Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ജുമുഅ ഖുത്വ്ബ മദീനയിലും മദ്ഹബിലും

ഇ.കെ.എം പന്നൂര്‍

ഖുത്വ്ബയുടെ ഭാഷ കേരള മുസ്‌ലിംകള്‍ക്കിടയിലെ തര്‍ക്കവിഷയങ്ങളിലൊന്നാണ്. അറബിയല്ലാത്ത ഭാഷകളില്‍ ഖുത്വ്ബ നിര്‍വഹിച്ചാല്‍ അത് സാധുവാകുകയില്ലെന്ന് കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ അനുകര്‍ത്താക്കള്‍ വാദിക്കുമ്പോള്‍ പരിഷ്‌കരണ സംഘടനകള്‍ പറയുന്നത് ഖുത്വ്ബ പൂര്‍ണമായി പദപ്രധാനമല്ലാത്തതിനാല്‍ ഹംദ് സ്വലാത്ത് എന്നിവയുടെ പദങ്ങള്‍ അറബിയില്‍ നിന്ന് മാറ്റാതെ ഉപദേശങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആക്കാം എന്നാണ്. ശാഫിഈ മദ്ഹബിലെ കിതാബുകളില്‍നിന്ന് ഖുത്വ്ബ ജനങ്ങളുടെ ഭാഷയില്‍ നിര്‍വഹിക്കാം എന്നതിന് തെളിവായി ധാരാളം ഉദ്ധരണികള്‍ ലഭ്യമാണ്. നബി (സ) മിമ്പറില്‍ നിര്‍വഹിച്ച ദൗത്യം എന്തായിരുന്നുവെന്നാണ് ഈ വിഷയത്തില്‍ ഒന്നാമതായി പഠിക്കേണ്ടത്. ആ ദൗത്യം നിര്‍വഹിക്കാന്‍ പാകത്തില്‍ നമ്മുടെ ഖുത്വ്ബകളും പരിവര്‍ത്തിപ്പിക്കപ്പെടണം. കേരളത്തിലെ ശാഫിഈകളുടെ മിമ്പറുകളില്‍  നിര്‍വഹിക്കപ്പെടുന്ന ദൗത്യം ഇതിനോട് താരതമ്യം ചെയ്ത് വിശകലനവിധേയമാക്കേണ്ടതുണ്ട്. 

 

നബി(സ)യുടെ ഖുത്വ്ബകള്‍

നബി(സ)യുടെ ഖുത്വ്ബകള്‍ സ്വഹാബിമാര്‍ രേഖപ്പെടുത്തിവെച്ചിട്ടില്ല. എന്നാല്‍ നമസ്‌കാരത്തിലെ പ്രാരംഭപ്രാര്‍ത്ഥന, റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, സുജൂദിന്നിടയിലെ ഇരുത്തം എന്നിവയില്‍ നടത്തിയ പ്രാര്‍ഥനാ കീര്‍ത്തനങ്ങളും സ്വലാത്ത്, അത്തഹിയ്യാത്ത് എന്നിവയും അവര്‍ രേഖപ്പെടുത്തിവെച്ചു. അവയില്‍ നബി (സ) ഉപയോഗിച്ച പദങ്ങള്‍ മാറ്റമില്ലാതെ പിന്തുടര്‍ന്നു. ഉദാഹരണത്തിന് ഇഅ്തിദാലിലെ റബ്ബനാ ലകല്‍ഹംദ് എന്നതിനെ ഇലാഹനാ ലകല്‍ഹംദ് എന്ന് മാറ്റിയില്ല. റബ്ബും ഇലാഹും ഒരുവന്‍തന്നെ. ഭാഷയും ഒന്നുതന്നെ. എന്നിട്ടും സ്വഹാബിമാരെന്തേ അതില്‍ മാറ്റം വരുത്തിയില്ല? അത് പദപ്രധാനമാണ്, അതേ ആശയം ഇതര അറബി പദങ്ങളിലൂടെ അവതരിപ്പിച്ചാല്‍ മതിയാവുകയില്ല എന്ന് സ്വഹാബിമാര്‍ മനസ്സിലാക്കിയിരുന്നു.

നബി(സ)യുടെ ഖുത്വ്ബ അവിടുത്തെ വിയോഗത്തിനുശേഷം അബൂബക്‌റോ(റ) അബൂബക്‌റിന്റെ ഖുത്വ്ബ ഉമറോ (റ) ഉമറി(റ)ന്റേത് ഉസ്മാനോ (റ) ഉസ്മാന്റേ(റ)ത് അലി(റ)യോ പദപരമായോ ആശയപരമായോ അനുകരിച്ചില്ല. ആശയത്തിലെ പൊതു തത്ത്വങ്ങള്‍  അംഗീകരിച്ചുകൊണ്ട്  സന്ദര്‍ഭം ആവശ്യപ്പെടുന്ന വിധം അവര്‍ സ്വതന്ത്രമായി ഖുത്വ്ബ നിര്‍വഹിച്ചു. അങ്ങനെ ഖുത്വ്ബ കൊണ്ട് നബി (സ) ഉദ്ദേശിച്ച ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കി. 

 

ഖുത്വ്ബയിലെ ഇന്ററാക്ഷന്‍

ഖുത്വ്ബകള്‍ക്കിടയില്‍ നബി(സ) ശ്രോതാക്കളുമായി ആശയവിനനിമയം നടത്തിയിരുന്നു. ഒരു ബലിപെരുന്നാള്‍ ഖുത്വ്ബയില്‍ നടന്നത് നോക്കൂ.

''ബര്‍റാഅ് (റ) പറയുന്നു: ഒരിക്കല്‍ വലിയ പെരുന്നാള്‍ ദിവസം നമസ്‌കാരാനന്തരം ഞങ്ങളുടെ മുമ്പില്‍ നബി (സ) ഖുത്വ്ബ നടത്തി. അവിടുന്ന് അരുളി: നാം നമസ്‌കരിക്കുംപോലെ വല്ലവനും നമസ്‌കരിച്ചു. നാം ബലികഴിക്കുംപോലെ വല്ലവനും ബലികഴിച്ചു. എങ്കില്‍ അവന്റെ ബലി ശരിയായ മാര്‍ഗത്തിലാണ് നടന്നത്. നമസ്‌കരിക്കുന്നതിനു മുമ്പ് വല്ലവനും ബലികഴിച്ചുവെങ്കില്‍ അത് യഥാര്‍ഥ ബലിയല്ല. ഇതുകേട്ടപ്പോള്‍ ബര്‍റാഇന്റെ അമ്മാവന്‍ അബൂബര്‍ദ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, നമസ്‌കരിക്കുന്നതിന്നു മുമ്പാണ് ഞാന്‍ എന്റെ ആടിനെ ബലികഴിച്ചത്. ഇന്നത്തെ ദിവസം തിന്നുകയും കുടിക്കുകയും ചെയ്യുന്ന ദിവസമാണെന്ന്  ഞാന്‍ മനസ്സിലാക്കി. അതനുസരിച്ച് എന്റെ വീട്ടില്‍ അറുക്കപ്പെടുന്ന ഒന്നാമത്തെ ആട് എന്റെ ആടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ആടിനെ ഞാന്‍ അറുത്തു. പെരുന്നാള്‍ നമസ്‌കാരത്തിന്ന് വരുംമുമ്പ് അതുകൊണ്ട് ഞാന്‍ പ്രാതല്‍ കഴിക്കുകയുംചെയ്തു. നബി (സ) അരുളി: നിന്റെ ആട് മാംസത്തിന്റെ ആട് മാത്രമാണ്. അബൂബര്‍ദ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങനെയാണെങ്കില്‍ ഞങ്ങളുടെയടുക്കല്‍ തടിച്ചുകൊഴുത്ത ഒരു ആട്ടിന്‍കുട്ടിയുണ്ട്. രണ്ടാടിനേക്കാള്‍  എനിക്ക് ഇഷ്ടപ്പെട്ടതാണത്. എനിക്കുവേണ്ടി അതിനെ ബലികഴിച്ചാല്‍ മതിയാകുമോ? നബി (സ) അരുളി: അത് മതിയാകും. പക്ഷേ നിനക്കുമാത്രം; മറ്റാര്‍ക്കും അത് മതിയാവുകയില്ല'' (ബുഖാരി)

എന്തുകൊണ്ടാണ് നബി(സ)യുടെ ഖുത്വ്ബകള്‍ സ്വഹാബിമാര്‍ എഴുതിവെക്കാതിരുന്നത് എന്നതിന്റെ മറുപടി ഈ ഹദീസിലുണ്ട്. ഖുത്വ്ബ പദപ്രധാനമല്ല എന്നും ആശയപ്രധാനവും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ളതായിരിക്കണമെന്നും ഇതില്‍നിന്നു ഗ്രഹിക്കാം. അതുകൊണ്ടാണ് നബി (സ) യുടെ ഖുത്വ്ബകള്‍ എഴുതപ്പെടാതിരുന്നത്. നബി(സ)യുടെ ഖുത്വ്ബ സന്ദര്‍ഭോചിതമായിരുന്നു. ഖത്വീബും ശ്രോതാക്കളും തമ്മില്‍ ഖുത്വ്ബക്കിടയില്‍ ആശയവിനിമയവും നടന്നിരുന്നു. ജനങ്ങള്‍ക്കെല്ലാവര്‍ക്കും ആശയം മനസ്സിലാക്കാനും സാധ്യമായിരുന്നു. പക്ഷേ, കേരളത്തിലെ ശാഫിഈകളുടെ അറബി ഖുത്വ്ബകളില്‍ ഇതൊന്നും സാധ്യമല്ല. എന്തുകൊണ്ടാണത്? 

''അബൂ സഈദുല്‍ ഖുദ്‌രി (റ) പറയുന്നു; ചെറിയ പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും  മൈതാനത്തേക്കു ചെന്നാല്‍ നബി (സ) ആദ്യം നമസ്‌കാരമാണ് നിര്‍വഹിക്കുക. അത് കഴിഞ്ഞാല്‍ ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റുനില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. നബി (സ) അവര്‍ക്ക് തത്ത്വോപദേശം നല്‍കും. അവരോട് പലതും കല്‍പിക്കും. ഒരു പട്ടാളത്തെ രൂപീകരിച്ച് വല്ല ഭാഗത്തേക്കും അയക്കാന്‍ അവിടുന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ പട്ടാളത്തെ അവിടെ വെച്ച് രൂപീകരിക്കും. വല്ല കാര്യവും കല്‍പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് കല്‍പിക്കും. എന്നിട്ട് അവിടുന്ന് അവിടെനിന്ന് പിരിഞ്ഞുപോകും....'' (ബുഖാരി)

ഒരു ഖത്വീബ് ഒരു വര്‍ഷത്തില്‍ നടത്തിയ ഖുത്വ്ബകള്‍ ഗ്രന്ഥമാക്കിവെച്ച്  അതിലെ ഓരോ അധ്യായവും ഓരോ വെള്ളിയാഴ്ചയും വായിക്കുക എന്ന സമ്പ്രദായം ഇസ്‌ലാമിക പാരമ്പര്യത്തിനും പ്രമാണങ്ങള്‍ക്കും നിരക്കാത്തതാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. നമസ്‌കാരത്തിനു  മുമ്പ് ബലിയറുത്തതിനെപ്പറ്റി പറയുന്ന ഖുത്വ്ബയും പട്ടാളസംഘം രൂപീകരിച്ചയക്കുന്നതിനെപ്പറ്റിയുള്ള ഖുത്വ്ബയും രേഖപ്പെടുത്തപ്പെടുകയും അത് മിമ്പറില്‍നിന്ന്  വായിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി എന്ന് സങ്കല്‍പിക്കുക. എന്നാല്‍ ഖുത്വ്ബയില്‍ നബി(സ)യെ പിന്തുടര്‍ന്നു എന്ന് അവകാശപ്പെടാന്‍ അത്തരം  ഉലമാക്കള്‍ക്ക് സാധിക്കുമോ?

ഹംദ്, സ്വലാത്ത് തുടങ്ങിയവ അറബിയില്‍ ചൊല്ലി ഉപദേശഭാഗം പ്രാദേശിക ഭാഷയിലായാല്‍ ഖുത്വ്ബ കൊണ്ട് ഇസ്‌ലാം ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തിയാകും. 

തവസ്സ്വുല്‍ പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ സദസ്സില്‍നിന്നൊരാള്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് നബി(സ)യോട് പറയുകയും അവിടുന്ന് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തതും, പിറ്റേ ആഴ്ച മഴ ശമിപ്പിക്കാന്‍ പ്രാര്‍ഥിക്കണമെന്നു പറയുകയും നബി (സ) യുടെ പ്രാര്‍ഥനയുടെ ഫലമായി മഴ നിലയ്ക്കുകയും ചെയ്തത് ഉദ്ധരിക്കാറുണ്ടല്ലോ. ആ ഹദീസിന്റെ റിപ്പോര്‍ട്ടറായ അനസ് (റ) പറയുന്നത് 'നബി (സ) വെള്ളിയാഴ്ച ഖുത്വ്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ്, റസൂലേ, ഞങ്ങളുടെ ധനം (വരള്‍ച്ചയാല്‍) നശിച്ചു' എന്ന് പറഞ്ഞുവെന്നാണ്. അപ്പപ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ ശ്രോതാക്കള്‍ക്ക് ഖത്വീബില്‍നിന്ന് പരിഹാരം തേടാം എന്നതിന്ന് മറ്റൊരു തെളിവാണീ ഹദീസ്. അത് നടക്കണമെങ്കില്‍ ഖുത്വ്ബ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം. ഇത് പഴയ കാലത്തെ ശാഫിഈ പണ്ഡിതന്മാര്‍ അംഗീകരിക്കുകയും അതുപ്രകാരം ഖുത്വ്ബകളില്‍ പ്രാദേശിക ഭാഷ ഉപയോഗിച്ചുപോരുകയും ചെയ്തിരുന്നു. ഈനില 1947 വരെ കേരളത്തില്‍ തുടര്‍ന്നുപോന്നു. പിന്നീട് 1947-ല്‍ മീഞ്ചന്തയില്‍ വെച്ച് നടന്ന സമസ്തയുടെ 17-ാം വാര്‍ഷിക സമ്മേളനത്തില്‍ അതിനെതിരില്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു: 

''ജുമുഅ ഖുത്വ്ബയില്‍ അറബിയല്ലാത്ത മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും ബിദ്അത്ത് മുന്‍കറത്തും ആണെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഖുത്വ്ബ പരിഭാഷ നടപ്പിലുള്ള ജുമുഅത്ത് പള്ളി  ഭാരവാഹികളോടും ഖത്വീബുമാരോടും ഇതു നിര്‍ത്തല്‍ ചെയ്‌വാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.''

ഈ തീര്‍പ്പിലെത്തിയപ്പോള്‍ മേല്‍ ഉദ്ധരിച്ച ഹദീസുകളെ അവര്‍ പരിഗണിച്ചതേയില്ല. നബി(സ)യുടെ ഖുത്വ്ബക്കിടയില്‍ ജനങ്ങള്‍ ചോദ്യം ചോദിച്ചതിനെയും തഹിയ്യത്ത് നമസ്‌കരിക്കാതെ ഖുത്വ്ബ കേള്‍ക്കാനിരുന്നവനോട് നമസ്‌കരിക്കാന്‍ പറഞ്ഞതിനെയും പറ്റി ചിന്തിച്ചാല്‍ ഖുത്വ്ബ ജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ളതാണ് എന്ന്  വ്യക്തമാവും. ഇമാം നവവി (റ) പറയുന്നു:   

''ഖത്വീബിന്ന് ആവശ്യമായാല്‍ ഖുത്വ്ബക്കിടയില്‍ സംസാരിക്കാമെന്നും അത് പ്രസംഗകന്നും അല്ലാത്തവര്‍ക്കും അനുവദനീയമാണെന്നും ഈ ഹദീസില്‍നിന്ന് തെളിയുന്നു. ഖുത്വ്ബയില്‍ നന്മ ഉപദേശിക്കലും സല്‍ക്കര്‍മങ്ങളിലേക്ക് വഴികാണിക്കലും ഏത് സ്ഥലത്തും അനുവദിച്ചതാകുന്നു'' (ശറഹു മുസ്‌ലിം 3/430). 

ഖുത്വ്ബ നിര്‍വഹിക്കുന്നത് നമസ്‌കാരത്തിലേതുപോലെ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നുകൊണ്ടാകരുത് എന്നു കല്‍പിക്കപ്പെട്ടതിലെ തത്ത്വം (മുഖാമുഖം ആയിരിക്കണം) ശ്രോതാക്കളുടെ ശ്രദ്ധ പൂര്‍ണമായി ഖുത്വ്ബയിലായിരിക്കാന്‍ വേണ്ടിയാണെന്ന് വ്യാഖ്യാനിച്ചവരുണ്ട്. ഖസ്തല്ലാനി പറയുന്നു:

''ഇമാം ജനങ്ങളെയും ജനങ്ങള്‍ ഇമാമിനെയും അഭിമുഖീകരിക്കണമെന്നു പറയുന്ന അധ്യായമാണിത്. ഇങ്ങനെ പരസ്പരം അഭിമുഖീകരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടത് ശ്രോതാക്കള്‍ മറ്റൊന്നിലേക്കും ശ്രദ്ധ തിരിഞ്ഞുപോകാതെ ഇമാം പറയുന്ന ഉപദേശം കേട്ടുമനസ്സിലാക്കി ഇതുവഴി ഖുത്വ്ബ പ്രയോജനപ്പെടുത്തി കര്‍മജീവിതം പ്രായോഗികമാക്കാനാണ്'' (ഇര്‍ശാദുസ്സാരി)

ഈ ഉദ്ധരണി മദീനയില്‍ നബി (സ) ഖുത്വ്ബയിലൂടെ നിര്‍വഹിച്ച ദൗത്യം ഉള്‍ക്കൊള്ളുന്നുണ്ട്. അന്ന് ജനങ്ങള്‍  ഖുത്വ്ബകളിലൂടെ സംസ്‌കരിക്കപ്പെട്ടിരുന്നു. കാരണം, നബി (സ്വ)യുടെ ഖുത്വ്ബ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരുന്നു.

ഇമാം ശാഫിഈ പറയുന്നു. ''ജുമുഅ ഖുത്വ്ബയിലും മറ്റെല്ലാ ഖുത്വ്ബകളിലും ഖത്വീബ് തനിക്കാവശ്യമുള്ളതോ, മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതോ ആയ കാര്യങ്ങള്‍ ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നതില്‍ വിരോധമില്ല'' (അല്‍ ഉമ്മ് 4/521).

'കലാമുന്നാസി' ല്‍  ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നത് ഖത്വീബിന്നു പറയാം എന്ന ഇമാം ശാഫിഈയുടെ അഭിപ്രായത്തിന്നെതിരാണ് 'സമസ്ത'യുടെ മീഞ്ചന്ത പ്രമേയം. ജനങ്ങളുടെ സംസാരഭാഷക്കാണ് 'കലാമുന്നാസ്' എന്ന് പറയുന്നത്. ജനങ്ങള്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം സ്വര്‍ഗത്തോട് ആഗ്രഹവും നരകഭയവും ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അതാണല്ലോ മാതൃഭാഷയിലെ ഖുത്വ്ബകളില്‍ നടക്കുന്നത്, നടക്കേണ്ടതും.

ഇമാം നവവി(റ)യും ഇതേ ആശയം പ്രകടിപ്പിച്ചിട്ടുണ്ട്.

''രണ്ടാമത്തെ വീക്ഷണമനുസരിച്ച് അത് (അറബിയിലാകല്‍) അഭികാമ്യമാണ്; ഖുത്വ്ബയുടെ ഉപാധിയല്ല. കാരണം ഖുത്വ്ബയുടെ ഉദ്ദേശ്യം ഉപദേശം നല്‍കലാണ്. ഇത് എല്ലാ ഭാഷകള്‍ കൊണ്ടും സാധിക്കാവുന്നതാണ്'' (ശറഹുല്‍ മുഹദ്ദബ് 4/520).

ഉപദേശങ്ങള്‍ക്കും കരാറുകള്‍ക്കുമുള്ള പൊതു നിബന്ധന അത് പരസ്പരം മനസ്സിലാകണം എന്നതാണ്. നികാഹ് ചെയ്തുകൊടുക്കുമ്പോള്‍ സാധാരണ അറബിയോടൊപ്പം മലയാളവും പറഞ്ഞുകൊടുക്കാറുണ്ടല്ലോ.  'സവ്വജ്തുക വ അന്‍കഹ്തുക ബിന്‍തീ ഹഫ്‌സ-എന്റെ മകള്‍ ഹഫ്‌സയെ ഞാന്‍ നിങ്ങള്‍ക്ക് ഭാര്യയാക്കിത്തന്നു, വിവാഹം ചെയ്തുതന്നു' എന്നിങ്ങനെയാണ് നികാഹ് വാചകം. നബി (സ) വിവാഹവേളയില്‍ അറബിയല്ലാത്ത ഭാഷ ഉപയോഗിച്ചു എന്ന് തെളിവ് നിരത്തിക്കൊണ്ടല്ല മലയാളപദങ്ങള്‍കൊണ്ട് നികാഹ് നടത്തുന്നത്. പറഞ്ഞ കരാര്‍ മനസ്സിലാവണം എന്നതാണ് അതിലെ തത്ത്വം എന്നു ബോധ്യപ്പെട്ടതുകൊണ്ടാണ്. നബി (സ) അറബിയല്ലാത്ത ഭാഷയില്‍ ഖുത്വ്ബ നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്ക് നബി (സ) അറബിയല്ലാത്ത ഭാഷ വിവാഹവേളയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതിന് എന്തു മറുപടിയുണ്ട്?

സ്വഹാബിമാര്‍ വിജ്ഞാനികളാകാന്‍ നബി(സ)യുടെ ഖുത്വ്ബകള്‍ വളരെയധികം സഹായകമായിരുന്നു. നമസ്‌കാരം പോലെ പദപ്രധാനമല്ല ഖുത്വ്ബ എന്നു തെളിഞ്ഞിരിക്കെ അത് ലക്ഷ്യമിടുന്ന ആത്മീയ ബോധവല്‍ക്കരണം സാധ്യമാകാന്‍ അതിലെ ഉപദേശഭാഗങ്ങള്‍ മാതൃഭാഷയിലാക്കി 'മീഞ്ചന്ത പ്രമേയ'ത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ തയാറാകേണ്ടതുണ്ട്. 

 

ഇ.കെ.എം പന്നൂര്‍: കൊടുവള്ളിക്കടുത്ത പന്നൂര്‍ സ്വദേശി. വിചിന്തനം വാരികയുടെ എഡിറ്റര്‍. മനസ്സിന് മധുരം, സ്വര്‍ഗവും സ്വര്‍ഗപാതയും, സ്ത്രീ പള്ളിപ്രവേശം, ഖാദിയാനിസം, ജവാബ് തുടങ്ങി മുപ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരീക്കോട് പത്തനാപുരത്ത് താമസം. ഫോണ്‍: 9447393055.


Comments

Other Post