അല്‍ അസ്ഹറും ശാഫിഈ മദ്ഹബും
ഖലീഫ അല്‍ മുഇസ്സ് ലി ദീനില്ലായുടെ നിര്‍ദേശപ്രകാരം ഹിജ്‌റ 359 ല്‍ ഫാത്വിമികളാണ് പ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. ഫാത്വിമികള്‍ ശീഈ മദ്ഹബിന്റെ പ്രചാരണത്തിനുവേണ്ടിയാണ് അല്‍ അസ്ഹര്‍ സ്ഥാപിച്ചത്. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ അയ്യൂബി ഭരണം നിലവില്‍വന്നതോടെ ശീഈ മദ്ഹബ് പഠിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയും അല്‍ അസ്ഹറില്‍ ശാഫിഈ മദ്ഹബ് പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. സുന്നി മദ്ഹബുകള്‍, വിശേഷിച്ച് ശാഫിഈ മദ്ഹബ് പഠിപ്പിക്കാന്‍ സ്വലാഹുദ്ദീന്‍ കല്‍പന പുറപ്പെടുവിക്കുകയുണ്ടായി. മംലൂകികളുടെ ഭരണകാലത്തും അസ്ഹറില്‍ ശാഫിഈ മദ്ഹബ് പഠനം തുടര്‍ന്നു. ഹിജ്‌റ 1137 മുതല്‍ 1287 വരെയുള്ള 150 വര്‍ഷം തുടര്‍ച്ചയായി അല്‍ അസ്ഹറിന്റെ ശൈഖ് പദവി ശാഫിഈ പണ്ഡിതര്‍ക്കായിരുന്നു. പൗരസ്ത്യലോകത്ത് ശാഫിഈ മദ്ഹബ് പ്രചരിക്കാന്‍ ഇത് മുഖ്യ കാരണമായി. ക്രി. 1908-ല്‍ ശൈഖുല്‍ അസ്ഹറി (റെക്ടര്‍)ന് കീഴിലുള്ള ഭരണസമിതിയില്‍ നാല് മദ്ഹബുകളിലെ പണ്ഡിതരെയും ഉള്‍പ്പെടുത്തി. ഇത് പൗരസ്ത്യ ഇസ്‌ലാമിക ലോകത്തും മധ്യേഷ്യന്‍ രാജ്യങ്ങളിലും ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തില്‍ അനല്‍പമായ പങ്ക് വഹിച്ചു.
Comments