Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സാരോപദേശങ്ങള്‍

അബ്ദുസ്സലാം പൈങ്ങോട്ടായി

ജീവിത വിശുദ്ധിയിലൂടെയും ജനങ്ങളെ സ്വാധീനിക്കുന്ന സാരോപദേശങ്ങളിലൂടെയും ഇസ്‌ലാമിക ചരിത്രത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയ മഹദ്‌വ്യക്തിത്വമാണ് ഇമാം ശാഫിഈ (റ). കര്‍മശാസ്ത്രത്തിലെന്ന പോലെ ആധ്യാത്മിക മണ്ഡലത്തിലും സാരവത്തായ ഉപദേശങ്ങള്‍ അദ്ദേഹം നല്‍കുകയുണ്ടായി. ഭാഷാഭംഗിയും ദാര്‍ശനിക ഗരിമയും അവകാശപ്പെടാവുന്ന സാരോപദേശങ്ങളാണദ്ദേഹത്തിന്റേത്. ശരിയായ ജ്ഞാനമാണ് മനുഷ്യജീവിതത്തിന്റെ പ്രധാന ധര്‍മം എന്ന കാഴ്ചപ്പാട് ആ മേഖലയില്‍ തന്റേതായ ഉപദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിത്തറയിലാണ് ആത്മശുദ്ധീകരണത്തിനുതകുന്ന ഉപദേശങ്ങള്‍ നല്‍കിയത്. ഇസ്‌ലാമിലെ ആരാധനാനുഷ്ഠാനങ്ങളുടെ യാഥാര്‍ഥ്യം വിശദമാക്കുന്നതോടൊപ്പം സാമൂഹികമായ ഇടപാടുകളെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചു. എല്ലാറ്റിലും അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നതിനാല്‍ കര്‍മമാതൃകകളിലൂടെയായിരുന്നു ജനങ്ങളെ സംസ്‌കരിച്ചിരുന്നത്. 

ആ ജീവിതത്തെ ഇപ്രകാരം സാക്ഷ്യപ്പെടുത്താം: രാത്രിയെ അദ്ദേഹം മൂന്നായി വിഭജിച്ചു. മൂന്നിലൊന്ന് വിജ്ഞാനത്തിന്, അടുത്ത ഒന്ന് നമസ്‌കാരത്തിന്, അവശേഷിക്കുന്നത് ഉറങ്ങുന്നതിനും. ഒരിക്കലദ്ദേഹം പറഞ്ഞു: ''പതിനാറ് വര്‍ഷമായി ഞാന്‍ വയറ് നിറയെ ഭക്ഷിച്ചിട്ടില്ല. കാരണം അത് ശരീരത്തെ തടിപ്പിക്കും. ഹൃദയം കടുപ്പിക്കും. ധിഷണയെ ക്ഷയിപ്പിക്കും. നിദ്രയെ ആകര്‍ഷിക്കും. ഇബാദത്തില്‍ ദൗര്‍ബല്യങ്ങള്‍ ഉളവാക്കും.'' 

ഇപ്രകാരം തന്റെ ആദര്‍ശത്തെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഇമാം ശാഫിഈയുടെ ചില തത്ത്വോപദേശങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്: 

 

1. ഭൗതിക ക്ഷേമമാഗ്രഹിക്കുന്നവന്‍ അറിവ് നേടേണ്ടതുണ്ട്. പരലോകമോക്ഷം തേടുന്നവനും അറിവ് അനിവാര്യമാണ് (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/54).

2. നിര്‍ബന്ധ കര്‍മങ്ങളുടെ നിര്‍വഹണശേഷം ദൈവസാമീപ്യം നേടാന്‍ ജ്ഞാനസമ്പാദനത്തോളം ശ്രേഷ്ഠമായി ഒന്നുമില്ല (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/54). 

3. ഹൃദയത്തില്‍ സൂക്ഷിക്കപ്പെട്ടതല്ല അറിവ്. അത് മറ്റുള്ളവര്‍ക്ക് പ്രയോജനമേകുന്നതാണ് (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/54).

4. നിക്ഷേപങ്ങളില്‍ ഏറെ ഉപകാരപ്രദം ദൈവഭക്തിയും ഏറ്റവും ദ്രോഹകരം ശത്രുതയുമാണ് (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/54). 

5. ആക്ഷേപാര്‍ഹമായ കാര്യങ്ങളെ തടയുന്ന ബുദ്ധി കൈമുതലുള്ളവനാണ് യഥാര്‍ഥ ബുദ്ധിമാന്‍ (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/54).

6. ആവശ്യങ്ങള്‍ അധികരിച്ചാല്‍ മുഖ്യമായത് കൊണ്ടാരംഭിക്കുക (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് 1/54-56).

7. അര്‍ഹതയില്ലാത്ത മൂല്യം തനിക്ക് കല്‍പിക്കുന്നവനെ തന്റെ യഥാര്‍ഥ നിലവാരത്തിലേക്ക് അല്ലാഹു തിരിച്ചയക്കും (തവാലിത്തഅ്‌സീസ് 138). 

8. കാഴ്ചക്ക് ദൂരപരിധിയുള്ളതു പോലെ ബുദ്ധിക്കും എത്താവുന്ന പരിധികളുണ്ട് (തവാലിത്തഅ്‌സീസ് 135).

9. പേനയും കടലാസുമില്ലാതെ അറിവിന്റെ സദസ്സുകളില്‍ പങ്കെടുക്കുന്നവന്‍ ഗോതമ്പ് കൈയിലില്ലാതെ ആട്ടുയന്ത്രത്തെ സമീപിക്കുന്നവനെപ്പോലെയാണ് (മനാഖിബുശ്ശാഫിഈ 2/157).

10. മൃഗങ്ങളെ നയിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ജനങ്ങളെ നയിക്കല്‍ (തവാലിത്തഅ്‌സീസ് 135).

11. ഇഹപര നന്മകള്‍ അഞ്ച് കാര്യങ്ങളിലാണ്; മനസ്സിന്റെ ഐശ്വര്യം, ഉപദ്രവമൊഴിവാക്കല്‍, ഹലാലായ സമ്പാദ്യം, ഭയഭക്തി, എല്ലാ അവസ്ഥകളിലുമുള്ള ദൈവസമര്‍പ്പണം (മനാഖിബുശ്ശാഫിഈ 2/158).

12. മാന്യത നാല് ഘടകങ്ങളെ ആശ്രയിച്ചാണ്; സല്‍സ്വഭാവം, ഭയഭക്തി, വിനയം, ഉദാരത (അല്‍ ഇന്‍തിഖാഅ്100).

13. മാന്യന്മാരുടെ കോപം അവരുടെ പ്രവൃത്തിയില്‍ പ്രകടമാകുന്നു; വിഡ്ഢികളുടേത് അവരുടെ നാവിലും (തഹ്ദീബുല്‍ അസ്മാഅ് വല്ലുഗാത്ത് 1/57). 

14. അടിമക്ക് കരാര്‍പാലനവും ദുഷ്ടന് നന്ദിയും നീചന് ഉപകാരവും അന്യമാണ് (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് 1/54)

15. സുഹൃത്തുക്കളുടെ സഹവാസത്തോളം സന്തോഷകരമായ മറ്റൊന്നില്ല. അവരുടെ വേര്‍പാടിന് തുല്യമായ മനഃപ്രയാസവുമില്ല (തവാലിത്തഅ്‌സീസ് 136).

16. കോപിക്കേണ്ടിടത്ത് കോപിക്കാത്തവന്‍ കഴുതയാണ്. പ്രീതിപ്പെടേണ്ടിടത്ത് സംപ്രീതനാവാത്തവന്‍ പിശാചുമാണ് (തവാലിത്തഅ്‌സീസ് 138).

17. നീ എത്ര ശ്രമിച്ചാലും ജനങ്ങളെ മുഴുവന്‍ തൃപ്തിപ്പെടുത്താനാവില്ല. അതിനാല്‍ നിനക്കും അല്ലാഹുവിനും ഇടയിലുള്ളത് നന്നാക്കുക. എങ്കില്‍ ജനങ്ങളെ പരിഗണിക്കേണ്ടതില്ല (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/54). 

18. അനാവശ്യ കാര്യങ്ങള്‍ നീ സംസാരിക്കരുത്. അത് നിന്നെ കീഴ്‌പ്പെടുത്തും. നിനക്കതിനെ നിയന്ത്രിക്കാനാവില്ല (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/56).

19. സ്‌നേഹിതന്റെ ന്യൂനതകള്‍ സഹിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും വീഴ്ചകള്‍ പൊറുക്കുകയും ചെയ്യുന്നവനാണ് സത്യസന്ധനായ സ്‌നേഹിതന്‍ (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/56). 

20. സ്‌നേഹിതന്റെ സ്‌നേഹിതനെ സ്‌നേഹിതനായി കാണല്‍ യഥാര്‍ഥ സ്‌നേഹിതന്റെ ലക്ഷണമാണ് (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/56).

21. രഹസ്യമായി സഹോദരനെ ഉപദേശിച്ചവന്‍ അവനോട് ഗുണകാംക്ഷ കാണിക്കുകയും നന്നാക്കുകയും ചെയ്തു. പരസ്യമായി ഉപദേശിച്ചവന്‍ അവനെ അപമാനിക്കുകയും ദുഷിപ്പിക്കുകയും ചെയ്തു (അല്‍ ഇന്‍തിഖാഅ് 99).

22. പണ്ഡിതനും ഡോക്ടറുമില്ലാത്തിടത്ത് താമസിക്കുന്നത് അനുയോജ്യമല്ല (തവാലിത്തഅ്‌സീസ് 134).

23. നാല് കാര്യങ്ങള്‍ കൊണ്ടല്ലാതെ ദുന്‍യാവില്‍ ഒരാള്‍ പൂര്‍ണനാവുകയില്ല; മതം, വിശ്വസ്തത, സുരക്ഷിതത്വം, ആത്മനിയന്ത്രണം (സ്വിഫത്തുസ്വഫ്‌വ 1/487).

24. വസ്ത്രം ശുദ്ധിയാക്കിയവന്‍ അസ്വസ്ഥതകള്‍ കുറച്ചു. സുഗന്ധങ്ങള്‍ ഉപയോഗിച്ചവന്‍ ബുദ്ധി വര്‍ധിപ്പിച്ചു (അല്‍ ഇന്‍തിഖാഅ് 100).

25. സ്വയം പര്യാപ്തതയില്ലാത്തവന്‍ വിഡ്ഢിയാവേണ്ടി വരും. 

26. മൂന്ന് ഗുണങ്ങളാര്‍ജിച്ചവന്‍ വിശ്വാസത്തില്‍ പൂര്‍ണനായി; നന്മ കല്‍പ്പിക്കുകയും അത് പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുക, തിന്മ വിരോധിക്കുകയും അത് വര്‍ജിക്കുകയും ചെയ്യുക, അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ സൂക്ഷിക്കുക. 

27. ദൈവ ഭക്തിയാല്‍ അന്തസ്സു നേടാത്തവന്‍ ഒരിക്കലും അന്തസ്സുള്ളവനാവില്ല (തഹ്ദീബുല്‍ അസ്മാഉ വല്ലുഗാത്ത് 1/56).

28. വിനയം മാന്യന്മാരുടെ സ്വഭാവമാണ്. അഹങ്കാരം നീചന്മാരുടെയും (മനാഖിബുശ്ശാഫിഈ 2/200).

29. വിനയം സ്‌നേഹത്തിന് കാരണമാകുന്നു, സംതൃപ്തി ആശ്വാസത്തിനും (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് 1/56).

30. ദൈവഭയമില്ലാത്തവനോടുള്ള സഹവാസം അപമാനമാണ് (അല്‍ഇന്‍തിഖാഅ്: 99).

31. ഭക്തി പണ്ഡിതന്മാര്‍ക്ക് അലങ്കാരമാണ്. സല്‍സ്വഭാവം അവര്‍ക്ക് തിളക്കമാണ്. ഉദാരത അവര്‍ക്ക് ഭംഗിയാണ് (തവാലിത്തഅ്‌സീസ് 135).

32. നേതൃയോഗ്യത അഞ്ച് കാര്യങ്ങളിലാണ്; സത്യസന്ധമായ വര്‍ത്തമാനം, രഹസ്യങ്ങള്‍ മറച്ചു വെക്കല്‍, കരാര്‍ പൂര്‍ത്തീകരണം, ഗുണകാംക്ഷ, അമാനത്ത് നിര്‍വഹണം (താരീഖ് മദീനത്തി ദിമിശ്ഖ് 51/413).

33. ജനങ്ങളുടെ തൃപ്തി, ലഭ്യമാകാത്ത ലക്ഷ്യമാണ് (മുഅ്ജമുല്‍ ഉദബാഅ് 17/304).

34. വയസ്സ് പരസ്യപ്പെടുത്തരുത്. കുറവാണെങ്കില്‍ നിന്ദ്യനായും കൂടുതലാണെങ്കില്‍ വൃദ്ധനായും പരിഗണിക്കപ്പെട്ടേക്കാം (തവാലിത്തഅ്‌സീസ് 136),

35. അയല്‍ക്കാരന്‍ മോശമാണെങ്കില്‍ സൂക്ഷിച്ചിട്ട് കാര്യമില്ല (തവാലിത്തഅ്‌സീസ് 136).

36. ദൈവഭക്തിയും ഉദാരതയുമാണ് സ്വാതന്ത്ര്യം. ഇവ രണ്ടും ഒരുമിച്ചവന്‍ സ്വതന്ത്രനായി (മനാഖിബുശ്ശാഫിഈ 2/200). 

 

അവലംബം: ദീവാനുല്‍ ഇമാം ശാഫിഈ-അബ്ദുര്‍റഹ്മാന്‍ അല്‍ മുസ്വ്ത്വാവീ

 

അബ്ദുസ്സലാം പൈങ്ങോട്ടായി: കോഴിക്കോട് പൈങ്ങോട്ടായി സ്വദേശി. കുറ്റിയാടി കോളേജ് ഓഫ് ഖുര്‍ആന്‍, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ അല്‍ ജാമിഅയില്‍ ലക്ചറര്‍. 

ഫോണ്‍: 9048872984. ഇമെയില്‍: [email protected]

Comments

Other Post