Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

പണ്ഡിത പ്രതിഭയുടെ സമഗ്ര സംഭാവനകള്‍

ഡോ. അലി ജുംഅ<br>വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയ സുസ്ഥിരതയുണ്ടായിരുന്ന കാലത്താണ് ഇമാം ശാഫിഈ ജീവിച്ചത്. അബ്ബാസീ ഖലീഫ അബൂ ജഅ്ഫര്‍ അല്‍ മന്‍സ്വൂറി(ഹി. 95-158/ക്രി. 714-775)ന്റെ ഭരണത്തിന്റെ അവസാന കാലത്താണ് ഇമാം ശാഫിഈയുടെ ജനനം (ഹി. 150-204/ ക്രി. 767-820). ഖലീഫ മഅ്മൂനിന്റെ(ക്രി. 786-833) ഭരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇമാം നിര്യാതനാവുകയും ചെയ്തു. 

നബി(സ)യുടെ പിതൃവ്യന്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്വലിബിന്റെ സന്താനപരമ്പരയായ അബ്ബാസികള്‍ ഹിജ്‌റ 132/ക്രി: 750 മുതല്‍ ഹിജ്‌റ 656/ക്രി. 1258 വരെ ഭരണത്തില്‍ തുടര്‍ന്നു. രാഷ്ട്രത്തിന്റെ സ്ഥിരതക്ക് വലിയ സംഭാവനകള്‍ നല്‍കിയതിനാല്‍ അബ്ബാസി രാഷ്ട്രത്തിന്റെ യഥാര്‍ഥ സ്ഥാപകനായി അബൂ ജഅ്ഫറുല്‍ മന്‍സ്വൂറാണ് പരിഗണിക്കപ്പെടുന്നത്. പ്രഥമ അബ്ബാസീ ഖലീഫയും തന്റെ സഹോദരനുമായ അബുല്‍ അബ്ബാസ് അസ്സഫ്ഫാഹിന്റെ കാലശേഷം ഹിജ്‌റ 135/ക്രി: 754ലാണ് അബൂ ജഅ്ഫര്‍ സ്ഥാനമേറ്റത്.  ഇദ്ദേഹത്തിന്റെ കാലത്ത് നിര്‍മിതമായ ബഗ്ദാദ് നഗരം രാഷ്ട്രത്തിന്റെ എന്ന പോലെ വൈജ്ഞാനിക ലോകത്തിന്റെയും തലസ്ഥാനമായി. പേര്‍ഷ്യയുള്‍പ്പെടെയുള്ള പൗരസ്ത്യ നാഗരികതകളില്‍നിന്ന് പലതും സ്വാംശീകരിച്ചു. ആഭ്യന്തര സ്ഥിരത നിലനിന്നു. വൈദേശിക ഭീഷണി ഇല്ലായിരുന്നു. 

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥിരതയും, അനറബികളെയും അറബികളെയും ഭേദദൃഷ്ടിയോടെ കണ്ടിരുന്ന ഉമവികളില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രത്തിലെ എല്ലാ പൗരന്മാരെയും ഒന്നായിക്കാണുന്ന നിലപാടും നാഗരിക വളര്‍ച്ചയുടെ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി ഇസ്‌ലാമിക നാഗരികതയെ പരിപോഷിപ്പിച്ചതും അബ്ബാസീ ഖിലാഫത്തിന്റെ സവിശേഷതയായിരുന്നു. അതിര്‍ത്തികള്‍ ഭദ്രമാക്കിയും കോട്ടകള്‍ നിര്‍മിച്ചും ബൈസാന്റിയന്‍ രാഷ്ട്രത്തിനെതിരെ അബ്ബാസികള്‍ ശക്തമായി നിലകൊണ്ടു. സാമ്പത്തികമായും ശാസ്ത്രീയമായും സാംസ്‌കാരികമായും ശോഭായമാനമായിരുന്നു ആ കാലം. വൈജ്ഞാനിക വളര്‍ച്ചക്ക് അവസരങ്ങള്‍ ധാരാളം ഉണ്ടായി. ഗ്രന്ഥരചനകള്‍ ആരംഭിച്ചു. വിമര്‍ശന വിശകലനങ്ങളും വിദ്വല്‍സദസ്സുകളും വ്യത്യസ്ത വീക്ഷണഗതിക്കാര്‍ തമ്മിലുള്ള സംവാദങ്ങളും പ്രചുരമായി.

 

വൈജ്ഞാനിക നിലവാരം

രാഷ്ട്രീയസ്ഥിരതയും സാമ്പത്തിക ഭദ്രതയും വൈജ്ഞാനിക വികാസത്തെ സഹായിച്ചു. ഖലീഫമാര്‍ പണ്ഡിതന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ആദ്യകാല അബ്ബാസീ ഖലീഫമാര്‍, വിശിഷ്യാ മന്‍സ്വൂറും റശീദും മഅ്മൂനും പണ്ഡിതന്മാര്‍ കൂടിയായിരുന്നു. വിജ്ഞാനത്തിന്റെ എല്ലാ വാതിലുകളും ജനങ്ങള്‍ക്കായി തുറന്നിട്ടു. സമുദായാന്തരങ്ങള്‍ തടസ്സമായില്ല. നവ മുസ്‌ലിം സമൂഹങ്ങളില്‍നിന്ന് പണ്ഡിതന്മാരും സാഹിത്യകാരന്മാരും വളര്‍ന്നുവന്നു. ഇതര നാഗരികതകളില്‍നിന്ന് സ്വായത്തമാക്കിയവ ഇസ്‌ലാമിക സാംസ്‌കാരിക മൂശയില്‍ വാര്‍ത്തെടുക്കാന്‍ അക്കാലത്തെ ഇസ്‌ലാമിക നാഗരികതക്ക് കഴിവുണ്ടായിരുന്നു. അറബി ഭാഷക്ക് ഇസ്‌ലാമിക നാഗരികതയുടെ രക്ഷാകവചമാവാന്‍ കഴിഞ്ഞു. മുഅ്തസിലി, ശീഈ, ഖവാരിജ്, സനാദിഖ വിഭാഗങ്ങള്‍ക്ക് ചിന്താസ്വാതന്ത്ര്യം നല്‍കപ്പെട്ടു. ഇത് നിഷേധാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെച്ചു. മക്ക, മദീന, ബഗ്ദാദ്, കൂഫ, ബസ്വറ, ഈജിപ്ത്, ദമസ്‌കസ്, മാവറാഅന്നഹ്ര്‍, ഇസ്‌ലാമിലേക്ക് കടന്നുവന്ന പുതിയ രാജ്യങ്ങള്‍ മുതലായവ അക്കാലത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു. ഇസ്‌ലാമിക ഫിഖ്ഹില്‍ മദ്‌റസത്തുര്‍റഅ്‌യ്, മദ്‌റസത്തുല്‍ ഹദീസ് എന്നീ രണ്ട് ധാരകള്‍ ഉടലെടുത്തു.

ഭദ്രമായ അടിത്തറയില്‍ സ്ഥാപിതമായ ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ക്കെല്ലാം യുക്തിപരമായ ന്യായങ്ങളും നിമിത്തങ്ങളുമുണ്ടെന്നും ആ ന്യായങ്ങളും നിമിത്തങ്ങളും ഗ്രഹിച്ച് അവയെ അടിസ്ഥാനമാക്കി പുതുതായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ വിധി കണ്ടെത്താമെന്നുമാണ് മദ്‌റസത്തുര്‍റഅ്‌യിന്റെ വീക്ഷണം. കൂഫയില്‍ ഹമ്മാദുബ്‌നു അബീ സുലൈമാന്‍, അബൂഹനീഫ, ശിഷ്യര്‍ മുഹമ്മദുബ്‌നുല്‍ ഹസനിശ്ശൈബാനി, അബൂയൂസുഫുല്‍ ഖാരി, സഫറുബ്‌നുല്‍ ഹുദൈലില്‍ ബസ്വ്‌രി, അല്‍ ഹസനുബ്‌നു സിയാദില്ലുഅ്‌ലുഇ എന്നിവരും മദീനയില്‍ റബീഅത്തുര്‍റഅ്‌യ് ഇബ്‌നു അബ്ദിര്‍റഹ്മാനും ഇതിന്റെ വക്താക്കളായിരുന്നു. ഉമറുബ്‌നുല്‍ ഖത്വാബിന്റെ നിയമനിര്‍ധാരണ ശൈലിയാല്‍ സ്വാധീനിക്കപ്പെട്ട അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ചിന്താധാരയുടെ വികാസമാണ് മദ്‌റസത്തുര്‍റഅ്‌യ്. അല്‍ഖമതുബ്‌നു ഖൈസ് അന്നഖഈ, അല്‍ അസ്‌വദ് ബ്‌നു യസീദ് അന്നഖഈ, മസ്‌റൂഖ് ബ്‌നുല്‍ അജ്ദഅ് അല്‍ ഹമദാനി, ഉബൈദ്ബ്‌നു അംറ് അസ്സല്‍മാനി, ശുറൈഹുബ്‌നുല്‍ ഹാരിസില്‍ ഖാദി, അല്‍ ഹാരിസുല്‍ അഅ്‌വര്‍ മുതലായ മദ്‌റസത്തുര്‍അ്‌യിലെ പണ്ഡിതന്മാര്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചവരും ഹിജ്‌റ 63-83നുമിടയില്‍ നിര്യാതരായവരുമാണ്. ശേഷം ഇബ്‌റാഹീമുബ്‌നു യസീദിന്നുഖഈയും അബൂ ഹനീഫയും മദ്‌റസത്തുര്‍റഅ്‌യിന് കൂടുതല്‍ ശക്തിപകര്‍ന്നു. ഇറാഖിലെ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ മദ്‌റസത്തുര്‍റഅ്‌യ് കൂടുതല്‍ സ്വാധീനം നേടി. റബീഅത്തുര്‍റഅ്‌യ് എന്ന പേരില്‍ പ്രസിദ്ധനായ റബീഅ ഇബ്‌നു അബ്ദിര്‍റഹ്മാന്‍ വസിച്ചിരുന്ന മദീനയും കേന്ദ്രമായി വര്‍ത്തിച്ചു. ഇറാഖില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ ഉടലെടുത്തതും അനാചാരങ്ങള്‍ ഉത്ഭവിച്ചതും വ്യാജ ഹദീസുകള്‍ പ്രചരിച്ചതും സ്വഹീഹെന്ന് തങ്ങള്‍ക്ക് തോന്നിയ ഹദീസുകള്‍ മുമ്പില്‍വെച്ച് വിവിധ വിഷയങ്ങളില്‍ നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ അവരെ നിര്‍ബന്ധിച്ചു. നബിചര്യ അന്ന് ക്രോഡീകരിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

ഖുര്‍ആനും സുന്നത്തും മാത്രം മുമ്പില്‍ വെച്ച് നിയമാവിഷ്‌കാരം നടത്തുക, രണ്ടിലും പരിഹാരം കണ്ടില്ലെങ്കില്‍ സ്വഹാബികളുടെ മാതൃക പരതുക എന്നതായിരുന്നു മദ്‌റസത്തുല്‍ ഹദീസിന്റെ രീതി. കൂടുതല്‍ ഹദീസുകള്‍ മനഃപാഠമുണ്ടായിരുന്നതിനാലും ഇറാഖില്‍നിന്ന് ഭിന്നമായി പുത്തന്‍ പ്രശ്‌നങ്ങള്‍ ഹിജാസില്‍ കുറവായിരുന്നതിനാലും മറ്റൊരു രീതി അവര്‍ക്ക് സ്വീകരിക്കേണ്ടിയിരുന്നില്ല. മക്കയിലും മദീനയിലും താമസിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, ആഇശ മുതലായവരില്‍നിന്നാണ് മദ്‌റസത്തുല്‍ ഹദീസ് വികസിച്ചുവന്നത്. ഇറാഖില്‍ ആമിറുശ്ശഅബിയും സുഫ്‌യാനുസ്സൗരിയും ശാമില്‍ ഔസാഇയും അബ്ദുല്ലാഹിബ്‌നുല്‍ മുബാറകും മുഹമ്മദുബ്‌നു ജരീറുത്ത്വബ്‌രിയും മദ്‌റസത്തുല്‍ ഹദീസിനെ പ്രതിനിധീകരിച്ചു. അബ്ബാസീ ഖലീഫമാര്‍ തങ്ങളുടെ പിതാമഹന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ മദ്ഹബനുസരിച്ച് പ്രവര്‍ത്തിച്ചുപോന്നു.

ഈ കാലത്ത് ഇസ്‌ലാമിക ശരീഅത്ത് നാലാം ഘട്ടത്തിലേക്ക് കടന്നു എന്നു പറയാം. ഒന്നാം ഘട്ടം നബി(സ)യുടെ കാലമാണ്. സ്വഹാബികളുടെ കാലമാണ് രണ്ടാമത്തേത്. ഖിലാഫത്തുര്‍റാശിദയുടെ അന്ത്യഘട്ടം (ഹിജ്‌റ 41) വരെ അത് നിലനിന്നു. ഹിജ്‌റ 41 മുതല്‍ ഉമവീ രാഷ്ട്രത്തിന്റെ പതനം വരെയുള്ള മൂന്നാം ഘട്ടത്തിലാണ് ഫിഖ്ഹ് വികസിച്ചത്. ഹദീസ് പ്രചുരമായി. അഹ്‌ലുല്‍ ഹദീസ്, അഹ്‌ലുര്‍റഅ്‌യ് എന്നീ രണ്ട് ധാരകള്‍ ഉടലെടുത്തു. ഓരോ രാജ്യത്തെയും ആളുകള്‍ തങ്ങളുടെ പ്രദേശത്തെ പണ്ഡിതന്മാരില്‍നിന്ന് നേടിയ വിജ്ഞാനത്തിന് അതത് നാടുകളില്‍ താമസിച്ചിരുന്ന സ്വഹാബികളുടെ അംഗീകാരമുണ്ടായിരുന്നു.

പിന്നെയാണ് നാലാം ഘട്ടം. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നാലാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള ഈ ഘട്ടത്തില്‍ ഫിഖ്ഹ് വമ്പിച്ച തോതില്‍ വികസിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ഫിഖ്ഹ് കൂടുതലായി പ്രയോഗവത്കരിക്കപ്പെട്ടു. പ്രഗത്ഭമതികളായ ധാരാളം പണ്ഡിതന്മാര്‍ ഫിഖ്ഹിനെ സമ്പന്നമാക്കി. ഉസ്വൂലുല്‍ ഫിഖ്ഹ്-കര്‍മശാസ്ത്ര നിദാനം- കണിശമായി ക്രോഡീകരിക്കപ്പെട്ടു. ഫിഖ്ഹീ ഗവേഷണത്തെ സഹായിക്കാന്‍ പറ്റുന്ന വിധം ഹദീസുകള്‍ പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടു.

 

വൈജ്ഞാനിക സവിശേഷതകള്‍

ഇമാം ശാഫിഈയുടെ കാലത്തെ വൈജ്ഞാനിക സവിശേഷതകളെ ഈവിധം സംഗ്രഹിക്കാം:

1. മദ്‌റസത്തുര്‍റഅ്‌യും മദ്‌റസത്തുല്‍ ഹദീസും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനിന്നു. ഒടുവില്‍ മദ്‌റസത്തുര്‍റഅ്‌യ് ശരിയും സുബദ്ധവുമായ ചിന്താധാരയായി പൊതു അംഗീകാരം നേടി. 

2. ഫിഖ്ഹ് വളര്‍ന്നു. നവംനവങ്ങളായ വിഷയങ്ങള്‍ ഉടലെടുത്തു. 

3. ഭരണ നടപടികളിലും വിധിന്യായത്തിലും നിര്‍ണിതമായ മദ്ഹബുകളെ അവലംബിക്കുന്ന രീതി സ്വീകരിക്കപ്പെട്ടു. 

4. ധാരാളം വിജ്ഞാനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടുതുടങ്ങി. 

5. യാഥാര്‍ഥ്യത്തിന്റെ ലോകത്തു ജീവിച്ചുകൊണ്ട്, അപ്പപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം, സാങ്കല്‍പികമായ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് പരിഹാരം കാണുന്ന രീതി വളര്‍ന്നുവന്നു. 

6. ഗവേഷണരീതികളുടെ വ്യതിരിക്തതകളുടെയും മദ്ഹബുകളുടെ അടിസ്ഥാന തത്ത്വങ്ങളുടെ വൈവിധ്യത്തിന്റെയും ഫലമായി ഒരേ വിഷയത്തില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവില്‍വന്നു.

 

ശാഫിഈയുടെ പ്രതിഭ

സമകാലികര്‍ ഒരു പണ്ഡിതനില്‍നിന്ന് പ്രതീക്ഷിച്ചതിനുമെത്രയോ ഉപരിയായിരുന്നു ശാഫിഈയുടെ പ്രതിഭ. 'ഇത്തരമൊരു പ്രതിഭയെ കാണാന്‍ ഞാന്‍ ജീവിച്ചിരിക്കുമെന്ന് കരുതിയിരുന്നില്ല' എന്ന് പ്രമുഖ പണ്ഡിതന്‍ അയ്യൂബു ബ്‌നു  സുവൈദ് അഭിപ്രായപ്പെടുകയുണ്ടായി. പതിനഞ്ച് വയസ്സായപ്പോള്‍ തന്നെ ഫത്‌വകള്‍ നല്‍കാന്‍ ഗുരുനാഥന്മാര്‍ ശാഫിഈയെ അനുവദിച്ചിരുന്നു. ശാഫിഈക്കു വേണ്ടി താന്‍ എല്ലാ നമസ്‌കാരവേളയിലും പ്രാര്‍ഥിക്കാറുണ്ടെന്ന് യഹ്‌യല്‍ ഖത്വാന്‍ പറയുന്നു: പ്രമുഖ ഹദീസ് പണ്ഡിതനായ ഇസ്ഹാഖുബ്‌നു റാഹവൈഹിയും ശാഫിഈയും അഹ്മദുബ്‌നു ഹമ്പലും മക്കയിലുള്ള സന്ദര്‍ഭം. ഇബ്‌നു ഹമ്പല്‍ ഇസ്ഹാഖിനോട്, ശാഫിഈയെ സമീപിച്ച് കൂടുതല്‍ പഠിക്കാന്‍ നിര്‍ദേശിച്ചു. 'ഇബ്‌നു ഉയൈയ്‌നയെയും മഖ്ബൂരിയെയും ഒഴിവാക്കി, നമ്മുടെ ഏതാണ്ട് പ്രായമുള്ള ശാഫിഈയില്‍നിന്ന് എന്തു പഠിക്കാന്‍?' എന്നായിരുന്നു ഇസ്ഹാഖിന്റെ പ്രതികരണം. 'ഇത് നഷ്ടപ്പെടും, അത് നഷ്ടപ്പെടില്ല' എന്നായിരുന്നു ഇബ്‌നു ഹമ്പലിന്റെ പ്രതികരണം (ഇബ്‌നു ഉയൈയ്‌നയുടെയും മഖ്ബൂരിയുടെയും ഹദീസുകള്‍ അവരുടെ ശിഷ്യരില്‍നിന്ന് പഠിക്കാന്‍ കഴിയും. ശാഫിഈയുടെത് അദ്ദേഹത്തില്‍നിന്ന് നേരിട്ടു തന്നെ പഠിക്കണം എന്നു സാരം).

കൂടുതല്‍ പ്രായമുള്ളവരില്‍നിന്ന് പഠിക്കുക എന്നതായിരുന്നു അന്നത്തെ ഹദീസ് പഠനരീതി. പരമ്പരയില്‍ നിവേദകരുടെ എണ്ണം പരമാവധി കുറയണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഇബ്‌നു ഉയൈയ്‌ന ശാഫിഈയുടെ ഗുരുവായതിനാല്‍, ഇബ്‌നു ഉയൈയ്‌നയില്‍നിന്ന് ഉദ്ധരിക്കുന്നതിനു പകരം ശാഫിഈയില്‍നിന്ന് ഉദ്ധരിക്കുമ്പോള്‍ പരമ്പരയില്‍ ഒരാള്‍ (ശാഫിഈ) വര്‍ധിക്കാനിടയാകും. അതിനാലാണ് ഇബ്‌നു റാഹവൈഹി പ്രായക്കുറവ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍,ഗുരുവായ ഇബ്‌നു ഉയൈയ്‌നക്കറിയാത്ത ഫിഖ്ഹ് ജ്ഞാനം ശാഫിഈക്കുണ്ടായിരുന്നു.

ഇമാം അഹ്മദ് എല്ലാവരോടും ശാഫിഈയുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിരുന്നു. ഇമാം ഹുമൈദിയും ഈവിധം ശാഫിഈയുമായി ബന്ധപ്പെടുകയുണ്ടായി. ആദ്യഘട്ടത്തില്‍ ശാഫിഈ മക്കാ ഹറമിന്റെ ഒരു ഭാഗത്തുവെച്ചായിരുന്നു ക്ലാസ് നടത്തിയിരുന്നത്. സുഫ്‌യാനുബ്‌നു ഉയൈയ്‌ന ഹറമിന്റെ മധ്യത്തിലും. ക്രമേണ ഇബ്‌നു ഉയൈയ്‌നയുടെ സദസ്സോളം അദ്ദേഹത്തിന്റേത് വികസിച്ചു. എന്തിനധികം പറയണം, ഗുരുവായ ഇബ്‌നു ഉയൈയ്‌ന പോലും ശാഫിഈയില്‍നിന്ന് പഠിക്കുകയുണ്ടായി. 'ഇത് എന്റെ ഭാര്യ സ്വഫിയ്യയാണ്' എന്ന നബി(സ)യുടെ പരാമര്‍ശമുള്ള ഹദീസിന്റെ പാഠമെന്ത് എന്ന് ഇബ്‌നു ഉയൈയ്‌ന ചോദിച്ചപ്പോള്‍ ശാഫിഈയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ആളുകള്‍ നബി(സ)യെ തെറ്റിദ്ധരിച്ചു. തെറ്റിദ്ധാരണ വഴി അവര്‍ നിഷേധികളായി. അവിടുന്ന് അവര്‍ക്ക് ശിക്ഷണം നല്‍കി തിരുത്തി. ഇങ്ങനെ നിങ്ങള്‍ക്കും സംഭവിച്ചാല്‍ നിങ്ങളും ഇതുപോലെ ചെയ്യുക എന്ന് ഉപദേശിക്കുകയായിരുന്നു നബി(സ).'' ഇതു കേട്ടപ്പോള്‍ ഗുരു ഇബ്‌നു ഉയൈയ്‌ന പ്രതികരിച്ചു: ''അബൂ അബ്ദില്ല, അല്ലാഹു താങ്കള്‍ക്ക് നന്മ തരട്ടെ! ഞങ്ങളെ തൃപ്തിപ്പെടുത്തുന്നത് മാത്രമേ നിങ്ങളില്‍നിന്ന് വരുന്നുള്ളൂ.''

 

ശിഷ്യന്മാരുമായുള്ള ബന്ധം

വിദ്യാര്‍ഥികളില്‍ സ്വതന്ത്രമായ ഇജ്തിഹാദീ ചിന്ത വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ''ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്ന കാര്യങ്ങള്‍ നിങ്ങളുടെ ബുദ്ധി സാക്ഷ്യപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ തള്ളിക്കളയണം. കാരണം, ബുദ്ധി സത്യം സ്വീകരിക്കാന്‍ സന്നദ്ധമായിരിക്കും.'' തന്നെയോ മറ്റുള്ളവരെയോ അന്ധമായി അനുകരിക്കുന്നത് അദ്ദേഹം കഠിനമായി വിലക്കി. പ്രമുഖ ശിഷ്യന്‍ അല്‍ മുസ്‌നി, പ്രസിദ്ധമായ അല്‍ മുഖ്തസ്വര്‍ എന്ന കൃതിയുടെ മുഖവുരയില്‍ ഇമാം ശാഫിഈ, തന്നെയോ മറ്റുള്ളവരെയോ അനുകരിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് താന്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍നിന്ന് ഇത്തരമൊരു കൃതി സമാഹരിച്ചതെന്ന് എടുത്തു പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇതര മദ്ഹബുകളില്‍നിന്ന് വ്യത്യസ്തമായി ശാഫിഈ മദ്ഹബില്‍ പല തലമുറകളിലായി ധാരാളം മുജ്തഹിദുകളുണ്ടായി. ഒരിക്കല്‍ ഇമാം ശാഫിഈ തന്റെ ശിഷ്യന്‍ യൂനുസുബ്‌നു അബ്ദില്‍ അഅ്‌ലായുമായി ഒരു വിഷയത്തെ അധികരിച്ച് ഭിന്നമായി സംസാരിക്കുകയുണ്ടായി. അപ്പോള്‍ ഇമാം പറഞ്ഞത്, അതിന്റെ വ്യക്തമായ ഉത്തരം എന്റെ മനസ്സിലുണ്ട്. പക്ഷേ, എന്റെ നാവിന് അത് പ്രകാശിപ്പിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു. ഹുവൈദി പറയുന്നു: ''ഇമാം ശാഫിഈ എന്നോടും അദ്ദേഹത്തിന്റെ മകന്‍ അബൂ ഉസ്മാനോടുമായി ചോദ്യങ്ങള്‍ ചോദിക്കും. ശരിയുത്തരം പറയുന്നവര്‍ക്ക് ഒരു ദീനാര്‍ പാരിതോഷികം തരാമെന്ന് പറയും. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം എപ്പോഴും മുന്‍പന്തിയിലുണ്ടായിരുന്നു.''

 

ഫിഖ്ഹീ മദ്ഹബ്

ഇമാം ശാഫിഈയുടെ കാലം മുതല്‍ ഇന്നുവരെ അദ്ദേഹത്തിന്റെ മദ്ഹബിന് നല്ല സ്വീകാര്യത ലഭിച്ചുപോന്നിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ പരിപോഷിപ്പിക്കുന്നതില്‍ എല്ലാ കാലത്തും മദ്ഹബിലെ പണ്ഡിതന്മാര്‍ വലിയ പങ്കുവഹിച്ചു. ഹുമൈദുബ്‌നു അഹ്മദ് അല്‍ ബസ്വ്‌രി പറയുന്നു: ''ഞങ്ങള്‍ അഹ്മദുബ്‌നു ഹമ്പലിന്റെ അടുത്തിരുന്ന് ഒരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരാള്‍ ഇബ്‌നു ഹമ്പലിനോട് പറഞ്ഞു: 'മേല്‍ വിഷയകമായി സ്വഹീഹായ ഹദീസില്ല.' ഇബ്‌നു ഹമ്പല്‍: 'ഹദീസില്ലെങ്കിലും തദ്വിഷയകമായി ശാഫിഈയുടെ അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ തെളിവാണ് അതില്‍ ഏറ്റവും വസ്തുനിഷ്ഠം.' പിന്നീട് ഞാന്‍ ശാഫിഈയോട് ചോദിച്ചു: 'ഇന്നയിന്ന വിഷയങ്ങളില്‍ താങ്കള്‍ എന്തു പറയുന്നു?' അദ്ദേഹം: 'ഞാന്‍ അതു പറഞ്ഞതാണല്ലോ?' ഞാന്‍: 'ഖുര്‍ആനിലോ ഹദീസിലോ തെളിവുണ്ടോ?' അദ്ദേഹം ഉണ്ട് എന്നു പറഞ്ഞ ശേഷം ഒരു ഹദീസ് ഉദ്ധരിച്ചു. അത് തദ്വിഷയകമായ പ്രമാണമായിരുന്നു. പ്രമാണങ്ങള്‍ പെട്ടെന്നുദ്ധരിക്കാനും അതില്‍നിന്ന് തെളിവു കണ്ടെത്താനും അദ്ദേഹത്തിന് സവിശേഷ സിദ്ധിയുണ്ടായിരുന്നു.'' ഖുര്‍ആനും സുന്നത്തുമായി ഏറ്റം യോജിച്ച മദ്ഹബ് ശാഫിഈ മദ്ഹബാണെന്ന പക്ഷക്കാരായിരുന്നു അക്കാലത്തെ മഹാ പണ്ഡിതന്മാര്‍.

 

സുന്നത്തിനോട് കൂടുതല്‍ യോജിച്ച മദ്ഹബ്

അഹ്മദുബ്‌നു ഹമ്പല്‍ പറയുന്നു: ''ഇസ്‌ലാമില്‍ ശാഫിഈയോളം സുന്നത്തിനോട് യോജിച്ച വിധം ഗ്രന്ഥരചന നടത്തിയ മറ്റൊരാളില്ല.'' സുഹ്‌രി, മാലിക്, അബൂ ഹനീഫ, ഔസാഈ മുതലായവര്‍ ഗ്രന്ഥരചന നടത്തിയതറിയാവുന്ന ഇബ്‌നു ഹമ്പലിന്റെ ഈ വാക്കുള്‍ ശ്രദ്ധേയമാണ്.  'സ്വഹീഹായ ഹദീസ് ലഭിച്ചാല്‍ ശാഫിഈ അതിനെ അനുകരിക്കുമായിരുന്നു' എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇമാം ശാഫിഈ ഒരു ഹദീസ് ഉദ്ധരിച്ചപ്പോള്‍ അര്‍റബീഉബ്‌നു സുലൈമാന്‍ അല്‍ മുറാദി ചോദിച്ചു: 'താങ്കള്‍ ആ ഹദീസ് സ്വീകരിക്കുകയോ?' ഇമാമിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'സുബ്ഹാനല്ലാഹ്, ഞാന്‍ ഒരു ഹദീസ് ഉദ്ധരിക്കുക, അത് നബി(സ)യുടേതാണെന്നറിഞ്ഞിട്ട് ഞാന്‍ അത് സ്വീകരിച്ചില്ലെങ്കില്‍ എന്റെ ബുദ്ധി നശിച്ചുവെന്ന് ഞാന്‍ സാക്ഷ്യം വഹിക്കും.' 'ഞാന്‍ പറഞ്ഞതൊക്കെ എന്റെ വക തന്നെ. ഞാന്‍ പറഞ്ഞതിന് വിരുദ്ധമായി ഹദീസ് കണ്ടാല്‍ നബി(സ)യുടെ ഹദീസ് സ്വീകരിക്കുക, എന്നെ നിങ്ങള്‍ അനുകരിക്കരുത്.' 'നബി(സ)യില്‍നിന്നുള്ള ഹദീസ് തന്നെയാണ് എനിക്കു കൂടി പറയാനുള്ളത്. അത് എന്നില്‍ നിന്നല്ല നിങ്ങള്‍ കേള്‍ക്കുന്നതെങ്കിലും.' ഹദീസ് റിപ്പോര്‍ട്ടിംഗില്‍ ഏറ്റവും നല്ല പരമ്പരയായി അംഗീകരിക്കപ്പെടുന്നത്, നബി(സ)യില്‍നിന്ന് ഇബ്‌നു ഉമര്‍, നാഫിഅ്, മാലിക്, ശാഫിഈ എന്ന ശൃംഖലയില്‍ ഉദ്ധരിക്കപ്പെടുന്നവയാണ്.


മദ്‌റസത്തുര്‍റഅ്‌യ്, അഹ്‌ലുല്‍ ഹദീസ് ധാരകള്‍ക്കിടയില്‍

ഇമാം ശാഫിഈയുടെ കാലത്തും മുമ്പുമുള്ള കര്‍മശാസ്ത്ര പണ്ഡിതന്മാരെ മദ്‌റസത്തുര്‍റഅ്‌യ്, മദ്‌റസത്തുല്‍ ഹദീസ് എന്നിങ്ങനെ രണ്ട് ധാരകളായി തിരിക്കാം. യഥാക്രമം അബൂഹനീഫയും മാലികുമായിരുന്നു അവയുടെ പ്രധാന ഗുരുക്കന്മാര്‍. ശര്‍ഈ വിധികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഇരു വിഭാഗവും വ്യത്യസ്തവും സ്വതന്ത്രവുമായ രീതികള്‍ അവലംബിച്ചു. ഇമാം ശാഫിഈ രണ്ടു ധാരകളിലെയും പണ്ഡിതന്മാരില്‍നിന്ന് അറിവു നേടി. ഇമാം മാലിക്, ഇമാം മുസ്‌ലിമു ബ്‌നു ഖാലിദ് അസ്സന്‍ജി എന്നിവരുടെ ഹദീസ് ധാരയുടെ വക്താവായി ഇമാം ശാഫിഈ മാറി.  അതോടൊപ്പം അബൂഹനീഫയുടെ ശിഷ്യന്‍ മുഹമ്മദുബ്‌നു ഹസനില്‍നിന്ന് ഹനഫീ മദ്ഹബും റബീഅബ്‌നു അബ്ദിര്‍റഹ്മാനില്‍നിന്ന് മദ്‌റസത്തുര്‍റഅ്‌യും പഠിച്ചു. ദാരിദ്ര്യമുണ്ടായിരുന്നിട്ടും മുഹമ്മദ് ബ്‌നുല്‍ ഹസന്റെ കൃതികളുടെ പകര്‍പ്പുകള്‍ എങ്ങനെയോ സംഘടിപ്പിച്ചു. അവ സുന്നത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചു. രണ്ടു ധാരകള്‍ക്കിടയിലും രമ്യതയുണ്ടാക്കുന്നതില്‍ ഇമാം ശാഫിഈ നല്ലൊരു പങ്കാണ് വഹിച്ചത്.

ഹുമൈദി പറയുന്നു: ''അഹ്‌ലുര്‍റഅ്‌യിന് എതിരില്‍ ഞങ്ങള്‍ക്ക് നന്നായി മറുപടി പറയാന്‍  കഴിഞ്ഞിരുന്നില്ല. ശാഫിഈ രംഗത്തുവന്നതോടെ ഞങ്ങള്‍ക്ക് വഴി തുറന്നുകിട്ടി. അഹ്‌ലുല്‍ ഹദീസ് ധാരയിലെ പണ്ഡിതന്മാര്‍ക്ക് കര്‍മശാസ്ത്ര വിധികള്‍ നിര്‍ധാരണം ചെയ്യാന്‍ വേണ്ടത്ര പ്രാപ്തിയുണ്ടായിരുന്നില്ല. ഹദീസ് ധാരയിലെ പണ്ഡിതന്മാര്‍ അതിന്റെ പേരില്‍ അവരെ പരിഹസിച്ചിരുന്നു. അഹ്‌ലുര്‍റഅ്‌യില്‍പെട്ട പല പണ്ഡിതന്മാരെയും അഹ്‌ലുല്‍ ഹദീസിലേക്ക് ആകര്‍ഷിക്കാന്‍ ശാഫിഈക്ക് കഴിഞ്ഞു.'' ഇസ്ഹാഖുബ്‌നു റാഹവൈഹി, ഹുസൈനുല്‍ കറാബീസി ഉള്‍പ്പെടെയുള്ള ഇറാഖിലെ പണ്ഡിതന്മാര്‍ ശാഫിഈയുമായി ബന്ധപ്പെട്ടു തുടങ്ങിയതോടെ ചില ബിദ്അത്തുകള്‍ ഒഴിവാക്കിയെന്ന് അബൂ സൗര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ശാഫിഈ മദ്ഹബിന്റെ ഘട്ടങ്ങള്‍

ഒന്ന്, രൂപവത്കരണ ഘട്ടം: ഹിജ്‌റ 179-ല്‍ ഇമാം മാലിക് നിര്യാതനായതു മുതല്‍ ഇതാരംഭിച്ചു. ഹിജ്‌റ 195-ല്‍ രണ്ടാമത്തെ തവണ ഇമാം ശാഫിഈ ബഗ്ദാദിലേക്ക് പോവുന്നതുവരെ ഇതു നീണ്ടുനിന്നു.

രണ്ട്, പഴയ മദ്ഹബിന്റെ ആവിര്‍ഭാവം: ഹിജ്‌റ 195 മുതല്‍ ഹിജ്‌റ 199-ല്‍ ഈജിപ്തിലേക്ക് പോയതു വരെയുള്ളതാണ് ഈ ഘട്ടം.

മൂന്ന്, പുതിയ മദ്ഹബ് പാകപ്പെടുകയും പൂര്‍ണതയിലെത്തുകയും ചെയ്ത ഘട്ടം. ഹിജ്‌റ 199 മുതല്‍ ഹിജ്‌റ 204-ല്‍ നിര്യാതനാവുന്നതുവരെ ഇത് നീണ്ടുനിന്നു.

നാല്, ഇമാം ശാഫിഈയുടെ നിര്യാണം മുതല്‍ ഹിജ്‌റ 5-ാം നൂറ്റാണ്ടിന്റെ മധ്യം വരെ നീണ്ടുനിന്ന ഘട്ടം. ഹിജ്‌റ 7-ാം നൂറ്റാണ്ടുവരെ ഇത് നീണ്ടുനിന്നതായി ചില ഗവേഷകര്‍ പറയുന്നു. ഈ ഘട്ടത്തില്‍ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും ഗവേഷകന്മാരും ഇമാം ശാഫിഈയുടെ ഉസ്വൂലീ തത്ത്വങ്ങള്‍ക്കനുസൃതമായി മദ്ഹബിനെ പുനരാവിഷ്‌കരിച്ചു.

അഞ്ച്, സ്ഥിരതയുടെ ഘട്ടം. ശാഫിഈ മദ്ഹബ് സ്ഥിരപ്രതിഷ്ഠ നേടി. ധാരാളം പണ്ഡിതന്മാര്‍ രംഗത്തുവന്നു. ശാഫിഈ മദ്ഹബിലെ വ്യത്യസ്ത രീതിശാസ്ത്ര(മനാഹിജ്)ങ്ങളെ സംയോജിപ്പിക്കുന്ന ഫിഖ്ഹി ഗ്രന്ഥങ്ങള്‍ വിരചിതമായി. മദ്ഹബിലെ പ്രബലമായ വീക്ഷണങ്ങ(റാജിഹ്)ളുടെ സംഗ്രഹ കൃതികള്‍ എഴുതപ്പെട്ടു. ഈ സംഗ്രഹങ്ങള്‍ക്ക് വിശദീകരണങ്ങളും രചിക്കപ്പെട്ടു.

 

പഴയതും പുതിയതും തമ്മില്‍

ഈജിപ്തിലെത്തിയ ഇമാം ശാഫിഈ ഇതര നാടുകളില്‍നിന്ന് വ്യത്യസ്തമായ, ഈജിപ്തിലെ മാറിയ സാഹചര്യത്തില്‍ തന്റെ മുന്‍ നിലപാടുകള്‍ക്കു പകരം പുതിയ നിലപാട് സ്വീകരിച്ചു. ഇത് അഭ്യസ്തവിദ്യരെയും സ്‌പെഷലൈസ് ചെയ്തവരെയും നന്നായി സ്വാധീനിച്ചുവെങ്കിലും, പൊതുവെ പ്രായോഗിക രംഗത്ത് വേണ്ടത്ര ഫലപ്രദമായില്ല. ഇറാഖിലെ ശാഫിഈ അനുയായികള്‍ പഴയ മദ്ഹബ് അനുസരിച്ചുതന്നെ മുന്നോട്ടുപോയി. 

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏതിനു മുന്‍ഗണന നല്‍കണം എന്നതാണ് 'പഴയതും പുതിയതും' തമ്മിലെ വ്യത്യാസത്തിന്റെ അടിസ്ഥാനം. പഴയ അഭിപ്രായങ്ങളാണ് മുന്‍ഗണനാര്‍ഹമെന്ന് ശാഫിഈ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടാന്‍ കാരണം പഴയ തെളിവിന്റെ പ്രാബല്യത്താലാണ്; അല്ലാതെ, അവര്‍ ഇറാഖികളായതിനാലല്ല.

'ഇറാഖികളുടെ വശമുള്ള ശാഫിഈ ഗ്രന്ഥങ്ങളോ ഈജിപ്തിലെ ഗ്രന്ഥങ്ങളോ താങ്കള്‍ക്ക് പ്രിയം' എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, 'ഈജിപ്തിലെ ഗ്രന്ഥങ്ങള്‍ എടുത്തോളൂ, അത് അദ്ദേഹം ഇറാഖില്‍ വെച്ച് രചിച്ചതാണ്, അത് അവിടെ പ്രാബല്യത്തില്‍ വരുത്തിയിരുന്നില്ല, ഈജിപ്തിലെത്തിയ ശേഷം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു' എന്നത്രെ അഹ്മദുബ്‌നു ഹമ്പല്‍ പ്രതികരിച്ചത്.

അംറുബ്‌നു സവാദ് തന്റെ അനുഭവം വിവരിക്കുന്നു: ''നീ എന്റെ ഗ്രന്ഥങ്ങള്‍ എന്തുകൊണ്ടാണ് പകര്‍ത്തിയെഴുതാത്തതെന്ന് ഒരിക്കല്‍ ഇമാം ശാഫിഈ എന്നോട് ചോദിച്ചു. ഞാന്‍ മൗനം ഭജിച്ചു. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടായി പറഞ്ഞു: 'നിങ്ങള്‍ എഴുതി, പിന്നെ മാറ്റിയെഴുതി, പിന്നെയും എഴുതി, പിന്നെയും മാറ്റിയെഴുതി' എന്നാണദ്ദേഹം പറയുന്നത്. അപ്പോള്‍ ശാഫിഈ പറഞ്ഞു: ''ഇപ്പോഴാണ് യുദ്ധം ചൂടുപിടിച്ചത്.'' മുജ്തഹിദിനെ സംബന്ധിച്ചേടത്തോളം തെളിവ് സുബദ്ധമായി ലഭിച്ചുകഴിഞ്ഞാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതിനു ശേഷം അതിനേക്കാള്‍ ശക്തമായ തെളിവു ലഭിച്ചാല്‍ ആദ്യത്തേതിനു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടിവരും. ഇവിടെ വിധി മാറുന്നത് സംശയത്തിന്റെ അടിസ്ഥാനത്തിലല്ല. പഠനത്തിന്റെയും ഗവേഷണത്തിന്റെയും അഭിപ്രായ സുബദ്ധതയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്.

ഹിജാസില്‍നിന്ന് ഈജിപ്തിലെത്തിയ ശാഫിഈ നാലു വര്‍ഷം കൊണ്ടാണ് ഈ കൃതികളത്രയും എഴുതിയത്. 'നബിയില്‍നിന്നുള്ള ഹദീസാണ് എന്റെ വാക്ക്, അത് എന്നില്‍നിന്നല്ല കേട്ടതെങ്കിലും' എന്നായിരുന്നു അദ്ദേഹത്തിന്റെ മദ്ഹബിന്റെ അടിസ്ഥാനം. ഇമാം അബൂഹനീഫ ഇറാഖുകാരുടെയും, നബി(സ)യുടെ ഒടുവിലെ കല്‍പനകളും നിര്‍ദേശങ്ങളും കണ്ടിട്ടുള്ളവര്‍ എന്ന നിലയില്‍ ഇമാം മാലിക് മദീനക്കാരുടെയും നിലപാടുകളെ അംഗീകരിച്ചപ്പോള്‍ നാട്ടുകാരുടെ നടപ്പുകള്‍ പരിഗണിക്കുക, അഥവാ മുന്‍കാല പണ്ഡിതന്മാരെ അനുകരിക്കുക എന്നതിനു പകരം തെളിവുകള്‍ക്ക് പ്രാമുഖ്യം നല്‍കുക എന്നതായിരുന്നു ശാഫിഈയുടെ രീതി.

 

''നിങ്ങള്‍ക്ക് എന്നേക്കാള്‍ ഹദീസുകളറിയാം; നിവേദകരെയും അറിയാം. ഹദീസ് ശരിയാണെങ്കില്‍ എന്നെ അറിയിക്കണം. കൂഫക്കാരനോ ശാമുകാരനോ ബസ്വ്‌റക്കാരനോ ആരോ ആവട്ടെ. ഹദീസ് സ്വഹീഹാണെങ്കില്‍ എനിക്ക് അദ്ദേഹത്തെ പോയി കാണാമല്ലോ''- ഇബ്‌നു ഹമ്പലിനോടുള്ള ശാഫിഈയുടെ ഈ നിര്‍ദേശം ഹദീസിനോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം വ്യക്തമാക്കുന്നു. സ്വഹാബികളുടെ ഏകകണ്ഠമായ അഭിപ്രായങ്ങളെ ശാഫിഈ തെളിവായി സ്വീകരിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷിച്ചു.

സ്വഹാബി ഒരഭിപ്രായം രേഖപ്പെടുത്തുകയും തദ്വിഷയകമായി ഖുര്‍ആനിലോ ഹദീസിലോ തെളിവുകള്‍ കാണാതിരിക്കുകയുമാണെങ്കില്‍, ഖിയാസിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സ്വഹാബിയുടെ അഭിപ്രായത്തിനാണെന്ന് ശാഫിഈ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇജ്തിഹാദിന് സാധ്യതയുള്ള വിഷയത്തില്‍ സ്വഹാബി അഭിപ്രായം പ്രകടിപ്പിച്ചാല്‍, മുജ്തഹിദുകളായ മറ്റുള്ളവരേക്കാള്‍ സ്വഹാബിക്ക് പ്രാമുഖ്യം നല്‍കേണ്ടതില്ല എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. ഖിയാസും ഇജ്തിഹാദും ഒരേ ആശയമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇല്‍മുല്‍ ഉസ്വൂല്‍ എന്ന വിജ്ഞാന ശാഖയുടെ ഉപജ്ഞാതാവ് ശാഫിഈയാണ്. കിതാബ്, സുന്നത്ത്, ഇത്തിഫാഖ് എന്നീ പദങ്ങള്‍ ജനങ്ങളുടെ വായിലിട്ടു കൊടുത്തത് അദ്ദേഹമാണെന്ന് പ്രമുഖ പണ്ഡിതന്‍ ഹുസൈനുല്‍ കറാബീസി പറയുന്നു.

 

വൈജ്ഞാനിക കൃത്യത

തെളിവുകളുടെ ബലത്തില്‍ വിഷയങ്ങള്‍ സമര്‍ഥിക്കുക എന്നതായിരുന്നു ഇമാം ശാഫിഈയുടെ രീതി. തെളിവ് ചോദിക്കാത്തവരെയും റിപ്പോര്‍ട്ടര്‍മാരുടെ സത്യത അന്വേഷിക്കാത്തവരെയും അദ്ദേഹം വിലമതിച്ചിരുന്നില്ല. ഇത്തരമാളുകള്‍ പാമ്പുള്ള വിറകുകെട്ട് രാത്രി തലയിലേറ്റി പോവുന്നവനെ പോലെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

 

വിജ്ഞാന പ്രേമം

മക്കയിലെ ഹറമില്‍ അതിരാവിലെയായിരുന്നു ഇമാം ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ശിഷ്യന്‍ ഇബ്‌നു സുലൈമാന്‍ ഈജിപ്തിലെ അനുഭവം വിവരിക്കുന്നു: സ്വുബ്ഹ് നമസ്‌കരിച്ച ഉടനെ ഖുര്‍ആന്‍ ക്ലാസ്സെടുക്കും. സൂര്യോദയത്തോടെ ഹദീസ് പഠിതാക്കള്‍ ഹാജരാവും. സൂര്യന്‍ ഉദിച്ചു പൊങ്ങിയാല്‍ പഠിച്ച കാര്യങ്ങള്‍ പരിശോധിക്കും. പൂര്‍വാഹ്നമായാല്‍ അറബി, കാവ്യവൃത്തം, വ്യാകരണം, കവിത മുതലായവയുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ നടക്കും. ഇത് മധ്യാഹ്നം വരെ തുടരും. വിഷയങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. പാതിരക്കാണ് ആശയം രൂപപ്പെടുന്നതെങ്കില്‍ സേവകനോട് വിളക്കു കത്തിക്കാന്‍ ആവശ്യപ്പെടും. മറന്നുപോകുന്നതിനു മുമ്പ് എഴുതിവെക്കും. രാത്രിയെ മൂന്നായി ഭാഗിച്ച്, ഒന്നാം ഭാഗത്ത് എഴുത്തിനിരിക്കും, രണ്ടാം ഭാഗം ഉറങ്ങാനും മൂന്നാം ഭാഗം നമസ്‌കരത്തിനുമായി നീക്കിവെക്കും.

 

ഇമാമിന്റെ ചില നിരീക്ഷണങ്ങള്‍

''ഒരു പുസ്തകത്തില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കണ്ടാല്‍ പ്രസ്തുത പുസ്തകം സുബദ്ധമാണെന്ന് സാക്ഷ്യപ്പെടുത്താം. കാരണം, പുസ്തകം എഴുതിയ ആള്‍ക്ക് തെറ്റുപറ്റാം. പുനഃപരിശോധന നടത്തുമ്പോള്‍ തിരുത്താന്‍ കഴിയും. വിട്ടുപോയത് ചേര്‍ക്കാന്‍ അവസരമുണ്ടാവും. പുനഃപരിശോധന നടത്തിയില്ലെങ്കില്‍ തെറ്റുകള്‍ക്ക് സാധ്യത ഏറെയാണ്. തെറ്റുകള്‍ അതേപടി കിടക്കും'' (ശാഫിഈ).

സമൂഹത്തെയും വ്യക്തികളെയും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം തദ്വിഷയകമായി പ്രാമാണികനായാണ് ഗണിക്കപ്പെട്ടിരുന്നത്. മുത്ത് മുത്തോട് ചേര്‍ത്തുവെച്ച പോലെയാണ് ഇമാം ശാഫിഈയുടെ വാക്കുകളെന്ന് പ്രമുഖ അറബി സാഹിത്യകാരന്‍ ജാഹിള് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. 'അറബി ഭാഷാ പണ്ഡിതന്മാര്‍ മനുഷ്യരിലെ ജിന്നുകളാണ്. മറ്റുള്ളവര്‍ കാണാത്തത് അവര്‍ കാണുന്നു' (ശാഫിഈ). അതായത്, ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മറ്റുള്ളവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്തത് അറബി ഭാഷാ പണ്ഡിതന്മാര്‍ക്ക് കഴിയും. 

 

 

 

അലി ജുംഅ: ഈജിപ്ഷ്യന്‍ ഇസ്‌ലാമിക പണ്ഡിതന്‍. ഈജിപ്തിലെ ഗ്രാന്റ് മുഫ്തി ആയിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയെ അനുകൂലിച്ചതിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

 

അബ്ദുല്ലത്വീഫ് കൊടുവള്ളി: ഓമശ്ശേരി ക്രസന്റ് ആര്‍ട്‌സ് കോളേജില്‍ അധ്യാപകന്‍. ന്യൂനപക്ഷ കര്‍മശാസ്ത്രം, വിധിവിശ്വാസം, ഖുര്‍ആന്‍ മനസ്സിലാക്കാന്‍ 27 മാര്‍ഗങ്ങള്‍ (വിവര്‍ത്തനം), ജുഹാ കഥകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 8086360835

 

Comments

Other Post