വിജ്ഞാനം തേടിയുള്ള നിരന്തര യാത്രകള്‍
അറ്റമില്ലാത്ത മരുഭൂമിയുടെ കനല്‍പ്പാതകളിലൂടെ അവര്‍ യാത്ര തുടര്‍ന്നു, വിധുരയായ ഒരു മാതാവും അവരുടെ അനാഥനായ കൊച്ചു മകനും. പുണ്യപുരാതനമായ ഫലസ്ത്വീനില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറപ്പെട്ടതാണവര്‍. പുണ്യ നഗരമായ മക്കയാണ് ലക്ഷ്യം. പ്രവാചകന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഒരു വിശുദ്ധ ഭൂമിയില്‍നിന്ന് പ്രവാചക കരങ്ങളാല്‍ നിര്‍മിതമായ മറ്റൊരു വിശുദ്ധ ഭൂമിയിലേക്കുള്ള തീര്‍ഥയാത്ര.
മുഹമ്മദു ബിനു ഇദ്‌രീസുശ്ശാഫിഈ എന്നാണ് ആ കുഞ്ഞിന്റെ നാമധേയം. പിതാവ് ഇദ്‌രീസ് ഈ ലോകത്തു നിന്നും യാത്രപോയിട്ട് മാസങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു. മാതാവ് ഫാത്വിമ അന്നേ തീരുമാനിച്ച യാത്രയാണിത്. ഫലസ്ത്വീനിലെ അസ്ഖലാനിലാണ് ഭര്‍ത്താവുമൊത്ത് അവര്‍ താമസിച്ചിരുന്നത്. എന്നാല്‍, അവരുടെ കുടുംബക്കാരെല്ലാം മക്കയിലാണ്. മക്കയാണ് അവരുടെ പിതൃഭൂമി. പിതൃകുടുംബവുമായുള്ള കുഞ്ഞിന്റെ നാഭീനാള ബന്ധം അറ്റു പോകരുത്. ആ കുടുംബത്തിന്റെ പവിത്ര പാരമ്പര്യങ്ങള്‍ അറിഞ്ഞും ഉള്‍ക്കൊണ്ടും അവന്‍ വളരണം. മക്കയിലുള്ള കുടുംബക്കാര്‍ക്കിടയില്‍ അവന്‍ വളര്‍ന്നാലേ അത് സാധ്യമാവുകയുള്ളൂ. അസ്ഖലാനില്‍ അവന്റെ പിതാവിന്റെ കുടുംബക്കാരൊന്നുമില്ല.
മക്കയിലേക്ക് പോകുന്ന ഒരു തീര്‍ഥാടക സംഘത്തോടൊപ്പമാണ് അവരുടെ യാത്ര. ഉച്ചത്തില്‍ ദൈവ കീര്‍ത്തനങ്ങളും പ്രവാചക സ്തുതികളും ആലപിച്ചുകൊണ്ടാണ് സംഘം മുന്നോട്ട് നീങ്ങുന്നത്. ഒട്ടകക്കട്ടിലില്‍ മാതാവിന്റെ മടിത്തട്ടിലിരുന്നുകൊണ്ട് മുഹമ്മദ് അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. രണ്ടു വയസ്സ് പ്രായമാണെങ്കിലും പത്ത് വയസ്സിന്റെ ബുദ്ധിയും പക്വതയുമാണവന്ന്. കേള്‍ക്കുന്നതെന്തും അപ്പടി ഹൃദിസ്ഥമാക്കുന്ന അസാധാരണമായ ഓര്‍മശക്തിയും. അവന്റെ ജീവിതത്തിലെ ആദ്യത്തെ യാത്രയാണത്. ആയുഷ്‌കാലം മുഴുവന്‍ നീണ്ടുനിന്ന മഹത്തായ യാത്രാപരമ്പരകളുടെ ഒരു തുടക്കമായിരിക്കും അതെന്ന് ഫാത്വിമ ആലോചിച്ചിരുന്നില്ല. എന്നാല്‍ അവനെക്കുറിച്ച് വലിയ പ്രതീക്ഷകളും നിറഞ്ഞ സ്വപ്നങ്ങളും ആ മാതാവിനുണ്ടായിരുന്നു.
മുഹമ്മദ് തന്റെ കുഞ്ഞുവിരലുകള്‍ കൊണ്ട് ഒട്ടകക്കട്ടിലിന്റെ വിരി അല്‍പം വകഞ്ഞപ്പോള്‍ ആ വിടവിലൂടെ അനന്തമായ മരുക്കാഴ്ചകളിലേക്ക് ഫാത്വിമ കണ്ണുകളയച്ചു. ആയിരത്താണ്ടുകള്‍ക്ക് മുമ്പ് അവനെപ്പോലൊരു കുരുന്നു ബാലന്‍ ഫലസ്ത്വീനില്‍നിന്ന് മക്കയിലേക്ക് യാത്രപോയത് അവര്‍ ഓര്‍ത്തു. ഇബ്‌റാഹീം നബിയുടെ ഓമന പുത്രനായ ഇസ്മാഈല്‍. ആ കുഞ്ഞ് പക്ഷേ, അനാഥനായിരുന്നില്ല. അവനോടൊപ്പം പിതാവും മാതാവും ഉണ്ടായിരുന്നു. ജനവാസവും ജലസ്രോതസ്സുകളുമില്ലാത്ത മക്കയെന്ന പാഴ്മരുഭൂമിയില്‍ ഒരു നഗരം വളര്‍ന്നുവന്നത് ഇസ്മാഈല്‍ അവിടെ എത്തിയതിനു ശേഷമാണ്. അവനും പിതാവും ചേര്‍ന്ന് അവിടെ നിര്‍മിച്ച ദേവാലയം ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണിന്ന്. ഇസ്മാഈലിന്റെ ആ യാത്ര ചരിത്രം സൃഷ്ടിക്കാനുള്ള യാത്രയായിരുന്നു. മുഹമ്മദുബ്‌നു ഇദ്‌രീസിന്റെ യാത്രയും അങ്ങനെ ആയിത്തീരുമോ?
ഇസ്മാഈലിന്റെ താവഴിയില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം മക്കയില്‍ മറ്റൊരു കുഞ്ഞ് ഭൂജാതനായി. ഖുറൈശിത്തറവാട്ടിലെ അബ്ദുല്ലയുടെയും ആമിനയുടെയും ഏകസന്തതിയായ മുഹമ്മദ്. ആ കുഞ്ഞു ജനിക്കുന്നതിന് രണ്ടു മാസം മുമ്പെ പിതാവ് അബ്ദുല്ല മരണപ്പെട്ടിരുന്നു. അവന് ആറ് വയസ്സായപ്പോള്‍ മാതാവ് ആമിനയും ലോകത്തോട് വിടപറഞ്ഞു. അങ്ങനെ തീര്‍ത്തും അനാഥനായിട്ടാണ് മുഹമ്മദ് വളര്‍ന്നത്.
മക്കയില്‍ ഇബ്‌റാഹീമും ഇസ്മാഈലും അസ്തിവാരമിട്ട ജീവിതത്തിന്റെ നന്മകള്‍ കാലത്തിന്റെ മരുക്കാറ്റുകളില്‍ മണല്‍മൂടിപ്പോയിരുന്നു. ഏകദൈവത്തെ ആരാധിക്കാനായി ഇരുവരും നിര്‍മിച്ച ദേവാലയത്തിനകത്ത് പോലും നൂറുകണക്കിന് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു. ജീവിതത്തിന്റെ സകല തുറകളില്‍നിന്നും ഇബ്‌റാഹീമീ പാരമ്പര്യങ്ങള്‍ തുടച്ചുനീക്കപ്പെട്ടിരുന്നു. മുഹമ്മദ് എന്ന ഈ അനാഥ ബാലനിലൂടെയാണ് ആ വിശുദ്ധ പാരമ്പര്യങ്ങള്‍ പിന്നീട് വീണ്ടെടുക്കപ്പെട്ടത്. ഇബ്‌റാഹീമിനെപ്പോലെ, ഇസ്മാഈലിനെപ്പോലെ മുഹമ്മദും അല്ലാഹുവിന്റെ പ്രവാചകനായിരുന്നു. ആദിമ പിതാവ് ആദം നബി തൊട്ടാരംഭിക്കുന്ന പ്രവാചകത്വ പരമ്പരയിലെ അവസാനത്തെ കണ്ണി, അന്ത്യപ്രവാചകന്‍, സൃഷ്ടിശ്രേഷ്ഠന്‍. അദ്ദേഹത്തിന്റെ താവഴിയിലാണ് തന്റെ മകന്‍ പിറന്നത്. അദ്ദേഹത്തിന്റെ നാമമാണ് അവന് നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്കാണ് അവനെയും കൂട്ടിയുള്ള തന്റെ ഈ യാത്ര.
മക്കയില്‍ എത്തിയ ശേഷം ഫാത്വിമ തന്റെ കുടുംബക്കാരായ അസദ് ഗോത്രത്തോടൊപ്പം താമസമാക്കി. അങ്ങനെ പിതൃകുടുംബത്തിന്റെയും മാതൃകുടുംബത്തിന്റെയും സ്‌നേഹസാന്നിധ്യത്തില്‍ മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ വളര്‍ന്നു. ചെറുപ്രായത്തില്‍ തന്നെ മാതാവ് അവനെ മക്കയിലെ ഓത്തുപള്ളിയില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനയച്ചു. പ്രവാചക കുടുംബാംഗമെന്ന നിലയില്‍ സര്‍ക്കാറില്‍നിന്ന് ലഭിച്ച തുഛമായ സംഖ്യയായിരുന്നു അവരുടെ വരുമാനം. അതുകൊണ്ട് ജീവിതച്ചെലവും മകന്റെ വിദ്യാഭ്യാസവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഓത്തുപള്ളിയില്‍ ഗുരുവിന് ഫീസ് നല്‍കേണ്ടതുണ്ടായിരുന്നു. ഉമ്മയുടെ ദയനീയാവസ്ഥ പുത്രന്‍ മനസ്സിലാക്കി. അധ്യാപകന്റെ അഭാവത്തില്‍ സഹപാഠികളുടെ മേല്‍നോട്ടച്ചുമതല ഏറ്റെടുത്തുകൊണ്ട് അതിനവന്‍ ചെറിയതോതില്‍ പരിഹാരം കണ്ടെത്തി. പിന്നീട് അവന്റെ അസാധാരണ ബുദ്ധിയും ഓര്‍മശക്തിയും തിരിച്ചറിഞ്ഞ ഗുരു അവന് പൂര്‍ണമായും ഫീസ് ഇളവ് ചെയ്തുകൊടുത്തു. ഏഴു വയസ്സു പ്രായമായപ്പോള്‍ തന്നെ ശാഫിഈ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. ഹറമിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ സദസ്സുകളില്‍ ചെന്ന് ഖുര്‍ആനും ഹദീസും പഠിക്കാന്‍ തുടങ്ങി.
അറബി ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുന്നത് ഖുര്‍ആനും ഹദീസും പഠിക്കാന്‍ അനിവാര്യമാണെന്ന് ശാഫിഈ തിരിച്ചറിഞ്ഞു. ശുദ്ധമായ അറബി ഭാഷ പഠിക്കണമെങ്കില്‍ മലയോരങ്ങളില്‍ വസിക്കുന്ന ഗ്രാമീണരുടെ ഇടയില്‍ ജീവിക്കണം. ഹുദൈല്‍ ഗോത്രത്തെയാണ് ശാഫിഈ തെരഞ്ഞെടുത്തത്. അറബി ഭാഷയുടെ ഏഴു നാട്ടു വഴക്കങ്ങളില്‍ ഒന്നാണ് ഹുദൈല്‍ ഗോത്രക്കാരുടെ ഭാഷ. ഖുര്‍ആന്റെ ഏഴു ഖിറാഅത്തുകളില്‍ ഒന്ന് ഹുദൈലിന്റെ നാട്ടുവഴക്കമാണ്. ആ ഗ്രാമീണരുടെ കൂടെ അദ്ദേഹം താമസിച്ചു. അവരുടെ കൂടെ മരുഭൂമിയിലൂടെ സഞ്ചരിച്ചു. അവരുടെ കവിതകള്‍ ഹൃദിസ്ഥമാക്കി. അവരില്‍നിന്ന് അമ്പെയ്ത്തും കുതിര സവാരിയും പഠിച്ചു. അവ രണ്ടിലും അസാമാന്യമായ മികവ് ആര്‍ജിക്കുകയും ചെയ്തു. ബദവികളുടെ കവിതകള്‍ ശേഖരിച്ചും ഹൃദിസ്ഥമാക്കിയും കൊണ്ടുള്ള ആ മരുഭൂജീവിതം പത്ത് വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ കൂടെക്കൂടെ മക്കയില്‍ വന്ന് മാതാവിനെ സന്ദര്‍ശിക്കുമായിരുന്നു. ഹുദൈല്‍ ഗോത്രക്കാരുടെ മാത്രം പതിനായിരത്തില്‍പരം കവിതകള്‍ ശാഫിഈ മനഃപാഠമാക്കിയിരുന്നുവത്രെ.
പിന്നീട് മരുഭൂവാസം അവസാനിപ്പിച്ച് അദ്ദേഹം ഹദീസിന്റെയും ഫിഖ്ഹിന്റെയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹറമിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ ക്ലാസുകളില്‍ പങ്കെടുത്തു. അതോടൊപ്പം മറ്റുള്ളവര്‍ക്കായി ക്ലാസ്സെടുത്തു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, സാഹിത്യം എന്നിവയില്‍ വ്യുല്‍പത്തി നേടി അദ്ദേഹത്തിന് ഫത്‌വ നല്‍കാന്‍ അനുമതി നല്‍കപ്പെട്ടിരുന്നു. പക്ഷേ, ഇനിയും ഒരുപാട് അറിവുകള്‍ നേടാനുണ്ടെന്ന് മനസ്സിലാക്കി ഫത്‌വ നല്‍കുന്നതില്‍നിന്നും അദ്ദേഹം സ്വയം വിട്ടുനിന്നു. ഇസ്‌ലാമിക വിജ്ഞാനം മക്കയില്‍ പരിമിതമല്ല. മദീനയില്‍ ഇമാം മാലിക് എന്ന പ്രഗത്ഭനായ പണ്ഡിതനുണ്ട്. ഇറാഖില്‍ ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരുണ്ട്. ശാമിലെ ഇമാം ഔസാഈയുടെയും ഈജിപ്തിലെ ഇമാം ലൈസിന്റെയും കര്‍മശാസ്ത്രങ്ങള്‍ പഠിച്ചിട്ടില്ല. അതിനാല്‍, ഈ വിജ്ഞാന കേന്ദ്രങ്ങളിലെല്ലാം പോകണം. ആ മഹാരഥന്മാരുടെ കര്‍മശാസ്ത്ര സിദ്ധാന്തങ്ങളില്‍ അവഗാഹമാര്‍ജിക്കേണ്ടതുണ്ട്.
ആദ്യം മദീനയിലേക്ക് പോകാനാണ് അദ്ദേഹം തീരുമാനിച്ചത്. മദീന പ്രവാചകന്റെ നഗരമാണ്. മദീനക്കാരുടെ ജീവിതം പ്രവാചക ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാണ്. ഇമാം മാലികിന്റെ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ മദീനക്കാരുടെ ഹദീസുകളാണ്. മാതാവിന്റെ അടുക്കല്‍ ചെന്ന് ശാഫിഈ യാത്രാനുമതി ചോദിച്ചു. ഉള്ളതെല്ലാം പെറുക്കി വിറ്റു കിട്ടിയത് മകന്റെ കൈയില്‍ ഏല്‍പ്പിച്ച് വിജ്ഞാന തല്‍പരയായ ആ ഉമ്മ അവന് അനുമതി കൊടുത്തു. മക്കയിലെ ഗവര്‍ണറുടെ അടുത്ത് ചെന്ന് ഇമാം മാലികിന് ഒരു ശിപാര്‍ശക്കത്ത് വാങ്ങുകയാണ് ശാഫിഈ ആദ്യം ചെയ്തത്. എന്നാല്‍, പ്രതാപശാലിയായ ഇമാമിന് നേരിട്ടു കത്തെഴുതാന്‍ ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. പകരം മദീനാ ഗവര്‍ണര്‍ക്ക് ഒരു കത്തെഴുതി അത് ശാഫിഈയെ ഏല്‍പ്പിച്ചു.
മദീനയിലെത്തിയ ശാഫിഈ റൗദാ ശരീഫ് സന്ദര്‍ശിച്ചശേഷം മദീനാ ഗവര്‍ണറെ ചെന്നു കണ്ട് കത്ത് കാണിച്ചു: 'മകനേ, മദീനയില്‍നിന്ന് മക്ക വരെ നഗ്നപാദനായി സഞ്ചരിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് ഇമാം മാലികിനെ സന്ദര്‍ശിക്കുന്നത്. അവിടെ ചെന്ന് കാര്യം നേടാനുള്ള ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല' എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ശാഫിഈ കേണപേക്ഷിച്ചപ്പോള്‍ കൂടെ വരാമെന്ന് ഗവര്‍ണര്‍ സമ്മതിച്ചു.
അവര്‍ ഇമാം മാലികിന്റെ വീട്ടില്‍ ചെന്ന് വാതിലില്‍ മുട്ടി. കുറേ നേരം കാത്തിരുന്ന ശേഷം ഒരു ചെറിയ പെണ്‍കുട്ടി വന്ന് വാതില്‍ തുറന്നു. ''നിങ്ങള്‍ ആരാണ്?'' അവള്‍ ചോദിച്ചു. ''മദീന ഗവര്‍ണര്‍.'' അതുകേട്ട് പെണ്‍കുട്ടി അകത്തേക്ക് പോയി. കുറേ കഴിഞ്ഞ് അവള്‍ തിരിച്ചുവന്നു: ''നിങ്ങള്‍ വല്ല ഫത്‌വയും ചോദിക്കാന്‍ വന്നതാണെങ്കില്‍ അതെഴുതിത്തന്നാല്‍ മതി. ഹദീസ് പഠിക്കാനാണെങ്കില്‍ ഇപ്പോള്‍ തിരിച്ചുപോയി പൊതുക്ലാസിന് വരിക.''
ഇമാം മാലികിന്റെ കല്‍പന അവള്‍ ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണര്‍ പറഞ്ഞു: ''ഇമാം മാലികിന് മക്കാ ഗവര്‍ണറുടെ ഒരു കത്തുണ്ടെന്ന് നിന്റെ യജമാനനോട് പറയുക.''
അല്‍പം കഴിഞ്ഞ് ഒരു കസേരയുമായി അവള്‍ വീണ്ടും വന്നു. പിന്നാലെ ഇമാം മാലികും.
കത്ത് വായിച്ച ശേഷം ഇമാം മാലിക് അത് ചുരുട്ടിയെറിഞ്ഞു: ''സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ റസൂലിന്റെ ഇല്‍മ് കത്തും ശിപാര്‍ശയും അനുസരിച്ച് പഠിപ്പിക്കപ്പെടേണ്ട അവസ്ഥ വന്നോ?'' ഇമാമിന്റെ നീരസം കണ്ട് ഗവര്‍ണര്‍ പരുങ്ങുന്നത് മനസ്സിലാക്കിയ ശാഫിഈ വിയയപുരസ്സരം ഇമാം മാലികിനോട് തന്റെ യാത്രോദ്ദേശ്യം വിവരിച്ചു. ഇമാം മാലിക് പേര് ചോദിച്ചു. മുഹമ്മദ് എന്ന് മറുപടി നല്‍കി.'' നിനക്ക് നല്ല ഭാവിയുണ്ട്. നാളെ വരിക. നിനക്ക് പഠിപ്പിച്ചുതരേണ്ടത് എന്താണെന്ന് വെച്ചാല്‍ കൊണ്ടുവരണം.''
പിറ്റേ ദിവസം ശാഫിഈ ചെന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഇമാം മാലികിന്റെ 'മുവത്വ' എന്ന ഗ്രന്ഥമുണ്ട്. അത് മുഴുവന്‍ അദ്ദേഹം നേരത്തേ മനഃപാഠമാക്കിയിരുന്നു. അതിനാല്‍ പുസ്തകം കൈയില്‍ പിടിച്ച് മനസ്സില്‍നിന്നും വായിക്കാന്‍ തുടങ്ങി. മനോഹരമായ ശബ്ദത്തില്‍ അക്ഷര സ്ഫുടതയോടെയുള്ള പാരായണം ഇമാം മാലികിനെ ഹഠാദാകര്‍ഷിച്ചു. ശാഫിഈ വായന നിര്‍ത്താന്‍ തുടങ്ങുമ്പോഴെല്ലാം ഇമാം മാലിക് അത് തുടരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കുറഞ്ഞ ദിവസം കൊണ്ട് കിതാബ് മുഴുവന്‍ അദ്ദേഹം ഗുരുവിനെ ചൊല്ലിക്കേള്‍പ്പിച്ചു.
അസാധാരണ പ്രതിഭാശേഷിയുള്ള ഒരു ശിഷ്യനെ ലഭിച്ചതില്‍ ഇമാം മാലിക് സന്തോഷിച്ചു. പ്രഗത്ഭമതിയായ ഗുരുവിനെ കിട്ടിയതില്‍ ഇമാം ശാഫിഈ അഭിമാനിച്ചു. ഗുരുശിഷ്യ ബന്ധത്തേക്കാള്‍ ആഴവും അര്‍ഥവുമുള്ള പാരസ്പര്യമായി ആ ബന്ധം വളര്‍ന്നു. ശാഫിഈ ഇമാം മാലികിനെത്തന്നെ ചുറ്റിപ്പറ്റി ജീവിച്ചു. ഇടക്ക് മക്കയില്‍ ചെന്ന് മാതാവിനെ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രമേ മദീന വിട്ടുള്ളൂ. അത്തരം സന്ദര്‍ശനങ്ങളിലെല്ലാം യാത്രച്ചെലവിലേക്കുള്ള പണം ഗുരു അദ്ദേഹത്തിന് നല്‍കുക പതിവായിരുന്നു.
വിവിധ രാജ്യങ്ങളില്‍നിന്ന് പണ്ഡിതന്മാര്‍ വിജ്ഞാനം തേടിയും ഹജ്ജ് കര്‍മത്തിനായും മക്കയിലും മദീനയിലും എത്താറുണ്ട്. ഇമാം അബൂഹനീഫയുടെ പ്രധാന ശിഷ്യനും ഇറാഖിലെ പ്രമുഖ പണ്ഡിതനുമായ ഇമാം മുഹമ്മദുബ്‌നു ഹസനെ ശാഫിഈ പരിചയപ്പെട്ടത് അങ്ങനെയാണ്. ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെ ചില ശിഷ്യന്മാരുമായും അദ്ദേഹം പരിചയം സ്ഥാപിച്ചു. ഒരിക്കല്‍ ഇറാഖില്‍നിന്നുള്ള ഒരാളെ മദീനയില്‍ വെച്ച് അദ്ദേഹം കണ്ടുമുട്ടി. ഇറാഖിലെ പണ്ഡിതന്മാരെക്കുറിച്ച് അയാളോട് അന്വേഷിച്ചു. ഇമാം അബൂയൂസുഫിന്റെയും ഇമാം മുഹമ്മദു ബ്‌നു ഹസന്റെയും സ്ഥാനവും മഹത്വവും അദ്ദേഹം വിവരിച്ചു. അയാള്‍ തൊട്ടടുത്ത ദിവസം തന്നെ ഇറാഖിലേക്ക് യാത്രതിരിക്കുകയാണെന്നും ശാഫിഈ മനസ്സിലാക്കി. ഉടനെ ഇമാം മാലികിന്റെ അടുക്കല്‍ ചെന്ന് ഇറാഖിലേക്ക് യാത്രപുറപ്പെടാനുള്ള ആഗ്രഹം അറിയിച്ചു. അവിടെ ചെന്ന് ഇമാം അബൂഹനീഫയുടെയും ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെയും കര്‍മശാസ്ത്രം പഠിക്കണം.
''വിജ്ഞാനം പരലോകത്തേക്കുള്ള സമ്പാദ്യമാണ്. വിജ്ഞാനം തേടിപ്പോകുന്നവര്‍ക്ക് മലക്കുകള്‍ സന്തോഷത്തോടെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കും-'' ശിഷ്യന് യാത്രാനുമതി നല്‍കിക്കൊണ്ട് ഗുരു പറഞ്ഞു.
പിറ്റേദിവസം സ്വുബ്ഹ് നമസ്‌കാരാനന്തരം ഇമാം മാലിക് ശാഫിഈയേയും കൂട്ടി മദീനക്ക് പുറത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലത്തേക്ക് പുറപ്പെട്ടു. ഒരു വാഹനം വാടകക്ക് കിട്ടാനുണ്ടോ എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. ശാഫിഈ അത്ഭുതത്തോടെ ചോദിച്ചു: ''അങ്ങയുടെ പക്കല്‍ ഒന്നുമില്ല. എന്റെ പക്കലുമില്ല. അങ്ങ് എനിക്ക് വാഹനം വാടകക്കെടുക്കുന്നതെങ്ങനെ?''
ഇമാം മാലിക് പറഞ്ഞു: ''ഇന്നലെ രാത്രി ഒരാള്‍ വീട്ടില്‍ വന്ന് ഒരു പാരിതോഷികം കൈപ്പറ്റണമെന്ന് ആവശ്യപ്പെട്ടു. 200 മിസ്ഖാലുള്ള ഒരു കിഴിയായിരുന്നു അത്. അതിന്റെ പകുതി നിനക്കായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.'' ഈജിപ്തിലെ പ്രമുഖ പണ്ഡിതനായ ഇമാം ലൈസിന്റെ ഒരു സ്‌നേഹിതനായിരുന്നു ആ പണക്കിഴിയുമായി വന്നത്. ഇമാം മാലികിന് ലൈസ് കൊടുത്തയച്ച സമ്മാനമായിരുന്നു അത്.
ഇരുപത്തിനാലു ദിവസത്തെ ക്ലേശപൂര്‍ണമായ യാത്രക്ക് ശേഷം ഇമാം ശാഫിഈ കൂഫയില്‍ എത്തി. ഇമാം മുഹമ്മദു ബ്‌നു ഹസന്‍ അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ചു. കൂഫയിലെ പണ്ഡിതന്മാരില്‍നിന്ന് അദ്ദേഹം ഇമാം അബൂഹനീഫയുടെ കര്‍മശാസ്ത്രം പഠിക്കുകയും പകര്‍ത്തിയെഴുതുകയും ചെയ്തു. ഒരു ഒട്ടകത്തിന് എടുക്കാവുന്നത്ര ഗ്രന്ഥങ്ങളുമായാണ് കൂഫയില്‍നിന്ന് അദ്ദേഹം മടങ്ങിയത്.
അനന്തരം പേര്‍ഷ്യന്‍ നാടുകളില്‍ കറങ്ങി. അവിടത്തെ പണ്ഡിതന്മാരുമായി ചര്‍ച്ചകള്‍ നടത്തി. പല ബദവി ഗോത്രക്കാര്‍ക്കിടയിലും താമസിച്ചു. അവരുടെ ഭാഷയും സാഹിത്യവും മനസ്സിലാക്കി. ബഗ്ദാദ്, വടക്കന്‍ ഇറാഖ്, അനാത്വൂല്‍, ഹറാത്ത്, സിറിയന്‍ നാടുകള്‍ എന്നിവിടങ്ങളിലൊക്കെ ചുറ്റിക്കറങ്ങിയ ശേഷം ഇമാം ശാഫിഈ മക്കയില്‍ തിരിച്ചെത്തി ഉമ്മയെ കണ്ടു.
യാത്രക്കിടയില്‍, മദീനയില്‍നിന്നു വരുന്നവരോടെല്ലാം ഇമാം മാലികിന്റെ സുഖവിവരങ്ങള്‍ അദ്ദേഹം അന്വേഷിക്കാറുണ്ടായിരുന്നു. രണ്ടു കൊല്ലത്തെ വേര്‍പാടിനു ശേഷമാണ് വീണ്ടും അദ്ദേഹം മസ്ജിദുന്നബവിയില്‍ തിരിച്ചെത്തുന്നത്. ഇമാം മാലിക് പൊതുക്ലാസിന് വരുന്നതും പ്രതീക്ഷിച്ച് വലിയൊരു സദസ്സ് ഇരിക്കുന്നുണ്ട്. അതിന്റെ പിറകിലൊരിടത്ത് ശാഫിഈ ഇരുപ്പുറപ്പിച്ചു. ഇമാം മാലിക് കടന്നുവന്ന് തന്റെ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി. അദ്ദേഹം വിദ്യാര്‍ഥികളുടെ മുമ്പില്‍ ഒരു പ്രശ്‌നം അവതരിപ്പിച്ചു. ആരും അതിന്റെ ഉത്തരം പറഞ്ഞില്ല. തുടര്‍ന്ന് വേറെയും ചില ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. സദസ്സ് മൗനം തന്നെ. അപ്പോള്‍ ഇമാം ശാഫിഈ തന്റെ തൊട്ടടുത്തിരുന്ന ഒരാളുടെ കാതില്‍ ഉത്തരം പറഞ്ഞുകൊടുത്തു. അദ്ദേഹം അത് ഉറക്കെ വിളിച്ചുപറഞ്ഞു. മാലിക് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഇവ്വിധം ആ യുവാവ് മറുപടി നല്‍കിക്കൊണ്ടിരുന്നു. ഇമാം മാലിക് അയാളെ സദസ്സിന്റെ മുന്നിലേക്ക് ക്ഷണിച്ചു. ഈ അറിവ് അയാള്‍ക്ക് എവിടെനിന്ന് കിട്ടിയതാണെന്ന് ചോദിച്ചു. തന്റെ അടുത്തിരുന്ന ഒരു ചെറുപ്പക്കാരന്‍ കാതില്‍ പറഞ്ഞുതന്നത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അയാള്‍ സത്യസന്ധമായി മറുപടി നല്‍കി. മാലിക് ആ ചെറുപ്പക്കാരനെക്കൂടി മുന്നോട്ട് ക്ഷണിച്ചു. അത് തന്റെ പ്രിയ ശിഷ്യന്‍ ഇമാം ശാഫിഈയാണെന്ന് അദ്ദേഹം കണ്ടു. ശാഫിഈയെ കെട്ടിപ്പിടിച്ച ശേഷം തന്റെ ഇരിപ്പിടം അദ്ദേഹത്തിന് ഒഴിഞ്ഞുകൊടുത്ത് താന്‍ എടുത്തുകൊണ്ടിരുന്ന ആ പാഠഭാഗം പൂര്‍ത്തീകരിക്കാന്‍ ആ മഹാഗുരു തന്റെ അരുമശിഷ്യന് നിര്‍ദേശം നല്‍കി. മാറിനിന്ന് ശാഫിഈയുടെ ക്ലാസ് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിനത് ഏറെ ഇഷ്ടപ്പെട്ടു. ക്ലാസ് കഴിഞ്ഞശേഷം ശിഷ്യനെ അദ്ദേഹം തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. യാത്രയില്‍ കണ്ടതും പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളെല്ലാം ശാഫിഈ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു.
ഇമാം അബൂഹനീഫയെക്കുറിച്ച് വളരെ മതിപ്പോടെയാണ് ഇമാം ശാഫിഈ മദീനയില്‍ തിരിച്ചെത്തിയത്. അബൂഹനീഫയുടെ വീക്ഷണങ്ങളോടും ഗവേഷണ രീതിയോടും ഹിജാസുകാര്‍ക്ക് വിയോജിപ്പായിരുന്നു. ശാഫിഈ അവരോട് ഇമാം അബൂഹനീഫയെ ന്യായീകരിച്ചു സംസാരിച്ചു.
ഹി. 179-ല്‍ ഇമാം മാലിക് പരലോകം പ്രാപിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൂടെ ഇമാം ശാഫിഈ ജീവിച്ചു. ആ മരണം ശാഫിഈയെ അങ്ങേയറ്റം ദുഃഖിതനാക്കി. അന്ന് 21 വയസ്സായിരുന്നു ശാഫിഈയുടെ പ്രായം.
ഗുരുവിന്റെ വിയോഗത്തോടെ ശാഫിഈ മദീനയോട് വിടപറഞ്ഞു. മക്കയില്‍ മാതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. ഉമ്മയുടെ ദാരിദ്ര്യം എന്തെങ്കിലും ജോലി സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. യമനിലെ ഗവര്‍ണര്‍ മക്കയില്‍ വന്ന സമയമായിരുന്നു അത്. ശാഫിഈയുടെ കുടുംബസ്ഥിതി നന്നായറിഞ്ഞിരുന്ന മക്കാ ഗവര്‍ണര്‍ അദ്ദേഹത്തെയും കൂട്ടി യമന്‍ ഗവര്‍ണറെ ചെന്നു കണ്ടു. അദ്ദേഹത്തെ യമനിലേക്ക് കൊണ്ടുപോകാനും എന്തെങ്കിലും ജോലി നല്‍കാനും അഭ്യര്‍ഥിച്ചു.
മക്കയിലെ വീട് പണയപ്പെടുത്തിയാണ് ഉമ്മ ശാഫിഈയുടെ യാത്രച്ചെലവിലേക്കുള്ള പണം കണ്ടെത്തിയത്. യമനിലെ നജ്‌റാനില്‍ മെച്ചപ്പെട്ട ഒരു ജോലി തന്നെ ശാഫിഈക്ക് ലഭിച്ചു. യമനില്‍ വികാസം നേടിക്കൊണ്ടിരുന്ന ലക്ഷണശാസ്ത്രം അദ്ദേഹം പഠിച്ചു. അവിടത്തെ ശീഈ പണ്ഡിതന്മാരില്‍നിന്ന് അവരുടെ സിദ്ധാന്തങ്ങള്‍ മനസ്സിലാക്കി. ഇമാം ലൈസു ബ്‌നു ഹസന്‍ യമനിലായിരുന്നു. അദ്ദേഹത്തില്‍നിന്ന് കര്‍മശാസ്ത്രം പഠിച്ചു. നജ്‌റാനില്‍ ഇമാം ശാഫിഈക്ക് നല്ല ജനസ്വീകാര്യത ലഭിച്ചു. തന്നെ യമനിലേക്ക് കൊണ്ടുവരികയും മികച്ച ജോലി തന്ന് സഹായിക്കുകയും ചെയ്ത യമന്‍ ഗവര്‍ണര്‍ ജനദ്രോഹിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. നീതിനിഷ്ഠനായ ശാഫിഈക്ക് അത് സഹിക്കാനായില്ല. അദ്ദേഹം ഗവര്‍ണറെ വിമര്‍ശിക്കുകയും അദ്ദേഹത്തെ എതിര്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. പള്ളിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രസംഗിച്ചു.
ഗവര്‍ണര്‍ ശാഫിഈക്കെതിരെ ഖലീഫക്ക് പരാതി അയച്ചു. ഹാറൂന്‍ റശീദ് ആണ് അക്കാലത്ത് അബ്ബാസീ ഭരണകൂടത്തിന്റെ സാരഥിയും ഖലീഫയും. ശാഫിഈ ഹാറൂന്‍ റശീദിന് എതിരായി അലി (റ) പക്ഷക്കാരുടെ സംഘടനക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അലി(റ)യുടെ ഒരു പൗത്രനെ അധികാരത്തില്‍ വാഴിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം അതിലെഴുതിയിരുന്നു. ഒരു യോദ്ധാവിന് വാള്‍കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് ശാഫിഈ നാവു കൊണ്ട് ചെയ്യുന്നു എന്ന കത്തിലെ പരാമര്‍ശം ഹാറൂണ്‍ റശീദിനെ ഭയപ്പെടുത്തി.
അബ്ബാസികളേക്കാളും അമവികളേക്കാളും ഖിലാഫത്തിന് അര്‍ഹതപ്പെട്ടവര്‍ അലി(റ)യുടെ കുടുംബക്കാരാണെന്ന വീക്ഷണമുള്ളവരായിരുന്നു അലി പക്ഷക്കാര്‍ അഥവാ അലവികള്‍. യമനില്‍ വെച്ച് ശാഫിഈ ഇമാം അലി(റ)യുടെ കുടുംബക്കാരായ പലരെയും കാണുകയും അവരുടെ വിജ്ഞാന സദസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നത് നേരാണ്. അലി(റ)യോടും കുടുംബത്തോടും തനിക്കുള്ള സ്‌നേഹബഹുമാനങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ അദ്ദേഹം മടികാണിച്ചിരുന്നുമില്ല. എന്നാല്‍ അലവി വിപ്ലവകാരികളുമായി അദ്ദേഹത്തിന് ബന്ധമൊന്നുമുണ്ടായിരുന്നില്ല.
അലവി വിപ്ലവകാരികളായ ഒമ്പത് പേര്‍ക്ക് ശാഫിഈ നേതൃത്വം നല്‍കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട് നജ്‌റാന്‍ ഗവര്‍ണര്‍ വീണ്ടും ഖലീഫക്ക് കത്തെഴുതി.
പ്രസ്തുത ഒമ്പതു പേരും ഒപ്പം ഇമാം ശാഫിഈയും ഹാറൂന്‍ റശീദിന്റെ കല്‍പനപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. കഴുത്തിലും കാലിലും ചങ്ങലയിടപ്പെട്ട നിലയിലാണ് അവര്‍ ഖലീഫയുടെ മുമ്പാകെ ഹാജരാക്കപ്പെട്ടത്. പണ്ഡിതനും മുഖ്യ ന്യായാധിപനുമായ ഇമാം മുഹമ്മദു ബ്‌നു ഹസന്‍ ഖലീഫയുടെ തൊട്ടടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. കുറ്റവാളികളായി ഹാജരാക്കപ്പെട്ട ഒമ്പതുപേരും തങ്ങള്‍ നിരപരാധികളാണെന്ന് ബോധിപ്പിച്ചു. പക്ഷെ, അതംഗീകരിക്കപ്പെട്ടില്ല. ഒമ്പത് പേരുടെയും തല വെട്ടാനായിരുന്നു ഖലീഫയുടെ ഉത്തരവ്.
എല്ലാം കണ്ടുകൊണ്ടിരുന്ന ശാഫിഈ അക്ഷോഭ്യനായി നിലകൊണ്ടു. ഒമ്പതാമത്തെ ആളും വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഖലീഫക്ക് സലാം ചൊല്ലി. എന്റെ സമ്മതം കിട്ടുന്നതിനു മുമ്പ് സംസാരിക്കാന്‍ തനിക്കെങ്ങനെ ധൈര്യം ലഭിച്ചുവെന്ന് ഖലീഫ ആശ്ചര്യം കൂറി. വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം ഓതിക്കൊണ്ട് ആ ധൈര്യം അല്ലാഹു നല്‍കിയതാണെന്ന് ശാഫിഈ വ്യക്തമാക്കി. അലവി വിപ്ലവകാരികള്‍ക്ക് നേതൃത്വം നല്‍കുന്നതായുള്ള ആരോപണത്തെക്കുറിച്ച് ഖലീഫ ചോദിച്ചു. അതിനു മറുപടി നല്‍കുന്നതിന് മുമ്പായി തന്നെ ബന്ധിച്ച ചങ്ങലകള്‍ അഴിച്ചുകൊടുക്കാന്‍ ശാഫിഈ ആവശ്യപ്പെട്ടു. ഖലീഫയുടെ ആജ്ഞപ്രകാരം ചങ്ങലകള്‍ അഴിക്കപ്പെട്ടു.
'താന്‍ അലിയുടെയോ ത്വാലിബിന്റെയോ കുടുംബക്കാരനല്ലെന്നും അബ്ദുമനാഫിന്റെ മകന്‍ മുത്ത്വലിബിന്റെ സന്താനപരമ്പരയില്‍പെട്ടവനാണെന്നും ശാഫിഈ പറഞ്ഞു. സ്വന്തം പിതൃപരമ്പര അദ്ദേഹം ഖലീഫക്ക് പറഞ്ഞുകൊടുത്തു. വ്യക്തിവിരോധം കൊണ്ട് ആരോപിക്കപ്പെട്ടതാണ് തനിക്കെതിരായ കുറ്റമെന്നും ബോധിപ്പിച്ചു.
ഇദ്‌രീസിന്റെ മകന്‍ മുഹമ്മദാണോ താങ്കള്‍ എന്ന ഖലീഫയുടെ ചോദ്യത്തിന് അതേ എന്ന് ശാഫിഈ മറുപടി നല്‍കി. ശാഫിഈ പറഞ്ഞത് സത്യമാണോ എന്ന് തന്റെ തൊട്ടടുത്തിരുന്ന ഇമാം മുഹമ്മദിനോട് ഖലീഫ ആരാഞ്ഞു. അതേയെന്ന് അദ്ദേഹം മറുപടി നല്‍കി. ശാഫിഈ ഉന്നതശീര്‍ഷനായ ഒരു പണ്ഡിതനാണെന്നുകൂടി അദ്ദേഹം വ്യക്തമാക്കി.
ശാഫിഈയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ അദ്ദേഹത്തെ സ്വന്തം കസ്റ്റഡിയില്‍ വെക്കാന്‍ ഇമാം മുഹമ്മദിനോട് ഖലീഫ ആവശ്യപ്പെട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാഫിഈയുടെ നിരപരാധിത്വം ഖലീഫയെ ബോധ്യപ്പെടുത്താന്‍ ഇമാം മുഹമ്മദ് പരിശ്രമിച്ചു. അത് വിജയം കണ്ടു. ശാഫിഈക്ക് ഖലീഫ കുറ്റവിമുക്തി നല്‍കി. എന്നാല്‍, അദ്ദേഹത്തിന്റെ പാണ്ഡിത്യം പരിശോധിക്കാനായി കൊട്ടാരത്തില്‍ പണ്ഡിതന്മാരുടെ ഒരു സദസ്സ് വിളിച്ചുചേര്‍ത്തു. മതപണ്ഡിതന്മാര്‍ക്ക് പുറമെ ഗണിതം, രസതന്ത്രം, വൈദ്യം തുടങ്ങിയ മറ്റു വിജ്ഞാനശാഖകളിലെ വിദഗ്ധന്മാരും ക്ഷണിക്കപ്പെട്ടിരുന്നു.
ഖലീഫ തന്നെയാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ശാഫിഈയുടെ വിദഗ്ധമായ മറുപടികള്‍ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. സന്തുഷ്ടനായ ഖലീഫ ശാഫിഈക്ക് അമ്പതിനായിരം ദീനാര്‍ പാരിതോഷികം നല്‍കി. അത് സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഇമാം മുഹമ്മദിനോടൊപ്പം ആതിഥേയ ഗൃഹത്തിലേക്ക് മടങ്ങി.
ഇറാഖുകാരുടെ കര്‍മശാസ്ത്രരീതി പഠിച്ചുകൊണ്ട് ശാഫിഈ മുഹമ്മദു ബ്‌നു ഹസനോടൊപ്പം ജീവിച്ചു. അതോടൊപ്പം ഗണിതം, വൈദ്യം, ഗണിതശാസ്ത്രം തുടങ്ങിയ മറ്റു വിഷയങ്ങളും അഭ്യസിച്ചു. അവയ്‌ക്കൊപ്പം കുതിര സവാരിയിലും അമ്പെയ്ത്തിലും പരിശീലനം പുനരാരംഭിച്ചു. വ്യായാമത്തിനും സമയം കണ്ടെത്തി.
മുഹമ്മദുബ്‌നു ഹസനും ശാഫിഈയും പരസ്പരമുള്ള സ്‌നേഹബഹുമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒട്ടേറെ സംവാദങ്ങള്‍ നടത്തി. ബഗ്ദാദിന്റ ധൈഷണിക ജീവിതത്തിന് അത് വലിയ സംഭാവനകള്‍ നല്‍കി. കര്‍മശാസ്ത്രത്തില്‍ ഇറാഖുകാര്‍ക്കും മദീനക്കാര്‍ക്കും രണ്ടു മാര്‍ഗങ്ങളാണ്. ഇമാം അബുഹനീഫയാണ് ഇറാഖുകാരുടെ ഇമാം. മദീനക്കാരുടേത് ഇമാം മാലികും. അടിസ്ഥാനങ്ങളിലും ശാഖകളിലും ഇരു മാര്‍ഗങ്ങള്‍ക്കുമിടയില്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇമാം ശാഫിഈ ഇറാഖിലെ മറ്റു കര്‍മശാസ്ത്ര പണ്ഡിതന്മാരുമായും നിരന്തര സംവാദങ്ങളിലേര്‍പ്പെട്ടു. ഇമാം മാലികിന്റെ ഫിഖ്ഹ് അദ്ദേഹം അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തു. വിവിധ വിജ്ഞാന ശാഖകളില്‍ ബഗ്ദാദില്‍ ലഭ്യമായ വിജ്ഞാനങ്ങളത്രയും സ്വായത്തമാക്കുകയും ചെയ്തു.
ഏതാനും വര്‍ഷം ബഗ്ദാദില്‍ താമസിച്ച ശേഷം ശാഫിഈ മക്കയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ ഏതു ഭാഗത്തും അദ്ദേഹത്തിന് ഗവര്‍ണറുടെയോ ചീഫ് ജസ്റ്റിസിന്റെയോ ജോലി നല്‍കാമെന്ന് ഖലീഫ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍, അദ്ദേഹമത് നിരസിച്ചു. മേലില്‍ സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കുകയോ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഇടപെടുകയോ ചെയ്യാതെ ജീവിതം പൂര്‍ണമായും വിജ്ഞാന സപര്യക്ക് സമര്‍പ്പിക്കുമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു.
മക്കയില്‍ മടങ്ങിയെത്തിയ ശാഫിഈ മഖാമു ഇബ്‌റാഹീമിനടുത്ത് സ്വന്തമായൊരു ദര്‍സ് സംഘടിപ്പിച്ചു. സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ വിജ്ഞാനസദസ്സ് നടന്നിരുന്ന സ്ഥലമാണത്.
ഖലീഫാ ഹാറൂന്‍ റശീദ് സമ്മാനിച്ച പണത്തിന്റെ പകുതി ഉമ്മയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം മക്കയിലെ ദരിദ്രര്‍ക്ക് ദാനം ചെയ്തു. മക്കയില്‍ അദ്ദേഹത്തിന് പ്രഗത്ഭരായ ഒട്ടേറെ ശിഷ്യന്മാരെ ലഭിച്ചു. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ അവരില്‍ പ്രധാനിയായിരുന്നു. മറ്റു പണ്ഡിതന്മാരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്ന തന്റെ സുഹൃത്തുക്കളെ അദ്ദേഹം ശാഫിഈയുടെ ക്ലാസിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുമായിരുന്നു.
ബഗ്ദാദിലെ വൈജ്ഞാനിക സംവാദങ്ങളെക്കുറിച്ച ഓര്‍മകള്‍ അപ്പോഴും ശാഫിഈയെ പിന്തുടര്‍ന്നു. ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും കര്‍മശാസ്ത്രസരണികളെ സമന്വയിപ്പിക്കാന്‍ പ്രസ്തുത സംവാദങ്ങളില്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇമാം ലൈസുബ്‌നു സഅ്ദ് ഇത്തരമൊരു പരിശ്രമം നടത്തിയത് അദ്ദേഹത്തിനറിയാം.
യമനിലെ താമസക്കാലത്ത് ലൈസിന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ പഠിക്കാന്‍ ശാഫിഈക്ക് അവസരം ലഭിച്ചിരുന്നു. അതില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനുവേണ്ടി ഈജിപ്തിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു.
ഇക്കാലത്താണ് അദ്ദേഹം അര്‍രിസാല എന്ന പ്രശസ്ത ഗ്രന്ഥം രചിക്കുന്നത്. ഇറാഖില്‍ ചെന്ന് അവിടത്തെ പണ്ഡിതന്മാര്‍ക്ക് അതു വായിച്ചുകൊടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഒരിക്കല്‍ കൂടി അദ്ദേഹം ബഗ്ദാദിലേക്ക് യാത്രതിരിച്ചു. ബഗ്ദാദില്‍നിന്ന് താന്‍ പോന്നതിനുശേഷം അവിടത്തെ ജീവിതരീതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി ശാഫിഈ കണ്ടു. സാംസ്‌കാരിക മേഖലയിലെ അഭൂതപൂര്‍വമായ പുരോഗതി, മതവിജ്ഞാനീയങ്ങളിലുള്ള താല്‍പര്യക്കുറവ്, ശരീഅത്തിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രവണതകള്‍, സാമ്പത്തിക പുരോഗതിക്കൊപ്പം സുഖാഢംബരങ്ങളോടുള്ള താല്‍പര്യം... ഇതെല്ലാം അദ്ദേഹത്തില്‍ മടുപ്പുളവാക്കി.
ഖലീഫാ ഹാറൂന്‍ റശീദും ഇമാം മുഹമ്മദു ബ്‌നു ഹസനും ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പലാണ് ഇപ്പോള്‍ അവിടത്തെ മുഖ്യപണ്ഡിതന്‍. പുതിയ ഖലീഫ മഅ്മൂന്‍ മുഅ്തസില പക്ഷക്കാരനാണ്. ഇമാം അഹ്മദും മുഅ്തസിലികളും തമ്മില്‍ കടുത്ത വിവാദങ്ങളും അഭിപ്രായ സംഘട്ടനങ്ങളുമാണ് നടക്കുന്നത്.
ഈജിപ്തില്‍ ചെന്ന് ലൈസുബ്‌നു സഅ്ദിന്റെ കര്‍മശാസ്ത്രം പഠിക്കാനുള്ള ശാഫിഈയുടെ പഴയ ആഗ്രഹം വീണ്ടും തലപൊക്കി. അതിനിടെ ഈജിപ്ത് ഗവര്‍ണര്‍ അദ്ദേഹത്തെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. മക്കയില്‍ വെച്ച് താന്‍ മുവത്വ പഠിപ്പിച്ച ഒരു ശിഷ്യന്‍ ഈജിപ്തിലുണ്ടായിരുന്നു. നല്ല പണ്ഡിതനും അതിസമ്പന്നനുമായ അയാളും ഇമാം ശാഫിഈയെ ഈജിപ്തിലേക്ക് ക്ഷണിച്ചു.
ഈജിപ്തിലേക്ക് പോകാനുള്ള തീരുമാനം വെളിപ്പെടുത്തിയപ്പോള്‍ ബഗ്ദാദില്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്ന് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു.
പിറ്റേദിവസം ഇമാം അബൂഹനീഫയുടെ ഖബ്ര്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം എല്ലാവരോടുമായി യാത്ര ചോദിച്ചു. ഇമാം അഹ്മദ് അവിടെ വെച്ചും നിര്‍ബന്ധിച്ചുനോക്കി. 'ഈജിപ്ത് കാണാന്‍ എന്റെ മനസ്സ് കൊതിച്ചുപോയി. വിജയത്തിലേക്കാണോ ശ്മശാനത്തിലേക്കാണോ എന്റെ യാത്രയെന്ന് എനിക്കറിഞ്ഞൂകൂടാ' എന്നര്‍ഥം വരുന്ന ഒരു കവിത മറുപടിയായി ശാഫിഈ അദ്ദേഹത്തെ ചൊല്ലിക്കേള്‍പ്പിച്ചു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇമാം അഹ്മദും തടിച്ചുകൂടിയ ജനങ്ങളും അദ്ദേഹത്തെ യാത്രയയച്ചത്.
നീണ്ട യാത്രക്കൊടുവില്‍ ശാഫിഈ ഈജിപ്തിന്റെ മണ്ണില്‍ കാലുകുത്തി. ഫുസ്ത്വാത്വ് നഗരത്തിന്റെ കവാടത്തില്‍ മതപണ്ഡിതന്മാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. തങ്ങളുടെ വീട്ടില്‍ അതിഥിയായി താമസിക്കണമെന്ന് ഓരോരുത്തരും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഈജിപ്ത് ഗവര്‍ണറും വലിയൊരു വീട് അദ്ദേഹത്തിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ചുവെച്ചിരുന്നു. എന്നാല്‍ തന്റെ ഉമ്മയുടെ കുടുംബക്കാരോടൊപ്പം താമസിക്കാനാണ് ശാഫിഈ ഇഷ്ടപ്പെട്ടത്.
ഈജിപ്തില്‍ അദ്ദേഹം ആദ്യം ചെയ്തത് ഇമാം ലൈസിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുകയാണ്. അനന്തരം മതപണ്ഡിതയും ആത്മജ്ഞാനിയുമായ ബീവി നഫീസയുടെ ഭവനം അന്വേഷിച്ചു. ഇമാം ഹസന്റെ പൗത്രിയാണ് ബീവി നഫീസ. മക്കയിലാണ് ജനിച്ചതെങ്കിലും കുറേ കാലമായി ഈജിപ്തിലാണ് താമസം. ബീവി നഫീസയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഫുസ്ത്വാത്വില്‍ അംറുബ്‌നുല്‍ ആസ്വ്(റ) നിര്‍മിച്ച മസ്ജിദ് സന്ദര്‍ശിച്ചു. പള്ളികളുടെ കിരീടം എന്നര്‍ഥമുള്ള താജുല്‍ ജവാമിഅ് എന്ന പേരിലാണത് അറിയപ്പെടുന്നത്. അനേകം പണ്ഡിതന്മാരുടെ വിജ്ഞാന സദസ്സുകള്‍ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു പള്ളി. ഖുര്‍ആനും ഹദീസും കര്‍മശാസ്ത്രവും മാത്രമല്ല, ശാസ്ത്രവും സാഹിത്യവുമെല്ലാം അവിടെ പഠിപ്പിക്കപ്പെട്ടിരുന്നു.
താജുല്‍ ജവാമിഇന്റെ ഒരുഭാഗത്ത് ശാഫിഈ സ്വന്തം വിജ്ഞാനസദസ്സ് സംഘടിപ്പിച്ചു. ബഗ്ദാദിലെയും മദീനയിലെയും രീതികളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഈജിപ്തിലെ ക്ലാസുകള്‍. ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള സംവാദങ്ങളുടെ രൂപത്തിലാണ് ഇവിടെ ക്ലാസുകള്‍ എടുക്കുന്നത്. പുരാതന ഈജിപ്തിലെ ബോധനരീതിയാണത്. ശാഫിഈയും ആ രീതി തന്നെ പിന്തുടര്‍ന്നു.
ഈജിപ്തിലെ ജീവിതം ശാഫിഈക്ക് ഇഷ്ടപ്പെട്ടു. റമദാനില്‍ നഫീസത്ത് ബീവിയോടൊപ്പം, ഇമാമായി അദ്ദേഹം തറാവീഹ് നമസ്‌കരിച്ചു. അദ്ദേഹത്തിന്റെ ക്ലാസുകളില്‍ ശിഷ്യന്മാരുടെ ഭാര്യമാരും സഹോദരിമാരും പുത്രിമാരും ഉള്‍പ്പെടെ ധാരാളം സ്ത്രീകള്‍ പങ്കെടുത്തിരുന്നു. നഫീസത്ത് ബീവിയുടെ ക്ലാസുകളില്‍ ഇമാം ശാഫിഈയും പതിവായി പങ്കെടുത്തു പോന്നു.
ഈജിപ്തിലെ ജീവിതം ശാഫിഈയുടെ ചിന്തകളില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കി. ലൈസുബ്‌നു സഅ്ദിന്റെ സമന്വയ രീതിക്ക് അതില്‍ വലിയ പങ്കുണ്ടായിരുന്നു. താന്‍ മുമ്പ് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്ത കാര്യങ്ങളില്‍ ഒരു പുനഃപരിശോധന ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും കര്‍മശാസ്ത്രങ്ങളെ അദ്ദേഹം അടിമുടി പുനഃപരിശോധിച്ചു. പുതിയ ഗവേഷണങ്ങള്‍ക്കൊത്ത്, മുമ്പെഴുതിയ ഗ്രന്ഥങ്ങളൊക്കെയും മാറ്റിയെഴുതി. അവയുടെ ഒരു പകര്‍പ്പ് ഇമാം അഹ്മദു ബ്‌നു ഹമ്പലിന് കൊടുത്തയക്കുകയും തന്റെ വീക്ഷണങ്ങളില്‍ വന്ന മാറ്റത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
രാത്രി സമയങ്ങളില്‍ ഏറെനേരം ഉറക്കമിളച്ചിരുന്നാണ് ശാഫിഈ ഈ ജോലികള്‍ പൂര്‍ത്തിയാക്കിയത്. കുറേ നേരം വിളക്കത്തിരുന്ന് എഴുതും. പിന്നെ വിളക്കണച്ച് ഇരുട്ടത്ത് കിടന്ന് ചിന്തയില്‍ മുഴുകും. വീണ്ടും എഴുന്നേറ്റ് വിളക്ക് കൊളുത്തി എഴുതും. ഒരൊറ്റ രാത്രി തന്നെ ഇരുപതും മുപ്പതും തവണ ഇതാവര്‍ത്തിക്കുമായിരുന്നു.
താങ്ങാനാവാത്ത ഭാരം സ്വന്തം ശരീരത്തില്‍ അടിച്ചേല്‍പ്പിച്ചാണ് മുപ്പതു കൊല്ലം കൊണ്ട് എഴുതിയതെല്ലാം അഞ്ചുകൊല്ലം കൊണ്ട് അദ്ദേഹം മാറ്റിയെഴുതിയത്. പുറമെ പുതിയ പല പുസ്തകങ്ങളും എഴുതുകയും ചെയ്തു.
ഫിത്‌യാന്‍ എന്നു പേരായ ഒരു കര്‍മശാസ്ത്ര പണ്ഡിതനുണ്ടായിരുന്നു ഈജിപ്തില്‍. അയാള്‍ ചില കുടുക്കു മസ്അലകള്‍ ഉന്നയിച്ച് ശാഫിഈയുമായി വാദപ്രതിവാദത്തിന് ഒരുമ്പെട്ടു. ശാഫിഈ അയാളെ ദയനീയമായി പരാജയപ്പെടുത്തി. ഫിത്‌യാനും അനുയായികളും ശാഫിഈയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ശാഫിഈയുടെ അനുയായികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഗവര്‍ണര്‍ ഫിത്‌യാനെ മുടിയും താടിയും മീശയും വടിച്ച് ഒട്ടകപ്പുറത്തിരുത്തി നഗരപ്രദക്ഷിണം നടത്തിച്ചു. ഒരു ദിവസം പള്ളിയില്‍നിന്ന് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയത്ത് ഫിത്‌യാനും അനുയായികളും ശാഫിഈയെ പതിയിരുന്ന് ആക്രമിച്ചു. അടിയേറ്റ് ബോധരഹിതനായ ശാഫിഈക്ക് പിന്നീട് പൂര്‍ണാരോഗ്യത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ഹി.204 റജബ് 10-ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അറിവിന്റെ പുതിയൊരു ലോകം തേടിക്കൊണ്ടുള്ള ഒരിക്കലും മടങ്ങിവരാനാവാത്ത അന്തിമയാത്ര.
പണ്ഡിതയും വയോധികയുമായ നഫീസത്ത് ബീവി അദ്ദേഹത്തിന്റെ മയ്യിത്ത് തന്റെ വീട്ടിലേക്ക് കൊണ്ടുവരാനാവശ്യപ്പെട്ടു. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്‌കരിച്ച ശേഷം അവര്‍ പറഞ്ഞു: ''അല്ലാഹു ഇമാം ശാഫിഈക്ക് കരുണ ചെയ്യുമാറാകട്ടെ. നന്നായി വുദു ചെയ്യുന്ന ആളായിരുന്നു അദ്ദേഹം.''
റഹ്മാന്‍ മുന്നൂര്: കോഴിക്കോട് ജില്ലയിലെ മൂന്നൂര് സ്വദേശി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠനം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബിയില്‍ എം.എ. പ്രബോധനം, ആരാമം എന്നിവയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഐ.പി.എച്ചില്‍ എഡിറ്റര്‍. ഫോണ്‍: 9895200954.
ഇമെയില്‍: [email protected]
Comments