളും പക്ഷികളും ഇരുമ്പും ചെമ്പും അഭ്രവും പെട്രോളിയവും ഉള്‍പ്പെടെയുള്ള ഖനിജങ്ങളുമെല്ലാം അതില്‍ പെടുന്നു. ആധുനിക മുജ്തഹിദുകള്‍ പൊതുവിലും പൂര്‍വിക പണ്ഡിതന്മാരില്‍ പലരും ഭാഗികമായോ പൂര്‍ണമായോ ഈ വീക്ഷണത്തോട് യോജിക്കുന്നവരാണ്. കാര്‍ഷിക വിഭവങ്ങള്‍ക്ക് നിസ്വാബ് ഇല്ല, അത് ഏറിയാലും കുറഞ്ഞാലും വിളവെടുക്കുമ്പോള്‍ സകാത്ത് നല്‍കണം എന്ന ഹനഫീ നിലപാടിനോട് അവരില്‍ ഭൂരിപക്ഷവും വിയോജിച്ചിരിക്കുന്നു. ''ധാന്യത്തിന്റെയും കാരക്കയുടെയും അളവ് അഞ്ച് വസ്ഖ് ആകുന്നതുവരെ സകാത്തില്ല'' എന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത നബിവചനത്തെ അവരെല്ലാം പ്രമാണമാക്കുന്നു. ഹനഫികള്‍ പക്ഷേ ആ നിവേദനം പ്രബലമായതായി കരുതുന്നില്ല. സകാത്ത് ബാധകമാകുന്ന മുതലുകളെ ചില വിഭവങ്ങളില്‍ പരിമിതപ്പെടുത്തുന്ന ഹദീസുകള്‍ അവരുടെ ദൃഷ്ടിയില്‍ 'മുര്‍സലു'കളാണ്.

സകാത്ത് വിഷയത്തില്‍ എല്ലാ മദ്ഹബുകളിലും പരിഷ്‌കരണം ആവശ്യമുണ്ടെന്ന് കരുതുന്നവരാണ് ആധുനിക മുജ്തഹിദുകളിലധികവും. എങ്കിലും ഖുര്‍ആനിനോടും സുന്നത്തിനോടും ഏറ്റം അടുത്തു നില്‍ക്കുന്നതും അവശജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ഇസ്‌ലാമിക സാമൂഹികനീതി സാക്ഷാത്കരിക്കാന്‍ പര്യാപ്തമായതുമായ നിലപാട് ഹനഫീ മദ്ഹബിന്റേതാണെന്നും അവരഭിപ്രായപ്പെടുന്നു. അഞ്ച് വസ്ഖ് (പൂര്‍വകാലത്ത് അറേബ്യയില്‍ ധാന്യങ്ങളും മറ്റും അളക്കാനുപയോഗിച്ചിരുന്ന ഒരു പരിമാണം. ഏതാണ്ട് 120 കിലോ ഗ്രാമിന് തുല്യമാണ് ഒരു വസ്ഖ്) നെല്ല് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന്‍ സകാത്ത് കൊടുക്കണമെന്നും, ദശലക്ഷക്കണക്കില്‍ രൂപയുടെ നാളികേരവും കുരുമുളകളും കാപ്പിയും റബറുമൊക്കെ വിളയിക്കുന്ന മുതലാളിമാര്‍ സകാത്തിന് ബാധ്യസ്ഥരല്ലെന്നും വരുന്നത് സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ലെന്നും അവര്‍ വാദിക്കുന്നു. ഇവ്വിഷയകമായി ഇക്കാലത്ത് ധാരാളം ഗ്രന്ഥങ്ങള്‍ പുറത്തുവരുന്നുണ്ട്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് അല്ലാമാ യൂസുഫുല്‍ ഖറദാവിയുടെ ഫിഖ്ഹുസ്സകാത്ത്'. കാര്‍ഷിക സകാത്തിനെ ഗോതമ്പ്, ബാര്‍ലി, കാരക്ക, മുന്തിരി എന്നീ നാലു വിഭവങ്ങളില്‍ പരിമിതപ്പെടുത്തുന്നതിനെ പിന്തുണച്ച ആധുനിക പണ്ഡിതന്‍ സയ്യിദ് റശീദ് രിദായാണ്. ചില നിവേദനങ്ങളെ ആധാരമാക്കി ചോളത്തെയും ഖിയാസിനെ ആധാരമാക്കി അരി മുഖ്യാഹാരമായ നാടുകളില്‍ നെല്ലിനെയും കൂടി അദ്ദേഹം ഇക്കൂട്ടത്തില്‍ ചേര്‍ത്തിരിക്കുന്നു. അല്‍ മുഗ്‌നി എന്ന ഗ്രന്ഥത്തിന്റെ വിശദീകരണത്തില്‍ റശീദ് രിദാ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് റശീദ് രിദാ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് വിചിത്രമായിരിക്കുന്നുവെന്നും ഒരുപക്ഷേ ഗ്രന്ഥം പെട്ടെന്ന് അച്ചടിപ്പിക്കാനുള്ള ധൃതിയില്‍ അദ്ദേഹത്തിന് സംഭവിച്ച സ്ഖലിതമായിരിക്കാം ഇതെന്നുമാണ് അല്ലാമാ യൂസുഫുല്‍ ഖറദാവി തന്റെ ഫിഖ്ഹുസ്സകാത്തില്‍ ഇതിനെ നിരൂപണം ചെയ്തിരിക്കുന്നത്.

വികസനക്ഷമമായ എല്ലാ മുതലുകള്‍ക്കും സകാത്തുണ്ട് എന്ന ഹനഫീ വീക്ഷണം സ്വീകരിച്ച പൂര്‍വസൂരികളില്‍ പ്രമുഖരാണ് ഉമറുബ്‌നു അബ്ദില്‍ അസീസ്, മുജാഹിദ്, ഹമ്മാദ്, ദാവൂദുദ്ദാഹിരി, ഇബ്‌റാഹീമുന്നഖഇ തുടങ്ങിയവര്‍. സൂറഃ അല്‍ബഖറ 267-ാം സൂക്തത്തിലെ 'അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചിട്ടുള്ള നല്ലതില്‍നിന്നും ഭൂമിയില്‍ നിന്ന് നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതന്നിട്ടുള്ളതില്‍ നിന്നും ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കുവിന്‍' എന്ന വാക്യത്തെ വിശദീകരിച്ചുകൊണ്ട് ഇമാം റാസി തന്റെ തഫ്‌സീറില്‍ പറയുന്നു: ''അബൂഹനീഫ പറഞ്ഞ പ്രകാരം ഭൂമിയില്‍ മുളച്ചുവളരുന്ന എല്ലാ വിളകള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് ഈ സൂക്തത്തിന്റെ പ്രത്യക്ഷാര്‍ഥം തെളിയിക്കുന്നു. ഈ സൂക്തം കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രമാണീകരണം വളരെ സ്പഷ്ടമാകുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ സൂക്തത്തിന്റെ അര്‍ഥവ്യാപ്തിയെ 'പച്ചക്കറികള്‍ക്ക് സ്വദഖയില്ല' എന്ന നബിവചനം കൊണ്ട് പരിമിതപ്പെടുത്തിയിരിക്കുന്നു.'' റാസി സൂചിപ്പിച്ച 'പച്ചക്കറികള്‍ക്ക് സ്വദഖയില്ല' എന്ന നിവേദനങ്ങളൊന്നും വിമര്‍ശനമുക്തമല്ല. ഒന്നുകില്‍ കണ്ണിയറ്റതോ അല്ലെങ്കില്‍ ദുര്‍ബലമായ കണ്ണികളുള്ളതോ ആണ് അവയുടെ നിവേദന ശ്രേണികള്‍ എന്ന് 'അര്‍റുആതു അലസ്സകാതി' എന്ന ഗ്രന്ഥം പറയുന്നു. ഇനി സകാത്തിനെ നാലു വിളകളില്‍ പരിമിതപ്പെടുത്തുന്ന നിവേദനങ്ങള്‍ സാധുവാണെന്ന് സമ്മതിച്ചാല്‍ തന്നെ, അവിടെ സകാത്ത് ഈടാക്കാന്‍ ആ നാലു വിളകളല്ലാതെ ഇല്ലാതിരുന്നതുകൊണ്ടാണതെന്ന് മനസ്സിലാക്കണമെന്നാണ് ഇബ്‌നുല്‍ മലികിന്റെയും മറ്റു ചില പണ്ഡിതന്മാരുടെയും നിലപാട്.

മാലികീ പണ്ഡിതനായ ഇബ്‌നുല്‍ അറബി തന്റെ അഹ്കാമുല്‍ ഖുര്‍ആനില്‍, സകാത്ത് വിഷയകമായ ഹനഫീ നിലപാടിനെ ശക്തമായി പിന്തുണക്കുന്നത് കാണാം. ശറഹുത്തിര്‍മിദിയില്‍ അദ്ദേഹം പറയുന്നു: സകാത്തിന്റെ കാര്യത്തില്‍ പ്രമാണങ്ങളാലും പാവങ്ങളുടെ താല്‍പര്യ സംരക്ഷണത്താലും ദൈവാനുഗ്രഹത്തിനുള്ള നന്ദി നിര്‍വഹണത്തിന്റെ ഏറെ വിശിഷ്ടമായ രീതി എന്ന നിലയിലും മദ്ഹബുകളിലേറ്റം പ്രബലമായത് അബൂഹനീഫയുടെ മദ്ഹബാകുന്നു. 'കൊയ്‌തെടുക്കുന്ന നാളില്‍ അതിന്റെ അവകാശം നല്‍കുക' എന്ന ഖുര്‍ആന്‍ വാക്യം വിശദീകരിച്ച് ഹനഫീ മദ്ഹബിനെ ബലപ്പെടുത്തിക്കൊണ്ടും മറ്റു മദ്ഹബുകളെ ഖണ്ഡിച്ചുകൊണ്ടും ഇബ്‌നുല്‍ അറബി പറയുന്നു: ''എന്നാല്‍ അബൂ ഹനീഫ ഈ സൂക്തത്തെ തന്റെ മൂലപ്രമാണമായി സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സത്യത്തിലേക്ക് ഉള്‍ക്കാഴ്ചയുണ്ടായി. അങ്ങനെ മുഖ്യാഹാരമായാലും അല്ലെങ്കിലും ഭക്ഷ്യയോഗ്യമായ എല്ലാ വിളകള്‍ക്കും സകാത്ത് നിര്‍ബന്ധമാക്കി. 'ആകാശം നനച്ചതിന് പത്തിലൊന്ന്' എന്ന  വചനത്തിന്റെ അര്‍ഥവ്യാപ്തിയിലൂടെ പ്രവാചകനും അത് വിശദീകരിച്ചുതന്നിട്ടുള്ളതാണ്. 'അഞ്ച് വസ്ഖില്‍ കുറഞ്ഞതില്‍ സകാത്തില്ല' എന്ന നബിവചനത്തെ ആധാരമാക്കി, അളക്കപ്പെടുന്ന വിളകളിലേ സകാത്തുള്ളൂ എന്ന അഹ്മദു ബ്‌നു ഹമ്പലിന്റെ നിലപാട് ബാലിശമാകുന്നു. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം പ്രമാണമാക്കുന്ന ഹദീസിന്റെ പ്രത്യക്ഷ താല്‍പര്യം ധാന്യങ്ങളിലും പഴങ്ങളിലും 'നിസ്വാബ്' പരിഗണിക്കണമെന്നാണ്. വസ്ഖ് കൊണ്ട് അളക്കപ്പെടാത്തതിലൊന്നും സകാത്തില്ല എന്നൊരര്‍ഥം ആ വചനം വഹിക്കുന്നില്ല. ശാഫിഈ നിര്‍ദേശിച്ച, 'അന്നാട്ടിലെ മുഖ്യാഹാരമായിരിക്കുക' എന്ന നിബന്ധനക്കും അവലംബാര്‍ഹമായ പ്രമാണമില്ല......

ഇനി, ദീര്‍ഘകാലം നിലനില്‍ക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്കേ സകാത്ത് നിര്‍ബന്ധമുള്ളൂ, പച്ചക്കറികള്‍ക്ക് നിലനില്‍പില്ല. അതിനാല്‍ ഭക്ഷ്യവിഭവങ്ങളില്‍ പച്ചയായതിനു സകാത്ത് സ്വീകരിക്കപ്പെട്ടില്ല, ഉണങ്ങിയതിനു മാത്രമേ സ്വീകരിക്കപ്പെട്ടിട്ടുള്ളൂ എന്നു വാദിക്കുകയാണെങ്കില്‍ നാം പറയും; ഓരോ വിളയുടെയും സകാത്ത് വസൂല്‍ ചെയ്യപ്പെടുന്നത് ആ വിളയുടെ അന്ത്യദശയിലാണ്. ഉണങ്ങിക്കഴിയലാണ് ഉണക്കപ്പെടുന്നതിന്റെ അന്ത്യദശ. പച്ചക്ക് ഉപഭോഗം ചെയ്യുന്നതിന്റെ അന്ത്യദശ പച്ചയായിരിക്കലും...

ഇനി മദീനയിലും ഖൈബറിലും വിളഞ്ഞിരുന്ന പച്ചക്കറികള്‍ക്ക് നബി(സ) സകാത്ത് വസൂല്‍ ചെയ്യാതിരുന്നതെന്തുകൊണ്ട് എന്നു ചോദിക്കുകയാണെങ്കില്‍ നാം പറയും; നമ്മുടെ പണ്ഡിതന്മാര്‍ അങ്ങനെ ധരിക്കുകയായിരുന്നു. സൂക്ഷ്മ പഠനത്തില്‍, തെളിവിന്റെ കാണായ്ക തെളിവിന്റെ ഇല്ലായ്മയല്ല. അവക്ക് സകാത്ത് സ്വീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ അത് ഉദ്ധരിക്കപ്പെടുമായിരുന്നുവല്ലോ എന്ന് വാദിക്കുന്നുവെങ്കില്‍ നാം പറയുന്നു; ഖുര്‍ആന്‍ തന്നെ വേണ്ടത്രയുള്ളപ്പോള്‍ മറ്റു ഉദ്ധരണികളുടെ ആവശ്യമെന്ത്?''

ചില മദ്ഹബീ പണ്ഡിതന്മാര്‍ തന്നെ മാലികീ-ശാഫിഈ-ഹമ്പലീ മദ്ഹബുകളുടെ സകാത്ത് വ്യവസ്ഥയോട് വിയോജിക്കുകയും ഹനഫീ വ്യവസ്ഥയോട് യോജിക്കുകയും ചെയ്തതിന്റെ വ്യക്തമായ ഉദാഹരണമാണ് മുകളില്‍ ഉദ്ധരിച്ചത്. എന്നാല്‍ ശാഫിഈ മദ്ഹബില്‍ പില്‍ക്കാലത്ത് പുകള്‍പെറ്റ മഹാന്മാരായ കര്‍മശാസ്ത്രപടുക്കള്‍ ഏറെയുണ്ടായെങ്കിലും അവര്‍ ശാഫിഈയുടെ സകാത്ത് വീക്ഷണത്തെ നിരൂപണം ചെയ്ത് പരിഷ്‌കരണം നിര്‍ദേശിച്ചതിന്റെ ഉദാഹരണങ്ങള്‍ ഈ ലേഖകന് കാണാന്‍ കഴിഞ്ഞിട്ടില്ല; ഇമാം ശാഫിഈ തന്നെ തന്റെ നിലപാടുകള്‍ തിരുത്തിയതിന്റെ ഉദാഹരണങ്ങളുണ്ടായിട്ടും. സകാത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ആദ്യ നിലപാട് (ഖദീമായ ഖൗല്‍) പച്ചക്കറികള്‍ക്ക് സകാത്ത് ഉണ്ട് എന്നായിരുന്നു. പിന്നീട് ഈജിപ്ഷ്യന്‍ ജീവിതകാലത്ത് അദ്ദേഹം പച്ചക്കറികളെ സകാത്തില്‍നിന്ന് മുക്തമാക്കി.

പ്രവാചകന്‍ ചില വിഭവങ്ങള്‍ക്കു മാത്രം സകാത്ത് സ്വീകരിക്കുകയും മറ്റു വിഭവങ്ങളെ ഒഴിവാക്കുകയും ചെയ്തതിന്റെ ന്യായം (ഇല്ലത്ത്) എന്താണ് എന്നതാണ് മാലികീ -ശാഫിഈ-ഹമ്പലീ മദ്ഹബുകളും ഹനഫീ മദ്ഹബും തമ്മിലുള്ള ഭിന്നതയുടെ മര്‍മം. സകാത്ത് സ്വീകരിക്കപ്പെട്ട വിഭവങ്ങള്‍ മുഖ്യ ആഹാരവും ഉണക്കി സൂക്ഷിക്കുന്നതും കൃഷി ചെയ്യപ്പെടുന്നതുമാണ് എന്ന് ശാഫിഈ കണ്ടെത്തി. ഇതോടെ ഈ ന്യായങ്ങളെല്ലാം ഉള്ള വിഭവങ്ങള്‍ക്കേ സകാത്ത് നിര്‍ബന്ധമുള്ളൂ എന്നും ഈ ന്യായങ്ങള്‍ ഇല്ലാത്ത വിഭവങ്ങള്‍ ഖുര്‍ആന്‍ സകാത്ത് കൊടുക്കാന്‍ കല്‍പിച്ച മുതലു(അംവാലു)കളില്‍ പെടില്ല എന്നും വന്നുചേര്‍ന്നു.

ഹനഫീ മദ്ഹബ് ഈ ന്യായങ്ങള്‍ പരിഗണിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും അത്തരം ന്യായങ്ങള്‍ ഉന്നയിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണം. വിളവുകള്‍ കൊയ്‌തെടുക്കുന്ന നാളില്‍ തന്നെ സകാത്ത് കൊടുക്കാന്‍ കല്‍പിച്ചതില്‍നിന്ന് ഉണക്കലും സൂക്ഷിക്കലും മുഖ്യാഹാരമാകലുമൊക്കെ സകാത്ത് കാര്യത്തില്‍ അപ്രസക്തമാണെന്ന് മനസ്സിലാക്കാവുന്നതാണ്. അവരുടെ വീക്ഷണത്തില്‍ വിഭവങ്ങളില്‍ സകാത്ത് നിര്‍ബന്ധമാക്കാനുള്ള ന്യായം അവ വികസനക്ഷമമായ മുതലുകള്‍ (അംവാല്‍) ആയിരിക്കുക, അഥവാ വിഭവങ്ങളുടെ സാമ്പത്തിക മൂല്യം ആകുന്നു എന്നാണ് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും സ്പഷ്ടമാകുന്നത്. നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍ക്ക് ഏറെ ഇണങ്ങുന്നതും ഇസ്‌ലാം ലക്ഷ്യമാക്കുന്ന സാമൂഹിക നീതിക്ക് സഹായകമാകുന്നതും കൂടുതല്‍ യുക്തിസഹമായതും  ഹനഫീ മദ്ഹബിന്റെ സകാത്ത് വ്യവസ്ഥയാണെന്നു കാണാം. 

 

 

ടി.കെ ഉബൈദ്: മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം സ്വദേശി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠനം. ഇസ്‌ലാമിക പണ്ഡിതന്‍, എഴുത്തുകാരന്‍. ഇപ്പോള്‍ പ്രബോധനം വാരികയുടെയും മലര്‍വാടിയുടെയും എഡിറ്റര്‍. ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍. ഖുര്‍ആന്‍ ബോധനം (ആറു വാള്യങ്ങള്‍), അല്ലാഹു, പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍, ഹദീസ് ബോധനം തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഫോണ്‍: 9633709603.

Comments

Other Post