Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

പ്രമുഖ പണ്ഡിതന്മാര്‍ അതുല്യ സംഭാവനകള്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

ഭരണപരമായ സുസ്ഥിരതയുടെ കാലഘട്ടമായിരുന്നു ഇമാം ശാഫിഈയുടേത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങള്‍ ഇസ്‌ലാമികവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും പുതിയ വിഷയങ്ങളം പ്രശ്‌നങ്ങളും ഉണ്ടാകും. പ്രമാണങ്ങളില്‍ വ്യക്തമായ നിയമങ്ങളില്ലാത്ത നിരവധി പ്രശ്‌നങ്ങള്‍ സമൂഹത്തിന് അഭിമുഖീകരിക്കേണ്ടിവരും. അപ്പോള്‍ സ്വതന്ത്രമായ ഗവേഷണങ്ങളിലൂടെ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിവുള്ള ഒരു തലമുറ കൂടിയേ തീരൂ. അങ്ങനെ ശക്തമായ ഒരു പിന്‍നിരയെ സൃഷ്ടിക്കുന്നതില്‍ ഇമാം ശാഫിഈ വളരെയധികം വിജയിച്ചു. 

ഹിജ്‌റ 270/883 മുതല്‍ 404/1012 വരെയുള്ള ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയുടെ കാലഘട്ടം സ്വതന്ത്ര ഗവേഷണങ്ങളാല്‍ സമ്പന്നമായിരുന്നു. ഇമാം ശാഫിഈ തന്റെ ശിഷ്യഗണങ്ങളോട് നിര്‍ദേശിച്ചതും അവരില്‍ വളര്‍ത്തി പരിശീലിപ്പിച്ചതും ഗവേഷണ മനോഭാവമായിരുന്നു. അന്ധമായ അനുകരണം അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. അവരിലത് പ്രകടമായിരുന്നുമില്ല. മദ്ഹബീ പക്ഷപാതിത്തം അവരുടെ ശൈലിയുമായിരുന്നില്ല. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുന്നതിലൂടെയോ ശിഷ്യന്മാരില്‍നിന്ന് നേരിട്ട് ഗ്രഹിക്കുന്നതിലൂടെയോ, ഇമാമിന്റെ ഗവേഷണങ്ങള്‍ മാത്രം മുറുകെ പിടിക്കണമെന്നും മറ്റെല്ലാ വീക്ഷണങ്ങളും തള്ളിക്കളയേണ്ടതാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നുമില്ല. ശാഫിഈ മദ്ഹബുമായി ചേര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ മറ്റു മദ്ഹബീ വീക്ഷണങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ശാഫിഈ കര്‍മശാസ്ത്ര സരണിയിലെ ധാരാളം പണ്ഡിതന്മാര്‍ സ്വതന്ത്ര ഗവേഷണത്തിന്റെ പദവി കൈവരിച്ചവരായിരുന്നു എന്നത് ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്. ശാഫിഈ കര്‍മശാസ്ത്രസരണിയില്‍ എണ്ണപ്പെട്ട ചിലര്‍ക്കെങ്കിലും ശാഫിഈ കര്‍മശാസ്ത്ര മദ്ഹബുകള്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ദാവൂദു ബ്‌നു അലിയുടെ ദാഹിരീ മദ്ഹബ് ശാഫിഈ മദ്ഹബിന്റെ ഗര്‍ഭപാത്രത്തില്‍ രൂപമെടുത്തതാണെന്ന അഭിപ്രായം അത്ര വിദൂരമൊന്നുമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഇജ്തിഹാദിന്റെ മൗലികവും ശാഖാ പരവുമായ കാര്യങ്ങളില്‍ ഇവരെല്ലാം ഒരേ നിലപാടുകാരായിരുന്നുവെന്ന അഭിപ്രായവും പരിഗണനീയമല്ല. 

ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരില്‍ ഒരുവിഭാഗം ഇമാം ശാഫിഈയുടെ ശിഷ്യന്മാരാണ്. ഇമാമിന്റെ ഇറാഖിലെ പ്രമുഖ ശിഷ്യന്മാര്‍ ഇവരാണ്; ഇമാമുസ്സുന്ന അഹ്മദു ബ്‌നു ഹമ്പല്‍, അല്‍ ഇമാം ഇബ്‌റാഹീം ബ്‌നു ഖാലിദ് അബൂസൗര്‍, അഹ്മദു ബ്‌നു ഖാലിദുല്‍ ഖല്ലാല്‍, അഹ്മദു ബ്‌നു സിനാനുല്‍ ഖത്താന്‍, അഹ്മദുബ്‌നു സറൈഹ് അന്നഹ്ശലി, അഹ്മദുബ്‌നു യഹ്‌യല്‍ ബഗ്ദാദി, ഇസ്ഹാഖുബ്‌നു റാഹവൈഹി, അല്‍ഹാരിസുബ്‌നു സുറൈജുന്നഖാല്‍, അല്‍ ഹസനുബ്‌നു മുഹമ്മദു ബ്‌നുസ്സബാഹ് അസ്സഅ്ഫറാനി, അല്‍ ഹുസൈന്‍ ബ്‌നു അലിയ്യുല്‍ കറാബീസി. ഇമാമിന്റെ ഈജിപ്തിലെ ശിഷ്യന്മാര്‍ വളരെ കൂടുതലാണ്. ശാഫിഈ കര്‍മശാസ്ത്രം കടന്നുചെല്ലാത്ത ഒരു ഗ്രാമവും അവിടെയില്ലെന്നതാണ് വസ്തുത. അദ്ദേഹത്തെ നിരന്തരമായി പിന്തുടര്‍ന്ന് നേരിട്ട് കാര്യങ്ങള്‍ പഠിച്ച് പ്രശസ്തരായി മാറിയ, മദ്ഹബ് പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഈജിപ്ഷ്യന്‍ ശിഷ്യന്മാരാണ് ഇമാം അബൂയഅ്ഖൂബ് അല്‍ബുവൈത്വി, അബൂ ഇബ്‌റാഹീമുബ്‌നു യഹ്‌യല്‍ മുസനി, അബൂമുഹമ്മദ് റബീഉബ്‌നു സുലൈമാനുല്‍ മുറാദി, റബീഉബ്‌നു സുലൈമാനുല്‍ ജീസി, ഇമാം മുഹമ്മദു ബ്‌നു അബ്ദില്ലാഹില്‍ ഹകം, ഹര്‍മലത് ബ്‌നു യഹ്‌യ, അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ ഹുമൈദി തുടങ്ങിയവര്‍. ഈ ശിഷ്യഗണങ്ങളെക്കുറിച്ച് സ്വതന്ത്രലേഖനം ഉള്ളതുകൊണ്ട്, ശാഫിഈ മദ്ഹബിലെ മറ്റു പ്രമുഖ പണ്ഡിതരെക്കുറിച്ചാണ് ഈ ലേഖനം. 

 

ഇമാം അബൂബക്‌റുന്നൈസാബൂരി

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍. യഥാര്‍ഥ പേര് മുഹമ്മദു ബ്‌നു ഇബ്‌റാഹീമുബ്‌നുല്‍ മുന്‍ദിരിന്നൈസാബൂരി. ഇബ്‌നുല്‍ മുന്‍ദിര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 242/856 ല്‍ ജനിച്ചു. വിജ്ഞാനാന്വേഷണാര്‍ഥം ധാരാളം രാജ്യങ്ങളില്‍ സഞ്ചരിച്ചു. പ്രമുഖ ഗുരുനാഥന്മാരെയും ശിഷ്യന്മാരെയും സമ്പാദിച്ചു. 309/921 ലോ, 310/922 ലോ മക്കയില്‍ മരിച്ചു. പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ സംബന്ധിച്ച് വിഖ്യാതമായ ഒന്നിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അനുകൂലികളും പ്രതികൂലികളും ഈ ഗ്രന്ഥത്തെ ആശ്രയിച്ചിരുന്നു. അല്‍ ഇശ്‌റാഫ് അതില്‍ വളരെ പ്രസിദ്ധമാണ്. നൈസാബൂരിയുടെ വിജ്ഞാനത്തിന്റെ ആഴവും പരപ്പും ഈ ഗ്രന്ഥം വിളിച്ചോതുന്നു. ഇവ്വിഷയകമായിത്തന്നെ അദ്ദേഹം രചിച്ച അല്‍ മബ്‌സൂത്ത് എന്ന ഗ്രന്ഥം അല്‍ ഇശ്‌റാഫിനേക്കാള്‍ ബൃഹത്താണ്. ഇതര കൃതികള്‍: ഇഖ്തിലാഫുല്‍ ഉലമാഅ്, തഫ്‌സീറുല്‍ ഖുര്‍ആന്‍, അല്‍ ഔസതുഫിസ്സുനനി വല്‍ ഇജ്മാഇ വല്‍ ഇഖ്തിലാഫ്, ഇസ്ബാതുല്‍ ഖിയാസ്. ത്വബഖതുശ്ശാഫിഈ (ശാഫിഈ പണ്ഡിതസരണി)കളില്‍ അദ്ദേഹം പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സ്വതന്ത്ര വീക്ഷണം വെച്ചുപുലര്‍ത്തിയിരുന്ന പണ്ഡിതനായിരുന്നു ഇബ്‌നുല്‍ മുന്‍ദിര്‍. 

 

അബൂജഅ്ഫറുത്ത്വബ്‌രി

അബൂജഅ്ഫര്‍ മുഹമ്മദു ബ്‌നു ജരീറിബ്‌നി യസീദുബ്‌നു കസീറിത്ത്വബ്‌രി. 224/839 ല്‍ ത്വബ്‌രിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍ എന്നീ വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടി. ചെറുപ്പത്തില്‍ റബീഉല്‍ മുറാദി, ഹസനുസ്സഅ്ഫറാനി തുടങ്ങിയ ശാഫിഈ ഇമാമിന്റെ ശിഷ്യന്മാരില്‍നിന്ന് മദ്ഹബീ വീക്ഷണമനുസരിച്ച് കര്‍മശാസ്ത്രം അഭ്യസിച്ചു. വൈജ്ഞാനിക മേഖല വികസിക്കുകയും സ്വതന്ത്രമായ ഇടങ്ങള്‍ രൂപം കൊള്ളുകയും ചെയ്തപ്പോള്‍ അദ്ദേഹം സ്വതന്ത്ര ഗവേഷണത്തിലേക്ക് തിരിഞ്ഞു. അടിസ്ഥാന-ശാഖാ വീക്ഷണങ്ങളില്‍ തന്റേതായ വീക്ഷണം രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ നാമവുമായി ചേര്‍ത്ത് ജരീറി മദ്ഹബ് എന്ന പേരില്‍ അത് അറിയപ്പെടാന്‍ തുടങ്ങി. പില്‍ക്കാലത്ത് ഈ മദ്ഹബ് നാമാവശേഷമായി. തഫ്‌സീര്‍, ചരിത്രം എന്നീ വിഷയങ്ങളില്‍ തന്റെ  പേരുമായി ചേര്‍ത്ത് അറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍ വളരെ പ്രശസ്തങ്ങളാണ്. ഉദാ: തഫ്‌സീറുത്ത്വബ്‌രി, താരീഖുത്ത്വബ്‌രി. ഹിജ്‌റ 310/922-ല്‍ അദ്ദേഹം മരണപ്പെട്ടു.

ഇക്കാലഘട്ടത്തിലെ (ഹി. 270-440) ധാരാളം പ്രമുഖ മുഹദ്ദിസുകള്‍ ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയവരാണ്. ആ മുഹദ്ദിസുകളും മദ്ഹബിന്റെ പണ്ഡിതന്മാരായാണ് പരിഗണിക്കപ്പെടുന്നത്. ഈ കാഴ്ചപ്പാട് ശാഫിഈ മദ്ഹബിന്റെ സുദീര്‍ഘമായ യാത്രയില്‍ ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയുമല്ല. ശാഫിഈ വീക്ഷണമനുസരിച്ച് കര്‍മശാസ്ത്രം അഭ്യസിച്ചവരെല്ലാം ശാഫിഈ മദ്ഹബുകാരായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ശാഫിഈ പണ്ഡിതന്മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ത്വബഖാതുശ്ശാഫിഈയ്യയും മുഹദ്ദിസുകളുടെ ജീവചരിത്ര കൃതികളായ ത്വബഖാതുല്‍ മുഹദ്ദിസീന വല്‍ ഹുഫ്ഫാളും പരിശോധിച്ചാല്‍ വളരെ വ്യക്തമാകും. ഇരു ഗ്രന്ഥങ്ങളിലും നമുക്ക് ഒരേ നാമങ്ങള്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഇത് ഒരു അപൂര്‍വ സംഭവമൊന്നുമല്ല. ഇമാം ശാഫിഈ അഹ്‌ലുല്‍ ഹദീസിന്റെ പാഠശാലയില്‍ സുഫ്‌യാനുബ്‌നു ഉയൈയ്‌ന (മക്ക), മാലികു ബ്‌നു അനസ് (മദീന) എന്നിവരില്‍നിന്നാണ് ഹദീസുകള്‍ കരഗതമാക്കിയത്. ഹിജ്‌റ 195/810 ല്‍ ബഗ്ദാദില്‍ മടങ്ങിയെത്തിയപ്പോള്‍ നാസ്വിറുസ്സുന്ന (സുന്നത്തിന്റെ സംരക്ഷകന്‍) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. നബി ചര്യയുടെ പ്രാമാണികതയെ പ്രതിരോധിക്കാനും ഖബറുല്‍ വാഹിദ് തെളിവിന് സ്വീകാര്യമാണെന്ന് സ്ഥാപിക്കാനും തന്റെ പ്രശസ്തമായ അര്‍രിസാലയില്‍ നടത്തിയ ശ്രമമാണ് ഇമാമിന് ഈ പദവി നേടിക്കൊടുത്തത്. 

പ്രമുഖ മുഹദ്ദിസുകള്‍

ഇബ്‌നു ഖുസൈമ

യഥാര്‍ഥ നാമം അല്‍ ഹാഫിള് അബൂബക്ര്‍ മുഹമ്മദു ബ്‌നു ഇസ്ഹാഖു ബ്‌നു ഖുസൈമതിസ്സില്‍മി അന്നൈസാബൂരി. ഹി.223/838 ല്‍ നൈസാബൂരില്‍ ജനനം. ചെറുപ്പം മുതലേ ഹദീസ് കര്‍മശാസ്ത്ര പഠനത്തില്‍ മുഴുകി. ഹദീസ് പഠനാര്‍ഥം ശാം, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ഇസ്ഹാഖുബ്‌നു റാഹവൈഹി, മുഹമ്മദു ബ്‌നു ഹുമൈദ്, മുഹമ്മദു ബ്‌നു ഗൈലാന്‍, ഉഖ്ബതുബ്‌നു അബ്ദില്ലാഹില്‍ മര്‍വസി, അലിയ്യുബ്‌നു ഹുജര്‍, അഹ്മദുബ്‌നു മനീഅ് തുടങ്ങി നിരവധി പണ്ഡിതന്മാരില്‍നിന്ന് ഹദീസ് പഠിച്ചു. ബുഖാരി, മുസ്‌ലിം (സ്വഹീഹുകളില്‍ അല്ല) എന്നിവര്‍ക്ക് പുറമെ മുഹമ്മദുബ്‌നു അബ്ദില്ലാഹിബ്‌നു അബില്‍ ഹകം, അഹ്മദുബ്‌നു മുബാറക് തുടങ്ങി ധാരാളം നിവേദകര്‍ അദ്ദേഹത്തില്‍നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ശാഫിഈയുടെ ശിഷ്യന്മാരായ മുസ്‌നിയില്‍നിന്നും റബീഇല്‍നിന്നുമാണ് കര്‍മശാസ്ത്രം അഭ്യസിച്ചത്. കര്‍മശാസ്ത്രത്തില്‍ മുജ്തഹിദിന്റെ പദവി നേടിയിട്ടുണ്ട്. അക്കാലത്തെ ഖുറാസാനിലെ പണ്ഡിത നേതൃത്വം അദ്ദേഹത്തിനായിരുന്നു. സുബ്കി അദ്ദേഹത്തെ 'ഇമാമുല്‍ അഇമ്മ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഹിജ്‌റ 312/924 ല്‍ മരിച്ചു. 

ഫിഖ്ഹിനേക്കാള്‍ ഹദീസ് രചനയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. സ്വഹീഹ് ഇബ്‌നു ഖുസൈമ എന്ന പേരില്‍ അറിയപ്പെടുന്ന മുഖ്തസ്വറുല്‍ മുഖ്തസ്വര്‍ ഉള്‍പ്പെടെ 140 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 

 

അല്‍ ഹാഫിള് അബൂമുഹമ്മദ് അര്‍റാസി

അല്‍ ഹാഫിള് അബൂമുഹമ്മദ് അബ്ദുര്‍റഹ്മാനു ബ്‌നു ഹാതിം അല്‍ ഹന്‍ളലി അര്‍റാസി എന്നാണ് പൂര്‍ണനാമം. ഹി. 240/854-ല്‍ ജനനം. ഹദീസ് പഠനത്തിനായി പിതാവിനോടൊപ്പം ഖുറാസാനില്‍നിന്ന് യാത്രയാരംഭിച്ചു. ഇല്‍മുല്‍ ജുര്‍ഹ് വത്തഅ്ദീല്‍ (റാവികളുടെ ബലാബല പരിശോധനാ ശാസ്ത്രം), ഇല്‍മുല്‍ ഇലല്‍ എന്നീ വിജ്ഞാന ശാഖകളിലും, ശാഫിഈ കര്‍മശാസ്ത്രത്തിലും അവഗാഹം നേടി. ഹദീസ് പഠന റിപ്പോര്‍ട്ടര്‍മാരുടെ ചരിത്രത്തില്‍ തികവുറ്റ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. ധാരാളം രചനകള്‍ നടത്തി. ഹിജ്‌റ 327/938 ല്‍ അന്തരിച്ചു. 

 

ദാറുഖുത്വ്‌നി

അല്‍ ഹാഫിള് അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമറു ബ്‌നു അഹ്മദു ബ്‌നു മഹ്ദിദ്ദാറുഖുത്വ്‌നി എന്നാണ് പൂര്‍ണനാമം. ജനനം ബഗ്ദാദിലെ ദാറുഖുത്വ്ന്‍ എന്ന പ്രദേശത്ത്. ഹദീസ് ശേഖരണത്തില്‍ നിപുണനായ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് സുനനു ദാറുഖുത്വ്‌നി. ഹിജ്‌റ 306/918 ല്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍ ഇമാം ബഗവിയാണ്. ഹദീസ് പഠനത്തിനായി ഇറാഖിനു പുറമെ ഈജിപ്ത്, സിറിയ എന്നീ നാടുകളില്‍ പര്യടനം നടത്തി. അബൂസഈദില്‍ ഇസ്വ്ത്വഖ്‌രിയാണ് ശാഫിഈ കര്‍മശാസ്ത്രത്തിലെ പ്രധാന ഗുരു. സുനനുദ്ദാറുഖുത്വ്‌നി, കിതാബുല്‍ ഇലല്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍. ഹിജ്‌റ 385/995-ല്‍ ബഗ്ദാദില്‍ മരണപ്പെട്ടു. 

ശാഫിഈ മദ്ഹബും അതിലെ പ്രഗത്ഭ പണ്ഡിതന്മാരും മറ്റുള്ളവരില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന സവിശേഷതകള്‍ വിവരിച്ചുകൊണ്ട് ത്വബഖാതുശ്ശാഫിഈയെന്ന ഗ്രന്ഥത്തില്‍ ജമാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ഇസ്‌നവി എഴുതുന്നു: ''ഹദീസിന്റെ ഇമാമുകളധികവും ഇമാം ശാഫിഈയില്‍ നിന്നോ പിന്‍ഗാമികളില്‍നിന്നോ വിജ്ഞാനം സ്വീകരിച്ചവരാണ്. ഇമാം അഹ്മദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, ഇബ്‌നുല്‍ മുന്‍ദിര്‍, ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നു ഖുസൈമ, ബൈഹഖി, ഹാകിം, ഖത്ത്വാബി, ഖത്വീബ് തുടങ്ങിയവര്‍ ഉദാഹരണം.''

 

ജഡ്ജ്‌മെന്റ് ഏറ്റെടുക്കുന്നു

ഇക്കാലഘട്ടത്തിലെ (270-404) ധാരാളം പണ്ഡിതന്മാര്‍ പൂര്‍വ ദിക്കുകളിലെ ധാരാളം പട്ടണങ്ങളില്‍ ജുഡീഷ്യറിയുടെ ഉത്തരവാദിത്വമേറ്റെടുത്തു. അബ്ബാസീ ഖലീഫമാരും മറ്റു പ്രദേശങ്ങളിലെ സുല്‍ത്താന്മാരും തങ്ങളുടെ അധികാരപരിധിയില്‍പെടുന്ന നാടുകളില്‍ കൂടുതല്‍ പ്രചാരമുള്ള മദ്ഹബുകളിലെ പണ്ഡിതന്മാരെയാണ് ജഡ്ജിമാരായി നിയമിച്ചത്. ജനങ്ങളുടെ മനസ്സ് കീഴ്‌പ്പെടുത്താനും ഫിത്‌നകളുടെ കവാടം അടക്കുന്നതിനും അത് അനിവാര്യമായിരുന്നു. ഖാദിയുടെ വിശാലമായ വിജ്ഞാനം, സല്‍സ്വഭാവം, നല്ല പെരുമാറ്റം, ഭരണാധികാരിക്ക് വ്യക്തിയോടും മദ്ഹബിനോടുമുള്ള അനുഭാവം തുടങ്ങിയവയും പരിഗണനയുടെ മാനദണ്ഡമായിരുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഒരു മദ്ഹബിലെ പണ്ഡിതന്മാരെ ജഡ്ജി പദം ഏല്‍പ്പിക്കുന്നതിലൂടെ ആ മദ്ഹബിന്റെ പ്രചാരണത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. 

 

ജഡ്ജിപദവി ഏറ്റെടുത്ത പണ്ഡിതന്മാര്‍

 

അബൂല്‍ അബ്ബാസ് ഇബ്‌നു സുറൈജുല്‍ ബഗ്ദാദി

ശാഫിഈ മദ്ഹബിന്റെ ശക്തനായ പ്രചാരകന്‍, കണക്കറ്റ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, ഹിജ്‌റ മൂന്നാം ശതകത്തിലെ പരിഷ്‌കര്‍ത്താവ്, ചെറിയ ശാഫിഈ എന്നീ നിലകളിലെല്ലാം പ്രശസ്തന്‍. പ്രഗത്ഭനായ അബൂഇസ്ഹാഖുശ്ശീറാസി തന്റെ ത്വബഖാത്തില്‍ എഴുതുന്നു: ''ഇമാം അബൂസുറൈജ് ശാഫിഈ അനുയായികളില്‍ എല്ലാവരേക്കാളും പ്രഗത്ഭനാണ്. ഇമാം മുസനിയടക്കമുള്ള ശാഫിഈ ശിഷ്യന്മാരേക്കാള്‍ ശ്രേഷ്ഠത കല്‍പ്പിക്കപ്പെടുന്നത് അദ്ദേഹത്തിനാണ്. ആദ്യ കാലത്ത് ശീറാസിലെ ഖാദി പദം അലങ്കരിച്ച അദ്ദേഹം മുസ്‌ലിംകളുടെ അതുല്യനായ ഇമാമാണ്.'' 

ശീറാസിലെ ജഡ്ജിയായിരുന്ന അദ്ദേഹം ഹിജ്‌റ 366/975-ല്‍ അന്തരിച്ചു. 

 

അബൂസഈദില്‍ ഇസ്ത്വഖ്‌രി

ശരിയായ പേര് അല്‍ ഹസനുബ്‌നു അഹ്മദുബ്‌നു യസീദില്‍ ഇസ്ത്വഖ്‌രി. ഹിജ്‌റ 244/859ല്‍ പേര്‍ഷ്യയിലെ ഇസ്ത്വഖ്‌റില്‍ ജനിച്ചു. ശാഫിഈ കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയ അദ്ദേഹം  ഖുമ്മിലെ ഖാദിയായി ജോലി ചെയ്തിട്ടുണ്ട്. നീതിമാനും ഭക്തനും പരിത്യാഗിയുമായ അദ്ദേഹം തുടര്‍ന്ന് ബഗ്ദാദിലെ ഓഡിറ്ററായി നിയമിക്കപ്പെട്ടു. ഖലീഫ മുഖ്തദിര്‍ ബില്ലയുടെ കാലത്ത് സിജിസ്താനിലെ ഖാദിയായി നിയമിക്കപ്പെട്ടു. ഇബ്‌നു സുറൈജിന്റെ സമശീര്‍ഷനായി ഗണിക്കപ്പെടുന്ന പണ്ഡിതനാണദ്ദേഹം. സഅ്ദു ബ്‌നു നസ്വ്ര്‍, അഹ്മദുബ്‌നു മന്‍സൂരിര്‍റമാദി, അബ്ബാസുദ്ദൂരി തുടങ്ങിയവരില്‍നിന്ന് ഹദീസ് പഠിച്ചു. റബീഇന്റെയും മുസനിയുടെയും ശിഷ്യന്മാരാണ് കര്‍മശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. മുഹമ്മദു ബ്‌നു മുളഫ്ഫര്‍, ദാറുഖുത്വ്‌നി, ഇബ്‌നു ശാഹീന്‍ തുടങ്ങിയവര്‍ അദ്ദേഹത്തില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അദബുല്‍ ഖദാഅ്, കിതാബുല്‍ ഫറാഇദ്, അശ്ശുറൂത്വു വല്‍ വസാഇഖ് വല്‍ മഹാളിറു വസ്സിജില്ലാത് തുടങ്ങിയവയാണ് പ്രധാന രചനകള്‍. ഹിജ്‌റ 328/940 ല്‍ മരണപ്പെട്ടു. 

 

അബുസ്സാഇബ് ഉത്ബതുബ്‌നു ഉബൈദില്ലാഹിബ്‌നു മൂസല്‍ ഹമദാനി

പേര്‍ഷ്യയിലെ വടക്കന്‍ പ്രവിശ്യയിലെ ഹമദാനില്‍ 244/858-ല്‍ ജനനം. ശാഫിഈ കര്‍മശാസ്ത്ര സരണിയനുസരിച്ച് വിദ്യാഭ്യാസം നേടി. ആദ്യം അസര്‍ബീജാനില്‍ ഭാഗികമായും പിന്നീട് ആ പ്രവിശ്യയില്‍ പൂര്‍ണമായും നീതിന്യായ വകുപ്പിന്റെ ചുമതല വഹിച്ചു. അനന്തരം ബഗ്ദാദിലേക്ക് മാറി ചീഫ് ജസ്റ്റിസിന്റെ പദവി (ഖാദില്‍ ഖുദാത്) ഏറ്റെടുത്തു. ഹി. 338/949-ലാണ് പ്രസ്തുത പദവി സ്വീകരിക്കുന്നത്. ഒരു ശാഫിഈ പണ്ഡിതന് ചീഫ് ജസ്റ്റിസ് പദവി ലഭിക്കുന്നത് ആദ്യമാണ്. ഹി. 350/961-ല്‍ അന്തരിച്ചു. 

 

ഖാദി അബൂബിശ്ര്‍ ഉമറുബ്‌നു അഖ്‌സമുല്‍ അസദി

ഹിജ്‌റ 284/897ല്‍ ജനനം. ബഗ്ദാദിലെ അതുല്യനായ ശാഫിഈ പണ്ഡിതന്‍. അബ്ബാസീ ഖലീഫ അല്‍ മുത്വീഉ് ലില്ലയുടെ കാലത്ത് ഖാദില്‍ ഖുദാത് അബുസ്സാഇബിന്റെ നിര്‍ദേശാനുസരണം ബഗ്ദാദിലെ ഖാദിയായി ചുമതലയേറ്റു. അബുസ്സാഇബിന്റെ മരണശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ അവരോധിതനായി. 357/967-ല്‍ മരണം. 

 

ഖാദി അബൂമുഹമ്മദ്

അബ്ദുല്ലാഹിബ്‌നു അലിയ്യുബ്‌നുല്‍ ഹസന്‍ അല്‍ ഖര്‍മീസീനിയ്യ എന്ന് യഥാര്‍ഥ നാമം. പേര്‍ഷ്യയുടെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഖര്‍മീസീനി. 279/892-ല്‍ ജനനം. തന്റെ കാലഘട്ടത്തിലെ ഉന്നതരായ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ കീഴില്‍ പഠനം. കാസ്പിയന്‍ കടലിന്റെ വടക്കുകിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ജുര്‍ജാനില്‍ ന്യായാധിപസ്ഥാനം ഏറ്റെടുത്തു. 377/987-ല്‍ അന്തരിച്ചു. 

 

ശാഫിഈ മദ്ഹബ് പ്രചരിച്ച പ്രദേശങ്ങളിലെ ഖാദിസ്ഥാനം മാത്രമായിരുന്നില്ല പണ്ഡിതന്മാരെ തേടിയെത്തിയത്. അവരില്‍ ചിലരെങ്കിലും മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.  

 

അബുല്‍ ഫദ്ല്‍

മുഹമ്മദു ബ്‌നു ഉബൈദില്ലാഹിബ്‌നു മുഹമ്മദ് അത്തമീമി എന്ന് ശരിയായ നാമം. ബല്‍അമീ എന്ന പേരില്‍ അറിയപ്പെടുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ബല്‍അം. ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍. മുഹമ്മദു ബ്‌നു നസ്‌റുല്‍ മര്‍വസിയില്‍നിന്നാണ് ഫിഖ്ഹ് അഭ്യസിച്ചത്. ദീര്‍ഘകാലം അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. മാവറാ അന്നഹ്‌റിലെ വിവിധ സുല്‍ത്താന്മാരുടെ കീഴില്‍ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. 329/940-ല്‍ അന്തരിച്ചു. 

 

ഇറാഖീ ധാരയിലെ പ്രമുഖര്‍

 

അബൂഹാമിദ് അല്‍ ഇസ്ഫറായീനി

ശരിയായ പേര് അഹ്മദു ബ്‌നു മുഹമ്മദുബ്‌നു അഹ്മദില്‍ ഇസ്ഫറായീനി. 344/955 ല്‍ ജനിച്ചു. ഇപ്പോള്‍ പ്രസ്തുത സ്ഥലം തുര്‍ക്കുമെനിസ്താന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.  ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനാണ്. 

19-ാം വയസ്സില്‍ ബഗ്ദാദില്‍ എത്തി അബുല്‍ ഹസനുല്‍ മര്‍സുബാന്‍, അബുല്‍ ഖാസിമിദ്ദാറികി തുടങ്ങിയ പണ്ഡിതന്മാരില്‍നിന്ന് കര്‍മശാസ്ത്രം പഠിച്ചു. കര്‍മശാസ്ത്രത്തില്‍ അഗാധജ്ഞാനിയെന്ന കീര്‍ത്തി നേടി. ശാഫിഈ മദ്ഹബില്‍ പ്രത്യേക വ്യുല്‍പത്തിയുണ്ടായിരുന്ന അബൂഹാമിദ് അക്കാലത്ത് ബഗ്ദാദില്‍ ശാഫിഈ മദ്ഹബിന്റെ ആധികാരിക വക്താവായിരുന്നു. ഇസ്ഫറായീനിയുടെ സദസ്സില്‍ മുന്നൂറിലധികം പണ്ഡിതന്മാര്‍ സമ്മേളിക്കാറുണ്ടായിരുന്നുവത്രെ. ഭരണാധികാരികളും പൊതുജനങ്ങളും ഒരുപോലെ അദ്ദേഹത്തെ ആദരിച്ചു. 17ാം വയസ്സില്‍ ഫത്‌വ നല്‍കാന്‍ തുടങ്ങി. അല്‍ ഖത്വീബുല്‍ ബഗ്ദാദി പറയുന്നു: ''മസ്ജിദ് അബ്ദുല്ലാഹിബ്‌നില്‍ മുബാറകില്‍ ഞാന്‍ ഇസ്ഫറായീനിയുടെ പഠന ക്ലാസില്‍ സംബന്ധിക്കുകയുണ്ടായി. 700 ഓളം കര്‍മശാസ്ത്ര വിദ്യാര്‍ഥികള്‍ അതില്‍ പങ്കെടുക്കാറുണ്ടെന്ന് പറയുന്നത് കേട്ടു. ഇമാം ശാഫിഈ അദ്ദേഹത്തെ കണ്ടിരുന്നുവെങ്കില്‍ വളരെ സന്തോഷിക്കുമായിരുന്നവെന്ന് ജനങ്ങള്‍ പറയാറുണ്ട്.'' ഇറാഖീ ചിന്താസരണിയുടെ ശൈഖ് എന്ന പേരില്‍ അദ്ദേഹം വിശ്രുതനാണ്. അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ പലരും അദ്ദേഹത്തെ നാലാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. 406/1016 ല്‍ അദ്ദേഹം ബഗ്ദാദില്‍ മരിച്ചു. 

50 വാള്യങ്ങളുള്ള ശറഹുല്‍ മസനി അദ്ദേഹത്തിന്റെ കൃതിയാണ്. ഉസ്വൂലുല്‍ ഫിഖ്ഹിലും ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അത്തഅ്‌ലീഖതുല്‍ കുബ്‌റ, അല്‍ബുസ്താന്‍ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. 

 

ഖാദി അബുത്ത്വയ്യിബ്

ത്വാഹിറുബ്‌നു അബ്ദില്ലാഹിബ്‌നു ത്വാഹിറുത്ത്വബ്‌രി എന്ന് യഥാര്‍ഥനാമം. 348/959 ല്‍ ത്വബരിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ജനനം. ജന്മനാട്ടിലെ ശാഫിഈ പണ്ഡിതന്മാരില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി അബൂഹാമിദുല്‍ ഇസ്ഫറാഈനിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിന് ബഗ്ദാദിലേക്ക് യാത്രതിരിച്ചു. വര്‍ഷങ്ങളോളം അദ്ദേഹത്തില്‍ നിന്നു പഠനം നടത്തി. ഇറാഖി ചിന്താധാരയെന്നറിയപ്പെടുന്ന ശാഫിഈ കര്‍മശാസ്ത്ര വിഭാഗത്തില്‍ അദ്ദേഹം ധാരാളം കൃതികള്‍ രചിച്ചു. 450/1058-ല്‍ ബഗ്ദാദില്‍ മരിച്ചു. ന്യായാധിപസ്ഥാനം വഹിച്ചതു കൊണ്ടാണ് അദ്ദേഹം ഖാദി എന്ന് അറിയപ്പെടുന്നത്. 

 

അല്‍ഇമാം അബുല്‍ഹസന്‍

അലിയ്യുബ്‌നു മുഹമ്മദു ബ്‌നു ഹബീബുല്‍ മാവര്‍ദി അല്‍ ബസ്വരി എന്നാണ് യഥാര്‍ഥ നാമം. 364/975-ല്‍ ബസ്വറയില്‍ ജനനം. തന്റെ കാലത്തെ അതിപ്രഗത്ഭരായ പണ്ഡിതന്മാരില്‍ നിന്നാണ് വിദ്യയഭ്യസിച്ചത്. വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. ബസ്വറ, ബഗ്ദാദ് എന്നിവിടങ്ങളില്‍ ക്ലാസുകള്‍ നടത്തുകയും ഫത്‌വകള്‍ നല്‍കുകയും ചെയ്തു. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. അല്‍ അഹ്കാമു സ്സുല്‍ത്വാനിയ്യ വളരെ പ്രശസ്തമാണ്. അല്‍ഹാവി എന്ന പേരില്‍ അറിയപ്പെടുന്ന താരതമ്യ കര്‍മശാസ്ത്ര ഗ്രന്ഥം വളരെ കനപ്പെട്ടതാണ്. 450/1058 ല്‍ ബഗ്ദാദില്‍ അന്തരിച്ചു. 

 

ഖുറാസാനീ ധാരയിലെ പ്രമുഖര്‍

 

അല്‍ ഇമാം അബൂബക്ര്‍

അബ്ദുല്ലാഹിബ്‌നു അഹ്മദു ബ്‌നു അബ്ദില്ലാഹില്‍ മര്‍വസി എന്ന് യഥാര്‍ഥ നാമം. അല്‍ ഖഫ്ഫാലുസ്സഗീര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഖുറാസാനിലെ മര്‍വ് പ്രദേശത്ത് 327/938 ല്‍ ജനിച്ചു. പൂട്ട് നിര്‍മാതാവായി ജീവിതം ആരംഭിച്ചതുകൊണ്ട് ഖഫ്ഫാല്‍ എന്നറിയപ്പെട്ടു. മുപ്പതാം വയസ്സിലാണ് കര്‍മശാസ്ത്ര പഠന രംഗത്തേക്ക് തിരിഞ്ഞത്. ഓര്‍മശക്തി, പാണ്ഡിത്യം, സ്വഭാവ മഹിമ എന്നിവയില്‍ സമകാലിക രെ കവച്ചുവെച്ചു. പ്രമുഖ പണ്ഡിതന്മാരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. ഗവേഷണ- പഠന-മനനങ്ങളിലുള്ള ദീര്‍ഘവീക്ഷണവും കുശാഗ്രബുദ്ധിയും അപാരം. ശാഫിഈ മദ്ഹബില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പ്രത്യേകം വിലമതിക്കപ്പെട്ടു. ഗ്രന്ഥരചനയില്‍ ഖുറാസാനി ധാരയുടെ ശൈഖായി അദ്ദേഹം പരിഗണിക്കപ്പെട്ടു. ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു. 417/1026-ല്‍ മരണപ്പെട്ടു. 

 

അല്‍ഇമാം അബൂമുഹമ്മദ്

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതപ്രമുഖന്‍. ഖുര്‍ആന്‍ വ്യാഖ്യാതാവ്. ശരിയായ പേര് അബ്ദുല്ലാഹിബ്‌നു യൂസുഫ് ബ്‌നു അബ്ദുല്ലാഹില്‍ ജുവൈനി. പ്രമുഖ ശാഫിഈ പണ്ഡിതനായ ഇമാമുല്‍ ഹറമൈനിയുടെ പിതാവ്. നൈസാബൂരിലെ ജൂവൈന്‍ ആണ് ജന്മദേശം. 

ജൂവൈനില്‍ പിതാവ് അബൂയഅ്ഖൂബ് യൂസുഫില്‍നിന്ന് സാഹിത്യവും നൈസാബൂരിലെ അബൂത്ത്വയ്യിബിസ്സഅ്‌ലൂകിയില്‍നിന്ന് ഫിഖ്ഹും പഠിച്ചു. പിന്നീട് മര്‍വില്‍ പോയി അബൂബക്‌റില്‍ ഖഫ്ഫാലില്‍ മര്‍വസിയുടെ കീഴില്‍ ഉപരിപഠനം നടത്തി. സ്വന്തം മദ്ഹബിലും ഭിന്ന വീക്ഷണങ്ങളിലും അവഗാഹം നേടിയ ശേഷം നൈസാബൂരിലേക്ക് മടങ്ങി, അധ്യാപനത്തിലും ഫത്‌വ നല്‍കുന്നതിലും ഏര്‍പ്പെട്ടു. പുത്രന്‍ ഇമാമുല്‍ ഹറമൈനിയടക്കം ധാരാളം ശിഷ്യന്മാരുണ്ട്. 438/1047-ല്‍ നൈസാബൂരില്‍ മരണപ്പെട്ടു. 

അത്തഫ്‌സീറുല്‍ കബീര്‍, അത്തബ്‌സ്വിറ അത്തദ്കിറാ മുഖ്തസ്വറുല്‍ മുഖ്തസ്വര്‍, അല്‍ ഫര്‍ഖു വല്‍ജംഅ്, അസ്സില്‍സില, മൗഖിഫുല്‍ ഇമാമി വല്‍മഅ്മൂം, അത്തല്‍ഖീസ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

 

അല്‍ഇമാം അബൂഅലി

ശരിയായ പേര് അല്‍ ഹുസൈന്‍ ബ്‌നു മുഹമ്മദു ബ്‌നു അഹ്മദുല്‍ മര്‍വ് റോസി. ഖാദി ഹുസൈന്‍ എന്ന പേരില്‍ പ്രസിദ്ധന്‍. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജനനം. ഇമാം അല്‍ ഖഫ്ഫാലുസ്സ്വഗീറാണ് പ്രധാന ഗുരു. തന്റെ കാലഘട്ടത്തില്‍ ഖുറാസാനിലുടനീളം അംഗീകരിക്കപ്പെടുന്ന പണ്ഡിതനായി വളര്‍ന്നു. കര്‍മശാസ്ത്രത്തിന്റെ അര്‍ഥങ്ങളിലേക്കും ആഴങ്ങളിലേക്കും ആഴ്ന്നിറങ്ങിയ പണ്ഡിതനായിരുന്നു. 432/1069 ല്‍ മരണപ്പെട്ടു. 

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭം സമന്വയത്തിന്റെ കാലഘട്ടമായിരുന്നു. പ്രമുഖ ശാഫിഈ പണ്ഡിതന്മാര്‍ ഇറാഖീ-ഖുറാസാനീ ചിന്താസരണികളുടെ സംയോജനത്തിനു ശ്രമിച്ചു. വൈജ്ഞാനിക വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ അവരും ഒരു ധാരയുടെ വക്താക്കളായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും, തെളിവുകള്‍ അവതരിപ്പിക്കുന്നതിലും പ്രശ്‌നപരിഹാരത്തിനു സ്വതന്ത്ര തീരുമാനങ്ങളില്‍ എത്തിച്ചേരുന്നതിലും ഇരു വിഭാഗത്തിന്റെയും ഗ്രന്ഥങ്ങള്‍ അവര്‍ അവലോകനത്തിനു വിധേയമാക്കി. ഇവരില്‍ പ്രമുഖനായിരുന്നു ഇമാമുല്‍ ഹറമൈനി. 

 

ഇമാമുല്‍ ഹറമൈനി

അബുല്‍ മആലി അബ്ദുല്‍ മലിക് ബ്‌നു അബ്ദില്ലാഹിബ്‌നു യൂസുഫ് ജുവൈനി എന്ന് പൂര്‍ണനാമം. കര്‍മശാസ്ത്രത്തിനു അദ്ദേഹം പുതിയ ഭാവവും ശൈലിയും നല്‍കി.  419/1028-ല്‍ നൈസാബൂരിനടുത്ത ജുവൈനിലാണ് ജനനം. തന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് പിതാവ് തന്നെയായിരുന്നു. ചെറുപ്പം മുതലേ ജീവിതം സംശുദ്ധമായിരിക്കണമെന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. നാലു വര്‍ഷത്തിലേറെ മക്കയിലും മദീനയിലും വിജ്ഞാനം വിനിമയം ചെയ്യുന്നതിന് ചെലവഴിച്ചു.  അവിടെ താമസിച്ചതുകൊണ്ടാണ് ഇമാമുല്‍ ഹറമൈനി എന്ന പേര് സിദ്ധിച്ചത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനയാണ് നിഹായ എന്ന പേരില്‍ അറിയപ്പെടുന്ന നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറായതില്‍ മദ്ഹബ്. കര്‍മശാസ്ത്ര സരണിയില്‍ പില്‍ക്കാലത്തുണ്ടായ എല്ലാ ഗ്രന്ഥങ്ങളുടെയും അവലംബ കേന്ദ്രമത്രെ ഈ ഗ്രന്ഥം. നിളാമുല്‍ മുല്‍ക് നൈസാബൂരില്‍ സ്ഥാപിച്ച മദ്രസത്തുന്നിളാമിയ്യയില്‍ മുപ്പത് വര്‍ഷത്തോളം അധ്യാപനം നടത്തി. ഇമാം ഗലാലി, ഇമാം ഖവ്വാഫ് എന്നിവര്‍ പ്രമുഖ ശിഷ്യന്മാരാണ്. 478/1085-ല്‍ അന്തരിച്ചു.

 

അല്‍ഇമാം അബൂഹാമിദുല്‍ ഗസ്സാലി

ഹുജ്ജത്തുല്‍ ഇസ്‌ലാം മുഹമ്മദു ബ്‌നു മുഹമ്മദുല്‍ ഗസാലി. 450/1058 ല്‍ ഖുറാസാനിലെ തൂസ് നഗരത്തിനു സമീപമുള്ള ത്വാഹിറാന്‍ എന്ന പ്രദേശത്ത് ജനിച്ചു. പ്രധാന ഗുരു ഇമാമുല്‍ ഹറമൈനി. ഇസ്‌ലാമിക ലോകത്ത് ധിഷണകൊണ്ടും കര്‍മംകൊണ്ടും വ്യക്തിമുദ്ര പതിപ്പിച്ച ദാര്‍ശനികനും പണ്ഡിതനും. അറിവു തേടിയുള്ള നിരന്തര യാത്രയായിരുന്നു ഇമാമിന്റെ ജീവിതം. ജൂര്‍ജാന്‍, നൈസാബൂര്‍, ഹിജാസ്, ശാം, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് വിജ്ഞാനം തേടി മാറി മാറി യാത്ര ചെയ്തു. ഹിജ്‌റ 484-ല്‍ തന്റെ 34-ാം വയസ്സില്‍ മദ്‌റസതുന്നിളാമിയ്യയില്‍ അധ്യാപകനായിരിക്കുന്ന കാലത്താണ് ശാഫിഈ കര്‍മശാസ്ത്ര ധാരയുടെ വളര്‍ച്ചയില്‍ നിര്‍മാണാത്മകമായ ഇടപെടലുകള്‍ നടത്തിയത്. ബൈതുല്‍ മുഖദ്ദസില്‍വെച്ചാണ് തന്റെ പ്രസിദ്ധമായ ഇഹ്‌യായുടെ രചന നിര്‍വഹിക്കുന്നത്. ജന്മനാട്ടില്‍ വെച്ച് 505/1111-ല്‍ മരണം.

 

അല്‍ഹാഫിദ് അബൂബക്ര്‍ അഹ്മദു ബ്‌നു ഹുസൈന്‍ അലിയ്യുല്‍ ബൈഹഖി

പ്രസിദ്ധ ഹദീസ് പണ്ഡിതന്‍, ശാഫിഈ കര്‍മശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യം. 384/994 ല്‍ നൈസാബൂരിലെ ബൈഹഖ് ഗ്രാമത്തില്‍ ജനിച്ചു. ഹദീസ്, ഫിഖ്ഹ് പഠനാര്‍ഥം ഹിജാസ്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. നിരവധി പണ്ഡിതന്മാര്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തു. ബൈഹഖി കര്‍മശാസ്ത്രത്തില്‍ നേടിയ പാണ്ഡിത്യത്തെ വിലയിരുത്തി ഇമാമുല്‍ ഹറമൈനി പറഞ്ഞു. ''ബൈഹഖി ഒഴിച്ചുള്ള എല്ലാ കര്‍മശാസ്ത്ര പണ്ഡിതന്മാരും ഇമാം ശാഫിഈയോടു കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ബൈഹഖിയോട് ഇമാം ശാഫിഈയാണ് കടപ്പെട്ടിരിക്കുന്നത്.'' ശാഫിഈ മദ്ഹബിന് അനുകൂലമായി അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളുടെ പെരുപ്പമാണ് അങ്ങനെ പറയാന്‍ പ്രേരകം. 458/1066 ല്‍ നൈസാബൂരില്‍ മരിച്ചു. ബൈഹഖില്‍ ഖബ്‌റടക്കി. 

നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍: അസ്സുനനുല്‍ കബീര്‍ (10 വാല്യം), അസ്സുനനുസ്സ്വഗീര്‍, അസ്സുനനുവല്‍ ആസാര്‍ (4 വാല്യം), അല്‍ അസ്മാഉ വസ്സ്വിഫാത്, അല്‍ മുഅ്തഖദ്, അല്‍ബഅസുവന്നുശൂര്‍, അത്തര്‍ഗീബു വത്തര്‍ഹീബ്, നുസ്വൂസ്വുശ്ശാഫിഈ, അല്‍ മദ്ഖലു ഇലസ്സുനന്‍, മനാഖിബുശ്ശാഫിഈ, ഫദാഇലുസ്സ്വഹാബ.

 

അബൂഇസ്ഹാഖ് അശ്ശീറാസി

വൈജ്ഞാനിക ജീവിതം പൂര്‍ണമായും ശാഫിഈ മദ്ഹബിനു വേണ്ടി വിനിയോഗിച്ച വ്യക്തിത്വം. ശരിയായ പേര് ഇബ്‌റാഹീമുബ്‌നി അലിയ്യുബ്‌നു യൂസുഫുശ്ശീറാസി. 393/1003-ല്‍ പേര്‍ഷ്യയിലെ ഫൈറൂസാബാദില്‍ ജനനം. അക്കാലത്തെ പ്രമുഖരില്‍ നിന്നെല്ലാം വിദ്യയഭ്യസിച്ചു. 22ാം വയസ്സില്‍ ബഗ്ദാദില്‍ താമസമാക്കി. അബൂത്ത്വയ്യിബിത്ത്വബ്‌രിയുടെ കീഴില്‍ ഉപരിപഠനം. പിന്നീട് അദ്ദേഹത്തിന്റെ വിദ്യാലയത്തില്‍ അധ്യാപകനായി. ശീറാസിയില്‍ നിന്ന് ധാരാളം പേര്‍ ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. 

ഇസ്‌ലാമിക ശരീഅത്തില്‍ നിപുണനും തന്റെ കാലഘട്ടത്തിലെ സര്‍വാംഗീകൃത മുഫ്തിയുമായിരുന്ന ശീറാസിക്ക് വലിയൊരു ശിഷ്യവൃന്ദമുണ്ടായിരുന്നു. ദാരിദ്ര്യവും ജീവിതക്ലേശവും കാരണം ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വിജ്ഞാന സമ്പാദനത്തിനോ പ്രചാരണത്തിനോ ദാരിദ്ര്യം തടസ്സമായില്ല. 

സല്‍ജൂഖി സുല്‍ത്താന്മാരായ അലപ് അര്‍സലാന്റെയും,  മലിക് ഷായുടേയും കീഴില്‍ മന്ത്രിയായിരുന്ന നിളാമുല്‍ മുല്‍ക് ശീറാസിക്ക് അധ്യാപനം നടത്താനായി ടൈഗ്രീസിന്റെ തീരത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. അല്‍ മദ്‌റസതുന്നിളാമിയ്യ എന്ന പേരില്‍ പ്രസിദ്ധമായിരുന്ന പ്രസ്തുത വിദ്യാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് 459/1066 ലാണ്. മരണം വരെ ശീറാസി അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 476/1083 ബഗ്ദാദില്‍ മരിച്ചു. 

ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ് എന്നിവയില്‍ ഏറെ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥമാണ് അല്‍ മുഹദ്ദബ്. അതിന് ഇമാം നവവി എഴുതിയ വ്യാഖ്യാനമാണ് അല്‍മജ്മൂഅ്. ശറഹുല്‍ മുഹദ്ദബ് എന്ന പേരിലും ഇതറിയപ്പെടുന്നു. അത്തന്‍ബീഹ്, അത്തബ്‌സ്വിറ, അല്ലുമഅ്, അല്‍ മുഖല്ലസ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുണ്ട് അദ്ദേഹത്തിന്. 

 

അല്‍ഇമാം നജ്മുദ്ദീനുല്‍ ഖബ്‌വശാനി

ശരിയായ പേര് അബുല്‍ ബറകാത്ത് മുഹമ്മദു ബ്‌നുല്‍ മുവഫ്ഫഖുബ്‌നു സഈദുബ്‌നു അലിയ്യുല്‍ ഖബ്‌വശാനി. തന്റെ കാലഘട്ടത്തിലെ ശാഫിഈ പണ്ഡിതപ്രമുഖരില്‍ ഒരാളാണദ്ദേഹം. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അടുത്ത് വലിയ സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് സുല്‍ത്താന്‍ നാസ്വിരിയ്യാ മദ്രസ സ്ഥാപിച്ചത്. പ്രസ്തുത മദ്‌റസയുടെ അധ്യാപന നേതൃത്വം അദ്ദേഹത്തിനായിരുന്നു. ഈജിപ്തിലെ ഫാത്വിമി ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ജുമുഅ ഖുതുബയില്‍ അബ്ബാസീ ഖലീഫ മുസ്തളീഅ് ബില്ലക്കു വേണ്ടി ആദ്യമായി  പ്രാര്‍ഥന ആരംഭിച്ചത് ഖബ്‌വശാനിയാണ്. 587/1191 മരണപ്പെട്ടു. ശാഫിഈ ഇമാമിന്റെ ഖബറിന്നരികിലാണു മറമാടിയത്. 

 

അല്‍ഇമാമുല്‍ ഹുസൈനുബ്‌നു മസ്ഊദുബ്‌നു മുഹമ്മദുല്‍ ബഗവി

മുഹ്‌യിസ്സുന്ന എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. 436/1044 ഖുറാസാന്‍ ഗ്രാമമായ 'ബഗ'യില്‍ ജനനം. ഹറാത്-മര്‍വ് എന്നീ പട്ടണങ്ങള്‍ക്കിടയിലാണ് 'ബഗ'. ശാഫിഈ കര്‍മശാസ്ത്രപണ്ഡിതന്‍, പ്രഗത്ഭ മുഹദ്ദിസ് എന്നീ നിലകളില്‍ പ്രശസ്തന്‍. ഖാദി ഹുസൈനാണ് പ്രധാന ഗുരു. ഗുരുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആസ്ഥാനമായ മര്‍വ് റോസില്‍ സ്ഥിരതാമസമാക്കി അധ്യാപനം നടത്തി. ഇമാം ഗസ്സാലിയുടെ മരണശേഷം ഖുറാസാനിലെ ഏറ്റവും പ്രഗത്ഭ പണ്ഡിതനായി ബഗവി പരിഗണിക്കപ്പെട്ടു. ശറഹുസ്സുന്ന, മസ്വാബീഹുസ്സുന്ന എന്നിവയാണ് പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍. മസ്വാബീഹുസ്സുന്നയുടെ പരിഷ്‌കരിച്ച രൂപമാണ് മിശ്കാത്തുല്‍ മസ്വാബീഹ്. മആലിമുത്തന്‍സീല്‍ (തഫ്‌സീര്‍), അത്തഹ്ദീബ് (ഫിഖ്ഹ്) എന്നിവ മറ്റു കൃതികളാണ്. 517/1123 ല്‍ മരണപ്പെട്ടു. 

 

അല്‍ഇമാം ഇബ്‌നു അബീഅസ്വ്‌റൂന്‍

പ്രമുഖ ശാഫിഈ പണ്ഡിതനായ അദ്ദേഹത്തിന്റെ പൂര്‍ണ നാമം അബൂസഅ്ദ് ശറഫുദ്ദീന്‍ അബ്ദുല്ലാഹിബ്‌നു മുഹമ്മദു ബ്‌നു ഹിബത്തുല്ലാഹിബ്‌നുല്‍ മത്വഹ്ഹര്‍. ഇബ്‌നു അബീഅസ്‌റൂന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 492/1099-ല്‍ മൗസിലില്‍ ജനിച്ചു. വിജ്ഞാനാന്വേഷണാര്‍ഥം വിവിധ നാടുകളില്‍ സഞ്ചരിച്ചു. ദിമശ്കില്‍ താമസിച്ച് അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടു. ഫത്‌വകളും നല്‍കിയിരുന്നു. സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കി അദ്ദേഹത്തെ വളരെയേറെ ആദരിച്ചിരുന്നു. ഹലബ്, ഹമാത് മേഖലകളില്‍ വ്യാപകമായി മദ്രസകള്‍ സ്ഥാപിക്കുവാന്‍ സുല്‍ത്താന്‍ നിര്‍ദേശിക്കുകയുണ്ടായി. 540/1145-ല്‍ സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയുടെ നിര്‍ദ്ദേശപ്രകാരം ദമസ്‌കസ് പള്ളിയില്‍ അധ്യാപകനും ഔഖാഫിന്റെ ചുതലക്കാരനുമായും പ്രവര്‍ത്തിച്ചു. 573/1177-ല്‍ ദമസ്‌കസിലെ ഖാദിയായി നിയമിതനായി. 575/1179-ല്‍ അന്ധത ബാധിച്ചതിനെ തുടര്‍ന്ന് ഖാദിയുടെ ചുമതല നിര്‍വഹിച്ചിരുന്നത് പുത്രന്‍ മുഹ്‌യിദ്ദീന്‍ മുഹമ്മദായിരുന്നുവെങ്കിലും സുല്‍ത്വാന്‍ അദ്ദേഹത്തെ ഖാദി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നില്ല. 585 റമദാന്‍ / 1189 ഒക്‌ടോബറില്‍ മരിച്ചു. ദമസ്‌കസിലെ തന്റെ വീടിന് എതിര്‍വശത്തുള്ള അദ്ദേഹത്തിന്റെ മദ്‌റസയുടെ സമീപം ഖബ്‌റടക്കി. 

ശാഫിഈ മദ്ഹബിന്റെ ഔദ്യോഗിക വീക്ഷണത്തിനു വിരുദ്ധമായി അന്ധന്മാര്‍ക്ക് ഖാദിയാവാം എന്ന് സമര്‍ഥിച്ചുകൊണ്ട് ഒരു ഗ്രന്ഥം തന്നെ അദ്ദേഹം രചിക്കുകയുണ്ടായി. 

സ്വഫ്‌വതുല്‍ മദ്ഹബ് അലാ നിഹായതില്‍ മത്വ്‌ലബ് (7 വാല്യം), അല്‍ ഇന്‍ത്വിസ്വാര്‍ (4 വാല്യം), അല്‍ മുര്‍ശിദ് (2 വാല്യം), അദ്ദരീഅഃ ഫീ മഅ്‌രിഫതിശ്ശരീഅഃ എന്നിവയാണ് പ്രധാന കൃതികള്‍. 

 

അല്‍ഇമാം അല്‍ഫഖ്‌റുര്‍റാസി

ഇമാം റാസി എന്ന പേരില്‍ പ്രശസ്തന്‍. ശരിയായ പേര് അബൂ അബ്ദില്ല ഫഖ്‌റുദ്ദീന്‍ മുഹമ്മദുബ്‌നു ഉമറുബ്‌നു ഹുസൈന്‍ അര്‍റാസി. 544/1149 ല്‍ പേര്‍ഷ്യന്‍ പ്രവിശ്യയായ റയ്യില്‍ ജനിച്ചു. റയ്യ് നിവാസികളാണ് റാസി എന്ന പേരില്‍ അറിയപ്പെടുന്നത്. റയ്യിലെ പ്രമുഖ ശാഫിഈ പണ്ഡിതനായ സ്വപിതാവ് അബുല്‍ ഖാസിം ളിയാഉദ്ദീന്‍ ഉമര്‍ റാസിയാണ് പ്രഥമ ഗുരുനാഥന്‍. വിദ്യ തേടി വിവിധ നാടുകളില്‍ സഞ്ചരിച്ചു. വിദ്യാഭ്യാസാനന്തരം വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇമാം റാസി ഖുര്‍ആന്‍ വ്യാഖ്യാതാവ്, ദൈവ ശാസ്ത്രജ്ഞന്‍, കര്‍മശാസ്ത്ര പണ്ഡിതന്‍, കവി, ഭിഷഗ്വരന്‍, ന്യായാധിപന്‍ എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ്. ഗസ്‌നവി, സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ ഗോറി, അലാവുദ്ദീന്‍ ഖവാറസ്മി തുടങ്ങിയ സുല്‍ത്താന്മാരുടെയും ഭരണാധികാരികളുടെയും സ്‌നേഹാദരങ്ങള്‍ നേടിയ അദ്ദേഹം അധികാരികളുടെ അരുതായ്മകളെ നിശിതമായി വിമര്‍ശിക്കുമായിരുന്നു. വിവിധ വിജ്ഞാന ശാഖകളിലായി നിരവധി ക്ലാസിക് കൃതികള്‍ ലോകത്തിനു സംഭാവന നല്‍കിയ ഇമാം റാസി 606/1210-ല്‍ നിര്യാതനായി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ മഫാതീഹുല്‍ ഗൈബ്, ശര്‍ഹുല്‍ വജീസ് (ഫിഖ്ഹ്), അല്‍ മഹ്‌സൂല്‍ ഫീ ഇല്‍മില്‍ ഉസ്വൂല്‍ (ഉസ്വൂലുല്‍ ഫിഖ്ഹ്), അദ്ദലാഇലു ഫീ ഉയൂനില്‍ മസാഇല്‍ (വൈദ്യശാസ്ത്രം) തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 

 

ഇമാം റാഫിഈ

ശാഫിഈ മദ്ഹബിലെ ശൈഖാനി എന്ന പേരില്‍ അറിയപ്പെടുന്നവരില്‍ പ്രമുഖനാണ് ഇമാം റാഫിഈ. ശരിയായ പേര് അബുല്‍ ഖാസിം അബ്ദുല്‍ കരീം ബ്‌നു മുഹമ്മദ് ബ്‌നു  അബ്ദില്‍ കരീം ബ്‌നു ഫദ്‌ലുല്‍ ഖസ്‌വീനി അല്‍ റാഫിഈ. 557/1162 ല്‍ പേര്‍ഷ്യയിലെ വടക്കന്‍ പ്രവിശ്യയായ അസ്വ്ബഹാനിലെ ഖസ്‌വീനില്‍ ജനനം. ഖസ്വ്‌വീനിലെ ഗ്രാമമായ റാഫിആനിലേക്ക് ചേര്‍ത്താണ് റാഫിഈ എന്ന പേര്‍ ലഭിച്ചതെന്നും സ്വഹാബിയായ റാഫിഅ്ബ്‌നു ഖദീജിലേക്ക് ചേര്‍ത്താണെന്നും രണ്ടഭിപ്രായമുണ്ട്. പിതാവില്‍ നിന്നും സമകാലികരായ പണ്ഡിതന്മാരില്‍ നിന്നും വിദ്യയഭ്യസിച്ചു. സൂക്ഷ്മാലുവും പരിത്യാഗിയും പണ്ഡിതനുമായ റാഫിഈ, ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രാമാണിക ശബ്ദമായിരുന്നു. ഇമാം ഗസ്സാലി ആരംഭിച്ച കര്‍മശാസ്ത്ര വികാസങ്ങളുടെ ചുവടുപിടിച്ചാണ് റാഫിഈയും രംഗത്തുവന്നത്. ഇമാം റാഫിഈ, ഗസാലി ഇമാമിന്റെ വജീസിനെ അവലംബിച്ചുകൊണ്ട് എഴുതിയ ഗ്രന്ഥമാണ് മുഹര്‍റര്‍. വജീസിനു ചെറുതും വലുതുമായ രണ്ട് വ്യാഖ്യാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കിതാബുല്‍ അസീസ്, ശറഹുല്‍ കബീര്‍ എന്നീ  പേരുകളില്‍ അതറിയപ്പെടുന്നു. ഇമാമിന്റെ സൂക്ഷ്മാപഗ്രഥനവും ഗവേഷണ ചാതുരിയും വ്യക്തമാക്കുന്ന ഗ്രന്ഥമാണത്. മദ്ഹബിന്റെ പരിഷ്‌കരണത്തില്‍ റാഫിഈയുടെ പങ്ക് പ്രസ്തുത ഗ്രന്ഥങ്ങളില്‍ പ്രകടമാണ്. 623/1226-ല്‍ ഖസ്വ്‌വീനില്‍ മരണപ്പെട്ടു. 

 

ഇമാം നവവി

അബൂസകരിയ്യ, യഹ്‌യബ്‌നു ശറഫുബ്‌നു മുര്‍യബ്‌നു ഹസനുല്‍ ഹുസാമിയ്യ് അല്‍ഹൗറാനി അന്നവവി എന്ന് പൂര്‍ണ നാമം. ഹൗറാനിലെ ഗ്രാമമായ 'നവ'യില്‍ 631/1233 ല്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ വിജ്ഞാന തല്‍പരനായ ഇമാം ഉപരിപഠനാര്‍ഥം ദമസ്‌കസിലേക്ക് പോയി. പ്രമുഖ പണ്ഡിതന്മാരായ താജുദ്ദീന്‍ ഫര്‍ക്കാഹ്, ഇസ്ഹാഖുല്‍ മഗ്‌രിബി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഹദീസ് പഠനത്തില്‍ അവഗാഹം നേടി. അപാരമായ ഓര്‍മശക്തിയുടെ ഉടമയായ ഇമാം അബൂഇസ്ഹാഖ് അശ്ശീറാസിയുടെ അത്തന്‍ബീഹ് എന്ന ഗ്രന്ഥം നാലര മാസം കൊണ്ടാണ് മനഃപാഠമാക്കിയത്. ശാഫിഈ കര്‍മശാസ്ത്ര ധാരയിലെ അവസാന വാക്ക് എന്ന നിലയിലേക്ക് ഇമാം വളര്‍ന്നു.  പ്രധാന കൃതികള്‍ റൗദതുത്ത്വാലിബീന്‍, മിന്‍ഹാജുത്ത്വാലിബീന്‍, ശറഹു മുസ്‌ലിം, രിയാദുസ്സാലിഹീന്‍ തുടങ്ങിയവയാണ്. 

മജ്മൂഅ് (ശര്‍ഹുല്‍ മുഹദ്ദബ്)-ശൈഖ് അബൂ ഇസ്ഹാഖ് അശ്ശീറാസിയുടെ മുഹദ്ദബിന്റെ വിശദീകരണമാണിത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ഗ്രന്ഥമാണ് മിന്‍ഹാജ്. മറ്റു ധാരാളം ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണ് ഇമാം നവവി. 676/1277-ല്‍ ദമസ്‌കസില്‍ അന്തരിച്ചു. 

 

ഇസ്സുബ്‌നു അബ്ദിസ്സലാം

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍, പരിഷ്‌കര്‍ത്താവ്. പൂര്‍ണ നാമം അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസുബ്‌നു അബ്ദുസ്സലാം ബ്‌നു അബില്‍ ഖാസിം ബ്‌നു ഹസനിസ്സുലമി അദ്ദിമശ്ഖി. 577/1181-ല്‍ ദമസ്‌കസില്‍ ജനിച്ചു. സുല്‍ത്താനുല്‍ ഉലമാഅ് (പണ്ഡിതന്മാരുടെ രാജാവ്) എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. ദരിദ്രപൂര്‍ണമായിരുന്നു കുട്ടിക്കാലം. അതുമൂലം വളരെ വൈകിയാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ഇമാം ഫഖ്‌റുദ്ദീനുബ്‌നുല്‍ അസാകിറില്‍ നിന്നാണ് കര്‍മശാസ്ത്രം പഠിച്ചത്. നിദാനശാസ്ത്രത്തില്‍ സൈഫുദ്ദീനില്‍ ആമിദിയായിരുന്നു പ്രധാന ഗുരു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുദഖീഖില്‍ ഈദ്, ഇമാം അലാഉദ്ദീന്‍ അബുല്‍ ഹസ്‌നില്‍ ബാജി, ശൈഖ് താജുദ്ദീനിബ്‌നില്‍ ഫര്‍കാഹ് തുടങ്ങിയവര്‍ ശിഷ്യപ്രമുഖരാണ്. പഠനശേഷം ജാമിഉല്‍ ഉമവിയില്‍ ഇമാമും ഖത്വീബും അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. ശാമിലെ മുഫ്തിയായും പ്രവര്‍ത്തിച്ചിരുന്നു. 

ഭരണാധികാരികളെ നിശിതമായി വിമര്‍ശിച്ചിരുന്ന ഇസ്സുബ്‌നു അബ്ദിസ്സലാം വ്യക്തിജീവിതത്തിലെ വിശുദ്ധയില്‍ കണിശത പുലര്‍ത്തി. മുസ്‌ലിംകള്‍ ചിന്താപരമായി മുരടിച്ച ഒരു കാലഘട്ടത്തിലാണ് ഇബ്‌നു അബ്ദിസ്സലാം തന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. ആദ്യം ദമസ്‌കസും പിന്നെ കയ്‌റോയും കേന്ദ്രീകരിച്ചാണ് അദ്ദേഹം പരിഷ്‌കരണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

660/1261 ല്‍ അദ്ദേഹം മരണപ്പെട്ടു. പ്രധാന കൃതികള്‍: അല്‍ഗായതു ഫീ ഇഖ്തിസ്വാരിന്നിഹായ, ഇമാമുല്‍ ഹറമൈനിയുടെ നിഹായതുല്‍ മത്വ്‌ലബ് ഫീ ദിറായതില്‍ മദ്ഹബ് എന്ന കൃതിയുടെ പരിഷ്‌കരിച്ച സംഗ്രഹിത പതിപ്പാണിത്. അല്‍ ഇല്‍മാം ഫീ അദില്ലതില്‍ അഹ്കാം (ഉസ്വൂലുല്‍ ഫിഖ്ഹ്), ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം (മഖാസിദുശ്ശരീഅഃ), അല്‍ഫര്‍ഖു ബൈനല്‍ ഈമാനി വല്‍ഇസ്‌ലാം, അല്‍ജംഉ ബൈനല്‍ ഹാവീ വന്നിഹായ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 

 

അബൂശാമ അല്‍മഖ്ദിസി

കര്‍മശാസ്ത്രം, ഹദീസ്, ചരിത്രം, വ്യാകരണം എന്നിവയില്‍ അഗാധ പണ്ഡിതന്‍. നിവേദന പരമ്പരയടക്കം ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയ ഹാഫിദ്. പൂര്‍ണമായ പേര് അബുല്‍ ഖാസിം ശിഹാബുദ്ദീന്‍ അബ്ദുര്‍റഹ്മാനുബ്‌നു ഇസ്മാഈല്‍ ബ്‌നു ഇബ്‌റാഹീമു ബ്‌നു ഉസ്മാനുല്‍ മഖ്ദിസി അദ്ദിമശ്ഖി. അബൂശാമ വിളിപ്പേരാണ്. 599/1203-ല്‍ ദമസ്‌കസില്‍ ജനിച്ചു. വിദ്യാഭ്യാസാര്‍ഥം ഖുദ്‌സിലും ഈജിപ്തിലും പോയി. ദമസ്‌കസ്, അലക്‌സാണ്ട്രിയ എന്നിവിടങ്ങളില്‍ നിന്ന് ഭാഷയും കര്‍മശാസ്ത്രവും പഠിച്ചു. ഫഖ്‌റുബ്‌നു അസാകിര്‍, ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം അസ്സൈഫുല്‍ ആമിദി, മുവഫ്ഫഖുദ്ദീനി ബ്‌നു ഖുദാമ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ദമസ്‌കസിലെ വിഖ്യാത സ്ഥാപനമായ ദാറുല്‍ ഹദീസില്‍ അശ്‌റഫിയ്യയില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. മഖ്ദിസിയുടെ മരണശേഷം പ്രശസ്ത പണ്ഡിതനായ ഇമാം നവവിയാണ് തല്‍സ്ഥാനത്ത് നിയമിതനായത്. 

പ്രധാന ഗ്രന്ഥങ്ങള്‍: മുഖ്തസ്വറു കിതാബില്‍ മുഅമ്മല്‍ ലിര്‍റദ്ദി ഇലല്‍ അംറില്‍ അവ്വല്‍. കാഴ്ചയില്‍ വളരെ ചെറിയ ഗ്രന്ഥമാണെങ്കിലും ഏഴാം നൂറ്റാണ്ടുവരെയുള്ള ഫിഖ്ഹിന്റെ പരിവര്‍ത്തന ചരിത്രം പ്രതിപാദിക്കുന്നു. മുഖ്തസ്വറുതാരീഖ് ദിമിശ്ഖ്-ഹാഫിള് ഇബ്‌നു അസാകിറിന്റെ താരീഖ് ദിമിശ്ഖിന്റെ സംഗ്രഹമാണീ ഗ്രന്ഥം. കിതാബുര്‍റൗദതൈനി ഫീ അഖ്ബാരി ദ്ദൗലതൈനി - സുല്‍ത്താന്‍ നൂറുദ്ദീന്റെയും സ്വലാഹുദ്ദീന്റെയും ചരിത്രമാണ് പ്രതിപാദ്യം. ഇതിനു പുറമേ മറ്റനേകം ഗ്രന്ഥങ്ങളുമുണ്ട്. ഇജ്തിഹാദിനു വേണ്ടി ശക്തമായി വാദിച്ച പണ്ഡിതനാണ് അബൂശാമ. 

 

ഇബ്‌നുല്‍ അഥീറുല്‍ ജസ്‌രി

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍. ശരിയായ പേര് മജ്ദുദ്ദീന്‍ അബുസ്സആദാതില്‍ മുബാറകു ബ്‌നു മുഹമ്മദു ബ്‌നു മുഹമ്മദു ബ്‌നു അബ്ദില്‍ കരീം ബ്‌നു അബ്ദില്‍ വാഹിദ് ശൈബാനിയ്യില്‍ ജസ്‌രി. ഇബ്‌നുല്‍ അഥീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചരിത്രകാരന്‍. ഇസ്സുദ്ദീനിബ്‌നുല്‍ അസീറും ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ ദിയാഉദ്ദീനിബ്‌നില്‍ അസീറും സഹോദരന്മാരാണ്. യൂഫ്രട്ടീസ് ടൈഗ്രീസ് നദികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന 'അല്‍ജസീറ'യില്‍ 544/1149-ല്‍ ജനിച്ചു. കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഭാഷ, ഹദീസ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. പിന്നീട് മൗസ്വലില്‍ സ്ഥിരതാമസമാക്കി. പ്രധാന കൃതികള്‍: ജാമിഉല്‍ ഉസൂല്‍ മിന്‍ അഹാദീസിര്‍റസൂല്‍ (10 വാള്യം-സ്വിഹാഹുസ്സിത്തയുടെ അക്ഷരമാലാ ക്രമത്തില്‍ സമാഹരിച്ചത്), അന്നിഹായ ഫീ ഗരീബില്‍ ഹദീസി വല്‍ ആസാര്‍ (4 വാള്യം), അശ്ശാഫി ഫീ ശര്‍ഹി മുസ്‌നദിശ്ശാഫിഈ, തൈസീറുല്‍ വുസ്വൂല്‍ ഇലാ ജാമിഇല്‍ ഉസ്വൂല്‍. 606/1209 ല്‍ മൗസിലില്‍ മരിച്ചു. 

 

ഇബ്‌നുസ്സ്വലാഹ്

പൂര്‍ണമായ നാമം തഖിയ്യുദ്ദീന്‍ അബൂഅംറ് ഉസ്മാന്‍ ബ്‌നു അബ്ദുര്‍റഹ്മാനു ബ്‌നു മൂസല്‍ കുര്‍ദി അശ്ശര്‍ഖാനി. ഇബ്‌നുസ്സ്വലാഹ് എന്ന പേരില്‍ പ്രസിദ്ധന്‍. 577/1181-ല്‍ ഇറാഖിലെ വടക്കന്‍ പ്രവിശ്യയില്‍ കുര്‍ദ് ഗ്രാമമായ ശര്‍ഖാനില്‍ ജനിച്ചു. പിതാവ് സ്വലാഹുദ്ദീനുബ്‌നു അബ്ദുര്‍റഹ്മാനില്‍നിന്ന് കര്‍മശാസ്ത്രം അഭ്യസിച്ചു. ഹദീസ് പഠനത്തിനു വേണ്ടി മൗസില്‍, ബഗ്ദാദ്, പേര്‍ഷ്യ, ഖുറാസാന്‍, അലപ്പോ, ഖുദ്‌സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ദമസ്‌കസില്‍ സ്ഥിരതാമസമാക്കി അധ്യാപനത്തിലും രചനയിലും ഏര്‍പ്പെട്ടു. ശാഫിഈ കര്‍മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടി. ഉലൂമുല്‍ ഹദീസില്‍ ശൈഖ് എന്നു പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് ഇബ്‌നുസ്സ്വലാഹിനെയാണ്. 

ഗ്രന്ഥങ്ങള്‍: മഅ്‌രിഫതു അന്‍വാഇ ഇല്‍മില്‍ ഹദീസ് (മുഖദ്ദിമതു ഇബ്‌നുസ്സ്വലാഹ് എന്ന പേരില്‍ പ്രശസ്തമാണ് ഈ കൃതി), തഅ്‌ലീഖാതുന്‍ അലല്‍ വസ്വീത് ലില്‍ ഗസ്സാലി, ത്വബഖാതുല്‍ ഫുഖഹാഇശ്ശാഫിഇയ്യ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 643/1245 ദമസ്‌കസില്‍ അന്തരിച്ചു.

 

ഇബ്‌നു അബീദ്ദം

ശാഫിഈ കര്‍മശാസ്ത്ര വിശാരദന്‍. പൂര്‍ണമായ പേര് ശിഹാബുദ്ദീന്‍ അബു ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു അബ്ദില്ലാഹിബ്‌നു അബ്ദില്‍ മുന്‍ഇമുല്‍ ഹമവി. 583/1187-ല്‍ ശാമിലെ ഹമാതില്‍ ജനിച്ചു. ബഗ്ദാദ്, അലപ്പോ, കയ്‌റോ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ഫിഖ്ഹിലും ഹദീസിലും ഒരു പോലെ കഴിവ് നേടിയ അദ്ദേഹം മടങ്ങിവന്ന് ഹമാതില്‍ സ്ഥിരതാമസമാക്കി. ഖാദി പദവി ഏറ്റെടുക്കുകയും അധ്യാപന-രചനാരംഗത്ത് വ്യാപൃതനാവുകയും ചെയ്തു. 

ശറഹുമുശ്കിലുല്‍ വസ്വീത്, അദബുല്‍ ഖാദി, തദ്ഖീഖുല്‍ ഇനായ ഫീ തഹ്ഖീഖിര്‍രിവായ എന്നിവയാണ് പ്രധാന കൃതികള്‍. 642/1244 ല്‍ മരണപ്പെട്ടു.

 

തഖിയ്യുദ്ദീനുസ്സുബ്കി

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, ന്യായാധിപന്‍. പൂര്‍ണനാമം തഖിയ്യുദ്ദീന്‍ അബുല്‍ ഹസന്‍ അലിയ്യുബ്‌നു അബ്ദുല്‍കാഫിബ്‌നു അലിയ്യുബ്‌നു തമാം. തഖിയ്യുദ്ദീനുസ്സുബ്കി എന്ന പേരിലറിയപ്പെടുന്നു. 683/1284 ല്‍ ഈജിപ്തില്‍ മആഫിയ്യ പ്രവിശ്യയിലെ സുബ്ക്കില്‍ ജനിച്ചു. ഖസ്‌റജ് ഗോത്രക്കാരായ അന്‍സാരി താവഴിയില്‍പ്പെട്ടവരാണ് കുടുംബം. ഇബ്‌നുര്‍രിഫ്അ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരില്‍ നിന്നു വിദ്യ നേടി. ഉലൂമുശ്ശരീഅയില്‍ പൊതുവെയും ശാഫിഈ കര്‍മശാസ്ത്രത്തില്‍ പ്രത്യേകിച്ചും അവഗാഹം നേടി. 739/1338-ല്‍ ശാമില്‍ ഖാദി (ന്യായാധിപന്‍)യായി നിയമിക്കപ്പെട്ടു. ദമസ്‌കസിലെ ദാറുല്‍ ഹദീസില്‍ അശ്‌റഫിയ്യയില്‍ പ്രധാനാധ്യാപകനായും ദമസ്‌കസിലെ ജുമാ മസ്ജിദില്‍ ഖത്വീബായും സേവനമനുഷ്ഠിച്ചു. ജീവിതാന്ത്യത്തില്‍ രോഗബാധിതനായതിനെ തുടര്‍ന്ന് ന്യായാധിപ പദവി ഒഴിവാക്കി കയ്‌റോയില്‍ താമസിച്ചു. 

756/1355 കയ്‌റോയില്‍ മരിച്ചു. ത്വബഖാതുശ്ശാഫിഇയ്യയുടെ കര്‍ത്താവ് താജുദ്ദീനുസ്സുബ്കി പുത്രനാണ്. ചെറുതും വലുതുമായി 150 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. അദ്ദുര്‍റുന്നളീം (തഫ്‌സീര്‍), അല്‍ഇബ്തിഹാജ് ഫീ ശര്‍ഹില്‍ മിന്‍ഹാജ് ലിന്നവവി (ഫിഖ്ഹ്), തക്മീലത്വുശര്‍ഹില്‍ മുഹദ്ദബ് ലിന്നവവി (ഫിഖ്ഹ്), അല്‍ ഇബ്ഹാജ് ഫീ ശര്‍ഹില്‍ മീന്‍ഹാജ് ലില്‍ ബൈദാവി (ഉസ്വൂലുല്‍ ഫിഖ്ഹ്) തുടങ്ങിയവ പ്രധാന കൃതികള്‍.

താജുദ്ദീനുസ്സുബ്കി

തഖിയ്യുദ്ദീനുസ്സുബ്കിയുടെ പുത്രന്‍, ശാഫിഈ കര്‍മശാസ്ത്ര വിശാരദന്‍. പൂര്‍ണനാമം താജുദ്ദീന്‍ അബു നസ്വ്ര്‍ അബ്ദുല്‍ വഹാബ് ബ്‌നു അലിയ്യുബ്‌നു അബ്ദില്‍ കാഫി അസ്സുബ്കി. 727/1327-ല്‍ കയ്‌റോയില്‍ ജനനം. പിതാവില്‍നിന്ന് കര്‍മശാസ്ത്രം അഭ്യസിച്ചു. പിതാവിനോടൊപ്പം ദമസ്‌കസിലേക്ക് പോയി. ശംസുദ്ദീനുദ്ദഹബിയടക്കമുള്ള പ്രമുഖ പണ്ഡിതന്മാരില്‍ നിന്ന് വിദ്യ കരസ്ഥമാക്കി. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും പ്രാവീണ്യം നേടി. കൂര്‍മബുദ്ധിയും ഗവേഷണ പടുത്വവും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. 

ത്വബഖാതുശ്ശാഫിഇയ്യതില്‍ കുബ്‌റ, ജംഉല്‍ ജവാമിഅ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഖാദി സ്ഥാനം ഏറ്റെടുത്തപ്പോള്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ നിലപാട് കൈക്കൊണ്ടതിന്റെ പേരില്‍ പദവിയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ജയിലില്‍ പീഡനത്തിനിരയാവുകയും ചെയ്തുവെങ്കിലും ക്ഷമാപൂര്‍വമായ നിലപാടു സ്വീകരിച്ചതിനാല്‍ ഖാദി പദവിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞു. 771/1369-ല്‍ ദമസ്‌കസില്‍ മരണപ്പെട്ടു. 

 

അല്‍ ഇമാം ജമാലുദ്ദീനില്‍ ഇസ്‌നവി

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍. ശരിയായ പേര് ജമാലുദ്ദീന്‍ അബൂമുഹമ്മദ് അബ്ദുര്‍റഹീമുബ്‌നു അലിയ്യുബ്‌നു ഉമറുല്‍ ഇസ്‌നവി. ജന്മനാടായ ഈജിപ്തിലെ ഇസ്‌ന പട്ടണത്തിലേക്ക് ചേര്‍ത്താണ് ഇസ്‌നവി എന്ന വിശേഷണം.  ധാരാളം പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് ഇസ്‌ന. 

704/1306-ലാണ് ജനനം. ചെറുപ്പത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 721/1321-ല്‍ പഠനാവശ്യാര്‍ഥം കൈറോവിലെത്തി. നേരത്തെതന്നെ ശീറാസിയുടെ കിതാബുത്തന്‍ബീഹ് മനഃപാഠമാക്കിയിരുന്നു. ഹദീസ്, അറബി വ്യാകരണം, ഭാഷാ ശാസ്ത്രം എന്നിവയില്‍ വ്യുല്‍പത്തി നേടി. ഇമാം തഖിയ്യുദ്ദീനുസ്സുബ്കിയെപ്പോലുള്ള പണ്ഡിതന്മാരില്‍ നിന്ന് കര്‍മശാസ്ത്രം പഠിച്ചു. മദ്ഹബീ ഗ്രന്ഥങ്ങള്‍ സൂക്ഷ്മപഠനത്തിനു വിധേയമാക്കി. 

27ാം വയസ്സില്‍ അഹ്മദുബ്‌നു തൂലൂന്‍ മസ്ജിദില്‍ അദ്ദേഹം നടത്തിവന്ന ഖുര്‍ആന്‍ പഠന ക്ലാസ് വളരെ പ്രശസ്തമായിരുന്നു. ഗ്രന്ഥരചനയിലാണ് അധികസമയവും ചെലവഴിച്ചത്. 

നിഹായതുസ്സൂല്‍ ശര്‍ഹു മിന്‍ഹാജി ഇല്‍മില്‍ ഉസ്വൂല്‍ ലില്‍ ബൈളാവി, അത്തംഹീദ് ഫീ തഖ്‌രീജില്‍ ഫുറൂഇ അലല്‍ ഉസ്വൂല്‍, ത്വബഖാതുശ്ശാഫിഈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

ഈജിപ്തിലെ ബൈതുല്‍ മാലിന്റെയും ഓഡിറ്റിംഗിന്റെയും ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് അവ സ്വയം ഒഴിഞ്ഞ് ഗ്രന്ഥരചനയിലും അധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 772/1370 ല്‍ മരിച്ചു. 

 

ശിഹാബുദ്ദീനുല്‍ അദ്‌റഇ

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍. പൂര്‍ണമായ നാമം ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദു ബ്‌നു ഹംദാനുബ്‌നു അബ്ദുല്‍ വാഹിദ് ബ്‌നു അബ്ദുല്‍ഗനിബ്‌നു മുഹമ്മദുല്‍ അദ്‌റഈ. 708/1308 ശാമില്‍ ജനിച്ചു. ഇമാം ദഹബിയുടെ ശിഷ്യനായ അദ്ദേഹം ശാഫിഈ മദ്ഹബിലെ ഉന്നത കര്‍മശാസ്ത്ര പണ്ഡിതനായിരുന്നു. കയ്‌റോയിലായിരുന്നു പഠനം. ഹലബിലെ ഖാദിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വളരെ ഭക്തനും പരിത്യാഗിയുമായിരുന്നു. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അത്തവസ്സുത്വു വല്‍ഫത്ഹു ബൈനര്‍റൗളതി വശ്ശര്‍ഹു, ഗുന്‍യതുല്‍ മുഹ്താജ് ഫീ ശര്‍ഹില്‍ മിന്‍ഹാജ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. 783/1381 ല്‍ മരിച്ചു. 

 

ബദ്‌റുദ്ദീനുസ്സര്‍കശി

ശാഫിഈ കര്‍മശാസ്ത്ര വിശാരദന്‍. പൂര്‍ണമായ നാമം ബദ്‌റുദ്ദീന്‍ അബൂഅബ്ദില്ല മുഹമ്മദുബ്‌നു ബഹാദിര്‍ ബ്‌നു അബ്ദുല്ല സര്‍കശി. 754/1353-ല്‍ കയ്‌റോയില്‍ ജനിച്ചു. അടിസ്ഥാനപരമായി തുര്‍ക്കി വംശജനാണ്. ചെറുപ്പത്തില്‍ പട്ട് വസ്ത്രം നെയ്യുന്ന ജോലി ചെയ്തിരുന്നത് കൊണ്ടാണ് സര്‍കശി എന്ന് പേരുവന്നത്. അതില്‍നിന്ന് ഒഴിവായശേഷം ജമാലുദ്ദീനുല്‍ ഇസ്‌നവിയുടെ കീഴില്‍ കര്‍മശാസ്ത്രം, നിദാനശാസ്ത്രം എന്നിവ അഭ്യസിച്ചു. പിന്നീട് ദമസ്‌കസ്, അലപ്പോ എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. ശിഹാബുദ്ദീനുല്‍ അദ്‌റഇയുടെ കീഴില്‍ പഠനം തുടര്‍ന്നു. തന്റെ കാലത്തെ ഉന്നതനായ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതനായി അംഗീകരിക്കപ്പെട്ടു. 

പ്രധാനഗ്രന്ഥങ്ങള്‍: അല്‍ബഹ്‌റുല്‍ മുഹീത്വ് (ഫിഖ്ഹ്), തന്‍ശീഫുല്‍ മസാമിഅ് ബിജംഇല്‍ ജവാമിഅ് (ഉസ്വൂലുല്‍ ഫിഖ്ഹ്), അദ്ദീബാജ് ഫീ തൗദീഹില്‍ മിന്‍ഹാജ് (ഫിഖ്ഹ്), ഇഅ്‌ലാമുസ്സാജിദ് ബിഅഹ്കാമില്‍ മസാജിദ്. 794/1392-ല്‍ മരണപ്പെട്ടു. 

 

സിറാജുദ്ദീനില്‍ ബുല്‍ഖീനി

ശരിയായ പേര് സിറാജുദ്ദീന്‍ അബൂഹഫ്‌സ്, ഉമറുബ്‌നു റസ്‌ലാനുബ്‌നു നസ്വീറുബ്‌നു സ്വാലിഹുല്‍ ബുല്‍ഖീനി. ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ബുല്‍ഖീന പ്രദേശത്ത് 724/1324-ല്‍ ജനിച്ചു. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ഇമാം റാഫിഈയുടെ കര്‍മശാസ്ത്ര ഗ്രന്ഥമായ മുഹര്‍റര്‍ ഹൃദിസ്ഥമാക്കി. പന്ത്രണ്ടാം വയസ്സില്‍ വിദ്യാഭ്യാസാര്‍ഥം പിതാവ് കയ്‌റോയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള പ്രമുഖ പണ്ഡിതന്മാരില്‍നിന്ന് പഠിച്ചു. ഭാഷ, ഹദീസ്, ഫിഖ്ഹ് പഠനത്തില്‍ കഴിവ് തെളിയിച്ചു. 769/1367 ല്‍ ദമസ്‌കസിലെത്തി ഖാദിസ്ഥാനം ഏറ്റെടുത്തു. പിന്നീട് കയ്‌റോയില്‍ സ്ഥിരതാമസമാക്കി. ഗ്രന്ഥരചന, അധ്യാപനം, ഫത്‌വ നല്‍കല്‍ എന്നീ മേഖലകളില്‍ വ്യാപൃതനായി. ഇബ്‌നു ഹജരില്‍ അസ്ഖലാനിയെപ്പോലുള്ളവര്‍ ശിഷ്യന്മാരുണ്ട്. ശൈഖുല്‍ ഇസ്‌ലാം എന്ന അപരനാമത്തില്‍ വിളിക്കപ്പെടുന്ന ഇമാം ബുല്‍ഖീനി സമകാലിക ശാഫിഈ പണ്ഡിതരില്‍ ഏറ്റവും പ്രമുഖനാണ്. ഒമ്പതാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവെന്നും സ്വതന്ത്ര ഇജ്തിഹാദിന്റെ പദവി കൈവരിച്ച വ്യക്തിത്വമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഗ്രന്ഥങ്ങള്‍: തസ്വ്ഹീഹുല്‍ മിന്‍ഹാജ്, അല്‍ മുലിമ്മാത് ബിറദ്ദീല്‍ മുഹിമ്മാത് (ഫിഖ്ഹ്), മഹാസിനു ഇസ്വ്‌ലാഹ് ശറഹു സുനനുത്തിര്‍മിദി തുടങ്ങിയവ. 805/1402-ല്‍ മരണപ്പെട്ടു.

 

ജലാലുദ്ദീന്‍ അല്‍ മഹല്ലി

യഥാര്‍ഥ നാമം ജലാലുദ്ദീന്‍ അബൂ അബ്ദില്ലാഹി മുഹമ്മദുബ്‌നു അഹ്മദുബ്‌നു മുഹമ്മദുബ്‌നു ഇബ്‌റാഹീമുല്‍ മഹല്ലി. 791/1389-ല്‍ കയ്‌റോയില്‍ ജനിച്ചു. ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ മഹല്ലതുല്‍ കുബ്‌റയിലാണ് കുടുംബ വേര്. അതിലേക്ക് ചേര്‍ത്താണ് മഹല്ലി എന്നു പറയുന്നത്. ശരീഅത്ത് വിജ്ഞാനങ്ങളിലും അറബി ഭാഷയിലും പ്രത്യേകിച്ച് ശാഫിഈ കര്‍മശാസ്ത്രത്തിലും അവഗാഹം നേടി. സൂക്ഷ്മ നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താന്‍ പ്രാപ്തി നേടി. ഖാദിസ്ഥാനം ഏറ്റെടുക്കാനുള്ള അഭ്യര്‍ഥന അദ്ദേഹം നിരസിച്ചു. വ്യാപാരത്തില്‍ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ചത് മാത്രമേ ഭക്ഷിക്കുമായിരുന്നുള്ളൂ. ജനങ്ങള്‍ക്കിടയില്‍ സര്‍വാംഗീകൃതനും മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ ഗൗനിക്കാത്ത വ്യക്തിത്വവുമായിരുന്നു.

ഗ്രന്ഥങ്ങള്‍: അല്‍ബദറുത്ത്വാലിഅ് ഫീ ഹില്ലി ജംഇല്‍ ജവാമിഅ്, ശറഹുല്‍ വറഖാത് ലില്‍ ജുവൈനി (ഉസ്വൂലുല്‍ ഫിഖ്ഹ്), കന്‍സുര്‍റാഗിബീന്‍ ഫീശര്‍ഹി മിന്‍ഹാജിത്ത്വാലിബീന്‍ (ശറഹുല്‍ മഹല്ലി അലല്‍ മിന്‍ഹാജ് എന്ന പേരില്‍ പ്രശസ്തമായ ഈ ഗ്രന്ഥം നമ്മുടെ നാട്ടിലെ പള്ളി ദര്‍സുകളിലും അറബിക് കോളേജുകളിലും പഠിപ്പിക്കപ്പെടുന്നു). ഒരു ഖുര്‍ആന്‍ വ്യാഖ്യാനം അദ്ദേഹത്തിനുണ്ട്. പക്ഷേ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇമാം ജലാലുദ്ദീനുസ്സുയൂത്വിയാണ് അത് പൂര്‍ത്തിയാക്കിയത്. അതിനാല്‍ തഫ്‌സീറുല്‍ ജലാലൈനി എന്ന പേരില്‍ അത് അറിയപ്പെടുന്നു. 864/1459 മരണമടഞ്ഞു. 

 

ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി

ശരിയായ നാമം അബൂയഹ്‌യ, സകരിയ്യബ്‌നി മുഹമ്മദുബ്‌നു അഹ്മദുബ്‌നു സകരിയ്യല്‍ അന്‍സാരി. 823/1420 ഈജിപ്തിലെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന സുനീക പ്രദേശത്ത് ജനനം. അന്‍സാരികളില്‍പ്പെട്ട ഖസ്‌റജ് ഗോത്രത്തിലേക്ക് കുടുംബ പാരമ്പര്യം ചെന്നുചേരുന്നതിനാലാണ് അന്‍സാരി എന്ന പേര് ലഭിച്ചത്. കുട്ടിക്കാലത്ത് തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. വിദ്യാഭ്യാസാര്‍ഥം കയ്‌റോയിലെ ജാമിഉല്‍ അസ്ഹറില്‍ ചേര്‍ന്നു. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനിയെപ്പോലുള്ള സമകാലിക പ്രമുഖ പണ്ഡിതന്മാരില്‍ നിന്ന് വിദ്യയഭ്യസിച്ചു. അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ കാര്യങ്ങളിലും അവഗാഹം നേടി. ഈജിപ്തിലെ ചീഫ് ജസ്റ്റിസ് പദവി അദ്ദേഹത്തെ തേടിയെത്തി. ദാരിദ്ര്യത്തിന്റെ ബാല്യം പിന്നിട്ട് സാമ്പത്തിക സൗകര്യങ്ങള്‍ ലഭ്യമായപ്പോള്‍ അത് പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുന്നതില്‍ ഔത്സുക്യം കാണിച്ചു. ഹിജ്‌റ 10-ാം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് അദ്ദേഹത്തെ ചിലര്‍ വിശേഷിപ്പിച്ചു. അല്‍ഗുററുല്‍ ബഹിയ്യ ഫീ ശര്‍ഹില്‍ ബഹ്ജതില്‍ വര്‍ദിയ്യ (ഫിഖ്ഹ്), കിതാബുല്‍ മന്‍ഹജ് (നവവിയുടെ മിന്‍ഹാജുത്ത്വാലിബീന്റെ സംഗ്രഹം), ഗായതുല്‍ വുസ്വൂല്‍ ഇലാ ഇല്‍മില്‍ ഉസ്വൂല്‍ തുടങ്ങിയ കൃതികള്‍. 926/1520-ല്‍ മരണമടഞ്ഞു. 

 

ഇബ്‌നുഹജരില്‍ ഹൈതമി

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതന്‍. ശരിയായ പേര് ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്‌നു മുഹമ്മദുബ്‌നു അലിയ്യുബ്‌നു ഹജരില്‍ ഹൈതമി. 909/1504-ല്‍ ഈജിപ്തിലെ പടിഞ്ഞാറെ പ്രവിശ്യയില്‍ പെട്ട അബുല്‍ ഹൈതം പ്രദേശത്ത് ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചു. അനാഥനായ അദ്ദേഹത്തെ പിതാവിന്റെ രണ്ടു ഗുരുനാഥന്മാരാണ് വളര്‍ത്തിയത്. ചെറുപ്പത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഈജിപ്തിലെ ത്വന്‍ത്വയില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം കയ്‌റോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഉന്നത ഗുരുക്കന്മാരില്‍ നിന്ന് ശരീഅ വിജ്ഞാനങ്ങളില്‍ പ്രാവീണ്യം നേടി. 20 വയസ്സ് പൂര്‍ത്തിയാകും മുമ്പുതന്നെ ഫിഖ്ഹ് പഠിപ്പിക്കുവാനും ഫത്‌വ നല്‍കുവാനുമുള്ള അനുമതി പത്രം (ഇജാസ്) ലഭിച്ചു. ശൈഖ് സകരിയ്യല്‍ അന്‍സാരി (മരണം ഹി. 926), അല്ലാമ ശിഹാബുദ്ദീന്‍ അഹ്മദുര്‍റംലി എന്നിവരില്‍ നിന്നാണ് കര്‍മശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയത്. ഈജിപ്തില്‍ നിന്ന് പല പ്രാവശ്യം ഹജ്ജിനു പോയി. അനന്തരം മക്കയില്‍ സ്ഥിരതാമസമാക്കി. അധ്യാപനം, ഗ്രന്ഥരചന, ഫത്‌വ നല്‍കല്‍ എന്നീ കാര്യങ്ങളില്‍ വ്യാപൃതനായി. ഹിജാസ്, യമന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ശാഫിഈ കര്‍മശാസ്ത്രത്തിലെ ആധികാരിക ശബ്ദമായിരുന്നു. 

തുഹ്ഫ എന്ന പേരില്‍ പ്രശസ്തമായ തുഹ്ഫതുല്‍ മുഹ്താജ് ഫീ ശര്‍ഹില്‍ മിന്‍ഹാജ് എന്ന ഗ്രന്ഥമാണ് ഏറ്റവും പ്രാമാണികമായ രചന. ഹിജ്‌റ 958-ലാണ് രചന നിര്‍വഹിച്ചത്. ഇമാം നവവിയുടെ പ്രസിദ്ധമായ മിന്‍ഹാജുത്ത്വാലിബീന്‍ എന്ന ഗ്രന്ഥത്തിന്റെ വിശദീകരണപഠനമാണിത്. 11 മാസം കൊണ്ടാണ് ഇതിന്റെ രചന പൂര്‍ത്തീകരിച്ചത്. ഫതാവല്‍ കുബ്‌റ, ഫതാവല്‍ ഹദീസിയ്യ എന്നീ ഫത്‌വാ സമാഹാരങ്ങളും അസ്സവാജിര്‍ മിന്‍ ഇഖ്തിറാഫില്‍ കബാഇര്‍, ഫത്ഹുല്‍ ജവാദ് ഫീ ശര്‍ഹില്‍ ഇര്‍ശാദ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 974/1567-ല്‍ മക്കയില്‍ മരിച്ചു. 

 

ഇമാം ശംസുദ്ദീന്‍ അര്‍റംലി

പൂര്‍ണമായ നാമം ശംസുദ്ദീന്‍ മുഹമ്മദുബ്‌നു അഹ്മദുബ്‌നു ഹംസതുര്‍റംലില്‍ മനൂഫില്‍ മിസ്വ്‌രി. ഈജിപ്തിലെ മനൂഫിയ്യ നഗരത്തിലെ റംല ഗ്രാമത്തോട് ചേര്‍ത്ത് റംലി എന്ന പേരില്‍ അറിയപ്പെടുന്നു. 919/1513-ല്‍ കയ്‌റോയില്‍ ജനിച്ചു. പിതാവും പ്രമുഖ ശാഫിഈ പണ്ഡിതനുമായ ശിഹാബുദ്ദീന്‍ അഹ്മദുബ്‌നി ഹംസതിര്‍റംലിയുടെ ശിക്ഷണത്തില്‍ വളര്‍ന്നു. മറ്റൊരു പ്രമുഖ ശാഫിഈ പണ്ഡിതനായ ശൈഖ് മുഹമ്മദുശ്ശര്‍ബീനി (മരണം ഹി. 977) ഗുരുവാണ്. ശരീഅത്തിന്റെ എല്ലാ വിജ്ഞാന ശാഖകളിലും പ്രാവീണ്യം നേടി. പിതാവിന്റെ മരണശേഷം ഈജിപ്തിലെ ഖാദിയായി നിയമിതനായി. ഹിജ്‌റ പത്താം നൂറ്റാണ്ടിലെ മുജദ്ദിദാണെന്നു വരെ അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്. ഉള്‍ക്കാഴ്ചയോടെ പ്രശ്‌നങ്ങള്‍ വിലയിരുത്തുവാനുള്ള കഴിവ് അപാരമായിരുന്നു. 

പ്രധാന ഗ്രന്ഥങ്ങള്‍: നിഹായതുല്‍ മുഹ്താജ് ഫീ ശര്‍ഹില്‍ മിന്‍ഹാജ് (ശാഫിഈ ഫിഖ്ഹിലെ പ്രാമാണിക ഗ്രന്ഥം), ഗായതുല്‍ ബയാന്‍, ശര്‍ഹുത്തഹ്‌രീര്‍ ലിസകരിയ്യല്‍ അന്‍സാരി, ശറഹുല്‍ ഈളാഹ് ഫീ മനാസികില്‍ ഹജ്ജ്. 1004/1595-ല്‍ കയ്‌റോയില്‍ അന്തരിച്ചു. 

 

ഇബ്‌നു ദഖീഖില്‍ ഈദ്

ഹദീസ് പണ്ഡിതന്‍, പക്ഷപാത മുക്തനായ ശാഫിഈ കര്‍മശാസ്ത്ര വിശാരദന്‍, ന്യായാധിപന്‍. ശരിയായ പേര് തഖിയ്യുദ്ദീന്‍ അബുല്‍ ഫത്ഹ് മുഹമ്മദുബ്‌നു അലിയ്യുബ്‌നു വഹബുബ്‌നു മുത്വീഇല്‍ മന്‍ഫലൂതില്‍ മിസ്‌രി. പിതാവിനെയും പിതാമഹനെയും പോലെ ഇബ്‌നു ദഖീഖില്‍ ഈദ് എന്ന പേരില്‍ അറിയപ്പെടുന്നു. 625/1228-ല്‍ ഹിജാസിലെ യന്‍ബുഇല്‍ ജനിച്ചു. ഖൂസ്വില്‍ വളര്‍ന്നു. ഈജിപ്തിലെ മന്‍ഫലൂത്വ് സ്വദേശിയായ പിതാവ് ഖൂസ്വിലായിരുന്നു സ്ഥിര താമസം. ദമസ്‌കസ്, അലക്‌സാണ്ട്രിയ, കയ്‌റോ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ആദ്യം മാലികി മദ്ഹബുകാരനായിരുന്നുവെങ്കിലും പിന്നീട് ശാഫിഈ മദ്ഹബിലേക്ക് മാറി. ശൈഖ് ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം തുടങ്ങിയവരുടെ ശിഷ്യത്വത്തില്‍ ശാഫിഈ മദ്ഹബില്‍ അവഗാഹം നേടി. പല പ്രാവശ്യം ഈജിപ്തില്‍ ഖാദിസ്ഥാനം വഹിച്ചു. 695ല്‍ ഈജിപ്തില്‍ ചീഫ് ജസ്റ്റിസായി തുടര്‍ന്നു. 702/1302 ല്‍ കൈറോവില്‍ അന്തരിച്ചു. 

ഗ്രന്ഥങ്ങള്‍: ഇഹ്കാമുല്‍ അഹ്കാം അല്‍ ഇല്‍മാമുബി അഹാദീഥില്‍ അഹ്കാം, ശര്‍ഹു മുഖദ്ദിമതില്‍ മുത്വര്‍രിസി, ശര്‍ഹു മുഖ്തസറുത്തബ്‌രീസി, അല്‍ ഇഖ്തിറാഹു ഫീ ബയാനില്‍ ഇസ്ത്വിലാഹ്. 

 

ഇബ്‌നുഹജരില്‍ അസ്ഖലാനി

വിശ്രുത ഹദീസ് പണ്ഡിതന്‍, കര്‍മശാസ്ത്ര വിശാരദന്‍, ചരിത്രകാരന്‍. ശരിയായ നാമം ശിഹാബുദ്ദീന്‍ അബുല്‍ ഫദ്ല്‍ അഹ്മദുബ്‌നു അലിയ്യുബ്‌നു മുഹമ്മദുബ്‌നു മുഹമ്മദുല്‍ അസ്ഖലാനി. തന്റെ പിതാമഹനില്‍ പെട്ട ഒരാളുടെ സ്ഥാനപ്പേരായ ഇബ്‌നുഹജര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഫലസ്തീനിലെ അസ്ഖലാനിലാണ് കുടുംബ വേരുകള്‍. ഈജിപ്തിലെ കൈറോവില്‍ 773/1372 ല്‍ ജനിച്ചു. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടതിനാല്‍ അനാഥനായാണ് വളര്‍ന്നത്. തുടര്‍ന്ന് വ്യാപാര പ്രമുഖനായ സകിയ്യുദ്ദീന്‍ അബൂബക്‌റില്‍ ഖര്‍റൂബി എന്ന ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്നു.

ഇബ്‌നു ഹജറിന് അഞ്ചു വയസ്സുള്ളപ്പോള്‍ സകിയ്യുദ്ദീന്‍ അദ്ദേഹത്തെ പ്രാഥമിക മതപാഠശാലയില്‍ ചേര്‍ത്തു. ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഹി. 784-ല്‍ സകിയ്യുദ്ദീന്റെ കൂടെ ഹജ്ജ് നിര്‍വഹിച്ചു. തുടര്‍ന്ന് മക്കയിലും മദീനയിലും രണ്ടു വര്‍ഷത്തോളം താമസിച്ച് പഠനം തുടര്‍ന്നു. ഹദീസ് പഠനത്തിനായി ശാം, ഹിജാസ്, യമന്‍ എന്നീ രാജ്യങ്ങളില്‍ സഞ്ചരിച്ചു. ഇമാം സിറാജുദ്ദീനുല്‍ ബുല്‍ഖീനി, സൈനുദ്ദീനുല്‍ ഇറാഖി തുടങ്ങിയവരില്‍ നിന്നാണ് കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയത്. കൈറോവിലും ചുറ്റുമുള്ള പ്രദേശങ്ങളിലും പല തവണ ഖാദിയായി നിയമിക്കപ്പെട്ടു. ഹദീസിലും കര്‍മശാസ്ത്രത്തിലും അദ്ദേഹം നേടിയ അഗാധ ജ്ഞാനത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഹദീസ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തേടിവന്നു. ഹി.813-ല്‍ എഴുതിത്തീര്‍ത്ത ഫത്ഹുല്‍ ബാരിയാണ് അദ്ദേഹത്തിന്റെ വിശ്വോത്തര കൃതി. സഹീഹുല്‍ ബുഖാരിക്ക് രചിക്കപ്പെട്ട ഏറ്റവും വിശദവും ആധികാരികവുമായ പഠനമാണ് ഫത്ഹുല്‍ ബാരി. യഥാര്‍ഥത്തില്‍ ഇതൊരു ഹദീസ് വിജ്ഞാന കോശം തന്നെയാണ്. 

ഫത്ഹുല്‍ ബാരിക്ക് പുറമേ ബുലൂഗുല്‍ മറാമിന്‍ അദില്ലതില്‍ അഹ്കാം, നുഖ്ബതുല്‍ ഫിക്ര്‍, അതിന്റെ വ്യാഖ്യാനമായ നുസ്ഹതുന്നള്ര്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുണ്ട്.   853/1448-ല്‍ കയ്‌റോയില്‍  മരണപ്പെട്ടു. 

 

അല്‍ഹാഫിള് ജലാലുദ്ദീന്‍ അസ്സുയൂത്വി

ശരിയായ നാമം ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാനുബ്‌നു അബീബക്ര്‍ ബ്‌നു മുഹമ്മദുബ്‌നു സാബിഖുദ്ദീനുല്‍ ഖുളൈരി അസ്സുയൂത്വി. 848/1445 ല്‍ കൈറോവില്‍ ജനിച്ചു. അഞ്ചാം വയസ്സില്‍ പിതാവ് മരിച്ചതോടെ അനാഥനായി വളര്‍ന്നു. ചെറുപ്പത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഈജിപ്തിലെ പ്രമുഖ പണ്ഡിതന്മാരില്‍ നിന്നു അറിവ് നേടി. തുടര്‍ന്ന് ശാം, ഹിജാസ്, യമന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഹദീസ് പഠിച്ചു. ശാഫിഈ കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും പ്രാവീണ്യം കൈവരിച്ചു. തഫ്‌സീറിലും ഉലൂമുല്‍ ഖുര്‍ആനിലും ഇമാമായി അംഗീകരിക്കപ്പെട്ടു. നാല്‍പത് വയസ്സായപ്പോള്‍ ജനങ്ങളില്‍ നിന്ന് മാറി, കൈറോവിന്റെ പ്രാന്തപ്രദേശത്ത് നൈല്‍ നദിക്കരയില്‍ റൗളത്തുല്‍ മിഖ്‌യാസ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് താമസമാക്കി ഗ്രന്ഥരചനയില്‍ മുഴുകി. 911/1505 ല്‍ മരിക്കുന്നത് വരെ ഇവിടെ താമസിച്ചു. ഈ ഏകാന്ത താമസത്തിന്നിടയിലാണ് തന്റെ 600 ഓളം വരുന്ന ഗ്രന്ഥങ്ങള്‍ രചിച്ചത്. അവയില്‍ ചെറിയ ഗ്രന്ഥങ്ങളും കനപ്പെട്ട വാല്യങ്ങളുള്ളവയുമുണ്ട്. മംലൂകി സുല്‍ത്താന്റെ മജ്‌ലിസില്‍ ഹാജറാകാനുള്ള നിര്‍ദേശം അദ്ദേഹം പലപ്പോഴും തള്ളിക്കളഞ്ഞു. തന്നെ സന്ദര്‍ശിക്കുന്നവര്‍ നല്‍കുന്ന പണത്തില്‍നിന്ന് ആവശ്യത്തിനുള്ളത് ചെലവഴിച്ച് ബാക്കി സ്വദഖ ചെയ്യുമായിരുന്നു. 

പ്രധാന ഗ്രന്ഥങ്ങള്‍: അല്‍ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, അദ്ദുര്‍റുല്‍ മന്‍ഥൂര്‍ ഫിത്തഫ്‌സീറി ബില്‍ മഅ്ഥൂര്‍, അദ്ദീബാജ് അലാ സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, തദ്ശീബുര്‍റാവി ഫീ ശര്‍ഹി തഖ്‌രീബിര്‍റാവി, മുഖ്തസ്വറുറൗളതിത്ത്വാലിബീന്‍, ശര്‍ഹുത്തന്‍ബീഹ് ലിശ്ശീറാസി, അല്‍ അശ്ബാഹു വന്നളാഇര്‍ ഫീ ഖവാഇദി വ ഫൂറൂഇശ്ശാഫിഇയ്യഃ, താരീഖുല്‍ ഖുലഫാഅ്. അദ്ദേഹത്തിന്റെ സ്വതന്ത്ര ഇജ്തിഹാദിന്റെ നിദര്‍ശനമാണ് അര്‍റദ്ദു അലാ മന്‍ അഖ്‌ലദ ഇലല്‍ അര്‍ള് വജഹല അന്നല്‍ ഇജ്തിഹാദ ഫീ കുല്ലി അസ്വ്‌രിന്‍ ഫര്‍ള് എന്ന കൃതി. 

 

അല്ലാമത്തുല്‍ ഖല്‍യൂബി

ശാഫിഈ പണ്ഡിതന്‍. ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്‌നു സലാമഃ എന്ന് പൂര്‍ണനാമം. ഈജിപ്തിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖല്‍യൂബ് ഗ്രാമത്തില്‍ ജനനം. അതിലേക്ക് ചേര്‍ത്ത് അല്‍ഖല്‍യൂബി എന്ന് അറിയപ്പെടുന്നു. തന്റെ കാലഘട്ടത്തിലെ പ്രാമാണിക പണ്ഡിതനായി അംഗീകരിക്കപ്പെട്ട അദ്ദേഹം വിശ്രുത പണ്ഡിതനായ ശംസുദ്ദീന്‍ അര്‍റംലി (മരണം 1004)യുടെ ശിഷ്യനാണ്. ഇമാം നവവിയുടെ മിന്‍ഹാജുത്താലിബീന് ജലാലുദ്ദീന്‍ മഹല്ലി ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. കന്‍സുര്‍റാഗിബീന്‍ എന്നാണ് പേര്. മഹല്ലി എന്ന പേരിലാണത് അറിയപ്പെടുന്നത്. അതിന്ന് അല്ലാമാ ശിഹാബുദ്ദീന്‍ എന്ന ഉമൈറയും ഖല്‍യൂബിയും ചേര്‍ന്ന് ഒരു ടിപ്പണി എഴുതിയിട്ടുണ്ട്. ഹാശിയതുല്‍ ഖല്‍യൂബി വ ഉമൈറ അലാ  കന്‍സിര്‍റാഗിബീന്‍  എന്ന പേരിലാണ് അത് അച്ചടിക്കപ്പെടുന്നത്. നമ്മുടെ നാട്ടിലെ പള്ളി ദര്‍സുകളിലും അറബിക് കോളേജുകളിലും അത് പാഠപുസ്തകമാണ്. 1069/1659-ല്‍ ഖല്‍യൂബി മരണപ്പെട്ടു. 

 

അല്‍ അല്ലാമ നൂറുദ്ദീന്‍ അബുദ്ദിയാഅ് അലിയ്യുബ്‌നി അലിയ്യുശ്ശിബ്‌റമല്ലസി 

ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ശിബ്‌റ മല്ലസിയില്‍ 997/1589 ല്‍ ജനനം. ജാമിഉല്‍ അസ്ഹറിലാണ് വിദ്യാഭ്യാസം. ശാഫിഈ കര്‍മശാസ്ത്രത്തില്‍ അവഗാഹം. തുടര്‍ന്ന് അവിടെ അധ്യാപകനും ശാഫിഈ മദ്ഹബിലെ ആധികാരിക വക്താവുമായി. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. 1087/1676-ല്‍ കയ്‌റോയില്‍ അന്തരിച്ചു.

 

അല്‍ അല്ലാമതുല്‍ ജമല്‍

ശരിയായ നാമം അബൂദാവൂദ് സുലൈമാനുബ്‌നു ഉമര്‍ ബ്‌നു മന്‍സ്വൂറുല്‍ ഉജൈലി അല്‍ മിസ്വ്‌രി. ജമല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ 12-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജനനം. ജാമിഉല്‍ അസ്ഹറില്‍ ചേര്‍ന്നു ശരീഅത്ത് വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടി. ശാഫിഈ ഫിഖ്ഹ്, തഫ്‌സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍ എന്നിവയില്‍ രചനകള്‍ നടത്തി. നമ്മുടെ നാട്ടിലെ പള്ളി ദര്‍സുകളില്‍ റഫറന്‍സിന് ഉപയോഗിക്കുന്ന ഹാശിയതുല്‍ ജമല്‍ എന്ന പേരില്‍ പ്രശസ്തമായ അല്‍ ഫുത്തൂഹാതുല്‍ ഇലാഹിയ്യ ബി തൗളീഹി തഫ്‌സീറില്‍ ജലാലൈനി എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. വേറെയും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

 

ബുജൈരിമി

ശരിയായ നാമം സുലൈമാനുബ്‌നിമുഹമ്മദുബ്‌നു ഉമറുല്‍ ബുജൈരിമി അല്‍ മിസ്വ്‌രി.  ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ബുജൈരിം എന്ന  ഗ്രാമത്തില്‍ 1131/1719 ല്‍ ജനിച്ചു. കൈറോവില്‍ വെച്ച് ശാഫിഈ ഫിഖ്ഹില്‍ അവഗാഹം നേടി. ഹാശിയതുല്‍ ബുജൈരിമി അലല്‍ ഖത്വീബ് തുടങ്ങി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. 1221/1806-ല്‍ ബുജൈരിമിന്നടുത്തുള്ള മസ്വ്ത്വിയ നഗരത്തില്‍ മരണമടഞ്ഞു. 

 

അബ്ദുല്ലാഹിശ്ശര്‍ഖാവി

അബ്ദുല്ലാഹിബ്‌നു ഹിജാസി ബ്‌നു ഇബ്‌റാഹീമുശ്ശര്‍ഖാവി. ഈജിപ്തിലെ കിഴക്കന്‍ പ്രവിശ്യയില്‍ 1150/1737 ജനനം. പ്രാഥമിക പഠനത്തിനു ശേഷം അല്‍ അസ്ഹറില്‍ ചേര്‍ന്നു. ഉന്നത പണ്ഡിതന്മാരില്‍ നിന്ന് ശരീഅത്ത് വിജ്ഞാനങ്ങള്‍ പഠിച്ചു. ദാരിദ്ര്യപൂരിതമായിരുന്നു കുട്ടിക്കാലം. അസ്ഹറില്‍ കര്‍മശാസ്ത്ര അധ്യാപകനായി. 1208/1793-ല്‍ ശൈഖുല്‍ അസ്ഹറായി. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. 1226/1811-ല്‍ അന്തരിച്ചു. 

 

അല്‍ബാജൂരി

ഇബ്‌റാഹീമുബ്‌നു മുഹമ്മദു ബ്‌നു അഹ്മദുല്‍ ബാജൂരി എന്ന് യഥാര്‍ഥ നാമം. 1198/1783 ല്‍ ഈജിപ്തിലെ മനൂഫിയ്യ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന 'ബാജൂര്‍' നഗരത്തില്‍ ജനനം. ശൈഖ് അബ്ദുല്ലാഹിശ്ശര്‍ഖാവി തുടങ്ങിയ അസ്ഹരീ പണ്ഡിതന്മാരില്‍ നിന്ന് വിദ്യാഭ്യാസം. തന്റെ കാലത്തെ ഈജിപ്തിലെ ശാഫിഈ കര്‍മശാസ്ത്രത്തിന്റെ തലവനായിരുന്നു. 1263/1847 ല്‍ 29ാമത്തെ ശൈഖുല്‍ അസ്ഹറായി ചുമതലയേറ്റു. ഈജിപ്തിലെ ഗവര്‍ണറടക്കം ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുക്കുന്ന ഒരു വിജ്ഞാന സദസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1277/1860-ല്‍ കയ്‌റോവില്‍ മരണമടഞ്ഞു. 

 

അല്ലാമതുല്‍ ബകരി

അബൂബക്ര്‍ ഉസ്മാനുബ്‌നു ശത്വാ അദ്ദിംയാത്വി അല്‍ ബകരി എന്ന് ശരിയായ നാമം. ഹിജ്‌റ 13ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജനനം. പ്രമുഖ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതനായ ഇദ്ദേഹം അധികകാലം ജീവിച്ചത് മക്കയിലാണ്. സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് സൈനുദ്ദീന്‍ ഇബ്‌നു മുഹമ്മദുല്‍ ഗസ്സാലിയുടെ പ്രധാന കൃതിയായ ഫത്ഹുല്‍ മുഈനിന് ഇആനതുത്വാലിബീന്‍ അലാ ഹില്ലി അല്‍ഫാളിഫത്ഹുല്‍ മുഈന്‍ എന്ന പേരില്‍ നാലു വാള്യങ്ങളുള്ള ഒരു ബൃഹദ് വ്യാഖ്യാനം അദ്ദേഹം എഴുതിയിട്ടുണ്ട്. മറ്റു കൃതികളും രചിച്ച അദ്ദേഹം  1310/1892-ല്‍ മരിച്ചു. 

 

അസ്സഖാഫുല്‍ മക്കി

യഥാര്‍ഥ നാമം അലവിബ്‌നു അഹ്മദുബ്‌നു അബ്ദുര്‍റഹ്മാന്‍ അസ്സഖാഫുല്‍ മക്കി. 1255/1839-ല്‍ മക്കയില്‍ ജനിച്ചു. മസ്ജിദുല്‍ ഹറാമിലെ ക്ലാസുകളില്‍ നിന്ന് വിദ്യയഭ്യസിച്ചു. ശാഫിഈ കര്‍മശാസ്ത്രത്തില്‍ ഉന്നത പദവി കൈവരിച്ചു. 1335/1916-ല്‍ മക്കയില്‍ അന്തരിച്ചു. ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്റെ ഫത്ഹുല്‍ മുഈന്‍ എന്ന കൃതിക്ക് തര്‍ശീഹുല്‍ മുസ്തഫീദീന്‍ അലാ ഫത്ഹില്‍ മുഈന്‍ എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. 

 

 

അബ്ദുര്‍റഹ്മാന്‍ മങ്ങാട്: മലപ്പുറം ജില്ലയിലെ കക്കോവ് സ്വദേശി. ചരിത്ര ഗവേഷകന്‍. ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായി ഗവ. സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് ചെയറിലെ റിസര്‍ച്ച് ഓഫീസര്‍. തഹ്ദീബുല്‍ അഖ്‌ലാഖ് (വിവര്‍ത്തനം), ഇസ്‌ലാം ക്വിസ് തുടങ്ങി പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചു. ഫോണ്‍: 9946070567

Comments

Other Post