Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

അബൂഹനീഫയുടെ ചിന്താധാരയും ശാഫിഈയുടെ കര്‍മശാസ്ത്ര സരണിയും

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി

ഖുര്‍ആന്റെ മൂന്നില്‍ ഒരു ഭാഗം ശരീഅത്ത് നിയമങ്ങളാണെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദീനിന്റെ വികസിത രൂപമാണ് ശരീഅത്ത്. വിശ്വാസകാര്യങ്ങള്‍ക്കാണ് സാധാരണ ദീന്‍ എന്ന് ഉപയോഗിച്ചുവരുന്നത്. അനുഷ്ഠാനങ്ങള്‍ക്ക് ശരീഅത്ത് എന്നും. ഒന്ന് ഒന്നിന്റെ പൂരകമത്രെ. ദൈവിക കല്‍പനകള്‍ ശിരസ്സാവഹിക്കുന്നതിനും ദൈവിക വിലക്കുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനുമാണ് ഇബാദത്ത് എന്ന് പറയുന്നത്. ഇത് ഇബാദത്തിന്റെ സമഗ്ര നിര്‍വചനമാണ്. ഇല്‍മുല്‍ ഫിഖ്ഹിന്റെ നിര്‍വചനം കൂടി ശ്രദ്ധിച്ചാല്‍ ഏതൊരു ഇബാദത്ത് നിര്‍വഹണാര്‍ഥമാണോ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്, അത് സാധ്യമാകണമെങ്കില്‍ കര്‍മശാസ്ത്ര ജ്ഞാനം നിര്‍ബന്ധമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ശരീഅത്തിന്റെ സാങ്കേതിക ഭാഷയില്‍, വിശദ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെട്ട ശര്‍ഇയായ അനുഷ്ഠാനവിധികള്‍ക്ക് കര്‍മശാസ്ത്രജ്ഞാനമെന്ന് പറയുന്നു. ഇതാണ് ഇല്‍മുല്‍ ഫിഖ്ഹ്, അഥവാ കര്‍മശാസ്ത്ര ജ്ഞാനം. 

കര്‍മശാസ്ത്രം നബിയുടെ കാലത്ത്

ശരീഅത്തിന്റെ ആധികാരിക പ്രമാണങ്ങള്‍ ഖുര്‍ആനും നബിചര്യയുമാണ്. ഖുര്‍ആനും നബിചര്യയും തന്നെയാണ് അതിന് തെളിവ്. അല്ലാഹു പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിപ്പിന്‍, ദൈവദൂതനെയും അനുസരിപ്പിന്‍. നിങ്ങളുടെ കൈകാര്യകര്‍ത്താക്കളെയും അനുസരിപ്പിന്‍. ഒരു കാര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുവിന്‍. നിങ്ങള്‍ അല്ലാഹുവിലും ദൈവദൂതനിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്'' (അന്നിസാഅ് 59).

ബഗ്മി ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്: മുആദുബ്‌നു ജബലില്‍നിന്ന് നിവേദനം: എന്നെ യമന്‍ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ നബി ചോദിച്ചു: 'നിന്റെ മുമ്പില്‍ ഒരു പ്രശ്‌നം അവതരിപ്പിക്കപ്പെട്ടാല്‍ എങ്ങനെയാണ് നീയതില്‍ വിധി കല്‍പ്പിക്കുക?' 'ഞാന്‍ ദൈവിക ഗ്രന്ഥമനുസരിച്ച് വിധി കല്‍പ്പിക്കും.' നബി ചോദിച്ചു: 'ദൈവിക ഗ്രന്ഥത്തില്‍ വിധി ലഭിച്ചില്ലെങ്കിലോ?' ഞാന്‍: 'ഞാന്‍ ദൈവദൂതന്റെ ചര്യ പ്രകാരം വിധികല്‍പ്പിക്കും.' നബി വീണ്ടും ചോദിച്ചു: 'ദൈവദൂതന്റെ ചര്യയിലും വിധി ഇല്ലെങ്കിലോ?' 'ഞാന്‍ പരിശ്രമിച്ച് ഒരു വീക്ഷണം രൂപീകരിക്കും. അതില്‍ ഞാന്‍ ഒരു വീഴ്ചയും വരുത്തുകയില്ല.' ഞാന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ പറയുന്നു: അപ്പോള്‍ നബി അദ്ദേഹത്തിന്റെ മാറില്‍ തട്ടിക്കൊണ്ട് പറഞ്ഞു: ''ദൈവദൂതന്റെ ദൂതന്, ദൈവദൂതന്റെ ഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഉതവി നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും.'' 

ഈ ഖുര്‍ആന്‍ സൂക്തത്തില്‍നിന്നും ഹദീസില്‍നിന്നും കര്‍മശാസ്ത്ര വിധികള്‍ കണ്ടെത്തേണ്ടതെങ്ങനെയാണെന്നും നബിയുടെ അഭാവത്തില്‍ കര്‍മശാസ്ത്രവിധികള്‍ രൂപീകരിക്കേണ്ടത് എപ്രകാരമാണെന്നും വ്യക്തം. താഴെ പറയും പ്രകാരമാണ് അതിന്റെ ക്രമം.

1. ഖുര്‍ആന്‍ 2. പ്രവാചകചര്യ 3. അവ രണ്ടിലും പ്രത്യക്ഷ വിധിയില്ലാതിരിക്കുമ്പോള്‍ സ്വഹാബികളും ഇസ്‌ലാമിക ഖലീഫമാരും പണ്ഡിതന്മാരും അവ രണ്ടും അവലംബിച്ച് ആവിഷ്‌കരിച്ച വിധികള്‍. 

ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വിധി കണ്ടെത്താന്‍ പ്രയത്‌നം (ഇജ്തിഹാദ്) നടത്തുകയെന്നതായിരുന്നു സ്വഹാബികളുടെ സമ്പ്രദായം. അവര്‍ ഇജ്തിഹാദ് ചെയ്ത് നിയമ നിര്‍ധാരണം നടത്തുകയും അതുപ്രകാരം വിധി പ്രസ്താവിക്കുകയും ഫത്‌വ നല്‍കുകയും ചെയ്തുവന്നു. എന്നാല്‍, നേരിട്ടഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി നിര്‍ദേശിക്കുക മാത്രമാണവര്‍ ചെയ്തത്. നബിയുടെ കാലശേഷം സ്വഹാബി പ്രമുഖര്‍ നടത്തിയ വിധിപ്രസ്താവങ്ങളും ഫത്‌വകളും സ്വഹാബികളും താബിഉകളും ഓര്‍മിച്ചുവെക്കുകയും മനഃപാഠമാക്കുകയും ചെയ്തിരുന്നു. എങ്കിലും, സ്വഹാബികളുടെ കാലത്ത് അതൊരു ജ്ഞാനപദ്ധതിയായി വികസിക്കുകയോ അതിനെ കര്‍മശാസ്ത്രമെന്ന് പേര് വിളിക്കുകയോ ചെയ്തിട്ടില്ല. 

എന്നാല്‍, താബിഉകളും താബിഉത്താബിഉകളും മുജ്തഹിദുകളായ ഇമാമുകളും ജീവിച്ച രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക രാഷ്ട്രം ഏറെ വികസിക്കുകയുണ്ടായി. അനറബികള്‍ ധാരാളമായി ഇസ്‌ലാമില്‍ പ്രവേശിച്ചു. ഇക്കാലയളവില്‍ നിരവധി പുതിയ പ്രശ്‌നങ്ങളും നവീന സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടതായും അവയ്ക്ക് ബുദ്ധിപരമായും പ്രായോഗികമായും പ്രതിവിധി കണ്ടെത്താന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാവുകയുമുണ്ടായി.  അനേകം പ്രശ്‌നങ്ങളില്‍ നിയമനിര്‍മാണം നടത്താനും അതിനുവേണ്ടി യത്‌നിക്കാനും മുജ്തഹിദുകളായ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരായി. ഈ അവസ്ഥാവിശേഷം കാരണം പഠനഗവേഷണങ്ങളുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെട്ടു.  കര്‍മശാസ്ത്ര രംഗം പ്രവിശാലമാവുകയും സാങ്കല്‍പ്പിക പ്രശ്‌നങ്ങള്‍ക്ക് വിധി കണ്ടെത്തുകയും ചെയ്യുന്ന അവസ്ഥ വരെ വന്നുചേര്‍ന്നു. അങ്ങനെ സ്വഹാബികളുടെ കാലത്ത് ആവിഷ്‌കൃതമായ വിധികളുടെ സമാഹാരങ്ങളോട് അനേകം പ്രശ്‌നങ്ങള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ മൂന്നാം ഘട്ടത്തില്‍, അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍, സ്വഹാബികളുടെ വിധികള്‍, ഫത്‌വകള്‍, മുജ്തഹിദുകളുടെ വിധികള്‍, ഫത്‌വകള്‍ എന്നിവ ചേര്‍ന്നതായിരുന്നു കര്‍മശാസ്ത്രം. അക്കാലത്ത് അതിന്റെ സ്രോതസ്സ് ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബികളുടെ ചിന്ത, താബിഉകളുടെയും ഇമാമുമാരുടെയും ചിന്ത എന്നിവയായിരുന്നു. 

ഈ മൂന്നാം ഘട്ടത്തില്‍ ശരീഅത്ത് വിധികളുടെയും നബിചര്യയുടെയും ക്രോഡീകരണം ഒപ്പത്തിനൊപ്പം ആരംഭിച്ചു. വിധികളുടെ സമാഹാരം വൈജ്ഞാനിക വര്‍ണം സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. വിധികളുടെ കൂടെ അവയ്ക്കാധാരമായ ദലാഇല്‍ (തെളിവുകള്‍), ഇല്ലത്ത് (നിമിത്തം), അല്‍ ഉസ്വൂലുല്‍ ആമ്മഃ (പൊതു തത്ത്വങ്ങള്‍) എന്നിവ കൂടി വിവരിക്കപ്പെട്ടിരുന്നതുകൊണ്ടാണ് അതിന് വൈജ്ഞാനിക വര്‍ണം ലഭിച്ചത്. ഈ വിജ്ഞാന ശാഖക്ക് ഇല്‍മുല്‍ ഫിഖ്ഹ് (കര്‍മശാസ്ത്രം) എന്നും ബന്ധപ്പെട്ട പണ്ഡിതന്മാരെ ഫുഖഹാഅ് എന്നും വിളിക്കാന്‍ തുടങ്ങി.

ഇമാം മാലികു ബ്‌നു അനസ് രചിച്ച അല്‍മുവത്വയാണ് ഈ ഗണത്തില്‍ ആദ്യം രചിച്ച, ഇപ്പോഴും ലഭ്യമായ ഗ്രന്ഥം. പ്രവാചകചര്യ, സ്വഹാബികള്‍, താബിഉകള്‍, താബിഉകളുടെ ശിഷ്യന്‍മാര്‍ മുതലായവരുടെ ഫത്‌വകളാണ് അതില്‍ ക്രോഡീകരിച്ചിട്ടുള്ളത്. ഈ ഗ്രന്ഥമാണ് 'ഫിഖ്ഹുല്‍ അസര്‍', കര്‍മശാസ്ത്രത്തിന്റെ അടിയാധാരം. പിന്നീട് ഇമാം അബൂഹനീഫയുടെ ദ്വിതീയ ശിഷ്യനായ ഇമാം മുഹമ്മദുബ്‌നുല്‍ഹസന്‍ അശ്ശൈബാനി ഹനഫി കര്‍മശാസ്ത്രം ക്രോഡീകരിച്ചു. അദ്ദേഹത്തിന്റെ 'ദാഹിറുര്‍രിവായ'യാണ് അതില്‍ പ്രധാന ഗ്രന്ഥം. അതും ശൈബാനിയുടെ ഇതര ഗ്രന്ഥങ്ങളുമാണ് ഫിഖ്ഹുര്‍റഅ്‌യുകാരുടെ കര്‍മശാസ്ത്രത്തിന്റെ മൂലസ്രോതസ്സ്. ഇമാം മുഹമ്മദു ബ്‌നു ഇദ്‌രീസ് അശ്ശാഫിഈ ഈജിപ്തില്‍ വെച്ച് അല്‍ ഉമ്മ് പകര്‍ത്തിച്ചു. പ്രസ്തുത ഗ്രന്ഥമാണ് ശാഫിഈ മദ്ഹബിന്റെ ആധാരം.

 

തശ്‌രീഉം ഇസ്തിന്‍ബാത്വും

'ഒരു പ്രശ്‌നത്തിന് ഖുര്‍ആനിലും നബിചര്യയിലും വിധി ഇല്ലാതെ വരുമ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചിന്തിച്ച് സ്വന്തം വീക്ഷണം ആവിഷ്‌കരിക്കും. അതില്‍ ഞാന്‍ വീഴ്ചയൊന്നും വരുത്തുകയില്ല' എന്ന മുആദുബ്‌നു ജബലിന്റെ പ്രസ്താവന നബി അംഗീകരിച്ചു. ഖുര്‍ആനും സുന്നത്തും അവലംബിച്ച് നിയമം ആവിഷ്‌കരിക്കുകയെന്നത് ഖുര്‍ആനും സുന്നത്തും തന്നെ പഠിപ്പിച്ചതാണെന്ന് അതില്‍നിന്ന് മനസ്സിലാക്കാം. അതിനു വേണ്ടിയുള്ള ഇജ്തിഹാദി (പ്രയത്‌നം) നാണ് ഇസ്തിന്‍ബാത്വ് എന്ന് പറയുന്നത്. ഇസ്തിന്‍ബാത്വ് ഒരു ഖുര്‍ആനിക പ്രയോഗമാണ്. ഖുര്‍ആന്‍ പറയുന്നു; ''അവര്‍ ആ വാര്‍ത്ത ദൈവദൂതനിലേക്കും അവരുടെ കൈകാര്യകര്‍ത്താക്കളിലേക്കും അവര്‍ തന്നെ കൊട്ടിഘോഷിക്കാതെ  എത്തിച്ചു കൊടുത്തിരുന്നെങ്കില്‍ കാര്യത്തിന്റെ നിജഃസ്ഥിതി വിശകലനം ചെയ്ത് കണ്ടെത്താന്‍ പ്രാപ്തിയുള്ളവര്‍ അത് ചെയ്യുമായിരുന്നു.'' (അന്നിസാഅ് 83)

ഒട്ടകം വെള്ളം കുടിക്കുന്ന നീരുറവക്കും അത്തരം നീരുറവയിലേക്കുള്ള ഒട്ടകത്തിന്റെ സഞ്ചാരപാതക്കും പറയുന്ന വാക്കാണ് ശരീഅത്ത്. ശരീഅത്ത് നിയമങ്ങള്‍ ഒരേസമയം സ്വര്‍ഗത്തിലേക്കുള്ള വഴിയും ആ മാര്‍ഗം പിന്തുടരാനുള്ള അനുഷ്ഠാനവുമാണ്. വഴി കുറ്റമറ്റതാക്കാന്‍ സൂക്ഷ്മപഠനവും വിശകലനവും അത്യാവശ്യമാണ്. ഉള്ളിലുള്ളത് കണ്ടെത്തുക, നിഗമനത്തിലെത്തുക, വെളിപ്പെടുത്തുക എന്നൊക്കെയാണ് ഇസ്തിന്‍ബാത്വിന്റെ ഭാഷാര്‍ഥം. ഒരു പ്രശ്‌നത്തിന് പ്രത്യക്ഷവിധി ആവശ്യമായി വരുമ്പോള്‍ മുജ്തഹിദുകള്‍ പ്രമാണങ്ങള്‍ പരതുകയും അത് കണ്ടെത്താന്‍ പരമാവധി യത്‌നിക്കുകയുമാണ് പതിവ്. അപ്രകാരമാണ് ഹദീസുകള്‍ ക്രോഡീകരിക്കാനും വിധികള്‍ ആവിഷ്‌കരിക്കാനും തുടങ്ങിയത് എന്ന് നേരത്തെ പറഞ്ഞു. നബിചര്യകളും സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങളും പരമാവധി പിന്തുടര്‍ന്ന് അവയുടെ അടിസ്ഥാനത്തില്‍തന്നെ ഫത്‌വ നല്‍കാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കുക, ഖുര്‍ആനും ലഭ്യമായ നബിചര്യകളും സ്വഹാബിവചനങ്ങളും മുന്നില്‍വെച്ച് അവയുടെ കാര്യകാരണങ്ങള്‍ വിലയിരുത്തിപ്പഠിച്ച് സമാന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനും തിരുചര്യയും വെളിപ്പെടുത്തിയ വിധികള്‍ കണ്ടെത്തി പുതിയ പ്രശ്‌നങ്ങളെ അവയോട് തുലനം (ഖിയാസ്) ചെയ്യുക എന്നിങ്ങനെ രണ്ട് സമ്പ്രദായങ്ങള്‍ സ്വഹാബികളുടെ കാലം മുതല്‍ മുജ്തഹിദുകള്‍ സ്വീകരിച്ചിരുന്നു. ഒന്നാമത്തേതിന് ഫിഖ്ഹുല്‍ അസര്‍ (ഉദ്ധരണികളെ ആശ്രയിക്കുന്നത്) എന്നും രണ്ടാമത്തേതിന് ഫിഖ്ഹുര്‍റഅ്‌യ് (യുക്തിചിന്താ ഫിഖ്ഹ്) എന്നും പേര്‍ വിളിക്കപ്പെട്ടു. ഇരു വിഭാഗങ്ങളും തമ്മില്‍, നിവേദനങ്ങളും യുക്തിചിന്തയും ഉപയോഗപ്പെടുത്തുന്നതിന്റെ അളവില്‍ മാത്രമാണ് വ്യത്യാസമുള്ളത്. ഇരുകൂട്ടര്‍ക്കും രണ്ട് മാര്‍ഗങ്ങളും വര്‍ജ്യമായിരുന്നില്ല. ഇരുവിഭാഗവും കേന്ദ്രീകരിച്ച പ്രദേശങ്ങളും അഭിമുഖീകരിച്ച സാഹചര്യങ്ങളുടെ വ്യത്യാസവുമാണ് ഈ അന്തരത്തിന് നിദാനം. ഒന്നാമത്തെ വിഭാഗം ഹിജാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരാണ്; പ്രത്യേകിച്ച് മദീന കേന്ദ്രീകരിച്ച്. അവിടങ്ങളില്‍ നബിചര്യ, സ്വഹാബികളുടെയും താബിഉകളുടെയും നിവേദനങ്ങള്‍ എന്നിവയുടെ ലഭ്യത കൂടുതലായിരുന്നു. നാലാം ഖലീഫയുടെ കാലം മുതല്‍ ഇസ്‌ലാമിക ഭരണകേന്ദ്രം ഇറാഖിലേക്കും പിന്നീട് സിറിയയിലേക്കും വീണ്ടും ഇറാഖിലേക്കും മാറി. നാഗരികതകളുമായുള്ള മുഖാമുഖവും രാഷ്ട്രീയവും ബൗദ്ധികവുമായ സംഘര്‍ഷവുമെല്ലാം ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ചത് ഇറാഖാണ്. അതിനാല്‍, ഇറാഖീ പണ്ഡിതന്മാര്‍ക്കാണ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ആപേക്ഷികമായി കൂടുതല്‍ നേരിടേണ്ടിവന്നത്. അവക്ക് ഉടന്‍ പ്രതിവിധി നിര്‍ദേശിക്കേണ്ട ബാധ്യതയും സ്വാഭാവികമായും ഇറാഖി പണ്ഡിതന്മാരുടെ ചുമലില്‍ വന്നുചേര്‍ന്നു. അതിനാല്‍, മുകളില്‍ സൂചിപ്പിച്ച പോലെ, അഭിമുഖീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ സങ്കല്‍പ്പിച്ച് മുന്‍കൂര്‍ നിയമനിര്‍മാണം നടത്തുന്ന രീതി അവരെ സംബന്ധിച്ചേടത്തോളം ഒരു സാമൂഹിക, രാഷ്ട്രീയ ആവശ്യമായിത്തീര്‍ന്നു. ഇപ്രകാരമാണ് ഹിജാസി ഫിഖ്ഹ്, ഇറാഖി ഫിഖ്ഹ് എന്നിങ്ങനെ രണ്ട് കര്‍മശാസ്ത്ര ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. 'ഫിഖ്ഹുല്‍ അസറി'നെ 'ഹിജാസി ഫിഖ്ഹ്' എന്നും 'ഫിഖ്ഹുര്‍റഅ്‌യി'നെ 'ഇറാഖി ഫിഖ്ഹ്' എന്നും പറഞ്ഞു. ഹിജാസി ഫിഖ്ഹിന്റെ നേതൃത്വം ഒടുവില്‍, ഇമാം മാലികുബ്‌നു അനസിലും ഇറാഖി ഫിഖ്ഹിന്റെ നേതൃത്വം ഇമാം അബൂഹനീഫ നുഅ്മാനുബ്‌നു സാബിതിലും വന്നുചേര്‍ന്നു. ഇരുവരും പരസ്പരം ആദരിച്ചിരുന്നവരും വൈജ്ഞാനികമായ ആദാനപ്രദാനം നടത്തിയവരുമാണ്. ഇമാം അബൂഹനീഫ പ്രായം കൊണ്ട് ഇമാം മാലികിനേക്കാള്‍ മുതിര്‍ന്ന ആളായിരുന്നെങ്കിലും ഇമാം മാലികില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഇമാം മാലിക് ആ അര്‍ഥത്തില്‍ ഇമാം അബൂഹനീഫയുടെ ഗുരുനാഥനാണ്. എന്നാല്‍, ഇമാം മാലികിന് ഇമാം അബൂഹനീഫയുടെ ബുദ്ധിപരമായ മികവിനെക്കുറിച്ച് വലിയ മതിപ്പായിരുന്നു. ഇമാം ശാഫിഈയില്‍നിന്ന് ബൈഹഖി, ഇബ്‌നു അബൂ ഹാതിം, ഹാഫിദുബ്‌നു അബ്ദുല്‍ബര്‍റ് എന്നിവര്‍ ഉദ്ധരിക്കുന്നു. ഇമാം ശാഫിഈ പറഞ്ഞു: ഇമാം മാലികിനോട് ഇമാം അബൂഹനീഫയെ കുറിച്ച് അഭിപ്രായമാരാഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; ഇമാം അബൂഹനീഫ ഈ തൂണുകളെ ചൂണ്ടി അവ മരമാണെന്ന് ന്യായാനുമാനം (ഖിയാസ്) ചെയ്ത് സമര്‍ഥിച്ചാല്‍ അവ മരം തന്നെയാണെന്ന് നിങ്ങളില്‍ ആരും ധരിച്ചുപോകും (അല്‍ മദ്ഖല്‍ ഇലാ മദ്ഹബില്‍ ഇമാം അശ്ശാഫിഈ, പേജ് 159).

 

സമവായം അത്യാവശ്യം

ഫുഖഹാഅ് നിയമനിര്‍മാണം പരമാവധി കുറ്റമറ്റതാക്കാനാണ് പരിശ്രമിച്ചുപോന്നത്. എന്നാല്‍, അവര്‍ക്കിടയില്‍ വ്യത്യസ്ത സമീപനങ്ങള്‍ ഉണ്ടാകുന്നത് പക്ഷേ ഒഴിവാക്കാനാകുമായിരുന്നില്ല. യുക്തിഭദ്രത ശരീഅത്തിന്റെ പൊതുസ്വഭാവമാണ്. നിയമത്തിന്റെ യുക്തിഭദ്രത ഉറപ്പുവരുത്തുന്നതിനെക്കുറിച്ച ചിന്ത, പണ്ഡിതന്മാരെ ഖുര്‍ആനും സുന്നത്തും സ്ഥിരീകരിച്ച വിധിയില്‍ (ഹുക്മ്) അടങ്ങിയ യുക്തിലേക്കും (ഹിക്മത്) നിയമം നിര്‍മിക്കാന്‍ ഇടയാക്കിയ നിയമനിമിത്തത്തിലേക്കും (ഇല്ലതുല്‍ ഹുക്മ്) നയിച്ചു. തുടര്‍ന്ന് ഒരു പ്രശ്‌നത്തിന് പ്രതിവിധി നിര്‍ദേശിക്കുന്ന പ്രമാണം (നസ്സ്വ്) ഇല്ലാതെ വന്നാല്‍ നിലവിലുള്ള ഒരു വിധിയുടെ അവതരണത്തിന് ഇടയാക്കിയ അതേ നിയമനിമിത്തം (ഇല്ലതുല്‍ ഹുക്മ്) ഈ പുതിയ പ്രശ്‌നത്തില്‍ കാണപ്പെടുന്നുവെങ്കില്‍ ഇതേ വിധി പുതിയ പ്രശ്‌നത്തിനും പണ്ഡിതന്മാര്‍ ബാധകമാക്കി. കര്‍മശാസ്ത്ര തത്ത്വ പ്രകാരം ന്യായാനുമാനം (ഖിയാസ്) എന്ന് പറയുന്നത് ഈ നിയമ നിര്‍മാണ പ്രക്രിയക്കാണ്. അക്കാര്യത്തില്‍ സ്വഹാബികളുടെ മാതൃകയുണ്ട്. അതിനാല്‍ ഖിയാസിന്റെ പ്രാമാണികതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ സാരമായ തര്‍ക്കമില്ല. വിധിനിമിത്തത്തിന്റെ (ഇല്ലതുല്‍ ഹുക്മ്) നിര്‍ണയത്തിലാണ് തര്‍ക്കമുണ്ടാകുന്നത്. 

ഖിയാസ് പോലെത്തന്നെ കര്‍മശാസ്ത്ര നിദാനതത്ത്വപ്രകാരമുള്ള മറ്റൊരു  പരികല്‍പനയാണ് പൊതുനന്മയെ (മസ്വാലിഹുമുര്‍സല) അടിസ്ഥാനമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം. പൊതുതാല്‍പര്യം മാനിക്കുകയെന്നത് ശരീഅത്തിന്റെ പൊതുസ്വഭാവമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍ എന്താണ് ഓരോ പ്രശ്‌നത്തിലും പൊതുനന്മയെന്ന വിഷയത്തിലാണ് തര്‍ക്കമുത്ഭവിക്കുന്നത്. ഖിയാസിനെ നിയമനിര്‍മാണത്തിന് അവലംബിക്കുന്ന കാര്യത്തില്‍ ഇറാഖി പണ്ഡിതന്മാരും, മസ്വാലിഹ് മുര്‍സല ഉപയോഗപ്പെടുത്തുന്നതില്‍ ഹിജാസ് പണ്ഡിതന്മാരും മികവ് പുലര്‍ത്തി. ഹദീസ് ശേഖരണത്തില്‍ സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായം കൂടുതല്‍ ഉപയോഗിച്ചുവന്നതും ഹിജാസ് പണ്ഡിതന്മാരാണ്. ഹദീസുകളടെ ലഭ്യത, ലഭ്യമായ ഹദീസുകളുടെ ബലാബല നിര്‍ണയം, ഖിയാസ്, മസ്വാലിഹ് മുര്‍സല എന്നിവയുടെ ഉപയോഗത്തിലെ ഏറ്റക്കുറവുകള്‍, നിമിത്തങ്ങളുടെ (ഇല്ലത്ത്) നിര്‍ണയം, പൊതു താല്‍പര്യ നിര്‍ണയം എന്നിവയിലെ വീക്ഷണാന്തരം, സ്വഹാബികളുടെയും താബിഉകളുടെയും വീക്ഷണങ്ങളുടെ സ്വീകാര-തിരസ്‌കാരത്തിലുള്ള ഏറ്റക്കുറവ് മുതലായ കാര്യങ്ങളില്‍ പണ്ഡിതന്മാര്‍ പുലര്‍ത്തിവന്ന വീക്ഷണവ്യത്യാസങ്ങളാണ് നേരത്തേ സൂചിപ്പിച്ച പോലെ രണ്ട് കര്‍മശാസ്ത്ര ചിന്താധാരകള്‍ (ഫിഖ്ഹുല്‍ അസര്‍, ഫിഖ്ഹുര്‍റഅ്‌യ്) രൂപപ്പെടാന്‍ ഇടയാക്കിയത്. കര്‍മശാസ്ത്ര ചിന്തയും പഠനവും നടത്തിക്കൊണ്ടിരുന്ന മുജ്തഹിദുകളായ അനേകം ഫുഖഹാക്കള്‍ വേറെയും ഉണ്ടായിരുന്നുവെങ്കിലും ഇമാം മാലികും ഇമാം അബൂഹനീഫയും ധാരാളം ശിഷ്യസമ്പത്തുകൊണ്ട് അനുഗൃഹീതരായിരുന്നു. അതിനാല്‍, ഇരുവരുടെയും മദ്ഹബുകള്‍ കുടുതല്‍ പ്രചാരം നേടി. ഇമാം അബൂഹനീഫ ഹിജ്‌റ 150-ലും, ഹനഫി മദ്ഹബ് വ്യാപകമായി പ്രചരിക്കാന്‍ കാരണക്കാരനായ ഇമാം അബൂയൂസുഫ് ഹിജ്‌റ 182-ലും നിര്യാതനായി. ഹനഫി മദ്ഹബ് ക്രോഡീകരിച്ച, ഇമാം അബൂഹനീഫയുടെ ദ്വിതീയ ശിഷ്യന്‍ ഇമാം മുഹമ്മദുബ്‌നുല്‍ ഹസന്‍ അശ്ശൈബാനി ഇമാം മാലിക് മരിച്ച ഹിജ്‌റ 189-ല്‍ തന്നെയാണ് ഇഹലോകവാസം വെടിഞ്ഞത്. 

ചുരുക്കത്തില്‍, ഇരു മദ്ഹബുകളുടെയും ഉപജ്ഞാതാക്കളായ ഇമാമുമാര്‍ രണ്ടാം നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. ഹദീസുകളുടെ ക്രോഡീകരണവും കര്‍മശാസ്ത്ര നിദാനജ്ഞാനത്തിന്റെ ക്രമീകരണവും താത്ത്വികാവിഷ്‌കാരവും (തഅ്‌സീലുല്‍ ഉസ്വൂല്‍) പാതിവഴിയില്‍ എത്തിനില്‍ക്കെയാണ് പ്രമുഖ ഇസ്‌ലാമിക കര്‍മശാസ്ത്ര ചിന്തകരും മുജ്തഹിദുകളുമായ ഈ മഹത്തുക്കളുടെ വേര്‍പാട്. അതിനാല്‍ മാലികി, ഹനഫി മദ്ഹബുകള്‍ തമ്മിലും മുജ്തഹിദുകളായ ഇതര പണ്ഡിതന്മാര്‍ തമ്മിലും അക്കാലത്തുണ്ടായിരുന്ന  വീക്ഷണഭിന്നതകള്‍ സ്ഥായിയായ അഭിപ്രായവ്യത്യാസങ്ങളാണെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. അതുപോലെ, ഇമാം അബൂഹനീഫയെയും അദ്ദേഹത്തിന്റെ കൂട്ടുകാരെയും കുറിച്ച് അവര്‍ ഹദീസ് മുഖവിലക്കെടുക്കാതെ, സ്വാഭിപ്രായത്തിനും യുക്തിക്കും (റഅ്‌യ്) മുന്‍ഗണന നല്‍കുന്നവരായിരുന്നുവെന്ന് വാദിക്കുന്നത് പക്വമായ വീക്ഷണവുമല്ല. പില്‍ക്കാല ഹനഫികളും ഹദീസ് വാദികളും തമ്മില്‍ ഉണ്ടായ അനാവശ്യ വാഗ്വാദത്തിന്റെ ഉല്‍പന്നമാണ് ആ വാദം. 

എന്നാല്‍, ഒന്നാം നൂറ്റാണ്ടിന്റെ അന്തിമ ദശകം മുതല്‍ യവന തത്ത്വശാസ്ത്രവും യവന തര്‍ക്കശാസ്ത്രവും (മന്‍ത്വിഖ്) ഇതര വൈദേശിക തത്ത്വശാസ്ത്രങ്ങളും മുസ്‌ലിം ധിഷണയെ അതിരുകവിഞ്ഞ് സ്വാധീനിച്ചുവെന്നത് നേരാണ്. അവ കര്‍മശാസ്ത്ര ചിന്തയെ മാത്രമല്ല, തഫ്‌സീര്‍ ഉള്‍പ്പെടെ സര്‍വ ഇസ്‌ലാമിക ജ്ഞാനങ്ങളെയും അറബിഭാഷയെപ്പോലും സ്വാധീനിക്കുകയുണ്ടായി. തത്ത്വശാസ്ത്രം തന്നെ പ്രമാണങ്ങളുടെ സ്ഥാനം കൈയേറുന്നതാണ് പിന്നെ കാണാനായത്. മന്‍ത്വിഖിന്റെ സംവാദരീതി, ഖുര്‍ആന്‍ കാണിച്ചുതന്ന, നബിയും സ്വഹാബത്തും പരിശീലിപ്പിച്ച, മുജ്തഹിദുകളായ ഇമാമുകള്‍ പിന്തുടര്‍ന്നുവന്ന സംവാദ രീതിയെയും സ്വാധീനിക്കുകയുണ്ടായി. തല്‍ഫലമായി മന്‍ത്വിഖിന്റെ ഖിയാസും ഫിഖ്ഹ് ജ്ഞാനത്തിലെ ഖിയാസും കൂടിക്കലര്‍ന്ന് ഒന്ന് മറ്റേതില്‍നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യതയായിത്തീര്‍ന്നു. വൈദേശിക ദര്‍ശനങ്ങളുടെ സ്വാധീനം കാരണമാണ് വിശ്വാസ മേഖലയില്‍ മുഅ്തസില, മുര്‍ജിഅ പോലുള്ള  പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്. ഇതിന്റെ ഫലമായാണ് സ്വതന്ത്ര യുക്തിചിന്തയും ഹദീസ് നിഷേധ പ്രവണതയും ഉടലെടുത്തത്. എന്നാല്‍, ഹനഫി മദ്ഹബ് ഉള്‍പ്പെടെ സുന്നി മദ്ഹബുകള്‍ പൊതുവില്‍ അത്തരം ബാഹ്യസ്വാധീനത്തില്‍നിന്ന് ഏതാണ്ട് മുക്തമാണ്. അതേസമയം, രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും ഇസ്‌ലാമിക ചിന്ത കുറേക്കൂടി ഭദ്രതയും കൃത്യതയും ക്രമീകരണവും വിവാദങ്ങള്‍ക്കിടയില്‍ സമവായം സാധ്യമാകുന്ന തരത്തിലുള്ള അടിസ്ഥാന തത്ത്വങ്ങളുടെ ആവിഷ്‌കാരവും ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍, വളരെ മൗലികവും സ്ഥായിയുമായ ഈ ദൗത്യനിര്‍വഹണത്തിന് കാലം ഒരു യുഗപുരുഷനെയാണ് കാത്തിരുന്നതെന്ന് പില്‍ക്കാല ചരിത്രം തെളിയിച്ചു. 

 

ചരിത്ര നിയോഗം

ഇത്രയും പറഞ്ഞതില്‍നിന്ന് ഹനഫി, മാലികി മദ്ഹബുകളും ഇതര സമാന്തര ഫിഖ്ഹ് ചിന്തകളുമെല്ലാം കര്‍മശാസ്ത്രം ഒരു സമ്പൂര്‍ണ ജ്ഞാന പദ്ധതിയായി വളര്‍ന്ന് പരിപൂര്‍ണത കൈവരിക്കുന്നതിനു മുമ്പുള്ള കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാക്കാം. ഹനഫി, മാലികി മദ്ഹബിന്റെ ഉപജ്ഞാതാക്കളായ പണ്ഡിതന്മാര്‍ക്ക് പുറമെ, ഇമാം ഔസാഇ, ഇമാം ജഅ്ഫര്‍ സ്വാദിഖ്, ഇമാം ലൈസുബ്‌നു സഅ്ദ്, ഇമാം സുഫ്‌യാനുബ്‌നു ഉയൈയ്‌ന മുതലായ മുജ്തഹിദുകളും അവരുടെ ശിഷ്യന്മാരും സഹകാരികളുമായ മറ്റനേകം ഫുഖഹാഉം കര്‍മശാസ്ത്ര പരിചിന്തനം നിര്‍വഹിച്ചുകൊണ്ടിരുന്നു. അവരില്‍ ചിലരുടെ ചിന്ത കൂടുതലോ കുറച്ചോ അനുയായികളുള്ള മദ്ഹബുകളായി വളരുകയും ചെയ്തു. ഈ പണ്ഡിതന്മാരൊക്കെ ഫത്‌വ നല്‍കുന്നവരും കോടതി വ്യവഹാരങ്ങള്‍ കൈയാളുന്നവരുമായിരുന്നു. അവരുടെയെല്ലാം ചിന്തകളും ഫത്‌വകളും കോടതി വിധികളും മുസ്‌ലിം ബഹുജനമധ്യേ പ്രചരിച്ചു. അവര്‍ പരസ്പരമുള്ള സംവാദങ്ങള്‍ ഏതാണ്ട് ആരോഗ്യകരമായ വൈജ്ഞാനിക ആദാനപ്രദാനങ്ങളായിരുന്നെങ്കിലും അവ സമൂഹത്തില്‍ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാനാവുമായിരുന്നില്ല. 

ഹദീസ് ശേഖരണം വ്യാപകമായി നടന്നുവന്നതിനാല്‍ ബഹുജനമധ്യേ ഹദീസുകളും പ്രചരിച്ചു. ഹദീസുകളുടെ ബലാബല നിര്‍ണയത്തില്‍ പണ്ഡിതന്മാരുടെ ഭിന്നവീക്ഷണങ്ങളും പ്രശ്‌നമായി. ഹദീസുകളുടെ ത്യാജഗ്രാഹ്യകാര്യത്തില്‍ അവലംബിക്കാവുന്ന കൃത്യമായ പൊതു മാര്‍ഗരേഖയുടെ അഭാവവും അഭിപ്രായഭിന്നത രൂക്ഷമാകാന്‍ നിമിത്തമായി. ഫിഖ്ഹുല്‍ അസര്‍, ഫിഖ്ഹുര്‍റഅ്‌യ് പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വിടവ് വര്‍ധിക്കാന്‍ അതും ഒരു കാരണമാണ്. നേരത്തേ ഇമാം അബൂയുസുഫ് കിതാബുല്‍ അംവാല്‍ രചിച്ചതും ഇമാം മാലിക് അല്‍ മുവത്വ രചിച്ചതും ഈ പശ്ചാത്തലത്തിലാണ്. അബ്ബാസി ഭരണാധികാരികളുടെ അഭ്യര്‍ഥനപ്രകാരമാണ് രണ്ട് ഗ്രന്ഥങ്ങളും രചിക്കപ്പെട്ടത്. 

ചുരുക്കത്തില്‍, കര്‍മശാസ്ത്ര വിജ്ഞാന ശാഖയെ ഒരു പൂര്‍ണജ്ഞാന പദ്ധതിയാക്കി വളര്‍ത്തി വികസിപ്പിക്കുകയെന്ന ദൗത്യം ഒരു യുഗപുരുഷന് മാത്രം നിര്‍വഹിക്കാവുന്നതായി മാറിയിരുന്നു. മൂന്ന് സുപ്രധാന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടക്കേണ്ടതുമുണ്ടായിരുന്നു. 

1. ശര്‍ഇന്റെ അടിസ്ഥാനപ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത് എന്നിവ ഇസ്‌ലാമിക നിയമ നിര്‍മാണത്തിന്റെ അടിസ്ഥാന സ്രോതസ്സുകള്‍ എന്ന നിലയില്‍ ബുദ്ധിപരമായി വിലയിരുത്തി അല്ലാഹുവും നബിയും അനുവദിച്ച അളവില്‍ മനുഷ്യന് സഹജവും ന്യായവുമായ വിധത്തില്‍ യുക്തിയധിഷ്ഠിതമായി വ്യാഖ്യാനിക്കുകയും പ്രമാണങ്ങളെ വര്‍ഗീകരിക്കുകയും ചെയ്യുക. തദ്വാരാ, ഇസ്‌ലാമിക നിയമനിര്‍ധാരണ പ്രക്രിയ (ഇസ്തിന്‍ബാത്വ്) ഭദ്രമായി ക്രമീകരിക്കുകയും സുതാര്യമാക്കുകയും ചെയ്യുക. 

2. കര്‍മശാസ്ത്ര നിദാന തത്ത്വങ്ങളെയും അറബി ഭാഷാ തത്ത്വങ്ങളെയും വൈദേശിക തത്ത്വങ്ങളുടെയും അവയുടെ സംവാദ രീതിയുടെയും സ്വാധീനത്തില്‍നിന്ന് മുക്തമാക്കി ക്രോഡീകരിക്കുക. അങ്ങനെ ഖുര്‍ആനെയും നബിചര്യയെയും ബാഹ്യചിന്തയുടെ ഇടപെടലില്‍നിന്ന് സുരക്ഷിതമാക്കുക. 

3. ഹദീസുകളുടെ സ്ഥിരീകരണം ആര്‍ക്കും ബോധ്യപ്പെടുംവിധം പുനര്‍നിര്‍ണയിച്ച് പ്രവാചകചര്യയുടെ പ്രാമാണികത ബുദ്ധിപരമായി സമര്‍ഥിക്കുക. 

ഈ ചരിത്ര നിയോഗമാണ് ഇമാം മുഹമ്മദു ബ്‌നു ഇദ്‌രീസ് അശ്ശാഫിഈയിലൂടെ സാധിച്ചത്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഇമാം അഹ്മദു ബ്‌നു ഹമ്പല്‍ ഒരു പണ്ഡിതന്റെ ഉള്‍ക്കാഴ്ചയോടെ, ഒരു സൂക്ഷ്മ പഠിതാവിന്റെ കൂര്‍മബുദ്ധിയോടെ, ഒരു സഹവാസിയുടെ ഉറച്ച തീര്‍പ്പോടെ-ദീര്‍ഘകാലം ഇമാം ശാഫിഈയെ അനുഗമിച്ച വ്യക്തിയെന്ന നിലയില്‍-ഇപ്രകാരം പ്രസ്താവിച്ചു: ''മഹാനായ ഈ ഇമാം രണ്ടാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ആണ്. വരും നൂറ്റാണ്ടുകള്‍ക്ക് സന്മാര്‍ഗം കാണിക്കുന്ന യുഗപുരുഷന്‍.'' അതിന് അവലംബമായി, 'തീര്‍ച്ചയായും, അല്ലാഹു എല്ലാ നൂറ്റാണ്ടിന്റെയും തലക്കല്‍ സമുദായത്തിനു വേണ്ടി ദീന്‍ പുതുക്കുന്ന പരിഷ്‌കര്‍ത്താവിനെ നിയോഗിക്കും' എന്ന നബി വചനം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. ''നിങ്ങള്‍ ഖുറൈശികളെ ചീത്ത വിളിക്കരുത്. കാരണം, ഒരു ഖുറൈശി പണ്ഡിതന്‍ ലോകം മുഴുവന്‍ വിജ്ഞാനം കൊണ്ട് നിറക്കും'' എന്ന നബിവചനം മറ്റാരേക്കാളും ഇമാം ശാഫിഈക്കാണ് ഇണങ്ങുകയെന്ന് ത്വബഖാതുശ്ശാഫിഇയ്യയുടെ കര്‍ത്താവ് അബൂആസിമുല്‍ ഇബാദിയും പ്രസ്താവിക്കുന്നു (ഇസ്‌ലാമുന്‍ ബിലാ മദാഹിബ്, ഡോ. മുസ്ത്വഫ അശ്ശക്അ, പേജ് 442).

 

ഹനഫീ മദ്ഹബും ശാഫിഈ മദ്ഹബും

ഹനഫീ-ശാഫിഈ മദ്ഹബുകള്‍ പുലര്‍ത്തിവരുന്ന ശാഖാപരമായ വീക്ഷണ വൈജാത്യം ഒരു ലേഖനത്തില്‍ ഒതുങ്ങുന്നതല്ല. അല്‍ മദാഹിബുല്‍ അര്‍ബഅ ഇതു സംബന്ധിച്ച മികച്ച അവലംബമാണ്. അത് ഒരു വിഷയമായെടുത്ത് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അല്‍ ഇസ്വ്ത്വിലാമു ഫില്‍ ഖിലാഫി ബൈനല്‍ ഇമാമൈന്‍ അശ്ശാഫിഈ വ അബീഹനീഫ പോലുള്ള ബൃഹദ് ഗ്രന്ഥങ്ങളും സഹായകമാകും. വിവിധ കര്‍മശാസ്ത്ര സരണികള്‍ ഇസ്‌ലാമിക ചിന്തയുടെ വ്യത്യസ്ത ചരിത്രഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന ചരിത്ര യാഥാര്‍ഥ്യം വെളിപ്പെടുത്താനും അവ അപരങ്ങളല്ലെന്ന് സമര്‍ഥിക്കാനുമാണ് ഈ ലേഖനത്തില്‍ ശ്രമിച്ചത്. ചരിത്രത്തില്‍ അവ അപരങ്ങളായി ഏതോ അളവില്‍ നിലനിന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം പ്രവാചക മാതൃകയിലുള്ള ഖിലാഫത്ത് നഷ്ടപ്പെട്ടതാണ്. തന്മൂലം ഇസ്‌ലാമിക കൂടിയാലോചന (ശൂറ) നിലച്ചു. ജനങ്ങള്‍ ഇഷ്ടപ്പെടാത്ത, ജനങ്ങളെ വേണ്ടാത്ത രാജാക്കന്മാര്‍ അധികാരസ്ഥാനങ്ങള്‍ കൈയടക്കി. അതുമൂലമാണ് അരാജകത്വം സംഭവിച്ചത്. ഖുര്‍ആന്‍ ഒരു ഇതിഹാസ ഗ്രന്ഥവും മുഹമ്മദ് ഒരു മിത്തും മാത്രമായി തരം താഴ്ത്തപ്പെടുമായിരുന്നു. പടച്ചവനെ ഭയപ്പെടുന്ന, ജനസ്വാധീനമുള്ള പണ്ഡിതന്മാരാണ് ഈ സ്ഥിതിവിശേഷം ഒഴിവാക്കിയത്. അത്തരം ധാരാളം പണ്ഡിതന്മാര്‍ക്ക് ഇസ്‌ലാമിക സമൂഹം ജന്മം നല്‍കിയിട്ടുണ്ട്. അത് ഇന്നും തുടരുന്നു. 

വിശാലമായ ഭൂഗോളത്ത് പരന്ന് ചിതറിക്കിടക്കുന്ന മുസ്‌ലിം ബഹുജനം അവര്‍ക്ക് പരിചയമുള്ള പണ്ഡിതന്മാരില്‍ ആകൃഷ്ടരാവുകയെന്നതും അവരുടെ പേരിലും ചിന്താപ്രസ്ഥാനങ്ങളുടെ മേല്‍വിലാസത്തിലും അറിയപ്പെടുകയെന്നതും സ്വാഭാവികമായിരുന്നു. രാജകീയ കോടതികളുടെ വിധിതീര്‍പ്പുകള്‍ ജനം അംഗീകരിക്കണമെങ്കില്‍ അവര്‍ ബഹുമാനിക്കുന്ന പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ ഭരണഘടനയെന്ന നിലയില്‍ അംഗീകരിക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരുമായിരുന്നു. അങ്ങനെ മാറിമാറിവന്ന മുസ്‌ലിം ഭരണകൂടങ്ങള്‍ ഓരോ നാട്ടില്‍ പ്രചാരവും സ്വീകാര്യതയുമുള്ള പണ്ഡിതന്മാരെയും ഗ്രന്ഥങ്ങളെയും അവലംബിച്ചു ഭരണം നടത്തിയത് മുസ്‌ലിം ജനസമൂഹം പല മദ്ഹബിന്റെ അനുയായികളായിത്തീരാന്‍ കാരണമായിട്ടുണ്ട്. ഇസ്‌ലാമിക ശൂറയുടെയും ജനാധിപത്യത്തിന്റെയും അടിത്തറയില്‍ ഇസ്‌ലാമിക ഭരണം പുനഃസ്ഥാപിക്കപ്പെട്ടാല്‍ ഭരണകൂടത്തിന് ഒരു പ്രത്യേക മദ്ഹബിന്റെ പക്ഷം പിടിക്കേണ്ടതായി വരില്ല. അപ്പോള്‍ ജനങ്ങള്‍ക്കിടയിലെ മദ്ഹബീ ധ്രുവീകരണം അവസാനിക്കും. സലഫുസ്സ്വാലിഹുകളുടെയും മദ്ഹബിന്റെ ഇമാമുകളുടെയും കാലത്തെന്നപോലെ പണ്ഡിതന്മാര്‍ക്കിടയില്‍ കൂട്ടായ പഠനവും സംവാദവും വൈജ്ഞാനിക ആദാനപ്രദാനവും നടക്കുകയും ചെയ്യും. അങ്ങനെ ഇസ്‌ലാമിക ചിന്ത ഒരു സാകല്യമായി വളര്‍ച്ച തുടരും. ഇത്തരത്തിലുള്ള ഒരു ധൈഷണിക പുനഃക്രമീകരണവും വളര്‍ച്ചയുമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. അതിന് എല്ലാ മദ്ഹബുകളുടെയും ഇമാമുമാര്‍ തന്നെയാണ് മാതൃക. ഇമാം ശാഫിഈ തന്റെ കാലം വരെയുള്ള മദ്ഹബുകളെയും കര്‍മശാസ്ത്ര ചിന്തകളെയും സൂക്ഷ്മ വിശകലനം ചെയ്തുകൊണ്ട് കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും അവയെ സാകല്യമായി സമന്വയിപ്പിച്ചുകൊണ്ടാണ് കിതാബുല്‍ ഉമ്മ് രേഖപ്പെടുത്തിച്ചത്. അതിന് ആധാരമായ മൗലിക തത്ത്വങ്ങള്‍ അര്‍രിസാലയില്‍ അവതരിപ്പിക്കുകയും ചെയ്തു. സ്വതന്ത്ര മുജ്തഹിദായ ഇമാം ശാഫിഈയുടെ ചിന്തകളെ ഡോ. മുസ്തഫ അശ്ശക്അ സംക്ഷേപിച്ചത് ഇങ്ങനെ:  

1. കിതാബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ശാഫിഈ മദ്ഹബിന്റെ ആധികാരിക അടിത്തറ. അക്കാര്യം അര്‍രിസാലയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാര്‍ക്കും അപരിചിതമായ നവീന ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം കറാബീസിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക; ''കിതാബ്, സുന്നത്ത്, ഇജ്മാഅ് എന്നിങ്ങനെയുള്ള വര്‍ത്തമാനം ഞങ്ങള്‍ ഇമാം ശാഫിഈയില്‍നിന്നാണ് ആദ്യം കേള്‍ക്കുന്നത്. അതിനു മുമ്പ് സാങ്കേതിക സംജ്ഞകളെന്ന നിലയില്‍ അവ ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നില്ല.'' പ്രമുഖ പണ്ഡിതനായ അബൂസൗറിന്റെ വാക്കുകള്‍: ''ഞങ്ങള്‍ ശാഫിഈയെ ചെന്നു കണ്ടു. അദ്ദേഹം ഇപ്രകാരം പറയുന്നത് കേട്ടു. അല്ലാഹു ചിലപ്പോള്‍ ഒരു കാര്യം സാമാന്യ(ആം)മായി പറയുന്നു. എന്നാല്‍, ഉദ്ദേശ്യം സവിശേഷപ്പെട്ടത് (ഖാസ്വ്) മാത്രമായിരിക്കും. ചിലപ്പോള്‍ മറിച്ചും. ഞങ്ങള്‍ വിശദീകരണം തേടി, അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഖുര്‍ആനില്‍ ചിലപ്പോള്‍ അല്ലാഹു, 'ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ സംഘടിച്ചു'വെന്ന് (ഖുര്‍ആന്‍ 3/173) പറയും. എന്നാല്‍ ജനങ്ങള്‍ എന്നതിന്റെ ഉദ്ദേശ്യം ഇവിടെ അബൂസുഫ്‌യാന്‍ എന്ന വ്യക്തിയാണ്. അതുപോലെ, 'യാ അയ്യുഹന്നബിയ്യു ഇദാ ത്വല്ലഖ്തുമുന്നിസാഅ...' എന്ന ആയത്തില്‍ മുഹമ്മദ് നബിയെ സവിശേഷമായി അഭിസംബോധന ചെയ്തിരിക്കുകയാണ്. പക്ഷേ, ഉദ്ദേശ്യം പൊതുവാണ്. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിവരമില്ലായിരുന്നു. ഫിഖ്ഹിലും അതിന്റെ ഉസ്വൂലിലും ഇത്തരം പഠനം ആദ്യം നടത്തിയത് ഇമാം ശാഫിഈയാണ്. അദ്ദേഹത്തിന് മുമ്പ് അത്തരം കാര്യങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് അറിവുണ്ടായിരുന്നില്ല.''

2. ശാഫിഈ മദ്ഹബ് ഫിഖ്ഹുര്‍റഅ്‌യും ഫിഖ്ഹുല്‍ അസറും കൂടിച്ചേര്‍ന്നതാണ്. യഥാക്രമം ഹനഫി, മാലിക് മദ്ഹബുകളാണ് അവയെ പ്രതിനിധീകരിച്ചത്. ഫിഖ്ഹുര്‍റഅ്‌യുകാര്‍ക്ക് നിവേദനങ്ങളില്‍ വ്യുല്‍പത്തി കുറവായിരുന്നു. എന്നാല്‍ ചിന്തയിലും കാര്യഗ്രഹണത്തിലും നിയമ നിര്‍ധാരണ പാടവത്തിലും അവര്‍ മികച്ചുനിന്നു. വാദ സമര്‍ഥനത്തിലും അവര്‍ വേറിട്ടുനിന്നു. എന്നാല്‍, ഫിഖ്ഹുല്‍ അസറിന്റെയാളുകള്‍ ഹദീസ് മനഃപാഠത്തിലും അവ ശേഖരിക്കുന്നതിലും ഉദ്ധരിക്കുന്നതിലും പ്രാപ്തി തെളിയിച്ചു. നിയമനിര്‍ധാരണ പ്രക്രിയയില്‍ അവര്‍ അറച്ചു നില്‍ക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ ചിന്തയിലും മനനത്തിലും അവരവരുടെ സവിശേഷ രീതികളുണ്ടായിരുന്നു. എന്നാല്‍, ഇമാം ശാഫിഈ ഇരുമേഖലകളിലും അപാരമായ സിദ്ധിയും കഴിവും തെളിയിച്ചു. സമര്‍ഥന ശേഷിയില്‍ ആരെയും കീഴ്‌പ്പെടുത്തുന്ന വിധം അസാധാരണ പ്രതിഭാവിലാസം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഹദീസ് പണ്ഡിതന്മാര്‍ അതീവ നിദ്രയിലായിരുന്നു. ശാഫിഈയാണ് അവരെ വിളിച്ചുണര്‍ത്തിയത്. അങ്ങനെ അദ്ദേഹം ഇരു ചിന്താ പ്രസ്ഥാനങ്ങളെയും സമഞ്ജസമായി സമന്വയിപ്പിച്ചു. അദ്ദേഹം ഒരേസമയം ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഉപജ്ഞാതാവും ഹദീസിന്റെ സഹായിയുമായി വിശ്രുതനായി. അര്‍രിസാല ഇതിന്റെ ഉജ്ജ്വല തെളിവാണ്. മഹത്തായ ഇസ്‌ലാമിക ശരീഅത്തിന്റ വൃത്തത്തില്‍നിന്ന് തെറ്റാതെ എങ്ങനെ തെളിവുകള്‍ അവതരിപ്പിക്കാമെന്ന് അര്‍രിസാല പറഞ്ഞുതരും. 

3. ഇമാം ശാഫിഈ ഫിഖ്ഹുല്‍ അസറിനോടും അതിന്റെ നിലപാടുകളോടും കൂടുതല്‍ യോജിപ്പ് പുലര്‍ത്തുന്നതായി അനുഭവപ്പെടുന്നു. കാരണം, എല്ലാ വിധികളിലും നിയമനിര്‍ധാരണ തത്ത്വങ്ങളിലും അദ്ദേഹത്തിന്റെ പ്രഥമ അവലംബം ഖുര്‍ആനാണ്. കിതാബിനു ശേഷം സുന്നത്ത്. അതിന്റെ പ്രധാന സ്രോതസ്സ് ഹദീസത്രെ. ഏതൊരു കാര്യത്തിലായാലും ഹദീസുണ്ടെങ്കില്‍ അദ്ദേഹം സ്വതന്ത്ര വീക്ഷണം പുലര്‍ത്താറില്ല. താന്‍ പറയുകയോ ഒരു അടിസ്ഥാനം ആവിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് വിപരീതമായി നബിചര്യ കണ്ടാല്‍ തന്റെ അഭിപ്രായം അതാണെന്നതാണ് ഇമാം ശാഫിഈയുടെ അംഗീകൃത നിലപാട്. 

4. പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) ആണ് ശാഫിഈ മദ്ഹബിന്റെ മറ്റൊരു അടിസ്ഥാനം. ഖുര്‍ആന്‍, സുന്നത്ത് എന്നിവക്ക് ശേഷം മൂന്നാമത്തെ ഇസ്‌ലാമിക പ്രമാണം ഇജ്മാഅ് ആണെന്നും ഇജ്മാഇന് ഉപോല്‍ബലകമായ നസ്സ്വ് പ്രത്യേകം അത്യാവശ്യമല്ലെന്നും മുതവാതിര്‍ അല്ലാത്ത ഹദീസിനേക്കാള്‍ പ്രാമാണികത ഇജ്മാഇനാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. ഇസ്‌ലാമിക പൊതുബോധത്തിന്റെയും കൂടിയാലോചനയുടെയും നിയാമകത്വവും പ്രാമാണികതയും അദ്ദേഹം കൂടുതല്‍ മുഖവിലക്കെടുത്തതായി ഇതില്‍നിന്ന് മനസ്സിലാക്കാം. 

5. ഖിയാസ് (ന്യായാനുമാനം) ആണ് ശാഫിഈ മദ്ഹബിന്റെ മറ്റൊരു അടിസ്ഥാനം. യുക്തിചിന്തയുടെ കാര്യത്തില്‍ പൊതുമാനദണ്ഡം രൂപീകരിക്കാതെയും പരിധി നിര്‍ണയിക്കാതെയുമുള്ള പണ്ഡിത സമീപനത്തെക്കുറിച്ച് ആദ്യം സംസാരിച്ചതും തെറ്റും ശരിയും വിലയിരുത്തി അതിനെ ശരിയായി നിര്‍വചിച്ച് പുനരാഖ്യാനം ചെയ്തതും ഇമാം ശാഫിഈയാണ്. അങ്ങനെ ഖിയാസ് ഉപയോഗപ്പെടുത്താന്‍ കൃത്യമായ ക്രമവും വ്യവസ്ഥയും ആവിഷ്‌കൃതമായി. 

6. ഒരു പ്രശ്‌നത്തില്‍ സമാന വിധിയുണ്ടായിരിക്കെ, ഖിയാസ് പ്രകാരം പ്രസ്തുത വിധി ചുമത്തുന്നതിനു പകരം ആ പ്രശ്‌നത്തില്‍ മുജ്തഹിദിന്റെ അഭിരുചി മാനദണ്ഡമാക്കി അത് നല്ലതാണ്, അത് ശരിയാണ് -ഇസ്തിഹ്‌സാന്‍- എന്ന തരത്തിലുള്ള നിയമനിര്‍മാണം ഇമാം ശാഫിഈ റദ്ദാക്കി. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ലാതെ ഫഖീഹ് സ്വന്തം നിലയില്‍ നല്ലതാണെന്ന നിഗമനം-ഇസ്തിഹ്‌സാന്‍ - നടത്തുന്നത് വ്യാജ ഇജ്തിഹാദ് ആണെന്നാണ് ഇമാം ശാഫിഈയുടെ വീക്ഷണം. എന്നാല്‍ ഈ രീതി ഹനഫികള്‍ ഉള്‍പ്പെടെ ചില ഫുഖഹാഅ് സാധൂകരിക്കുന്നുണ്ട് (ഫിഖ്ഹുന്‍ ബിലാമദാഹിബീന്‍, പേജ് 456-458). 

 

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി: മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ സ്വദേശി. ശാന്തപുരം-പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജുകള്‍, കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം (പ്രിന്‍സിപ്പല്‍) എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കൃതികള്‍: കര്‍മശാസ്ത്ര ഭിന്നത ചരിത്രവും സമീപനവും, സ്വര്‍ഗം ഖുര്‍ആനിലും സുന്നത്തിലും, അറബികളുടെ ചരിത്ര പ്രവേശം, സ്വൂഫി മതസങ്കല്‍പവും ഖുര്‍ആനും (വിവര്‍ത്തനങ്ങള്‍). ഫോണ്‍: 9496821500

Comments

Other Post