ആധുനിക യുഗത്തിലെ പണ്ഡിത പ്രതിഭകള്‍
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അല്ലാമാ അലവി ഇബ്‌നു അഹ്മദ് സഖാഫിന്റെ വിയോഗത്തോടു കൂടി ശാഫിഈ മദ്ഹബിന്റെ ആധുനിക യുഗം ആരംഭിച്ചതായി ചില കര്‍മശാസ്ത്ര ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ശാഫിഈ മദ്ഹബിന്റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ പൗരസ്ത്യ ഇസ്‌ലാമിക ദേശങ്ങളില്‍ അത് ശക്തമായ സ്വാധീനമുറപ്പിച്ചു. ഇക്കാലയളവില്‍ പല ദേശങ്ങളിലും ശാഫിഈ നിയമശാസ്ത്രം, കോടതി വ്യവഹാരങ്ങളിലും പൗരജീവിതത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അയ്യൂബി ഭരണകൂടം ശാഫിഈ മദ്ഹബിനെ ശക്തിപ്പെടുത്തുകയും ഭരണസംവിധാനം ഉപയോഗിച്ച് അത് പ്രചരിപ്പിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഭരണകൂട പിന്തുണ ലഭിക്കാതിരുന്നതിനാല്‍ പല പ്രദേശങ്ങളിലും അതിന്റെ സ്വാധീനം ദുര്‍ബലമായി. മദ്ഹബിന്റെ പ്രഥമ ക്രോഡീകരണ ഘട്ടത്തില്‍ പ്രമാണബദ്ധവും ഗവേഷണാത്മകവുമായ സമീപനങ്ങള്‍ സ്വീകരിച്ചുവെങ്കിലും പിന്നീട് ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ നടന്ന രണ്ടാം ക്രോഡീകരണത്തോടെ മുന്‍ഗാമികളുടെ വീക്ഷണത്തില്‍നിന്നും വ്യത്യസ്തമായി, അന്ധമായ അനുകരണ ഭ്രമവും പ്രമാണങ്ങള്‍ക്കും മുന്‍ഗാമികളുടെ നിലപാടുകള്‍ക്കും വിരുദ്ധമായി വ്യക്തിനിഷ്ഠതയും ഇല്‍മുല്‍ കലാമിന്റെ രീതിശാസ്ത്രം അവലംബിച്ച തര്‍ക്കശാസ്ത്ര സമീപനങ്ങളും ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്മാരെ സ്വാധീനിച്ചു. നവനിര്‍മിതികള്‍ക്ക് യുക്തിയുടെ വെളിച്ചത്തില്‍ ന്യായീകരണം കണ്ടെത്തുന്ന സമീപനങ്ങളും ഇക്കാലത്ത് ഉടലെടുത്തതായി കാണാം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ, അധിനിവേശ ശക്തികള്‍ അഴിച്ചുവിട്ട സാംസ്‌കാരിക ആക്രമണങ്ങളുടെ സ്വാധീനങ്ങള്‍ പൗരസ്ത്യദേശത്തെ മുസ്‌ലിം ജീവിതത്തില്‍ ശക്തമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലുള്ള മിക്ക പ്രദേശങ്ങളിലും ഇസ്‌ലാമിക നിയമവ്യവസ്ഥക്കു പകരം, പാശ്ചാത്യ ഭൗതിക നിയമസംഹിതകള്‍ നടപ്പില്‍വന്നു.
ഒന്നാം ലോകയുദ്ധ ഘട്ടത്തില്‍ മക്കയിലെ ശരീഫ് ഹുസൈന്‍ ബ്രിട്ടീഷ് സഹായത്തോടെ ഉസ്മാനികള്‍ക്കെതിരില്‍ പോരാട്ടം നടത്തിയതു കാരണം പല അറബ് രാഷ്ട്രങ്ങളും ഉസ്മാനിയാ ഖിലാഫത്തിന്റെ സ്വാധീനവലയത്തില്‍നിന്ന് പുറത്തുവന്നതോടെ, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ പൗരജീവിതത്തില്‍നിന്ന് ഇസ്‌ലാമിക നിയമസംഹിത പൂര്‍ണമായും അറുത്തുമാറ്റപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. ശാഫിഈ മദ്ഹബിന് സ്വാധീനമുണ്ടായിരുന്ന ശാമിലും ഈജിപ്തിലും യമനിലുമെല്ലാം പ്രശ്‌നം കൂടുതല്‍ വഷളായി. പാശ്ചാത്യര്‍ ആവിഷ്‌കരിച്ച ഭൗതിക നിയമവ്യവസ്ഥകള്‍ നടപ്പാക്കുന്ന സിവില്‍ കോടതികള്‍ വ്യാപകമാവുകയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങി വ്യക്തിനിയമങ്ങള്‍ ഒഴികെയുള്ള, പൊതുസമൂഹത്തെ ബാധിക്കുന്ന മറ്റെല്ലാ വിഷയങ്ങളിലും പ്രസ്തുത കോടതികള്‍ ഭൗതിക നിയമങ്ങള്‍ക്കനുസരിച്ച് തീര്‍പ്പുകല്‍പിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത്തരം കോടതികളില്‍ വക്കീലന്മാരെയും ന്യായാധിപന്മാരെയും വാര്‍ത്തെടുക്കുന്ന നിയമപഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ശരീഅത്ത് കോടതികള്‍ ഇതോടെ ഏതാണ്ട് പൂര്‍ണമായി ദുര്‍ബലപ്പെട്ടു. അനുഷ്ഠാനപരമായ ആരാധനകളൊഴിച്ച്, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അന്തര്‍ദേശീയ രംഗങ്ങളിലെ മത നിയമങ്ങളെക്കുറിച്ച് പൂര്‍ണമായും അജ്ഞരായ ഒരു പുതിയ സമൂഹം ഇതോടെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ രൂപപ്പെട്ടുവരികയുണ്ടായി. തങ്ങളുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്താത്ത ശരീഅത്ത് നിയമങ്ങള്‍ മതകലാലയങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും മാത്രം അവശേഷിച്ചു. പലരും കമ്യൂണിസ്റ്റ് ചിന്തകളിലേക്കും സോഷ്യലിസം, സെക്യുലറിസം പോലുള്ള മതേതര പ്രസ്ഥാനങ്ങളിലേക്കും ആകൃഷ്ടരായി. ഉസ്മാനികള്‍ ആവിഷ്‌കരിച്ച ഇസ്‌ലാമിക നിയമകോശം ഹനഫീ മദ്ഹബിനെ അവലംബിച്ച് രചിച്ചവയായതിനാല്‍ സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ ശാഫിഈ മദ്ഹബിന്റെ സ്വാധീനം ദുര്‍ബലമായി. പിന്നീട് സിറിയ, ഈജിപ്ത്, ഇറാഖ്, യമന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ചില മസ്ജിദുകള്‍ കേന്ദ്രീകരിച്ചു നടത്തിയിരുന്ന വിജ്ഞാന സദസ്സുകളില്‍ മാത്രം ശാഫിഈ മദ്ഹബിന്റെ സ്വാധീനം പരിമിതപ്പെട്ടു.
അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ശരീഅത്ത് കോളേജില്‍, നാല് കര്‍മശാസ്ത്ര സരണികളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് പഠനം നടത്താന്‍ സൗകര്യമുണ്ട്. 'ശര്‍ബീനി'യുടെ മുഗ്‌നിയാണ് ശാഫിഈ വിദ്യാര്‍ഥികളുടെ പാഠ്യഗ്രന്ഥം. ഹി.385-ല്‍ ഫാത്വിമികള്‍ അധികാരം പിടിച്ചടക്കുന്നതുവരെ, ഈജിപ്ത് ശാഫിഈ മദ്ഹബിന്റെ ശക്തികേന്ദ്രമായിരുന്നു. അയ്യൂബികള്‍ അധികാരത്തില്‍ വന്ന ശേഷമാണ് മദ്ഹബിന്റെ പ്രതാപം വീണ്ടെടുക്കാനായത്. ഉസ്മാനിയാ ഖിലാഫത്ത് ഹനഫീ മദ്ഹബിനെ ഔദ്യോഗിക മദ്ഹബായി അംഗീകരിച്ചതോടെ ഈജിപ്തില്‍ വീണ്ടും ശാഫിഈ മദ്ഹബിന്റെ ശക്തി ക്ഷയിച്ചു. ശാമില്‍ അയ്യൂബികളുടെ കാലത്ത് ശക്തമായ സ്വാധീനം ചെലുത്തിയ ശാഫിഈ മദ്ഹബ് ഇന്ന് ദമസ്‌കസിലെ ചില മസ്ജിദുകളില്‍ നടത്തപ്പെടുന്ന പഠന ക്ലാസുകളില്‍ പരിമിതമാണ്. ഇറാനില്‍ ശീഈ വിഭാഗമായ സഫവികള്‍ അധികാരത്തില്‍ വന്നതോടെ, പ്രബലരായിരുന്ന ശാഫിഈ മദ്ഹബ് നാശോന്മുഖമായി.
ഹി. അഞ്ചാം നൂറ്റാണ്ടു മുതല്‍ യമനില്‍ ശാഫിഈ മദ്ഹബ് ശക്തമായ സ്വാധീനമുറപ്പിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസ്റ്റ് ഭരണം നിലവില്‍വരുന്നതു വരെ ഈ നില തുടര്‍ന്നു. ഇപ്പോഴും ശാഫിഈ നിയമ സരണി ശക്തമായ സ്വാധീനം ചെലുത്തുന്ന അപൂര്‍വ ദേശങ്ങളില്‍ ഒന്നാണ് യമന്‍. യമനികളുടെ കുടിയേറ്റ മേഖലകളായ ദക്ഷിണേന്ത്യ, കൊങ്കണ്‍ പ്രദേശങ്ങള്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബ്രൂണെ തുടങ്ങിയ നാടുകളിലും ശാഫിഈ മദ്ഹബിന്റെ സ്വാധീനം ഇന്നും ശക്തമാണ്.
ആധുനിക കാലത്തെ ശാഫിഈ പണ്ഡിതപ്രതിഭകള്‍:
അല്ലാമാ ഈസാ മന്നൂന്‍
ഹി.1306-ല്‍ ഖുദ്‌സിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഐനുല്‍ കാരിമിലാണ് ഇദ്ദേഹം ജനിച്ചത്. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം പതിനഞ്ചാം വയസ്സില്‍ ഈജിപ്തിലെത്തി; അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു, വിവിധ വിജ്ഞാന ശാഖകളില്‍ ഉന്നത പണ്ഡിതരില്‍നിന്നും വ്യുല്‍പത്തി നേടി. സലീം അല്‍ ബിശ്‌രി, ഹസ്‌നൈന്‍ മഖ്‌ലൂഫ് തുടങ്ങിയവരാണ് അസ്ഹറിലെ പ്രമുഖ ഗുരുനാഥന്മാര്‍. ശാഫിഈ കര്‍മശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും അവഗാഹം നേടിയ ഇദ്ദേഹം അസ്ഹറിലെ അധ്യാപകനായി നിയമിക്കപ്പെട്ടു. ഇക്കാലത്താണ് നിബ്‌റാസുല്‍ ഉഖൂല്‍ ഫീ തഹ്ഖീഖില്‍ ഖിയാസ് ഇന്‍ദ ഉലമാഇല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥം രചിച്ചത്. പിന്നീട് അല്‍ അസ്ഹര്‍ ഉസ്വൂലുദ്ദീന്‍ കോളേജിന്റെ ഡീനായി നിയമിതനായി. അല്‍ അസ്ഹറിലെ പണ്ഡിതന്മാരുടെ സഹകരണത്തോടെ ശറഹുല്‍ വജീസ്, അത്തല്‍ഖീസുല്‍ ഹബീര്‍ എന്നീ ഗ്രന്ഥങ്ങള്‍ സംശോധന നടത്തി പ്രസിദ്ധീകരിച്ചു. ഇമാം നവവിയുടെ മജ്മൂഇല്‍ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെങ്കിലും അത് മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇമാം ശാഫിഈയുടെ ഖബ്‌റിനരികിലായി ഇദ്ദേഹത്തെ മറമാടി.
അല്ലാമാ മുഹമ്മദ് യാസീന്‍ ഫാദാനി
ഇന്തോനേഷ്യന്‍ വംശജനായ അല്ലാമാ അലമുദ്ദീന്‍ മുഹമ്മദ് യാസീന്‍ അല്‍ഫാദാനി ഹി. 1335 ല്‍ മക്കയില്‍ ജനിച്ചു. പിതാവില്‍നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം മസ്ജിദുല്‍ ഹറമിലെ വൈജ്ഞാനിക സദസ്സുകളില്‍നിന്ന് വിദ്യ നേടി, പിന്നീട് ദാറുല്‍ ഉലൂം അദ്ദീനിയ്യയില്‍ ചേര്‍ന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ശൈഖ് സയ്യിദ് അലവി അല്‍മാലികി, ശൈഖ് ഹസനുബ്‌നു മുഹമ്മദ് അല്‍ മുശാത്ത് അല്‍മക്കി, അല്ലാമാ ഉമറുബ്‌നു ഹംദാന്‍ അല്‍ മഹ്‌റബി തുടങ്ങിയവരാണ് പ്രമുഖ ഗുരുനാഥന്മാര്‍. മക്കയിലെ ശാഫിഈ മുഫ്തിയായിരുന്ന ഉമര്‍ ബാജുനൈദില്‍നിന്ന് അല്‍ ഇഖ്‌നാഅ്, തുഹ്ഫ, മിന്‍ഹാജ്, മുഗ്‌നി എന്നിവ അദ്ദേഹം പഠിച്ചു. ശൈഖ് ഫഖീഹുബ്‌നു മുഹമ്മദ് അല്‍യമാനി, ഹസന്‍ അല്‍യമാനി എന്നിവര്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്. ഫിഖ്ഹിലും ഹദീസിലും അദ്ദേഹം നടത്തിയിരുന്ന ക്ലാസുകളില്‍ ധാരാളം വിദ്യാര്‍ഥികള്‍ സംബന്ധിച്ചിരുന്നു. മക്കയിലെ ദാറുല്‍ ഉലൂം അദ്ദീനിയ്യയില്‍ അധ്യാപകനായും അതിന്റെ കാര്യദര്‍ശിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബുഗിയത്തുല്‍ മുശ്താഖ്, അല്‍ അശ്ബാഹു വന്നളാഇര്‍, ശറഹു അബീ ഇസ്ഹാഖ് അശ്ശൈബാനി എന്നീ ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഖുര്‍റത്തുല്‍ ഐന്‍ ഫീ അസാനീദി അഅ്‌ലാമില്‍ ഹറമൈന്‍, ഇംതാഉ ഉലിന്നള്ര്‍ ബിബഅ്‌ളി അഅ്‌യാനില്‍ ഖര്‍നില്‍ റാബിഇ അശ്ര്‍ തുടങ്ങിയ ധാരാളം കനപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹി. 1410 ല്‍ മക്കയില്‍ ദിവംഗതനായി.
ഖാദി മുഹമ്മദുബ്‌നു ഇസ്മാഈല്‍ അല്‍ഇംറാനി
1922-ല്‍ യമനിലെ സ്വന്‍ആയിലാണ് ഇദ്ദേഹം ജനിച്ചത്. വൈജ്ഞാനികമായി പുകള്‍പെറ്റ കുടുംബമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പിതാമഹന്‍ മുഹമ്മദുബ്‌നു അലി ഇംറാനി അല്ലാമാ ശൗകാനിയുടെ പ്രമുഖ ശിഷ്യനായിരുന്നു. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം അഭിപ്രായം പറയുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. സയ്യിദ് അബ്ദുല്‍ കരീം ഇബ്‌റാഹീം അല്‍ അമീന്‍, ഖാദി അബ്ദുല്ല അല്‍ ജറാഫി, ഖാദി അബ്ദുല്ല സര്‍ഹി എന്നിവരില്‍നിന്ന് വിജ്ഞാനം നേടിയ അദ്ദേഹം ഇരുപത്തി അഞ്ചാം വയസ്സില്‍ അല്‍ മദ്‌റസത്തുല്‍ ഇല്‍മിയ്യയില്‍ അധ്യാപകനായി ചേര്‍ന്നു. യമനിലെ മുഫ്തി പദവി അലങ്കരിച്ച ഇദ്ദേഹം സമകാലിക ശാഫിഈ പണ്ഡിതരില്‍ പ്രമുഖനാണ്.
ഡോ. മുസ്ത്വഫാ സഈദ് അല്‍ഖന്‍
1922-ല്‍ സിറിയയിലെ ദമസ്‌കസില്‍ ജനിച്ചു. മുഹമ്മദ് ഹസന്‍ ഹബന്നക അല്‍ മൈദാനിയുടെ കീഴില്‍ നടത്തപ്പെട്ടിരുന്ന മദ്‌റസ ജംഇയ്യത്തുല്‍ ഗര്‍റാ എന്ന സ്ഥാപനത്തില്‍ പഠനം നടത്തി. 1949-ല്‍ ഈജിപ്തിലെത്തിയ അദ്ദേഹം അല്‍ അസ്ഹറിലെ ശരീഅ കോളേജില്‍ ചേര്‍ന്നു. പിന്നീട് അലപ്പോ, ദമസ്‌കസ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1955 ല്‍ ദമസ്‌കസ് സര്‍വകലാശാലയിലെ ശരീഅത്ത് കോളേജില്‍ അധ്യാപകനായി നിയമിതനായി. 1962 വരെ പ്രസ്തുത ജോലിയില്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് സുഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂനിവേഴ്‌സിറ്റിയിലെ ശരീഅത്ത് കോളേജില്‍ അധ്യാപകനായി. നിദാനശാസ്ത്രപഠനത്തിന് 1971 ല്‍ അല്‍ അസ്ഹറില്‍നിന്ന് ഡോക്ടറേറ്റ് നേടി. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയിലെ മതതാരതമ്യ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റ അദ്ദേഹം 1983 ല്‍ ഔദ്യോഗിക പദവിയില്‍നിന്ന് വിരമിച്ചു.
പ്രമുഖ രചനകള്‍: 1. അസ്ഹറുല്‍ ഇഖ്തിലാഫ് ഫില്‍ ഖവാഇദില്‍ ഉസ്വൂലിയ്യ ഫി ഇഖ്തിലാഫില്‍ ഫുഖഹാഅ്
2. ദിറാസത്തുന്‍ താരീഖിയ്യ ലില്‍ ഫിഖ്ഹീ വ ഉസ്വൂലിഹി വല്‍ ഇത്തിജാഹാത്തുല്ലത്തീ ളഹറത്ത് ഫീഹാ
3. അല്‍ അദില്ലത്തുശര്‍ഇയ്യാ വമൗഖിഫുല്‍ ഫുഖഹാഇ മിനല്‍ ഇഹ്തിജാജി ബിഹാ
4. അബ്ഹാസുന്‍ ഹൗല ഉസ്വൂലില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി
5. അല്‍ കാഫീ ഫീ ഉസ്വൂലില്‍ ഫിഖ്ഹ്
6. അല്‍ ഫിഖ്ഹുല്‍ മന്‍ഹജി അലാ മദ്ഹബില്‍ ഇമാം ശാഫിഈ
അലി ഖാലിദ് അശറബ്ജി
1928 ല്‍ ദമസ്‌കസിനടുത്ത ദാരിയയില്‍ ജനിച്ച ഇദ്ദേഹം ദമസ്‌കസിലെ ഉന്നത പണ്ഡിത പ്രതിഭകളില്‍നിന്ന് അറബി ഭാഷയും മതവിജ്ഞാനങ്ങളും അഭ്യസിച്ചു. മുസ്ത്വഫ അസ്സര്‍ഖാ, മുസ്ത്വഫസ്സിബാഈ, മഹ്മൂദ് ദവാലിബി, ബഹ്ജത്തുല്‍ ബൈതാര്‍, മുന്‍തസിര്‍ അല്‍ കത്താനി, യൂസുഫുല്‍ ഇഷ് തുടങ്ങിയ പണ്ഡിതര്‍ ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്. ദമസ്‌കസിലെ അത്തൗജീഹുല്‍ ഇസ്‌ലാമി, ഫത്‌വാ കൗണ്‍സില്‍, മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കാന്‍ കുവൈത്ത് ഗവണ്‍മെന്റ് രൂപീകരിച്ച ഉന്നത സമിതിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചു. വിവിധ വൈജ്ഞാനിക ശാഖകളിലായി നാല്‍പതില്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചു.
അല്‍ മദ്ഖലു ഇലാ ദിറാസാതില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി അശ്ശാഫിഈ-ഉസ്വൂലുല്‍ ഫിഖ്ഹ്, അല്‍ ഫിഖ്ഹുല്‍ മന്‍ഹജി ഫി മദ്ഹബില്‍ ഇമാം ശാഫിഈ, അല്‍ഫറാഇദു വല്‍ മവാരിസ് തുടങ്ങിയവയാണ് പ്രധാന രചനകള്‍. അനുഷ്ഠാന മേഖലയില്‍ ശാഫിഈ മദ്ഹബിന്റെ അഭിപ്രായങ്ങള്‍ വിശദീകരിക്കുന്ന ധാരാളം ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
മുസ്ത്വഫാ അല്‍ബുഗാ
മുസ്ത്വഫാ ദീബ് അല്‍ബുഗാ അല്‍ മൈദാനി എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. 1938 ല്‍ ദമസ്‌കസില്‍ ജനിച്ചു. അല്ലാമാ ഹബന്നക അല്‍മൈദാനിയുടെ അത്തൗജീഹുല്‍ ഇസ്‌ലാമി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. അല്‍ അസ്ഹറില്‍നിന്ന് ഡോക്ടറേറ്റ് നേടി. ഹസന്‍ ഹബന്നക അല്‍ മൈദാനി, മുസ്ത്വഫസ്സിബാന, മുഹമ്മദ് അല്‍ മുബാറക്, ശൈഖ് മുഹമ്മദ് അമീന്‍ അല്‍ മിസ്വ്‌രി, ശൈഖ് വഹബി സുലൈമാന്‍ അല്‍ ശാവുജി, മുഹമ്മദ് മുന്‍തസിര്‍ അല്‍ കത്താനി, അബ്ദുല്‍ ഫത്താഹ് അബൂഗുദ്ധ എന്നിവര്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാരില്‍ പ്രമുഖരാണ്. ഹസക, ബുവൈദാ എന്നീ പ്രവിശ്യകളില്‍ ഇസ്‌ലാമിക ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ അധ്യാപനം നടത്തിയ ശേഷം 1978 ല്‍ ദമസ്‌കസ് സര്‍വകലാശാലയില്‍ അധ്യാപകനായി. 2000 മുതല്‍ ഖത്തര്‍ സര്‍വകലാശാലയിലും അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. വിവിധ രാഷ്ട്രങ്ങൡ ഇസ്‌ലാമിക സെമിനാറുകളില്‍ സ്ഥിരം ക്ഷണിതാവായിരുന്നു അദ്ദേഹം. ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സിറിയ, ലബനാന്‍, അള്‍ജീരിയ, തുനീഷ്യ തുടങ്ങിയ നാടുകളില്‍നിന്നുള്ള അറുപതോളം വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രധാന രചനകള്‍: 1. അത്തദ്ഹീബു ഫി അദില്ലത്തി മത്‌നില്‍ ഗായതി വത്തഖ്‌രീബ്
2. ഉസ്വൂലുല്‍ ഫിഖ്ഹ് ദിറാസത്തുന്‍ ആമ്മ
3. അല്‍ ജവാനിബുത്തര്‍ബവിയ്യ ഫി ഇല്‍മി ഉസ്വൂലില്‍ ഫിഖ്ഹ്
4. മളാമീനുത്തര്‍ബവിയ്യ ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി
5. അല്‍ ഫിഖ്ഹുല്‍ മന്‍ഹജി അലാ മദ്ഹബില്‍ ഇമാം അശ്ശാഫിഈ
6. അദ്ദആവാ വല്‍ ബയ്യിനാത്ത് വല്‍ ഖാനൂന്‍ ഫില്‍ ഖളാഅ്
7. തസ്ഹീലുല്‍ മസാലിക് ബിശറഹി വതഹ്ദീബി ഉംദത്തുസ്സാലിക്
8. അല്‍ഹദിയത്തുല്‍ മര്‍ദിയ്യ ശറഹു വഅദില്ലതുല്‍ മുഖദ്ദിമ അല്‍ഹദ്‌റമിയ്യ
9. അത്തുഹ്ഫ അര്‍റദിയ്യ ഫി ഫിഖ്ഹിസാദത്തില്‍ മാലികിയ്യ
10. ഫിഖ്ഹുല്‍ മുആവിളാത്ത്
11. ബുഹൂസുന്‍ ഫീ ഫിഖ്ഹില്‍ മുഖാരിന്‍
മുഹമ്മദ് ഹസന്‍ ഹീതൂ
1943 ല്‍ സിറിയയില്‍ ജനിച്ച ശൈഖ് മുഹമ്മദ് ഹസന്‍ ഹീതൂ പ്രമുഖ ശാഫിഈ നിദാനശാസ്ത്ര വിശാരദനും ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍ തുടങ്ങിയ വിജ്ഞാനശാഖകളില്‍ ഉന്നതശീര്‍ഷനായ പണ്ഡിതനുമാണ്. പ്രാഥമിക പഠനത്തിനു ശേഷം ഗണിത ശാസ്ത്രത്തില്‍ തല്‍പരനായിരുന്നതിനാല്‍ ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോകാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് ശരീഅ പഠനത്തിലേക്ക് ശ്രദ്ധതിരിയുകയും അല്‍ അസ്ഹറില്‍ ചേരാന്‍ ശ്രമിക്കുകയുമാണുണ്ടായത്. പിതാവിന്റെ വിസമ്മതം കാരണം ദമസ്‌കസ് സര്‍വകലാശാലയിലെ ശരീഅ കോളേജില്‍ ചേര്‍ന്നെങ്കിലും പിന്നീട് കുടുംബത്തെ അറിയിക്കാതെ വളരെ പ്രയാസപ്പെട്ട് അല്‍അസ്ഹറിലേക്ക് തിരിച്ചു. ഗവേഷണ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈജിപ്തില്‍നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്.
അല്‍വജീസു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്, അല്‍ ഇംതാഉ ഫീ അഹ്കാമില്‍ റളാഅ്, അല്‍ മുതഫൈഹീഖൂന്‍, അല്‍ ഇജ്തിഹാദു വ ത്വബഖാതു മുജ്തഹിദീ ശാഫിഇയ്യ, അല്‍ ഇമാം ശീറാസി ഹയാതുഹു വ ആറാഉഹു അല്‍ ഉസ്വൂലിയ്യ എന്നീ ഗ്രന്ഥങ്ങള്‍ക്കു പുറമെ ഇമാം ഗസാലിയുടെ അല്‍ മന്‍ഖൂല്‍, ഇസ്‌നവിയുടെ അത്തൗഹീദ് എന്നീ ഗ്രന്ഥങ്ങള്‍ സംശോധന നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.
അല്ലാമാ മഹ്മൂദ് സഈദ് മംദൂഹ്
തുര്‍ക്കി വംശജനായ അല്ലാമാ മഹ്മൂദ് 1952-ല്‍ കയ്‌റോയിലാണ് ജനിച്ചത്. പ്രാഥമിക പഠനത്തിനു ശേഷം ഫാറൂഖ് ഹമാദയുടെ കീഴില്‍ മൊറോക്കോയിലെ മുഹമ്മദ് അല്‍ ഖാമിസ് സര്‍വകലാശാലയില്‍ ഹദീസ്പഠന രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കി.
അല്‍ മഹല്ലി അലല്‍ മിന്‍ഹാജ്, അത്തുഹ്ഫത്തുസ്സനിയ്യ, അല്‍ അശ്ബാഹുവന്നളാഇര്‍ എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം പഠനം നടത്തി. ഹസ്‌നൈന്‍ മഖ്‌ലൂഫ്, അബൂ സഹ്‌റ, ശൈഖ് അബ്ദുല്‍ ഹലീം മഹ്മൂദ്, മുഹമ്മദ് അല്‍ ഗസാലി, സയ്യിദ് സാബിഖ് എന്നിവരാണ് പ്രധാന ഗുരുക്കന്മാര്‍. മക്കയിലെ പ്രമുഖ ശാഫിഈ നിയമജ്ഞനായിരുന്ന യാസീന്‍ അല്‍ഫാദാനി, അല്ലാമാ ഇസ്മാഈല്‍ അസ്സൈന്‍ തുടങ്ങിയ പണ്ഡിതന്മാരില്‍നിന്ന് അദ്ദേഹം ശാഫിഈ കര്‍മശാസ്ത്രത്തില്‍ വ്യുല്‍പത്തി നേടി. മക്കയിലെ ദാറുല്‍ ഉലൂം അദ്ദീനിയ്യയില്‍ അല്‍പകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ദുബൈയിലെ ഔഖാഫ് മന്ത്രാലയം, ദാറുല്‍ ബുഹൂസ് അല്‍ ഇസ്‌ലാമിയ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ശൈഖ് അബൂറശീദ് നുഅ്മാനി അല്‍ ഹിന്ദി, മുഹമ്മദ് അല്‍ഹദ്ദാദ്, സയ്യിദ് അലവി മാലികി തുടങ്ങിയവര്‍ പ്രധാന ഗുരുക്കന്മാരാണ്. തന്റെ മിക്ക രചനകളും ഹദീസ് വിജ്ഞാനീയങ്ങളിലാണ്. അല്‍ബാനിയുടെ ഹദീസ് പഠനരീതിയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഗ്രന്ഥം രചിച്ചിട്ടുണ്ട്. തവസ്സ്വുല്‍, ഖബ്ര്‍ സന്ദര്‍ശനത്തിനുള്ള യാത്രകള്‍, ജപമാല എന്നിവയൊക്കെ തെളിവുകള്‍ നിരത്തി അദ്ദേഹം ന്യായീകരിച്ചിട്ടുണ്ട്.
ശൈഖ് അലി ജുംഅ
അലി ജുംഅ മുഹമ്മദ് അബ്ദുല്‍ വഹാബ് എന്നാണ് പൂര്‍ണനാമം. 1952-ല്‍ ഈജിപ്തിലെ ബനൂ സുവൈഫിലാണ് ജനനം. 2003-2013 കാലയളവില്‍ ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയായി നിയമിതനായി. സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ച ഇദ്ദേഹം പലരില്‍നിന്നും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഈജിപ്തിലെ പട്ടാള ഭരണാധികാരി സീസിക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖവാരിജുകളായി മുദ്രകുത്തുകയും അവരെ അടിച്ചമര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത അലി ജുംഅയുടെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. പൗരന്മാരെ കശാപ്പ് ചെയ്‌തൊടുക്കുന്ന ബശ്ശാറിനെയും അനുയായികളെയും പ്രവാചക ശിഷ്യന്മാരോട് ഉപമിച്ച പരേതനായ സിറിയന്‍ പണ്ഡിതന്‍ സഈദ് റമദാന്‍ ബൂത്വിയെപ്പോലെ സീസിയും അനുയായികളും പ്രവാചക പിന്തുണയുള്ളവരാണെന്ന് സ്വപ്നദര്‍ശനമുണ്ടായെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. 2013 ല്‍ കൈറോ സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധാവതരണ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ അദ്ദേഹത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ മുര്‍സിയുടെ അനുയായികള്‍ പുറത്താക്കിയതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കനപ്പെട്ട ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം പല നാടുകളിലും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖദിയ്യത്തുത്തജ്ദീദി ഉസ്വൂലില്‍ ഫിഖ്ഹ്, മകാനത്തുല്‍ മര്‍അത്തി ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, ഖളായാ അല്‍ മര്‍അത്തി ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, അല്‍ മുസ്ത്വലഹുല്‍ ഉസ്വൂലി വത്തത്വ്ബീഖു അലാ തഅ്‌രീഫില്‍ ഖിയാസ്, അല്‍ മദ്ഹബു ലിദിറാസത്തില്‍ മദാഹിബില്‍ ഫിഖ്ഹിയ്യ വല്‍ ഇസ്‌ലാമിയ്യ, അലാഖത്തു ഉസ്വൂലില്‍ ഫിഖ്ഹ് ബില്‍ ഫല്‍സഫ, ആലിയാത്തുല്‍ ഇജ്തിഹാദ്, അല്‍ ഇമാമുശ്ശാഫിഈ വ മദ്‌റസത്തുഹു അല്‍ ഫിഖ്ഹിയ്യ തുടങ്ങിയ പല ഗ്രന്ഥങ്ങളും രചിച്ച ഇദ്ദേഹം ഇമാം മുഹമ്മദ് അബ്ദുവിന്റെ ഫത്‌വകള്‍ തെരഞ്ഞെടുത്ത് പഠനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പരാമര്‍ശിച്ച പണ്ഡിതന്മാര്‍ക്കു പുറമെ ഉമര്‍ കാമില്‍, നസ്ര്‍ ഫരീദ് വാസില്‍, ഉമര്‍ ഹഫീദ് തുടങ്ങിയ ധാരാളം പണ്ഡിതന്മാര്‍ ശാഫിഈ നിയമസരണിയുടെ ആധുനിക കാലത്തെ പ്രമുഖ പണ്ഡിതരില്‍ ചിലരാണ്.
ശാഫിഈ കര്‍മശാസ്ത്രത്തിന്റെ ആധുനിക ഭാഷ്യങ്ങള്‍
കേരളം പോലുള്ള ശാഫിഈ മദ്ഹബിന്റെ സ്വാധീന പ്രദേശങ്ങളില്‍ മദ്ഹബിന്റെ രണ്ടാം ക്രോഡീകരണ ദശയിലെ ഗ്രന്ഥങ്ങളാണ് ഇപ്പോഴും പഠനത്തിനും ഫത്‌വകള്‍ക്കുമായി ഉപയോഗിക്കുന്നത്. ഇമാം നവവിയുടെ മിന്‍ഹാജിന് ഇബ്‌നു ഹജറുല്‍ഹൈതമിയും ശംസുദ്ദീന്‍ റംലിയും ചമച്ച വ്യാഖ്യാന കൃതികളായ തുഹ്ഫയും നിഹായയുമാണ് ഇപ്പോഴും ഇവിടെ പ്രധാന കര്‍മശാസ്ത്ര സ്രോതസ്സുകള്‍. ഇവരുടെ സമകാലികരായ ശൈഖ് സകരിയ്യല്‍ അന്‍സ്വാരിയുടെയും ഖത്വീബ് ശിര്‍ബീനിയുടെയും അഭിപ്രായങ്ങളും തൊട്ടടുത്ത കാലങ്ങളില്‍ വിരചിതമായ വ്യാഖ്യാനഗ്രന്ഥങ്ങളും ടിപ്പണികളും ആശ്രയിക്കുന്നവരുമുണ്ട്.
ഫുതൂഹാത്തില്‍ വഹാബ് ബി തൗദീഹി ശറഹി മന്‍ഹജുത്തുല്ലാബ് -ഹാശിയത്തു ശര്‍ഖാവി, ഇആനത്തുത്ത്വാലിബീന്‍ തര്‍ശീഹുല്‍ മുസ്തഫ്ദീന്‍ എന്നീ ഗ്രന്ഥങ്ങള്‍ ഈ രംഗത്ത് എടുത്തു പറയാവുന്നവയാണ്. ഈ ഗ്രന്ഥങ്ങള്‍ക്ക് മദ്ഹബിലുള്ള പ്രാധാന്യത്തെക്കുറിച്ച് സുലൈമാന്‍ അല്‍ കുര്‍ദി തന്റെ അല്‍ഫവാഇദുല്‍ മദനിയ്യയില്‍ ഇപ്രകാരം പറയുന്നത് കാണാം: ''വ്യാഖ്യാനങ്ങളുടെയും ടിപ്പണികളുടെയും കര്‍ത്താക്കളായ മേല്‍പറഞ്ഞവര്‍ മദ്ഹബിന്റെ നായകന്മാരാണെന്ന് വ്യക്തമാണ്. അവര്‍ പരസ്പരം അറിവ് നേടിയവരാണ്. അവര്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ച് വിധികള്‍ നല്‍കാവുന്നതും കര്‍മങ്ങള്‍ അനുഷ്ഠിക്കാവുന്നതുമാണ്; അബദ്ധം സംഭവിച്ചാലോ മറവി മൂലമോ ഒരാള്‍ മറ്റൊരാളോട് വിയോജിച്ചാല്‍ ഒഴികെ. കാരണം പണ്ഡിതന്മാരുടെ പിഴവുകള്‍ അനുകരിക്കേണ്ടതില്ലെന്ന് ഇബ്‌നു ഹജര്‍ പറഞ്ഞിരിക്കുന്നു.''
ശാഫിഈ മദ്ഹബിന്റെ കര്‍മശാസ്ത്ര ചരിത്രത്തില്‍ ഹിജ്‌റ പതിനാലാം നൂറ്റാണ്ടോടെ രൂപംകൊണ്ട പുതിയ രചനാ രീതിയെക്കുറിച്ചൊന്നും കേരളം പോലുള്ള പ്രദേശങ്ങളിലെ ശാഫിഈ പണ്ഡിതവൃത്തങ്ങള്‍ ബോധവാന്മാരല്ല. ഈ ദശയിലെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രണ്ടാം ക്രോഡീകരണഘട്ടത്തിലെ പണ്ഡിതന്മാരുടെ അനുകര്‍ത്താക്കളല്ലെന്നത് ഈ അവഗണനക്ക് കാരണമാവാം. ഇമാം നവവിയുടെ അവസാനത്തെ രചനയും താരതമ്യ കര്‍മശാസ്ത്രരംഗത്തെ ഉജ്ജ്വല രചനയുമായ ശറഹുല്‍ മുഹദ്ദബിന്റെ രീതിശാസ്ത്രമായ ഗവേഷണാത്മകതയും അന്ധമായ അനുകരണ വിരുദ്ധതയുമാണ് ഇക്കാലത്തെ രചനകളുടെ പൊതുരീതിയെന്നത് ശുഭോദര്‍ക്കമാണ്.
മദ്ഹബിലെ പൂര്‍വികപണ്ഡിതന്മാരായ ഇമാം മാവര്‍ദി, ഇസ്സുബ്‌നി അബ്ദിസ്സലാം, അബൂശാമ, ഇബ്‌നു ദഖീഖ് അല്‍ ഈദ്, ഇബ്‌നുഹജരില്‍അസ്ഖലാനി എന്നിവര്‍ ഈ ചിന്താധാരയുടെ വക്താക്കളാണ്. ഇമാം സുയൂത്വി താന്‍ സ്വതന്ത്ര ഗവേഷണ പദവിയിലെത്തിയ പണ്ഡിതനാണെന്ന് സമര്‍ഥിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. ഈ നിലപാടുകളും രീതിശാസ്ത്രവും പിന്തുടര്‍ന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ രചിക്കപ്പെട്ട ചില ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളെ ഇവിടെ പരിചയപ്പെടുന്നത് സംഗതമായിരിക്കും.
1. അല്‍ ജവാഹിറുന്നഖിയ്യ ഫീ ഫിഖ്ഹിസ്സാത്തിശ്ശാഫിഇയ്യ
പൂര്‍വിക ശാഫിഈ പണ്ഡിതന്മാരുടെ രചനകളെ ഉപജീവിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ പണ്ഡിതനായ അഹ്മദ് ഇബ്‌റാഹീം അല്‍ ബന്‍ഹാവി രചിച്ച ഗ്രന്ഥമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശയില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ പ്രാഥമിക തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി തയാറാക്കിയതാണ് ഈ ഗ്രന്ഥം. ഇന്നും ഈജിപ്തിലെ ശാഫിഈ പാഠശാലകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും അവലംബിക്കുന്ന കര്‍മശാസ്ത്ര ഗ്രന്ഥമാണിത്.
ചെറുതെങ്കിലും ശാഫിഈ മദ്ഹബിന്റെ വെളിച്ചത്തില്‍ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ അയത്‌നലളിതമായി കാലിക ഭാഷയില്‍ ചര്‍ച്ചചെയ്യുന്ന രചനയാണിത്. പഠിതാക്കള്‍ക്ക് ഏറെ എളുപ്പമുള്ളതാണ് രചനാ രീതി. ആകര്‍ഷകമായ ശൈലിയും അവതരണ മികവും ഇതിനെ പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ ഏറെ പ്രിയങ്കരമാക്കിയിരിക്കുന്നു. ശിഹാബുദ്ദീന്‍ റംലിയുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി രചിക്കപ്പെട്ട ഗ്രന്ഥമാണിത്. നിഹായയെ ഉപജീവിച്ചുകൊണ്ടാണ് കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ഗ്രന്ഥകാരന്‍ പ്രതിവിധി നിര്‍ദേശിക്കുന്നത്. തന്റെ മിക്ക അഭിപ്രായങ്ങള്‍ക്കും റംലിയെ ആശ്രയിക്കുന്ന ഗ്രന്ഥകാരന്‍ ചില പ്രശ്‌നങ്ങളില്‍ ഇബ്‌നുഹജര്‍ അല്‍ഹൈതമി പ്രബലപ്പെടുത്തിയ അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവര്‍ രണ്ടു പേരുടെയും അഭിപ്രായങ്ങളില്‍ കാണുന്ന ദൗര്‍ബല്യങ്ങളെ തുറന്നുകാട്ടാനും ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ജിദ്ദയിലെ ദാറുല്‍ മിന്‍ഹാജാണ്.
2. സാദുല്‍ മുഹ്താജ് ഫീ ഫിഖ്ഹില്‍ മിന്‍ഹാജ്
ഇറാനിലെ കൂഹിജ് എന്ന ഗ്രാമത്തില്‍ ഹി.1318 ല്‍ ജനിച്ച അബ്ദുല്ലാഹിബ്‌നു ഹസന്‍ ആലുഹസന്‍ കൂഹിജിയാണ് ഇതിന്റെ കര്‍ത്താവ്. ഖത്വീബ് ശിര്‍ബീനിയുടെ മുഗ്‌നി അല്‍ മുഹ്താജിന് ഗ്രന്ഥകാരന്‍ നല്‍കിയ വ്യാഖ്യാനമാണിത്. പുതിയ കാലത്തിന്റെ ഭാഷയും ശൈലിയും രചനയില്‍ തുടിച്ചുനില്‍ക്കുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ഹി. 1383-ലാണ് നാല് വാള്യങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ രചന പൂര്‍ത്തിയായത്. ശൈഖ് അബ്ദുല്ല അല്‍ അന്‍സ്വാരിയുടെ സംശോധനയോടു കൂടി ബൈറൂത്തിലെ അല്‍ മക്തബതുല്‍ അസരിയ്യയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
3. അല്‍ ഫിഖ്ഹുല്‍ മന്‍ഹജി അലാ മദ്ഹബില്‍ ഇമാം അശ്ശാഫിഈ
സിറിയയിലെ സമകാലിക പണ്ഡിത പ്രതിഭകളില്‍ പ്രഗത്ഭരായിരുന്ന ഡോ. മുസ്ത്വഫാ സഈദ് അല്‍ഖന്ന്, മുസ്ത്വഫാ ദീബ് അല്‍ബുഗാ, ശൈഖ് അലി ശറബ്ജി എന്നിവര്‍ സംയുക്തമായി രചിച്ച ഈ ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. വിശുദ്ധ ഖുര്‍ആന്‍, നബിചര്യ എന്നീ പ്രമാണങ്ങളെ അവലംബിച്ചുകൊണ്ട് ലളിതവും ആധുനികവുമായ ശൈലിയിലാണ് ഇത് രചിച്ചിട്ടുള്ളത്. ഒരേ വിഷയത്തില്‍ വൈവിധ്യമാര്‍ന്ന ധാരാളം തലക്കെട്ടുകളില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് പരമ്പരാഗത കര്‍മശാസ്ത്ര രചനകളുടെ മുഷിപ്പന്‍ രീതിയില്‍നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. പ്രമാണബദ്ധമായി ശാഫിഈ കര്‍മശാസ്ത്രത്തെ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്മാര്‍ വിജയിച്ചിരിക്കുന്നു. ശാഫിഈ മദ്ഹബിലെ ന്യായങ്ങള്‍ ദുര്‍ബലമാകുന്ന ചില ഘട്ടങ്ങളില്‍ മറ്റു മദ്ഹബിന്റെ അഭിപ്രായങ്ങളെ പിന്തുടരുന്നതു കാണാം.
മൂന്ന് വാള്യങ്ങളുള്ള ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തില്‍, ആരാധനകള്‍, നേര്‍ച്ചകള്‍, വേട്ട, കശാപ്പ്, അഖീഖ, അന്നപാനീയങ്ങള്‍, വസ്ത്രാലങ്കാരങ്ങള്‍, പ്രായശ്ചിത്തം എന്നിവ കൈകാര്യം ചെയ്യുന്നു. രണ്ടാം വാള്യത്തില്‍ വ്യക്തി-കുടുംബ നിയമങ്ങള്‍, വഖ്ഫ്, വസ്വിയ്യത്ത്, അനന്തരാവകാശ നിയമങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. ഇടപാടുകള്‍, കുറ്റകൃത്യങ്ങള്‍, ശിക്ഷകള്‍, ഇമാമത്ത് എന്നിവയാണ് മൂന്നാം വാള്യത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍. ജോര്‍ദാനിലെ ദാറുല്‍ ഇഫ്താ, മുഫ്തികളെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന പരീക്ഷക്ക് അവലംബിക്കുന്നത് ഈ ഗ്രന്ഥമാണ്. ലളിതമായ ശൈലിയും കാലികമായ അവതരണ രീതിയും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. സാധാരണക്കാരെ ലക്ഷ്യം വെച്ച് എഴുതിയ ഈ ഗ്രന്ഥം സമകാലിക കര്‍മശാസ്ത്ര രചനകളില്‍ ഏറെ മികവു പുലര്‍ത്തുന്നതാണ്.
ഒരു കര്‍മശാസ്ത്ര വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഭാഷാപ്രയോഗം, ആ വിഷയത്തില്‍ ഖുര്‍ആനിലെയും ഹദീസിലെയും വിധികള്‍, കര്‍മശാസ്ത്ര സാങ്കേതിക ശബ്ദങ്ങള്‍ എന്നിവയെല്ലാം വിഷയമാക്കുന്നത് കാണാം. അംഗശുദ്ധി ചര്‍ച്ചചെയ്യുമ്പോള്‍ പ്രവാചകന്റെ വുദൂഇന്റെ പൂര്‍ണരൂപം വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ബുഖാരിയിലെ ഹദീസ് ഉദ്ധരിക്കുകയും പിന്നീട് പരമ്പരാഗത ശൈലിയില്‍ ഫര്‍ദുകളും നിബന്ധനകളും ക്രമപ്രകാരം എടുത്തുപറയുകയും ചെയ്യുന്നു. തയമ്മും പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ആധുനിക കാലത്ത് വ്രണങ്ങളില്‍ ഉപയോഗിക്കുന്ന ചികിത്സാമുറകളും ബാന്റേജ് പോലുള്ളവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുറകളും എടുത്തുപറയുന്നുണ്ട്. ആരാധനകളുടെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ചരിത്രപശ്ചാത്തലവും അവയുടെ പിന്നിലുള്ള യുക്തിയുമെല്ലാം ചര്‍ച്ച ചെയ്യുന്നു. പില്‍ക്കാല ശാഫിഈ രചനകളില്‍ കാണുന്നതുപോലെ പിന്നീട് കടന്നുകൂടിയ ദുരാചാരങ്ങളെ ന്യായീകരിക്കുന്ന രീതിയല്ല ഗ്രന്ഥകാരന്മാര്‍ സ്വീകരിച്ചിരിക്കുന്നത്. ഖബ്ര്‍ കെട്ടിയുയര്‍ത്തുന്നത്, അതിന്മേല്‍ കുമ്മായമിടുന്നത്, മരണ വീട്ടുകാര്‍ ഭക്ഷണം ഒരുക്കുന്നത്, പരേതരുടെ നാല്‍പത് പോലുള്ളവ ആചരിക്കുന്നത് ഇവയുടെ മതവിധികള്‍ ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
അദ്ദുററുന്നഖിയ്യ ഫി ഫിഖ്ഹിസ്സാദത്തി അശ്ശാഫിഇയ്യ
അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കായി, ശൈഖ് മുഹമ്മദ് സാദിഖ് ഖംഹാവി രചിച്ചതാണിത്. 1997 ലാണ് നാല് വാള്യങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ അവസാന വാള്യം പുറത്തിറങ്ങയത്. അല്‍ അസ്ഹറിലെ സെക്കന്ററി തലത്തിലെ നാല് വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി ലക്ഷ്യം വെച്ചാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അല്‍ അസ്ഹറിനു കീഴിലുള്ള നൂറുകണക്കായ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുംവിധം ലളിതവും സുഗ്രാഹ്യവുമായ ശൈലിയില്‍, കാലിക ഭാഷയില്‍, സങ്കീര്‍ണമായ പ്രയോഗങ്ങള്‍ ഒഴിവാക്കി ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച്, ചോദ്യാവലികള്‍ ഉള്‍പ്പെടുത്തി തയാറാക്കപ്പെട്ട ഒരു ഗ്രന്ഥമാണിതെന്ന് രചയിതാവ് ആമുഖത്തില്‍ പറയുന്നുണ്ട്.
തയ്‌സീറുഫത്ഹില്‍ ഖരീബ് അല്‍ മുജീബ്‌ലിത്വാലിബി അസ്ഹരി അന്നജീബ്
ഈജിപ്തിലെ മുന്‍ ഗ്രാന്റ് മുഫ്തി ഡോ. നസ്ര്‍ ഫരീദ് വാസില്‍, ഡോ. അബ്ദുല്‍ ഹമീദ് സയ്യിദ് മുഹമ്മദ് അബ്ദുല്‍ ഹമീദ് എന്നിവര്‍ അല്‍ അസ്ഹര്‍ പാഠ്യപദ്ധതിയുടെ ഭാഗമായി രചിച്ച ഗ്രന്ഥമാണിത്. ലളിതമായ ശൈലിയില്‍ ചോദ്യോത്തര രീതിയിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള ഈ ഗ്രന്ഥം അല്‍ അസ്ഹറിലെ പ്രിപ്പറേറ്ററി തലത്തിലെ ആദ്യ മൂന്ന് വര്‍ഷത്തെ വിദ്യാര്‍ഥികളുടെ പാഠപുസ്തകമാണ്. ഇമാം അബൂ ശുജാഇന്റെ 'മത്‌നുല്‍ ഗായ' അല്‍ അസ്ഹര്‍ സിലബസില്‍പെട്ട രചനയായതുകൊണ്ട് അതിന്റെ ഉള്ളടക്കം വിദ്യാര്‍ഥികള്‍ക്ക് ലളിതമായി ഗ്രഹിക്കാന്‍ ഉതകുന്ന ഒരു സഹായ ഗ്രന്ഥമെന്ന നിലയിലാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതെന്നാണ് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അവകാശപ്പെട്ടിരിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തിലെ നിയമങ്ങള്‍ ഹൃദിസ്ഥമാക്കാനും ഫത്‌വകള്‍ നല്‍കുന്നതിനുള്ള പ്രായോഗിക പരിശീലനത്തിനും ഉതകുന്ന തരത്തിലാണ് ഇത് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ശാഫിഈ മദ്ഹബ് അനുസരിച്ച് മതവിഷയങ്ങളില്‍ ശരിയായ രീതിയില്‍ സംശയനിവാരണത്തിനും ഈ ഗ്രന്ഥം ഉപകരിക്കും. വര്‍ഷാവസാനം നടക്കുന്ന എഴുത്തു പരീക്ഷകളിലും വാചിക പരീക്ഷകളിലും മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ഗ്രന്ഥം സംവിധാനിച്ചിരിക്കുന്നത്.
അല്‍ ഫിഖ്ഹു ശാഫിഈ അല്‍ മുയസ്സര്‍
ഈയിടെ അന്തരിച്ച ലോകപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായ ഡോ. വഹബ സുഹൈലിയുടെ രചനയാണിത്. പതിനഞ്ച് വാള്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീറുല്‍ മുനീര്‍, പന്ത്രണ്ട് വാള്യങ്ങളുള്ള കര്‍മശാസ്ത്ര വിജ്ഞാനകോശമായ അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി, ആധുനിക കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒമ്പത് വാള്യങ്ങളുള്ള ഖളായാ ഫിഖ്ഹിയ്യ മുആസ്വറ പോലുള്ള ബൃഹദ്ഗ്രന്ഥങ്ങളുടെ കര്‍ത്താവാണിദ്ദേഹം. ഇമാം നവവിയുടെ ശറഹുല്‍ മുഹദ്ദബ്, മിന്‍ഹാജ് തുടങ്ങിയ കൃതികളെ ഉപജീവിച്ചുകൊണ്ട് മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങള്‍ മാത്രം ക്രോഡീകരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പരമ്പരാഗത കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്കു പുറമെ സമകാലിക വിഷയങ്ങളും ശീര്‍ഷകങ്ങള്‍ നല്‍കി പ്രതിപാദിക്കുന്നത് ഇസ്‌ലാമിക നിയമ സംഹിതയുടെ സാര്‍വകാലികത വിളിച്ചോതുന്നതും ആധുനിക പ്രശ്‌നങ്ങളുടെ മതവിധികള്‍ പഠിക്കാനും ഏറെ ഉപകരിക്കുന്നതാണ്. ലോക നിയമാവലികള്‍ക്ക് കനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ ഇസ്‌ലാമിനെ പ്രാപ്തമാക്കിയത് ഇസ്‌ലാമിന്റെ വിവിധ കര്‍മശാസ്ത്ര സരണികള്‍ മുഖേനയാണ്. മൗലികതയും കാലിക പ്രസക്തിയുമുള്ളതാണ് ഒരേസമയം അതിന്റെ നിയമാവലികള്‍. സ്ഥായിയായ മൗലിക പ്രമാണങ്ങളും കാലോചിതമായി മാറുന്ന നിര്‍ധാരണ രീതിശാസ്ത്രവും ഉള്‍ച്ചേര്‍ന്നതാണ് അതിന്റെ പൊതു ഘടന. കാലാകാലങ്ങളില്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പൊതുവായ നന്മകള്‍ പരിഗണിച്ചുകൊണ്ട് അത് പ്രതിവിധി നിര്‍ദേശിക്കുന്നു. ഈയര്‍ഥത്തിലുള്ള മൗലികതയും കാലികപ്രാധാന്യവും ഒത്തുചേര്‍ന്ന ഒരു രചനയാണിത്.
അല്‍ മുഅ്തമദു ഫില്‍ ഫിഖ്ഹിശ്ശാഫിഈ
പ്രമുഖ പണ്ഡിതനും കര്‍മശാസ്ത്ര നിദാനശാസ്ത്ര വിശാരദനുമായ ഡോ. മുഹമ്മദ് സുഹൈലിയാണ് അഞ്ച് വാള്യങ്ങളുള്ള ഈ ബൃഹദ് ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗ്രന്ഥകാരന്‍ ഇമാം ശീറാസിയുടെ അല്‍ മുഹദ്ദബ് സംശോധന നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബില്‍ ഫത്‌വ നല്‍കാന്‍ അവലംബിക്കുന്ന അഭിപ്രായങ്ങളെ ഗ്രന്ഥകര്‍ത്താവ് ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നു. പേര് സൂചിപ്പിക്കുന്നപോലെ, തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് മദ്ഹബിലെ പ്രാമാണികമായ അഭിപ്രായങ്ങള്‍ ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നു.
സമകാലിക ശാഫിഈ നിയമഗ്രന്ഥങ്ങളില്‍ വരുംകാലങ്ങളില്‍ ഈ ഗ്രന്ഥത്തിന് വലിയ പ്രാധാന്യം കൈവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുകൂടാതെ, ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഗ്രന്ഥകാരന് വേറെയും രചനകളുണ്ട്. ആധുനിക യുഗത്തില്‍ ചില രാഷ്ട്രങ്ങള്‍ ചില മദ്ഹബുകള്‍ക്ക് ഔദ്യോഗികാംഗീകാരം നല്‍കുകയും വളര്‍ത്തുകയും ചെയ്തപ്പോള്‍, ആ മദ്ഹബിന്റെ ഗ്രന്ഥങ്ങള്‍ക്ക് പ്രചാരം ലഭിക്കുകയുണ്ടായി. നിയമനിര്‍ധാരണത്തിനും അധ്യയനത്തിനും ഫത്‌വകള്‍ക്കും അവ പ്രയോജനപ്പെടുത്തുകയുണ്ടായി. എന്നാല്‍, ഭരണകൂട പിന്തുണ ലഭിക്കാത്തതിനാല്‍ ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ക്ക് ഈ രീതിയിലുള്ള പരിഗണനകള്‍ ലഭിച്ചില്ല. ഇതാണ് ഇത്തരമൊരു സംരംഭത്തിന് മുതിരാന്‍ തനിക്ക് പ്രചോദനമായി വര്‍ത്തിച്ചതെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
'ഇസ്‌ലാമിക കര്‍മശാസ്ത്രം പുതിയ ഭാവത്തില്‍' എന്ന പരമ്പരയില്‍ ദമസ്‌കസിലെ ദാറുല്‍ ഖലം പുറത്തിറക്കിയ പരമ്പരയില്‍ ശാഫിഈ മദ്ഹബിനെ പ്രതിനിധാനം ചെയ്ത് പുറത്തിറങ്ങിയ ഗ്രന്ഥമാണിത്. ശാഫിഈ മദ്ഹബിലെ പ്രമാണങ്ങളും ന്യായങ്ങളും ഖുര്‍ആന്റെയും സുന്നത്തിന്റെയും ഇജ്തിഹാദിന്റെയും വെളിച്ചത്തില്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനമാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, മറ്റു മദ്ഹബുകളിലെ അഭിപ്രായങ്ങള്‍ യോജിച്ചുവരുമ്പോള്‍ പ്രബലമല്ലാത്ത അഭിപ്രായങ്ങളും സ്വീകരിക്കുന്നതു കാണാം; ശാഫിഈ മദ്ഹബിലെ നിയമാവലികള്‍ക്ക് ഉപോദ്ബലകമായ പ്രമാണങ്ങള്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍നിന്ന് തെളിവുകള്‍ ഉദ്ധരിക്കുമ്പോള്‍ അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും നമ്പറുകളും ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ അവയുടെ അവലംബ കൃതികളും സൂചിപ്പിക്കുന്നു. ഒരു വിഷയത്തില്‍ ശാഫിഈ മദ്ഹബിലെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ മറ്റു മദ്ഹബുകളിലെ വളരെ പ്രസിദ്ധങ്ങളായ അഭിപ്രായങ്ങളും വളരെ സംക്ഷിപ്തമായി സൂചിപ്പിക്കുന്നതു കാണാം.
സമകാലിക സമൂഹത്തില്‍ പ്രസക്തങ്ങളല്ലാത്ത അടിമകള്‍, അടിമ മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അടിമ മോചനം പ്രായശ്ചിത്തമായി നിശ്ചയിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ആധുനിക ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുമുണ്ട്.
നിത്യജീവിതത്തില്‍ അനിവാര്യമായി വരുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനമാണ് ഗ്രന്ഥത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. അജ്ഞത നിമിത്തം സംഭവിക്കുന്ന അബദ്ധങ്ങളും അവക്കുള്ള പരിഹാരങ്ങളും വളരെ ഗൗരവപൂര്‍വം പരിഗണിച്ചിരിക്കുന്നു.
മുഖ്യമായും നവവിയുടെ മിന്‍ഹാജ്, റൗദ, ശറഹുല്‍ മുഹദ്ദബ്, മിന്‍ഹാജിന്റെ വ്യാഖ്യാനങ്ങളായ മുഗ്‌നി, കന്‍സുല്‍ റാഗിബീന്‍, ശീറാസിയുടെ മുഹദ്ദബ്, ഇമാം മാവര്‍ദിയുടെ അല്‍ ഹാവി എന്നീ ഗ്രന്ഥങ്ങളാണ് രചനക്ക് അവലംബിച്ചിരിക്കുന്നത്.
അബ്ദുര്‍റഹ്മാന്‍ ആദൃശേരി: മലപ്പുറം ജില്ലയിലെ ആദൃശേരി സ്വദേശി. ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ നിന്ന് പോസ്റ്റ് അഫ്ദലുല്‍ ഉലമയും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.എയും നേടി. 1993 മുതല്‍ ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ അധ്യാപകന്‍. കൃതികള്‍: ഇന്ത്യയിലെ പ്രമുഖ അറബി പണ്ഡിതന്മാര്‍(അറബി), അറബി ഭാഷാ ശാസ്ത്രത്തിന് ഒരാമുഖം (അറബി).
ഫോണ്‍: 9746152078. ഇമെയില്‍: [email protected]
Comments