Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

തമിഴ്‌നാട്ടിലെ പണ്ഡിതന്മാര്‍, സ്ഥാപനങ്ങള്‍

മുഫ്തി ഫാറൂഖ് ബ്‌നു അസീസ്

ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ശാഫിഈ മദ്ഹബിന് ആദ്യകാലം മുതല്‍ തന്നെ സ്വാധീനമുണ്ട്. ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ദക്ഷിണേന്ത്യന്‍ തീരദേശങ്ങളിലെത്തിയ അറബിവണിക്കുകളും പ്രബോധക സംഘങ്ങളും വഴിയാണ് ശാഫിഈ മദ്ഹബിന്റെ പ്രചാരം. കൈറോക്കു സമീപമുള്ള മുഹത്ത്വംകുന്നിന്റെ താഴ്‌വരയില്‍നിന്ന് തിരുനല്‍വേലി ജില്ലയിലെ കായല്‍പട്ടണത്തെത്തിയ സംഘമാണ് ഈ ഗണത്തിലെ ആദ്യവിഭാഗം. ഫഖ്‌രി കുടുംബത്തില്‍പ്പെട്ട മുഹമ്മദ് ഖല്‍ജിയായിരുന്നു ഈ സംഘത്തിന്റെ നായക്ന്‍. 12-ാം നൂറ്റാണ്ടില്‍ സയ്യിദ് ഇബ്‌റാഹീം ശഹീദ് അല്‍ബര്‍ബദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം ദക്ഷിണേന്ത്യന്‍ തീരെത്തെത്തിയിരുന്നു. ഈ വിഭാഗങ്ങള്‍ വഴിയാണ് തമിഴ് ഗ്രാമങ്ങളില്‍ ശാഫിഈ മദ്ഹബിന്റെ വ്യാപനം. 

തമിഴ്‌നാട്ടില്‍ ശാഫിഈ മദ്ഹബിന്റെ വ്യാപനത്തിനും വളര്‍ച്ചക്കും അനര്‍ഘ സേവനങ്ങള്‍ സമര്‍പ്പിച്ച ധാരാളം പണ്ഡിതന്മാരുണ്ട്. ഹി. 1042 ല്‍ കായല്‍പട്ടണത്ത് ജനിച്ച ശൈഖ് സ്വദഖത്തുല്ലാ ഖാഹിരിയാണ് ഈ രംഗത്തെ പ്രഥമഗണനീയന്‍. ശര്‍ഈ വിഷയങ്ങളില്‍ അദ്ദേഹം നേടിയ വ്യുല്‍പത്തി കാരണം അസദുശ്ശര്‍അ് (ശരീഅത്ത് സിംഹം) എന്ന നാമകരണം ലഭിച്ചിരുന്നു. സ്വദഖത്തുല്ലാ ഖാഹിരിയുടെ ഖ്യാതിയും പ്രതിഭയും നിമിത്തം മുഗള്‍ ഭരണാധികാരി ഔറംഗസീബ് ദക്ഷിണേന്ത്യന്‍ പ്രവിശ്യകളിലെ ഖാദി സ്ഥാനം വഹിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. പ്രവാചക സ്തുതികാവ്യങ്ങളും അറബി പദശബ്ദശാസ്ത്ര ഗ്രന്ഥമായ സന്‍ജാന് ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ട്. ഹി. 1115-ല്‍ കീളക്കരയില്‍ അന്തരിച്ചു. 

ഹി. 1232 ല്‍ കായല്‍പട്ടണത്ത് ജനിച്ച സയ്യിദ് മുഹമ്മദുബ്‌നു വലി  അഹ്മദാണ് മറ്റൊരു പ്രധാന പണ്ഡിതന്‍. അറബി-അറബിത്തമിഴ് ഭാഷകളില്‍ ധാരാളം പള്ളികളും വിദ്യാപീഠങ്ങളും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഫത്ഹുല്‍ മനീന്‍, ഫത്ഹുസ്സലാം, ഫത്ഹുദ്ദീയാന്‍ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. കൂടാതെ പ്രവാചക സ്തുതികാവ്യങ്ങളും രചിച്ചിട്ടുണ്ട്. അനറബി ഭാഷകളില്‍ ഖുത്വ്ബ നിര്‍വഹിക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയിരുന്നു. ഹി. 1316 ലായിരുന്നു വിയോഗം. 

മികവ് തെളിയിച്ച പണ്ഡിത ശ്രേഷ്ഠനാണ് മഖ്ദൂം ചിന്നനൈനലബു. അതിരാംപട്ടണത്താണ് ജനനം. ധാരാളം മസ്ജിദുകളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. കായല്‍പട്ടണത്ത് ഖാദി സ്ഥാനം വഹിച്ച ഖാദി സയ്യിദ് മുഹമ്മദുബ്‌നു ഖാദി അലാഉദ്ദീന്റെ നാമവും സ്മരണീയമാണ്. ഹി. 973 ലായിരുന്നു അന്ത്യം. അതുപോലെ അഹ്മദ് വലിയ്യ്, അബ്ദുര്‍ഹ്മാന്‍ അല്‍വലിയ്യ് എന്നിവരും പ്രമുഖ ശാഫിഈ പണ്ഡിതന്മാരാണ്. 

1162 ല്‍ കായല്‍പട്ടണത്ത് ജനിച്ച ഉമര്‍ വലിയ്യുല്ലാഹിയും പ്രഗത്ഭ ശാഫിഈ പണ്ഡിതനാണ്. അഞ്ചുവര്‍ഷത്തോളം മദീന മുനവ്വറയില്‍ പഠന മനനങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നു. പ്രശസ്ത പ്രവാചക സ്തുതി കാവ്യമായ അല്ലഫല്‍ അലിഫിന്റെ രചയിതാവും ഉമര്‍ വലിയ്യുല്ലാഹിയാണ്. കൂടാതെ അറബി-തമിഴ് ഭാഷകളില്‍ സ്വൂഫി കാവ്യങ്ങളും രചിച്ചിട്ടുണ്ട്. 1216 ലാണ് വിയോഗം. 

കമന്‍ജി ഹദ്‌റത്ത് എന്ന അപരനാമത്തില്‍അറിയപ്പെടുന്ന മുഹമ്മദും പ്രമുഖ ശാഫിഈ പണ്ഡിതനാണ്. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് ബിരുദം നേടിയ ഹദ്‌റത്ത് മേലേപാളയം പള്ളി ഇമാമായിരുന്നു. ധാരാളം ഫത്‌വകള്‍ നല്‍കിയിട്ടുണ്ട്. 1935 ലാണ് വിയോഗം. 

സ്വൂഫികളുടെ ശീലമായ ഖല്‍വത്ത് അനുവര്‍ത്തിക്കുന്നതു കാരണം ഖല്‍വെനായകം എന്ന അപര നാമം ലഭിച്ച മുഹമ്മദ് അബ്ദുല്‍ഖാദിര്‍ പ്രമുഖ ശാഫിഈ പണ്ഡിതനാണ്. ഹി. 1263 ലാണ് ജനനം. ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥവും  ഏഴ് ഭാഗങ്ങളുള്ള ഒരു ഖുര്‍ആന്‍ വ്യാഖ്യാനവും അദ്ദേഹത്തിന്റെ രചനകളാണ്. ഹി. 1331 ശവ്വാലിലാണ് മരണം. 

കായല്‍പട്ടണക്കാരനായ സയ്യിദ് മുഹമ്മദ് ലബ്ബത്തലിയാണ് മറ്റൊരു പ്രശസ്ത ശാഫിഈ പണ്ഡിതന്‍. ഹി. 1327 ലാണ് അദ്ദേഹത്തിന്റെ വിയോഗം. 

സനദുആലിം എന്ന അപരനാമമുള്ള അഹമദ് മുഹ്‌യിദ്ദീന്‍ പ്രഗത്ഭ ശാഫിഈ പണ്ഡിതനാണ്. ബദ്ര്‍ യുദ്ധകാവ്യങ്ങളും ഫത്ഹുല്‍ മുഈന്റെ തമിഴ് പരിഭാഷയും ഖാദിയാനിവാദങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ക്രി. 1941-ലാണ് അന്ത്യം. 

സ്വദഖത്തുല്ലാഖാഹിരിയുടെ പേരമകന്‍ സുലൈമാന്‍ ലബ്ബ, തീക്കാസാഹിബ് ഖാഹിരി എന്ന നാമധേയമുള്ള ശൈഖ് അബ്ദുല്‍ ഖാദിര്‍ തീക്കാ സാഹിബ്, അല്‍കര്‍കറി എന്ന അപരനാമമുള്ള സയ്യിദ് ശൈഖ് അബ്ദുല്‍ഖാദിര്‍ എന്നിവര്‍ പ്രശസ്ത ശാഫിഈ പണ്ഡിതന്മാരാണ്. സയ്യിദ് ശൈഖ് അബ്ദുല്‍ഖാദിര്‍ അറബി-തമിഴ് ഭാഷകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ഇസ്‌ലാമിക കലാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഹി. 1267-ലാണ് വിയോഗം. ഖുര്‍ആന്‍ വ്യാഖ്യാതാവും ഗ്രന്ഥകാരനുമായ നൂഹുബ്‌നു അബ്ദില്‍ ഖാദിറും  പ്രമുഖ ശാഫിഈ പണ്ഡതനാണ്. ഹി. 1323-ലാണ് അന്ത്യം.

നൂഹ് വലിയ്യുല്ല (മരണം ഹി. 1156), നൈനാ മുഹമ്മദ് ആലിം സാഹിബ് (മരണം ഹി. 1337), മഹ്മൂദ് ത്വയ്ബി എന്ന കണ്ണാട്ടി അബ്ബ, ഹബീബ് മുഹമ്മദ് ആലിം ഇബ്‌നു മുഹമ്മദ് ഇബ്‌റാഹീം, മുഹമ്മദ് ലബ്ബൈ അബ്ബ (മരണം ഹി. 1130), അഹ്മദുബ്‌നു ഹസന്‍ ഖുദ്ദൂസ് (മരണം 1945), തമീം ആലിം സാഹിബ് (മരണം 1944), ഹബീബ് മുഹമ്മദ് സ്വദഖതുല്ല എന്ന പല്ലാക്കു വലിയ്യുല്ല, സ്വലാഹുദ്ദീന്‍ വലിയ്യുബ്‌നു സുലൈമാന്‍, ശിഹാബുദ്ദീന്‍ ബ്‌നു സുലൈമാന്‍, ബാഖിറുല്‍ ഖാദി, ശൈഖുനാ പുലവര്‍ എന്നറിയപ്പെടുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍, മുഹമ്മദുബ്‌നു മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ നുസ്‌കി, അഹ്മദ് അബ്ദുല്‍ഖാദിര്‍ നുസ്‌കി, അതിരാംപട്ടണക്കാരനായ സൂഫി ശൈഖ് അബ്ദുല്‍ ഖാദിര്‍, ഖാദിര്‍ മുഹ്‌യിദ്ദീന്‍ അണ്ണാവിയാര്‍, മുഹമ്മദ് ഇബ്‌റാഹീമുബ്‌നു അബ്ദുശ്ശുകൂര്‍ തുടങ്ങിയവര്‍ തമിഴ്‌നാട്ടിലെ ശാഫിഈ പണ്ഡിതന്മാരുടെ ഗണത്തില്‍പെട്ടവരാണ്.

 

ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ വിശേഷാല്‍ പതിപ്പിലെ ലേഖനം

സംഗ്രഹ വിവര്‍ത്തനം: അബ്ദുസ്സമദ് ശിവപുരം

 

Comments

Other Post