അര്‍രിസാല നിയമനിര്‍ധാരണത്തിലേക്കുള്ള വഴി
മുഹമ്മദു ബ്‌നു ഇദ്‌രീസ് ശാഫിഈയുടെ മേല്‍വിലാസം'- ഈ വിശേഷണമാണ് അര്‍രിസാല'എന്ന കൃതിക്ക് കൂടുതല്‍ യോജിക്കുക. കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ ശിഷ്യനെന്ന നിലയില്‍നിന്ന് സ്വന്തമായി ഉസ്വൂലുകള്‍ ആവിഷ്‌കരിച്ച സ്വതന്ത്ര ഇമാമായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചത് ഗഹനവും പുതുമയാര്‍ന്നതുമായ ഈ ഗ്രന്ഥത്തിന്റെ രചനയായിരുന്നു. അര്‍രിസാലയുടെ പിറവിക്ക് ശേഷം രചിക്കപ്പെട്ട ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും അതിന്റെ തുടര്‍ച്ചയോ വിശദീകരണമോ നിരൂപണമോ ആയിരുന്നു.
ഫിഖ്ഹ് നിദാനശാസ്ത്രം വ്യവസ്ഥപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്ത പ്രഥമ പണ്ഡിതനായിരുന്നു ഇമാം ശാഫിഈ. ഇമാം ശാഫിഈക്ക് മുമ്പുണ്ടായിരുന്ന രണ്ട് മദ്ഹബീ ഇമാമുമാരും അവരുടെ ശിഷ്യഗണങ്ങളും ഭാഷാപരമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ഇജ്തിഹാദ് ചെയ്തിരുന്നു. ഇറാഖിലെ മദ്‌റസതുര്‍റഅ്‌യ്, ഹിജാസിലെ മദ്‌റസതുല്‍ ഹദീസ് തുടങ്ങിയവ പടര്‍ന്നു പന്തലിച്ച കാലമായിരുന്നു ഇതെന്ന് ഓര്‍ക്കണം. ചുരുക്കത്തില്‍, അര്‍രിസാലക്കു മുമ്പു തന്നെ ഫിഖ്ഹ് നിദാനശാസ്ത്രം നിരവധി വഴികള്‍ താണ്ടിയിരുന്നുവെന്ന് വ്യക്തമാണ്. ഇമാം അബൂഹനീഫ, മുഹമ്മദു ബ്‌നു ഹസന്‍ ശൈബാനി, അബൂയൂസുഫ്, ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയ മഹാരഥന്മാര്‍ തദ്വിഷയകമായി രചന നിര്‍വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും അവ ലഭ്യമായിട്ടില്ല. ഇമാം മാലിക് അല്‍മുവത്വയില്‍ ഏതാനും ചില ഉസ്വൂലുകള്‍ സൂചിപ്പിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഫിഖ്ഹ് നിദാനശാസ്ത്രം ആദ്യമായി വ്യവസ്ഥപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്ത മഹാരഥനെന്ന വിശേഷണം ശാഫിഈക്ക് തന്നെയാണ് കൂടുതല്‍ ചേരുന്നത്.
ഇമാം റാസി തന്റെ മനാഖിബുശ്ശാഫിഈ'എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഇമാം ശാഫിഈക്ക് മുമ്പും പണ്ഡിതന്മാര്‍ നിദാന ശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തെളിവെടുക്കുകയും ഖണ്ഡിക്കുകയും ചെയ്തിരുന്നു. എങ്കില്‍പോലും, ശരീഅത്തിന്റെ തെളിവെടുപ്പ് രീതികള്‍ സമഗ്രമായി നിര്‍ണയിച്ച നിയമരേഖ അവര്‍ക്കുണ്ടായിരുന്നില്ല. പ്രമാണങ്ങള്‍ പരസ്പരം തുലനം ചെയ്യുന്നതിനും മുന്‍ഗണന നല്‍കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ അവരുടെ മുന്നിലുണ്ടായിരുന്നില്ല. അതേത്തുടര്‍ന്നാണ് ഇമാം ശാഫിഈ ഫിഖ്ഹിന്റെ ഉസ്വൂലുകള്‍ ഉരുത്തിരിച്ചെടുത്തത്. ശര്‍ഈ തെളിവുകളുടെ വിവിധ തലങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പൊതുവായ നിയമരേഖ അദ്ദേഹം സമര്‍പ്പിച്ചു (മനാഖിബുശ്ശാഫിഈ).
തന്റെ കാലത്ത് നിലനിന്നിരുന്ന ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ രണ്ട് വീക്ഷണങ്ങളും (ഹനഫീ-മാലികീ മദ്ഹബുകള്‍) അവയുടെ ഉറവിടങ്ങളില്‍ ചെന്ന് ആധികാരികമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ശേഷമാണ് ഇമാം ശാഫിഈ അര്‍രിസാല'രചിക്കുന്നത്. അര്‍രിസാല'എന്ന ഗ്രന്ഥത്തിന്റെ രചനയിലേക്ക് ഇമാം ശാഫിഈയെ നയിച്ച ചില സാഹചര്യങ്ങളുണ്ട്. രണ്ടു തവണ അര്‍രിസാല'രചിച്ച ഇമാം ശാഫിഈ ആദ്യം മക്കയില്‍ വെച്ചാണ് ഗ്രന്ഥരചന നിര്‍വഹിച്ചത്. തന്റെ കാലത്തെ അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ ഒരാളായിരുന്ന അബ്ദുര്‍റഹ്മാനു ബ്‌നു മഹ്ദിയുടെ നിര്‍ദേശപ്രകാരമാണ്, പഴയ രിസാലയെന്ന് പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ആ കൃതിയുടെ രചന. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനം, ഹദീസുകളുടെ സ്വീകാര്യത, ഇജ്മാഅ്-ഖിയാസ് എന്നിവയുടെ ആധികാരികത, നാസിഖ്-മന്‍സൂഖ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പണ്ഡിതോചിതമായ ഒരു കൃതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഇമാം ശാഫിഈക്ക് കത്തെഴുതുകയായിരുന്നു. ഇമാം ശാഫിഈയുടെ ശൈഖുമാരുടെ ഗണത്തിലായിരുന്നു അബ്ദുര്‍ഹ്മാന്‍ മഹ്ദിയുടെ സ്ഥാനമെങ്കിലും അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവും പ്രതിഭയും അംഗീകരിക്കാന്‍ ശൈഖിന് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. രചന പൂര്‍ത്തീകരിച്ച ഇമാം ശാഫിഈ തന്റെ കൃതി നേരെ അബ്ദുര്‍റഹ്മാനു ബ്‌നു മഹ്ദിക്ക് അയച്ചുകൊടുത്തു. പ്രസ്തുത ഗ്രന്ഥം വായിച്ച അദ്ദേഹം അത്ഭുതത്തോടെ കുറിച്ചത് ഇപ്രകാരമായിരുന്നു: 'ഇതുപോലുള്ള ഒരു വ്യക്തിയെ അല്ലാഹു സൃഷ്ടിച്ചതായി എനിക്കറിയില്ലായിരുന്നു.' താന്‍ രചിച്ച ഗ്രന്ഥത്തിന് ഇമാം ശാഫിഈ നല്‍കിയ പേര് അല്‍കിതാബ്'എന്നായിരുന്നു. പില്‍ക്കാലത്ത്, അബ്ദുര്‍റഹ്മാന്‍ മഹ്ദിക്ക് ഇമാം ശാഫിഈ അയച്ച സന്ദേശം'എന്ന അര്‍ഥത്തില്‍ അര്‍രിസാല എന്ന് വിശേഷിപ്പിക്കപ്പെടുകയാണുണ്ടായത്.
റബീഉ ബ്‌നു സുലൈമാന്‍ അല്‍മുറാദിയാണ് ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളില്‍ സിംഹഭാഗവും ഉദ്ധരിച്ചിരിക്കുന്നത്. ആദ്യകാലത്ത് അര്‍രിസാലയുടെ ഒന്നിലധികം കൈയെഴുത്ത് പ്രതികളുണ്ടായിരുന്നുവെങ്കിലും പിന്നീട് അവയില്‍ മിക്കതും നഷ്ടപ്പെടുകയാണുണ്ടായത്. അര്‍രിസാല പുനഃപരിശോധന (തഹ്ഖീഖ്) നടത്തിയ അഹമദ് ശാകിര്‍ കുറിക്കുന്നു: ''റബീഇല്‍നിന്നും ഇബ്‌നുമാജയുടെ പതിപ്പില്‍നിന്നുമുള്ളതല്ലാത്ത അര്‍രിസാലയുടെ മറ്റൊരു കൈയെഴുത്ത് പ്രതിയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, റബീഇല്‍നിന്നുതന്നെ ധാരാളം പണ്ഡിതന്മാര്‍ അവ കേട്ടെടുത്തതായും അവരുടെ കൈവശം അതിന്റെ പരിശോധന നടത്തിയ പതിപ്പുകള്‍ ഉണ്ടായിരുന്നതായും നാം കേട്ടറിഞ്ഞിരിക്കുന്നു'' (ആമുഖം, കിതാബുര്‍രിസാല, പേജ് 15).
റബീഇല്‍നിന്നുള്ള രിസാലയുടെ റിപ്പോര്‍ട്ട് ദമസ്‌കസുകാര്‍ സ്വകാര്യ സ്വത്തായി ഹിജ്‌റ 656 വരെ സംരക്ഷിച്ചു. പിന്നീട് അല്‍അമീര്‍ മുസ്വ്ത്വഫാ പാഷാ ഫാദിലിന്റെ ലൈബ്രറിയില്‍ എത്തിയതിനുശേഷമാണ് അതേക്കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞത്. പിന്നീട് ആ ലൈബ്രറിയിലെ മുഴുവന്‍ ഗ്രന്ഥങ്ങളും ദാറുല്‍ കുതുബ് അല്‍മിസ്വ്‌രിയ്യയിലേക്ക് മാറ്റുകയുണ്ടായി. നിലവിലുള്ള അര്‍രിസാലക്ക് അഞ്ച് ശറഹുകളാണുള്ളത്. എന്നാല്‍, അവയെല്ലാം നിലവില്‍ ഗ്രന്ഥരൂപത്തില്‍ പതിപ്പുകളാക്കപ്പെട്ടിട്ടില്ല. അവയില്‍ ചിലത് ചില സുപ്രധാന ലൈബ്രറികളില്‍ കാണാവുന്നതാണ്. ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ അവ ലഭ്യമായിരുന്നു. ഇമാം സര്‍കശിയുടെ കൈയില്‍ ഇവയെല്ലാം ലഭ്യമായിരുന്നുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തന്റെ അല്‍ബഹ്‌റുല്‍ മുഹീത്വിന്റെ രചനയില്‍ അവ അവലംബിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഉള്ളടക്കവും സവിശേഷതകളും
വൈജ്ഞാനിക കൃതികളില്‍ പതിവുള്ളതുപോലെ ഒരു പണ്ഡിതന്‍ വിദ്യാര്‍ഥിക്കോ പഠിതാക്കള്‍ക്കോ വേണ്ടി രചിച്ച ഗ്രന്ഥമല്ല അര്‍രിസാല എന്നതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. മറിച്ച്, ഒരു പണ്ഡിതന്‍ തന്നേക്കാള്‍ വലിയ മറ്റൊരു പണ്ഡിതനുവേണ്ടി രചിച്ച ഗ്രന്ഥമായിരുന്നു അത്. അതിനാല്‍തന്നെ, അര്‍രിസാലയിലെ ഓരോ പദപ്രയോഗവും അഭിപ്രായപ്രകടനവും അതിസൂക്ഷ്മവും പരമാവധി കുറ്റമറ്റതുമായിരുന്നു.
ഇമാം മാലികിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ഹദീസ് കേന്ദ്രീകൃത വിജ്ഞാനവും ഇമാം അബൂഹനീഫ പകര്‍ന്നു നല്‍കിയ ഇജ്തിഹാദീ രീതികളും സമന്വയിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഇമാം ശാഫിഈ അര്‍രിസാലയില്‍ നിര്‍വഹിച്ചത്. ഇമാം മാലികിന്റെ ശിഷ്യനായിരിക്കെ ആദ്യ രണ്ട് തവണ ബഗ്ദാദിലെത്തിയ ഇമാം ശാഫിഈ ഹദീസിന്റെ സഹായി, സുന്നത്തിന്റെ സംരക്ഷകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അഹ്‌ലുര്‍റഅ്‌യ് എന്നറിയപ്പെട്ടിരുന്ന ഇറാഖിലെ പണ്ഡിതരും അഹ്‌ലുല്‍ ഹദീസ് എന്നറിയപ്പെട്ടിരുന്ന മദീനയിലെ പണ്ഡിതരും പരസ്പരം കലഹിക്കുന്ന കാലത്താണ് ശാഫിഈ രംഗപ്രവേശം ചെയ്തത്. അഹ്‌ലുല്‍ ഹദീസ് പ്രതിയോഗികളെ ഹദീസ് നിഷേധികളെന്ന് ആക്ഷേപിക്കുകയും, അഹലുര്‍റഅ്‌യ് അവരെ അപ്രാമാണികമായ ഹദീസ് സ്വീകരിക്കുന്നവരെന്ന് വിമര്‍ശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രമാണങ്ങളെ സമീപിക്കേണ്ട രീതികളെയും അവയുടെ ആധികാരികതയെയും മുന്‍ഗണനാക്രമങ്ങളെയും കുറിച്ച സൂക്ഷ്മമായ തത്ത്വങ്ങളും സിദ്ധാന്തങ്ങളും ഇമാം ശാഫിഈ അര്‍രിസാലയിലൂടെ ആവിഷ്‌കരിച്ചത്.
ഹനഫീ ഉസ്വൂലുകള്‍ കേന്ദ്രീകരിച്ച് നടത്തപ്പെട്ടിരുന്ന ഇജ്തിഹാദുകള്‍ക്ക് മാലികീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ പ്രമാണബദ്ധതയും ആധികാരികതയും നല്‍കുകയെന്ന സമന്വയ (ജംഅ്) രിതീയാണ് അദ്ദേഹം അര്‍രിസാലയില്‍ അവതരിപ്പിച്ചത്. രണ്ട് പാഠശാലകളില്‍നിന്നും കരഗതമാക്കിയ കൃത്യവും ഗഹനവുമായ ജ്ഞാനമാണ് ഇമാം ശാഫിഈക്ക് അര്‍രിസാലയുടെ രചനയില്‍ മുതല്‍ക്കൂട്ടായത്.
ഫിഖ്ഹ് നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട സമഗ്രമായ പഠനമായിരുന്നു അര്‍രിസാല എന്ന് പറയാനാവില്ല. ജസ്സാസിനെപ്പോലുള്ള ഹനഫീ പണ്ഡിതരും മറ്റും'അര്‍രിസാലയെ വിമര്‍ശനാത്മകമായി നിരൂപിച്ചത് പ്രസിദ്ധമാണ്. ഒരു വിജ്ഞാനശാഖയിലെ പ്രഥമ ഗ്രന്ഥമെന്ന നിലയിലുള്ള പോരായ്മകള്‍ അതില്‍ കണ്ടേക്കാമെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം, വിശുദ്ധ ഖുര്‍ആനെയും സുന്നത്തിനെയും സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്ക് അവലംബിക്കാവുന്ന പുതിയൊരു വൈജ്ഞാനിക ശാഖ നട്ടുവളര്‍ത്തിയെടുത്തുവെന്നതു തന്നെയാണ് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവന.
വിശുദ്ധ ഖുര്‍ആനും സുന്നത്തും മുന്നില്‍ വെച്ച് ഭാഷാപരമായി അപഗ്രഥിക്കുകയും വ്യത്യസ്ത പരാമര്‍ശങ്ങളുടെയും പ്രയോഗങ്ങളുടെയും സാധ്യതകള്‍ തേടുകയും നിയമനിര്‍ധാരണത്തിന് അവയെ ഉപയോഗിക്കേണ്ട മാര്‍ഗരേഖ വരച്ചുകാണിക്കുകയുമാണ് ഇമാം ശാഫിഈ അര്‍രിസാലയില്‍ ചെയ്തത്. ഫിഖ്ഹ് നിദാനശാസ്ത്രത്തിന്റെ തത്ത്വങ്ങളും സിദ്ധാന്തങ്ങളുമായിരുന്നു അര്‍രിസാലയുടെ ഉള്ളടക്കമെങ്കില്‍, കര്‍മശാസ്ത്ര വിഷയങ്ങളില്‍ അവയെ പ്രായോഗികമായി അവതരിപ്പിക്കുകയെന്ന (ഫിഖ്ഹുത്തന്‍സീല്‍) ദൗത്യമാണ് അല്‍ ഉമ്മിലൂടെ അദ്ദേഹം നിര്‍വഹിച്ചത്.
നിദാനശാസ്ത്രത്തില്‍ ഏറ്റവും ആധികാരികമായ പുരാതന ഗ്രന്ഥം അര്‍രിസാലയാണെന്നതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍, ഈ കൃതിയെ കേവലം ഫിഖ്ഹീ രചനയായി സമീപിക്കുന്നതും ശരിയല്ല. ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ ഹദീസ് നിദാനശാസ്ത്ര ഗ്രന്ഥവും ഇതു തന്നെയാണ്. ഏക നിവേദക ഹദീസിന്റെ (ഖബറുല്‍ ആഹാദ്) ആധികാരികത അര്‍രിസാലയില്‍ സ്ഥാപിക്കുന്നത് ഇപ്രകാരമാണ്: ''ഖബര്‍ വാഹിദ് സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ മുന്‍കാലത്തെയും ഇക്കാലത്തെയും മുസ്‌ലിംകള്‍ ഏകാഭിപ്രായക്കാരാണ്. ഇത്തരം ഹദീസുകള്‍ ആധികാരികമെന്നല്ലാതെ മറ്റൊന്നും ഒരു മുസ്‌ലിം കര്‍മശാസ്ത്ര പണ്ഡിതനില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. എനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്; ഖബര്‍ വാഹിദ് സ്ഥിരപ്പെടുത്തുന്നതില്‍ മുസ്‌ലിം കര്‍മശാസ്ത്രവിശാരദര്‍ ഭിന്നിച്ചതായി എനിക്കറിവില്ല'' (അര്‍രിസാല, 212).
ഇതേക്കുറിച്ച അഹ്മദ് ശാകിറിന്റെ പരാമര്‍ശം ഇങ്ങനെ: ''ഖബര്‍ വാഹിദിന്റെ ഹുജ്ജത്ത്, ഹദീസുകള്‍ സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍, റാവികളുടെ അദാലത്ത്, മുര്‍സലും മുന്‍ഖത്വിഉമായവ നിരസിക്കല്‍ തുടങ്ങിയ സൂക്ഷ്മമായ വിഷയങ്ങള്‍ ഇമാം ശാഫിഈ കൈകാര്യം ചെയ്തിരിക്കുന്നു. ഹദീസ് നിദാനശാസ്ത്രത്തില്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതെല്ലാം ഇതിന്റെ വിശദാംശങ്ങളോ, അതിനെ അവലംബിച്ച് ആവിഷ്‌കരിച്ചതോ ആയിരുന്നു. മുന്‍ മാതൃകയില്ലാത്ത വിധം അദ്ദേഹം അവയെ സമു;റ;യിച്ചിരിക്കുന്നു.''
ഏതെങ്കിലും ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനസ്സിലാക്കിയും തെളിവെടുത്തും ഹദീസുകളെ ഉദാഹരിച്ചുമാണ് ശാഫിഈ അര്‍രിസാല രചിച്ചിരിക്കുന്നത്. സുന്നത്തില്‍നിന്ന് തെളിവെടുക്കുന്ന വിധവും അവയെ ഖുര്‍ആനോട് ബന്ധിപ്പിക്കേണ്ട രീതിയും അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളും അദ്ദേഹം ഉദ്ധരിക്കാറുണ്ട്.
പ്രമാണങ്ങളെ ഭാഷാ നിയമങ്ങളനുസരിച്ച് വായിച്ചെടുക്കുകയും വിധിനിര്‍ധാരണം നടത്തുകയും ചെയ്യുന്നതിലെ സാധ്യതകളാണ് ഇമാം ശാഫിഈ സമര്‍പ്പിച്ചത്. പൊതുവായത്, പ്രത്യേകമായത്, ദ്വയാര്‍ഥമുള്ളവ, സംഗ്രഹിച്ച് പറഞ്ഞവ, വിശദീകരിക്കപ്പെട്ടവ തുടങ്ങിയ ഭാഷാപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. ഇജ്മാഅ്, അതിന്റെ ആധികാരികത, സാധ്യത തുടങ്ങിയവയെക്കുറിച്ച് മുന്‍കാല പണ്ഡിതന്മാരൊന്നും നടത്താത്ത വൈജ്ഞാനിക ചര്‍ച്ച അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ഖിയാസ്, ഇസ്തിഹ്‌സാന്‍ തുടങ്ങിയവയെക്കുറിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വ്യതിരിക്തവും ശക്തമായ തെളിവിന്റെ പിന്‍ബലമുള്ളവയുമായിരുന്നു. അദ്ദേഹം തന്നെ കുറിക്കുന്നു:
''തിരുദൂതര്‍ക്ക് ശേഷം മറ്റൊരാള്‍ക്കും തന്റെ അറിവനുസരിച്ച് ഫത്‌വ പറയാനല്ലാതെ മറ്റൊരു അവകാശവും നല്‍കിയിട്ടില്ല. അറിവിന്റെ അടിസ്ഥാനങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇജ്മാഉം റിപ്പോര്‍ട്ടുകളും (സ്വഹാബികളുടെ) പിന്നീട് ഖിയാസുമാണ്. ഖിയാസിനുള്ള ഉപകരണങ്ങള്‍ കൈയിലില്ലാത്തവര്‍ അത് നടത്താവതല്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ നിയമങ്ങളറിയുക, അതിന്റെ നിബന്ധനകള്‍, മര്യാദകള്‍, ദുര്‍ബലപ്പെടുത്തപ്പെട്ടവ, ദുര്‍ബലപ്പെടുത്തിയത്, പൊതുവായത്, പ്രത്യേകമായത് തുടങ്ങിയവയെക്കുറിച്ച് അറിയുകയെന്നതാണ് ഖിയാസിനുള്ള ഉപാധികള്‍. തനിക്ക് മുമ്പുള്ള ചര്യകളറിയാത്ത, സല്‍ക്കര്‍മികളായ പൂര്‍വികരുടെ വാക്കുകളറിയാത്ത, ഇജ്മാഉം ഭാഷാ വൈവിധ്യവുമറിയാത്ത ആര്‍ക്കും ഖിയാസ് നടത്തുക അനുവദനീയമല്ലതന്നെ'' (അര്‍രിസാല, 237).
ഈജിപ്തിലെ അവസാന നാല് വര്‍ഷങ്ങളാണ് ഇമാം ശാഫിഈയുടെ വൈജ്ഞാനിക ജീവിതത്തിലെ സുവര്‍ണ കാലം. അവിടെയാണ് അദ്ദേഹം തന്റെ മദ്ഹബിന് അടിത്തറയിട്ടത്. അധ്യയനത്തിനും അധ്യാപനത്തിനും രചനക്കുമായി ചെലവഴിച്ച ഇക്കാലയളവിനിടയിലാണ് അദ്ദേഹം അര്‍രിസാല, അല്‍ ഉമ്മ്, നഖ്ദുല്‍ ഇസ്തിഹ്‌സാന്‍ തുടങ്ങിയവ വീണ്ടുമെഴുതിയത്.
സംവാദത്തിന്റെയും തെളിവെടുപ്പിന്റെയും അധ്യാപനത്തിന്റെയും രീതികള്‍ അര്‍രിസാലയുടെ വായനക്കാരന് ലളിതമായി പഠിച്ചെടുക്കാവുന്നതാണ്. അഹ്മദ് ശാകിര്‍ രേഖപ്പെടുത്തുന്നു: ''അല്‍അസ്ഹറിലും മറ്റു സര്‍വകലാശാലകളിലും പഠിപ്പിക്കപ്പെടേണ്ട ഗ്രന്ഥമാണ് അര്‍രിസാലയെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റ് സ്ഥാപനങ്ങളിലെയും പാഠശാലകളിലെയും സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് അവയില്‍നിന്ന് ചില ഖണ്ഡികകള്‍ തെരഞ്ഞെടുത്ത് നല്‍കേണ്ടിയിരിക്കുന്നു. ശരിയായ വീക്ഷണം, ശക്തമായ തെളിവ്, വിശദീകരണം തുടങ്ങിയവ അവര്‍ പഠിച്ചെടുക്കുന്നതിനു വേണ്ടിയാണിത്. മറ്റു പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലോ സാഹിത്യകാരന്മാരുടെ ശേഷിപ്പുകളിലോ ഇതിന് സമാനമായതു കാണാനാവില്ല.''
ഇമാം ശാഫിഈയുടെ ശിഷ്യന്‍ റബീഉ ബ്‌നു സുലൈമാന്‍, അര്‍രിസാല അഞ്ഞൂറോളം തവണ വായിച്ചുവെന്ന് പറയപ്പെടുന്നു. ഇമാം മുസനി അര്‍രിസാലയെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''അമ്പത് വര്‍ഷം തുടര്‍ച്ചയായി ഞാന്‍ ഈ ഗ്രന്ഥം വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും മുമ്പ് അറിയാത്ത പലതും എനിക്കതില്‍നിന്ന് ലഭിച്ചു.'' അര്‍രിസാല എഴുതാന്‍ ആവശ്യപ്പെട്ട് ഇമാം ശാഫിഈക്ക് കത്തയച്ച അബ്ദുര്‍റഹ്മാനു ബ്‌നു മഹ്ദി പറഞ്ഞത്, അത് വായിച്ചതിനു ശേഷം ശാഫിഈക്ക് വേണ്ടി പ്രാര്‍ഥിക്കാതെ ഞാന്‍ നമസ്‌കരിച്ചിട്ടേയില്ല എന്നാണ്.
അര്‍രിസാല മുഖേന ഇമാം ശാഫിഈ ലക്ഷ്യംവെച്ച കാര്യങ്ങള്‍ താഴെ പറയുംവിധം സംഗ്രഹിക്കാം:
1) ഹനഫീ, മാലികീ മദ്ഹബുകളില്‍നിന്ന് വ്യത്യസ്തമായ തത്ത്വങ്ങളും സിദ്ധാന്തങ്ങളും സ്ഥാപിക്കുക. വിശുദ്ധ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നിര്‍ധാരണം ചെയ്തവയായിരുന്നു അവ. 2) ഖബര്‍ ആഹാദ് ഉപേക്ഷിക്കുകയും, മഫ്ഹൂം മന്‍ത്വൂഖ്, ആം ഖാസ്വ് തുടങ്ങിയവ അവഗണിക്കുകയും ഖിയാസ് മാത്രം അവലംബിക്കുകയും ചെയ്ത അഹ്‌ലുര്‍റഅ്‌യിന്റെ അബദ്ധം ബോധ്യപ്പെടുത്തുക. 3) ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയുടെ ആധികാരികത സ്ഥാപിക്കുക. 4) ഖബര്‍ ആഹാദിന്റെ ഹുജ്ജിയ്യത്ത് (തെളിവാക്കാന്‍ പറ്റും എന്നത്) സ്ഥാപിക്കുക. ഖബര്‍ ആഹാദ് ഉപേക്ഷിച്ച് 'മദീനക്കാരുടെ പ്രവൃത്തി'ക്ക് മുന്‍ഗണന നല്‍കിയ മാലികീ സമീപനത്തിന് മറുപടി നല്‍കുക. ഖബര്‍ ആഹാദ് സ്വീകരിക്കുന്നതിന് ഹനഫികള്‍ സ്ഥാപിച്ച മാനദണ്ഡങ്ങള്‍ക്ക് മറുപടി നല്‍കുക. 5) അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദിയുടെ ആഗ്രഹം സഫലമാക്കുക.
അബ്ദുല്‍ വാസിഅ് ധര്‍മഗിരി: മലപ്പുറം ജില്ലയിലെ എ.ആര്‍ നഗറിനടുത്ത ധര്‍മഗിരി സ്വദേശി. റിസര്‍ച്ച് സ്‌കോളര്‍, ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ. ഫോണ്‍: 9526654777. ഇമെയില്‍:[email protected]
Comments