Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

മഖാസ്വിദുശ്ശരീഅയുടെ ആവിഷ്‌കാരങ്ങള്‍

ഇ.എന്‍ അബ്ദുല്‍ ഗഫാര്‍

ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മഖാസ്വിദുശ്ശരീഅ അനേകം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട  വിജ്ഞാനശാഖയായി വികസിച്ചിട്ടുണ്ട്. മഖാസ്വിദുശ്ശരീഅ എന്ന സാങ്കേതികശബ്ദം ആവിഷ്‌കരിച്ചതും അതിന്റെ അടിസ്ഥാനങ്ങള്‍ക്കും സുപ്രധാന ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചതും  ഇമാം ശാഫിഈ ആയിരുന്നു. ഇമാം ശാഫിഈയുടെ അഭിപ്രായങ്ങളും പ്രയോഗങ്ങളും പഠനവിധേയമാക്കിക്കൊണ്ടാണ് പില്‍ക്കാല ഇമാമുമാരും പണ്ഡിതന്മാരും ഈ വിജ്ഞാനശാഖയെ വികസിപ്പിച്ചെടുത്തത്. ഈ വിഷയത്തില്‍ ഡോ. അഹമദ് വിഫാഖ് ഇബ്‌നു മുഖ്താര്‍ പഠനം നടത്തുകയും മഖാസ്വിദുശ്ശരീഅയും  ഇമാം ശാഫിഈയും എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ആ ഗ്രന്ഥം ഉപജീവിച്ചുകൊണ്ടുള്ളതാണ് ഈ ലേഖനം. 

ഇമാം ശാഫിഈ തന്റെ ചിന്തയിലും ഗവേഷണത്തിലും വൈജ്ഞാനിക ജീവിതത്തിലും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ (മഖാസ്വിദുശ്ശരീഅ) പരിഗണിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര ചര്‍ച്ചകളുടെ അടിസ്ഥാനങ്ങളിലും വിശദാംശങ്ങളിലും അത്  വ്യക്തമാണ്. മഖാസ്വിദുശ്ശരീഅയുടെ സാക്ഷാത്കാരമാണ് അദ്ദേഹം തന്നെ തുടക്കം കുറിച്ച ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ  ആധാരമായ ഉസ്വൂലുല്‍ ഫിഖ്ഹിന് പ്രചോദനമായി വര്‍ത്തിക്കുന്നത്. ഉമറുബ്‌നു അബ്ദില്‍അസീസ് രാഷ്ട്രീയരംഗത്ത് രാജഭരണത്തിന് തിരുത്ത് കുറിച്ച ഇസ്‌ലാമിക ചരിത്രത്തിലെ ഒന്നാമത്തെ മുജദ്ദിദാണെന്നതു പോലെ, ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കാനുതകുന്ന രൂപത്തില്‍ കര്‍മശാസ്ത്രത്തിന് അടിത്തറകള്‍ നിര്‍ണയിച്ചുകൊണ്ട് ഇമാം ശാഫിഈ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ രണ്ടാമത്തെ തജ്ദീദ് നിര്‍വഹിക്കുകയായിരുന്നു. ഇമാം ശാഫിഈയാണ് രണ്ടാമത്തെ മുജദ്ദിദെന്ന് ഇമാം അഹ്മദ് പ്രസ്താവിക്കുകയുണ്ടായി. സമകാലിക മുസ്‌ലിം സമൂഹത്തിന്റെ ദീനീ പ്രവര്‍ത്തനങ്ങളില്‍ ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതാണ് മഖാസ്വിദുശ്ശരീഅ. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചക്ക് വലിയ പ്രസക്തിയുണ്ട്.

എന്താണ് മഖാസ്വിദുശ്ശരീഅ? അതിന്റെ പ്രാധാന്യമെന്ത്? മഖാസ്വിദിന്റെ തുടക്കത്തിലും വികാസത്തിലും ഇമാം ശാഫിഈയുടെ പങ്കെന്ത്? ശരീഅത്ത് ദാതാവിന്റെ ലക്ഷ്യം, ശരീഅത്തിന്റെ ലക്ഷ്യം,  അതിലെ നിയമങ്ങളുടെയും അത് നടപ്പാക്കുന്നവരുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍, ശരീഅത്ത്  നടപ്പാക്കുന്നതിന്റെ മുന്‍ഗണനാക്രമം, ശരീഅത്തിന്റെ അഞ്ച് അടിസ്ഥാനലക്ഷ്യങ്ങള്‍ എന്നിങ്ങനെയുള്ള മഖാസ്വിദിലെ സുപ്രധാന ചര്‍ച്ചകളില്‍ ഇമാം ശാഫിഈയുടെ നിലപാട് എന്തൊക്കെയാണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്. ഇമാം ശാഫിഈ മഖാസ്വിദുശ്ശരീഅക്ക് നല്‍കിയ പ്രാധാന്യത്തിന്റെ വെളിച്ചത്തില്‍ ശരീഅത്തിനെക്കുറിച്ചുള്ള ആധുനിക പൊതുബോധവും മുസ്‌ലിം ഉമ്മത്തിന്റെ ലക്ഷ്യബോധവും ദൗത്യവും വിലയിരുത്തുമ്പോഴേ ഈ ചര്‍ച്ച ഫലവത്താവുകയുള്ളൂ. 

 

മഖാസ്വിദുശ്ശരീഅ 

ലക്ഷ്യം വളരെ പ്രധാനമാണ്. ദൈവം ഒന്നും വെറുതെ സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്റെയും സര്‍വ ചരാചരങ്ങളുടെയും സൃഷ്ടിപ്പിനു പിന്നില്‍ സ്രഷ്ടാവിന് വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്. ദൈവിക സന്മാര്‍ഗമായ ഇസ്‌ലാമിനും ദൈവിക നിയമമായ ശരീഅത്തിനും പിന്നില്‍  കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ദൈവിക നിയമത്തിലെ വിധിവിലക്കുകള്‍ മനുഷ്യന് മനസ്സിലാകണം,  അതനുസരിച്ച് ജീവിക്കാന്‍ സാധിക്കണം, ആ ജീവിതം മനുഷ്യന്റെ ചുമതലയും ഉത്തരവാദിത്തവുമാണ്. ഇവയെല്ലാം നിയമ ദാതാവിന്റെ  ലക്ഷ്യങ്ങളാണ്.  ഓരോ കര്‍മം ചെയ്യുമ്പോഴും വ്യക്തികള്‍ക്കുള്ള ഉദ്ദേശ്യവും പ്രധാനമാണ്. ദൈവിക വിധിവിലക്കുകള്‍ അറിഞ്ഞും അറിയാതെയും അനുസരിച്ചും അനുസരിക്കാതെയും ഒക്കെ ജീവിക്കുന്നവര്‍ക്കുമുണ്ട് ലക്ഷ്യങ്ങള്‍. 

മനുഷ്യജീവിതത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും  ഉറപ്പു വരുത്താനുള്ള സ്രഷ്ടാവിന്റെ നിയമനിര്‍ദേശങ്ങളാണ് ശരീഅത്ത്. അതിലെ ഓരോ നിയമത്തിനും നിര്‍ണിതമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണ് മഖാസ്വിദുശ്ശരീഅ. 

ശാന്തിയും സമാധാനവും ആണ് ഇസ്‌ലാമിന്റെ അര്‍ഥവും ലക്ഷ്യവും. ഈ ലോകത്തും മരണശേഷവും മനുഷ്യന് അത് ലഭ്യമാണ്. 'ഈമാന്‍' വിശ്വാസമാണ്. 'അംന്' സുരക്ഷയും. മനുഷ്യജീവിതത്തില്‍ അനിവാര്യമായ അഞ്ച് ഘടകങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യം. അഥവാ ജീവിതവ്യവസ്ഥ (ദീന്‍), ജീവന്‍ (നഫ്‌സ്), ബുദ്ധി (അഖ്ല്‍), വംശം, അഭിമാനം, സമ്പത്ത് എന്നിവ എല്ലാ അര്‍ഥത്തിലും പരിപോഷിപ്പിക്കലും സംരക്ഷിക്കലും.

ഈ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. എല്ലാ ലക്ഷ്യങ്ങള്‍ക്കും മാര്‍ഗങ്ങള്‍ക്കും ഒരേ പ്രാധാന്യമല്ല ഉള്ളത്. ശരീഅത്തിന്റെ പൊതുതാല്‍പര്യങ്ങളെ അനിവാര്യം, ആവശ്യം, അലങ്കാരം എന്നിങ്ങനെ മൂന്നായി തിരിക്കാം. അവയെല്ലാം ഉണ്ടാകുമ്പോഴേ സുന്ദരവും സുരക്ഷിതവുമായ സാമൂഹികാവസ്ഥ സാക്ഷാത്കരിക്കാന്‍ കഴിയൂ. 

അങ്ങാടിയില്‍ പോയ ആടിനെ പോലെ. കിട്ടിയതൊക്കെ കടിച്ച് വലിച്ച്, ചിതറിപ്പരത്തി വിലസുന്നതാണ് ഇന്ന് മഖാസ്വിദുശ്ശരീഅയുടെ വക്താക്കളായി ചമയുന്ന പലരുടെയും  അവസ്ഥ. കേരളത്തിലെയും ലോകത്തിലെതന്നെയും ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള യാത്ര നമ്മെ കൊണ്ടെത്തിക്കുന്നത് ശരീഅത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങളും ഉമ്മത്തിന്റെ ദൗത്യവും വിസ്മരിച്ചുപോകുന്ന അവസ്ഥയിലേക്കായിരിക്കും. യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങളുടെ തിരിച്ചറിവിലൂടെയും അവയുടെ ഏകീകരണത്തിലൂടെയും  മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവൂ. 

 

മഖാസ്വിദുശ്ശരീഅയുടെ തുടക്കവും വികാസവും  

ഒരു വിജ്ഞാനശാഖ എന്ന നിലക്ക് മഖാസ്വിദുശ്ശരീഅയുടെ വികാസത്തില്‍ ഇമാം ശാഫിഈ(റ)യുടെ സംഭാവനകള്‍ വളരെ വലുതാണ്. ആദ്യമായി മഖാസ്വിദുശ്ശരീഅ എന്ന സാങ്കേദിക പദം ഉപയോഗിച്ചതും ശരീഅത്തിന്റെ പൊതു തത്ത്വങ്ങളെക്കുറിച്ചും പൊതുതാല്‍പര്യങ്ങളെക്കുറിച്ചും സംസാരിച്ചതും അദ്ദേഹമാണ്. 

ഇമാമുല്‍ ഹറമൈന്‍ ജുവൈനിയുടെ ഗ്രന്ഥങ്ങളില്‍  ഇമാം ശാഫിഈയുടെ മഖാസ്വിദുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ധാരാളം കാണാവുന്നതാണ്. അവയില്‍ പലതും  ഇപ്പോള്‍ ലഭ്യമല്ലാത്ത ശാഫിഈ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിച്ചിട്ടുള്ളവയാണ്. ഇമാം ശാഫിഈ (റ) അര്‍രിസാല രണ്ട് തവണ എഴുതുകയുണ്ടായി. ആദ്യം മക്കയിലും പിന്നെ ഈജിപ്തിലും.  മക്കയില്‍ വെച്ച് എഴുതിയ അര്‍രിസാലയിലെ വരികളും പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. അതിന് ജുവൈനിയുടത് പോലുള്ള ഗ്രന്ഥങ്ങള്‍ സഹായകമാകും.

മഖാസ്വിദുശ്ശരീഅ ഒരു സാങ്കേതിക പദമായി  ഇമാം ശാഫിഈ (റ) ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലും അര്‍രിസാലയുടെ ആദ്യപതിപ്പിലും  ഉപയോഗിച്ചു. ഇമാമുല്‍ ഹറമൈന്‍ ജുവൈനിയുടെ അല്‍ബുര്‍ഹാന്‍ എന്ന ഗ്രന്ഥത്തില്‍ ഇത് കാണാം: ''ഇമാം ശാഫിഈ (റ) പറഞ്ഞു: 'നമസ്‌കാരം തുടങ്ങാന്‍ തക്ബീര്‍ തന്നെ നിശ്ചയിച്ചതിലും വീണ്ടും അത് തന്നെ തുടരുന്നതിലും നിയമ നിര്‍മാതാവിന് പ്രത്യേകിച്ച് ലക്ഷ്യമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റായി എണ്ണപ്പെടും. അത് അകന്നുപോകലായി കണക്കാക്കപ്പെടും... അത് പറയുന്നവന്‍ മഖാസ്വിദുശ്ശരീഅയെക്കുറിച്ചും വിധിവിലക്കുകളില്‍ അഭിസംബോധിതര്‍ക്കുള്ള ഉദ്ദേശ്യങ്ങളെക്കുറിച്ചും തനിക്ക്  വിവരമില്ലെന്ന് വ്യക്തമാക്കുകയാണ്...'' (മുഖ്താര്‍ 41). 

ഇമാം ശാഫിഈ(റ)യെപ്പോലെ അദ്ദേഹത്തിന്റെ  ശിഷ്യന്മാരും മഖാസ്വിദിന് വലിയ പ്രാധാന്യം നല്‍കുകയും  അതിനെ ഒരു വിജ്ഞാന ശാഖയാക്കി വികസിപ്പിക്കുകയും ചെയ്തു. ഇമാമുമാരായ ജുവൈനി, ഗസാലി, റാസി, ഗാമിദി, ഇസ്സുബ്‌നുഅബ്ദിസ്സലാം തുടങ്ങിയ ശാഫിഈ പണ്ഡിതന്മാരും ഖറാഫി, ത്വൂഫി, ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ശാത്വിബി തുടങ്ങിയ മറ്റു മദ്ഹബുകളിലെ ഇമാമുമാരും മഖാസ്വിദുശ്ശരീഅയുടെ വികാസത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. ശൈഖ് ത്വാഹിറുബ്‌നു ആശൂര്‍, ശൈഖ് അഹ്മദ് അര്‍റയ്‌സൂനി തുടങ്ങി അനേകം പണ്ഡിതന്മാര്‍ ആധുനിക കാലത്ത് ഈ ചര്‍ച്ചയെ വീണ്ടും സജീവമാക്കി.  ചുരുക്കത്തില്‍ മഖാസ്വിദുശ്ശരീഅയുടെ രചന നിര്‍വഹിച്ചത് രണ്ട് ഇമാമുമാരാണ്; ഇമാം ശാഫിഈയും ഇമാം ശാത്വിബിയും (മുഖ്താര്‍, പേജ് 20). 

 

മഖാസ്വിദുശ്ശരീഅയുടെ പ്രാധാന്യം

ഇമാം ശാഫിഈ (റ) അര്‍രിസാലയില്‍ ലക്ഷ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതി: ''ഓരോ സൃഷ്ടിക്കും ഓരോ ദൗത്യമുണ്ട്, ഓരോ  സൃഷ്ടിപ്പിലും അല്ലാഹുവിന് ഒരു ലക്ഷ്യമുണ്ട്. അവ അല്ലാഹുവിന് അറിയാം. ആ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്  ഓരോന്നിനെയും അല്ലാഹു സൃഷ്ടിച്ചത്. അവന്റെ തീരുമാനം മാറ്റാന്‍ ആര്‍ക്കുമാകില്ല. അവന്റെ വിചാരണ അതിവേഗത്തിലായിരിക്കും. എല്ലാം വിശദീകരിക്കുന്ന, സന്മാര്‍ഗം കാണിക്കുന്ന, കാരുണ്യം ചൊരിയുന്ന ഒരു ഗ്രന്ഥം അവന്‍ ഇറക്കിയിരിക്കുന്നു...'' (അര്‍രിസാല, 106, മുഖ്താര്‍, 22, 467). ''അവന്റെ ഗ്രന്ഥത്തിലുള്ള എല്ലാം ന്യായവും കാരുണ്യവുമാണ്. ആര്‍ അറിഞ്ഞാലും ഇല്ലെങ്കിലും...'' (അര്‍രിസാല 19, മുഖ്താര്‍ 22, 467).  

അല്ലാഹുവിന്റെ സൃഷ്ടിപ്പിലും നിയമനിര്‍ദേശങ്ങളിലും ഉള്ള ഉദ്ദേശ്യലക്ഷ്യങ്ങളും അവയുടെ പ്രാധാന്യവും വ്യക്തമാക്കുകയാണ് ഇമാം ഇവിടെ. ഈ വാക്കുകള്‍ വിശദീകരിച്ചും കൂടുതല്‍ വ്യക്തത വരുത്തിയുമാണ് പില്‍ക്കാല ഇമാമുമാരും പണ്ഡിതന്മാരും മഖാസ്വിദിനെ വികസിപ്പിച്ചത്. ഇമാം ഇബ്‌നുല്‍ഖയ്യിം ഇഅ്‌ലാമുല്‍ മുവഖിഈനില്‍ ഇമാം ശാഫിഈയുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്നത് കാണുക: 

''ചെറുതോ വലുതോ കാണുന്നതോ കാണാത്തതോ ആയതൊന്നും നിര്‍ണിത ലക്ഷ്യമില്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. ഒരു യുക്തിയുമില്ലാതെ അവന്‍ ഒന്നും നല്‍കുകയോ തടയുകയോ കുറക്കുകയോ കൂട്ടുകയോ ചെയ്തിട്ടില്ല. ഒരു ലക്ഷ്യവുമില്ലാതെ ഒന്നിനെയും പരിശുദ്ധനായ അല്ലാഹു ഒരു നിര്‍ണിത രൂപത്തിലോ ഭാവത്തിലോ ആക്കിയിട്ടില്ല. അവ അറിയപ്പെട്ടാലും ഇല്ലെങ്കിലും... അപ്രകാരം തന്നെയാണ് അവന്റെ നിയമത്തിലെ എല്ലാ കാര്യങ്ങളും. എല്ലാ കല്‍പനകളും വിലക്കുകളും അങ്ങനെയാണ്. അനുവദിച്ചതിലും നിഷിദ്ധമാക്കിയതിലും അതുണ്ട്.  എന്നല്ല അവന്‍ നിര്‍ണയിച്ച ഓരോ പരിധിക്കും അളവിനും നിബന്ധനക്കും നിശ്ചയത്തിനും കൃത്യമായ ലക്ഷ്യവും ഉദ്ദേശ്യവും ഉണ്ട്. അഥവാ കൃത്യമായ അര്‍ഥവും യുക്തിയുമില്ലാതെ ശരീഅത്തില്‍ ഒരു വിധിയും ഇല്ല. അത് മനസ്സിലാകുന്നവര്‍ക്ക് മനസ്സിലാകുന്നു, ചിലര്‍ക്കത് അപ്രാപ്യമാകുന്നു'' (ഇഅ്‌ലാമുല്‍ മുവഖിഈന്‍ 2/86, മുഖ്താര്‍ 467). 

മഖാസ്വിദ് പഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എഴുതിയതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്: ''വിജ്ഞാനങ്ങള്‍ മൊത്തമായി  എടുത്താല്‍ അവയില്‍ ഏറ്റവും സൂക്ഷ്മവും ആഴത്തില്‍ വേരൂന്നിയതും ഉന്നതങ്ങളില്‍ പ്രശോഭിക്കുന്നതും ഏറ്റവും പ്രാധാന്യവും സ്ഥാനവുമുള്ളതും ഉത്തമമായതും ദീനിന്റെ പൊരുളുമായി ബന്ധപ്പെട്ട വിജ്ഞാനമാണ്. വിധികളിലെ യുക്തികളെക്കുറിച്ചും കര്‍മങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അന്വേഷിക്കുന്നവര്‍ അത്യന്തം പ്രാമുഖ്യം കല്‍പ്പിക്കേണ്ട അറിവാണത്. പരലോകത്തേക്കുള്ള മുന്നൊരുക്കമായി നിര്‍ബന്ധ ബാധ്യതകള്‍ക്കു ശേഷം കൈക്കൊള്ളാന്‍ ഏറ്റവും അര്‍ഹമായ അറിവ്. കാരണം അതു വഴിയാണ് മനുഷ്യന്‍ അല്ലാഹുവിന്റെ നിയമത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവനായിത്തീരുന്നത്'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/4). 

 

ശരീഅത്ത് മനസ്സിലാകുന്നതിനുള്ള മഖാസ്വീ അടിത്തറകള്‍

ദൈവികനിയമങ്ങള്‍ മനസ്സിലാക്കുന്നതും പ്രയോഗവല്‍ക്കരിക്കുന്നതും സ്രഷ്ടാവായ നിയമദാതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം എന്ന മഖാസ്വിദിന്റെ അടിസ്ഥാന ചര്‍ച്ച തുടങ്ങിയതും ഇമാം ശാഫിഈയില്‍നിന്നാണ്. 

ഇമാം ശാത്വബി മഖാസിദിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: ''ശരീഅത്ത് നല്‍കിയതിലുള്ള നിയമനിര്‍മാതാവിന്റെ ഒന്നാമത്തെ ഉദ്ദേശ്യം മനുഷ്യന്‍ അത് മനസ്സിലാക്കലാണ്. അതിലെ ബാധ്യതകള്‍ മനുഷ്യന്‍ അറിയണം. അതനുസരിച്ച് ജീവിക്കണം. മനുഷ്യന് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കലാണ് ശരീഅത്ത് ദാതാവിന്റെ ഉദ്ദേശ്യമെന്ന് ഇമാം ശാഫിഈ വ്യക്തമാക്കിയിട്ടുണ്ട്'' (ശാത്വിബി 2/ 101 -104).  

ദൈവിക നിയമം മനുഷ്യന് മനസ്സിലാകണം. എങ്കിലേ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനുള്ളതാണ് അവ. നിയമം മനുഷ്യന് മനസ്സിലാക്കിക്കൊടുക്കല്‍ ശരീഅത്ത് ദാതാവിന്റെ ഉദ്ദേശ്യമാണ്. ഇസ്‌ലാമിക ശരീഅത്ത് ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഖുര്‍ആനും ഹദീസും വ്യക്തമായി അറിയേണ്ടതുണ്ട്. അതിന്  അറബി ഭാഷയും ശൈലിയും ദൈവിക നിയമത്തിന്റെ മറ്റ് അടിസ്ഥാനങ്ങളും അറിയണം. 

നിയമദാതാവിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് (മഖാസ്വിദിന്) പ്രാധാന്യം നല്‍കാതെ പ്രമാണങ്ങളിലെ പ്രത്യക്ഷ അര്‍ഥങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആധുനിക 'ളാഹിരിയ്യത്തും',  നിയമനിര്‍ദേശങ്ങള്‍ അവഗണിച്ച് സ്വന്തം അഭിപ്രായങ്ങള്‍ക്കും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന സ്വതന്ത്രവാദവും യുക്തിവാദവും ബിദ്അത്തുകളും അംഗീകരിക്കാവതല്ല. പലപ്പോഴും ഇത്തരക്കാര്‍  സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇത്തരം സ്വാതന്ത്ര്യവാദികള്‍ക്കും  ബിദ്അത്തുകാര്‍ക്കുമെതിരെ ഇമാം ശാഫിഈ ശക്തമായ നിലപാട് സ്വീകരിച്ചു. 

ഇജ്തിഹാദില്‍ ശരീഅത്തിന്റെ പൊതുതാല്‍പര്യങ്ങളും അടിസ്ഥാന ലക്ഷ്യങ്ങളും പാലിക്കേണ്ടതിന്റെ അനിവാര്യത ഇമാം ശാഫിഈ ഊന്നിപ്പറഞ്ഞു. ദൈവിക വചനങ്ങളുടെ വാക്കുകള്‍ക്ക്  അപ്പുറമുളള ആന്തരിക അര്‍ഥങ്ങളും  ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും അറിയാത്തവര്‍ നടത്തുന്ന ഇജ്തിഹാദ് ശരിയാവുകയില്ല.  

 

ഉസ്വൂലുല്‍ഫിഖ്ഹും  മഖാസ്വിദുശ്ശരീഅയും

ഉസ്വൂലുല്‍ ഫിഖ്ഹിലെ ഗ്രന്ഥ രചന ആരംഭിക്കുന്നത് ഇമാം ശാഫിഈയില്‍നിന്നാണ്. ഉസ്വൂലുല്‍ ഫിഖ്ഹിന്റെ  അവിഭാജ്യമായ ഒരു ഭാഗമായാണ്  കാലങ്ങളോളം മഖാസ്വിദുശ്ശരീഅ ഗണിക്കപ്പെട്ടിരുന്നത്. ഇമാം ശാത്വിബി അല്‍ മുവാഫഖാത്ത് എഴുതിയത് മുതലാണ് മഖാസ്വിദ് ഒരു സ്വതന്ത്ര വിജ്ഞാനശാഖയായി മാറിയത്. 

ദൈവിക നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ എങ്ങനെ പ്രയോഗവല്‍ക്കരിക്കണം എന്ന ചിന്തയും ചര്‍ച്ചയും ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് നിമിത്തമായി.  സ്വാര്‍ഥ താല്‍പര്യങ്ങളുടെ പിന്നാലെ പോവുകയും ദൈവികാധ്യാപനങ്ങളെ വളച്ചൊടിക്കുകയും സത്യം അറിഞ്ഞാലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതാണ്  എക്കാലത്തും ഭിന്നിപ്പിന്റെ പ്രധാന കാരണം. ഭൗതിക  ദര്‍ശനങ്ങളുടെ പരിമിതികളിലേക്ക് ഇസ്‌ലാമിക നിയമങ്ങളെ ഒതുക്കിയവതരിപ്പിക്കാനുള്ള ശ്രമങ്ങളും പ്രശ്‌നങ്ങളുണ്ടാക്കി. ദൈവിക മാര്‍ഗദര്‍ശനം മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനങ്ങളില്‍ വ്യക്തത വരുത്തി  അഭിപ്രായ ഐക്യം ഉണ്ടാക്കാനും അവ്യക്തതകള്‍ പരിഹരിക്കാനുമുള്ള ചിന്തകളാണ് ഉസൂലുല്‍ഫിഖ്ഹിന്  രൂപം നല്‍കിയത്. ആ അടിസ്ഥാനങ്ങളെല്ലാം മുമ്പുതന്നെ ഉള്ളവയായിരുന്നു. ക്രോഡീകരണവും എഴുത്തും മാത്രമാണ് പിന്നീട് നടന്നത്. അങ്ങനെ ആദ്യമായി എഴുതപ്പെട്ട ഉസ്വൂലുല്‍ഫിഖ്ഹിലെ ഗ്രന്ഥം ഇമാം ശാഫിഈയുടെ അര്‍രിസാലയാണ്. 

അപ്രകാരം ഉദ്ദേശ്യലക്ഷ്യങ്ങള്‍ ശരീഅത്തിന്റെ കൂടപ്പിറപ്പാണ്. പക്ഷേ ചിലര്‍ അവ വിസ്മരിച്ചു, അക്ഷരങ്ങളില്‍ കടിച്ചുതൂങ്ങി, കര്‍മങ്ങള്‍ അലക്ഷ്യമായി പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചു. പരസ്പരപൂരകങ്ങളായ കാര്യങ്ങളെ വേര്‍പ്പെടുത്തി. പല അഭിപ്രായ ഭിന്നതകള്‍ക്കും കാരണം ലക്ഷ്യങ്ങളെക്കുറിച്ചുള്ള അജ്ഞതയോ അവഗണനയോ ആണ്. ഇവിടെയാണ് ശരീഅത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഇമാം ശാഫിഈ തുടക്കംകുറിച്ച ചര്‍ച്ച പ്രസക്തമാകുന്നത്. ശരീഅത്തിന്റെ അടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധമാണ് ഉസ്വൂലുല്‍ഫിഖ്ഹിന്റെ ആദ്യഗ്രന്ഥത്തില്‍ തന്നെ മഖാസ്വിദുശ്ശരീഅ എന്ന വിജ്ഞാനശാഖയെക്കുറിച്ച് ചര്‍ച്ച തുടങ്ങാന്‍ കാരണമാക്കിയത്.

തെളിവുകളില്‍ മഖാസ്വിദുശ്ശരീഅക്കുള്ള സ്ഥാനം 

ഇമാം ശാഫിഈ (റ) മഖാസ്വിദിനെ കര്‍മശാസ്ത്ര വിധികള്‍ക്കുള്ള തെളിവായി പരിഗണിച്ചു. ശരീഅത്ത് പ്രമാണങ്ങളുടെ  ക്രമീകരണ വിഷയത്തില്‍ മുജ്തഹിദ് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ചുകൊണ്ട് ഇമാം ജുവൈനി പറഞ്ഞു: ''അര്‍രിസാലയില്‍ ശാഫിഈ(റ) ഉത്തമമായ ഒരു ക്രമം പറഞ്ഞിട്ടുണ്ട്. ഒരു പുതിയ കാര്യം സംഭവിക്കുകയും ഗവേഷകന് അതിലെ വിധി എന്തെന്ന് പരിശോധിക്കേണ്ടിവരികയും ചെയ്താല്‍, ആദ്യം ഖുര്‍ആനിലെ ആയത്തുകള്‍ പരിശോധിക്കണം. വിധിയെ സൂചിപ്പിക്കുന്ന വല്ലതും കണ്ടാല്‍ അത് സ്വീകരിക്കണം. അതിലില്ലെങ്കില്‍ ഹദീസിലേക്ക് നീങ്ങണം. അവയിലും ആവശ്യകാര്യം കണ്ടെത്തിയില്ലെങ്കില്‍ ഖിയാസിലേക്ക് നീങ്ങരുത്. മറിച്ച്, ശരീഅത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും പൊതുനന്മയും (മസ്വാലിഹ് മുര്‍സല) നോക്കുകയാണ് വേണ്ടത്. ആ സംഭവത്തില്‍ ഒരു പൊതുനന്മയും കണ്ടെത്താനായില്ലെങ്കില്‍ ഇജ്മാഇലേക്ക് തിരിയണം. പ്രമാണത്തിന്റെ (നഖ്ല്‍) പിന്‍ബലമുള്ള ഒരു വിധിയില്‍ അവര്‍ യോജിച്ചിട്ടുണ്ടെങ്കില്‍ പിന്നെ കൂടുതല്‍ അന്വേഷിക്കേണ്ട കാര്യമില്ല. അതും ഇല്ലെങ്കില്‍ ഖിയാസിനെ അവലംബിക്കണം'' (ജുവൈനി-ബുര്‍ഹാന്‍ 2/784, 875). 

ഇമാം ശാഫിഈ (റ) അര്‍രിസാലയുടെ ആമുഖത്തില്‍ തന്നെ ഖുര്‍ആന്റെയും സുന്നത്തിന്റെയും ലക്ഷ്യങ്ങള്‍ വ്യക്തമാക്കുകയും അവയുടെ അടിസ്ഥാനങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക അര്‍ഥത്തില്‍ ഇജ്മാഇനെ ആദ്യമായി നിര്‍വചിച്ചതും ഖിയാസിന്റെ അടിസ്ഥാനങ്ങള്‍ നിര്‍ണയിച്ചതും ശാഫിഈയാണ്. 

തെളിവുകള്‍ ക്രമീകരിച്ചപ്പോള്‍ വ്യക്തമായ  ഖിയാസിന് (അല്‍ഖിയാസുല്‍ ജലിയ്യ്) മുന്നിലാണ് ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് (മഖാസ്വിദിന്) ഇമാം ശാഫിഈ സ്ഥാനം നിര്‍ണയിച്ചത്. ശരീഅത്തിന്റെ അടിസ്ഥാനങ്ങളുമായി യോജിക്കുന്ന വ്യക്തമായ സദുദ്ദേശ്യങ്ങളെ ശരീഅത്ത് നിയമങ്ങള്‍ക്കുള്ള തെളിവായി ഇമാം പരിഗണിച്ചു. നിയമവ്യവസ്ഥയുടെ വ്യക്തമായ അടിസ്ഥാനങ്ങളിലൊന്നായി വിധികളുടെ പരിണതികളെ ഇമാം പ്രഖ്യാപിക്കുകയും അനേകം പ്രശ്‌നങ്ങളില്‍ അത് പരിഗണിക്കുകയും ചെയ്തു. നിയമങ്ങളുടെ ഉദ്ദേശ്യങ്ങള്‍ പരിഗണിച്ച പോലെത്തന്നെ കര്‍മം ചെയ്യുന്നവരുടെ ഉദ്ദേശ്യങ്ങളും കര്‍മശാസ്ത്ര വിശകലനങ്ങളില്‍ ഇമാം പ്രാധാന്യപൂര്‍വം പരിഗണിച്ചു. 

 

ശരീഅത്ത് താല്‍പര്യങ്ങളുടെ മുന്‍ഗണനാക്രമം 

ശരീഅത്ത് നിയമങ്ങളുടെ  ആന്തരികാര്‍ഥം മനസ്സിലാകുന്നതുമായും,  ശരീഅത്തിന്റെ പൊതുതാല്‍പര്യങ്ങളെ അനിവാര്യം (ദറൂറിയ്യാത്), ആവശ്യം (ഹാജീയ്യാത്ത്), അലങ്കാരം (തഹ്‌സീനിയ്യാത്ത്) എന്നിങ്ങനെ വ്യവഹരിക്കുന്നതുമായും ബന്ധപ്പെട്ടുള്ള മഖാസ്വിദിലെ പ്രധാന ചര്‍ച്ചയുടെ അടിസ്ഥാനവും  ഇമാം ശാഫിഈയുടെ വാക്കുകളാണ്. ഇമാമുല്‍ ഹറമൈന്‍ ജുവൈനിയില്‍നിന്നാണ് ഈ ചര്‍ച്ചയുടെ തുടക്കം എന്ന് ഖിയാസിന്റെ വിഷയത്തില്‍ ബുര്‍ഹാനില്‍ വന്ന അദ്ദേഹത്തിന്റെ വരികള്‍ ചൂണ്ടിക്കാണിച്ച് പറയാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇമാം ശാഫിഈയുടെ വാക്കുകള്‍ ഉദ്ധരിച്ച് വിഷയം വ്യക്തമാക്കുകയാണ് ജുവൈനി ചെയ്തിട്ടുള്ളത്.  

അനിവാര്യം (ദറൂറിയ്യാത്), ആവശ്യം (ഹാജിയ്യാത്ത്), അലങ്കാരം (തഹ്‌സീനിയ്യാത്ത്) എന്നിവയെക്കുറിച്ചുളള ജുവൈനിയുടെ വാക്കുകളും ഇമാം ശാഫിഈയുടെ വിവരണത്തിലുള്ള അവയുടെ അടിസ്ഥാനങ്ങളും താഴെ ചേര്‍ക്കുന്നു: 

1. അനിവാര്യമായവയെക്കുറിച്ച് ബുര്‍ഹാനില്‍ ജുവൈനി എഴുതി: ''ഒന്ന്: ആന്തരികാര്‍ഥം മനസ്സിലാകുന്നവ ഒരടിസ്ഥാനമാണ്. അതില്‍നിന്ന് മനസ്സിലാകുന്ന അര്‍ഥം അനിവാര്യമായ (ദറൂറിയ്യുന്‍), ഒഴിവാക്കാന്‍ പറ്റാത്ത കാര്യത്തിലേക്ക്   എത്തിച്ചേരും...... പ്രതിക്രിയ സമയത്തു തന്നെ  നിര്‍വഹിക്കല്‍ അനിവാര്യമാണെന്ന ദൈവികവിധി ഇത്തരത്തില്‍ ഉളളതാണ്.''

മുഗീസുല്‍ ഖല്‍ഖ് എന്ന കൃതിയില്‍ ഇമാം ശാഫിഈയുടെ വാക്കുകള്‍ ജുവൈനി ഉദ്ധരിക്കുന്നത് കാണുക: ''ശാഫിഈ പറഞ്ഞു: ഇവ മൊത്തത്തില്‍ അര്‍ഥം മനസ്സിലാക്കാവുന്നവയില്‍ പെട്ടതാണ്;  ശരീഅത്ത് നിയമങ്ങളെ മൂന്ന് ഇനങ്ങളായി തിരിക്കാം: ഒന്ന്, ആന്തരിക അര്‍ഥം അടിസ്ഥാനപരമായിത്തന്നെ മനസ്സിലാകാത്തവ, രണ്ട്, ആന്തരിക അര്‍ഥം പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നവ. മൂന്ന്, അടിസ്ഥാന അര്‍ഥം മനസ്സിലാകുമെങ്കിലും വിശദാംശങ്ങള്‍ മനസ്സിലാകാത്തവ....

''നഷ്ടപരിഹാരം (ദിയ) കുടുംബക്കാരുടെ (ആഇല) മേല്‍ നിര്‍ബന്ധമാക്കിയതും മൂത്രം പുറപ്പെടുന്നത് പരിഗണിക്കാതെ ശുക്ലം പുറപ്പെടുന്നതിന് മാത്രം കുളി നിര്‍ബന്ധമാക്കിയതും ഒന്നാമത്തേതിന് ഉദാഹരണമാണ്.... 

''രണ്ടാമത്തേതിന് ഉദാഹരണമാണ് പ്രതിക്രിയ നിര്‍ബന്ധമാക്കിയത്;  അതിന്റെ അര്‍ഥം പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാകും. ഭയപ്പെടുത്തലും കുറ്റകൃത്യത്തില്‍നിന്ന് അകറ്റലുമാണ് അതിന്റെ യുക്തി.  

''മൂന്ന്, അംഗശുദ്ധി പോലുള്ളവ;  അതിന്റെ അടിസ്ഥാന അര്‍ഥം മനസ്സിലാക്കാം; അത് വൃത്തിയാണ്. അപ്രകാരം നമസ്‌കാരം വ്യായാമവും വൃത്തികേടുകള്‍ നീക്കം ചെയ്യലുമാണ്. എന്നാല്‍ റക്അത്തുകളുടെ വിശദാംശങ്ങളും വൃത്തികേടുകളുടെ കാര്യത്തില്‍ നാം വിശദീകരിച്ചതും പോലുള്ള വിവിധ ആരാധനാ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്ന കാര്യമെടുത്താല്‍, അതില്‍ ആരാധനയാണ് പ്രകടമായി നില്‍ക്കുന്നത്, അതിനാല്‍ അതില്‍ ഖിയാസിന്റെ വാതില്‍ അടക്കപ്പെട്ടിരിക്കുന്നു.''

ഇമാം ശാഫിഈയെക്കുറിച്ച് ജുവൈനി പറയുന്നു: ''കാരണം അറിയാവുന്നവ എന്നും കാരണം അറിയാത്തവ എന്നും ദൈവിക നിയമങ്ങളെ വ്യവഹരിച്ചത് ഇമാം ശാഫിഈയുടെ നവീന കാഴ്ചപ്പാടിന്റെ ഭാഗമാണ്'' (മുഗീസുല്‍ ഖല്‍ഖ് 6770). 

2. 'ആവശ്യമായവ'യെക്കുറിച്ച് ജുവൈനി എഴുതി: ''രണ്ടാമത്തെ ഇനം പൊതു ആവശ്യവുമായി ബന്ധപ്പെടുന്ന, എന്നാല്‍ അനിവാര്യതയുടെ പരിധിയിലേക്ക് എത്താത്തതാണ്.   വാടക ശരിയാണെന്ന് പറയുന്നത് പോലെ. ഇത് പ്രത്യക്ഷത്തിലുള്ള ആവശ്യമാണ്.  എന്നാല്‍, കച്ചവടത്തിലേതുപോലെ അനിവാര്യതയിലേക്ക് എത്തുന്നതല്ല'' (ബുര്‍ഹാന്‍ 2/602).

ഇമാം ശാഫിഈയുടെ വാക്കുകളാണ് ഇതിനും അടിസ്ഥാനമായി ഉദ്ധരിക്കുന്നത്. ജുവൈനി എഴുതുന്നു: ''തെരഞ്ഞെടുക്കാനുള്ള (ഖിയാര്‍) അവകാശം നല്‍കുന്നതും  കാലപരിധി നിശ്ചയിക്കുന്നതും ഇളവുകളുടെ ഗണത്തിലാണ് ശാഫിഈ പെടുത്തിയത്. കച്ചവടത്തിന്റെ അടിസ്ഥാനം അനിവാര്യതയാണ്, അല്ലെങ്കില്‍ അനിവാര്യതയുടെ അളവിലുളള ആവശ്യമാണ്'' (ബുര്‍ഹാന്‍ 2/608, 609).

3. ആവശ്യമായവയെക്കുറിച്ച്  അദ്ദേഹം എഴുതി: ''മൂന്നാമത്തെ ഇനം സത്യത്തില്‍ അനിവാര്യമോ പൊതുവെ ആവശ്യമോ ആയ കാര്യവുമായി ബന്ധമില്ലാത്തതും, എന്നാല്‍ ഒരര്‍ഥത്തിലുള്ള ആദരവ് നല്‍കുന്ന കാര്യം ഉള്‍ക്കൊള്ളുന്നതും അതിന് എതിരായത് തടയുന്നതുമാണ്. ശുദ്ധി വരുത്തലും അശുദ്ധി നീക്കലും   ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്'' (ബുര്‍ഹാന്‍ 2/608, 609). ഈ ഇനത്തിനും അടിസ്ഥാനം ഇമാം ശാഫിഈയുടെ വാക്കുകള്‍ തന്നെയാണ് (ബുര്‍ഹാന്‍ 2/611). 

ദൈവിക നിയമത്തിലെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും കര്‍മങ്ങളും പ്രാധാന്യത്തിന്റെ കാര്യത്തില്‍ വിവിധ തട്ടുകളിലാണ്. ചിലതിന് മറ്റ് ചിലതിനേക്കാള്‍ പ്രാധാന്യമുണ്ട്. കര്‍മജീവിതത്തിലെ മുന്‍ഗണനാക്രമങ്ങള്‍ പാലിക്കാന്‍ അവ മനസ്സിലാക്കേണ്ടതുണ്ട്. കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും ഇളവ് നല്‍കാനും നല്‍കാതിരിക്കാനും മുന്തിക്കാനും പിന്തിക്കാനും പറ്റുന്നതും പറ്റാത്തതും ഏതെന്ന് തീരുമാനിക്കാനും ഈ അറിവ് അനിവാര്യമാണ്. 

 

ശരീഅത്തിന്റെ അഞ്ച് അടിസ്ഥാനലക്ഷ്യങ്ങള്‍

മഖാസ്വിദും കര്‍മശാസ്ത്രനിയമങ്ങളും

ഇമാം ശാഫിഈ (റ) കര്‍മശാസ്ത്ര വിശകലനങ്ങളിലുടനീളം മഖാസ്വിദിന്റെ പല വശങ്ങളും നിയമനിര്‍മാതാവിന്റെയും നിയമത്തിന്റെയും ലക്ഷ്യങ്ങളും ചര്‍ച്ചചെയ്യുന്നത് കാണാം. ഇമാമിന്റെ അല്‍ഉമ്മ് എന്ന വിഖ്യാത ഗ്രന്ഥം ഇതിന് ഉത്തമ ഉദാഹരണമാണ്. ഡോ. മുഖ്താര്‍ തന്റെ പഠനത്തില്‍ വിവിധ വിഷയങ്ങളിലുള്ള 80 ഉദാഹരണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മുഗീസുല്‍ ഖല്‍ബ് എന്ന ഗ്രന്ഥത്തില്‍ ഇമാമുല്‍ ഹറമൈന്‍ ഉദ്ധരിക്കുന്ന ശുദ്ധി, സകാത്ത്, നോമ്പ്, ഹജ്ജ്, പ്രതിക്രിയ തുടങ്ങിയ വിഷയങ്ങളിലുള്ള ഇമാം ശാഫിഈയുടെ മഖാസ്വിദീ ചര്‍ച്ചയിലെ ചിലത് താഴെ ചേര്‍ക്കുന്നു:

ശുദ്ധീകരണ(ത്വഹാറത്ത്)ത്തില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്: ഒന്ന്, ശുചിത്വവും വൃത്തിയും വെടിപ്പുമാണ്. രണ്ടാമത്തേത് ആരാധനയാണ്. ശര്‍ഇന്റെ നിബന്ധനകള്‍ പരിഗണിക്കുന്നത് ശുദ്ധീകരണം വഴിയുള്ള ശര്‍ഇന്റെ ഉദ്ദേശ്യത്തിന് കോട്ടം തട്ടാതിരിക്കലാണ്. 

നമസ്‌കാരം തക്ബീര്‍ ചൊല്ലി തുടങ്ങുന്നതിലും അതുതന്നെ പലതവണ ആവര്‍ത്തിക്കുന്നതിലും അല്ലാഹുവിന്  നിര്‍ണിത ഉദ്ദേശ്യമുണ്ട്. ഇപ്രകാരം നമസ്‌കാരത്തിലും അതിലെ ഓരോ ചലനത്തിലും അല്ലാഹുവിന് ക്യത്യമായ ലക്ഷ്യങ്ങളുണ്ട്, അത് മനസ്സിലാക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും.  

സകാത്തിന്റെ ഉദ്ദേശ്യങ്ങളും ഇമാം വിശദീകരിക്കുന്നുണ്ട്. ഇല്ലായ്മ പരിഹരിക്കലും വിശപ്പടക്കലും ദാരിദ്ര്യ നിര്‍മാര്‍ജനവുമാണത്. ദരിദ്രരോട് ഉത്തമ രീതിയില്‍ വര്‍ത്തിക്കലും പ്രയാസപ്പെടുന്നവരെ സഹായിക്കലും ഓജസ്സിനെ ഉജ്ജീവിപ്പിക്കലും പച്ചപ്പും ശരീരവും വീണ്ടെടുക്കലുമാണത്. ഈ ഉദ്ദേശ്യത്തോട് യോജിക്കുന്നത് സകാത്ത് ഉടനടി കൊടുക്കലും മരണം വഴി ബാധ്യത ഒഴിവാകാതിരിക്കലുമാണ്. അത് കടബാധ്യതയായി പരിഗണിക്കണം. മരിച്ചാല്‍ ബാധ്യത ഇല്ലാതാകും എന്ന് പറയുന്നത് സകാത്ത് ഇല്ലാതാക്കുന്നതിലേക്കും ശര്‍ഇന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതിലേക്കുമാണ് എത്തിക്കുക (മുഖ്താര്‍ 43). 

ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) മാത്രമല്ല മഹാരഥന്മാരായ പൗരാണിക പണ്ഡിതന്മാരില്‍ പലരും ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പ്രയത്‌നിച്ചവരായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവര്‍ ശരീഅത്ത് വിധികള്‍ മനസ്സിലാക്കുകയും പുതിയ നിയമങ്ങള്‍ നിര്‍ധാരണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തു. അപ്രകാരം ആധുനിക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ശരീഅത്ത് മനസ്സിലാക്കുകയും സാക്ഷാല്‍ക്കരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥത്തില്‍ നാം അവരെ പിന്‍പറ്റുന്നവരാവുക. പില്‍കാല പണ്ഡിതന്മാരില്‍ പലരും വിസ്മരിച്ചുപോയതും പൗരാണിക പണ്ഡിതന്മാര്‍ മുറുകെപ്പിടിച്ചതുമായ ആ രീതിശാസ്ത്രത്തിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. ഇമാമുമാരുടെ വാക്കുകളെപ്പോലെ അവരുടെ രീതിയും മാര്‍ഗവും  പിന്തുടരേണ്ടതുണ്ട്. 

 

 

ഇ.എന്‍ അബ്ദുല്‍ ഗഫാര്‍: കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശി. ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅ ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദവും ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദവും. ഇപ്പോള്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു. ഇമെയില്‍: [email protected]

Comments

Other Post