Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

കുടുംബ പരമ്പര

ഇമാം ശാഫിഈയുടെ കുടുംബ പരമ്പര ഇങ്ങനെ: ബ്ദുമനാഫിന്റെ മകന്‍ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ ഹാശിമിന്റെ മകന്‍ അബ്ദുയസീദിന്റെ മകന്‍ ഉബൈദിന്റെ മകന്‍ അസ്സാഇബിന്റെ മകന്‍ ശാഫിഇന്റെ മകന്‍ ഉസ്മാന്റെ മകന്‍ അല്‍ അബ്ബാസിന്റെ മകന്‍ ഇദ്‌രീസിന്റെ മകന്‍ അബൂ അബ്ദില്ല മുഹമ്മദ്. മുത്വലിബ് വംശത്തിലെ ഹാശിം കുടുംബാംഗം. അസ്ദ് ഗോത്രജയായ മാതാവിന്റെ വിളിപ്പേര് ഉമ്മു ഹബീബ. അലിയ്യുബ്‌നു അബീത്വാലിബിന്റെ മകന്‍ ഹസന്റെ മകന്‍ ഹുസൈന്റെ മകന്‍ അബ്ദുല്ലയുടെ മകള്‍ ഫാത്വിമയാണ് മാതാവെന്നും അഭിപ്രായമുണ്ട്. ഉസ്മാനുബ്‌നു അഫ്ഫാന്റെ മകന്‍ അംറിന്റെ മകന്‍ ഉയൈയ്‌നയുടെ മകന്‍ നാഫിഇന്റെ മകള്‍ ഹമീദയാണ് ഭാര്യ. ഇരുപത്തിയൊമ്പതാം വയസ്സില്‍ വിവാഹിതനായി. ഹമീദയില്‍ ജനിച്ച മൂത്ത മകന്‍ അബൂ ഉസ്മാന്‍ മുഹമ്മദ്, അലപ്പോ നഗരത്തിലെ ഖാദിയായിരുന്നു. ഫാത്വിമയും സൈനബുമാണ് മറ്റു രണ്ടു മക്കള്‍. ഹസന്‍ എന്ന മകന്‍ ശൈശവത്തിലേ മരിച്ചു. ഫലസ്ത്വീനില്‍ താമസിച്ചിരുന്ന മാതാവ്, മകന്‍ ശാഫിഈയെയും കൊണ്ട് മക്കയിലെ അല്‍ ഖൈഫ് മലഞ്ചെരുവില്‍ പോയി പത്തു വര്‍ഷം മാറിത്താമസിച്ചു. ഖുറൈശ് ഗോത്രത്തിലെ മറ്റു മക്കളെ പോലെ തന്റെ മകനും വളരണമെന്നാഗ്രഹിച്ചതിനാലാണ് മക്കയിലേക്ക് താമസം മാറിയത്. ദരിദ്രമായിരുന്നു ശാഫിഈയുടെ കുട്ടിക്കാലം.

ഇമാം അവര്‍കളുടെ വ്യക്തിത്വ രൂപവത്കരണത്തില്‍ അദ്ദേഹത്തിന്റെ ഖുറൈശ് ഗോത്രത്തിന് വലിയ പങ്കുണ്ടായിരുന്നു. സമപ്രായക്കാരായ ഖുറൈശ് ഗോത്രജരോടൊപ്പം അദ്ദേഹത്തെ വളര്‍ത്താനായിരുന്നുവല്ലോ മാതാപിതാക്കള്‍ അദ്ദേഹത്തെ ചെറുപ്രായത്തില്‍ തന്നെ മക്കയിലേക്ക് കൊണ്ടുപോയത്. നബി(സ)യും ഖുലഫാഉര്‍റാശിദീനും ഉമവികളും അബ്ബാസികളുമെല്ലാം ഖുറൈശ് ഗോത്രത്തിലെ ശക്തവും പുരോഗമനോന്മുഖവുമായ കുടുംബങ്ങളില്‍ പിറന്നവരായിരുന്നുവല്ലോ. ഗോത്ര-കുടുംബ പശ്ചാത്തലങ്ങള്‍ വ്യക്തികളെ സാരമായി സ്വാധീനിക്കുമല്ലോ. ഖുറൈശികള്‍ക്ക് അത്രക്ക് സ്വാധീനമുണ്ടായിരുന്നു. 

Comments

Other Post