കര്‍മശാസ്ത്ര സരണിയുടെ അടിസ്ഥാനങ്ങള്‍
പേര് തന്നെ ദ്യോതിപ്പിക്കുന്നതുപോലെ കര്‍മശാസ്ത്രത്തില്‍ ഇമാം ശാഫിഈയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചിന്താസരണിയാണ് ശാഫിഈ മദ്ഹബ്. മക്കയില്‍ ഹറമിന്റെ ശൈഖും മുഫ്തിയുമായിരുന്ന മുസ്‌ലിമുബ്‌നു ഖാലിദിസ്സന്‍ജിയായിരുന്നു ഇമാം ശാഫിഈയുടെ ആദ്യത്തെ ഗുരുഭൂതന്‍. കര്‍മശാസ്ത്രത്തില്‍ ഫത്‌വ നല്‍കാനുള്ള അവഗാഹം നേടിയ ശേഷമാണ് അദ്ദേഹം മദീനയിലേക്ക് പോകുന്നത്. അവിടെ ഇമാം മാലികിന്റെ ശിഷ്യത്വം സ്വീകരിച്ചു. ദാരിദ്ര്യം കാരണം പഠനം തുടരാതെ യമനില്‍ പോയി കുറച്ചു കാലം ജോലി ചെയ്തു. അബ്ബാസീ ഭരണകൂടത്തിനെതിരില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ഗവണ്‍മെന്റ്അവിടെനിന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ബഗ്ദാദിലേക്ക് കൊണ്ടുവന്നു. മുഹമ്മദുബ്‌നു ഹസന്റെയും ഹാറൂന്‍ റശീദിന്റെ കാവല്‍ക്കാരനായ ഫസ്‌ലുബ്‌നു റബീഇന്റെയും ശിപാര്‍ശയെത്തുടര്‍ന്ന് ഹാറൂന്‍ റശീദ് അദ്ദേഹത്തെ വെറുതെവിട്ടു. ഈ പരീക്ഷണം ഇമാം ശാഫിഈയെ സംബന്ധിച്ചേടത്തോളം വലിയ അനുഗ്രഹമായിത്തീരുകയാണുണ്ടായത്. കാരണം, അതാണ് ഇമാം മുഹമ്മദുമായുള്ള ബന്ധം സുദൃഢമാവാന്‍ അവസരം സൃഷ്ടിച്ചത്. ഇറാഖുകാരുടെ കര്‍മശാസ്ത്രം അദ്ദേഹം ഇമാം മുഹമ്മദില്‍നിന്ന് മനസ്സിലാക്കുകയും ഇറാഖിലെ പണ്ഡിതന്മാരുമായി ആശയവിനിമയങ്ങളും സംവാദങ്ങളും നടത്തുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം പല വിഷയങ്ങളിലും സ്വന്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. ഈ നിലപാടുകളാണ് ശാഫിഈ മദ്ഹബിന്റെ അടിത്തറ.
തന്റെ കര്‍മശാസ്ത്ര ചിന്താസരണിയുടെ അടിസ്ഥാനങ്ങള്‍ ഇമാം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ഉമ്മില്‍ അദ്ദേഹം വ്യക്തമാക്കിയതനുസരിച്ച്, ഖുര്‍ആനും സ്ഥിരപ്പെട്ട സുന്നത്തുമാണ് ഒന്നാമത്തെ അടിസ്ഥാനം. ഖുര്‍ആനും സുന്നത്തുമില്ലാത്തപ്പോള്‍ രണ്ടാമത്തെ അടിസ്ഥാനമാണ് ഇജ്മാഅ്. എന്നാല്‍ പ്രായോഗികമായി അത്യപൂര്‍വമായി മാത്രമേ ഇജ്മാഅ് അദ്ദേഹം സ്വീകരിച്ചിരുന്നുള്ളു. സംവാദങ്ങളില്‍ എതിരാളികള്‍ ഇജ്മാഅ് തെളിവായി ഉന്നയിക്കുമ്പോള്‍ പലപ്പോഴും നിരാകരിക്കുകയാണ് ചെയ്തിരുന്നത്. തന്റെ ഗുരുവായ ഇമാം മാലിക് മദീനക്കാരുടെ ഏകകണ്ഠമായ അഭിപ്രായം ഇജ്മാആയി സ്വീകരിക്കുമ്പോള്‍ ഇമാം ശാഫിഈ അതംഗീകരിക്കുന്നില്ല. മൂന്നാമത്തേത് ഭിന്നാഭിപ്രായം അറിയപ്പെട്ടിട്ടില്ലാത്ത സ്വഹാബികളുടെ അഭിപ്രായമാണ് (അത് ഇജ്മാഇന്നു തുല്യമായിട്ടാണ് അദ്ദേഹം കാണുന്നത്). സ്വഹാബികളുടെ വ്യത്യസ്തമായ അഭിപ്രായം വരുമ്പോള്‍ അതില്‍ ഖുര്‍ആനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തതായി കാണുന്നതാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അതാണ് നാലാമത്തെ അടിസ്ഥാനം. അഞ്ചാമത്തേത് ഖിയാസ്. ഇജ്തിഹാദാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഖുര്‍ആനും സുന്നത്തുമുള്ളപ്പോള്‍ മറ്റടിസ്ഥാനങ്ങളിലേക്കൊന്നും നീങ്ങുകയില്ല.
ഹദീസില്‍ ഏക നിവേദനപരമ്പര ഇമാം ശാഫിഈ തെളിവായി അംഗീകരിക്കുകയും അതിന്റെ ഔചിത്യം അദ്ദേഹം സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) ചില ദൗത്യങ്ങളുമായി പലപ്പോഴും വ്യക്തികളെ നിയോഗിക്കാറുണ്ടായിരുന്നു. ഏകവ്യക്തി റിപ്പോര്‍ട്ടുപരമ്പരയുള്ള ഹദീസുകള്‍ സ്വീകാര്യമല്ലെങ്കില്‍ ഈ ദൗത്യവും അസ്വീകാര്യമാകേണ്ടതല്ലേ എന്ന അദ്ദേഹം ചോദിക്കുന്നു. ഇതുപോലെ തന്നില്‍നിന്ന് കേട്ട കാര്യങ്ങള്‍ വിശ്വസ്തതയോടെ മറ്റുള്ളവര്‍ക്കെത്തിക്കാന്‍ നബിതിരുമേനി(സ) കല്‍പ്പിച്ചിരുന്നു. അപ്പോഴൊന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവണമെന്ന് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, സ്ഥാനക്രമമനുസരിച്ച് എത്ര പ്രബലമാണെങ്കിലും ഹദീസ് ഖുര്‍ആന് സമമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇമാം അബൂഹനീഫ അംഗീകരിച്ച 'ഇസ്തിഹ്‌സാന്‍' എന്ന ഇജ്തിഹാദിന്റെ വകഭേദത്തെ അദ്ദേഹം ശക്തിയായി നിരാകരിക്കുകയാണ് ചെയ്തത്. ശരീഅത്തിന്റെ അടിസ്ഥാനങ്ങളെ അവലംബിക്കാത്ത കേവലമായ അഭിപ്രായപ്രകടനമെന്നാണ് അതേക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇതേപോലെ, ഇമാം മാലിക് അംഗീകരിച്ച മദീനക്കാരുടെ അഭിപ്രായമെന്ന അടിസ്ഥാനത്തെയും 'മസ്വ്‌ലഹ മുര്‍സല' (പൊതു താല്‍പര്യം) എന്ന അടിസ്ഥാനത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. സ്വഹാബിയുടെ അഭിപ്രായവും ഇമാം ശാഫിഈയുടെ വീക്ഷണത്തില്‍ ശരീഅത്തിന്റെ ഒരടിസ്ഥാനമല്ല. സ്വഹാബിയുടെ വാക്കും പ്രവൃത്തിയും ശരീഅത്തില്‍ തെളിവല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. കാരണം, അത് തെറ്റും ശരിയുമാകാന്‍ ഇടയുള്ളതാണ്. എന്നാല്‍ തന്റെ അഭിപ്രായത്തിനെതിരില്‍ ഹദീസ് സ്ഥിരപ്പെട്ടുവന്നാല്‍ അതാണ് തന്റെ മദ്ഹബെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചുരുക്കത്തില്‍, ഹദീസുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കല്‍പിച്ച ഇമാം ശാഫിഈയുടെ മദ്ഹബ് ഇമാം അബൂഹനീഫയുടെ മദ്ഹബിന്റെയും ഇമാം മാലികിന്റെ മദ്ഹബിന്റെയും മധ്യേയുള്ള ചിന്താസരണിയായാണ് അറിയപ്പെടുന്നത്.
ഖദീമും ജദീദും
ശാഫിഈ മദ്ഹബിനു രണ്ടു ഘട്ടങ്ങളുണ്ട്. ഇമാം ബഗ്ദാദിലായിരുന്നപ്പോഴുള്ളതാണ് ഒന്നാമത്തെ ഘട്ടം. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിസ്‌ഫോടന ഘട്ടമായിരുന്നു അത്; പ്രത്യേകിച്ചും കര്‍മശാസ്ത്രത്തില്‍. മക്ക പാഠശാല, മദീന പാഠശാല, ഇറാഖ് പാഠശാല എന്നിങ്ങനെ ഈ ചിന്താസരണികള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ഇമാം ശാഫിഈയെ സംബന്ധിച്ചേടത്തോളം ഈ എല്ലാ പാഠശാലകളിലും അദ്ദേഹം അവഗാഹം നേടിയിരുന്നു. മക്കയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. കര്‍മശാസ്ത്രത്തില്‍ അവിടെ വെച്ചുതന്നെ അദ്ദേഹം അവഗാഹം നേടിയിട്ടുണ്ട്. പിന്നെ മദീനയിലേക്ക് പോയി. മദീനാ പാഠശാലയുടെ ഉപജ്ഞാതാവായ ഇമാം മാലികിനെയാണ് അവിടെ അദ്ദേഹം ദീര്‍ഘകാലം തന്റെ ഗുരുവായി സ്വീകരിച്ചത്. പിന്നീട് ഹാറൂന്‍ റശീദിന്റെ കാലത്ത് യമനിലായിരുന്ന അദ്ദേഹത്തെ വിധി ഇറാഖിലെത്തിച്ചു എന്ന് പറയുന്നതാവും ശരി. അവിടെ ഇമാം അബൂഹനീഫയുടെ കൂട്ടുകാരനായിരുന്ന മുഹമ്മദു ബ്‌നു ഹസനുശ്ശൈബാനിയുമായും മറ്റു പണ്ഡിതരുമായും ആശയവിനിമയങ്ങളും സംവാദങ്ങളും നടത്താന്‍ അവസരം ലഭിച്ചു. അങ്ങനെ, ഇറാഖില്‍ വെച്ചാണ് അദ്ദേഹം തന്റെ കര്‍മശാസ്ത്രത്തിന്റെ നിദാനങ്ങള്‍ക്ക് (ഉസ്വൂല്‍) രൂപം നല്‍കിയത്. അന്നിതൊരു പുതിയ വിജ്ഞാനശാഖയായിരുന്നു. തദ്വിഷയകമായി അര്‍രിസാല എന്ന ഗ്രന്ഥവും തന്റെ കര്‍മശാസ്ത്ര സരണി വ്യക്തമാക്കുന്ന അല്‍ഉമ്മ് എന്ന ഗ്രന്ഥവും അദ്ദേഹം പണ്ഡിതന്മാരുടെ മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി. ഇറാഖില്‍ വെച്ചുതന്നെ അല്‍ മബ്‌സ്വൂത്വ് എന്ന ഗ്രന്ഥം അദ്ദേഹം തന്റെ ശിഷ്യനായ സഅ്ഫറാനിക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ചിരുന്നു. പിന്നീട് ഇമാം ശാഫിഈ ഈജിപ്തില്‍വെച്ച് ഇതിലുള്ള ചില അഭിപ്രായങ്ങള്‍ തിരുത്തിയെങ്കിലും ശിഷ്യന്‍ ഹി. 260-ല്‍ മരിക്കുന്നതുവരെ അതിലുള്ളതനുസരിച്ചുതന്നെയാണ് ഫത്‌വകള്‍ നല്‍കിവന്നിരുന്നത്. ഇമാം ശാഫിഈയുടെ ഈ ഇറാഖീ അഭിപ്രായങ്ങള്‍ 'പഴയ അഭിപ്രായങ്ങള്‍' (ഖദീം) എന്ന പേരില്‍ അറിയപ്പെടുന്നു.
വിജ്ഞാനദാഹിയായ ഇമാം ശാഫിഈ പിന്നീട് ഹി.199 ല്‍ ഈജിപ്തിലേക്കു പോയി. അവിടം മുതലാണ് മദ്ഹബിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. ഈജിപ്തിലെ പണ്ഡിതന്മാരുമായുള്ള വൈജ്ഞാനികമായ ആദാനപ്രദാനങ്ങള്‍ക്കിടയില്‍ ഇമാം തന്റെ പഴയ പല അഭിപ്രായങ്ങളും തിരുത്തുകയുണ്ടായി. ഇവ 'പുതിയ അഭിപ്രായങ്ങള്‍' (ജദീദ്) എന്ന പേരില്‍ അറിയപ്പെടുന്നു. പുതിയ അഭിപ്രായങ്ങള്‍ പല സ്വഭാവത്തിലാണ്. ചിലപ്പോള്‍ ഇറാഖില്‍ വെച്ചുതന്നെ ഒരു വിഷയത്തില്‍ അദ്ദേഹം രണ്ടഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കാം. എങ്കില്‍ ഈജിപ്തില്‍ വെച്ച് അവയിലൊന്നിന് മുന്‍ഗണന കല്‍പ്പിച്ചെന്നുവരും. അല്ലെങ്കില്‍, മുന്‍ഗണന മാറ്റിയെന്നുവരാം. അതുമല്ലെങ്കില്‍ പ്രസ്തുത രണ്ടഭിപ്രായങ്ങളും ഉപേക്ഷിച്ച്, മൂന്നാമതൊരഭിപ്രായം രൂപവത്കരിച്ചെന്നും വരാം. പലപ്പോഴും ഇങ്ങനെ ചെയ്യുന്നത് മുമ്പ് ലഭിച്ചിട്ടില്ലാത്ത ചില പുതിയ ഹദീസുകള്‍ ലഭിക്കുമ്പോഴായിരുന്നു. അതിനാല്‍ തന്റെ പഴയ അഭിപ്രായങ്ങള്‍ തന്റെ പേരില്‍ ഉദ്ധരിക്കരുതെന്ന് ഈജിപ്തില്‍ വെച്ച് ഇമാം തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, മദ്ഹബ് എപ്പോഴും പുതിയ അഭിപ്രായങ്ങളിലധിഷ്ഠിതമാണെന്ന് പറഞ്ഞുകൂടാ. ഇമാമിന്റെ പഴയ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്ന ഹദീസുകളുണ്ടാവുകയും പുതിയ അഭിപ്രായം ആധാരമാക്കുന്നത് ഖിയാസിനെ മാത്രമാണെന്ന് ബോധ്യമാവുകയുമാണെങ്കില്‍ മദ്ഹബിലെ ഭൂരിപക്ഷം പണ്ഡിതന്മാരും പഴയ അഭിപ്രായമാണ് സ്വീകരിക്കുക. ഹദീസ് പ്രബലമായി വന്നാല്‍ അതാണ് എന്റെ മദ്ഹബെന്ന് ഇമാം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഇതിന് അവരുടെ ന്യായം.
എന്നാല്‍, പുതിയ അഭിപ്രായത്തെ ഹദീസ് പിന്തുണക്കുകയും പഴയ അഭിപ്രായത്തെ നേര്‍ക്കുനേരെ ഹദീസ് പിന്തുണക്കാതിരിക്കുകയുമാണെങ്കില്‍ ശാഫിഈ മദ്ഹബെന്ന പേരില്‍ പഴയ അഭിപ്രായം സ്വീകരിക്കാമോ? മദ്ഹബിലെ ഗവേഷണാധികാരമുള്ള (മുജ്തഹിദുകളായ) പണ്ഡിതന്മാര്‍ക്ക് അങ്ങനെ ചെയ്യാമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത്. കാരണം, ഇവരുടെ വീക്ഷണത്തില്‍ ഇമാം തന്റെ പഴയ അഭിപ്രായത്തിനെതിരില്‍ പുതിയ ഒരഭിപ്രായം പറഞ്ഞാല്‍ ആദ്യത്തെ അഭിപ്രായത്തില്‍നിന്ന് പിന്‍വാങ്ങി എന്നര്‍ഥമില്ല. മറിച്ച് തദ്വിഷയകമായി ഇമാമിനു രണ്ടഭിപ്രായമുണ്ടെന്നേ വരുന്നുള്ളൂ. അതിനാല്‍, മദ്ഹബിലെ മറ്റനേകം പ്രശ്‌നങ്ങളെപ്പോലെ ഇവിടെയും ഗവേഷണപടുക്കള്‍ക്ക് രണ്ടില്‍ ഏതഭിപ്രായവും സ്വീകരിക്കാം. ഉദാഹരണമായി ധരിക്കുന്ന ആഭരണങ്ങളുടെ സകാത്തിന്റെ കാര്യം. അതിനു സകാത്തില്ലെന്നാണ് ഇമാമിന്റെ പഴയ അഭിപ്രായം. പിന്നീട് മകളുടെ കൈയില്‍ സ്വര്‍ണ വളകളുമായി തിരുമേനിയുടെ മുമ്പില്‍ വന്ന യമന്‍കാരിയുടെ ഹദീസ് കിട്ടിയപ്പോള്‍ ഇമാം 'ഇസ്തിഖാറത്ത്' നടത്തി തന്റെ പൂര്‍വാഭിപ്രായത്തില്‍നിന്നു പിന്മാറി; ആഭരണങ്ങള്‍, ധരിക്കുന്നതാണെങ്കിലും നിസാബെത്തിയാല്‍ സകാത്ത് കൊടുക്കണമെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു. ശാഫിഈ പണ്ഡിതനായ ശീറാസി തന്റെ മുഹദ്ദബില്‍ ഇത് വ്യക്തമാക്കിയിട്ടും, മദ്ഹബ് മാറിയില്ല. ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് സകാത്ത് കൊടുക്കേണ്ടതില്ലെന്നുതന്നെയാണ് മദ്ഹബ് പറയുന്നത്. ഇങ്ങനെ മദ്ഹബിലെ പണ്ഡിതന്മാര്‍ ഇമാമിന്റെ പഴയ അഭിപ്രായത്തിനു മുന്‍ഗണന കല്‍പിച്ച് ഫത്‌വകള്‍ നല്‍കിയ 14 വിഷയങ്ങളുണ്ടെന്ന് ചിലര്‍ കണക്കാക്കിയിരിക്കുന്നു. ചിലരുടെ കണക്കില്‍ അത് 22 ആണ്. അതിനേക്കാളും കൂടുതലുണ്ടെന്നാണ് സൂക്ഷ്മാലുക്കളായ ചില ആധുനിക പണ്ഡിതന്മാര്‍ പറയുന്നത്.
ഇമാം നവവിയുടെ അഭിപ്രായങ്ങള്‍ക്കാണ് മദ്ഹബില്‍ പ്രാമുഖ്യമുള്ളത്. ഇമാം നവവി, റാഫിഈ എന്നിവര്‍ക്കു പുറമെ ഇസ്മാഈലുബ്‌നു യഹ്‌യ അല്‍ മുസനി, യൂസുഫു ബ്‌നു യഹ്‌യാ അല്‍ബുവൈത്വി, അബൂസൗര്‍, ഇബ്‌നുല്‍ മുന്‍ദിര്‍ തുടങ്ങിയവരാണ് ശാഫിഈ മദ്ഹബിലെ മുജ്തഹിദുകളായ പ്രധാന പണ്ഡിതന്മാര്‍. അവര്‍ക്കു മുമ്പ് ജീവിച്ച ശാഫിഈ പണ്ഡിതനായ ഇബ്‌റാഹീമു ബ്‌നു അലി അശ്ശീറാസിയുടെ അല്‍ മുഹദ്ദബ് എന്ന ഗ്രന്ഥത്തിന് ഇമാം നവവി എഴുതിയ വിഖ്യാത വ്യാഖ്യാനഗ്രന്ഥമായ 'അല്‍ മജ്മൂഅ്' ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ആദ്യത്തെ ഒമ്പത് വാള്യങ്ങള്‍ വരുന്ന പലിശ എന്ന അധ്യായം വരെ മാത്രമേ ഇമാം നവവി എഴുതിയിട്ടുള്ളൂ. പിന്നീട് അദ്ദേഹത്തിന്റെ വിയോഗാനന്തരം സുബ്കി എന്ന പേരില്‍ പ്രസിദ്ധനായ തഖിയ്യുദ്ദീന്‍ അലിയ്യു ബ്‌നു അബ്ദില്‍ കാഫിയാണ് അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചത്. പക്ഷേ, മൂന്നു വാള്യങ്ങള്‍ പൂര്‍ത്തീകരിക്കാനേ അദ്ദേഹത്തിനും സാധിച്ചുള്ളു. പിന്നീട് ഹദ്‌റമി, ഇറാഖി എന്നീ പൂര്‍വിക പണ്ഡിതന്മാര്‍ അത് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊന്നും അതുമായി കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. പിന്നീട് ആധുനിക പണ്ഡിതനായ മുഹമ്മദ് നജീബില്‍ മുത്വീഇ(ഹി. 1406) ആണതിന്റെ മൂന്നു വാള്യങ്ങള്‍ പൂര്‍ത്തീകരിച്ചത്. അദ്ദേഹം ജയിലിലടക്കപ്പെട്ടപ്പോള്‍ ബാക്കിയുള്ള മുഴുവന്‍ ഭാഗങ്ങളും ഒറ്റ വാള്യത്തില്‍ പൂര്‍ത്തീകരിക്കാന്‍ ചില ശ്രമങ്ങളുണ്ടായെങ്കിലും അപ്പോഴേക്കും ജയില്‍മുക്തനായ മുത്വീഇ തന്നെയാണ് പിന്നീടുള്ള ഭാഗങ്ങള്‍ മൂന്നു വാള്യങ്ങളില്‍ പൂര്‍ത്തീകരിച്ചത്. ഇമാം നവവിയുടെ മിന്‍ഹാജും അതിന്റെ വ്യാഖ്യാനങ്ങളുമാണ് മറ്റു ചില പ്രാമാണിക ഗ്രന്ഥങ്ങള്‍.
ഇമാം ശാഫിഈ നേര്‍ക്കുനേരെ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍നിന്നുകൊണ്ട് പണ്ഡിതന്മാര്‍ നിര്‍ധാരണം (തഖ്‌രീജ്) ചെയ്‌തെടുത്ത പല അഭിപ്രായങ്ങളുമുണ്ട് മദ്ഹബില്‍. ദേശ ഭേദമനുസരിച്ച് ഇതില്‍ ചില വ്യത്യാസങ്ങളും ഇല്ലാതില്ല. അത് തികച്ചും സ്വാഭാവികമാണ്. കാരണം, ഇമാമിന് മക്കയിലും മദീനയിലും ഇറാഖിലും ഈജിപ്തിലും സിറിയയിലും യമനിലും നൈസാബൂരിലും ഖുറാസാനിലും മറ്റും പണ്ഡിതന്മാരായ അനുയായികളുണ്ടായിരുന്നു. കാലികമായ വ്യത്യാസങ്ങളും ഭിന്നപ്രകൃതികളും കാരണം ശാഫിഈയുടെ അടിസ്ഥാന തത്ത്വങ്ങളില്‍നിന്ന് നിര്‍ധാരണം ചെയ്യുമ്പോള്‍ അതില്‍ വീക്ഷണവ്യത്യാസങ്ങളുണ്ടാവാതിരിക്കുക എന്നത് സംഭവ്യമല്ല. ഇമാം നവവി തന്നെ ഇക്കാര്യം അംഗീകരിക്കുന്നു, അദ്ദേഹം പറയുന്നു: ''ശാഫിഈയുടേതായി ഇറാഖികളായ നമ്മുടെ കൂട്ടുകാര്‍ ഉദ്ധരിക്കുന്ന വാക്കുകളും മദ്ഹബിന്റെ അടിസ്ഥാന തത്ത്വങ്ങളും പൂര്‍വികരുടെ വീക്ഷണങ്ങളും ഖുറാസാനികള്‍ ഉദ്ധരിക്കുന്നതിനേക്കാള്‍ വിശ്വസനീയമാണ്.'' ഇരു വിഭാഗങ്ങളും മദ്ഹബിന്റേതായി വ്യത്യസ്ത വീക്ഷണങ്ങള്‍ ഉദ്ധരിക്കുന്നുവെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
മറ്റു മദ്ഹബുകളില്‍നിന്ന് ഭിന്നമായി ഹിജാസ്, ഇറാഖ്, ഈജിപ്ത് എന്നീ പ്രദേശങ്ങളില്‍ ഇമാം ശാഫിഈയുടെ മദ്ഹബ് അദ്ദേഹം തന്നെയാണ് പ്രചരിപ്പിച്ചിരുന്നത്. മറ്റു പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും ആ ദൗത്യം നിര്‍വഹിച്ചു. ഇന്ന് ഇറാനിലെ സുന്നി പ്രദേശങ്ങളിലും ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലും ഭൂരിപക്ഷം മുസ്‌ലിംകളും ശാഫിഈ മദ്ഹബുകാരാണ്. യമന്‍, ഇറാഖ്, സിറിയ, ഒമാന്‍, ദക്ഷിണേന്ത്യ തുടങ്ങിയ മറ്റു പ്രദേശങ്ങളിലും ശാഫിഈ മദ്ഹബിന് കാര്യമായ പ്രചാരമുണ്ട്.
കെ. അബ്ദുല്ലാ ഹസന്‍: മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി. പണ്ഡിതനും ഗ്രന്ഥകാരനും. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ പഠനം, ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനിയില്‍ ഉപരിപഠനം. കൃതികള്‍: സകാത്ത് തത്ത്വവും പ്രയോഗവും, മുസ്‌ലിംകള്‍ ബഹുസ്വര സമൂഹത്തില്‍, ഇബാദത്ത് ഒരു ലഘുപരിചയം, റമദാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഫോണ്‍: 9446248989.
ഇമെയില്‍: [email protected]
Comments