നിളാമിയ്യ മദ്‌റസയും ശാഫിഈ മദ്ഹിബന്റെ പ്രചാരണവും
ശാഫിഈ മദ്ഹബിന്റെ പ്രചരണത്തില്‍ വലിയ പങ്കുവഹിച്ച പാഠശാലയാണ് നിളാമിയ മദ്‌റസ. സല്‍ജുക്കിയന്‍ ഭരണകൂടത്തിലെ സുല്‍ത്താന്‍ അലപ് അര്‍സലാന്റെ വസീറായിരുന്ന നിസാമുല്‍ മുല്‍ഖാണ് (ജനനം ഹി. 408) ഈ മദ്‌റസാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. അബൂ അലി ഹസന്‍ ഇബ്‌നു അലിയുബ്‌നു ഇസ്ഹാഖ് അത്യൂസി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ബഗ്ദാദിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ശീഈസവും മറ്റഅ പിഴച്ച ചിന്താഗതികളും പ്രചരിക്കുന്നത് കണ്ട്, അതിനെ വൈജ്ഞാനികമായി പ്രതിരോധിക്കുക എന്ന ലക്ഷ്യാര്‍ഥമാണ് നിളാമുല്‍ മുല്‍ഖ് മദ്‌റസതു നിളാമിയ്യ സ്ഥാപിക്കുന്നത്. അന്ന് ലഭ്യമായ മുഴുവന്‍ വിജ്ഞാനങ്ങള്‍ക്കുമൊപ്പം അഹ്‌ലുസ്സുന്ന വല്‍ജമാഅത്തിനെ വിശദമായി പഠിപ്പിക്കുന്ന പാഠശാലയായിരുന്നു നിളാമിയ്യ മദ്‌റസകള്‍. ഹി. 459ല്‍ ബഗ്ദാദിലാണ് ആദ്യ നിളാമിയ മദ്‌റസ സ്ഥാപിച്ചത്. പ്രമുഖ പണ്ഡിതനായിരുന്ന അബൂഇസ്ഹാഖ് ശീറാസി ആയിരുന്നു മുഖ്യ അധ്യാപകന്‍. പിന്നീട് രാജ്യത്തിന്റെ പ്രധാന നഗരങ്ങളായ ബല്‍ഖ്, നൈസാബൂര്‍, അസ്വ്ഫഹാന്‍, ബസ്വറ, മൗസ്വില്‍, മര്‍വ് ത്വബരിസ്താന്‍ എന്നിവിടങ്ങളിലും ഇതേ മാതൃകയില്‍ നിളാമിയ മദ്‌റസകള്‍ ആരംഭിച്ചു. ഓരോ മദ്‌റസക്കുമാവശ്യമായ വഖ്ഫുകള്‍ നിളാമുല്‍ മുല്‍ക് ഉറപ്പുവരുത്തി. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും മറ്റ് ചെലവുകളും സൗജന്യമായി നല്‍കി. മികച്ച ലൈബ്രററികള്‍ ഓരോ മദ്‌റസയിലും സ്ഥാപിച്ചു.
ശാഫിഈ മദ്ഹബുകാരനാകണം അധ്യാപകരെന്ന് നിളാമുല്‍ മുല്‍ക് നിബന്ധന വെച്ചിരുന്നു. അഹ്‌ലുസ്സുന്നത്തിന്റെ ആദര്‍ശങ്ങള്‍ക്കൊപ്പം കര്‍മശാസ്ത്രമെന്ന നിലക്ക് ശാഫിഈ മദ്ഹബായിരുന്നു നിളാമിയ്യ മദ്‌റസകൡ പഠിപ്പിച്ചിരുന്നത്. അന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ലഭ്യമായ പ്രഗത്ഭരായ ശാഫിഈ പണ്ഡിതന്മാര്‍ ഈ മദ്‌റസകളില്‍ അധ്യാപകരായെത്തി. എല്ലാ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികളും അങ്ങോട്ടേക്കൊഴുകി. മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ ഒരേസമയം വ്യത്യസ്ത നിളാമിയ്യ മദ്‌റസകളില്‍ പഠിച്ചിരുന്നു. ഇവരെല്ലാവരും പഠനശേഷം തങ്ങളുടെ നാട്ടില്‍ ശാഫിഈ മദ്ഹബ് പ്രചരിപ്പിച്ചു. അങ്ങനെ നിളാമിയ്യ മദ്‌റസയുടെ സന്തതികള്‍ വഴി അതുവരെ ശാഫിഈ മദ്ഹബ് എത്താത്ത പ്രദേശങ്ങളിലും അത് പ്രചരിച്ചു. അത്തരം പ്രദേശങ്ങളിലെല്ലാം നിളാമിയ്യ മോഡല്‍ ചെറു മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടു. കുര്‍ദുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലും ആഫ്രിക്കയിലുമെല്ലാം ഇങ്ങനെ ഇവര്‍ വഴി ശാഫിഈ മദ്ഹബ് പ്രചരിച്ചു. പ്രമുഖ ഗോളശാസ്ത്രജ്ഞനായ ഉമര്‍ ഖയ്യാം, അബൂഹാമിദുല്‍ ഗസാലി, സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവരെല്ലാം നിളാമിയ്യ മദ്‌റസയുടെ സന്താനങ്ങളാണ്. ശാഫിഈ മദ്ഹബിന് പ്രചാരം നല്‍കിയ ഏറ്റവും വലിയ പാഠശാലയായി നിളാമിയ്യയെ വിലയിരുത്താം. നാലു നൂറ്റാണ്ടുകളോളം നിളാമിയ്യ മദ്‌റസകളുടെ സ്വാധീനം നീണ്ടു. വ്യത്യസ്ത പ്രദേശങ്ങളിലെ ഭരണകൂടങ്ങളില്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ സര്‍ക്കാര്‍ പദവികളിലും കോടതികളിലുമെല്ലാം ഉദ്യോഗം വഹിച്ചു.
Comments