Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സുന്നത്തിന്റെ കാവല്‍ഭടന്‍

വി.കെ അലി

ഖുര്‍ആനിനു ശേഷം ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനപ്രമാണം സുന്നത്ത്  (നബിയുടെ വാക്കുകളും പ്രവൃത്തികളും) ആണ്. ഖുര്‍ആന്റെ ആധികാരിക വിശദീകരണമാണത്. ഖുര്‍ആന്‍ വിശദീകരിച്ചു പഠിപ്പിക്കുകയാണ് പ്രവാചകദൗത്യം. ''നിനക്ക് നാം ഈ ഉദ്‌ബോധന ഗ്രന്ഥം അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് നീയത് വിവരിച്ചുകൊടുക്കുന്നതിനു വേണ്ടിയാണ്'' (അന്നഹ്ല്‍ 44), ''തങ്ങളില്‍നിന്നുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി സത്യവിശ്വാസികളോട് വലിയ ഔദാര്യമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. അദ്ദേഹമവരെ ദിവ്യസൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കരിക്കുകയും വേദവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു'' (ആലുഇംറാന്‍ 164) ''അതിനാല്‍ ദൈവത്തെ അനുസരിക്കുന്നവന്‍ പ്രവാചകനെയും അനുസരിച്ചു.'' (അന്നിസാഅ് 80). തന്റെ ശിഷ്യന്മാരെ വിവിധ പ്രദേശങ്ങളിലേക്ക് പ്രബോധകരായും ഭരണകര്‍ത്താക്കളായും നിയോഗിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും ആധാരമാക്കിയാണ് അവര്‍ തീരുമാനങ്ങളെടുക്കുകയെന്ന് പ്രവാചകന്‍ ഉറപ്പുവരുത്തിയിരുന്നു. മുആദുബ്‌നു ജബലിനെ യമനിലേക്കയച്ചപ്പോള്‍ അദ്ദേഹവുമായി നടന്ന സംഭാഷണം ചരിത്രപ്രസിദ്ധമാണ്. അഹ്മദ്, അബൂ ദാവൂദ്, തിര്‍മിദി, ബൈഹഖി തുടങ്ങിയ ഹദീസ് പണ്ഡിതരെല്ലാം പ്രസ്തുത സംഭവം നിവേദനം ചെയ്തിട്ടുണ്ട്.

നബി(സ)യുടെ വിയോഗാനന്തരം ഹദീസുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതി സ്വഹാബികളില്‍ വ്യാപകമായിരുന്നു. നബിയുടെ കാലത്തുതന്നെ ചില ഹദീസുകള്‍ എഴുതിവെക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നു. ചിലരുടെയെല്ലാം അടുത്ത് ലിഖിത രീതിയിലുള്ള കൊച്ചു പുസ്തകങ്ങളും ഉണ്ടായിരുന്നു. അലിയും അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്വും ഉദാഹരണമാണ്. സ്വഹാബികളുടെ കൂട്ടത്തില്‍ കൂടുതലായി ഹദീസുകള്‍ നിവേദനം ചെയ്തവരുണ്ട്. ഇബ്‌നു അബ്ബാസ്, അബൂഹുറയ്‌റ, ജാബിര്‍, ആഇശ, ഇബ്‌നുമസ്ഊദ് എന്നിവരെ പോലെ. കുറച്ചു മാത്രം നിവേദനം ചെയ്തവരുമുണ്ട്. ലിഖിത രൂപത്തില്‍ ഹദീസുകള്‍ സൂക്ഷിക്കുന്ന പതിവ് തീരെ വിരളമായിരുന്നു എന്ന വാദത്തെ ഡോ. ഹമീദുല്ല ചോദ്യം ചെയ്യുന്നുണ്ട്.1 ഹദീസുകള്‍ കൂടുതല്‍ നിവേദനം ചെയ്തതിന്റെ പേരില്‍ ഉമര്‍(റ) ചില സ്വഹാബിമാരെ- ഇബ്‌നു മസ്ഊദ്, അബൂദ്ദര്‍ദാഅ്, അബൂദര്‍റ് എന്നിവരെ- തടവിലിട്ടിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് ഡോ. മുസ്ത്വഫസ്സിബാഈ സ്ഥാപിച്ചിരിക്കുന്നു.2 

ഖുലഫാഉര്‍റാശിദീന്റെ കാലാവസാനത്തോടെ ഇസ്‌ലാമിക സമൂഹത്തില്‍ ആഭ്യന്തരശൈഥില്യം രൂക്ഷമായി. രാഷ്ട്രീയാധികാരത്തെക്കുറിച്ച വീക്ഷണ വ്യത്യാസമായിരുന്നു അതിന്റെ തുടക്കം. ഈ സന്ദര്‍ഭം ചൂഷണം ചെയ്യാന്‍ ചില ഇസ്‌ലാംവിരുദ്ധ ശക്തികള്‍ ശ്രമിച്ചു. രാഷ്ട്രീയമായി ഇസ്‌ലാമിനെ നേരിടാന്‍ സാധ്യമല്ലാത്തതിനാല്‍ അനിസ്‌ലാമികവും അബദ്ധജടിലവുമായ ആശയങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു അവര്‍. പ്രവാചക കുടുംബത്തോടുള്ള സ്‌നേഹവികാരങ്ങള്‍ ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ അത് ചൂഷണം ചെയ്യുന്നതിനാണ് ആദ്യമായി ശ്രമിച്ചത്. എന്നാല്‍, ഖുര്‍ആനും ഹദീസും പിന്തുണക്കാത്ത ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുക എളുപ്പമായിരുന്നില്ല. അതിനാല്‍ സ്വന്തം ആശയങ്ങള്‍ക്കൊത്ത് ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യാനും കൃത്രിമമായി ഹദീസുകള്‍ നിര്‍മിക്കാനുമായി ആദ്യ ശ്രമം. ഏറ്റവും കൂടുതല്‍ വ്യാജ ഹദീസുകള്‍ നിര്‍മിച്ചത് ശീഈകളും ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചത് ഖവാരിജും മുഅ്തസിലയുമായിരുന്നു. ഹദീസുകളുടെ പ്രാമാണികതയെ തന്നെ ചോദ്യം ചെയ്യുകയും ഖുര്‍ആന്‍ മാത്രം മതിയെന്ന് ശഠിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ഒരു ചരിത്രനിയോഗം പോലെ ഇമാം ശാഫിഈ ഭൂജാതനാകുന്നത്. ഹിജ്‌റ 150 മുതല്‍ 204 വരെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ഫലസ്ത്വീനിലെ ഗസ്സയില്‍ ജനിച്ച ആ അനാഥ ബാലനെ മക്കയിലേക്ക് കൊണ്ടുവന്ന് ദീനീ വിജ്ഞാനം നല്‍കി വളര്‍ത്തിയെടുക്കുന്നതില്‍ മതഭക്തയായ മാതാവിന് നിസ്സീമമായ പങ്കുണ്ട്. അനിതര സാധാരണമായ പ്രതിഭാശേഷിയുള്ള ശാഫിഈ ഇസ്‌ലാമിക പണ്ഡിതലോകത്തിന്റെ ഉച്ചിയിലെത്തി മൊത്തം സമുദായത്തിന്റെ ആദരവാര്‍ജിച്ചത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ നിസ്തുല സംഭാവനകളിലൂടെയാണ്. 

ഇസ്‌ലാമിക ശരീഅത്തിന്റെ ആണിക്കല്ലായ ഹദീസുകള്‍ പഠിക്കാന്‍ ശാഫിഈ ജീവിതം ഉഴിഞ്ഞുവെച്ചു. ഇമാം മാലികിന്റെ ഹദീസ് സമാഹാരമായ മുവത്വ മനഃപാഠമാക്കിക്കൊണ്ടായിരുന്നു തുടക്കം. ഇതിനായി മദീനയില്‍ പോയി ഇമാം മാലികിന്റെ ശിഷ്യത്വം സ്വീകരിച്ചു. മുവത്വയിലെ ഹദീസുകള്‍ ചൊല്ലിക്കേള്‍പ്പിച്ച ശേഷം അവ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിവേദനാനുമതി വാങ്ങുകയും ചെയ്തു. കൂടാതെ മക്കയിലും മദീനയിലുമുള്ള പണ്ഡിതശ്രേഷ്ഠരില്‍നിന്ന് ഹദീസുകളും കര്‍മശാസ്ത്രവും പഠിച്ചു. ഇമാം മാലികിനെ തഖ്‌ലീദ് ചെയ്യുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സമര്‍ഥിക്കുകയും ചെയ്യുകയായിരുന്നു ആദ്യ ഘട്ടത്തില്‍. കിതാബുല്‍ ഉമ്മില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയ ഹദീസുകള്‍ പ്രശസ്ത പണ്ഡിതനായ അബുല്‍ അബ്ബാസ് അല്‍ അസ്വമ്മ് (മരണം ഹിജ്‌റ 346) സമാഹരിച്ചിട്ടുണ്ട്. മുസ്‌നദുശ്ശാഫിഈ എന്ന പേരില്‍ അതറിയപ്പെടുന്നു. ആയിരത്തി എഴുന്നൂറ്റി ഇരുപത്തിയൊന്ന് ഹദീസുകള്‍-ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി-പ്രസ്തുത കൃതിയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇമാം അബൂ ജഅ്ഫര്‍ അത്വഹാവി (മരണം ഹിജ്‌റ 321), ശാഫിഈ തന്റെ ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്ത ഹദീസുകള്‍ അസ്സുനന്‍ എന്ന കൃതിയില്‍ ക്രോഡീകരിച്ചിരിക്കുന്നു. എന്നാല്‍, ഇമാം ബൈഹഖിയുടെ മഅ്‌രിഫത്തുസ്സുനന്‍ വല്‍ ആസാര്‍ എന്ന ഗ്രന്ഥമാണ് ശാഫിഈയുടെ ഹദീസുകള്‍ ഏറ്റവുമേറെ സമാഹരിച്ച കൃതി. ഈ ഗ്രന്ഥങ്ങളെല്ലാം കണ്ണോടിക്കുന്ന ഒരാള്‍ക്ക്, ആ കാലഘട്ടത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതരില്‍ ഒരാളായിരുന്നു ശാഫിഈ എന്ന് ബോധ്യമാകും. തന്റെ ഗുരുനാഥന്‍ മാലികിനേക്കാളോ ശിഷ്യന്‍ അഹ്മദുബ്‌നു ഹമ്പലിനെക്കാളോ ഒട്ടും കുറവായിരുന്നില്ല അദ്ദേഹത്തിന്റെ ഹദീസ് പരിജ്ഞാനം.

ഹദീസുകളുടെ നിരൂപണ ശാസ്ത്ര(ഉലൂമുല്‍ ഹദീസ്)ത്തിനും ഹദീസുകളില്‍നിന്ന് കര്‍മശാസ്ത്ര വിധികള്‍ നിര്‍ധാരണം ചെയ്യുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. റിപ്പോര്‍ട്ടര്‍മാരെ നിരൂപണം ചെയ്യുന്നതിന് അവലംബിക്കേണ്ട മാനദണ്ഡങ്ങള്‍ വിവരിച്ചു. 'സനദു'കളും 'മത്‌നു'കളും എപ്രകാരം നിരൂപണം ചെയ്യാമെന്ന് പഠിപ്പിച്ചു. അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ അര്‍രിസാലയില്‍ ഇവ സംബന്ധമായ വിശദീകരണം കാണാം. ഹദീസ് വിജ്ഞാനത്തില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കുറിച്ച് ഇമാം ബൈഹഖി പ്രശംസിച്ചിരിക്കുന്നു.3

ഹദീസ് നിരൂപണ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നുവേണമെങ്കില്‍ ശാഫിഈയെ വിശേഷിപ്പിക്കാം. അദ്ദേഹം പറഞ്ഞുവെച്ച പഠനങ്ങള്‍ക്കപ്പുറം വളരെ കുറച്ചു മാത്രമേ പില്‍ക്കാലക്കാര്‍ക്ക് സഞ്ചരിക്കേണ്ടിവന്നിട്ടുള്ളൂ. ഹദീസുകള്‍ പരസ്പരവിരുദ്ധമായി തോന്നുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഇഖ്തിലാഫുല്‍ ഹദീസ് എന്ന ആഖ്യാനത്തില്‍ വിശദീകരിക്കുന്നു. അതുപോലെ ഖുര്‍ആനോട് പ്രത്യക്ഷത്തില്‍ എതിരായിത്തോന്നുന്ന ഹദീസുകളെ എങ്ങനെ സമീപിക്കണം, ഖുര്‍ആന്‍ ഹദീസിനെ ദുര്‍ബലപ്പെടുത്തുമോ, ഹദീസുകള്‍ ഖുര്‍ആനെ ദുര്‍ബലപ്പെടുത്തുമോ തുടങ്ങിയ വിഷയങ്ങളെല്ലാം അദ്ദേഹം ചര്‍ച്ച ചെയ്തിരിക്കുന്നു. ശാഫിഈയുടെ ഈ മികച്ച സേവനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അര്‍രിസാലയുടെ കൈയെഴുത്ത് പ്രതികള്‍ സൂക്ഷ്മ പരിശോധന(തഹ്ഖീഖ്) നടത്തിയ വിഖ്യാത പണ്ഡിതന്‍ മഹ്മൂദ് ശാകിര്‍ എഴുതുന്നു: ''ഈ പുസ്തകത്തിന്റെ ശീര്‍ഷകങ്ങളും അതില്‍ ഇമാം പ്രതിപാദിച്ച വിഷയങ്ങളും എന്റെ അഭിപ്രായത്തില്‍ ഉസ്വൂലുല്‍ ഹദീസില്‍ പണ്ഡിതന്മാര്‍ രചിച്ച ഏറ്റവും അമൂല്യവും സൂക്ഷ്മവുമായ വിവരണങ്ങളാണ്. സ്വഹീഹായ ഹദീസുകളുടെ ഉപാധികള്‍, നിവേദകന്മാരുടെ സ്വീകാര്യത (അദാലത്ത്), മുര്‍സല്‍, മുന്‍ഖത്വിഅ് എന്നിവയുടെ ത്യാജഗ്രാഹ്യം തുടങ്ങി ഗ്രന്ഥത്തിന്റെ അവസാനത്തില്‍ ചേര്‍ത്ത വിഷയസൂചികയില്‍ നിന്ന് അത് മനസ്സിലാക്കാം. അദ്ദേഹത്തിനു ശേഷം ഗ്രന്ഥരചന നടത്തിയവരെല്ലാം ഉലൂമുല്‍ ഹദീസിലെ ചില ശാഖാപരമായ കാര്യങ്ങള്‍ മാത്രമേ പുതുതായി പറഞ്ഞിട്ടുള്ളൂ. മുമ്പാരും ചെയ്തിട്ടില്ലാത്ത രീതിയില്‍ ഈ വിജ്ഞാനീയങ്ങളെയെല്ലാം ഈ പൂസ്തകത്തിലദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നു''4 

'ഹദീസുകളെക്കുറിച്ചും അതിന്റെ നിവേദകരെക്കുറിച്ചും നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക. പ്രബലമായ വല്ല ഹദീസും ലഭിച്ചാല്‍ എന്നെ കൂടി അറിയിക്കണ'മെന്ന് ഇമാം ശാഫിഈ, അഹ്മദുബ്‌നു ഹമ്പലിനോടും അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദിയോടും പറഞ്ഞത്, പ്രസ്തുത ശാഖയിലുള്ള അദ്ദേഹത്തിന്റെ വിവരക്കുറവാണ് സൂചിപ്പിക്കുന്നതെന്ന് ആരോപിക്കുന്നവരുണ്ട്. കൂടാതെ, ഇമാം ശാഫിഈ ഹദീസ് വിഷയത്തില്‍ പ്രാമാണികനല്ലാത്തതുകൊണ്ടാണ് ബുഖാരിയിലും മുസ്‌ലിമിലും അദ്ദേഹത്തിന്റെ ഹദീസുകള്‍ ചേര്‍ക്കാത്തതെന്നും ആരോപണമുണ്ട്. യഹ്‌യബ്‌നു മഈനിനെ പോലുള്ള പ്രഗത്ഭര്‍ ഈ ആരോപണങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ടെന്ന് ഖാദി ഇയാദും പ്രസ്താവിച്ചിരിക്കുന്നു.5 എന്നാല്‍, ഇത്തരം ആരോപണങ്ങളെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട് ഇമാം റാസി6യും ഖത്വീബുല്‍ ബഗ്ദാദി7യും ഇബ്‌നു ഹജരില്‍ അസ്ഖലാനി8യും ഉപന്യസിച്ചിരിക്കുന്നു. ഇമാം അഹ്മദ് എത്ര ആദരവോടെയാണ് ശാഫിഈയെ പരിഗണിക്കുന്നതെന്ന് താഴെ പറയുന്ന സംഭവം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ സ്വാലിഹ് പറയുന്നു: ''ഒരിക്കല്‍ യഹ്‌യ ബ്‌നു മഈന്‍ എന്നെ കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'താങ്കളുടെ പിതാവ് എന്താണീ ചെയ്യുന്നത്? അദ്ദേഹത്തിന് നാണമില്ലേ?' എന്താണദ്ദേഹം ചെയ്തതെന്ന് ഞാന്‍ ആരാഞ്ഞു. യഹ്‌യ പറഞ്ഞു: 'ശാഫിഈയോടൊപ്പം അദ്ദേഹത്തെ ഞാന്‍ കണ്ടു. ശാഫിഈ വാഹനപ്പുറത്തിരിക്കുകയും അദ്ദേഹം വാഹനത്തിന്റെ ഒരു വശം ചേര്‍ന്ന് നടക്കുകയും ചെയ്യുന്നു.' ഇക്കാര്യം ഞാന്‍ പിതാവിനോട് പറഞ്ഞപ്പോള്‍ പ്രതികരണം ഇപ്രകാരമായിരുന്നു: ഇനി അയാളെ കാണുമ്പോള്‍ പറയുക, വിജ്ഞാനം വേണമെങ്കില്‍ ആ വാഹനത്തിന്റെ മറുവശം ചേര്‍ന്ന് നടക്കാന്‍.''9

ഹദീസ് നിഷേധ പ്രവണത വളരെ ശക്തിപ്പെട്ട കാലമായിരുന്നു ശാഫിഈയുടേത്. ചിലര്‍ ഹദീസിന്റെ പ്രാമാണികത തന്നെ നിഷേധിച്ചു. ഖുര്‍ആന്‍ വായിക്കുന്ന അറബി ഭാഷാ അഭിജ്ഞന് മറ്റൊന്നും ആവശ്യമില്ലെന്നവര്‍ വാദിച്ചു. 'മുതവാതിറാ'യ ഹദീസുകളിലൂടെ മാത്രമേ ഖണ്ഡിതമായ വിവരം ലഭിക്കുകയുള്ളൂവെന്നും അതിനാല്‍ അവ മാത്രമേ പ്രമാണമാക്കാവൂ എന്നും മറ്റൊരു കൂട്ടര്‍. ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളുടെ വിശദീകരണമല്ലാതെ സ്വതന്ത്രമായ നിയമനിര്‍മാണത്തിന് ഹദീസ് അര്‍ഹമല്ലെന്ന് വേറൊരു വിഭാഗം. ഖബറുല്‍ വാഹിദ് (ഏകാംഗ നിവേദനം) അസ്വീകാര്യമാണെന്ന് മറ്റു ചിലര്‍ ശഠിച്ചു. ഇവരുടെയെല്ലാം കടന്നാക്രമണം മൂലം 'അഹ്‌ലുല്‍ ഹദീസ്' (ഹദീസ് മുറുകെ പിടിക്കുന്നവര്‍) പൊതു സമൂഹത്തില്‍ ദുര്‍ബലരായി. ഖിയാസ്, ഇസ്തിഹ്‌സാന്‍, മസ്വാലിഹു മുര്‍സല എന്നീ ബുദ്ധിപരമായ തെളിവുകളെ അവലംബിക്കുന്ന ''അഹ്‌ലുര്‍റഅ്‌യ്' ശക്തിപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ സുന്നത്തിന്റെ പ്രാമാണികത യുക്തിഭദ്രമായും പ്രമാണാധിഷ്ഠിതമായും സ്ഥാപിച്ചുകൊണ്ട് ഇമാം ശാഫിഈ നടത്തിയ സംവാദങ്ങളും രചനകളും അഹ്‌ലുല്‍ ഹദീസിന് ഊര്‍ജം നല്‍കി. ശാഫിഈയുടെ അപഗ്രഥനങ്ങളുടെ സാമ്പിളുകള്‍ അദ്ദേഹത്തിന്റെ പ്രഖ്യാത ഗ്രന്ഥമായ അല്‍ ഉമ്മിലെ ജിമാഉല്‍ ഇല്‍മ് എന്ന അധ്യായത്തിലും അര്‍രിസാലയിലെ പ്രതിപാദനത്തിലും കാണാം. എതിരാളികളെ നിലംപരിശാക്കുന്നതിന് എത്ര സമര്‍ഥമായാണ് അദ്ദേഹം കരുക്കള്‍ നീക്കുന്നതെന്ന് അവയില്‍നിന്ന് വ്യക്തമാകും.

ഹദീസുകള്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ വൈരുധ്യം തോന്നിയേക്കാമെങ്കിലും സൂക്ഷ്മപഠനത്തില്‍ അത്തരം അപാകതകള്‍ ഇല്ലാതാകുമെന്നും ശാഫിഈ സിദ്ധാന്തിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂന്ന് രീതികള്‍ അവലംബിക്കാവുന്നതാണ്:

1. ആദ്യം പറഞ്ഞ ഹദീസും രണ്ടാമത്തെ ഹദീസും ഏതാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. അപ്പോള്‍ ആദ്യത്തേതിനെ രണ്ടാമത്തേത് ദുര്‍ബലപ്പെടുത്തിയിരിക്കും.

2. രണ്ട് ഹദീസുകളുടെയും ബലാബലം പരിശോധിക്കുക. ഏറ്റവും പ്രബലമായ ഹദീസ് സ്വീകരിക്കുകയും മറ്റേത് തള്ളിക്കളയുകയും ചെയ്യുക.

3. ഏത് ഹദീസിനാണ് ഖുര്‍ആനിലെ സൂചനകളുടെ പിന്‍ബലമുള്ളതെന്ന് പരിശോധിക്കുക. എന്നിട്ടവ സ്വീകരിക്കുക.

ഒരു നിലക്കും യോജിക്കില്ലെന്ന് ബോധ്യപ്പെടുന്ന ഹദീസുകളെക്കുറിച്ചാണ് ഇപ്പറയുന്നത്. മിക്കവാറും ഹദീസുകളുടെ വൈരുധ്യം മറ്റു രീതികളില്‍ പരിഹരിക്കാമെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.10 ഇമാം ശാഫിഈയുടെ ഈദൃശ സേവനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ 'നാസിറുസ്സുന്ന' (നബിചര്യയുടെ സംരക്ഷകന്‍) എന്നു വിളിക്കുന്നത്. ഇമാം റാസി പറയുന്നത് നോക്കുക: ''ഇമാം ശാഫിഈയെ പണ്ഡിത ലോകം കണക്കറ്റ് ശ്ലാഘിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ ആഗമനത്തിനു മുമ്പ് അവര്‍ രണ്ട് വിഭാഗമായി ഭിന്നിച്ചിരുന്നു. അഹ്‌ലുല്‍ ഹദീസും അഹ്‌ലുര്‍റഅ്‌യും. ഇമാം ശാഫിഈ ഹദീസിനെക്കുറിച്ച് നന്നായി അറിയുന്നവനും അതിന്റെ നിയമവശങ്ങളെല്ലാം സൂക്ഷ്മമായി പഠിച്ചവനും വാഗ്വാദവും സംവാദവും നടത്താന്‍ അങ്ങേയറ്റം കഴിവുള്ളവനുമായിരുന്നു. അദ്ദേഹത്തിന്റെ വാഗ്വിലാസത്തിനു മുന്നില്‍ എതിരാളികള്‍ തലകുനിക്കും. നബിയുടെ ഹദീസുകളെ സംരക്ഷിക്കാന്‍ രംഗപ്രവേശം ചെയ്ത അദ്ദേഹത്തിന് ഏത് ചോദ്യങ്ങള്‍ക്കും തൃപ്തികരവും സമ്പൂര്‍ണവുമായ മറുപടി നല്‍കാന്‍ സാധിച്ചു. തന്മൂലം അഹ്‌ലുല്‍ ഹദീസിന്മേലുള്ള അഹ്‌ലുര്‍റഅ്‌യുകാരുടെ മേധാവിത്തം അവസാനിക്കുകയും അവരുടെ കര്‍മശാസ്ത്രം പിറകോട്ടുപോവുകയും ചെയ്തു. അതോടെ ശാഫിഈയെ പണ്ഡിത ലോകം പാടിപ്പുകഴ്ത്താന്‍ തുടങ്ങി.11

ഹദീസ് ശാസ്ത്രത്തില്‍ തുംഗസ്ഥാനീയനായിരുന്നു ശാഫിഈയെങ്കിലും ഹദീസുകളെല്ലാം തനിക്ക് ലഭ്യമായി എന്നദ്ദേഹത്തിന് വാദമുണ്ടായിരുന്നില്ല. അതിനാലാണ് പ്രബലമായ ഹദീസ് കണ്ടാല്‍ തന്നെയും അറിയിക്കണമെന്ന് വിനയത്തോടെ അദ്ദേഹം സമശീര്‍ഷരോട് പറയുന്നത്. മാത്രമല്ല, തന്റെ ചില അഭിപ്രായങ്ങള്‍ ഹദീസിന് വിരുദ്ധമായേക്കാമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. അതിനാല്‍, തന്റെ അഭിപ്രായങ്ങള്‍ ഹദീസുകള്‍ക്കെതിരാണെന്ന് ബോധ്യപ്പെട്ടാല്‍ അവ സ്വീകരിക്കരുതെന്നും ഹദീസുകളെയാണ് മുറുകെ പിടിക്കേണ്ടതെന്നും അനുയായികളെ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. 'ഹദീസ് പ്രബലമായി വന്നാല്‍ അതില്‍ പറയുന്നതാണ് എന്റെ മദ്ഹബ്', 'ഞാന്‍ പറയുന്നതിനെതിരില്‍ ഏതെങ്കിലും പ്രശ്‌നത്തില്‍ പ്രവാചകമൊഴി സ്ഥിരപ്പെട്ടുവന്നാല്‍ ഞാന്‍ എന്റെ അഭിപ്രായത്തില്‍നിന്ന് പിന്മാറും. അത് എന്റെ ജീവിതകാലത്താകട്ടെ, മരണാനന്തരമാകട്ടെ'- ഇവയെല്ലാം ഇമാമിന്റെ പ്രസ്താവനകളാണ്.

തന്റെ അഭിപ്രായത്തിനെതിരില്‍ ഒരു ഹദീസും വരില്ല എന്ന അര്‍ഥത്തിലല്ല ഇപ്പറഞ്ഞത്. അതുകൊണ്ടാണ് ഇമാമിന്റെ ചില അഭിപ്രായങ്ങള്‍ ഹദീസുകള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ ഹദീസില്‍ പറയുന്നതുപോലെയാണ് അദ്ദേഹത്തിന്റെ മദ്ഹബെന്ന് തിരുത്തി മനസ്സിലാക്കണമെന്നും പ്രാമാണികരായ ശാഫിഈ പണ്ഡിതര്‍ തന്നെ പ്രഖ്യാപിച്ചത്. ഇമാം ബൈഹഖി, ഇബ്‌നുല്‍ മുന്‍ദിര്‍, ഇമാം നവവി എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇമാം നവവി പറഞ്ഞു: ''മരിച്ച ഒരാള്‍ക്കു വേണ്ടി അയാളുടെ ഉറ്റ ബന്ധു നോമ്പനുഷ്ഠിക്കുന്നത് അനുവദനീയമാണെന്നതാണ് ശരി. അത് റമദാന്‍ നോമ്പോ നേര്‍ച്ച നോമ്പോ ആയാല്‍ പോലും.'' പ്രബലമായ ഹദീസുകളാണിതിനാധാരം. അവക്കെതിരെ മറ്റു തെളിവുകളില്ല. ശാഫിഈയുടെ മദ്ഹബ് ഇപ്രകാരം ആവേണ്ടിയിരുന്നു. കാരണം അദ്ദേഹം തന്നെ പറഞ്ഞു: ''ഹദീസ് പ്രബലമായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനെതിരിലുള്ള എന്റെ അഭിപ്രായം തള്ളിക്കളയുക.'' ഇവ്വിഷയകമായി പ്രബലമായ ഹദീസുകള്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍നിന്ന് ചില പരമ്പരകളിലൂടെ വന്ന ഹദീസുകള്‍ മാത്രമേ ശാഫിഈ കണ്ടിട്ടുള്ളൂ. അതിന്റെ എല്ലാ പരമ്പരകളും അതുപോലെ ബുറൈദയുടെയും ആഇശയുടെയും ഹദീസുകളും അദ്ദേഹം കണ്ടിരുന്നുവെങ്കില്‍ അവക്കെതിര് പറയുമായിരുന്നില്ല.12 ശാഫിഈ മദ്ഹബിനെ അന്ധമായി പിന്‍പറ്റുന്നവരെ ഇത്തരം പ്രസ്താവനകള്‍ കണ്ണ് തുറപ്പിക്കേണ്ടതാണ്.  

 

കുറിപ്പുകള്‍

1. An Introduction to the conservation of Hadith, Dr. Mohammed Hamidulla

2. അസ്സുന്ന, ഡോ. മുസ്ത്വഫസ്സിബാഈ, പേജ് 64-66

3. മനാഖിബുശ്ശാഫിഈ, വാള്യം 2, പേജ് 5-24

4. അര്‍രിസാല, തഹ്ഖീഖ് അഹ്മദ് ശാകിര്‍, പേജ് 13

5. തര്‍ത്തീബുല്‍ മദാരികി വ തഖ്‌രീബുല്‍ മസാലിക്, അല്‍ഖാദി ഇയാദ്, വാള്യം 1, പേജ് 92

6. മനാഖിബുല്‍ ഇമാമുശ്ശാഫിഈ, അര്‍റാസി, പേജ് 232

7. മസ്അലത്തുല്‍ ഇഹ്തിജാജി ബി ശാഫിഈ, ഖത്വീബുല്‍ ബഗ്ദാദി, പേജ് 53-55

8. തഹ്ദീബുത്തഹ്ദീബ്, ഇബ്‌നു ഹജര്‍ അസ്ഖലാനി, വാള്യം 5, പേജ് 219-227

9. അല്‍ ഇന്‍തിഖാഅ്, ഇബ്‌നു അബ്ദില്‍ ബര്‍റ്, പേജ് 126

10. അല്‍ ഉമ്മ്, കിതാബ് ഇഖ്തിലാഫില്‍ ഹദീസ്

11. മനാഖിബുല്‍ ഇമാമിശ്ശാഫിഈ, അര്‍റാസി, പേജ് 66

12. www.islamweb.net ഫത്‌വ നമ്പര്‍ 140782

 

 

വി.കെ അലി: മലപ്പുറം ജില്ലയിലെ എടയൂര്‍ സ്വദേശി. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനി എന്നിവിടങ്ങളില്‍ പഠനം. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിക്ക് വേണ്ടി നബിചരിത്രം, ഖുര്‍ആന്‍ പഠനം എന്നീ പാഠപുസ്തകങ്ങള്‍ രചിച്ചു. സൂറത്തുന്നൂര്‍, സൂറത്തുയാസീന്‍, ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനമോ?, അതികായന്മാരുടെ സംവാദം എന്നിവ വിവര്‍ത്തന ഗ്രന്ഥങ്ങളാണ്. 

ഫോണ്‍: 9645524008


Comments

Other Post