പണ്ഡിത ശ്രേഷ്ഠരായ പ്രമുഖ ശിഷ്യന്മാര്‍
ഇമാം ശാഫിഈയുടെ അധ്യാപനങ്ങള്‍ ലോകത്ത് പ്രചരിച്ചത് അദ്ദേഹത്തിന്റെ പ്രമുഖരായ ശിഷ്യന്മാരിലൂടെയാണ്. ശാഫിഈ നടത്തിയ ഗ്രന്ഥരചനകള്‍ക്കു പുറമെ അദ്ദേഹത്തിന്റെ പ്രധാന വൈജ്ഞാനിക ഭണ്ഡാരങ്ങളായിരുന്നു ഈ ശിഷ്യന്മാര്‍. ഇമാമില്‍നിന്ന് നേരിട്ട് പഠിച്ച അറിവുകള്‍ ഇടനിലക്കാരില്ലാതെ 60 വര്‍ഷം വരെ അടുത്ത തലമുറക്ക് പഠിപ്പിച്ചു കൊടുക്കാന്‍ ഭാഗ്യം ലഭിച്ച പണ്ഡിതന്മാരും അക്കൂട്ടത്തിലുണ്ട്. ഇവരില്‍ ചിലര്‍ എഴുതിയ കനപ്പെട്ട ഗ്രന്ഥങ്ങളാണ് ഇന്നും ശാഫിഈ മദ്ഹബിന്റെ ആധികാരിക സ്രോതസ്സുകള്‍. ഇറാഖിലും ഈജിപ്തിലുമായി ഇമാം ശാഫിഈ ജീവിച്ചതിനാല്‍ രണ്ട് നാടുകളില്‍നിന്നുമായി നിരവധി ശിഷ്യഗണങ്ങളെ അദ്ദേഹത്തിന് ലഭിച്ചു. ഇമാമിനെ പോലെ നാല് മദ്ഹബുകളുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഇമാം അഹ്മദുബ്‌നു ഹമ്പലും ശാഫിഈ ശിഷ്യനാണ്. ഇമാം ശാഫിഈയുടെ പാണ്ഡിത്യത്തെക്കുറിച്ച് അങ്ങേയറ്റം ആദരവും മതിപ്പും പുലര്‍ത്തിയിരുന്നു ഇമാം അഹ്മദ്. അതിനാല്‍ ഹമ്പലീ കര്‍മശാസ്ത്ര സരണിയെ ഇമാം ശാഫിഈയുടെ കാഴ്ചപ്പാടുകള്‍ ഏറെ സ്വാധീനിച്ചതായി കാണാം.
ഹിജ്‌റ 727-771 കാലഘട്ടത്തില്‍ ജീവിച്ച ഇമാം താജുദ്ദീന്‍ സുബുകിയാണ് ശാഫിഈ പണ്ഡിതസരണിയെപ്പറ്റി പഠനം നടത്തിയ പ്രമുഖ ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്റെ ത്വബഖാതുശ്ശാഫിഇയ്യത്തില്‍ കുബ്‌റാ എന്ന 10 വാള്യമുള്ള ബൃഹദ്ഗ്രന്ഥം ശാഫിഈ പണ്ഡിതരെയും അവരുടെ വീക്ഷണങ്ങളെയും സംബന്ധിച്ചാണ്. ഇമാമില്‍നിന്ന് നേരിട്ടും അല്ലാതെയും വിദ്യയഭ്യസിച്ച അനേകം പണ്ഡിതരെ ഹിജ്‌രീ നൂറ്റാണ്ട് തിരിച്ചാണ് ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത്. എങ്കിലും അവരില്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പ്രമുഖ ശാഫിഈ ശിഷ്യന്മാരായി ചരിത്രകാരന്മാര്‍ എണ്ണുന്നത്.
ഇറാഖീ ശിഷ്യന്മാര്‍
1. അബൂസൗര്‍ അല്‍കല്‍ബി
ഇബ്‌റാഹീമുബ്‌നു ഖാലിദില്‍ കല്‍ബിയ്യുല്‍ ബഗ്ദാദി എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. അബൂസൗര്‍, അബൂഅബ്ദില്ല എന്നീ വിളിപ്പേരുകളിലും അറിയപ്പെട്ടു. ഹിജ്‌റ 170-ല്‍ ബഗ്ദാദില്‍ ജനിച്ചു. ഇമാം ശാഫിഈ രണ്ടാം തവണ ബഗ്ദാദില്‍ എത്തിയപ്പോഴാണ് അബൂസൗര്‍, ശാഫിഈയുടെ ശിഷ്യത്വം സ്വീകരിച്ചത്. അതുവരെ ഹനഫീ കര്‍മശാസ്ത്ര സരണിയിലായിരുന്നു അദ്ദേഹം. എന്നാല്‍ ആദ്യകാലത്ത് ബഗ്ദാദിലെ അസ്വ്ഹാബുര്‍റഅ്‌യില്‍ ഉള്‍പ്പെട്ട പണ്ഡിതനായിരുന്നു അബൂസൗര്‍ എന്ന വീക്ഷണവും ഉണ്ട്. ഖുര്‍ആനിനും ഹദീസിനും പുറമെ പ്രശ്‌നത്തിന്റെ വിധിനിര്‍ധാരണത്തിന് യുക്തിയും നീതിയും കൂടി അവലംബിക്കുന്ന പണ്ഡിതരാണ് അസ്വ്ഹാബുര്‍റഅ്‌യ് എന്നറിയപ്പെട്ടവര്‍. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ശക്തമായി ഉയര്‍ന്ന വിഭാഗമായിരുന്നു അവര്‍. ഇമാം ശാഫിഈ ബഗ്ദാദിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പരീക്ഷിക്കാന്‍ ഹുസൈനുല്‍ കറാബീസി എന്ന പണ്ഡിതനൊപ്പം അബൂസൗര്‍ ശാഫിഈ ഇമാമിനെ സന്ദര്‍ശിച്ചു. അവര്‍ അന്വേഷിച്ച വിഷയത്തില്‍ ഖുര്‍ആനും ഹദീസും ഉദ്ധരിച്ച് മറുപടി ലഭിച്ചുകൊണ്ടേയിരുന്നു. നേരം ഇരുട്ടുവോളം ആ സംഭാഷണം തുടര്‍ന്നു. ഒടുവില്‍ തങ്ങളുടെ നവീനവാദങ്ങള്‍ ഉപേക്ഷിച്ച് ഞങ്ങള്‍ ശാഫിഈയെ അനുധാവനം ചെയ്യാന്‍ ആരംഭിച്ചുവെന്നാണ് അബൂസൗര്‍ ഉദ്ധരിക്കുന്നത്. മറ്റൊരിക്കല്‍ അബൂസൗറിനോട് ഒരാള്‍ പറഞ്ഞു: ''അബൂസൗര്‍, ആളുകള്‍ അഭിമുഖീകരിക്കുന്ന ആ വിപത്തിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?'' അബൂസൗര്‍: ''എന്ത് വിപത്താണത്?'' ആഗതന്‍: ''സുഫ്‌യാനുസ്സൗരി, ഇമാം ശാഫിഈയേക്കാളും അറിവുള്ള ഫഖീഹാണെന്നാണ് ജനസംസാരം.'' അബൂസൗര്‍: ''സുബ്ഹാനല്ലാഹ്, അവരങ്ങനെ പറയുന്നുവോ? എന്നാല്‍ ഇമാം ശാഫിഈ ഇബ്‌റാഹീമുന്നഖഇയേക്കാളും കഴിവുറ്റ പണ്ഡിതനാണ്.''
പില്‍ക്കാലത്ത് ഒരു സ്വതന്ത്ര മദ്ഹബിന്റെ ഇമാമായും അബൂസൗര്‍ അറിയപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈയും ഇമാം മാലികും തമ്മിലെ അഭിപ്രായാന്തരങ്ങള്‍ സംബന്ധിച്ച് അബൂസൗര്‍ രചിച്ച ഗ്രന്ഥത്തില്‍ ഇമാം ശാഫിഈയെ ആണ് അദ്ദേഹം പിന്തുണച്ചിട്ടുള്ളത്. പാണ്ഡിത്യത്തില്‍ അബൂസൗര്‍, സുഫ്‌യാനുസൗരിക്ക് തുല്യനാണെന്ന് ഇമാം അഹ്മദും ദൈവഭക്തിയിലും വിജ്ഞാനത്തിലും അഗ്രഗണ്യനെന്ന് ഇമാം ഇബ്‌നു ഹിബ്ബാനും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 237-ലാണ് അദ്ദേഹത്തിന്റെ വിയോഗം.
2. അബൂഅലിയ്യില്‍ കറാബീസി
ശാഫിഈ മദ്ഹബുകാരനായ ഹദീസ് വിശാരദനും കര്‍മശാസ്ത്ര പണ്ഡിതനുമാണ് അബൂഅലിയ്യില്‍ ഹുസൈനില്‍ കറാബീസി. ഹദീസും ഫിഖ്ഹും തമ്മില്‍ സംയോജിപ്പിക്കുന്നതില്‍ വ്യുല്‍പത്തിയുണ്ടായിരുന്ന കറാബീസി അഹ്‌ലുസ്സുന്നയുടെ പ്രമുഖ വക്താവുമായിരുന്നു. അഹ്‌ലുര്‍റഅ്‌യിന്റെ വീക്ഷണത്തില്‍നിന്നുകൊണ്ടാണ് ആദ്യകാലത്ത് അദ്ദേഹം വിദ്യയഭ്യസിച്ചത്. പിന്നീട് ഇമാം ശാഫിഈയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇറാഖില്‍ ശാഫിഈ സരണിയുടെ ഖദീമായ (പഴയ) വീക്ഷണങ്ങളുടെ നിവേദകനായിരുന്നു കറാബീസി. തര്‍ക്കശാസ്ത്രത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അദ്ദേഹം ഫിഖ്ഹ് നിദാന ശാസ്ത്രത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബ് വിവരിക്കുന്ന ഭൂരിപക്ഷം ഗ്രന്ഥങ്ങളിലും കറാബീസിയുടെ പേര് ആവര്‍ത്തിച്ചുവരുന്നത് കാണാം. 'സമൃദ്ധമായ വൈജ്ഞാനിക സദസ്സ്' എന്നാണ് ശാഫിഈയുടെ വൈജ്ഞാനിക മജ്‌ലിസിനെ കറാബീസി വിശേഷിപ്പിച്ചത്. ഹിജ്‌റ 248-ല്‍ ബഗ്ദാദില്‍ അന്തരിച്ചു.
3. ഹസന്‍ അസ്സഅ്ഫറാനി
ഹിജ്‌റ 173-ല്‍ ബഗ്ദാദില്‍ ജനിച്ച്, അവിടെത്തന്നെ താമസമാക്കിയ പ്രമുഖ ശാഫിഈ ഫഖീഹാണ് അബൂഅലിയ്യില്‍ ഹസനുബ്‌നു മുഹമ്മദുസഅ്ഫറാനിയ്യുല്‍ ബഗ്ദാദി. കര്‍മശാസ്ത്ര വിശാരദന്‍, ഹദീസ് പണ്ഡിതന്‍, സ്ഫുടമായ ഭാഷാ ശൈലിയുടെ ഉടമ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനാണ് അദ്ദേഹം. രണ്ടാം തവണ ഇമാം ശാഫിഈ ബഗ്ദാദില്‍ എത്തിയപ്പോഴാണ് സഅ്ഫറാനി അദ്ദേഹത്തിന്റെ ശിഷ്യനാകുന്നത്. ഇമാമിന്റെ സന്തതസഹചാരിയായ വിദ്യാര്‍ഥി കൂടിയാണ് സഅ്ഫറാനി. ശാഫിഈയുടെ പഴയ വീക്ഷണങ്ങള്‍ നിവേദനം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇമാം ബുഖാരി ഉള്‍പ്പെടെ നിരവധി പണ്ഡിതന്മാര്‍ അദ്ദേഹത്തില്‍നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അഹ്മദുബ്‌നു ഹമ്പല്‍, അബൂസൗര്‍, കറാബീസി തുടങ്ങിയവര്‍ ശാഫിഈയുടെ സദസ്സിലിരിക്കെ പല അറബി ഉദ്ധരണികളും സ്ഫുടമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് സഅ്ഫറാനിക്കായിരുന്നു. അക്കാലത്ത് മയങ്ങിക്കിടന്ന അസ്വ്ഹാബുല്‍ ഹദീസിനെ തട്ടിയുണര്‍ത്തിയത് ഇമാം ശാഫിഈ ആണെന്നും സഅ്ഫറാനി പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങള്‍ 50 വര്‍ഷം പില്‍ക്കാല ശിഷ്യന്മാര്‍ സഅ്ഫറാനിയെ വായിച്ചു കേള്‍പ്പിക്കുകയും അങ്ങനെയവര്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. 'ഞാന്‍ ഒരാളോടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല; അതിനേക്കാള്‍ എനിക്കിഷ്ടം സ്വയം പിഴക്കുന്നതാണ്' എന്ന ഇമാമിന്റെ വചനം റിപ്പോര്‍ട്ട് ചെയ്തതും സഅ്ഫറാനി തന്നെ. ഹിജ്‌റ 260-ലാണ് വിയോഗം.
ഇവര്‍ക്കുപുറമെ അഹ്മദുബ്‌നു ഖാലിദില്‍ ഖലാല്‍, അഹ്മദുബ്‌നു സിഹാനില്‍ ഖത്വാന്‍, അഹ്മദുബ്‌നു സുറൈജി നഹ്ശലി, ഇസ്ഹാഖുബ്‌നു റാഹവൈഹി, അല്‍ഹാരിസുബ്‌നു സുറൈജിന്നഖാല്‍, സുലൈമാനുബ്‌നു ദാവൂദ്, അല്‍ഖാസിമുബ്‌നു സലാം എന്നിവരും ഇമാം ശാഫിഈയുടെ പിന്തുടര്‍ച്ചക്കാരായി ഇറാഖില്‍നിന്ന് ഉയര്‍ന്നുവന്ന പണ്ഡിതപ്രതിഭകളാണ്.
ഈജിപ്തിലെ ശിഷ്യന്മാര്‍
ഈജിപ്തില്‍ ഇമാം ശാഫിഈയുടെ മദ്ഹബ് പ്രചരിക്കാത്ത ഒറ്റ മേഖലയും ഉണ്ടായിരുന്നില്ല. കാരണം നിരവധി പണ്ഡിതന്മാര്‍ അവിടെവെച്ച് ഇമാമിനെ നേരില്‍കണ്ട് വിദ്യ നുകര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രയാണം നടത്തി. അവിടങ്ങളിലെല്ലാം ശാഫിഈ മദ്ഹബ് ആണ് അവര്‍ പ്രചരിപ്പിച്ചത്. ഈജിപ്തില്‍ ശിഷ്യന്മാരുടെ കൂട്ടത്തില്‍ നാലു പേരാണ് ഏറെ പ്രമുഖര്‍. ഇമാം ബുവൈത്വി, മുസനി, റബീഉല്‍ മുറാദി, മുഹമ്മദുബ്‌നു അബ്ദില്ലാ എന്നിവര്‍. ഇവരില്‍ ഓരോരുത്തര്‍ക്കും ശാഫിഈയുടെ ജീവിതവുമായി പ്രത്യേക ബന്ധമുണ്ട്. പില്‍ക്കാല സമൂഹത്തിന് ഒറ്റക്കുനിന്ന് നേതൃത്വം നല്‍കാന്‍ മാത്രം കരുത്താര്‍ജിച്ചവരായിരുന്നു ഇവര്‍ ഓരോരുത്തരും. എന്നാല്‍ തന്റെ വിയോഗശേഷം ഇമാം ബുവൈത്വിയെയാണ് ഇമാം ശാഫിഈ ഈജിപ്തില്‍ പിന്‍ഗാമിയാക്കിയത്. ഇവര്‍ നാലു പേരും ചേര്‍ന്ന് ഇമാം ശാഫിഈയുടെ അവസാന കാലത്ത് രോഗസന്ദര്‍ശനം നടത്തിയപ്പോള്‍ ഓരോരുത്തരെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം പ്രവചനങ്ങള്‍ ശാഫിഈ നടത്തിയിട്ടുണ്ട്. പില്‍ക്കാലത്ത് അവ അതേപടി സംഭവിച്ചത് ആ പണ്ഡിതന്റെ ദീര്‍ഘ ദൃഷ്ടിയെയാണ് അടയാളപ്പെടുത്തുന്നത്.
4. അല്‍ബുവൈത്വി
ഈജിപ്തിലെ ബനൂസുവൈഫ് മേഖലയിലെ ഒരു ഗ്രാമമാണ് ബുവൈത്വ്. അവിടെ ജീവിച്ച പ്രമുഖ ശാഫിഈ പണ്ഡിതനാണ് അബൂയഅ്ഖൂബ് യൂസുഫുബ്‌നു യഹ്‌യല്‍ ബുവൈത്വി. ഇമാം ശാഫിഈ ഈജിപ്തില്‍ എത്തിയതു മുതല്‍ ബുവൈത്വി ആ മഹാനുമായി സഹവസിച്ചു. തന്റെ മരണാനന്തരം ഫത്‌വ നല്‍കാനും ക്ലാസ്സുകള്‍ നയിക്കാനുമുള്ള പിന്‍ഗാമിയായി ജീവിതകാലത്തുതന്നെ ഇമാം ശാഫിഈ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ശാഫിഈ മദ്ഹബിലെ പ്രമുഖ മുജ്തഹിദായും ബുവൈത്വി പരിഗണിക്കപ്പെട്ടു. അദ്ദേഹത്തില്‍നിന്ന് ഫിഖ്ഹ് പഠിച്ച നിരവധി ശിഷ്യന്മാരാണ് പിന്നീട് ശാഫിഈ മദ്ഹബിന്റെ പ്രധാന പ്രചാരകരായത്. ശാഫിഈ ഗ്രന്ഥങ്ങളില്‍ നിര്‍ലോഭം ഉദ്ധരിക്കപ്പെടുന്ന നാമമാണ് ബുവൈത്വിയുടേത്. ഇമാമിന്റെ വീക്ഷണങ്ങള്‍ സംഗ്രഹിച്ച് ബുവൈത്വി രചിച്ച കിതാബുല്‍ മുഖ്തസ്വര്‍ എന്ന ഗ്രന്ഥം പ്രശസ്തമാണ്. ശാഫിഈയുടെ പുതിയ വീക്ഷണങ്ങളാണ് ബുവൈത്വി പ്രചരിപ്പിച്ചത്. ഖലീഫ വാസിഖിന്റെ കാലഘട്ടത്തില്‍ ഖുര്‍ആന്‍ സൃഷ്ടിവാദ പ്രശ്‌നം ഉയര്‍ന്നപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊണ്ടു ബുവൈത്വി. അക്കാരണത്താല്‍ ഹിജ്‌റ 231-ല്‍ ഭരണാധികാരി അദ്ദേഹത്തെ ഇറാഖില്‍ കൊണ്ടുവന്ന് തുറുങ്കിലടച്ചു. അനേക വര്‍ഷം തടവറയില്‍ കിടന്ന ആ പണ്ഡിതന്‍ ജയിലറക്കകത്തുവെച്ചാണ് മരണം പുല്‍കിയതും. ജുമുഅ ദിവസം ജയിലിനകത്തേക്കു ബാങ്കൊലി കടന്നെത്തുമ്പോള്‍ കുളിച്ച് വൃത്തിയായി പള്ളിയിലേക്ക് പോകാന്‍ അദ്ദേഹം ജയില്‍ കവാടത്തിനരികിലെത്തും. എന്നാല്‍, പാറാവുകാര്‍ അദ്ദേഹത്തെ തടഞ്ഞു. ബുവൈത്വി ദുഃഖത്തോടെ പ്രാര്‍ഥിച്ചു: 'നാഥാ! നിന്റെ വിളിക്കുത്തരം നല്‍കാന്‍ ഞാനിതാ പുറപ്പെട്ടിരിക്കുന്നു. പക്ഷേ, ഇവര്‍ എന്നെ തടയുന്നുവല്ലോ.'
മറ്റു ശിഷ്യന്മാരേക്കാള്‍ ബുവൈത്വിക്ക് ശാഫിഈ തന്റെ അടുക്കല്‍ സ്ഥാനം നല്‍കി. ഫത്‌വ ചോദിച്ചുവരുന്നവരോട് അത് അബൂയഅ്ഖൂബിനോട് (ബുവൈത്വിയുടെ വിളിപ്പേര്) ചോദിക്കൂ എന്നാണ് ഇമാം പറയുക. ബുവൈത്വിയില്‍നിന്ന് ലഭിച്ച മറുപടി ശാഫിഈയെ കേള്‍പ്പിച്ചാല്‍ അദ്ദേഹം പറയും: 'ബുവൈത്വി പറഞ്ഞതുതന്നെയാണ് ശരി.' എന്റെ പ്രതിസ്വരമാണ് ബുവൈത്വിയെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ മരണം പുല്‍കുന്നതിനു മുമ്പുള്ള രോഗാവസ്ഥയിലായിരിക്കെ മുഹമ്മദുബ്‌നു അബ്ദില്ല എന്ന പണ്ഡിതന്‍ ബുവൈത്വിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. പ്രശ്‌നത്തിലിടപ്പെട്ട് ശൈഖ് ഹുമൈദി പറഞ്ഞു: തന്റെ വിജ്ഞാന സദസ്സ് നയിക്കാന്‍ യൂസുഫുബ്‌നു യഹ്‌യയേ(ബുവൈത്വി)ക്കാള്‍ അര്‍ഹനായ മറ്റൊരാളില്ലെന്നും എന്റെ വിദ്യാര്‍ഥികളില്‍ ഏറ്റവും അറിവുള്ള ആള്‍ ബുവൈത്വിയാണെന്നും ഇമാം ശാഫിഈ പ്രസ്താവിച്ചത് അംഗീകരിക്കുക.
5. അല്‍മുസനി
മുദര്‍ വംശത്തിലെ മുസൈന ഗോത്രജനായ അബൂഇബ്‌റാഹീം ഇസ്മാഈലുബ്‌നു യഹ്‌യല്‍ മുസനി ഹിജ്‌റ 175-ല്‍ ജനിച്ചു. ഇമാം ശാഫിഈ ഈജിപ്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം വരിച്ച മുസനി ശാഫിഈ മദ്ഹബിനെതിരെയുള്ള പ്രതിയോഗികളുടെ ആക്രമണത്തെ നേരിടുന്നതില്‍ അസാമാന്യ മികവു പുലര്‍ത്തിയ പണ്ഡിതനാണ്. ശാഫിഈ ശിഷ്യന്മാര്‍ക്കിടയിലെ അസാധാരണ വ്യക്തിത്വത്തിനുടമ ആയിരുന്നു ഇമാം മുസ്‌നി. തെളിവുകള്‍ മുഖേന വാദം സമര്‍ഥിക്കുന്ന പ്രതിഭാശാലി. ഇമാം ശാഫിഈ പറഞ്ഞു: 'മുസനിയോട് തര്‍ക്കിക്കാന്‍ തുനിയുന്നത് പിശാചാണെങ്കില്‍ പോലും അദ്ദേഹത്തിനു മുമ്പാകെ അവന്‍ പരാജയപ്പെടും.' ദൈവഭക്തിയിലും ആരാധനകള്‍ വര്‍ധിപ്പിക്കുന്നതിലും ഭൗതിക വിരക്തിയിലും മാതൃകാ പുരുഷനായിരുന്നു അദ്ദേഹം. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട്, സൂക്ഷ്മതയോടെ ജീവിച്ചു. ഹാഫിള് ഇബ്‌നു അബ്ദില്‍ ബര്‍റ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഗ്രാഹ്യശക്തിയിലും തഖ്‌വയിലും മികച്ചുനിന്ന പണ്ഡിതന്‍' എന്നാണ്.
അല്‍ ജാമിഉല്‍ കബീര്‍, അല്‍ ജാമിഉസ്സ്വഗീര്‍, അല്‍ മന്‍സൂര്‍, അല്‍ മസാഇലുല്‍ മുഅ്തബറ എന്നിവയാണ് ഇമാം മുസനിയുടെ പ്രധാന ഗ്രന്ഥങ്ങള്‍. അദ്ദേഹത്തിന്റെ അല്‍ മുഖ്തസ്വറുസ്സ്വഗീര്‍, മുഖ്തസ്വറുല്‍ മുസനി എന്ന പേരിലാണ് പ്രസിദ്ധി നേടിയത്. ശാഫിഈ മദ്ഹബിനെപ്പറ്റി എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥമായ മുഖ്തസ്വറുല്‍ മുസനിയെ മാതൃകയാക്കിയാണ് ഇതര ശാഫിഈ ഫുഖഹാഅ് അവരുടെ ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളത്. ആ ഗ്രന്ഥത്തിന് അവര്‍ നിരവധി വിവരണങ്ങളും തയാറാക്കിയിട്ടുണ്ട്. ഇമാം മുസനിതന്നെ പറഞ്ഞതായി ഇമാം ബൈഹഖി ഉദ്ധരിക്കുന്നു: 'ഇമാം ശാഫിഈ ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കില്‍, എന്നില്‍നിന്ന് ആ ഗ്രന്ഥം കേള്‍ക്കാന്‍ അദ്ദേഹം സന്നദ്ധമാകുമായിരുന്നു.'
ഇസ്‌ലാമില്‍ ഏറെ ഉപകാരപ്രദവും അനുഗ്രഹം പൂത്തുനില്‍ക്കുന്നതും കൂടുതല്‍ ഫലദായകവുമായ ഗ്രന്ഥമാണ് മുഖ്തസ്വറുല്‍ മുസനി എന്നും ഇമാം ബൈഹഖി പ്രസ്താവിച്ചിട്ടുണ്ട്. ഒരു വശത്ത് അദ്ദേഹം ശാഫിഈ മദ്ഹബിന്റെ പ്രചാരകനായിരിക്കെത്തന്നെ മറുവശത്ത് ചില സ്വതന്ത്ര വീക്ഷണങ്ങളും ഇമാം മുസനി പ്രകടിപ്പിച്ചിട്ടുണ്ട്. ആ നിലയില്‍ വിലയിരുത്തുമ്പോള്‍ ഒരു സ്വതന്ത്ര മദ്ഹബിന്റെ പണ്ഡിതനായും ഇമാം മുസനിയെ കാണാം. അത്രമേല്‍ ഗവേഷണ പാടവം മുസനിക്കുണ്ടായിരുന്നു. ഈ ഗവേഷണ വാഞ്ഛ അദ്ദേഹം തന്റെ ഗുരുവായ ഇമാം ശാഫിഈയില്‍നിന്ന് പഠിച്ചതുമാണ്. അഥവാ, തന്നെ അനുകരിക്കണമെന്നല്ല, കൂടുതല്‍ ഭദ്രമായ തെളിവുകള്‍ ലഭ്യമാകുമ്പോള്‍ അതിനെ പിന്‍പറ്റിക്കൊള്ളുക എന്ന നിലപാടാണ് മുഴുവന്‍ ശിഷ്യര്‍ക്കും ഇമാം ശാഫിഈ പകര്‍ന്നുനല്‍കിയത്. അതിനാലാണ് ആദ്യകാലത്തെ ഭൂരിഭാഗം ശാഫിഈ പണ്ഡിതരും അന്ധമായ അനുകര്‍ത്താക്കളാകാതിരുന്നത്. തുറന്നിടപ്പെട്ട ഇജ്തിഹാദിന്റെ വാതിലുകളിലൂടെ വിജ്ഞാനാന്വേഷണ തൃഷ്ണ പ്രകടിപ്പിച്ചവരായിരുന്നു ശാഫിഈ ശിഷ്യന്മാര്‍. അതിനാല്‍തന്നെ അന്ധമായ മദ്ഹബ് പക്ഷപാതിത്വത്തിന്റെ വക്താക്കളായിരുന്നില്ല ഈ പണ്ഡിതന്മാര്‍. എന്നാല്‍ മുസനിയാകട്ടെ, ഇമാം മാലികിന്റെയും ഗുരുവിന്റെയും ഗുരുവര്യന്‍ ഇമാം ശാഫിഈയുടെയും അഭിപ്രായ വ്യത്യാസങ്ങളെ സംബന്ധിച്ച് ഗ്രന്ഥം രചിച്ചിട്ടുണ്ട്. തന്റെ ശിഷ്യന്മാര്‍ക്ക് ഇമാം ശാഫിഈ നല്‍കിയ ഗവേഷണ സ്വാതന്ത്ര്യത്തിന്റെ വിശാലമായ ചക്രവാളത്തെയാണ് ഇക്കാര്യം അടയാളപ്പെടുത്തുന്നത്. 'എന്റെ മദ്ഹബിന്റെ സഹായി' എന്നാണ് ഇമാം ശാഫിഈ ഒരിക്കല്‍ മുസനിയെ വിശേഷിപ്പിച്ചത്. ഹിജ്‌റ 264-ല്‍ മരണപ്പെട്ടു.
6. അര്‍റബീഉല്‍ മുറാദി
ഇമാം ശാഫിഈയുടെ മറ്റൊരു പ്രമുഖ ശിഷ്യനാണ് അബൂമുഹമ്മദ് അര്‍റബീഉബ്‌നു സുലൈമാനില്‍ മുറാദി. ഹിജ്‌റ 174-ല്‍ ഈജിപ്തിലാണ് ജനനം. മറ്റു വിദ്യാര്‍ഥികളേക്കാള്‍ അധികകാലം ഈജിപ്തില്‍ ഇമാം ശാഫിഈയോട് ഒന്നിച്ചുജീവിച്ച പണ്ഡിതനാണ് ഇമാം മുറാദി. ഇമാം ശാഫിഈയുടെ ഈജിപ്ഷ്യന്‍ ലിഖിതങ്ങള്‍ നിവേദനം ചെയ്തത് വിശ്വസ്തതയില്‍ ഏറെ മുമ്പനായ ഇമാം മുറാദിയാണ്. ഇമാമിന്റെ വചനങ്ങളെപ്പറ്റി വിവിധ സ്രോതസ്സുകള്‍ തമ്മില്‍ വൈരുധ്യം വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ ഇമാം മുസനിയുടെ നിവേദനങ്ങളേക്കാളും പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ മുറാദിയുടെ റിപ്പോര്‍ട്ടിനാണ് മുന്‍ഗണന കല്‍പിച്ചിരുന്നത്. മുറാദിയുടെ വിശ്വസ്തതയെ ഇമാം ശാഫിഈ തന്നെ പുകഴ്ത്തിയിട്ടുമുണ്ട്. 'എന്റെ നിവേദകന്‍ റബീഅ് ആകുന്നു' എന്നാണ് ആ വചനം. മസ്ജിദ് അംറുബ്‌നുല്‍ ആസ്വ് എന്ന് ഇന്നറിയപ്പെടുന്ന ഫുസ്ത്വാത്വ് പട്ടണത്തിലെ അല്‍ജാമിഅ് മസ്ജിദിലെ മുഅദ്ദിനായി ഇമാം ശാഫിഈ അദ്ദേഹത്തെ നിശ്ചയിക്കുകയുണ്ടായി. ശാഫിഈ മദ്ഹബ് ഗ്രന്ഥങ്ങളില്‍ അര്‍റബീഅ് എന്ന പേരില്‍ ഉദ്ധരിക്കപ്പെട്ടുവരുന്നത് ഇദ്ദേഹമാണ്. അവിടെ അര്‍റബീഉല്‍ മുറാദി എന്ന പൂര്‍ണ പേര് പോലും വേണ്ടതില്ലാത്ത വിധം പ്രസിദ്ധനായിരുന്നു അദ്ദേഹം. അര്‍റബീഉല്‍ ജീസി എന്ന മറ്റൊരു ശാഫിഈ പണ്ഡിതന്‍ കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരിനോട് 'ജീസി' എന്ന് ചേര്‍ക്കുന്നത്, മുറാദിയല്ല അതെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്. 96-ാം വയസ്സില്‍ ഹിജ്‌റ 270-ലാണ് മുറാദിയുടെ വിയോഗം. ദീര്‍ഘകാലം ജീവിച്ച ശാഫിഈ ശിഷ്യനാണ് മുറാദി. ഇമാം ശാഫിഈയുടെ മരണശേഷം 66 വര്‍ഷം മുറാദി ജീവിച്ചിരുന്നിട്ടുണ്ട്. ശാഫിഈ ഗ്രന്ഥങ്ങളുടെ പ്രചാരം ഈജിപ്തില്‍ വേരുപിടിക്കുന്നതിന് ഈ ദീര്‍ഘകാല ജീവിതം ഏറെ ഉപകാരപ്പെട്ടു. മുറാദിയില്‍നിന്ന് ശാഫിഈ ഗ്രന്ഥങ്ങള്‍ നേരിട്ടു പഠിക്കാന്‍ നിരവധി പണ്ഡിതര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയുണ്ടായി. സ്വന്തമായി രചന നടത്തിയിട്ടില്ലാത്ത ഇമാം മുറാദി ശാഫിഈ ഗ്രന്ഥങ്ങളുടെ നിവേദനത്തിനുവേണ്ടിയാണ് ജീവിതകാലം ചെലവഴിച്ചത്.
മറ്റു മൂന്ന് മദ്ഹബുകളുടെ ഇമാമുമാരില്‍നിന്നും ഭിന്നമായി തന്റെ മദ്ഹബ് വീക്ഷണത്തിന്റെ അടിസ്ഥാനങ്ങളും ശാഖാകാര്യങ്ങളും സ്വയം ക്രോഡീകരിച്ച പണ്ഡിതനാണ് ഇമാം ശാഫിഈ; ഉയര്‍ന്ന പരമ്പരയോടെ, തികഞ്ഞ സൂക്ഷ്മതയോടെ അതിന്റെ നിവേദനം നിര്‍വഹിച്ചതാകട്ടെ ഇമാം മുറാദിയും. ഇരുവര്‍ക്കുമിടയില്‍ മൂന്നാമതൊരാള്‍ ഇടനിലക്കാരനായില്ലാത്ത ക്രോഡീകരണം. ശാഫിഈ ഫിഖ്ഹ് പഠിക്കാന്‍ ഈജിപ്തിലെത്തിയ നിരവധി ശിഷ്യന്മാര്‍ക്കാണ് മുറാദി നേരിട്ട് ഇവ പകര്‍ന്നു നല്‍കിയത്. ശാഫിഈ മദ്ഹബ് ചിതറിപ്പോകാതെ അതിന്റെ സ്ഥായിയായ രൂപത്തില്‍ നിലനിര്‍ത്തുന്നതില്‍ മുറാദിയുടെ ശ്രമം പ്രധാനമാണ്. ഈജിപ്തിന്റെ അതിര്‍ത്തിപ്രദേശമായ അലക്‌സാണ്ട്രിയയുടെ സുരക്ഷാ ചുമതലയുള്ള സൈനിരോടൊപ്പം ഇമാം ശാഫിഈ നേതൃപരമായ സേവനമനുഷ്ഠിച്ചിരുന്നു. ആ യാത്രയിലും മുറാദി, ശാഫിഈയെ അനുഗമിച്ചിരുന്നു.
7. മുഹമ്മദുബ്‌നു അബ്ദില്ലാ
അബൂഅബ്ദില്ലാ മുഹമ്മദുബ്‌നു അബ്ദില്ല ആയിരുന്നു ഇമാം ശാഫിഈയുടെ ഈജിപ്തിലെ മറ്റൊരു ശിഷ്യന്‍. ഹിജ്‌റ 182-ലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഈജിപ്തിലെ മാലികീ മദ്ഹബിന്റെ പ്രമുഖ ഗുരുവായിരുന്നു. എങ്കിലും, ഇമാം ശാഫിഈ ഈജിപ്തിലെത്തിയപ്പോള്‍ അദ്ദേഹത്തില്‍നിന്ന് ഫിഖ്ഹ് പഠിക്കാന്‍ പിതാവ് മുഹമ്മദിനെ, ശാഫിഈയുടെ അടുത്തേക്ക് അയച്ചു. എന്നാല്‍ ഇമാം ശാഫിഈക്കു ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാകണം എന്ന കാര്യത്തില്‍ ഇമാം ബുവൈത്വിയുമായി, മുഹമ്മദ് അഭിപ്രായഭിന്നതയിലായി. അതേത്തുടര്‍ന്ന് അദ്ദേഹം മാലകീ മദ്ഹബിലേക്ക് തിരിച്ചുപോവുകയായിരുന്നു. ശേഷം 'അര്‍റദ്ദു അലശ്ശാഫിഈ ഫീമാ ഖാലഫ ഫീഹില്‍ കിതാബുസ്സുന്ന' (കിതാബിനും സുന്നത്തിനും എതിരായി ഇമാം ശാഫിഈ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ഖണ്ഡനം) എന്ന ഗ്രന്ഥവും മുഹമ്മദുബ്‌നു അബ്ദില്ലാ രചിച്ചു.
8. അബൂബക്‌റുല്‍ ഹുമൈദി
മക്ക നിവാസിയായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ ഖുറശി എന്ന ശാഫിഈ ശിഷ്യന്‍, ഒരുകാലത്ത് മക്കക്കാരുടെ മുഫ്തിയും മുഹദ്ദിസുമായിരുന്നു. പ്രവാചകചര്യയുടെ സംരക്ഷണത്തില്‍ ഇറാഖുകാര്‍ക്ക് അഹ്മദുബ്‌നു ഹമ്പല്‍ എന്ന പോലെ ഹിജാസുകാര്‍ക്കുണ്ടായിരുന്ന മുഹദ്ദിസാണ് ഹുമൈദി. ഇമാം ശാഫിഈയില്‍നിന്ന് ഹദീസ് നിവേദനം ചെയ്ത അദ്ദേഹം ശാഫിഈയില്‍നിന്നാണ് ഫിഖ്ഹും അഭ്യസിച്ചത്. ഇമാം ശാഫിഈയോടൊപ്പം ഈജിപ്തിലേക്ക് യാത്ര നടത്തി. ഇമാം ബുഖാരി ഉള്‍പ്പെടെ നിരവധി പേര്‍ ഹുമൈദിയില്‍നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇസ്ഹാഖുബ്‌നു റാഹവൈഹി പറഞ്ഞു: ഞങ്ങളുടെ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ മൂന്ന് പേരാണ്; ശാഫിഈ, ഹുമൈദി, അബൂ ഉബൈദ് എന്നിവരാണവര്‍. ഹിജ്‌റ 219-ല്‍ മക്കയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു.
9. ബഹ്‌റുബ്‌നു നസ്വ്ര്‍ അല്‍ മസ്വ്‌രി (ഹിജ്‌റ 180-267)
ഇമാം ശാഫിഈയില്‍നിന്ന് നിരവധി ഹദീസുകള്‍ ഉദ്ധരിച്ച പണ്ഡിതനാണ് ഇദ്ദേഹം. ഹദീസുകള്‍ക്ക് ഇമാം ശാഫിഈ നല്‍കിയ വിശദീകരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദമറതുബ്‌നു റബീഅ്, ഇമാം അശ്ഹബ്, ബിശ്‌റുബ്‌നു ബക്ര്‍ തുടങ്ങിയവര്‍ അറിവാര്‍ജിച്ചതും ബഹ്‌റുബ്‌നു നസ്വ്‌റില്‍ നിന്നാണ് (ത്വബഖാതുശ്ശാഫിഈ 2-3/110).
10. ഹര്‍മലതുബ്‌നു യഹ്‌യ തുജീബി
ഹിജ്‌റ 166-ല്‍ ജനിച്ച പണ്ഡിതനാണ് ഇദ്ദേഹം. ഇമാം ശാഫിഈ, അബ്ദുല്ലാഹിബ്‌നു വഹ്ബ്, ബിശ്‌റുബ്‌നു ബക്ര്‍ എന്നിവരില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഇമാം മുസ്‌ലിം, ഇബ്‌നുമാജ എന്നിവര്‍ ഹര്‍മലയെ ഉദ്ധരിച്ച് ഹദീസ് നിവേദനം ചെയ്തവരുമാണ്. ഇബ്‌നു വഹ്ബില്‍നിന്നാണ് അദ്ദേഹം കൂടുതലായി ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്.
11. അബ്ദുല്‍ അസീസുബ്‌നു യഹ്‌യ അല്‍ മക്കി
ഇമാം ശാഫിഈയോടൊപ്പം സഹവസിക്കുകയും വിദ്യയഭ്യസിക്കുകയും ചെയ്ത പണ്ഡിതനാണ് അബ്ദുല്‍ അസീസുബ്‌നു യഹ്‌യ അല്‍ മക്കി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ദാവൂദുള്ളാഹിരി പറഞ്ഞു: അബ്ദുല്‍ അസീസുബ്‌നു യഹ്‌യ ശാഫിഈയുടെ ശിഷ്യനാണ്; അദ്ദേഹത്തോടൊപ്പം യമനിലേക്ക് കൂടെ സഞ്ചരിച്ച ആള്‍. അബ്ദുല്‍ അസീസിന്റെ ഗ്രന്ഥങ്ങളില്‍ ഇമാം ശാഫിഈയുടെ സ്വാധീനം കൂടുതല്‍ പ്രകടവുമാണ്. 'അല്‍ ഹൈദഃ' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റേതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇമാം ദഹബി ആ അഭിപ്രായം ശരിവെച്ചിട്ടില്ല.
അബൂ അബ്ദില്ലാ അല്‍ മുഹാസിബി
പ്രമുഖ സ്വൂഫി പണ്ഡിതനായ അല്‍ ഹാരിസുബ്‌നു അസദില്‍ മുഹാസിബി, ഇമാം ശാഫിഈയോട് സഹവസിച്ച് അറിവ് കരസ്ഥമാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉസ്താദ് അബൂ മന്‍സ്വൂര്‍ അദ്ദേഹത്തെ ശാഫിഈക്കൊപ്പം സഹവസിച്ച പണ്ഡിതനായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫിഖ്ഹ്, തസ്വവ്വുഫ്, ഹദീസ്, ഇല്‍മുല്‍ കലാം വിജ്ഞാനീയങ്ങളില്‍ അഗ്രഗണ്യനായിരുന്നു മുഹാസിബി. സ്വന്തത്തെ, ദീര്‍ഘനേരം വിചാരണക്കു വിധേയനാക്കുന്നതിനാലാണ് അദ്ദേഹത്തിന് 'മുഹാസിബി' എന്ന വിശേഷണമുണ്ടായത്. മുഅ്തസില, റാഫിദ വിഭാഗങ്ങളെ ഖണ്ഡിച്ചുകൊണ്ടും മുഹാസിബി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
അവലംബം: ഇമാം സുബുകി-ത്വബഖാതുശ്ശാഫിഇയ്യതില്‍ കുബ്‌റാ, ഡോ. അക്‌റം യൂസുഫ് ഉമരില്‍ ഖവാസിമി- അല്‍മദ്ഖലു ഇലാ മദ്ഹബില്‍ ഇമാമിശ്ശാഫിഈ, അബ്ദുല്‍ ഗനി അദുഖ്ര്‍- അല്‍ ഇമാമുശ്ശാഫിഈ: ഫഖീഹു സുന്നത്തില്‍ അക്ബര്‍; ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്-ഇസ്‌ലാമിക വിജ്ഞാനകോശം (1,2,5 വാള്യങ്ങള്‍).
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍: കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ സ്വദേശി. ഐ.പി.എച്ച് ഇസ്‌ലാമിക വിജ്ഞാന കോശം എഡിറ്റോറിയല്‍ അംഗമായിരുന്നു. ഇപ്പോള്‍ ഹിറാ സെന്റര്‍ ഹജ്ജ് സെല്ലില്‍ ജോലി ചെയ്യുന്നു. കൃതികള്‍: മദീന മുനവ്വറ ചരിത്രം വര്‍ത്തമാനം, മക്ക ദേശം ചരിത്രം, കിനാലൂര്‍ സമര സാക്ഷ്യം (എഡിറ്റര്‍) ഫോണ്‍: 9995017263
ഇമെയില്‍: [email protected]
Comments