Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഭരണകൂടങ്ങളുടെ സമീപനങ്ങള്‍

അനീസുര്‍റഹ്മാന്‍ പത്തനാപുരം

ഹനഫീ മദ്ഹബ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ളത് ശാഫിഈ മദ്ഹബിനാണെന്ന് പറയപ്പെടുന്നു. മുസ്‌ലിം ഭരണകര്‍ത്താക്കളില്‍നിന്ന് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് മദ്ഹബിന്റെ വ്യാപനത്തിന് വഴിയൊരുക്കിയ സുപ്രധാന ഘടകങ്ങളിലൊന്ന്. ഈജിപ്തിലെ ത്വൂലൂനീ ഭരണകര്‍ത്താവ് സുല്‍ത്വാന്‍ അഹ്മദുബ്‌നു ത്വൂലൂന്‍ (ഹി: 254: 270) ശാഫിഈ കര്‍മശാസ്ത്രത്തിനും പണ്ഡിതന്‍മാര്‍ക്കും വലിയ പ്രോല്‍സാഹനമാണ് നല്‍കിയത്. ത്വൂലൂനീ ഭരണകര്‍ത്താവായ ഹാറൂനുബ്‌നു ഖിമാറവൈഹിയുടെ കാലമായതോടെ ജുമുഅ ഖുത്വ്ബകളും ന്യായാധിപ സ്ഥാനങ്ങളും ശാഫിഈകളുടെ അധീനതയിലായി. എന്നാല്‍ ഹിജ്‌റ 358ല്‍ ഫാത്വിമികള്‍ ഈജിപ്തില്‍ അധികാരത്തിലേറിയതിന് ശേഷം ഇസ്മാഈലീ മദ്ഹബിനെ ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിക്കുകയും ഒദ്യോഗിക പദവികളില്‍നിന്ന് ശാഫിഈ പണ്ഡിതന്മാരെ നീക്കം ചെയ്യുകയുമുണ്ടായി. ഹിജ്‌റ 567 ല്‍ ഫാത്വിമീ ഭരണത്തിന് അന്ത്യമാവുകയും തുടര്‍ന്ന് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അധികാരത്തില്‍വരികയും ചെയ്തു. അതോടെ ശാഫിഈ മദ്ഹബിന് ഔദ്യോഗിക പദവി തിരിച്ചു കിട്ടി. അയ്യൂബി പക്ഷം ഭരണാധികാരികളില്‍ ഒരാളൊഴികെ മുഴുവന്‍ പേരും ശാഫിഈ മദ്ഹബുകാരായിരുന്നു. ശാമില്‍ ഭരണം കൈയാളിയ സുല്‍ത്വാന്‍ ഈസബ്‌നുല്‍ അംറില്‍ അബീബക്‌റാണ് അപവാദം. അദ്ദേഹം ഹനഫീ മദ്ഹബുകാരനായിരുന്നു. ശാഫിഈ മദ്ഹബിന്റെ അധ്യാപനം ലക്ഷ്യം വെച്ച് ഈജിപ്തിലെ ഫുസ്ത്വാത്വില്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച വിദ്യാലയമാണ് അല്‍ മദ്‌റസത്തുന്നാസ്വിരിയ്യ. അയ്യൂബികള്‍ക്കു ശേഷം ബഹ്‌രീ മംലൂക്കുകളിലും (ഹി: 648: 784) ശാഫിഈ മദ്ഹബിന് പ്രഥമ പരിഗണന ലഭിച്ചു. ബഹ്‌രി മംലൂക് സുല്‍ത്വാന്മാരിലും  സൈഫുദ്ദീന്‍ ഖുത്വുബ് ഒഴികെ ബാക്കിയെല്ലാവരും ശാഫിഈകളായിരുന്നു-- അദ്ദേഹം ഹനഫിയായിരുന്നു. ദുര്‍ഖസീ യംലൂക്കുകളുടെ (ഹി: 784: 920) കാലത്തും ശാഫിഈ മദ്ഹബിന് തന്നെയായിരുന്നു മുന്‍തൂക്കം. ഹിജ്‌റ 923 ല്‍ ഈജിപ്തില്‍ ഉസ്മാനികള്‍ ആധിപത്യമുറപ്പിച്ചതോടുകൂടി ശാഫിഈ മദ്ഹബിന്റെ സവിശേഷ സ്ഥാനങ്ങള്‍ നഷ്ടമാവുകയും ഔദ്യോഗിക സ്ഥാനങ്ങള്‍ ഹനഫികള്‍ക്ക് ലഭിക്കുകയും ചെയ്തു. 

ശാഫിഈ പണ്ഡിതനായ അബൂസുര്‍അ മുഹമ്മദുബ്‌നു ഉസ്മാന്‍ ദിമിശ്ഖി ദമസ്‌കസില്‍ ന്യായാധിപനാകുന്നതോടെയാണ് ശാമില്‍ ശാഫിഈ മദ്ഹബിന് ഔദ്യോഗിക മദ്ഹബെന്ന സ്ഥാനം ലഭിക്കുന്നത്. അതുവരെയും ഔസാഈ മദ്ഹബിനാണ് അവിടെ സ്വാധീനമുണ്ടായിരുന്നത്. അബൂസുര്‍അ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി ശാഫിഈ മദ്ഹബിന് പ്രചാരണം നല്‍കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലശേഷം (മരണം ഹി: 902) നിയമിതരായ ഖാദിമാരും ശാഫിഈ മദ്ഹബുകാരായിരുന്നു. ഔസാഈ മദ്ഹബ് ക്രമേണ ക്ഷയിക്കുന്നതിനും ശാഫിഈ മദ്ഹബ് വളരുന്നതിനും ഇത് കാരണമായി. 

ഇമാം അബൂഹനീഫയുടെ ജന്മദേശവും കര്‍മഭൂമിയുമായ ഇറാഖില്‍ ഹനഫീ മദ്ഹബിനായിരുന്നു കൂടുതല്‍ സ്വാധീനം. അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദ് ഇമാം അബൂഹനീഫയുടെ പ്രമുഖ ശിഷ്യന്‍ ഇമാം അബൂയൂസുഫിനെ മുഖ്യന്യായാധിപനായി നിശ്ചയിച്ചത് മുതല്‍ ഹനഫീ പണ്ഡിതന്മാര്‍ക്കാണ് മുസ്‌ലിം നാടുകളില്‍ മേധാവിത്തം ലഭിച്ചത്. അബ്ബാസീ ഭരണകര്‍ത്താക്കള്‍ ഹനഫികളായിരുന്നെങ്കിലും ശാഫിഈ പണ്ഡിതന്‍മാരോട് അവര്‍ക്ക് വലിയ ആദരവും ബഹുമാനവുമായിരുന്നു. ഹിജ്‌റ 459-ല്‍ സല്‍ജൂഖി ഭരണാധികാരി വലിയ് പാഷയുടെ മന്ത്രി നിളാമുല്‍ മുല്‍ക് സ്ഥാപിച്ച അല്‍മദ്‌റസത്തുന്നിളാമിയ്യ ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ്. 

Comments

Other Post