ഇമാം ശാഫിഈയും ഇമാം അഹ്മദുബ്‌നു ഹമ്പലും
''ഞാന്‍ ബഗ്ദാദില്‍നിന്ന് പുറപ്പെട്ടു. അഹ്മദു ബ്‌നു ഹമ്പലിനേക്കാള്‍ കര്‍മശാസ്ത്ര വിശാരദനും ഐഹിക വിരക്തിയുള്ളവനും ദൈവ ഭയമുള്ളവനും വിജ്ഞാനമുള്ളവനുമായി ആരെയും കണ്ടില്ല'' - ഇമാം ശാഫിഈ.
''ലോകത്തിന്റെ സൂര്യനായിരുന്നു ഇമാം ശാഫിഈ'' -ഇമാം ഇബ്‌നു ഹമ്പല്‍.
അങ്ങേയറ്റത്തെ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും മാതൃകയാണ് ഇമാം ശാഫിഈയുടെയും ഇമാം അഹ്മദു ബ്‌നു ഹമ്പലിന്റെയും ജീവിതം പകര്‍ന്നു നല്‍കുന്നത്. ഏകോദര സഹോദരന്മാരെ പോലെയായിരുന്നു ഇരുവരും. അവര്‍ പരസ്പരം ആദരിക്കുകയും അറിവിനെ വിലമതിക്കുകയും ചെയ്തു. അഹ്മദു ബ്‌നു ഹമ്പലിനു രോഗമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം മരണപ്പെട്ടാല്‍ അറിവ് നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് ഇമാം ശാഫിഈക്ക് അസുഖം പിടിപെട്ടിട്ടുണ്ട് ഒരിക്കല്‍. അത്രയും മാതൃകാപരമായ സഹവര്‍ത്തിത്വത്തിന്റെ ചരിത്രമാണ് ഈ ഇരു മദ്ഹബുകളുടെ ഇമാമുകള്‍ തമ്മില്‍ ഉണ്ടായിരുന്നത്.
മുസ്‌നി ഉദ്ധരിക്കുന്നു: ''ശാഫിഈ എന്നോട് പറഞ്ഞു. ബഗ്ദാദില്‍ ഞാന്‍ ഒരു ചെറുപ്പക്കാരനെ പറഞ്ഞു. അദ്ദേഹം എന്നോട് ഇന്ന വ്യക്തി പറഞ്ഞു (എന്ന് പറഞ്ഞു ഒരു ഹദീസ് ഉദ്ധരിച്ചാല്‍) എന്ന് പറഞ്ഞാല്‍; താങ്കള്‍ പറഞ്ഞത് സത്യമാണെന്ന് ആളുകള്‍ സമ്മതിക്കും. ഞാന്‍ ചോദിച്ചു. ആരാണ് ആ വ്യക്തി? ശാഫിഈ പറഞ്ഞു: അതാണ് അഹ്മദു ബ്‌നു ഹമ്പല്‍.
ഇമാം ശാഫിഈക്ക് നാല്‍പത്തിയഞ്ച് വയസ്സുള്ളപ്പോഴാണ് ഇമാം അഹ്മദ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ആ സമയത്ത് ഇമാം അഹ്മദിനും കൂടെ ഉണ്ടാവാറുള്ള അടുത്ത സുഹൃത്തും പണ്ഡിതനുമായ ഇസഹാഖു ഇബ്‌നു റാഹവൈഹിക്കും പ്രായം മുപ്പത് കവിഞ്ഞിരിക്കും. ഹി. 195-198 കാലഘട്ടത്തിലായിരുന്നു അത്. ബഗ്ദാദിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അറിവിന് വേണ്ടി ദാഹിച്ചു നടന്നിരുന്ന ഇബ്‌നു ഹമ്പലിന് ഇമാം ശാഫിഈയുടെ ക്ലാസുകള്‍ വ്യത്യസ്തമായ അനുഭവമായിരുന്നു.
മക്കയിലായിരിക്കെ ഇമാം അഹ്മദ് ജ്ഞാനാന്വേഷകനായ ഇസ്ഹാഖുബ്‌നു റാഹവൈഹിയെ പരിചയപ്പെട്ടു. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളായിത്തീര്‍ന്നു. ഇമാം ശാഫിഈയുടെ സദസ്സില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ തന്റെ സുഹൃത്ത് ഇബ്‌നു റാഹവൈഹിയെ ഇബ്‌നു ഹമ്പല്‍ നിര്‍ബന്ധിച്ചു. ഇതുപോലെ ഒരാളെ നമ്മള്‍ ദുന്‍യാവില്‍ കാണുകയില്ല എന്നും വളരെ ബുദ്ധികൂര്‍മതയുള്ള വ്യക്തിത്വമാണ് എന്നുമായിരുന്നു ഇബ്‌നു ഹമ്പല്‍ പറഞ്ഞത്. അങ്ങനെ രണ്ടു പേരും ഇമാം ശാഫിഈയുടെ സദസ്സിലെത്തി. സാധാരണ ഹദീസ് പണ്ഡിതന്മാര്‍ സനദുകള്‍ ഉദ്ധരിച്ച് ഹദീസ് വിശദീകരിക്കുമ്പോള്‍ ഇമാം ശാഫിഈ ഒരു ഹദീസ് ഉദ്ധരിച്ച് അതിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നത്. മനോഹരവും ഭാഷാ ശുദ്ധിയുള്ളതുമായ സംസാരം ആകര്‍ഷകമായിരുന്നു. എന്നാല്‍ ഇബ്‌നു റാഹവൈഹി ഹദീസ് അന്വേഷിച്ചു നടക്കുന്ന വ്യക്തി ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ഇമാം ശാഫിഈയുടെ പ്രഭാഷണങ്ങള്‍ അത്ര തന്നെ ഇഷ്ടപ്പെട്ടില്ല. സുഹ്‌രിയും ഇബ്‌നു ഉയയ്‌നയും പോലെയുള്ള പണ്ഡിതന്മാരില്‍നിന്നല്ലേ ഹദീസ് പഠിക്കാന്‍ നല്ലത് എന്ന് ഇസ്ഹാഖ് ചോദിച്ചു. രണ്ടാമത്തെ കാര്യം ശാഫിഈ വേണ്ടത്ര പ്രായമെത്തിയ പണ്ഡിതന്‍ ആയിരുന്നില്ല എന്നതാണ്. ഒരു അമ്പത് വയസ്സിനു മുകളിലുള്ള പണ്ഡിതന്മാരില്‍നിന്നല്ലേ പഠിക്കേണ്ടത്, ശാഫിഈക്ക് നാല്‍പത്തഞ്ചു വയസ്സല്ലേ ആയുള്ളൂ എന്നൊക്കെ ആയിരുന്നു ഇബ്‌നു റാഹവൈഹി പറഞ്ഞത്. പക്ഷേ, ഇബ്‌നു ഹമ്പല്‍ തന്റെ ഇഷ്ടം തുറന്നുപറയുകയും ഇങ്ങനെ മറുപടി നല്‍കുകയും ചെയ്തു: 'ഒരു ഹദീസ് പണ്ഡിതന്‍ മരണപ്പെട്ടാലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ആ ഹദീസ് നമ്മിലെത്തും. എന്നാല്‍ ഇമാം ശാഫിഈയില്‍നിന്ന് ഈ അറിവ് നമുക്ക് ലഭിച്ചില്ലെങ്കില്‍ പിന്നെ അത് ആരില്‍നിന്നും നമുക്ക് ലഭിക്കുമെന്ന് കരുതേണ്ട!' പ്രഗത്ഭ ഹദീസ് പണ്ഡിതന്മാരില്‍ ഒരാളായ സുഫ്‌യാനുബ്‌നു ഉയയ്‌നയുടെ ക്ലാസില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ഉത്സാഹം ശാഫിഈയുടെ ക്ലാസില്‍ പങ്കെടുക്കാനാണ് അഹ്മദുബ്‌നു ഹമ്പല്‍ കാണിച്ചത്. ആ സന്ദര്‍ഭത്തില്‍ ഇമാം ശാഫിഈ അറിയപ്പെടുന്ന പണ്ഡിതനായിരുന്നില്ല. പരമ്പരാഗത പണ്ഡിതന്മാരുടെ ശൈലികളല്ല അദ്ദേഹം ഉപയോഗിച്ചിരുന്നത്.
മൂന്നാം വയസ്സില്‍ പിതാവ് മരണപ്പെട്ട അനാഥനായിരുന്നു ഇബ്‌നു ഹമ്പല്‍. പിതാവിന്റെ മരണശേഷം മാതാവാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ഹി. 164-ലാണ് ഇമാം അഹ്മദ് ജനിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സില്‍ ബഗ്ദാദിലെ ഖാദിയും ഇമാം അബൂഹനീഫയുടെ പ്രശസ്ത ശിഷ്യനുമായ ഖാദി അബൂ യൂസുഫിന്റെ ശിഷ്യനായിത്തീര്‍ന്നു ഇമാം അഹ്മദ്. അവിടെ നിന്നാണ് ഹദീസ് സമാഹരണം എന്ന വലിയ ലക്ഷ്യം അദ്ദേഹം മനസ്സില്‍ കണ്ടു തുടങ്ങിയത്. പതിനാറാം വയസ്സില്‍ ഈ ഉദ്ദേശ്യം വെച്ച് അദ്ദേഹം അബൂ യൂസുഫിനെ വിട്ട് മറ്റു പണ്ഡിതരെ അന്വേഷിച്ചുപോയി. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ബഗ്ദാദിലും പുറത്തും അറിയപ്പെടുന്ന വലിയ ഹദീസ് പണ്ഡിതനായി അദ്ദേഹം മാറി. പ്രഗത്ഭ പണ്ഡിതന്മാരും ഹദീസ് നിവേദകരുമായ യഹ്‌യ ബ്‌നു മുഈനും ഇസ്ഹാഖു ബ്‌നു റാഹവൈഹിയും ഇബ്‌നു ഹമ്പലിന്റെ കൂട്ടുകാരും സഹയാത്രികരുമായിരുന്നു.
'അഹ്മദിനേക്കാള്‍ ബുദ്ധികൂര്‍മതയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല' എന്ന് ഒരിക്കല്‍ ഇമാം ശാഫിഈ പറയുകയുണ്ടായെന്ന് സഅഫറാനി ഉദ്ധരിക്കുന്നു. തന്റെ ഹദീസ് സമാഹാരമായ മുസ്‌നദ് അഹ്മദിലും മറ്റു ഗ്രന്ഥങ്ങളിലും ഇമാം അഹ്മദ് ശാഫിഈയില്‍നിന്നും ഉദ്ധരിക്കുന്നുണ്ടെന്നും ഖുറൈശികളുടെ കുടുംബ പാരമ്പര്യം, പ്രശസ്തമായ ഫിഖ്ഹീ വിഷയങ്ങള്‍ എന്നിവയിലാണ് അഹ്മദ് ശാഫിഈയില്‍നിന്ന് തനിക്കു ലഭിച്ച ഹദീസുകള്‍ ഉദ്ധരിക്കുന്നതെന്നും ഇമാം അഹ്മദ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം സൂക്ഷിച്ചുവെച്ച വസ്തുക്കളുടെ ഇടയില്‍ ഇമാം ശാഫിഈയുടെ പഴയതും പുതിയതുമായ കത്തുകളും ഉണ്ടായിരുന്നു എന്നും ബൈഹഖി രേഖപ്പെടുത്തുന്നു. ഒരിക്കല്‍ ശാഫിഈ പറഞ്ഞു. 'അഹ്മദ് എട്ടു കാര്യങ്ങളില്‍ ഇമാമാണ്. ഹദീസില്‍, ഫിഖ്ഹില്‍, ഖുര്‍ആനില്‍, ഭാഷയില്‍, നബിചര്യയില്‍, ഐഹിക വിരക്തിയില്‍, ഭയഭക്തിയില്‍, ദാരിദ്ര്യത്തില്‍.' പണത്തേക്കാള്‍ നല്ലത് ദാരിദ്ര്യമാണെന്ന് അഭിപ്രായമുള്ള ആളായിരുന്നു അഹ്മദു ബ്‌നു ഹമ്പല്‍.
അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലായിരുന്നു ഇമാം അഹ്മദ് കഴിഞ്ഞിരുന്നത്. ഇമാം ശാഫിഈക്ക് ഇത് നന്നായി അറിയാമായിരുന്നു. ഉദ്യോഗസ്ഥനായി ഇമാം ശാഫിഈ ജോലി നോക്കിയിരുന്ന കാലത്ത് അഹ്മദിന്റെ പ്രയാസം ശാഫിഈ അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദിന്റെ ശ്രദ്ധയില്‍ പെടുത്തി: 'യമനില്‍ ഒരു ഖാദിയെ ആവശ്യമുണ്ട്.' റശീദ് പറഞ്ഞു: 'താങ്കള്‍ ഒരാളെ നിര്‍ദേശിക്കൂ, നമുക്ക് അദ്ദേഹത്തെ അവിടേക്ക് അയക്കാം.' പിന്നെ ശാഫിഈ അഹ്മദിനോട് പറഞ്ഞു: 'താങ്കള്‍ക്ക് യമനിലെ ഖാദി സ്ഥാനം ഏറ്റെടുത്തുകൂടേ?'
അഹ്മദ് അല്‍പം നീരസത്തോടെ പ്രതികരിച്ചു: 'ഞാന്‍ താങ്കളുടെ കൂടെ വരുന്നത്, അറിവ് ആഗ്രഹിച്ചുകൊണ്ടും ഐഹിക വിരക്തി ലക്ഷ്യം വെച്ചുകൊണ്ടുമാണ്. അപ്പോള്‍ താങ്കള്‍ എന്നോട് ഖാദി സ്ഥാനം ഏറ്റെടുത്ത് ജോലി ചെയ്യാന്‍ കല്‍പിക്കുകയാണോ? താങ്കള്‍ അറിവിന്റെ നിറകുടമല്ലായിരുന്നെങ്കില്‍ ഇന്നേക്ക് ശേഷം ഞാന്‍ താങ്കളോട് മിണ്ടില്ലായിരുന്നു.' ഇതു കേട്ടപ്പോള്‍ ഇമാം ശാഫിഈക്ക് ഈ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ ലജ്ജ തോന്നി.
നിലനില്‍ക്കുന്ന രാജഭരണത്തിനെതിരെ കടുത്ത നിലപാട് എടുക്കുന്ന ആളായിരുന്നു ഇബ്‌നു ഹമ്പല്‍. തന്റെ പിതൃവ്യന്‍ ഇസ്ഹാഖു ബ്‌നു ഹമ്പലിന്റെ പിന്നിലോ അദ്ദേഹത്തിന്റെ മക്കളുടെ പിന്നിലോ നിന്ന് നമസ്‌കരിക്കില്ലായിരുന്നു ഇബ്‌നു ഹമ്പല്‍. കാരണം, അദ്ദേഹവും മക്കളും ഭരണാധികാരിയില്‍നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചവരായിരുന്നു. ഒരിക്കല്‍ അഹ്മദ് മൂന്നു ദിവസത്തോളം ഒന്നും കഴിക്കാനില്ലാത്തതിനാല്‍ പട്ടിണി കിടക്കുന്നതായി സമീപവാസികള്‍ അറിഞ്ഞു. അവര്‍ നാട്ടിലെ സ്വാലിഹ് എന്ന പണ്ഡിതന്റെ വീട്ടില്‍നിന്ന് റൊട്ടി ഉണ്ടാക്കി അഹ്മദിന് എത്തിച്ചു. ആരുടെ അടുത്തു നിന്നാണെന്ന് അദ്ദേഹം അന്വേഷിച്ചു. സ്വാലിഹിന്റെ അടുത്ത് മാവുണ്ടായിരുന്നു, അദ്ദേഹത്തിന്റെ വീട്ടിലാണ് റൊട്ടി ഉണ്ടാക്കിയത് എന്ന് പറഞ്ഞപ്പോള്‍ അത് കഴിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാരണം, സ്വാലിഹ് അക്കാലത്തെ സുല്‍ത്താന്‍ മുതവക്കില്‍ അലല്ലാഹിയില്‍നിന്ന് സമ്മാനം സ്വീകരിച്ചതായി അഹ്മദ് അറിഞ്ഞിരുന്നു. ഭരണാധികാരികളോട് ചങ്ങാത്തം കൂടുന്നതും അവരുടെ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതും ഗുരുതരമായ പാപമായാണ് ഇബ്‌നു ഹമ്പല്‍ വിലയിരുത്തിയിരുന്നത്. സുല്‍ത്താന്‍ തന്നെ പിടിച്ചു ജയിലിലിട്ട വേളയില്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വന്നപ്പോള്‍ ഒരിക്കല്‍ പോലും ആ ഭക്ഷണത്തില്‍നിന്ന് അല്‍പവും കഴിക്കാന്‍ ഇമാം അഹ്മദ് കൂട്ടാക്കിയിരുന്നില്ല. മറ്റൊരിക്കല്‍ സുല്‍ത്താന്‍ മഅ്മൂന്‍ ഹദീസ് പണ്ഡിതന്മാര്‍ക്ക് സ്വര്‍ണം കൊടുത്തയച്ചു. എന്നാല്‍ ഇബ്‌നു ഹമ്പല്‍ മാത്രമായിരുന്നു അതില്‍നിന്ന് ഒന്നും എടുക്കാതെ തിരിച്ചയച്ചത്.
'ഹദ്ദസനാ മുഹമ്മദു ബ്‌നു ഇദ്‌രീസ് അശ്ശാഫിഈ' എന്ന് പറഞ്ഞുകൊണ്ടാണ് മുസ്‌നദില്‍ അഹ്മദുബ്‌നു ഹമ്പല്‍ ശാഫിഈയില്‍ നിന്ന് ഉദ്ധരിക്കുന്നത്. ഇരുപതോളം ഹദീസുകളാണ് മുപ്പതിനായിരത്തോളം ഹദീസുകളുള്ള മുസ്‌നദ് അഹ്മദില്‍ ശാഫിഈയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നത്. ആ ഇരുപതും ഇമാം ശാഫിഈ ഇമാം മാലികില്‍നിന്ന് ഉദ്ധരിച്ചതുമാണ്.
അഹ്‌ലുല്‍ ഹദീസിനും അഹ്‌ലുര്‍റഅ്‌യിനും ഇടയില്‍ പാലം പണിയുകയും മധ്യമ നിലപാട് സ്വീകരിക്കുകയും ചെയ്തു ഇമാം ശാഫിഈ. അതിനാലാണ് ഇബ്‌നു ഹമ്പല്‍ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്: ''ഞങ്ങള്‍ കൂഫക്കാരെയും അവര്‍ ഞങ്ങളെയും ശപിച്ചുകൊണ്ടിരിക്കുകയായിരുന്നു, ശാഫിഈ വരുന്നതു വരെ. അദ്ദേഹം ഞങ്ങളുടെ ഇടയില്‍ യോജിപ്പുണ്ടാക്കി.''
ഒരിക്കല്‍ ഇമാം ശാഫിഈ, ഇമാം ഇബ്‌നു ഹമ്പലിന്റെ വീട് സന്ദര്‍ശിച്ചു. അന്ന് അവിടെ താമസിക്കുകയും ചെയ്തു. ഇമാം അഹ്മദ് തന്റെ മക്കളോട് ഇമാം ശാഫിഈയെ കുറിച്ചും അദ്ദേഹത്തിന്റെ അറിവിന്റെ മഹത്വത്തെ കുറിച്ചും പറയാറുണ്ടായിരുന്നു. വളരെ ഉന്നതനായ വ്യക്തിയാണ്, അല്ലാഹുവിനോട് ഏറെ അടുപ്പമുണ്ട്, ഇബാദത്തുകളില്‍ വളരെ ശുഷ്‌കാന്തിയാണ്, കൂര്‍മബുദ്ധിയാണ് എന്നൊക്കെ. ഇമാം ശാഫിഈ എന്തൊക്കെ ഇബാദത്തുകളാണ് ചെയ്യുന്നത് എന്നറിയാന്‍ മക്കള്‍ക്ക് താല്‍പര്യം തോന്നി. രാത്രി ഇമാം ശാഫിഈ താമസിക്കുന്ന മുറി ഇമാം ഹമ്പലിന്റെ മകള്‍ പുറത്തു നിന്ന് നിരീക്ഷിച്ചു. അദ്ദേഹം രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുന്നതിന്റെയോ, ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെയോ ലക്ഷണമൊന്നും കാണാന്‍ സാധിച്ചില്ല. രാവിലെ മകള്‍ പിതാവിനോട് പറഞ്ഞു: 'ഉപ്പാ, താങ്കള്‍ രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നു. എന്നാല്‍ താങ്കളേക്കാളും ദൈവഭയമുള്ള, ഇബാദത്ത് ചെയ്യുന്നയാള്‍ എന്ന് പറഞ്ഞ ഇമാം ശാഫിഈ രാത്രി എഴുന്നേറ്റ് നമസ്‌കരിച്ചതിന്റെ ലക്ഷണം പോലുമില്ലല്ലോ.' വിഷയം ഇമാം ഇബ്‌നു ഹമ്പലിനു വളരെ കൗതുകമുണ്ടാക്കി. അദ്ദേഹം ശാഫിഈയോടു ചോദിച്ചു: 'രാത്രി ഉറക്കവും ഇബാദത്തും ഒക്കെ എങ്ങനെ ഉണ്ടായിരുന്നു?' ഇമാം ശാഫിഈ പറഞ്ഞു: ''ഇന്നലെ രാത്രി നമസ്‌കരിച്ചില്ല, ഉറങ്ങാനും പറ്റിയില്ല. ഉറങ്ങാന്‍ നേരത്ത് ഒരു ഹദീസ് മനസ്സില്‍ വന്നു. ഉമൈര്‍ എന്ന കുട്ടി വളര്‍ത്തുന്ന ഒരു പക്ഷി ഉണ്ടായിരുന്നു. ഒരിക്കല്‍ നബി ഉമൈറിനെ കണ്ടപ്പോള്‍ വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ആ പക്ഷിയുടെ വിശേഷങ്ങളും ചോദിച്ചു. 'ഉമൈര്‍, പക്ഷിക്കുഞ്ഞിന്റെ വിവരങ്ങള്‍ എന്തൊക്കെ?' കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന രൂപത്തില്‍ അവരില്‍ ഒരുത്തനായി പെരുമാറുന്നത് നബിയുടെ പ്രത്യേകതയായിരുന്നു. ഈ ഹദീസിനെ കുറിച്ച് ചിന്തിച്ചു അതില്‍നിന്നും അറുപതോളം കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ എനിക്ക് സാധിച്ചു. അതിനാല്‍ രാത്രി നമസ്‌കാരത്തെ കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല.'' ഇതു കേട്ട ഇമാം അഹ്മദ് തന്റെ മകളോട് പറഞ്ഞു: ''ഞാന്‍ രാത്രിയില്‍ നമസ്‌കരിച്ചതിനേക്കാള്‍ എത്രയോ പ്രതിഫലാര്‍ഹമായ കാര്യമാണ് ശാഫിഈ ചെയ്തിരിക്കുന്നത്!''
പരസ്പര ബന്ധം
ഒരിക്കല്‍ ഇമാം അഹ്മദു ബ്‌നു ഹമ്പല്‍ പറഞ്ഞു: 'ഞാന്‍ നാല്‍പത് വര്‍ഷത്തോളമായി നമസ്‌കാരത്തിനു ശേഷം ശാഫിഈക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു നമസ്‌കാരവേള പോലും ഈ നാല്‍പത് വര്‍ഷത്തിനിടയില്‍ കടന്നുപോയിട്ടില്ല.'
ഇമാം ശാഫിഈക്ക് വേണ്ടി തന്റെ പിതാവ് നിരന്തരമായി പ്രാര്‍ഥിക്കുന്നതു കണ്ട് തന്റെ മകന്‍ ഒരിക്കല്‍ ഇമാം അഹ്മദിനോട് ചോദിച്ചു: ' ഉപ്പാ, ഇത്രയധികം പ്രാര്‍ഥിക്കാന്‍ ആരാണീ ശാഫിഈ?' ഇമാം അഹ്മദ് പറഞ്ഞു: 'അദ്ദേഹം ഈ ലോകത്തിനു ഒരു സൂര്യനായിരുന്നു. ജനങ്ങള്‍ക്ക് വലിയ ആശ്വാസവും.'
ഒരിക്കല്‍ ഇമാം അഹ്മദിന്റെ കൂട്ടുകാരനും സഹയാത്രികനും പ്രഗത്ഭ ഹദീസ് നിവേദകനുമായ യഹ്‌യ ബ്‌നു മുഈന്‍ ഇമാം ശാഫിഈയുടെ കഴുതയുടെ പിന്നില്‍ ഇമാം അഹ്മദ് നടക്കുന്നത് കണ്ടു. അദ്ദേഹം ചോദിച്ചു: 'അഹ്മദ്, പ്രഗത്ഭ ഹദീസ് പണ്ഡിതനായ സുഫ്‌യാനെ വിട്ടു (സുഫ്‌യാനു ബ്‌നു ഉയയ്‌നയാണ് ഉദ്ദേശ്യം) എന്തിനാണ് താങ്കള്‍ ഈ ചെറുപ്പക്കാരന്റെ (ഇമാം ശാഫിഈയുടെ) കഴുതയുടെ പിറകില്‍ നടക്കുന്നത്?' ഇമാം അഹ്മദ് പറഞ്ഞു: 'ഈ മനുഷ്യന്‍ ആരാണ് എന്ന് അറിയുമായിരുന്നെങ്കില്‍ മറുവശത്ത് താങ്കളും എന്നോടൊപ്പം നടന്നേനെ.'
ഒരിക്കല്‍ ഇമാം അഹ്മദ് അസുഖ ബാധിതനായി കിടക്കുകയാണെന്ന് ഇമാം ശാഫിഈ അറിഞ്ഞ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ ഇമാം അഹ്മദിന്റെ അസുഖവും കിടപ്പും കണ്ട് ആകെ വിഷമിച്ചു. അഹ്മദ് മരണപ്പെട്ടാല്‍ അറിവിന്റെ വലിയൊരു അക്ഷയഖനി തന്നെ നഷ്ടമാവുമല്ലോ എന്നോര്‍ത്ത് ഇമാം ശാഫിഈ അങ്ങേയറ്റം ദുഃഖിതനായി. ആ ദുഃഖം അദ്ദേഹത്തെയും രോഗിയാക്കി. തന്നെ സന്ദര്‍ശിച്ച ശേഷം ശാഫിഈ രോഗിയായതായി ഇമാം അഹ്മദ് അറിഞ്ഞു. അല്‍പം ഭേദമായപ്പോള്‍ ശാഫിഈയെ സമാധാനിപ്പിക്കാനായി അഹ്മദ് ഇമാം ശാഫിഈയുടെ അടുത്ത് ചെന്നു. തന്നെ സന്ദര്‍ശിക്കാന്‍ വന്ന അഹ്മദിനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ ഇമാം ശാഫിഈ ഇങ്ങനെ പാടി:
''എന്റെ പ്രിയപ്പെട്ടവന്‍ അസുഖമായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
അദ്ദേഹത്തെ കുറിച്ചുള്ള എന്റെ ഭയത്താല്‍ എനിക്കും അസുഖം പിടിപെട്ടു.
അപ്പോള്‍ എന്റെ പ്രിയപ്പെട്ടവന്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നു
അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എന്റെ അസുഖം പോയി.''
ഒരിക്കല്‍ ഇമാം അഹ്മദ് പറഞ്ഞു: 'നിങ്ങള്‍ ഈ എന്നില്‍നിന്ന് കാണുന്നത് മുഴുവനായോ അല്ലെങ്കില്‍ അതില്‍ അധികമോ ശാഫിഈയില്‍നിന്ന് എനിക്ക് ലഭിച്ചതാണ് (ഫിഖ്ഹ് വിഷയത്തില്‍ അധികവും എന്നര്‍ഥം).'
മറ്റൊരിക്കല്‍ ഇബ്‌നു ഹമ്പല്‍: 'അല്ലാഹു ഓരോ നൂറ്റാണ്ടിലും ജനങ്ങള്‍ക്ക് സുന്നത്ത് പഠിപ്പിക്കുന്ന, പ്രവാചകന്റെ പാത പറഞ്ഞുകൊടുക്കുന്ന പ്രതിഭാധനന്മാരെ നിയോഗിക്കും. ഒന്നാം നൂറ്റാണ്ടില്‍ അത് ഉമറുബ്‌നു അബ്ദില്‍ അസീസ് ആണ്. രണ്ടാം നൂറ്റാണ്ടില്‍ ഇമാം ശാഫിഈയും. ശാഫിഈ ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് ഹദീസിന്റെ കര്‍മശാസ്ത്രം അറിയാതെവരുമായിരുന്നു. ആര് പേനയും മഷിയും എടുത്താലും ശാഫിഈ പറഞ്ഞതെന്തെങ്കിലും അവിടെ കാണും.'
ഇമാം ശാഫിഈ തന്നേക്കാള്‍ പ്രായം കുറവായിരുന്ന അഹ്മദിനെ കാണാന്‍ വേണ്ടി അങ്ങോട്ട് ചെല്ലുമായിരുന്നു എന്നത് വിനയത്തിന്റെ അടയാളമായിരുന്നു. തിരിച്ച് അഹ്മദും അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. എന്നാല്‍ പ്രായം കൂടുതലുള്ളവര്‍ കുറഞ്ഞവരെ സന്ദര്‍ശിക്കരുത് എന്നും ശാഫിഈയുടെ നടപടി ശരിയല്ല എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇമാം ശാഫിഈ ഇങ്ങനെ ഒരു കവിത ചൊല്ലി.
'ഞാന്‍ അഹ്മദിനെ സന്ദര്‍ശിച്ചാലും അഹ്മദ് എന്നെ സന്ദര്‍ശിച്ചാലും പദവികള്‍ക്ക് മാറ്റം വരുന്നില്ല. ഞാന്‍ അങ്ങോട്ട് ചെല്ലുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ ശ്രേഷ്ഠത കാരണമാണ്. അദ്ദേഹം ഇങ്ങോട്ട് വരുന്നുവെങ്കില്‍ അതും അദ്ദേഹത്തിന്റെ ശ്രേഷ്ഠത കാരണം തന്നെയാണ്. രണ്ടായാലും ശ്രേഷ്ഠത അദ്ദേഹത്തിന് തന്നെയാണ്.'
കൊള്ളക്കൊടുക്കകള്‍
ഹദീസിന്റെ കാര്യത്തില്‍ തികഞ്ഞ ശുഷ്‌കാന്തി കാണിച്ചിരുന്നു ഇമാം അഹ്മദ്. തനിക്കറിയാവുന്ന ദശലക്ഷം (അല്‍ഫ് അല്‍ഫ്) ഹദീസുകളില്‍നിന്ന് മുപ്പതിനായിരത്തോളം ഹദീസുകളാണ് മുസ്‌നദില്‍ ഉള്ളത്. ഇതില്‍ ഏകദേശം ഇരുപത് എണ്ണമാണ് ശാഫിഈയില്‍നിന്ന് സ്വീകരിച്ചവ. വിഷയങ്ങള്‍ ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന കാര്യത്തിലും അഗ്രഗണ്യനായിരുന്നു ഇമാം അഹ്മദ്. മുര്‍തദ്ദുകളുടെ വിഷയത്തില്‍ അബൂബക്ര്‍ (റ) എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു വിശുദ്ധ ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചവരുടെ മുനയൊടിച്ചതില്‍ ഇമാം അഹ്മദിന്റെ പങ്ക് എന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അലിയ്യുബ്‌നു മുദ്‌നി പറഞ്ഞു: ''മുര്‍തദ്ദുകളുടെ കാര്യത്തില്‍ അബൂബക്ര്‍ (റ) എത്ര ശക്തമായ നിലപാടാണോ എടുത്തത്, അതു പോലെയാണ് ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചവരുടെ വിഷയത്തില്‍ അഹ്മദ് ചെയ്തത്. അബൂബക്‌റി(റ)നെ സഹായിക്കാന്‍ അന്‍സ്വാറുകളും മറ്റുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ ഇബ്‌നു ഹമ്പല്‍ തനിച്ചായിരുന്നു. ആ വിഷയത്തില്‍ അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. ജയിലിലടക്കപ്പെട്ടു, ചാട്ടവാറടി ഏറ്റുവാങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ പക്ഷം വിജയിച്ചു.'' അദ്ദേഹത്തെ പറ്റി പില്‍ക്കാല പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ''എന്തിനു വേണ്ടിയാണോ അഹ്മദു ബ്‌നു ഹമ്പല്‍ തന്റെ ജീവിതം ചെലവഴിച്ചത്, ആ കാര്യത്തിനു വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാം തന്നെ നഷ്ടപ്പെട്ടുപോകുമായിരുന്നു.''
വിശകലനാത്മകമായി ഹദീസുകളെ സമീപിക്കുന്ന സമീപനമായിരുന്നു ഇമാം ശാഫിഈയുടേത്. ഒരു ഹദീസില്‍നിന്നും നിരവധി പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം എന്നാണ് അദ്ദേഹം ആലോചിക്കുക. അങ്ങനെയാണ് കുഴഞ്ഞുമറിഞ്ഞ ഫിഖ്ഹീ വിഷയങ്ങള്‍ അദ്ദേഹം നിഷ്പ്രയാസം കുരുക്കഴിക്കുന്നത്. ഖിയാസും ഇജ്മാഉം ഒക്കെ അദ്ദേഹത്തിന്റെ മുന്‍ഗണനയില്‍ ഉണ്ടായിരുന്നു. താഴെ പറയുന്ന സംഭവത്തില്‍നിന്ന് ഇരുവരുടെയും ചിന്താഗതികള്‍ പെട്ടെന്ന് വ്യക്തമാകും.
'അടിമയെയും കുഫ്‌റിനെയും വേര്‍തിരിക്കുന്നത് നമസ്‌കാരമാണ്' എന്നര്‍ഥം വരുന്ന ഒരു ഹദീസ് മുന്‍നിര്‍ത്തി 'നമസ്‌കരിക്കാത്തവന്‍ കാഫിറാണ്' എന്ന അഭിപ്രായമാണ് ഇമാം അഹ്മദിന്. എന്നാല്‍ ഒരു സംഭാഷണത്തില്‍ അതിന്റെ പ്രായോഗികത എങ്ങനെ എന്ന് ഇമാം ശാഫിഈ ചോദിക്കുന്നു.
ഇമാം അഹ്മദും ശാഫിഈയും തമ്മില്‍ നമസ്‌കാരം ഉപേക്ഷിക്കുന്ന ആളെക്കുറിച്ച് നടന്ന ഒരു ചര്‍ച്ച അബൂ അലി അല്‍ഹസന്‍ ഉദ്ധരിക്കുന്നുണ്ട്.
ഇമാം ശാഫിഈ ഇമാം അഹ്മദിനോട് ചോദിച്ചു: 'അഹ്മദ്, നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിര്‍ ആണെന്നാണോ താങ്കളുടെ അഭിപ്രായം?'
അഹ്മദ്: 'അതെ'
ശാഫിഈ: 'അവന്‍ കാഫിര്‍ ആണെങ്കില്‍ പിന്നെ എങ്ങനെയാണ് തിരികെ മുസ്‌ലിമാവുന്നത്? '
അഹ്മദ്: 'അവന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് എന്ന് പറയണം.'
ശാഫിഈ: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് എന്നത് അവന്‍ പറയുകയും അവന്‍ അതില്‍തന്നെ തുടരുകയുമാണല്ലോ ചെയ്യുന്നത്. നമസ്‌കരിക്കുന്നില്ല എന്നു മാത്രം.'
അഹ്മദ്: 'അപ്പോള്‍ അവന്‍ നമസ്‌കരിച്ചുതുടങ്ങിയാല്‍ മുസ്‌ലിമാകും.'
ശാഫിഈ: 'അതിനു കാഫിറിനു നമസ്‌കാരമില്ലല്ലോ. കാഫിറിന്റെ നമസ്‌കാരത്തെ കുറിച്ച് ഇസ്‌ലാമില്‍ ഒരു വിധിയും ഉണ്ടാവുകയുമില്ല.
അതോടെ അഹ്മദ് മൗനം ദീക്ഷിച്ചു.
ഇവിടെ ഹദീസിന്റെ വെളിച്ചത്തില്‍ ശക്തമായ ഫത്‌വ കൊടുക്കുന്ന ഒരു ഇബ്‌നു ഹമ്പലിനെ കാണാം. നമസ്‌കാരം ഉപേക്ഷിക്കുന്നത് കുഫ്ര്‍ ആണ് എന്നാണു ഹദീസ്. എന്നാല്‍ വളരെ ബുദ്ധിപരമായി അതിനെ ചോദ്യം ചെയ്യുകയാണ് ഇമാം ശാഫിഈ. നമസ്‌കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിമിനെ കാഫിറായി പരിഗണിക്കേണ്ടതില്ല എന്ന വിശാലമായ വീക്ഷണമാണ് ഇമാം ശാഫിഈ മുന്നോട്ടുവെക്കുന്നത്.
നിലപാടുകളിലെ അന്തരം
സുല്‍ത്താന്മാരുടെ പാരിതോഷികമോ ഭക്ഷണമോ കൂട്ടോ വേണ്ട എന്നുള്ള കടുത്ത തീരുമാനമായിരുന്നു ഇമാം അഹ്മദിന്റേത്. എന്നാല്‍ ജീവിതോപാധിക്ക് വേണ്ടി ഖാദി സ്ഥാനം സ്വീകരിക്കാന്‍ അഹ്മദിനോട് ആവശ്യപ്പെടുകയാണ് ഇമാം ശാഫിഈ ചെയ്തത്.
രണ്ടു പേരുടെയും നിലപാടിലുള്ള ഈ വ്യത്യാസം അനുയായികളിലും കാണാം. ഇമാം അഹ്മദു ബ്‌നു ഹമ്പലിന്റെ മദ്ഹബ് പിന്തുടര്‍ന്നു വന്നവരായിരുന്നു ഇബ്‌നു തൈമിയ്യയും ഇബ്‌നു അബ്ദില്‍ വഹാബും. സലഫി ആശയങ്ങളും അതിന്റെ രീതിശാസ്ത്രവും ഇബ്‌നു ഹമ്പലില്‍നിന്ന് കൈക്കൊണ്ടതാണെന്ന് സലഫികള്‍ തന്നെ പറയുന്നു. പലയിടത്തും വിശാലത നിലനില്‍ക്കെത്തന്നെ ഒരുതരം കടുംപിടിത്തം ഇന്ന് ആഗോള സലഫിസത്തിന്റെ ഭാഗമായിട്ടുണ്ട്. മറിച്ച് വീക്ഷണത്തിന്റെ വിശാലത തന്നെയാണ് ശാഫിഈ മദ്ഹബിന്റെ പ്രത്യേകത. പഠിക്കാനും മനസ്സിലാക്കാനും വിശാലത പ്രദര്‍ശിപ്പിക്കാനും ഒരുപരിധിവരെ അവര്‍ക്ക് കഴിയുന്നു. പക്ഷേ ആ വിശാലത പലപ്പോഴും ശക്തമായ നിലപാടെടുക്കേണ്ട വിഷയങ്ങളില്‍ അതിന് കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നുമുണ്ട്. ഇമാം ശാഫിഈയും ഇമാം ഇബ്‌നു ഹമ്പലുമൊക്കെ അടിത്തറയിട്ട അഹ്‌ലുസ്സുന്ന ആവട്ടെ ഈ വീക്ഷണ വ്യത്യാസങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നുണ്ടു താനും. ഇത്രയേറെ അടുപ്പവും ആദരവും സൂക്ഷിച്ച രണ്ട് ഇമാമുകളുടെയും അനുയായികള്‍, പില്‍ക്കാലത്ത് ഭിന്നധ്രുവങ്ങളിലേക്ക് പോയത് എങ്ങനെ എന്നും ആലോചനാ വിഷയമാണ്.
റഫറന്‍സ്:
1. അല്‍ ബിദായ വന്നിഹായ, ഇബ്‌നു കസീര്‍, ഭാഗം 10
2. നുസ്ഹത്തുല്‍ ഫുദലാഅ്, ശംസുദ്ദീന്‍ അദ്ദഹബി
4. സല്‍മാനുല്‍ ഔദ: http://www.islamtoday.net അഇമ്മത്തുല്‍ അര്‍ബഅ
5. വിക്കിപീഡിയ: ഇമാം ശാഫിഈ/ഇമാം അഹ്മദുബ്‌നു ഹമ്പല്‍/ ഇമാം അബൂഹനീഫ/ഇമാം മാലികു ബ്‌നു അനസ്/ശാഫിഈ/ഹമ്പലി/ഹനഫി/മാലികി
6. ഡോ. താരിഖ് സുവൈദാന്‍, പ്രഭാഷണ പരമ്പര, അല്‍ അഇമ്മത്തുല്‍ അര്‍ബഅ
7. നബീല്‍ അല്‍ അവദി: ഇമാം ശാഫിഈ വ ഇമാം ഇബ്‌നു ഹമ്പല്‍
8. മുഹമ്മദ് അല്‍ അറൈഫി: ഖിസ്സ ഇമാം ശാഫിഈ വ ഇമാം ഇബ്‌നു ഹമ്പല്‍
9. ഇമാം മാലിക്, മുവത്വ
റഹ്മത്തുല്ലാ മഗ്‌രിബി: പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി സ്വദേശി. തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍ നിന്ന് ചരിത്രം, അറബി ഭാഷ ബിരുദം. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ. ഒമാനില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്നു.
ഇമെയില്‍: [email protected]
Comments