സ്വൂഫിസത്തിനെതിരായ വിമര്‍ശനങ്ങള്‍
ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത സംജ്ഞയാണ് തസ്വവ്വുഫ് (സ്വൂഫിസം). ഭൗതികതയോടു താല്‍പര്യം വര്‍ധിക്കുകയും ആത്മീയ വിശുദ്ധിക്ക് പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തതാണ് തസ്വവ്വുഫിന്റെ•പശ്ചാത്തലം. ഇഹലോകത്തിന് പരിമിതമായ സ്ഥാനം മാത്രം കല്‍പിക്കുകയും പരലോകത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നവരെ വേര്‍തിരിച്ച് പരിചയപ്പെടുത്താന്‍ വേണ്ടിയാണത്രെ ഈ പദം ആവിഷ്‌കരിക്കപ്പെട്ടത്. തൗഹീദ്, ഫിഖ്ഹ്, ഉലൂമുല്‍ ഹദീസ്, നഹ്‌വ് പോലെ കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേക പേരില്‍ അറിയപ്പെട്ട ഒന്നാണ് തസ്വവ്വുഫ് എന്നും ആശയപരമായി അതൊരിക്കലും പുതിയതല്ലെന്നും ചിലര്‍ വിശദീകരിക്കുന്നു.
ചില പണ്ഡിതന്മാര്‍ തസ്വവ്വുഫിനെ ഇസ്‌ലാമിക സ്വൂഫിസം, തത്ത്വശാസ്ത്ര സ്വൂഫിസം, അദൈവിക സ്വൂഫിസം എന്നിങ്ങനെ തരംതിരിക്കുന്നുണ്ട്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയുള്ള ആത്മസംസ്‌കരണം (തസ്‌കിയത്ത്), ഇഹ്‌സാന്‍ എന്നിവയാണ് ഇസ്‌ലാമിക സ്വൂഫിസം കൊണ്ടുള്ള വിവക്ഷ. ശരീഅത്ത് നിഷ്‌കളങ്കതയോടും ദൈവഭക്തിയോടും കൂടി പാലിക്കുകയും കര്‍മങ്ങളില്‍ ദൈവത്തോടുള്ള സ്‌നേഹാദരങ്ങളും ഭയഭക്തിയും മുഖേന ആത്മാവിനെ വളര്‍ത്തുകയും ചെയ്യലാണത്. ഇതിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് മൗദൂദി എഴുതുന്നു: ''ഫിഖ്ഹിന്റെ ബന്ധം മനുഷ്യന്റെ ബാഹ്യകര്‍മങ്ങളോടാണ്. ഒരു കര്‍മം നിര്‍ദേശിക്കപ്പെടുംവിധം നിര്‍വഹിച്ചോ ഇല്ലയോ എന്ന് മാത്രമാണതിന്റെ നോട്ടം. അത് യഥാവിധി നിര്‍വഹിക്കുമ്പോഴുള്ള മനസ്സിന്റെ അവസ്ഥ ഫിഖ്ഹ് പരിഗണിക്കില്ല. കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴുള്ള മനസ്സിന്റെ അവസ്ഥ പരിചിന്തനം ചെയ്യുന്ന ചിന്താധാരയാണ് തസ്വവ്വുഫ്.'' ഫിഖ്ഹും തസ്വവ്വുഫും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തുടരുന്നു: ''നാമൊരാളെ കണ്ടുമുട്ടുമ്പോള്‍ രണ്ട് നിലക്ക് അയാളെ വീക്ഷിക്കുന്നു. അയാളുടെ ആരോഗ്യം, സൗന്ദര്യം, വസ്ത്രധാരണം, വൃത്തി എന്നിവയാണൊന്ന്. രണ്ടാമത്തേത് സ്വഭാവം, ബുദ്ധിശക്തി, വിവേകം, പാണ്ഡിത്യം, കഴിവുകള്‍ എന്നിവയും. ഇതില്‍ ഒന്നാമത്തെ വീക്ഷണം ഫിഖ്ഹിന്റേതും രണ്ടാമത്തേത് തസ്വവ്വുഫിന്റേതുമാണെന്ന് പറയാം. നാമൊരു സ്‌നേഹിതനെ തെരഞ്ഞെടുക്കുമ്പോള്‍ അവന്റെ രണ്ടു വശങ്ങളും നോക്കുമല്ലോ. അവന്റെ ഉള്ളും പുറവും നന്നാവണം എന്ന് നാം ആഗ്രഹിക്കും. ഇതുതന്നെയാണ് ഇസ്‌ലാമിന്റെയും സ്ഥിതി. ശരീഅത്ത് വിധികള്‍ അനുസരിക്കുമ്പോള്‍ അകവും പുറവും അതനുസരിക്കണം. ബാഹ്യമായി ശരിയനുഷ്ഠിക്കുന്ന ഒരാളുടെ അന്തര്‍ഭാഗത്ത് അനുസരണത്തിന്റെ ആത്മാവില്ലെങ്കില്‍ അവന്റെ കര്‍മം ഒരു മൃതശരീരം പോലെയാണ്. ഇനി, ആന്തരിക പൂര്‍ണതയുള്ള ഒരാളുടെ ബാഹ്യമായ അനുഷ്ഠാന രീതികള്‍ ശരിയല്ലെങ്കിലോ, വിരൂപവും വികൃതവുമായ ശരീരപ്രകൃതിയോടു കൂടിയ ഒരു മാന്യവ്യക്തിയെപ്പോലിരിക്കും അത്...
''ഈ ഉദാഹരണം ഫിഖ്ഹും തസ്വവ്വുഫും തമ്മിലുള്ള ബന്ധം നല്ല പോലെ വ്യക്തമാക്കുന്നു. ധാര്‍മിക വൈജ്ഞാനിക തകര്‍ച്ച ദര്‍ശിച്ച പില്‍ക്കാലത്ത് പൊട്ടിപ്പുറപ്പെട്ട കുഴപ്പങ്ങള്‍ തസ്വവ്വുഫിന്റെ പരിശുദ്ധിയെയും മലീമസമാക്കി. ജനങ്ങള്‍ ഇതര സമുദായങ്ങളില്‍നിന്ന് അനിസ്‌ലാമിക തത്ത്വശാസ്ത്രങ്ങള്‍ ദത്തെടുത്ത് അത് തസ്വവ്വുഫ് എന്ന് പേരുനല്‍കി ഇസ്‌ലാമില്‍ കടത്തിവിട്ടു. വിചിത്രമായ പലതരം ആചാര നടപടികളുടെ മേല്‍ തസ്വവ്വുഫ് എന്ന ലേബല്‍ പതിക്കപ്പെട്ടു. അവക്ക് ഖുര്‍ആനിലോ ഹദീസിലോ യാതൊരടിസ്ഥാനവുമുണ്ടായിരുന്നില്ല'' (ഇസ്‌ലാം മതം).
ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും (ഇല്‍മുല്‍കലാം) അടിസ്ഥാനത്തില്‍ രൂപം കൊണ്ടതാണ് തത്ത്വശാസ്ത്ര സ്വൂഫിസം. ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലമില്ലാത്ത പലതും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അബ്ബാസീ ഭരണാധികാരികളുടെ നിര്‍ലോഭമായ പിന്തുണയോടെ പല അനറബി ഗ്രന്ഥങ്ങളും അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൂട്ടത്തില്‍ പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവരുടെ ദാര്‍ശനിക കൃതികളും ഉണ്ടായിരുന്നു. അവ മുസ്‌ലിംകളുടെ ചിന്തയെ വ്യത്യസ്ത അളവില്‍ സ്വാധീനിച്ചു. തദ്ഫലമായി രൂപപ്പെട്ടതാണ് തത്ത്വശാസ്ത്ര സ്വൂഫിസം.
ദൈവത്തെ പ്രാപിച്ചവര്‍ക്ക് ശരീഅത്ത് ആവശ്യമില്ല എന്നതാണ് അദൈവിക സ്വൂഫിസത്തിന്റെ വാദം. ഉപരിസൂചിത മൂന്ന് സ്വൂഫിസങ്ങളും ചേര്‍ന്ന മിശ്രിതമാണ് പിന്നീട് കൂടുതല്‍ പ്രചാരം നേടിയത്. അത് സ്വൂഫിസം എന്ന സംജ്ഞ തന്നെ പൂര്‍ണമായി വിമര്‍ശിക്കപ്പെടാനും എതിര്‍ക്കപ്പെടാനും ഇടയാക്കി. സ്വൂഫിസം ഒരു സ്വതന്ത്രശാഖയായി രൂപം പ്രാപിച്ച് അധികം താമസിയാതെത്തന്നെ അതിന്റെ വികലരൂപങ്ങളും പ്രത്യക്ഷപ്പെട്ടുവെന്നാണ് ഇമാം ശാഫിഈയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന വചനങ്ങള്‍ നല്‍കുന്ന സൂചന.
ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍തന്നെ സ്വൂഫിസത്തെ നഖശിഖാന്തം എതിര്‍ത്ത പണ്ഡിതരില്‍ പ്രമുഖനാണ് ഇമാം ശാഫിഈ. സ്വൂഫിസത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിലയിരുത്തലുകളില്‍നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം ശാഫിഈ പറഞ്ഞതായി ശിഷ്യന്‍ യൂനുസുബ്‌നു അബ്ദില്‍ അഅ്‌ലാ ഉദ്ധരിക്കുന്നു: ''ഒരാള്‍ രാവിലെ സ്വൂഫിസം സ്വീകരിക്കുകയാണെങ്കില്‍ ഉച്ചയാവുമ്പോഴേക്കും അവന്‍ പടുവിഡ്ഢിയായിട്ടുണ്ടാവും.'' ''40 ദിവസം സ്വൂഫികളുടെ കൂടെ കഴിയുന്നയാള്‍ക്ക് തന്റെ ബുദ്ധി വീണ്ടെടുക്കാനാവില്ല.'' ''സന്യാസം സ്വീകരിച്ച് താങ്കളെ സമീപിക്കുന്നവരെ വിട്ടേക്കുക. അവര്‍ താങ്കളുടെ അടുത്തു നിന്ന് പോയാല്‍ ചെന്നായ്ക്കളായി മാറും.'' ''30 വര്‍ഷം ഞാന്‍ സ്വൂഫികളുമായി സഹവസിച്ചു. അവരില്‍ മുസ്‌ലിമുല്‍ ഖവ്വാസ് ഒഴികെ ബുദ്ധിയുള്ള ആരെയും ഞാന്‍ കണ്ടില്ല'' (തല്‍ബീസു ഇബ്‌ലീസ് പേജ് 327).
ഇമാം ശാഫിഈ പറഞ്ഞു: ''ഞാന്‍ സ്വൂഫികളുമായി സഹവസിച്ചു. രണ്ട് വാചകങ്ങളല്ലാതെ അവരില്‍നിന്ന് ഞാന്‍ ഒന്നും നേടിയിട്ടില്ല. അവര്‍ പറയുന്നത് ഞാന്‍ കേട്ടു: സമയം വാളാകുന്നു. നീ അതിനെ മുറിച്ചില്ലെങ്കില്‍ അത് നിന്നെ മുറിക്കും. നിന്റെ മനസ്സിനെ സത്യത്തിന്റെ കാര്യത്തില്‍ നീ വ്യാപൃതനാക്കിയില്ലെങ്കില്‍ അത് നിന്നെ മിഥ്യയില്‍ വ്യാപൃതനാക്കും'' (മദാരിജുസ്സാലികീന്‍ 3/129).
ഇമാം ശാഫിഈ പറഞ്ഞതായി ഇബ്‌റാഹീമുബ്‌നുല്‍ മൗലിദ് ഉദ്ധരിക്കുന്നു: ''ഒരു സ്വൂഫി സ്വൂഫിയാവണമെങ്കില്‍ അയാളില്‍ നാല് കാര്യങ്ങള്‍ ഉണ്ടാവണം: അങ്ങേയറ്റം അലസന്‍, തീറ്റപ്രിയന്‍, നന്നായി ഉറങ്ങുന്നവന്‍, എല്ലാറ്റിലും കയറി ഇടപെടുന്നവന്‍.''
സ്വൂഫികളുടെ സംഗീതശ്രവണത്തെയും ഗാനാലാപനവേളയിലെ നൃത്തങ്ങളെയും വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഞാന്‍ ബഗ്ദാദില്‍നിന്ന് പോരുമ്പോള്‍ സിന്ദീഖുകള്‍ (കപടഭക്തര്‍) സംഗീതശ്രവണം എന്ന പേരിലൊരു പുത്തന്‍ ആചാരം നടപ്പിലാക്കിയിട്ടുണ്ട്.''
അതേസമയം ഇമാം ശാഫിഈ സ്വൂഫിസത്തെ അനുകൂലിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഏതാനും വരികള്‍ ഇമീല്‍ ബദീഅ് യഅ്ഖൂബിന്റെ ദീവാനുല്‍ ഇമാം അശ്ശാഫിഈ എന്ന കവിതാ സമാഹാരത്തില്‍ കാണാം. അവ ഇങ്ങനെയാണ്:
(ഒരേസമയം) നീ പണ്ഡിതനും സ്വൂഫിയുമാവുക.
രണ്ടില്‍ ഒരാള്‍ മാത്രമാവാതിരിക്കുക
അല്ലാഹുവിന്റെ സത്യം സാക്ഷിനിര്‍ത്തി ഞാന്‍ നിന്നെ ഉപദേശിക്കുന്നു
ആദ്യത്തെയാള്‍ കഠിനഹൃദയന്‍
അവന്‍ ഭക്തിയെ രുചിച്ചറിഞ്ഞിട്ടില്ല
അപരനോ പടുവിഡ്ഢി
പോഴത്തം പേറുന്നവന്‍ എങ്ങനെയാണ് നന്നാവുക.
ഇമാം ശാഫിഈയുടേതാണെന്ന് സ്ഥിരീകരിക്കപ്പെടാത്ത വരികള്‍ ദീവാനില്‍ ഉണ്ടെന്നും അക്കൂട്ടത്തിലൊന്നാണ് ഇതെന്നും നിരൂപകര്‍ വിലയിരുത്തുന്നു. പണ്ഡിതനെ ഇകഴ്ത്താന്‍ ഇമാം ശാഫിഈക്ക് കഴിയില്ലെന്നും ഇമാം ശാഫിഈയുടെ ഇതര കവിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വരികള്‍ക്ക് ഒട്ടും ഭംഗിയില്ലെന്നും അവര്‍ വിശദീകരിക്കുന്നു.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സ്വൂഫിസത്തെയാണ് ഇമാം ശാഫിഈ വിമര്‍ശിച്ചതെന്ന് കരുതാനാണ് ന്യായം.
സി.ടി ജഅ്ഫര്‍ എടയൂര്‍: മലപ്പുറം ജില്ലയിലെ എടയൂര്‍ സ്വദേശി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയില്‍ പഠനം. എടയൂര്‍ ഐ.ആര്‍.എസ്.എച്ച്.എസ് സ്‌കൂളില്‍ അധ്യാപകന്‍. പന്നിമാംസ ഭോജനം മതങ്ങള്‍ക്ക് പറയാനുള്ളത് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഫോണ്‍: 7293100405
ഇമെയില്‍: [email protected]
Comments