Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വംശ വിജ്ഞാനവും വൈദ്യശാസ്ത്രവും

കക്കാട് മുഹമ്മദ് ഫൈസി

വിവിധ വിജ്ഞാനശാഖകളില്‍ ഇമാം ശാഫിഈക്ക് വ്യുല്‍പത്തിയുണ്ടായിരുന്നു. വംശ ചരിത്രം, ലക്ഷണ ശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയില്‍, മറ്റു പല വിഷയങ്ങളിലുമെന്നപോലെ നിപുണനായിരുന്നു ഇമാം ശാഫിഈ(റ).

 

വംശചരിത്രം

സാഹിത്യചരിത്ര രചനയില്‍ അനിവാര്യമായ ഒരു വശമാണ് അറബ് വംശചരിത്രം. 'അയ്യാമുല്‍ അറബ്', 'ഇല്‍മുല്‍ അന്‍സാബ്' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ വിജ്ഞാന ശാഖയില്‍ ഇമാം ശാഫിഈ (റ) പ്രഗത്ഭനായിരുന്നു. 

ജാഹിലിയ്യാകാലഘട്ടത്തിലെ സാമൂഹിക ചരിത്രം, പോരാട്ടകഥകള്‍, കൊള്ള, കൊള്ളിവെയ്പ് വര്‍ത്തമാനങ്ങള്‍, പ്രധാന സംഭവങ്ങള്‍, അറബ് രാജ്യാതിര്‍ത്തിക്കപ്പുറം റോമാ-പേര്‍ഷ്യന്‍ രാഷ്ട്രങ്ങളെയും അവിടത്തെ ആചാര ദര്‍ശനങ്ങളെയും പറ്റിയുള്ള അറിവ്, സര്‍വോപരി അറബികളുടെ വംശപാരമ്പര്യം, ഗോത്രങ്ങളുടെയും വര്‍ഗങ്ങളുടെയും പേരുവിവരം, പൂര്‍വപിതാക്കളുടെ കുടുംബബന്ധങ്ങളും നാമങ്ങളും...തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിജ്ഞാനശാഖയാണ് 'അയ്യാമുല്‍ അറബ്'. ഇവയെക്കുറിച്ചുള്ള വിശാലജ്ഞാനം അക്കാലത്തെ സാഹിത്യപഠനത്തിന്റെ ഭാഗമായിരുന്നു. ഇമാം മിസ്അബ്  പറയുന്നു: ''ഇമാം ശാഫിഈയേക്കാള്‍ 'അയ്യാമുല്‍ അറബ്' സംബന്ധമായി വിവരമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല.'' 1 ശിഷ്യന്‍ ഇമാം റബീഅ് (റ) പറയുന്നു: ''അയ്യാമുല്‍ അറബ് വിഷയവുമായി ബന്ധമുള്ള ആളെ കിട്ടിയാല്‍ ഇമാം ശാഫിഈ അവരുമായി വിദഗ്ധ ചര്‍ച്ച നടത്തുമായിരുന്നു. വിഷയാവതരണം തുടങ്ങിയാല്‍ ഉരുള്‍പൊട്ടിയൊഴുകുന്ന ജലപ്രവാഹം കണക്കെ അറബ് വംശചരിത്രം കുതിച്ചൊഴുകുന്നത് കാണാം.''2 

ചരിത്രവും കുടുംബപാരമ്പര്യവും താവഴിയും മനസ്സിലാക്കിവെക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ''കുടുംബബന്ധം നിലനിര്‍ത്താന്‍ സഹായകമാകുംവിധം നിങ്ങള്‍ വംശചരിത്രം പഠിക്കുവിന്‍'' എന്ന് നബി (സ) അരുള്‍ ചെയ്തിട്ടുണ്ട്. 3 

ഇമാം ശാഫിഈക്ക് അറബ് ഗോത്രങ്ങളുടെ വംശചരിത്രത്തില്‍ അപാരമായ വൈദഗ്ധ്യമുണ്ടായിരുന്നു. യമനില്‍നിന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഖലീഫ ഹാറൂന്‍ റശീദിന്റെ മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോള്‍ ഇമാം ശാഫിഈയോട് ഖലീഫ ഉന്നയിച്ച ഒരു ചോദ്യം ഇതേക്കുറിച്ചായിരുന്നു: ''താങ്കള്‍ക്ക് അറബ് വംശചരിത്രത്തില്‍ എന്തറിയാം?'' ഇമാം പറഞ്ഞു: ''ഓരോ ഗോത്രത്തിന്റെയും പിതൃപരമ്പര, ഓരോ കുടുംബത്തെയും ബന്ധപ്പെടുത്തുന്ന വംശപരമ്പര തുടങ്ങിയവയെല്ലാം എനിക്കറിയാം. താങ്കളുടെ പിതാമഹന്മാരുടെ പേരുകള്‍ ആദംനബി വരെ, വേണമെങ്കില്‍ ഞാന്‍ ഇവിടെ വെച്ച് പറഞ്ഞുതരാം.'' ശാഫിഈയുടെ ഈ മറുപടി കേട്ട് ഖലീഫയും രാജസദസ്സും വിസ്മയാധീനരായി. ഇമാം മുസനി പറഞ്ഞു: അല്‍മഗാസിയുടെ കര്‍ത്താവ് ഇമാം ഇബ്‌നു ഹിശാം അക്കാലത്തെ ഏറ്റവും പ്രഗത്ഭനായ വംശചരിത്ര പണ്ഡിതനായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഈ വിഷയത്തില്‍ ഇമാം ശാഫിഈയോട് സംവാദം നടത്തി. പിതൃപരമ്പര സംബന്ധമായ ചോദ്യോത്തരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇമാം ശാഫിഈ പറഞ്ഞു: ''ഓ, ഇബ്‌നു ഹിശാം, പിതൃപരമ്പര എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതുസംരക്ഷിക്കാന്‍ ധാരാളം പേരുണ്ട്.... നിങ്ങള്‍ മാതൃവംശപരമ്പരയെക്കുറിച്ച് സംവാദത്തിനുണ്ടോ?'' പ്രശസ്തകളായ അറബ് സ്ത്രീകളുടെയും അവരുടെ മാതാക്കളുടെയും പേരുവിവരങ്ങള്‍ ഇമാം ശാഫിഈ കൃത്യമായി പറയാന്‍ തുടങ്ങിയപ്പോള്‍ ഇബ്‌നു ഹിശാമിന് ഉത്തരം മുട്ടിപ്പോയി.4 

 

ലക്ഷണശാസ്ത്രം

മുഖലക്ഷണം വിലയിരുത്തി വ്യക്തിത്വം പ്രവചിക്കുന്ന ശാസ്ത്രമാണ് 'ഇല്‍മുല്‍ ഫിറാസത്' (ലക്ഷണശാസ്ത്രം). വ്യക്തിയുടെ ലക്ഷണം വിലയിരുത്തി കാര്യങ്ങള്‍ പ്രവചിക്കാനുള്ള കഴിവ് ആധ്യാത്മിക സിദ്ധികള്‍ വഴി ഉന്നതരായ സത്യവിശ്വാസികള്‍ക്കുണ്ടാകാറുണ്ട്. ''സത്യവിശ്വാസിയുടെ 'ഫിറാസത്' നിങ്ങള്‍ സൂക്ഷിക്കണം. അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണവര്‍ നോക്കുക.'' എന്ന ഹദീസ് പ്രസിദ്ധമാണ്. ''പണ്ഡിതന്മാരുടെ ഫിറാസത് നിങ്ങള്‍ സൂക്ഷിക്കണം'' എന്നാണ് ഒരു നിവേദനം.5 

അതിബുദ്ധിമാന്മാരായ പണ്ഡിതന്മാര്‍ക്ക് വ്യക്തിയുടെ ലക്ഷണങ്ങളും സാഹചര്യവും വിലയിരുത്തി അസാധ്യമെന്ന് തോന്നുന്ന വസ്തുതകള്‍ പ്രവചിക്കാന്‍ കഴിയും. ആധുനിക മനഃശാസ്ത്രം ഈ വിജ്ഞാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂര്‍വകാലത്തു ലക്ഷണശാസ്ത്രസംബന്ധമായി നിരവധി ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ യമന്‍ ജീവിതകാലഘട്ടത്തിലാണ് ലക്ഷണശാസ്ത്ര ഗ്രന്ഥങ്ങള്‍ കൂടുതല്‍ കണ്ടെത്തിയത്. ഈ വിഷയത്തില്‍ നിപുണരായ ശാസ്ത്രജ്ഞന്മാരില്‍നിന്ന് കൂടുതല്‍ വിവരം കരസ്ഥമാക്കിയ ഇമാം പറഞ്ഞു: ''ഫിറാസ സംബന്ധമായി എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു ഞാന്‍ യമനിലെത്തി. അവ മുഴുവന്‍ ഞാന്‍ പകര്‍ത്തിയെടുത്തു.'' 6 

ലക്ഷണശാസ്ത്രത്തോടടുത്തു നില്‍ക്കുന്ന ഒരു വിജ്ഞാനശാഖയാണ് അനുഭവ നിരീക്ഷണങ്ങളിലൂടെ കാര്യം ഗ്രഹിക്കുന്ന വിദ്യ. ബുദ്ധിമാന്മാര്‍ക്ക് ഇതിന് കഴിവുണ്ടായിരിക്കും. ചിലപ്പോള്‍ തെറ്റുപറ്റിയേക്കാമെങ്കിലും പ്രതിഭാശാലികളുടെ പ്രവചനം അത്ഭുതകരമായി പുലരാറുണ്ട്. 

ലക്ഷണശാസ്ത്രത്തില്‍ തനിക്കുള്ള കഴിവില്‍ ഇമാമിനു സ്വയം മതിപ്പു തോന്നിയ ഒരനുഭവം പ്രമുഖ ജീവചരിത്രകാരന്മാരെല്ലാം ഇമാം ശാഫിഈയില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം പറഞ്ഞു: ഞാന്‍ യമനില്‍ ചെന്ന് ഇല്‍മുല്‍ ഫിറാസത്തിനെക്കുറിച്ചുള്ള പല ഗ്രന്ഥങ്ങളും പഠിച്ചു. അവ മുഴുവന്‍ പകര്‍ത്തിയെഴുതി. പ്രമുഖരില്‍ നിന്നെല്ലാം വിഷയം പഠിച്ചുറപ്പുവരുത്തി. പ്രസ്തുത ഗ്രന്ഥങ്ങള്‍ പേറി ഞാന്‍ മക്കയിലേക്ക് പുറപ്പെട്ടു. എന്റെ കൂടെ ഭൃത്യനുമുണ്ട്. ഞങ്ങള്‍ വഴിമധ്യേ താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചു നടന്നു. ഒരാള്‍ തന്റെ വീട്ടുമുറ്റത്ത് മുട്ടു കെട്ടിയിരിക്കുന്നു. രണ്ടു കണ്ണിനും ഒരു പ്രത്യേക വര്‍ണം. 

ചുളിഞ്ഞ നെറ്റിത്തടം. താടിരോമങ്ങള്‍ തീരെ മുളക്കാത്ത പ്രകൃതം. ''ഇന്നു താമസിക്കാന്‍ ഇവിടെ ഒരു വീട് കിട്ടുമോ?'' 

അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു: ''കിട്ടും. ഇതാ എന്റെ വീടു തന്നെയാകട്ടെ.'' 

ശാഫിഈ തുടരുന്നു: ഞാന്‍ പഠിച്ച ലക്ഷണമനുസരിച്ച് ഒരു ദുഷ്ടന്റെ അടയാളങ്ങളാണ് അയാളില്‍ കണ്ടത്. പക്ഷേ എന്തൊരാകര്‍ഷക സ്വഭാവം! ഞങ്ങള്‍ അവിടെ താമസിക്കാനുറച്ചു. ഞാന്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു. വല്ലാത്ത സ്‌നേഹത്തോടെയാണ് അയാള്‍ പെരുമാറിയത്. അയാള്‍ ഞങ്ങള്‍ക്ക് രാത്രി ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുതന്നു. എന്റെ ഒട്ടകത്തിന് പുല്ലു കൊടുത്തു. ഉറങ്ങാന്‍ സൗകര്യപ്പെടുത്തി. വിരിപ്പും പുതപ്പും തന്നു. രാത്രിയില്‍ ഞാനാകെ ആശയക്കുഴപ്പത്തിലായി. ഞാന്‍ പേറി നടക്കുന്ന ഗ്രന്ഥങ്ങളില്‍ പറഞ്ഞതനുസരിച്ച് മനുഷ്യരില്‍ ഏറ്റവും ദുഷ്ടനാണിയാള്‍. പക്ഷേ അനുഭവം നേരെ മറിച്ചും. എങ്ങനെ ആലോചിച്ചിട്ടും മനഃസമാധാനം ലഭിച്ചില്ല. ഞാനിതുവരെ പഠിച്ച ഫിറാസത് ജ്ഞാനം വെറുതെയായോ? ഈ ഗ്രന്ഥക്കെട്ടുകള്‍ എറിഞ്ഞുകളഞ്ഞാലോ എന്നുവരെ ഞാന്‍ ചിന്തിച്ചു. 

നേരം പുലര്‍ന്നു. ഞാന്‍ ഭൃത്യനോടു പറഞ്ഞു: ''ഒട്ടകത്തെ തയാറാക്കുക. നമുക്ക് പുറപ്പെടാം.'' വീട്ടുടമയുടെ അടുത്തുചെന്നു. നന്ദിപറയണമല്ലോ. ഞാന്‍ അയാളോടു പറഞ്ഞു: ''ഞങ്ങള്‍ പോകട്ടേ.. നിങ്ങള്‍ മക്കയില്‍ വരുമ്പോള്‍ ഞങ്ങളെ സന്ദര്‍ശിക്കണം. മക്കയിലെ ദീത്വുവഃയില്‍ വന്ന് മുഹമ്മദുബ്‌നു ഇദ്‌രീസുശ്ശാഫിഈയുടെ വീടന്വേഷിച്ചാല്‍ ആരും പറഞ്ഞുതരും. നിങ്ങള്‍ക്ക് നന്ദി.'' അപ്പോള്‍ അയാള്‍ ഗൗരവഭാവത്തില്‍ എന്റെ മുഖത്തേക്ക് ചോദിച്ചു: ''ഞാന്‍ നിന്റെ ബാപ്പയുടെ അടിമയാണോ?'' ഞാന്‍: ''അല്ല.''

''ഞാന്‍ നിനക്ക് മുമ്പു വല്ലതും തരാനുണ്ടായിരുന്നോ?'' ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ആക്രോശിച്ചു. 

''ഇന്നലെ രാത്രി ഞാന്‍ നിനക്കുവേണ്ടി ചെലവഴിച്ചതിന്റെ പ്രതിഫലമെവിടെ?'' 

ഞാന്‍ ചോദിച്ചു: ''എന്തു ചെലവഴിച്ചു?''

അയാള്‍: ''നിനക്ക് വേണ്ടി ഭക്ഷണം വാങ്ങി. അതിനു രണ്ട് ദിര്‍ഹം വില. രണ്ട് ദിര്‍ഹമിന് കറിയും. മൂന്നു ദിര്‍ഹമാണ് നിനക്കു തന്ന സുഗന്ധദ്രവ്യത്തിന്റെ വില. ഒട്ടകത്തിന് കൊടുത്ത പുല്ലിന് രണ്ടു ദിര്‍ഹം. പുതപ്പിനും വിരിപ്പിനും വാടക രണ്ടു ദിര്‍ഹം.'' 

പ്രസ്തുത സംഖ്യ മുഴുവന്‍ അയാള്‍ക്ക് കൊടുക്കാന്‍ ഞാന്‍ ഭൃത്യനോട് കല്‍പ്പിച്ചു. ഞാന്‍ ചോദിച്ചു: ''ഇനി വല്ലതും ബാക്കിയുണ്ടോ?'' അയാള്‍: ''അതേ, വീട്ടുവാടക കൂടി വേണം. ഞാന്‍ നിനക്ക് വലിയ സൗകര്യം നല്‍കി. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ രാത്രി ഉറങ്ങിയത്.'' രണ്ടു ദിര്‍ഹം കൂടി അയാള്‍ക്ക് കൊടുത്തു. 

ഇത്രയുമായപ്പോള്‍ എനിക്ക് എന്റെ ഗ്രന്ഥങ്ങളോട് വല്ലാത്ത സ്‌നേഹം തോന്നി. പഠിച്ചതു ശരിയാണെന്നു ബോധ്യപ്പെട്ടു. 

ഞാന്‍ വീണ്ടും ചോദിച്ചു: ''ഇനി വല്ല ഇടപാടും നാം തമ്മില്‍ ബാക്കിയുണ്ടോ?'' 

അയാള്‍ കോപം കൊണ്ട് അലറി: ''പോ... അല്ലാഹു നിന്നെ അപമാനിക്കട്ടെ. നിന്നെപ്പോലെ മോശമായവരെ ഞാന്‍ കണ്ടിട്ടില്ല...'' ഇതും കൂടിയായപ്പോള്‍ എല്ലാ ലക്ഷണങ്ങളും സത്യമായി പുലര്‍ന്നു.7 

 

ജ്യോതിശാസ്ത്രം

ഇമാം ശാഫിഈ യമനില്‍നിന്നഭ്യസിച്ച ലൗകിക വിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ജ്യോതിശാസ്ത്രവും ഉള്‍പ്പെടുന്നു. നക്ഷത്ര നിരീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഈ വിജ്ഞാനം വസ്തുതാപരമായി ഗ്രഹിക്കാന്‍ കഴിയാത്തവര്‍ക്ക് ഗുണകരമല്ല. ഈ ശാസ്ത്രം നന്നായി പഠിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞാല്‍ ഒരു വിജ്ഞാനശാഖയെന്ന നിലക്ക് ഫലപ്രദമാണ്. പക്ഷേ ഈ ശാസ്ത്രവുമായി ബന്ധപ്പെടുന്നവര്‍ പലപ്പോഴും ഊഹങ്ങളും ധാരണകളും വെച്ച് പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനാല്‍ തെറ്റു സംഭവിക്കാറുണ്ട്. ജ്യോത്സ്യന്മാരില്‍ പലരും നക്ഷത്ര വിജ്ഞാനത്തെ ആസ്പദിക്കുന്നതായി അവകാശപ്പെടാറുണ്ടെങ്കിലും അവര്‍ ഊഹങ്ങളും അന്ധവിശ്വാസങ്ങളുമായി ചൂഷണ മാര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. 

നക്ഷത്രസഞ്ചാര പഥങ്ങളെയും സ്ഥാനങ്ങളെയും ശരിയായി അപഗ്രഥിക്കാന്‍ കഴിഞ്ഞാല്‍ അതിലൂടെ പല വിജ്ഞാനങ്ങളും ഗ്രഹിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ മുറപോലെ ഇതു നിര്‍വഹിക്കാന്‍ കഴിവുള്ളവര്‍ അപൂര്‍വമാണെന്നും ഇമാം സുബ്കി ത്വബഖാതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിജ്ഞാനശാഖയില്‍ പ്രാവീണ്യം നേടാത്തവരും വിശ്വസ്തതയില്ലാത്തവരും ഇതു കൈയാളുന്നതുകൊണ്ട് പലപ്പോഴും അന്ധവിശ്വാസങ്ങളിലേക്കാണ് ജനങ്ങളെ നയിക്കാറുള്ളത്. 

നക്ഷത്രങ്ങളുടെ ചലന സ്വാധീനങ്ങളാല്‍ മാത്രം പലതും സംഭവിക്കുമെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. ഇസ്‌ലാമികമായി ഈ വിശ്വാസം കഠിനമായ പാപവും ശിര്‍ക്കുമാണ്. നക്ഷത്രങ്ങള്‍ പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളില്‍ ഒന്നിനും അനുകൂലമോ പ്രതികൂലമോ ആയ കാരണമാകുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചാലകശക്തി ഏകനായ അല്ലാഹു മാത്രമാണ്. 

ജ്യോതിശാസ്ത്രത്തെ ഒരു വിജ്ഞാനമായി ഉപയോഗപ്പെടുത്തി, അതുവഴി പല കാര്യങ്ങളും ഗ്രഹിക്കാന്‍ കഴിയുമെന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം സുബ്കിയുടെ ഇവ്വിഷയകമായ പഠനം ശ്രദ്ധേയമാണ്. 

ഇമാം ശാഫിഈ ശരിയായ നക്ഷത്ര ജ്ഞാനം നേടിയിരുന്നു. അത് ഉപയോഗപ്പെടുത്തി ചില പ്രവചനങ്ങള്‍ നടത്തുകയും  അവ ശരിയായി പുലരുകയും ചെയ്ത സംഭവങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്. പക്ഷേ പല നിരീക്ഷണ ഫലങ്ങളും ഗുണത്തിലേറെ ദോഷം ചെയ്യുന്നതായി കണ്ടതിനാല്‍ ഈ വിജ്ഞാന ശാഖയെ പരിപോഷിപ്പിക്കാന്‍ ഇമാം ഇഷ്ടപ്പെട്ടിരുന്നില്ല. 

ഇമാം ശാഫിഈയുടെ നക്ഷത്ര വിജ്ഞാനവുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ ഉദ്ധരിച്ച ശേഷം ഇമാം സുബ്കി പറയുന്നു: ''മഹാനായ ഈ ഇമാം നക്ഷത്ര നിരീക്ഷണം നടത്തിയിരുന്നു എന്നറിയുമ്പോള്‍ എന്തുകൊണ്ടിപ്രകാരം ചെയ്തു എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഇമാം അതുമായി ബന്ധപ്പെട്ടതു ചെറുപ്രായത്തിലായിരുന്നു എന്ന ചിലരുടെ പ്രതികരണം യഥാര്‍ഥ മറുപടിയാകുന്നില്ല. കാര്യം ഇപ്രകാരമാണ്: യഥാര്‍ഥ നക്ഷത്ര വിജ്ഞാന വിശകലനം വളരെ പ്രയാസമുള്ളതും പ്രധാനപ്പെട്ടതുമാണ്. അതിന്റെ ശരിയായ നിരീക്ഷണ മുറപ്രകാരം ഉപയോഗപ്പെടുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതു വിലക്കപ്പെട്ടതല്ല. എന്നാല്‍ അവയുടെ സ്വാധീനത്തില്‍ വിശ്വസിക്കുന്നതോ അതിന്റെ ആള്‍ക്കാരുടെ വാദം അംഗീകരിക്കുന്നതോ തീര്‍ച്ചയായും നിരോധിക്കപ്പെട്ടിരിക്കുന്നു. ആ വിശ്വാസത്തോടുള്ള നക്ഷത്ര വിജ്ഞാനം അനുവദനീയമാണെന്ന് ഇമാം ശാഫിഈയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടില്ല.''8 

ഏതായാലും ഒരു ശാസ്ത്രമെന്ന നിലക്ക് ജ്യോതിശാസ്ത്രത്തിന്റെ നന്മ അംഗീകരിക്കാവുന്നതും അതു ശരിയായി ഉപയോഗപ്പെടുത്താവുന്നതുമാണ്. എന്നാല്‍ പലപ്പോഴും അതു വിപരീതഫലമാണ് സൃഷ്ടിക്കാറുള്ളത്. 

ജോത്സ്യത്തെയും അതിന്റെ സ്വാധീനത്തില്‍ വിശ്വസിക്കുന്നതിനെയും അധിക്ഷേപിക്കുന്ന ഇമാം ശാഫിഈയുടെ ഒരു കവിത സുപ്രസിദ്ധമാണ്ഛ

''ജ്യോത്സ്യനോട് നീ പറഞ്ഞേക്കുക.

നക്ഷത്രങ്ങള്‍ വിധിക്കുന്നതിലവിശ്വസിക്കുന്നവനാണ് ഞാന്‍.

നടന്നതും നടക്കാനുള്ളതുമഖിലം, 

അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചു മാത്രമാണ്.''9

 

വൈദ്യശാസ്ത്രം

ഇമാം ശാഫിഈ കരസ്ഥമാക്കിയ ലൗകിക വിജ്ഞാനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് വൈദ്യശാസ്ത്രം. യമനില്‍നിന്നും മറ്റും ഈ വിഷയത്തില്‍ പല ഗ്രന്ഥങ്ങളും ഇമാം ശാഫിഈ പഠിക്കുകയുണ്ടായി. 

വൈദ്യശാസ്ത്രത്തില്‍ ഇമാം ശാഫിഈയെ പോലെ വിദഗ്ധരായ ഇമാമുകള്‍ അക്കാലത്ത് കുറവായിരുന്നു. അദ്ദേഹത്തിനു പിന്നാലെ നിരവധി മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ചികിത്സാരംഗത്തേക്ക് കടന്നുവരികയും വൈദ്യശാസ്ത്ര സംബന്ധമായി പല നേട്ടങ്ങളും കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ ഇമാമിന്റെ കാലത്തും അതിന്റെ മുമ്പും മുസ്‌ലിം പണ്ഡിതന്മാര്‍ വൈദ്യശാസ്ത്രപഠനത്തില്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ല. പ്രസ്തുത വീഴ്ച കണ്ടെത്തുകയും തദ്വിഷയകമായി മുസ്‌ലിം സമുദായത്തെ വിളിച്ചുണര്‍ത്തുകയും ചെയ്ത മഹാ മനീഷിയാണ് ഇമാം ശാഫിഈ. വൈദ്യശാസ്ത്ര പഠനത്തിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംകള്‍ ഈ രംഗത്തു പിന്നിലായതിനെ ഇമാം ശാഫിഈ ശക്തമായി അപലപിക്കുകയും ഈ രംഗത്തേക്ക് വരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇമാം ശാഫിഈ പറയുന്നു: ''വിജ്ഞാനത്തെ രണ്ടായി തിരിക്കാം. ആത്മീയവും ഭൗതികവും. ആത്മീയ വിജ്ഞാനത്തിന്റെ പ്രധാനമായത് ഫിഖ്ഹാണ്. ഭൗതിക വിജ്ഞാനത്തില്‍ പ്രധാനമായത് വൈദ്യശാസ്ത്രവും.''10 

''ജ്ഞാനം രണ്ടുവിധമാണ്. ആത്മീയ വിജ്ഞാനം. ശാരീരിക വിജ്ഞാനം.''11 

''ഹലാല്‍, ഹറാം സംബന്ധമായ വിജ്ഞാനത്തിനു ശേഷം ഏറ്റവും പ്രയോജനപ്രദമായത് വൈദ്യശാസ്ത്ര ജ്ഞാനമാണ്. പക്ഷേ വേദക്കാര്‍ ഇവ്വിഷയത്തില്‍ നമ്മെ അതിജയിച്ചിരിക്കുന്നു.''12

മുസ്‌ലിംകള്‍ വൈദ്യശാസ്ത്ര പഠനകാര്യത്തില്‍ പിന്നാക്കമായതിനെക്കുറിച്ച് അതിശക്തമായ ഭാഷയിലാണ് ഇമാം പ്രതികരിക്കുന്നത്. ഈ രംഗത്ത് ജൂത-ക്രൈസ്തവ മുന്നേറ്റവും അദ്ദേഹം എടുത്തുപറയുന്നു: 

''വിജ്ഞാനത്തിന്റെ മൂന്നിലൊന്ന് അവര്‍ (മുസ്‌ലിംകള്‍) പാഴാക്കിക്കളഞ്ഞു. എന്നിട്ടതു ജൂത-ക്രിസ്ത്യാനികള്‍ക്ക് അവര്‍ ഏല്‍പ്പിച്ചുകൊടുത്തു. അനിവാര്യമായ രണ്ടു വിജ്ഞാനങ്ങളില്‍ നമ്മുടെ ആളുകള്‍ പിന്നിലായിപ്പോയി. അറബി ഭാഷാ സാഹിത്യപഠനത്തിലും വൈദ്യശാസ്ത്ര പഠനത്തിലും.''13 

ഇമാം ശാഫിഈ ഉപദേശിക്കുന്നു: ''നിന്റെ ശരീരത്തെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും മതോപദേശം നല്‍കാന്‍ പണ്ഡിതന്മാരും ഇല്ലാത്ത പ്രദേശത്തേക്ക് നീ യാത്രചെയ്യരുത്.''14 

വൈദ്യശാസ്ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുകയും അതു പഠിക്കാത്ത സമൂഹത്തെ അധിക്ഷേപിക്കുകയും ചെയ്ത ഇമാം ശാഫിഈ ഈ ശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനാണ്. 

ശാഫിഈയുടെ സമകാലികനായ ഒരു പ്രഗത്ഭ ചികിത്സകന്‍ ഇമാമിന്റെ അടുത്ത് വന്നു. സോക്രട്ടീസിന്റെ (1999-ല്‍ പ്രസിദ്ധീകരിച്ച ഇമാം ശാഫിഈ(റ) എന്ന ലേഖകന്റെ പുസ്തകത്തില്‍ നിന്ന്) ഗ്രന്ഥം പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇമാം 'ഫുസ്ത്വാത്വി'ലെ ജാമിഇലേക്ക് ചൂണ്ടിപ്പറഞ്ഞു: ''അവര്‍ എന്നെ കൈവിടുകയില്ല.'' താന്‍ മതശാസ്ത്രത്തില്‍ വ്യാപൃതനാണെന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. 

ഇമാം അബൂഹുസൈന്‍ അല്‍ബസ്വരി പറയുന്നു: ''ഈജിപ്തിലെ ഒരു ചികിത്സാ വിദഗ്ധന്‍ എന്നോട് പറഞ്ഞു; ഇമാം ശാഫിഈ മിസ്‌റില്‍ വന്നപ്പോള്‍ ഞാനദ്ദേഹത്തില്‍നിന്ന് വൈദ്യശാസ്ത്രം പഠിച്ചു. ഇമാമിന് ഈ വിഷയത്തിലുള്ള ജ്ഞാനം കണ്ടപ്പോള്‍ ഇദ്ദേഹം ഈ വിഷയത്തില്‍ പ്രത്യേക വ്യുല്‍പത്തി നേടിയിട്ടുണ്ടോ എന്നു തോന്നിപ്പോയി.''15

ആരോഗ്യരംഗത്തു ശ്രദ്ധേയമായ പല നിര്‍ദേശങ്ങളും ഇമാമിന്റെ പ്രസ്താവനകളിലും കവിതകളിലും കാണാം. അദ്ദേഹം പറഞ്ഞു: ''പയര്‍ വര്‍ഗ ആഹാരം മസ്തിഷ്‌ക വളര്‍ച്ചക്കും മാംസാഹാരം ബുദ്ധി വളര്‍ച്ചക്കും സഹായകമാണ്.'' ഇമാമിന്റെ പ്രസിദ്ധമായ ഒരു കവിതയില്‍ ഇപ്രകാരം കാണാം:16 

''മൂന്ന് കാര്യം ആരോഗ്യവാനെ രോഗത്തിലേക്കു നയിക്കുന്നതും മനുഷ്യവര്‍ഗത്തിനു വിനാശകരവുമാണ്. മദ്യപാനം, അധിക സംഭോഗം, ആഹാരം കഴിച്ചതിനു മേല്‍ പിന്നെയും തുടര്‍ച്ചയായി ആഹരിക്കല്‍.''17 

 

കുറിപ്പുകള്‍

1. തഹ്ദീബുല്‍ അസ്മാ: ഇമാം നവവി 1:60

2. അല്‍ ഇന്‍തിഖാഅ്: ഇബ്‌നു അബ്ദുല്‍ ബര്‍റ്: പേജ് 92

3. തിര്‍മിദി (ഹദീസ് 1979)

4. അല്‍വാഫീ ബില്‍ വഫയാത് 2:175, ആദാബുശ്ശാഫിഈ പേജ് 249

5. തിര്‍മിദി (ഹദീസ് 3127)

6. അല്‍വാഫീ ബില്‍ വഫയാത് 2:176

7. അല്‍ഹില്‍യ: പേജ് 144, മിഫ്താഹു ദാരിസ്സആദ: 567, മനാഖിബുല്‍ റാസി: പേജ് 120, അല്‍ ആദാബുശ്ശര്‍ഇയ്യ: 3:582, കശ്ഫുല്‍ ഖഫാ 1:274, ആദാബുശ്ശാഫിഈ: പേജ് 129,  തവാലിത്തഅ്‌സീസ്: പേജ് 51

8. ത്വബഖാത്തുസ്സുബ്കി 1:160

9. (കവിത) ദീവാനിശ്ശാഫിഈ ദാരില്‍ മനാരിസ് 2

10. സിയര്‍, ദഹബി 2:300, അല്‍ഇഖ്ദ് 2:98, അല്‍ ഇന്‍തിഖാഅ് 84, അല്‍ഹില്‍യ 9:142, മനാഖിബുല്‍ റാസി 119, അല്‍ വാഫീ 2:174, തവാലിത്തഅ്‌സീസ് 73, അല്‍ജൗഹര്‍ 53, അല്‍ബറക 245, മിഫ്താഹുസ്സാദ 1:267, അല്‍ ആദാബുശ്ശര്‍ഇയ്യ 2:360, ആദാബുശ്ശാഫിഈയ്യ 321

11. സിയര്‍, ദഹബി 2:299 

12. താരീഖുല്‍ ഇസ്‌ലാം, ദഹബി 36, തവാലിത്തഅ്‌സീസ് 66

13. ആദാബുശ്ശാഫിഈ 322

14. മനാഖിബുശ്ശാഫിഈ: ഇമാം ഫഖ്‌റുല്‍ റാസി 119

15. തവാലിത്തഅ്‌സീസ് ഹാഫിള് ഇബ്‌നുഹജര്‍ 66

16. ആദാബുശ്ശാഫിഈ 321

17. (കവിത) ദീവാനിശ്ശാഫിഈ ദാരില്‍ മനാരിസ് 27

 

 

കക്കാട് മുഹമ്മദ് ഫൈസി: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ കക്കാട് സ്വദേശി. മൂഴിക്കല്‍ മദീനത്തുല്‍ കിറാം സ്വൂഫീ ആശ്രമം ഡയറക്ടര്‍. മുഹമ്മദ് റസൂലുല്ലാഹ്, ഇമാം ശാഫിഈ, യുഗപ്രഭാവനായ ഇമാം നവവി, അഞ്ചാം ഖലീഫ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 9846302502. ഇമെയില്‍: [email protected]

Comments

Other Post