പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍
കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെല്ലാം ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. ഇമാം ശാഫിഈയുടെ നിലപാടുകളോട് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ശാഫിഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ശാഫിഈ ഒഴികെയുള്ള ശാഫിഈ പണ്ഡിതര്‍ ചില പ്രശ്‌നങ്ങളില്‍ പരസ്പരഭിന്നത പുലര്‍ത്തിയതും കാണാം. ശാഫിഈയോട് വിയോജിച്ചുകൊണ്ട്, ശാഫിഈ പണ്ഡിതര്‍ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ നബിചര്യയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ശാഫിഈയുടെ നിലപാടിന് എതിരായി പിന്നീട് ശിഷ്യന്മാര്‍ക്കും മറ്റു പണ്ഡിതന്മാര്‍ക്കും ഹദീസുകള്‍ ലഭ്യമായതാണ് ഇതിന്റെ കാരണം. 'എന്റെ അഭിപ്രായത്തിനെതിരെ പ്രബലമായ ഹദീസ് ലഭിച്ചാല്‍ അതാണ് എന്റെ മദ്ഹബ്' എന്ന ശാഫിഈയുടെ പ്രഖ്യാപനത്തെ സാക്ഷാത്കരിക്കുകയാണ് പില്‍ക്കാല പണ്ഡിതരുടെ തിരുത്തലുകള്‍. അതേസമയം, ചില വിഷയങ്ങളില്‍ ശാഫിഈയുടെ നിലപാട് സുന്നത്തിന് യോജിച്ചതായിട്ടും, പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പണ്ഡിതര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങളുടെ ചരിത്രവും സ്വഭാവവുമൊക്കെ ഇതില്‍നിന്ന് മനസ്സിലാക്കാം.
ഈ വിഷയവുമായി ബന്ധപ്പെട്ട്, ശാഫിഈ ഗ്രന്ഥങ്ങളില്‍നിന്ന് സമാഹരിച്ച ചില ഉദാഹരണങ്ങളാണ് ഇനി വിവരിക്കുന്നത്.
1. പന്നി സ്പര്‍ശിച്ചാല്‍ ഏഴുപ്രാവശ്യം കഴുകണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. രണ്ടാം ശാഫിഈ എന്ന പേരില്‍ അറിയപ്പെടുന്ന ശിഷ്യന്‍ ഇമാം നവവി (റ) ഒരു പ്രാവശ്യം കഴുകിയാല്‍ മതിയെന്ന് ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു.
2. ജുമുഅക്ക് നാല്‍പതു പേര്‍ വേണമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്മാരായ അബൂസൗര്‍ (റ), ഇബ്‌നു മുന്‍ദിര്‍(റ) പോലെയുള്ളവര്‍ കേവലം നാലുപേര്‍ മതിയെന്നു പറയുന്നു.
3. സ്ത്രീയെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. അന്യസ്ത്രീകളെയും ഭാര്യമാരെയും വികാരത്തോടുകൂടി സ്പര്‍ശിച്ചാല്‍ പോലും വുദൂ മുറിയുകയില്ലെന്ന് ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ (റ) പറയുന്നു. കേവല സ്പര്‍ശനം കൊണ്ട് വുദൂ മുറിയുകയില്ലെന്നതാണ് നബിചര്യ.
4. റമദാനില്‍ ഉച്ചക്ക് ശേഷം പല്ലുതേക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ മുസനി ഈ അഭിപ്രായം അംഗീകരിക്കുന്നില്ല.
5. ഒരു മഹല്ലില്‍ ഒരു ബാങ്ക് വിളിക്കുന്നതു പോലും സുന്നത്താണെന്നു ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ (റ) ഈ അഭിപ്രായത്തെ ഖണ്ഡിച്ചശേഷം സാമൂഹിക ബാധ്യത (ഫര്‍ള് കിഫായ) യാണെന്ന് അഭിപ്രായപ്പെടുന്നു.
6. ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാല്‍ റക്അത്ത് ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രഖ്യാപിക്കുന്നു. ശിഷ്യന്മാരായ ഇബ്‌നു ഖുസൈമ (റ), ളബ്ഈ (റ), സുബ്കി (റ) പോലെയുള്ളവര്‍ റക്അത്ത് ലഭിക്കുകയില്ലെന്നും ഫാത്തിഹ ഓതണമെന്നും വ്യക്തമാക്കുന്നു.
7. ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് (സുജൂദ് തിലാവത്ത്) ചെയ്താല്‍ നമസ്‌കാരത്തിന്റെ സന്ദര്‍ഭത്തിലല്ലെങ്കിലും സലാം വീട്ടണമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍ ബുവൈത്വി (റ) ഉസ്താദിനോട് വിയോജിച്ച് സലാം വീട്ടേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നു.
8. വരി (സ്വഫ്ഫ്) പൂര്‍ത്തിയായ ശേഷം ഒരാള്‍ വരികയാണെങ്കില്‍ മുന്നിലുള്ള വരിയില്‍നിന്ന് ഒരാളെ പിടിച്ചുവലിക്കണമെന്ന് ശാഫിഈ (റ) നിര്‍ദേശിക്കുന്നു. ശിഷ്യന്മാരായ അബൂത്വയ്യിബ്, ബുവൈത്വി (റ) എന്നിവര്‍ പിടിച്ചുവലിക്കാന്‍ പാടില്ലെന്ന് പറയുന്നു. തെളിവ് ഇതിനാണ്.
9. വുദൂവിന്റെ സന്ദര്‍ഭത്തില്‍ കാലുറമേല്‍ തടവാന്‍ പാടില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ ഇബ്‌നു മുന്‍ദിര്‍ (റ), അബൂസൗര്‍ (റ) എന്നിവര്‍ തടവാമെന്ന് പ്രസ്താവിക്കുന്നു.
10. തയമ്മും ചെയ്യുമ്പോള്‍ രണ്ടടി നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്മാരായ ഖത്വാബി (റ), ഇബ്‌നു മുന്‍ദിര്‍ (റ) മുതലായവര്‍ ഒരടി മാത്രമേ നിര്‍ബന്ധമുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു. ഇമാം ബുഖാരി(റ)യും ഇപ്രകാരം അഭിപ്രായപ്പെടുന്നു. സ്വഹീഹായ ഹദീസിലും സ്ഥിരപ്പെട്ടത് ഈ അഭിപ്രായമാണ്.
11. പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കലാണ് ഏറ്റവും ഉത്തമമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ഖുറാസാനിലെ അദ്ദേഹത്തിന്റെ മുഴുവന്‍ ശിഷ്യന്മാരും മൈതാനമാണ് ഉത്തമമെന്ന് അഭിപ്രായപ്പെടുന്നു. നബിചര്യയും ഇതുതന്നെയാണ്.
12. മറവിയുടെ സുജൂദ് (സുജൂദു സഹ്‌വ്) സലാം വീട്ടുന്നതിനു മുമ്പായിരിക്കണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ മുസനി (റ), അബൂസൗര്‍ (റ) മുതലായവര്‍ ഉസ്താദിനോട് വിയോജിച്ച് സലാം വീട്ടിയ ശേഷവും നിര്‍വഹിക്കാമെന്ന് അഭിപ്രായപ്പെടുന്നു.
13. രണ്ട് ഖുല്ലത്തിന് താഴെയുള്ള വെള്ളം മലിനവസ്തു സ്പര്‍ശിക്കുന്നതുകൊണ്ടുതന്നെ ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമായിത്തീരുമെന്ന് (അശുദ്ധിയാകുമെന്ന്) ഇമാം ശാഫിഈ (റ) പറയുന്നു. എന്നാല്‍ ശിഷ്യന്മാരായ ഇബ്‌നു മുന്‍ദിര്‍, ഇമാം ഗസാലി (റ), ഇമാം റുഅ്‌യാനി (റ) മുതലായവര്‍ അശുദ്ധമാവുകയില്ലെന്നും ആ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കാമെന്നും പറയുന്നു. വെള്ളത്തിന്റെ നിറത്തിനും മണത്തിനും രുചിക്കും മാറ്റം സംഭവിച്ചാലേ ഉപയോഗം നിഷിദ്ധമാവുകയുള്ളൂ എന്നാണ് അവരുടെ നിലപാട്; രണ്ടു ഖുല്ലത്ത് അല്ല മാനദണ്ഡം. നബിചര്യയും ഇതുതന്നെ.
14. ശവത്തിന്റെ രോമം, മുടി, തൂവല്‍ മുതലായവ അശുദ്ധിയാണെന്ന് (നജസ്) ഇമാം ശാഫിഈ പറയുന്നു. ശിഷ്യന്മാരായ മുസനി (റ), ഇബ്‌നു മുന്‍ദിര്‍ (റ) മുതലായവര്‍ നജസല്ലെന്ന് പറയുന്നു.
15. നരച്ച മുടി കറുപ്പിക്കല്‍ ഹറാമാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ഇമാം ഗസാലി(റ)യും ഇമാം ബഗവി (റ) യും കറാഹത്ത് മാത്രമാണെന്നും സ്വന്തം ഇമാമിന് എതിരായി പ്രഖ്യാപിക്കുന്നു. വഞ്ചനയില്ലെങ്കില്‍ അനുവദനീയമാണെന്നാണ് സ്വഹാബിവര്യന്മാരുടെ ചര്യയില്‍നിന്ന് മനസ്സിലാവുന്നത്. ഈ തര്‍ക്കംതന്നെ വയസ്സായി നരബാധിക്കുമ്പോഴാണ്; അല്ലാതെ അകാല നരയെ സംബന്ധിച്ചല്ല. ഇതു നിരുപാധികം അനുവദനീയമാണ്.
16. പെണ്‍കുട്ടികളുടെ ചേലാകര്‍മം ആണ്‍കുട്ടികളുടേതു പോലെ തന്നെ നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാര്‍ അധിക പേരും ഇമാമിനോട് വിയോജിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം നിര്‍ബന്ധമില്ലെന്ന് പറയുന്നു. നബിചര്യ ആണ്‍കുട്ടികള്‍ക്ക് സുന്നത്താണെന്നതാണ്. പെണ്‍കുട്ടികള്‍ക്ക് ഇപ്രകാരം സുന്നത്തുപോലുമല്ല.
17. വുദൂവിന്റെ സന്ദര്‍ഭത്തിലും കുളിയുടെ സന്ദര്‍ഭത്തിലും മൂക്കില്‍ വെള്ളം കയറ്റിചീറ്റല്‍ സുന്നത്താണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. നിര്‍ബന്ധമാണെന്ന് ശിഷ്യന്മാരായ അബൂസൗര്‍ (റ), ഇബ്‌നു മുന്‍ദിര്‍ (റ) എന്നിവര്‍ പ്രഖ്യാപിക്കുന്നു. തെളിവിന്റെ പിന്‍ബലം ഇമാം ശാഫിഈ (റ)യുടെ അഭിപ്രായത്തിനാണ്.
18. വുദൂവില്‍ തര്‍ത്തീബ് (ക്രമം പാലിക്കല്‍) നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്മാരായ മുസനിയും ഇബ്‌നു മുന്‍ദിറും അതു സുന്നത്തു മാത്രമാണെന്നും നിര്‍ബന്ധമില്ലെന്നും പ്രഖ്യാപിക്കുന്നു. ഖുര്‍ആന്റെയും നബിചര്യയുടെയും പിന്‍ബലം ഇമാം ശാഫിഈ(റ)ക്കാണ്.
19. കീറിയ ബൂട്‌സിന്മേല്‍ തടവാന്‍ പാടില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ അബൂ സൗര്‍ (റ), ഇബ്‌നു മുന്‍ദിര്‍ (റ) എന്നിവര്‍ തടവാമെന്ന് അഭിപ്രായപ്പെടുന്നു.
20. തടവിയ ബൂട്‌സ് ഊരിയെടുത്താല്‍ തടവിക്കൊണ്ട് ചെയ്ത വുദൂ ഉടനെ മുറിയുമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. മുറിയുകയില്ലെന്ന് ശിഷ്യനായ ഇബ്‌നു മുന്‍ദിര്‍ (റ) പറയുന്നു. ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബിലും മുറിയുകയില്ലെന്നു പറയുന്നു.
21. ജമാഅത്ത് നമസ്‌കാരം പ്രബലമായ സുന്നത്താണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ അബൂസൗര്‍, ഇബ്‌നു മുന്‍ദിര്‍ മുതലായവര്‍ വ്യക്തിപരമായ ബാധ്യതയാണെന്ന് അഭിപ്രായപ്പെടുന്നു. സാമൂഹികബാധ്യത(ഫര്‍ള് കിഫായ)യാണെന്നതിനാണ് തെളിവുകള്‍ അധികവും.
22. സ്ത്രീയുടെ പിന്നില്‍ നിന്ന് നമസ്‌കരിച്ചാല്‍ നമസ്‌കാരം സ്വഹീഹാവുകയില്ലെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്മാരായ മുസനി, അബൂസൗര്‍ മുതലായവര്‍ സ്വഹീഹാവുമെന്ന് പ്രഖ്യാപിക്കുന്നു.
23. ഇമാം ഇരുന്ന് നമസ്‌കരിക്കുകയാണെങ്കില്‍ പിന്നിലുള്ളവര്‍ നിന്ന് നമസ്‌കരിക്കണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. എന്നാല്‍ ഇമാം ഇരുന്ന് നമസ്‌കരിക്കുകയാണെങ്കില്‍ പിന്നിലുള്ളവരും, നില്‍ക്കാന്‍ സാധിക്കുമെങ്കിലും ഇരുന്നു നമസ്‌കരിക്കണമെന്ന് ശിഷ്യന്മാരായ ഇമാം അഹ്മദും മുസനിയും പറയുന്നു.
24. ഫിഖ്ഹ് കൂടുതല്‍ അറിയുന്നവന്‍ ഇമാമായി നില്‍ക്കണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ഖുര്‍ആന്‍ മനഃപാഠമുള്ളവനായിരിക്കണം ഇമാമായി നില്‍ക്കേണ്ടത് എന്ന് ശിഷ്യനായ ഇബ്‌നു മുന്‍ദിര്‍ പറയുന്നു.
25. ഒരു സ്ഥലത്ത് നാലു ദിവസത്തിലധികം താമസിക്കാന്‍ തീരുമാനിച്ചാല്‍ ഖസ്വ്‌റാക്കാന്‍ പാടില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ മുസനി പാടുണ്ടെന്ന് പറയുന്നു.
26. അവിശ്വാസിക്ക് സലാം പറയാന്‍ പാടില്ലെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. വിരോധമില്ലെന്ന് ശിഷ്യന്‍ ഇമാം മാവര്‍ദി പറയുന്നു. ഖുര്‍ആന്റെയും നബിചര്യയുടെയും പിന്‍ബലം മാവര്‍ദിയുടെ അഭിപ്രായത്തിനാണ്.
27. സൂര്യഗ്രഹണ നമസ്‌കാരത്തില്‍ പതുക്കെ ഖുര്‍ആന്‍ പാരായണം ചെയ്യണമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്മാരായ ഇമാം ഖത്വാബി, ഇബ്‌നു മുന്‍ദിര്‍ എന്നിവര്‍ ചന്ദ്രഗ്രഹണ നമസ്‌കാരത്തില്‍ ഉറക്കെ ഓതുന്നതുപോലെ സൂര്യഗ്രഹണ നമസ്‌കാരത്തിലും ഓതണമെന്ന് അഭിപ്രായപ്പെടുന്നു. ഇബ്‌നു ഹജറും ഉറക്കെ ഓതണമെന്ന അഭിപ്രായക്കാരനാണ്.
28. മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തില്‍ പെരുന്നാള്‍ നമസ്‌കാരം പോലെ കൂടുതല്‍ തക്ബീര്‍ ചൊല്ലണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ അഹ്മദ്, അബൂ സൗര്‍, മുസനി മുതലായവര്‍ ഇത് സുന്നത്തില്ലെന്ന് പ്രഖ്യാപിക്കുന്നു.
29. നിധിക്ക് നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന പരിധി) പരിഗണിക്കണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ ഇമാം അഹ്മദ് നിസ്വാബ് പരിഗണിക്കേണ്ടതില്ലെന്ന് പറയുന്നു.
30. സ്വര്‍ണം, വെള്ളി എന്നീ ലോഹങ്ങള്‍ നിധിയായി ലഭിച്ചാല്‍ മാത്രം സകാത്ത് നല്‍കിയാല്‍ മതിയെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ നിധിയെ സ്വര്‍ണത്തിലും വെള്ളിയിലും പരിമിതപ്പെടുത്താന്‍ പാടില്ലെന്ന് അഭിപ്രായപ്പെടുന്നു.
31. നോമ്പ് അനുഷ്ഠിക്കുവാന്‍ സാധിക്കാത്ത വൃദ്ധന്‍ പ്രായശ്ചിത്തം നല്‍കണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. പ്രായശ്ചിത്തം നല്‍കുകയോ നോമ്പ് അനുഷ്ഠിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ശിഷ്യന്മാരായ അബൂസൗര്‍, ഇബ്‌നു മുന്‍ദിര്‍ മുതലായവര്‍ പറയുന്നു. ഈ വിഷയത്തില്‍ തെളിവുള്ളത് ഇമാം ശാഫിഈ(റ)ക്കാണ്.
32. ഗര്‍ഭിണിയും കുട്ടിക്ക് മുല കൊടുക്കുന്ന സ്ത്രീയും പ്രായശ്ചിത്തം നല്‍കുകയും നോമ്പ് നോറ്റുവീട്ടുകയും ചെയ്യണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ ഇമാമിനെ എതിര്‍ക്കുന്നു.
33. നോമ്പിന്റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിച്ചാല്‍ പുരുഷന്മാര്‍ മാത്രം പ്രായശ്ചിത്തം നല്‍കിയാല്‍ മതിയെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ അബൂസൗര്‍, ഇബ്‌നു മുന്‍ദിര്‍ എന്നിവര്‍ സ്ത്രീയും പ്രായശ്ചിത്തം നല്‍കണമെന്ന് പറയുന്നു. ഈ വിഷയത്തില്‍ തെളിവ് ഇമാം ശാഫിഈ (റ) ക്കാണ്.
34. നോമ്പുകാരന്‍ കൊമ്പ് വെച്ചാല്‍ നോമ്പ് മുറിയുകയില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ ഇബ്‌നു മുന്‍ദിര്‍, ഇബ്‌നു ഖുസൈമ, ഖത്വാബി, ഇമാം അഹ്മദ് എന്നിവര്‍ നോമ്പ് മുറിയുമെന്ന് പറയുന്നു. കൂടുതല്‍ തെളിവ് ഇമാം ശാഫിഈ (റ) യുടെ കൂടെയാണ്.
35. നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിന് മുമ്പായി നോല്‍ക്കാത്തവന്‍ പ്രായശ്ചിത്തം നല്‍കണമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍ മുസനി പ്രായശ്ചിത്തം നല്‍കേണ്ടതില്ലെന്നും നോമ്പ് നോറ്റുവീട്ടിയാല്‍ മാത്രം മതിയെന്നും അഭിപ്രായപ്പെടുന്നു.
36. ഉംറ നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. സുന്നത്ത് മാത്രമാണെന്ന് ശിഷ്യന്‍ അബൂസൗറ് പറയുന്നു. കൂടുതല്‍ തെളിവ് ശിഷ്യന്റെ കൂടെയാണ്.
37. ത്വവാഫിന് നിയ്യത്ത് ശര്‍ത്വില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്മാരായ അബൂസൗര്‍, ഇബ്‌നു മുന്‍ദിര്‍ മുതലായവര്‍ ശര്‍ത്വാണെന്ന് പറയുന്നു.
38. ഖുദൂമിന്റെ ത്വവാഫ് ഉപേക്ഷിച്ചാല്‍ ബലിമൃഗത്തെ അറുക്കേണ്ടതില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ അബൂസൗര്‍ അറുക്കല്‍ നിര്‍ബന്ധമാണെന്നും പറയുന്നു. തെളിവ് ശാഫിഈ (റ)യുടെ കൂടെയാണ്.
39. ത്വവാഫ് ചെയ്ത ഉടനെ ഫര്‍ദ് നമസ്‌കരിച്ചാല്‍ ത്വവാഫിന്റെ സുന്നത്ത് നമസ്‌കാരത്തിന് അതു പകരം നില്‍ക്കുമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. രണ്ടാം ശാഫിഈയായ ശിഷ്യന്‍ ഇമാം നവവി (റ) യും ഈ അഭിപ്രായം പ്രകടിപ്പിക്കുന്നു. എന്നാല്‍ ശാഫിഈ(റ)യുടെ തന്നെ ശിഷ്യന്മാരായ അബൂസൗര്‍ (റ), ഇബ്‌നു മുന്‍ദിര്‍(റ) മുതലായവര്‍ പകരം നില്‍ക്കുകയില്ലെന്ന് പറയുന്നു. ഖുര്‍ആന്റെ പിന്‍ബലം ഈ അഭിപ്രായത്തിനാണ്.
40. മുസ്ദലിഫയിലെ രാപാര്‍ക്കല്‍ ഉപേക്ഷിച്ചാലും ഹജ്ജ് സ്വഹീഹാവുമെന്നും ഇത് ഹജ്ജിലെ റുക്‌ന് അല്ലെന്നും ഇമാം ശാഫിഈ (റ) പറയുന്നു. എന്നാല്‍ ശിഷ്യന്മാരായ ഇബ്‌നു ഖുസൈമ പോലെയുള്ളവര്‍ സ്വഹീഹാവുകയില്ലെന്നും അത് ഹജ്ജിലെ റുക്‌നാണെന്നും അഭിപ്രായപ്പെടുന്നു.
41. വിദാഇന്റെ ത്വവാഫ് ഫര്‍ദാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ സുന്നത്ത് മാത്രമാണെന്ന് പറയുന്നു. തെളിവ് ശാഫിഈ(റ)ക്കാണ്.
42. ഇരിപ്പിടം തെറ്റാത്ത നിലക്ക് ഉറങ്ങിയാല്‍ ഉറക്കം വുദൂവിനെ മുറിക്കുകയില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ മുസനി മുറിയുമെന്നും പറയുന്നു.
43. ലിംഗം സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ വികാരത്തോടുകൂടി സ്പര്‍ശിച്ചാല്‍ പോലും മുറിയുകയില്ലെന്ന് അഭിപ്രായപ്പെടുന്നു.
44. കക്കൂസില്‍ വെച്ച് മൂത്രിക്കുകയും കാഷ്ഠിക്കുകയും ചെയ്യുമ്പോള്‍ ഖിബ്‌ലയെ അഭിമുഖീകരിക്കല്‍ ഹറാമില്ലെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍ അബൂസൗര്‍ ഹറാമാണെന്ന് പറയുന്നു. കറാഹത്താണെന്നതിനാണ് തെളിവ്.
45. ആര്‍ത്തവകാരിയും ജനാബത്തുകാരനും ഖുര്‍ആന്‍ ഓതുന്നത് നിഷിദ്ധമാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. എന്നാല്‍ ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതുന്നതിനു പോലും വിരോധമില്ലെന്ന് പറയുന്നു.
46. ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് നമസ്‌കാരം മാത്രമേ നിര്‍വഹിക്കാന്‍ പാടുള്ളൂ എന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ മുസനിയും റുഅ്‌യാനിയും കൂടുതല്‍ ഫര്‍ദുകള്‍ നമസ്‌കരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.
47. സ്ത്രീയുടെ കാല്‍പാദം ഔറത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ഔറത്തില്‍പെട്ടതല്ലെന്നു ശിഷ്യന്‍ മുസനി പ്രഖ്യാപിക്കുന്നു.
48. ഒന്നാമത്തെ അത്തഹിയ്യാത്ത് സുന്നത്താണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ അബൂസൗര്‍, അഹ്മദ് മുതലായവര്‍ നിര്‍ബന്ധമാണെന്ന് പറയുന്നു. തെളിവ് ഇമാം ശാഫിഈ (റ) യുടെ കൂടെയാണ്.
49. അവസാനത്തെ അത്തഹിയ്യാത്തില്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍ കേവലം സുന്നത്തുമാത്രമാണെന്ന് പ്രഖ്യാപിക്കുന്നു.
50. സകാത്തിന്റെ അവകാശികളായ എട്ടു വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫിത്വ്ര്‍ സകാത്ത് വിതരണം ചെയ്യല്‍ അനുവദനീയമാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ശിഷ്യന്‍ ഇസ്വ്ത്വഖ്‌രി അതു പാടില്ലെന്ന് പറയുന്നു.
(കടപ്പാട്: അല്‍ഉമ്മ്, ശഖഹുല്‍ മുഹദ്ദബ്, ഫത്ഹുല്‍ ബാരി, മദാഹിബുല്‍ അര്‍ബഅഃ, റഹ്മത്തുല്‍ ഉമ്മഃ, ശഖഹു മുസ്‌ലിം)
എ. അബ്ദുസ്സലാം സുല്ലമി: മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി. കേരളത്തിലെ പ്രഗത്ഭ ഹദീസ് പണ്ഡിതന്മാരിലൊരാള്‍. പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമാണ്. തൊണ്ണൂറോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഫോണ്‍: 9846336809
Comments