അല്‍ ഉമ്മ്
റബീഉല്‍ മുറാദി നിവേദനം ചെയ്ത 'കിതാബുല്‍ ഉമ്മി'ന് ഇമാം ശാഫിഈയുടെ കൃതികള്‍ക്കിടയില്‍ മഹത്തായ സ്ഥാനമാണുള്ളത്.
കര്‍മശാസ്ത്രത്തില്‍ ഇമാം രചിച്ച കൃതികളുടെ സമാഹാരമാണ് 'ഉമ്മ്' എന്നു പറയാം. ഇതിലെ ഉള്ളടക്കത്തില്‍ 140-ലധികം കൃതികള്‍ ബൈഹഖി എണ്ണുന്നുണ്ട്. പിന്നീട്, റബീഉല്‍ മുറാദിയുടെ നിവേദനപ്രകാരമുള്ള 'ഉമ്മ്' സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ ഡോ. അഹ്മദ് ബദ്‌റുദ്ദീന്‍ ഹസൂന്‍ എന്ന പാകിസ്താനീ പണ്ഡിതന്‍ മറ്റു വിഷയങ്ങളിലുള്ള കൃതികളും അതിനോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഈ സമാഹാരത്തിന് അദ്ദേഹം നല്‍കിയ പേര്, 'അല്‍ ഉമ്മ് മൗസൂഅതുല്‍ ഇമാം ശാഫിഈ' (ഉമ്മ്: ഇമാം ശാഫിഈ വിജ്ഞാനകോശം) എന്നാണ്. ഇമാം സ്വയം രചിക്കുകയോ പറഞ്ഞുകൊടുത്തെഴുതിക്കുകയോ ചെയ്ത എല്ലാ കൃതികളും ഉള്‍പ്പെടുന്നതാണിത്. അര്‍രിസാല, ഇഖ്തിലാഫുല്‍ ഹദീസ് എന്നീ രണ്ടു കൃതികള്‍ മാത്രമാണ് അപവാദം. ഇത് 1996-ല്‍, പത്ത് വലിയ വാള്യങ്ങളുള്ള 15 ഭാഗങ്ങളായി, ബൈറൂത്തിലെ ദാറുതുതൈബ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വിജ്ഞാനകോശ പ്രകാരം, 43 കര്‍മശാസ്ത്ര കൃതികളുള്‍പ്പെടുന്നതാണ് 'ഉമ്മ്'. 28848 ഖണ്ഡികകളിലായി 1255 കര്‍മശാസ്ത്ര വിധികള്‍ ഇതിലുണ്ട്. അവയുടെ ക്രമം ഇങ്ങനെ:
1. കിതാബുത്ത്വഹാറത് 2. കിതാബുല്‍ ഹൈള് 3. കിതാബുസ്വലാത് 4. കിതാബുസ്വലാതില്‍ ഖൗഫ് 5. കിതാബുസ്വലാതില്‍ ഈദൈനി 6. കിതാബു സ്സ്വലാതില്‍ കുസൂഫ് 7. കിതാബുസ്വലാതില്‍ ഇസ്തിസ്ഖാഅ് 8. കിതാബുസ്വലാതില്‍ ജനാഇസ് 9. കിതാബുസ്സകാത് 10. കിതാബു ഖിസമിസ്സ്വദഖാത്.....
ഇതര കൃതികളെപ്പോലെത്തന്നെ, സിംഹഭാഗവും ഇമാം സ്വയം എഴുതിയതാണ്. ശിഷ്യന്‍ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ച് അംഗീകാരം നേടിയവ. 'അഖ്ബറനശ്ശാഫിഈ', 'ഖാലശ്ശാഫിഈ'(ശാഫിഈ ഞങ്ങളോട് പറഞ്ഞു) എന്നു പറഞ്ഞു തുടങ്ങുന്ന ഭാഗങ്ങള്‍ ഈ ഇനത്തില്‍പെടുന്നു. 'അഖ്ബറനശ്ശാഫിഈ' എന്ന് റബീഅ് നിവേദനം ചെയ്യുന്നവ, ഇമാമിന്റെ ജീവിതകാലത്ത് അദ്ദേഹത്തില്‍നിന്ന് കേള്‍ക്കുകയും പിന്നെ, ഇമാമിന്റെ മരണ(ഹി. 204) ശേഷം ശിഷ്യന്മാര്‍ നിവേദനം ചെയ്തതുമാണ്. ചുരുക്കം സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് റബീഅ് ഇടപെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഉമ്മിലുള്‍പ്പെട്ട 'കിതാബുല്‍ അഖഌയ്യത്തി'ലെ 24368-ാം ഖണ്ഡിക ഉദാഹരണം.
Comments