നിയമമീമാംസകന്റെ കാവ്യലോകം
ഇമാം ശാഫിഈ അടിസ്ഥാനപരമായി നിയമമീമാംസകനാണ്. പ്രായേണ വരണ്ട വിഷയ മേഖലയാണ് നിയമം. അവിടെ കവിതയുടെ പച്ചപ്പ് തേടുന്നത് വ്യര്‍ഥ വ്യായാമമാണെന്ന് പറഞ്ഞേക്കാം. നിയമത്തിന്റെ മേഖലയില്‍ വിഹരിക്കുന്ന മനസ്സില്‍ കവിത വിരിയുമോ എന്ന ചോദ്യം സ്വാഭാവികമാണ്. ഗൗരവബുദ്ധികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് നിയമമീമാംസ. വിശകലനബുദ്ധിയാണ് അതിനാവശ്യം. തര്‍ക്കശാസ്ത്രത്തോടാണ് കൂടുതല്‍ ചേര്‍ച്ച. നിയമമീമാംസകരില്‍ കവി മനസ്സ് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
ഇങ്ങനെയൊക്കെ പറയാമെങ്കിലും ഈ സാമാന്യാവസ്ഥക്ക് അപവാദങ്ങളുണ്ടാകാം എന്നതും ഒരു സത്യമാണ്. നമ്മുടെ ഭാഷയില്‍തന്നെ അതിന് ഉദാഹരണങ്ങള്‍ ഉണ്ട്. ഇടശ്ശേരി തന്നെ ഏറ്റവും നല്ല നിദര്‍ശനം. തൊഴില്‍ കൊണ്ട് വക്കീല്‍ ഗുമസ്തനായ, അതില്‍തന്നെ ഏറ്റവും നിഷ്ണാതനായ ഇടശ്ശേരിക്ക് കവിതയുടെ വഴിയില്‍ ആ തൊഴില്‍ ഒരു തടസ്സമായില്ല. ഉപജീവനത്തിനായുള്ള തൊഴിലിനെ പരിചരിച്ചപോലെ കവിതയെയും അദ്ദേഹം പരിചരിച്ചു. രണ്ടിനോടും അദ്ദേഹം ഒരുപോലെ പ്രതിബദ്ധത പുലര്‍ത്തി. സ്വന്തം തൊഴില്‍ മേഖലയിലേക്കാള്‍ കവി എന്ന നിലയിലാണ് ഇടശ്ശേരിയുടെ പ്രശസ്തി. നിയമത്തിന് സര്‍ഗമണ്ഡലങ്ങള്‍ അന്യമല്ലെന്നതിന് ഉദാഹരണമാണ് പരേതനായ സി.വി ശ്രീരാമനും. നല്ല നിയമജ്ഞനെന്ന പോലെ തന്നെ നല്ല കഥയെഴുത്തുകാരനുമായിരുന്നു ശ്രീരാമന്‍ വക്കീല്‍.
ഇജ്തിഹാദും കവിതയും
അപ്പോള്‍ ഇമാം ശാഫിഈ കവിത എഴുതിയതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ശാഫിഈ ഒരു സാധാരണ പണ്ഡിതനോ സാധാരണ നിയമജ്ഞനോ ആയിരുന്നില്ല. ഒരു നിയമ സരണിയുടെ തന്നെ ഉപജ്ഞാതാവാണദ്ദേഹം. മുജ്തഹിദായ പണ്ഡിതനേ അത്തരമൊരു സ്ഥാനത്തെത്താന്‍ സാധിക്കുകയുള്ളൂ. ഒരു പണ്ഡിതന്നെ 'മുജ്തഹിദ്' ആക്കുന്നത് പുതുതായുണ്ടാകുന്ന വിഷയങ്ങളുടെ മതവിധി കണ്ടെത്താനുള്ള അയാളുടെ ഗവേഷണ കൗതുകവും ധൈഷണിക യത്‌നങ്ങളുമാണ്. വേദ പ്രമാണങ്ങളിലുള്ള ഗവേഷണ സഞ്ചാരത്തിന്റെ അനിവാര്യ ഉപാധികളിലൊന്നാണ് അറബി ഭാഷയിലുള്ള അയാളുടെ വൈഭവം. കവിതയുമായി വളരെ അടുത്ത് ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് ഈ ഭാഷാ വ്യവഹാരം. ഭാഷാ പ്രയോഗങ്ങളുടെ സാധുതയ്ക്ക് ഭാഷാകാരന്മാര്‍ പ്രമാണമാക്കുന്നതില്‍ പ്രധാനമാണ് കവിതയില്‍ വരുന്ന പ്രയോഗങ്ങള്‍. അതിനാല്‍ കവിതാ സമ്പര്‍ക്കം ഒരു മുജ്തഹിദിന് സ്വാഭാവികമായും വന്നുകൂടും. ഭാഷയെ നിര്‍ണയിക്കുന്നതില്‍ കവിതയ്ക്ക് മുഖ്യമായ ആധികാരികത കൈവരുമ്പോള്‍ കാവ്യസിദ്ധിയില്ലെങ്കിലും കാവ്യസമ്പര്‍ക്കം മുജ്തഹിദിന് അനിവാര്യമായി വരും. ഭാഷയുടെ സൂക്ഷ്മാര്‍ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഏറെ സഹായകമാണ് കാവ്യപരിചയം.
അര്‍രിസാലയും അല്‍ ഉമ്മും
ഇമാം ശാഫിഈയുടെ കൃതികളിലേക്ക് വരിക. അദ്ദേഹത്തിന്റെ അര്‍രിസാലയും അല്‍ ഉമ്മും തന്നെയാകും ഉത്തമ നിദര്‍ശനങ്ങള്‍. ഭാഷയുടെ സൂക്ഷ്മ വ്യവഹാരങ്ങള്‍ അവയിലെ പ്രമേയങ്ങളുടെ അവതരണത്തിലും പ്രതിപാദന ശൈലിയുടെ വിന്യാസത്തിലും അനുഭവവേദ്യമാകും. ഇമാം ശാഫിഈയുടെ നിയമ വൈദഗ്ധ്യത്തിന്റെ മാത്രമല്ല ഭാഷാ സിദ്ധിയുടെ കൂടി വിളംബര പത്രികകളാണ് ഈ രണ്ടു പ്രൗഢ കൃതികള്‍.
നിയമലോകത്ത് വിഹരിക്കുന്ന ശാഫിഈയെ പോലുള്ള ഒരു പ്രതിഭാ കുബേരനില്‍നിന്ന് ഭാവോജ്ജ്വലമായ ബിംബാവലികളുടെ നിറച്ചാര്‍ത്തുകള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ആ ഗണത്തില്‍പെട്ട ഒരു കവിയായിരുന്നില്ല അദ്ദേഹം. അത്തരം ഒരര്‍ഥത്തിലെടുക്കുമ്പോള്‍ ഇമാം ശാഫിഈയുടെ കവിതകള്‍ ഗദ്യത്തിന്റെ വിപരീതമായ പദ്യവുമായാണ് കൂടുതല്‍ ചേര്‍ന്നുവരുക. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തെ കവിതയുടെ എല്ലാ ചിട്ടവട്ടങ്ങളും അവ പൂര്‍ത്തീകരിച്ചിരുന്നു. സ്വാഭാവികമായും അവ അക്കാലത്തെ നിയമപ്രകാരം പൂര്‍ണമായും ഛന്ദോബദ്ധമായ രചനകളാണ്. പദവിന്യാസം, ഛന്ദസ്സ്, വാക്കുകളുടെ ശയ്യാഗുണം ഇവയിലൊന്നും അതില്‍ ക്ലാസിക്കല്‍ പരികല്‍പ്പനയിലുള്ള 'കാവ്യദോഷം' ആരോപിക്കാന്‍ കഴിയുകയില്ല.
കവിതയുടെ സ്വഭാവനിര്‍ണയം
എന്താണ് ശാഫിഈ കവിതകളുടെ സ്വഭാവ നിര്‍ണയം എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. കവിതയെ സ്വന്തം തട്ടകമായി തെരഞ്ഞെടുത്ത എഴുത്തുകാരനായിരുന്നില്ല ശാഫിഈ. അദ്ദേഹത്തിന്റെ കവിതകളെ വിലയിരുത്തുമ്പോള്‍ ഈ വസ്തുത പ്രധാനമാണ്. കവിയശഃപ്രാര്‍ഥിയല്ലാത്ത ഒരു പണ്ഡിതന്റെ, അതും മതപണ്ഡിതന്റെ കവിതകള്‍ എന്ന നിലക്കേ അദ്ദേഹത്തിന്റെ കവിതകളെ സമീപിക്കാന്‍ പറ്റുകയുള്ളൂ. ജീവിതത്തിന്റെ ഓരോരോ സന്ദര്‍ഭത്തില്‍ എഴുതിപ്പോയ ഒറ്റയൊറ്റക്കവിതകളാണു അവയിലേറെയും. മിക്കതും വളരെയൊന്നും ദൈര്‍ഘ്യമില്ലാത്തത്. ചില പ്രത്യേക സന്ദര്‍ഭങ്ങളിലുണ്ടായ പ്രതികരണങ്ങളാണെന്ന് അവയില്‍ ചിലത് വായിക്കുമ്പോള്‍ തോന്നും. അത്തരം കവിതകള്‍ക്ക് ചില പശ്ചാത്തല കഥകളും ഉദ്ധരിക്കപ്പെട്ടു കാണുന്നുണ്ട്. മറ്റ് ചിലവ ഏകാന്തതയില്‍ ഉറന്നുവരുന്ന ആത്മാലാപങ്ങള്‍ പോലെ തോന്നും. ഏതായാലും അക്കാലത്തെ കവിതകളില്‍ പൊതുവെ കാണപ്പെട്ടിരുന്ന പ്രകൃതി വര്‍ണന, പ്രേമം തുടങ്ങിയ പ്രമേയങ്ങള്‍ ശാഫിഈ കവിതകളില്‍ തുലോം കുറവാണ്. തരളചിത്തങ്ങളെ രമിപ്പിക്കുന്ന കാല്‍പനികതയുടെ നിറച്ചാര്‍ത്തും ആ കാവ്യലോകത്തില്‍ അപൂര്‍വമായേ കാണാനാകൂ.
ഇമാം ശാഫിഈ തന്റെ ജീവിത കാലത്ത് ഈ കവിതകളൊന്നും സ്വയം സമാഹരിച്ചിട്ടില്ല. വ്യക്തിപരമായി അദ്ദേഹം അവയ്ക്ക് അത്ര പ്രാധാന്യമേ കല്‍പിച്ചിട്ടുണ്ടാകൂ എന്ന് ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്. പക്ഷേ, ഒരു നിയമജ്ഞന്റെ കാവ്യവാസന പില്‍ക്കാല വായനക്കാരെ ആകര്‍ഷിക്കുക സ്വാഭാവികം; ഇതര ഇമാമുമാരെ അപേക്ഷിച്ച് ശാഫിഈയുടെ വ്യതിരേകമാണ് ഈ സാഹിത്യവാസന എന്ന് വരുമ്പോള്‍ വിശേഷിച്ചും. ഗുരുവായ ഇമാം മാലികിന് ശാഫിഈയോട് പ്രത്യേക മമതയുണ്ടായിരുന്നുവെന്നും അതിന് കാരണം അദ്ദേഹത്തിന്റെ സാഹിത്യവാസനയായിരുന്നുവെന്നും ഇമാം അഹ്മദു ബ്‌നു ഹമ്പല്‍ അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ ഇമാം ശാഫിഈയുടെ ചിതറിക്കിടക്കുന്ന ഒറ്റയൊറ്റ കവിതകള്‍ക്ക് സമാഹാരങ്ങളുണ്ടാകുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ഈ സമാഹരണ യത്‌നത്തില്‍ സംഭാവനകളര്‍പ്പിച്ച പലരുമുണ്ട്. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകനായ അബ്ദുല്‍ മുന്‍ഇം ഖഫാജി മുതല്‍ മുഹമ്മദ് മുസ്ത്വഫ, മുഹമ്മദ് സഅ്ബീ, നഈം സുര്‍സൂര്‍, ഡോ. ഇമീല്‍ യഅ്ഖൂബ് തുടങ്ങി പലരും ശാഫിഈ കവിതകളുടെ സമാഹര്‍ത്താക്കളില്‍പെടുന്നു. പാഠ പരിശോധന നടത്തി വിശദമായ പദപരിചയത്തോടു കൂടിയുള്ളവയാണ് ഇവയില്‍ ചിലത്.
പ്രതികരണ സ്വഭാവമുള്ള കവിതകള്‍
പ്രതികരണ സ്വഭാവമുള്ള കവിതകളെപ്പറ്റി പറഞ്ഞു. അങ്ങനെ മൊഴിയുകയോ എഴുതുകയോ ചെയ്ത വരികളിലൊന്നിന്റെ ഉദാഹരണമാണ് താഴെ:
സാഹിത്യകാരന്റെ യഥാര്‍ഥ മൂല്യമറിയാത്ത,
തലയ്ക്ക് പകരം വാല് വിലകൊടുത്തു വാങ്ങുന്ന
ഒരു സമൂഹത്തിലേക്കാണല്ലോ
ഞാന്‍ എടുത്തെറിയപ്പെട്ടുപോയത്.
സംഘബോധം ജനത്തെ ഏകീകരിക്കുമെങ്കിലും
പ്രതിഭയിലും സാമൂഹികമര്യാദകളിലും
കുലീനതയിലും അവര്‍ക്കിടയില്‍ അന്തരമുണ്ട്.
'ഊദി'ല്‍നിന്ന് സൗരഭ്യം ബഹിര്‍ഗമിക്കുന്നില്ലെങ്കില്‍
വിറകും ഊദും ജനത്തിന് സമം തന്നെ.
തന്നിലെ സാഹിത്യപ്രതിഭയെ തിരിച്ചറിയാത്ത സമൂഹത്തില്‍ ജീവിക്കേണ്ടിവരുന്നതിലെ ഖേദം പ്രതിഫലിക്കുന്നതാണ് ഈ വരികള്‍. ഒപ്പം തന്നെ, സാഹിത്യാദി കലകളില്‍ പ്രതിപത്തി പുലര്‍ത്താത്ത സമൂഹത്തെ സംബന്ധിച്ച ഇമാം ശാഫിഈയുടെ വിലയിരുത്തലും ഈ വരികള്‍ ഉള്‍ക്കൊള്ളുന്നു. അത്തരമൊരു സമൂഹം വിഡ്ഢികളുടെ സമൂഹമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. തനിക്കനുഭവിക്കേണ്ടിവന്ന ആത്മനിന്ദയുടെ ആവിഷ്‌കാരമാകാം ഈ വരികള്‍.
മറ്റൊരിക്കല്‍ നേരിടേണ്ടിവന്ന അനുഭവത്തോടുള്ള പ്രത്യക്ഷ പ്രതികരണം പ്രകടിതമാകുന്ന ചില വരികളാണ് താഴെ:
''ഞാന്‍ ധരിച്ച വസ്ത്രമത്രയും ഒരു 'ഫില്‍സി'ന് വിറ്റാല്‍
ആ 'ഫില്‍സി'നായിരിക്കും കൂടുതല്‍ മൂല്യം.
ആ വസ്ത്രങ്ങള്‍ ആവരണം ചെയ്ത ശരീരമുണ്ടല്ലോ
ഭൂലോക വാസികളുടെ മുഴുവന്‍ ശരീരങ്ങളുമായി
അതിനെ താരതമ്യം ചെയ്യുകില്‍
ആ ശരീരമായിരിക്കും ഏറ്റവും ഗംഭീരം.
വാളുറ അല്‍പം പഴകി ദ്രവിച്ചതുകൊണ്ട്
അകത്തെ വാള്‍തലപ്പിന് ഒരു ദോഷവും ഭവിക്കുന്നില്ല.
മൂര്‍ച്ചയുണ്ടെങ്കില്‍ എവിടെ വെട്ടിയാലും-
അത് മുറിച്ചിട്ടിടും.
കാലം എന്റെ വേഷം കണ്ടു കളിയാക്കുകയാണെങ്കില്‍
ഭദ്രസുന്ദരമായ ഉറകള്‍ക്കകത്തുവെച്ചു തന്നെ
പൊട്ടിപ്പോയ ഖഡ്ഗങ്ങളെത്ര!''
ഒരു പ്രത്യേക പശ്ചാത്തലത്തിലാണ് ഈ വരികളെഴുതിയതെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ ഇമാം ശാഫിഈ ഇറാഖിലെ സാമര്‍റായിലെത്തിയപ്പോള്‍ ദീര്‍ഘയാത്ര കാരണം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നു. യാത്രക്കിടയില്‍ തലമുടിയും പരിധിവിട്ടു വളര്‍ന്നിരുന്നു. അദ്ദേഹം മുടിവെട്ടാന്‍ ഒരു ബാര്‍ബറെ സമീപിച്ചു. അദ്ദേഹത്തിന്റെ വേഷം ബാര്‍ബറുടെ കണ്ണിന് പിടിച്ചില്ല. മറ്റാരെയെങ്കിലും സമീപിക്കാന്‍ ബാര്‍ബര്‍ പുഛഭാവത്തില്‍ ഇമാം ശാഫിഈയോട് പറഞ്ഞു. ബാര്‍ബറുടെ മനോഭാവം ഇമാമിന്റെ മനസ്സിനെ വ്രണപ്പെടുത്തി. അദ്ദേഹം കൂടെയുളള പരിചാരകന്റെ നേരെ തിരിഞ്ഞു: ''ചെലവിനുള്ള വകയില്‍ എന്താണ് നിന്റെ കൈയിലുള്ളത്?'' 10 ദീനാറാണെന്ന് പരിചാരകന്‍ പറഞ്ഞു. ആ തുകയത്രയും ബാര്‍ബര്‍ക്ക് കൊടുത്തേക്കുക എന്ന് പറഞ്ഞു മുടിവെട്ടാന്‍ നില്‍ക്കാതെ മുകളിലുദ്ധരിച്ച കവിതയും ചൊല്ലി ഇമാം നടന്നുനീങ്ങി എന്നാണ് കഥ.
ഈ കഥയ്ക്ക് മറ്റൊരു പാഠഭേദവുമുണ്ട്. ശാഫിഈയുടെ മകളുടെ മകനായ അബൂബക്‌റില്‍നിന്ന് യാഖൂത്തുല്‍ ഹമവി മുഅ്ജമുല്‍ ഉദബാഇല്‍ ഉദ്ധരിച്ച പ്രകാരം സംഭവം നടക്കുന്നത് ഇറാഖിലല്ല, ഈജിപ്തിലാണ്. മക്കയില്‍ നിന്ന് ദീര്‍ഘദൂര യാത്രയില്‍ അദ്ദേഹത്തിന്റെ വസ്ത്രം മുഷിഞ്ഞിരുന്നു. അക്കാരണത്താല്‍ ആരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണത്രെ അദ്ദേഹം ഈ വരികള്‍ പാടിയത്.
ശാഫിഈ കവിതയുടെ അകക്കാമ്പ്
ജീവിതാനുഭവങ്ങളുടെ പ്രതികരണമെന്ന നിലയില്‍ ആവിഷ്‌കൃതമായതും ആത്മാഭിമാനം പ്രതിഫലിപ്പിക്കുന്നതുമായ മുകളില്‍ ഉദ്ധരിച്ച തരം കവിതകള്‍ പലതുമുണ്ടെങ്കിലും തത്ത്വോപദേശങ്ങളാണ് യഥാര്‍ഥത്തില്‍ ശാഫിഈ കവിതയുടെ ആത്മാവ്. 'അല്‍ ഹികം' എന്ന് അറബിയില്‍ വ്യവഹരിക്കുന്ന തത്ത്വജ്ഞാനത്തിന്റെയും സുഭാഷിതങ്ങളുടെയും കാവ്യ ശാഖയില്‍ ഉള്‍പ്പെടുന്നവയാണ് ഈ കവിതയില്‍ ഏറിയ കൂറും. പില്‍ക്കാലത്ത് അവയില്‍ പലതും ഉദ്ധരണീയങ്ങളായ ഉദ്ധരണികളായി മാറുകയുണ്ടായി. മുകളില്‍ പരാമൃഷ്ടമായ പ്രതികരണ സ്വഭാവമുള്ള ആത്മനിവേദനങ്ങളില്‍ പോലും ഇപ്പറഞ്ഞ തത്ത്വജ്ഞാനത്തിന്റെ ഒളിമിന്നലുകള്‍ ദൃശ്യമാകുന്നു. തത്ത്വോപദേശപ്രധാനമായ കവിതകളുടെ ചില ഉദാഹരണങ്ങള്‍ താഴെ:
അവസാനിക്കാത്തത്ര ബഹുലമാണ് കാലത്തിന്റെ പരീക്ഷണങ്ങള്‍
സന്തോഷങ്ങളോ;വല്ലപ്പോഴും വരുന്ന ഉത്സവങ്ങള്‍ പോലെയും
കാലം മഹാന്മാരെ കീഴടക്കി അടിമകളാക്കുന്നു.
അതേ കാലത്തെ തന്നെ ഹീനന്മാരുടെ കൈയില്‍ അടിമയായും നിനക്ക് കാണാം.
നാലു പേരുടെ മൂളിപ്പാഞ്ഞുവരും
ശരമാരിയാല്‍ പരീക്ഷിതനാണു ഞാന്‍
ഇബ്‌ലീസും ഇഹലോകവും മനസ്സും ദേഹേഛയും
പാണ്ഡിത്യ പ്രതിഭക്ക്
ദേഹേഛയില്‍നിന്ന് എവിടെ ഓടിയൊളിക്കാനാകും.
ആത്മ സംതൃപ്തനെങ്കില്‍
അടിമയും സ്വതന്ത്രന്‍.
അത്യാസക്തനെങ്കില്‍
സ്വതന്ത്രനും അടിമ.
അതിനാല്‍, അത്യാസക്തി ഉപേക്ഷിക്കുക.
അത്യാസക്തിയേക്കാള്‍
ചീത്തയായ മറ്റൊന്നുമില്ല തന്നെ.
ദുരിതങ്ങളുടെ പരിണതി
ശുഭകരമായിരിക്കും
നശൂലം പിടിച്ച നാളുകള്‍
എന്നും നീണ്ടുനില്‍ക്കില്ല;
അല്‍പായുസ്സുകളായിരിക്കും.
ദിനരാത്രങ്ങള്‍ മാറിമാറി ആവര്‍ത്തിക്കുമ്പോള്‍
സമൃദ്ധിയും കഷ്ടപ്പാടും എന്നെന്നും നിലനില്‍ക്കില്ല.
കര്‍ത്തൃബലവും സുചിന്തിതാഭിപ്രായവുമുളള
എത്രയെത്ര ശക്തന്മാര്‍
പക്ഷേ, ജീവിത വിഭവം
അവരില്‍നിന്ന് തെന്നിമാറുന്നു
ഉറച്ച നിലപാടില്ലാത്ത എത്ര ദുര്‍ബലന്മാര്‍
ഉള്‍ക്കടലില്‍നിന്നെന്നോണമാണ്
അവര്‍ അനുഗ്രഹങ്ങള്‍ കോരിക്കുടിക്കുന്നത്
ദൈവത്തിന് സൃഷ്ടികളുടെ കാര്യത്തില്‍
അനാവരണം ചെയ്യാത്ത ചില
നിഗൂഢ രഹസ്യങ്ങളുണ്ടെന്നതിന്റെ
തെളിവത്രെ ഇത്.
നിന്റെ വശം ഇസ്‌ലാമും ആരോഗ്യവുമുണ്ടെങ്കില്‍
ഈ ലോകത്ത് എന്തെങ്കിലും
നഷ്ടപ്പെട്ടതിനെ പ്രതി നീ നിരാശനാകേണ്ട
എന്തെന്നാല്‍, അവ രണ്ടിലും
നഷ്ടപ്പെട്ടതിനെല്ലാം മതിയായ പ്രതിവിധിയുണ്ട്.
വേണ്ടാത്തവന് അഭിപ്രായം വെച്ചുനീട്ടേണ്ട
അതിന്റെ പേരില്‍ നിനക്ക് അഭിനന്ദനമോ
അവന് ഉപകാരമോ കിട്ടാന്‍ പോകുന്നില്ല.
പട്ടികള്‍ ആട്ടിന്‍ മാംസം ഭുജിക്കുമ്പോള്‍
കാനനങ്ങളില്‍ സിംഹങ്ങള്‍ വിശന്നു മരിക്കാറുണ്ട്
അടിമയും ചിലപ്പോള്‍ പട്ടുമെത്തയില്‍ കിടന്നുറങ്ങും
കുലീനന്റെ ശയ്യ അപ്പോള്‍ മണ്ണായിരിക്കും.
വിഡ്ഢി സംസാരിച്ചാല്‍
മറുപടി പറയേണ്ട
മൗനമാണ് മറുപടിയേക്കാള്‍ ഭൂഷണം.
അവനോട് മിണ്ടിയാല്‍
അതവന് അവസരം തുറന്നുകൊടുക്കലാകും.
വെറുതെ വിട്ടാലോ-
ശ്വാസം മുട്ടി മരിച്ചോളുമവന്‍.
വിഡ്ഢിയോടു മൗനം പാലിച്ചപ്പോള്‍
അവന്‍ കരുതിയത് എനിക്ക് ഉത്തരം മുട്ടി എന്നാണ്.
എന്നാലോ എനിക്ക് ആ വക ക്ഷീണമൊന്നുമുണ്ടായിട്ടില്ല.
വിവരദോഷിയായ ഭോഷ്‌കനെ അവഗണിച്ചേക്കൂ.
അവന്‍ പുലമ്പിയതൊക്കെ അവന് മാത്രം ബാധകം.
എന്നെങ്കിലും ഒരു പട്ടി ഇറങ്ങിയെന്നു വെച്ച്
യൂഫ്രട്ടീസ് നദിക്ക് എന്ത് ചേതം?
കരുത്തനായ കഴുകന്‍
മരുഭൂമിയിലെ ശവം തിന്നുന്നു
ദുര്‍ബലനായ തേനീച്ച
മധു നുകരുന്നു.
അഭിലാഷങ്ങളൊക്കെ
സാക്ഷാല്‍കൃതമാകണമെന്നാണ് മനുഷ്യമോഹം.
എന്നാല്‍, ദൈവം ഉദ്ദേശിച്ചതൊഴികെ
ബാക്കിയൊക്കെ അവന് നിഷേധിക്കുന്നു.
എന്റെ ലാഭം, എന്റെ ധനം
എന്നാണ് മനുഷ്യന്റെ ജല്‍പനം.
എന്നാല്‍ നേട്ടങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമോ-
ദൈവഭക്തിയും.
കഴിയുന്നത്ര വിദ്യ നേടൂ
നിനക്കൊരു രാജകുമാരനാകാം.
വിവരം കെട്ടവനാകരുത്,
അപ്പോള്‍ നീ തടവുകാരനാകും.
ദിവസം ഒരക്ഷരമെങ്കിലും പഠിക്കൂ,
അപ്പോള്‍, പഠിപ്പില്ലാത്തവരൊക്കെ
കഴുതകളാണെന്ന് നിനക്ക് മനസ്സിലാകും.
പ്രേമവും സ്ത്രീയും
ഇവ്വിധം തത്ത്വജ്ഞാനപ്രധാനങ്ങളായ ശാഫിഈ കവിതകള്‍ എമ്പാടും ഉദ്ധരിക്കാനാകും. ഉദാഹരണത്തിന് മുകളില്‍ ഉദ്ധരിച്ചവ തന്നെ ധാരാളം. പ്രകൃതി വര്‍ണന, പ്രേമം തുടങ്ങിയ പ്രമേയങ്ങള്‍ ശാഫിഈ കവിതകളില്‍ കുറവാണെന്ന് നടേപറഞ്ഞു. ശാഫിഈയെ പോലുളള ഒരു പണ്ഡിതനില്‍ കാല്‍പനിക കവിയെ തേടുന്നതേ അനുചിതം എന്നാകും പൊതുവിധി. എന്നാല്‍ പ്രേമം, സ്ത്രീ എന്നീ വിഷയങ്ങള്‍ ഇമാം ശാഫിഈ തന്റെ കവിതക്ക് തീരെ വിഷയമാക്കിയിട്ടില്ല എന്ന് വിധിക്കുന്നതും തെറ്റായിരിക്കും. പ്രേമത്തെക്കുറിച്ച് 'ത്വൗഖുല്‍ ഹമാഇം' (പ്രാവുകളുടെ കണ്ഠാഭരണം) എന്ന ഗ്രന്ഥം രചിച്ച ളാഹിരി മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം ഇബ്‌നു ഹസമിനെപ്പോലെയും 'റൗദത്തുല്‍ മുഹിബ്ബീന്‍ വ നുസ്ഹത്തുല്‍ മുശ്താഖീന്‍' (പ്രേമികളുടെ പൂങ്കാവനം കമിതാക്കളുടെ ഉല്ലാസം) രചിച്ച ഹമ്പലീ മദ്ഹബിലെ മുജ്തഹിദ് ഇബ്‌നു ഖയ്യിമിനെ പോലെയും ആ വിഷയത്തെ കുറിച്ച് വിപുലമാംവിധം ശാഫിഈ എഴുതിയിട്ടില്ലെങ്കിലും അത്തരം വിഷയങ്ങളും തീരെ അസ്പൃശ്യമായി അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. ഒറ്റയൊറ്റക്കവിതകള്‍ ഈ വിഷയങ്ങളിലും അദ്ദേഹത്തിനുണ്ട്. ശാഫിഈയും മറ്റൊരു സഹൃദയനും തമ്മില്‍ ഒരു 'പ്രണയ സംവാദം' തന്നെ നടന്നതായ കഥ കാണാം. യാഖൂതുല്‍ ഹമവിയാണ് ഈ കഥ ഉദ്ധരിച്ചുകാണുന്നത്. അത് പ്രകാരം പ്രണയം തലക്ക് പിടിച്ച ഒരാള്‍ ഇമാമിന് ഇങ്ങനെയൊരു കുറിപ്പ് കൊടുത്തു:
പ്രണയം ഒരു യുവാവിനെ ആവേശിച്ചാല്‍
അയാള്‍ എന്തുചെയ്യും എന്ന്
ഹാശിം ഗോത്രജനായ മക്ക മുഫ്തിയോട്
നീ ചോദിച്ചുനോക്കുക.
ശാഫിഈയുടെ പ്രതികരണം ഇങ്ങനെ:
മോഹത്തെ അടക്കിനിര്‍ത്തുക
പ്രണയാഭിനിവേശം മറച്ചുവെക്കുക
എല്ലാം ക്ഷമിച്ച് അടങ്ങിയൊതുങ്ങിക്കഴിയുക.
ശാഫിഈയുടെ മറുപടി യുവാവിനെ തൃപ്തിപ്പെടുത്തിയില്ല. അയാള്‍ വീണ്ടും സങ്കടപ്പെട്ടു:
പ്രേമത്താല്‍ നീറി മരിക്കുന്ന ആ യുവാവ്
എങ്ങനെ അതിനെ തടഞ്ഞുനിര്‍ത്തും?
എന്നുമെന്നും നൊമ്പരങ്ങള്‍
കടിച്ചിറക്കിയാണവന്‍ കഴിയുന്നത്.
അപ്പോള്‍ ശാഫിഈ ഇങ്ങനെ കൈമലര്‍ത്തി:
തന്നെ ബാധിച്ച ദുരിതം അവന് ക്ഷമിക്കാനാകില്ലെങ്കില്‍
മരണമല്ലാതെ മറ്റൊന്നും അവന് പ്രയോജനം ചെയ്യില്ല.
ഇമാം ഫത്‌വകള്‍ നല്‍കുമ്പോള്‍ ചോദ്യകര്‍ത്താവിന്റെ മാനസികാവസ്ഥകളും മറ്റു സാഹചര്യങ്ങളും പരിഗണിച്ചിരുന്നുവെന്നതിന് മറ്റൊരു കഥ റബീഉ ബ്‌നു സുലൈമാന്‍ ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു യുവാവ് ഇമാമിന് ഒരു കുറിപ്പ് നല്‍കിയത്രെ. അത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അധരങ്ങളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. എന്നിട്ട് അയാള്‍ക്ക് ഇങ്ങനെ എഴുതിക്കൊടുത്തു:
അല്ലാഹുവില്‍ ശരണം.
മുറിവേറ്റ ഹൃദയങ്ങള്‍ ഒട്ടിച്ചേരുന്നത്
ഭക്തിയെ ഉന്മൂലനം ചെയ്യുമെന്ന്
ഞാന്‍ പറയുകയോ?
ആ യുവാവിന്റെ ചോദ്യം എന്തായിരുന്നെന്നോ-അനുരാഗബദ്ധരായ യുവമിഥുനങ്ങള്‍ റമദാനില്‍ പരസ്പരം ആലിംഗനം ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്നായിരുന്നു ആ ചോദ്യം. ഇന്നത്തെ ഒരു മതപണ്ഡിതനോടായിരുന്നു ഈ ചോദ്യമെങ്കില്‍ മറുപടി എന്തായിരിക്കുമെന്നത് അനുക്തസിദ്ധം. 'അബൂ അബ്ദില്ലാ, ഒരു ചെറുപ്പക്കാരന് ഇങ്ങനെയൊരു ഫത്‌വയാണോ നിങ്ങള്‍ നല്‍കുന്നത്' എന്ന് റബീഉ ബ്‌നു സുലൈമാന്‍ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ ശാഫിഈ അദ്ദേഹത്തിന് ഇങ്ങനെയാണ് വിശദീകരണം നല്‍കുന്നത്: ''അബു മുഹമ്മദ്, ഈ റമദാനില്‍ കല്യാണം കഴിച്ച ഒരു യുവാവാണയാള്‍. സംയോഗമൊഴിച്ചുളള ചുംബനാലിംഗനാദികളെ കുറിച്ചായിരുന്നു അയാളുടെ ചോദ്യം.''
ശീഈ ആരോപണം
പക്ഷപാതിത്വങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായ നിലപാട് സ്വീകരിച്ചു എന്നതാണ് ഇമാം ശാഫിഈയുടെ ഏറ്റവും വലിയ മഹത്വം. ബനൂ അലി(അലി വംശജര്‍)യെ ജുമുഅ പ്രസംഗ വേദികളില്‍ വരെ ശപിക്കുക എന്നത് ഉമവീ ഭരണാധികാരികളുടെ പതിവായിരുന്നു. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസാണ് അതിന് അറുതിവരുത്തിയത്. ഇമാം ശാഫിഈയുടെ കാലത്തും ശീഈ വിരോധത്തിന്റെ രാഷ്ട്രീയാന്തരീക്ഷം നിലനിന്നിരുന്ന് കാണണം. ഇന്നും അത് അങ്ങനെത്തന്നെയാണല്ലോ. ശീഈ സിദ്ധാന്തങ്ങള്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ശീഈ വിരോധം പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ അത് തന്നെ മതിയാകും ഒരാള്‍ ശീഈയായിത്തീരാന്‍. ഹസ്രത്ത് ഹുസൈന്റെ രക്തസാക്ഷിത്വത്തെ വാഴ്ത്തുന്ന കവിതകള്‍ ഇമാം ശാഫിഈ എഴുതിയിട്ടുണ്ട്. ഇതൊക്കെയാകാം അദ്ദേഹം ശീഈയാണെന്ന ആരോപണമുണ്ടാകാന്‍ കാരണം. നബികുടുംബസ്‌നേഹം പ്രതിഫലിക്കുന്ന പല വരികളും അദ്ദേഹത്തിന്റെ കവിതകളിലുണ്ട്. ശീഈകളുടെ ഇമാമായ ജഅ്ഫര്‍ സ്വാദിഖിന്റെ ശിഷ്യന്മാരുമായി ഇമാം ശാഫിഈക്ക് ഉറ്റ സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു.
ശാഫിഈയുടെ കാലത്ത് യമനില്‍ ക്രൂരനായ ഒരു ഭരണാധികാരിയുണ്ടായിരുന്നു. അയാളുടെ അനീതിക്കെതിരെ ഇമാം ശബ്ദമുയര്‍ത്തിയിരുന്നു. ഗവര്‍ണറുടെ ഭരണം അട്ടിമറിക്കാന്‍ ഒരു ശീഈ സംഘം ശ്രമിക്കുകയുണ്ടായി. ആ ശ്രമത്തില്‍ ശാഫിഈയും ഭാഗഭാക്കായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. യഥാര്‍ഥത്തില്‍ അട്ടിമറി ശ്രമത്തില്‍ അദ്ദേഹത്തിന് പങ്കൊന്നുമുണ്ടായിരുന്നില്ല. ഗവര്‍ണര്‍ക്കെതിരെ ശബ്ദിച്ചത് ആരോപണത്തിന് നിമിത്തമാക്കിയതാകാം. അദ്ദേഹം ഒരു ശീഈ സിദ്ധാന്തക്കാരനുമായിരുന്നില്ല. എന്നാല്‍ അഹ്‌ലു ബൈത്തിനെതിരെ നടമാടിയിരുന്ന ഭരണകൂട മര്‍ദനങ്ങളെ പൊറുപ്പിക്കാന്‍ അദ്ദേഹത്തിന്റെ മനഃസാക്ഷി കൂട്ടാക്കിയില്ല എന്നത് ഒരു വസ്തുതയാണ്. ആ നിലയ്ക്ക് അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന കവിതകളും അദ്ദേഹം രചിക്കുകയുണ്ടായി. കര്‍ബലയിലെ രക്തക്കളത്തെ പരാമര്‍ശിക്കുന്ന ചില വരികള്‍ അതില്‍ പെടുന്നു:
എന്റെ ഹൃദയമസ്തിഷ്‌കങ്ങള്‍
ശോകത്താല്‍ വേപഥുകൊള്ളുന്നു
ഞാന്‍ നിദ്രാവിഹീനന്‍
അസഹനീയമാംവിധം വിചിത്രം തന്നെ നിര്‍നിദ്രത
ഭയാനകമായ കാലത്തിന്റെ കൈയാങ്കളികളാണ്
എനിക്ക് ഉറക്കം നഷ്ടപ്പെടുത്തി,
എന്നെ വൃദ്ധനാക്കിക്കളഞ്ഞത്
ചതിക്കും വാളുകള്‍; മൂളിപ്പായും കുന്തങ്ങള്‍
ഉച്ചത്തില്‍ ചെനച്ച ശേഷം തേങ്ങുന്ന കുതിരകള്‍
മുഹമ്മദിന്റെ കുടുംബത്തെ പ്രതി
ലോകം വിറകൊണ്ടിടുന്നു
മൂകമായ ഗിരിനിരകള്‍ അലിയുന്നു
ആ കൊടും പാതകം കണ്ട നക്ഷത്രങ്ങള്‍ കെട്ടുപോയി
ഗോളങ്ങള്‍ പ്രകമ്പിതമായി; ദുഃഖാഘാതത്താല്‍
കുപ്പായമാറുകളും തിരശ്ശീലകളും വലിച്ചുകീറപ്പെട്ടു
ഹാശിം കുടുംബത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ
പ്രവാചകനു വേണ്ടി പ്രാര്‍ഥനകള്‍ ഉരുവിടുന്നു
അതിശയം തന്നെ, അദ്ദേഹത്തിന്റെ മക്കളോട്
പടവെട്ടുകയും ചെയ്യുന്നു!
മുഹമ്മദിന്റെ കുടുംബത്തെ സ്‌നേഹിച്ചു എന്നതാണ് എന്റെ കുറ്റമെങ്കില്‍
ആ കുറ്റത്തില്‍ ഒരിക്കലും എനിക്ക് പശ്ചാത്താപമില്ല
ഭീകര ദൃശ്യങ്ങള്‍ അക്ഷീഭവിക്കുന്ന അന്ത്യനാളില്‍
അവരാണ് എന്റെ ശുപാര്‍ശകര്‍
ശീഈ പണ്ഡിതന്മാര്‍ക്കിടയില്‍ പോലും വളരെ പ്രചുരിതമാണ് ഈ വരികള്‍. ആയത്തുല്ല സ്വാദിഖ് ഹുസൈനി ശീറാസി ഈ കവിതയുടെ പേരില്‍ ഇമാം ശാഫിഈയെ ഒട്ടേറെ വാഴ്ത്തി പറഞ്ഞിട്ടുണ്ട്. അതിന്റെ പല സവിശേഷതകളും അദ്ദേഹം എടുത്തോതിയതായി കാണാം.
ഇവ്വിധം കവിതകളിലൂടെ അനീതിക്കെതിരിലുള്ള തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നു ഇമാം. നീതിയോടുള്ള പ്രതിബദ്ധത തന്റെ ആത്മാവില്‍ എഴുതപ്പെട്ടതാണെന്ന് മറ്റൊരു കവിതയില്‍ ഇമാം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നബി കുടുംബത്തോടുള്ള സ്‌നേഹം അതോടൊപ്പം ചേര്‍ത്തുവെക്കാനും അദ്ദേഹം മറന്നില്ല:
എന്റെ ഹൃദയം കീറിമുറിച്ച് പരിശോധിച്ചാല്‍
എഴുത്തുകാരനില്ലാത്ത രണ്ടു വരികള്‍ അവിടെ കാണാം
ഒരു ഭാഗത്ത് നീതിയും ഏകദൈവ വിശ്വാസവും
മറുഭാഗത്ത് നബി കുടുംബത്തോടുള്ള സ്‌നേഹവും.
ഈ വിഷയകമായി അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ചില വരികള്‍ കൂടി ഉദ്ധരിക്കുന്നത് ഇവിടെ പ്രസക്തമാണ്:
യൂഫ്രട്ടീസ് നദിയിലെ തിരമാലകള്‍ പോലെ
പാതിരാവില്‍ തീര്‍ഥാടകര്‍ മിനായില്‍ ഒഴുകിയെത്തുമ്പോള്‍
അവിടെ കല്ലെറിയുന്നിടത്തെ
ഖൈഫിന്റെ താഴ്‌വാരത്തും
കുന്നിന്‍പുറത്തും നിന്നുകൊണ്ട് വിളംബരം ചെയ്യൂ:
മുഹമ്മദിന്റെ കുടുംബത്തെ സ്‌നേഹിക്കലാണ് 'റഫ്ദ്' എങ്കില്‍
ഞാനൊരു 'റാഫിദി'യാണെന്ന്
മനുഷ്യലോകവും ഭൂതഗണങ്ങളും സാക്ഷ്യം വഹിച്ചുകൊള്ളട്ടെ.''
റാഫിദി എന്നാല്‍ അലി ഒഴികെയുള്ള മൂന്ന് ഖലീഫമാരെ നിരാകരിക്കുന്നവനെന്നര്‍ഥം. യഥാര്‍ഥത്തില്‍ അക്കാലത്തും നിലനിന്നിരുന്ന വിഭാഗീയ ചിന്തകള്‍ക്കെതിരെയായിരുന്നു ഇമാം ശാഫിഈ ഈ കവിതകളിലൂടെ ശബ്ദിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തെ ശീഈ പക്ഷപാതിയായി കാണുന്നവരും ശീഈ വിരോധിയാക്കാന്‍ ശ്രമിക്കുന്നവരും ഒരു പോലെ കഥയറിയാതെ ആട്ടം കാണുന്നവരാണ്. ഈ വിഷയത്തില്‍ അസന്ദിഗ്ധമായി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത് കാണുക:
ഞാന്‍ 'റാഫിദി'യാണെന്ന് അവര്‍ ജല്‍പിക്കുന്നു,
അല്ല; റാഫിദീ സിദ്ധാന്തം എന്റെ മതമോ വിശ്വാസമോ അല്ല തന്നെ.
എന്നാല്‍ സംശയം വേണ്ട,
സര്‍വോത്തമനായ മാര്‍ഗദര്‍ശിയെയും ഇമാമിനെയും
ഞാന്‍ ഭരണാധികാരിയായി അംഗീകരിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ വലിയ്യായ അലിയെ സ്‌നേഹിക്കലാണ് റാഫിദി സിദ്ധാന്തമെങ്കില്‍
എന്റെ തിരസ്‌കാരം ജനത്തില്‍നിന്ന് അകലം പാലിക്കലാണ്.
നേരത്തേ സൂചിപ്പിച്ച പോലെ 'തിരസ്‌കരിക്കുക' എന്നാണ് 'റഫദ' എന്ന വാക്കിന്റെ അര്‍ഥം. ഏതെങ്കിലും ഖലീഫയെ തിരസ്‌കരിക്കുന്നതിലൂടെയല്ല, വിഭാഗീയത പുലര്‍ത്തുന്നവര്‍ ആരാകിലും അവരെ തിരസ്‌കരിക്കുന്നതിലൂടെയാണു താന്‍ 'റാഫിദി'യായിരിക്കുന്നതെന്നാണ് ഒട്ടൊരു ഉപഹാസ ശൈലിയില്‍ ഒടുവിലത്തെ വരിയിലൂടെ ഇമാം ശാഫിഈ ഭംഗ്യന്തരേണ പറഞ്ഞുവെച്ചിരിക്കുന്നത്. പലപാടും അദ്ദേഹം ഈ നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്:
അലിയ്യിന് ശ്രേഷ്ഠത കല്‍പിച്ചാല്‍
വിവരം കെട്ടവന്റെ ദൃഷ്ടിയില്‍ നമ്മള്‍ റാഫിദുകളായി.
എന്നാല്‍ അബൂബക്‌റിന്റെ ശ്രേഷ്ഠത സ്മരിച്ചാലോ
അലിയ്യിന്റെ ശത്രുവായി ചാപ്പകുത്തുകയായി.
ഒരേസമയം റാഫിദി ശീഈയും
ശീഈ വിരോധിയുമായി തുടരാനാണ് എന്റെ വിധി.
എന്നാല്‍ മണ്‍മറയുംവരെ അബൂബക്‌റിനെയും അലിയെയും ഞാന്‍ സ്‌നേഹിച്ചുകൊണ്ടിരിക്കും.
നിലപാടുകള്‍ നിര്‍ഭയമായി പ്രഖ്യാപിച്ച ഒരു പണ്ഡിതന്റെ ചിത്രമാണ് ഈ വരികളിലൂടെ തെളിഞ്ഞുവരുന്നത്. എല്ലാ വിഷയത്തിലും ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അക്കാലത്ത് ജനമനസ്സുകളില്‍ ആധിപത്യം വാണിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും വ്യാജശാസ്ത്രങ്ങള്‍ക്കുമെതിരെയും വിജ്ഞാനത്തിന്റെ ഖഡ്ഗം പ്രയോഗിക്കാന്‍ അദ്ദേഹം മടിക്കുകയുണ്ടായില്ല. ജ്യോതിഷികളെ കുറിച്ച വരികള്‍ ഉദാഹരണം:
നക്ഷത്രങ്ങളുടെ വിധിപ്രസ്താവങ്ങളെ
ഞാന്‍ അവിശ്വസിക്കുന്നുവെന്ന് ജ്യോതിഷികളോട് പറയുക;
വന്നതും വരാനിരിക്കുന്നതുമെല്ലാം
ദൈവത്തിന്റെ അനിവാര്യ വിധിയാണെന്ന്
അറിയുന്നവനാണ് ഞാനെന്നും.
ശാഫിഈകളെന്ന് അഭിമാനിക്കുന്ന മന്ത്രവാദികളും പ്രവചനവിദ്വാന്മാരും മനസ്സിരുത്തി വായിക്കേണ്ട വരികളാണിവ.
മലയാളത്തില്‍ ശാഫിഈ കവിതകളുടെ രണ്ട് സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 'ജീവിത ചിന്തകള്‍' എന്ന ശീര്‍ഷകത്തിലുള്ളതാണ് ഒന്ന്. 'അല്‍ഹുദാ' പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന്റെ കര്‍ത്താവ് മുഹമ്മദ് ശമീം ഉമരിയാണ്. കാപിറ്റല്‍ ഇന്റര്‍നാഷ്‌നല്‍ ബുക്‌സിന്റേതാണ് രണ്ടാമത്തെ സമാഹാരം; ഇമാം ശാഫിഈ(റ) കവിതകള്‍, വിവ: മമ്മുട്ടി കട്ടയാട്. അറബി മൂലം കൂടി ഉണ്ടെന്നതാണ് ആവശ്യമായ വിശദീകരണ സഹിതമുളള ഈ വിവര്‍ത്തിത സമാഹാരത്തിന്റെ സവിശേഷത. അറബിയിലുള്ള പദപരിചയവും ടിപ്പണികളും ഭാഷാകുതുകികള്‍ക്ക് സഹായകമാകും.
Comments