Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സമകാലിക ഫത്‌വകളുടെ നിദാനങ്ങളും സ്വഭാവവും

കെ.എം അശ്‌റഫ് നീര്‍ക്കുന്നം

പ്രമാണങ്ങളോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കര്‍മശാസ്ത്രസരണി- ശാഫിഈ മദ്ഹബിന്റെ വിശേഷണങ്ങളില്‍ ഒന്നാണിത്. വെറുമൊരു അലങ്കാര വര്‍ത്തമാനമല്ല, ഈ മദ്ഹബിന്റെ ആദ്യകാല ചരിത്രവും മൗലികപ്രമാണങ്ങളെ സ്വീകരിക്കുന്നതില്‍ ഇമാം ശാഫിഈ പുലര്‍ത്തിയ പ്രതിബദ്ധതയും ജാഗ്രതയും അറിയാവുന്ന ഏതൊരാള്‍ക്കും ഈ വിശേഷണം തികച്ചും യോഗ്യമെന്നേ പറയാനാകൂ. പക്ഷേ, പില്‍ക്കാലത്ത് മദ്ഹബിനുള്ളില്‍ സംഭവിച്ച പരിണാമങ്ങള്‍ ഈ വിശേഷണത്തിന്റെ ഗരിമ തെല്ലൊന്നുമല്ല കെടുത്തിക്കളഞ്ഞത്. അന്ധമായ അനുകരണവും പ്രമാണങ്ങള്‍ക്കുപരിയായി മദ്ഹബീ പണ്ഡിതരുടെ വാക്കുകള്‍ക്ക് ലഭിച്ച അപ്രമാദിത്വവും ഈ കര്‍മശാസ്ത്രസരണിയെ സങ്കുചിതത്വത്തിന്റെയും പക്ഷപാതിത്വത്തിന്റെയും കൂടാരമാക്കിക്കളഞ്ഞു. ജീവല്‍പ്രശ്‌നങ്ങളോട് സംവദിക്കാനുള്ള ദീനിന്റെ ഇജ്തിഹാദെന്ന വലിയ സംവിധാനത്തിന്റെ സാധ്യതകളെ നിരാകരിക്കുകവഴി ചില പണ്ഡിതാഭിപ്രായങ്ങളുടെ ചുവരുകള്‍ക്കുള്ളില്‍ മദ്ഹബിനെ ചുരുക്കിക്കെട്ടുകയാണുണ്ടായത്. ഫലത്തില്‍ ജീവിക്കുന്ന കാലത്തെയും സാമൂഹികാവസ്ഥകളെയും അഭിമുഖീകരിക്കാന്‍ കഴിയാത്ത, അഞ്ചാം നൂറ്റാണ്ടിന്റെ പഴമയുടെ ചൂരടിക്കുന്ന ഫത്‌വകളാണ് ശാഫിഈ മദ്ഹബിന്റേതായി സമീപകാലത്ത് കണ്ടുവരുന്നത്. 

ഉത്തരാധുനികതയുടെയും നവചിന്താപരിസരങ്ങളുടെയും പുതുലോകക്രമത്തെ അഭിമുഖീകരിക്കുന്നവന്റെ ജീവിതഗന്ധിയായ പ്രശ്‌നങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'ഖൗലു'കള്‍ പരിഹാരങ്ങളായി അവതരിപ്പിക്കപ്പെടുമ്പോള്‍ കാലത്തോട് സംവദിക്കാനുള്ള ഫിഖ്ഹിന്റെ ശേഷി തന്നെയാണ് ചോദ്യം ചെയ്യപ്പെടുക. നമ്മുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമായ സ്ഥലകാലങ്ങളില്‍ ജീവിച്ച, നമ്മുടെ അനുഭവങ്ങള്‍ പരിചയിച്ചിട്ടില്ലാത്ത ഒരു തലമുറക്കെങ്ങനെയാണ് ആധുനികന്റെ സമസ്യകള്‍ക്ക് ഉത്തരം നല്‍കാനാവുക? മുന്‍തലമുറയുടെ പാണ്ഡിത്യവും ഗവേഷണബുദ്ധിയും വിസ്മയാവഹം തന്നെയെന്ന് സമ്മതിച്ചാലും അവരുടെ അഭിപ്രായങ്ങള്‍ക്ക് നിത്യനൂതനത്വം ലഭിക്കുന്നതെങ്ങനെ? 

'ജീവിക്കുന്ന കാലത്തെ അറിയുക' - മുജ്തഹിദിന്റെ യോഗ്യത നിര്‍ണയിക്കുന്ന മര്‍മപ്രധാനമായ മാനദണ്ഡമാണിത്. കര്‍മശാസ്ത്രവിധികള്‍ നിര്‍ധാരണം ചെയ്യുമ്പോള്‍ സ്ഥലകാലങ്ങള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണീ നിബന്ധന. കാരണം നിയമങ്ങളെപ്പോഴും അവ നടപ്പാക്കപ്പെടുന്ന ചുറ്റുപാടുകളോട് ബന്ധപ്പെട്ടിരിക്കുന്നു. ഇജ്തിഹാദിനെ സംബന്ധിച്ച മൗലികമായ ഈ വ്യവസ്ഥ നിലനില്‍ക്കെത്തന്നെ, അധുനാതന പ്രശ്‌നങ്ങളില്‍ പോലും അഞ്ചാം നൂറ്റാണ്ടിന്റെയും ആറാം നൂറ്റാണ്ടിന്റെയും ഏടുകളെ ഓര്‍മിപ്പിക്കുംവിധം നമ്മുടെ ഫത്‌വകള്‍ മുരടിച്ചുപോയതെങ്ങനെയാണ്? ആധുനിക സാമ്പത്തിക വ്യവഹാരങ്ങളെ വിശകലനം ചെയ്യേണ്ടിവരുമ്പോഴും അടിമക്കച്ചവടവും സവാരിക്കായി ഒട്ടകങ്ങളെ വാടകക്കെടുക്കുന്നതുമായ വിധികള്‍ പേര്‍ത്തും പേര്‍ത്തും ഉദ്ധരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?  

ഒരു കര്‍മശാസ്ത്രഗവേഷകനെ സംബന്ധിച്ചടത്തോളം പൂര്‍വസൂരികളുടെ അഭിപ്രായങ്ങളും ഫിഖ്ഹീ പാരമ്പര്യവും അമൂല്യമായ സ്വത്താണെന്നതില്‍ തര്‍ക്കമില്ല. പ്രഗല്‍ഭമതികളായ പൗരാണികരുടെ നിരീക്ഷണങ്ങള്‍ ഗവേഷണപാതയില്‍ വെളിച്ചം വിതറുകയും ചെയ്യും. എന്നാല്‍ 'നസ്സ്വു'കള്‍ക്കില്ലാത്ത അപ്രമാദിത്വം പൂര്‍വികരുടെ 'ഖൗലു'കള്‍ക്ക് നല്‍കപ്പെടുകയും മൗലികപ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് ഒരിക്കലും ഭൂഷണമല്ല. ശരീഅത്തിന്റെ അടിത്തറകളെ കീഴ്‌മേല്‍ മറിക്കുന്ന അപകടമാണത്. 

അതുപോലെത്തന്നെ അപകടകരമാണ് നവീനമായ ഏതൊരു പ്രശ്‌നത്തിനും പൗരാണികരുടെ രചനകളില്‍ പരിഹാരമുണ്ടെന്ന വാദം. ഇത് ഒരേ സമയം അതിവാദവും മൗലികപ്രമാണങ്ങളെ കേന്ദ്രമാക്കിയുള്ള പഠനഗവേഷണങ്ങളെ റദ്ദ് ചെയ്യുന്നതുമാണ്. സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഫത്‌വകളുടെ ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു (വ്യക്തിവിമര്‍ശനമോ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യലോ, ഫത്‌വകളുടെ ശരി തെറ്റ് നിര്‍ണയമോ അല്ല, മറിച്ച് ആധുനികന്റെ പ്രശ്‌നങ്ങള്‍ക്ക് പഴമയുടെ ഏടുകളില്‍ പരിഹാരം തേടുമ്പോള്‍ ഉണ്ടാവുന്ന അനര്‍ഥങ്ങളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ഉദ്ദേശ്യം). 

 

സ്വയം സംസാരിക്കുന്ന ഉദാഹരണങ്ങള്‍ 

1. ഒരു കൈയില്‍ ഇരട്ട ചൂണ്ടുവിരല്‍ ഉള്ളവന്‍ അത്തഹിയ്യാത്തില്‍ രണ്ടു വിരലും ചൂണ്ടണോ? 

ഉ: രണ്ട് ചൂണ്ടുവിരലും സമാനമാണെങ്കില്‍ രണ്ടുകൊണ്ടും ചൂണ്ടണം (ശര്‍വാനി 2/80).

2. കള്ളക്കേസ് മുഖേന കിട്ടിയ ഭൂമിയില്‍ വെച്ച് നിസ്‌കരിച്ചാല്‍ അത് സ്വഹീഹാവുകയില്ലെന്ന് അഭിപ്രായം കേട്ടു. നിസ്‌കരിക്കാനാകുമോ? 

ഉ: പിടിച്ചു വാങ്ങിയ ഭൂമിയില്‍ നിസ്‌കരിക്കല്‍ ഹറാമാണ്. നിസ്‌കാരം സ്വീകാര്യമാവും. പക്ഷേ,  പുണ്യം ലഭിക്കുകയില്ല (ഫത്ഹുല്‍ മുഈന്‍ 82).

3. നെറ്റ്‌വര്‍ക്കിന്റെ ഇസ്‌ലാമിക വിധിയെ സംബന്ധിച്ച് .....?

ഉ: നെറ്റ്‌വര്‍ക്കിലൂടെ ആളുകളെ ചേര്‍ക്കുന്നതുകൊണ്ട് കിട്ടുന്ന സംഖ്യ കൂലിയോ ഇനാമോ ആയി കണക്കാക്കാന്‍ നിര്‍വാഹമില്ല. കാരണം അവര്‍ക്ക് ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകള്‍ ഇവിടെ പാലിക്കപ്പെടുന്നില്ല. കൂലി നിര്‍ണിതമാക്കുക എന്നത് കൂലിക്കെടുക്കല്‍ ഇടപാടിന് ഒഴിച്ചുകൂടാത്തതാണ് (തുഹ്ഫ 6/127).

4. മുബ്തദികള്‍ ഉദ്ഹിയത്ത് അറുത്ത് മാംസം വിതരണം ചെയ്താല്‍ സുന്നികള്‍ക്ക് സ്വീകരിക്കാമോ?

ഉ. മുബ്തദികള്‍ സ്വന്തമായി അറവ് നടത്തിയാല്‍ ആ വസ്തു ഹലാലാവില്ല എന്നതില്‍ സംശയമില്ല (തുഹ്ഫ വാള്യം 9, പേജ് 314).

5. ഉദ്ഹിയത്ത് മാംസം അവിശ്വാസികള്‍ക്ക് കൊടുക്കാമോ?

ഉ: ...... ഉദ്ഹിയത്ത് അറുക്കുന്നവനായാലും അത് ദാനമായി ലഭിച്ചവനായാലും പച്ച മാംസമായാലും വേവിച്ചതായാലും അവിശ്വാസികള്‍ക്ക് കൊടുക്കാവതല്ല. ഉദ്ഹിയത്ത് മാംസം കറിവെച്ചതായാലും അവര്‍ക്ക് വിളമ്പാന്‍ പാടില്ലെന്നതാണ് നിയമം (തുഹ്ഫ 7/179, 9/363 ജമല്‍ 259).

6. സ്ത്രീധനത്തിന് സകാത്തുണ്ടോ?

ഉ. സ്ത്രീധനത്തിന് സകാത്ത് നിര്‍ബന്ധമാണ്. 595 ഗ്രാം വെള്ളിയുടെ വിലയ്ക്ക് സമാനമായ സംഖ്യയുണ്ടെങ്കിലാണ് സകാത്ത് കൊടുക്കേണ്ടത്.

7. ഫിത്വ്ര്‍ സകാത്തിനെക്കുറിച്ച്?

ഉ. ...... ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം വില കൊടുത്താല്‍ മതിയാവില്ല.

8. സംഗീതത്തെ കുറിച്ച്?

ഉ. ...... ഉപകരണ സഹിതമുള്ള ഇന്നത്തെ സംഗീതം ഹറാം തന്നെയാണ് (തുഹ്ഫ 10/219).

എല്ലാ ഫത്‌വകളും ഉദ്ധരിച്ചിരിക്കുന്നത്, ഫതാവാ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എന്ന കൃതിയില്‍ നിന്ന്. 

മുകളില്‍ ഉദ്ധരിച്ച ഫത്‌വകള്‍ ശ്രദ്ധിച്ചാല്‍ വലിയ രണ്ട് അപകടങ്ങള്‍ അവയില്‍ ഒളിച്ചിരിക്കുന്നത് കാണാം. 

ഒന്ന്: ഈ ഫത്‌വകളില്‍ അവയ്ക്കാധാരമായി ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നുമുള്ള പ്രമാണങ്ങള്‍ ഉദ്ധരിച്ചിട്ടില്ല. ഖുര്‍ആനിലും സുന്നത്തിലും ഖണ്ഡിതമായ തെളിവുകള്‍ വന്നിട്ടില്ലാത്ത വിഷയങ്ങളാണെങ്കില്‍ അവക്കാധാരമായ മറ്റു നിദാന ശാസ്ത്ര അടിത്തറ ഏതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. മറിച്ച് ഏതെങ്കിലും ഒരു പണ്ഡിതന്റെ വാക്കോ ഒരു ഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണിയോ ആണ് ചേര്‍ത്തിട്ടുള്ളത്. വേണമെങ്കില്‍ ഒരു സാധാരണക്കാരന് മതവിധികള്‍ ബോധ്യപ്പെടാന്‍ വേണ്ടി രചിക്കുന്ന ഇത്തരം കൃതികളില്‍ പ്രമാണങ്ങള്‍ ഉദ്ധരിക്കേണ്ടതില്ലെന്ന് വാദിക്കാം. പക്ഷേ, ഈ രീതി കാരണം അനുകര്‍ത്താവിന്റെ മനസ്സില്‍ മൗലിക പ്രമാണങ്ങള്‍ക്ക് ഇടമില്ലാതാവുകയും പണ്ഡിതന്‍ ഉയര്‍ന്നുനില്‍ക്കുകയും ചെയ്യും. മാത്രമല്ല ഖുര്‍ആനും സുന്നത്തുമല്ല ദീനീവിധികളുടെ അടിത്തറ, പ്രത്യുത പണ്ഡിതന്മാരുടെ 'ഖൗലു'കളാണ് എന്ന ധാരണ സാധാരണക്കാരന്റെ മനസ്സില്‍ ഉറക്കുകയും ചെയ്യും. ആലിമീങ്ങളുടെ ഖൗലുകള്‍ ശര്‍ഇന്റെ പുതിയ അടിസ്ഥാനമാക്കി മാറ്റപ്പെടുന്നതോടുകൂടി മൗലിക പ്രമാണങ്ങളും മറ്റു നിദാന ശാസ്ത്ര തത്ത്വങ്ങളും വിസ്മൃതമാകുന്ന അവസ്ഥ സംജാതമാകും. പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെടുമ്പോള്‍ ഇന്ന പണ്ഡിതന്‍ എന്ത് പറഞ്ഞു, മറ്റേ പണ്ഡിതന്റെ അഭിപ്രായമെന്ത് എന്നാണ് സാധാരണ ജനം ആരായുക. ഖുര്‍ആനിനും സുന്നത്തിനും അവന്റെ മനസ്സില്‍ ഇടമേ ഉണ്ടാകില്ല. ശാഫിഈ മദ്ഹബിലെ ചില ഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു വിഷയത്തില്‍ മൗലിക പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്നല്ല, മറിച്ച് പണ്ഡിതരില്‍ ആരുടെ ഖൗലുകള്‍ക്ക് മുന്‍തൂക്കം നല്‍കണം എന്നതാണ് കാര്യമായ ചര്‍ച്ച. കര്‍മശാസ്ത്രത്തിന്റെ വഴിയും വികാസവും എന്ന പുസ്തകത്തിലെ 'പ്രമാണ അവലംബത്തിന്റെ മുന്‍ഗണനാ ക്രമങ്ങള്‍' എന്ന അധ്യായത്തില്‍ നടക്കുന്ന ചര്‍ച്ചയൊന്ന് ശ്രദ്ധിച്ചുനോക്കൂ: 

''ഹിജ്‌റ രണ്ടാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെയുള്ള ശാഫിഈ കര്‍മശാസ്ത്രത്തിന്റെ ആശയപരവും രചനാപരവുമായ വികാസം മദ്ഹബിനെ എല്ലാ അര്‍ഥത്തിലും കരുത്തുറ്റതാക്കി. വിവിധ കാലങ്ങളില്‍ കടന്നുവന്ന ഇമാമുകള്‍ അടിസ്ഥാനപരമായി ഒരേ ഉള്ളടക്കങ്ങളെ പ്രതിനിധീകരിച്ചുവെങ്കിലും ശാഖാപരമായ വിഷയങ്ങളില്‍ അഭിപ്രായാന്തരങ്ങളുണ്ടായിരുന്നു. അതിനാല്‍തന്നെ മദ്ഹബില്‍ പ്രബലതയുടെ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കേണ്ടിവന്നു.

മുന്‍ഗണനാക്രമത്തില്‍ പ്രഥമസ്ഥാനീയര്‍ ഇമാം നവവി(റ)യും ഇമാം റാഫിഈ(റ)യുമാണ്. അവര്‍ രണ്ട് പേരും യോജിച്ച അഭിപ്രായമാണ് മദ്ഹബില്‍ ഏറ്റവും പ്രബലം. അതിനാല്‍തന്നെ അവര്‍ക്ക് മുമ്പുള്ള ഗ്രന്ഥങ്ങള്‍ പ്രഥമദൃഷ്ട്യാ അവലംബയോഗ്യമല്ല. സൂക്ഷ്മപരിശോധനക്ക് ശേഷം മദ്ഹബീ കാഴ്ചപ്പാടാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അവ അംഗീകാരത്തിനു വരൂ. റാഫിഈ(റ)യും നവവി(റ)യും വിയോജിക്കുന്നുവെങ്കില്‍ നവവി(റ)യെയാണ് പ്രബലപ്പെടുത്തേണ്ടത്. എന്നാല്‍ അംറദിനെ നോക്കുന്ന പ്രശ്‌നത്തില്‍ റാഫിഈ ഇമാമിന്റെ അഭിപ്രായത്തെ ചില പണ്ഡിതന്മാന്‍ പ്രബലപ്പെടുത്തിയിട്ടുണ്ട്. നവവി(റ)ക്കില്ലാത്ത വല്ല തര്‍ജീഹും റാഫിഈ(റ)ക്കുണ്ടെങ്കില്‍ അവിടെ റാഫിഈ ഇമാമിന്റെ അഭിപ്രായം തന്നെയാണ് സ്വീകരിക്കുക.

ശൈഖാനിയുടെ അഭിപ്രായങ്ങളെ തര്‍ജീഹ് ചെയ്യാന്‍ അധികാരമില്ലാത്തവര്‍ 'അഹ്‌ലുത്തര്‍ജീഹുകാരാ'യ ഇബ്‌നു ഹജര്‍ ഹൈതമി(റ)യും ഇമാം റംലി സഗീറും ഒന്നിച്ചു പറഞ്ഞ അഭിപ്രായം അനുസരിച്ചാണ് ഫത്‌വ നല്‍കേണ്ടത്. അവരോട്, വിശിഷ്യാ തുഹ്ഫയോടും നിഹായയോടും എതിരാകുന്ന അഭിപ്രായ പ്രകാരം ഫത്‌വ നല്‍കല്‍ അനുവദനീയമല്ലെന്നാണ് 'ഫവാഇദുല്‍ മദനിയ്യ'യില്‍ ഇമാം കുര്‍ദി(റ) പറയുന്നത്. 'തുഹ്ഫ'യെയാണ് ഹൈതമി(റ)യുടെ ഗ്രന്ഥങ്ങളില്‍ പ്രഥമമായി അവലംബിക്കേണ്ടത്. പിന്നീട് ഫത്ഹുല്‍ ജവാദ്, ഇംദാദ്, ശര്‍ഹുബാഫള്ല്‍, ഫത്‌വകള്‍, ശര്‍ഹുല്‍ ഉബാബ് എന്നീ ഗ്രന്ഥങ്ങളെ യഥാക്രമം പരിഗണിക്കുന്നു. 'നിഹായ'ക്കാണ് റംലി(റ)യുടെ ഗ്രന്ഥങ്ങളില്‍ ആദ്യപരിഗണന.

ഹൈതമി(റ)യും റംലി(റ)യും ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളാണെങ്കില്‍ ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ അഭിപ്രായമാണ് ഫത്‌വ നല്‍കുമ്പോള്‍ പ്രഥമമായി പരിഗണിക്കേണ്ടത്. അതിനുശേഷമാണ് മുഗ്‌നിയുടെ കര്‍ത്താവായ ഖത്വീബ് ശര്‍ബീനി(റ)യുടെ അഭിപ്രായം സ്വീകരിക്കേണ്ടത്.

ഇവരാരും ചര്‍ച്ച ചെയ്യാത്ത വിഷയമാണെങ്കില്‍ മുഹശ്ശികളുടെ (ഹാശിയ രചയിതാക്കള്‍) അഭിപ്രായമാണ് പിന്നീട് സ്വീകരിക്കേണ്ടത്. അവരില്‍ പ്രഥമസ്ഥാനം സിയാദി(റ)ക്കും (മരണം:1024) തന്റെ ഹാശിയക്കുമാണ്. ശേഷം, ഇബ്‌നു ഖാസിം(റ), ഉമൈറ(റ), അലി ശബ്‌റാമല്ലസി(റ), അല്‍ ഹലബി(റ), അശ്ശൗബരി(റ) തുടങ്ങിയവരുടെ ഹാശിയകള്‍ യഥാക്രമം സ്വീകരിക്കണം'' (വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി- കര്‍മശാസ്ത്രത്തിന്റെ വഴിയും വികാസവും, പേജ് 113,114, ബഹുജത്ത് പബ്ലിക്കേഷന്‍സ്, റഹ്മാനിയാ കോളേജ് കടമേരി).

പ്രമാണങ്ങള്‍ ഒഴിവാക്കപ്പെടുകയും പണ്ഡിതരുടെ ഖൗലുകളില്‍ ആര്‍ക്ക് മുന്‍തൂക്കം നല്‍കണം എന്നത് മുഖ്യവിഷയമാവുകയും ചെയ്യുന്ന പ്രവണത എത്രമാത്രം പരിതാപകരമല്ല!

രണ്ട്: ഈ ഫത്‌വകള്‍ രൂപപ്പെട്ടുവന്ന സ്ഥലവും കാലവും എല്ലാ അര്‍ഥത്തിലും നമ്മുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമാണ്. നമ്മുടെ നാടിന്റേത് പോലെ വിവിധ മതങ്ങളുള്ളതും ബഹുസ്വരവുമായ സമൂഹത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിമിനെ അഭിമുഖീകരിക്കാന്‍ ഈ ഫത്‌വകള്‍ക്കാവില്ല. സ്ഥല-കാലങ്ങള്‍ക്കനുസരിച്ച് ഫത്‌വകളില്‍ മാറ്റമുണ്ടാവുമെന്ന അടിസ്ഥാന തത്ത്വം വിസ്മരിക്കപ്പെടുക വഴി പുതിയ കാലത്തോട് സംവദിക്കാനുള്ള ഫിഖ്ഹിന്റെ ശേഷി നഷ്ടമാവുകയാണ് ചെയ്യുക.

ഇസ്‌ലാമിലെ ഫിഖ്ഹിനെ സംബന്ധിച്ച് മൗലികമായ ഒരാശയം നാം ശ്രദ്ധിക്കേണ്ടതുണ്ട്; ഇസ്‌ലാമിലെ കര്‍മശാസ്ത്ര സരണികള്‍ വളര്‍ന്നതും വികസിച്ചതും മുസ്‌ലിം ഭരണകൂടങ്ങള്‍ അധികാരത്തിലിരുന്ന, മുസ്‌ലിംകള്‍ ഭൂരിപക്ഷമായ നാടുകളിലായിരുന്നു. മഹാന്മാരായ ഇമാമുമാരും അവരുടെ പ്രഗല്‍ഭരായ ശിഷ്യരും തങ്ങള്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളോട് സംവദിച്ചും ആ കാലത്തിന്റെ ആവശ്യങ്ങളെ അറിഞ്ഞുമാണ് തങ്ങളുടെ കര്‍മശാസ്ത്ര ഗവേഷണം മുന്നോട്ടുകൊണ്ടുപോയിരുന്നത്. സ്വാഭാവികമായും അവര്‍ ഉരുത്തിരിച്ചെടുക്കുന്ന വിധികളില്‍ അവരുടേതായ കാലത്തിന്റെ സ്പന്ദനങ്ങള്‍ കാണാതിരിക്കില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇമാം ശാഫിഈ(റ)യുടെ ഫത്‌വകള്‍. ഇറാഖിലെയും ഈജിപ്തിലെയും ജീവിത സാഹചര്യങ്ങള്‍, തെളിവുകളുടെ ലഭ്യത എന്നിവ അദ്ദേഹത്തിന്റെ പഴയതും പുതിയതുമായ ഫത്‌വകളില്‍ നിഴലിക്കുന്നുണ്ട്. കര്‍മശാസ്ത്ര ചിന്തയിലാവട്ടെ ഇമാം മാലികിന്റെ നേതൃത്വം അവകാശപ്പെടുന്ന മദീനാ ചിന്താധാരയും (മദ്‌റസത്തു അഹ്‌ലിസ്സുന്ന) ഇമാം അബൂ ഹനീഫയുടെ നേതൃത്വത്തിലുള്ള കൂഫാ ചിന്താധാരയും (മദ്‌റസത്തുര്‍റഅ്‌യ്) ഈ സ്ഥലകാല വൈവിധ്യങ്ങളുടെ കൂടി സൃഷ്ടിയാണ്. സാമ്പത്തിക ഇടപാടുകളില്‍ ഹനഫീ മദ്ഹബ് വെച്ചുപുലര്‍ത്തുന്ന ഉദാരതയിലും വിശാല വീക്ഷണത്തിലും കച്ചവട കേന്ദ്രമായ ബഗ്ദാദിന്റെ സ്വാധീനവും ക്രിമിനല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന മാലികീ മദ്ഹബിന്റെ വീക്ഷണങ്ങളില്‍ ആഫ്രിക്കന്‍ ഗോത്രപ്പോരുകളുടെ സ്വാധീനവും തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. ഹറമുകള്‍ കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ള കര്‍മശാസ്ത്ര സരണിയില്‍ ആത്മീയതക്കുള്ള പ്രാധാന്യവും, അനുഷ്ഠാനങ്ങളില്‍ കാര്‍ക്കശ്യത്തോളമെത്തുന്ന സൂക്ഷ്മതയും വന്നുചേര്‍ന്നതില്‍ സ്ഥലകാല വൈവിധ്യങ്ങളുടെ സ്വാധീനം ഉണ്ടായതില്‍ അത്ഭുതമില്ല.

മാറുന്ന പരിതഃസ്ഥിതികളെ പരിഗണിക്കാതെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഏടുകളില്‍നിന്ന് ഫത്‌വകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കര്‍മശാസ്ത്ര മണ്ഡലത്തെ അത്ര തന്നെ പഴമയിലേക്ക് പുറകോട്ടു വലിക്കുകയാണ് ചെയ്യുന്നത്. ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്, ഫിഖ്ഹുല്‍ മഖാസ്വിദ്, ഫിഖ്ഹുല്‍ ഔലവിയാത്ത്, ഫിഖ്ഹുല്‍ മആലാത്ത് തുടങ്ങി കര്‍മശാസ്ത്ര ഗവേഷണ മേഖലയിലെ നവംനവങ്ങളായ രീതികള്‍ നമ്മുടെ നാട്ടിലെ ശാഫിഈ മദ്ഹബിന്റെ അനുയായികള്‍ക്ക് അന്യമായതിന്റെ കാരണം മറ്റൊന്നല്ല.

ഇമാം ശാഫിഈ അടക്കമുള്ള ആദ്യകാല മദ്ഹബീ പണ്ഡിതര്‍ നടേ സൂചിപ്പിച്ച രണ്ടപകടങ്ങളെയും മറികടന്നവരാണ്. മൗലിക പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും അവയെ അവലംബിച്ച് രൂപപ്പെടുത്തപ്പെട്ട മറ്റു നിദാനശാസ്ത്ര അടിത്തറകളും അവരുടെ ഫത്‌വകളില്‍ മുന്‍ഗണനാക്രമത്തില്‍ തന്നെ നിറഞ്ഞുനിന്നിരുന്നു. കാലവും ദേശവുമായി ഭിന്നിക്കുന്ന മതവിധികള്‍ അവരില്‍നിന്ന് പൊതുവെ ഉണ്ടാകുമായിരുന്നില്ല. ശാഫിഈ മദ്ഹബിനെക്കുറിച്ചുള്ള ഒരു പഠനത്തില്‍ ഈ വസ്തുത വിവരിക്കുന്നുത് കാണുക: 

''മുന്‍കാല കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ തങ്ങളുടെ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഹദീസുകളെ ഉദ്ധരിക്കുകയല്ലാതെ അവയെക്കുറിച്ച് കാര്യമായ ചര്‍ച്ച ഉള്‍പ്പെടുത്തുമായിരുന്നില്ല. തെളിവിനും മറ്റുമായി കൊണ്ടുവരുന്ന ഹദീസുകളെ കുറിച്ചുള്ള ചര്‍ച്ച ആദ്യമായി കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ കൊണ്ടുവന്നത് ഇമാം നവവി(റ)യാണ്. സൈനുല്‍ ഇറാഖി(റ) പറയുന്നു: തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്ന ഹദീസുകളെ കുറിച്ച് മൗനമവലംബിക്കുകയായിരുന്നു മുന്‍കാലക്കാരുടെ (മുതഖദ്ദിമൂന്‍) പതിവ്. ഏത് ഹദീസ് പണ്ഡിതനാണ് റിപ്പോര്‍ട്ട് ചെയ്തതെന്നോ ഹദീസ് സ്വഹീഹോ ളഈഫോ ആണെന്നോ അപൂര്‍വം സന്ദര്‍ഭങ്ങളിലൊഴികെ അവര്‍ വിശദീകരിക്കുമായിരുന്നില്ല. അവര്‍ ഹദീസ് പണ്ഡിതരായാല്‍ പോലും. പക്ഷേ നവവി(റ) വന്നതോടെ ഈ രീതിക്ക് മാറ്റം വന്നു. തന്റെ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഹദീസിന്റെ മുഖ്‌രിജിനെയും പ്രബലതയെയും (സ്വിഹ്ഹത്ത്) ദുര്‍ബലതയെയും (ളുഅ്ഫ്) നവവി(റ) ചര്‍ച്ച ചെയ്തു തുടങ്ങി. ഇതുവളരെ പ്രാധാന്യവും ഉപകാരവുമുള്ള കാര്യമാണ്. കാരണം നവവി(റ)യുടെ ഗ്രന്ഥങ്ങള്‍ നോക്കുന്നവര്‍ക്ക് അത്തരം ഹദീസുകളെ ഹദീസ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനുള്ള സാധ്യത ഇതു നല്‍കുന്നുണ്ട്. എന്നാല്‍, മുന്‍കാല പണ്ഡിതന്മാര്‍ എല്ലാ അറിവുകളെയും അവയുടെ ഗ്രന്ഥങ്ങളില്‍ തന്നെ നിക്ഷിപ്തമാക്കുകയായിരുന്നു. ആളുകള്‍ എല്ലാ അറിവുകളും  അതിന്റെ ആളുകളുടെ ഗ്രന്ഥങ്ങളില്‍നിന്നും സ്ഥാനത്തുനിന്നും നോക്കുന്നതില്‍ അശ്രദ്ധവാന്മാരാകാതിരിക്കാന്‍ വേണ്ടിയാണിത്. ഹദീസിനെകുറിച്ച് നല്ല അറിവുണ്ടായിട്ടും ഇമാം റാഫിഈ(റ) ഈ രീതിയാണ് അവലംബിച്ചത്. 

കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ എല്ലാ കിതാബുകളുടെയും (കിതാബു ത്വഹാറത്ത്, കിതാബു സ്വലാത്ത് പോലെ) തുടക്കത്തില്‍ അവയോട് യോജിച്ച ഖുര്‍ആനിലെ ഏതെങ്കിലും ഒരു സൂക്തം നല്‍കുന്ന രീതി മുന്‍കാല പണ്ഡിതന്മാരുടെ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. ശാഫിഈ(റ)യും റാഫിഈ(റ)യുമൊക്കെ ഈ രീതി അവലംബിച്ചവരാണ്'' (കര്‍മശാസ്ത്രത്തിന്റെ വഴിയും വികാസവും, പേജ് 32,33). 

കര്‍മശാസ്ത്ര മദ്ഹബുകളില്‍ ഏറ്റവും കൂടുതല്‍ പക്ഷപാതിത്വത്തിനും ചിന്താപരമായ മുരടിപ്പിനും പില്‍ക്കാലത്ത് വിധേയമായതാണ് ശാഫിഈ മദ്ഹബ്. മഹാനായ ഇമാം ശാഫിഈ(റ)ക്കോ പ്രഗത്ഭരായ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കോ ഇതില്‍ പങ്കില്ല. പില്‍ക്കാലക്കാരില്‍ നുഴഞ്ഞുകയറിയ അതിരുകവിഞ്ഞ ഗുരുഭക്തിയും അതിന്റെ ചുവടു പിടിച്ച് വളര്‍ന്ന പൗരോഹിത്യവുമാണ് മുഖ്യപ്രതി. ശാഫിഈ ഫിഖ്ഹിലെ പില്‍ക്കാലക്കാരുടെ രചനകള്‍ ദുര്‍ഗ്രാഹ്യതയുടെയും തര്‍ക്കശാസ്ത്രപ്രശ്‌നങ്ങളുടെയും ഈറ്റില്ലമാക്കിമാറ്റിയത് ഇത്തരം അറിവുകള്‍ സാധാരണക്കാരന് അപ്രാപ്യമാക്കാനുള്ള പൗരോഹിത്യത്തിന്റെ ശ്രമങ്ങളാണെന്ന നിരീക്ഷണം ഇതോട് ചേര്‍ത്തുവായിക്കണം. പൗരോഹിത്യത്തിന് നിലനില്‍ക്കാന്‍ ആശ്രിതവൃന്ദത്തിന്റെ സാന്നിധ്യം അനിവാര്യമാണല്ലോ. 

അസാധ്യമെന്ന് തോന്നാവുന്ന നിബന്ധനകള്‍ ഒത്തുചേരുന്ന പൂര്‍വികര്‍ക്ക് മാത്രം സാധ്യമാകുന്നതാണ് ഇജ്തിഹാദെന്നും പില്‍ക്കാലക്കാരായ അനുയായികള്‍ക്ക് ചൊല്ലിക്കൊടുക്കലും ചൊല്ലിപ്പഠിക്കലും മാത്രമേ വേണ്ടതുള്ളൂ എന്നും പൗരോഹിത്യം സിദ്ധാന്തിച്ചു. ശൈഖ്- മുരീദ് ബന്ധത്തിലൂടെ വികസിക്കുന്ന നീള്‍ച്ചയാണ് ഫിഖ്ഹിനു വേണ്ടി അവര്‍ കരുതിവെച്ചത്. ഏതൊരു പുതിയ പ്രശ്‌നത്തെയും സലഫുകളുടെ വീക്ഷണത്തില്‍നിന്നുകൊണ്ട് വിശദീകരിക്കാവുന്നതാണെന്ന പൗരോഹിത്യഭാഷ്യം ശാഫിഈ മദ്ഹബിന്റെ വികാസക്ഷമതയെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.

 

ഇമാം ശാഫിഈയും കര്‍മശാസ്ത്രപ്രമാണങ്ങളും

ഹിജ്‌റ രണ്ടാം നൂറ്റാണ്ട് കണ്ട അസാമാന്യ ധിഷണയാണ് ഇമാം ശാഫിഈ(റ). കര്‍മശാസ്ത്രപ്രശ്‌നങ്ങളെ വര്‍ഗീകരിക്കുന്നതിലും ശര്‍ഈ അടിസ്ഥാനങ്ങള്‍ക്ക് കീഴെ അവയെ വിന്യസിക്കുന്നതിലും അദ്ദേഹത്തിന് അനിതരസാധാരണമായ പാടവം ഉണ്ടായിരുന്നു. നിദാനശാസ്ത്രതത്ത്വങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് ഇമാം രചിച്ച അര്‍രിസാല എന്ന വിഖ്യാത കൃതി തന്നെ മതി അദ്ദേഹത്തിന്റെ മികവിന്റെ സാക്ഷ്യമായി. ഈ കൃതി തന്നെയാണ് ഉസ്വൂലുല്‍ ഫിഖ്ഹില്‍ വിരചിതമായ ആദ്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നത്. 

മതവിധികള്‍ നല്‍കുന്നതിലും നൂതന പ്രശ്‌നങ്ങളില്‍ വിധികള്‍ നിര്‍ധാരണം ചെയ്യുന്നതിലും ഇമാം സ്വീകരിച്ച സരണിയെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് കാണുക. ''വിജ്ഞാനം വിവിധ ശ്രേണികളിലൂടെ ആര്‍ജിക്കപ്പെടുന്നു. ഇതിലെ ഒന്നാം ശ്രേണി വിശുദ്ധ ഖുര്‍ആനും സ്ഥിരപ്പെട്ട നബിചര്യയുമാകുന്നു. രണ്ടാമത്തേത് ഖുര്‍ആനിലും സുന്നത്തിലും വിധി ലഭ്യമല്ലാത്ത വിഷയങ്ങളില്‍ പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായവും. ഭിന്നാഭിപ്രായം വന്നിട്ടില്ലാത്ത സ്വഹാബികളുടെ അഭിപ്രായങ്ങള്‍ മൂന്നാമത്തെ ശ്രേണിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള സ്വഹാബികളുടെ വാക്കുകള്‍ നാലാമത്തെ ശ്രേണിയിലും ഖുര്‍ആനെയും നബിചര്യയെയും (ഒന്നാം ശ്രേണിയെ) അവലംബിച്ചുകൊണ്ടുള്ള ഖിയാസ് അവസാനത്തെ ശ്രേണിയിലും നില്‍ക്കുന്നു'' (കിതാബുല്‍ ഉമ്മ്, 7:346).

ഇമാം ശാഫിഈ പറയുന്നു: ''നബി (സ) യുടെ കല്‍പനകളും വിധികളും സ്വീകരിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന തത്ത്വത്തിന് പണ്ഡിതനോ പണ്ഡിതനെന്ന് അവകാശപ്പെടുന്നവനോ പണ്ഡിതനെന്ന് ജനങ്ങള്‍ പറയുന്നവനോ ആയ ഒരാളുപോലും എതിരു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. കാരണം, മുഹമ്മദ് നബി (സ) ക്ക് ശേഷം വന്ന ഏതൊരാള്‍ക്കും അദ്ദേഹത്തെ പിന്‍പറ്റലല്ലാതെ മറ്റൊരു വഴി അല്ലാഹു നിശ്ചയിച്ചിട്ടില്ല. ഏതൊരാളുടെ അഭിപ്രായവും കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ സ്വീകരിക്കാവതല്ല. കിതാബും സുന്നത്തുമല്ലാത്തതെല്ലാം അവയെ തുടര്‍ന്നുവരികയേ ഉള്ളൂ. അല്ലാഹു നമുക്കും നമ്മുടെ ശേഷമുള്ളവര്‍ക്കും നബി (സ)യുടെ ഹദീസ് സ്വീകരിക്കലാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്'' (ഈഖാദുല്‍ ഹിമം, മുഹമ്മദ് ഫുല്ലാനി, പേ.99).

ബൈഹഖിയും ഹാകിമും ശാഫിഈയെ ഉദ്ധരിക്കുന്നു: ''ശാഫിഈ പറയാറുണ്ട് ഹദീസ് സ്വഹീഹായാല്‍ അതാണെന്റെ മദ്ഹബെന്ന്. മറ്റൊരു റിപ്പോര്‍ട്ടില്‍ അദ്ദേഹം പറഞ്ഞു: എന്റെ വാക്കുകള്‍ക്കെതിരായി ഹദീസ് കണ്ടാല്‍ നിങ്ങള്‍ ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുകയും എന്റെ വാക്ക് വലിച്ചെറിയുകയും വേണം. ഒരു ദിവസം ശാഫിഈ ശിഷ്യന്‍ മുസനിയോട് പറഞ്ഞു: ഇബ്‌റാഹീമേ, ഞാന്‍ പറയുന്നതെല്ലാം നീ അന്ധമായി അനുകരിക്കരുത്. നിന്റെ രക്ഷക്ക് വേണ്ടി എന്റെ വാക്കുകളെപ്പറ്റി നീ ചിന്തിക്കണം. ശാഫിഈ പറയാറുണ്ടായിരുന്നു: റസൂലിന്റെ വാക്കല്ലാതെ മറ്റൊരാളുടെ വാക്കും പ്രമാണമല്ല'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 2/126).

ശാഫിഈ പറഞ്ഞു: ''നബി(സ)യുടെ സുന്നത്ത് ഒരാള്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ആരുടെ അഭിപ്രായത്തിനു വേണ്ടിയും ആ സുന്നത്ത് ഉപേക്ഷിക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ യോജിച്ചിരിക്കുന്നു'' (സ്വിഫത്തുസ്സ്വലാത്ത്, പേജ്: 30).

ഇമാം തുടരുന്നു. ''വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു കാര്യം അനുവദനീയമാണെന്നോ നിഷിദ്ധമാണെന്നോ പറയാന്‍ ഒരാള്‍ക്കും ഒരിക്കലും അവകാശമില്ല. അറിവിന്റെ അടിസ്ഥാനമെന്നാല്‍ ഖുര്‍ആനിലൂടെയും സ്ഥിരപ്പെട്ട സുന്നത്തിലൂടെയും ഇജ്മാഇലൂടെയും ഖിയാസിലൂടെയും സിദ്ധമാകുന്നതത്രെ'' (അര്‍രിസാല 39, 58-സമാനമായ പരാമര്‍ശം). ഖുര്‍ആനേക്കാളും സുന്നത്തിനേക്കാളും മറ്റൊരു തെളിവിനും പ്രാമുഖ്യം നല്‍കരുതെന്നും ഇമാം ശാഫിഈ(റ) വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു: ''ഖുര്‍ആനും തിരുചര്യയും ഉണ്ടായിരിക്കെ അവയൊഴിച്ചുള്ള മറ്റ് തെളിവുകളിലേക്ക് കാര്യങ്ങള്‍ എത്തപ്പെടാവതല്ല.'' ഒരിക്കല്‍ ഇമാം ഒരു ഹദീസ് ഉദ്ധരിച്ചു. സദസ്സിലുള്ള ഒരാള്‍ ചോദിച്ചു: ''അബൂഅബ്ദില്ലാ, താങ്കള്‍ ഈ ഹദീസ് സ്വീകരിക്കുകയാണോ?'' ഇമാം പ്രതിവചിച്ചു: ഞാന്‍ സ്വഹീഹായ ഒരു ഹദീസ് ഉദ്ധരിക്കുകയും എന്നിട്ട് പ്രസ്തുത ഹദീസിനെ നിരാകരിക്കുകയും ചെയ്താല്‍ എന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയെന്ന് ഞാന്‍ സ്വയം സാക്ഷ്യപ്പെടുത്തും'' (മിഫ്താഹുല്‍ ജന്ന 49,50. ഉദ്ധരണം: അര്‍ മദ്ഖലു ലിദ്ദിറാസത്തിസ്സുന്ന അന്നബവിയ്യ, പേജ് 56, ഡോ. യൂസുഫുല്‍ ഖറദാവി).

മൂലപ്രമാണങ്ങളോടുള്ള ഇമാം ശാഫിഈയുടെ പ്രതിബദ്ധതയാണ് ഇസ്തിഹ്‌സാന്‍, മസ്വാലിഹ് മുര്‍സല തുടങ്ങിയ അനുബന്ധ പ്രമാണങ്ങളെ വിമര്‍ശന വിധേയമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മസ്വ്‌ലഹത്ത് എന്ന പേരില്‍ ഏതു കാര്യത്തെയും നിയമാനുസൃതമാക്കാനും ഒരാള്‍ക്ക് നന്നെന്ന് തോന്നുന്നതിനെ വിധിയായി രൂപപ്പെടുത്താനുമുള്ള ശ്രമത്തെ ഇമാം ശാഫിഈ(റ) ഭയപ്പെട്ടിരുന്നു. മസ്വ്‌ലഹത്തിന്റെയും ഇസ്തിഹ്‌സാനിന്റെയും വാതിലുകള്‍ തുറന്നുവെക്കുന്നത് അസംബന്ധ ഫത്‌വകളുടെ ജനനത്തിന് കാരണമാകുമെന്നും ഇമാം നിരീക്ഷിച്ചു. അതേസമയം തന്നെ, സ്ഥലകാലങ്ങള്‍ക്കനുസരിച്ച് ഫത്‌വകളില്‍ മാറ്റം വരുമെന്ന അടിസ്ഥാനത്തെ അദ്ദേഹം നിരാകരിച്ചിരുന്നില്ല. ഇതിന്റെ ഉത്തമ നിദര്‍ശനമാണ് ജദീദും ഖദീമുമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തില്‍നിന്നും ഉണ്ടായത്. പുതിയ തെളിവുകള്‍ കിട്ടുമ്പോള്‍ തന്റെ പഴയ ഫത്‌വകളെക്കുറിച്ച് പുനരാലോചിക്കാനും ആവശ്യമെങ്കില്‍ തിരുത്താനുമുള്ള ധൈര്യം അദ്ദേഹം കാണിച്ചു. ഇമാം ശാഫിഈ പറയുന്നു: ''എന്റെ ഗ്രന്ഥത്തില്‍ നബിചര്യക്ക് വിരുദ്ധമായ വല്ലതും കണ്ടാല്‍ നിങ്ങള്‍ നബിചര്യയനുസരിച്ച് വിധിക്കുകയും എന്റെ വാക്കുകള്‍ ഒഴിവാക്കുകയും ചെയ്യണം'' (മിഫ്താഹുല്‍ ജന്ന).

നസ്സ്വുകളെ സ്വീകരിക്കുന്നതില്‍ കണിശത പുലര്‍ത്തുകയും ഉസ്വൂലുല്‍ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍ ആദ്യമായി ക്രോഡീകരിക്കുകയും ചെയ്ത ഒരു ഇമാമിന്റെ അനുയായികള്‍ മൗലിക പ്രമാണങ്ങളെ പുറത്തിരുത്തി, പണ്ഡിതവ്യാഖ്യാനങ്ങളെ അടിസ്ഥാന പ്രമാണങ്ങളാക്കി രൂപപ്പെടുത്തിയതിന്റെ ചരിത്രപശ്ചാത്തലം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. കര്‍മശാസ്ത്ര വിജ്ഞാനീയങ്ങളുടെ വികാസപരിണാമങ്ങള്‍ പരിശോധിച്ചാല്‍ എങ്ങനെയാണ് അടിസ്ഥാനപ്രമാണങ്ങള്‍ ഖൗലുകള്‍ക്ക് വഴിമാറിയതെന്ന് സ്പഷ്ടമാകും. പ്രത്യക്ഷത്തില്‍ വെളിപ്പെടുന്ന ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു.

 

ഒന്ന്: പണ്ഡിതരോടുള്ള അമിതഭക്തി

അറിവും അറിവുള്ളവരും ആദരിക്കപ്പെടണമെന്നത് അവിതര്‍ക്കിതമത്രെ. എന്നാല്‍ സ്‌നേഹാദരപ്രകടനങ്ങള്‍ വ്യക്തിപൂജക്കും പണ്ഡിതരുടെ അപ്രമാദിത്വത്തിനും വഴിയൊരുക്കുമ്പോള്‍ അവ അപകടകരങ്ങളായി മാറുന്നു. നൂഹ് നബി(അ)യുടെ ജനതക്ക് അപഭ്രംശം സംഭവിച്ചത് ഈ വ്യക്തിപൂജ മൂലമായിരുന്നുവെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാണുന്നുണ്ട്. വദ്ദും സുവാഉം ആരാധനാമൂര്‍ത്തികളായി മാറിയതിന്റെ പിന്നിലെ പ്രധാന ഹേതു അതിരുകവിഞ്ഞ ആദരങ്ങളായിരുന്നു എന്ന് ഇബ്‌നു കസീര്‍ വിശദീകരിക്കുന്നു. 'ആരുടെ അഭിപ്രായവും സ്വീകരിക്കപ്പെടുകയോ തള്ളപ്പെടുകയോ ചെയ്യാം. ഈ ഖബ്‌റിന്റെ ഉടമയുടെ - നബി(സ)യുടെ- ഒഴികെ' എന്ന ഇമാം മാലികിന്റെ പ്രസിദ്ധ വാചകം ഈ അപകടത്തെ ചെറുക്കാനുള്ള ശ്രമമായി വേണം വായിക്കാന്‍. 

ബനൂ ഇസ്രാഈല്‍ അവരുടെ പുരോഹിതരെയും പാതിരിമാരെയും റബ്ബുകളാക്കി മാറ്റി എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പ്രസിദ്ധ താബിഈ പണ്ഡിതന്‍ അബുല്‍ ആലിയ പറയുന്നത് കാണുക: ''അല്ലാഹു അവരോട് കല്‍പ്പിച്ചതിന് വിരുദ്ധമായി അവര്‍ തങ്ങളുടെ പുരോഹിതരുടെ വചനങ്ങള്‍ കണ്ടാല്‍ ദൈവവചനങ്ങളെ തള്ളിക്കളയുകയും പുരോഹിതരുടെ വചനങ്ങളെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു''(തഫ്‌സീറുര്‍റാസി 4/431). ബനൂ ഇസ്രാഈലിനെക്കുറിച്ചുള്ള ഈ നിരീക്ഷണം ഏതോ അളവില്‍ നമ്മുടെ കാലത്തും പ്രസക്തമാണ്. മദ്ഹബുകള്‍ക്ക് സംഭവിച്ച പ്രധാന അപചയങ്ങളില്‍ ഒന്ന് പണ്ഡിതരോടുണ്ടായിരുന്ന അതിരു കവിഞ്ഞ ഭക്ത്യാദരവുകളായിരുന്നു. തദ്ഫലമായി പ്രമാണങ്ങളേക്കാള്‍ പണ്ഡിതവചനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുക, ഒരു നിശ്ചിത പണ്ഡിതന്റെ മദ്ഹബ് മാത്രം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക, മറ്റ് മദ്ഹബുകള്‍ സ്വീകരിക്കുന്ന പക്ഷം നിഷിദ്ധതയില്‍പെട്ടുപോയി എന്ന് തീര്‍പ്പ് കല്‍പ്പിക്കുക തുടങ്ങിയ പരമാബദ്ധങ്ങള്‍ എഴുന്നള്ളിക്കപ്പെട്ടു. മുന്‍ഗാമികള്‍ നമ്മളേക്കാള്‍ പ്രമാണങ്ങളില്‍ അവഗാഹമുള്ളവരാണെന്നും നമുക്ക് കാണാന്‍ കഴിയാത്തത് അവര്‍ക്ക് കാണാന്‍ കഴിയുമെന്നും ഈ ഭക്തര്‍ സിദ്ധാന്തിച്ചു. ഫലത്തില്‍ മൗലിക പ്രമാണങ്ങള്‍ കള്ളിക്ക് പുറത്തുപോവുകയും ഫത്‌വകള്‍ പണ്ഡിതന്റെ അഭിപ്രായങ്ങളില്‍ തടവിലാക്കപ്പെടുകയും ചെയ്തു. ശാഫിഈ മദ്ഹബുകാരനായ അബൂശാമ തന്റെ കാലത്ത് കര്‍മശാസ്ത്രവിജ്ഞാനീയങ്ങളില്‍ സംഭവിച്ച അപചയത്തെ ഇങ്ങനെ വിലയിരുത്തുന്നു: ''അവരില്‍ ചിലര്‍ ആളുകളുടെ (പണ്ഡിതരുടെ) ചിന്തകളെയും നിഗമനങ്ങളെയും വിശുദ്ധമായി ഗണിച്ചു. അവരുടെ വാചകങ്ങളെ തെളിവായി ഉദ്ധരിക്കുന്നതില്‍ സായൂജ്യമടഞ്ഞു'' (താരീഖുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, ഡോ. ഉമര്‍ സുലൈമാന്‍ അശ്കര്‍). ഈ ഭക്ത്യാദരവുകളാണ് നിറഭേദങ്ങളോടെ ഇപ്പോഴും തുടരുന്നത്.

 

രണ്ട്: കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ രചനയും ക്രോഡീകരണവും

വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണത്തിന്റെ ഭാഗമായി നുബുവ്വത്തിന്റെ ആദ്യ നാളുകളില്‍ നബി വചനങ്ങള്‍ എഴുതിവെക്കരുതെന്ന വിലക്കുണ്ടായിരുന്നു. ദൈവിക വചനങ്ങളേക്കാള്‍ പ്രവാചക വചനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ഖുര്‍ആനും ഹദീസും പരസ്പരം ഇടകലര്‍ന്ന് തിരിച്ചറിയാന്‍ കഴിയാതെ വരികയും ഹദീസ് ശേഖരണത്തില്‍ വ്യാപൃതമായി ഖുര്‍ആന്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ചെറുക്കാനായിരുന്നു ഈ നടപടി. ഇതേ ന്യായം തന്നെയായിരുന്നു പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഗ്രന്ഥമാക്കുന്നത് ശരിയല്ല എന്ന നിലപാടില്‍ എത്തിച്ചേരാന്‍ ഇമാം അഹ്മദിനെ(റ) പ്രേരിപ്പിച്ചത്. മൗലിക പ്രമാണങ്ങള്‍ അവഗണിക്കപ്പെടുമെന്നും ആളുകള്‍ പണ്ഡിതരുടെ ഖൗലുകളില്‍ കടിച്ചു തൂങ്ങി കാര്യങ്ങള്‍ തീര്‍പ്പാക്കുമെന്നും ഇമാം അഹ്മദ് ഭയപ്പെട്ടിരുന്നു. 

ഇമാം അഹ്മദിന്റെ ആശങ്ക അക്ഷരാര്‍ഥത്തില്‍ പുലര്‍ന്ന അനുഭവമാണ് പിന്നീട് മദ്ഹബുകളില്‍ സംഭവിച്ചത്; വിശേഷിച്ചും ശാഫിഈ മദ്ഹബില്‍. പില്‍ക്കാലക്കാര്‍ ഖുര്‍ആനിനെയും സുന്നത്തിനെയും അവഗണിച്ച് ഖൗലുകളില്‍ അഭിരമിക്കാന്‍ ഒരളവോളം ഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ കാരണമായിട്ടുണ്ട്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചിന്താപരമായ മുരടിപ്പിന് കാരണമാകുമെന്ന് വിവിധ ന്യായങ്ങള്‍ നിരത്തി ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:

 

1. കര്‍മശാസ്ത്ര രചനകളുടെ ആധിക്യം

അറിവ് ആര്‍ജിക്കുന്നതില്‍നിന്നും അറിവിന്റെ ലക്ഷ്യം തിരിച്ചറിയുന്നതില്‍നിന്നും ആളുകളെ പ്രയാസപ്പെടുത്തിയ കാര്യങ്ങളില്‍ ഒന്ന് രചനകളുടെ ആധിക്യവും സാങ്കേതിക സംജ്ഞകളിലുള്ള ഭിന്നതയുമാണ്. ഈ രചനകളും സാങ്കേതിക പദങ്ങളും മനഃപാഠമാക്കാന്‍ നിര്‍ബന്ധിതനാകുന്ന വിദ്യാര്‍ഥി ഏതെങ്കിലും ഒരു വിജ്ഞാനത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ വായിച്ചുതീരാന്‍ തന്നെ അവന്റെ ആയുസ്സ് മതിയാകാതെ വരും. ലക്ഷ്യമടയാതെ പരാജിതനാകാനായിരിക്കും വിദ്യാര്‍ഥിയുടെ നിയോഗം. ഒരു മദ്ഹബിനെക്കുറിച്ച് പഠിക്കുന്നവന്‍ അതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍, ഈ ഗ്രന്ഥങ്ങളുടെ ശറഹുകള്‍, ഇതേ ഗ്രന്ഥത്തിന്റെ തന്നെ സംഗ്രഹങ്ങള്‍, ശറഹുകളിലുള്ള ഹാശിയകള്‍ (ടിപ്പണികള്‍) എന്നിങ്ങനെ ഒന്നിന്റെ തന്നെ വിവിധ രൂപങ്ങള്‍ പഠിക്കാന്‍ ബാധ്യസ്ഥനാകും. ഈ ഗ്രന്ഥങ്ങളില്‍ കെട്ടിമറിയുമ്പോഴേക്കും മൂലപ്രമാണങ്ങള്‍ പഠിക്കാനോ അതില്‍നിന്ന് വിധികള്‍ രൂപപ്പെടുത്താനോ കഴിയാതെ പോകുന്നു. മാലികീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ മുദവ്വന ഉദ്ധരിച്ചുകൊണ്ട് ഈ വസ്തുത ബോധ്യപ്പെടുത്തുന്നുണ്ട് ഇബ്‌നു ഖല്‍ദൂന്‍. ശാഫിഈ മദ്ഹബ് പഠിക്കുന്ന ആധുനിക വിദ്യാര്‍ഥി ഇതേ ഊരാക്കുടുക്കില്‍ തന്നെയാണ് ചെന്നു പെടുന്നത്. പഠനത്തിന്റെ ആരംഭത്തിലുള്ള ഏതെങ്കിലുമൊരു ഗ്രന്ഥം അതിന്റെ വിവിധ രൂപങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് വര്‍ഷങ്ങള്‍ പത്ത് കഴിഞ്ഞാലും ഈ ഗ്രന്ഥങ്ങളില്‍നിന്ന് പുറത്തുകടക്കാനോ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വിധികള്‍ കണ്ടെത്താനോ കഴിയാതെ വരുന്നു. 

 

2. മുഖ്തസ്വറുകള്‍ (സംഗ്രഹങ്ങള്‍) സൃഷ്ടിക്കുന്ന വിന 

മദ്ഹബിലെ ഒരു അടിസ്ഥാന ഗ്രന്ഥം ഏതെങ്കിലും ഒരു പണ്ഡിതന്‍ സംഗ്രഹിക്കും. രചനാ പാടവം പ്രകടമാകുന്നത് സംഗ്രഹം എത്ര ചെറുതാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണല്ലോ. കുറഞ്ഞ വാക്കുകളില്‍ വലിയ ആശയങ്ങളെ ചുരുക്കാന്‍ തത്ത്വശാസ്ത്രത്തിന്റെയും തര്‍ക്ക ശാസ്ത്രത്തിന്റെയും ചുവടുകള്‍ പിടിച്ച് സംഗ്രഹിക്കുമ്പോഴേക്കും ദുര്‍ഗ്രാഹ്യതയുടെ ഗ്രാഫ് മുകളിലേക്ക് ഉയരുകയാണ് പതിവ്. ആശയം അവ്യക്തമാകുന്നു എന്നുമാത്രമല്ല വാചകങ്ങളുടെ സൗന്ദര്യവും ചോരും. പേജുകള്‍ക്കപ്പുറത്തേക്ക് സൂചകങ്ങള്‍ (ളമീറുകള്‍) മടക്കേണ്ടിവരുന്നത് ഈ ഗതികേടുകൊണ്ടാണ്. ജ്ഞാനം അപ്രത്യക്ഷമാവുകയും അറിവ് കേവലം അഭ്യാസപ്രകടനമായി മാറുകയും ചെയ്യലാണ് ഇതിന്റെ പരിണതി. കര്‍മശാസ്ത്ര വിദ്യാര്‍ഥിയാകട്ടെ ഈ അഴിയാകുരുക്കുകളില്‍ ജീവിതം ഹോമിക്കേണ്ടിവരുന്ന ഹതഭാഗ്യന്‍ മാത്രം. 

സംഗ്രഹങ്ങളുടെ വിന ഇബ്‌നു ഖല്‍ദൂന്‍ ഇങ്ങനെ എണ്ണിപ്പറയുന്നു:

1. ദുര്‍ഗ്രാഹ്യത, ഭാഷയുടെ ലാളിത്യം നഷ്ടപ്പെടുക.

2. ആശയങ്ങള്‍ ഗ്രാഹ്യമാകാതെ വരുമ്പോള്‍ ഈ സംഗ്രഹങ്ങള്‍ക്ക് ശറഹ് ആവശ്യമായി വരുന്നു. ഈ ശറഹുകള്‍ക്കാകട്ടെ ടിപ്പണികളുടെ സഹായവും വേണ്ടി വരുന്നു. 

3. അധ്യയനം തടസ്സപ്പെടുന്നു. വിദ്യാര്‍ഥി ലക്ഷ്യം നിര്‍ണയിക്കാതെ വ്യതിചലിക്കുകയും പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്തവനായിത്തീരുകയും ചെയ്യുന്നു. 

4. ഇബാറത്തുകളുടെ കുരുക്കഴിക്കാന്‍ സമയം പാഴാവുന്നു. അടിസ്ഥാന ഗ്രന്ഥത്തിലേക്ക് മടങ്ങിയിരുന്നെങ്കില്‍ സരളമായി ഗ്രഹിക്കാമായിരുന്ന കാര്യങ്ങള്‍ പോലും വിദ്യാര്‍ഥിക്ക് അജ്ഞാതമാകുന്നു.

5. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വിധികള്‍ രൂപപ്പെടുത്താനുള്ള ശീലം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിയുടെ ഫിഖ്ഹീ പാടവം ദുര്‍ബലമാകുന്നു.

6. പല സംഗ്രഹങ്ങളും സമസ്യകളുടെയും കടംകഥകളുടെയും നിലവാരത്തിലേക്ക് താഴുക വഴി സംഗ്രഹിക്കല്‍ കൊണ്ടുണ്ടാകുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകാതെ വരുന്നു. മനഃപാഠത്തിനുതകുംവിധം പദങ്ങള്‍ കുറയ്ക്കുക, സമയം ലാഭിക്കുക ഇവയാണ് മുഖ്തസ്വറുകളുടെ ഉദ്ദേശ്യമെങ്കിലും നേര്‍ വിപരീത ഫലത്തിനാണ് ഈ കൃതികള്‍ വഴിയൊരുക്കിയത്. ഉദാഹരണമായി ഇമാം നവവി സംഗ്രഹിച്ച അബുല്‍ ഖാസിം റാഫിഈയുടെ അല്‍മുഹര്‍റിര്‍ എന്ന കൃതിയെടുക്കുക. ഈ സംഗ്രഹം ഗ്രഹിക്കാന്‍ വ്യാഖ്യാനങ്ങള്‍ വേണ്ടിവന്നു. അങ്ങനെയാണ് ജലാലൂദ്ദീന്‍ മഹല്ലി പ്രസ്തുത കൃതിക്ക് വ്യാഖ്യാനം രചിച്ചത്. വ്യാഖ്യാനം സുഗ്രാഹ്യമാകാന്‍ ഖല്‍യൂബിയും ഉമൈറയും ടിപ്പണികളെഴുതി. യഥാര്‍ഥത്തില്‍ അല്‍ മുഹര്‍റിര്‍ ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ അനുബന്ധ വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും അപ്രസക്തമാകുമായിരുന്നു. 

7. സംഗ്രഹങ്ങള്‍ ഏതെങ്കിലും ഒരു മദ്ഹബിന്റെ കീഴില്‍ ധിഷണയെ തളച്ചിടുന്നു. ഒരു മദ്ഹബിനെക്കുറിച്ചുള്ള സാങ്കേതിക പദങ്ങളും അവയുടെ അടിസ്ഥാനങ്ങളും പഠിച്ചുവരുമ്പോഴേക്കും മറ്റൊരു മദ്ഹബിനെക്കുറിച്ചറിയാനോ പഠിക്കാനോ കഴിയാതെ വരുന്നു. 

 

മൂന്ന്: ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ഖൗലുകള്‍

മദ്ഹബിന്റെ ഇമാമുമാരുടേതായി ഉദ്ധരിക്കപ്പെടുന്ന നസ്സ്വുകള്‍ക്ക് പലപ്പോഴും ഇമാമുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ഇമാം ശാഫിഈയുടെ ഖൗലുകള്‍ ഉദ്ധരിക്കുന്നിടത്ത് സംഭവിച്ച സൂക്ഷ്മതക്കുറവും വക്രീകരണവും ശാഫിഈ മദ്ഹബിലെ തന്നെ ഖുറാസാനീ ധാര ആക്ഷേപിക്കപ്പെടുന്നതിന് കാരണമായിട്ടുള്ളത് സ്മരണീയമാണ്. ശാഫിഈ പണ്ഡിതനായ അബൂ ശാമ പറയുന്നു: നമ്മുടെ സാരഥികള്‍ തങ്ങളുടെ രചനകളില്‍ ഒരുപാട് ന്യൂനതകള്‍ വരുത്തിവെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് ഇമാമുമാരുടെ നസ്സ്വുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ദുര്‍വ്യാഖ്യാനങ്ങള്‍. ശാഫിഈ മദ്ഹബിലെ ഖുറാസാനീ സരണിയും ഇറാഖീ സരണിയും തങ്ങള്‍ക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങള്‍ക്ക് അനുകൂലമായി ഇമാം ശാഫിഈയുടെ വചനങ്ങള്‍ ഉദ്ധരിക്കുന്നതായി കാണാം. ഇമാമിന്റെ ഒരു വചനം പ്രത്യേക രീതിയില്‍ വ്യാഖ്യാനിച്ച് തങ്ങള്‍ക്കനുകൂലമാക്കുന്ന രീതി ആരെയും അത്ഭുതപ്പെടുത്തും. ഉദ്ഹിയത്തിന്റെ മാംസം അമുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യാം എന്നതാണ് മദ്ഹബിന്റെ തേട്ടമെന്ന് ഇമാം നവവി വിവരിക്കുന്നു. എന്നാല്‍ പില്‍ക്കാലക്കാര്‍ ഈ അഭിപ്രായത്തെ വ്യാഖ്യാനിച്ച് ഇമാം ശാഫിഈയുടെ നസ്സ്വിന്റെ അടിസ്ഥാനത്തില്‍ ഉദ്ഹിയത്തിന്റെ മാംസം അമുസ്‌ലിംകള്‍ക്ക് നല്‍കല്‍ ഹറാമാണെന്ന്, നിഷിദ്ധമാണെന്ന് സ്ഥാപിക്കുന്നത് കാണാം. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ പരിശോധിച്ചാലും ഇങ്ങനെയൊരു നസ്സ്വ് കാണുക സാധ്യമല്ല.

തങ്ങളുടെ അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ദുര്‍ബലവും വ്യാജവുമായ ഹദീസുകളെ വ്യാപകമായി തെളിവായി സ്വീകരിക്കുന്ന രീതിയും ഈ ദുര്‍വ്യാഖ്യാനത്തിന്റെ ഭാഗം തന്നെ. ഹദീസുകളില്‍ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഒഴിവാക്കിയും ഈ പണി നടത്തിയവരും കൂട്ടത്തിലുണ്ട്. അബൂ ശാമ തന്നെ പറയട്ടെ: ശാഫിഈ ഫിഖ്ഹിലെ ജുവൈനി, ഗസാലി പോലുള്ള പ്രമുഖര്‍ പോലും ഈ അപവാദത്തില്‍നിന്നും മുക്തരല്ല. ശൗകാനി പറയുന്നു: ഗസാലിയും ജുവൈനിയും ഹദീസുകള്‍ ഉദ്ധരിക്കുന്ന രീതി ചിരിക്ക് വകനല്‍കുന്നതാണ്. ഹദീസ് വിജ്ഞാനീയത്തില്‍ രചനകള്‍ നടത്തിയിട്ടുള്ളവരാണെങ്കിലും സമഖ്ശരിയും റാസിയും ദുര്‍ബലമായ ഹദീസുകള്‍ തെളിവായി ഉദ്ധരിക്കാറുണ്ട് (അദബുത്വലബ്, ശൗകാനി 53). 

ഹദീസ് പണ്ഡിതര്‍ ഈ വ്യതിചലനത്തെ തടയാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ പ്രമുഖരുടെയെല്ലാം ഗ്രന്ഥങ്ങള്‍ക്ക് തഖ്‌രീജ് (പരമ്പര പരിശോധിക്കലും സംശോധനയും) നടത്തേണ്ടിവന്നത്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി റാഫിഈയുടെ ഗ്രന്ഥത്തിനും അല്‍ ഹാഫിളുല്‍ ഇറാഖി ഗസാലിയുടെ ഗ്രന്ഥത്തിനും നടത്തിയ തഖ്‌രീജുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.

 

നാല്: മദ്ഹബുകളും ഭരണാധികാരികളും

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അപചയവും ഭരണാധികാരികള്‍ തങ്ങളുടെ അധികാര സീമയില്‍ ചില പ്രത്യേക മദ്ഹബുകള്‍ക്ക് മാത്രം ഇടമനുവദിച്ചതും കര്‍മശാസ്ത്ര ചിന്തയെ മുരടിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഖുലഫാഉര്‍റാശിദീനിന്റെയും അമവീ ഭരണാധികാരികളുടെയും കാലത്തും അബ്ബാസി ഭരണത്തിന്റെ ആദ്യ ഘട്ടം വരെയും രാഷ്ട്രത്തിന് ഒരു പ്രത്യേക മദ്ഹബ് ഉണ്ടായിരുന്നില്ല. ഖുര്‍ആനും സുന്നത്തും അറിയുന്നവര്‍ക്കായിരുന്നു അന്ന് പ്രാമുഖ്യം. എന്നാല്‍ തഖ്‌ലീദിന്റെ കാലമായപ്പോഴേക്കും ഭരണാധികാരികള്‍ ഓരോ മദ്ഹബിനെ ഏറ്റെടുക്കുകയും അവ തങ്ങളുടെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മദ്ഹബാക്കി മാറ്റുകയും ചെയ്തു. ഇതാകട്ടെ കര്‍മശാസ്ത്ര രംഗത്തെ ഇജ്തിഹാദിനെ നിരാകരിക്കുന്നതിനും മറ്റു മദ്ഹബുകളുടെ തിരോഭാവത്തിനും കാരണമായി. ഭരണാധികാരികളെ പ്രീതിപ്പെടുത്താന്‍ മദ്ഹബുകള്‍ മാറുന്നതും അഭിപ്രായങ്ങളില്‍ വെള്ളം ചേര്‍ക്കലും പതിവായിത്തീര്‍ന്നു. ശഅ്‌റാനി ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: മുഹമ്മദ് ദുഹാന്‍ എന്നൊരു വൈയാകരണന്‍ ഹമ്പലീ മദ്ഹബുകാരനായിരുന്നു. പിന്നീടദ്ദേഹം ശാഫിഈ മദ്ഹബുകാരനായിമാറി. അധികം താമസിയാതെ ഹനഫീ മദ്ഹബിലേക്ക് ചേക്കേറി. ജാമിഅ നിളാമിയ്യയില്‍ ശാഫിഈകള്‍ക്കേ സ്ഥാനമുള്ളൂ എന്ന് കണ്ടതിനാല്‍ വീണ്ടും ശാഫിഈ മദ്ഹബിലേക്ക് തിരിച്ചുവന്നു. ഈ കൂടുമാറ്റങ്ങള്‍ യഥാര്‍ഥത്തില്‍ പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയില്‍നിന്നോ തെളിവുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലോ ആയിരുന്നില്ല എന്ന് വ്യക്തം. ഭൗതികമായ താല്‍പര്യങ്ങളും സ്ഥാനമാനങ്ങളുമാണ് ഈ കൂടുമാറ്റത്തിന്റെ പിന്നില്‍.

 

മുജ്തഹിദുകള്‍ പിഴക്കാത്തവരാണെന്ന വാദം

മുജ്തഹിദുകള്‍ക്ക് പിഴക്കില്ലെന്നും ഇജ്തിഹാദുകളെല്ലാം ശരിയാണെന്നുമുള്ള അപകടകരമായ വാദം മദ്ഹബ് പണ്ഡിതര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഈ വാദമാകട്ടെ പൂര്‍വികരുടെ മുഴുവന്‍ ഗവേഷണ നിഗമനങ്ങളെയും ഖണ്ഡിത പ്രമാണങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കാരണമായി. വാസ്തവത്തില്‍ ഇജ്തിഹാദില്‍ പിഴച്ചാലും മുജ്തഹിദിന് ഗവേഷണത്തിന്റെ (ഇജ്തിഹാദ്) പ്രതിഫലം ലഭിക്കും എന്ന പ്രവാചക വചനത്തെ തെറ്റായി വായിച്ചതിന്റെ ഫലമായിരുന്നു ഈ അതിവാദം. 

ഇമാം മാലിക് പറഞ്ഞതാണ് ശരി: സത്യം ഒന്നേ ഉണ്ടാവുകയുള്ളൂ. ഭിന്നമായ രണ്ട് അഭിപ്രായങ്ങള്‍ ഒരേസമയം ശരിയായിത്തീരുക സാധ്യമല്ല. ഒരുദാഹരണം സ്വഹാബികളുടെ ചരിത്രത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: സ്ത്രീ മുറിച്ചുകടന്നാല്‍ നമസ്‌കാരം അസാധുവാകുമെന്ന അബൂഹുറയ്‌റയുടെ അഭിപ്രായവും, അസാധുവാകില്ല എന്ന ആഇശയുടെ നിലപാടും ഒരേസമയം ശരിയാകുന്നതെങ്ങനെ? മയ്യിത്ത് കുളിപ്പിച്ചവന്‍ കുളിക്കണമെന്ന അബൂഹുറയ്‌റയുടെ വാദവും വേണ്ടതില്ലെന്ന ഇബ്‌നു മസ്ഊദിന്റെ വാദവും ഒരേ പോലെ ശരിയാവുക സാധ്യല്ല.

ഇജ്തിഹാദിന് പ്രതിഫലമുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് എല്ലാ ഇജ്തിഹാദുകളും ശരിയായിരിക്കും എന്ന് ധരിക്കാനുള്ള ന്യായമല്ല. ഇജ്തിഹാദില്‍ പിഴച്ചാല്‍ ശരി ബോധ്യപ്പെടുന്ന നിമിഷം അതില്‍നിന്ന് പിന്മാറലാണ് യഥാര്‍ഥ പണ്ഡിതന്റെ ലക്ഷണം. ഉമര്‍ (റ) അബൂമുസല്‍ അശ്അരിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ വായിക്കാം: ഇന്നലെകളില്‍ വിധിച്ച ഒരു വിധിയെക്കുറിച്ച് പുനരാലോചിക്കുക വഴി അത് തെറ്റാണെന്ന് ബോധ്യം വന്നാല്‍ തിരുത്താന്‍ അമാന്തം കാണിക്കരുത്. കാരണം സത്യം പഴമയുള്ളതാണ്. സത്യത്തിലേക്ക് മടങ്ങുകയാണ് ബാത്വിലില്‍ കടിച്ചുതൂങ്ങുന്നതിനേക്കാള്‍ ഉത്തമം. പുതിയ തെളിവുകള്‍ കിട്ടുന്ന മുറക്ക് തന്റെ ഒട്ടേറെ അഭിപ്രായങ്ങള്‍ ഇമാം ശാഫിഈ തിരുത്തിയത് പ്രസിദ്ധമാണല്ലോ.

മുജ്തഹിദിന് പിഴക്കില്ല എന്ന് വരുന്നതോടുകൂടി പുനരാലോചനകളുടെ വഴികള്‍ അടക്കപ്പെടുകയാണ് ചെയ്യുക. ഒരുഭാഗത്ത് ഇജ്തിഹാദിന്റെ യോഗ്യതയായി മനുഷ്യസാധ്യമല്ലാത്ത ഉപാധികള്‍ നിര്‍ണയിക്കുകയും മറുഭാഗത്ത് മുജ്തഹിദുകള്‍ക്ക് പിഴക്കില്ല എന്ന് സിദ്ധാന്തിക്കുകയും ചെയ്യുമ്പോള്‍ നവീന പ്രശ്‌നങ്ങളില്‍ ഇജ്തിഹാദിന് പകരം പൂര്‍വികരുടെ ഖൗലുകളില്‍ അഭയം തേടുക സ്വാഭാവികം മാത്രം. 

നടേ സൂചിപ്പിച്ച കാരണങ്ങളാല്‍ കര്‍മശാസ്ത്ര രംഗത്ത് സംഭവിച്ച ചിന്താപരമായ മുരടിപ്പ് ഇസ്‌ലാമിക ഫിഖ്ഹില്‍ വരുത്തിവെച്ച വിനകള്‍ ഏറെയാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം:

1. മദ്ഹബില്‍ പ്രമാണങ്ങള്‍ പുറന്തള്ളപ്പെടുകയും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം ലഭിക്കുകയും ചെയ്തു. ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും പൂര്‍വികരുടെ അഭിപ്രായങ്ങളില്‍ കര്‍മശാസ്ത്രം ഒതുക്കപ്പെടുകയും ചെയ്തു. യോഗ്യതയുള്ളവരുടെ അഭാവമായിരുന്നു ഇജ്തിഹാദിന്റെ വാതിലടക്കാന്‍ പറഞ്ഞതിന്റെ ന്യായം. അയോഗ്യരായവര്‍ ഇജ്തിഹാദിലൂടെ പിഴച്ച ഫത്‌വകള്‍ നല്‍കുമെന്ന ഭീതിയെ ഇജ്തിഹാദ് തന്നെ വേണ്ട എന്ന മഹാ പാതകം കൊണ്ടാണ് നേരിട്ടത്. എല്ലാ കാലങ്ങളെയും സാമൂഹികാവസ്ഥകളെയും ഉള്‍ക്കൊള്ളാനുള്ള ദീനിന്റെ ശേഷിയും ഇലാസ്തികതയുമാണ് ഇജ്തിഹാദ് റദ്ദാക്കുക വഴി നിര്‍വീര്യമാക്കപ്പെട്ടത്. ശര്‍അ് തുറന്നുതന്ന ഒരു വാതിലിനെ പിഴച്ച ഇജ്തിഹാദ് കൊണ്ട് അടക്കുകയെന്ന വിരോധാഭാസമാണ് സംഭവിച്ചത്. 

2. മുജ്തഹിദുകളെ ഉന്മൂലനം ചെയ്യാനും അവരുടെ രചനകള്‍ നശിപ്പിക്കാനുമുള്ള ശ്രമങ്ങള്‍. ഇമാം ഇബ്‌നു തൈമിയ്യയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമും അനുഭവിച്ച ജയില്‍വാസവും പീഡനങ്ങളും ഈ ഉന്മൂലന ശ്രമത്തിന്റെ നേര്‍സാക്ഷ്യമാണ്.

3. അര്‍ഥരഹിതമായ വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും വ്യാപകമായി. മദ്ഹബീ പക്ഷപാതിത്വം കടുത്ത ശത്രുത സൃഷ്ടിച്ചു. ശൈഖ് റശീദ് രിദാ പറയുന്നു: മദ്ഹബീ പക്ഷപാതിത്വം ബാധിച്ചവര്‍ അഭിപ്രായാന്തരങ്ങള്‍ കാരുണ്യമാണെന്ന തത്ത്വം വിസ്മരിച്ചു. ഓരോരുത്തരും തങ്ങളുടെ മദ്ഹബുകളെ പിന്തുടരാന്‍ കടുംപിടിത്തം കാട്ടി. മറിച്ചുള്ള ഏതൊരഭിപ്രായവും നിഷിദ്ധമാണെന്ന് ഗണിച്ചു. ഈ ശാത്രവത്തിന്റെ ഫലമായി വിവാഹ ബന്ധങ്ങള്‍ ശിഥിലമാവുകയും പരസ്പരം തുടര്‍ന്ന് നമസ്‌കരിക്കുന്നതുപോലും അസാധുവാണെന്ന് ഫത്‌വകള്‍ ഇറങ്ങുകയും ചെയ്തു.

4. തങ്ങളുടെ മദ്ഹബിന് എതിരായി അഭിപ്രായം പറയുന്നവര്‍ എത്ര അറിവുള്ളവരാകട്ടെ, അവരെ അവമതിക്കുകയും വിവരദോഷികളായി മുദ്രകുത്തുകയും ചെയ്തു. 

5. സാങ്കല്‍പിക മസ്അലകളിലും അസംഭവ്യമായ പ്രശ്‌നങ്ങളിലും വിധികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ ഗവേഷണമാകട്ടെ മൗലിക പ്രമാണങ്ങളെ പുറത്തിരുത്തി പൂര്‍വികരുടെ രചനകളില്‍ അഭിരമിച്ചുകൊണ്ടായിരുന്നു. മനുഷ്യനും മൃഗവും ഇണ ചേര്‍ന്നുണ്ടായ സന്തതിയെ ഉദ്ഹിയത്തിന് അറുക്കാമോ എന്ന മസ്അലക്ക് മദ്ഹബിനുള്ളില്‍ ഉത്തരം ചികയുന്നവരെ ഈ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. 

ചുരുക്കത്തില്‍ അറിവിന്റെ വാതായനങ്ങള്‍ കൊട്ടിയടച്ച് പ്രമാണങ്ങളെ പടിക്ക് പുറത്താക്കി ഖാലകളിലും ഖീലകളിലും ദീനിനെ ചുരുട്ടിക്കൂട്ടുകയായിരുന്നു യാഥാസ്ഥിതി ചിന്താധാരകള്‍. 

 

 

കെ.എം അശ്‌റഫ് നീര്‍ക്കുന്നം: ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നം സ്വദേശി. അസ്ഹറുല്‍ ഉലൂം ആലുവ, ദഅ്‌വാ കോളേജ് കോഴിക്കോട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി, മദ്രാസ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയിലെ ഫാക്കല്‍റ്റി ഓഫ് ശരീഅഃ ഡീന്‍. ഫോണ്‍: 9495248431. ഇമെയില്‍: [email protected]


Comments

Other Post