Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വളര്‍ച്ചയും വികാസവും പില്‍ക്കാല പരിവര്‍ത്തനങ്ങളും

എം.എസ്.എ റസാഖ്

മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് സ്വഹാബിമാര്‍ ഇസ്‌ലാമിക നിയമവിധികള്‍ അവിടുത്തോട് ചോദിച്ചറിയുമായിരുന്നു. ദിവ്യ വെളിപാടിന്റെ വെളിച്ചത്തില്‍ നിയമവിധികള്‍ പ്രവാചകന്‍ വിശദീകരിക്കും. പ്രവാചകന്റെ വിയോഗാനന്തരം സ്വഹാബിമാരാണ് ജനങ്ങള്‍ക്ക് ദീനീവിധികള്‍ വിശദീകരിച്ചിരുന്നത്. ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിലും  ഇതര സ്വഹാബിമാരോട് കൂടിയാലോചിച്ചും ഗവേഷണം (ഇജ്തിഹാദ്) നടത്തിയുമാണ് അവരത് നിര്‍വഹിച്ചത്. ഇസ്‌ലാമിക ലോകത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ സ്വഹാബിമാര്‍ മക്കയും മദീനയും കടന്ന് കൂഫ, ഈജിപ്ത്, സിറിയ, യമന്‍ പോലുള്ള പ്രദേശങ്ങളില്‍ കുടിയേറി. അവിടങ്ങളില്‍ വൈജ്ഞാനിക നേതൃത്വം കാലക്രമേണ സ്വഹാബിമാരില്‍നിന്ന് താബിഉകളിലേക്കും താബിഉത്താബിഉകളിലേക്കും തുടര്‍ന്ന് പ്രമുഖരായ പണ്ഡിതരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. ''മദീനക്കാര്‍ അബ്ദുല്ലാഹിബ്‌നു ഉമറിന്റെയും താബിഉകളായ സഈദുബ്‌നുല്‍ മുസ്വയ്യബിന്റെയും ഉര്‍വത്തുബ്‌നു സുബൈറിന്റെയും ഫത്‌വകള്‍ പിന്‍പറ്റി. മക്കാ നിവാസികള്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെയും താബിഉകളായ മുജാഹിദുബ്‌നു ജബ്ര്‍, അത്വാഉബ്‌നു അബീ റബാഹ്, ത്വാഊസുബ്‌നു കൈസാന്‍ എന്നിവരുടെയും അഭിപ്രായങ്ങള്‍ പിന്തുടര്‍ന്നു. കൂഫാ നിവാസികള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെയും താബിഉകളായ അല്‍ഖമത്തുന്നഖഈ, മസ്‌റൂഖ് തുടങ്ങിയവരുടെയും ഫത്‌വകള്‍ പിന്‍പറ്റി. ബസ്വറക്കാരാവട്ടെ അബൂമൂസല്‍ അശ്അരിയുടെയും അനസുബ്‌നു മാലികിന്റെയും ഹസനുല്‍ ബസ്വരിയുടെയും മുഹമ്മദുബ്‌നു സീരീന്റെയും ഫത്‌വകള്‍ പിന്തുടര്‍ന്നു. ശാമില്‍ മുആദുബ്‌നു ജബലിന്റെയും ഉബാദത്തുബ്‌നു സ്വാമിത്തിന്റെയും അബുദ്ദര്‍ദാഇന്റെയും താബിഉകളായ മക്ഹൂല്‍, ഉമറുബ്‌നു അബ്ദില്‍ അസീസ്, അബൂ ഇദ്‌രീസ് അല്‍ ഖൗലാനി എന്നിവരുടെയും ഫത്‌വകള്‍ അനുധാവനം ചെയ്തു. ബസ്വറയില്‍ അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വിന്റെ ഫത്‌വകള്‍ക്ക് പ്രചാരം സിദ്ധിച്ചു'' (താരീഖുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, ഡോ. മുഹമ്മദ് അലി സാഇസ്, പേജ് 78). 

ഓരോരുത്തരുടെയും മനന ഗവേഷണ നിഗമന രീതികള്‍ വിഭിന്നമായിരുന്നു. ഖുര്‍ആനിലും ഹദീസിലുമുള്ള അവരുടെ വ്യുല്‍പത്തിയും വ്യത്യസ്ത നിലവാരത്തിലായിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും ഹദീസുകള്‍ മുഴുവനായും ലഭിച്ചിരുന്നില്ല. അതില്‍ ഏറ്റക്കുറച്ചിലുണ്ടായിരുന്നു. ഓരോ പണ്ഡിതനും തന്റെ ഗുരുനാഥനില്‍നിന്നും അവര്‍ താബിഉകളില്‍നിന്നും സ്വഹാബിമാരില്‍നിന്നും പഠിച്ച രീതിയും സരണിയും അനുധാവനം ചെയ്തു. അവിടങ്ങളിലെ സാഹചര്യങ്ങളും സംഭവഗതികളും ആചാരങ്ങളും സാംസ്‌കാരിക സാമൂഹിക സാമ്പത്തിക പരിതഃസ്ഥിതികളും വിഭിന്നമായിരുന്നു. അത് ഓരോ പ്രദേശങ്ങളിലും കര്‍മശാസ്ത്രത്തില്‍ ഭിന്ന വീക്ഷണങ്ങളും ചിന്താസരണികളും വളര്‍ന്നുവരാന്‍ നിമിത്തമായി. മദീന കേന്ദ്രമായി മദ്‌റസത്തു അഹ്‌ലില്‍ ഹദീസും (സഈദുബ്‌നുല്‍ മുസ്വയ്യബായിരുന്നു പ്രധാന വക്താവ്), ഇറാഖ് കേന്ദ്രീകരിച്ച് മദ്‌റസത്തു അഹ്‌ലിര്‍റഅ്‌യും (യുക്തിദീക്ഷാ പ്രസ്ഥാനം) വളര്‍ന്നുവന്നു (ഇബ്‌റാഹീമുന്നഖഈ ആയിരുന്നു ഇതിന്റെ പ്രമുഖ വക്താവ്). ഈ രണ്ട് ചിന്താ സരണികളും തുടര്‍ തലമുറകളെ സ്വാധീനിച്ചു. വിഖ്യാതരായ കര്‍മശാസ്ത്ര ഇമാമുകള്‍ രംഗപ്രവേശം ചെയ്യുന്നത് ഹിജ്‌റ 2-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്. കര്‍മശാസ്ത്ര ഇമാമുകള്‍ വ്യത്യസ്ത ചിന്താ സരണികളുടെ വക്താക്കളായി. ഇസ്‌ലാമിക നിയമസംഹിതയുടെ മൗലിക സ്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും വ്യക്തമായി പ്രസ്താവിച്ചിട്ടില്ലാത്തതും സ്ഥലകാല നാഗരിക ഭേദങ്ങള്‍ക്കനുസൃതമായി ഉണ്ടായിക്കൊണ്ടിരുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിധികള്‍ ആവിഷ്‌കരിക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ സ്വായത്തമാക്കിയ ചിന്താസരണി തങ്ങളുടെ ഗുരുനാഥന്മാരുടേതായിരുന്നു. 

കര്‍മശാസ്ത്ര ഇമാമുകള്‍ തങ്ങള്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളില്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ യുക്തിവിചാരം ചെയ്ത് നല്‍കിയ അഭിപ്രായങ്ങളാണ് മദ്ഹബുകള്‍. പ്രചുരമായ ഇതര മദ്ഹബുകളെപ്പോലെ ഇമാം ശാഫിഈയും ഒരു പ്രത്യേക മദ്ഹബിന് രൂപം നല്‍കിയിട്ടില്ല. പ്രത്യുത അവര്‍ ഓരോരുത്തരും ആവിഷ്‌കരിച്ച നിയമനിര്‍ധാരണ തത്ത്വങ്ങളും രീതികളും പിന്തുടര്‍ന്നവര്‍ ഓരോ ഇമാമിന്റെയും അനുയായികളായി അറിയപ്പെട്ടു. അത് ആ ഇമാമിന്റെ മദ്ഹബ് (കര്‍മശാസ്ത്ര സരണി) എന്ന പേരില്‍ വിശ്രുതമായി. ശിഷ്യഗണങ്ങള്‍ ഇമാമിന്റെ കര്‍മശാസ്ത്ര സരണി വിപുലപ്പെടുത്തി. അങ്ങനെ മദ്ഹബുകള്‍ക്ക് പ്രചാരം സിദ്ധിച്ചു.  ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി അബൂത്വാലിബില്‍ മക്കിയുടെ 'ഖുവ്വത്തുല്‍ ഖുലൂബ്' എന്ന കൃതി അവലംബിച്ചുകൊണ്ട് എഴുതുന്നു: ''മദ്ഹബുകള്‍ പിന്തുടരുന്ന സമ്പ്രദായം ഹിജ്‌റ ഒന്നും രണ്ടും ശതകങ്ങളില്‍ ഉണ്ടായിരുന്നില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് രചിക്കപ്പെട്ടവയാണ്. ഹിജ്‌റ ഒന്നും രണ്ടും ശതകങ്ങളില്‍ വ്യക്തികളുടെ അഭിപ്രായങ്ങള്‍ ശരീഅത്തില്‍ പ്രമാണമായി അവതരിപ്പിക്കപ്പെടുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. ഒരു പണ്ഡിതന്റെ മദ്ഹബ് പ്രകാരം മാത്രം ദീനീവിധി നല്‍കുക, പ്രശ്‌നങ്ങളിലും വ്യവഹാരങ്ങളിലും ഒരേ വ്യക്തിയുടെ അഭിപ്രായം മാത്രം അവലംബിക്കുക, ഒരാളുടെ മദ്ഹബ് മാത്രം ശരിയുടെ മാനദണ്ഡമായി അംഗീകരിക്കുക തുടങ്ങിയ പ്രവണതകളൊന്നും അന്നുണ്ടായിരുന്നില്ല'' (കര്‍മശാസ്ത്ര ഭിന്നതകള്‍: ചരിത്രവും സമീപനവും പേജ്: 59). 

 

ഇമാം ശാഫിഈയുടെ കര്‍മശാസ്ത്രം

പ്രാഥമിക വിദ്യാഭ്യാസ കാലത്ത് കര്‍മശാസ്ത്രത്തില്‍ മക്കയിലെ മുഫ്തിയായിരുന്ന ഇമാം മുസ്‌ലിമുബ്‌നു ഖാലിദിസ്സന്‍ജിയും ഹദീസില്‍ സുഫ്‌യാനുബ്‌നു ഉയയ്‌നയുമായിരുന്നു ഇമാം ശാഫിഈയുടെ ഗുരുനാഥന്മാര്‍. മദീനയിലെത്തിയ ഇമാം ശാഫിഈ ഇമാം മാലികിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തിനു കീഴില്‍ 10 വര്‍ഷം പഠനം നടത്തി. മക്കയില്‍ തിരിച്ചെത്തിയ ശേഷം യമനില്‍ പോയ ഇമാം ശാഫിഈ അവിടെ ഇമാം ഔസാഈയുടെയും ഇമാം ലൈസുബ്‌നു സഅ്ദിന്റെയും ശിഷ്യരില്‍നിന്നും വിജ്ഞാനം നേടി. ഹിജ്‌റ 184-ല്‍ ബഗ്ദാദിലെത്തിയ ഇമാം ശാഫിഈ ഇമാം അബൂഹനീഫയുടെ പ്രമുഖ ശിഷ്യനായിരുന്ന മുഹമ്മദുബ്‌നുല്‍ ഹസന്‍ ശൈബാനിയുമായി സഹവസിക്കുകയും വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തു. അങ്ങനെ ഇമാം ശാഫിഈക്ക് ഹിജാസിലെ ഫിഖ്ഹും ഇറാഖിലെ ഫിഖ്ഹും സ്വായത്തമാക്കാന്‍ സാധിച്ചു. അഹ്‌ലുല്‍ ഹദീസിന്റെയും അഹ്‌ലുര്‍റഅ്‌യിന്റെയും കര്‍മശാസ്ത്രസരണി ഇമാം ശാഫിഈയില്‍ സമ്മേളിച്ചു. ഹിജാസീ ഫിഖ്ഹും ഇറാഖീ ഫിഖ്ഹും താരതമ്യം ചെയ്ത് പഠിച്ച ഇമാം ശാഫിഈ പുതിയ ഒരു നിദാനശാസ്ത്രം വികസിപ്പിച്ചെടുത്തു. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നിയമനിര്‍ധാരണം ചെയ്യുന്നതിന് കൃത്യമായ തത്ത്വങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തി. നിയമനിര്‍ധാരണത്തിന്റെ രീതിശാസ്ത്രവും തത്ത്വങ്ങളും വിശദീകരിക്കുന്ന ഒരു ഗ്രന്ഥം അര്‍രിസാല എന്ന പേരില്‍ അദ്ദേഹം രചിച്ചു. ഉസ്വൂലുല്‍ ഫിഖ്ഹിലെ പ്രഥമ ഗ്രന്ഥമായിരുന്നു അത്. അതിനാല്‍ 'നിദാനതത്ത്വങ്ങളുടെ ആവിഷ്‌കര്‍ത്താവ്' എന്ന് ഇമാം ശാഫിഈ വിശേഷിപ്പിക്കപ്പെട്ടു. അതിന് പുറമെ ഹദീസുകളുടെ നിവേദനത്തിനും നിവേദകരുടെ ബലാബലപരിശോധനക്കും വ്യക്തമായ മാനദണ്ഡങ്ങളും ഇമാം ശാഫിഈ അവതരിപ്പിച്ചു. ഹിജ്‌റ 199 ല്‍ ഇമാം ശാഫിഈ ഈജിപ്തിലെത്തി. 204 ല്‍ നിര്യാതനാകുന്നതു വരെ ശിഷ്ടജീവിതം ഈജിപ്തിലായിരുന്നു. ഇമാം ലൈസുബ്‌നു സഅ്ദിന്റെയും ഇമാം ഔസാഈയുടെയും ഇമാം അബൂഹനീഫയുടെയും ഇമാം മാലികിന്റെയും കര്‍മശാസ്ത്ര സരണി അവിടെ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. 

ഇമാം ശാഫിഈയുടെ കര്‍മശാസ്തം വികസിക്കുന്നത് ഈജിപ്തില്‍ വെച്ചാണ്.  ഇറാഖില്‍ വെച്ച് രൂപപ്പെടുത്തിയ തന്റെ കര്‍മ ശാസ്ത്രചിന്തകളെ അദ്ദേഹം പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പുനഃപരിശോധന നടത്തി. പൂര്‍വകാല നിഗമനങ്ങളെ പുനഃപരിശോധിച്ച ശേഷം പുതിയ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്രുത കര്‍മശാസ്ത്ര ഗ്രന്ഥമായ അല്‍ ഉമ്മ് രചിക്കുന്നത് ഈജിപ്തിലാണ്. അദ്ദേഹത്തിന്റെ 'അര്‍രിസാല'യും പരിഷ്‌കരിച്ചു. അത് 'പുതിയ രിസാല' എന്നപേരില്‍ അറിയപ്പെടുന്നു. ഇമാം ശാഫിഈയുടെ കര്‍മശാസ്ത്ര വളര്‍ച്ചയില്‍ മുഖ്യമായും മൂന്ന് ഘട്ടങ്ങള്‍ കാണാം: ഒന്ന്, മക്കയില്‍ താമസിച്ച് വൈജ്ഞാനിക വ്യാപാരത്തില്‍ ഏര്‍പ്പെട്ട് ചര്‍ച്ചകളും അധ്യാപനവും താരതമ്യപഠനവും നടത്തിയ കാലം. രണ്ട്, ബഗ്ദാദില്‍ താമസിക്കുകയും വൈജ്ഞാനിക മണ്ഡലത്തില്‍ മുഴുകുകയും ചെയ്ത കാലം. മൂന്ന്, ശിഷ്ട ജീവിതം നയിച്ച ഈജിപ്തിലെ കാലഘട്ടം. തന്റെ മുന്‍ഗാമികളുടെ കര്‍മശാസ്ത്ര ചിന്തകളെ കൂലങ്കഷമായി നിരൂപണം ചെയ്തുകൊണ്ടാണ് പുതിയൊരു ചിന്താസരണിക്ക് ഇമാം ശാഫിഈ ബീജാവാപം ചെയ്തത്. ഈജിപ്തിലെത്തിയ ഇമാം ശാഫിഈക്ക്, മുമ്പ് ലഭിച്ചിട്ടില്ലാത്ത ഒട്ടേറെ ഹദീസുകള്‍ പഠിക്കാനും അവസരം ലഭിച്ചു. അതിന്റെയും വെളിച്ചത്തിലാണ് ഇമാം തന്റെ ആദ്യകാല അഭിപ്രായങ്ങള്‍ തിരുത്തിയത്. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ യുക്തിഭദ്രമായാണ് ഇമാം ശാഫിഈ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ ഇമാം മാലികിന്റെ ചിന്താസരണി തുടര്‍ന്നുവന്ന അദ്ദേഹം കൂടുതല്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമ നിര്‍ധാരണ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ഇമാം അബൂഹനീഫയുടെയും ഇമാം ഔസാഈയുടെയും കര്‍മശാസ്ത്ര വീക്ഷണങ്ങളെയും അദ്ദേഹം നിരൂപണവിധേയമാക്കി. ഇമാം ശാഫിഈയുടെ ചിന്താസരണിയില്‍ പ്രമാണങ്ങള്‍ക്കെന്നപോലെ ബൗദ്ധിക നിഗമനങ്ങള്‍ക്കും നിര്‍ണായക സ്ഥാനമുണ്ട്. ഇതര മദ്ഹബുകളില്‍നിന്ന് വ്യത്യസ്തമായി ഇമാം ശാഫിഈ തന്നെയാണ് തന്റെ ചിന്താസരണിയുടെ അടിസ്ഥാനങ്ങള്‍ (ഉസ്വൂലുകള്‍) ആവിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ അര്‍രിസാലയിലും അല്‍ഉമ്മിലും അവ വിശദീകരിക്കപ്പെട്ടിരിക്കുന്നു. ശാഫിഈ മദ്ഹബിന്റെ എക്കാലത്തെയും അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഇവ രണ്ടുമാണ്. 

 

ശിഷ്യരും കര്‍മശാസ്ത്ര ക്രോഡീകരണവും

ശാഫിഈ മദ്ഹബ് വികസിപ്പിക്കുകയും വിവിധ നാടുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഒട്ടനേകം ശിഷ്യഗണങ്ങളും അനുയായികളുമാണ്. ഇമാം ശാഫിഈ നിശ്ചയിച്ച അടിത്തറയില്‍നിന്നുകൊണ്ട് ശിഷ്യന്മാര്‍ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. അവര്‍ അദ്ദേഹത്തിന്റെ ഫത്‌വകളും ഗ്രന്ഥങ്ങളും നിവേദനങ്ങളിലൂടെ പിന്‍തലമുറക്ക് കൈമാറി. ഇമാം ശാഫിഈ സ്വയം എഴുതിയതും ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ചതുമായ ഗ്രന്ഥങ്ങളുണ്ട്.  ഇമാം ശാഫിഈയുടെ കര്‍മശാസ്ത്രം കൈമാറിക്കിട്ടിയ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ മക്കയില്‍: 1. അബൂബക്ര്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹുമൈദി, 2. അബൂബക്ര്‍ മുഹമ്മദുബ്‌നു ഇദ്‌രീസ്. 3. അബുല്‍ വലീദ് മൂസബ്‌നു അബില്‍ ജാറൂദ്. ബഗ്ദാദില്‍: 1. ഇമാം അബുല്‍ ഹസനി ബ്‌നു സ്വബാഹ് സഅ്ഫറാനി (മരണം: ഹി. 260), 2. അബൂ അലിയ്യില്‍ ഹുസൈനുബ്‌നു അലി അല്‍ കറാബീസി (മരണം: ഹി. 256), 3. അബൂ അബ്ദുറഹ്മാന്‍ അഹ്മദുബ്‌നു യഹ്‌യാ അശ്അരി, 4. ഇമാം അബൂസൗര്‍ ഇബ്‌റാഹീമുബ്‌നു ഖാലിദ് ബിന്‍ അബീ അല്‍ യമാന്‍ അല്‍ കലബി (മരണം: ഹി. 240). ഈജിപ്തില്‍: 1. ഹര്‍മലത്തുബ്‌നു യഹ്‌യാ ബിന്‍ ഹര്‍മല (മരണം: ഹി. 266), 2. അബൂ യഅ്ഖൂബുബ്‌നു യഹ്‌യല്‍ ബുവൈത്വി (മരണം 231), 3. അബൂ ഇബ്‌റാഹീം ഇസ്മാഈലുബ്‌നു യഹ്‌യല്‍ മുസനി (മരണം: 264).

ഇമാം മുസനി ഇമാം ശാഫിഈയുടെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ സംഗ്രഹിച്ച് 'മുഖ്തസ്വിര്‍' എന്ന പേരില്‍ ഗ്രന്ഥം രചിച്ചു. 'നാസ്വിറുല്‍ മദ്ഹബ്' (ശാഫിഈ മദ്ഹബിന്റെ സഹായി) എന്നദ്ദേഹം അറിയപ്പെടുന്നു. ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മുസനി. ശാഫിഈ മദ്ഹബില്‍ വിരചിതമായ ഗ്രന്ഥങ്ങളുടെയെല്ലാം ആധാരം ഇദ്ദേഹത്തിന്റെ മുഖ്തസ്വിര്‍ ആണ്. 4. അബൂ മുഹമ്മദ് റബീഉബ്‌നു സുലൈമാനുബ്‌നി അബ്ദുല്‍ ജബ്ബാറിബ്‌നി കാമിലില്‍ മുറാദി (മരണം: 270), 5. ഇമാം അബൂമുഹമ്മദ് റബീഉബ്‌നു സുലൈമാന്‍ ബിന്‍ ദാവൂദ് അല്‍ ജീസി (മരണം: 256), 6. ഇമാം അബൂമൂസ യൂനുസു ബ്‌നു അബ്ദുല്‍ അഅ്‌ലാ ബിന്‍ മൈസറ അസ്സ്വദഫി (മരണം: 246). ഇമാം മുറാദിയാണ് ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നിവേദനം നിര്‍വഹിച്ചിട്ടുള്ളത്.  അതിനാല്‍ 'ശാഫിഈയുടെ നിവേദകന്‍' (റാവിയത്തു ശാഫിഈ) എന്നദ്ദേഹം അറിയപ്പെടുന്നു. ഇവരാണ് ഇമാം ശാഫിഈയുടെ പ്രഥമ ശിഷ്യന്മാരും അദ്ദേഹത്തിന്റെ കൃതികളുടെ സമാഹര്‍ത്താക്കളും നിവേദകന്മാരും. ഇവരിലൂടെ ഇമാം ശാഫിഈയുടെ കൃതികളും ഫത്‌വകളും അവരുടെ പരശ്ശതം ശിഷ്യരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. ഹിജ്‌റ 204-ല്‍ ഇമാം ശാഫിഈ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്ത ശിഷ്യന്മാരില്‍ പ്രധാനികളാണ് ഇമാം മുസനിയും ഇമാം റബീഉല്‍ മുറാദിയും. ഈജിപ്തിലെ പ്രമുഖ ശിഷ്യരില്‍ അവസാനം നിര്യാതനായ ഇമാം മുറാദിയുടെ കാലം വരെ(ഹിജ്‌റ 270)യുള്ള ഘട്ടത്തിലാണ് ഇമാമിന്റെ ഗ്രന്ഥങ്ങളുടെ കൈമാറ്റം നടക്കുന്നത്. ഈ കാലത്ത് കര്‍മനിദാന ശാസ്ത്രത്തില്‍ ഇമാം ശാഫിഈയുടെ ശിഷ്യര്‍ ഗ്രന്ഥരചന നടത്തിയിരുന്നില്ല. പ്രത്യുത ഇമാം ശാഫിഈയുടെ ഉസ്വൂലുകളാണ് അവര്‍ അവലംബിച്ചുപോന്നിരുന്നത്. 

 

മദ്ഹബ് രൂപപ്പെട്ട കാലത്തിന്റെ പ്രത്യേകതകള്‍

ഇസ്‌ലാമിക നാഗരികതയുടെ ഏറ്റവും ശോഭനമായ ഘട്ടമായ (ഹിജ്‌റ 132-232) അബ്ബാസീ ഭരണത്തിന്റെ ആദ്യ ശതകത്തിലാണ് ഇമാം ശാഫിഈ ജീവിച്ചത്. സാമൂഹിക ജീവിത രംഗങ്ങളില്‍ ശാന്തിയും സമാധാനവും നിലനിന്നു. ശീഈകള്‍, ഖവാരിജുകള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങളും ആഭ്യന്തരകലഹങ്ങളും കുറഞ്ഞിരുന്നു. ജനം അഭിപ്രായ-വിശ്വാസ-ചിന്താ സ്വാതന്ത്ര്യം അനുഭവിച്ചു. തലസ്ഥാനമായ ബഗ്ദാദിലേക്ക് വിവിധ നാഗരികതകളും സാംസ്‌കാരിക പൈതൃകങ്ങളും വഹിക്കുന്ന ജനവിഭാഗങ്ങളുടെ പ്രവാഹമുണ്ടായി. യവനതത്ത്വശാസ്ത്രവും ഇന്ത്യന്‍ തത്ത്വശാസ്ത്രവും അറബി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. വൈജ്ഞാനിക രംഗങ്ങളില്‍ മുന്നേറ്റമുണ്ടായി. മുഅ്തസിലിയ്യ, ഇല്‍മുല്‍ കലാം (വചനശാസ്ത്രം) തുടങ്ങിയ ചിന്താധാരകള്‍ ഉദയംചെയ്തു. ഖുര്‍ആന്‍ സൃഷ്ടിവാദം വൈജ്ഞാനിക ലോകത്തെ ഇളക്കിമറിച്ചു. ശീഈ കര്‍മശാസ്ത്ര സരണി രൂപംകൊണ്ടു. വ്യത്യസ്ത വിജ്ഞാനശാഖകള്‍ വികസിച്ചു. പ്രമുഖരായ സ്വഹാബിമാരുടെയും താബിഉകളുടെയും ഫത്‌വകളും ഇക്കാലയളവില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും ശിഷ്യരുടെയും കര്‍മശാസ്ത്രവും ഫത്‌വകളും സമാഹരിക്കപ്പെട്ടു. 

സ്‌പെയിന്‍ മുതല്‍ ചൈനയുടെ അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നതായിരുന്നു ഇസ്‌ലാമിക ഭരണ പ്രദേശം. ബഗ്ദാദ്, കൊര്‍ദോവ, ഖൈറുവാന്‍, ഫുസ്ത്വാത്വ്, ദമസ്‌കസ്, ബസ്വറ, കൂഫ, മര്‍വ്, നൈസാബൂര്‍ തുടങ്ങിയ നഗരങ്ങള്‍ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രങ്ങളായി വളര്‍ന്നിരുന്നു. ഈ പ്രമുഖ നഗരങ്ങളില്‍ സ്വഹാബിമാരുടെയും താബിഉകളുടെയും കുടിയേറ്റമുണ്ടായി. ഹാറൂന്‍ റശീദിന്റെ കാലത്ത്  കര്‍മശാസ്ത്രവും കര്‍മശാസ്ത്രകാരന്മാരും ഉന്നത വിതാനത്തില്‍ വിരാജിച്ചു. വിവിധ ചിന്താധാരകള്‍ക്കിടയില്‍ വാദപ്രതിവാദങ്ങള്‍ അരങ്ങേറി. കര്‍മശാസ്ത്ര ചര്‍ച്ചകളും നിരൂപണങ്ങളും പണ്ഡിതര്‍ക്കിടയില്‍ പതിവായിരുന്നു. നിയമ നിര്‍ധാരണത്തില്‍ ഭിന്നമായ സമീപനങ്ങളാണ് പണ്ഡിതന്മാര്‍ കൈക്കൊണ്ടിരുന്നത്. ഇമാം ലൈസും ഇമാം മാലികും തമ്മില്‍ നടന്ന കര്‍മശാസ്ത്ര സംവാദം പ്രസിദ്ധമാണ്. ഇസ്‌ലാമിക നാഗരികതയുടെ ഉത്തുംഗതയില്‍ വിരാജിച്ച ഇറാഖ്, ഈജിപ്ത്, ഹിജാസ് എന്നിവിടങ്ങളില്‍ ഇമാം ശാഫിഈ സഞ്ചരിക്കുകയും വിജ്ഞാനം കരസ്ഥമാക്കുകയും വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിന്റെയെല്ലാം പ്രതിഫലനങ്ങള്‍ ഇമാമിന്റെ വീക്ഷണങ്ങളില്‍ കാണാം.

 

ഉത്ഭവവും വ്യാപനവും

ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയും വികാസവും പരിശോധിക്കുമ്പോള്‍ മുഖ്യമായും ആറ് ഘട്ടങ്ങള്‍ കണ്ടെത്താം. ഇമാം ശാഫിഈയുടെ കര്‍മശാസ്ത്രം ഒരു സ്വതന്ത്ര മദ്ഹബായി രൂപപ്പെടുന്നതും പൗരസ്ത്യ ഇസ്‌ലാമിക ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടുന്നതും ഹിജ്‌റ 270 മുതല്‍ ഹിജ്‌റ 404 വരെയുള്ള കാലത്താണ്. ശാഫിഈ മദ്ഹബിന്റെ പ്രമുഖ വക്താവായിരുന്ന ഇമാം അബുത്വയ്യിബ് സഹ്‌ലുബ്‌നു അബീ സഹല്‍ മുഹമ്മദ് സ്വഅ്‌ലൂകി മരണപ്പെടുന്ന വര്‍ഷമാണ് ഹിജ്‌റ 404. ഹിജ്‌റ 270 മുതല്‍ 404 വരെയുള്ള കാലത്ത് ഇമാം ശാഫിഈയുടെ ശിഷ്യരും അവരുടെ ശിഷ്യപരമ്പരയും പൗരസ്ത്യലോകത്ത് വ്യാപിച്ചു. അവര്‍ ഇമാം ശാഫിഈയുടെയും ശിഷ്യരുടെയും കൃതികള്‍ പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞുകൂടി. ഇമാം ശാഫിഈ ആവിഷ്‌കരിച്ച കര്‍മശാസ്ത്രത്തിന്റെയും നിദാനതത്ത്വങ്ങളുടെയും അനുകര്‍ത്താക്കളും പ്രചാരകരുമായി. അതിന്റെ അടിസ്ഥാനത്തില്‍ ഫത്‌വ നല്‍കുകയും ഇജ്തിഹാദ് നടത്തുകയും ചെയ്തു. ശാഫിഈ കര്‍മശാസ്ത്ര നിദാനങ്ങളാണ് അവരെ ഇമാമുമായി ബന്ധിപ്പിച്ചുനിര്‍ത്തിയ ഘടകം. ഓരോ നാട്ടുകാരും അവിടെയുള്ള മുജ്തഹിദുകളുടെയും ശിഷ്യരുടെയും കര്‍മശാസ്ത്രം തുടര്‍ന്നുവന്നു. അവര്‍ ഓരോ ഇമാമിന്റെയും കര്‍മശാസ്ത്ര സരണിയുടെ വാഹകരായി അറിയപ്പെട്ടു. അങ്ങനെ ശാഫിഈ മദ്ഹബ്, മാലികീ മദ്ഹബ്, ഹനഫീ മദ്ഹബ് എന്നിങ്ങനെ പറയാനും തുടങ്ങി. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളും ഇജ്തിഹാദീ രീതികളും ഉസ്വൂലുകളും ഫത്‌വകളും പിന്‍പറ്റിയവര്‍ ശാഫിഈ മദ്ഹബിന്റെ വക്താക്കളായി. ഹിജ്‌റ 3, 4 നൂറ്റാണ്ടുകളിലാണ് ഇത് സംഭവിച്ചത്. ഗോത്രം, സ്ഥലം, മദ്ഹബ് എന്നിവ ചേര്‍ത്ത് പണ്ഡിതര്‍ അറിയപ്പെടുകയും ചെയ്തു. അതിനുമുമ്പ് ഹിജ്‌റ 1, 2 നൂറ്റാണ്ടുകളില്‍ പണ്ഡിതരെ അവരുടെ ഗുരുനാഥന്മാരോട് ചേര്‍ത്തുപറയുന്ന രീതി ഉണ്ടായിരുന്നില്ല. മദ്ഹബിലെ പണ്ഡിതരെ പരിചയപ്പെടുത്തുന്ന കൃതികളും (ത്വബഖാത്ത്) ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ടു. ഈ ഗണത്തിലെ പ്രഥമ കൃതി അല്‍ മുദ്ഹബു ഫീ ദിക്‌രി അഇമ്മത്തില്‍ മദ്ഹബ് ആണ്. അബൂഹഫ്‌സ് ഉമറുബ്‌നു അലി മുത്വവ്വഈ അശ്ശാഫിഈ (മരണം: 440) ആയിരുന്നു ഇതിന്റെ രചയിതാവ്. അതിനു മുമ്പ് ഒരു പ്രത്യേക മദ്ഹബിലെ മാത്രം ഫിഖ്ഹീ പണ്ഡിതന്മാരെ പരിചയപ്പെടുത്തുന്ന കൃതികള്‍ ഉണ്ടായിരുന്നില്ല. പ്രത്യുത, താബിഉകളുടെയും ഫുഖഹാഇന്റെയും മുഹദ്ദിസുകളുടെയും ത്വബഖാത്തുകളാണ് രചിക്കപ്പെട്ടിരുന്നത്. 

ഈ കാലഘട്ടത്തില്‍ പൗരസ്ത്യ മുസ്‌ലിം ലോകത്ത് ഇമാം ശാഫിഈയുടെ കര്‍മശാസ്ത്രത്തിന്റെയും മദ്ഹബിന്റെയും പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ച പണ്ഡിതന്മാര്‍ ഇവരാണ്: 1. ഇമാം അബൂഖാസിം ഉസ്മാനുബ്‌നു സഈദ് അല്‍ അന്‍മാത്വി (മരണം: ഹിജ്‌റ 288). ഇമാം മുസനി, ഇമാം മുറാദി എന്നിവരില്‍നിന്നും പഠിച്ചു. 2. ഇമാം അബുല്‍ അബ്ബാസ് അഹ്മദുബ്‌നു ഉമര്‍ ബിന്‍ സുറൈജ് അല്‍ ബഗ്ദാദി (മരണം: ഹി. 306). ഇമാം ഇബ്‌നു സുറൈജ് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ മുജ്തഹിദായി പരിഗണിക്കപ്പെടുന്നു. 400 ലധികം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 3. ഇമാം അബൂസുര്‍അ മുഹമ്മദുബ്‌നു ഉസ്മാന്‍ അദ്ദിമശ്ഖി (മരണം: ഹി. 302). ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഈജിപ്തിലും ദമസ്‌കസിലും ന്യായാധിപസ്ഥാനം വഹിച്ചു. 4. ഇമാം അബൂബക്ര്‍ മുഹമ്മദ് ബ്‌നു അലി അല്‍ ഖഫ്ഫാല്‍ അല്‍ കബീര്‍ അശ്ശാശി (മരണം: ഹി. 365). മധ്യേഷ്യന്‍ നാടുകളായ ഉസ്‌ബെകിസ്താന്‍, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളില്‍ ശാഫിഈ മദ്ഹബ് പ്രചരിപ്പിച്ചത് ഇദ്ദേഹമാണ്. 5. അല്‍ ഹാഫിള് അബൂഉവാന യഅ്ഖൂബ് അല്‍ ഇസ്ഫറായീനീ (മരണം: ഹി. 314). നൈസാബൂരില്‍ ആദ്യമായി ശാഫിഈ മദ്ഹബ് എത്തിയത് ഇദ്ദേഹത്തിലൂടെയാണ്. 6. ഇമാം അബൂമുഹമ്മദ് അബ്ദുല്ലാഹിബ്‌നു മുഹമ്മദ് അല്‍ മുറവ്വസി (മരണം: ഹി. 293). പേര്‍ഷ്യയിലെ മര്‍വില്‍ ശാഫിഈ മദ്ഹബിന് പ്രചാരം നല്‍കിയത് ഇമാം മുറവ്വസിയാണ്. ഈ പറഞ്ഞ പ്രമുഖരെല്ലാം ഇമാം ശാഫിഈയുടെ ശിഷ്യരില്‍നിന്നാണ് പഠിച്ചതും ഇമാമിന്റെ കൃതികളും ഫത്‌വകളും ഏറ്റെടുത്തതും.

ഈ കാലഘട്ടത്തില്‍ (ഹിജ്‌റ 270 - 404) ശാഫിഈ മദ്ഹബില്‍ ധാരാളം പണ്ഡിതര്‍ സ്വതന്ത്ര മുജ്തഹിദുകളുടെ പദവിയില്‍ എത്തുകയുണ്ടായി. ഫിഖ്ഹീ ഗവേഷണത്തിന്റെ ധന്യമായ കാലമാണിത്. കേവല അനുകരണവും, മദ്ഹബ് പക്ഷപാതിത്വവും ഇക്കാലത്ത് പ്രകടമായി വളര്‍ന്നിരുന്നില്ല (ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ് ഇജ്തിഹാദ് നിലച്ചതും തഖ്‌ലീദും മദ്ഹബ് പക്ഷപാതിത്വവും ഉടലെടുത്തതും). ശാഫിഈ മദ്ഹബില്‍ സ്വതന്ത്ര മുജ്തഹിദുകളുടെ പദവിയിലെത്തിയ പണ്ഡിതരില്‍ ചിലര്‍ ഇവരാണ്: 1. ഇമാം അബൂബക്ര്‍ മുഹമ്മദുബ്‌നു ഇബ്‌റാഹീം ബ്‌നു അല്‍ മുന്‍ദിര്‍ അന്നൈസാബൂരി (മരണം: ഹി. 318). അല്‍ ഇശ്‌റാഫു അലാ മദാഹിബി അഹ്‌ലില്‍ ഇല്‍മ് ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ്. 2 ഇമാം അബൂജഅ്ഫര്‍ മുഹമ്മദുബ്‌നു ജരീര്‍ അത്ത്വബരി (മരണം: ഹി. 310). ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇമാം ത്വബരി സ്വതന്ത്ര മുജ്തഹിദായി വിശ്രുതനാണ്. 

ഈ കാലഘട്ടത്തില്‍ വിശ്രുതരായ മുഹദ്ദിസുകള്‍ (ഹദീസ് പണ്ഡിതര്‍) ശാഫിഈ മദ്ഹബില്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. അവരില്‍ ചിലര്‍: 1. ഹാഫിള് അബൂബക്ര്‍ മുഹമ്മദുബ്‌നു ഇസ്ഹാഖ് ബ്‌നു ഖുസൈമ (മരണം: ഹി. 311). 'സ്വഹീഹ് ഇബ്‌നു ഖുസൈമ' ഇദ്ദേഹത്തിന്റെ ഹദീസ് ഗ്രന്ഥമാണ്. 2. ഹാഫിള് അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമര്‍ ദാറഖുത്വ്‌നി (മരണം: ഹി. 380). 'സുനന്‍ ദാറഖുത്വ്‌നി' ഇദ്ദേഹത്തിന്റെ കൃതിയാണ്. ഇതേഘട്ടത്തില്‍ ധാരാളം ശാഫിഈ പണ്ഡിതര്‍ പ്രമുഖ നഗരങ്ങളില്‍ ഖാദി സ്ഥാനം വഹിക്കുകയുണ്ടായി. അവര്‍ മദ്ഹബ് പ്രചാരണത്തില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു. അബുല്‍ അബ്ബാസുബ്‌നു സുറൈജ് ബഗ്ദാദി, അബൂസുര്‍അ അദ്ദിമശ്ഖി, ഖാദി അബൂസഈദ് അല്‍ ഇസ്ത്വഖ്‌രി തുടങ്ങിയവര്‍ ഉദാഹരണം. വേറെ ചില ശാഫിഈ പണ്ഡിതര്‍ മന്ത്രിസ്ഥാനവും വഹിച്ചവരായിട്ടുണ്ട്. 

 

സ്ഥിരപ്രതിഷ്ഠ നേടുന്നു

ഹിജ്‌റ 404 മുതല്‍ ഹിജ്‌റ 505 വരെയുള്ള കാലഘട്ടത്തില്‍ ശാഫിഈ മദ്ഹബ് വളര്‍ന്നു വികസിക്കുകയും ഇസ്‌ലാമിക ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. സ്വതന്ത്ര മുജ്തഹിദിന്റെ പദവിയില്‍ എത്തിയ ചില ഇമാമുമാരുടെ മദ്ഹബുകള്‍, അനുയായികളുടെ അഭാവത്തില്‍ തിരോഭവിച്ചു. ശാഫിഈ മദ്ഹബ് സ്ഥിരപ്രതിഷ്ഠ നേടുകയും നിലനില്‍ക്കുകയും ചെയ്യാന്‍ മുഖ്യ കാരണം മദ്ഹബ് പ്രചരിപ്പിച്ച പണ്ഡിതന്മാരുടെ ആത്മാര്‍ഥമായ ശ്രമമായിരുന്നു. അവര്‍ മദ്ഹബില്‍ വിശ്രുതങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു. ശാഫിഈ മദ്ഹബിന്റെ ഉസ്വൂലിലും ഫുറൂഇലും (നിദാനതത്ത്വങ്ങളും വിശദമായ ഫിഖ്ഹീ നിയമങ്ങളും) ധാരാളം കൃതികള്‍ അവരില്‍നിന്നുണ്ടായി. മദ്ഹബ് സംവാദങ്ങളില്‍ അവര്‍ മികച്ചുനിന്നു. ശാഫിഈ ഇമാമിന്റെയും ശിഷ്യരുടെയും ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതുകയും  പ്രമുഖ ഗ്രന്ഥങ്ങളുടെ സംഗ്രഹങ്ങള്‍ തയാറാക്കുകയും ചെയ്തു.

ഈ കാലത്ത് ശാഫിഈ മദ്ഹബിലെ ഗ്രന്ഥരചനയില്‍ രണ്ട് ശൈലികള്‍ ഉദയം ചെയ്തു. അത് 'ഇറാഖീ ശൈലി'യെന്നും 'ഖുറാസാനീ ശൈലി'യെന്നും അറിയപ്പെടുന്നു. മസ്അലകളുടെ അവതരണത്തിലും അതിന്റെ തെളിവുകള്‍ നിരത്തുന്നതിലും അതില്‍ സൂക്ഷ്മാപഗ്രഥനം നടത്തി നിയമനിര്‍ധാരണം (തഖ്‌രീജ്) ചെയ്യുന്നതിലും ഈ രണ്ട് ശൈലികള്‍ തമ്മില്‍ മൗലികമായ വ്യത്യാസം ഉണ്ടായിരുന്നു. മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നതിലെ കൃത്യതയിലും സൂക്ഷ്മതയിലും അവര്‍ വ്യത്യസ്ത നിലവാരമുള്ളവരായിരുന്നു. ''ഇറാഖീ ശൈലിക്കാര്‍ ഇമാം ശാഫിഈയുടെ വാക്യങ്ങളും (നസ്സ്വുകള്‍) ശാഫിഈ മദ്ഹബിന്റെ തത്ത്വങ്ങളും മദ്ഹബിലെ ആദ്യകാല വക്താക്കളുടെ വീക്ഷണഗതിയും സമര്‍ഥന രീതിയും  ഉദ്ധരിക്കുന്നതില്‍ ഖുറാസാനികളേക്കാള്‍ സൂക്ഷ്മവും ഭദ്രവുമായ രീതി സ്വീകരിച്ചു. എന്നാല്‍ ഖുറാസാനീ ശൈലിക്കാരാകട്ടെ ഇമാം ശാഫിഈയുടെയും മദ്ഹബിലെ ഫുഖഹാഇന്റെയും വാക്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വേണ്ടത്ര കൃത്യത കൈക്കൊണ്ടില്ല. അവരതില്‍ തങ്ങളുടേതായ സ്വാതന്ത്ര്യം ഉപയോഗിച്ചു. പക്ഷേ, ഗ്രന്ഥരചനയിലും അധ്യായങ്ങള്‍ ക്രമീകരിക്കുന്നതിലും വിഷയങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും ഏറെ മികവുപുലര്‍ത്തുകയും ചെയ്തു'' (ഇമാം നവവി, അല്‍ മജ്മൂഅ്). തല്‍ഫലമായി മദ്ഹബിന്റെ വീക്ഷണങ്ങളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ അനുയായികള്‍ക്കിടയിലുണ്ടായി. മദ്ഹബിലെ ആധികാരിക അഭിപ്രായമേതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. ഖാദി അബൂത്വയ്യിബ് ത്വാഹിദുബ്‌നു അബ്ദുല്ല ത്വബ്‌രി (മരണം: ഹി. 450), ഇമാം അബൂഹസന്‍ അലിയ്യുബ്‌നു മുഹമ്മദ് അല്‍ മാവര്‍ദി (മരണം: ഹി. 450)-പ്രസിദ്ധമായ അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യയുടെയും അല്‍ ഹാവിയുടെയും കര്‍ത്താവാണിദ്ദേഹം-ഇമാം അബൂഹാമിദ് മുഹമ്മദുബ്‌നു അഹ്മദ് അല്‍ ഇസ്ഫറായീനി (മരണം: ഹി. 406) എന്നിവര്‍ ഇറാഖീ ശൈലിയിലെ പ്രമുഖ പണ്ഡിതരാണ്. ഇമാം അബൂബക്ര്‍ അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ മുറവ്വസി (മരണം: ഹി. 417)-ഇദ്ദേഹം അല്‍ ഖഫ്ഫാല്‍ അസ്സ്വഗീര്‍ എന്നറിയപ്പെടുന്നു- ഇമാം അബൂമുഹമ്മദ് അബ്ദുല്ല ബ്‌നു യൂസുഫ് അല്‍ ജുവൈനി (ഇമാമുല്‍ ഹറമൈനിയുടെ പിതാവ്), ഇമാം അബൂ അലി ഹുസൈനുബ്‌നു അഹ്മദ് മുറൂറൗസി (മരണം: ഹി. 462) എന്നിവര്‍ ഖുറാസാനീ ശൈലിക്കാരില്‍ പ്രമുഖരാണ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചില ശാഫിഈ പണ്ഡിതര്‍ ഖുറാസാനീ-ഇറാഖീ ശൈലിയെ സമന്വയിപ്പിച്ചവരായുണ്ട്. ഇമാമുല്‍ ഹറമൈനി അബുല്‍ മആലി അബ്ദുല്‍ മലിക് അബ്ദുല്ല ബ്‌നു യൂസുഫ് അല്‍ ജുവൈനി(മരണം: ഹി. 478)യും ഇമാം അബൂഹാമിദ് അല്‍ ഗസാലി (മരണം: ഹി. 505)യും ഈ ഗണത്തില്‍ പ്രസിദ്ധരാണ്. ഹാഫിള് അബൂബക്ര്‍ അഹ്മദു ബ്‌നു ഹുസൈനുബ്‌നു അലി അല്‍ ബൈഹഖി(മരണം: ഹി. 458)യും ഇമാം അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു യൂസുഫ് അശ്ശീറാസി (മരണം: ഹി. 476)യും ഈ കാലഘട്ടത്തിലെ ശാഫിഈ മദ്ഹബിലെ പ്രസിദ്ധരായ പണ്ഡിതരായിരുന്നു ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അല്‍ മുഹദ്ദബിന്റെയും നിദാന ശാസ്ത്രഗ്രന്ഥമായ അല്ലംഇന്റെയും കര്‍ത്താവാണ് ഇമാം ശീറാസി.

ഈ കാലയളവില്‍ പേര്‍ഷ്യയിലും ഇറാഖിലും സിന്ധിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും പൗരസ്ത്യ ഇസ്‌ലാമിക രാജ്യങ്ങളിലും ശാഫിഈ ഫുഖഹാഅ് ന്യായാധിപസ്ഥാനം വഹിച്ചു. ശാഫിഈ കര്‍മശാസ്ത്രകാരില്‍ സ്വതന്ത്ര ഇജ്തിഹാദീ പ്രവണത കുറഞ്ഞു. മദ്ഹബീ പക്ഷപാതിത്വവും തഖ്‌ലീദും ഹി. അഞ്ചാം നൂറ്റാണ്ടില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. ഇമാം ശാഫിഈയുടെ കാലത്ത് സംവാദം സമാധാനപരമായിരുന്നുവെങ്കില്‍ ഈ കാലഘട്ടത്തില്‍ അത് തര്‍ക്കങ്ങളിലേക്കും ഖണ്ഡന മണ്ഡനങ്ങളിലേക്കും ചിലപ്പോള്‍ സംഘര്‍ഷങ്ങളിലേക്ക് വരെയും എത്തുകയുണ്ടായി. ഇതര മദ്ഹബീ വീക്ഷണങ്ങള്‍ക്കു നേരെ കടുത്ത ഭാഷയില്‍ വിമര്‍ശന ശരങ്ങള്‍ ഉതിര്‍ക്കാന്‍ മാത്രം മദ്ഹബീ പക്ഷപാതിത്വം രൂക്ഷമായി. ഹിജ്‌റ 478 ല്‍ നിര്യാതനായ ഇമാം ജുവൈനി ശാഫിഈ മദ്ഹബിന് ഇതര മദ്ഹബുകളേക്കാള്‍ പ്രബലത നല്‍കാന്‍ തെളിവുകള്‍ നിരത്തിക്കൊണ്ടാണ് തന്റെ പ്രസിദ്ധമായ മുഗീസുല്‍ ഖല്‍ഖ് ഫീ തര്‍ജീഹി ഖൗലില്‍ ഹഖ് എന്ന കൃതി എഴുതിയത്. 

ഇതേ കാലഘട്ടത്തില്‍ ആധുനിക ഭാഷയില്‍ 'ഫിഖ്ഹ് താരതമ്യപഠനം' എന്ന് വ്യവഹരിക്കാവുന്ന 'ഫിഖ്ഹുല്‍ ഖിലാഫ്' എന്നൊരു വിജ്ഞാനശാഖ വളര്‍ന്നുവരികയുണ്ടായി. ഒരു വിഷയത്തില്‍ വിവിധ മദ്ഹബുകളുടെ അഭിപ്രായങ്ങളും അതിന്റെ തെളിവുകളും നിരത്തി ചര്‍ച്ചചെയ്യുന്ന രീതിയാണിത്. ഇമാം മാവര്‍ദിയുടെ അല്‍ ഹാവിയും ഇമാം ഹറമൈനിയുടെ നിഹായത്തുല്‍ മത്‌ലബ് ഫീ ദിറായത്തില്‍ മദ്ഹബും ഇതിന് നല്ല ഉദാഹരണമാണ്. ഈ നൂറ്റാണ്ടിലെ മറ്റൊരു പ്രത്യേകതയാണ് വചനശാസ്ത്രകാരന്മാരുടെ (ഇല്‍മുല്‍ കലാം) ശൈലി കടം കൊണ്ട് ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഗ്രന്ഥ രചന നടന്നുവെന്നത്. ഇമാമുല്‍ ഹറമൈനിയുടെ അല്‍ബുര്‍ഹാനും, ഇമാം ഗസാലിയുടെ അല്‍ മുസ്ത്വസ്വ്ഫിയും, ഇമാം അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു അലി ശീറാസിയുടെ (മരണം: ഹി. 476) അല്‍ലംഉം ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഉസ്വൂലുല്‍ ഫിഖ്ഹിന്റെ-കര്‍മനിദാനശാസ്ത്രം-വളര്‍ച്ചയുടെ സുവര്‍ണ കാലഘട്ടമാണിത്. കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ശാഖാപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കി നിദാന ശാസ്ത്രങ്ങളില്‍ ഗ്രന്ഥരചന നടത്തുകയാണ് ഈ പണ്ഡിതന്മാര്‍ ചെയ്തത്. നിയമനിര്‍ധാരണത്തില്‍ നിദാന തത്ത്വങ്ങള്‍ക്കും (ഉസ്വൂല്‍) അടിത്തറകള്‍ക്കും (ഖവാഇദ്) പുറമെ ബൗദ്ധികമായ തെളിവുകളും ന്യായങ്ങളും കൂടി പരിശോധിക്കുന്ന രീതിയായിരുന്നു ഇത്. 

 

പരിഷ്‌കരണ യത്‌നങ്ങള്‍

ഹിജ്‌റ 505 മുതല്‍ 676 വരെയുള്ള കാലം ശാഫിഈ മദ്ഹബില്‍ പരിഷ്‌കരണത്തിന്റെ സുവര്‍ണകാലഘട്ടമാണ്. ഇമാം ഗസാലിയുടെ മരണം മുതല്‍ ഇമാം നവവിയുടെ മരണം വരെയുള്ള കാലയളവാണിത്. ഈ ഘട്ടത്തില്‍ മദ്ഹബിന്റെ പ്രചാരണത്തിലും പരിഷ്‌കരണത്തിലും മുഖ്യപങ്ക് വഹിച്ചവരാണ് ഇമാം ബഗവി(മരണം: ഹി. 517)യും (ഖുറാസാനിലെ പ്രമുഖനായ ശാഫിഈ പണ്ഡിതനായിരുന്നു ഇദ്ദേഹം) ഇമാം ഫഖ്‌റുദ്ദീന്‍ റാസി(544-606. മനാഖിബുല്‍ ഇമാം ശാഫിഈ, അല്‍ മഹ്‌സൂല്‍ ഫീ ഇല്‍മില്‍ ഉസ്വൂല്‍ എന്നീ കൃതികളുടെ രചയിതാവ്)യും. 

ശാഫിഈ മദ്ഹബ് പരിഷ്‌കരണത്തില്‍ ഇമാം അബുല്‍ ഖാസിം അബ്ദുല്‍ കരീം റാഫിഈയും (മരണം: ഹി. 623) ഇമാം അബൂസകരിയ്യ മുഹ്‌യിദ്ദീന്‍ അന്നവവിയും (മരണം: ഹി. 676) വഹിച്ച പങ്ക് അതുല്യമാണ്. മദ്ഹബിലെ പ്രമുഖരായ ഇമാമുമാരുടെ ഇജ്തിഹാദിന് അനുഗുണമായി മദ്ഹബില്‍ സ്വീകാര്യമായതും ഫത്‌വകള്‍ക്ക് അവലംബിക്കേണ്ടതുമായ ആധികാരിക വീക്ഷണം ഏതെന്ന് സമര്‍ഥിക്കുകയാണ് മദ്ഹബ് പരിഷ്‌കരണത്തില്‍ ഇമാം റാഫിഈയും ഇമാം നവവിയും നിര്‍വഹിച്ചത്. ഇമാം ശാഫിഈ മരണപ്പെട്ട ശേഷം നാല് നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ശാഫിഈ മദ്ഹബില്‍ ധാരാളം കൃതികള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. ആ കൃതികളില്‍ മദ്ഹബിന്റെ ഉസ്വൂലില്‍നിന്ന് വിഭിന്നമായ രീതിയില്‍ നടത്തിയ നിയമ നിര്‍ധാരണത്തിന്റെയും സ്വീകാര്യമായ വിധം നിയമനിര്‍ധാരണത്തിന്റെയും ഒറ്റപ്പെട്ടതും അപൂര്‍വവുമായ ഗവേഷണങ്ങളുടെയും പ്രതിഫലനം കാണാമായിരുന്നു. ഇത്തരം കൃതികള്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. 

നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ കടുത്ത മദ്ഹബ് പക്ഷപാതിത്വവും അന്ധമായ അനുകരണ പ്രവണതയും പൂര്‍വോപരി ശക്തി പ്രാപിക്കുകയും എല്ലാ മദ്ഹബുകളിലും ഗവേഷണം നിലക്കുകയും ചെയ്തിരുന്നു. മദ്ഹബിന്റെ ഇമാമുകളുടെ അഭിപ്രായം പരിശോധിച്ച് പ്രബലമായത് സ്ഥിരീകരിക്കുകയും ദുര്‍ബലമായത് തിരുത്തുകയും ചെയ്യാന്‍ ഇത് ഇരുവര്‍ക്കും പ്രേരണയായി. ശാഫിഈ മദ്ഹബിന്റെ പരിധിയിലും വൃത്തത്തിലും നിന്നുകൊണ്ടുള്ളതുതന്നെയായിരുന്നു ഇരുവരുടെയും മദ്ഹബ് സംസ്‌കരണം. ഇമാം റാഫിഈയുടെ അല്‍ മുഹര്‍രിറും അല്‍ അസീസ് ശറഹുല്‍ വജീസും (ശറഹുല്‍ കബീര്‍ എന്നും പേരുണ്ട്), ശറഹുല്‍ സ്വഗീറും ശാഫിഈ മദ്ഹബിലെ പരിഷ്‌കരണത്തിന് മികച്ച സംഭാവനയാണ് നല്‍കിയത്. മദ്ഹബിലെ പ്രബലമായ അഭിപ്രായം ഏതെന്നതിന് അവലംബമായ കൃതിയാണിവ. ഇമാം നവവിയുടെ മദ്ഹബ് പരിഷ്‌കരണത്തിന്റെ മികച്ച സംഭാവനയാണ് റൗദത്തുത്ത്വാലിബീനും മിന്‍ഹാജുത്ത്വാലിബീനും അല്‍ മജ്മൂഉം. മദ്ഹബിലെ വിവിധ അഭിപ്രായങ്ങളില്‍ പ്രബലമായത് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും തത്ത്വങ്ങളും ഇമാം നവവി ആവിഷ്‌കരിക്കുകയുണ്ടായി. 

വ്യക്തിയനുകരണവും മദ്ഹബ് പക്ഷപാതിത്വവും ഇതര മദ്ഹബുകളെ വിമര്‍ശിക്കുന്ന പ്രവണതയും കൂടുതല്‍ ശക്തമായി. മദ്ഹബിലെ ഫുഖഹാഅ് തങ്ങളുടെ മദ്ഹബിന്റെ ഇമാമുകളുടെ വാക്യങ്ങള്‍ക്ക് അപ്പുറം കടന്ന് മൗലിക പ്രമാണങ്ങളില്‍നിന്ന് നിയമം കണ്ടെത്താനുള്ള ശ്രമം നടത്തിയില്ല. ഇതര മദ്ഹബുകളേക്കാള്‍ ശാഫിഈ മദ്ഹബിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രബലത നല്‍കുന്നതിന് തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള കൃതികളുടെ രചനയും ഈ കാലഘട്ടത്തില്‍ നടക്കുകയുണ്ടായി. ഇമാം റാസിയുടെ 'മനാഖിബുല്‍ ഇമാം ശാഫിഈ' ഇതിന് നല്ല ഉദാഹരണമാണ്. 

മദ്ഹബ് പക്ഷപാതിത്വത്തില്‍നിന്ന് മുക്തമായി സ്വതന്ത്ര ഗവേഷണം പുനഃസ്ഥാപിക്കാനുള്ള ശ്രമവും ശാഫിഈ മദ്ഹബിലെ ചില പണ്ഡിതര്‍ ഈ കാലയളവില്‍ നടത്തുകയുണ്ടായി എന്നത് ഏറെ ശ്രദ്ധേയമാണ്. അവരില്‍ പ്രാതഃസ്മരണീയനാണ് ഇമാം ഇസ്സുദ്ദീന്‍ അബ്ദിസ്സലാം (മരണം: ഹി. 660). സുല്‍ത്വാനുല്‍ ഉലമാ എന്നറിയപ്പെടുന്ന അദ്ദേഹം സ്വതന്ത്ര ഇജ്തിഹാദ് (അല്‍ ഇജ്തിഹാദുല്‍ മുത്‌ലഖ്) നടത്തുകയും മദ്ഹബ് പക്ഷപാതിത്വത്തില്‍നിന്ന് തികച്ചും മുക്തനായി നില്‍ക്കുകയും ചെയ്തു. അല്‍ ഗായത്തു ഫീ ഇഖ്ത്തിസാരിന്നിഹായഃ, ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളാണ്. ഇമാം അബുല്‍ ഖാസിം ശിഹാബുദ്ദീന്‍ ഇബ്‌റാഹീമുബ്‌നു ഉസ്മാന്‍ അബൂശാമി അല്‍ മഖ്ദിസി (599-665) ഈ കാലയളവില്‍ ഇജ്തിഹാദിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മറ്റൊരു പണ്ഡിതനാണ്. മദ്ഹബ് പക്ഷപാതിത്വത്തിനും അനുകരണത്തിനും എതിരെ ധീരമായി അദ്ദേഹം ശബ്ദിച്ചു. അതിന്റെ ഭവിഷ്യത്ത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അല്‍ മുഅമ്മലു ഫിര്‍റദ്ദി ഇലല്‍ അംറില്‍ അവ്വല്‍ അദ്ദേഹത്തിന്റെ കൃതികളില്‍ പ്രസിദ്ധമാണ്. ശര്‍ഈ വിധികള്‍ നിര്‍ധാരണം ചെയ്യേണ്ടത് സ്വഹാബത്തിന്റെയും താബിഉകളുടെയും മുജ്തഹിദുകളായ ഇമാമുകളുടെയും കാലത്തെപ്പോലെ മൗലിക സ്രോതസ്സുകളില്‍നിന്നാവണമെന്നും അത്തരമൊരു രീതിശാസ്ത്രത്തിലേക്ക് തിരികെപ്പോകണമെന്നുമാണ് ഈ കൃതിയുടെ പേരുതന്നെ സൂചിപ്പിക്കുന്നത്.

ഈ കാലഘട്ടത്തിലെ മറ്റൊരു പ്രത്യേകത കര്‍മശാസ്ത്ര നിദാനങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതാണ്. ഫിഖ്ഹിന്റെ ശാഖാപരമായ വിഷയങ്ങളില്‍നിന്ന് മാറി നിദാനശാസ്ത്രത്തിന്റെ തത്ത്വങ്ങളും അടിത്തറകളും വിശദീകരിക്കുകയായിരുന്നു ഈ കൃതികളില്‍. ഈ രീതി ത്വരീഖത്തുല്‍ മുതകല്ലിമീന്‍ എന്നും ത്വരീഖത്തുശ്ശാഫിഈ എന്നും അറിയപ്പെടുന്നു. തത്ത്വങ്ങളില്‍നിന്നാവണം കര്‍മശാസ്ത്ര വിധികള്‍ ആവിഷ്‌കരിക്കേണ്ടത് എന്നാകുന്നു ഇതിന്റെ പിന്നിലെ കാഴ്ചപ്പാട്. ഇമാം ഫഖ്‌റുദ്ദീന്‍ റാസിയുടെ അല്‍ മഹ്‌സൂല്‍ ഫീ ഇല്‍മില്‍ ഉസ്വൂലും ഇമാം സൈഫുദ്ദീന്‍ ആമിദി (മരണം: ഹി. 631)യുടെ അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാമും ഈ വിഷയത്തിലെ പ്രസിദ്ധ കൃതികളാണ്. തുടര്‍ന്ന് നിദാനശാസ്ത്രാടിത്തറകളില്‍നിന്നുകൊണ്ട് ശാഖാപരമായ വിഷയങ്ങളില്‍ നിയമം നിര്‍ധാരണം ചെയ്യുന്നതിനുള്ള തത്ത്വങ്ങള്‍ (ഖവാഇദ്) ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ഈ വിജ്ഞാന ശാഖ 'ഇല്‍മു തഖ്‌രീജില്‍ ഫുറൂഅ് അലല്‍ ഉസ്വൂല്‍' എന്ന പേരില്‍ അറിയപ്പെട്ടു. ശര്‍ഈ പ്രമാണങ്ങളുടെ തെളിവുകളെയും നിമിത്തങ്ങളെയും അഭിപ്രായാന്തരങ്ങളുടെ കാരണങ്ങളെയും സംബന്ധിച്ച പഠനവും ഇതിന്റെ ഭാഗമായി നടക്കുകയുണ്ടായി. മദ്ഹബുകള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായാന്തരത്തിന്റെയും പക്ഷപാതിത്വത്തിന്റെയും ഫലമായി ഓരോ മദ്ഹബിലെയും ഇമാമിന്റെ അഭിപ്രായങ്ങളെ തെളിവിന്റെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നതിനുവേണ്ടിയായിരുന്നു ഈ വിജ്ഞാനശാഖ പണ്ഡിതന്മാര്‍ വളര്‍ത്തിയെടുത്തത്. മദ്ഹബിലെ ഇമാമുകളില്‍നിന്ന് അഭിപ്രായങ്ങള്‍ വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ അവരുടെതന്നെ ഉസ്വൂലുകളുടെ അടിസ്ഥാനത്തില്‍ നിയമവിധികള്‍ വിശദീകരിക്കുകയും ചെയ്തു. ഹിജ്‌റ 656-ല്‍ നിര്യാതനായ ഇമാം ശിഹാബുദ്ദീന്‍ അല്‍ സല്‍ജാനിയുടെ തഖ്‌രീജുല്‍ ഫുറൂഅ് അലല്‍ ഉസ്വൂല്‍ ഈ വിഷയത്തില്‍ ശ്രദ്ധേയമായ കൃതിയാണ്. 

ഈ കാലഘട്ടത്തില്‍ പ്രസിദ്ധരായ ഹദീസ് പണ്ഡിതന്മാര്‍ ശാഫിഈ മദ്ഹബിന്റെ വക്താക്കളായി രംഗത്തുവരികയുണ്ടായി. അവര്‍ കര്‍മശാസ്ത്രത്തിലെന്നപോലെഹദീസ് വിജ്ഞാനത്തിലും പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു. ഹിജ്‌റ 606-ല്‍ മൗസ്വിലില്‍ നിര്യാതനായ ഇമാം ഇബ്‌നുല്‍ അസീര്‍ അല്‍ ജസരി (അന്നിഹായ ഫീ ഗരീബില്‍ ഹദീസ് വല്‍ അസറിന്റെ കര്‍ത്താവ്) യും, ഇമാം ഇബ്‌നു സ്വലാഹും (ഹി. 577-643. മഅ്‌രിഫത്തു അന്‍വാഇ ഇല്‍മില്‍ ഹദീസി-മുഖദ്ദിമത്തു ഇബ്‌നു സ്വലാഹ് എന്നറിയപ്പെടുന്നു-ന്റെ കര്‍ത്താവാണിദ്ദേഹം), ഇമാം ഹാഫിള് സകിയുദ്ദീന്‍ അബൂ മുഹമ്മദ് അല്‍ മുന്‍ദിരിയും (581-656. മുഖ്തസ്വറു സ്വഹീഹ് മുസ്‌ലിം, അത്തര്‍ഗീബ് വത്തര്‍ഹീബ് ഫില്‍ ഹദീസ് എന്നീ കൃതികളുടെ കര്‍ത്താവാണിദ്ദേഹം) ഈ ഗണത്തില്‍ പ്രസിദ്ധി നേടിയവരാണ്. 

ഫലസ്ത്വീന്‍, സിറിയ, ലബനാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ ശാമിലും ഇറാഖിലും നടന്ന കുരിശ് സൈന്യങ്ങളുടെ ആക്രമണ പരമ്പരയും താര്‍ത്താരികളുടെ കടന്നാക്രമണവും മംലൂക് ഭരണാധികാരികള്‍ക്കിടയില്‍ നടന്ന കിടമത്സരങ്ങളും യുദ്ധങ്ങളും ചെങ്കിസ് ഖാന്റെ പൗത്രന്‍ ഹുലാഖു ഖാന്റെ കരങ്ങളാല്‍ ബഗ്ദാദിന്റെ പതനവും (ഹി. 656) തുടര്‍ന്നുണ്ടായ രൂക്ഷമായ യുദ്ധവുമെല്ലാം ഈ കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. പക്ഷേ ഇതിനിടയിലും പണ്ഡിതന്മാര്‍ ജനങ്ങളെ ദീനീകാര്യങ്ങള്‍ പഠിപ്പിക്കാനും ഗ്രന്ഥങ്ങള്‍ രചിക്കാനും ശ്രദ്ധിച്ചുവെന്നത് പ്രത്യേകം സ്മരണീയമാണ്. 


ഇജ്തിഹാദിന്റെ പുനഃസ്ഥാപന ശ്രമങ്ങള്‍

ഹിജ്‌റ 676 മുതല്‍ ഹിജ്‌റ 1004 വരെയുള്ള കാലം ശാഫിഈ മദ്ഹബിന്റെ വികാസപരിണാമങ്ങളിലെ നാലാം ഘട്ടമാണ്. ഇമാം നവവി മരണപ്പെടുന്ന വര്‍ഷമാണ് ഹിജ്‌റ 676. ഈ ഘട്ടത്തില്‍ ശാഫിഈ പണ്ഡിതര്‍ പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് ഗ്രന്ഥരചന നടത്തുകയും മദ്ഹബിന് പ്രചാരണം നേടിക്കൊടുക്കുകയും ചെയ്തു. അവരില്‍ പ്രധാനികള്‍: 1. ഇമാം നജ്മുദ്ദീന്‍ ഇബ്‌നു രിഫ്അഃ (ഹിജ്‌റ: 645-710), 2. ആലു സുബ്കീ പണ്ഡിതര്‍, (തഖിയ്യദ്ദീന്‍ സുബ്കിയും ജംഉല്‍ ജവാമിഇന്റെ കര്‍ത്താവായ താജുദ്ദീനുല്‍ സുബ്കിയും), 3 ഇമാം ജമാലുദ്ദീന്‍ ഇസ്‌നവി (704-772), 4. ഇമാം ബദ്‌റുദ്ദീന്‍ സര്‍കശി (മരണം: ഹിജ്‌റ. 794-പ്രസിദ്ധ കൃതിയായ അല്‍ ബഹ്‌റുല്‍ മുഹീത്വിന്റെ കര്‍ത്താവാണിദ്ദേഹം. ഉസ്വൂലുല്‍ ഫിഖ്ഹില്‍ എന്‍സൈക്ലോപീഡിയയായി ഇത് പരിഗണിക്കപ്പെടുന്നു), 5. ഇമാം സിറാജുദ്ദീന്‍ ബല്‍കീനി (724-805. സ്വതന്ത്ര മുജ്തഹിദിന്റെ പദവിയിലെത്തിയ പണ്ഡിതനാണിദ്ദേഹം. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിലെ മുജ്തഹിദായി ഇമാം ബല്‍കീനി അറിയപ്പെടുന്നു), 6. ഇമാം ജലാലുദ്ദീന്‍ അല്‍ മഹല്ലി (791-864. കന്‍സുല്‍ റാഗിബീന്‍ ഫീ ശറഹി മിന്‍ഹാജിത്ത്വാലിബീന്റെ കര്‍ത്താവാണിദ്ദേഹം), 7. ശൈഖുല്‍ ഇസ്‌ലാം സകരിയ്യ അന്‍സ്വാരി (823-926. ഹിജ്‌റ 10-ാം നൂറ്റാണ്ടിലെ മുജദ്ദിദായി ഇദ്ദേഹം അറിയപ്പെടുന്നു). 

ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി(മരണം: ഹി. 974)യുടെയും ഇമാം ശംസുദ്ദീന്‍ അര്‍റംലി (മരണം: ഹി. 1004) യുടെയും ശാഫിഈ മദ്ഹബ് സംസ്‌കരണ യത്‌നങ്ങള്‍ ഈ കാലഘട്ടത്തില്‍ അനുസ്മരണീയമാണ്. ഇമാം അര്‍റംലി പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് അറിയപ്പെടുന്നു. ഇമാം ഹൈതമിയും ഇമാം റംലിയും ഹിജ്‌റ 8, 9 നൂറ്റാണ്ടുകളില്‍ വിരചിതമായ  ശാഫിഈ മദ്ഹബിലെ കൃതികള്‍ മുഴുവന്‍ പരിശോധന നടത്തുകയും കൃത്യപ്പെടുത്തുകയും ചെയ്തു.  

ഈ ഘട്ടത്തില്‍ ഇമാം ശാഫിഈയുടെ ഗ്രന്ഥരചനാ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രീതി വളര്‍ന്നുവരികയുണ്ടായി. ഇമാം ശാഫിഈ കര്‍മശാസ്ത്ര വിഷയങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വിശുദ്ധ ഖുര്‍ആനും ഹദീസും നിദാനശാസ്ത്രവും താബിഉകളുടെയും മുജ്തഹിദുകളായ ഇതര ഇമാമുകളുടെയും ഇജ്തിഹാദുകളും പരിശോധിക്കുമായിരുന്നു. എന്നാല്‍ മദ്ഹബ് പക്ഷപാതിത്വം വര്‍ധിച്ചതിന്റെ ഫലമായി ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ നിയമ സ്രോതസ്സുകളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ കര്‍മശാസ്ത്ര വിധികള്‍ പറയുന്നതിനു പകരം മദ്ഹബിലെ ഇമാമുകളുടെ അഭിപ്രായങ്ങള്‍ മാത്രം പറയുകയും അവ താരതമ്യം നടത്തുകയും അതില്‍ പ്രബലമായതിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന രീതി വികസിച്ചുവന്നു. കടുത്ത മദ്ഹബ് പക്ഷപാതിത്വത്തിന്റെ ഫലമായിരുന്നു ഇത്. ഈ രണ്ട് രീതികളും വേര്‍തിരിച്ചറിയാന്‍ ഇമാം ശാഫിഈയുടെ അല്‍ ഉമ്മും ഇമാം ഹൈതമിയുടെ അല്‍ മിന്‍ഹാജുല്‍ ഖവീം അലല്‍ മുഖദ്ദിമത്തി അല്‍ ഹദ്‌റമിയ്യയും പരിശോധിച്ചാല്‍ മതി.

ഇജ്തിഹാദ് പുനഃസ്ഥാപിക്കാനുള്ള ശ്രമം ഈ കാലഘട്ടത്തില്‍ നടക്കുകയുണ്ടായി. അവരില്‍ പ്രമുഖര്‍ ഇവരാണ്: ഇമാം ഇബ്‌നു ദഖീഖില്‍ ഈദ് (മരണം: 702. ഫിഖ്ഹീ ഗ്രന്ഥരചനയില്‍ മുജ്തഹിദുകളായ ഇമാമുമാരെപ്പോലെ മൗലിക സ്രോതസ്സുകളില്‍നിന്ന് നിയമാവിഷ്‌കാരം നടത്തുന്ന രീതി ഇദ്ദേഹം സ്വീകരിച്ചു). ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(മരണം: ഹി. 852)യാകട്ടെ ഇതര മദ്ഹബിലെ ഫുഖഹാഇന്റെ അഭിപ്രായങ്ങളും സ്വഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ഉദ്ധരിച്ച് മദ്ഹബ് പക്ഷപാതിത്വത്തില്‍നിന്ന് അകലം പാലിച്ചു. വിശ്രുതമായ ഫത്ഹുല്‍ ബാരി ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഹിജ്‌റ നാലാം നൂറ്റാണ്ട് മുതല്‍ അടഞ്ഞുകിടന്നിരുന്ന ഇജ്തിഹാദിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പണ്ഡിതനാണ് ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി (849-911). ഇജ്തിഹാദ് ഫര്‍ദ് കിഫായഃ ആണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ചെറുതും വലുതുമായ 600 ല്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇമാം സുയൂത്വി മദ്ഹബിന്റെ മുജ്തഹിദുകളായ ഇമാമുകളെപ്പോലെ നിയമങ്ങളുടെ മൗലിക സ്രോതസ്സുകളില്‍നിന്ന് നിയമാവിഷ്‌കാരം നടത്തുന്ന രീതി അവലംബിച്ചു.

ശര്‍ഇയായ നിയമവിധികള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള കര്‍മശാസ്ത്രത്തിന്റെ അടിത്തറകളില്‍ (ഖവാഇദ്) പണ്ഡിതന്മാര്‍ ശ്രദ്ധ ചെലുത്തിയ കാലം കൂടിയാണിത്. ശര്‍ഈ ഹുക്മുകളുടെ പൊരുളും എവിടെനിന്നാണ് ഹുക്മുകള്‍ (വിധികള്‍) കണ്ടെത്തിയതെന്നും, നസ്സ്വ് വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ ഹുക്മുകള്‍ ആവിഷ്‌കരിക്കേണ്ടതെങ്ങനെയെന്നും ഈ അടിത്തറകളിലൂടെ അറിയാന്‍ കഴിയും. ഫിഖ്ഹിന്റെ യാഥാര്‍ഥ്യവും ഉറവിടവും അറിയുന്നതിന് 'ഫിഖ്ഹുല്‍ അശ്ബാഹി വന്നദാഇര്‍' (സാദൃശ്യവും തുല്യതയും കണ്ടെത്തുന്ന കല) എന്ന പേരില്‍ ഒരു വിജ്ഞാന ശാഖ ഈ കാലഘട്ടത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. എത്രത്തോളമെന്നാല്‍ ഫിഖ്ഹ് എന്നാല്‍ സാദൃശ്യവും തുല്യതയും അറിയലാണെന്ന് വരെ വ്യാഖ്യാനമുണ്ടായി. തല്‍വിഷയത്തില്‍ ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ ഗ്രന്ഥമാണ് ഇമാം സുയൂത്വിയുടെ അല്‍ അശ്ബാഹു വന്നദാഇര്‍ ഫീ ഖവാഇദി വ ഫുറൂഇ ശാഫിഈ.

 

വളര്‍ച്ച മന്ദീഭവിക്കുന്നു

ഹിജ്‌റ: 1004-1335 കാലം ശാഫിഈ മദ്ഹബിന്റെ പരിണാമത്തിലെ അഞ്ചാം ഘട്ടമാണ്. ഇമാം റംലിയുടെ മരണം നടന്ന ഹിജ്‌റ 1004 മുതല്‍ അല്ലാമാ അലവി ബിന്‍ അഹ്മദ് സഖാഫ് ശാഫിഈ മക്കിയുടെ മരണം (ഹി. 1335) വരെയുള്ള കാലമാണിത്. ശാഫിഈ മദ്ഹബിന്റെ സഞ്ചാരപാതയില്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം ഈ കാലയളവില്‍ പ്രകടമായിരുന്നു. ഇത് മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രമാണ്. ഉസ്മാനികള്‍ അടിമവംശത്തെ പരാജയപ്പെടുത്തിയതോടെ തുര്‍ക്കിയില്‍ ഹി. 923 ല്‍ ഉസ്മാനീ ഭരണം ആരംഭിച്ചു. ഉസ്മാനീ സുല്‍ത്വാന്‍ സലീം ഒന്നാമന്‍ (മരണം: ഹി. 926) ഭരണം ഏറ്റെടുത്തതോടെ ഭരണകേന്ദ്രം ഇസ്തംബൂളിലേക്ക് മാറ്റി. 1335 ല്‍ 'ശരീഫ് മക്ക' ഹുസൈന്‍ ബിന്‍ അലി ഉസ്മാനികള്‍ക്കെതിരെ അറബി വിപ്ലവത്തിന് തുടക്കം കുറിച്ചു. അതോടെ ഉസ്മാനികളില്‍നിന്ന് അറബ് രാജ്യങ്ങള്‍ ഓരോന്നായി വേര്‍പെട്ടു. തുടര്‍ന്ന് ശിഥിലമായ അറബ് രാജ്യങ്ങള്‍ ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള സാമ്രാജ്യശക്തികള്‍ പങ്കിട്ടെടുത്തു. 

ശാമിലും ഈജിപ്തിലും ഹിജാസിലും പ്രമുഖ ശാഫിഈ പണ്ഡിതര്‍ ഈ കാലയളവില്‍ മദ്ഹബിന്റെ വക്താക്കളായി നിലകൊണ്ടു. ഉസ്മാനികളുടെ ഔദ്യോഗിക മദ്ഹബ് 'ഹനഫീ' ആയിരുന്നു. രാജ്യത്തെ പരമോന്നത മതപദവിയും ന്യായാധിപസ്ഥാനവും ഹനഫികള്‍ക്കായിരുന്നു. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ശാഫിഈ മദ്ഹബ് നിലനിന്നിരുന്നുവെങ്കിലും മുന്‍ കാലങ്ങളെപ്പോലെ പ്രഗത്ഭരായ പണ്ഡിത പ്രതിഭകള്‍ ഈ ഘട്ടത്തില്‍ വളര്‍ന്നുവരികയുണ്ടായില്ല. ഇമാം ഗസാലിയും ഇമാം ബഗവിയും ഇമാം ഫഖ്‌റുദ്ദീന്‍ റാസിയുമെല്ലാം മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ശാഫിഈ മദ്ഹബിന്റെ പ്രമുഖ വക്താക്കളായിരുന്നു. പൊതുവെ ഇസ്‌ലാമിക അവബോധം ജനങ്ങളില്‍ കുറഞ്ഞു. പ്രാദേശിക വാദവും ഉടലെടുത്തു. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ്, ഫിലിപ്പീന്‍സ് എന്നീ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും കേരളക്കരയിലും ഈ കാലഘട്ടത്തില്‍ ശാഫിഈ മദ്ഹബ് പ്രചരിച്ചുകൊണ്ടിരുന്നു. പ്രമുഖ യമനീ പണ്ഡിതരിലൂടെയാണ് ഇവിടങ്ങളില്‍ ശാഫിഈ മദ്ഹബിന് പ്രചാരം സിദ്ധിച്ചത്. 

ഈ കാലഘട്ടത്തില്‍ ഗ്രന്ഥരചനയിലൂടെയും അധ്യാപനത്തിലൂടെയും ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയില്‍ പങ്കാളിത്തം വഹിച്ചവരില്‍ പ്രമുഖരാണ് അല്ലാമാ ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അല്‍ ഖല്‍യൂബി (മരണം: ഹി. 1069)യും അല്ലാമാ മുഹമ്മദുബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി (മരണം: ഹി. 1194)യും അല്ലാമാ അബൂദാവൂദ് സുലൈമാനുബ്‌നു ഉമര്‍ ബിന്‍ മന്‍സൂര്‍ അല്‍ ഉജൈലി (മരണം: ഹി. 1204-ഹാശിയത്തുല്‍ ജമല്‍ അലാ തഫ്‌സീറില്‍ ജലാലൈനിയുടെയും ഹാശിയത്തുല്‍ ജമല്‍ അലാ ശറഹില്‍ മന്‍ഹജിന്റെയും കര്‍ത്താവാണിദ്ദേഹം)യും അല്ലാമാ സുലൈമാനുബ്‌നു മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ ബുജൈറമി (മരണം: ഹി. 1221)യും അല്ലാമാ അബ്ദുല്ലാഹിബ്‌നു ഹിജാസി ബിന്‍ ഇബ്‌റാഹീം അല്‍ ശര്‍ഖാവി (മരണം: ഹി. 1226-ഹാശിയത്തുശ്ശര്‍ഖാവി അലാ ശറഹിത്തഹ്‌രീര്‍)യും ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയാണ്). അല്ലാമാ ഇബ്‌റാഹീമുബ്‌നു മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബാജൂരി (മരണം: ഹി. 1277-ശൈഖുല്‍ അസ്ഹര്‍ ആയിരുന്നു ഇദ്ദേഹം)യും അല്ലാമാ അലവി ബിന്‍ അഹ്മദ് ബിന്‍ അബ്ദിര്‍റഹ്മാന്‍ അല്‍ സഖാഫ് അല്‍ മക്കി (മരണം: ഹി. 1335)യും അല്ലാമാ അഹ്മദ് ബക് ഹുസൈനി (മരണം: ഹി. 1332)യും.

ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ അവ്യക്തമായ പദങ്ങള്‍ വിശദീകരിക്കുന്ന 'ഹാശിയ' രചനയുടെ സുവര്‍ണകാലമായിരുന്നു ഇത്. പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ക്ക് ഫത്‌വയില്‍ അവലംബിക്കാവുന്ന കൃതികളായി ഹാശിയകള്‍ പരിഗണിക്കപ്പെടുന്നു. ഹാശിയത്തുല്‍ ഖല്‍യൂബിയും ഹാശിയത്തുല്‍ ജമലും ഹാശിയത്തുശ്ശര്‍ഖാവിയും ഇതില്‍ പ്രസിദ്ധങ്ങളാണ്. ''ഈ കാലഘട്ടത്തില്‍ ശാഫിഈ മദ്ഹബിലെ പണ്ഡിതരുടെ മുഖ്യജോലി പൂര്‍വികരുടെ വിശ്രുതമായ ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ക്ക് ഹാശിയ എഴുതുകയും അവ സംഗ്രഹിക്കുകയും വ്യാഖ്യാനിക്കുകയുമായിരുന്നു. ശാഫിഈ ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പരിഷ്‌കരണത്തില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ ഈ കാലയളവില്‍ നടന്നിട്ടില്ലെന്ന് പറയാം. സ്വതന്ത്ര ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ നന്നേ കുറഞ്ഞു. ചില ഫത്‌വാ സമാഹാരങ്ങളിലും നിബന്ധങ്ങളിലും അവ ഒതുങ്ങി'' (ഉസ്താദ് മുഹമ്മദ് സര്‍ഖായുടെ അല്‍ മദ്ഖലുല്‍ ഫിഖ്ഹി' അല്‍ ആം 1/211-213). തീവ്രമായ മദ്ഹബ് പക്ഷപാതിത്വം ഈ കാലഘട്ടത്തിന്റെയും പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളിലെ ശാഫിഈ പണ്ഡിതന്മാര്‍ തമ്മില്‍ വളരെ ദുര്‍ബലമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ലോകത്ത് ഹനഫീ മദ്ഹബ് കഴിഞ്ഞാല്‍ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത് ശാഫിഈ മദ്ഹബ് തന്നെയായിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇജ്തിഹാദ് നന്നേ കുറഞ്ഞ ഘട്ടം കൂടിയാണിത്. കര്‍മനിദാനശാസ്ത്ര (ഇല്‍മ് ഉസ്വൂലില്‍ ഫിഖ്ഹ്)  രചനയിലും 'മഖാസ്വിദുശ്ശരീഅ' വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുടെ രചനയിലും ഈ കാലത്തില്‍ കാര്യമായ ഒരു മുന്നേറ്റവും ഉണ്ടായില്ല. ഇത് കര്‍മശാസ്ത്ര രംഗമാകെ മുരടിക്കാനും മന്ദീഭവിക്കാനും കാരണമായി.

 

ഭരണാധികാരികളുടെ പിന്തുണ

ഇമാം ശാഫിഈയുടെ അവസാന കാലം ഈജിപ്തിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രഗത്ഭരായ ശിഷ്യരിലൂടെ ഈജിപ്ത് അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ശാഫിഈ ഫിഖ്ഹിന് പ്രചാരം സിദ്ധിച്ചു. സുല്‍ത്വാന്‍ അഹ്മദുബ്‌നു ത്വൂലൂന്‍ (214 -270) ശാഫിഈ കര്‍മശാസ്ത്രത്തിനും പണ്ഡിതന്മാര്‍ക്കും പ്രോത്സാഹനം നല്‍കിയ ഭരണാധികാരിയാണ്. ഹി. 284-ല്‍ ശാഫിഈ പണ്ഡിതനായ മുഹമ്മദുബ്‌നു ഉസ്മാന്‍ അദ്ദിമശ്ഖി ഈജിപ്തില്‍ ഖാദിയായി നിയമിതനായി. ത്വൂലൂനി ഭരണാധികാരി ഹാറൂനുബ്‌നു ഖിറാമവൈഹിയുടെ കാലത്താണിത്. അന്നുമുതല്‍ ഹി. 358-ല്‍ ശീഈ വിഭാഗമായ ഫാത്വിമികള്‍ അധികാരത്തില്‍ വരുന്നതുവരെ ന്യായാധിപസ്ഥാനം വഹിച്ചതും ജുമുഅ ഖുത്വ്ബക്ക് നേതൃത്വം നല്‍കിയതും ശാഫിഈ പണ്ഡിതരായിരുന്നു. ഫാത്വിമികള്‍ ശീഈ ഇസ്മാഈലി മദ്ഹബിനെ രാജ്യത്തിന്റെ ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിച്ചു. ഔദ്യോഗിക പദവികളില്‍നിന്ന് ശാഫിഈ പണ്ഡിതരെ നീക്കം ചെയ്തു. പക്ഷേ, ജനങ്ങളില്‍ ശാഫിഈ മദ്ഹബിന്റെ സ്വാധീനം തുടര്‍ന്നും നിലനിന്നുപോന്നു. ഹിജ്‌റ 576 ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണകൂടം നിലവില്‍ വന്നതോടെ ശാഫിഈ മദ്ഹബ് ഔദ്യോഗിക പദവി തിരിച്ചുപിടിച്ചു. ശാമില്‍ ഭരണം നടത്തിയ സുല്‍ത്വാന്‍ ഈസബ്‌നുല്‍ ആദില്‍ അബീബക്ര്‍ ഒഴികെ മുഴുവന്‍ അയ്യൂബി ഭരണാധികാരികളും ശാഫിഈ മദ്ഹബുകാരായിരുന്നു.

അയ്യൂബികള്‍ക്ക് ശേഷം ബഹ്‌രി മംലൂകുകള്‍ (ഹി.648-784) അധികാരത്തില്‍ വന്നപ്പോള്‍ ശാഫിഈ മദ്ഹബിന് പ്രഥമ പരിഗണന ലഭിച്ചു. മംലൂകികളില്‍ പെട്ട ബൈബറസ് അധികാരത്തില്‍ വന്നപ്പോള്‍ നാല് മദ്ഹബുകള്‍ക്കും അവരുടേതായ ഖാദിമാരെ നിശ്ചയിക്കാന്‍ അനുവാദം നല്‍കിയെങ്കിലും ശാഫിഈ ഖാദിമാര്‍ക്ക് മറ്റ് മദ്ഹബുകളിലെ ഖാദിമാരേക്കാള്‍ പരിഗണന നല്‍കിയിരുന്നു. അനാഥകളുടെയും വഖ്ഫ് സ്വത്തുകളുടെയും സംരക്ഷണ ചുമതല ശാഫിഈ ഖാദിമാര്‍ക്കായിരുന്നു. ശര്‍ക്കസി മംലൂകുകളുടെ ഭരണത്തിലും (784-923) ഈ അവസ്ഥ തുടര്‍ന്നുപോന്നു. ഇമാം ഇസ്സുദ്ദീന്‍ അബ്ദുസ്സലാം, ഇബ്‌നു ദഖീഖുല്‍ ഈദ് തുടങ്ങിയ പ്രമുഖ ശാഫിഈ പണ്ഡിതര്‍ മംലൂക് ഭരണത്തിലെ പ്രഗത്ഭമതികളായ ന്യായാധിപന്മാരായിരുന്നു. 923-ല്‍ ഈജിപ്തില്‍ ഉസ്മാനീ ആധിപത്യം വന്നതോടെ ന്യായാധിപസ്ഥാനം ഹനഫീ മദ്ഹബുകള്‍ക്ക് മാത്രമായി പരിമിതപ്പെട്ടു. ശാഫിഈ പണ്ഡിതനായ അബൂസുര്‍അ (മരണം: ഹി. 302) ദമസ്‌കസില്‍ ന്യായാധിപനായതോടെ ശാമില്‍ ശാഫിഈ മദ്ഹബിന് ഔദ്യോഗിക പദവി ലഭിച്ചു. തുടര്‍ന്നും ശാഫിഈ മദ്ഹബിന്റെ സ്വാധീനം നിലനിന്നു. ഇറാഖില്‍ അബ്ബാസീ ഖലീഫമാരുടെ ഭരണകാലത്ത് ഹനഫീ മദ്ഹബിനായിരുന്നു മുഖ്യസ്ഥാനം. കാരണം അബ്ബാസീ ഭരണാധികാരികളിലധികവും ഹനഫീ മദ്ഹബ് പിന്‍പറ്റിയവരായിരുന്നു. എങ്കിലും ശാഫിഈ പണ്ഡിതന്മാര്‍ക്ക് വലിയ ആദരവും മതിപ്പും ലഭിക്കുകയുണ്ടായി. സല്‍ജൂഖി ഭരണകൂടത്തിലെ സുല്‍ത്വാനായ മലിക് ഷായുടെ മന്ത്രി നിളാമുല്‍ മുല്‍ക് (408-485) ബഗ്ദാദിലും നൈസാബൂരിലും സ്ഥാപിച്ച നിളാമിയ മദ്‌റസകള്‍ ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചക്കും പ്രചാരത്തിനും മികച്ച സംഭാവനയാണ് നല്‍കിയത. ഇമാം ശീറാസി (മരണം: ഹി. 476)യും ഇമാം അല്‍ ജുവൈനി(മരണം: ഹി. 478) യും ഇമാം ഗസാലിയും അവിടെ അധ്യാപകരായിരുന്നു. അത് ശാഫിഈ മദ്ഹബിന്റെ വ്യാപനത്തിന് നിമിത്തമായി. 

മധ്യേഷ്യന്‍ രാജ്യമായ ഗസ്‌നയിലെ ഭരണാധികാരി ഫാറൂഖ് ഗിയാസുദ്ദീന്‍, അഹ്‌ലുസ്സുന്നയില്‍നിന്ന് വ്യതിചലിച്ച കറാമിയ മദ്ഹബിന്റെ അനുയായി ആയിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയും ശാഫിഈ മദ്ഹബ് സ്വീകരിക്കുകയുമുണ്ടായി. അദ്ദേഹം ഗസ്‌നയില്‍ ശാഫിഈ മദ്ഹബ് പഠിപ്പിക്കാന്‍ കലാലയങ്ങളും പള്ളികളും സ്ഥാപിക്കുകയുണ്ടായി. 40 വര്‍ഷം ഖലീഫയായിരുന്ന അബ്ബാസീ ഖലീഫ അല്‍ ഖാദിര്‍ ബില്ലാഹി (336-422) ശാഫിഈ മദ്ഹബ് പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. ഉസ്വൂലുല്‍ ഫിഖ്ഹില്‍ അദ്ദേഹം എഴുതിയ കൃതി എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്‌കാരാനന്തരം അല്‍ മഹ്ദി മസ്ജിദില്‍ നടന്നുവന്നിരുന്ന ദര്‍സില്‍ വായിക്കപ്പെട്ടിരുന്നു. മധ്യേഷ്യയിലെ അബ്ബാസി സുല്‍ത്വാനായിരുന്ന സുല്‍ത്വാന്‍ ശംസുല്‍ മലിക് (മരണം: ഹി. 492) ശാഫിഈ പണ്ഡിതനും പ്രസംഗകനും സമര്‍ഖന്ദിലെയും ബുഖാറയിലെയും പള്ളികളില്‍ ഖുത്വ്ബ നിര്‍വഹിച്ച വ്യക്തിയുമായിരുന്നു. സല്‍ജൂഖി സുല്‍ത്വാന്‍ ബഗ്ദാദ്, നൈസാബൂര്‍, മര്‍വ്, ഹറാത്, ഇസ്ഫഹാന്‍, മൗസ്വഅില്‍, ബസ്വറ തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രത്തിലെ പ്രമുഖ നഗരങ്ങളില്‍ മദ്‌റസകള്‍ സ്ഥാപിക്കുകയുണ്ടായി. 

 

അവലംബ കൃതികള്‍

1. അശ്ശാഫിഈ ഹയാത്തുഹു വഅസറുഹു വആറാഉഹു വഫിഖ്ഹുഹു - മുഹമ്മദ് അബൂ സഹ്‌റ.

2. അല്‍ ഇമാം ശാഫിഈ നാസ്വിറുസ്സുന്ന വവാദിഉല്‍ ഉസ്വൂല്‍ - അബ്ദുല്‍ ഹലീം അല്‍ ജുന്‍ദി.

3. അല്‍ ഇമാം ശാഫിഈ ഫഖീഹുസ്സുന്നത്തില്‍ അക്ബര്‍ - അബ്ദുല്‍ ഗനി അദ്ദഖ്ര്‍.

4. അല്‍ മജ്മൂഅ്, ഇമാം നവവി.

5. അല്‍ മദ്ഖല്‍ ഇലാ മദ്ഹബില്‍ ഇമാം ശാഫിഈ - ഡോ. അക്‌റം യൂസുഫ് ഉമര്‍ അല്‍ ഖവാസിമി.

6. സ്വലാഹുദ്ദീന്‍ അയ്യൂബി - ഡോ. അലി മുഹമ്മദ് സ്വല്ലാബി.

7. അല്‍ മദ്ഖല്‍ ഇലാ ദിറാസത്തില്‍ മദാഹിബില്‍ ഫിഖ്ഹിയ്യ - മുഹമ്മദ് ജമുഅ മുഹമ്മദ്.

8. താരീഖുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി - ഇല്‍യാസ് ദര്‍ദൂര്‍.

9. മുഹാദറാത്തുന്‍ ഫീ താരീഖില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി - ഡോ. മുഹമ്മദ് യൂസുഫ് മൂസ

10. അല്‍ മദ്ഖല്‍ ഇലാ ദിറാസത്തില്‍ മദാരിസ് വല്‍ മദാഹിബ് അല്‍ ഫിഖ്ഹിയ്യ - ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്കര്‍.

11. കര്‍മശാസ്ത്രഭിന്നതകള്‍: ചരിത്രവും സമീപനവും - ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി

12. ഇമാം ശാഫിഈ - മുഹമ്മദ് കാടേരി

13. അല്‍ മുഖദ്ദിമ - ഇബ്‌നു ഖല്‍ദൂന്‍.


എം.എസ്.എ റസാഖ്: ഇടുക്കി ജില്ലയിലെ രാമക്കല്‍മേട് സ്വദേശി. ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ പഠനം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു. കൃതികള്‍: കര്‍മശാസ്ത്ര മദ്ഹബുകള്‍ ഒരു പഠനം, ഹജ്ജ് മാര്‍ഗദര്‍ശി, ഇസ്തിഗ്ഫാര്‍. 

ഇമെയില്‍:[email protected]


Comments

Other Post