Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇതര മദ്ഹബുകളോടുള്ള സമീപനങ്ങള്‍

സി.ടി സുഹൈബ്

ഇമാം അബൂഹനീഫ, ഇമാം മാലിക് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രചരിക്കുകയും മേല്‍ക്കൈ നേടുകയും ചെയ്ത സമൂഹത്തിലാണ് ഇമാം ശാഫിഈ തന്റെ ഇജ്തിഹാദുകള്‍ അവതരിപ്പിക്കുന്നത്. ഇമാം മാലികിന്റെ ശിഷ്യനായിരുന്ന അദ്ദേഹം ഗുരുവിന്റെയും മുന്‍ഗാമികളായ പണ്ഡിതന്മാരുടെയും ഗവേഷണ രീതിയും നിയമ നിര്‍ധാരണ സ്വഭാവവും ആഴത്തില്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായ ചില കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. പ്രധാനമായും ഹദീസുകള്‍ സ്വീകരിക്കുന്നതിലുള്ള സൂക്ഷ്മതക്കുറവും സ്വഹീഹായ ഹദീസുകള്‍ പലതും ലഭ്യമല്ലാതെ പോയതും മുന്‍ഗാമികളെ പല അബദ്ധങ്ങളിലേക്കും കൊണ്ടെത്തിച്ചതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പല അഭിപ്രായങ്ങളുടെയും അവലംബം മുര്‍സലോ മുന്‍ഖത്വിഓ ആയ ഹദീസുകളാണെന്നും മുര്‍സലായ ഹദീസുകള്‍ സ്വീകരിക്കുന്നതിന് ശക്തമായ ഉപാധികള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമായി തോന്നുന്ന പ്രമാണങ്ങളെ സംയോജിപ്പിക്കാനുള്ള ക്ലിപ്തമായ നിദാന തത്ത്വങ്ങള്‍ മുന്‍ഗാമികള്‍ക്കില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിലയിരുത്തല്‍. അതിനാല്‍തന്നെ അദ്ദേഹം ഉസ്വൂലുല്‍ ഫിഖ്ഹിന് കൃത്യമായ ചട്ടക്കൂട് നിര്‍മിച്ചു. 

മുന്‍ഗാമികളായ ഇമാമുമാര്‍ക്കും അവരുടെ മദ്ഹബിനുമെതിരെ കേവല വിമര്‍ശനങ്ങള്‍ അദ്ദേഹം ഉയര്‍ത്തിയിരുന്നില്ല. അവരെ ബഹുമാനിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അഭിപ്രായം മാത്രമാണ് ശരി എന്ന വാദം മറ്റു ഇമാമുമാരെ പോലെ അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. ഹദീസുകളോടുള്ള പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രത്യേകത. 'ഒരു വിഷയത്തില്‍ ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇമാം ശാഫിഈ പറഞ്ഞതായി ഇമാം അഹ്മദ് പറയുന്നു. ''ഹദീസ് സ്വഹീഹായി ലഭിച്ചാല്‍ എന്നോട് പറയണം, ഹിജാസിലോ ശാമിലോ എവിടെയുമാകട്ടെ അത് എന്റെ മദ്ഹബായി ഞാന്‍ കൈക്കൊള്ളും.'' 

ഇസ്തിഹ്‌സാനെ നിദാന ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാനമായി അംഗീകരിച്ചു എന്നതായിരുന്നു ഇമാം അബൂഹനീഫയെക്കുറിച്ച് ഇമാം ശാഫിഈയുടെ പ്രധാന വിമര്‍ശനം. കിതാബുല്‍ ഉമ്മില്‍ ഇസ്തിഹ്‌സാനെ അദ്ദേഹം നിശിതമായി നിരൂപണം ചെയ്യുന്നുണ്ട്. ഇസ്തിഹ്‌സാന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നവര്‍ സ്വയം നിയമനിര്‍മാണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇമാം ശാഫിഈ എതിര്‍ത്ത ഇസ്തിഹ്‌സാന്‍, തെളിവിന്റെ പിന്‍ബലമില്ലാതെ സ്വന്തം ഇഛക്കനുസരിച്ച് അഭിപ്രായം പറയുന്ന രീതിയാണെന്ന് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇമാം അബൂഹനീഫയോട് വലിയ ആദരവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 'കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടുന്നവരെല്ലാം ഇമാം അബൂഹനീഫയുടെ ആശ്രിതരാകുന്നു' എന്ന് ശാഫിഈ പറയുകയുണ്ടായി. അബൂഹനീഫയെ പുകഴ്ത്തിക്കൊണ്ടദ്ദേഹം കവിതകള്‍ രചിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂഫയിലെ പള്ളിയിലെത്തിയ അദ്ദേഹം സ്വുബ്ഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ ഖുനൂത് നിര്‍ബന്ധമാണെന്ന സ്വന്തം അഭിപ്രായം മാറ്റിവെച്ചുകൊണ്ട് സ്വുബ്ഹില്‍ ഖുനൂത് ഇല്ല എന്ന ഇമാം അബൂഹനീഫയുടെ അഭിപ്രായമനുസരിച്ച് നമസ്‌കരിച്ചു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ചിലപ്പോള്‍ നാം നുഅ്മാന്റെ (അബുഹനീഫ) അഭിപ്രായത്തിലേക്ക് ഇറങ്ങിവരും.''

തന്റെ ഗുരുവായ ഇമാം മാലികിനോട് വിയോജിക്കുമ്പോഴും അദ്ദേഹത്തെ വിമര്‍ശിക്കുന്ന രീതി ഇമാം ശാഫിഈക്കുണ്ടായിരുന്നില്ല. ഈജിപ്തിലെത്തിയ ശേഷം ഇമാം മാലികിന്റെ അഭിപ്രായങ്ങളെ തുറന്നെതിര്‍ക്കാനും അദ്ദേഹത്തിന്റെ ഗവേഷണ രീതിയെ വിമര്‍ശിക്കാനും അദ്ദേഹം നിര്‍ബന്ധിതനായ സാഹചര്യമുണ്ടായി. അത്, ഇമാം മാലികിന്റെ അനുയായികള്‍ അദ്ദേഹത്തെ പവിത്രവത്കരിക്കുകയും ഹദീസുകളേക്കാള്‍ ഇമാമിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നത് കണ്ടപ്പോഴായിരുന്നു. സ്വഹീഹായ ഹദീസുകള്‍ക്കു മുമ്പില്‍ വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് തെളിയിക്കാനായി ഹദീസുകള്‍ക്ക് വിരുദ്ധമായി വന്ന ഇമാം മാലികിന്റെ ചില അഭിപ്രായങ്ങളെ തുറന്നെതിര്‍ക്കുകയും ചെയ്തു ശാഫിഈ. 'ഖിലാഫുമാലിക്' (ഇമാം മാലികിനോടുള്ള വിയോജനം) എന്ന പേരില്‍ പുസ്തകമെഴുതിയ അദ്ദേഹം പക്ഷേ ഇമാമിനോടുള്ള ആദരവ് കാരണം അത് പുറത്തിറക്കാന്‍ മടികാണിച്ചു എന്നും പിന്നീട് ഒരു വര്‍ഷം 'ഇസ്തിഖാറ' നടത്തിയ ശേഷമാണ് അത് പുറത്തിറക്കിയതെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഇമാം ശാഫിഈക്ക് മറ്റു ഇമാമുമാരുടെ അഭിപ്രായങ്ങളോടുള്ള ആദരവും ബഹുമാനവും ഈ സംഭവങ്ങള്‍ വിളിച്ചോതുന്നുണ്ട്. വ്യക്തി വിമര്‍ശനങ്ങള്‍ ഒരിക്കലും അദ്ദേഹം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ വിമര്‍ശനം അവരുടെ ഗവേഷണ രീതിയോടും ഹദീസ് സ്വീകരിക്കുന്നതിലെ അവരുടെ നിലപാടിനോടുമായിരുന്നു. 

Comments

Other Post