Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇസ്ഹാഖു ബ്‌നു റാഹവൈഹിയും ഇമാം ശാഫിഈയും

നിയാസ് വേളം

പ്രസിദ്ധ കര്‍മശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനുമാണ് ഇമാം ഇസ്ഹാഖു ബ്‌നു റാഹവൈഹി. അബൂ യഅ്ഖൂബ് ഇസ്ഹാഖ് ബ്‌നു അബില്‍ ഹസന്‍ ഇബ്‌റാഹീമിബ്‌നി മഖ്‌ലദിബ്‌നി ഇബ്‌റാഹീമില്‍ ഹന്‍ദലി അത്തമീമില്‍ ഉര്‍വസി എന്നാണ് പൂര്‍ണ നാമം. പണ്ഡിതലോകത്ത് ഇബ്‌നു റാഹവൈഹി എന്ന പേരില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് അബുല്‍ഹസന്‍ ഇബ്‌റാഹീം യാത്രാമദ്ധ്യേ ആണ് ഭൂജാതനായത്. അതിനാല്‍ 'വഴിയില്‍ വെച്ചുണ്ടായ ബാലന്‍' എന്നര്‍ഥം വരുന്ന റാഹവൈഹി എന്ന് വിളിക്കപ്പെടുകയായിരുന്നു.

ഹിജ്‌റ 161(ക്രി 778)ല്‍ ഖുറാസാനിലെ മര്‍വിലാണ് ഇബ്‌നു റാഹവൈഹി ജനിച്ചത്. ഹിജ്‌റ 163 ലാണ് എന്നും അഭിപ്രായമുണ്ട്. കറകളഞ്ഞ ദൈവഭക്തിയും വിശ്വസ്തതയും സമ്മേളിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കര്‍മശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന പണ്ഡിതനായിരുന്നു ഇസ്ഹാഖു ബ്‌നു റാഹവൈഹി. അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ ഒരു പ്രത്യേക മദ്ഹബായി രൂപപ്പെട്ടിരുന്നു. കര്‍മശാസ്ത്ര മേഖലയില്‍ മുസ്‌ലിംകള്‍ പിന്തുടര്‍ന്നു പോന്നിരുന്ന ഒരാളായിരുന്നു ഇമാം ഇസ്ഹാഖു ബ്‌നു റാഹവൈഹിയെന്ന് ഇമാം അബൂ ഹാതിം അര്‍റാസിയും നസാഈയും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കാലഹരണപ്പട്ട മദ്ഹബുകളില്‍ ഇബ്‌നു റാഹവൈഹിയുടെ മദ്ഹബും ഉള്‍പ്പെടുകയായിരുന്നു. മകന്‍ മുഹമ്മദുബ്‌നു ഇസ്ഹാഖ്, ഇമാം മുസ്‌ലിം, അബ്ദുര്‍റഹ്മാന്‍ ദാരിമി, തിര്‍മിദി, നസാഈ, മുഹമ്മദുബ്‌നു നാസര്‍ അല്‍ മര്‍സി, ഇമാം ബുഖാരി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രമുഖരാണ്.

ഇമാം ശാഫിഈയും ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹിയും സമകാലികരായ പണ്ഡിതന്മാരായിരുന്നു. മക്കയില്‍ വെച്ചാണ് ഇബ്‌നു റാഹവൈഹി ഇമാം ശാഫിഈയെ പരിചയപ്പെടുന്നത്. ഇരുവര്‍ക്കുമിടയില്‍ പഠനാര്‍ഹമായ നിരവധി വൈജ്ഞാനിക സംവാദങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മക്കയില്‍ സ്ഥിതിചെയ്യുന്ന വീടുകളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിയില്‍ നടന്ന സംവാദം ഏറെ പ്രസിദ്ധമാണ്. അതുപോലെ, മൃഗങ്ങളുടെ തോല്‍ ഊറക്കിട്ടാല്‍ ശുദ്ധമാവുമെന്ന ഇമാം ശാഫിഈയുടെ അഭിപ്രായത്തെ ആദ്യം ഖണ്ഡിച്ച ഇബ്‌നു റാഹവൈഹി, പിന്നീട് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇമാം ശാഫിഈയുടെ അഭിപ്രായത്തെ ശരി വെക്കുകയുമാണുണ്ടായത്. ഇബ്‌നു റാഹവൈഹി ഇമാം ശാഫിഈയുടെ ശിഷ്യത്വം സ്വീകരിച്ചതായി പറയപ്പെടുന്നുണ്ട.് ബൈഹഖി പറയുന്നു: ഇമാം ശാഫിഈയുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി. ഇമാം ശാഫിഈയുടെ പാണ്ഡിത്യം മനസ്സിലാക്കിയ ഇബ്‌നു റാഹവൈഹി, അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും പകര്‍ത്തിയെഴുതുകയുണ്ടായി. 

വിജ്ഞാന സമ്പാദനത്തിനും ഹദീസ് സമാഹരണത്തിനുമായി വ്യത്യസ്ത നാടുകള്‍ ചുറ്റി സഞ്ചരിച്ച ഇബ്‌നു റാഹവൈഹി ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. തന്റെ അവസാന നാളുകള്‍ ഇറാഖിലെ നൈസാബൂരിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. അല്‍ മുസ്‌നദ്, കിതാബുത്തഫ്‌സീര്‍, കിതാബുല്‍ ഇല്‍മ് എന്നിവയാണ് പ്രധാന കൃതികള്‍. ഹിജ്‌റ 238-ല്‍,  75-ാമത്തെ വയസ്സില്‍ അദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞു.


Comments

Other Post