Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

മുഖവാചകം

മഹദ്‌പൈതൃകങ്ങള്‍, നാളെയുടെ നിര്‍മിതിക്കുള്ള ഊര്‍ജമായി നമ്മെ ഉത്തേജിപ്പിക്കുന്നു. ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തികള്‍, സംഭവങ്ങള്‍, രചനകള്‍... കര്‍മവീഥിയില്‍ അവ  നമുക്ക് നല്‍കുന്ന പ്രചോദനം അനല്‍പമാണ്. പ്രവാചകശ്രേഷ്ഠരെ തുടര്‍ന്നുവന്ന നവോത്ഥാന നായകരും പണ്ഡിതപ്രമുഖരും നടത്തിയ വൈജ്ഞാനിക മുന്നേറ്റങ്ങളാണ് എക്കാലത്തും ഇസ്‌ലാമിക ചരിത്ര പ്രവാഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ പൈതൃകത്തിലെ തിളക്കമുള്ള അധ്യായമാണ് ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ; ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ നവോത്ഥാന നായകന്‍.

ഇമാം ശാഫിഈയുടെ ചരിത്രദൗത്യവും വൈജ്ഞാനിക ഇടപെടലുകളും  ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമങ്ങളും സമഗ്രമായി വിശകലനം ചെയ്യുന്നു പ്രബോധനം പുറത്തിറക്കുന്ന ഈ വിശേഷാല്‍ പതിപ്പ്. ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും ചരിത്രപരമായും സമകാലികമായും വായിക്കാനുള്ള എളിയ ശ്രമമാണിത്. ലേഖനങ്ങള്‍ 70 തലക്കെട്ടുകളില്‍ അഞ്ച് ഭാഗങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. ലബ്ധപ്രതിഷ്ഠരായ പണ്ഡിതരുടെ പഠനങ്ങളോടൊപ്പം, പുതുതലമുറയിലെ എഴുത്തുകാരുടെ സൃഷ്ടികളും  ഈ വിശേഷാല്‍ പതിപ്പിനെ സമ്പുഷ്ടമാക്കുന്നു. മുസ്‌ലിം ജീവിതത്തെ അഗാധമായി സ്വാധീനിച്ച ഒരു വ്യക്തിയെയും മദ്ഹബിനെയും വിവിധ കോണുകളിലൂടെ സമീപിക്കുന്ന പഠനമായതിനാല്‍ ചില ആവര്‍ത്തനങ്ങള്‍ സ്വാഭാവികം. ലേഖനങ്ങളിലെ നിരീക്ഷണങ്ങളും നിലപാടുകളും പ്രബോധനത്തിന്റെ ഔദ്യോഗിക അഭിപ്രായമാകണമെന്നില്ല. അഭിപ്രായാന്തരങ്ങളെച്ചൊല്ലിയുള്ള അനാരോഗ്യകരമായ തര്‍ക്കവിതര്‍ക്കങ്ങളും മദ്ഹബ് പക്ഷപാതിത്വങ്ങളും മറ്റും ഏറെ ആശങ്കയുണര്‍ത്തുന്ന നമ്മുടെ മതമണ്ഡലത്തില്‍, നിലപാടുകളിലെ വിശാലതക്കും പരസ്പര ആദരവിനും ഇത്തരം വൈജ്ഞാനികാന്വേഷണങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. പുതിയ കാലത്തെയും ലോകത്തെയും അഭിമുഖീകരിക്കാന്‍ കഴിയുംവിധം ശരീഅത്തിന്റെ വികാസക്ഷമത സാക്ഷാല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഇതൊരു വെളിച്ചമാകണമെന്നാണ് ആഗ്രഹം. മലയാളത്തിലെ ഇസ്‌ലാമിക വിജ്ഞാനമേഖലക്ക് പ്രബോധനത്തിന്റെ ഇമാം ശാഫിഈ പതിപ്പ് മികച്ച മുതല്‍ക്കൂട്ടാകണേ എന്നാണ് പ്രാര്‍ഥന. 

Comments

Other Post