Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സാങ്കേതിക ശബ്ദങ്ങളുടെ പ്രാധാന്യവും പ്രയോഗവും

ടി. അബ്ദുല്ല ഫൈസി

ചിന്താധാരകളിലും ആശയാവിഷ്‌കാരങ്ങളിലും വ്യത്യസ്തങ്ങളായ സാങ്കേതിക ശബ്ദങ്ങളുണ്ടാകും. തത്ത്വങ്ങളുടെയും സമീപനങ്ങളുടെയും മറ്റും സംക്ഷിപ്ത സൂചകങ്ങളായിരിക്കും അത്തരം സാങ്കേതിക ശബ്ദങ്ങള്‍. ഓരോ ചിന്താധാരയുടെയും വക്താക്കള്‍ അതിലെ സാങ്കേതിക ശബ്ദങ്ങള്‍ക്ക് നല്‍കുന്ന നിര്‍വചനങ്ങളും വിശദീകരണങ്ങളും യഥാര്‍ഥ സ്രോതസ്സില്‍നിന്നുതന്നെ മനസ്സിലാക്കുന്നതാണ് ആശയങ്ങള്‍ ശരിയായി ഗ്രഹിക്കാനുള്ള നീതിപൂര്‍വകമായ നടപടി. ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ വിവിധ ധാരകളിലായി ഒട്ടനവധി സാങ്കേതിക പ്രയോഗങ്ങളുണ്ട്. വ്യത്യസ്ത കര്‍മശാസ്ത്ര സരണികളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള സാങ്കേതിക ശബ്ദങ്ങള്‍ക്ക് വലിയ പ്രാധാന്യവുമുണ്ട്. ആശയങ്ങളും ഉദ്ദേശ്യങ്ങളും ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി അവതരിപ്പിച്ച ഇത്തരം സാങ്കേതി കസംജ്ഞകള്‍, ഫിഖ്ഹീ കിതാബുകളില്‍ ധാരാളമുണ്ട്; വിശേഷിച്ചും ശാഫിഈ മദ്ഹബില്‍. ഈ സാങ്കേതിക പദങ്ങളുടെ ശരിയായ അര്‍ഥവും ഉദ്ദേശ്യവും അറിയാതെ ശാഫിഈ മദ്ഹബിലെ നിയമ വിധികളും പണ്ഡിതാഭിപ്രായങ്ങളും യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല. 

ഇമാം ശാഫിഈ പ്രയോഗിച്ചവ, ഇമാം നവവി പ്രയോഗിച്ചവ, ഇതര പണ്ഡിതന്മാര്‍ പ്രയോഗിച്ചവ, മദ്ഹബില്‍ പൊതുവായി ഉള്ളവ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സാങ്കേതിക ശബ്ദങ്ങളുണ്ട് ശാഫിഈ മദ്ഹബില്‍. വാക്കുകള്‍ ഉപയോഗിച്ചുള്ള സാങ്കേതിക പ്രയോഗങ്ങളും അക്ഷരങ്ങള്‍കൊണ്ടുള്ള സൂചകങ്ങളും മദ്ഹബിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാത്രമാണ് ഇവിടെ വിവരിക്കുന്നത്. 

 

1. അല്‍മദ്ഹബ്: ഇമാം ശാഫിഈയുടെ അഭിപ്രായം, ശാഫിഈ കര്‍മശാസ്ത്ര സരണി. 

'അല്‍മദ്ഹബ്' എന്ന പ്രയോഗിച്ചാല്‍ നാല് കാര്യങ്ങള്‍ മനസ്സിലാക്കാം. 1. വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. 2. അതിപ്രബലമായത്. അഥവാ ശാഫിഈ മദ്ഹബില്‍ പ്രബലമായത്. 3. ശിഷ്യന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ളത്. ചിലര്‍ അഭിപ്രായ ഭിന്നത ഉണ്ടെന്നും ചിലര്‍ ഇല്ലെന്നും മറ്റു ചിലര്‍ ഇത് ഖണ്ഡിതമാണെന്നും പറയുന്നു. 4. എതിരഭിപ്രായം പ്രബലമല്ല, അഥവാ അതനുസരിച്ച് പ്രവര്‍ത്തിക്കുകയില്ല. 

2. അല്‍ജദീദ്: ഇമാം ശാഫിഈ ഈജിപ്തില്‍ പോയ ശേഷം സ്വീകരിച്ച നിലപാട്. 

മദ്ഹബില്‍ 'ജദീദ്' എന്ന് പ്രയോഗിച്ചാല്‍ നാലു കാര്യങ്ങള്‍ മനസ്സിലാക്കാം: 1. ഒരേ വിഷയത്തില്‍ ഇമാം ശാഫിഈക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്. ജദീദായ നിലപാട് ഖദീമി(പഴയതിന്)ന് എതിരാണ്. 2. പുതിയതാണ് പ്രബലമായ അഭിപ്രായം. പ്രബലമല്ലാത്തത് ഖദീമാണ്. 3. ഇമാം ശാഫിഈയുടെ വാക്കിലാണ് അഭിപ്രായ ഭിന്നത. 4. എതിരഭിപ്രായം ഇമാം ശാഫിഈയുടെ തന്നെ ഖദീമായ നിലപാടാണ്. 

3. അല്‍ഖദീം: പഴയ അഭിപ്രായം; ഇമാം ശാഫിഈ ഈജിപ്തില്‍ എത്തുന്നതിനു മുമ്പ് പറഞ്ഞത്. 

മദ്ഹബില്‍ 'ഖദീം' എന്ന് പ്രയോഗിച്ചാല്‍ നാല് കാര്യങ്ങള്‍ മനസ്സിലാക്കാം. 1. വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഖദീമിന് എതിരാണ് ജദീദ്. 2. ഖദീം പ്രബലമല്ലാത്തതും ജദീദ് പ്രബലവുമാണ്. 3. അഭിപ്രായഭിന്നത ശാഫിഈയുടെ വാക്കുകളിലാണ്. 4. എതിരഭിപ്രായം ജദീദ് ആകുന്നു, അതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. 

4. അല്‍ അള്ഹര്‍ (ഏറ്റവും വ്യക്തമായത്). അല്‍അള്ഹര്‍ എന്ന് പ്രയോഗിച്ചാല്‍ നാലു കാര്യങ്ങള്‍ മനസ്സിലാക്കാം: 1) ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. 2) പ്രബലത: ഈ വിഷയത്തില്‍ പ്രബലമായതും അല്ലാത്തതുമായ അഭിപ്രായമുണ്ട്. പറയപ്പെട്ടത് പ്രബലമായതും മറിച്ചുള്ളത് പ്രബലമല്ലാത്തുമാകുന്നു. 3) അഭിപ്രായ ഭിന്നത ഇമാം ശാഫിഈയുടെ വാക്കിലാകുന്നു. ശിഷ്യന്മാരുടെ അഭിപ്രായങ്ങളിലല്ല. 4) എതിരഭിപ്രായം പ്രകടമാകല്‍. അഥവാ ഈ വിഷയത്തിലുള്ള എതിരഭിപ്രായം സ്വയം വ്യക്തമായതാകുന്നു. 

5. അല്‍ മശ്ഹൂര്‍ (പ്രസിദ്ധമായത്) എന്ന് ഉപയോഗിച്ചാല്‍ അതില്‍നിന്ന് നാലു കാര്യങ്ങള്‍ മനസ്സിലാക്കാം: 1) അഭിപ്രായ ഭിന്നത. 2) പ്രബലത. 3) എതിരഭിപ്രായത്തിന്റെ അപരിചിതത്വം (ഗറാബത്തുല്‍ മുഖാബില്‍) അഥവാ അത് ദുര്‍ബലവും പ്രസിദ്ധമല്ലാത്തതും ഗോപ്യമായതുമാകുന്നു. 4) അഭിപ്രായഭിന്നത ഇമാം ശാഫിഈയുടെ രണ്ടോ രണ്ടിലധികമോ ആയി വരുന്ന അഭിപ്രായങ്ങളിലാണ്. ശിഷ്യന്മാരുടെ അഭിപ്രായമല്ല. 

6. അല്‍അസ്വഹ്ഹ് (ഏറ്റവും സാധുതയുള്ളത്): ഈ പ്രയോഗത്തില്‍നിന്ന് നാലു കാര്യങ്ങള്‍ മനസ്സിലാക്കാം: 1) അഭിപ്രായ ഭിന്നതയുള്ളത്. 2) ഏറ്റവും പ്രബലമായത്. 3) എതിരഭിപ്രായത്തിന്റെ സാധുത (സ്വിഹത്തുല്‍ മുഖാബില്‍). കാരണം എതിരഭിപ്രായത്തിന്റെ തെളിവുകളുടെ ബലംകൊണ്ട് അഭിപ്രായ ഭിന്നത ശക്തിയുള്ളതാണ്. 4) അഭിപ്രായ ഭിന്നത ഇമാം ശാഫിഈയുടെ ശിഷ്യന്മാരുടേതാണ്. 

7. അസ്‌സ്വഹീഹ് (സാധുതയുള്ളത്). ഈ പ്രയോഗത്തില്‍നിന്ന് നാലു കാര്യങ്ങള്‍ ഗ്രഹിക്കാം: 

1) അഭിപ്രായ ഭിന്നത. 2) ഏറ്റവും പ്രബലമായത്. 3) എതിരഭിപ്രായത്തില്‍ വരുന്ന കുഴപ്പം. അഥവാ അത് പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ പറ്റാത്ത വിധം ദുര്‍ബലമാണ്. 4) അഭിപ്രായ ഭിന്നത ഇമാം ശാഫിഈയുടെ ശിഷ്യന്മാരുടേതാണ്. 

8. ഖീല: (പറയപ്പെട്ടത്). ഈ പ്രയോഗത്തില്‍നിന്ന് നാലു കാര്യങ്ങള്‍ ഗ്രഹിക്കാം: 1) അഭിപ്രായ വ്യത്യാസം. 2) ശാഫിഈയുടെ അഭിപ്രായങ്ങളിലാണ് ഭിന്നതകള്‍. 3) പറയപ്പെട്ട അഭിപ്രായം ദുര്‍ബലമാണ്. 4) ഇതിന്റെ എതിരഭിപ്രായം അള്ഹറോ മശ്ഹൂറോ ആയിരിക്കും. 

9. അല്‍ഖൗലൈനി (രണ്ട് അഭിപ്രായങ്ങള്‍). ഈ പ്രയോഗത്തില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ ഗ്രഹിക്കാം: 1) അഭിപ്രായ ഭിന്നത. 2) ഇമാം ശാഫിഈയുടെ രണ്ട് അഭിപ്രായങ്ങല്‍ തമ്മിലാണ് ഭിന്നത. 3) രണ്ടഭിപ്രായങ്ങളില്‍ ഒന്ന് പ്രബലമാണ്. 

10. അന്നസ്സ്വു വല്‍മന്‍സ്വൂസ്വ്: പ്രയോഗംകൊണ്ട് വ്യത്യസ്ത ഉദ്ദേശ്യങ്ങളുണ്ട്. ഇമാം ശാഫിഈ വ്യക്തമായി പറഞ്ഞതായിരിക്കും ചിലപ്പോള്‍ നസ്സ്വ്. ഇമാം ശാഫിഈ വ്യക്തമായി പറഞ്ഞതില്‍നിന്ന് പ്രബലമായത് എന്ന് ഉദ്ദേശ്യത്തിലാണ് ചിലപ്പോള്‍ മന്‍സ്വൂസ്വ് പ്രയോഗിക്കുക. മന്‍സ്വൂസ്വ് എന്ന പ്രയോഗത്തില്‍നിന്ന് നാലു കാര്യങ്ങള്‍ മനസ്സിലാക്കണം: 1) അഭിപ്രായ ഭിന്നത. 2) ശിഷ്യന്മാരുടെ മൂന്നോ അധിലധികമോ ഉള്ള അഭിപ്രായങ്ങളിലായിരിക്കും. 3) പറയപ്പെട്ട അഭിപ്രായം ദുര്‍ബലമായിരിക്കും. 4) എതിരഭിപ്രായം അസ്വഹ്‌ഹോ സ്വഹീഹോ ആയിരിക്കും. 

11. അല്‍വജ്‌ഹൈനി (രണ്ടഭിപ്രായങ്ങള്‍): ഈ പ്രയോഗങ്ങളില്‍നിന്ന് നാലു കാര്യങ്ങള്‍ ഗ്രഹിക്കാം: 1) അഭിപ്രായഭിന്നത. 2) രണ്ടഭിപ്രായങ്ങളില്‍ പരിമിതമാണ് ഭിന്നത. 3) അഭിപ്രായ ഭിന്നത ശിഷ്യര്‍ക്കിടയിലാണ്. 4) ദുര്‍ബലമായതിന്റെ എതിരഭിപ്രായം അസ്വഹ്‌ഹോ സ്വഹീഹോ ആയിരിക്കും. 

12. അല്‍ഔജുഹ് (അഭിപ്രായങ്ങള്‍). ഈ പ്രയോഗത്തില്‍നിന്ന് നാലു കാര്യങ്ങള്‍ ഗ്രഹിക്കാം: 1) അഭിപ്രായ ഭിന്നത. 2) വിഷയത്തില്‍ രണ്ടിലധികം അഭിപ്രായങ്ങളുണ്ട്. 3) അഭിപ്രായ ഭിന്നത ശിഷ്യന്മാരുടേതായിരിക്കും. 4) ദുര്‍ബലമായതിന്റെ എതിരഭിപ്രായം അസ്വഹ്‌ഹോ സ്വഹീഹോ ആയിരിക്കും. 

13. ഫീ ഖൗലിന്‍ ഔ വജ്ഹിന്‍: ഈ പ്രയോഗത്തില്‍നിന്ന് താഴെ വരുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം: 1) അഭിപ്രായ ഭിന്നത. 2) ഇമാം ശാഫിഈയുടെ അഭിപ്രായമാണോ ശിഷ്യന്മാരുടെ അഭിപ്രായമാണോ എന്ന് സംശയമുണ്ട്. 3) അഭിപ്രായം ദുര്‍ബലമായിരിക്കും. 4) എതിരഭിപ്രായം അള്ഹറോ മശ്ഹൂറോ അസ്വഹ്‌ഹോ സ്വഹീഹോ ആകാം. 

14. അല്‍ഇമാം: ഇമാമുല്‍ഹറമൈന്‍ അബുല്‍മആലി അബ്ദുല്‍ മലികുബ്‌നുല്‍ ജുവൈനി.

15. അല്‍ഖാദി: അല്‍ഖാദീ ഹുസൈന്‍

16. അല്‍ഖാദിയാനി: അര്‍റുവ്‌യാനിയും മാവര്‍ദിയും.

17. അശ്ശാരിഹ് അഥവാ അശ്ശാരിഹുല്‍ മുഹഖ്ഖ്: ജലാലുദ്ദീന്‍ അല്‍ മഹല്ലി.

18. ശാരിഹ്: ഏതെങ്കിലും ഒരു വ്യാഖ്യാതാവ്

19. ഖാല ബഅ്‌ളുഹും: ഏതെങ്കിലും ഒരു വ്യാഖ്യാതാവ് എന്നതിനേക്കാള്‍ വ്യാപകാര്‍ഥമുള്ള പദം. 

20. അശ്ശൈഖാനി: റാഫിഈയും നവവിയും.

21. അശ്ശുയൂഖ്: റാഫിഈ, നവവി, തഖിയുദ്ദീന്‍ അസ്സുബുകി.

22. ശൈഖുനാ: ഇതുകൊണ്ട് തുഹ്ഫഃ എന്ന ഗ്രന്ഥത്തില്‍ ഉദ്ദേശിക്കുന്നത്, ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരിയാണ്. 

23. അശ്ശൈഖ്: നിഹായ എന്ന ഗ്രന്ഥത്തില്‍ അല്‍ഖതീബ് എന്ന് പറഞ്ഞാല്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി. 

24. ശൈഖീ: ഇങ്ങനെ അല്‍ഖത്വീബ് പറഞ്ഞാല്‍, അശ്ശിഹാബ് അഹ്മദുല്‍ റംലിയെയാണ് ഉദ്ദേശിക്കുന്നത്. 

25. അലാ മാ ശമിലത് കലാമുഹും: 'അവരുടെ വാക്യം ഉള്‍ക്കൊണ്ടതനുസരിച്ച്' എന്നത് അവരുടെ നിരപരാധിത്വത്തിലേക്കും സംശയമുണ്ടാക്കുന്ന വാക്കാണ് എന്നതിലേക്കുമുള്ള സൂചനയാണ്. 

26. അലല്‍ മുഅ്തമദ്: ഇങ്ങനെ ഇബ്‌നു ഹജറുല്‍ ഹൈതമി പറഞ്ഞാല്‍ അതുകൊണ്ടുദ്ദേശിക്കുന്നത് ഇമാം ശാഫിഈയുടെ ഒന്നിലധികം അഭിപ്രായങ്ങളില്‍ അള്ഹര്‍ (ഏറ്റവും വ്യക്തമായത്) എന്നാണ്.

27. അലല്‍ഔജുഹ്: എന്നദ്ദേഹം പറഞ്ഞാല്‍ ശിഷ്യന്മാരുടെ ഒന്നിലധികം അഭിപ്രായങ്ങളില്‍നിന്ന് അസ്വഹ്ഹ് (ഏറ്റവും സാധുവായത്) എന്നാണ്. 

28. അലല്‍ മുഖ്താര്‍: ഈ പദപ്രയോഗം ഇമാം നവവിയുടേതല്ലെങ്കില്‍ അത് മദ്ഹബില്‍ നിന്ന് പുറത്ത് പോയതാകുന്നു. അവലംബിക്കാന്‍ പാടില്ല. ഇമാം നവവിയുടേതാവുകയും റൗദ എന്ന ഗ്രന്ഥത്തില്‍ വരികയും ചെയ്താല്‍ അത് മദ്ഹബില്‍ അസ്വഹ്ഹിന്റെ അര്‍ഥത്തിലാകുന്നു. 

29. വഖഅ ലിഫുലാനിന്‍ കദാ: ഈ പദപ്രയോഗം ദുര്‍ബലതയെ സൂചിപ്പിക്കുന്നു. 

30. ഫീ അസ്വ്‌ലിര്‍റൗദഃ ഈ പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് ഇമാം നവവി, അസീസ് എന്ന ഗ്രന്ഥത്തില്‍ നിന്ന് റൗദയില്‍ ചുരുക്കി എഴുതിയതാകുന്നു. 

31. ഫീ സവാഇദിര്‍റൗദഃ: ഇതുകൊണ്ടുദ്ദേശിക്കുന്നത് മുഹര്‍റര്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് വര്‍ധിപ്പിച്ചത് എന്നാകുന്നു. 

32. നഖലഹു ഫുലാനുന്‍ അന്‍ ഫുലാനിന്‍, ഹകാഹു ഫുലാനുന്‍ അന്‍ ഫുലാനിന്‍: ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദങ്ങള്‍. 

33. സകത അലൈഹി: തൃപ്തിപ്പെട്ടു/ മൗനം പാലിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. 

34. അല്‍ഫഹ്‌വാ: ഉള്ളടക്കം ഖണ്ഡിതമായ മാര്‍ഗത്തിലൂടെ അറിയപ്പെട്ട വിധികള്‍. 

35. അല്‍മുഖ്തദാ, അല്‍ഖദിയ്യ: താല്‍പര്യം. വ്യക്തമായ മാര്‍ഗത്തിലൂടെയല്ലാതെ ഒരു കാര്യം കൊണ്ട് വിധിക്കല്‍. 

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ജീവിച്ചിരിക്കുന്ന ഇമാമിനെ ഉദ്ധരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കുകയില്ല. കാരണം അദ്ദേഹം ആ അഭിപ്രായത്തില്‍നിന്ന് തിരിച്ചുപോയേക്കാം. അദ്ദേഹത്തെക്കുറിച്ച് അവര്‍ ഇപ്രകാരം പറയും: ചില പണ്ഡിതന്മാര്‍ പറഞ്ഞു-ഖാല ബഅ്ദുല്‍ ഉലമാ. അയാള്‍ മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കും. 

36. വഇബാറത്തുഹു: ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ വാക്യം ഇതേരൂപത്തില്‍ യാതൊരു മാറ്റവും കൂടാതെ ഉദ്ധരിച്ചതാണ്. 

37. ഖാല ഫുലാനുന്‍: ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ വാക്യം ഇതേ രൂപത്തില്‍ ഉദ്ധരിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്, പക്ഷേ പദത്തില്‍ മാറ്റം വരുത്താന്‍ പാടില്ല എന്നാണ്. 

38. വഫീഹി നള്‌റുന്‍: സംശയാസ്പദം എന്നതിന് ഉപയോഗിക്കുന്നു. 

39. വഫില്‍ ജുംല: സംക്ഷിപ്തമെന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നത്. 

 

ടി. അബ്ദുല്ല ഫൈസി: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം. തളിക്കുളം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകന്‍. ഫോണ്‍: 8281343857

Comments

Other Post