Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ശാഫിഈ മദ്ഹബിന്റെ മലേഷ്യന്‍ വിശേഷങ്ങള്‍

മുനീര്‍ മുഹമ്മദ് റഫീഖ്

ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന കിഴക്കനേഷ്യന്‍ മുസ്‌ലിം നാടുകളില്‍ പ്രമുഖമാണ് മലേഷ്യ. ബുദ്ധ-ഹൈന്ദവ-ക്രൈസ്തവ മതവിഭാഗങ്ങളുള്‍ക്കൊള്ളുന്ന ഇവിടത്തെ ബഹുസ്വര സമൂഹത്തില്‍ അറുപത് ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. 2013 ലെ കണക്കനുസരിച്ച് 28.33 മില്യന്‍ ജനസംഖ്യയില്‍ 19.3 മില്യന്‍ ജനങ്ങളും മുസ്‌ലിംകളാണ്. ഭരണഘടനയില്‍ എഴുതപ്പെട്ടതു പ്രകാരം ഇസ്‌ലാം രാജ്യത്തിന്റെ ഔദ്യോഗിക മതവും രാജാവ് മതത്തിന്റെ സംരക്ഷകനും മലയ് വംശജരായ മുഴുവന്‍ മുസ്‌ലിംകളും ശാഫി മദ്ഹബുകാരുമാണ്. മലായ്ക്കാര്‍ പൊതുവെയും  മതകാര്യങ്ങളില്‍ വിശേഷിച്ചും സന്തുലിത-മധ്യമസമൂഹമാണ്. ഭൗതികപുരോഗതിയിലും ജീവിതനിലവാരത്തിലും മുസ്‌ലിം നാടുകള്‍ക്കു മാതൃകയായി മലേഷ്യ വിലയിരുത്തപ്പെടുന്നു. 

ശാഫിഈ മദ്ഹബുകാരായ മലായ് മുസ്‌ലിംകളില്‍ മദ്ഹബീ വിധികളും വീക്ഷണങ്ങളും എവ്വിധം സ്വാധീനം ചെലുത്തുന്നുവെന്ന അന്വേഷണമാണ് ഈ ലേഖനം. മലായ് മുസ് ലിംകളുടെ ജീവിതത്തില്‍ ശാഫിഈ മദ്ഹബിന്റെ സ്വാധീനം, ഈ പ്രദേശത്തെ മദ്ഹബീ ഉത്ഭവ ചരിത്രം. ശാഫിഈ മദ് ഹബും സ്ത്രീകളും, മതപരവും മദ്ഹബീപരവുമായ പുതുപ്രവണതകള്‍ എന്നിവയാണ് ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

 

ശാഫിഈ മദ്ഹബ്: ചരിത്രവും വികാസവും

1957-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതോടെയാണ് ആധുനിക മലേഷ്യയുടെ ചരിത്രമാരംഭിക്കുന്നത്. ബ്രിട്ടീഷ് കോളനികാലത്തിനു മുമ്പ് നിരവധി നാട്ടു രാജ്യങ്ങളടങ്ങുന്ന ദ്വീപസമൂഹങ്ങളായിരുന്നു മലായ്.* ഈ ദ്വീപുസമൂഹങ്ങളിലെ ഇസ്‌ലാമിന്റെ ചരിത്രത്തിന് എട്ടു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 12 ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ കച്ചവടക്കാര്‍ വഴി പടിഞ്ഞാറന്‍ തുറമുഖനഗരമായ മലാക്കയിലാണ് ആദ്യമായി ഇസ്‌ലാമെത്തുന്നത്. മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ പോലുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും സിങ്കപ്പൂര്‍, തായ്‌ലന്റ്, ഫിലിപ്പീന്‍സ് പോലുള്ള മുസ്‌ലിം ന്യൂനപക്ഷരാജ്യങ്ങളിലും ഇസ്‌ലാം പ്രചരിക്കുന്നത് അതോടെയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനം മലായ് സംസ്‌കാരത്തിലും ഭാഷയിലും നൂറ്റാണ്ടുകള്‍ക്കു ശേഷവും ദൃശ്യമാണ്. മലായ് ഭാഷ കടമെടുത്ത സംസ്‌കൃതപദങ്ങളായ സ്വര്‍ഗ (സ്വര്‍ഗം), നരക, (നരകം) പുവാസ (വൃതം) ഇതിനു തെളിവാണ്. അറബി ഭാഷയുടെ കടന്നുവരവിനു ശേഷവും വിശ്വാസകാര്യങ്ങളെ കുറിക്കുന്ന സാങ്കേതികപദങ്ങള്‍ക്ക് സംസ്‌കൃതപദങ്ങള്‍ തന്നെ ഉപയോഗിക്കുന്നുവെന്നത് ഇന്ത്യന്‍സംസ്‌കാരത്തിന്റെ സ്വാധീനഫലമാണെന്ന് ചരിത്രകാന്‍മാര്‍ വിലയിരുത്തുന്നു. ഇസ്‌ലാമിന്റെ വരവോടെ പൗരാണിക ജാവി ലിപി, അറബി അക്ഷരമാലയില്‍ എഴുതപ്പെടാന്‍ തുടങ്ങി. കിതാബു ജാവി എന്നാണ് ഈ ലിപി അറിയപ്പെട്ടത്.  

പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലാണ് മലായ് നാടുകളില്‍ ഇസ്‌ലാമിന്റെ വ്യാപനം. നാട്ടുരാജാക്കന്‍മാരുടെ ഇസ്‌ലാമാശ്ലേഷമാണ് പൊടുന്നനെയുള്ള ഇസ്‌ലാം വ്യാപനത്തിലേക്കു നയിച്ചത്. ഇക്കാലയളവില്‍ തന്നെയാണ് (പതിനഞ്ച് പതിനാറാം നൂറ്റാണ്ടുകളില്‍) ശാഫിഈ മദ്ഹബിനും പ്രദേശത്ത് പ്രാമുഖ്യം കൈവരുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക കര്‍മ ശാസ്ത്ര സരണിയായി അക്കാലങ്ങളിലേ നാട്ടുരാജാക്കന്‍മാര്‍ സ്വീകരിച്ച ശാഫി മദ്ഹബ്, ഭരണകൂടസംരക്ഷണയോടെയാണ് മലേഷ്യയില്‍ വേരൂന്നുന്നത്. ഇവിടങ്ങളില്‍ എത്തിപ്പെട്ട ആദ്യകാല അറബ് ഇന്ത്യന്‍ കച്ചവടക്കാരും പ്രബോധകരും ശാഫിഈ മദ്ഹബുകാരായിരുന്നു എന്നുവേണം കരുതാന്‍. പ്രബോധകന്‍മാരുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രദേശത്തെ ഇസ്‌ലാമിന്റെ മദ്ഹബീപരമായ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത് അക്കാലത്ത് രചിക്കപ്പെട്ട കൃതികളാണ്. പ്രമുഖ ശാഫിഈ പണ്ഡിതന്മാരുടെ അറബി കൃതികള്‍ക്ക് മലായ് ഭാഷയില്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടു. മതപരമായ വിധികള്‍ അറിയാനും അറിവുനേടാനും അത്തരം കൃതികളെയായിരുന്നു ജനങ്ങള്‍ പ്രധാനമായും അവലംബിച്ചത്. അത്തരം രചനകള്‍ക്ക് സുല്‍താന്‍മാരുടെ ആശീര്‍വാദവും സാമ്പത്തിക സഹായവുമുണ്ടായിരുന്നു.  

 

ആദ്യകാല ശാഫിഈ കൃതികള്‍, പണ്ഡിതന്മാര്‍ 

1. ഇമാം നവവിയുടെ മിന്‍ഹാജു ത്വാലിബീന്‍, ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരിയുടെ മിന്‍ഹാജുത്തുല്ലാബ്, ഫത്ഹ് തുല്ലാബ് ഗ്രന്ഥങ്ങളെ അധികരിച്ച് നൂറുദ്ദീന്‍ ബിന്‍ അലി ഹാമിദ് അല്‍റാനിരി, രചിച്ച ഫിഖ്ഹി ഗ്രന്ഥം, മലായ്ക്കാര്‍ക്കിടയിലെ പ്രസിദ്ധ ശാഫിഈ കിതാബാണ്. ആചെയിലെ സുല്‍താന്‍ ഇസ്‌കന്തര്‍ താനി(1644)യുടെ കാലത്ത് ആചെയിലെ മുഖ്യ ഖാദിയായിരുന്നു നൂറുദ്ദീന്‍ ഹാമിദ്. അഖീദ, ഫിഖ്ഹ്, സൂഫിസം, ഹദീസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുപത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. പിന്നീട് മലേഷ്യയിലെ കെദ പോലുള്ള പ്രദേശങ്ങളിലേക്ക് റാനിരിയുടെ ഗ്രന്ഥങ്ങള്‍ ആചെ രാജാവ് അയച്ചുകൊടുക്കുകയും മലായ് പ്രവിശ്യകളില്‍ ശാഫിഈ മദ്ഹബിന് ഏറെ സ്വീകാര്യത കൈവരികയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ വരെയും ആചെന്‍ മുസ്‌ലിംകളുടെ പ്രധാന അവലംബമായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.  

2. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ രചിക്കപ്പെട്ട മുഹമ്മദ് അര്‍ഷദ് അല്‍ ബന്‍ജാരിയുടെ 'സബീല്‍ മുഹ്തദീന്‍' എന്ന ഫിഖ്ഹ് ഗ്രന്ഥവും പ്രസിദ്ധ ശാഫിഈ കിതാബാണ്. പ്രഗല്‍ഭ അറബ് ശാഫിഈ പണ്ഡിതരുടെ  ഗ്രന്ഥങ്ങളെ അധികരിച്ചാണ് മലായ് കൃതികള്‍ അധികവും രചിക്കപ്പെട്ടത്. ഖതീബ് ശര്‍ബിനിയുടെ മുഗ്നി മുഹ്താജ് ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ, നടേ പറഞ്ഞ മലായ് പണ്ഡിതന്‍ റംലിയുടെ നിഹായ എന്നീ ഗ്രന്ഥങ്ങളെ അധികരിച്ചാണ് സബീല്‍ മുഹ്തദീന്‍ രചിക്കപ്പെട്ടിരിക്കുന്നത്. 

3. 1833-ല്‍ രചിക്കപ്പെട്ട ദാവൂദ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഫതാനിയുടെ ഫുറൂഉല്‍ മസാഇലും മലയ് മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമാണ്. മലായ് മുസ്‌ലിംകള്‍ ഇന്നും അവലംബിക്കുന്ന നമസ്‌കാരത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് മുന്‍യാഹുല്‍ മുസ്വല്ലി. ശാഫിഈ മദ്ഹബ് പ്രകാരമുള്ള നമസ്‌കാരരീതിയാണ്  പ്രതിപാദ്യം.

4. മലേഷ്യയിലെ പല മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠ്യപദ്ധതിയുടെ ഭാഗമാണ് മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ ദാവൂദ് അല്‍ ഫതാനിയുടെ മത്വ്‌ലഅ അല്‍ ബദ്‌റൈന്‍ എന്ന ഗ്രന്ഥം. 1885-ല്‍ രചിക്കപ്പെട്ട ഈ പുസ്തകം ശാഫിഈ ഫിഖിഹിനു പുറമേ, അശ്അരീ അഖീദയും സവിസ്തരം പ്രതിപാദിക്കുന്നു. 

5. 1890-ല്‍ രചിക്കപ്പെട്ട കശ്ഫ് അല്‍ ലിത്ഹാന്‍ മലായ് ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമാണ്. സൈനുല്‍ ആബിദീന്‍ അല്‍ ഫതാനി രചിച്ച ഈ കൃതിക്ക് നാല് വാള്യങ്ങളുണ്ട്. 

തസവ്വുഫില്‍ ഇമാം ഗസ്സാലിയുടെ ഹിദായത്തുല്‍ സാലികീന്‍ ഫീ സുലുക മസ്‌ലക് അല്‍ മുത്വഖീന്‍, ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്നി കൃതികളുടെ മലായ് വിവര്‍ത്തനം മിക്കവാറും പള്ളികളിലും സുറാവു(ചെറിയ പള്ളികള്‍)കളിലും കാണാം. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച മലായ് പണ്ഡിതനായ സമദ് ബിന്‍ അബ്ദുല്ല ഫാലിമ്പാലിയാണ് ഇവയുടെ വിവര്‍ത്തകന്‍. മലായ് നാടുകളില്‍ ശാഫിഈ മദ്ഹബിന് ഏറെ പ്രചാരം നേടിക്കൊടുക്കുന്നതില്‍ മേല്‍സൂചിത കൃതികള്‍ക്ക് വലിയ പങ്കുണ്ട്. (കഹെമാശ്വമശേീി ീള വേല ങമഹമ്യ അൃരവശുലഹമഴീ മിറ വേല കാുമര േീള മഹടവമളശ'ശ െങമറവവമയ ീി കഹെമാശര ഠലമരവശിഴ ൈമിറ ഘലഴശഹെമശേീി ശി ങമഹമ്യശെമ). 

മലായ് ഭാഷയില്‍ രചിക്കപ്പെട്ട ശാഫിഈ ഗ്രന്ഥങ്ങളുടെ പൊതുവായ പ്രത്യേകത, അധികവും ശാഫിഈ മദ്ഹബിലെ നിഹായതുല്‍ മുഹ്താജ്, മുഗ്‌നി അല്‍ മുഹ് താജ്, ഫതഹ് അല്‍ വഹാബ്, തുഹ്ഫ, ഇഹ്‌യാ.. എന്നീ ഗ്രന്ഥങ്ങളെ അധികരിച്ച് എഴുതപ്പെട്ടതാണ് എന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ, മെതഡോളജിയിലും ആവിഷ്‌കാരത്തിലും ശാഫി മദ്ഹബിന് കാര്യമായ വ്യത്യാസം മലേഷ്യയിലില്ല. ശാഫിഈ മദ് ഹബിലെ ക്ലാസിക്കല്‍ ടെക്സ്റ്റുകളായ ഇമാം ശാഫിയുടെ കിതാബുല്‍ ഉമ്മും രിസാലയും മലായ് ഭാഷയിലേക്ക് ഈയടുത്ത കാലത്ത് മൊഴിമാറ്റം ചെയ്യപ്പെട്ടു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനും ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ബുലൂഗുല്‍ മറാമും മലായ് ഇന്തോനേഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

 

പള്ളികള്‍

ശാഫിഈ മദ്ഹബിന്റെ പല സവിശേഷതകളും ഏറെ പ്രതിഫലിപ്പിക്കപ്പെടുന്ന ഇടമാണ് പള്ളികള്‍. വിരലിലെണ്ണാവുന്നവ ഒഴികെ, മലേഷ്യയിലെ എല്ലാ പള്ളികളും ശാഫിഈ മദ്ഹബനുസരിച്ചുള്ളവയാണ്. മലേഷ്യയിലെ യൂനിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള ശാഫിഈ പള്ളികളില്‍ മലായ് ഭാഷയിലാണ് ഖുത്വ്ബ നിര്‍വഹിക്കപ്പെടുന്നത്. ശ്രോതാക്കള്‍ക്ക് അറബി മനസ്സിലാകാത്തപക്ഷം പ്രാദേശികഭാഷയിലും ഖുത്വ്ബ നിര്‍വഹിക്കാമെന്ന ശാഫിഈ വീക്ഷണത്തെയാണ് മലേഷ്യക്കാര്‍ പരിഗണിക്കുന്നത്. പ്രദേശിക ഭാഷയില്‍ ഒരു പ്രസംഗവും ശേഷം അറബിയില്‍ മിമ്പറില്‍ സാക്ഷാല്‍ ഖുതുബയും എന്ന പതിവ് ഇവിടെയില്ല. അറബിയിലോ ഇംഗ്ലീഷിലോ ഖുത്വ്ബ നിര്‍വഹിക്കപ്പെടുന്ന ഇന്റര്‍ നാഷ്‌നല്‍ യൂനിവേഴ്‌സിറ്റി പോലുള്ള പള്ളികളില്‍ പോലും, തദ്ദേശീയരെ പരിഗണിച്ച് രണ്ടാം ഖുത്വ്ബകള്‍ പൂര്‍ണമായും മലായ് ഭാഷയിലാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ജമാഅത്ത് നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥനകളും ശാഫിഈ മദ്ഹബ് പ്രകാരമുള്ള റമദാനിലെ 23 റക്അത്ത് തറാവീഹുമാണ് പതിവ്. ഈദ് നമസ്‌കാരങ്ങള്‍ പള്ളികളില്‍തന്നെ നിര്‍വഹിക്കപ്പെടുന്നു.  

പള്ളികള്‍ മലേഷ്യയില്‍ പ്രാര്‍ഥനാ ഗേഹങ്ങള്‍ മാത്രമല്ല; സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചു പല കൂട്ടായ്മകളുമുണ്ടിവിടെ. അവയ്ക്കു കീഴില്‍ ക്ലാസ്സുകളും വര്‍ക്‌ഷോപ്പുകളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തപ്പെടുന്നു. ഒരോ പ്രദേശത്തും ശാഫീഈ പണ്ഡിതന്മാരായ മുഫ്തിമാരോ, ഖാദിമാരോ ഉണ്ടായിരിക്കും. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള അവരുടെ മതവിധികള്‍ക്ക് ജനം വലിയ വിലകല്‍പ്പിക്കുന്നു. മഖ്ബറകള്‍ കേന്ദ്രീകരിച്ചുള്ള യാതൊരുവിധ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മലേഷ്യയില്‍ ഇല്ലെന്നതും പരാമര്‍ശിക്കേണ്ടതാണ്.

 

സ്ത്രീകള്‍

മലായ് മുസ്‌ലിംസ്ത്രീകളുടെ പൊതു രംഗത്തെ സാന്നിധ്യം മറ്റേതൊരു മുസ്‌ലിം സമൂഹത്തെക്കാളും മേലെയായിരിക്കും. വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീകള്‍ നിറസാന്നിധ്യമാണ്. രാജ്യത്തിന്റെ പാരമ്പര്യവും മതപരമായ നിയമങ്ങളുമാണ് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം തുല്യ പദവിയലങ്കരിക്കാന്‍ കാരണമെന്ന് തദ്വിഷയകമായി പഠനം നടത്തിയ വസീര്‍ ജഹാന്‍ കരീം അഭിപ്രായപ്പെടുന്നു. അനന്തരവകാശത്തില്‍ പുരുഷന്റെ പകുതി അവകാശമുള്ള മുസ്‌ലിം സ്ത്രീ, മറ്റു പല കാര്യങ്ങളിലും മലേഷ്യയിലെ പരമ്പരാഗത നിയമങ്ങളനുസരിച്ച് പുരുഷന്‍മാര്‍ക്കൊപ്പമാണ്. (ണീാലി മിറ ഈഹൗേൃല: ആലംേലലി ങമഹമ്യ അറമ േമിറ കഹെമാ). ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ തലപ്പത്തും അകാദമിക-ഉദ്യോഗസ്ഥ-തൊഴില്‍ രംഗങ്ങളിലും സ്ത്രീകള്‍ സമൂഹത്തിന്റെ അര്‍ധപകുതിയെ പ്രതിനിധീകരിക്കുന്നു.

പൊതു ഇടങ്ങളിലെ വമ്പിച്ച സ്ത്രീസാന്നിധ്യം പള്ളികളിലും ദൃശ്യമാണ്. മലേഷ്യയിലെ ശാഫിഈ പള്ളികള്‍ ഉള്‍പ്പെടെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കും പ്രവേശമുണ്ട്. പള്ളിയില്‍ പ്രത്യേകം മറതിരിച്ചുള്ള ഭാഗത്ത് സ്ത്രീകള്‍ നമസ്‌കരിക്കുന്നു. നമസ്‌കാരാവശ്യങ്ങള്‍ക്കുപുറമേ പ്രധാനപള്ളികളില്‍ ആഴ്ചകള്‍തോറും സ്ത്രീകള്‍ക്കായി പ്രത്യേകം ക്ലാസ്സുകളും നടത്തപ്പെടുന്നു. ക്ലാസ്സുകള്‍ക്കും മറ്റുമായി സ്ത്രീകള്‍ക്കു പ്രത്യേകമായുള്ള കൂട്ടായ്മകളും പള്ളികള്‍ കേന്ദ്രീകരിച്ചുണ്ട്. ജുമുഅ, ഈദ് നമസ്‌കാരങ്ങള്‍ക്കു മാത്രമല്ല, എല്ലാ നമസ്‌കാരങ്ങളിലും സ്ത്രീസാന്നിധ്യമുണ്ട്. ഗ്രാമങ്ങളിലെ സുറാവു (ചെറിയപള്ളി, സ്രാമ്പി) കളില്‍ പോലും സ്ത്രീകള്‍ ജമാഅത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നു. 

വസ്ത്രം, വിവാഹം, പഠനം, യാത്ര, ജോലി തുടങ്ങിയ വ്യക്താധിഷ്ടിത കാര്യങ്ങളിലും മലേഷ്യന്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യമനുഭവിക്കുന്നു. വ്യക്തിപരമായ ഇത്തരം കാര്യങ്ങളില്‍ മദ്ഹബീ വീക്ഷണങ്ങള്‍ കണിശമായി പാലിക്കുന്നവരല്ല മലേഷ്യന്‍ സ്ത്രീകള്‍ പൊതുവെ. വരനെ തെരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശം പെണ്‍കുട്ടിയുടെ വലിയ്യില്‍ നിക്ഷിപ്തമായിരുന്നു മുമ്പെങ്കില്‍, ഇന്ന് പെണ്‍കുട്ടികളാണ് അക്കാര്യത്തില്‍ അന്തിമമായി തീരുമാനമെടുക്കുന്നത്. സ്ത്രീ-പുരുഷ ഇടപെടലുകള്‍ക്കും സൗഹൃദങ്ങള്‍ക്കും മദ്ഹബീ വിലക്കുകള്‍ പാലിക്കുന്നവരല്ല ആധുനിക മലായ് മുസ്‌ലിംകള്‍. വസ്ത്രധാരണത്തില്‍ മദ്ഹബീ വീക്ഷണം കണിശമായി പാലിക്കുന്ന സ്ത്രീകളുണ്ടെങ്കിലും ഉദാരമായ സമീപനം സ്വീകരിക്കുന്നവരാണ് അധികവും. സമൂഹത്തിന്റെ പാതിയായ സ്ത്രീസമൂഹത്തെ അവകാശങ്ങളിലും അവസരങ്ങളിലും തുല്യ അളവില്‍ പരിഗണിക്കുന്നുവെന്നതാണ് കേരളീയ ശാഫീഈ മദ്ഹബ് കേന്ദ്രീകൃത മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്നും മലേഷ്യന്‍ സമൂഹത്തെ വ്യതിരിക്തമാക്കുന്ന ഒരു കാര്യം. 

 

തുറന്ന സമീപനം

കര്‍മശാസ്ത്ര വിഷയങ്ങളില്‍ പൗരാണിക ശാഫിഈ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ പിന്‍പറ്റുന്ന മലായ് മുസ്‌ലിംകള്‍, സാമൂഹിക രംഗത്ത് തുറന്ന സമീപനം സ്വീകരിക്കുന്നവരാണ്. മലേഷ്യയുടെ ബഹു മത-സംസ്‌കാര സാമൂഹ്യാവസ്ഥ, ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ മിതവാദികളും മധ്യമ സമീപനമുള്ളവരുമാക്കിയിരിക്കുന്നു. മലേഷ്യയില്‍ ഏറെയുള്ള ഹനഫീ മദ്ഹബുകാരായ പാക്-ഇന്തോ മുസ്‌ലിംകള്‍, ശാഫിഈ മദ്ഹബുകാരായ സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിരളമല്ല. ബ്രിട്ടീഷ് കോളനികാലത്ത് മലബാര്‍ പ്രദേശങ്ങളില്‍ നിന്നെത്തിയ മലബാരി മുസ്‌ലിം സമൂഹം ശാഫിഈ മദ്ഹബുകാരാണെങ്കിലും, കായല്‍പട്ടണം പോലുള്ള തമിഴ് മുസ്‌ലിം പ്രദേശങ്ങളില്‍ നിന്നും കുടിയേറിയവര്‍ ഹനഫികളാണ്. എന്നിരുന്നാലും, ജനസംഖ്യയുടെ ഏഴു ശതമാനത്തോളം വരുന്ന ഇന്ത്യക്കാരില്‍ വളരെ കുറച്ചേ മുസ്‌ലിംകളുള്ളൂ. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വ്യത്യസ്ത മദ്ഹബുകളില്‍പ്പെട്ടവരോടുള്ള അടുത്ത ഇടപഴകലുകള്‍ വിവാഹബന്ധങ്ങളിലേക്കു വരെ ചെന്നെത്തുന്നതാണ്. മദ്ഹബീ കുടുസ്സതയുടെ അന്തരീക്ഷത്തിനു പകരം അഭിപ്രായസമന്വയത്തിന്റെയും സമ്മിശ്ര സംസ്‌കാരത്തിന്റെയും രീതിയാണ് മലായ് മുസ്‌ലിംകളില്‍ ഇന്ന് പൊതുവെയും. 

ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുമ്പോള്‍ തന്നെ, മറ്റു മദ്ഹബുകളുടെ ഇമാമുമാരെയും പണ്ഡിതന്മാരെയും മനസ്സിലാക്കുന്നതില്‍ മടികാണിക്കാത്തവരാണ് ആധുനിക മലായ് മുസ്‌ലിംകള്‍. ഇബ്‌നു ഖുദാമ, ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയ പ്രമുഖ ഹമ്പലീ പണ്ഡിതന്മാരുടെ കൃതികള്‍ക്കും മലായ് സമൂഹത്തില്‍ ഇന്ന് ഏറെ സ്വീകാര്യതയുണ്ട്. യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ ശാഫിഈ ഗ്രന്ഥങ്ങള്‍ക്കാണ് പ്രാമുഖ്യമെങ്കിലും ഇതര മദ്ഹബുകളിലെ പ്രധാന ഗ്രന്ഥങ്ങളും പാഠ്യപദ്ധതിയിലുണ്ട്. ഏതു മദ്ഹബിന്റെതായാലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളോട് ഏറെ തുറന്ന സമീപനമാണ് മലേഷ്യയിലെ അകാദമിക രംഗം സ്വീകരിച്ചിട്ടുള്ളത്. മാലികീ പണ്ഡിതന്മാരിലൂടെ വികാസം പ്രാപിച്ച മഖാസിദുശ്ശരീഅ മലേഷ്യന്‍ യൂനിവേഴ്‌സിറ്റികളിലെ പ്രധാന ഗവേഷണ വിഷയങ്ങളിലൊന്നാണ്. ആധുനിക പ്രശ്‌നങ്ങളെ മഖാസിദീ വീക്ഷണ കോണിലൂടെ സമീപിക്കുന്ന ഗവേഷണങ്ങള്‍ക്ക് മലേഷ്യയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികളും മറ്റു യൂണിവേഴ്‌സിറ്റികളും പ്രാത്സാഹനം നല്‍കുന്നു. ഇബ്‌നു തൈമിയയെ പോലുള്ള ഹന്‍ബലീ പണ്ഡിതന്‍മാരുടെ കൃതികളോട് മുമ്പുണ്ടായിരുന്ന അസ്പൃശ്യത ഇപ്പോള്‍ വലിയ അളവില്‍ മാറി വരുന്നു. സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്‌ലാമിക് സറ്റഡീസ് ഇസ്‌ലാമിക വിഷയങ്ങളിലെ ഗവേഷണത്തിനു വേണ്ടി 2008-ല്‍ സ്ഥാപിക്കപ്പെട്ട സ്വതന്ത്ര സ്ഥാപനമാണ്. മദ്ഹബീ ചിന്തകള്‍ക്കു പുറത്ത് ഇസ്‌ലാമിനെ കാലികമായി സമീപിക്കുന്ന നിരവധി പഠനകൃതികള്‍ ഇതിനകം ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മദ്ഹബീ കുടുസ്സതയില്‍നിന്ന് അഭിപ്രായവൈവിധ്യങ്ങളിലേക്ക് 

സാമൂഹിക രംഗങ്ങളില്‍ ഏറെ പുരോഗമനപരമാണ് നിലവില്‍ മലായ് മുസ്‌ലിം സ്ഥിതിവിശേഷം. വിശ്വാസ കാര്യങ്ങളില്‍ അശ്അരീ സരണിയും കര്‍മ്മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബും കണിശമായി പാലിച്ചു പോരുമ്പോഴും ഇസ്‌ലാമിക ലോകത്തെ പുതപ്രവണതകളെ സ്വീകരിക്കുന്നതില്‍ മലേഷ്യന്‍ മുസ്‌ലിംകള്‍ക്ക് മടിയില്ല. അത്തരം പുതിയ സങ്കല്‍പ്പങ്ങളെ വളരെ രചനാത്മകമായി സമീപിച്ചതിന്റെ വിജയചരിത്രം മലേഷ്യന്‍ മുസ് ലിംകള്‍ക്ക് അവകാശപ്പെടാനുണ്ടുതാനും. ഇസ്‌ലാമിക് ബാങ്കിങ്ങ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍, ഇസ്‌ലാമിക് ടൂറിസം തുടങ്ങിയവ ഈ രംഗത്തെ ഉദാഹരണങ്ങള്‍ മാത്രം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മുസ്‌ലിം ലോകത്തു ഉയര്‍ന്നുവന്ന 'വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം' (ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്) പോലുള്ള ചിന്താ പ്രസ്ഥാനങ്ങളിലും ഇന്റ്വലക്ച്യല്‍ ആക്റ്റിവിസത്തിലും മലേഷ്യ മാതൃകയാണ്. ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജിന്റെ ഉപജ്ഞാതാക്കളും പ്രയോക്താക്കളും വലിയൊരളവില്‍ മലേഷ്യക്കാര്‍തന്നെ. വിജ്ഞാനത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം എന്ന ആശയം ആഗോളതലത്തില്‍ ഇസ്മാഈല്‍ റാജി ഫാറൂഖിയുടെ ചിന്തകളിലൂടെയാണ് ശദ്ധിക്കപ്പെട്ടതെങ്കിലും നഖീബ് അല്‍അത്താസ് അറുപതുകളിലേ ഈ ആശയം മുന്നോട്ടുവെച്ചിരുന്നു. പ്രൊഫസര്‍ കമാല്‍ ഹസന്‍, പ്രഫ. വാന്‍ ദാവുദ് വാനെ പോലുള്ളവര്‍ ഈ ആശയത്തിന്റെ മലേഷ്യന്‍ പ്രതിനിധികളാണ്. മുസ്‌ലിം ലോകത്ത് ഇസ്‌ലാമിക് സര്‍വകലാശാലകള്‍ എന്ന ആശയവും അതിന്റെ മികച്ച മാതൃകയും മലായ് മുസ്‌ലിം സമൂഹത്തിന്റെ തുറന്ന പ്രകൃതത്തെ സൂചിപ്പിക്കുന്നു. എല്ലാ ചിന്താപ്രസ്ഥാനങ്ങളും കര്‍മശാസ്ത്രസരണികളും മുസ്‌ലിം സമൂഹത്തില്‍ ഒരു പോലെ സ്വീകരിക്കപ്പെടാന്‍ ഇത്തരം യൂനിവേഴ്‌സിറ്റികളും അധ്യാപകരും അവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളും വലിയൊരളവില്‍ കാരണമായിട്ടുണ്ടാകണം. 

കാലിക വിഷയങ്ങളിലും വ്യക്ത്യാധിഷ്ടിത മതവിധികളിലും പൗരാണിക ശാഫിഈ പണ്ഡിതവീക്ഷണങ്ങളേക്കാള്‍ ആധുനിക പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ക്കാണ് ഇന്നത്തെ മലായ് മുസ്‌ലിംകള്‍ ചെവിയോര്‍ക്കുന്നത്. ശൈഖ് യൂസുഫുല്‍ ഖറദാവിയെപോലുള്ള ആഗോള പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് മലേഷ്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുണ്ട്. ഫതാവാ മുആസിറ പോലുള്ള ഖറദാവിയുടെ പ്രധാന കൃതികളുടെ മലായ് പരിഭാഷകളുടെ ലഭ്യത സാധാരണക്കാര്‍ക്കിടയില്‍ പോലും അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.  

ഇസ്‌ലാമിക ലോകത്തെ പ്രമുഖ പണ്ഡിതന്‍മാര്‍ മദ്ഹബ് -ആശയ-സംഘടനാ പക്ഷപാതങ്ങള്‍ക്കതീതമായി മലേഷ്യന്‍ മുസ്‌ലിംകളാല്‍ സ്വീകരിക്കപ്പെടുന്നത് അവരുടെ തുറന്ന സമീപനത്തിന്റെ ഉദാഹരണമാണ്. മാലികീ പണ്ഡിതനും പ്രമുഖ പ്രബോധകനുമായ ശൈഖ് ഹംസ യൂസുഫ്, ഇസ്‌ലാമിക ചിന്തകനായ താരിഖ് റമദാന്‍, പ്രബോധകനായ ഡോ. സാകിര്‍ നായിക്, ശൈഖ് യൂസുഫുല്‍ ഖറദാവി തുടങ്ങിയവരുടെ പരിപാടികള്‍ മലേഷ്യയില്‍ ജനപങ്കാളിത്തം കൊണ്ടും സ്വാധീനംകൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. ശാഫിഈ മദ്ഹബുകാരാണ് എന്നുള്ളത് മറ്റു മദ്ഹബിന്റെയോ പ്രസ്ഥാനങ്ങളുടെയോ പണ്ഡിതന്‍മാരെ കേള്‍ക്കാനോ മനസ്സിലാക്കാനോ മലേഷ്യക്കാര്‍ക്ക് ഇന്നൊരു തടസ്സമല്ല. മുമ്പുണ്ടായിരുന്ന മദ്ഹബീ കുടുസ്സതകള്‍ക്കപ്പുറം ഒരു സമ്മിശ്ര സംസ്‌കാരത്തിന്റെയും പരസ്പരാശ്രിത കൂട്ടായ്മയ്മയുടെയും അന്തരീക്ഷത്തിലേക്കാണ് ആധുനിക മലേഷ്യന്‍ സമൂഹത്തിന്റെ പ്രയാണം. 

 

* ഇന്ന് ഇന്തോനേഷ്യയുടെ ഭാഗമായ ആചെ, സുമാത്ര പോലുള്ള നിരവധി ദ്വീപ്‌സമൂഹങ്ങള്‍, സ്വതന്ത്ര രാജ്യങ്ങളായ സിംഗപ്പൂര്‍, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങള്‍ മലായ് ദ്വീപ്‌സമൂഹങ്ങളില്‍പെടുന്നു.

മുനീര്‍ മുഹമ്മദ് റഫീഖ്: എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം സ്വദേശി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ എന്നിവിടങ്ങളില്‍ പഠനം. മലേഷ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ (ഐ.ഐ.യു.എം) ഇസ്‌ലാമിക് തോട്ടില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി. ഫോണ്‍: 9947265697. 

ഇമെയില്‍: [email protected]


Comments

Other Post