സലഫി ധാരകളുടെ മദ്ഹബീ സമീപനങ്ങള്‍
ഇസ്‌ലാമേതര തത്ത്വചിന്തകളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനഫലമായി വിശ്വാസ-കര്‍മ രീതികളില്‍ പുതുതായി ഉണ്ടായ വ്യാഖ്യാനങ്ങള്‍ നിരാകരിച്ച് സച്ചരിതരായ പൂര്‍വികരുടെ (സലഫ്) പാരമ്പര്യം അനുധാവനം ചെയ്യലാണ് ശരിയായ ഇസ്‌ലാമിക ജീവിത രീതിയെന്നാണ് സലഫിസം സമര്‍ഥിക്കുന്നത്. സച്ചരിതരായ പൂര്‍വികര്‍ എന്നാല്‍ സ്വഹാബികള്‍, താബിഉകള്‍, നാല് മദ്ഹബുകളുടെ ഇമാമുമാര്‍. വിശ്വാസ-കര്‍മ വിധികള്‍ക്ക് ആധാരമായ പ്രമാണങ്ങള്‍ക്ക് അവര്‍ നല്‍കിയ വിശദീകരണങ്ങള്‍ പിന്തുടരുകയും പ്രമാണങ്ങളേക്കാള്‍ യുക്തിചിന്തക്ക് പ്രാമുഖ്യം നല്‍കുന്ന വ്യാഖ്യാനങ്ങളെ നിരാകരിക്കുകയും പുതിയ കൂട്ടിച്ചേര്‍ക്കലുകളെ തള്ളുകയും ചെയ്യുക എന്നതാണ് സലഫിസം കൊണ്ട് ഉദ്ദേശിക്കുന്നത്. സലഫിസം ഏകാത്മകമായൊരു ചിന്താധാരയല്ല; വൈവിധ്യമാര്‍ന്ന ചിന്തകളുടെ പ്രവാഹമാണ്. അതില്‍ വ്യത്യസ്ത ഗ്രൂപ്പുകളും പാഠശാലകളുമുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ശൈഖ് മുഹമ്മദു ബ്‌നു അബ്ദില്‍ വഹ്ഹാബ് തുടങ്ങിയ നവോത്ഥാന പണ്ഡിതര്‍ സലഫീധാരയുടെ നായകരായാണ് ഗണിക്കപ്പെടുന്നത്. മാത്രമല്ല, ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും റശീദ് രിദായും ഈ പ്രവാഹത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇവര്‍ ധിഷണക്കു നല്‍കിയ സ്ഥാനം നിലവില്‍ മനസ്സിലാക്കപ്പെടുന്ന സലഫിസത്തിന്റേതില്‍നിന്നും വ്യത്യസ്തമായിരുന്നു.
ഇമാം ശാഫിഈ അടക്കമുള്ള എല്ലാ മദ്ഹബിന്റെ ഇമാമുകളും സലഫില്‍ ഉള്‍പ്പെടുമെങ്കിലും പൊതുവെ ഇമാം അഹ്മദുബ്‌നു ഹമ്പലിലേക്ക് ചേര്‍ത്താണ് സലഫിസം പരാമര്‍ശിക്കപ്പെടാറുള്ളത്. പ്രമാണങ്ങളെ പൊതുവെ അവയുടെ ക്ലിപ്തമായ ബാഹ്യാര്‍ഥത്തില്‍ സ്വീകരിക്കുക എന്നതായിരുന്നു ഇമാം അഹ്മദിന്റെ രീതി. നിലപാടുകളിലെ കാര്‍ക്കശ്യവും പ്രമാണങ്ങളുടെ സാന്നിധ്യത്തില്‍ യുക്തിക്ക് ഇടമില്ലാതായതും പില്‍ക്കാലത്ത് ചില സലഫിധാരകളുടെ മുദ്രയായി മാറി. വാസ്തവത്തില്‍ ഇമാം അഹ്മദിനെ തങ്ങള്‍ അനുകരിക്കുന്നില്ലെന്ന് സലഫികള്‍ ആണയിടുന്നുണ്ടെങ്കിലും നിരൂപകര്‍ വിലയിരുത്തുന്നത് അത്തരത്തിലാണ്. ശാഫിഈ മദ്ഹബിന്റെ അശ്അരീ മതമീമാംസാ ചിന്തകള്‍ പിന്തുടരുന്നവരായിരുന്നില്ല ഹമ്പലികള്‍. ഇത് പലപ്പോഴും സലഫികളും ശാഫിഈകളും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.
സലഫുകളെ ആലോചനയില്ലാതെ പിന്‍പറ്റുന്ന ഇപ്പോഴത്തെ ചില സലഫിധാരകളുടെ കര്‍ക്കശ രീതി അവരെ യുക്തിക്കും ചിന്തക്കും സ്ഥാനം നല്‍കുന്ന മറ്റു മദ്ഹബുകളെ തള്ളുന്ന നിലപാടിലെത്തിച്ചു. വിശ്വാസ(അഖീദ)ശാസ്ത്ര സരണിയായിട്ടാണ് സലഫിസം തുടങ്ങിയത്. കാലാന്തരത്തില്‍ കര്‍മശാസ്ത്ര മണ്ഡലങ്ങളിലേക്കും സലഫീധാരയുടെ ഇടപെടല്‍ വ്യാപിക്കുകയായിരുന്നു. തങ്ങള്‍ ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ കര്‍മശാസ്ത്ര നിര്‍ധാരണ രീതികള്‍ പിന്തുടരുന്നു എന്നാണ് അവര്‍ അവകാശപ്പെട്ടത്. അങ്ങനെ ഈ സലഫിസം ഒരു സമ്പൂര്‍ണ കര്‍മശാസ്ത്ര സരണി (മദ്ഹബ്) ആയി രൂപം പ്രാപിച്ചപ്പോള്‍ മദ്ഹബിന്റെ സഹജമായ ചില സങ്കീര്‍ണതകളും അതില്‍ വളര്‍ന്നു. കാലക്രമേണ അവ സലഫിസത്തിന്റെ പേരിലറിയപ്പെടുന്ന നിലപാടുകളായി രൂപം പ്രാപിക്കുകയും ചെയ്തു, അവ:
* യുക്ത്യധിഷ്ഠിത വ്യാഖ്യാനം നിരാകരിച്ച് പ്രമാണങ്ങളെ അക്ഷരാര്‍ഥത്തില്‍ വായിക്കുകയും ബുദ്ധിയെ ഒരു സഹായക ഘടകമായി അവലംബിക്കുന്നതിനു പകരം അതുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട് പ്രമാണത്തിന്റെ ബാഹ്യാര്‍ഥം മാത്രം സ്വീകരിക്കുകയും ചെയ്തു (ഇടക്കാലത്ത് മധ്യമ നിലപാട് സ്വീകരിച്ചെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു സലഫിസം).
* വീക്ഷണ വ്യത്യാസം പുലര്‍ത്തുന്നവരെ സലഫികള്‍ അമിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തു (ശാഫിഈകളും ശീഈകളും ഈ തീവ്രതയുടെ ഇരകളാണ്. ഹി. ഏഴാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ സലഫീ തീവ്രവാദം ഒരു കലാപത്തിനു വരെ കാരണമായി).
* വിശ്വാസ(അഖീദ)പരമായ കാര്യങ്ങള്‍ അമിതമായി ചര്‍ച്ച ചെയ്യുക. നിസ്സാര കാര്യങ്ങളില്‍ തര്‍ക്കിക്കാനുള്ള ഔല്‍സുക്യം.
* പ്രാദേശികമായ സ്വാധീനങ്ങളെയും സാഹചര്യങ്ങളെയും തീര്‍ത്തും അവഗണിക്കുക; സാംസ്‌കാരിക വൈവിധ്യത്തെയും മനുഷ്യപുരോഗതിയുടെ പടവുകളെയും പരിഗണിക്കാതിരിക്കുക. ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ ഒരൊറ്റ അഭിപ്രായത്തില്‍ മാത്രം ശഠിച്ചുനില്‍ക്കുകയും തങ്ങള്‍ മാത്രമാണ് സത്യത്തിന്റെ കക്ഷികളും രക്ഷപ്പെടുന്ന വിഭാഗവുമെന്ന് വിശ്വസിക്കുകയും ചെയ്യുക.
* കാര്യങ്ങള്‍ ലഘൂകരിക്കാന്‍ തെളിവുകള്‍ ഉള്ളപ്പോഴും അത് പരിഗണിക്കാതെ ക്ലിപ്തമായ രീതികളവലംബിക്കുക.
സലഫുകളിലൊരാളായി അറിയപ്പെടുന്ന ഇമാം ശാഫിഈ പ്രമാണങ്ങളെ സംവേദനം ചെയ്തിരുന്നതും അപഗ്രഥിച്ചിരുന്നതും സലഫികളുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. എന്നല്ല, പല നിലപാടുകളെയും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇമാം ശാഫിഈ പ്രമാണങ്ങള്‍ സ്വീകരിക്കുന്ന രീതി
പ്രമാണങ്ങളെ യുക്തിദീക്ഷയില്ലാതെ ബാഹ്യാര്‍ഥത്തില്‍ സ്വീകരിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന സലഫീരീതിയെ അദ്ദേഹം നിരാകരിച്ചു. കര്‍മശാസ്ത്ര നിര്‍ധാരണത്തില്‍ സുന്നത്തിന് പ്രാമുഖ്യം നല്‍കിയ അഹ്‌ലുല്‍ ഹദീസുകാരും യുക്തിചിന്തക്ക് പ്രാമുഖ്യം നല്‍കിയ അഹ്‌ലുര്‍റഅ്‌യുകാരും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നിരുന്നു. ഖിയാസിലൂടെയും അനുമാനങ്ങളിലൂടെയും ഇസ്‌ലാമിക നിയമസംഹിതക്ക് വികാസം നല്‍കാന്‍ ശ്രദ്ധിച്ചിരുന്നവരായിരുന്നു അഹ്‌ലുര്‍റഅ്‌യ്. ഹദീസുകളെ ബാഹ്യാര്‍ഥത്തില്‍ സ്വീകരിക്കുകയായിരുന്നു അഹ്‌ലുല്‍ ഹദീസ്. ഈ രണ്ട് ശൈലികളുടെയും വക്താക്കള്‍ തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പതിവായിരുന്നു. രണ്ടു ശൈലികളെയും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു ഇമാം ശാഫിഈ. ബുദ്ധിയെ തള്ളിയതുമില്ല, തെളിവുകളെ അവഗണിച്ചതുമില്ല. അദ്ദേഹം ഒരു മധ്യമ നിലപാട് സ്വീകരിച്ചു. ഇമാം ശാഫിഈയുടെ ഈ നിലപാട് ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വരുത്തുകയും കര്‍മശാസ്ത്ര പഠനത്തെ ചടുലമാക്കുകയും ചെയ്തു.
ഹിജാസില്‍ നവീനങ്ങളായ വിധികള്‍ക്ക് കാരണമായേക്കാവുന്ന സംഭവങ്ങള്‍ കുറവായിരുന്നു. ഇറാഖിലായിരുന്നു പ്രമാണങ്ങള്‍ വ്യക്തമായി വിധികള്‍ നല്‍കിയിട്ടില്ലാത്ത പുതിയ പ്രശ്‌നങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നത്. ഖുര്‍ആനിലും ഹദീസിലും വ്യക്തമായ വിധികള്‍ വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ തന്റെ യുക്തിയും ധിഷണയും ഉപയോഗിച്ചായിരുന്നു ഇമാം ശാഫിഈ വിധി കണ്ടെത്തിയിരുന്നത്. ഇമാം ശാഫിഈയുടെ ധിഷണാ വൈഭവം പ്രസിദ്ധമാണ്. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഹി. രണ്ടാം നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്നാണ് (തഹ്ദീബുല്‍ കലാം 24/365).
ഇസ്തിഹ്‌സാനും ഇമാം ശാഫിഈയും
ഇസ്തിഹ്‌സാന്‍ എന്ന തത്ത്വത്തെ ആധാരമാക്കിയുള്ള നിയമനിര്‍ധാരണത്തെ എതിര്‍ക്കുന്നവരാണ് സലഫികള്‍. ശക്തമായ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യത്തിന്റെ പ്രത്യക്ഷ വിധിയില്‍നിന്നും വ്യത്യസ്തമായൊരു വിധി സ്വീകരിക്കുന്നതിനാണ് ഇസ്തിഹ്‌സാന്‍ എന്ന് പറയുന്നത്. ഇമാം ശാഫിഈ ഇസ്തിഹ്‌സാനെ നിരാകരിച്ചു. കിതാബുല്‍ ഉമ്മില്‍ 'ഇസ്തിഹ്‌സാന്‍ ദുര്‍ബലപ്പെടുത്തല്‍' (ഇബ്ത്വാലുല്‍ ഇസ്തിഹ്‌സാന്‍) എന്നൊരു അധ്യായം തന്നെയുണ്ട്. ഇസ്തിഹ്‌സാനെ നിരാകരിക്കാന്‍ ഉന്നയിക്കുന്ന ന്യായങ്ങള്‍:
* ഇസ്തിഹ്‌സാന്‍ അനുവദിക്കപ്പെട്ടാല്‍ മുജ്തഹിദുകള്‍ പ്രമാണങ്ങളെ അവഗണിച്ച് ബുദ്ധിയെ അവലംബിക്കാന്‍ ശ്രമിക്കും.
* സ്വേഛയെ വെടിഞ്ഞ് പ്രമാണങ്ങളിലേക്ക് മടങ്ങാനാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. എന്നാല്‍, ഇസ്തിഹ്‌സാന്‍ പ്രമാണങ്ങളിലേക്കുള്ള മടക്കമല്ല.
* ശരീഅത്തിന്റെ ആധാരമായ നസ്സ്വിലോ ഖിയാസിലോ പെടാത്തവ ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്.
* പ്രവാചകന്‍ (സ) ഇസ്തിഹ്‌സാന്‍ അവലംബമാക്കി വിധി പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല തന്റെ അസാന്നിധ്യത്തില്‍ ഇസ്തിഹ്‌സാന്‍ അനുസരിച്ച് വിധി നടത്തുന്നത് നബി (സ) വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഈ ന്യായങ്ങളില്‍നിന്ന് മനസ്സിലാകുന്നത്, ഇമാം ശാഫിഈ നിരാകരിക്കുന്നത് പ്രമാണങ്ങളെ മാറ്റിനിര്‍ത്തി കേവല ബുദ്ധിയുടെ സ്വതന്ത്ര അഭിപ്രായത്തില്‍ സ്വീകരിക്കുന്ന ഇസ്തിഹ്‌സാനെയാണ് എന്നാണ്. എന്നാല്‍, യഥാര്‍ഥ ഇസ്തിഹ്‌സാന്‍ പ്രമാണങ്ങളില്‍നിന്നുള്ള വ്യതിചലനമല്ല. അവയുടെ അടിസ്ഥാനത്തില്‍ ശരീഅത്തിനെ സംരക്ഷിക്കുന്ന രീതിയാണ്. ഇമാം ശാഫിഈയുടെ കാലത്ത് ഇസ്തിഹ്‌സാന്‍ ഖണ്ഡിതവും ക്ലിപ്തവുമായി നിര്‍വചിക്കപ്പെട്ടിരുന്നില്ല. ഇമാം ശാഫിഈ എതിര്‍ക്കുന്ന തരത്തിലുള്ള ഇസ്തിഹ്‌സാനാവട്ടെ മറ്റു മദ്ഹബുകളില്‍ പ്രമാണവുമല്ല. ആശയപരമായി അദ്ദേഹം ഇസ്തിഹ്‌സാനിനെ എതിര്‍ത്തിരുന്നില്ല എന്നതാണ് വാസ്തവം. എന്നല്ല, അതനുസരിച്ച് അദ്ദേഹം വിധികള്‍ പ്രസ്താവിച്ചിരുന്നതായും കാണാന്‍ സാധിക്കും. ഹാജിമാര്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാന്‍ ഹറമിലെ ചെടികള്‍ മൃഗങ്ങള്‍ക്ക് തീറ്റയായി നല്‍കുന്നതില്‍ തെറ്റില്ല എന്ന വിധി ഉദാഹരണം.
സാഹചര്യങ്ങളുടെ സ്വാധീനം
പ്രാദേശികമായ പ്രത്യേകതകളും ആചാരവൈജാത്യങ്ങളും പരിഗണിക്കാതെ ശരീഅത്തിന്റെ വിധികളും ദേശഭേദമില്ലാതെ ഒരേ രീതിയില്‍തന്നെ സ്വീകരിക്കണമെന്ന ധ്വനി സലഫീധാരകളുടെ പ്രബോധനങ്ങളില്‍ കാണാം. എന്നാല്‍, ശാഫിഈ ഇമാമിന്റെ അധ്യാപനങ്ങളില്‍ വ്യത്യസ്ത സാംസ്‌കാരിക തലങ്ങളെ സംബോധന ചെയ്യുന്ന വൈവിധ്യമാര്‍ന്ന നിര്‍ദേശങ്ങളാണുള്ളത്. തികച്ചും വ്യത്യസ്തമായ ആചാര സമ്പ്രദായങ്ങളുള്ള പ്രദേശങ്ങളിലൂടെ നടത്തിയ യാത്ര അവിടങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും അവയെ ശരീഅത്ത് നിയമങ്ങളോട് സമരസപ്പെടുത്താനും അദ്ദേഹത്തെ പ്രാപ്തനാക്കി.
ഖുര്‍ആനും ഹദീസും ബാഹ്യാര്‍ഥത്തിലല്ല ഇമാം ഉള്‍ക്കൊള്ളുകയും വിശദീകരിക്കുകയും ചെയ്തിരുന്നത്. അവതരണ പശ്ചാത്തലവും അഭിസംബോധിതരുടെ ജീവിത സാഹചര്യവുമൊക്കെ അദ്ദേഹം പരിഗണിച്ചിരുന്നു. അതിനാലാണ് ഒരേസമയം വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കര്‍മശാസ്ത്ര നിദാന വിജ്ഞാനത്തിന് അടിത്തറയിടാന്‍ അദ്ദേഹത്തിന് സാധിച്ചത്.
പ്രമാണങ്ങള്‍ ബാഹ്യാര്‍ഥത്തില്‍ മാത്രം മനസ്സിലാക്കരുതെന്ന് അദ്ദേഹം ഉണര്‍ത്താറുണ്ടായിരുന്നു: ''അല്ലാഹു ചിലപ്പോള്‍ സാമാന്യ (ആം) രൂപേണയാണ് കാര്യങ്ങള്‍ പരാമര്‍ശിക്കുക, അതിന്റെ ഉദ്ദേശ്യം സവിശേഷം (ഖാസ്വ്) ആയിരിക്കും. ചിലപ്പോള്‍ സവിശേഷ (ഖാസ്വ്) പ്രയോഗത്തിലായിരിക്കും പരാമര്‍ശം. വിവക്ഷയാകട്ടെ പൊതുവും (ആം) ആയിരിക്കും.''
ഇമാം ശാഫിഈയുടെ അനുയായികള്‍ ആദരവ് അമിതമായപ്പോള്‍ പല അതിവാദങ്ങളും ഉന്നയിച്ചു. ഇമാം ശാഫിഈ അറിയാത്ത ഒരു ഹദീസ് പോലും ഇല്ലെന്നുവരെ അവര്‍ വാദിക്കുകയുണ്ടായി. ഹദീസ് വിജ്ഞാനത്തില്‍ ശാഫിഈ ദരിദ്രനാണെന്ന് സലഫികളും വാദിച്ചു. 'എന്റെ അഭിപ്രായത്തിനെതിരെ ഹദീസ് സ്വഹീഹായി വന്നാല്‍ എന്റെ വാക്ക് ഉപേക്ഷിക്കണം' എന്ന ശാഫിഈയുടെ പ്രസ്താവന അതിന് തെളിവായും ഉന്നയിക്കപ്പെട്ടു. ഇമാം ശാഫിഈയുടെ വിനയവും സൂക്ഷ്മതയുമാണ് അദ്ദേഹത്തിന്റെ പ്രസ്തവാനയിലൂടെ വെളിപ്പെടുന്നത്; അല്ലാതെ അജ്ഞതയല്ല.
അഖീദയും സംവാദ രീതിയും
വിശ്വാസപരമായ കാര്യങ്ങളിലെ ബിദ്അത്തുകള്‍ നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു സലഫിസത്തിന്റെ ദൗത്യം. അതിനാല്‍ സലഫികളുടെ സംവാദ മണ്ഡലം പ്രധാനമായും ദൈവശാസ്ത്രമായിരുന്നു. പക്ഷേ, അവരുടെ സംവാദങ്ങള്‍ തീവ്രമാവുകയും ചിലപ്പോള്‍ അബദ്ധങ്ങളില്‍ ചാടുകയും ചെയ്തു.
ഇമാം ശാഫിഈക്ക് ദൈവശാസ്ത്രപരമായ കാര്യങ്ങളില്‍ ആഴത്തിലുള്ള വിജ്ഞാനം ഉണ്ടായിരുന്നു. അതേസമയം ഈ വിഷയത്തില്‍ അമിതമായ സംവാദം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ശാഫിഈ പറയുമായിരുന്നു: ''ദൈവശാസ്ത്ര വക്താക്കളുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അവരെ ഈത്തപ്പന മട്ടല്‍ കൊണ്ട് പ്രഹരിക്കുകയും ഒട്ടകപ്പുറത്ത് തലകീഴാക്കി ജനമധ്യത്തിലൂടെ കൊണ്ടുനടക്കുകയും വേണം എന്നാണ്.'' ഇത്തരം ചര്‍ച്ചകളില്‍നിന്നും പരമാവധി വിട്ടുനില്‍ക്കാന്‍ അദ്ദേഹം അനുയായികളെ ഉണര്‍ത്തി: ''ഇല്‍മുല്‍ കലാം സംബന്ധിയായ ചര്‍ച്ച വര്‍ജിക്കുവിന്‍. കര്‍മശാസ്ത്രത്തിന്റെ ഒരു വിധി പ്രസ്താവിക്കുന്നതില്‍ അബദ്ധം പറ്റിയവന് ആളുകളുടെ പരിഹാസച്ചിരി മാത്രമാണ് പരമാവധി അഭിമുഖീകരിക്കേണ്ടിവരിക. എന്നാല്‍ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റായി വിധി പ്രസ്താവിക്കുന്നവര്‍ ബിദ്അത്ത് ആരോപണത്തിന് വിധേയരാകും.''
തൗഹീദുമായി ബന്ധപ്പെട്ട ഒരു സംശയനിവൃത്തിക്ക് തന്നെ സമീപിച്ച മുസനിയോട് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ ഇമാം കോപിഷ്ഠനായതായി ഇമാം ദഹബി സിയറു അഅ്‌ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇമാം ശാഫിഈയുടെ ചില പ്രസ്താവനകള്‍ മാത്രമെടുത്ത് അത് അദ്ദേഹത്തിന് അഖീദയില്‍ അവഗാഹം ഉണ്ടായിരുന്നില്ല എന്നതിന് തെളിവായി ചിലര്‍ ഉന്നയിച്ചിരുന്നു. പക്ഷേ, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ ദര്‍ശനം സ്ഥിരീകരിക്കുന്നതില്‍ ഇമാം ശാഫിഈയുടെ വാക്കുകള്‍ക്കുള്ള അനിഷേധ്യ സ്ഥാനം പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. ഖുര്‍ആനും തിരുസുന്നത്തും മുന്‍നിര്‍ത്തി തന്റേതായ കാഴ്ചപ്പാടുകള്‍ കൂടുതല്‍ കൃത്യതയോടെ യുക്തിഭദ്രമായ രീതിയില്‍ അവതരിപ്പിച്ച ഒരുപാട് ഉദാഹരണങ്ങള്‍ ഇമാം ശാഫിഈയുടെ ജീവിതത്തില്‍ കാണാം (ദമ്മുല്‍ കലാം/ മനാഖിബു ശാഫിഈ).
ഇമാം ശാഫിഈയുടെ സംവാദ രീതി
ഇമാം ശാഫിഈ തര്‍ക്കപ്രിയനായിരുന്നില്ല. പ്രതിവാദം നടത്തേണ്ടിവരുമ്പോള്‍ ലളിതമായും യുക്തിഭദ്രമായും അനുവാചകര്‍ക്കു സുഗ്രാഹ്യമായ രീതിയിലായിരിക്കും അദ്ദേഹത്തിന്റെ അവതരണം.
കര്‍മശാസ്ത്ര കാര്യങ്ങളിലും രൂക്ഷമായ വിമര്‍ശനങ്ങളെയും കര്‍ക്കശമായ നിലപാടുകളെയും ശാഫിഈ എതിര്‍ത്തിരുന്നു. മനഃപൂര്‍വം നമസ്‌കാരം ഉപേക്ഷിച്ച വ്യക്തിയുടെ പരിണതിയെ കുറിച്ച് ഇമാം ശാഫിഈയും ഇമാം അഹ്മദും തമ്മിലുണ്ടായ രസകരമായ സംവാദം ഉദാഹരണം.
വിമര്‍ശനം മറുകക്ഷിക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുന്ന സംവാദ ശൈലിയായിരുന്നു ശാഫിഈയുടേത്. മുഹമ്മദു ബ്‌നു അബ്ദില്‍ ഹകം പറയുന്നു: ''നമ്മോട് (മാലികീ മദ്ഹബ്) വിയോജിച്ചവരില്‍ ശാഫിഈയോളം എനിക്ക് പ്രിയങ്കരനായി മറ്റാരുമില്ല.''
തന്റെ അഭിപ്രായം മാത്രമാണ് ശരി എന്ന് അദ്ദേഹം ശഠിച്ചിരുന്നില്ല. ശാഫിഈ പറഞ്ഞു. ''എന്റെ അഭിപ്രായം ശരിയാണ്, പക്ഷേ തെറ്റ് പറ്റാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം തെറ്റായിരിക്കാമെങ്കിലും ശരിയാവാനുള്ള സാധ്യതയുമുണ്ട്.''
ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ഉപദ്വീപിന്റെ ജീവിത സംസ്‌കാരം അതേപടി പകര്‍ത്തേണ്ടതാണെന്ന് ഒരു വിഭാഗം സലഫി ചിന്താഗതിക്കാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഏകശിലാരൂപമാക്കുന്നത് ഇമാം ശാഫിഈ ഇഷ്ടപ്പെട്ടിരുന്നില്ല. ഇമാം മാലികിന്റെ അഭിപ്രായത്തിന് ജനങ്ങള്‍ അപ്രമാദിത്വം കല്‍പ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അത് തിരുത്താന്‍ ഇമാം മാലികിന്റെ ചില നിലപാടുകളെ വിമര്‍ശിച്ച് 'ഖിലാഫു മാലിക്' എന്ന ഗ്രന്ഥം തന്നെ ഇമാം ശാഫിഈ രചിക്കുകയുണ്ടായി.
എതിര്‍വീക്ഷണങ്ങളെ സമചിത്തതയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായി നിരൂപണവിധേയമാക്കുകയുമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. വീക്ഷണ കര്‍ത്താക്കളുടെ വ്യക്തിത്വത്തെ സ്പര്‍ശിക്കുന്ന ഒരു പരാമര്‍ശവും സംവാദമധ്യേ കടന്നുവരാതിരിക്കാന്‍ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇതുവഴി സംവാദ കലക്ക് പുതിയൊരു രീതിശാസ്ത്രം തന്നെ ഇമാം ശാഫിഈ സംഭാവന ചെയ്യുകയുണ്ടായി. ഇമാം അഹ്മദ് പറയുന്നു: ''ഭാഷ, അഭിപ്രായാന്തരം, അര്‍ഥാലങ്കാരം, കര്‍മശാസ്ത്രം എന്നീ നാല് വിഷയങ്ങളില്‍ ദാര്‍ശനികനാണ് ശാഫിഈ.''
ഇമാം ശാഫിഈയും ശീഈസവും
പ്രവാചകന്‍ (സ) മനുഷ്യനായിരുന്നു എന്ന് സ്ഥാപിക്കുന്നതിനായി പ്രവാചക കുടുംബത്തോടുള്ള സ്‌നേഹാദരവുകളെ അവഗണിക്കുന്ന നിലപാടുകള്‍ ചിലപ്പോള്‍ സലഫീ സമീപനങ്ങളില്‍ കടന്നുവരാറുണ്ട്. ഖുറൈശീ വംശജനായ ശാഫിഈ അലി(റ)യുടെ സന്താനപരമ്പരയില്‍പെട്ട ഉബൈദുല്ലാഹിബ്‌നു ഹസന്റെ പുത്രി ഫാത്വിമയുടെ പുത്രനാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അലി(റ)യോടും പ്രവാചക കുടുംബത്തോടും ഇമാം ശാഫിഈക്കുണ്ടായിരുന്ന തീവ്രമായ സ്‌നേഹവും ആദരവും പ്രസിദ്ധമാണ്. ഇതിന്റെ പേരില്‍ ശാഫിഈ ശീഈയാണെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്.
ഇമാം ശാഫിഈ ഈ ആരോപണം ശക്തിയായി നിഷേധിച്ചിരുന്നു. അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ''പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം ശീഈസമാണെങ്കില്‍, മുഴുലോകമേ സാക്ഷിയാവുക, ഞാന്‍ ശീഈ തന്നെയാണ്.''
കലാപകാരികളെ കൈകാര്യം ചെയ്യുന്നതില്‍ ഇമാം ശാഫിഈ പ്രമാണമാക്കുന്നത് അലി(റ)യുടെ നടപടിയാണ്. ഇതും അദ്ദേഹത്തിനെതിരെയുള്ള ശീഈ ആരോപണത്തെ ശക്തമാക്കി. ഇമാം അഹ്മദു ബ്‌നു ഹമ്പല്‍ ഈ ആരോപണത്തെ ഖണ്ഡിച്ചുകൊണ്ടു പറയുന്നു: ''കലാപകാരികളുടെ കാര്യത്തില്‍ അലി(റ)യുടെ നിലപാട് തെളിവായിട്ടെടുക്കുന്നില്ലെങ്കില്‍ പിന്നെയാരെയാണ് തെളിവായി ഉദ്ധരിക്കുക? അദ്ദേഹമായിരുന്നല്ലോ കലാപകാരികളാല്‍ ആദ്യമായും അധികമായും പരീക്ഷിക്കപ്പെട്ടത്'' (മനാഖിബുശ്ശാഫിഈ 1/450).
പ്രവാചക കുടുംബത്തോടുള്ള ശാഫിഈയുടെ സ്‌നേഹം അന്ധമായിരുന്നില്ല. മൂന്നു ഖലീഫമാരെയും അദ്ദേഹം അംഗീകരിച്ചിരുന്നു. ശീഈകളെ വിമര്‍ശിക്കുന്ന ഒരുപാട് ഉദ്ധരണികള്‍ അദ്ദേഹത്തിന്റേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുആവിയയുടെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചു എന്നതും അദ്ദേഹത്തിന്റെ ശീഈ വിരുദ്ധതക്ക് തെളിവായി ഉദ്ധരിക്കപ്പെടാറുണ്ട്. കിതാബുല്‍ ഉമ്മില്‍ മുആവിയയുടെ വാക്കുകള്‍ പലതിനും തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
ഇമാം ശാഫിഈയും തബര്‍റുക്‌വാദികളും
ഇമാം ശാഫിഈ ഇമാം അബൂഹനീഫയുടെ ഖബ്‌റിടത്തില്‍ പോയി തവസ്സ്വുല്‍ നടത്തിയതില്‍ സലഫികളും തബര്‍റുക്‌വാദികളും തര്‍ക്കിക്കാറുണ്ട്. ഇമാം ശാഫിഈ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ''ഞാന്‍ എല്ലാ ദിവസവും അബൂഹനീഫയുടെ ഖബ്‌റിടം സന്ദര്‍ശിക്കുകയും അദ്ദേഹം വഴി തവസ്സ്വുല്‍ നടത്തുകയും ചെയ്യുമായിരുന്നു. എനിക്കെന്തെങ്കിലും ആവശ്യം ഉണ്ടായാല്‍ അവിടെ ചെന്ന് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യും. അങ്ങനെ ഒരു തീരുമാനമാകാതെ അത് നീങ്ങിപ്പോവുകയില്ല.'' വിശുദ്ധ വ്യക്തിയെയോ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയോ മാധ്യമമാക്കി തബര്‍റുക് ആവാം എന്നതിനു തെളിവായി ഇമാം ശാഫിഈയുടെ ഈ സംഭവവും ഉദ്ധരിക്കപ്പെടുന്നു.
എന്നാല്‍, ഇത് അദ്ദേഹത്തിന്റെ പേരില്‍ കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്ന് വ്യക്തമാക്കി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ശക്തമായി നിഷേധിക്കുന്നുണ്ട്. ഇമാം ശാഫിഈ മക്കയിലും മദീനയിലും ശാമിലും ഇറാഖിലുമൊക്കെ താമസിച്ചിരുന്ന സന്ദര്‍ഭങ്ങളില്‍ അവിടെയുള്ള പ്രവാചകന്മാരുടെയും സ്വഹാബിമാരുടെയും ഖബ്‌റുകളില്‍ അദ്ദേഹം ഇവ്വിധം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നല്ല ഈ സമ്പ്രദായം തന്നെ അന്ന് പ്രചാരത്തിലുണ്ടായിരുന്നില്ല. ഖബ്‌റിനെ വണങ്ങുന്നതും ഹനഫീ മദ്ഹബില്‍ നിഷിദ്ധമാണെന്ന് ഇമാം ശാഫിഈക്ക് നന്നായറിയാം എന്നിരിക്കെ അദ്ദേഹം അങ്ങനെ ചെയ്തുവന്ന് വിശ്വസിക്കാനാവില്ല. മറിച്ച്, ഖബ്‌റിനെ വണങ്ങുന്നത് നിഷിദ്ധമാണെന്ന പ്രസ്താവന ഇമാം ശാഫിഈയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നുമുണ്ട്.
ജംഷിദ് ഇബ്‌റാഹീം: മലപ്പുറം എടക്കര സ്വദേശി. ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നു.
Comments