ഇസ്‌ലാമിക് ബാങ്കിംഗിന്റെ ആദ്യ സൂചകങ്ങള്‍
ആധുനിക ഇസ്‌ലാമിക് ബാങ്കിംഗ് ആരംഭിക്കുന്നത് 1960-തുകളിലാണ്. പലിശരഹിത നിക്ഷേപം, ലാഭനഷ്ട പങ്കാളിത്തം തുടങ്ങിയ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് അതിന്റെ തുടക്കം. പക്ഷേ, വേണ്ടത്ര വികസിക്കാന്‍ വര്‍ഷങ്ങളോളം അതിന് സാധ്യമായില്ല. 1976-ല്‍ ഡോ. സാമി ഹമൂദ് 'മുറാബഹ'യെക്കുറിച്ച് നടത്തിയ പഠനമാണ് ഇസ്‌ലാമിക് ബാങ്കിംഗിന്റെ ദ്രുതഗതിയിലുള്ള വികാസത്തിന് കാരണമായത്. ഇസ്‌ലാമിക് ബാങ്കിംഗിന്റെ രണ്ടാം ഘട്ടം എന്ന് അതിനെ വിശേഷിപ്പിക്കാം. ഈ കുതിപ്പിനു പിന്നില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇമാം ശാഫിഈ രചിച്ച കിതാബുല്‍ ഉമ്മിലെ വരികള്‍ക്കും പങ്കുണ്ട്.
ആധുനിക മുറാബഹ (ലാഭവിഹിതം നല്‍കല്‍) ഇടപാടുകള്‍ക്ക് അടിസ്ഥാനം അല്‍ഉമ്മിലെ കച്ചവടത്തെക്കുറിച്ചുളള അധ്യായത്തിലെ ഈ വരികളാണ്: ''ഒരാള്‍ മറ്റൊരാള്‍ക്ക് ഒരു കച്ചവടവസ്തു കാണിച്ചുകൊടുത്തിട്ട്, :നീ ഇത് വാങ്ങുക, ഞാന്‍ നിനക്ക് ലാഭം തരാം' എന്നു പറയുകയും അയാളത് വാങ്ങുകയും ചെയ്താല്‍, ആ വാങ്ങിയത് അനുവദനീയമാണ്. ഞാന്‍ നിനക്ക് ലാഭം തരാം എന്നു പറഞ്ഞ വ്യക്തിക്ക് ആ വസ്തു വാങ്ങാനും വാങ്ങാതിരിക്കാനുമുള്ള സ്വാതന്ത്യമുണ്ട്. അപ്രകാരം പ്രത്യേകതകള്‍ വിവരിച്ചോ അല്ലെങ്കില്‍ 'നീ ഉദ്ദേശിക്കുന്ന വസ്തു വാങ്ങിത്തന്നാല്‍ ഞാന്‍ നിനക്ക് ലാഭം തരാം' എന്നു പറഞ്ഞോ ആയാലും അവയെല്ലാം സമമാണ്..''
മുറാബഹ (ലാഭ വിഹിതം നല്‍കല്‍) പിന്നീട് ബാങ്കിംഗ് മേഖലയിലെ പ്രധാന ഇനമായും ഇസ്‌ലാമിക് ഫിനാന്‍സിന്റെ ആഗോള വളര്‍ച്ചക്ക് കാരണമായും മാറി.
Comments