വൈജ്ഞാനിക വിനയം സഹിഷ്ണുത
കര്‍മശാസ്ത്ര രംഗത്ത് വിവിധ മദ്ഹബുകള്‍ രൂപപ്പെടാനുള്ള അടിസ്ഥാന കാരണം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. കര്‍മശാസ്ത്ര രംഗത്തെ അഭിപ്രായ വൈവിധ്യങ്ങളാകട്ടെ സ്വഹാബത്തിന്റെ കാലം മുതലേ ആരംഭിച്ചിട്ടുമുണ്ട്. ഈ അഭിപ്രായ വൈവിധ്യം താബിഉത്താബിഉകളിലും ശേഷമുള്ള തലമുറകളിലുമുണ്ടായിരുന്നു. ആ വൈവിധ്യങ്ങളാണ് പിന്നീട് വ്യത്യസ്ത മദ്ഹബുകളായി മാറിയത്. ഒരേ വിഷയത്തില്‍ എങ്ങനെയാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായതെന്നതിന് ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി അദ്ദേഹത്തിന്റെ അല്‍ ഇന്‍സാഫു ഫീ ബയാനി അസ്ബാബില്‍ ഇഖ്തിലാഫില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഹദീസ് പരിജ്ഞാനത്തിലെ ഏറ്റക്കുറവുകള്‍, നബിയുടെ പ്രവൃത്തിയുടെ സ്വഭാവം നിര്‍ണയിക്കുന്നതിലെ വ്യത്യാസം, നിഗമന വൈജാത്യം, ഹദീസിന്റെ ആശയം ഗ്രഹിക്കുന്നതിലുള്ള വ്യത്യാസം, കാരണം നിര്‍ണയിക്കുന്നതിലെ വ്യത്യാസം, നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയാണതില്‍ മുഖ്യമായത്.
ഇമാമിന്റെ പിന്നില്‍ നമസ്‌കരിക്കുന്നവര്‍ (മഅ്മൂമീങ്ങള്‍) ഫാതിഹ ഓതേണ്ടതുണ്ടോ എന്ന വിഷയത്തില്‍ മൂന്ന് പ്രമുഖ കര്‍മശാസ്ത്ര ഇമാമുമാര്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും അതിനവര്‍ നിരത്തിയ തെളിവുകളും മാത്രം പരിശോധിച്ചാല്‍ ഈ വീക്ഷണവൈവിധ്യത്തിന്റെ കാരണം മനസ്സിലാക്കാം. ഇമാം ഓതുന്ന ഫാതിഹ തന്നെ മഅ്മൂമിനും മതിയാകും. മഅ്മൂമിന് ഇമാമിന്റെ കൂടെയോ അതിനു ശേഷമോ ഫാതിഹ ഓതേണ്ടതില്ല എന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. അതിന് അദ്ദേഹം തെളിവായി പറയുന്ന ഹദീസ് ഇതാണ്: നബി (സ) പറഞ്ഞു: ''ഇമാമിന്റെ പാരായണം മഅ്മൂമിന്റെയും പാരായണമാകുന്നു.''
ഇമാമിന്റെ ഫാതിഹ മഅ്മൂമുകള്‍ക്ക് ബാധകമല്ല; അവര്‍ വേറെ തന്നെ ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ് എന്നാണ് ഇമാം ശാഫിഈയുടെ അഭിപ്രായം. തെളിവായി ഇമാം ശാഫിഈ പറയുന്നത് മറ്റൊരു ഹദീസാണ്. നബി(സ) പറഞ്ഞു: ''ഫാതിഹ ചൊല്ലാത്തവരുടെ നമസ്‌കാരം സ്വീകാര്യമല്ല'' (ബുഖാരി). ഇമാം മാലികിന്റെ അഭിപ്രായം, മഅ്മൂം ഇമാമിന്റെ ഉറക്കെയുള്ള പാരായണം കേട്ടുനിന്നാല്‍ മതി; എന്നാല്‍ ഇമാം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യാത്ത നമസ്‌കാരങ്ങളില്‍ അവര്‍ ഫാതിഹ ചൊല്ലണം എന്നാണ്. അദ്ദേഹത്തിന്റെ തെളിവ് ഈ ഖുര്‍ആന്‍ സൂക്തമാണ്. ''ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ഗ്രഹിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കും'' (അല്‍അഅ്‌റാഫ് 204).
ഓരോരുത്തര്‍ക്കും ലഭിച്ച തെളിവുകളും അവരുടെ ഗവേഷണ വൈവിധ്യവുമാണ് ഒരേ വിഷയത്തില്‍ ഒരേ കാലത്ത് ജീവിച്ചിരുന്നവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് ചുരുക്കം. ആ തിരിച്ചറിവ് സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കും മഹാന്മാരായ കര്‍മശാസ്ത്ര ഇമാമുമാര്‍ക്കുമുണ്ടായിരുന്നു. തന്റേതില്‍നിന്ന് വ്യത്യസ്ത അഭിപ്രായവും വീക്ഷണവും പുലര്‍ത്തുന്ന ഇമാമുമാരോടും പണ്ഡിതന്മാരോടും ഇമാം ശാഫിഈ പുലര്‍ത്തിയ ആദരവും ബഹുമാനവും ഈ തിരിച്ചറിവ് വ്യക്തമാക്കുന്നതാണ്.
മാലികീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം മാലിക് ഇമാം ശാഫിഈയുടെ ഉസ്താദാണ്. മാലികീ മദ്ഹബിന്റെ പ്രമുഖ വക്താക്കളിലൊരാളായിരുന്നു ഇമാം ശാഫിഈ. മാലികീ മദ്ഹബിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മുന്നില്‍ നിന്ന് പ്രതിരോധിച്ച ഒരു കാലം ഇമാം ശാഫിഈക്കുണ്ടായിരുന്നു. പിന്നീട് പഠനവും ഗവേഷണവും മുന്നോട്ടുപോയപ്പോഴാണ് മാലികീ മദ്ഹബില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ വിഷയങ്ങളില്‍ ഇമാം ശാഫിഈക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ടാവുന്നതും അത് സ്വതന്ത്രമായ മറ്റൊരു മദ്ഹബായി മാറുന്നതും. അങ്ങനെ തന്റെ ഉസ്താദിന്റെ മദ്ഹബില്‍നിന്ന് വ്യത്യസ്തമായ കര്‍മശാസ്ത്രധാരക്ക് നേതൃത്വം നല്‍കുമ്പോഴും ഇമാം മാലികിനോടുള്ള അദ്ദേഹത്തിന്റെ ആദരവിനോ സ്‌നേഹത്തിനോ ഒട്ടും കുറവ് വന്നിരുന്നില്ല. തന്റെ ചുറ്റും കൂടിയിരിക്കുന്ന ശിഷ്യരോടും അനുയായികളോടും ഇമാം ശാഫിഈ പറയുമായിരുന്നു: ''ഇമാം മാലിക് എന്റെ ഗുരുവാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് വിജ്ഞാനം നേടിയത്. പണ്ഡിതരുടെ പേരുകള്‍ എണ്ണിയാല്‍ ഇമാം മാലിക്(റ) അവരിലെ നക്ഷത്രമാണ്. എന്റെ പക്കല്‍ അദ്ദേഹത്തേക്കാള്‍ പ്രിയങ്കരനായ മറ്റൊരാളില്ല.''
അതുവരെ താന്‍ നിലകൊണ്ടിരുന്ന ഉസ്താദിന്റെ അഭിപ്രായത്തോട് വിയോജിച്ചും പുതിയ കര്‍മശാസ്ത്ര നിലപാടുകള്‍ രൂപീകരിച്ചും കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇമാം ശാഫിഈയുടെ ഈ അഭിപ്രായ പ്രകടനം. കര്‍മശാസ്ത്ര വ്യത്യാസങ്ങളോ അഭിപ്രായ ഭിന്നതകളോ അവരുടെ മനസ്സുകളിലെ സ്‌നേഹത്തിനും ആദരവിനും ഒരു കോട്ടവും വരുത്തിയില്ലെന്ന് സാരം. ഇമാം മാലികിന്റെ അഭിപ്രായങ്ങള്‍ പറയുമ്പോഴെല്ലാം നമ്മുടെ ഗുരു (ഉസ്താദുനാ) എന്നാണ് ഇമാം ശാഫിഈ പ്രയോഗിക്കാറുള്ളതെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ കാണാം. ഹദീസിന്റെ വിഷയത്തില്‍ ഇമാം മാലികിനോളം വിശ്വസനീയമായ മറ്റൊരു ഉറവിടമില്ലെന്നും ഇമാം ശാഫിഈ തുറന്നുപറയുന്നുണ്ട്: ''ഇമാം മാലികില്‍ നിന്ന് വല്ല ഹദീസും ലഭ്യമായാല്‍ അത് മുറുകെ പിടിക്കുക. കാരണം ഹദീസിന്റെ കാര്യത്തില്‍ വല്ല സംശയവും തോന്നിയാല്‍ അദ്ദേഹം ഹദീസ് അപ്പാടെ ഒഴിവാക്കുമായിരുന്നു.''
നമസ്‌കാരത്തില്‍ ഇമാം ബിസ്മി ഉറക്കെ ഓതണമെന്നാണ് ഇമാം ശാഫിഈയുടെ അഭിപ്രായം. ഇമാം മാലികിന്റെ അഭിപ്രായമാകട്ടെ ബിസ്മി തന്നെ ഓതണമെന്നില്ല എന്നും. മദീനക്കാരാകട്ടെ, ഇമാം മാലികിന്റെ മദ്ഹബായിരുന്നു പിന്‍പറ്റിയിരുന്നത്. വര്‍ഷങ്ങളോളം മദീനയിലുണ്ടായിരുന്ന ഇമാം ശാഫിഈ ബിസ്മി ഓതാത്ത മാലികീ മദ്ഹബ് പിന്തുടരുന്ന ഇമാമുമാരുടെ പിന്നിലാണ് നമസ്‌കരിച്ചിരുന്നത്. അതിന്റെ പേരില്‍ ഒരു വാഗ്വാദത്തിനോ സംവാദത്തിനോ പോയിട്ട് ഒരു അനിഷ്ടം പ്രകടിപ്പിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. ഇമാം ശാഫിഈയുടെ പ്രതിപക്ഷ ബഹുമാനവും അഭിപ്രായ വൈവിധ്യങ്ങളോട് സ്വീകരിക്കേണ്ട പ്രായോഗിക സമീപന രീതിയുമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് ഇമാം ഇബ്‌നുതൈമിയ്യ ഈ വിഷയം സൂചിപ്പിച്ചുകൊണ്ട് എടുത്തു പറയുന്നുണ്ട്.
തന്റേതില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പുലര്‍ത്തുമ്പോഴും അത്തരം പണ്ഡിതന്മാരുടെ പാണ്ഡിത്യത്തെ പരസ്യമായിത്തന്നെ ഇമാം ശാഫിഈ പുകഴ്ത്തിപ്പറഞ്ഞിരുന്നു: ''ജ്ഞാനം മൂന്ന് വ്യക്തികളില്‍ ചുറ്റിക്കറങ്ങുകയാണ്; ഇമാം മാലിക്, ലൈസ്, സുഫ്‌യാനുബ്‌നു ഉയയ്‌ന എന്നിവരില്‍.'' ഇമാം ശാഫിഈയുടെ വാക്കുകളാണിത്. അറിവ് നേടുന്ന വിഷയത്തിലും അഭിപ്രായവ്യത്യാസത്തെ അദ്ദേഹം കണക്കിലെടുത്തില്ല. തനിക്കറിയാത്ത വിജ്ഞാനം തന്റെ ആദര്‍ശത്തില്‍നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയില്‍നിന്നായാല്‍ പോലും അദ്ദേഹം അത് സ്വീകരിച്ചു. സ്വന്തം ആദര്‍ശം പണയം വെക്കാതെത്തന്നെ അത് നേടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.
ഇമാം മാലികിന്റെ ശിഷ്യനായി ഇമാം ശാഫിഈ മദീനയില്‍ പഠിക്കുന്ന കാലം. മദീനാ പള്ളിയില്‍ ഇമാം മാലികിന് പുറമെ ഒരുപാട് പണ്ഡിതരുടെ ക്ലാസ്സുകളുണ്ടായിരുന്നു. ഇമാം മാലികിന് പുറമെ മറ്റു ചില പണ്ഡിതന്മാരുടെ ക്ലാസ്സുകളിലും ഇമാം ശാഫിഈ പങ്കെടുക്കാറുണ്ടായിരുന്നു. അതിലൊരു പണ്ഡിതന്‍ മുഅ്തസിലി വീക്ഷണക്കാരനായ ഇബ്‌റാഹീമുബ്‌നു അബീയഹ്‌യ ആയിരുന്നു. മുഅ്തസിലി വീക്ഷണത്തിന്റെ എതിര്‍ഭാഗത്ത് നിലയുറപ്പിച്ച് ഇമാം ശാഫിഈ വൈജ്ഞാനിക സംവാദത്തിലേര്‍പ്പെടുന്ന കാലമായിരുന്നു അത്. എന്നിട്ടും, ഇബ്‌റാഹീമുബ്‌നു അബീ യഹ്‌യയുടെ ക്ലാസ്സില്‍ ഇമാം ശാഫിഈ പങ്കെടുത്തിരുന്നു. വിജ്ഞാനമാര്‍ജിക്കാന്‍ ആ വീക്ഷണവ്യത്യാസം ഇമാം ശാഫിഈക്ക് തടസ്സമായില്ല. എന്നല്ല, തന്റെ ഗ്രന്ഥങ്ങളിലും സംസാരങ്ങളിലുമെല്ലാം ഇബ്‌റാഹീമുബ്‌നു അബീ യഹ്‌യയില്‍നിന്ന് ലഭിച്ച അറിവുകള്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. അഖ്ബറനീ മന്‍ ലാ അത്തഹിമു (ഞാന്‍ സംശയിക്കാത്തവന്‍ എന്നോടു പറഞ്ഞു) എന്ന് ഇമാം ശാഫിഈ പ്രസ്താവിക്കുന്നത് ഇബ്‌റാഹീമുബ്‌നു അസ്വീ യഹ്‌യയെയാണ് എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഇമാം ശാഫിഈ തന്റെ കര്‍മശാസ്ത്ര ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് മദീന വിട്ട് ഇറാഖിലെത്തുന്നതോടു കൂടിയാണ്. അവിടെ പ്രചാരം ഹനഫീ മദ്ഹബിനായിരുന്നു. പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയാണ് മദീന ഫിഖ്ഹിന്റെ മുഖമുദ്രയെങ്കില്‍ ധിഷണയുടെ മേധാവിത്വം ഇറാഖീ ഫിഖ്ഹിന്റെ സവിശേഷതയാണ്. രണ്ട് നാടുകളിലുമുള്ള ഫിഖ്ഹിന്റെ വ്യത്യാസം ഇമാം ശാഫിഈ പെട്ടെന്ന് തിരിച്ചറിഞ്ഞു. അതോടെ ഹനഫീ മദ്ഹബ് ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇമാം അബൂഹനീഫ അപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.
ഇമാം അബൂ ഹനീഫയുടെ ശിഷ്യരില്‍ പ്രമുഖനായ മുഹമ്മദുബ്‌നു ഹസനായിരുന്നു അന്ന് ഇറാഖില്‍ ഹനഫീ മദ്ഹബിന് നേതൃത്വം നല്‍കിയിരുന്നത്. ഖലീഫ ഹാറൂന്‍ റശീദിന്റെ ചീഫ് ജസ്റ്റിസായി ബഗ്ദാദില്‍ മുഹമ്മദു ബ്‌നു ഹസന്‍ സേവനമനുഷ്ഠിക്കുന്ന കാലത്താണ് ഇമാം ശാഫിഈ അവിടെയെത്തുന്നത്. തന്റേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഈ കര്‍മശാസ്ത്രത്തെ ആധികാരികമായി പഠിക്കാന്‍ നല്ലത് മുഹമ്മദു ബ്‌നു ഹസനാണെന്ന് മനസ്സിലാക്കിയ ഇമാം ശാഫിഈ അദ്ദേഹത്തിന്റെ കൂടെ താമസമാക്കി. ഒട്ടനവധി വിഷയങ്ങള്‍ അവര്‍ ചര്‍ച്ചചെയ്തു. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ഇമാം ശാഫിഈ ആദരിക്കുകയും പരസ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു: ''മുഹമ്മദു ബ്‌നു ഹസന്‍ എന്റെ അടുക്കല്‍ ഉന്നതനും ആദരണീയനുമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ 60 ദീനാര്‍ ചെലവഴിച്ചിട്ടുണ്ട്. പിന്നീട് ഖലീഫ ഹാറൂന്‍ റശീദിന്റെ സന്നിധിയില്‍ ഞങ്ങള്‍ സന്ധിച്ചു. ഒരു ഒട്ടകച്ചുമട് വരുന്ന ഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍നിന്ന് കരസ്ഥമാക്കിയിട്ടുണ്ട്. അവയത്രയും നേരിട്ടു പഠിക്കുകയായിരുന്നു.''
മുഹമ്മദ് ബ്‌നു ഹസനില്‍നിന്ന് ഹനഫീ മദ്ഹബ് കൂടി പഠിച്ച ശേഷം ഇമാം ശാഫിഈ താന്‍ മുമ്പ് സ്വീകരിച്ചിരുന്ന പല വിഷയങ്ങളിലുമുള്ള അഭിപ്രായങ്ങള്‍ തിരുത്തി. തന്റെ അഭിപ്രായത്തേക്കാള്‍ മികച്ചത് തന്നോട് പല വിഷയങ്ങളിലും വിയോജിക്കുന്നവരുടേതാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ അതുള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള ഹൃദയവിശാലത ഇമാം ശാഫിഈക്കുണ്ടായിരുന്നു. പണ്ഡിതന്മാരോടുള്ള വൈജ്ഞാനികമായ ആദരവ് കര്‍മപരമായ വിട്ടുവീഴ്ചക്ക് വരെ അദ്ദേഹത്തെ സന്നദ്ധനാക്കി. ഖുനൂത്ത് ഓതാതെ സ്വുബ്ഹ് നമസ്‌കാരം ശരിയാവില്ലെന്ന് വിശ്വസിക്കുന്നവരാണല്ലോ ശാഫിഈ മദ്ഹബിന്റെ അനുയായികള്‍. മറ്റു മൂന്ന് മദ്ഹബിലും സ്വുബ്ഹിന് ഖുനൂത്ത് അനിവാര്യമോ സുന്നത്തോ അല്ല. ഈ വൈവിധ്യത്തെ അംഗീകരിക്കാന്‍ അനുയായികള്‍ ഇന്നും പ്രയാസപ്പെടുമ്പോഴും അതിലൊക്കെ വിട്ടുവീഴ്ചയാവാമെന്ന് ഇമാം ശാഫിഈ തന്നെ മാതൃക കാണിച്ചിട്ടുണ്ടെന്നത് അവര്‍ മറക്കുന്നു. ഇമാം ശാഫിഈ ഇമാം അബൂഹനീഫയുടെ ഖബ്‌റിനോടടുത്ത സ്ഥലത്തു വെച്ച് സ്വുബ്ഹ് നമസ്‌കരിച്ചപ്പോള്‍ ഖുനൂത്ത് ഒഴിവാക്കുകയുണ്ടായി. അത്ഭുതത്തോടെ അതിനെക്കുറിച്ച് ചോദിച്ച ശിഷ്യരോട് ഇമാം പറഞ്ഞു: ''ഇമാം അബൂഹനീഫയുടെ ഖബ്‌റിടത്തിനടുത്തു വെച്ച് ഞാനെങ്ങനെ അദ്ദേഹത്തിനെതിര് പ്രവര്‍ത്തിക്കും? ചിലപ്പോള്‍ നാം ഇറാഖുകാരുടെ രീതിയനുസരിച്ചും (ഹനഫീ മദ്ഹബ്) പ്രവര്‍ത്തിക്കും'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ). ഇതായിരുന്നു ഇമാം ശാഫിഈയുടെ കര്‍മശാസ്ത്ര വൈവിധ്യങ്ങളോടുള്ള പ്രായോഗിക സമീപനം. ഓരോ ഇമാമും അവര്‍ക്ക് ലഭ്യമായ തെളിവുകളിലൂടെയും ഗവേഷണങ്ങളിലൂടെയുമാണ് നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍തന്നെ, അവ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത തെറ്റായി അദ്ദേഹം കണ്ടില്ല.
'തെറ്റാവാന്‍ സാധ്യതയുള്ള ശരിയായ അഭിപ്രായമാണ് എന്റേത്. ശരിയാവാന്‍ സാധ്യതയുള്ള തെറ്റായ അഭിപ്രായമാണ് മറ്റുള്ളവരുടേത്' എന്ന ഇമാം ശാഫിഈയുടെ പ്രസിദ്ധ വചനം തന്റേത് തെറ്റാവാനും മറ്റുള്ളവരുടേത് ശരിയാവാനും സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. തന്റെ അഭിപ്രായത്തിന് വിരുദ്ധമായി പ്രമാണങ്ങള്‍ സ്ഥിരപ്പെട്ടാല്‍ അതാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ''എന്റെ കൃതിയില്‍ നബിയുടെ സുന്നത്തിന് എതിരായി വല്ലതും കണ്ടാല്‍ സുന്നത്ത് സ്വീകരിക്കണം. എന്റെ അഭിപ്രായം തള്ളിക്കളയണം'' (ത്വബഖാത്തു അശ്ശാഫിഇയ്യത്തില്‍ കുബ്‌റാ-താജുദ്ദീനുബ്‌നു അലി).
ഇമാം അഹ്മദുബ്‌നു ഹമ്പലുമായുള്ള വൈജ്ഞാനിക വ്യവഹാരത്തില്‍ ഇമാം ശാഫിഈയുടെ വിനയം കൂടുതല്‍ തെളിമയോടെ കാണാം. ഹമ്പലീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ഇമാം ശാഫിഈയുടെ പ്രമുഖ ശിഷ്യനായിരുന്നു. തന്റെ ശിഷ്യനായിരിക്കെ ഹദീസ് വിജ്ഞാനീയങ്ങളില്‍ അഹ്മദിനുള്ള അവഗാഹം ഇമാം ശാഫിഈ തിരിച്ചറിയുകയും ശിഷ്യനില്‍ നിന്ന് ആ വിഷയം ഗുരു പഠിക്കുകയും ചെയ്തിരുന്നു. ഇമാം ശാഫിഈ അഹ്മദിനോട് നേരിട്ടുതന്നെ ഇങ്ങനെ പറയുമായിരുന്നു: ''ഹദീസിലും റിപ്പോര്‍ട്ടര്‍മാരുടെ പഠനത്തിലും താങ്കള്‍ എന്നേക്കാള്‍ വലിയ പണ്ഡിതനാണ്. ശാമിലേതായാലും ബസ്വറയിലേതോ കൂഫയിലേതോ ആയാലും ശരി ഹദീസ് ശരിയാണെങ്കില്‍ താങ്കള്‍ എന്നോട് പറയുക. ഞാനത് സ്വീകരിക്കും.'' (ത്വബഖാതുല്‍ ഹനാബില-മുഹമ്മദുബ്‌നു അബീയഅ്‌ല). തന്റെ ശിഷ്യന്‍ അഹ്മദിനോടുള്ള ബഹുമാനം അദ്ദേഹത്തില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഇമാം ശാഫിഈ പുലര്‍ത്തിയിരുന്നു. ആദരപൂര്‍വം അദ്ദേഹത്തിന്റെ പേരൊഴിവാക്കി 'വിശ്വസ്തനായ നമ്മുടെ അനുയായി നമുക്ക് ഹദീസ് പറഞ്ഞുതന്നു' എന്നാണ് ഇമാം ശാഫിഈ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വതന്ത്രമായ മറ്റൊരു കര്‍മശാസ്ത്ര മദ്ഹബ് രൂപീകരിച്ച് ഇമാം ശാഫിഈയോട് പല വിഷയങ്ങളിലും വിയോജിച്ചപ്പോഴും ഇമാം അഹ്മദിന് അദ്ദേഹത്തോടുള്ള ആദരവ് ഒട്ടും കുറയാതിരിക്കാനുള്ള കാരണവും ഈ വൈജ്ഞാനിക വിനയമായിരുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പറയുന്നു: ''എനിക്ക് ഹദീസിന്റേതായ തെളിവ് കിട്ടാത്ത വല്ല വിഷയങ്ങളിലും എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പറയും: ഇമാം ശാഫിഈ പറയുന്നതിങ്ങനെയാണ്. കാരണം ഖുറൈശികളുടെ പണ്ഡിതനായ ഇമാമാണദ്ദേഹം.'' (ആദാബു ശാഫിഈ വ മനാകിബുഹൂ -ഇബ്‌നു അബീ ഹാതിമു റാസി).
ഇറാഖീ ജീവിതത്തില്‍ അവിടത്തെ പണ്ഡിതരുമായി ഇമാം ശാഫിഈ വൈജ്ഞാനിക സംവാദത്തിലേര്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതിപക്ഷ ബഹുമാനവും സത്യസന്ധതയും എക്കാലത്തും വൈജ്ഞാനിക തര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് മാതൃകയാണ്. അതില്‍ ഏറെ പ്രസിദ്ധമായ ചില സംവാദങ്ങള്‍ ഇവിടെ പകര്‍ത്തിയെഴുതുകയാണ്. ആദ്യത്തേത് ഇമാം ശാഫിഈയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇമാം അഹ്മദു ബ്‌നു ഹമ്പലും തമ്മല്‍ നടന്ന സംവാദമാണ്. ''നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകും.'' എന്നായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ അഭിപ്രായം. ''നമസ്‌കാരം നിര്‍ബന്ധമാണെന്ന ഇസ്‌ലാമിക വീക്ഷണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് നമസ്‌കാരം ഉപേക്ഷിച്ചാല്‍ മാത്രമേ ഒരാള്‍ കാഫിറാവുകയുള്ളൂ.'' ഇതായിരുന്നു ഇമാം ശാഫിഈയുടെ നിലപാട്. ഈ വിഷയത്തിലാണ് രണ്ട് പേര്‍ക്കുമിടയില്‍ സംവാദം നടന്നത്.
ഇമാം ശാഫിഈ: ''നമസ്‌കാരം ഉപേക്ഷിക്കുന്നതു കൊണ്ട് മാത്രം കാഫിറാകുമെന്നാണോ താങ്കളുടെ വാദം?''
ഇമാം അഹ്മദ്: ''അതേ, നമസ്‌കാരം ഉപേക്ഷിച്ചാല്‍ അവന്‍ കാഫിറാകും.''
ഇമാം ശാഫിഈ: ''അങ്ങനെ നമസ്‌കാരം ഉപേക്ഷിച്ചവന്‍ പിന്നീട് മുസ്‌ലിമാകണമെങ്കില്‍ എന്തുചെയ്യണം?''
ഇമാം അഹ്മദ്: ''അവന്‍ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന ശഹാദത്ത് കലിമ ഉച്ചരിക്കണം.''
ഇമാം ശാഫിഈ: ''അവന്‍ ഈ ശഹാദത്ത് കലിമയെ നിഷേധിച്ചിട്ടില്ലല്ലോ. അവനത് പറഞ്ഞുകൊണ്ടിരിക്കുന്നവനുമാണ്. ശഹാദത്ത് അവന്‍ അംഗീകരിക്കെ തന്നെയാണ് നമസ്‌കാരം ഉപേക്ഷിച്ചത്. എങ്കില്‍ മുസ്‌ലിമാകാന്‍ അവന്‍ എന്തുചെയ്യണം?''
ഇമാം അഹ്മദ്: ''അങ്ങനെയെങ്കില്‍ അവന്‍ നമസ്‌കാരം തുടങ്ങണം. എന്നാല്‍ മുസ്‌ലിമാകാം.''
ഇമാം ശാഫിഈ: ''നമസ്‌കാരം ഉപേക്ഷിച്ചാല്‍ കാഫിറാകുമെന്നാണല്ലോ താങ്കളുടെ വാദം. കാഫിറിന്റെ നമസ്‌കാരം സ്വീകാര്യമല്ലല്ലോ. അപ്പോള്‍ അവന്റെ നമസ്‌കാരം പരിഗണിക്കാന്‍ കഴിയുമോ?''
ഇത്രയുമായപ്പോള്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ മൗനം പാലിച്ചു. സംവാദം അവസാനിക്കുകയും അവര്‍ വീണ്ടും ഗുരു ശിഷ്യന്മാരായി തുടരുകയും ചെയ്തു (ത്വബഖാത്തുശ്ശാഫിഈയ്യ, ഇമാം സുബ്കി: 2:61).
ഹനഫീ പണ്ഡിതനായ മുഹമ്മദ് ഹസനുമായി നടന്ന സംഭാഷണം ശാഫിഈ ഉദ്ധരിക്കുന്നു: നമസ്‌കാരത്തില്‍ നടത്താവുന്ന പ്രാര്‍ഥനയെ കുറിച്ച് ഞാന്‍ മുഹമ്മദുബ്‌നു ഹസനോട് സംസാരിച്ചു. ഖുര്‍ആനിലുള്ളതോ തത്തുല്യമായതോ അല്ലാതെ പ്രാര്‍ഥിക്കാവതല്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: ഒരാള്‍ അല്ലാഹുവേ, നീ എനിക്ക് കക്കരിക്കയും ഉള്ളിയും പരിപ്പും നല്‍കേണമേ എന്നു പ്രാര്‍ഥിക്കാമോ? അല്ലെങ്കില്‍ ഭൂമിയില്‍നിന്ന് അവ ഉല്‍പാദിപ്പിച്ചുതരേണമേ എന്നു പറയാമോ? അദ്ദേഹം പറഞ്ഞു: ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അത് ഖുര്‍ആനിലുണ്ടല്ലോ. നിങ്ങള്‍ ഖുര്‍ആനിലുള്ളത് മാത്രമാണ് അനുവദനീയമാക്കുന്നത് എങ്കില്‍ ഇത് ഖുര്‍ആനിലുള്ളതാണ്. മറ്റുള്ളവയും അനുവദിക്കുകയാണെങ്കില്‍ താങ്കള്‍ എന്തടിസ്ഥാനത്തിലാണ് ചിലത് നിഷിദ്ധവും മറ്റു ചിലത് അനുവദനീയവുമാക്കുന്നത്? അദ്ദേഹം പറഞ്ഞു: നിങ്ങളുടെ വീക്ഷണമെന്താണ്? ഞാന്‍ പറഞ്ഞു: നമസ്‌കാരമല്ലാത്തപ്പോള്‍ പ്രാര്‍ഥിക്കാവുന്നതൊക്കെ നമസ്‌കാരത്തിലും പ്രാര്‍ഥിക്കാം. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ അര്‍ഹമായ സമയമായതിനാല്‍ ഞാന്‍ അത് ഇഷ്ടപ്പെടുന്നു. നമസ്‌കാരം ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രാര്‍ഥനയുടെയും സമയമാണ്. ആളുകള്‍ പരസ്പരം സംസാരിക്കുന്നതാണ് നമസ്‌കാരത്തില്‍ വിലക്കപ്പെട്ടത്.''
ശാഫിഈ പറയുന്നു, ഒരിക്കല്‍ റബീഅത്തു ബ്‌നു അബീ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: ''റമദാനില്‍ ഒരു ദിവസം ഒരാള്‍ നോമ്പു നഷ്ടപ്പെടുത്തിയാല്‍ അവന്‍ പന്ത്രണ്ടു ദിവസം പകരം വ്രതമെടുക്കണം. കാരണം അല്ലാഹു പന്ത്രണ്ടു മാസങ്ങളില്‍നിന്ന് തെരഞ്ഞെടുത്തതാണ് റമദാന്‍.''
ഇമാം ശാഫിഈ പറഞ്ഞു: അങ്ങനെയാണ് നിങ്ങളുടെ ഖിയാസ് എങ്കില്‍ ലൈലത്തുല്‍ ഖദ്‌റിന് ഒരു നമസ്‌കാരം ഉപേക്ഷിക്കപ്പെട്ടാല്‍ അവന്‍ ആയിരം മാസം നമസ്‌കരിക്കണം. കാരണം, ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
തന്റെ സംവാദത്തെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെയാണ്: ''ആരോടെങ്കിലും സംവദിക്കുമ്പോള്‍ എന്റെ ഒരേയൊരു ലക്ഷ്യം അദ്ദേഹം നന്നാകണം, നേരായ വഴിയിലേക്ക് വരണം, അദ്ദേഹത്തിന് പടച്ചവന്റെ സംരക്ഷണം ലഭിക്കണം എന്നു മാത്രമാണ്. പ്രതിയോഗി തോല്‍ക്കണമെന്ന ആഗ്രഹത്തോടെ ഞാനൊരിക്കലും സംവാദം നടത്തിയിട്ടില്ല'' (ത്വബഖാത്തു അശ്ശാഫിഈയത്തില്‍ കുബ്‌റാ-താജുദ്ദീനുബ്‌നു അലി).
അഭിപ്രായ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരോടുള്ള ഇമാം ശാഫിഈയുടെ ഈ നിലപാട് സ്വഹാബാക്കളില്‍നിന്നും സലഫുകളില്‍നിന്നും അദ്ദേഹം സ്വീകരിച്ചതായിരുന്നു. സ്വഹാബികളിലും താബിഉകളിലും അവര്‍ക്കു ശേഷമുള്ളവരിലും നമസ്‌കാരത്തില്‍ ബിസ്മി ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു. സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു. കൊമ്പു വെക്കുകയോ മൂക്കില്‍നിന്ന് രക്തം വരുകയോ ഛര്‍ദിക്കുകയോ ചെയ്താല്‍ വുദൂ പുതുക്കുന്നവരും പുതുക്കാത്തവരുമുണ്ടായിരുന്നു. ജനനേന്ദ്രിയം തൊട്ടാലും സ്ത്രീകളെ സ്പര്‍ശിച്ചാലും വുദൂ മുറിയുമെന്ന് കരുതുന്നവരും മുറിയില്ലെന്ന് കരുതുന്നവരുമുണ്ടായിരുന്നു. തീയില്‍ ചുട്ട ഭക്ഷണമോ ഒട്ടക മാംസമോ ഭക്ഷിച്ചാല്‍ വുദൂ പുതുക്കുന്നവരും അല്ലാത്തവരുമുണ്ടായിരുന്നു. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെത്തന്നെ അവര്‍ പരസ്പരം ബഹുമാനിക്കുകയും തുടര്‍ന്ന് നമസ്‌കരിക്കുകയും ചെയ്തിരുന്നു.
കര്‍മശാസ്ത്ര വിഷയങ്ങളില്‍ ലോക മുസ്‌ലിംകളെ ഒരു മദ്ഹബില്‍ ഏകീകരിക്കുക അസാധ്യമാണ്. മദ്ഹബിന്റെ ഇമാമുമാര്‍ തന്നെ അത് ലക്ഷ്യം വെച്ചിരുന്നുമില്ല. അവരുടെ മരണശേഷം വന്ന ചില അനുയായികളാണ് കര്‍മശാസ്ത്ര ഭിന്നതകളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷവും അനൈക്യവും ഛിദ്രതയും ഉണ്ടാക്കിയത്. അഭിപ്രായ വൈവിധ്യങ്ങളെ ഒഴിവാക്കി കര്‍മശാസ്ത്ര നിലപാടുകളെ ഏകീകരിക്കാനുള്ള ഭരണാധികാരിയുടെ ശ്രമത്തെ നിരാകരിച്ച ചരിത്രമാണ് ഇമാമുമാരുടേത്. അബ്ബാസീ ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇമാം മാലിക് തന്റെ പ്രസിദ്ധമായ അല്‍ മുവത്വ രചിച്ചത്. അത് പൂര്‍ത്തിയാക്കിയപ്പോള്‍ അല്‍ മുവത്വ എല്ലാ പൗരന്മാരും പിന്‍പറ്റേണ്ട രാഷ്ട്രത്തിന്റെ പൊതു നിയമമായി പരിഗണിക്കാനും നിലനില്‍ക്കുന്ന മറ്റു കര്‍മരീതികള്‍ റദ്ദ് ചെയ്യാനും ഖലീഫ ഉദ്ദേശിച്ചു. വിവരം ഇമാം മാലികിനെ അറിയിച്ചു: ''താങ്കള്‍ രചിച്ച ഈ ഗ്രന്ഥത്തിന്റെ കോപ്പികള്‍ മുസ്‌ലിംകളുടെ എല്ലാ നഗരങ്ങളിലേക്കും അയക്കാനും എന്നിട്ട് ഇതിലുള്ളതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കല്‍പിക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു'' (ഖലീഫ ഹാറൂന്‍ റശീദാണ് ഇങ്ങനെ കല്‍പിച്ചതെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്).
ഇമാം മാലിക് ഖലീഫയുടെ ആവശ്യം നിരാകരിച്ചുകൊണ്ട് പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍, അങ്ങനെ ചെയ്യരുത്. ജനങ്ങള്‍ മുമ്പ് പല അഭിപ്രായങ്ങളും ഹദീസുകളും കേട്ടിട്ടുണ്ടാവും. അവര്‍ പലതും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടാവും. ഓരോ വിഭാഗവും മുമ്പ് കിട്ടിയത് സ്വീകരിച്ചിട്ടുമുണ്ടാവും. അങ്ങനെ ജനങ്ങള്‍ വ്യത്യസ്ത രീതിയില്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരിക്കും. അതുകൊണ്ട് ജനങ്ങളെ അവരുടെ വഴിക്ക് വിടുക. ഓരോരുത്തരും തെരഞ്ഞെടുത്തതെന്തോ അതനുവദിക്കുക.''
ഈ കര്‍മശാസ്ത്ര വൈവിധ്യമാണ് ഇസ്‌ലാമിന്റെ സൗന്ദര്യം. ആ സൗന്ദര്യത്തെയാണ് ഇമാം ശാഫിഈയും മറ്റു പണ്ഡിതന്മാരും പ്രതിനിധീകരിച്ചത്. നാലു കര്‍മശാസ്ത്ര ഇമാമുമാരുടെ അനുയായികളും ആ സൗന്ദര്യത്തെ അംഗീകരിച്ച് അഭിപ്രായ വൈവിധ്യത്തെ ഉള്‍ക്കൊണ്ട് പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തുകയാണ് വേണ്ടത്.
റഫറന്‍സ്:
1. അസ്സഹാവത്തുല്‍ ഇസ്‌ലാമിയ ബൈനല്‍ ഇഖ്തിലാഫില്‍ മശ്‌റൂഈ-ഡോ.യൂസുഫുല്‍ ഖറദാവി
2. അല്‍ ഇന്‍സാഫു ഫീ ബയാനി അസ്ബാബില്‍ ഇഖ്തിലാഫ്-ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി
3. ആദാബുശ്ശാഫിഈ വ മനാകിബുഹൂ-ഇബ്‌നു അബീ ഹാതിമു റാസി
4. അത്തആയുശ് ബൈന അഇമ്മതില്‍ മദാഹിബില്‍ ഫിഖ്ഹിയ്യ-ഡോ. ഹസന്‍ സുഹൈല്‍ ജുമൈലി
5. ത്വബഖാതുശ്ശാഫിഈയ്യ, ഇമാം സുബ്കി
6. ഇമാം ശാഫിഈ (റ): കക്കാട് മുഹമ്മദ് ഫൈസി
7. ഇമാം ശാഫിഈ-മുഹമ്മദ് കാടേരി, ഐ.പി.എച്ച്
ബഷീര്‍ തൃപ്പനച്ചി: മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത തൃപ്പനച്ചി സ്വദേശി. ശാന്തപുരം അല്‍ ജാമിഅയില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. 2012 മുതല്‍ പ്രബോധനം സഹ പത്രാധിപരാണ്.
ഫോണ്‍: 9497348196.
ഇമെയില്‍: [email protected]
Comments