രാഷ്ട്രീയ രംഗത്തെ ധീര നിലപാടുകള്‍
ഒരു ഇസ്‌ലാമിക പണ്ഡിതന്‍ രാഷ്ട്രീയക്കാരന്‍ കൂടിയാവുക സ്വാഭാവികം മാത്രമാണ്. കാരണം, രാഷ്ട്രീയശൂന്യമായി ഇസ്‌ലാമിനെ വിലയിരുത്തുക അസാധ്യമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം 'ഖിലാഫത്ത്' എന്ന പദത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്നുണ്ട്. ദീനിന് ഭൂമിയില്‍ ലഭിക്കുന്ന തംകീന്‍ (പരാശ്രയം വേണ്ടതില്ലാത്ത നില്‍പ്, സ്വതന്ത്രവ്യവഹാരം നിര്‍വഹിക്കാനുള്ള പദവി) ആണ് ഖിലാഫത്ത്. 'ഭയം പോകും, നിര്‍ഭയത്വം വരും' എന്നുള്ളത് ഖിലാഫത്തിന്റെ പ്രത്യക്ഷ ഫലമാണ് (അന്നൂര്‍ 55).
ഖലീഫ ഭരിക്കേണ്ടവനാണ്. ഭരിക്കപ്പെടേണ്ടവനല്ല. നിയമം നടപ്പിലാക്കേണ്ടവനാണ്. നിയമങ്ങള്‍ക്ക് വിനീതവിധേയനാവുന്ന പ്രജയല്ല. ദാവൂദ് നബിയെ ഖലീഫയായി നിശ്ചയിക്കപ്പെട്ട നബിയെന്ന് ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ സത്യ(ഹഖ്)ത്തിന്റെ ഭരണം (ഹുക്മ്) നിര്‍വഹിക്കാനാണ് ദാവൂദ് നബിയോട് അല്ലാഹുവിന്റെ കല്‍പന (സ്വാദ് 26).
ഈജിപ്തിലെ യൂസുഫ് ഗവണ്‍മെന്റ്, ഫലസ്ത്വീനിലെ ദാവൂദ്-സുലൈമാന്‍ ഗവണ്‍മെന്റ്, നീനവയിലെ യൂനുസ് ഗവണ്‍മെന്റ്, മദീനയിലെ മുഹമ്മദ് ഗവണ്‍മെന്റ് എന്നിവയിലൂടെ അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരവും (ഹാകിമിയ്യത്ത്) ജനങ്ങളുടെ പ്രാതിനിധ്യാവകാശവും (ഖിലാഫത്ത്) കൂടിയാലോചന സംസ്‌കാരമുള്ള ജനായത്തവും (ശൂറാഇയ്യത്ത്) പുലരുന്ന ഇസ്‌ലാമിക ഭരണകൂടങ്ങളെ അല്ലാഹു നമുക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്.
ഇമാം ശാഫിഈ ദീനീപ്രവര്‍ത്തനവും തജ്ദീദി -ഇസ്വ്‌ലാഹി സംരംഭങ്ങളും ഏറ്റെടുത്ത് നിര്‍വഹിച്ചത് ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ അകത്താണ്. അതുകൊണ്ടുതന്നെ, ഒരു ഗവണ്‍മെന്റ് രൂപപ്പെടുത്തുകയെന്ന ചുമതല അദ്ദേഹത്തിനില്ലായിരുന്നു. രാഷ്ട്രീയം ഇസ്‌ലാമിന്റെയും ഉലമാഇന്റെയും വിഷയമാണോ എന്നൊരു സംവാദവും അന്നില്ല. രാഷ്ട്രീയം മൈനസ് ചെയ്ത ഇസ്‌ലാമിനെക്കുറിച്ച ആലോചന തന്നെ അന്നെവിടെയും ഇല്ല. ദീന്‍, ഇസ്‌ലാം, ഇബാദത്ത്, ഹുക്മ്, ഖിലാഫത്ത് തുടങ്ങിയ ദീനീ പദാവലികള്‍ 'രാഷ്ട്രീയം' കൂടി പേറുന്നതാണെന്ന് നിരാക്ഷേപം മനസ്സിലാക്കപ്പെട്ടിരുന്ന ഒരു യുഗത്തിലെ മുജദ്ദിദായിരുന്നു ഇമാം ശാഫിഈ.
ഖലീഫാ ഹാറൂന്‍ റശീദിന്റെ ഭരണകൂടത്തിനകത്തെ പൗരനായിരുന്നു ഇമാം ശാഫിഈ. പൗരധര്‍മപാലനത്തെ ദീനീബാധ്യതയായി തന്നെ അദ്ദേഹം പരിഗണിച്ചു.
പ്രായോഗിക രാഷ്ട്രീയത്തിലേക്ക്
ഖലീഫാ ഹാറൂന്‍ റശീദിന്റെ ഭരണകാലത്ത് യമനിലെ ഖാദി (ചീഫ് ജസ്റ്റിസ്) മക്കക്കാരനായ മിസ്അബുസ്സുബൈരി ആയിരുന്നു. അദ്ദേഹം ഇമാം ശാഫിഈയെ യമനിലേക്ക് ക്ഷണിക്കുകയും നിയമവകുപ്പില്‍ തന്റെ സഹപ്രവര്‍ത്തകനായി നിയമിക്കുകയും ചെയ്തു.
പ്രസ്തുത വകുപ്പില്‍ ദീനിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനും ചുമതലകള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാനും സാധിച്ച ഇമാം ശാഫിഈ ഭരണകര്‍ത്താവിന്റെയും പൗരജനങ്ങളുടെയും അംഗീകാരം നേടി. വൈജ്ഞാനിക മേഖലയില്‍ പിറകോട്ടുപോകുമോ എന്ന ആശങ്ക ഇമാമിനുണ്ടായിരുന്നു. ഗുരുനാഥന്മാരോട് ആ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, പഠനവും പ്രവര്‍ത്തനവും മതവും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോവാന്‍ തന്നെ ശാഫിഈ തീരുമാനിച്ചു. നിയമവകുപ്പിലെ നല്ല സേവനം സ്ഥാനക്കയറ്റത്തിനും നിമിത്തമായി.
നജ്‌റാന്‍ പ്രവിശ്യയുടെ ചീഫ് ജസ്റ്റിസ്
യമനിലെ പ്രധാന പ്രവിശ്യമായ നജ്‌റാനിലെ മുഖ്യ ഖാദി (ചീഫ് ജസ്റ്റിസ്)യായി ഇമാം ശാഫിഈക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹാറൂന്‍ റശീദ് സല്‍ഭരണത്തിന് പേരുകേട്ട ഖലീഫയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നജ്‌റാന്‍ ഗവര്‍ണര്‍ ഹമ്മാദ് ക്രൂരനായിരുന്നു. ഹമ്മാദിനാല്‍ മര്‍ദിതരായിരുന്നു നജ്‌റാനിലെ സാധാരണക്കാര്‍. മുതലാളിമാരും ഭരണവര്‍ഗവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നജ്‌റാനിന്റെ ശാപമായിരുന്നു. ഈ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യാന്‍ നജ്‌റാനിലെ ഉലമാക്കള്‍ ധൈര്യപ്പെട്ടതുമില്ല. പണക്കൊതിയന്മാരായ ഉലമാക്കളാവട്ടെ മുതലാളിമാരില്‍നിന്നും ഭരണവര്‍ഗത്തില്‍നിന്നും സൗജന്യങ്ങള്‍ ലഭിക്കാനായി ക്രൂരമായ നിസ്സംഗത പുലര്‍ത്തുന്നവരോ ഉപരിവര്‍ഗത്തെ പ്രകീര്‍ത്തിക്കുന്നവരോ ആയിരുന്നു.
ഇമാം ശാഫിഈ നജ്‌റാനില്‍ കാലുകുത്തുന്ന വേളയില്‍ ഉപരിവര്‍ഗ-ഭരണവര്‍ഗ താല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന കോര്‍ട്ടായിരുന്നു (ദാറുല്‍ ഖദാ) അവിടെ നിലവിലുണ്ടായിരുന്നത്. സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം ഖലീഫ ഹാറൂന്‍ റശീദിന്റെ സദ്ഭരണത്തിന്റെ ഒരു ഗുണവും അനുഭവിക്കാന്‍ നജ്‌റാന്‍ ജനതക്ക് സാധിച്ചിരുന്നില്ല. മര്‍ദക വിഭാഗത്തെ ചോദ്യംചെയ്യാനും ന്യായമായ അവകാശങ്ങള്‍ സ്വായത്തമാക്കാനുമുള്ള സംഘശക്തിയോ നേതൃത്വമോ നജ്‌റാന്‍ പൗരസമൂഹത്തിനുണ്ടായിരുന്നില്ല. ഇമാം ശാഫിഈ നജ്‌റാനില്‍ എത്തിച്ചേര്‍ന്നത് ഈയൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്.
നീതിപുലരാന്‍ ഇമാമിന്റെ ഇടപെടല്‍
ഇമാം ശാഫിഈ നജ്‌റാനിലെ 'ഖാദി' പദവിയെ അരാഷ്ട്രീയമായ ഔദ്യോഗിക കൃത്യനിര്‍വഹണമായി കണ്ടില്ല. മറിച്ച്, ദീനിയായ ദൗത്യനിര്‍വഹണമായി ഏറ്റെടുത്തു. കേസുകള്‍ ഫയല്‍ ചെയ്യാന്‍ പോലും ധൈര്യമില്ലാത്തവരായി നജ്‌റാനിലെ പൗരസമൂഹം മാറിക്കഴിഞ്ഞിരുന്നു. അത്തരമൊരു സാമൂഹിക ഘടനയില്‍ കേസ് വരുന്നതും കാത്ത് കോടതി മുറിയില്‍ ഇരുന്നാല്‍ പോരെന്ന ഉയര്‍ന്ന രാഷ്ട്രീയ നിലപാടിലായിരുന്നു ഇമാം ശാഫിഈ. 'ജുഡീഷ്യല്‍ ആക്ടിവിസ'ത്തിന്റെ മാതൃകയായി ഇമാം ശാഫിഈ മാറി.
അദ്ദേഹം നീതി നിഷേധിക്കപ്പെട്ടവരെ സംഘടിപ്പിച്ചു. കേസുകള്‍ ഫയല്‍ ചെയ്യിച്ചു. നീതിയും അനീതിയും വേര്‍തിരിക്കുന്ന കൃത്യമായ വിചാരണകള്‍ നടത്തി. 'കോടതി' ജനങ്ങളുടെ കോടതിയായി മാറി. ന്യായം പറയാനും നീതി ലഭിക്കാനും ഇമാം ശാഫിഈയുടെ കോടതിയില്‍ ചെന്നാല്‍ മതിയെന്ന ബോധം ജനങ്ങളില്‍ വ്യാപകമായി. വിചാരണയും വിധിയും നജ്‌റാനില്‍ നീതിക്കായുള്ള രാഷ്ട്രീയമായി വികസിച്ചു. ഗവര്‍ണര്‍ ഹമ്മാദിനും സംഘത്തിനും പല തവണ പ്രതിക്കൂട്ടില്‍ കയറേണ്ടിവന്നു. ഖിലാഫത്തുര്‍റാശിദയുടെ കാലത്തെ അനുഭവങ്ങള്‍ നജ്‌റാനികള്‍ക്ക് വീണ്ടും ആസ്വദിക്കാന്‍ ഇമാം ശാഫിഈ അവസരമൊരുക്കിക്കൊടുത്തു.
ശാഫിഈ ഇമാമിനെ കേവലം 'കര്‍മശാസ്ത്രകാരനായി' മനസ്സിലാക്കുന്ന കേരളത്തിലെ ഉലമാക്കളും അവരുടെ നീതരായ സാധാരണ മുസ്‌ലിംകളും ശാഫിഈയിലെ നീതിക്കായുള്ള പോരാളിയെ ഇതുവരെ വേണ്ടവിധം ദര്‍ശിച്ചിട്ടില്ല. ശാഫിഈ അനുകര്‍ത്താക്കളെന്ന് അവകാശപ്പെടുന്നവര്‍ നീതി നിഷേധിക്കുന്ന ഭരണകൂടങ്ങള്‍ക്കു മുമ്പില്‍ വിനീതവിധേയരായി നമിക്കുന്ന കാഴ്ചയാണ് പലപ്പോഴും നമുക്ക് കാണേണ്ടിവരുന്നത്.
ഭരണവര്‍ഗം ശാഫിഈക്കെതിരെ
ഇമാം ശാഫിഈയുടെ ജുഡീഷ്യല്‍ ആക്ടിവിസം നജ്‌റാനിനെ ഇളക്കിമറിച്ചു. ഉപരിവര്‍ഗ - ഭരണവര്‍ഗ ഗൂഢാലോചനയുടെ ഇരയായിത്തീര്‍ന്നു ഇമാം ശാഫിഈ. ഇമാം അലിയുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്ന 'അലവികള്‍' അബ്ബാസീ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നജ്‌റാനില്‍ സംഘടിപ്പിച്ച ആഭ്യന്തര കലാപത്തില്‍ ഇമാം ശാഫിഈ പ്രതിചേര്‍ക്കപ്പെട്ടു. അലവികളോടൊപ്പം ഇമാമിനെയും ബന്ധനസ്ഥനാക്കി.
ഇമാം ശാഫിഈ ഒട്ടും പതറിയില്ല. ഉപരിവര്‍ഗ-ഭരണവര്‍ഗ ആനുകൂല്യങ്ങള്‍ക്കായി കെഞ്ചിയില്ല. രാഷ്ട്രീയ ധര്‍മം ഉപേക്ഷിച്ചില്ല. ആരോടും മാപ്പിനായി ഇരന്നില്ല. തന്നെ ബന്ധിച്ച ചങ്ങലകളെ നീതിക്കായുള്ള പോരാട്ടത്തിന് ലഭിച്ച അംഗീകാര ഹാരമായി കാണാന്‍ കഴിയുന്നത്ര രാഷ്ട്രീയ ധീരനായിരുന്നു മുജദ്ദിദായ ഇമാം ശാഫിഈ. നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ ജയില്‍വാസമനുഷ്ഠിക്കാനും ഇമാം വൈമനസ്യം കാണിച്ചില്ല. വിചാരണക്കൊടുവില്‍ ഇമാം ശാഫിഈ നിരപരാധിയായി പ്രഖ്യാപിക്കപ്പെടുകയും സ്വതന്ത്രനാക്കപ്പെടുകയും ചെയ്തു.
ഈജിപ്തിലും രാഷ്ട്രീയ ധര്‍മം
ഇമാം ശാഫിഈ ഇസ്‌ലാമിക ജീവിതത്തെയും ഇബാദത്തിനെയും സമഗ്രമായി ദര്‍ശിച്ച മുജദ്ദിദായിരുന്നു. മക്ക, മദീന, നജ്‌റാന്‍, ബഗ്ദാദ്, കയ്‌റോ തുടങ്ങിയ വിവിധ നഗരങ്ങളില്‍ അദ്ദേഹം ഇസ്‌ലാമിക സേവനം നിര്‍വഹിച്ചിട്ടുണ്ട്. ഈജിപ്തിലെ തന്റെ വാസക്കാലം ഇസ്‌ലാമിക ഖിലാഫത്തിനു വേണ്ടിയുള്ള സൈനിക സേവനത്തിനായി നീക്കിവെച്ചത് ഇമാം ശാഫിഈയുടെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ ഒരേടാണ്. ഇമാം ജ്ഞാനസമ്പാദനത്തിന് തമ്പടിച്ച കയ്‌റോ പട്ടണത്തില്‍നിന്ന് ഏറെ ദൂരെ സ്ഥിതിചെയ്യുന്ന അലക്‌സാണ്‍ട്രിയന്‍ കടല്‍ത്തീരമായിരുന്നു സൈനിക ഡ്യൂട്ടിക്ക് ഇമാം തെരഞ്ഞെടുത്ത കേന്ദ്രം. ഇസ്‌ലാംവിരുദ്ധ വിദേശസേനകളുടെ നുഴഞ്ഞുകയറ്റം തടയുന്ന പ്രതിരോധ സേനയിലായിരുന്നു ഇമാം സേവനമനുഷ്ഠിച്ചത്. മതപണ്ഡിതന്നും മുഫ്തിക്കും ഫഖീറിന്നും കൂടി സാധിക്കുന്നതാണ് രാജ്യരക്ഷാ സേവനമെന്ന്, നജ്‌റാനിലെന്നപോലെ കയ്‌റോയിലും ഇമാം തെളിയിച്ചു കാണിക്കുകയായിരുന്നു.
ഇമാമത്ത് അഥവാ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച നിലപാട്
'ഇമാമത്ത്' സ്ഥാപിക്കല്‍ ഉമ്മത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഇമാമാകാനുള്ള, അഥവാ ഖലീഫയായി നിശ്ചയിക്കപ്പെടാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം ഖുറൈശികള്‍ക്കാണ്. ജനങ്ങളുടെ ബൈഅത്ത് അഥവാ മാന്‍ഡേറ്റും പിന്തുണയും ഇല്ലെങ്കിലും ഒരു ഖുറൈശിക്ക് ഇമാമത്ത് കൈയടക്കാവുന്നതാണ്. നേതൃത്വം ബലപ്രയോഗത്തിലൂടെ കരഗതമാകുന്ന ഖുറൈശിക്ക് ബലാല്‍ക്കാരം തന്നെ ബൈഅത്തും ഉറപ്പുവരുത്തി ജനങ്ങളെ ഭരിക്കാവുന്നതാണ്. അധികാരം കൈയടക്കാന്‍ ഇമാം ശാഫിഈയുടെ നിലപാടില്‍ രണ്ട് വ്യവസ്ഥകള്‍ ബാധകമാണ്:
1. ഖുറൈശിയായിരിക്കുക. 2. ജനം അംഗീകരിക്കുക.
ജനങ്ങളുടെ അംഗീകാരം ആദ്യം ഉണ്ടാകണമെന്ന് ഇമാം ശാഫിഈ വ്യവസ്ഥ ചെയ്യുന്നില്ല. അധികാരം പിടിച്ചെടുത്തശേഷം ബലപ്രയോഗത്തിലൂടെ ബൈഅത്ത് ഉറപ്പുവരുത്തിയാലും മതി.
ഇമാമത്തും ഇമാം ശാഫിഈയും: ഒരു നിരൂപണം
ഇസ്‌ലാം അറബികളുടെ മാത്രം മതമല്ല. അറബ് ഭാഷാവാദമോ ഖുറൈശി ഗോത്രവാദമോ ഇസ്‌ലാമിന്റെ സമത്വ ദര്‍ശനത്തിന് നിരക്കുന്നതല്ല. മനുഷ്യനെക്കുറിച്ച ഖുര്‍ആന്റെ പൊതു നിലപാട് ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്നുള്ളതാണ്. അറബ്-അനറബ് വംശീയ വിവേചനങ്ങളും വെളുപ്പ്-കറുപ്പ് വര്‍ണവിവേചനങ്ങളും മുഹമ്മദ് നബി(സ) തള്ളിക്കളഞ്ഞിട്ടുള്ളതാണ്.
സാന്ദര്‍ഭികവും പ്രായോഗികവുമായ താല്‍ക്കാലിക നടപടിക്രമങ്ങളെ നിത്യസത്യങ്ങളായി പരിഗണിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ ആരംഭ ഘട്ടത്തില്‍ അറബ് ജനതക്കിടയില്‍ ഖുറൈശി വിഭാഗത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ റസൂലുല്ലാഹ് (സ) അംഗീകരിച്ചത് പ്രായോഗിക നയപരിപാടി എന്ന നിലക്ക് മാത്രമാണ്. അല്ലെന്ന് വന്നാല്‍ ഇസ്‌ലാമിന്റെ അംഗീകൃത സമത്വ ദര്‍ശനത്തെ അത് റദ്ദ് ചെയ്യും. ഗോത്രവാഴ്ചയായി ഇസ്‌ലാമിക ഭരണകൂടം അധഃപതിക്കും.
ഗോത്ര സമൂഹത്തില്‍നിന്ന് പരിപക്വമായ ജനാധിപത്യ സമൂഹത്തിലേക്ക് വളര്‍ച്ച പൂര്‍ത്തിയാകാത്ത ഘട്ടത്തിലാണ് 'ഇമാം ഖുറൈശിയാകുന്നതാണ് നല്ലത്' എന്ന നിലപാട് മുഹമ്മദ് നബിയും അബൂബക്ര്‍ സ്വിദ്ദീഖും കൈക്കൊണ്ടത്. അന്നത്തെ സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പിനേക്കാള്‍ പ്രായോഗികം ഗോത്ര പരിധിയെ ഉള്‍ക്കൊള്ളുന്ന പരിമിത ജനാധിപത്യമാണെന്നേ അതിനര്‍ഥമുള്ളൂ; അല്ലാതെ ഇസ്‌ലാമിക ഖിലാഫത്തും ഇമാമത്തും നിയമപരമായി ഒരു ഗോത്രത്തിന് തീറെഴുതപ്പെട്ടതാണെന്ന് അര്‍ഥമില്ല. പ്രവാചക കാലത്തും തൊട്ടടുത്ത കാലത്തും ഖുറൈശി ഗോത്രം മുസ്‌ലിം സമൂഹത്തിലെ ഏകീകരണ ശക്തിയായി വര്‍ത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതാണ് 'അല്‍ അഇമ്മത്തു മിന്‍ ഖുറൈശ്' എന്ന പ്രസ്താവനയുടെ താല്‍പര്യം.
ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ ഇത് വിശകലനം ചെയ്ത ശേഷം ഇങ്ങനെ കുറിച്ചിട്ടുണ്ട്: 'അടിമവംശജനായ ഒരു കാപ്പിരിയാണ് നിങ്ങളുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ അയാളെയും അനുസരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെ'ന്ന നബിവചനവും ഗോത്ര വിവേചനത്തെ കാലിനടിയില്‍ ചവിട്ടിമെതിച്ച അനവധി പ്രവാചക വചനങ്ങളും സ്ഥാപിക്കുന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുന്നതാണ് ഇമാമത്തുമായി ബന്ധപ്പെട്ട ഖുറൈശി ഗോത്രവാദം.''
ഏതൊരു മുസ്‌ലിമിനും ജനപിന്തുണയുണ്ടെങ്കില്‍ ഖലീഫയാവാന്‍ കഴിയണമെന്നതാണ് ഇസ്‌ലാമിന്റെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട്. ഖുറൈശികളല്ലാത്ത, അറബികള്‍ പോലുമല്ലാത്ത തുര്‍ക്കികളായ ഖലീഫമാര്‍ അഞ്ച് നൂറ്റാണ്ടുകാലം ലോക ഖിലാഫത്ത് കൈയാളിയത് ചരിത്ര സത്യമാണ്.
നേതാവ് ഖുറൈശിയായിരിക്കണമെന്ന പ്രസ്താവന സുസ്ഥിരമായ സത്യമാണെങ്കില്‍ 'അബൂഹുദൈഫയുടെ അടിമ സാലിം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ ഖലീഫയാക്കുമായിരുന്നു'വെന്ന് മരണാസന്ന സമയത്ത് ഉമര്‍ (റ) പറയുമായിരുന്നില്ലല്ലോ.
ഖാലിദ് മൂസാ നദ്‌വി: കോഴിക്കോട് പാറക്കടവ് സ്വദേശി. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ ലഖ്‌നൗയില്‍ ഉപരി പഠനം. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രതിനിധി സഭാംഗം. ഫോണ്‍: 9495536767. ഇമെയില്‍: [email protected]
Comments