Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇമാം നവവിയുടെ ഇടപെടലുകള്‍

മുഹമ്മദ് കാടേരി

ഇമാം ശാഫിഈയുടെ ജീവിതകാലത്തുതന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ മദ്ഹബും ഇസ്‌ലാമിക ലോകത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം വിശ്രുതമായിക്കഴിഞ്ഞിരുന്നു. ഇമാമിന്റെ കാലശേഷം മദ്ഹബിന്റെ വ്യാപനത്തില്‍ വന്‍കുതിപ്പ് തന്നെയുണ്ടായി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ശിഷ്യന്മാരുമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. കാലാന്തരത്തിലും മദ്ഹബ് കൂടുതല്‍ വികാസവും വ്യാപ്തിയും കൈവരിച്ചുകൊണ്ടിരുന്നു. മക്ക, ഇറാഖ്, ഈജിപ്ത്, ശാം, യമന്‍, ഇറാന്‍, ഖുറാസാന്‍, ട്രാന്‍സോക്‌സാനിയ തുടങ്ങി മുസ്‌ലിം ലോകത്തിന്റെ വിവിധ മേഖലകളില്‍ അത് സ്വാധീനമുറപ്പിച്ചു. മദ്ഹബിന്റെ വക്താക്കളും പ്രചാരകരുമായി ഉന്നതശീര്‍ഷരായ പണ്ഡിതന്മാര്‍ രംഗപ്രവേശം ചെയ്തു. മദ്ഹബിന്റെ നിദാന തത്ത്വങ്ങളിലൂന്നി പ്രമാണങ്ങളില്‍നിന്ന് നേരിട്ട് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ കഴിവാര്‍ജിച്ച മുജ്തഹിദുകളായിരുന്നു അവരില്‍ ഒരു വിഭാഗം. ഇമാം ശാഫിഈ വിശദീകരിച്ച കര്‍മശാസ്ത്ര വിധികള്‍ക്കും അദ്ദേഹം അവതരിപ്പിച്ച ന്യായാധികരണ (ഖിയാസ്)ങ്ങള്‍ക്കും അനുബന്ധമായി ശാഖാനിയമങ്ങള്‍ ആവിഷ്‌കരിച്ച വീക്ഷണകര്‍ത്താക്കളാണ് (അസ്വ്ഹാബുല്‍ വുജൂഹ്) മറ്റൊരു വിഭാഗം. ഇതര മദ്ഹബുകളെ നിരൂപണം ചെയ്തും, അവയുടെ വക്താക്കളുമായി സംവാദങ്ങളിലേര്‍പ്പെട്ടും ശാഫിഈ ചിന്താധാരയുടെ പ്രസക്തിയും പ്രാമാണികതയും സ്പഷ്ടമാക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും അവരിലുണ്ട്. കൂടാതെ, മൂല്യവത്തായ ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തവരും അധ്യാപനവൃത്തിയിലും വിശകലനപാടവത്തിലും വിശ്രുതരായിത്തീര്‍ന്നവരും ഉണ്ടായിരുന്നു. 

ഈ പണ്ഡിതന്മാര്‍ക്കിടയിലെ ഭൂമിശാസ്ത്രപരമായ അകലം ഏറെയായിരുന്നു. അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളുടെ വൈവിധ്യവും ജീവിതസാഹചര്യങ്ങളുടെ അന്തരവും കാരണം നിയമനിര്‍ധാരണങ്ങളിലും വിധിതീര്‍പ്പുകളിലും ഭിന്നത സംജാതമായി. ഇമാം ശാഫിഈയില്‍നിന്ന് ഒരേ വിഷയത്തില്‍ ഒന്നിലധികം വീക്ഷണങ്ങള്‍ ഉദ്ധരിക്കപ്പെട്ടതിന് പുറമെയാണിത്. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ വീക്ഷണ വൈവിധ്യങ്ങളുടെ മഹാപ്രളയം തന്നെ ശാഫിഈ മദ്ഹബിന്റെ വൃത്തപരിധിയില്‍ വന്നുചേര്‍ന്നിരുന്നു. അതിനാല്‍ ഇമാമില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായങ്ങളുടെ നിവേദനപരമായ പ്രാബല്യം നിര്‍ണയിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. ഇമാമിനുശേഷം മദ്ഹബിന്റെ പരിധിയില്‍ വളര്‍ന്നുവന്ന മുജ്തഹിദുകളുടെ അഭിപ്രായങ്ങളില്‍ പ്രമാണങ്ങളോടും മദ്ഹബിന്റെ നിദാന തത്ത്വങ്ങളോടും യോജിക്കുന്നവയും യോജിക്കാത്തവയും തമ്മില്‍ വേര്‍തിരിച്ചെടുക്കേണ്ടതായിവന്നു. ഇമാമിന്റെ വീക്ഷണങ്ങള്‍ക്കനുസൃതമായ ശാഖാ നിയമങ്ങള്‍ ആവിഷ്‌കരിച്ച പണ്ഡിതന്മാരില്‍ ആരുടെ പക്ഷമാണ് മദ്ഹബിനോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതെന്ന് നിര്‍ണയിക്കേണ്ടതും അനുപേക്ഷ്യമായി. ഉപരിസൂചിത അഭിപ്രായങ്ങളെയും വീക്ഷണങ്ങളെയും ഒന്നൊഴിയാതെ ശേഖരിക്കുക, അവ ഒരോന്നിനെയും മദ്ഹബിന്റെ നിദാനതത്ത്വങ്ങള്‍ മുമ്പില്‍വെച്ച് പഠന വിധേയമാക്കുക, മദ്ഹബിനോട് പൊരുത്തപ്പെടുന്നതും അല്ലാത്തതും വേര്‍തിരിക്കുക തുടങ്ങിയവ അത്യന്തം ശ്രമകരമായ ദൗത്യമാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ മൗലിക പ്രമാണങ്ങളിലും ശാഫിഈ മദ്ഹബിന്റെ നിദാനതത്ത്വങ്ങളിലും വ്യുല്‍പത്തി നേടിയ, മദ്ഹബിനകത്ത് രൂപംകൊണ്ട മുഴുവന്‍ കര്‍മശാസ്ത്ര വീക്ഷണങ്ങളെയും സസൂക്ഷ്മം പഠനവിധേയമാക്കിയ പരിണിതപ്രജ്ഞനായ പണ്ഡിതനു മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. പ്രസ്തുത ശ്രമസാധ്യദൗത്യം തികവോടെ നിര്‍വഹിച്ച പ്രതിഭാധനനായ പണ്ഡിതവര്യനാണ് ഇമാം നവവി. മദ്ഹബിന്റെ സംശോധകന്‍ (മുഹര്‍രിറുല്‍ മദ്ഹബ്) എന്ന അഭിധാനത്താല്‍ വിശ്രുതനാണ് അദ്ദേഹം. ഇമാം നവവി പ്രബലമെന്ന് വിധിയെഴുതിയ വീക്ഷണമാണ് ശാഫിഈ മദ്ഹബില്‍ ആധികാരികം. 

 

ജനനവും കുട്ടിക്കാലവും

അബൂ സകരിയ്യാ യഹ്‌യാ ബ്‌നു ശറഫി ബ്‌നി മുര്‍രി അല്‍ ഹിസാമി അന്നവവി എന്നാണ് ഇമാം നവവിയുടെ മുഴുവന്‍ പേര്. ദമസ്‌കസിനു സമീപം ഹൗറാന്‍ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന നവാ എന്ന ഗ്രാമത്തില്‍ ഹിജ്‌റ 630 ലാണ് ജനനം. ജന്മനാടുമായി ബന്ധിപ്പിച്ച് നവവി എന്നും നവാവി എന്നും വിളിക്കപ്പെടുന്നു. പിതാവ് ശറഫുബ്‌നു മുര്‍രി തഖ്‌വയും ദീനീനിഷ്ഠയും കൊണ്ട് അനുഗൃഹീതനായ കച്ചവടക്കാരനായിരുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ ചെറുപ്പം മുതലേ സല്‍സ്വഭാവവും ഉല്‍കൃഷ്ടചര്യകളും ഉള്‍ക്കൊണ്ട് നവവി വളര്‍ന്നു. ഏഴു വയസ്സായപ്പോള്‍ നവവിക്കുണ്ടായ സവിശേഷമായ അനുഭവം വീട്ടുകാരില്‍ കൗതുകമുണര്‍ത്തി. ഒരു റമദാന്‍ 27ാം രാവിലായിരുന്നു അത്. പിതാവിനരികെ നിദ്രയിലായിരുന്ന നവവി പെട്ടെന്ന് ഉറക്കമുണര്‍ന്നു. പിതാവിനെ വിളിച്ചുണര്‍ത്തിയിട്ട് വിസ്മയഭരിതനായി പറഞ്ഞു: ''എന്തൊരു പ്രകാശമാണ് നമ്മുടെ വീട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്!'' വീട്ടുകാര്‍ എല്ലാവരും ഉറക്കമുണര്‍ന്നു. എന്നാല്‍, അവരിലാര്‍ക്കും പ്രത്യേകിച്ചൊന്നും കാണാനായില്ല. അന്ന് ലൈലത്തുല്‍ ഖദ്‌റാണെന്ന് താന്‍ മനസ്സിലാക്കിയതായി ഈ സംഭവം അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് പിന്നീട് പറയുകയുണ്ടായി. 

പത്ത് വയസ്സായപ്പോള്‍ തന്റെ സഹായത്തിനായി പിതാവ് നവവിയെ കടയില്‍ നിര്‍ത്തി. എന്നാല്‍ കച്ചവടത്തില്‍ താല്‍പര്യം കാണിക്കാതെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകലായിരുന്നു നവവിയുടെ പതിവ്. ആയിടെ വിശ്രുത സാത്വികനും ഭക്തനുമായ ശൈഖ് യാസീനു ബ്‌നു യൂസുഫുല്‍ മര്‍റാകുശി നവാ ഗ്രാമത്തില്‍ വരികയുണ്ടായി. പിതാവിന്റെ കടയിലിരിക്കുന്ന നവവിയെ അദ്ദേഹം കണ്ടു. സമപ്രായക്കാരായ കളിക്കൂട്ടുകാര്‍ തങ്ങളോടൊപ്പം ചേരാന്‍ നവവിയെ നിര്‍ബന്ധിക്കുന്നതും അതിന് സമ്മതിക്കാതെ അദ്ദേഹം ഖുര്‍ആന്‍ പാരായണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ശൈഖ് ശ്രദ്ധിച്ചു. അദ്ദേഹത്തിനു നവവിയോട് വലിയ മതിപ്പും ആദരവുമായി. നവവിയെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഗുരുനാഥനെ സമീപിച്ച് അദ്ദേഹം ഇപ്രകാരം ഉണര്‍ത്തി: ''ഈ കുട്ടി തന്റെ കാലഘട്ടത്തിലെ മഹാ പണ്ഡിതനും അതീവ ഭക്തനുമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ അവന്റെ ശിക്ഷണത്തില്‍ സവിശേഷ ജാഗ്രത കാണിക്കണം.'' 'നിങ്ങള്‍ ഒരു ജ്യോതിഷിയാണോ?' എന്നായിരുന്നു ഗുരുനാഥന്റെ ചോദ്യം. 'ഞാന്‍ ജ്യോതിഷിയൊന്നുമല്ല. എന്നാല്‍ എന്റെ നാവിലൂടെ അല്ലാഹു വെളിപ്പെടുത്തിയ കാര്യമാണിത്' എന്നാണ് ശൈഖ് ഇതിനോട് പ്രതികരിച്ചത്. ഗുരുനാഥന്‍ ഇക്കാര്യം പിന്നീട് നവവിയുടെ പിതാവിനോട് പറയുകയുണ്ടായി. അന്നു മുതല്‍ നവവിയുടെ ഖുര്‍ആന്‍ പഠനവിഷയത്തില്‍ പിതാവ് അതീവ താല്‍പര്യം കാണിച്ചു. പ്രായപൂര്‍ത്തിയോടടുത്തപ്പോഴേക്കും നവവി ഖുര്‍ആന്‍ ആദ്യന്തം ഹൃദിസ്ഥമാക്കി.

 

ദമസ്‌കസില്‍

പതിനെട്ടാം വയസ്സില്‍ പിതാവ് നവവിയെ ദമസ്‌കസില്‍ കൊണ്ടുവന്നു. അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതന്മാരാലും ജ്ഞാനാര്‍ഥികളാലും നിബിഢമായിരുന്നു ദമസ്‌കസിന്റെ ഭൂമിക. അവിടെ ശാമിലെ മുഫ്തി, അല്‍ ഫിര്‍കാഹ് എന്ന പേരില്‍ അറിയപ്പെട്ട താജുദ്ദീനില്‍ ഫസാരി (മരണം ഹി.690)യുടെ കീഴിലാണ് നവവി പഠനം ആരംഭിച്ചത്. പക്ഷേ, ഈ പഠനം അധികകാലം തുടരാനായില്ല. താമസസൗകര്യത്തിന്റെ അഭാവം കാരണം മറ്റൊരു പണ്ഡിതന്റെ ദര്‍സിലേക്ക് ഗുരുനാഥന്‍ അദ്ദേഹത്തെ പറഞ്ഞുവിടുകയായിരുന്നു. അങ്ങനെ റവാഹിയ്യ മദ്‌റസയില്‍ പ്രമുഖ പണ്ഡിതന്‍ അല്‍കമാല്‍ ഇസ്ഹാഖുബ്‌നു അഹ്മദ് അല്‍ മഗ്‌രിബിയുടെ (മ.ഹി.650) കീഴില്‍ പഠനം തുടര്‍ന്നു. ജ്ഞാനസമ്പാദനത്തില്‍ അനിതരസാധാരണ അഭിവാഞ്ഛയും ത്യാഗ സന്നദ്ധതയുമാണ് നവവി കാഴ്ചവെച്ചത്. രാപ്പകലുകള്‍ വ്യത്യാസമില്ലാതെയും നിദ്രവെടിഞ്ഞും അദ്ദേഹം പഠനത്തില്‍ മുഴുകി. ഗുരുമുഖത്തു നിന്ന് പാഠങ്ങള്‍ ശ്രവിക്കുക, കുറിപ്പുകള്‍ തയാറാക്കുക, ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക എന്നീ മൂന്ന് കാര്യങ്ങള്‍ക്കു മാത്രമായി അദ്ദേഹം സമയം വിനിയോഗിച്ചു. താമസ സ്ഥലത്തുനിന്ന് ഗുരുസന്നിധിയിലേക്കും തിരിച്ചുമുള്ള പോക്കുവരവുകള്‍ ഗ്രന്ഥ പാരായണത്തിനോ പാഠങ്ങള്‍ ഓര്‍മിക്കുന്നതിനോ ഉപയോഗപ്പെടുത്തുക പതിവായിരുന്നു. കിടന്നുറങ്ങിയിരുന്നില്ല അദ്ദേഹം. നിദ്ര കീഴ്‌പ്പെടുത്തുമ്പോള്‍ ചാരിയിരുന്ന് അല്‍പം മയങ്ങും. ആ മയക്കത്തിനു പോലും നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. വിലപ്പെട്ടതെന്തോ തന്നില്‍നിന്ന് അപഹരിക്കപ്പെട്ട പോലെ ഞെട്ടിയുണരും. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം അപഹരിക്കപ്പെടാന്‍ സമയത്തേക്കാള്‍ അമൂല്യമായി ഒന്നുമില്ല. അതിനാല്‍ പൂര്‍വോപരി ഉന്മേഷഭരിതനായി വീണ്ടും പഠന പ്രവര്‍ത്തനങ്ങളില്‍ ആമഗ്നനാകും. 

ഇസ്ഹാഖുല്‍ മഗ്‌രിബിക്കു പുറമെ ദമസ്‌കസിലെ മുഫ്തി അബ്ദുര്‍ റഹ്മാനി ബ്‌നു നൂഹ്, ഉമറുബ്‌നു അസ്അദല്‍ ഇര്‍ബിലി, അബുല്‍ ഹസന്‍ സല്ലാറുബ്‌നുല്‍ ഹസനില്‍ ഇര്‍ബിലി എന്നിവരും ഫിഖ്ഹില്‍ ഇമാം നവവിയുടെ ഗുരുനാഥന്മാരാണ്. തന്റെ കാലഘട്ടത്തിലെ ഉന്നത ശീര്‍ഷരായ കര്‍മശാസ്ത്ര വിശാരദന്മാരാണ് ഇവരൊക്കെയും. ചുരുങ്ങിയ കാലത്തിനകം ഫിഖ്ഹ് എന്ന മഹാവിജ്ഞാന സാഗരം ഇമാം നവവി സ്വായത്തമാക്കി. കര്‍മശാസ്ത്ര നിയമങ്ങളിലും അവയുടെ നിദാനതത്ത്വങ്ങളിലും അവഗാഹം നേടി. വിധിവിലക്കുകള്‍ പ്രമാണസഹിതം ഹൃദിസ്ഥമാക്കി. ശാഫിഈ മദ്ഹബിനകത്തെ വ്യത്യസ്ത വീക്ഷണങ്ങളും ഉള്‍ക്കൊണ്ടു. കര്‍മശാസ്ത്രത്തോടൊപ്പം ഹദീസ് വിജ്ഞാന മേഖലയിലും ഉന്നതശ്രേണിയിലെത്താന്‍ ഇമാം നവവിക്കു സാധിച്ചു. ഇബ്‌റാഹീമുബ്‌നു ഈസല്‍ മുറാദി, അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു അബീ ഹഫ്‌സ്വില്‍ വാസിത്വി, സൈനുദ്ദീന്‍ അബുല്‍ ബഖാഅ് ഖാലിദുബ്‌നു യൂസുഫന്നാബുലുസി തുടങ്ങിയവരാണ് ഹദീസില്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. ഇമാം ദഹബി പറയുന്നു: ''തന്റെ തലമുറയിലെ ഹദീസ് പണ്ഡിതന്മാരുടെ നേതൃനിരയിലാണ് നവവിയുടെ സ്ഥാനം. അദ്ദേഹം ഹദീസുകള്‍ മനഃപാഠമാക്കിയതോടൊപ്പം സ്വഹീഹും അല്ലാത്തതും തമ്മില്‍ വേര്‍തിരിക്കുന്ന വിഷയത്തിലും പ്രാവീണ്യം കരസ്ഥമാക്കി. ഹദീസുകളിലെ അപൂര്‍വ ഭാഷാപ്രയോഗങ്ങള്‍, അവയുടെ ശരിയായ വിവക്ഷ, ഹദീസുകളുടെ കര്‍മശാസ്ത്രം തുടങ്ങിയവയിലും അവഗാഹം നേടി.'' 

ഹദീസുകളുടെ ശേഖരണം, നിരൂപണം, നിവേദകരുടെ ജീവചരിത്രം, ഹദീസുകളുടെ ഉന്നതശ്രേണി (സനദ് ആലി) എന്നിവ സ്വാംശീകരിക്കുന്നതിലാണ് എക്കാലത്തെയും ഹദീസ് പണ്ഡിതര്‍ ശ്രദ്ധ കേന്ദ്രീകരിക്കാറ്. നബി(സ)യിലേക്കെത്തുന്ന നിവേദക ശ്രേണിയില്‍ ആളുകള്‍ കുറഞ്ഞുവരുംതോറും  ഹദീസുകളുടെ മൂല്യം വര്‍ധിക്കുന്നു. ഹദീസ് പണ്ഡിതന്നും നബി(സ)ക്കുമിടയില്‍ മധ്യവര്‍ത്തികള്‍ കുറയുമ്പോള്‍ ഹദീസിന്റെ സാധുതയും അത് കുറ്റമറ്റതാവാനുള്ള സാധ്യതയും ഏറിവരുന്നതാണ് കാരണം. സനദ് ആലി എന്നറിയപ്പെടുന്ന ഇത്തരം നിവേദനങ്ങള്‍ പരമാവധി ശേഖരിക്കുന്ന കാര്യത്തില്‍ ഹദീസ് വിജ്ഞാനാര്‍ഥികള്‍ക്കിടയില്‍ കിടമത്സരം തന്നെ നിലനിന്നിരുന്നു. ഇതിനായി ഏറെ അധ്വാനവും സമയവും വിനിയോഗിക്കുക പതിവായിരുന്നു. എന്നാല്‍ ഹദീസുകളിലടങ്ങിയ ഫിഖ്ഹിനെ സംബന്ധിച്ച ചിന്തയും പഠനവും അവര്‍ക്കിടയില്‍ വിരളമായിരുന്നു. അത്തരക്കാരോട് ഹദീസിലടങ്ങിയ കര്‍മശാസ്ത്ര വിധികളെക്കുറിച്ച് ചോദിച്ചാല്‍ നിസ്സഹായത പ്രകടിപ്പിക്കാനേ അവര്‍ക്കു സാധിച്ചിരുന്നുള്ളൂ. ഇമാം അഹ്മദിന്റെ പ്രസ്താവന ഈ വസ്തുതയെയാണ് അനാവരണം ചെയ്യുന്നത്: ''ഇമാം ശാഫിഈ ഇല്ലായിരുന്നുവെങ്കില്‍ ഹദീസുകളുടെ ഫിഖ്ഹ് നമുക്ക് അജ്ഞാതമാകുമായിരുന്നു.''

എന്നാല്‍ ഇമാം നവവി സാധാരണ ഹദീസ് പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തമായി ഹദീസ് പഠനത്തോടൊപ്പം അതിലെ ഫിഖ്ഹും ആര്‍ജിക്കുന്നതില്‍ തല്‍പരനായിരുന്നു.  ഫിഖ്ഹുല്‍ ഹദീസില്‍ പ്രത്യേക ഗുരുനാഥന്മാര്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അവരില്‍ പ്രമുഖനാണ് അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു ഈസല്‍ മുറാദി. പത്ത് വര്‍ഷത്തോളം താന്‍ അദ്ദേഹവുമായി സഹവസിച്ചതായി ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഹദീസിനും ഫിഖ്ഹിനും പുറമെ അറബി ഭാഷയും സാഹിത്യവുമാണ് ഇമാം നവവി പ്രാഗത്ഭ്യം നേടിയ മറ്റൊരു വിജ്ഞാന മേഖല. അറബി ഭാഷയില്‍ വിപുലമായ അറിവ് ആര്‍ജിക്കാതെ ഖുര്‍ആനും ഹദീസും യഥാതഥം ഗ്രഹിക്കാനോ അഗ്രസ്ഥാനീയരായ പണ്ഡിതരുടെ ഭാഷയും ശൈലിയും ഉള്‍ക്കൊള്ളാനോ സാധ്യമല്ല. അറബി ഭാഷാപഠനത്തിന്റെ അനിവാര്യതയും പ്രാധാന്യവും തഹ്ദീബൂല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി ഊന്നിപ്പറഞ്ഞിട്ടുണ്ട്. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്, തഹ്‌രീറു അല്‍ഫാളത്തന്‍ബീഹ് എന്നീ ഗ്രന്ഥങ്ങള്‍ ഇമാം നവവിയുടെ ഭാഷാപാടവത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്. 

 

അധ്യാപനവും ഗ്രന്ഥരചനയും

പഠനാനന്തരം താന്‍ ആര്‍ജിച്ച വിജ്ഞാനത്തിന്റെ വിനിമയത്തിനും പ്രസരണത്തിനുമാണ് ഇമാം നവവി തന്റെ ജീവിതം നീക്കിവെച്ചത്. ഈ ദൗത്യ നിര്‍വഹണത്തിനായി അധ്യാപനവും ഗ്രന്ഥരചനയും ഉപയോഗപ്പെടുത്തി. അല്‍ മദ്‌റസത്തുല്‍ ഇഖ്ബാലിയ്യഃ, അല്‍ മദ്‌റസത്തുല്‍ ഫലകിയ്യഃ, അല്‍ മദ്‌റസത്തുര്‍റുക്‌നിയ്യഃ, ദാറുല്‍ ഹദീസില്‍ അശ്‌റഫിയ്യഃ തുടങ്ങിയ സ്ഥാപനങ്ങളില്‍ അദ്ദേഹം അധ്യാപനം നിര്‍വഹിച്ചു. ദമസ്‌കസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന വിജ്ഞാന കേന്ദ്രങ്ങളാണ് ഇവ. ബദ്‌റുദ്ദീന്‍ ഇബ്‌നു ഖല്ലികാന്‍, ശംസുദ്ദീന്‍ ഇബ്‌നുഖല്ലികാന്‍ തുടങ്ങിയ പ്രമുഖര്‍ അധ്യാപനം നടത്തിയ സ്ഥാപനമാണ് ഇഖ്ബാലിയ്യഃ. വഫയാത്തുല്‍ അഅ്‌യാന്‍ എന്ന വിഖ്യാത ജീവചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് ശംസുദ്ദീന്‍ ഇബ്‌നു ഖല്ലികാന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇമാം നവവി അവിടെ അധ്യാപന ദൗത്യം ഏറ്റെടുത്തത്. ഹി. 669 വരെ അവിടെ സേവനമനുഷ്ഠിച്ചു. മേല്‍ സ്ഥാപനങ്ങളില്‍ ഏറെ പ്രസിദ്ധം ദാറുല്‍ ഹദീസില്‍ അശ്‌റഫിയ്യയാണ്. ശാമിലെ ഏറ്റവും പ്രശസ്തമായ ഹദീസ് വിജ്ഞാന കേന്ദ്രമാണത്. ശാമിലെ അയ്യൂബി വംശ സുല്‍ത്താന്മാരില്‍ ഒരാളായ അല്‍ മലിക്കുല്‍ അശ്‌റഫ് മൂസബ്‌നു മുഹമ്മദില്‍ ആദില്‍ (മരണം: ഹി. 635) സ്ഥാപിച്ചതാണ് പ്രസ്തുത ഹദീസ് പഠന കേന്ദ്രം. വിഖ്യാത ഹദീസ് പണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായ ഇബ്‌നുസ്സ്വലാഹാ(മരണം: ഹി.643)ണ് അവിടത്തെ പ്രഥമ ആചാര്യന്‍. പിന്നീട് യഥാക്രമം അല്ലാമഃ ഇബ്‌നുല്‍ ഹറസ്താനി (മരണം: ഹി. 662), ഇമാം അബൂശാമഃ (മരണം: ഹി. 676) എന്നിവര്‍ അവിടെ അധ്യാപനം നിര്‍വഹിച്ചു. അബൂശാമയുടെ നിര്യാണ ശേഷമാണ് നവവി അവിടെ ആചാര്യപദവിയില്‍ അവരോധിതനാകുന്നത്. 

ഭൗതിക സുഖഭോഗങ്ങളില്‍ വിരക്തനും പരലോക ചിന്തയില്‍ അഭിനിവിഷ്ടനുമായിരുന്നു ഇമാം നവവി. ആരാധനാനുഷ്ഠാനങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ നിതാന്ത ജാഗ്രത ചരിത്രകാരന്മാരെല്ലാം ഏക സ്വരത്തില്‍ എടുത്തുപറഞ്ഞ വസ്തുതയാണ്. പകല്‍ വേളയില്‍ വ്രതമനുഷ്ഠിച്ചും നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ഗ്രന്ഥ രചന എന്നീ കൃത്യനിര്‍വഹണങ്ങള്‍ക്കായി ഉറക്കമിളച്ചും ദിക്‌റുകളില്‍ മുഴുകിയും അദ്ദേഹം ജീവിച്ചു. ഹലാല്‍-ഹറാമുകളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തി. നിഷിദ്ധതയുടെ വിഷയത്തില്‍ സംശയാസ്പദമായ വിഭവങ്ങളും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു. ദമസ്‌കസിലെ ഫലവൃക്ഷങ്ങള്‍ വിളയുന്ന തോട്ടങ്ങള്‍ പലതും വഖ്ഫ് വകയായതിനാല്‍ അവിടെ വിളയുന്ന ഫലവര്‍ഗങ്ങള്‍ അദ്ദേഹം ഭക്ഷിക്കുമായിരുന്നില്ല. ദീനിന്റെ വിധിവിലക്കുകള്‍ സസൂക്ഷ്മം പാലിക്കുന്നവരെന്ന് തനിക്ക് ബോധ്യം വന്ന ആളുകളില്‍നിന്നേ പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നുള്ളൂ. താന്‍ ചെയ്തിരുന്ന വൈജ്ഞാനിക സേവനങ്ങളുടെ പേരില്‍ യാതൊരു പ്രതിഫലവും കൈപറ്റിയിരുന്നില്ല. ശര്‍ഇനു വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നത് ആരായാലും നിര്‍ഭയം അതിനെതിരെ ശബ്ദിച്ചിരുന്നു. ഭരണകര്‍ത്താക്കളെപ്പോലും അദ്ദേഹം തിരുത്തി. സുല്‍ത്വാന്‍ ളാഹിര്‍ ബൈബറസിനു വേണ്ടി പ്രമുഖ പണ്ഡിതനും മുഫ്തിയുമായ താജുദ്ദീനില്‍ ഫസാരി നല്‍കിയ ഫത്‌വയെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടതിനാല്‍ ഇമാം നവവി തള്ളിപ്പറഞ്ഞു. ഇതു കാരണം തന്റെ പ്രഥമ ഗുരുനാഥന്‍ കൂടിയായ ഫസാരിയുമായി ഇടഞ്ഞു. 

 

സമര്‍പ്പിത ജീവിതം

46 വര്‍ഷം മാത്രം നീണ്ടുനിന്ന ഹ്രസ്വമായ ജീവിത കാലയളവില്‍ ഇമാം നവവി ദാമ്പത്യജീവിതത്തിലേര്‍പ്പെട്ടിട്ടില്ല. ശര്‍ഈ വിജ്ഞാനങ്ങളുടെ അഭ്യുന്നതിക്കും പ്രചാരണത്തിനും ജീവിതം നീക്കിവെച്ച, അതിനുവേണ്ടി ഉറക്കം പോലും ത്യജിച്ച ആ ത്യാഗിവര്യന് ദാമ്പത്യബാധ്യതകള്‍ നിര്‍വഹിക്കാന്‍ സമയം ലഭ്യമാവാതിരിക്കുക സ്വാഭാവികം. അല്ലാഹുവിന്റെ നിയമങ്ങള്‍ അതിലംഘിക്കാന്‍ ഇടവരുമോ എന്ന ഭയവും ആശങ്കയുമാണ് ചരിത്രകാരന്മാര്‍ ചുണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം. ''സ്ത്രീകള്‍ക്ക് ന്യായമായ അവകാശമുണ്ട്. പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ അവകാശമുള്ളതുപോലെത്തന്നെ'' (ഖു. 2:228) എന്നിങ്ങനെ ഭാര്യമാരുടെ അവകാശത്തെ സംബന്ധിച്ച് ഖുര്‍ആന്‍ സഗൗരവം ഉണര്‍ത്തിയിട്ടുണ്ട്. ഇമാം നവവി തന്റെ ശര്‍ഹു മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ ഭാര്യമാരുടെ അവകാശ ബാധ്യതകളെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. പ്രമുഖ സ്വഹാബി വനിത അസ്മാഅ് (റ), തന്റെ ഭര്‍ത്താവ് സുബൈറി(റ)നു വേണ്ടി നിര്‍വഹിച്ചിരുന്ന സേവനങ്ങളെ സംബന്ധിച്ച് ഇമാം മുസ്‌ലിം ഉദ്ധരിച്ച നിവേദനത്തില്‍ വിവരിച്ചിട്ടുണ്ട്. കുതിരക്ക് തീറ്റ കൊടുക്കുക, അതിന്റെ പരിപാലനവും സംരക്ഷണവും നിര്‍വഹിക്കുക, കാരക്കാ കുരു പൊടിച്ച് ഒട്ടകത്തിനു നല്‍കുക, വെള്ളം ശേഖരിക്കുക, മാവ് കുഴക്കുക എന്നിവയാണ് അസ്മാഅ് (റ) നിര്‍വഹിച്ചിരുന്ന സേവനങ്ങള്‍. ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി ശര്‍ഹു മുസ്‌ലിമില്‍ എഴുതി: ''ഈ പറഞ്ഞ കാര്യങ്ങളും, ഭക്ഷണം പാകം ചെയ്യുക, വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുക തുടങ്ങി സ്ത്രീ ഭര്‍ത്താവിനു വേണ്ടി ചെയ്തുകൊടുക്കുന്ന സേവനങ്ങളും എക്കാലത്തും ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചുപോന്നവയും സദ്കര്‍മങ്ങളിലും മാനവിക മൂല്യങ്ങളിലും ഉള്‍പ്പെടുന്നവയുമാണ്. എന്നാല്‍ ഇവയത്രയും അവളുടെ സൗജന്യവും ഭര്‍ത്താവിനോടുള്ള ഗുണകാംക്ഷയുടെയും ഉത്തമ സഹവര്‍ത്തനത്തിന്റെയും ഭാഗവുമാകുന്നു. നിര്‍ബന്ധപൂര്‍വം അവള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളല്ല. അവ ചെയ്തുകൊടുക്കാതിരുന്നാല്‍ അവള്‍ കുറ്റക്കാരിയുമല്ല. പ്രത്യുത, അത്തരം സേവനങ്ങള്‍ അവള്‍ക്കുവേണ്ടി ലഭ്യമാക്കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാകുന്നു. ദാമ്പത്യ ബാധ്യതയായി രണ്ടു കാര്യങ്ങളാണ് അവള്‍ ചെയ്തുകൊടുക്കേണ്ടത്; ഭര്‍തൃവസതിയില്‍ സ്ഥിരമായി കഴിഞ്ഞുകൂടുകയും സ്വന്തം ശരീരം അദ്ദേഹത്തിനു സമര്‍പ്പിക്കുകയും'' (ശര്‍ഹുമുസ്‌ലിം 14/388). ഈ വിധം ഭാര്യമാരുടെ അവകാശങ്ങള്‍ വിശദീകരിച്ച ഇമാം നവവി താന്‍ ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന പക്ഷം അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു കൊടുക്കാന്‍ തനിക്കാകുമോ എന്നു സംശയിച്ചുകാണും. അല്ലാഹു ചുമതലപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നത് മൂലം അവരോട് രോഷം പ്രകടിപ്പിക്കാനും അതുവഴി അല്ലാഹുവിന്റെ കോപത്തിന് ഇരയാവാന്‍ ഇടയുണ്ടെന്നും ആശങ്കിച്ചു കാണണം. 

ഹിജ്‌റ 676 റജബ് 24 നു ബുധനാഴ്ച രാവില്‍ ദമസ്‌കസിനെയും പരിസരപ്രദേശങ്ങളെയും ദുഃഖസാഗരത്തിലാഴ്ത്തി ഇമാം നവവി ഭൗതിക ജീവിതത്തോട് വിടപറഞ്ഞു. ജന്മദേശമായ നവാ ഗ്രാമത്തിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നതും അവിടെത്തന്നെ. തുറന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഖബ്ര്‍ പ്രവാചക നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാകണമെന്നത് ഇമാം നവവിക്കു നിര്‍ബന്ധമായിരുന്നു. തന്റെ ജീവിതം പോലെത്തന്നെ ഭൗതികലോക വിരക്തിയുടെ സൂചകമാവണം അതെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അക്കാര്യം വസ്വിയ്യത്ത് ചെയ്യാന്‍ അവസരം ലഭിക്കാതെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ഖബ്‌റിടത്തിനു മീതെ ഗാംഭീര്യവും പത്രാസും മുറ്റി നില്‍ക്കുന്ന സൗധം നിര്‍മിക്കുകയും കുമ്മായമിട്ടും ഇഷ്ടിക വിരിച്ചും വെള്ളപൂശിയും ഭംഗിയാക്കുന്നതിലുമാണ് അതില്‍ അന്ത്യവിശ്രമം കൊള്ളുന്നവരുടെ കീര്‍ത്തിയും പെരുമയുമെന്നാണ് വിവരദോഷികളായ ജനം മനസ്സിലാക്കുന്നത്. ഇതൊക്കെയും ശരീഅത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന വസ്തുത അവര്‍ അവഗണിക്കുന്നു. ഖബ്‌റിടം മുസ്‌ലിംകളുടെ വഖ്ഫ് ഭൂമിയാണെന്നും തന്റെ മൃതദേഹം നിവര്‍ത്തിക്കിടത്താന്‍ ആവശ്യമുള്ളതിലേറെ സ്ഥലം വിനിയോഗിക്കാന്‍ ഒരാള്‍ക്കും അനുവാദമില്ലെന്നും ഇമാം നവവി തന്റെ ശര്‍ഹു മുസ്‌ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നടപ്പുരീതികള്‍ക്കും ആചാരങ്ങള്‍ക്കും അതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നവര്‍ എക്കാലവും വിരളമായിരിക്കും. ഇമാം നവവിയുടെ ബന്ധുജനങ്ങളില്‍ പലരുടെയും അഭിലാഷം അദ്ദേഹത്തിന്റെ പാണ്ഡിത്യഗരിമക്കും പ്രശസ്തിക്കും ചേരുന്ന വിധമായിരിക്കണം ഖബ്‌റിടമെന്നായിരുന്നു. എന്നാല്‍ ഇമാം നവവിയുടെ ആഗ്രഹം  സഫലമാകണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. 

ഖബ്‌റിനു മുകളില്‍ സൗധവും താഴികക്കുടവും നിര്‍മിക്കാനുള്ള തകൃതിയായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാള്‍ (അമ്മാവിയാണെന്നാണ് നിവേദകന്റെ നിഗമനം) ഇമാം നവവി തന്നെ സന്ദര്‍ശിച്ചതായി സ്വപ്നം കണ്ടു. സന്ദര്‍ശനമധ്യേ നവവി പറഞ്ഞു: ''എന്റെ ഖബ്ര്‍ കെട്ടിപ്പടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എന്റെ സഹോദരനോടും മറ്റുള്ളവരോടും പറയുക. നിര്‍മാണം നടക്കുന്ന പക്ഷം അത് അവര്‍ക്കു മീതെ തകര്‍ന്നുവീഴും!'' നിദ്രയില്‍നിന്ന് ഞെട്ടിയുണര്‍ന്ന അമ്മാവി തന്റെ സ്വപ്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. ശവകുടീര നിര്‍മാണം അവര്‍ വേണ്ടെന്നുവെച്ചു. ഒരു ചുറ്റുമതില്‍ നിര്‍മിച്ചുകൊണ്ട് ഖബ്‌റിനു സംരക്ഷണമേര്‍പ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. പിന്നീട് പ്രസ്തുത സ്വപ്നം യാഥാര്‍ഥ്യനിഷ്ഠമായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സംഭവം ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ അരങ്ങേറുകയുണ്ടായി. ദമസ്‌കസിലെ ഗവര്‍ണര്‍ ഖാന്‍സ്വൂഹ് അസ്സഅ്ദി നവവിയുടെ ഖബ്‌റിനു മുകളില്‍ താഴികക്കുടം നിര്‍മിക്കുകയും അത് സ്വയം തകര്‍ന്നു വീഴുകയും ചെയ്തതാണ് സംഭവം. നവവിയുടെ ഖബ്ര്‍ കെട്ടിപ്പൊക്കുന്ന പക്ഷം അത് തകര്‍ന്നടിയുമെന്ന വിശ്വാസം നവാ ഗ്രാമവാസികള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിനു മേല്‍ക്കൂര നിര്‍മിക്കാന്‍ അവര്‍ക്ക് ഭയമാണ്. 

 

രചനകള്‍

ഏതൊരു പണ്ഡിതന്റെയും വ്യക്തിപ്രഭാവവും വൈജ്ഞാനിക മികവും ഏറ്റവുമധികം പ്രകാശിതമാകുന്നത് അദ്ദേഹത്തിന്റെ രചനകളിലായിരിക്കും. ഇമാം നവവി രചിച്ച ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക മൂല്യവും നിലവാരത്തികവും പണ്ഡിതവൃത്തങ്ങളില്‍ നിസ്തര്‍ക്ക യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്റെ രചനാബാഹുല്യം അതിലേറെ വിസ്മയജനകവുമാണ്. അദ്ദേഹം എഴുതിത്തീര്‍ത്ത ഗ്രന്ഥത്താളുകള്‍ ജീവിച്ച 46 വര്‍ഷങ്ങളുമായി തുലനം ചെയ്താല്‍ ദിനേന രണ്ടു കുര്‍റാസ (നോട്ട് ബുക്) വീതം എഴുതിയിട്ടുണ്ടാവണം. എന്നാല്‍ പതിനെട്ടാം വയസ്സു മുതലാണ് അദ്ദേഹം ശരീഅത്ത് പഠന രംഗത്തേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഏതാണ്ട് മുപ്പത് വയസ്സായപ്പോഴാണ് ഗ്രന്ഥരചന ആരംഭിക്കുന്നത്. അതായത് കേവലം 16 വര്‍ഷം കൊണ്ടാണ് പണ്ഡിതലോകം ഇക്കാലംവരെയും റഫറന്‍സായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബൃഹത്തായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത്. അധ്യാപനം, ഗ്രന്ഥപാരായണം,  പതിവ് അനുഷ്ഠാനചര്യകള്‍ തുടങ്ങിയ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലാണിതെന്ന് കൂടി ഓര്‍ക്കുമ്പാഴാണ്, എത്ര അനുഗൃഹീതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ബോധ്യമാവുക. 

ഹദീസ്, ഫിഖ്ഹ്, തൗഹീദ്, ഹദീസ് വ്യാഖ്യാനം, ഹദീസുകളുടെ നിദാനശാസ്ത്രം, ഭാഷ, ജീവചരിത്രം എന്നിങ്ങനെ വിവിധ വിജ്ഞാന ശാഖകളിലായി വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. അവയുടെ വൈജ്ഞാനികൗന്നത്യം, അവതരണത്തിലെ സൂക്ഷ്മത, വിശ്വാസ്യത, രചനാഭംഗി എന്നിവ കാരണം പണ്ഡിത-പാമര ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും അവ കൈവശപ്പെടുത്താനും പഠനവിധേയമാക്കാനും അവയില്‍നിന്ന് ഉദ്ധരിക്കാനും തുടങ്ങി. തദ്വാരാ നാടുകള്‍ മുഴുക്കെ അവ പ്രചരിച്ചു. ശാഫിഈ മദ്ഹബുകാരനായ നവവി മദ്ഹബ് പക്ഷപാതിത്വത്തിനതീതനായിരുന്നു. അതിനാല്‍ വ്യത്യസ്ത മദ്ഹബുകാരായ പണ്ഡിതന്മാര്‍ക്കിടയിലും അവ സ്വീകാര്യത നേടി. ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്ര വിധികള്‍ക്കാധാരമായ തെളിവുകള്‍ക്കും ന്യായാധികരണങ്ങള്‍ക്കും മുഖ്യാവലംബമായി നവവിയുടെ ഗ്രന്ഥങ്ങള്‍ അവര്‍ ഉപയോഗപ്പെടുത്തി. ഇമാം നവവി രചിച്ച അല്‍ മജ്മൂഅ് എന്ന ഗ്രന്ഥം ശാഫിഈ കര്‍മശാസ്ത്രത്തിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥമാണ്. ശര്‍ഹുല്‍ മുഹദ്ദബ് എന്നും അറിയപ്പെടുന്ന ഈ ഗ്രന്ഥം ഇമാം അബൂ ഇസ്ഹാഖ് ശീറാസിയുടെ അല്‍മുഹദ്ദബിന്റെ വ്യാഖ്യാനമാണ്. മദ്ഹബിലെ കര്‍മശാസ്ത്ര വിധികള്‍ സംബന്ധിച്ച സൂക്ഷ്മമായ അപഗ്രഥനം, അവയ്ക്കാധാരമായ ന്യായങ്ങളും തെളിവുകളും, തെളിവുകളുടെ ആധികാരികതയും ദൗര്‍ബല്യവും സംബന്ധിച്ച ചര്‍ച്ചകള്‍, തദ്വിഷയകമായ മറ്റു മദ്ഹബുകളുടെ വീക്ഷണങ്ങള്‍, അവരുടെ തെളിവുകള്‍, അവയെ സംബന്ധിച്ച നിരൂപണം ഇതൊക്കെയാണ്  ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ചില വിഷയങ്ങളില്‍ ശാഫിഈ വീക്ഷണങ്ങളുടെ ആധാരം ദുര്‍ബലമാണെന്ന് ധരിച്ചുപോയവരുടെ ധാരണ തിരുത്താന്‍ ഈ ഗ്രന്ഥത്തിലെ പ്രമാണബദ്ധമായ വിശകലനം സഹായകമാണ്. ഇഫ്‌റാദായി ഹജ്ജ് നിര്‍വഹിക്കലാണ് ശാഫിഈ മദ്ഹബില്‍ ഏറെ ശ്രേഷ്ഠം. മറിച്ചാണെന്ന് വിചാരിക്കുന്നവരുടെ ധാരണ തിരുത്താന്‍ പര്യാപ്തമാണ് ഇതു സംബന്ധമായി ഹദീസുകളുടെ വെളിച്ചത്തില്‍ നവവി അവതരിപ്പിച്ചിട്ടുള്ള ചര്‍ച്ച. ശാഫിഈ മദ്ഹബിനെ പ്രതിനിധാനം ചെയ്യുമ്പോഴും പ്രമാണങ്ങളെ അനുധാവനം ചെയ്യുന്നതില്‍ കണിശമായ നിഷ്‌കര്‍ഷയുണ്ട് അദ്ദേഹത്തിന്. തെളിവുകളുടെ പിന്‍ബലം മറ്റു മദ്ഹബുകള്‍ക്കാണെങ്കില്‍ അക്കാര്യം വ്യക്തമാക്കുന്നു. നായയുടെ ഈര്‍പ്പമുള്ള ശരീര ഭാഗം സ്പര്‍ശിച്ചയിടം ഏഴു തവണ കഴുകണമെന്നും അതിലൊന്ന് മണ്ണു കൊണ്ടാവണമെന്നുമാണ് ശാഫിഈ മദ്ഹബ്. ഇതിനു ഭിന്നമായ സാധാരണ മലിന വസ്തുക്കള്‍ പോലെ വെള്ളമുപയോഗിച്ച് ഒരു തവണ കഴുകിയാല്‍ മതിയെന്ന വീക്ഷണവുമുണ്ട്. ഇതേ പറ്റി ഇമാം നവവി എഴുതുന്നു: ''ഈ വീക്ഷണമാണ് ന്യായയുക്തവും തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രബലവും. കാരണം നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു തവണ കഴുകണമെന്ന നിര്‍ദേശം നായയോടൊപ്പം ഭക്ഷിക്കുന്നതില്‍ വെറുപ്പുളവാക്കാന്‍ വേണ്ടിയാണ്. പാത്രത്തില്‍ തലയിടുന്നതൊഴിച്ചുള്ള സ്പര്‍ശനങ്ങളില്‍ ഈ ന്യായം പ്രസക്തമല്ല.'' ശാഫിഈ മദ്ഹബില്‍ നായ പോലെ കടുപ്പമുള്ള മാലിന്യമാണ് പന്നി. പന്നിയുടെ സ്പര്‍ശമേറ്റ ഭാഗം മണ്ണുപയോഗിക്കുന്നതുള്‍പ്പെടെ ഏഴു തവണ കഴുകണം. ഇക്കാര്യം വ്യക്തമാക്കിയ ശേഷം നവവി രേഖപ്പെടുത്തുന്നു: ''അറിയുക! മണ്ണു കൂടാതെ ഒരു തവണ കഴുകിയാല്‍ മതിയാകുമെന്ന പക്ഷമാണ് തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രബലം. പന്നി മാലിന്യമാണെന്ന് അഭിപ്രായമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത് അതത്രെ. മുന്‍ഗണനാര്‍ഹമായ വീക്ഷണവും അതുതന്നെ.'' ശര്‍ഹുല്‍ മുഹദ്ദബ് വാള്യം രണ്ട്, പേജ് 588-ല്‍ മേല്‍ ഉദ്ധരണികള്‍ വായിക്കാം.

സ്വന്തം മദ്ഹബുകാരായ പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ സത്യവിരുദ്ധമാണെങ്കില്‍ തുറന്നെതിര്‍ക്കുക ഇമാം നവവിയുടെ പതിവാണ്. റഗാഇബ് നമസ്‌കാരം, ശഅ്ബാന്‍ പതിനഞ്ചാം രാവിലെ നമസ്‌കാരം എന്നിവയുടെ യാഥാര്‍ഥ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഉദാഹരണമാണ്. അദ്ദേഹം എഴുതി: ''ഈ രണ്ടു നമസ്‌കാരങ്ങളും നികൃഷ്ടവും നിരാകൃതവുമായ അനാചാരങ്ങളാകുന്നു. അബൂത്വാലിബില്‍ മക്കി ഖൂതുല്‍ ഖുലൂബിലും ഇമാം ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനിലും അവ പരാമര്‍ശിച്ചതും അവയെപ്പറ്റി വന്ന ഹദീസും കണ്ട് നീ വഞ്ചിതനാവേണ്ട. അവയത്രയും അടിസ്ഥാനരഹിതമാകുന്നു.'' (ശര്‍ഹുല്‍ മുഹദ്ദബ് 4/61). ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള തസ്ബീഹ് നമസ്‌കാരത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് മറ്റൊരു ഉദാഹരണമാണ്: ''തസ്ബീഹ് നമസ്‌കാരം സുന്നത്താണെന്ന് ഖാദീ ഹുസൈന്‍, തഹ്ദീബ്, തതിമ്മഃ എന്നീ കൃതികളുടെ കര്‍ത്താവ് റൂയാനി എന്നിവര്‍ പ്രസ്താവിച്ചിരിക്കുന്നു. ഇത് സുന്നത്താവല്‍ സംശയാസ്പദമാണ്. കാരണം തല്‍സംബന്ധമായി വന്ന ഹദീസ് ദുര്‍ബലമാണ്. നമസ്‌കാരത്തിന്റെ അറിയപ്പെട്ട ഘടനക്ക് വിരുദ്ധമാണ് പ്രസ്തുത നമസ്‌കാരം. ഇത്തരം നമസ്‌കാരം ശരിയായ ഹദീസിന്റെ അടിസ്ഥാനത്തിലല്ലാതെ നിര്‍വഹിച്ചുകൂടാ'' (ശര്‍ഹുല്‍ മുഹദ്ദബ് 4/59).

ഒരു വിഷയത്തെ സംബന്ധിച്ച ശരിയായ അഭിപ്രായ രൂപീകരണത്തിന് ശര്‍ഹുല്‍ മുഹദ്ദബ് സഹായകമാണ്. ഇതിനു സമാനമായി മറ്റൊരു ഗ്രന്ഥം ശാഫിഈ മദ്ഹബിലോ ഇതര മദ്ഹബുകളിലോ ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവാന്‍ ഇടയില്ല. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ഈ ഗ്രന്ഥം പൂര്‍ത്തീകരിക്കാന്‍ ഇമാം നവവിക്കു സാധിച്ചിട്ടില്ല. രിബാ (പലിശ) എന്ന അധ്യായം വരെ എഴുതാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു. ഈ ഗ്രന്ഥത്തില്‍ ഇമാം നവവി എഴുതിയത് ബൃഹത്തായ ഒമ്പത് വാള്യങ്ങളില്‍ അച്ചടിച്ചിട്ടുണ്ട്. നവവിയുടെ രചനാ മാതൃകയില്‍ ഗ്രന്ഥം പരിപൂര്‍ത്തിയിലെത്തിക്കാന്‍ പ്രശസ്ത ശാഫിഈ പണ്ഡിതനായ തഖിയുദ്ദീനിസ്സുബ്കി ശ്രമിച്ചെങ്കിലും മൂന്നു വാള്യം മാത്രമേ എഴുതാനായുള്ളൂ. അപ്പോഴേക്കും അദ്ദേഹവും മരണപ്പെട്ടു. പിന്നീട് ആധുനിക കാലത്ത് ജീവിച്ച നജീബ് അല്‍ മുത്വീഈ എന്ന പണ്ഡിതനാണ് മുഹദ്ദബിന്റെ ശേഷിക്കുന്ന ഭാഗത്തിന് വ്യാഖ്യാനമെഴുതിയത്.

ഇമാം നവവി രചിച്ച മറ്റൊരു കര്‍മശാസ്ത്ര ഗ്രന്ഥം റൗദയാണ്. റൗദതുത്ത്വാലിബീന്‍ എന്നാണ് മുഴുവന്‍ പേര്. ഇമാം റാഫിഈയുടെ ശറഹുല്‍ കബീര്‍ എന്ന ഗ്രന്ഥത്തിന്റെ  സംഗ്രഹമാണിത്. അല്ലാമാ അദ്‌റഇയെ പോലുള്ള പല പണ്ഡിതന്മാരും പ്രസ്തുത ഗ്രന്ഥത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അതില്‍ കര്‍മശാസ്ത്ര വിധികള്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പല നഗരങ്ങളിലും ശാഫിഈ മദ്ഹബ് പിന്തുടരുന്നവര്‍ വിധിവിലക്കുകള്‍ക്ക് പ്രസ്തുത ഗ്രന്ഥത്തെയാണ് അവലംബിച്ചിരുന്നത്. ന്യായാധിപന്മാര്‍ വിധിതീര്‍പ്പുകള്‍ക്കും മതവിധികള്‍ നല്‍കുന്നവര്‍ ഫത്‌വകള്‍ക്കും അതിനെ ആധാരമാക്കി. ഒട്ടേറെ പണ്ഡിതന്മാര്‍ അത് സംഗ്രഹിച്ചെഴുതുകയോ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടുണ്ട്. നിരൂപണമെഴുതിയവരും നിരൂപണങ്ങള്‍ക്ക് മറുപടിക്കുറിപ്പുകള്‍ തയാറാക്കിയവരും ഉണ്ട്. 

നവവിയുടെ ഗ്രന്ഥങ്ങളില്‍ പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അത്യന്തം പ്രയോജനപ്പെട്ടത് മിന്‍ഹാജാണ്. മിന്‍ഹാജുത്ത്വാലിബീന വ ഉംദതുല്‍ മുഫ്തീന്‍ എന്നാണ് അതിന്റെ മുഴുവന്‍ പേര്. ഇമാം റാഫിഈയുടെ അല്‍ മുഹര്‍റര്‍ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണത്. എന്നാല്‍ മുഹര്‍ററിനെ സംഗ്രഹിക്കുക മാത്രമല്ല ഇമാം നവവി ചെയ്തത്. മുഹര്‍ററിന്റെ രചനയിലൂടെ ഇമാം റാഫിഈ നിര്‍വഹിച്ച, മദ്ഹബിന്റെ സംശോധനക്ക് പൂര്‍ണത വരുത്താന്‍ മിന്‍ഹാജിലൂടെ ശ്രമിച്ചു. പ്രമാണങ്ങളെയും മദ്ഹബിന്റെ നിദാനതത്ത്വങ്ങളെയും ആധാരമാക്കി കണിശമായ സംശോധനക്ക് മുഹര്‍ററിനെ വിധേയമാക്കി. തല്‍ഫലമായി അമ്പതോളം മസ്അലകളില്‍ ഇമാം റാഫിഈ പ്രാമുഖ്യം കല്‍പ്പിച്ച വീക്ഷണങ്ങളല്ല മദ്ഹബില്‍ പ്രബലമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതത് വിഷയങ്ങളില്‍ വസ്തുനിഷ്ഠമായ നിരീക്ഷണത്തില്‍ പ്രബലമേതെന്നു വ്യക്തമാക്കുകയും ചെയ്തു. 

ഇമാം നവവിയുടെ നിര്യാണശേഷം കര്‍മശാസ്ത്ര കുതുകികളായ ഒട്ടേറെ പേര്‍ പ്രസ്തുത ഗ്രന്ഥം ഹൃദിസ്ഥമാക്കുകയുണ്ടായി. പ്രസിദ്ധ അറബി വ്യാകരണഗ്രന്ഥമായ അല്‍ഫിയ്യഃയുടെ കര്‍ത്താവും ഇമാം നവവിയുടെ വ്യാകരണ ഗുരുവുമായ ഇബ്‌നു മാലിക്, മിന്‍ഹാജ് ഹൃദിസ്ഥമാക്കാന്‍ ഉദ്ദേശിച്ചിരുന്നതായും അതിന്റെ ഭാഷാ സൗകുമാര്യത്തെ വാഴ്ത്തിയതായും ഇബ്‌നുല്‍ അത്ത്വാര്‍ ഉദ്ധരിച്ചിരിക്കുന്നു. നിരവധി പണ്ഡിതന്മാര്‍ മിന്‍ഹാജിന് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അവയില്‍ ഏറെ പ്രചാരമുള്ളത് കന്‍സുര്‍റാഗിബീന്‍ എന്ന പേരില്‍ ഇമാം ജലാലുദ്ദീനില്‍ മഹല്ലി എഴുതിയ വ്യാഖ്യാനത്തിനാണ്. പള്ളി ദര്‍സുകളിലും കയ്‌റോയിലെ ജാമിഉല്‍ അസ്ഹര്‍ പോലെയുള്ള ഉന്നത കലാലയങ്ങളിലും പാഠപുസ്തകമാണത്. റംലിയുടെ നിഹായതുല്‍ മുഹ്താജ്, അല്‍ ഖത്വീബുശ്ശര്‍ബീനിയുടെ മുഗ്‌നില്‍ മുഹ്താജ്, ഇബ്‌നുഹജരില്‍ ഹൈതമിയുടെ തുഹ്ഫതുല്‍ മുഹ്താജ് എന്നിവയും പണ്ഡിത വൃത്തങ്ങളില്‍ ഏറെ പ്രചാരമുള്ള മിന്‍ഹാജിന്റെ വ്യാഖ്യാനങ്ങളാണ്. 

ഇമാം നവവി നിര്‍വഹിച്ച ശാഫിഈ മദ്ഹബിന്റെ സമഗ്രമായ സംശോധനാഫലം ഉപരിസൂചിതമായ മൂന്ന് ഗ്രന്ഥങ്ങളില്‍, വിശിഷ്യാ മിന്‍ഹാജില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. നേരത്തേ പ്രമുഖ ശാഫിഈ പണ്ഡിതനായ ഇമാം അബ്ദുല്‍ കരീം അര്‍റാഫിഈ (മ. ഹി. 623) നടത്തിയ സംശോധനാ ഫലത്തെ ഉപജീവിച്ചുകൊണ്ടാണ് ഇമാം നവവി തന്റെ സംശോധന നിര്‍വഹിച്ചിട്ടുള്ളതെന്ന് മുകളില്‍ പ്രസ്താവിച്ചുവല്ലോ. ഇമാം റാഫിഈയുടെ സേവനത്തെ വാഴ്ത്തിക്കൊണ്ട്, റൗദതുത്ത്വാലിബീന്റെ ആമുഖത്തില്‍ ഇമാം നവവി എഴുതി: ''നമ്മുടെ മദ്ഹബുകാരായ പണ്ഡിതന്മാരുടെ രചനകള്‍ അനേകമുണ്ട്. അവയുടെ പരപ്പും വ്യാപ്തിയും ഏറെയാണ്. അഭിപ്രായങ്ങളുടെ തെരഞ്ഞെടുപ്പില്‍, പരസ്പരഭിന്നമായ കാഴ്ചപ്പാടുകള്‍ അവ പുലര്‍ത്തുന്നു. അതിനാല്‍ അഗാധജ്ഞാനവും പരന്ന വായനയും കൊണ്ട് അനുഗൃഹീതരായ അപൂര്‍വം ചിലര്‍ക്കല്ലാതെ മദ്ഹബിലെ ആധികാരിക വീക്ഷണം ഏതെന്ന് നിര്‍ണയിക്കുക എളുപ്പമല്ല. എന്നാല്‍ മദ്ഹബിന്റെ വ്യത്യസ്ത സരണികളെ സമാഹരിക്കാനും ആധികാരികമായി സംശോധന ചെയ്യാനും പ്രമുഖ ഗ്രന്ഥങ്ങളിലെ ഉള്ളടക്കം വിദഗ്ധമായി കോര്‍ത്തിണക്കാനും പില്‍ക്കാല പണ്ഡിതന്മാരില്‍ ഒരാളെ അല്ലാഹു അനുഗ്രഹിച്ചു. അബ്ദുല്‍ കരീം അര്‍റാഫിഈയാണ് ഈ പണ്ഡിതന്‍. സമഗ്രവും സംക്ഷിപ്തവും ലളിതമാനോഹരവുമായ ശര്‍ഹുല്‍ വജീസ് എന്ന ഗ്രന്ഥത്തിന്റെ രചനയിലൂടെയാണ് അദ്ദേഹം അത് സാധിച്ചത്.'' ഇമാം ഗസാലിയുടെ അല്‍ വജീസ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ശര്‍ഹുല്‍ വജീസ്. അല്‍ അസീസ് എന്നാണ് ഗ്രന്ഥകാരന്‍ അതിനു നല്‍കിയ പേര്. എന്നാല്‍ ചില പില്‍ക്കാല പണ്ഡിതന്മാര്‍ ഫത്ഹുല്‍ അസീസ് എന്നാണതിനെ വിളിക്കുന്നത്. കിതാബുല്‍ അസീസിനെ ഇമാം റാഫിഈ തന്നെ സംഗ്രഹിച്ചെഴുതിയിട്ടുണ്ട്. ശര്‍ഹുസ്സ്വഗീര്‍ എന്ന പേരില്‍ വിശ്രുതമാണത്. എന്നാല്‍ ഇമാം ഗസാലിയുടെ അല്‍ വസീത്വിനെ ഉപജീവിച്ചെഴുതിയ അല്‍ മുഹര്‍റര്‍ ആണ് റാഫിഈയുടെ പ്രകൃഷ്ട ഗ്രന്ഥം. ഈ മൂന്ന് ഗ്രന്ഥങ്ങളിലൂടെയാണ് മദ്ഹബിന്റെ സംശോധന അദ്ദേഹം നിര്‍വഹിച്ചത്. 

എന്നാല്‍ ഇമാം നവവിയുടെ സംശോധനയാണ് റാഫിഈയുടേതിനേക്കാള്‍ സമഗ്രവും ആധികാരികവും. വീക്ഷണങ്ങളുടെ പ്രാബല്യം നിര്‍ണയിക്കുന്നതില്‍ നവവിയും റാഫിഈയും തമ്മില്‍ ഭിന്നതയുണ്ടായാല്‍ നവവിയുടെ വിധികല്‍പ്പനയാണ് ശാഫിഈ വൃത്തങ്ങള്‍ മുന്‍ഗണനാര്‍ഹമായി കരുതുന്നത്. പ്രമുഖ ശാഫിഈ പണ്ഡിതനായ ഇബ്‌നു ഹജരില്‍ ഹൈതമി പ്രസ്താവിക്കുന്നു: ''ഇമാം നവവിയോ റാഫിഈയോ പരാമര്‍ശിക്കാത്ത ഒരു കര്‍മശാസ്ത്ര വിഷയം, അവരുടെ പൂര്‍വികന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണുന്ന പക്ഷം സൂക്ഷ്മമായ പഠനവും അന്വേഷണവും വഴി മദ്ഹബിലെ പ്രബലവും ആധികാരികവുമായ അഭിപ്രായമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ അത് കൈക്കൊള്ളാവൂ. ഇരുവരും പരാമര്‍ശിക്കുകയും ഒരേ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതാണ് മദ്ഹബില്‍ ആധികാരികം. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ ഇമാം നവവിയുടെ വീക്ഷണമാണ് അവലംബാര്‍ഹം. അതുകഴിഞ്ഞാല്‍ രണ്ടിലൊരാള്‍ മാത്രം, അവര്‍ ആരാണെങ്കിലും രേഖപ്പെടുത്തിയ വിധിക്കാണ് പ്രാബല്യം.'' 

നവവിയുടെ ഗ്രന്ഥങ്ങളില്‍ രചന പൂര്‍ത്തിയായതും അല്ലാത്തതുമുണ്ട്. ശര്‍ഹു മുസ്‌ലിം, റൗദ, മിന്‍ഹാജ്, രിയാദുസ്സ്വാലിഹീന്‍, അദ്കാര്‍, തിബ്‌യാന്‍, തസ്വീഹീഹുത്തന്‍ബീഹ്, അല്‍ ഈദാഹു ഫില്‍ മനാസിക്, അല്‍ ഇര്‍ശാദ്, അത്തഖ്‌രീബ്, അല്‍ അര്‍ബഈന്‍, ബുസ്താനുല്‍ ആരിഫീന്‍, മനാഖിബുശ്ശാഫിഈ, മുഖ്തസ്വറു ഉസുദില്‍ ഗാബ, അല്‍ ഫതാവാ, അദബുല്‍ മുഫ്തി വല്‍ മുസ്തഫ്തി, മുഖ്തസ്വറു ആദാബില്‍ ഇസ്തിസ്ഖാഅ്, റുഊസുല്‍ മസാഇല്‍, തുഹ്ഫതു ത്വുല്ലാബില്‍ ഫദാഇല്‍, അത്തര്‍ഖീസ്വു ഫില്‍ ഇക്‌റാമി വല്‍ ഖിയാം, മസ്അലതു തഖ്മീസില്‍ ഗനാഇം, മുഖ്തസ്വറുത്തദ്‌നീബ്, മസ്അലതു നിയ്യതില്‍ ഇഗ്തിറാഫ്, ദഖാഇഖുല്‍ മിന്‍ഹാജി വര്‍റൗദ എന്നിവയാണ് രചന പൂര്‍ത്തീകരിക്കാനായ ഗ്രന്ഥങ്ങള്‍. അല്‍ മജ്മൂഅ്, തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ശര്‍ഹുല്‍ വസീത്വ്, ശര്‍ഹുല്‍ ബുഖാരി, ശര്‍ഹു സുനനി അബീദാവൂദ്, അല്‍ ഇംലാഉ അലാ ഹദീസില്‍ അഅ്മാലു ബിന്നിയ്യാത്ത്, കിതാബുല്‍ അമാലി, അല്‍ഖുലാസ്വതു ഫീ അഹാദീസില്‍ അഹ്കാം, ത്വബഖാതുല്‍ ഫുഖഹാഅ്, അത്തഹ്ഖീഖു ഫില്‍ ഫിഖ്ഹ് തുടങ്ങിയവ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഗ്രന്ഥങ്ങളാകുന്നു. 

ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ ശാഫിഈ മദ്ഹബും അനുചരന്മാരും രണ്ടു കൈവഴികളിലായാണ് സഞ്ചരിച്ചത്. ഇറാഖീ സരണിയെന്നും ഖുറാസാനീ സരണിയെന്നും ഇവ അറിയപ്പെട്ടു. നാടുകളുടെ അകലവും കാലങ്ങളുടെ മാറ്റവും രചനാ വൈപുല്യവും കാരണമായി ഇരുസരണികള്‍ക്കുമിടയില്‍ ഭിന്നത ദൃശ്യമായിരുന്നു. ഇമാം ശാഫിഈയുടെ പ്രസ്താവനകള്‍ ഉദ്ധരിക്കുന്ന വിഷയത്തിലും ചില കര്‍മശാസ്ത്ര വിധികളുടെ നിര്‍ധാരണത്തിലുമായിരുന്നു ഈ ഭിന്നത. രണ്ടു വ്യത്യസ്ത സരണികളായി അറിയപ്പെടാന്‍ ഈ ഭിന്നത നിമിത്തമായി. എന്നാല്‍ ഈ അന്തരം അധികകാലം തുടര്‍ന്നില്ല. ഹി. അഞ്ചാം നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഇരു സരണികളുടെയും സമന്വയം സംഭവിച്ചുകഴിഞ്ഞിരുന്നു. ഇരു സരണികളെയും ഒരുമിച്ചു പഠനവിധേയമാക്കിയ പണ്ഡിതന്മാരിലൂടെയാണ് ഈ സമന്വയം സാധ്യമായത്. ഇമാം നവവി ഇരു സരണികളെയും സ്വായത്തമാക്കുകയും അപഗ്രഥിക്കുകയും ചെയ്തു. തന്റെ പ്രകൃഷ്ട ഗ്രന്ഥമായ ശര്‍ഹുല്‍ മുഹദ്ദബിന്റെ ആമുഖത്തില്‍ പ്രസ്തുത അപഗ്രഥന ഫലം അദ്ദേഹം ഇപ്രകാരം സംക്ഷേപിച്ചിരിക്കുന്നു: ''അറിയുക, ഇമാം ശാഫിഈയുടെ പ്രസ്താവനകളും മദ്ഹബിന്റെ അടിസ്ഥാന തത്ത്വങ്ങളും പൂര്‍വകാല പണ്ഡിതന്മാരുടെ വീക്ഷണങ്ങളും ഉദ്ധരിക്കുന്ന വിഷയത്തില്‍ ഖുറാസാനികളേക്കാള്‍ പ്രാബല്യവും പ്രാമാണികതയും ഇറാഖികള്‍ക്കാകുന്നു. എന്നാല്‍ ശാഖാ നിയമങ്ങളുടെ നിര്‍ധാരണത്തിലും വിഷയങ്ങളുടെ വിന്യാസത്തിലും മിക്കവാറും മികവ് പുലര്‍ത്തിയത് ഖുറാസാനികളാണ്.'' 

 

 

മുഹമ്മദ് കാടേരി: മലപ്പുറം ജില്ലയിലെ മേല്‍മുറി സ്വദേശി. ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, രിയാദിലെ കിംഗ് സുഊദ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. കൃതി: ഇമാം ശാഫിഈ. ഇപ്പോള്‍ ഇസ്‌ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്) അസോസിയേറ്റ് എഡിറ്ററും മലപ്പുറം ഫലാഹിയ്യ അറബിക് കോളേജില്‍ അധ്യാപകനുമാണ്. ഫോണ്‍: 9446931222

Comments

Other Post