Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇമാമുല്‍ ഹറമൈന്‍ താരാപഥത്തിലെ വെള്ളിനക്ഷത്രം

ടി.ഇ.എം റാഫി വടുതല

പല നിലകളില്‍ ശാഫിഈ മദ്ഹബിന് സംരക്ഷണ കവചം തീര്‍ത്ത മഹാപണ്ഡിതനാണ് ഇമാമുല്‍ ഹറമൈന്‍ അബുല്‍ മആലി അല്‍ ജുവൈനി. 'പണ്ഡിത കേസരി' എന്ന ആലങ്കാരിക പ്രയോഗം ജീവിതം കൊണ്ട് അന്വര്‍ഥമാക്കിയ മഹദ്‌വ്യക്തിത്വം. ശാഫിഈ മദ്ഹബിന്റെ പ്രചാരണവും പ്രതിരോധവും എന്ന ദൗത്യം ഏറ്റെടുത്ത ഇമാം, ഒരേസമയം പ്രബോധകനും പോരാളിയുമായിരുന്നു.

ഹി. 419 മുഹര്‍റം 18-ന് ഖുറാസാനിലുള്ള നൈസാബൂരിലെ പണ്ഡിത കുടുംബത്തില്‍ ജനനം. യഥാര്‍ഥ പേര് അബ്ദുല്‍ മലിക്. പിതാവ് അബൂമുഹമ്മദ് അബ്ദുല്ലാഹിബ്‌നു യൂസുഫ് അല്‍ ജുവൈനി. പിതാവായ ജുവൈനി പ്രമുഖ പണ്ഡിതനും ആരാധന, ആത്മസംസ്‌കരണം, ഖുര്‍ആന്‍ വ്യാഖ്യാനം, കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. പിതാവ് ദീനീചിട്ടയില്‍ പുത്രനെ വളര്‍ത്തുകയും ചെറുപ്പത്തില്‍തന്നെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ താല്‍പര്യം ജനിപ്പിക്കുകയും ചെയ്തു. കര്‍മശാസ്ത്ര വിഷയങ്ങളിലും നിദാന ശാസ്ത്രത്തിലും പിതാവില്‍ നിന്ന് വ്യുല്‍പത്തി നേടിയ അദ്ദേഹം ബാല്യത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. പഠന ഗവേഷണങ്ങളില്‍ അതീവ തല്‍പരനായിരുന്ന ഇമാം ഇരുപതാം വയസ്സില്‍ സമകാലികരായ പണ്ഡിതന്മാരുടെ ശ്രേണിയില്‍ എണ്ണപ്പെട്ടിരുന്നു. പിതാവിന്റെ ആകസ്മിക വിയോഗത്തോടെ കൗമാരത്തില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നു. സമകാലികരായ പ്രമുഖ പണ്ഡിതന്മാരില്‍നിന്ന് അദ്ദേഹം  വിജ്ഞാനം സ്വായത്തമാക്കിയിരുന്നു.  കര്‍മശാസ്ത്രം അബുല്‍ ഖാസിമില്‍നിന്നും ഉലൂമുല്‍ ഖുര്‍ആന്‍ അബൂഅബ്ദില്ല മുഹമ്മദുബ്‌നു അലിയ്യില്‍നിന്നും ആഴത്തില്‍ പഠിച്ചു.

കര്‍മശാസ്ത്ര വിജ്ഞാനങ്ങള്‍ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച ശോഭനകാലഘട്ടമാണ് ഹിജ്‌റ അഞ്ചാം നൂറ്റാണ്ട്. ഇമാമിന്റെ ഖ്യാതി നൈസാബൂരിന്റെ അതിരുകളും കടന്ന് മക്ക, മദീന, ഇറാഖ്, സിറിയ, ഈജിപ്ത് വരെയും വ്യാപിച്ചു. ബഗ്ദാദിലേക്ക് താവളം മാറ്റിയ ഇമാമിന് ചുറ്റും ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും ഒരുമിച്ചുകൂടി. നാലു വര്‍ഷക്കാലം മക്കയിലും മദീനയിലുമായി കഴിച്ചുകൂട്ടിയ അദ്ദേഹം മതവിധികള്‍ നല്‍കിയും അധ്യാപനവൃത്തിയിലേര്‍പ്പെട്ടും സംവാദം സജീവമാക്കിയും ഹറമുകളിലെ ജീവിതം ധന്യമാക്കി. ഇരു ഹറമുകളിലെയും താമസവേളയില്‍ അവിടത്തെ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അങ്ങനെയാണ് ഇമാമുല്‍ ഹറമൈന്‍ എന്ന സ്ഥാനപ്പേര് ലഭിക്കുന്നത്. പകല്‍ മുഴുവന്‍ പഠനത്തിനും അധ്യാപനത്തിനും നീക്കിവെച്ച അദ്ദേഹം പാതിരാവുകള്‍ പവിത്രമായ കഅ്ബയെ ത്വവാഫ് ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും നിദ്രാവിഹീനമാക്കി. അതുവഴി ആത്മവിശുദ്ധിയും മനക്കരുത്തും ആര്‍ജിച്ചതോടൊപ്പം മഹിതമായ പദവിയില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. തസ്വവ്വുഫിന്റെ ആഴമറിഞ്ഞ ഇമാമിന്റെ വിജ്ഞാന സദസ്സുകള്‍ ഭക്തിസാന്ദ്രമായിരുന്നു. ഭൗതിക വിരക്തിയും ആത്മീയമായ ആസക്തിയും നിമിത്തം ഇമാം ഈറന്‍ മിഴികളോടെ കരയുകയും സദസ്സിനെ കരയിപ്പിക്കുകയും ചെയ്യുമായിരുന്നു.

വിജ്ഞാനസമ്പാദനത്തിനും അധ്യാപനത്തിനും ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തിനും ജീവിതം ഇമാം നൈസാബൂരിലേക്ക് തന്നെ മടങ്ങിയെത്തി. ഭരണാധിപനായിരുന്ന നിളാമുല്‍ മുല്‍ക് സ്ഥാപിച്ച 'നിളാമിയ്യ' എന്ന വിശ്വപ്രസിദ്ധ കലാലയത്തില്‍ അധ്യാപന ദൗത്യം ഏറ്റെടുത്തു. ദേശാന്തരങ്ങളില്‍നിന്ന് വിജ്ഞാന തല്‍പരരായ വിദ്യാര്‍ഥികളും അധ്യാപകരും അവിടേക്ക് ഒഴുകിയെത്തി. ഇമാമിന്റെ വൈജ്ഞാനിക തപസ്യ തേജോമയമായിത്തീര്‍ന്ന ഈ കാലഘട്ടത്തിലാണ് കനപ്പെട്ട പല ഗ്രന്ഥങ്ങളും വിരചിതമായത്. അബൂ ഇസ്ഹാഖ് ശീറാസിയെയും ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദ് ഗസാലിയെയും പോലെ, ശാഫിഈ മദ്ഹബിന് സ്വന്തമായ അസ്തിത്വവും തനിമയും നിലനിര്‍ത്താനാവശ്യമായ വൈജ്ഞാനിക ഊര്‍ജം പകരാന്‍ തന്റെ രചനകളിലൂടെ ഇമാമിന് സാധിച്ചു.

ഇമാം ശാഫിഈയുടെ അല്‍ ഉമ്മ്, ഇംലാഅ്, മുഖ്തസ്വറുല്‍ ബുവൈത്വി, മുഖ്തസ്വറുല്‍ മുസനി എന്നീ നാലു ഗ്രന്ഥങ്ങളെയും ഒറ്റ ഗ്രന്ഥമാക്കി അവതരിപ്പിക്കുക എന്ന സാഹസിക യത്‌നത്തിനും ഇമാമുല്‍ ഹറമൈന്‍ മുതിര്‍ന്നു. അന്നിഹായ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറായത്തില്‍ മദ്ഹബ് എന്ന പ്രകൃഷ്ട ഗ്രന്ഥം ശാഫിഈ രചനകളെ സമാഹരിച്ചെഴുതിയ പ്രഥമ ഗ്രന്ഥമാണ്. ശാഫിഈ മദ്ഹബിനെ അധികരിച്ച് പില്‍ക്കാലത്ത് വിരചിതമായ ഗ്രന്ഥങ്ങളുടെയെല്ലാം 'മൂലഗ്രന്ഥം' എന്ന് ഇതിനെ വിശേഷിപ്പിക്കാം. അന്നിഹായ ഒരു മനുഷ്യായുസ്സിന്റെ ചിന്തയും അധ്വാനവുമാണെന്ന് ഇമാം അതിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇമാമുല്‍ ഹറമൈനിയുടെ തന്നെ ശിഷ്യനായ അബൂഹാമിദ് ഗസാലി ബസ്വീത്വ് രചിച്ചത് നിഹായയെ സംക്ഷേപിച്ചുകൊണ്ടാണ്.

മലിക് നിളാമിലേക്ക് ചേര്‍ത്തുകൊണ്ട് രിസാലത്തുന്നിളാമിയ്യ എന്ന ഗ്രന്ഥവും ഇമാം രചിച്ചിട്ടുണ്ട്. അന്നിളാമിയ്യ ഫില്‍ അര്‍കാനില്‍ ഇസ്‌ലാമിയ്യ എന്നാണ് അതിന്റെ പൂര്‍ണ നാമം. മലിക് നിളാമി, ഗിയാസുദ്ദൗല എന്ന പേരിലും വിശ്രുതനായിരുന്നതിനാല്‍ ഗിയാസുല്‍ ഉമം ഫീ ഇല്‍തിയാസിള്ളുലം എന്ന ഗ്രന്ഥവും മലിക് നിളാമിലേക്ക് ചേര്‍ത്തുകൊണ്ടുതന്നെയാണ് രചിച്ചിട്ടുള്ളത്. പ്രസ്തുത ഗ്രന്ഥത്തില്‍ ഇസ്‌ലാമിക ഭരണകൂടത്തെ സംബന്ധിച്ച പ്രതിപാദ്യങ്ങളുണ്ടെങ്കിലും മുഖ്യ ഭാഗവും കര്‍മശാസ്ത്ര വിഷയങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അല്‍ ഇര്‍ശാദു ഫില്‍ കലാം, അല്‍ ഇര്‍ശാദു ഇലാ ഖവാത്വിഇല്‍ അദില്ലത്തി ഫീ ഉസ്വൂലില്‍ ഇഅ്തിഖാദ്, അശ്ശാമില്‍ ഫീ ഉസ്വൂലിദ്ദീന്‍, ലംഉല്‍ അദില്ലത്തി ഫീ ഖവാഇദി അഖാഇദി അഹ്‌ലിസ്സുന്നത്തി വല്‍ ജമാഅ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍പെട്ടതാണ്. കര്‍മശാസ്ത്രവും വചനശാസ്ത്രവും ഒരേപോലെ ആഴത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ അനിതര സാധാരണ പാടവം പ്രസ്തുത ഗ്രന്ഥങ്ങളിലൊക്കെയും പ്രകടമാണ്.

ഇമാം ശാഫിഈയുടെ അഭിപ്രായങ്ങളിലും ഗ്രന്ഥങ്ങളിലും മാത്രം കറങ്ങിയിരുന്ന കര്‍മശാസ്ത്രധാരയെ തന്റെ രചനകളിലൂടെ വിപുലപ്പെടുത്തുകയും വികസിപ്പിക്കുകയുമാണ് ഇമാമുല്‍ ഹറമൈന്‍ ചെയ്തത്. ഇമാം ഗസാലിയെപോലുള്ള തലയെടുപ്പുള്ള നവോത്ഥാന നായകരെ വളര്‍ത്തിയെടുത്ത അദ്ദേഹം ഒരേസമയം ബൃഹത്തായ ഗ്രന്ഥങ്ങളെയും ജീവസ്സുറ്റ പണ്ഡിതന്മാരെയും ലോകത്തിന് സംഭാവന ചെയ്തു.

അബൂ ഇസ്ഹാഖ് അശ്ശീറാസി, ഇമാമുല്‍ ഹറമൈനിയെ സംബന്ധിച്ച്: ''കിഴക്കിനും പടിഞ്ഞാറിനും ഒരേപോലെ പ്രയോജനം ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം. മുന്‍ഗാമികള്‍ക്കെന്നപോലെ പിന്‍ഗാമികള്‍ക്കും അദ്ദേഹത്തിന്റെ ഗ്രന്ഥം ഏറെ ഉപകാരപ്പെടും. ..... ഇമാമുല്‍ ഹറമൈനിയുടെ വിജ്ഞാനം നിങ്ങള്‍ ആസ്വദിക്കുക. അദ്ദേഹം പരിശുദ്ധിയുടെ പ്രതീകമാണ്.''  ഹാഫിള് അബൂ മുഹമ്മദ് അല്‍ ജുര്‍ജാനി: ''സമകാലിക പണ്ഡിതന്മാരില്‍ നിസ്തുല പ്രതിഭയുള്ള അപൂര്‍വ വ്യക്തിത്വവും കാലഘട്ടത്തിന്റെ നായകനുമാണ് ഇമാമുല്‍ ഹറമൈന്‍.'' അബ്ദുല്‍ ഗാഫിര്‍ ഫാരിസി, ഇസ്‌ലാമിന്റെ അഭിമാനമെന്നും സമുദായത്തിന്റെ നായകനെന്നും കിഴക്കിനെയും പടിഞ്ഞാറിനെയും വിജ്ഞാനത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയ ശരീഅത്തിന്റെ സാത്വികാചാര്യന്‍ എന്നും അദ്ദേഹത്തെ പ്രശംസിച്ചു. ശൈഖ് അബൂ ഉസ്മാന്‍ അസ്സ്വാബൂനി അദ്ദേഹത്തെ ഇസ്‌ലാമിന്റെ കണ്‍കുളിര്‍മയെന്ന് വിശേഷിപ്പിച്ചു. ചക്രവാളങ്ങള്‍ക്ക് കീഴെ ഇമാമുല്‍ ഹറമൈന്‍ അബ്ദുല്‍ മലികിനെ പോലെ വേറൊരാളെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് കവികള്‍ പാടി. വിശ്വപ്രസിദ്ധനായ ഇമാം ഗസാലിയുടെ ചിന്തകളെ ലോകം കാലാതിവര്‍ത്തിയായി കൊയ്‌തെടുക്കുമ്പോള്‍ അതിന്റെ പിന്നിലെ വെള്ളവും വളവും ഇമാമുല്‍ ഹറമൈന്‍ ജുവൈനിയുടേതായിരുന്നു എന്നത് ആ വ്യക്തിത്വത്തെ കൂടുതല്‍ പ്രശോഭിതമാക്കുന്നു.

ഹി. 478 റബീഉല്‍ ആഖിറില്‍ ആ പണ്ഡിതതേജസ് വിടവാങ്ങി. പഠനവും ഗവേഷണവും അധ്യാപനവും സംവാദവും വൈജ്ഞാനിക യാത്രകളും ഗ്രന്ഥരചനകളുമായി 59 വര്‍ഷത്തെ ജീവിതം ധന്യമാക്കി ഇമാമുല്‍ ഹറമൈന്‍ ലോകത്തോട് വിടപറയുമ്പോള്‍ ഇസ്‌ലാമിക വിജ്ഞാനമേഖലക്ക് നഷ്ടമായത് കേവലം ഒരു ഇമാമിനെയല്ല; പകരം വെക്കാനില്ലാത്ത ഒരു അമരക്കാരനെയാണ്. 

 

 

ടി.ഇ.എം റാഫി വടുതല: എറണാകുളം ജില്ലയിലെ വടുതല സ്വദേശി. കാസര്‍കോട് ആലിയാ അറബിക് കോളേജില്‍ പഠനം. ഇപ്പോള്‍ വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജിന്റെ കൊല്ലം അനക്‌സില്‍ വൈസ് പ്രിന്‍സിപ്പല്‍. ഫോണ്‍: 9847937742. ഇമെയില്‍: [email protected]

Comments

Other Post