Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

രാഷ്ട്രം, ഭരണകൂടം മൗലിക അധ്യാപനങ്ങള്‍

കെ.പി.എഫ് ഖാന്‍

അഖീദയും ശരീഅയും ചേര്‍ന്നതാണ് ദീന്‍. അഖീദയെന്നാല്‍ പ്രത്യയശാസ്ത്രം; ശരീഅ നിയമസംഹിതയും. രണ്ടിനെ കുറിച്ചുള്ള പഠനവും ഫിഖ്ഹായി പരിഗണിക്കപ്പെടുന്നു. ശരീഅയെ കുറിച്ചുള്ള പഠനം അല്‍ഫിഖ്ഹുല്‍ കബീറാണെങ്കില്‍, അഖീദയെ കുറിച്ചുള്ള പഠനം അല്‍ഫിഖ്ഹുല്‍ അക്ബറാണ്. ഇരു ഫിഖ്ഹുകളുടെയും സ്രോതസ്സുകള്‍ ഖുര്‍ആനും സുന്നയും, പിന്നെ ശാഫിഈ മദ്ഹബില്‍ ഇജ്മാഉം ഖിയാസുമാണ്. 

മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും കൈകാര്യംചെയ്യുന്ന നിയമങ്ങള്‍ ശരീഅത്തിലുണ്ട്; ദന്തധാവനം മുതല്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ വിധികള്‍ വരെ. ഉന്നതമായ ഉദ്ദേശ്യലക്ഷ്യങ്ങളിലധിഷ്ഠിതമാണ് ശരീഅത്ത്. അവയില്‍ ചിലത് ദറൂറി(അനിവാര്യം)കളും ചിലത് ഹാജിയാതും (ആവശ്യമായവ) മറ്റു ചിലത് തഹ്‌സീനിയാതു(ഭൂഷണങ്ങള്‍)മാണ്. അനിവാര്യ(ദറൂരിയാത്)ങ്ങളില്‍ 1) ദീന്‍ 2) നഫ്‌സ് (ജീവന്‍) 3) നസ്‌ല് (വംശം) 4) മാല് (ധനം) 5) അഖ്ല്‍ (ബുദ്ധി) എന്നിവയുടെ സംരക്ഷണം ഉള്‍പ്പെടുന്നു. ഈ ലക്ഷ്യങ്ങള്‍ നേടാനാണ് ശാരിഉ് നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. ആഴത്തിലുള്ള പഠനത്തിലൂടെ ശരീഅത്ത് നിയമങ്ങളുടെ പിന്നിലുള്ള യുക്തിയും ഉദ്ദേശ്യലക്ഷ്യങ്ങളും ബോധ്യമാകും. മനുഷ്യന്റെ മൗലികാവകാശ സംരക്ഷണമാണ് അവയില്‍ പ്രധാനമെന്നും അതിന് വേണ്ടിയാണ് രാഷ്ട്രസംവിധാനമെന്നും സുതരാം വ്യക്തമാകും. 

രാഷ്ട്രവും രാഷ്ട്രീയവുമൊക്കെ സാമൂഹികജീവിതത്തിന്റെ അനിവാര്യതകളാണ്. ഉമ്മത്ത് (സമൂഹം) ഇല്ലാത്ത അഥവാ സംഘടിതമല്ലാത്ത ജീവിത വിഭാവനം ദീനിലില്ല. 'സമാജ(ജമാഅത്ത്)മില്ലാതെ ഇസ്‌ലാമില്ല, നേതൃത്വ(ഇമാമഃ)മില്ലാതെ സമാജമില്ല, അനുസരണമില്ലാതെ നേതൃത്വവുമില്ല' എന്ന രണ്ടാം ഖലീഫയുടെ പ്രസ്താവന അതാണ് ഉണര്‍ത്തുന്നത്. 

ശരീഅത്ത് നിയമങ്ങളെ ഫിഖ്ഹ് സവിശദം ചര്‍ച്ചാവിധേയമാക്കിയിട്ടുണ്ട്. അപ്പോള്‍ രാഷ്ട്രസംവിധാനത്തെയും(ദൗലത്) ഭരണത്തെയും (ഹുകുമ്) ഭരണാധിപനെയും (ഇമാം) ഫിഖ്ഹിന് ഒഴിവാക്കാനാവില്ലല്ലോ. ഫിഖ്ഹിന്റെ സ്രോതസ്സുകളായ ഖുര്‍ആനും സുന്നയും അവയെ പരാമര്‍ശിച്ചിരിക്കെ, വിശേഷിച്ചും. ഫിഖ്ഹിന്റെ പ്രാക്തന ഗ്രന്ഥങ്ങളില്‍ ഇമാമിന്റെ അധികാര സീമകള്‍ (ഇഖ്തിസ്വാസ്വ്) പല കാണ്ഡ(കിതാബ്)ങ്ങളിലും അധ്യായ(ബാബു)ങ്ങളിലുമായി നിരന്നുകിടക്കുകയാണ്. ജിഹാദ്, ജിനായാത് (ക്രിമിനല്‍ കുറ്റങ്ങള്‍), ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി സംരക്ഷണം, വിദ്രോഹശക്തികളെ അമര്‍ച്ചചെയ്യല്‍, വിമതരെയും കലാപകാരികളെയും നേരിടല്‍, ധര്‍മാനുശാസനവും അധര്‍മ നിരോധവും (അംറും ബില്‍ മഅ്‌റൂഫ് വ നഹ്‌യുന്‍ അനില്‍ മുന്‍കര്‍), പൊതു സമ്പത്തിന്റെ വിതരണം, നീതിന്യായ നിര്‍വഹണം, അന്യായങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ വിഷയങ്ങള്‍ നീണ്ട അധ്യായങ്ങളായാണ് പ്രാക്തന ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ അധികാര സീമകളെല്ലാം ഇമാമിനെ അല്ലെങ്കില്‍ സുല്‍ത്താനെ കേന്ദ്രീകരിച്ചുകൊണ്ടാണ് മാവര്‍ദിയും അബൂയഅ്‌ലായുമൊക്കെ ചര്‍ച്ചചെയ്യുന്നത്. മാവര്‍ദി ശാഫിഈ മുജ്തഹിദും അബുയഅ്‌ലാ ഹമ്പലീ മുജ്തഹിദുമാണ്. ഇമാമത്തിന്റെ വിഷയങ്ങള്‍ പറയുമ്പോള്‍ ശാഫിഈ ഫിഖ്ഹ് മാവര്‍ദിയെ ഉദ്ധരിക്കാറുണ്ട്. ഇമാം നവവിയുടെ മിന്‍ഹാജുത്ത്വാലിബീന്റെ ശറഹില്‍ ജലാലുദ്ദീന്‍ മഹല്ലിയുടെ പരാമര്‍ശം കാണാം (ഖല്‍യൂബി-ഉമൈറയുടെ മാര്‍ജിന്‍. 4-ാം ഭാഗം പേജ് 173). ഇമാമത്ത്-ഭരണം സംബന്ധിച്ച ശാഫിഈ മദ്ഹബിന്റെ വീക്ഷണമാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. വ്യവസ്ഥാപിത ഭരണകൂടത്തിനെതിരെ ഇറങ്ങിത്തിരിക്കുന്ന കലാപകാരി(ബുഗാത്)കളെ കുറിച്ചുള്ള ചര്‍ച്ച കിതാബുല്‍ ബുഗാതിലാണ്. ഭരണാധികാരിയുടെ നിബന്ധനകള്‍ അഥവാ യോഗ്യതകള്‍, അധികാര സീമകള്‍ എന്നിവ ഇമാം നവവിയും ജലാലുദ്ദീന്‍ മഹല്ലിയും ഉദ്ധരിക്കുന്നുണ്ട്. ഇമാം, മുസ്‌ലിമും പുരുഷനുമായിരിക്കണമെന്നതാണ് അവരുടെ പ്രഥമ നിബന്ധന. പുരുഷന്മാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനും അവരെ നിയന്ത്രിക്കാനും സ്ത്രീകള്‍ക്കാവില്ല എന്നതാണ് ന്യായം. പിന്നെ പ്രായപൂര്‍ത്തിയും സുബുദ്ധി (ബുദ്ധിസ്ഥിരത)യുമായിരിക്കണം. ഖുറൈശി ഗോത്രജനായിരിക്കണം. അഭിജ്ഞനും മുജ്തഹിദുമായിരിക്കണം. ദീനിന്റെ പ്രമാണങ്ങള്‍ ഗ്രഹിക്കാനും ഭരണീയരെ ദീനീവിധികള്‍ ഉദ്‌ബോധിപ്പിക്കാനും വേണ്ടിയാണ് ഈ യോഗ്യത ആവശ്യപ്പെടുന്നത്. സര്‍വോപരി വിശ്വസ്തനും നീതിമാനുമായിരിക്കണം. പട നയിക്കാനും യുദ്ധം നയിക്കാനും ഭരണീയരുടെ ജീവ-ധനാദികള്‍ കാത്തുരക്ഷിക്കാനും ധൈര്യവും സ്ഥൈര്യവും ഉണ്ടായിരിക്കണം. അവികലമായ കാഴ്ച, കേള്‍വി, സംസാരശേഷി തുടങ്ങിയ ഗുണങ്ങളും ഇമാമിന് ഉണ്ടായിരിക്കണം. 

ഇമാമത്ത് പ്രയോഗത്തില്‍ വരുന്നത് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) മുഖേനയാണ്. സ്വഹാബികള്‍ അബൂബക്‌റി(റ)ന് ബൈഅത്ത് ചെയ്തതാണ് ആദ്യ സംഭവം. ഇസ്‌ലാമിക സമൂഹത്തിലെ പ്രമുഖരില്‍ വേഗം ഒരുമിച്ചുകൂട്ടാന്‍ സാധ്യമായ അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ലി (തീരുമാനങ്ങളെടുക്കാനും ദുര്‍ബലപ്പെടുത്താനും യോഗ്യര്‍) ആയിരിക്കണം ബൈഅത്ത് ചെയ്യേണ്ടതെന്ന് ഒരുപക്ഷം. സാക്ഷ്യത്തിനു വേണ്ട ഏറ്റവും വലിയ എണ്ണമായ നാലുപേര്‍ മതിയെന്ന് വേറൊരു പക്ഷം. മൂന്നു പേര്‍ ചേര്‍ന്നാല്‍ അതൊരു സംഘം (ജമാഅഃ) ആകുമെന്നതിനാല്‍ മൂന്ന് പേര്‍ മതിയാകുമെന്ന് മറ്റൊരു പക്ഷം. ഏറ്റവും ചെറിയ സംഘം (അഖല്ലുല്‍ ജമാഅഃ) രണ്ടു പേരുണ്ടായാല്‍ അതുമതിയാകുമെന്ന് നാലാമതൊരു പക്ഷം. ഒരാള്‍ മാത്രം ബൈഅത്ത് ചെയ്താലും മതിയാകുമെന്ന പക്ഷവുമുണ്ട്. അബൂബക്‌റി(റ)ന് ഉമര്‍ (റ) മാത്രമാണ് ആദ്യം ബൈഅത്ത് ചെയ്തതെന്നാണ് അവര്‍ക്കുള്ള ന്യായം. പിന്നീടാണ് മറ്റു സ്വഹാബികള്‍ അദ്ദേഹത്തോട് യോജിച്ചത്. ഒരാള്‍ മതിയാകുമെന്ന പക്ഷപ്രകാരം ആ ഒരാള്‍ മുജ്തഹിദായിരിക്കണമെന്ന നിബന്ധനയുണ്ടുതാനും. തങ്ങള്‍ ഇമാമത്തില്‍ അവരോധിക്കുന്ന വ്യക്തിക്ക് ഇമാമത്തിന്റെ യോഗ്യതകളുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയുന്നതിനാണ് ഇജ്തിഹാദ് യോഗ്യത. 

നിലവിലുള്ള ഇമാം പിന്‍ഗാമിയെ നിയോഗിക്കുന്നത് വഴിയായും ഇമാമുണ്ടാകാം. അബൂബക്ര്‍ (റ) ഉമറി(റ)നെ നാമനിര്‍ദേശം ചെയ്തത് ഉദാഹരണം. ഇനി ഇമാമിനെ തെരഞ്ഞെടുക്കാനുള്ള സമിതിയെ നിശ്ചയിച്ച് അവരില്‍ യോഗ്യനെ നിര്‍ദേശിക്കുക വഴിയായും ഇമാമിനെ വാഴിക്കാം. ഉമര്‍ നിര്‍ദേശിച്ച ആറു പേര്‍ ചേര്‍ന്ന് ഉസ്മാനെ (റ) തെരഞ്ഞെടുത്തത് ഇതിന് മാതൃകയാണ്. മറ്റൊരു വഴി ഇതാണ്:  വ്യവസ്ഥാപിത ഇമാമിന്റെ നിര്യാണ ശേഷം, യോഗ്യതകള്‍ തികഞ്ഞ ഒരാള്‍ ബൈഅത്തോ കരാറോ ഒന്നുമില്ലാതെ ആള്‍ബലവും സൈനികശേഷിയുമുപയോഗിച്ച്, ജനത്തെ വരുതിയിലാക്കി അധികാരത്തിലേറുക. അപ്രകാരം ഒരു വിവരദോഷിയും (ജാഹില്‍) അധര്‍മിയും (ഫാസിഖ്) ആയ ഒരാള്‍ അയാളുടെ മറ്റു കഴിവുകളുടെ പിന്‍ബലത്തില്‍ ഇമാമത്തിലെത്തിയ സംഭവങ്ങളുമുണ്ട്. ഈ നടപടി മൂലം കുറ്റവാളിയാണെങ്കില്‍ കൂടിയും അയാള്‍ ഭരണാധിപനായി അംഗീകരിക്കപ്പെടും (മഹല്ലി-ഖല്‍യൂബി-ഉമൈറ മാര്‍ജിന്‍ ഭാഗം 4 പേജ് 173). 

ബലപ്രയോഗത്തിലൂടെ അധികാരത്തിലേറുന്നത് സാധുവാകുമെന്നതില്‍, നാലു മദ്ഹബുകളിലെയും ഫഖീഹുകളില്‍ അഭിപ്രായാന്തരമില്ല. ഇമാമിന്റെ നിബന്ധനകള്‍ തികഞ്ഞവനായിരിക്കണമെന്ന് മാത്രം. ഇങ്ങനെ സമ്മതിച്ചിട്ടുള്ളത് രക്തച്ചൊരിച്ചിലിന് ഇടവരാതിരിക്കാനായിരിക്കണം. നിബന്ധനകള്‍ തികയാത്തവനാണെങ്കില്‍ പുറത്താക്കാന്‍ യുദ്ധവും രക്തച്ചൊരിച്ചിലും വേണ്ടിവരും. 'നമസ്‌കാരം നിലനിര്‍ത്തുന്നിടത്തോളം അയാളെ നിങ്ങള്‍ സഹിക്കണം' എന്ന ഹദീസിന്റെ നിര്‍ദേശം ഇതിന്റെ അടിസ്ഥാനത്തിലാവാം. തുറന്ന സത്യനിഷേധം (കുഫ്ര്‍) കണ്ടാല്‍ പിന്നെ വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. 

ഇബ്‌നു ഹജരില്‍ അസ്ഖലാനി ഇങ്ങനെ പറയുന്നു: ''ബലാല്‍ക്കാരേണ ഇമാമത്തിലെത്തിയ അധികാരസ്ഥനെ അനുസരിക്കുന്നതും അയാളോടൊപ്പം ജിഹാദ് ചെയ്യുന്നതും വാജിബാണെന്നതില്‍ ഫുഖഹാഇന് യോജിപ്പാണുള്ളത്. അയാളെ അനുസരിക്കുന്നതാണ് എതിര്‍ക്കുന്നതിലും ഭേദം. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനും ആള്‍ക്കൂട്ട (റുആഉന്നാസ്)ത്തെ ശാന്തമാക്കാനും മതിയായത് അതാണ്. എന്നാല്‍ അയാളില്‍നിന്ന് തുറന്ന സത്യനിഷേധം (കുഫ്‌റുല്‍ ബവാഹ്) കണ്ടാല്‍ അതില്‍ അനുസരണം പാടില്ല. ശേഷിയുള്ളവന് വാജിബാണ് അയാളെ എതിരിടുന്നത്. ഉബാദഃ ഇബ്‌നു സ്വാമിത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസാണാധാരം'' (ഫത്ഹുല്‍ ബാരി 16/112). 

ഇമാമത്തിനെ സംബന്ധിച്ച് അല്‍ അഹ്കാമുസ്സുല്‍ത്വാനിയയില്‍ മാവര്‍ദി നല്‍കുന്ന നിര്‍വചനമിങ്ങനെ: ''ദീനിന്റെ സംരക്ഷണത്തിനും ദുന്‍യാവിന്റെ ഭരണത്തിന് നുബുവ്വത്തിന്റെ പ്രാതിനിധ്യത്തെക്കുറിക്കുന്ന പദമാണ് ഇമാമഃ.''

അദ്ദേഹം തുടരുന്നു: ''അഹ്‌ലുല്‍ അഖ്ദി വല്‍ ഹില്ല് തെരഞ്ഞെടുപ്പിന് ഒത്തുചേരുകയും ഇമാമത്തിന്റെ നിബന്ധനകള്‍ തികഞ്ഞവരുടെ സ്ഥിതിഗതികള്‍ സസൂക്ഷ്മം പരിശോധിക്കുകയും അവരിലേറ്റവും ഉത്തമനും നിബന്ധനകള്‍ തികഞ്ഞവനും ജനങ്ങളുടെ അനുസരണം ലഭിക്കുന്നവനും അവരാല്‍ ബൈഅത്ത് ചെയ്യപ്പെടാനിടയുള്ളവനുമായ വ്യക്തിക്ക് മുന്‍ഗണന നല്‍കുകയും വേണം'' (അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യഃ, പേജ് 5). 

അഹ്‌ലുസ്സുന്നയിലെയും മുഅ്തസിലികളിലെയും ഖവാരിജിലെയും മറ്റും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍, ഇമാമത്ത് സ്ഥാപിതമാകുന്നത് ഉമ്മത്തിന്റെ തെരഞ്ഞെടുപ്പു വഴിയായിട്ടാണ് (ബഗ്ദാദിയുടെ ഉസ്വൂലുദ്ദീന്‍, പേജ് 279). 

ആരാണ് ഈ അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ല്? ഉമ്മത്തിനെ പ്രതിനിധാനം ചെയ്ത്, ഇമാമിനെ തെരഞ്ഞെടുക്കാനാവശ്യമായ ഇജ്തിഹാദീ വൈഭവമുള്ള അഭിജ്ഞരായ ജനനായകന്മാരാണവര്‍. മാവര്‍ദി പറയട്ടെ: ''ആരും ഇമാമത്ത് ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ സമുദായത്തിലെ രണ്ടു വിഭാഗക്കാര്‍ മുന്നോട്ട് വരണം. ഒരുകൂട്ടര്‍ ഇമാമിനെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ളവര്‍, മറ്റവര്‍ ഇമാമായി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ളവര്‍'' (അല്‍അഹ്കാം, പേജ് 3). 

അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ലിന് ഉണ്ടായിരിക്കേണ്ട യോഗ്യതയെ സംബന്ധിച്ച് മാവര്‍ദി പറയുന്നു: (1) ''നീതിബോധവും പൗരുഷവും തഖ്‌വ (ദൈവഭക്തി)യും ഉള്ളവര്‍ (2) ഇമാമത്തിന്റെ യോഗ്യതകളുള്ള വ്യക്തിയെ കണ്ടെത്തുന്നതിനുള്ള വൈജ്ഞാനിക യോഗ്യതയുള്ളവര്‍ (3) ഏറ്റവും യോഗ്യനായ ഇമാമിനെ തെരഞ്ഞെടുക്കുന്നതിന് ഉതകുന്ന പക്വതയും അഭിപ്രായ സുബദ്ധതയുമുള്ളവര്‍'' (അല്‍അഹ്കാം, പേജ് 4). 

ഇമാമിനെ അവരോധിക്കുന്ന അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ലിന്റെ എണ്ണത്തെ സംബന്ധിച്ചുള്ള വിവിധാഭിപ്രായങ്ങളെ മാവര്‍ദി സംക്ഷേപിക്കുന്നു. 

1. എല്ലാ നാട്ടില്‍നിന്നുമുള്ള അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ലിന്റെ ഭൂരിപക്ഷം വേണം. 

2. ഉടമ്പടി ചെയ്യാന്‍ ഒത്തുകൂടുന്ന അഞ്ച് പേരാണ് കുറഞ്ഞ സംഖ്യ. അല്ലെങ്കില്‍ അവരിലൊരാള്‍ മറ്റു നാല്‍വരുടെ അഭീഷ്ടപ്രകാരം ഉടമ്പടി ചെയ്താലും മതി. അതിനുള്ള തെളിവിങ്ങനെ: 1) അബൂബക്‌റിനെ തെരഞ്ഞെടുക്കുമ്പോള്‍ ഒത്തുചേര്‍ന്ന ഉമറുബ്‌നുല്‍ ഖത്വാബ്, അബൂഉബൈദത്തില്‍ ജര്‍റാഹ്, ഉസൈദുബ്‌നു ഹുദൈര്‍, ബിശ്‌റുബ്‌നു സഅ്ദ്, അബൂഉബൈദയുടെ മൗലയായ സാലിം എന്നിവര്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. പിന്നീട് അവിടെ ഒരുമിച്ചുകൂടിയ ജനം അവരെ അനുകരിച്ചു. 2) ഉമറുബ്‌നുല്‍ ഖത്വാബ് ആറുപേരുടെ സമിതി നിശ്ചയിച്ചു. അവരിലൊരാള്‍ക്ക് മറ്റുള്ളവരുടെ സമ്മതത്തോടെ ബൈഅത്ത് ചെയ്യാം. ഇത് ബസ്വറക്കാരായ ഭൂരിപക്ഷം ഫുഖഹാഇന്റെയും മുതകല്ലിമുകളുടെയും അഭിമതമാണ്. 3) കൂഫ പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഒരു വലിയ്യും രണ്ടു സാക്ഷികളുമുണ്ടായാല്‍ നികാഹ്  സാധുവാകുന്നത് പോലെ, മൂന്നു പേര്‍ ഒത്തൂകൂടി രണ്ടുപേരുടെ അഭിമത പ്രകാരം മറ്റെയാള്‍ ഇമാമത്ത് ഏറ്റെടുക്കുന്ന രീതി സാധുവാണ്. 4) അബ്ബാസ് (റ) അലി(റ)യോട് പറഞ്ഞത് ഓര്‍ക്കുക: നിന്റെ കൈനീട്ടുക, നിനക്ക് ഞാന്‍ ബൈഅത്ത് ചെയ്യാം. അപ്പോള്‍ ജനം ഉദ്‌ഘോഷിച്ചു: 'നബി(സ)യുടെ പിതൃവ്യന്‍ അവിടുത്തെ പിതൃവ്യപുത്രന് ബൈഅത്ത് ചെയ്തിരിക്കുന്നു. താങ്കള്‍ക്കെതിരില്‍ രണ്ടു പേരുടെ ഭിന്നാഭിപ്രായമുയരുകയില്ല.' ഇതിനെ മുന്‍നിര്‍ത്തിയുള്ള അഭിപ്രായ പ്രകാരം ഒരാളുടെ ബൈഅത്ത് മുഖേനയും ഇമാമത്ത് സ്ഥാപിതമാകും'' (അല്‍അഹ്കാം, പേജ് 4,5). 

ഇമാമത്തിന് യോഗ്യനായ ഒരാളെ അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ല് തെരഞ്ഞെടുത്താല്‍ ആ വിവരം അദ്ദേഹത്തെ തെര്യപ്പെടുത്തുകയും അദ്ദേഹം അംഗീകരിച്ചാല്‍ എല്ലാവരും ബൈഅത്ത് (അനുസരണ പ്രതിജ്ഞ) നല്‍കുകയും വേണം. അപ്പോള്‍ ഇമാമത്ത് സ്ഥാപിതമായി. ഇനിയദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. സ്വാഭീഷ്ടത്തിന്റെയും വരണസ്വാതന്ത്ര്യത്തിന്റെയും ഉടമ്പടിയാണല്ലോ അത്'' (അല്‍അഹ്കാം, പേജ് 5).

നാമനിര്‍ദിഷ്ടര്‍ ഒരുപോലെ യോഗ്യതയുള്ളവരെങ്കില്‍ അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ലിന് മാവര്‍ദി നല്‍കുന്ന നിര്‍ദേശമിതാണ്: അവരില്‍ കൂടുതല്‍ പ്രായമുള്ളവന് മുന്‍ഗണന നല്‍കണം. പ്രായപൂര്‍ത്തിയായ ചെറുപ്പക്കാരനെ തെരഞ്ഞെടുക്കുന്നതും സാധുവാകും. രണ്ടിലൊരാള്‍ ഏറെ അഭിജ്ഞനും അപരന്‍ ഏറെ ധീരനുമെങ്കില്‍, സാഹചര്യത്തിന്റെ താല്‍പര്യം പരിഗണിക്കണം. അതിര്‍ത്തി സംരക്ഷണവും പ്രതിവിപ്ലവമൊതുക്കലും പ്രസക്തമാകുന്ന സാഹചര്യത്തില്‍ ഏറെ ധീരനും ശൂരനുമാണ് ഇമാമത്തിന് ഏറ്റവും അര്‍ഹന്‍. ആള്‍ക്കൂട്ടം ശാന്തമായ സമൂഹത്തില്‍ ബിദ്അത്തുകാര്‍ തലപൊക്കുന്ന കാലത്ത് ഏറെ അഭിജ്ഞനാണ് ഏറെ യോഗ്യന്‍ (അല്‍അഹ്കാം, പേജ് 5). 

ഖലീഫാ സ്ഥാനത്തേക്കോ മന്ത്രിപദവിക്കോ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരില്‍ ഏഴു നിബന്ധനകള്‍ പൂര്‍ത്തിയാവണം:

1) നാമനിര്‍ദിഷ്ടന്‍ മുസ്‌ലിമും സ്വതന്ത്രനും പുരുഷനും പ്രായപൂര്‍ത്തി വന്നവനും സുബുദ്ധി(ആഖില്‍)യും ആയിരിക്കണം. 2) നീതിനിഷ്ഠയും മതാനുഷ്ഠാനവും ഉത്തമസ്വഭാവങ്ങളും എല്ലാ അധികാരങ്ങള്‍ക്കും പരിഗണിക്കപ്പെടേണ്ടതാണ് (മാവര്‍ദി-അഹ്കാം, പേജ് 62). ശര്‍ഈ കര്‍ത്തവ്യങ്ങളോടു പ്രതിബദ്ധത പുലര്‍ത്തുന്നവനും ദീനിലെ നിഷിദ്ധങ്ങളും നിഷിദ്ധമായ ധിക്കാര നടപടികളും വര്‍ജിക്കുന്നവനുമായിരിക്കണം. 3) ധിഷണാശേഷി, പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ശര്‍ഈ നയപരിപാടികളും നിലപാടും ഇജ്തിഹാദിലൂടെ ആവിഷ്‌കരിക്കാനുള്ള പ്രത്യുല്‍പന്നമതിത്വം. ഈ  നിബന്ധനയുടെ കാര്യത്തില്‍ ഫുഖഹാഇന് ഏകാഭിപ്രായമാണ് (അഹ്കാം, പേജ് 4, 62). 4) ഭരണീയരെ നിയന്ത്രിക്കുന്നതിനും സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ കാക്കുന്നതിനുമുള്ള അഭിപ്രായ സുബദ്ധത (അല്‍അഹ്കാം, പേജ് 4). 5) വൈയക്തിക ഗുണങ്ങളുടെ (സ്വഭാവങ്ങളുടെ) ദാര്‍ഢ്യം. ദേശസുരക്ഷ, ശത്രുപ്രതിരോധം, ശിക്ഷാ നടപടികള്‍, മര്‍ദിതര്‍ക്ക് നീതി നല്‍കല്‍, ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ പോരുന്ന നിര്‍ഭയത്വവും ചങ്കൂറ്റവുമുള്ള വ്യക്തിത്വമായിരിക്കല്‍ (അല്‍അഖാഇദുന്നസഫിയ്യ, പേജ് 145). 6) ശാരീരിക ശേഷി, കേള്‍വി, കാഴ്ച എന്നീ ഇന്ദ്രിയങ്ങള്‍ അന്യൂനമായിരിക്കണം. 

7) വംശം: നാമനിര്‍ദിഷ്ടന്‍ ഖുറൈശി വംശജനായിരിക്കണം-അഭിപ്രായാന്തരമുള്ള ഒരു നിബന്ധനയാണിത് (അഹ്കാം, പേജ് 4). ഈ നിബന്ധനക്ക് ഹദീസുകളാണ് തെളിവ് (അഹ്മദ്, ത്വബ്‌റാനി, അബൂയഅ്‌ല). മറ്റു നിബന്ധനകള്‍ തികഞ്ഞ ഏതൊരു മുസ്‌ലിമിനും അവകാശപ്പെട്ടതാണ് ഇമാമത്തെന്ന് ഖവാരിജും മുഅ്തസിലയും പറഞ്ഞിരിക്കുന്നു. 

ഇമാമിന്റെ കര്‍ത്തവ്യങ്ങള്‍ പത്ത് അടിസ്ഥാന കാര്യങ്ങളായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട് (അഹ്കാം, പേജ് 14). സ്ഥിതിഗതികളും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് മറ്റ് പല അധികാര പ്രശ്‌നങ്ങളും ഇവയില്‍നിന്ന് ഉരുത്തിരിയാവുന്നതാണ്. അവയെ ദീനീധര്‍മങ്ങളെന്നും രാഷ്ട്രീയ ധര്‍മങ്ങളെന്നും ഇനം തിരിക്കാം. 

ദീനീധര്‍മങ്ങള്‍ നാലാണ്: 1) ദീനിന്റെ സംരക്ഷണം. മാവര്‍ദി പറയുന്നു: ''ദീനിനെ അതിന്റെ സ്ഥായിയായ അടിസ്ഥാനങ്ങളിലും ഉമ്മത്തിലെ സലഫ് (പൂര്‍വികര്‍) ഏകോപിപ്പിച്ച് ഉറപ്പിച്ചുള്ള കാര്യങ്ങളിലും സംരക്ഷിച്ചുനിര്‍ത്തുക. ബിദ്അത്തുകള്‍ തലപൊക്കുകയോ മാര്‍ഗഭ്രംശങ്ങളുണ്ടാവുകയോ ചെയ്താല്‍ പ്രമാണം വ്യക്തമാക്കി, യാഥാര്‍ഥ്യം എന്തെന്ന് കാണിച്ചുകൊടുക്കണം. ദീനിന് കോട്ടം തട്ടാതിരിക്കാനും പിഴവുകളില്‍നിന്ന് ഉമ്മത്ത് തടയപ്പെടാനും അവശ്യ നടപടികളെടുക്കുകയും വേണം. 2) ശത്രുക്കളോടുള്ള ചെറുത്തുനില്‍പ്പ് (ജിഹാദ്). 3) സകാത്തും മറ്റു പൊതുമുതലുകളും ശേഖരിക്കലും വിതരണം ചെയ്യലും. പൊതു ഖജനാവ് ശോഷിക്കുമ്പോള്‍ പോഷിപ്പിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുക. 4) ദീനിന്റെ ചിഹ്നങ്ങള്‍ (ശആഇര്‍) സംരക്ഷിക്കുക: ബാങ്ക് വിളി, ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങള്‍, പെരുന്നാളുകള്‍, വ്രതം, ഹജ്ജ് തുടങ്ങിയവ ഭംഗം വരാതെ നിലനിര്‍ത്തുക. പള്ളികള്‍ സംരക്ഷിക്കേണ്ടതും നമസ്‌കാരത്തിന് ഇമാമിനെയും മുഅദ്ദിനെയും നിയമിക്കേണ്ടതും ഇമാമാണ്. നോമ്പിന്റെ തുടക്കവും ഒടുക്കവും നിര്‍ണയിക്കുന്നതിന് മേല്‍നോട്ടം വഹിക്കണം. ഹജ്ജ് നിര്‍വഹണം സുഗമമാക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും വേണം'' (അല്‍അഹ്കാം, 96, 103). 

 

രാഷ്ട്രീയ ധര്‍മങ്ങള്‍ 

എക്‌സിക്യൂട്ടീവും (തന്‍ഫീദി) ജുഡീഷ്യറി (ഖദാഇ)യുമായ രണ്ട് അധികാരങ്ങള്‍ ഒരുമിച്ചുകൊണ്ടുനടക്കുന്നയാളാകയാല്‍, ഇമാമിന്റെ രാഷ്ട്രീയ ധര്‍മങ്ങളില്‍ ഭരണനിര്‍വഹണവും നീതിന്യായവും ഉള്‍പ്പെടുന്നു. ഇസ്‌ലാമിക രാഷ്ട്രത്തില്‍ നിയമനിര്‍മാണത്തിനുള്ള ആത്യന്തികമായ അധികാരം അല്ലാഹുവിനാകുന്നു. മാവര്‍ദി അവ ഇങ്ങനെ സംക്ഷേപിക്കുന്നു (അല്‍അഹ്കാം, പേജ് 14):

ഒന്ന്: രാഷ്ട്രത്തിലെ ക്രമസമാധാനപാലനം. ദേശരക്ഷ (ഹിമായതുല്‍ബൈദഃ/ഹിമായതുല്‍ വത്വന്‍). ജനങ്ങള്‍ക്ക് സഹജീവിതം നയിക്കാനും ശരീരധനാദികള്‍ക്ക് കേടുപാടുകളില്ലാതെ സുരക്ഷിതരായി സഞ്ചരിക്കാനുമുള്ള ഏര്‍പ്പാടുണ്ടാക്കണം (ആധുനിക കാലത്തെ പോലീസ് വകുപ്പുപോലെ). 

രണ്ട്: രാജ്യരക്ഷാ പ്രവര്‍ത്തനം. മാവര്‍ദി പറയുന്നു: ശത്രുക്കളെ ചെറുക്കാനുള്ള സജ്ജീകരണങ്ങളും പ്രതിരോധ സൈന്യവും വഴി രാജ്യാതിര്‍ത്തികള്‍ ഭദ്രമാക്കണം. 

മൂന്ന്: പൊതുകാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കല്‍. മാവര്‍ദി പറയുന്നു. കാര്യങ്ങളുടെ മേല്‍നോട്ടം നേരിട്ടു നിര്‍വഹിക്കുകയും സ്ഥിതിഗതികളെ സസൂക്ഷ്മം പഠിക്കുകയും വേണം. സമൂഹത്തിന്റെ സുരക്ഷയും ഭരണവും സുഗമമായി നടത്താന്‍ വേണ്ടിയാണിത്. സുഖാഡംബരങ്ങളിലോ ദൈവാരാധനകളിലോ മുഴുകി സ്വധര്‍മങ്ങള്‍ ആര്‍ക്കെങ്കിലും ഏല്‍പ്പിച്ചു കൊടുക്കാന്‍ ശ്രമിക്കരുത്. വിശ്വസ്തന്‍ ചതിച്ചെന്നും നിഷ്‌കളങ്കനായി ഗണിച്ചവന്‍ കബളിപ്പിച്ചെന്നും വന്നേക്കാം. 

നാല്: എ) തമ്മില്‍ കലഹിക്കുന്നവരില്‍ നിയമം നടപ്പാക്കുകയും അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും വേണം. കുറ്റവാസനയുള്ളവര്‍ അതിരുവിടാതിരിക്കാനും മര്‍ദിതന്‍ നിരാലംബനാവാതിരിക്കാനും നടപടി വേണം. ബി) അല്ലാഹുവിന്റെ നിയമങ്ങളുമായി ഏറ്റുമുട്ടാത്തതാവണം ഇത്തരം നടപടികള്‍.

അഞ്ച്: ധൂര്‍ത്തും പിശുക്കും കൂടാതെ, ബൈത്തുല്‍ മാലില്‍ നിന്ന് ജിഹാദില്‍ ഏര്‍പ്പെട്ടവരുടെ പെന്‍ഷനും ജനങ്ങളുടെ അവകാശങ്ങളും കൃത്യസമയത്ത് കൊടുത്തുതീര്‍ക്കുക. 

ആറ്: ഉദ്യോഗസ്ഥ നിയമനം. വിശ്വസ്തരെയും ജോലിയില്‍ ആത്മാര്‍ഥതയുള്ളവരെയും വേണ്ടത്ര നിയമിക്കണം. അവര്‍ പ്രാപ്തരും നിഷ്ഠരും പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യാതെ സൂക്ഷിക്കുന്നവരുമായിരിക്കണം. 

അടിയന്തര ഘട്ടങ്ങളില്‍ ഉമ്മത്തിന്റെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി ഖലീഫ മുന്നിട്ടിറങ്ങണം. രണ്ടു സംഗതികള്‍ ഇവിടെ ദീക്ഷിക്കേണ്ടതാണ്: 1) ഖുര്‍ആനിലോ സുന്നത്തിലോ ഇജ്മാഇലോ വന്ന ഖണ്ഡിതപ്രമാണം (നസ്സ്വ്) ലംഘിക്കരുത്. 2) ശരീഅത്തിന്റെ ചൈതന്യത്തിനും അതിന്റെ പൊതു ലക്ഷ്യങ്ങള്‍ക്കും യോജിക്കുന്നവയായിരിക്കണം ആസൂത്രണങ്ങള്‍. ഫിഖ്ഹീ പണ്ഡിതന്മാര്‍ വിശദമാക്കിയ തത്ത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം (ശാത്വിബിയുടെ മുവാഫഖാത്, ആമിദിയുടെ അഹ്കാം, ഗസാലിയുടെ മുസ്ത്വസ്വ്ഫാ എന്നിവ കാണുക). 

അധികാര സമാപ്തി: ഖലീഫയുടെ അല്ലെങ്കില്‍ ഹാകിമിന്റെ അധികാരം അവസാനിക്കുന്നതിന് മൂന്ന് കാരണങ്ങളുണ്ട്:

1) മരണം. മരണാനന്തരം അധികാരം പിന്മുറക്കാര്‍ക്ക് ദായധനമായി നല്‍കാന്‍ അവകാശമില്ല. തെരഞ്ഞെടുക്കപ്പെടുകയാണ് അധികാരത്തിലേക്കുള്ള ഏക മാര്‍ഗം. തെരഞ്ഞെടുക്കുമ്പോള്‍ കാലാവധി നിര്‍ണയിക്കുന്നതിനു വിരോധമില്ല. 

2) സ്ഥാനത്യാഗം. ഇത് ഖലീഫയുടെ വൈയക്തികാവകാശമാണ്. തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി പദവിയിലിരിക്കാന്‍ ഖലീഫ ബാധ്യസ്ഥനല്ല. മാവര്‍ദി പറയുന്നു: ഖലീഫ സ്വയം വിരമിച്ചാല്‍ അദ്ദേഹത്തിന്റെ നിര്‍ദിഷ്ട പിന്‍ഗാമി (വലിയ്യുല്‍ അഹ്ദ്) യിലേക്ക് അധികാരം ചെന്നെത്തും. സ്ഥാനത്യാഗം മരണം പോലെയാകുന്നു. അപ്പോള്‍ കാര്യം അഹ്‌ലുല്‍ അഖ്ദി വല്‍ ഹല്ലിന്റെ തെരഞ്ഞെടുപ്പുമായി ബന്ധിതമാകും. കാരണം ഖലീഫയുടെ അധികാരം ഉമ്മത്തില്‍നിന്ന് ഏല്‍പ്പിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ മൗലികാവകാശമൊന്നുമല്ല. 

3) അവസ്ഥാന്തരം. നീതിനിര്‍വഹണത്തിലും ധര്‍മനിഷ്ഠയിലും ഭംഗം വന്നാലും ശാരീരിക ന്യൂനതയാലും ഇമാമിനെ നീക്കം ചെയ്യേണ്ടിവരും. വിലക്കപ്പെട്ട കൃത്യങ്ങള്‍ ചെയ്യുന്നതും നിഷിദ്ധ കര്‍മങ്ങള്‍ ചെയ്യാന്‍ മുതിരുന്നതും സ്വേഛകള്‍ക്കും കാമനകള്‍ക്കും കീഴ്‌പ്പെട്ട് നിഷിദ്ധങ്ങള്‍ ചെയ്യുന്നതും മൂലം നീതിപാലനം താറുമാറായാലും ഇത് വേണ്ടിവരും. ശാരീരിക ന്യൂനത മൂലം ഇമാമത്തിന്റെ യോഗ്യത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തേ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ. 

ഉമ്മത്ത് അഥവാ സമൂഹം ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുകയെന്നതിന്റെ ന്യായം ഖിലാഫത്ത് പദവി ഉമ്മത്ത് നല്‍കിയതാകുന്നു എന്നതാണ്. അത് നീക്കം ചെയ്യാനും ഉമ്മത്തിന് അവകാശമുണ്ട്. ഖിലാഫത്ത് പദവി ദൈവം ഏല്‍പ്പിച്ചതാണെന്ന് വാശി പിടിക്കാന്‍ പഴുതില്ല. 

 

ഇമാമത്തിന്റെ അവകാശങ്ങള്‍ 

ഭരണാധികാരിയോട് ഭരണീയര്‍ക്കുള്ള ബാധ്യതകളെ മാവര്‍ദി ഇങ്ങനെ നിര്‍ണയിക്കുന്നു: 1) ദൈവധിക്കാരത്തിലൊഴികെ ഖലീഫയെ അനുസരിക്കും. 2) നിയമപരമായി അയോഗ്യനാവാത്ത കാലത്തോളം അദ്ദേഹത്തെ സഹായിക്കുക. 

അനുസരണ ബാധ്യത: മുസ്‌ലിം ഭൂരിപക്ഷം ഒരു ഇമാമിന് ബൈഅത്ത് ചെയ്താല്‍ മുഴുവന്‍ സമൂഹവും അദ്ദേഹത്തെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഭരണാധിപന്ന് അദ്ദേഹത്തിന്റെ കര്‍ത്തവ്യനിര്‍വഹണത്തിന് ഭരണീയരുടെ അനുസരണം ഒരു നിബന്ധനയാണ്. അതിനാല്‍, ഭരണാധിപനില്‍നിന്നുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ നടപ്പില്‍വന്നേ മതിയാകൂ. ഉദാ: നിര്‍ബന്ധ സൈനിക സേവനം, സകാത്തിനു പുറമേ സമ്പന്നരുടെ മേല്‍ നാടിനാവശ്യമായിവരുന്ന പണത്തിനുവേണ്ടി നികുതി ചുമത്തല്‍ തുടങ്ങിയവ. 

ഭരണാധിപന് സാരമല്ലാത്ത തെറ്റു പറ്റിയാല്‍ മാന്യമായ ഉപദേശ നിര്‍ദേശങ്ങളിലൂടെ തിരുത്താന്‍ ഭരണീയര്‍ ബാധ്യസ്ഥരാണ്. അല്ലാഹുവിന്റെ കല്‍പ്പനക്കെതിരെ ഇമാമിന്റെ കല്‍പ്പന അനുസരിക്കപ്പെട്ടുകൂടാ. 

ഇമാമിനെ പിന്തുണക്കല്‍: രാജ്യപുരോഗതിക്ക് വേണ്ടിയുള്ള ശ്രമങ്ങളില്‍ ഇമാമിനോടു സഹകരിക്കാന്‍ മുസ്‌ലിംകള്‍  ബാധ്യസ്ഥരാണ്. സമ്പത്തും ശരീരവും വ്യയം ചെയ്യേണ്ടിടത്ത് അതു ചെയ്യണം. നാടിന്റെ സാംസ്‌കാരിക നാഗരിക പുരോഗതിക്കും ധാര്‍മിക സദാചാരോന്നമനത്തിനും ധര്‍മസംസ്ഥാപനത്തിനും അധര്‍മ വിപാടനത്തിനും ഇമാമിന് ഉമ്മത്തിന്റെ പിന്തുണ ലഭിക്കേണ്ടതുണ്ട്. അംറും ബില്‍ മഅ്‌റൂഫും നഹ്‌യുന്‍ അനില്‍ മുന്‍കറും ഉമ്മത്തിന്റെയും വ്യക്തിയുടെയും ബാധ്യതയായിരിക്കെ പ്രത്യേകിച്ചും. ഇമാമിന് ഇക്കാര്യത്തില്‍ പിന്തുണ നല്‍കേണ്ടത് ഉമ്മത്തിന് നിര്‍ബന്ധമാകുന്നു. 

ഇമാമിന്റെ അധികാര സീമകളെയും ഇസ്‌ലാമിന്റെ ഭരണ വ്യവസ്ഥയെയും ചര്‍ച്ചചെയ്യുമ്പോള്‍ ശൂറാ, നീതി, നിയമത്തിനു മുമ്പിലുള്ള സമത്വം, മനുഷ്യ മഹത്വം, സ്വാതന്ത്ര്യം  തുടങ്ങിയവക്ക് ഫിഖ്ഹില്‍ ചില നിര്‍ദേശങ്ങള്‍ കാണാം. 

1) ഇസ്‌ലാമിക ഭരണവ്യവസ്ഥതന്നെ കൂടിയാലോചനാധിഷ്ഠിതമാണ് (ഖുര്‍ആന്‍ 3:159; 42:38; ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി). നബി (സ) യുദ്ധാവസരങ്ങളിലും അല്ലാത്ത വേളകളിലും സ്വഹാബികളുമായി കൂടിയാലോചിച്ച ഒട്ടനവധി സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുലഫാഉര്‍റാശിദീനില്‍ നിലനിന്നിരുന്ന ശൂറാ സമിതിയെ ഖലീഫ തന്നെ നിയമിച്ചിരുന്നതാണ്. അതതു കാലത്തെ പൊതുനന്മയെ കണക്കിലെടുത്ത് വൈജ്ഞാനിക ശേഷിയും ഉദ്ദിഷ്ട കാര്യത്തിനു പ്രാപ്തിയുമുള്ളവരെ നിയമിക്കുകയായിരുന്നു. 

2) നീതി നിര്‍വഹണം. പൊതുവെ പറഞ്ഞാല്‍ അല്ലാഹുവിന്റെ വിധി നടപ്പാക്കുകയാണ് അതിന്റെ ഉദ്ദേശ്യം. ഏതു പ്രശ്‌നത്തിലും അല്ലാഹു അവതരിപ്പിച്ച ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുക. നബിമാര്‍ അതായിരുന്നു ചെയ്തിരുന്നത് (ഖുര്‍ആന്‍ 16:90; 4:58; 6:152; 5:8; അഹ്മദ്, തിര്‍മിദി, ത്വബ്‌റാനി, ബുഖാരി എന്നിവര്‍ ഉദ്ധരിച്ച ഹദീസുകള്‍). മതന്യൂനപക്ഷങ്ങളോടും നീതിപുലര്‍ത്തണമെന്ന് ഹദീസുകളില്‍ ഒരുപാട് സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

3) നിയമത്തിനു മുമ്പില്‍ സമത്വം. ചെറിയവനും വലിയവനും ഭരണീയനും ഭരണാധിപനും ദരിദ്രനും ധനികനും അടിമയും ഉടമയും തുല്യരാണ് നിയമത്തിനു മുമ്പിലെന്ന് ഉറപ്പുവരുത്താന്‍ ഭരണാധിപന്‍ ബാധ്യസ്ഥനാണ്. 

4) മനുഷ്യമഹത്വസംരക്ഷണം. ഇത് ഓരോ മനുഷ്യന്റെയും പ്രകൃത്യായുള്ള അവകാശമാണ്, ജന്മാവകാശമാണ്. ആരുടെയും അഭിമാനം ധ്വംസിക്കപ്പെടാവതല്ല, രക്തം ചിന്താവതല്ല, മാന്യതയെ അവമതിക്കാനും പാടില്ല. സുകൃതിയോ ദുഷ്‌കൃതിയോ, മുസ്‌ലിമോ അമുസ്‌ലിമോ ആരാവട്ടെ, അഭിമാനക്ഷതമുണ്ടാകുന്നതില്‍നിന്ന് സുരക്ഷിതനായിരിക്കണം. മര്‍ദനത്തില്‍നിന്നും പട്ടിണിയില്‍നിന്നും മുക്തനാവണം. 

5) സ്വാതന്ത്ര്യം. മനുഷ്യമഹത്വവുമായി ഒട്ടിനില്‍ക്കുന്നതാണ് മനുഷ്യസ്വാതന്ത്ര്യം. അത് ഓരോ വ്യക്തിയുടെയും ജന്മാവകാശമാണ്. അതീവ മൂല്യവത്തും മനുഷ്യന്‍ പവിത്രമെന്ന് കരുതുന്നതുമാണ്. 

ഭരണകൂടം ഭരണീയര്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കേണ്ടവയാണ് വിശ്വാസ സ്വാതന്ത്ര്യ(ഹുര്‍രിയതുല്‍ അഖീദഃ)വും ചിന്തിക്കാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യവും (ഹുര്‍രിയതുല്‍ ഫിക്‌രി വല്‍ ഖൗല്‍). 

6) ഉമ്മത്തിന്റെ നിരീക്ഷണം. താന്‍ ഭരിക്കുന്ന ഉമ്മത്തിന്റെ നിരീക്ഷണത്തിന് ഭരണാധിപന്‍ വിധേയനായിരിക്കണം. നീതി പാലിക്കുകയും ശര്‍ഇന്റെ വിധികള്‍ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തെ അനുസരിക്കല്‍ ഉമ്മത്തിന്റെ ബാധ്യതയായതുപോലെ, നീതിയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അദ്ദേഹത്തെ നീക്കി മറ്റൊരാളെ പ്രതിഷ്ഠിക്കേണ്ടതും അവരുടെ ബാധ്യതയാകുന്നു. ഇബ്‌നു ഹസം പറയുന്നു: ''അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമനുസരിച്ച് നമ്മെ നയിക്കുന്നിടത്തോളം ഇമാമിനെ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാകുന്നു. ഇവ രണ്ടില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് വ്യതിചലിച്ചാല്‍ അനുസരണ ബാധ്യത ദുര്‍ബലപ്പെടുന്നു. അദ്ദേഹത്തെ നീക്കിയാലേ അക്രമം നീങ്ങുകയുള്ളൂ എന്നുറപ്പായാല്‍ നീക്കം ചെയ്ത് മറ്റൊരാളെ അവരോധിക്കണം.''

തന്റെ അധികാര വിനിയോഗങ്ങള്‍ക്ക് ഭരണാധിപന്‍ ഭരണീയരോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്ന് പ്രമാണങ്ങള്‍ പറയുന്നു (ഖുര്‍ആന്‍ 8: 27; ബുഖാരി, മുസ്‌ലിം, അഹ്മദ് തുടങ്ങിയവര്‍ ഉദ്ധരിച്ച ഹദീസുകള്‍). 

ഇമാമിന് ഉമ്മത്തിനോട് (ഭരണീയരോട്) ഉള്ള ബന്ധം: ഒന്നാമതായി അദ്ദേഹം, അല്ലാഹുവിന്റെ റസൂലി(സ)ല്‍നിന്നും അവിടുത്തെ കാലശേഷം ഖുലഫാഇല്‍നിന്നും പ്രാതിനിധ്യം നേടിയയാളാണ്. എന്നിട്ട് കിതാബും സുന്നത്തുമായി നിബന്ധിതനുമായിത്തീര്‍ന്നു. രണ്ടാമതായി, ഇമാം ദാറുല്‍ ഇസ്‌ലാമി (ഇസ്‌ലാമിക രാഷ്ട്രം)ലെ സര്‍വ മുസ്‌ലിംകളുടെയും സംരക്ഷിത പ്രജകളുടെയും പൊതുവിലുള്ള അധികാരസ്ഥനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ വിനിമയങ്ങളൊക്കെയും പൊതുതാല്‍പര്യം (പൊതു നന്മ)വുമായി നിബന്ധിക്കപ്പെട്ടിരിക്കുന്നു. 

തന്റെ ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, ന്യായാധിപന്മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബാധ്യസ്ഥനാണ് ഇമാം. വിശ്വസ്തനായ ദാസന് യജമാനനോട് ഉണ്ടായിരിക്കേണ്ട ബന്ധവും കൂറുമാണ്, ഇമാമിന് ഉമ്മത്തിനോട്, ഭരണീയരോട് ഉണ്ടായിരിക്കേണ്ടത്. സമൂഹത്തില്‍ ക്ഷേമവും സമാധാനവും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണദ്ദേഹം. കാരുണ്യവും ആര്‍ദ്രതയും അദ്ദേഹത്തിന് ഭൂഷണമാകണം. ദ്രോഹിക്കല്‍ വര്‍ജ്യമാകണം. 

 

ഭരണനിര്‍വഹണം

ഖുലഫാഇന്റെ കാലത്ത് ഖലീഫയായിരുന്നു സ്റ്റേറ്റിന്റെ സുപ്രീം അതോറിറ്റി. ഭരണകൂടത്തെ ചലിപ്പിക്കാന്‍ അവര്‍ക്ക് സഹായികള്‍ വേണ്ടിവന്നു. മാവര്‍ദി പറയുന്നു: ''ഇമാമിനെ ഏല്‍പ്പിച്ചിട്ടുള്ള ഉമ്മത്തിന്റെ ഭരണനിര്‍വഹണകാര്യങ്ങള്‍ മുഴുവനും നടത്താന്‍ പ്രതിനിധികളെ നിയമിക്കുകയല്ലാതെ നേരിട്ടു നടത്താന്‍ നിര്‍വാഹമില്ലല്ലോ. ഈ സഹായികളില്‍നിന്നാണ് ഇസ്‌ലാമിലെ എക്‌സിക്യുട്ടീവ് (തന്‍ഫീദി) അധികാരം രൂപപ്പെടുന്നത്'' (അല്‍അഹ്കാം, പേജ് 20). 

റസൂല്‍ (സ) തിരുമേനിയുടെ കാലത്തുതന്നെ ഉദ്യോഗസ്ഥര്‍ക്ക് ജോലികള്‍ നിര്‍ണയിച്ചുകൊടുക്കുകയും ദൂരദിക്കുകളിലേക്ക് ന്യായാധിപന്മാരെയും അധ്യാപകരെയും നിയോഗിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. അബൂബക്ര്‍ ഖലീഫയായപ്പോള്‍ ഈ ചര്യ തുടര്‍ന്നു. നബി(സ) നിയമിച്ച ജോലിക്കാരെയും അമീറുമാരെയും നിലനിര്‍ത്തി. അങ്ങനെ അബൂഉബൈദ (റ) ധനകാര്യവും ഉമര്‍ (റ) ഖദാ(നീതിന്യായം)യും നിര്‍വഹിച്ചുപോന്നു. താന്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അബൂബക്ര്‍ (റ), അഭിജ്ഞരും അഭിപ്രായ സുബദ്ധതയുള്ളവരുമായവരോട് ഉപദേശം തേടിയിരുന്നു. അറേബ്യന്‍ ഉപദ്വീപിനെ വിവിധ സംസ്ഥാനങ്ങളായി വിഭജിച്ചു. മക്ക, മദീന, ത്വാഇഫ്, സ്വന്‍ആ തുടങ്ങിയ ഗവര്‍ണറേറ്റുകള്‍ അങ്ങനെയാണുണ്ടായത്. തന്റെ ഹ്രസ്വമായ ഖിലാഫത്തില്‍ ചെയ്തുതീര്‍ത്ത അതിപ്രധാന കൃത്യം, പ്രതിവിപ്ലവകാരികളെ സൈനിക നടപടിയിലൂടെ അടിച്ചമര്‍ത്തിയതും ഇസ്‌ലാമിന്റെ സ്തംഭങ്ങളെ ഉറപ്പിച്ചുനിര്‍ത്തിയതുമാണ്. 

ഉമറി(റ)ന്റെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രം വികസിച്ചുകൊണ്ടിരുന്നതിനാല്‍, കീഴില്‍ വരുന്ന സംസ്ഥാനങ്ങളിലേക്ക് പ്രാപ്തരായ ജോലിക്കാരെ നിയമിച്ചു. സസൂക്ഷ്മം അവരെ നിരീക്ഷിച്ചുപോന്നു. ഗോത്രങ്ങളെ തിട്ടപ്പെടുത്തി അവര്‍ക്ക് കര്‍ത്തവ്യങ്ങള്‍ നിശ്ചയിച്ചുകൊടുത്തു. പെന്‍ഷന്‍ വേണ്ടവര്‍ക്ക് അതു നല്‍കി. ആധുനിക കാലത്തെ മന്ത്രാലയങ്ങള്‍ (വിസാറഃ) പോലുള്ള ദീവാനുകള്‍ ഏര്‍പ്പെടുത്തി. ഇസ്‌ലാമിക ഭരണകാലത്തെ ആദ്യ ദീവാന്‍ ഭൂനികുതിക്കും സര്‍ക്കാര്‍ മുതലുകള്‍ക്കും ദമസ്‌കസിലും ബസ്വറയിലും കൂഫയിലും സ്ഥാപിച്ചു. ഖാദിമാരെ ആദ്യമായി നിയമിച്ചതും അദ്ദേഹം തന്നെ. ഹിജ്‌റാബ്ദം പുതുതായി ആരംഭിച്ചു. ജോലിക്കാര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന നാടിന്റെ സ്ഥിതിക്കും അവരുടെ ആവശ്യത്തിനുമനുസരിച്ച് വേതനം നല്‍കി. 

ഉസ്മാന്‍ (റ) മുന്‍ഗാമി നിശ്ചയിച്ച സംവിധാനം തന്നെ മുമ്പോട്ട് കൊണ്ടുപോയി. ഉമര്‍(റ) നിയമിച്ചിരുന്ന ജോലിക്കാര്‍ക്ക് പുറമേ, തന്റെ കുടുംബക്കാരിലും ചാര്‍ച്ചക്കാരിലും പെട്ട ചിലരെക്കൂടി ഉസ്മാന്‍ (റ) നിയമിക്കുകയുണ്ടായി. 

അലി(റ)യും മുമ്പുള്ളവരുടെ മാര്‍ഗമാണ് ഭരണകാര്യങ്ങളില്‍ പിന്തുടര്‍ന്നത്. പില്‍ക്കാലത്ത് ഉമവികളുടെയും അബ്ബാസികളുടെയും കാലത്ത് മറ്റു സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കം മൂലം ഭരണസംവിധാനത്തിന് കൂടുതല്‍ സ്ഫുടത വന്നു. ഭൗതിക പരിഷ്‌കാരത്തിന്റെ മുദ്ര ഭരണത്തില്‍ പ്രകടമായി. കാലോചിതമായ നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ ഫുഖഹാഇന് സാധിക്കുകയും ചെയ്തു. 

ഖുലഫാഇന്റെ അധികാരങ്ങളെ മാവര്‍ദി നാലായി വിഭജിക്കുന്നു (അല്‍അഹ്കാം, പേജ് 19): 

1. പൊതുവായ ജോലികളില്‍ പൊതുവായ അധികാരമുള്ളവര്‍. അവരാണ് മന്ത്രിമാര്‍. സകല കാര്യങ്ങളിലും പ്രാതിനിധ്യം ലഭിച്ചവര്‍. 

2. പ്രത്യേക ജോലികളില്‍ പൊതുവായ അധികാരമുളളവര്‍. പ്രവിശ്യകളിലെയും നഗരങ്ങളിലെയും അമീറുമാരാണവര്‍. തങ്ങളുടെ പ്രവിശ്യാതിര്‍ത്തികളില്‍ പരിമിതമായിരുന്നു അവരുടെ അധികാരം. 

3. പൊതുജോലികളില്‍ പ്രത്യേകാധികാരമുള്ളവര്‍-അവരാണ് പ്രധാന ന്യായാധിപന്മാര്‍ (ചീഫ് ജസ്റ്റിസുമാര്‍), സൈനികത്തലവന്മാര്‍, അതിര്‍ത്തി സംരക്ഷകര്‍, ഭൂനികുതി പിരിച്ചെടുക്കുന്ന തലവന്മാര്‍, സകാത് പിരിവുകാര്‍ ആദിയായവര്‍. 

4. സവിശേഷ ജോലികളില്‍ സവിശേഷാധികാരമുള്ളവര്‍. പ്രവിശ്യയിലെ ഖാദി, പ്രവിശ്യയിലെ ഭൂനികുതി പിരിവുകാരന്‍, അവിടത്തെ സകാത് ശേഖരിക്കുന്നയാള്‍, അതിര്‍ത്തി കാവലാള്‍, പ്രാദേശിക സേനയുടെ തലവന്‍ എന്നീ കൂട്ടര്‍. 

 

അധികാരികളുടെ ധര്‍മങ്ങള്‍ (വളാഇഫ്) 

അല്‍അഹ്കാമുസ്സുല്‍ത്വാനിയയില്‍ പറയുന്നു: ഒന്നാമത് മന്ത്രാലയ(വിസാറഃ)വും രണ്ടാമത് പ്രവിശ്യാ ഭരണവുമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. മന്ത്രാലയം രണ്ടിനമുണ്ട്-വിസാറത്തുത്തഫ്‌വീദും വിസാറത്തുത്തന്‍ഫീദും. 

വിസാറത്തുത്തഫ്‌വീദ്: സ്വാഭിപ്രായ പ്രകാരം കാര്യനിര്‍വഹണത്തിനും, ഇജ്തിഹാദനുസരിച്ച് നടത്തുന്നതിനും ചുമതലപ്പെടുത്തിക്കൊണ്ട് ഇമാം ആരെയാണോ വസീറാക്കുന്നത് അയാളുടേതാണ് വിസാറത്തുത്തഫ്‌വീദ്. സ്വതന്ത്രവകുപ്പുകളുള്ള മന്ത്രാലയമെന്നു പറയാം. ഖലീഫ സ്ഥാനം കഴിഞ്ഞാല്‍ ഏറ്റവും ഗൗരവമുള്ള പദവിയാണിത്. കാരണം, ഇദ്ദേഹത്തിന് ഗവര്‍ണര്‍ നിയമനം, പരാതിപരിഹാരം, സൈനിക നായകത്വം, സൈനിക നിയമനം തുടങ്ങിയ ഖലീഫയുടെ അധികാരപരിധികളില്‍ വരുന്നവ ചെയ്യാന്‍ കഴിയും. ഈ വസീറിന് അധികാരമില്ലാത്ത മൂന്ന് കാര്യങ്ങളിവയാണ്: 1) പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള അധികാരം. 2) ഉമ്മത്തിനെ ഇമാമത്തിന്റെ അധികാരപരിധിയില്‍നിന്നൊഴിവാക്കല്‍. 3) ഇമാം നിയമിച്ച ആരെയെങ്കിലും നീക്കംചെയ്യല്‍ (അല്‍അഹ്കാം, പേജ് 23). 

ഒരു ഗവര്‍ണറുടെ നടപടികള്‍ ഖലീഫക്ക് വിലക്കാം. അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടാം. ഒരു ഗവര്‍ണര്‍ പദവിയിലേക്ക് ഇമാമും പ്രധാനമന്ത്രിയും വേറെ വേറെ നിയമനം നടത്തിയാല്‍ ഇമാമിന്റെ നിയമനത്തിനാണ് പ്രാബല്യം. 

ഈ മന്ത്രാലയത്തിന്റെ പ്രാധാന്യവും ഗൗരവവും വലുതാകയാല്‍, അതില്‍ അവരോധിതനാകുന്ന വസീറിന്, ഇമാമത്തിന്റെ നിബന്ധനകള്‍ തന്നെയാണ് ഫുഖഹാഅ് ചുമത്തിയിട്ടുള്ളത്. ഖുറൈശി ഗോത്രജനെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഇമാമത്തിനുള്ള നിബന്ധനകള്‍ക്ക് പുറമെ വസീറിന് ചുമത്തിയിട്ടുള്ള മറ്റൊരു നിബന്ധന യുദ്ധം, ഭൂനികുതി എന്നീ വിഷയങ്ങളിലുള്ള അറിവും അനുഭവജ്ഞാനവുമാകുന്നു. 

 

വിസാറത്തുത്തന്‍ഫീദ് (നിര്‍വഹണ മന്ത്രാലയം)

ഈ മന്ത്രാലയത്തിന്റെ പ്രാധാന്യം തഫ്‌വീദിന് താഴെയാണ്. ഇതിലെ മന്ത്രി(മാര്‍) ഇമാമിന്റെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും നടപ്പിലാക്കേണ്ടവരാണ്. ഇവര്‍ക്ക് സ്വതന്ത്രാധികാരമില്ല. ഇവര്‍ പ്രശ്‌നങ്ങള്‍ ഖലീഫക്ക് എത്തിക്കുകയും ഖലീഫയുടെ കല്‍പനകള്‍ ഇവര്‍ക്ക് എത്തിക്കുകയും വേണ്ടതാണ്. സ്വതന്ത്രമായ അധികാരമില്ലാത്തതിനാല്‍ ഇവര്‍ക്ക് ഇജ്തിഹാദിന് യോഗ്യതയുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. വിശ്വാസ്യത, ആര്‍ജവം, ആര്‍ത്തിയില്ലായ്മ, ജനസമ്പര്‍ക്കം, പ്രത്യുല്‍പന്നമതിത്വം തുടങ്ങിയവ ഈ മന്ത്രിമാര്‍ക്കുള്ള നിബന്ധനകളാണ്.

ഈ രണ്ട് മന്ത്രാലയങ്ങള്‍ തമ്മിലുള്ള എട്ടു വ്യത്യാസങ്ങള്‍ മാവര്‍ദി എടുത്തുകാണിക്കുന്നു. നാലെണ്ണം നിബന്ധന(ശര്‍ത്വ്)കളുമായും മറ്റു നാലെണ്ണം യോഗ്യതകള്‍ സംബന്ധിച്ചുമാണ്. സ്വതന്ത്ര വ്യക്തികള്‍, ദീന്‍, ഇജ്തിഹാദ് (ശര്‍ഇലെ നിയമപരിജ്ഞാനം), സൈനിക കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലുമുള്ള പരിജ്ഞാനം എന്നിവ നിബന്ധനാ സംബന്ധിയായ വ്യത്യാസങ്ങളാണ്. അധികാരപരിധിയും യോഗ്യതയുമായി ബന്ധപ്പെട്ട വ്യത്യാസങ്ങള്‍: 1) ഭരണകൂടത്തെ നേരിട്ട് കൈകാര്യം ചെയ്യുന്നതും പരാതിപരിഹാരവും തഫ്‌വീദ് മന്ത്രിക്കു സാധുവാകുമ്പോള്‍ തന്‍ഫീദു മന്ത്രിക്ക് സാധുവാകയില്ല. 2) അധികാരികളെ നിയമിക്കാന്‍ തഫ്‌വീദു മന്ത്രിക്ക് സാധിക്കുമ്പോള്‍ തന്‍ഫീദ് മന്ത്രിക്ക് അതു പാടില്ല. 3) സൈന്യസജ്ജീകരണവും പട നയിക്കലും തഫ്‌വീദിന് സാധിക്കുമെങ്കില്‍ തന്‍ഫീദിന് അതു സാധ്യമല്ല. 4) ബൈത്തുല്‍ മാല്‍ നേരിട്ടു സമാഹരിക്കാനും വിതരണം ചെയ്യാനും തഫ്‌വീദിനു  കഴിയും. ഇക്കാര്യത്തില്‍ തഫ്‌വീദിന്റെ ഉത്തരവുകള്‍ നടപ്പിലാക്കാനേ തന്‍ഫീദിന് കഴിയൂ. 

 

ശര്‍ഈ ജുഡീഷ്യറി (നീതിന്യായ വ്യവസ്ഥ)

പള്ളിയായിരുന്നു ആദ്യത്തില്‍ ദാറുല്‍ ഖദാഅ് (ന്യായാലയം). ഉസ്മാനാ(റ)ണ് പ്രത്യേകം ന്യായാലയം നിശ്ചയിച്ചത്. ഉമറി(റ)ന്റെ കാലം തൊട്ട് ഖാദിമാര്‍ക്ക് ബൈതുല്‍ മാലില്‍നിന്ന് വേതനം ലഭിച്ചിരുന്നു. ഉമവികളുടെയും അബ്ബാസികളുടെയും ഭരണത്തില്‍ നീതിന്യായ വ്യവസ്ഥ വികാസം പ്രാപിക്കുകയും വൈവിധ്യം നേടുകയും ചെയ്തു. ഖാദിമാര്‍ അവരുടെ ജോലിയില്‍ സ്വതന്ത്രരായിരുന്നു. ഉമവീ ഭരണത്തിന്റെ തുടക്കം മുതല്‍ വിധിതീര്‍പ്പുകള്‍ രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു. അബ്ബാസികളുടെ കാലത്ത് ഖാദില്‍ ഖുദാത് (ചീഫ് ജസ്റ്റിസ്, പ്രധാന ന്യായാധിപന്‍) എന്ന തസ്തിക പുതുതായി ആവിഷ്‌കരിച്ചു. ആദ്യത്തെ ചീഫ് ജസ്റ്റിസായി ഇമാം അബൂയൂസുഫ് നിയമിതനുമായി. നിയമവകുപ്പു മന്ത്രിക്ക് തുല്യമായിരുന്നു ഖാദില്‍ ഖുദാത്തി(ചീഫ് ജസ്റ്റിസ്)ന്റെ പദവി. മദ്ഹബുകളുടെ ഖാദിമാരും ഇക്കാലത്തുണ്ടായി. ഓരോ പ്രവിശ്യയിലും അവിടെ പ്രചാരത്തിലുള്ള മദ്ഹബിന്റെ ഖാദിമാര്‍ സ്ഥാനം പിടിച്ചു. 

 

ഖാദിയുടെ യോഗ്യതകള്‍

സുബുദ്ധിയും പ്രായപൂര്‍ത്തിയു(പക്വതയും പാകതയും)മുള്ള സ്വതന്ത്രനായ മുസ്‌ലിം ആയിരിക്കണം. കേള്‍വിയും കാഴ്ചയുമുള്ളവനും സംസാരിക്കാന്‍ ശേഷിയുള്ളവനും ശര്‍ഈ നിയമങ്ങളില്‍ അഭിജ്ഞനുമായിരിക്കണം. ഇക്കാര്യങ്ങളിലെല്ലാം മദ്ഹബുകള്‍ക്ക് അഭിപ്രായാന്തരമില്ല. മാവര്‍ദിയുടെ അഭിപ്രായത്തില്‍ ഖാദി സത്യസന്ധനും വിശ്വസ്തനും ഹറാമുകളില്‍പെടാത്ത സംശുദ്ധനും സൂക്ഷ്മത പാലിക്കുന്നവനും സമചിത്തനും ദീനിലും ദുന്‍യാവിലും മനുഷ്യത്വത്തോടെ പെരുമാറുന്നവനുമായിരിക്കണം. മാലികീ, ശാഫിഈ, ഹമ്പലീ ഫുഖഹാഇന്റെ വീക്ഷണത്തില്‍ ഖാദി പുരുഷനായിരിക്കണം. സിവില്‍ കേസുകളില്‍ സ്ത്രീകള്‍ക്കും ഖാദിമാരാകാമെന്നാണ് ഹനഫീ പക്ഷം. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പറ്റുകയില്ല. 

ഇബ്‌നു ജരീരിത്ത്വബ്‌രി എല്ലാ കേസുകളിലും സ്ത്രീകള്‍ക്ക് ഖാദിസ്ഥാനം അംഗീകരിച്ചിട്ടുണ്ട്. സ്ത്രീയുടെ ഫത്‌വ സാധുവാകുമെങ്കില്‍ ഖാദിസ്ഥാനവും സാധുവാകുമെന്നാണ് ന്യായം. മാവര്‍ദി അതിനെ ഖണ്ഡിക്കുന്നു: ''ഇജ്മാഇനെ മറികടക്കുന്ന അഭിപ്രായം പരിഗണന അര്‍ഹിക്കുന്നില്ല'' (അല്‍അഹ്കാം, പേജ് 61). 

മാലികികള്‍, ശാഫിഈകള്‍, ഹമ്പലികള്‍ എന്നിവരുടെ വീക്ഷണത്തിലും ഖുദൂരിയെ പോലുള്ള ചില ഹനഫീ ഫഖീഹുകളുടെ വീക്ഷണത്തിലും ഇജ്തിഹാദിനു യോഗ്യനായിരിക്കണം. ശര്‍ഈ നിയമങ്ങളറിയാത്തവനെയോ മദ്ഹബിനെ അന്ധമായി അനുകരിക്കുന്നവനെ (മുഖല്ലിദ്)യോ ഖാദിയാക്കാന്‍ പാടില്ല. 

 

ഖാദിമാരുടെ അധികാര പരിധികള്‍

ഖാദിമാരെ അധികാരപരിധി അടിസ്ഥാനമാക്കി മാവര്‍ദി നാലായി തരംതിരിച്ചിരിക്കുന്നു:

ഒന്ന്: വ്യാപകാധികാര പരിധികളുള്ള ഖാദി. ഇദ്ദേഹത്തിന്റെ അധികാരം നിശ്ചിത കാലത്തോ പ്രദേശത്തോ ഒതുങ്ങുന്നില്ല. ഇദ്ദേഹത്തിന്റെ അധികാര സീമയില്‍ പത്തു കാര്യങ്ങള്‍ ഉള്‍പ്പെടുന്നു: 1) തര്‍ക്കങ്ങളും കൈയേറ്റങ്ങളും ഒന്നുകില്‍ ഉഭയ സമ്മതത്തോടെ ശര്‍ഈ പ്രകാരം ഒത്തുതീര്‍പ്പാക്കുകയോ അല്ലെങ്കില്‍ ഖണ്ഡിതമായ തീര്‍പ്പു കല്‍പ്പിക്കുകയോ ചെയ്ത് അവസാനിപ്പിക്കുക. 2) ഉത്തമര്‍ണനെ ബുദ്ധിമുട്ടിക്കുന്ന അധമര്‍ണനില്‍നിന്ന് ഉത്തമര്‍ണന്റെ അവകാശം വാങ്ങിക്കൊടുക്കുക. 3) രക്ഷിതാവില്ലാത്ത കുട്ടികള്‍ക്കും ബുദ്ധിവൈകല്യമുള്ളവര്‍ക്കും രക്ഷകര്‍ത്താവിനെ നിശ്ചയിക്കുക. മൗഢ്യം, പാപ്പരത്തം തുടങ്ങിയ കാരണങ്ങളാല്‍ സാമ്പത്തികവും മറ്റുമായ ഇടപാടുകള്‍ക്ക് യോഗ്യരല്ലാത്തവരുടെ സാമ്പത്തിക ഇടപാടുകള്‍ക്കും ഉടമ്പടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുക. 4) വഖ്ഫുകളുടെ പരിപാലനം. 5) വസ്വിയ്യത്തുകള്‍, വസ്വിയ്യത്ത് ചെയ്തവര്‍ നിശ്ചയിച്ച നിബന്ധനകള്‍ പ്രകാരം നടപ്പില്‍ വരുത്തുക. 6) രക്ഷിതാക്കളില്ലാത്ത അവിവാഹിതകളെ അനുയോജ്യരായ വരന്മാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക. 7) ശിക്ഷാവിധികള്‍ നടത്തുക. 8) വഴികളും പൊതുസ്ഥലങ്ങളും കൈയേറുന്നത് തടയുക. 9) കോടതി വിളിച്ചുവരുത്തുന്ന സാക്ഷികളെ സൂക്ഷ്മ വിശകലനം ചെയ്യുക. 10) ശക്തന്നും ദുര്‍ബലന്നുമിടയില്‍ നിഷ്പക്ഷമായി തീര്‍പ്പുകല്‍പ്പിക്കുക. 

രണ്ടാമത്, സവിശേഷാധികാരമുള്ള ഖാദിയാണ്. ഇദ്ദേഹത്തിന്റെ അധികാരപരിധി പരിമിതമാണ്. തെളിവുകൂടാതെ കുറ്റസമ്മതത്തിലൂടെയോ കടങ്ങളുടെ കാര്യത്തിലോ തീര്‍പ്പുകല്‍പ്പിക്കുന്നത് ഉദാഹരണമാണ്. വ്യക്തിനിയമങ്ങളിലോ ശര്‍ഇയ്യായ ഉത്തരവുകളിലോ ഇടപെടാനധികാരമില്ല. 

മൂന്നാമത്, പ്രാദേശികാധികാര പരിധിയുള്ള ഖാദിയാണ്. ആദ്യയിനത്തില്‍പെട്ട അധികാര സീമകളിലൊക്കെ കേസ് നോക്കാമെങ്കിലും നിശ്ചിത ഭൂപരിധിയിലേ നടപ്പിലാവുകയുള്ളൂ. 

നാലാമത്, നിശ്ചിത ആളുകളില്‍ അധികാരം ലഭിച്ച ഖാദി, അല്ലെങ്കില്‍ നിര്‍ണിത ദിവസത്തേക്കുള്ള ഖാദി. കക്ഷികള്‍ക്കിടയിലുള്ള എല്ലാ കേസുകള്‍ സംബന്ധിച്ചും തീര്‍പ്പുകല്‍പ്പിക്കാം. നിശ്ചിത പരിധിക്കപ്പുറം അദ്ദേഹത്തിന് അധികാരമില്ല (അല്‍അഹ്കാം, പേജ് 69,70). 

 

ഖാദിയെ നിയമിക്കലും നീക്കലും

ഖാദിയുടെ നിയമനം സര്‍ക്കാറിന്റെ സുപ്രീം അതോറിറ്റിയായ ഖലീഫയില്‍നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയില്‍നിന്നോ ആണുണ്ടാകേണ്ടത്. ഒരാള്‍ക്ക് സ്വയം ഖാദിയാകാന്‍ പറ്റുകയില്ല. ഭരണീയരുടെ ഒരു സംഘത്തിന് പോലും നിയമനാധികാരമില്ല. നിയമനം സുവ്യക്തമായ മൊഴികളിലൂടെ പ്രസ്താവിച്ചിരിക്കണം. അധികാരപൂര്‍ത്തിക്ക് ചില നിബന്ധനകളുണ്ട്: നിര്‍ദിഷ്ട ഖാദിക്ക് ആവശ്യയോഗ്യതകളെല്ലാം ഉണ്ടെന്ന് നിയമനാധികാരി അറിഞ്ഞിരിക്കണം. ഖാദിയുടെ അധികാര പരിധികളും നിയമിക്കപ്പെടുന്ന നാടും അറിഞ്ഞിരിക്കണം. 

ഭരണാധിപന് ഉചിതമെന്ന് തോന്നുമ്പോള്‍ ഖാദിയെ പിരിച്ചയക്കാം. ന്യായമില്ലാതെ പിരിച്ചയക്കുന്നത് അഭിലഷണീയമല്ല. ഖാദിക്കും വേണമെങ്കില്‍ സ്വയം പിരിഞ്ഞുപോകാം. അങ്ങനെ പോകാതിരിക്കുന്നതാണ് ഉചിതം. 

കാലം, സ്ഥലം, വിഷയം, ഇനം എന്നീ വിധം ഖാദിമാര്‍ക്ക് പ്രത്യേകത കല്‍പ്പിക്കപ്പെടാറുണ്ട്: 1) നിശ്ചിത കാലത്തേക്ക് കേസുകള്‍ നോക്കുവാന്‍ നിയമിതനാവുക. 2) നിശ്ചിത ദിക്കില്‍ കേസ് കേള്‍ക്കാന്‍ നിയമിതനാവുക (യമനില്‍ കേസ് കേള്‍ക്കാന്‍ അലി(റ)യെ നബി(സ) നിയമിച്ചപോലെ). 3) നിയമനസമയത്തോ അതിനു ശേഷമോ നിശ്ചിത കേസുകള്‍ക്കായി നിയമിതനാവുക. സിവില്‍ കേസുകളും, വ്യക്തിനിയമ വ്യവഹാരങ്ങളുടെയും വാണിജ്യങ്ങളുടെയും ക്രിമിനല്‍ കുറ്റങ്ങളുടെയും പരിധികളില്‍ വരുന്ന കേസുകളും കേള്‍ക്കാന്‍ നിയമിതനാവുക. 4) കാലഹരണമോ കാലദൈര്‍ഘ്യമോ സംഭവിക്കാതിരിക്കാന്‍, മറ്റു കേസുകള്‍ മാറ്റിവെച്ച്, വിഷയാധിഷ്ഠിതങ്ങളായ കേസുകള്‍ നോക്കുക. വഖ്ഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളാണ് ഇത്തരത്തില്‍പെടുന്നത്. 

ഏക ഖാദീ വ്യവസ്ഥയായിരുന്നു ഇസ്‌ലാമില്‍ നടപ്പുണ്ടായിരുന്ന സംവിധാനം. ഒന്നിലധികം ഖാദിമാര്‍ ചേര്‍ന്ന് കൂടിയാലോചിച്ചും കേസുകള്‍ തീര്‍പ്പാക്കാമെന്ന് ഹനഫീ പക്ഷമുണ്ട് (ഫതാവാ ഹിന്ദിയ്യ 3/317; അത്തബ്‌സ്വിറഃ 1/37). 

 

ഇസ്‌ലാമിക ഭരണവ്യവസ്ഥയിലെ ഹിസ്ബ

നിര്‍വചനം: അംറും ബില്‍ മഅ്‌റൂഫ് വ നഹ്‌യുന്‍ അനില്‍ മുന്‍കര്‍ (ധര്‍മപ്രചാരണവും അധര്‍മനിരോധനവും) എന്ന ഇസ്‌ലാമിക ദൗത്യം യഥാവിധി നിര്‍വഹിക്കപ്പെടുന്നതിനുള്ള സംവിധാനമാണ് ഹിസ്ബ. ഇതിന്റെ മേധാവി വാലില്‍ഹിസ്ബ എന്നാണറിയപ്പെടുക. തരമനുസരിച്ച് ശിക്ഷയും ശിക്ഷണനടപടികളും കൈക്കൊള്ളാന്‍ ഹിസ്ബക്ക് അധികാരമുണ്ട്. 

ഹിസ്ബ, മളാലിമിന്റെ വകുപ്പുപോലെ സ്വതന്ത്രമാണ്. പരാതികളെ അവലംബിച്ചല്ല ഹിസ്ബയുടെ നടപടി. ആരും പരാതിപ്പെട്ടില്ലെങ്കിലും തിന്മകള്‍ക്കെതിരെ ഹിസ്ബക്ക് നടപടിയെടുക്കാം. പരാതി നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പൊതുവ്യവസ്ഥയോടും അച്ചടക്കത്തോടും ബന്ധപ്പെട്ടതും വേഗം തീര്‍പ്പുണ്ടാക്കേണ്ടതുമായ കുറ്റകൃത്യങ്ങളാണ് ഹിസ്ബ പരിഗണിക്കുക. മാനുഷിക മൂല്യങ്ങളുടെ, അല്ലെങ്കില്‍ ദീനിന്റെ മൂല്യങ്ങളുടെ സംരക്ഷണത്തിനും ഉത്തമ സമൂഹ സംരചനക്കും വേണ്ടിയാണ് ഹിസ്ബ പ്രവര്‍ത്തിക്കുന്നത്. ഇക്കാലത്തെ ക്രമസമാധാനപാലനം പോലൊരു സംവിധാനമാണിത്. 

'നന്മയിലേക്ക് ക്ഷണിക്കുകയും ധര്‍മം അനുശാസിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്നുണ്ടാവട്ടെ. അവര്‍ തന്നെ വിജയികള്‍' എന്ന ഖുര്‍ആന്‍ വചനമാണ് ഹിസ്ബയുടെ ആധാരശില. ഈ തത്ത്വമനുസരിച്ച് ഹിസ്ബ തുടങ്ങിയത് രണ്ടാം ഖലീഫയാണ്. ഈ സംവിധാനത്തിന് ഹിസ്ബ എന്ന പേര് വീണത് അബ്ബാസീ ഖലീഫ മഹ്ദിയുടെ കാലത്താണ്. 

ഹിസ്ബയില്‍ നിയമിക്കപ്പെടുന്നവരില്‍ ഉദ്യോഗസ്ഥരും സന്നദ്ധ സേവകരുമുണ്ടാകും. ഉദ്യോഗസ്ഥന്‍ മുഹ്തസിബ് എന്നും സന്നദ്ധ സേവകന്‍ മുതത്വവ്വിഅ് എന്നും വിളിക്കപ്പെടുന്നു. മുഹ്തസിബും മുതത്വവ്വിഉം തമ്മിലുള്ള വ്യത്യാസം മാവര്‍ദി നിരത്തുന്നു: 1) തന്നില്‍ നിക്ഷിപ്തമായ അധികാരവും വേതനം പറ്റുന്ന ഉദ്യോഗവുമെന്ന നിലക്ക് ഹിസ്ബ നടത്തേണ്ടത് മുഹ്തസിബിന് ഫര്‍ദു ഐന്‍ (വൈയക്തിക ബാധ്യത) ആണ്. എന്നാല്‍ മറ്റു മുസ്‌ലിംകള്‍ക്ക് അത് ഫര്‍ദ് കിഫായഃ (സാമൂഹിക ബാധ്യത) ആണ്. 2) നിയമ ലംഘകനില്‍ കുറ്റം ചുമത്താന്‍ മുഹ്തസിബിന് പ്രത്യേകാധികാരമുണ്ട്. പ്രതിക്കെതിരില്‍ ഖാദിയെ സഹായിക്കേണ്ട ബാധ്യതയുമുണ്ട്. എന്നാല്‍, മുതത്വവ്വിഇന് ഇതൊന്നും നിര്‍ബന്ധ ബാധ്യതയാകുന്നില്ല. 3) പ്രകടമായ തിന്മകളെക്കുറിച്ചന്വേഷിക്കേണ്ട ബാധ്യത മുഹ്തസിബിനുണ്ട്; മുതത്വവ്വിഇന് ഇതില്ല. 4) മുഹ്തസിബിന് തന്റെ പ്രവര്‍ത്തനത്തിന് സഹായികളെ സ്വീകരിക്കാം. അധര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശിക്ഷണ നടപടിയെടുക്കാം. അതിന് ബൈതുല്‍മാലില്‍നിന്ന് വേതനം കൈപ്പറ്റാം. മുതത്വവ്വിഇന് വേതനം ലഭിക്കുകയില്ല. 5) ഉര്‍ഫ് (പൊതുസമ്പ്രദായം) സംബന്ധമായ കാര്യങ്ങളില്‍ മുഹ്തസിബിന് ഇജ്തിഹാദ് നടത്താം. സന്നദ്ധസേവകന് അതിന് അവകാശമില്ല (അഹ്കാം, പേജ് 240). 

 

സമാപനം

ഇസ്‌ലാമിക കര്‍മശാസ്ത്രം (ഫിഖ്ഹ്) വിഭാവനം ചെയ്യുന്ന രാഷ്ട്രഘടനയുടെ രൂപമാണ് -മുഖ്യമായും ശാഫിഈ മദ്ഹബിലെ പ്രമുഖ ഫഖീഹായ ഇമാം മാവര്‍ദിയുടെ രചനകളെ അവലംബിച്ച്- ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ആദ്യകാല ഫുഖഹാഅ് രചിച്ചിട്ടുള്ള രാഷ്ട്രതന്ത്ര ഗ്രന്ഥങ്ങളെ അവലംബിച്ച് ആധുനിക ഫുഖഹാഅ് 'അദ്ദൗലതുല്‍ ഇസ്‌ലാമിയ്യ'യുടെ  രൂപം വരച്ചുകാണിക്കുന്നുണ്ട്.  മാവര്‍ദിയുടെയും ഹമ്പലീ മദ്ഹബിലെ ഫഖീഹായ ഖാദീ അബൂയഅ്‌ലായുടെയും അല്‍ അഹ്കാമുസ്സ്വുല്‍ത്വാനിയ്യകള്‍, ഇമാം അബൂയൂസുഫിന്റെ കിതാബുല്‍ ഖറാജ്, ഇബ്‌നുല്‍ ആബിദീന്റെ റദ്ദുല്‍ മുഹ്താര്‍, ഇബ്‌നു ഖുദാമയുടെ അല്‍ മുഗ്‌നീ, ഇബ്‌നു റുശ്ദിന്റെ ബിദായതുല്‍ മുജ്തഹിദ്, ഇബ്‌നു ഹസ്മിന്റെ അല്‍ മുഹല്ലാ, ഇബ്‌നു റജ്ബിന്റെ അല്‍ ഖവാഇദ്, ഇബ്‌നുതൈമിയ്യയുടെ അസ്സിയാസതുശ്ശറഇയ്യ, അദ്ദേഹത്തിന്റെ തന്നെ അല്‍ ഹിസ്ബഃ ഫില്‍ ഇസ്‌ലാം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ രൂപരേഖകള്‍ സമാഹരിച്ചാണ് ആധുനിക കാലത്തെ ഒട്ടേറെ ഫഖീഹുകള്‍ ഇസ്‌ലാമിക രാഷ്ട്രതന്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. ഇവരില്‍ പ്രമുഖനാണ് ഈയിടെ അന്തരിച്ച സിറിയന്‍ പണ്ഡിതനായ ഡോ. വഹബഃ സുഹൈലി. സുഹൈലിയുടെ ബൃഹദ്ഗ്രന്ഥമായ അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമീ വ അദില്ലത്തുഹു ആണ് ഈ ലേഖനത്തിന്റെ പ്രധാനാവലംബം. 

ഇസ്‌ലാമിക രാഷ്ട്രഘടന നിലവില്‍വരുന്നത് അക്കാലത്തെ ബൈസാന്റിയന്‍ - പേര്‍ഷ്യന്‍ രാഷ്ട്രഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ മൂല്യങ്ങളെ ആധാരമാക്കിയായിരുന്നു. പരമാധികാരം അല്ലാഹുവിന് മാത്രം എന്നതാണ് ഏറ്റവും മൗലികവും സുപ്രധാനവുമായ തത്ത്വം. ഖലീഫയും ഇമാമും അമീറുമെല്ലാം അല്ലാഹുവിന്റെ പരമാധികാരത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടവരാകുന്നു. 

ആധുനിക രാഷ്ട്രസംവിധാനത്തിലെ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഇസ്‌ലാമിക ഭരണസംവിധാനത്തില്‍നിന്ന് ആവാഹിച്ചെടുത്തവയാണ്. പതിനാലു ശതകങ്ങള്‍ക്കപ്പുറം ദൈവത്തിന്റെ പരമാധികാരത്തിലധിഷ്ഠിതമായി രൂപപ്പെട്ട ഇസ്‌ലാമിക രാഷ്ട്രസംവിധാനം തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്രത്തിലെ ഒരു മഹാത്ഭുതം തന്നെയാണ്.  

 

 

കെ.പി.എഫ് ഖാന്‍: കോട്ടയം മുണ്ടക്കയം സ്വദേശി. അറബിക് അധ്യാപകനും വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ ഫോര്‍ മുസ്‌ലിം എജുക്കേഷനും(ഐ.എം.ഇ) ആയിരുന്നു. ഐ.പി.എച്ച് ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ പ്രധാന ലേഖകരില്‍ ഒരാള്‍. നമസ്‌കാരം ശാഫിഈ മദ്ഹബില്‍, നമസ്‌കാരം ഹനഫീ മദ്ഹബില്‍, അവന്‍ വീണ്ടും വന്നു (നോവല്‍) തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 9496981485

Comments

Other Post