Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വികാസ പരിണാമങ്ങളിലെ ഖദീമും ജദീദും

അബൂദര്‍റ് എടയൂര്‍

ഇമാം ശാഫിഈയുടെയും അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിച്ച് ഗവേഷണം നടത്തിയ നൂറുകണക്കിന് പണ്ഡിതന്മാരുടെയും വീക്ഷണങ്ങള്‍ ചേര്‍ന്നതാണ് ശാഫിഈ മദ്ഹബ്. ഖത്വീബുശ്ശിര്‍ബീനി എഴുതുന്നു: ''ഇമാം ശാഫിഈയും അസ്വ്ഹാബും എത്തിച്ചേര്‍ന്ന അഭിപ്രായങ്ങളാണ് ശാഫിഈ മദ്ഹബ്'' (അല്‍മുഗ്‌നി).

ശാഫിഈ മദ്ഹബും (മദ്ഹബുശ്ശാഫിഇയ്യ) ഇമാം ശാഫിഈയുടെ ഫിഖ്ഹും (ഫിഖ്ഹുല്‍ ഇമാമിശ്ശാഫിഈ) ഒന്നല്ല. ഇമാം ശാഫിഈയുടെ കര്‍മശാസ്ത്ര ഗവേഷണങ്ങളാണ് ഖദീം (പഴയത്), ജദീദ് (പുതിയത്) എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്; ശാഫിഈ മദ്ഹബല്ല. അതേസമയം ഇമാം ശാഫിഈയുടെ വീക്ഷണത്തെ ആപേക്ഷികമായി ശാഫിഈ മദ്ഹബ് എന്ന് ചിലര്‍ പറയാറുണ്ട്.

ഇമാം ശാഫിഈ തന്റെ ബഗ്ദാദിലെ ജീവിതകാലത്ത് (ഹി. 195-199)/ഈജിപ്തിലേക്ക് താമസം മാറ്റുന്നതിന് മുമ്പ് പ്രകടിപ്പിച്ച വീക്ഷണങ്ങളും തുടങ്ങിവെച്ച ചര്‍ച്ചകളുമാണ് അല്‍മദ്ഹബുല്‍ ഖദീം എന്ന് അറിയപ്പെടുന്നത്. ഹിജ്‌റ 189 വരെ മക്ക, മദീന, ഇറാഖ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിയായിരുന്നു ഇമാം ശാഫിഈ. ഇമാം മാലികിന്റെ വിയോഗാനന്തരം അദ്ദേഹത്തിന്റെ പിന്‍ഗാമിയായിക്കൊണ്ട് ഹി.189 മുതല്‍ 195 വരെ അദ്ദേഹം മദീനയിലെ പ്രധാന ഗുരുനാഥനും കര്‍മശാസ്ത്ര വിശാരദനും മുഫ്തിയുമായിരുന്നെങ്കിലും ഇറാഖിലെത്തിയ ശേഷമാണ് സ്വതന്ത്രമായ ഒരു കര്‍മശാസ്ത്രം ഇമാം ശാഫിഈയില്‍ രൂപം കൊള്ളുന്നത്. 

ഖദീമായ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തിന് 'അല്‍ഹുജ്ജത്ത്' എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇമാം അസ്സഅ്ഫറാനിയാണ് ഇത് ഉദ്ധരിക്കുന്നത്. ഇത് ഇന്ന് ലഭ്യമല്ല. അതിനാല്‍ ഖദീമായ മദ്ഹബിനെ അറിയാന്‍ തല്‍ഖീസ്വ് (ഇബ്‌നുല്‍ ഖാസ്വ്), തഖ്‌രീബ് (അല്‍ഖഫ്ഫാല്‍), ജംഉല്‍ജവാമിഅ് (സൗസനീ), തഅ്‌ലീഖ (അബൂഹാമിദില്‍ ഇസ്ഫറായീനീ), ശര്‍ഹുല്‍ മുഖ്തസ്വര്‍ (അസ്സന്‍ജി), തഅ്‌ലീഖ (അബുത്ത്വയ്യിബുത്ത്വബരി), അല്‍ഹാവി (അല്‍മാവര്‍ദി), നിഹായതുല്‍ മത്വ്‌ലബ് (ഇമാമുല്‍ ഹറമൈനി), ഫത്ഹുല്‍ അസീസ് (ഇമാം റാഫിഈ), അല്‍മജ്മൂഅ് (ഇമാം നവവി) എന്നീ കൃതികളെ ആശ്രയിക്കുകയേ വഴിയുള്ളൂ. അദ്ദേഹത്തിന്റെ ഈ വീക്ഷണങ്ങള്‍ക്കാധാരമായ അര്‍രിസാലതുല്‍ ഖദീമയാണ് ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ പ്രഥമ ഗ്രന്ഥം. ഇതിലെ തത്ത്വങ്ങള്‍ ഇമാം മാലിക് തന്റെ ഗവേഷണത്തിന് അടിസ്ഥാനമാക്കിയ നിദാനശാസ്ത്രത്തില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ല. അതിനാല്‍ ഖദീമായ ശാഫിഈ വീക്ഷണങ്ങളില്‍ ഭൂരിഭാഗവും മാലികീ മദ്ഹബിനോട് സാമ്യതയുള്ളവയാണ്.

ഇമാം ശാഫിഈയുടെ ഖദീമായ വീക്ഷണങ്ങളെ വിവിധ ഇനങ്ങളായി തരംതിരിക്കാം:

1. ഇറാഖില്‍ വെച്ച് അന്തിമമായി തീരുമാനമെടുത്തതും ഈജിപ്തില്‍ എത്തിയെ ശേഷം മാറ്റം വരുത്തിയിട്ടില്ലാത്തതുമായവ.

2. ഇറാഖില്‍ വെച്ച് അന്തിമമായ തീര്‍പ്പുകല്‍പിക്കാതെ ചര്‍ച്ചയുടെ രൂപത്തില്‍ അവതരിപ്പിച്ചവ. സ്വീകാര്യമായ പ്രമാണങ്ങളുടെ ലഭ്യതക്കനുസരിച്ച് തീരുമാനമെടുക്കാന്‍ മാറ്റിവെച്ച ഇത്തരം മസ്അലകള്‍ രണ്ട് വിധമുണ്ട്;

 ഈജിപ്തിലെത്തിയ ശേഷം പ്രബലമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചവ.

 ഈജിപ്തിലെത്തിയ ശേഷം ഇറാഖിലെ ചര്‍ച്ചക്കെതിരായി ഉറപ്പിച്ചവ.

ഖദീമായ അഭിപ്രായങ്ങള്‍ ഇമാം ശാഫിഈയുടെ അന്തിമ തീരുമാനമല്ലെന്നും കേവലം ചര്‍ച്ചകള്‍ മാത്രമാണെന്നും ഇമാം ശാഫിഈയുടെ പ്രധാന ശിഷ്യന്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പ്രസ്താവിക്കുന്നു (സിയറു അഅ്‌ലാമിന്നുബലാഅ്).

ഇമാം അബൂഅലി ഹസനുബ്‌നു മുഹമ്മദ് അസ്സഅ്ഫറാനീ, ഇമാം അബൂഅബ്ദില്ല അഹ്മദുബ്‌നു ഹമ്പല്‍ അശ്ശൈബാനി, ഇമാം അബൂസൗര്‍ ഇബ്‌റാഹീമുബ്‌നു ഖാലിദ് ബഗ്ദാദി, ഇമാം അബൂഅലി ഹുസൈനുബ്‌നു അലിയ്യിബ്‌നില്‍ കറാബീസി എന്നിവരാണ് ഇമാം ശാഫിഈയുടെ ഇറാഖിലെ പ്രമുഖ ശിഷ്യന്മാര്‍.

ഹിജ്‌റ 199-ല്‍ ഈജിപ്തില്‍ എത്തിയ ശേഷം 204-ല്‍ ഇഹലോകവാസം വെടിയുന്നതുവരെയുള്ള കാലയളവില്‍ പ്രകടിപ്പിച്ച വീക്ഷണങ്ങളാണ് അല്‍മദ്ഹബുല്‍ ജദീദ്. ഈ ഘട്ടത്തില്‍ ശാഖാപരമായ വിഷയങ്ങളില്‍ മാത്രമല്ല, അടിസ്ഥാന തത്ത്വങ്ങളിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തന്റെ നിദാനശാസ്ത്ര ഗ്രന്ഥമായ അര്‍രിസാല അദ്ദേഹം മാറ്റിയെഴുതി. അര്‍രിസാലത്തുല്‍ ജദീദ എന്നാണ് അത് അറിയപ്പെടുന്നത്. ഇന്ന് ലഭ്യമായ അര്‍രിസാല ഇതാണ്. 

ഇമാം അബൂയഅ്ഖൂബ് യൂസുഫുബ്‌നു യഹ്‌യാ അല്‍ബുവൈത്വി, ഇമാം മുഹമ്മദുബ്‌നു റബീഇബ്‌നി സുലൈമാനില്‍ മുറാദീ, ഇമാം അബൂഅബ്ദില്ലാ ഹര്‍മലതുബ്‌നു യഹ്‌യാ, ഇമാം അബൂഇബ്‌റാഹീം ഇസ്മാഈലുബ്‌നു യഹ്‌യാ അല്‍ മുസനീ, ഇമാം അബൂമൂസാ യൂനുസുബ്‌നു അബ്ദില്‍ അഅ്‌ലാ എന്നിവരാണ് ഇമാം ശാഫിഈയുടെ ഈജിപ്തിലെ പ്രമുഖ ശിഷ്യന്മാര്‍. ഇവരിലൂടെയും ഇവരുടെ ശിഷ്യന്മാരിലൂടെയുമാണ് ജദീദായ മദ്ഹബ് പ്രചരിച്ചത്. അല്‍ഉമ്മ് എന്ന ഗ്രന്ഥം ഇമാം ശാഫിഈയില്‍നിന്ന് റബീഉല്‍ മുറാദിയാണ് ഉദ്ധരിക്കുന്നത്. ജദീദായ മദ്ഹബ് പ്രതിപാദിക്കുന്ന സമഗ്രഗ്രന്ഥം ഇതാണ്. മുഖ്തസ്വറുല്‍ ബുവൈത്വി, മുഖ്തസ്വറുല്‍ മുസനി എന്നിവയും ഇമാം ശാഫിഈയില്‍നിന്ന് ശിഷ്യന്മാര്‍ ഉദ്ധരിച്ചവയാണ്. എന്നാല്‍ കിതാബുല്‍ ഉമ്മിന് ശാഫിഈ പണ്ഡിതന്മാര്‍ക്കിടയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ല. പില്‍ക്കാലത്ത് ശാഫിഈ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ രചിച്ചവരില്‍ മഹാഭൂരിപക്ഷവും ഇമാം മുസനിയുടെ മുഖ്തസ്വര്‍ വിശദീകരിക്കുകയാണുണ്ടായത്. എന്തുകൊണ്ട് മുസനിയുടെ രിവായത്തിന് മാത്രം സവിശേഷ പ്രാധാന്യം നല്‍കപ്പെടുകയും മറ്റുളളവ അവഗണിക്കപ്പെടുകയും ചെയ്തു എന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. 

ജദീദിനെയും ഖദീമിനെയും കുറിച്ച് അല്ലാമാ കുര്‍ദി അല്‍ഫവാഇദുല്‍ മദനിയ്യയില്‍ എഴുതിയതിങ്ങനെ സംക്ഷേപിക്കാം:

1. ഒരു വിഷയത്തിലുള്ള ഖദീമും ജദീദുമായ അഭിപ്രായങ്ങള്‍ യോജിച്ചുവരുന്ന സന്ദര്‍ഭത്തില്‍ ജദീദുപോലെ ഖദീമും മദ്ഹബായി പരിഗണിക്കുന്നതാണ്.

2. ജദീദില്‍ ചര്‍ച്ച ചെയ്‌തൊരു വിഷയം ഖദീമില്‍ തീരെ ചര്‍ച്ച ചെയ്തിട്ടില്ലെങ്കില്‍ ജദീദ് തന്നെയായിരിക്കും ശാഫിഈ മദ്ഹബ്.

3. ഖദീമില്‍ ചര്‍ച്ച ചെയ്‌തൊരു വിഷയത്തെ കുറിച്ച് ജദീദില്‍ തീരെ പരാമര്‍ശങ്ങളില്ലെങ്കില്‍ ഖദീമിനെ മദ്ഹബായി പരിഗണിക്കുന്നതാണ്.

4. ഒരു വിഷയത്തില്‍ ഖദീമും ജദീദും വിരുദ്ധമാവുകയും ഖദീമില്‍ നിന്ന് മടങ്ങിയതായി ഇമാം ശാഫിഈ വ്യക്തമാക്കുകയും ചെയ്യുന്ന വിഷയത്തില്‍ ഖദീം ശാഫിഈ മദ്ഹബായി പരിഗണിക്കുന്നതല്ല. 

5. ഖദീമും ജദീദും പരസ്പരവിരുദ്ധമാവുമ്പോള്‍ തന്നെ ഖദീമായതില്‍നിന്ന് പിന്‍വാങ്ങിയതായി ഇമാം ശാഫിഈ വ്യക്തമാക്കാത്ത വിഷയത്തില്‍ അസ്വ്ഹാബിന് രണ്ടഭിപ്രായമുള്ളതായി പണ്ഡിതന്മാര്‍ പറയുന്നു. ജദീദായ അഭിപ്രായപ്രകടനത്തെ ഖദീമില്‍നിന്നുള്ള മടക്കമായി പരിഗണിക്കണമെന്നതാണൊന്ന്. ഇതിനെയാണ് ഇമാമുല്‍ ഹറമൈനി പ്രബലമായി കാണുന്നത്. തദ്‌വിഷയകമായി ഇമാം ശാഫിഈക്ക് രണ്ട് വീക്ഷണങ്ങളുള്ളതായി ഗണിക്കണമെന്നതാണ് രണ്ടാമത്തേത്. ശൈഖ് അബൂഹാമിദ് ഉള്‍പ്പെടെയുള്ള പല പ്രമുഖ പണ്ഡിതന്മാരും ഈ പക്ഷത്താണുള്ളത്. 

ഒരു വിഷയത്തില്‍ ജദീദായ രണ്ട് അഭിപ്രായങ്ങളുള്ളപ്പോള്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ഖത്വീബുശ്ശിര്‍ബീനി എഴുതുന്നു: ''ഒരു വിഷയത്തില്‍ ജദീദായ രണ്ട് അഭിപ്രായമുണ്ടെങ്കില്‍ ഇമാം അവസാനം പ്രകടിപ്പിച്ചതായിരിക്കും പ്രബലം. അതറിയാന്‍ സാധ്യമല്ലെങ്കില്‍ രണ്ടിലൊന്നിന് ഇമാം പ്രബലത കല്‍പിച്ചിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഒരു വിഷയത്തില്‍ ഒരേസമയം രണ്ടഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ശേഷം ഒന്നു പ്രകാരം ഇമാം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇമാമിന്റെ പ്രവര്‍ത്തനത്തെ മറ്റേതിനെ അസാധുവാക്കലായി ഗണിക്കണമെന്നാണ് മുസനിയുടെ പക്ഷം. എന്നാല്‍ അപ്രകാരം കണക്കാക്കാന്‍ പറ്റില്ലെന്നും പ്രത്യുത ഇമാം അതിന് പ്രാമുഖ്യം നല്‍കിയതായി മാത്രമേ അതിനെ കാണാവൂ എന്നുമാണ് മറ്റുള്ള പണ്ഡിതന്മാരുടെ വീക്ഷണം. ഇമാം ശാഫിഈ (ജദീദായ) രണ്ടഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച മസ്അലകള്‍  പതിനാറോളം വരും. ഇമാം ശാഫിഈ രണ്ടഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ഒരേസമയമാണോ ക്രമാനുസൃതമാണോ എന്നറിവില്ലാത്തപ്പോള്‍ രണ്ടിലൊന്നിന് പ്രബലത കണ്ടെത്താന്‍ യോഗ്യരായ പണ്ഡിതന്മാര്‍ സമഗ്ര ചര്‍ച്ച നടത്തി പ്രബല വീക്ഷണം കണ്ടെത്തേണ്ടതും അതിനു പ്രയാസം നേരിടുന്നുവെങ്കില്‍ അവ്വിഷയകമായി മൗനം പാലിക്കേണ്ടതുമാണ്'' (അല്‍മുഗ്‌നി).

ഇമാം ശാഫിഈയുടെ വീക്ഷണങ്ങളില്‍ പരിവര്‍ത്തനമുണ്ടാവുകയും ജദീദായ മദ്ഹബ് രൂപപ്പെടുകയും ചെയ്യാന്‍ പല കാരണങ്ങള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു:

1. മാലികീ മദ്ഹബ് ഇമാം ശാഫിഈയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹം ഇമാം മാലികിന്റെ ശിഷ്യനായതിനാല്‍ അത് തീര്‍ത്തും സ്വാഭാവികമാണ്. ഇമാം ശാഫിഈ ഗവേഷണത്തില്‍ ഇമാം മാലികിന്റെ രീതി പിന്തുടര്‍ന്നതില്‍ ഈ ഗുരുശിഷ്യബന്ധത്തിന് വലിയ പങ്കുണ്ട്. ക്രമേണ ഇമാം ശാഫിഈയുടെ വ്യക്തിത്വം വികാസം പ്രാപിക്കുകയും സ്വതന്ത്രമായ ചിന്തകള്‍ ഉടലെടുക്കുകയും ചെയ്തു. 

2. ഇമാം ശാഫിഈയുടെ വൈജ്ഞാനിക വികാസം. മുമ്പ് ലഭ്യമായിട്ടില്ലാത്ത പല ഹദീസുകളും അസറുകളും ഈജിപ്തില്‍ വെച്ച് അദ്ദേഹത്തിന് ലഭ്യമായി. ഇത് തന്റെ മുന്‍ വീക്ഷണങ്ങളെ പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

3. ആദ്യം ഉപയോഗിച്ചതിനേക്കാള്‍ മികച്ചതും പുതിയതുമായ ഖിയാസ് അവലംബിച്ചു.

4. ഇമാം ലൈസുബ്‌നു സഅ്ദ്, ഇമാം ഔസാഈ എന്നിവരുടെ ഫിഖ്ഹിനെ ഇരുവരുടെയും ശിഷ്യന്മാരിലൂടെ അടുത്തറിയാന്‍ ഈജിപ്തിലെ വാസം ഇമാം ശാഫിഈയെ സഹായിച്ചു. ഈ പഠനം അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചു.

5. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഇമാം ശാഫിഈ വരുത്തിയ മാറ്റങ്ങള്‍ തദടിസ്ഥാനത്തിലുള്ള നിയമനിര്‍ധാരണത്തില്‍ പ്രതിഫലിച്ചു. 

6. ഇറാഖും ഈജിപ്തും തമ്മിലുള്ള ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ മാറ്റങ്ങള്‍. സ്ഥലകാല പരിഗണനകള്‍ക്ക് വിധേയമായി ഫിഖ്ഹ് മാറുമെന്നതിന് ഇമാം ശാഫിഈയുടെ വീക്ഷണവൈജാത്യങ്ങളെ പലരും തെളിവാക്കാറുണ്ട് (ഈ കാരണം ചിലര്‍ അംഗീകരിച്ചിട്ടില്ല. വീക്ഷണങ്ങള്‍ മാറ്റാന്‍ മാത്രമുള്ള ദൂരമോ ജീവിത രീതികളില്‍ മാറ്റമോ ഇറാഖും ഈജിപ്തും തമ്മിലില്ല എന്നാണവരുടെ വാദം. ശാഫിഈ മദ്ഹബിലുള്ളവരും ഇമാം ശാഫിഈയെ അടുത്തറിഞ്ഞവരും ഇങ്ങനെയൊരു കാരണം ചൂണ്ടിക്കാണിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു).

ശാഫിഈ ഫിഖ്ഹിനെ ഖദീം, ജദീദ് എന്നിങ്ങനെ ഇനം തിരിക്കുമ്പോള്‍ അവ രണ്ടും സ്വതന്ത്രമായ വീക്ഷണങ്ങളാണ് എന്ന് അര്‍ഥമില്ല. പഴയതില്‍ ആവശ്യമായ മാറ്റത്തിരുത്തലുകള്‍ വരുത്തുകയാണുണ്ടായത്.

ഗവേഷകരായ പണ്ഡിതന്മാര്‍ (മുജ്തഹിദുകള്‍) വിവിധ പരിഗണനകള്‍ക്ക് വിധേയമായ തങ്ങളുടെ വീക്ഷണങ്ങളില്‍ മാറ്റം വരുത്തുക സാധാരണമാണല്ലോ. എന്നാല്‍ ഇമാം ശാഫിഈയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് ഖദീം, ജദീദ് എന്നിങ്ങനെ വിഭജനമുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. ഭൂമിശാസ്ത്രപരമായി അകലെയുള്ള രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് അദ്ദേഹം ജീവിച്ചത്.

2. അദ്ദേഹത്തിന്റെ ആദ്യഗവേഷണങ്ങള്‍ പുസ്തകരൂത്തില്‍ ക്രോഡീകരിക്കപ്പെട്ടു. ഈജിപ്തിലെത്തിയ ശേഷം അവ അദ്ദേഹം പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും പല വിഷയങ്ങളിലും അഭിപ്രായം മാറ്റി വീണ്ടും ഗ്രന്ഥരചന നടത്തുകയും ചെയ്തു. 

3. ഇമാം ശാഫിഈയുടെ ഇറാഖിലെ അധ്യാപനങ്ങളുടെ പ്രചാരകരായിരുന്ന ശിഷ്യന്മാര്‍ അദ്ദേഹത്തോടൊപ്പം ഈജിപ്തിലേക്ക് പോയിട്ടില്ല. ഈജിപ്തില്‍ അദ്ദേഹത്തിന് പുതിയ ശിഷ്യന്മാര്‍ ഉണ്ടാവുകയും അവര്‍ അദ്ദേഹത്തിന്റെ പുതിയ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അത് രണ്ട് വിഭാഗം (ഇറാഖീ, മിസ്വ്‌രീ) ശിഷ്യന്മാരുടെ ഉദയത്തിന് ഹേതുവായി. രണ്ടു വിഭാഗവും പ്രചരിപ്പിച്ച അധ്യാപനങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നു. 

ഇമാം അബൂഹനീഫയും ഇമാം മാലികുമെല്ലാം മുന്‍വീക്ഷണങ്ങളെ തിരുത്തിയിട്ടുണ്ടെങ്കിലും അവര്‍ ജീവിച്ച സ്ഥലവും അവരുടെ ശിഷ്യന്മാരും ഒന്നുതന്നെയായിരുന്നു.

 

ഖദീമിനും ജദീദിനും ചില ഉദാഹരണങ്ങള്‍

ഖദീം: ഒറ്റക്ക് നമസ്‌കരിക്കുന്നവന്‍ ബാങ്ക് വിളിക്കേണ്ടതില്ല.

ജദീദ്: ഒറ്റക്ക് നമസ്‌കരിക്കുന്നവന്‍ ബാങ്കും ഇഖാമത്തും ഉപേക്ഷിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല

ഖദീം: ഇമാമിന്റെ മുമ്പില്‍ നിന്നാല്‍ മഅ്മൂമിന്റെ നമസ്‌കാരം സാധുവാകും.

ജദീദ്: മസ്ജിദുല്‍ ഹറാം ഒഴികെയുള്ള സ്ഥലങ്ങളില്‍ മഅ്മൂം ഇമാമിന്റെ പിന്നില്‍ തന്നെ നില്‍ക്കണം. ഇല്ലായെങ്കില്‍ മഅ്മൂമിന്റെ നമസ്‌കാരം അസാധുവാകും.

ഖദീം: ജംഉത്തഅ്ഖീര്‍ അനുവദനീയമാണ് (ളുഹ്ര്‍ നമസ്‌കാരം അസ്വ്‌റിന്റെ സമയത്തേക്കും മഗ്‌രിബ് നമസ്‌കാരം ഇശാഇന്റെ സമയത്തേക്കും പിന്തിച്ച് രണ്ടാമത്തേതിന്റെ സമയത്ത് നിര്‍വഹിക്കലാണ് ജംഉത്തഅ്ഖീര്‍).

ജദീദ്: ജംഉത്തഅ്ഖീര്‍ അനുവദനീയമല്ല.

ഖദീം: ജുമുഅ ഖുത്വ്ബ നിര്‍വഹിക്കപ്പെടുമ്പോള്‍ സദസ്യര്‍ നിശ്ശബ്ദത പാലിക്കല്‍ നിര്‍ബന്ധമാണ്. മനഃപൂര്‍വം സംസാരിക്കുന്നവന്‍ കുറ്റവാളിയാകും.

ജദീദ്: നിശ്ശബ്ദത നിര്‍ബന്ധമില്ല. എന്നാല്‍ അഭിലഷണീയമാണ്.

ഖദീം: ഒലിവ്, കുങ്കുമം, തേന്‍ എന്നിവക്ക് സകാത്ത് നിര്‍ബന്ധമാണ്

ജദീദ്:  നിര്‍ബന്ധമില്ല.

അല്‍ഖദീം വല്‍ ജദീദ് മിന്‍ അഖ്‌വാലി അല്‍ ഇമാമിശ്ശാഫിഈ മിന്‍ ഖിലാലി കിതാബി മിന്‍ഹാജിത്വാലിബീന്‍ എന്ന ഗ്രന്ഥത്തില്‍ ഇബാദാത്ത്, ബൈഅ്, നികാഹ്, ത്വലാഖ് തുടങ്ങി അനേകം വിഷയങ്ങളിലുള്ള ഇമാം ശാഫിഈയുടെ ഖദീമും ജദീദുമായ വീക്ഷണങ്ങളെ തെളിവുകള്‍ സഹിതം വിശദമായി ചര്‍ച്ചക്ക് വിധേമാക്കുന്നുണ്ട്.

* ഇബ്‌നുഹജറും മറ്റും പറയുന്നു: ശാഫിഈ മദ്ഹബിലെ ഇമാമുമാരായ ഇമാം റാഫിഈ (മരണം ഹി. 613), ഇമാം നവവി (മരണം ഹി. 676) എന്നിവര്‍ക്ക് മുമ്പുള്ള ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി പ്രബലമാണ് എന്ന് ബോധ്യപ്പെടാതെ അവയിലുള്ളത് അവലംബിക്കാന്‍ പറ്റുകയില്ല എന്ന വിഷയത്തില്‍ മുഹഖ്ഖിഖുകള്‍ യോജിച്ചിരിക്കുന്നു. അവര്‍ പറയുന്നു: ഇപ്പറഞ്ഞത് ശൈഖാനിയോ (ഇമാം റാഫിഈ, ഇമാം നവവി) രണ്ടിലൊരാളോ പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയത്തില്‍ മാത്രമാണ്. ഇനി ശൈഖാനി പരാമര്‍ശിച്ച വിഷയമാകുമ്പോള്‍ രണ്ടുപേരും ഏകോപിച്ച് രേഖപ്പെടുത്തിയ അഭിപ്രായമാണ് പ്രബലമെന്ന് മുഹഖ്ഖിഖുകള്‍ ഏകസ്വരത്തില്‍ പറയുന്നു. ഇനി ശൈഖാനി വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇമാം നവവിയുടെ അഭിപ്രായമാണ് പ്രബലം (തര്‍ശീഹ്). 

 

അവലംബം:

1. അല്‍ മദ്ഖലു ഇലാ മദ്ഹബില്‍ ഇമാമിശ്ശാഫിഈ/ ഡോ. അക്‌റം യൂസുഫ് ഉമറുല്‍ ഖവാസിമി

2. അല്‍ഖദീമു വല്‍ ജദീദു മിന്‍ അഖ്‌വാലില്‍ ഇമാമിശ്ശാഫിഈ മിന്‍ ഖിലാലി കിതാബി മിന്‍ഹാജിത്വാലിബീന്‍ / ഡോ. മുഹമ്മദ് സമീഈ അബ്ദുര്‍റഹ്മാന്‍ റുസ്താഖി

3. അല്‍ മുഅ്തമദു ഫില്‍ ഫിഖ്ഹിശ്ശാഫിഈ/ ഡോ. മുഹമ്മദ് സുഹൈലി

4. ഇസ്‌ലാമിക വിശ്വാസ കോശം. പ്രസാധനം: അലിഫ് ബുക്‌സ് പൂങ്ങോട്, വാള്യം 2,4

 

അബൂദര്‍റ് എടയൂര്‍: മലപ്പുറം ജില്ലയിലെ എടയൂര്‍ സ്വദേശി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസ്വൂലുദ്ദീന്‍ കോഴ്‌സും കുല്ലിയ്യത്തുല്‍ ഖുര്‍ആനില്‍ നിന്ന് പി.ജിയും നേടി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം. ഇപ്പോള്‍ അല്‍ ജാമിഅയില്‍ അസി. ലൈബ്രേറിയന്‍. ഫോണ്‍: 9947553803.

ഇമെയില്‍: [email protected]

Comments

Other Post