Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സമീപനങ്ങളും സവിശേഷതകളും

ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി

മാലികീ, ഹനഫീ മദ്ഹബുകളുടെ പ്രസിദ്ധിയും പ്രചാരവും കൂടിവരികയും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളും വിശദാംശങ്ങളും ക്രോഡീകരിച്ചുതുടങ്ങുകയും ചെയ്ത കാലത്തുതന്നെ മൂന്നാമനായി ഇമാം ശാഫിഈയും രംഗപ്രവേശംചെയ്തു. മുന്‍ഗാമികളുടെ ഗവേഷണ രീതിയും നിയമനിര്‍ധാരണസ്വഭാവവും ആഴത്തില്‍ വിശകലനം ചെയ്ത അദ്ദേഹം ഇതില്‍ വിമര്‍ശനാത്മകമായ ചില കാര്യങ്ങള്‍ കണ്ടെത്തി. അതുകൊണ്ട്, പൂര്‍വികസരണിയില്‍തന്നെ സഞ്ചരിക്കുന്നതിന് അവ അദ്ദേഹത്തിന് വിഘാതമായി. അല്‍ഉമ്മ് എന്ന ഗ്രന്ഥത്തിന്റെ ആദ്യതാളുകളില്‍ അദ്ദേഹം അക്കാര്യം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ആ വിമര്‍ശനത്തിന്റെ രത്‌നച്ചുരുക്കം താഴെ വിവരിക്കുന്നു:

എ) മദീനക്കാരും കൂഫക്കാരുമായ ഫുഖഹാഅ് മുര്‍സല്‍, മുന്‍ഖത്വിഅ്1 വകുപ്പില്‍പെട്ട ഹദീസുകള്‍ പോലും സ്വീകരിച്ചതു കാരണം അവരുടെ അഭിപ്രായങ്ങളില്‍ അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. നിവേദന, നിരൂപണ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ അപഗ്രഥിച്ചു പഠിച്ചാല്‍ 'മുര്‍സലാ'യ നിരവധി ഹദീസുകള്‍ അടിസ്ഥാനരഹിതവും മുസ്‌നദും2 മര്‍ഫൂഉം3 ആയ ഹദീസുകള്‍ക്ക് വിരുദ്ധവുമാണെന്ന് മനസ്സിലാക്കാം. അതിനാല്‍, 'മുര്‍സലു'കള്‍ സ്വീകരിക്കാന്‍ നിശ്ചിത ഉപാധികള്‍ പാലിക്കപ്പെടേണ്ടതാണെന്ന് ശാഫിഈ സിദ്ധാന്തിച്ചു. ഈ ഉപാധികള്‍ ഉസ്വൂലിന്റെ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 

ബി) ആ ഫുഖഹാഇന് പരസ്പരവിരുദ്ധമായ പ്രമാണങ്ങളെ സംയോജിപ്പിക്കാനുതകുന്ന ക്ലിപ്തമായ നിദാനതത്ത്വങ്ങളുണ്ടായിരുന്നില്ല. അതിനാല്‍, അവരുടെ ഇജ്തിഹാദ് അബദ്ധമുക്തവുമായിരുന്നില്ല. ഇമാം ശാഫിഈ ആദ്യമായി നിദാനതത്ത്വങ്ങള്‍ വ്യവസ്ഥാപിതമായി ക്രോഡീകരിച്ചു. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഇദംപ്രഥമമായി രചിക്കപ്പെട്ട ഗ്രന്ഥമായിരുന്നു അത്. 

പരസ്പരവിരുദ്ധമായ പ്രമാണങ്ങളെ സംയോജിപ്പിക്കാന്‍ പര്യാപ്തമായ നിദാനതത്ത്വങ്ങള്‍ തന്റെ മുന്‍ഗാമികള്‍ക്ക് വശമില്ലായിരുന്നുവെന്നും അതിനാല്‍, അവരുടെ ഇജ്തിഹാദ് ശരിയില്‍നിന്ന് വ്യതിചലിച്ചിരുന്നുവെന്നുമുള്ള ശാഫിഈയുടെ അവകാശവാദത്തിന് ഉദാഹരണമായി ഒറ്റ സംഭവം ഉദ്ധരിച്ചാല്‍ മതിയാവും. 

ഒരിക്കല്‍ ഇമാം ശാഫിഈ ഇമാം മുഹമ്മദിനെ സന്ദര്‍ശിച്ചു. ആ സമയം ഇമാം മുഹമ്മദ് മദീനയിലെ ഫുഖഹാഇനെ ഖണ്ഡിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു. മദീനക്കാര്‍ വ്യവഹാരങ്ങളില്‍ രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായി കാണുന്നില്ലെന്നും അവര്‍ ഒരു സാക്ഷിയെയും വാദിയുടെ സത്യം ചെയ്യലിനെയും ആധാരമാക്കി തീരുമാനം കല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുവെച്ചു. ഈ അഭിപ്രായം ദൈവിക ഗ്രന്ഥത്തില്‍ 'ഇദാഫ'4യാണെന്ന് സമര്‍ഥിച്ചു. ഇമാം ശാഫിഈ ചോദിച്ചു: ''ദൈവിക ഗ്രന്ഥത്തില്‍ 'ഖബര്‍ വാഹിദു'കൊണ്ട് ഇദാഫ അനുവദനീയമല്ലെന്നത് താങ്കള്‍ അംഗീകരിച്ചിട്ടുള്ള ഒരു തത്ത്വമാണോ?'' അതേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ 'നിങ്ങളില്‍ ഒരാള്‍ ആസന്നമരണനായാല്‍ സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യല്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധബാധ്യതയായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു' എന്നത് ഖുര്‍ആന്‍ സൂക്തമാണല്ലോ. എന്നിട്ടും 'അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല' എന്ന 'ഖബര്‍ വാഹിദി'നെ ആധാരമാക്കി അനന്തരാവകാശിക്ക് വസ്വിയ്യത്ത് അനുവദനീയമല്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്? മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യണമെന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്, ഇത് ഖബര്‍ വാഹിദുകൊണ്ട് ഖുര്‍ആനില്‍ കൂട്ടിച്ചേര്‍ക്കല്‍ (ഇദാഫ) ആവുകയില്ലേ എന്ന് ഇമാം ശാഫിഈ വീണ്ടും ചോദിച്ചു. അനന്തരം മറ്റു ചില വിമര്‍ശനങ്ങള്‍ കൂടി ഇമാം ഉന്നയിച്ചു. ഇമാം മുഹമ്മദ് ഉത്തരമില്ലാതെ നിശ്ശബ്ദനാവുകയായിരുന്നു. 

സി) ഫത്‌വ നല്‍കിയിരുന്ന താബിഉകളായ പണ്ഡിതന്മാര്‍ക്ക് ചില പ്രാമാണിക ഹദീസുകള്‍ കിട്ടിയിരുന്നില്ല. അതിനാല്‍, ചില വിഷയങ്ങളില്‍ നബി(സ) നല്‍കിയ വ്യക്തമായ നിര്‍ദേശങ്ങള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നു. ആ വിഷയങ്ങളില്‍ സ്വയം ഇജ്തിഹാദ് ചെയ്‌തോ പൊതുവായ വിചാരഗതി സ്വീകരിച്ചോ അല്ലെങ്കില്‍ സ്വഹാബികളില്‍ ആരുടെയെങ്കിലും കര്‍മരീതിയനുസരിച്ചോ അവര്‍ ഫത്‌വ നല്‍കി. പൊതുവില്‍ അറിയപ്പെടാതിരുന്ന അത്തരം ഹദീസുകള്‍ മൂന്നാം തലമുറക്കാരുടെ കാലത്ത് വ്യാപകമായി പ്രചരിച്ചുവെങ്കിലും ഫുഖഹാഅ് അവയെ അംഗീകരിക്കുകയോ പിന്‍പറ്റുകയോ ചെയ്തില്ല; അവ തദ്ദേശീയ പണ്ഡിതന്മാരുടെ കര്‍മപാരമ്പര്യത്തിനും വീക്ഷണത്തിനും വിരുദ്ധമാണ്; ഈ ഹദീസുകളില്‍ എന്തോ ന്യൂനതയും പോരായ്മയുമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണീ വൈരുധ്യം; അതുമൂലമാണ് അവ നേരത്തേ അംഗീകരിക്കപ്പെടാതെ പോയത് എന്നായിരുന്നു ഇതു സംബന്ധിച്ച് അവരുടെ ന്യായം. മൂന്നാം തലമുറയിലും പൊതു പ്രചാരം നേടാത്ത ഹദീസുകളുണ്ടായിരുന്നു. പില്‍ക്കാലത്ത് ഹദീസുകള്‍ ശേഖരിക്കുന്നതിനായി മുഹദ്ദിസുകള്‍ കഠിനാധ്വാനത്തിലേര്‍പ്പെടുകയും അതിവിദൂര ദിക്കുകളില്‍ സഞ്ചരിച്ച് ഹദീസ് നിവേദകന്മാരെ തേടിപ്പിടിക്കുകയും ചെയ്തപ്പോഴാണ് അത്തരം ഹദീസുകള്‍ വ്യാപകമായി പ്രചരിച്ചത്. പല ഹദീസുകളും ഒന്നോ രണ്ടോ സ്വഹാബികള്‍ മാത്രമേ നിവേദനം ചെയ്തിരുന്നുള്ളൂവെന്നതാണ് അവയുടെ ദീര്‍ഘമായ അജ്ഞാതവാസത്തിനു കാരണം. സ്വഹാബികളില്‍നിന്ന് കേട്ട് നിവേദനം ചെയ്തവരും ഒന്നോ രണ്ടോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിവേദകന്മാരുടെ അംഗസംഖ്യ ആദ്യാവസാനം കുറവായിരുന്നു. അതിനാല്‍, ഇത്തരം ഹദീസുകള്‍ ആദ്യകാല ഫുഖഹാഅ് പൊതുവില്‍ അറിയാതെ പോയി. ഹദീസുകള്‍ വിപുലമായി സമാഹരിച്ച് ഹൃദിസ്ഥമാക്കിയവര്‍ പെരുകിയപ്പോഴാണ് അവ പരക്കെ അറിയപ്പെട്ടത്. പല ഹദീസുകളുടെയും നിവേദകന്മാര്‍ ഒരേ പ്രദേശത്തുകാരോ രാജ്യക്കാരോ ആയിരുന്നുവെന്നതും ഹദീസുകള്‍ സാര്‍വത്രികമായി അറിയപ്പെടുന്നതിന് തടസ്സമായി. ഉദാഹരണമായി, ബസ്വറക്കാര്‍ നിവേദനം ചെയ്യുന്ന ഹദീസ് ഇതര ദേശക്കാരില്‍ പ്രചരിപ്പിക്കുക എളുപ്പമായിരുന്നില്ല. 

ഇമാം ശാഫിഈ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സ്വഹാബികളുടെയും താബിഉകളുടെയും മാതൃക പിന്‍ഗാമികളും പിന്തുടരേണ്ടതാണെന്ന് വാദിച്ചു. ഒരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ അവര്‍ ആദ്യം പരിഗണിച്ചത് ഹദീസുകളായിരുന്നു. ഹദീസ് ലഭിക്കാതെ വരുമ്പോള്‍ മാത്രമേ ഇതര തെളിവുകളിലേക്ക് തിരിഞ്ഞിരുന്നുള്ളൂ. അതിനു ശേഷവും ഹദീസുകള്‍ സ്വീകരിക്കാനുള്ള കവാടം അവര്‍ സ്വയം അടച്ചിരുന്നില്ല. പ്രത്യുത, എപ്പോള്‍ ഹദീസ് ലഭിച്ചുവോ അപ്പോള്‍ സ്വന്തം ഇജ്തിഹാദ് ഉപേക്ഷിച്ച് അവര്‍ ഹദീസ് സ്വീകരിച്ചു.  

വസ്തുത ഇതാണെങ്കില്‍, ഒരു ഹദീസ് താബിഈ പണ്ഡിതന്മാര്‍ കൈക്കൊണ്ടിട്ടില്ലെന്നതുകൊണ്ടു മാത്രം ആ ഹദീസ് ദുര്‍ബലമാണെന്നതിന് തെളിവാകുന്നില്ല; ദൗര്‍ബല്യമോ ന്യൂനതയോ ഉണ്ടെന്ന് അവര്‍ വ്യക്തമായും പ്രസ്താവിച്ചിട്ടുണ്ടെങ്കിലൊഴികെ. ഖുല്ലതൈന്‍5 സംബന്ധിച്ച ഹദീസ് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഈ ഹദീസ് പ്രബലമാണ്. അനേകം പരമ്പരകളിലൂടെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മിക്കതും വലീദുബ്‌നു കുസൈര്‍, മുഹമ്മദുബ്‌നു ജഅ്ഫരിബ്‌നു സുബൈറില്‍നിന്നോ മുഹമ്മദുബ്‌നു ഇബാദിബ്‌നു ജഅ്ഫരില്‍നിന്നോ ആരംഭിക്കുന്നു. അവര്‍ അബ്ദുല്ല മകന്‍ ഉബൈദുല്ലയില്‍നിന്നും ഉബൈദുല്ല, ഇബ്‌നു ഉമറില്‍ നിന്നും നിവേദനം ചെയ്യുന്നു. അനന്തരം ഈ ശൃംഖലയില്‍നിന്ന് നിരവധി ശാഖകളും ഉപശാഖകളും ഉത്ഭവിച്ചിരിക്കുന്നു. മുഹമ്മദുബ്‌നു ജഅ്ഫറും മുഹമ്മദുബ്‌നു ഇബാദും തികച്ചും സ്വീകാര്യയോഗ്യരായ രണ്ട് നിവേദകന്മാരാണെങ്കിലും ഫത്‌വ നല്‍കാവുന്ന പദവിയിലുള്ളവരായിരുന്നില്ല. അതിനാല്‍, പൊതുജനങ്ങള്‍ അവലംബിച്ചവരുമല്ലായിരുന്നു. തന്നിമിത്തം ഹദീസ് സഈദുബ്‌നുല്‍ മുസ്വയ്യബിന്റെ കാലത്തോ ഇമാം സുഹ്‌രിയുടെ കാലം വരെയോ പ്രചാരം നേടിയില്ല. മാലികീ മദ്ഹബുകാരുടെയോ ഹനഫീ മദ്ഹബുകാരുടെയോ കര്‍മരീതിയും ഇതനുസരിച്ചായിരുന്നില്ല. എന്നാല്‍, ഇമാം ശാഫിഈയുടെ കാലത്ത് ഹദീസ് വ്യാപകമായി അറിയപ്പെട്ടു. അത് അവലംബാര്‍ഹമായ ഹദീസാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

ഖിയാറുല്‍ മജ്‌ലിസ്6 സംബന്ധിച്ച ഹദീസ് മറ്റൊരു ഉദാഹരണമാണ്. പ്രബലമായ ഹദീസാണിത്. നിരവധി പരമ്പരകളിലൂടെ ഇതുദ്ധരിക്കപ്പെട്ടിട്ടുണ്ട്. സ്വഹാബികളായ ഇബ്‌നു ഉമറും അബൂഹുറയ്‌റയും അതനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷേ, സപ്തപണ്ഡിതന്മാരോ സമകാലികരായ ഇതര താബിഈ പണ്ഡിതന്മാരോ അത് കേട്ടിട്ടുണ്ടായിരുന്നില്ല; അതിനാല്‍ പിന്തുടര്‍ന്നതുമില്ല. ഈ സംഗതി ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും ദൃഷ്ടിയില്‍ ഹദീസ് അനഭിമതമാകുന്നതിന് കാരണമായിത്തീരുന്നു. പക്ഷേ, ഇമാം ശാഫിഈ അത് പ്രാവര്‍ത്തികമാക്കുകയാണുണ്ടായത്. 

ഡി) സ്വഹാബികളുടെ വചനങ്ങളും അഭിപ്രായങ്ങളും ഇമാം ശാഫിഈയുടെ കാലമായപ്പോഴേക്കും ധാരാളമായി സമാഹരിക്കപ്പെട്ടിരുന്നു. അതിലാകട്ടെ ധാരാളം വൈരുധ്യങ്ങളും ശിഥിലതയുമുണ്ടായിരുന്നു. ഇമാം ശാഫിഈ അവയെ വിമര്‍ശനാത്മകമായി വിശകലനം ചെയ്തു. അവയില്‍ വലിയൊരംശം പ്രബലമായ ഹദീസുകള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കണ്ടെത്തി. അപ്രശസ്തമായ ഹദീസുകള്‍ സ്വഹാബികള്‍ക്ക് കിട്ടാതിരുന്നതായിരുന്നു ഈ വൈരുധ്യങ്ങള്‍ക്ക് കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വഹാബികളുടെ അഭിപ്രായങ്ങള്‍ ഉപേക്ഷിച്ച് ഹദീസ് സ്വീകരിക്കുകയെന്നതായിരുന്നു പൂര്‍വികരുടെ നടപടിക്രമമെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം സ്വഹാബികള്‍ പൊതുവില്‍ ഏകീകരിച്ച് അഭിപ്രായപ്പെട്ട വചനങ്ങള്‍ പ്രാമാണികവും അനുകരണാര്‍ഹവുമായി അംഗീകരിച്ചു. അവശേഷിച്ചവയെ 'സ്വഹാബികള്‍ മനുഷ്യരായിരുന്നു, നമ്മളും അവരെപ്പോലെ മനുഷ്യരാകുന്നു'വെന്ന് പ്രസ്താവിച്ചുകൊണ്ട് ആധികാരിക പ്രമാണങ്ങളുടെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി.

ഇ) ഒരു വിഭാഗം ഫുഖഹാഅ് റഅ്‌യി(യുക്തി താല്‍പര്യം)നെയും ഖിയാസി(ന്യായാധികരണം)നെയും കൂട്ടിക്കുഴക്കുന്നുണ്ടെന്ന് ഇമാം ശാഫിഈ കണ്ടെത്തി. വാസ്തവത്തില്‍ യുക്തിയുടെ താല്‍പര്യമനുസരിച്ച് ശരീഅത്തിനെ രൂപപ്പെടുത്തുന്നത് ശരീഅത്ത് വിരോധിച്ചിരിക്കുന്നു. ഖിയാസ് (ഒരു കാര്യത്തിലുള്ള ശരീഅത്തിന്റെ വിധിയുടെ ന്യായം മനസ്സിലാക്കി അതേ ന്യായം കാണപ്പെടുന്നതും ശരീഅത്ത് വേറെ വിധി നല്‍കിയിട്ടില്ലാത്തതുമായ മറ്റു കാര്യങ്ങളിലും അതേ വിധി നടപ്പാക്കുക) ശരീഅത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ 'റഅ്‌യി'നെ ഇസ്തിഹ്‌സാന്‍ എന്നു വ്യവഹരിക്കാറുണ്ട്. ഒരു നേട്ടത്തെയോ കോട്ടത്തെയോ ഒരു വിധിയുടെ കാരണമായി ഗണിക്കുകയാണ് എന്റെ വീക്ഷണത്തില്‍ റഅ്‌യ്. ഖിയാസാവട്ടെ ഖണ്ഡിതമായ വിധിയുടെ കാരണം കണ്ടെത്തുകയും അതേ കാരണമുള്ള മറ്റു കാര്യങ്ങളിലും അതേ വിധി ചുമത്തുകയുമാണ്. ഇമാം ശാഫിഈ ഫുഖഹാഇന്റെ ഈ പ്രവര്‍ത്തന ശൈലിയെ ശക്തിയായി വിമര്‍ശിച്ചു. ഇസ്തിഹ്‌സാന്‍ അഥവാ റഅ്‌യ് ഉപയോഗിക്കുന്നവന്‍ സ്വയം നിയമനിര്‍മാതാവാവുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന മുഖ്തസറുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനകൃതിയില്‍ അളുദ് ഉദ്ധരിച്ചിട്ടുണ്ട്. 

അനാഥക്കുട്ടിയുടെ വിവേകപ്രായം സംബന്ധിച്ച പ്രശ്‌നം ഉദാഹരണം. അനാഥ തന്റേടമുള്ളവനായിത്തീരുകയെന്നത് പരോക്ഷമായ ഒരു സംഗതിയത്രെ. അതിന് ഒരു തീയതി നിര്‍ണയിക്കുക സാധ്യമല്ല. എന്നാല്‍ പരമാവധി ഇരുപത്തിയഞ്ച് വയസ്സിനുള്ളില്‍ ഒരു വ്യക്തി കാര്യബോധമുള്ളവനായിത്തീരുമെന്നതിനാല്‍ ചില ഫുഖഹാഅ്, അനാഥക്ക് ഇരുപത്തിയഞ്ച് വയസ്സായാല്‍ രക്ഷാധികാരി അവന്റെ സമ്പത്ത് നിര്‍ബന്ധമായും തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നു വിധിച്ചു. ഈ വിധിക്കാധാരം ഇസ്തിഹ്‌സാന്‍ ആണെന്നും അവര്‍ പറയുന്നു. ഇവിടെ ഖിയാസ്, അനാഥക്ക് വയസ്സ് എത്രയായാലും ശരി യഥാര്‍ഥത്തില്‍ അവന്‍ കാര്യബോധമുള്ളവാനാകുന്നതു വരെ സമ്പത്ത് അവനെ ഏല്‍പ്പിക്കാതിരിക്കലാണ്.

ചുരുക്കത്തില്‍, ഇമാം ശാഫിഈ ഇത്തരം ന്യൂനതകള്‍ തന്റെ മുന്‍ഗാമികള്‍ക്കുള്ളതായി കണ്ടെത്തി. അങ്ങനെ അതില്‍ അസംതൃപ്തനായി കര്‍മശാസ്ത്രത്തില്‍ കൂടുതല്‍ വിചിന്തനം നടത്തുകയും ഗവേഷണ പഠനത്തിനാവശ്യമായ പുതിയ നിദാനതത്ത്വങ്ങള്‍ ആവിഷ്‌കരിക്കുകയും ശാഖാനിയമങ്ങള്‍ നിഷ്പാദിപ്പിക്കുകയും ഈ ശാസ്ത്രത്തില്‍ സ്വതന്ത്രവും ഉത്തമവുമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അവ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിത്തീര്‍ന്നു; ആ കാലഘട്ടത്തിലെ ഫുഖഹാഅ് അദ്ദേഹത്തിന്റെ ചുറ്റും കൂടി. ശാഫിഈയുടെ ഗ്രന്ഥങ്ങള്‍ക്ക് ധാരാളം വ്യാഖ്യാനങ്ങളും ആ വ്യാഖ്യാനങ്ങള്‍ക്ക് സംഗ്രഹങ്ങളുമുണ്ടായി. ശാഫിഈയുടെ നിദാനതത്ത്വങ്ങളെപ്പറ്റി കൂടുതല്‍ മസ്അലകള്‍ നിര്‍ധാരണം ചെയ്തുകൊണ്ടിരുന്നു. പണ്ഡിതന്മാര്‍ ആ വിജ്ഞാനങ്ങള്‍ ലോകത്തിന്റെ നാനാ ദിക്കുകളിലുമെത്തിച്ചു. അങ്ങനെ ഇമാം ശാഫിഈയുടെ നാമധേയത്തില്‍ ഒരു പുതിയ മദ്ഹബ് നിലവില്‍വന്നു.

 

 

അല്‍ ഇന്‍സാഫു ഫീ ബയാനി അസ്ബാബില്‍ ഇഖ്തിലാഫ് (കര്‍മശാസ്ത്ര ഭിന്നതകള്‍: ചരിത്രവും സമീപനവും) എന്ന പുസ്തകത്തില്‍ നിന്ന്.

 

കുറിപ്പുകള്‍

 

1. മുന്‍ഖത്വിഅ്: നിവേദന പരമ്പര മുറിഞ്ഞു പോയ ഹദീസ്.

2. മുസ്‌നദ്: പരമ്പര മുറിയാത്ത ഹദീസ്.

3. മര്‍ഫൂഅ്: നബിയിലേക്ക് ചേര്‍ത്തിപ്പറിയുന്ന ഹദീസ്.

4. ഖുര്‍ആനെ നേര്‍ക്കുനേരെ പ്രാവര്‍ത്തികമാക്കാതെ, ഏതെങ്കിലും തരത്തിലുള്ള പരിഷ്‌കരണമോ പരിമിതിയോ വരുത്തുകയാണ് ഇദാഫ കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണമായി, കേസുകള്‍ തീരുമാനിക്കുന്നതിന് രണ്ട് സാക്ഷികള്‍ വേണമെന്നാണ് ഖുര്‍ആനിക നിര്‍ദേശം. എന്നാല്‍, രണ്ടു സാക്ഷികളുടെ അഭാവത്തില്‍ ഒരു സാക്ഷിയുടെ മൊഴിയും വാദിയുടെ സത്യം ചെയ്യലും സ്വീകരിച്ച് തീര്‍പ്പു കല്‍പ്പിക്കാവുന്നതാണെന്ന് ഹദീസില്‍നിന്നു മനസ്സിലാകുന്നു. വാദിയുടെ സത്യം ചെയ്യല്‍ രണ്ടാം സാക്ഷിയുടെ മൊഴിക്ക് പകരമാവുന്നു ഇവിടെ. 

5. രണ്ട് ഖുല്ലത്ത് വെള്ളത്തില്‍ മാലിന്യം വീണാല്‍ വെള്ളം സാങ്കേതികമായി മലിനമാകുകയില്ലെന്ന് കുറിക്കുന്ന നബിവചനം. ഏതാണ്ട് 500 റാത്തല്‍ വെള്ളം കൊള്ളുന്ന പാത്രമാണ് ഖുല്ലത്.

6. വസ്തു കച്ചവടം ചെയ്ത് സദസ്സ് പിരിയുന്നതിന് മുമ്പ് ഉഭയ കക്ഷികള്‍ക്ക് കച്ചവടം ഒഴിയാന്‍ അനുവാദം നല്‍കുന്ന നബിവചനം.

7. ഗ്രന്ഥകര്‍ത്താവ് ഹമ്പലി മദ്ഹബിനെ ഒരു സ്വതന്ത്ര കര്‍മശാസ്ത്ര മദ്ഹബായി പ്രതിപാദിച്ചിട്ടില്ല. 

Comments

Other Post