Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

അബ്ദുല്‍ അസീസ് മൗലവിയും ജംഇയ്യത്തു ഉലമാഇസ്സുന്നിയ്യയും

അജ്മല്‍ കൊടിയത്തൂര്‍

കേരളത്തിലെ, വിശേഷിച്ചും മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന തെറ്റായ വിശ്വാസ-ആചാരങ്ങള്‍ക്കെതിരെ ശാഫിഈ മദ്ഹബില്‍ ഊന്നിനിന്നുകൊണ്ടുതന്നെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പണ്ഡിതനായിരുന്നു കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ മഹല്ല് ഖാദിയായിരുന്ന അബ്ദുല്‍ അസീസ് മൗലവി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗമായിരുന്ന അദ്ദേഹം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍തന്നെ, പല വിഷയങ്ങളിലും കേരളത്തിലെ ശാഫിഈകളില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ഒരു വിഭാഗം പണ്ഡിതന്മാരെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. 

പൊന്നാനിയിലെ മുസ്‌ലിയാരകത്ത് കുടുംബത്തില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖാദിമാരായി നിയമിതരായ മഖ്ദൂം പരമ്പരയില്‍പെട്ട പണ്ഡിതനായിരുന്നു അസീസ് മൗലവി. പിതാവ് ഖാദി അലി ഹസന്‍ മുസ്‌ലിയാരില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് എന്നിവിടങ്ങളില്‍ പഠിച്ചു. മാതൃഭാഷയിലെ ജുമുഅ ഖുത്വ്ബ,   സ്ത്രീ പള്ളിപ്രവേശം, ഫിത്വ്ര്‍ സകാത്ത് തുടങ്ങിയ വിഷയങ്ങളില്‍ ശാഫിഈ മദ്ഹബിന്റെ യഥാര്‍ഥ നിലപാട് ഉയര്‍ത്തിപ്പിടിച്ച് കേരള ശാഫിഈകളോട് അദ്ദേഹം വിയോജിച്ചു. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങള്‍ മുന്‍നിര്‍ത്തി തന്റെ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. 

ജുമുഅ ഖുത്വ്ബ മാതൃഭാഷയില്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യകാലം മുതല്‍തന്നെ കേരളക്കരയില്‍ ഉയര്‍ന്നുവന്നിരുന്നു. ''അങ്ങാടിപ്പുറത്ത് കക്കൂത്ത് പള്ളിയില്‍ ജുമുഅ ഖുത്വ്ബ തര്‍ജമയാക്കി ഓതുന്നതിനാല്‍ കച്ചേരിപ്പടിക്കലും മറ്റുമുള്ള ജുമുഅത്ത് പള്ളികളില്‍ ജുമുഅക്ക് കൂടുന്നവരില്‍ പലരും കക്കൂത്ത് പള്ളിക്കല്‍ വന്നുകൂടുന്നതായി അറിയുന്നു'' എന്ന് 1901 ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ച സ്വലാഹുല്‍ ഇഖ്‌വാന്‍ (വാള്യം 3, ലക്കം 7) എന്ന അറബി മലയാളം പത്രം റിപ്പോര്‍ട്ട് ചെയ്തത് കാണാം. ആദ്യകാലത്ത് ബിദ്അത്ത് മുന്‍കറത്ത് ആയി മാത്രം ചിലര്‍ കണ്ടിരുന്ന ഖുത്വ്ബ പരിഭാഷ പിന്നീട് കറാഹത്ത് ആയി കണക്കാക്കാന്‍ തുടങ്ങുകയും 1947-ലെ മീഞ്ചന്ത പ്രമേയത്തില്‍ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' അത് വിലക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. 'ഇസ്‌ലാമിലെ ചോദ്യം ചെയ്യപ്പെടാത്ത മതവിധികളെ പ്രമേയങ്ങള്‍കൊണ്ട് ഭേദഗതി ചെയ്യുന്ന പ്രവണത'യില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രസ്തുത മുശാവറയില്‍നിന്ന് അബ്ദുല്‍ അസീസ് മൗലവി ഇറങ്ങിപ്പോന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മുന്‍ അറക്കല്‍ ഖത്വീബ് അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോട് യോജിച്ചു. തുടര്‍ന്ന് സമാന ചിന്താഗതിക്കാരായ സുന്നി പണ്ഡിതന്മാരെ ചേര്‍ത്ത് 'ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ' എന്ന സംഘടന രൂപീകരിച്ചു. സമസ്തയുമായി വിയോജിപ്പുള്ളവരും എന്നാല്‍, ജമാഅത്ത് -മുജാഹിദ് പ്രസ്ഥാനങ്ങളില്‍ ചേരാത്തവരുമായ ശാഫിഈ പണ്ഡിതന്മാരുടെ ഒരു സംഘടനയായിരുന്നു ഇത്.

മാതൃഭാഷയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നതിനെക്കുറിച്ച് 1957 മുതല്‍ 1982 വരെയുള്ള കാലഘട്ടത്തിലായി അഞ്ച് പുസ്തകങ്ങള്‍ അബ്ദുല്‍ അസീസ് മൗലവി രചിച്ചു. എല്ലാം ശാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കിയുള്ളവ. ജുമുഅ ഖുത്വ്ബയും അല്‍ബയാനിലെ ഫത്‌വയും (1957), ഇ.കെയുടെ ഖുത്വ്ബയും സദഖയുടെ ഫത്‌വയും (1958), ഉജ്ജ്വല ലക്ഷ്യങ്ങള്‍ (1968), ജുമുഅ ഖുത്വ്ബ ഒരു പഠനം (1982) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. 1975 സെപ്റ്റംബറില്‍ നടന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ 80 രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരുടെ സമ്മേളനത്തില്‍ 'സമസ്ത'ക്കാര്‍ എഴുതി അയച്ച ചോദ്യത്തിന് മറുപടിയായി ഖുത്വ്ബയുടെ അര്‍കാനുകള്‍ ഒഴിച്ചുള്ള ഭാഗങ്ങള്‍ പ്രാദേശിക ഭാഷയില്‍ നിര്‍വഹിക്കാം എന്ന മറുപടി നല്‍കുകയുണ്ടായി. ആ ഒരു സന്ദര്‍ഭത്തില്‍ സമസ്തയുടെ ഖുത്വ്ബയും റാബിത്വയുടെ ഫത്‌വയും എന്ന പുസ്തകം അസീസ് മൗലവി പ്രസിദ്ധീകരിച്ചു. ഹജ്ജിന്റെയും ഉംറയുടെയും വിവരങ്ങള്‍ അടങ്ങിയ നുസ്‌റത്തുല്‍ ഹുജ്ജാജ് എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

ശാഫിഈ മദ്ഹബുകാരനായ അസീസ് മൗലവി, ശാഫിഈ മദ്ഹബിലെ കിതാബുകളിലെ ഇബാറത്തുകള്‍ നിരത്തിയായിരുന്നു തന്റെ വാദങ്ങള്‍ സമര്‍പ്പിച്ചത്. ഖുത്വ്ബയുടെ അര്‍കാന്‍ (അവശ്യ ഘടകങ്ങള്‍) അറബി ഭാഷയിലായിരിക്കല്‍ നിര്‍ബന്ധമാണെന്നും, എന്നാല്‍ ഖുത്വ്ബ ഉല്‍ബോധനവും ഉപദേശവും ആയതിനാല്‍ അത് ശ്രോതാക്കള്‍ക്ക് മനസ്സിലാവുന്ന ഭാഷയിലാവാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇമാം ശാഫിഈ, ഇമാം നവവി, ഇമാം റാഫിഈ തുടങ്ങിയ പ്രമുഖ മദ്ഹബ് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും അവയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളും അദ്ദേഹം പഠനവിധേയമാക്കി (ജുമുഅ ഖുത്വ്ബ ഒരു പഠനം, പേജ് 48-50). കേവലം ഖുത്വ്ബ പരിഭാഷയെക്കുറിച്ചുള്ള ഒരു കര്‍മശാസ്ത്ര ഗ്രന്ഥം എന്നതിലുപരി ശാഫിഈ മദ്ഹബിലെ വിവിധ വ്യാഖ്യാനങ്ങളെ എങ്ങനെ പണ്ഡിതോചിതമായി സമീപിക്കാം എന്നതിന് പുതിയ തലമുറക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ടെക്സ്റ്റ് കൂടിയായി ജുമുഅ ഖുത്വ്ബ ഒരു പഠനം എന്ന കൃതിയെ കണക്കാക്കാം.

ഖുത്വ്ബ പരിഭാഷയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല അസീസ് മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍. സ്ത്രീ പള്ളിപ്രവേശം, ജനനം-മരണം-രോഗം, വിവാഹം തുടങ്ങിയവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അനാചാരങ്ങള്‍, മുസ്‌ലിംകളില്‍ കടന്നുകൂടിയ ശിര്‍ക്കിന്റെ അംശങ്ങള്‍, സകാത്ത്-ഫിത്വ്ര്‍ സകാത്ത് തുടങ്ങിയവയുടെ ശേഖരണവും വിതരണവും മുതല്‍ നാട്ടില്‍ ഉദയംചെയ്ത ഖാദിയാനി, യുക്തിവാദി, കമ്യൂണിസ്റ്റ് വിഷയങ്ങള്‍ വരെ അദ്ദേഹം തന്റെ ഇടപെടലിന്റെ ഭാഗമാക്കി മാറ്റി.

അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളിയില്‍നിന്ന് തടയരുത് എന്ന ഹദീസിന്റെ വെളിച്ചത്തില്‍ കൊടിയത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വുബ്ഹ് പ്രസംഗങ്ങളും വഅഌകളും നേരിട്ട് കേട്ട് ഉല്‍ബുദ്ധരായ സ്ത്രീ തലമുറ സാമൂഹിക മാറ്റങ്ങള്‍ക്ക് വലിയ ശക്തി പകര്‍ന്നു എന്ന് നിസ്സംശയം പറയാം. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ മൗനം പാലിക്കാനും ഖബ്‌റടക്കിയ ശേഷം 'തല്‍ഖീന്‍' ഓതുന്നതിന് പകരം 'തസ്ബീത്' ചൊല്ലാനും ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍തന്നെ അദ്ദേഹം പഠിപ്പിച്ചു.

റമദാന്‍ മാസത്തില്‍, ചോദിച്ച് വരുന്നവന് ഏതാനും അതിസമ്പന്നര്‍ നല്‍കുന്ന നക്കാപ്പിച്ച പണം 'സകാത്ത്' എന്ന് അംഗീകരിക്കപ്പെട്ട ഒരുകാലത്ത്, ഇസ്‌ലാമിലെ സകാത്തിന്റെ സാമൂഹിക-സാമ്പത്തിക സാധ്യതകളെ പ്രാമാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിച്ചു. ഇത് പില്‍ക്കാലത്ത് സംഘടനേതര സംഘടിത സകാത്ത് സംഭരണ വിതരണ സംവിധാനം നടപ്പാക്കാന്‍ സാധിച്ച കേരളത്തിലെ തന്നെ ആദ്യകാല മഹല്ലായി മാറാന്‍ കൊടിയത്തൂരിനെ സഹായിച്ചു.

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും അപ്പുറം മദ്ഹബ് പാരമ്പര്യത്തിലും മുഖ്യധാരാ കര്‍മശാസ്ത്രത്തിലും ഉറച്ചുനിന്നുകൊണ്ടുതന്നെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അനേകം പണ്ഡിതന്മാര്‍ മണ്‍മറഞ്ഞുപോയിട്ടുണ്ട്. അതില്‍ ഒരേട് മാത്രമാണ് ഖാദി അബ്ദുല്‍ അസീസ് മൗലവി. 

അജ്മല്‍ കൊടിയത്തൂര്‍: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശി. മുക്കം എം.എ.എം.ഒ കോളേജില്‍ ചരിത്ര വിഭാഗം അസി. പ്രഫസര്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു.ഫോണ്‍: 9497295979. 

ഇമെയില്‍: [email protected]

Comments

Other Post