Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഗുരുവര്യന്മാരും വൈജ്ഞാനിക സ്വാധീനങ്ങളും

സ്വലാഹുദ്ദീന്‍ മുഹമ്മദ്

ഇമാം ശാഫിഈ(റ)യുടെ ജീവിതം നിരന്തര ജ്ഞാനസഞ്ചാരമായിരുന്നു. മക്കയും മദീനയും യമനും ഇറാഖുമടക്കമുള്ള വിവിധ രാജ്യങ്ങളിലൂടെ അദ്ദേഹം കടന്നുപോവുകയും ഓരോ ദേശത്തുമുള്ള മഹാപണ്ഡിതരില്‍നിന്ന് ജ്ഞാനപ്രഭ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ,  ഇമാം ശാഫിഈയുടെ ധിഷണയെ സ്വാധീനിച്ച പണ്ഡിതന്മാര്‍ നിരവധിയാണ്. 

ഇമാം ഫഖ്‌റുദ്ദീന്‍ റാസി (റ) തന്റെ പിതാവിന്റെ ഗ്രന്ഥത്തില്‍നിന്ന് ഉദ്ധരിക്കുന്നത് കാണുക: ''ഇമാം ശാഫിഈയുടെ ഗുരുനാഥന്മാര്‍ നിരവധിയാണ്. അവരില്‍ വിദഗ്ധരായി പത്തൊമ്പത് പേരാണുള്ളത്, മക്കയില്‍നിന്ന് അഞ്ച്, മദീനയില്‍നിന്ന് ആറ്, യമനില്‍നിന്നും ഇറാഖില്‍നിന്നും നാല് വീതം പേര്‍.''

മക്കക്കാരായ ഗുരുവര്യന്മാര്‍: സുഫ്‌യാനു ബ്‌നു ഉയൈന (റ), മുസ്‌ലിമുബ്‌നു ഖാലിദ് സന്‍ജി (റ), സഈദു ബ്‌നു സാലിം ഖദാഹ് (റ), ദാവൂദു ബ്‌നു അബ്ദിര്‍റഹ്മാന്‍ അത്വാര്‍ (റ), അബ്ദുല്‍ ഹമീദ് ബ്‌നു അബ്ദില്‍ അസീസ് ബ്‌നു അബീ ദാവൂദ് (റ). 

മദീനക്കാരായ ഗുരുവര്യന്മാര്‍: ഇമാം മാലികു ബ്‌നു അനസ് (റ), ഇബ്‌റാഹീമുബ്‌നു സഅ്ദ് അന്‍സ്വാരി(റ), അബ്ദുല്‍ അസീസ് ബ്‌നു മുഹമ്മദ് ദറാവര്‍ദി(റ), ഇബ്‌റാഹീമുബ്‌നു അബീ യഹ്‌യ അസ്‌ലമി1, മുഹമ്മദു ബ്‌നു ഇസ്മാഈല്‍ ബ്‌നു അബീ ഫുദൈക് (റ), ഇബ്‌നു അബീ ദുഐബി(റ)ന്റെ സ്വാഹിബായ അബ്ദുല്ലാഹി ബ്‌നു നാഫിഅ് സാഇഗ്(റ).

യമനീ ഗുരുവര്യന്മാര്‍: മുത്വ്‌റഫ് ബ്‌നു മാസിന്‍(റ), സ്വന്‍ആഅ് പ്രവിശ്യയിലെ ഖാദിയായ ഹിശാമുബ്‌നു യൂസുഫ്(റ), ഇമാം ഔസാഈ(റ)യുടെ സ്വാഹിബായിരുന്ന ഉമറു ബ്‌നു അബീ സലമ(റ), ലൈസു ബ്‌നു സഅദി(റ)ന്റെ സ്വാഹിബായിരുന്ന യഹ്‌യ ബ്‌നു ഹിസാന്‍(റ).

ഇറാഖീ ഗുരുവര്യന്മാര്‍: കൂഫാ സ്വദേശികളായ വകീഉബ്‌നു ജറാഹും(റ) അബൂ ഉസാമത്ത് ഹമ്മാദു ബ്‌നു ഉസാമ(റ)യും ബസ്വറാ സ്വദേശികളായ ഇസ്മാഈലു ബ്‌നു അലിയ്യും(റ) അബ്ദുല്‍ വഹാബു ബ്‌നു അബ്ദില്‍ മജീദും(റ).2  

ഇമാം ശാഫിഈ(റ)യുടെ ഗുരുപരമ്പരകളില്‍ ഒാരോ കണ്ണിയും വലിയ ജീവിതവിശുദ്ധി ആര്‍ജിച്ചവരായിരുന്നു. ഇമാം നേടിയെടുത്ത വൈജ്ഞാനിക സമ്പത്തിന്റെ മാഹാത്മ്യവും അതുതന്നെ. ഗുരുനാഥന്മാരുടെ ഗുരുനാഥനായ പ്രവാചകനി(സ)ലേക്ക് എത്തിനില്‍ക്കുന്നതായിരിക്കും ഇമാമുകളുടെയെല്ലാം ഗുരുപരമ്പരകള്‍. നബി(സ)യുടെയും ഇമാം ശാഫിഈയുടെയും ഇടയില്‍ മൂന്നു ഗുരുനാഥന്മാരാണുള്ളത്: ഇമാം ശാഫിഈ(റ)-ഇമാം മാലിക്(റ)-നാഫിഅ്(റ)-ഇബ്‌നു ഉമര്‍(റ)-മുഹമ്മദ് നബി(സ)..3

മക്കയിലെ ഗുരുവര്യന്മാര്‍: 

സുഫ്‌യാനുബ്‌നു ഉയൈയ്‌ന(റ)

അബൂ മുഹമ്മദ് സുഫ്‌യാനു ബ്‌നു ഉയൈയ്‌ന ബ്‌നു മൈമൂന്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. ഹിജ്‌റ 107-ല്‍ കൂഫയില്‍ ജനിച്ചു. മക്കയായിരുന്നു കര്‍മഭൂമി. ഹി. 198-ല്‍ മക്കയില്‍ മരണപ്പെട്ടു. രണ്ടാം നിര താബിഉകളിലെ പ്രമുഖനായിരുന്നു. ഹദീസിലും ഹദീസ് വിജ്ഞാനീയങ്ങളിലും ഇമാമായി പണ്ഡിതലോകം അദ്ദേഹത്തെ പരിഗണിച്ചിരുന്നു.4 മക്കയിലെ മുഹദ്ദിസായി അറിയപ്പെട്ടു.

തന്റെ ചെറുപ്പകാലത്ത് തന്നെ ഇമാം ശാഫിഈ(റ)ക്ക് സുഫ്‌യാനു ബ്‌നു ഉയൈയ്‌ന(റ)യുമായി ബന്ധപ്പെടാനും അദ്ദേഹത്തില്‍നിന്ന് പഠിക്കാനും അവസരം ലഭിച്ചു. ഈ ബന്ധമായിരിക്കാം ശാഫിഈ ചിന്താധാരയില്‍ ഹദീസ് പണ്ഡിതന്മാരുടെ കര്‍മശാസ്ത്രചിന്തയുടെയും നിദാനശാസ്ത്രചിന്തയുടെയും വിത്തുകള്‍ പാകിയത്. പിന്നീട്, മാലികു ബ്‌നു അനസു(റ)മായുള്ള ബന്ധത്തിലൂടെ അത് വളര്‍ന്നുവലുതാവുകയും ചെയ്തു.  കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഹദീസുകളുടെ ഇടമെന്തായിരിക്കുമെന്ന് ചിന്തിക്കാനും ഈ ഗുരുശിഷ്യ ബന്ധം സഹായകമായി. 

സുഫ്‌യാനു ബ്‌നു ഉയൈയ്‌ന(റ)യുമായുള്ള തന്റെ സമ്പര്‍ക്കം ഇമാം ശാഫിഈ(റ)യെ എത്രത്തോളം സ്വാധീനിച്ചിരുന്നുവെന്ന് ഇമാമിന്റെ തന്നെ വാക്കുകളില്‍ ഇബ്‌നു അബീ ഹാതിം (റ) ഉദ്ധരിക്കുന്നത് കാണുക: ''സുഫ്‌യാനു ബ്‌നു ഉയൈയ്‌ന(റ)യുടെ അടുക്കലുള്ളത്ര വൈജ്ഞാനിക വിഭവങ്ങളുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തേക്കാള്‍ മികച്ച മുഫ്തിയെയും ഞാന്‍ കണ്ടിട്ടില്ല. ഹദീസ് വ്യാഖ്യാനത്തില്‍ അദ്ദേഹത്തേക്കാള്‍ മികവുള്ള ഒരാളെയും കണ്ടിട്ടില്ല.''5  ഇമാം ശാഫിഈ(റ), സുഫ്‌യാനു ബ്‌നു ഉയൈയ്‌ന(റ)യില്‍നിന്ന് തന്റെ അര്‍രിസാലയില്‍ മാത്രം നാല്‍പത്തിമൂന്ന് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ടെന്നത് ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.

ഇമാം മാലികിനെയും സുഫ്‌യാനുബ്‌നു ഉയൈയ്‌നയെയും കുറിച്ച് മറ്റൊരിക്കല്‍ ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ''മാലികും സുഫ്‌യാനും ഇല്ലായിരുന്നുവെങ്കില്‍ ഹിജാസീ വിജ്ഞാനം ഇല്ലാതാകുമായിരുന്നു.'' ഇവിടെ ഹിജാസീ വിജ്ഞാനം കൊണ്ട് ഉദ്ദേശിക്കുന്നത്, ഇമാം മാലികിന്റെ നേതൃത്വത്തില്‍ വികാസം പ്രാപിച്ച ഹദീസ് കേന്ദ്രീകൃത കര്‍മശാസ്ത്ര ചിന്ത തന്നെയാവണം.  

 

മുസ്‌ലിമുബ്‌നു ഖാലിദ് സന്‍ജി(റ)

മുസ്‌ലിമുബ്‌നു ഖാലിദ് ബ്‌നു മുസ്‌ലിം അല്‍ഖുറശി അല്‍ മഖ്‌സൂമി എന്നാണ് മുഴുവന്‍ പേര്. ശാം സ്വദേശിയാണ്. സന്‍ജി എന്നറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ കറുത്ത ശരീരപ്രകൃതമായിരുന്നു. സന്‍ജി എന്ന പദത്തിന്റെ അര്‍ഥം കറുമ്പന്‍ എന്നാണല്ലോ. നേരെ മറിച്ചാണെന്നാണ് മറ്റൊരഭിപ്രായം. നല്ല വെളുത്ത ശരീരമായിരുന്നുവത്രെ അദ്ദേഹത്തിന്റേത്. വിപരീത പദം കൊണ്ട് പേര് വിളിക്കുന്ന രീതിയാണിത്. തന്റെ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതനും മക്കയുടെ മുഫ്തിയുമായിരുന്നു സന്‍ജി. ഹദീസിനേക്കാള്‍ കൂടുതല്‍ അവഗാഹം കര്‍മശാസ്ത്രവിഷയത്തിലായിരുന്നു. ഹിജ്‌റ 179-ല്‍ മക്കയില്‍ മരണപ്പെട്ടു എന്നാണ് പ്രബല റിപ്പോര്‍ട്ട്.

ഇമാം ശാഫിഈ(റ) മക്കയില്‍ വെച്ചാണ് ശൈഖ് സന്‍ജി(റ)യുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. ദീര്‍ഘകാലം അത് തുടര്‍ന്നു. അറബി സാഹിത്യവും വ്യാകരണവും അന്വേഷിച്ചലഞ്ഞിരുന്ന ഇമാം ശാഫിഈയുടെ ചിന്താമണ്ഡലത്തില്‍ ഫിഖ്ഹ് ചിന്തകള്‍ വളര്‍ത്തിയത് ശൈഖ് സന്‍ജി(റ)യുമായുള്ള സമ്പര്‍ക്കമായിരുന്നു. ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്ന ഒരു സംഭവം. ഇമാം ശാഫിഈ(റ) പറയുന്നു: ഞാന്‍ വ്യാകരണവും സാഹിത്യവും അന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് മുസ്‌ലിമുബ്‌നു ഖാലിദ് സന്‍ജി എന്നെ കണ്ടുമുട്ടുന്നത്. അദ്ദേഹം എന്നോട് ചോദിച്ചു: 'ചെറുപ്പക്കാരാ, നിങ്ങള്‍ എവിടന്നാണ്?' ഞാന്‍ പറഞ്ഞു: 'മക്കയില്‍ നിന്നാണ്.' സന്‍ജി വീണ്ടും: 'മക്കയില്‍ എവിടെയാണ് വീട്?' ഞാന്‍ പറഞ്ഞു: 'ഖൈഫ് താഴ്‌വരയില്‍.' സന്‍ജി: 'നിങ്ങളുടെ ഗോത്രം?' ഞാന്‍: 'അബ്ദു മനാഫിന്റെ വംശാവലിയില്‍പെട്ടവനാണ്.' സന്‍ജി: 'അതേ, അതേ. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ ഇരുലോകത്തും ശ്രേഷ്ഠരാക്കിയിരിക്കുന്നു.  ഈ വിഷയത്തിലുള്ള (സാഹിത്യവും മറ്റും) നിങ്ങളുടെ അന്വേഷണ താല്‍പര്യത്തെ ഫിഖ്ഹിലേക്ക് തിരിച്ചുവിട്ടുകൂടേ? എങ്കില്‍ അതായിരിക്കും നിങ്ങള്‍ക്ക് ഏറ്റവും നല്ലത്.'

തന്റെ ഗുരുനാഥന്റെ ഉപദേശത്തോടെ ശാഫിഈ ഭാഷാപഠനം അപ്പാടെ ഉപേക്ഷിക്കുകയായിരുന്നില്ല. ഭാഷാപഠനം പിന്നെയും ഇരുപത് വര്‍ഷത്തോളം അദ്ദേഹം തുടര്‍ന്നു. അറബി ഭാഷാ സാഹിത്യത്തിലും വ്യാകരണത്തിലും നേടിയ വ്യുല്‍പത്തി ഖുര്‍ആനും ഹദീസും വേണ്ടപോലെ മനസ്സിലാക്കാനും സുഗമമായി കര്‍മശാസ്ത്ര ഗവേഷണം നടത്താനും അദ്ദേഹത്തെ ഏറെ സഹായിച്ചു. 

ശൈഖ് സന്‍ജിക്ക് തന്റെ ശിഷ്യനായ ശാഫിഈയെക്കുറിച്ച് വലിയ മതിപ്പായിരുന്നു. ചെറുപ്രായത്തില്‍തന്നെ ഫത്‌വ നല്‍കാനുള്ള അധികാരം അദ്ദേഹം ഇമാം ശാഫിഈ(റ)ക്ക് നല്‍കിയത് അതിന് തെളിവാണ്. ഹുമൈദി പറയുന്നു: മുസ്‌ലിമുബ്‌നു ഖാലിദ് സന്‍ജി ശാഫിഈയോട് പറഞ്ഞു: ''അബൂ അബ്ദില്ലാഹ്, നിങ്ങള്‍ ഫത്‌വ നല്‍കുക, ഫത്‌വ കൊടുക്കാന്‍ നിങ്ങള്‍ക്കിപ്പോള്‍ സമയമായിരിക്കുന്നു.'' ശാഫിഈയുടെ പതിനഞ്ചാം വയസ്സിലായിരുന്നു ഇതെന്ന് ഓര്‍ക്കണം.

ശൈഖ് സന്‍ജിയുടെ മസ്ജിദുല്‍ ഹറാമിലെ ദര്‍സില്‍ ഇമാം ശാഫിഈ ചെറുപ്പത്തില്‍തന്നെ ചേര്‍ന്നു പഠനം ആരംഭിച്ചിരുന്നു. മക്കക്കാരായ സ്വഹാബികളുടെയും താബിഉകളുടെയും ഫിഖ്ഹ് കൃത്യമായി മനസ്സിലാക്കാന്‍ അത് ഉപകരിച്ചു. അക്കാലത്ത് മക്കയിലുണ്ടായിരുന്ന മറ്റു കര്‍മശാസ്ത്ര പണ്ഡിതരില്‍നിന്നും ഹദീസ് പണ്ഡിതരില്‍നിന്നുമെല്ലാം ശാഫിഈ(റ) പഠിച്ചുകൊണ്ടിരുന്നു. മക്കയില്‍ മാത്രമായിത്തന്നെ ഇമാം ശാഫിഈ(റ)ക്ക് പത്തൊമ്പത് ഗുരുവര്യന്മാരുണ്ടായിരുന്നുവെന്ന് ഇമാം ബൈഹഖി പ്രസ്താവിച്ചിരിക്കുന്നു. 6 

ഇമാം ശാഫിഈ(റ) തന്റെ പതിനഞ്ചാം വയസ്സില്‍ ശൈഖ് സന്‍ജി(റ)യുമായി ഗുരുബന്ധം പുലര്‍ത്തിയിരുന്നുവെന്നത്, 13-ാം വയസ്സില്‍ അദ്ദേഹം ഇമാം മാലികിന്റെ ശിഷ്യനായി എന്നതിന് എതിരാകുന്നില്ല. പതിനഞ്ചാം വയസ്സില്‍ ഇമാം ശാഫിഈ(റ)ക്ക് ശൈഖ് സന്‍ജി(റ) ഫത്‌വ നല്‍കാനുള്ള അനുമതി നല്‍കിയിരുന്നുവെന്നത് പ്രസിദ്ധമാണല്ലോ. ഹിജ്‌റ 163-ല്‍ പതിമൂന്നാം വയസ്സില്‍ അദ്ദേഹം ഇമാം മാലികിനെ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ തമ്മില്‍ രൂഢമായ ഗുരുശിഷ്യബന്ധം രൂപപ്പെട്ടിരുന്നില്ല. മദീനയില്‍ ചെന്ന് ഇമാം മാലികിനെ കണ്ട് മുവത്വഃ ഓതിക്കേള്‍പ്പിച്ചു തിരിച്ചുപോരുക എന്നതായിരുന്നു ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്നു വേണം കരുതാന്‍. മാത്രമല്ല, അതിനു ശേഷവും വിവിധ പണ്ഡിതരില്‍നിന്ന് പഠിച്ചും, ഗോത്രസമൂഹങ്ങളോടൊപ്പം കഴിഞ്ഞും ഇമാം ശാഫിഈ(റ) മക്കയില്‍ ജീവിച്ചുപോന്നു. ഇമാം മാലികുമായി അദ്ദേഹത്തിന് നിരന്തരമായ ബന്ധമുണ്ടാകുന്നത് ഹിജ്‌റ 179-ല്‍ ഇമാം മാലിക്(റ)  മരിക്കുന്നതിന്റെ തൊട്ടടുത്ത കാലത്താണ്. 

മദീനയിലെ ഗുരുനാഥന്മാര്‍

ഇമാം ശാഫിഈ(റ)യുടെ മദീനാ ഗുരുനാഥന്മാരില്‍ ഏറെ പ്രമുഖനും പ്രസിദ്ധനും ഇമാം മാലിക്(റ) തന്നെ. അദ്ദേഹത്തിനു പുറമെ, ഇമാം ശാഫിഈക്ക് മദീനയില്‍ പതിമൂന്ന് ഗുരുനാഥന്മാരുണ്ടായിരുന്നുവെന്ന് മനാഖിബുശ്ശാഫിഈയില്‍ ബൈഹഖി(റ) പറയുന്നു. 

 

ഇമാം മാലികുബ്‌നു അനസ്(റ)

മദീനയുടെ ഇമാം, മാലികീ മദ്ഹബിന്റെ ആചാര്യന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇമാം മാലികാണ് ഇമാം ശാഫിഈയുടെ പ്രമുഖ ഗുരുവര്യന്‍. ഈ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ച വിശദ വിവരണം മറ്റൊരു സ്വതന്ത്ര ലേഖനത്തില്‍ വന്നിട്ടുണ്ട്. 

ഇമാം മാലികും ഇമാം ശാഫിഈയും തമ്മിലുള്ള ഗുരുശിഷ്യബന്ധം കൃത്യമായി വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:

ഒന്ന്: ഇമാം മാലികിന്റെ കീഴില്‍ ഇമാം ശാഫിഈ കര്‍മശാസ്ത്രത്തിലും ഹദീസ് ശാസ്ത്രത്തിലും ഉപരിപഠനം നടത്തുകയായിരുന്നു. അതിനു മുമ്പുതന്നെ അദ്ദേഹം മാലികിന്റെ സദസ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു. 

രണ്ട്: ഇമാം ശാഫിഈ ഇമാം മാലികിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്  മാലികിന്റെ അവസാനകാലത്താണ്, അഥവാ അദ്ദേഹം മദ്ഹബിന്റെ ഇമാമായിക്കഴിഞ്ഞ കാലത്ത്. അതിനാല്‍തന്നെ, വിവിധ കര്‍മശാസ്ത്രവിഷയങ്ങളിലും മറ്റു വൈജ്ഞാനിക കാര്യങ്ങളിലും ഇമാം മാലികിന്റെ ഏറ്റവും ഒടുവിലത്തെ നിലപാട് തന്നെ സ്വീകരിക്കാന്‍ ഇമാം ശാഫിഈക്ക്  സാധിച്ചു. എന്നാല്‍ ഇമാം അബൂ ഹനീഫയില്‍നിന്ന് നേരിട്ട് അറിവ് കരസ്ഥമാക്കാന്‍ ഇമാം ശാഫിഈക്ക് സാധിച്ചിട്ടില്ല. അബൂ ഹനീഫയുടെ ശിഷ്യനായ മുഹമ്മദു ബ്‌നു ഹസന്‍ ശൈബാനി(റ) വഴിയാണ് അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര നിലപാടുകള്‍ ശാഫിഈ പഠിക്കുന്നത്. 

മൂന്ന്: ഇമാം മാലികിനോടൊപ്പമായിരുന്ന കാലത്ത് ശാഫിഈ ഒരു മാലികീ കര്‍മശാസ്ത്ര പണ്ഡിതനായിരുന്നു. അന്ന് ഇമാം മാലികിന്റെ അഭിപ്രായങ്ങളനുസരിച്ചാണ് അദ്ദേഹം ഫത്‌വ നല്‍കിയിരുന്നത്. 

 

യമനിലെ വൈജ്ഞാനിക സപര്യകള്‍

ഇമാം മാലികിന്റെയും ശൈഖ് സന്‍ജിയുടെയും മരണത്തിനു ശേഷം ഇമാം ശാഫിഈ(റ) യമനിലേക്ക് പോയി. രണ്ടു ഗുരുനാഥരും ഹിജ്‌റ 179-ല്‍ ഒരേ വര്‍ഷമാണ് വിടവാങ്ങുന്നത്. അപ്പോഴേക്കും ഇമാം ശാഫിഈ(റ) തികഞ്ഞ പണ്ഡിതനായിക്കഴിഞ്ഞിരുന്നു. ഇനി തന്റെയും തന്റെ കുടുംബത്തിന്റെയും ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വല്ല ജോലിയിലുമേര്‍പ്പെടാമെന്ന് അദ്ദേഹം ചിന്തിച്ചു. ഇമാം മാലികി(റ)ന്റെ മരണശേഷം മക്ക വിട്ട ഇമാം ശാഫിഈ(റ) മദീനയിലെത്തി. അവിടെയുള്ള ചില ഖുറൈശി നേതാക്കളുടെ സഹായത്താല്‍ അദ്ദേഹത്തിന് യമനില്‍ അബ്ബാസിയ്യാ ഭരണകൂടത്തിന്റെ ഗവര്‍ണറായി ജോലി നോക്കാന്‍ അവസരം ലഭിച്ചു. യമനില്‍ ഗവര്‍ണറായി എത്തുമ്പോള്‍ അദ്ദേഹത്തിനു 29 വയസ്സായിരുന്നു. 

യമനില്‍ ജോലി നോക്കുമ്പോഴും ഇമാം ശാഫിഈ(റ) വൈജ്ഞാനിക സപര്യ കൈവിട്ടിരുന്നില്ല. അവിടെയുള്ള പണ്ഡിതന്മാരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുത്വ്‌റഫു ബ്‌നു മാസിന്‍(റ), സ്വന്‍ആ പ്രവിശ്യയിലെ ഖാദിയായ ഹിശാമുബ്‌നു യൂസുഫ്(റ), ഇമാം ഔസാഈ(റ)യുടെ സ്വാഹിബായിരുന്ന ഉമറു ബ്‌നു അബീ സലമ(റ), ലൈസു ബ്‌നു സഅ്ദി(റ)ന്റെ സ്വാഹിബായിരുന്ന യഹ്‌യ ബ്‌നു ഹിസാന്‍(റ) തുടങ്ങിയവരില്‍നിന്നെല്ലാം അദ്ദേഹം പഠിച്ചു.  

 

ഇറാഖിലെ ഗുരുനാഥന്മാര്‍

യമനില്‍ അലവികളോടൊപ്പം ചേര്‍ന്ന് അബ്ബാസിയ്യാ ഖിലാഫത്തിനെതിരില്‍ വിപ്ലവത്തിനു തുനിഞ്ഞു എന്ന ആരോപണത്തിനു വിധേയനായിട്ടാണ് ഇമാം ശാഫിഈ(റ)യുടെ ബഗ്ദാദിലേക്കുള്ള വരവ്.  ഹിജ്‌റ 184-ലാണ് അത്. അതിനു മുമ്പ് ഇമാം ബഗ്ദാദ് സന്ദര്‍ശിച്ചിട്ടില്ല. ബഗ്ദാദില്‍ അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദിന്റെ മുന്നില്‍ ഇമാം ശാഫിഈ(റ)യെ ഹാജരാക്കുകയായിരുന്നു. 

എന്നാല്‍, മുഹമ്മദു ബ്‌നുല്‍ ഹസന്‍ ശൈബാനി(റ)യുമായുള്ള മുന്‍പരിചയം കാരണം ഇമാമിന് ശിക്ഷാ നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഹാറൂന്‍ റശീദ് അടക്കം അബ്ബാസീ ഖലീഫമാരുടെ അടുക്കല്‍ വലിയ സ്ഥാനമായിരുന്നു ശൈഖ് മുഹമ്മദ് ശൈബാനിക്ക്.  ആ സംഭവം ഇമാം ശാഫിഈ(റ) വിശദീകരിക്കുന്നുണ്ട്: ''പിന്നീട് ഖലീഫ, മുഹമ്മദു ബ്‌നുല്‍ ഹസന്‍ ശൈബാനിയോട് ചോദിച്ചു: 'മുഹമ്മദ്, ഇദ്ദേഹം എന്താണ് പറയുന്നത്? ഇദ്ദേഹം പറയുന്നതുപോലെ തന്നെയാണോ കാര്യങ്ങള്‍?' ശൈബാനി(റ) പറഞ്ഞു: 'അതേ, അദ്ദേഹത്തിന് വിജ്ഞാനമണ്ഡലത്തില്‍ വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിനെതിരില്‍ ആരോപിക്കപ്പെട്ട വിഷയവുമായി അദ്ദേഹത്തിനു യാതൊരു ബന്ധവുമില്ല.' അപ്പോള്‍ ഖലീഫ പറഞ്ഞു: 'നിങ്ങള്‍ അദ്ദേഹത്തെ (ഇമാം ശാഫിഈയെ) സ്വീകരിക്കുക, ഞാന്‍ അദ്ദേഹത്തിന്റെ അവസ്ഥ നിരീക്ഷിക്കട്ടെ.' അങ്ങനെ മുഹമ്മദ് ശൈബാനി എന്നെ സ്വീകരിച്ചു. അതായിരുന്നു എന്റെ മോചനത്തിനു കാരണം.7

അങ്ങനെ ഇമാം ശാഫിഈ(റ) ബഗ്ദാദിനെ തന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്വീകരിച്ചു. പിന്നീട് യമനിലേക്കോ ഹിജാസിലേക്കോ തിരിച്ചുപോയില്ല. അക്കാലത്ത് നിരവധി പണ്ഡിതരുടെയും സാഹിത്യകാരന്മാരുടെയും വൈജ്ഞാനിക സ്ഥാപനങ്ങളുടെയും നഗരമായിരുന്നല്ലോ ബഗ്ദാദ്. അഹ്‌ലു റഅ്‌യിന്റെ കര്‍മശാസ്ത്ര ചിന്താധാരകളെ അടുത്തറിയാനായിരുന്നു ഇറാഖിലെ ജീവിതം ഇമാം ഉപയോഗപ്പെടുത്തിയത്. റഅ്‌യുകാരുടെ കര്‍മശാസ്ത്ര ചിന്താധാരയുടെ അടിസ്ഥാന തത്ത്വങ്ങളും നിയമങ്ങളും ഇമാം വിശദമായി മനസ്സിലാക്കി. ആ രംഗത്ത് അറിയപ്പെട്ട ധാരാളം വലിയ പണ്ഡിതന്മാര്‍ താമസിച്ചിരുന്ന നാടായിരുന്നു പൊതുവില്‍ ഇറാഖ് വിശിഷ്യാ ബഗ്ദാദും കൂഫയുമെല്ലാം. 

ഇമാം ശാഫിഈ(റ)യുടെ ഇറാഖി വാസം വളരെ പ്രധാനമാണ്. ശൈഖ് വകീഉും (റ) ശൈഖ് മുഹമ്മദു ബ്‌നു ഹസന്‍ ശൈബാനി(റ)യും അടക്കമുള്ള മഹാപണ്ഡിതരെയാണ് ഇമാം ഇറാഖില്‍ കണ്ടുമുട്ടിയത്. മുഹമ്മദ് ശൈബാനി(റ)യില്‍നിന്ന് ജ്ഞാനമുത്തുകള്‍ സ്വീകരിച്ചും അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളോടും വൈജ്ഞാനിക സംവാദങ്ങളിലേര്‍പ്പെട്ടും ഇമാം ശാഫിഈ(റ) ബഗ്ദാദ് വാസം ധന്യമാക്കി. ശൈഖ് വകീഅ്(റ), ശൈഖ് അബ്ദുല്‍ വഹാബുബ്‌നു അബ്ദില്‍ മജീദ് സഖഫി(റ), ശൈഖ് ഇസ്മാഈലുബ്‌നു ഇബ്‌റാഹീം ബസ്വരി(റ) തുടങ്ങിയ അനേകം പണ്ഡിതരെയും ഇമാം സമീപിച്ചിരുന്നു. അഞ്ച് വര്‍ഷത്തോളം അവിടെ തങ്ങി. ഹിജ്‌റ 189-ല്‍ ഇമാം ഇറാഖില്‍നിന്ന് മടങ്ങി. ആ വര്‍ഷമാണ് ഇമാം ശൈബാനി(റ) മരണപ്പെടുന്നതും. ഇറാഖില്‍നിന്നും ഖുറാസാനിലേക്കുള്ള വഴിയിലായിരുന്നു അപ്പോള്‍ ഇമാം ശാഫിഈ(റ).

 

ശൈഖ് മുഹമ്മദുബ്‌നുല്‍ ഹസന്‍ ശൈബാനി(റ)

അബൂ അബ്ദില്ലാഹ് മുഹമ്മദുബ്‌നുല്‍ ഹസന്‍ ബ്‌നു ഫര്‍ഖദ് മൗലാ ബനീ ശൈബാന്‍ എന്നാണ് മുഴുവന്‍ പേര്. അബൂ ഹനീഫ(റ)യുടെ രണ്ട് സ്വാഹിബുകളിലൊരാളായിരുന്നു (അബൂ യൂസുഫാണ് മറ്റൊരു സ്വാഹിബ്). ദമസ്‌കസില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് ശൈബാനി കുടുംബം. അദ്ദേഹത്തിന്റെ പിതാവ് വാസിത്വിലേക്ക് കുടിയേറുകയായിരുന്നു. അവിടെ വെച്ച് ഹിജ്‌റ 132-ലാണ് ശൈഖ് ശൈബാനിയുടെ ജനനം. കൂഫയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. സുഫ്‌യാനുസ്സൗരി(റ)യില്‍ നിന്ന് ഹദീസും അബൂ ഹനീഫയില്‍നിന്നും അബൂ യൂസുഫില്‍നിന്നും കര്‍മശാസ്ത്രവും പഠിച്ചു. മദീനയില്‍ ഇമാം മാലികില്‍ നിന്നും ശാമില്‍ ഇമാം ഔസാഈയില്‍നിന്നും പഠിച്ചു. 

അബൂ യുസുഫിനു ശേഷം ഇറാഖിലെ ഹനഫീ കര്‍മശാസ്ത്രധാരയുടെ നേതൃത്വം ശൈഖ് ശൈബാനി(റ)യുടെ കരങ്ങളിലായിരുന്നു. അക്കാലത്ത് കര്‍മശാസ്ത്രത്തിലെ അഹ്‌ലുറഅ്‌യ് ചിന്താധാരയുടെ പതാകവാഹകനായിരുന്നു. ഹനഫീ കര്‍മശാസ്ത്രം ക്രോഡീകരിച്ചതും പ്രചരിപ്പിച്ചതും അദ്ദേഹം തന്നെ. ജാമിഉസ് സ്വഗീര്‍, ജാമിഉല്‍ കബീര്‍, സിയറുസ്‌സ്വഗീര്‍, സിയറുല്‍ കബീര്‍, സിയാദാത്ത് തുടങ്ങി ശൈഖ് മുഹമ്മദ് ശൈബാനി(റ)യുടെ പല ഗ്രന്ഥങ്ങള്‍ക്കും ഹനഫീ മദ്ഹബില്‍ വലിയ സ്ഥാനമുണ്ട്. ഹി. 189-ലാണ് അദ്ദേഹം മരണപ്പെട്ടത്.

ശൈഖ് ശൈബാനി(റ)യില്‍നിന്നും അറിവ് നുകര്‍ന്ന പ്രമുഖര്‍ ധാരാളമാണ്. അതില്‍ പ്രധാനിയാണ് ഇമാം ശാഫിഈ(റ). ഹിജാസില്‍ വെച്ചാണ് ഇമാം ശാഫിഈ(റ) ശൈഖ് ശൈബാനി(റ)യെ ആദ്യമായി കണ്ടുമുട്ടുന്നത്. ഇമാം മാലികില്‍നിന്ന് ശൈഖ് ശൈബാനി(റ) പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇമാം ശാഫിഈയും ശൈഖ് ശൈബാനിയും തമ്മിലുള്ള സമ്പര്‍ക്കം പുഷ്ടിപ്പെട്ടത്. 

പിന്നീട് ഇമാം ശാഫിഈ(റ) ബഗ്ദാദിലേക്ക് വന്നപ്പോഴും അറിവു സമ്പാദനത്തിനായി ശൈഖ് ശൈബാനി(റ)യെ ഇമാം സമീപിച്ചു. ഹനഫീ കര്‍മശാസ്ത്രവും ഉസ്വൂലുകളും ഇമാം ശാഫിഈ ശൈബാനിയില്‍നിന്ന് വിശദമായി പഠിച്ചു.

 

ശൈഖ് വകീഉബ്‌നുല്‍ ജര്‍റാഹ്(റ)

വകീഉബ്‌നുല്‍ ജര്‍റാഹ് ബ്‌നു മലീഹ് ബ്‌നു അദിയ്യ്(റ) എന്നാണ് പൂര്‍ണ പേര്. ഹിജ്‌റ 129-ല്‍ കൂഫയില്‍ ജനിച്ചു. അക്കാലത്ത് ഇറാഖിലെ വലിയ ഹദീസ് പണ്ഡിതനായിരുന്നു. ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും അതില്‍ വിശ്രുതനാവുകയും ചെയ്തു. ആറ് പ്രസിദ്ധ ഹദീസ് സമാഹര്‍ത്താക്കളും വകീഇനെ വിശ്വസ്തനായ നിവേദകനായി പരിഗണിച്ചു. വലിയ സൂക്ഷ്മാലുവും പരിത്യാഗിയുമായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മക്കയില്‍നിന്ന് ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോരുന്ന വഴിയില്‍ ഹിജ്‌റ 197-ല്‍ ശൈഖ് വകീഅ്(റ) മരണപ്പെട്ടു.

ശൈഖ് വകീഅ്(റ) എത്രമാത്രം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ശാഫിഈ ഒരു കവിതയില്‍ പ്രശംസിക്കുന്നുണ്ട്.  ശിഷ്യന്മാര്‍ക്ക് ആത്മീയ ശിക്ഷണം നല്‍കാന്‍ ശൈഖ് വകീഅ്(റ) ശ്രദ്ധിച്ചിരുന്നു. 

 

അബ്ദുല്‍ വഹാബു ബ്‌നു അബ്ദില്‍ മജീദ് സഖഫി(റ)

അബൂ മുഹമ്മദ് അബ്ദുല്‍ വഹാബു ബ്‌നു അബ്ദില്‍ മജീദ് സഖഫി എന്നാണ് പൂര്‍ണ നാമം. ഹിജ്‌റ 110-ല്‍ ജനിക്കുകയും 194-ല്‍ മരിക്കുകയും ചെയ്തു. 84 വയസ്സ് പ്രായം. അദ്ദേഹത്തിന്റെ രണ്ടാമത്തെ പിതാമഹന്‍ സ്വഹാബിവര്യരായ ഹകമുബ്‌നു അബില്‍ ആസ്വ്(റ) ആണ്. 

 

ഇസ്മാഈലുബ്‌നു ഇബ്‌റാഹീം ബസ്വരി(റ)

ഇസ്മാഈലുബ്‌നു ഇബ്‌റാഹീം ബ്‌നു മിഖ്‌സം എന്നാണ് പൂര്‍ണ് പേര്. ഇബ്‌നു ഉലിയ്യ എന്നാണ് അറിയപ്പെട്ടിരുന്നത്. ഉലിയ്യ ഉമ്മയാണ്. ഹിജ്‌റ 110-ല്‍ ജനിക്കുകയും 193-ല്‍ മരിക്കുകയും ചെയ്തു. കര്‍മശാസ്ത്രപണ്ഡിതനും മുഫ്തിയുമായിരുന്നു.

 

ഇമാം ഔസാഈയുടെ സ്വാധീനം

ഇമാം ഔസാഈ(റ)യുടെ കര്‍മശാസ്ത്ര ചിന്താധാരകള്‍ ഇമാം ശാഫിഈയെ വലിയ തോതില്‍ സ്വാധീനിച്ചതായി കാണാം. 'ഔസാഈയേക്കാള്‍ നന്നായി ഹദീസും ഫിഖ്ഹും സ്വാംശീകരിച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ല' എന്ന് ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിരുന്നു. ഇമാം ഔസാഈയുടെ കര്‍മശാസ്ത്രരീതികളെ ഇമാം ശാഫിഈ ആഴത്തില്‍ മനസ്സിലാക്കിയിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഇമാം ഔസാഈ(റ)യുടെ രണ്ട് ശിഷ്യന്മാരായ അബൂ അബ്ദില്ലാഹ് ബിശ്‌റു ബ്‌നു ബക്ര്‍ ദിമശ്ഖി(റ)യില്‍ നിന്നും അംറു ബ്‌നു അബീ സലമ ദിമശ്ഖിയില്‍നിന്നുമാണ് ഇമാം ശാഫിഈ(റ) ഔസാഈ(റ)യുടെ ഫിഖ്ഹും ഫത്‌വകളുമെല്ലാം പഠിക്കുന്നത്. 

ഇമാം ഔസാഈ(റ)യുടെ ഖൗലുകളെ അവലംബമാക്കി ഒരു ഗ്രന്ഥം തന്നെ ഇമാം ക്രോഡീകരിച്ചിട്ടുണ്ട്; കിതാബു സിയരില്‍ ഔസാഈ എന്ന പേരില്‍. ജിഹാദുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ ഇമാം അബൂ ഹനീഫ(റ)യുടെ അഭിപ്രായങ്ങളെ ഇമാം ഔസാഈ(റ)യുടെ അഭിപ്രായങ്ങള്‍ കൊണ്ട് ഖണ്ഡിക്കുകയാണ് സത്യത്തില്‍ ഈ ഗ്രന്ഥം. ഇമാം ഔസാഈ(റ)യുടെ ഗ്രന്ഥത്തിനു മറുപടിയായി അബൂ ഹനീഫ(റ)യുടെ സ്വാഹിബായ അബൂ യൂസുഫ് ഒരു ഗ്രന്ഥമെഴുതിയിരുന്നു. തന്റെ ഇമാമിന്റെ അഭിപ്രായങ്ങളെയും തെളിവുകളെയും അവലംബിച്ചെഴുതിയ ആ ഗ്രന്ഥത്തിന്റെ പേര് അര്‍റദ്ദു അലാ സിയരില്‍ ഔസാഈ എന്നായിരുന്നു. ഇതിനു മറുപടിയായി ഇമാം ശാഫിഈ(റ) ഒരു ഗ്രന്ഥമെഴുതി. ഇമാം അബൂ ഹനീഫ(റ)യെയും ശിഷ്യന്‍ അബൂ യൂസുഫിനെയും ഖണ്ഡിക്കുകയും ഇമാം ഔസാഈ(റ)യെ പ്രബലപ്പെടുത്തുകയുമാണ് മിക്ക കര്‍മശാസ്ത്രവിഷയങ്ങളിലും ഇമാം ശാഫിഈ(റ). 

ഇമാം ശാഫിഈ(റ)യുടെ കിതാബു സിയരില്‍ ഔസാഈ എന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെങ്കില്‍, ഇസ്‌ലാമിലെ അന്താരാഷ്ട്രബന്ധങ്ങളുടെയും ജിഹാദിന്റെയും കര്‍മശാസ്ത്ര വിധികളെ കുറിച്ചുള്ള പഠനത്തിന് നല്ലൊരു ആധാരഗ്രന്ഥമായി അക്കാദമിക ലോകത്ത് അത് പരിഗണിക്കപ്പെടുമായിരുന്നുവെന്നത് തീര്‍ച്ചയാണ്. മാത്രമല്ല, താരതമ്യ കര്‍മശാസ്ത്ര   ഗ്രന്ഥങ്ങളില്‍ നമുക്ക് ലഭ്യമായവയില്‍ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥവുമാണിത്. കാരണം, അക്കാലത്തെ നാല് മഹാപണ്ഡിതന്മാരായിരുന്ന ഇമാം ഔസാഈ(റ), ഇമാം അബൂ ഹനീഫ(റ), ഇമാം അബൂ യൂസുഫ്(റ), ഇമാം ശാഫിഈ(റ) എന്നിവരുടെ അഭിപ്രായങ്ങളെയാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

ഇമാം ലൈസുബ്‌നു സഅ്ദി(റ)ന്റെ

സ്വാധീനം

ഈജിപ്തില്‍ ഇമാം ശാഫിഈ(റ)യുടെ കര്‍മശാസ്ത്രചിന്തയെ ഇമാം ലൈസു ബ്‌നു സഅ്ദിന്റെ ഫിഖ്ഹ് വലിയ തോതില്‍ സ്വാധീനിച്ചതായി കാണാം. ഈജിപ്തിലെ കര്‍മശാസ്ത്രപണ്ഡിതരില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ഇമാം ലൈസു ബ്‌നു സഅ്ദിന്റെ അവസാന കാലത്ത് ഈജിപ്തില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ കര്‍മശാസ്ത്രചിന്താധാര ഇമാം ശാഫിഈ(റ)യുടെ ശ്രദ്ധയില്‍പെടുന്നത്. യഹ്‌യ ബ്‌നു ഹസ്സാനെ(റ)പ്പോലെയുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍നിന്നാണ് ലൈസി(റ)ന്റെ മദ്ഹബ് ശാഫിഈ മനസ്സിലാക്കുന്നത്. എന്നാല്‍ ലൈസു ബ്‌നു സഅ്ദി(റ)നെ അദ്ദേഹത്തിന് നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. സമകാലികരായിട്ടും തമ്മില്‍ കാണാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ ശാഫിഈക്ക് വലിയ സങ്കടമുണ്ടായിരുന്നു. 'ഇബ്‌നു അബീ ദിഅ്ബ്(റ), ലൈസു ബ്‌നു സഅ്ദ്(റ) എന്നിവരുടെ നഷ്ടം പോലെ മറ്റു പണ്ഡിതന്മാരുടെ നഷ്ടം എന്നെ വലിയ തോതില്‍ ബാധിച്ചിട്ടില്ല' എന്ന് ശാഫിഈ പറഞ്ഞിരുന്നതായി ഇബ്‌നു അബീ ഹാതിമും ബൈഹഖിയും ഉദ്ധരിക്കുന്നു.8

'മാലികി(റ)നേക്കാള്‍ വലിയ കര്‍മശാസ്ത്രപണ്ഡിതനാണ് ലൈസ്(റ); പക്ഷേ, അദ്ദേഹത്തിന്റെ അനുയായികള്‍ അതു കൊണ്ടുനടന്നില്ലെന്ന് മാത്രം' എന്നും അദ്ദേഹം പറയുകയുണ്ടായി. 

ഇമാം ശാഫിഈ(റ) ലൈസു ബ്‌നു സഅ്ദി(റ)ന്റെ ഒന്നോ രണ്ടോ ഫത്‌വകള്‍ കേള്‍ക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ കര്‍മശാസ്ത്രചിന്താധാരയെയും അഭിപ്രായങ്ങളെയും ഫത്‌വകളെയുമെല്ലാം ആഴത്തില്‍ പഠനവിധേയമാക്കി. ഇമാം ശാഫിഈ(റ), ലൈസു ബ്‌നു സഅ്ദി(റ)നെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പല കര്‍മശാസ്ത്രവിഷയങ്ങളിലും ഇമാം മാലികി(റ)നേക്കാള്‍ കൂടുതല്‍ ശരി ഇമാം ലൈസു ബ്‌നു സഅ്ദിന്റെ പക്ഷമാണെന്ന് ശാഫിഈ കരുതിയിരുന്നു. 

ഇമാം ശാഫിഈ(റ) ഈജിപ്തിലെത്തിയപ്പോള്‍, തന്റെ കര്‍മശാസ്ത്ര ചിന്താവികാസം ഖദീമില്‍നിന്ന് ജദീദിലെത്തുകയും തദ്വാരാ ജദീദ് പ്രകാരം, ഇമാം മാലികി(റ)നോട് വിയോജിക്കുന്ന കാര്യങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കുകയും ചെയ്യുന്നതായി കാണാം. അതിന്റെ ഫലമായാണ് 'ഇഖ്തിലാഫു മാലിക് വശ്ശാഫിഈ' (മാലികും ശാഫിഈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം) എന്നൊരു ഗ്രന്ഥം തന്നെ പിറവികൊള്ളുന്നത്. എന്നാല്‍ ഇമാം ലൈസു ബ്‌നു സഅ്ദി(റ)നോട് വിയോജിച്ചുകൊണ്ട് അദ്ദേഹം അത്തരമൊരു ഗ്രന്ഥം രചിക്കുകയുണ്ടായില്ല. ഇറാഖീ പണ്ഡിതന്മാരുമായുള്ള അഭിപ്രായാന്തരങ്ങള്‍ വിശദീകരിച്ചുകൊണ്ട് 'ഇഖ്തിലാഫുല്‍ ഇറാഖിയ്യീന്‍' എന്ന മറ്റൊരു ഗ്രന്ഥം രചിക്കുകയും ചെയ്തു. ഇതില്‍നിന്ന് ഇമാം ലൈസു ബ്‌നു സഅ്ദി(റ)ന്റെയും ഇമാം ശാഫിഈ(റ)യുടെയും കര്‍മശാസ്ത്രം ഏറക്കുറെ സമാനമായിരുന്നുവെന്ന് വ്യക്തമാണ്. ഇമാം ലൈസു ബ്‌നു സഅ്ദി(റ)നെ കുറിച്ച് ഡോ. സയ്യിദ് അഹ്മദ് ഖലീല്‍ എഴുതിയ ലൈസു ബ്‌നു സഅ്ദ്(റ): ഈജിപ്തിന്റെ കര്‍മശാസ്ത്രപണ്ഡിതന്‍ എന്ന പഠനഗ്രന്ഥത്തില്‍ പറയുന്നു: ''ലൈസി(റ)നു ശേഷം വന്നവര്‍ക്ക്  ശാഫിഈ വഴിവെട്ടിത്തെളിച്ച് കൊടുക്കുകയും ഇസ്‌ലാമിക ശരീഅത്തിന്റെ വികാസമണ്ഡലത്തെ മൂടിക്കിടന്ന മേഘപടലങ്ങളെ നീക്കം ചെയ്യുകയും ചെയ്തുവെന്നല്ലാതെ ലൈസി(റ)ന്റെയും ശാഫിഈ(റ)യുടെയും കര്‍മശാസ്ത്രസമീപനങ്ങളില്‍ യാതൊരു വ്യത്യാസവും കാണാന്‍ കഴിയില്ല.''

 

സൂചിക:

1. ഇമാം ശാഫിഈ(റ)യുടെ മദീനക്കാരായ ഗുരുവര്യന്മാരിലൊരാളായ ഇബ്‌റാഹീമുബ്‌നു അബീ യഹ്‌യ അസ്‌ലമി ഒരു മുഅ്തസിലീ പണ്ഡിതനായിരുന്നുവെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. പക്ഷേ, അതൊരിക്കലും ഇമാം ശാഫിഈ(റ)യുടെ വ്യക്തിമാഹാത്മ്യത്തെ ദോഷകരമായി ബാധിക്കുകയില്ലെന്ന് ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ) മനാഖിബുല്‍ ഇമാമിശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. കാരണം, അദ്ദേഹത്തില്‍നിന്നും ഇമാം ശാഫിഈ(റ) ഹദീസും ഫിഖ്ഹുമായി ബന്ധപ്പെട്ട അറിവുകളാണ് മനസ്സിലാക്കിയത്, ഉസ്വൂലുദ്ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല.

2. മനാഖിബുല്‍ ഇമാമിശ്ശാഫിഈ, ഫഖ്‌റുദ്ദീന്‍ റാസി(റ), പേജ്: 43

3. അതേ പുസ്തകം, പേജ്: 47

4. തഹ്ദീബ് സിയരി അഅ്‌ലാമിന്നുബലാഅ്, ഇമാം ദഹബി(റ), വാള്യം 1, പേജ് 301

5. ആദാബുശ്ശാഫിഈ, ഇബ്‌നു അബീ ഹാതിം(റ), പേജ്: 206

6. അതേപുസ്തകം, ഹാഫിള് ബൈഹഖി(റ), വാള്യം 2, പേജ് 311-312

7. അല്‍ ഇന്‍തിഖാഅ്, ഹാഫിളു ബ്‌നു അബ്ദില്‍ ബര്‍റ്(റ), പേജ്: 155

8. ആദാബുശ്ശാഫിഈ, ഇബ്‌നു അബീ ഹാതിം(റ), പേജ് 29/ മനാഖിബുശ്ശാഫിഈ, ഹാഫിള് ബൈഹഖി(റ), വാള്യം 1, പേജ് 524

9. ലൈസു ബ്‌നു സഅ്ദ് ഫഖീഹുമിസ്വ്‌റ്, ഡോ. സയ്യിദ് അഹ്മദ് ഖലീല്‍, പേജ് 121

 

സ്വലാഹുദ്ദീന്‍ മുഹമ്മദ്: മലപ്പുറം ജില്ലയിലെ പട്ടിക്കാടിനടുത്ത വേങ്ങൂര്‍ സ്വദേശി. കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ പത്തു വര്‍ഷത്തെ മതപഠനം. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം. സുന്നി അഫ്കാര്‍ വാരിക എഡിറ്ററായിരുന്നു. കര്‍മശാസ്ത്രത്തിന്റെ വഴിയും വികാസവും, ഡോ. സഈദ് റമദാന്‍ ബൂത്വിയുടെ ആന്റി മദ്ഹബിസം: ശരീഅത്തിനെതിരെ നവീന ഭീഷണി, ഡോ. ആഇദുല്‍ ഖര്‍നിയുടെ ലോകത്തെ വിജയിയായ പെണ്ണ് എന്നീ വിവര്‍ത്തന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളേജില്‍ കൊമേഴ്‌സ് ലക്ചറര്‍. ഫോണ്‍: 9048677282.ഇമെയില്‍: [email protected]

Comments

Other Post